മിസ്സിസ് ഏംഗല്‍സ് ആവുന്നതിന്റെ നെഞ്ചുരുക്കങ്ങള്‍
ലോക കമ്യൂണിസം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഒരു
നോവല്‍ ത്രയം എന്ന സങ്കല്‍പ്പത്തോടെ എഴുത്ത് ആരംഭിക്കുകയും അതിന്റെ ഭാഗമായ Mrs. Engels എന്ന പ്രഥമ കൃതിയിലൂടെത്തന്നെ Walter Scott Prize for Historical
Fiction, Desmond Elliot Prize തുടങ്ങിയ വിഖ്യാത സാഹിത്യ പുരസ്കാരങ്ങളുടെ
അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്ത എഴുത്തുകാരനാണ് പ്രശസ്ത ഐറിഷ്
നോവലിസ്റ്റ് ഗാവിന്‍ മക് ക്രീ. Mrs. Engels റഷ്യന്‍ വിപ്ലവത്തിനും മുമ്പ്, കമ്യൂണിസം നടപ്പിലാകും മുമ്പ്, മറ്റൊരു
ലോകക്രമം വിഭാവനം ചെയ്യപ്പെടുന്ന നാളുകള്‍ ആണ് പശ്ചാത്തലമാക്കിയതെങ്കില്‍
രണ്ടാമത്തേത് (The Sisters Mao) മാവോ കാലഘട്ടം അടയാളപ്പെടുത്തിയ ഇരുപതാം
നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലേക്ക്, ലോകത്തിലെ ഏറ്റവും
വലിയ രാജ്യത്തിലേക്ക് നീളുന്നു. മൂന്നാമതായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന കൃതി,
1989 ല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ച മുതല്‍ 2008 ലെ സാമ്പത്തികത്തകര്‍ച്ച വരെയാണ് പശ്ചാത്തലമാക്കുക എന്ന് നോവലിസ്റ്റ്
സൂചിപ്പിച്ചിട്ടുണ്ട്. *(1). അതെന്തായാലും, ഇതിനൊക്കെയും ആധാരമായി ചെയ്ത
ഗവേഷണങ്ങള്‍ സ്വാഭാവികമായും വഴി കാണിച്ചേക്കാമായിരുന്ന വിധത്തില്‍ ആ അറിവുകളെ
പ്രദര്‍ശിപ്പിക്കുക എന്നതിലേറെ, അവയെ തന്റെ മാനുഷിക
കഥാഖ്യാനങ്ങള്‍ക്ക് സഹായകവും സമഗ്രത നല്‍കുന്നതുമായി ഉപയോഗിക്കുക എന്നതാണ് മക്
ക്രീയുടെ ശൈലി എന്നു പ്രഥമ നോവലിന്റെ പരിഗണന തന്നെ വ്യക്തമാക്കുന്നു. സാധാരണ
കുടുംബങ്ങള്‍ കുടുംബ കഥ എഴുതിവെക്കുകയോ വ്യവസ്ഥാപിത രീതിയില്‍ പിന്തലമുറകള്‍ക്ക്
പകര്‍ന്നു കൊടുക്കുകയോ പതിവില്ല. എന്നാല്‍ വാമൊഴിയായി അവ വിനിമയം ചെയ്യപ്പെടാം.
അവയില്‍ പക്ഷെ ഒട്ടേറെ തമോഗര്‍ത്തങ്ങള്‍ ഉണ്ടാവും. എങ്കിലും അവ പലപ്പോഴും
ഭൂതകാലത്തെ അവേശപൂര്‍വ്വം പുനസൃഷ്ടിക്കും. ഒരെഴുത്തുകാരന്, അതും പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നിരക്ഷരയായ ഒരു സ്ത്രീയുടെ
ജീവിത പരിസരം പുനസൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്, ഇതൊരു അക്ഷയ ഖനി ആയേക്കാം. പരാമൃഷ്ട നോവലിനെ കുറിച്ചുള്ള തന്റെ ലേഖനം
ഹെലന്‍ ഡണ്‍മൂര്‍ തുടങ്ങുന്നത് ഈ നിരീക്ഷണങ്ങളോടെയാണ്. *(2).
അടിസ്ഥാനപരമായി, കാള്‍ മാര്‍ക്സ്, ഫ്രെഡ്രിക് ഏംഗല്‍സ് എന്നിവരുടെ ജീവിതങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണെങ്കിലും
നോവല്‍ അവരെയല്ല കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ഇരുവരെകുറിച്ചും അത്ര തിളക്കമുള്ള
ചിത്രങ്ങളുമല്ല നോവല്‍ നല്‍കുന്നതും. ഇരുവരും ഒട്ടേറെ രചനകള്‍
ബാക്കിവെച്ചുവെങ്കിലും ശരിക്കും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു സ്ത്രീയുടെ
കണ്ണില്‍, അതും അവരുടെ ജീവിതത്തിലെ ആരോഹണാവരോഹണങ്ങളില്‍
അടുത്തിടപഴകിയ, കാല്‍പ്പനിക അഭിനിവേശങ്ങളോ വമ്പന്‍
താത്വികനിലപാടുകളോ ഒന്നുമില്ലാത്ത തീര്‍ത്തും പ്രായോഗിക ബുദ്ധിയായ ഒരുത്തിയുടെ
കാഴ്ച്ചപ്പാടില്‍ എങ്ങനെയാകും ഇരുവയും നിലയുറപ്പിക്കുക എന്നതാണ് നോവല്‍
അന്വേഷിക്കുന്നത്. മക് ക്രീയുടെ ആഖ്യാതാവ് 1870 വരെ മാഞ്ചസ്റ്ററില്‍ ഏംഗല്‍സിന്റെ
ജീവിത പങ്കാളിയായിരുന്ന മേരി ബേണ്‍സിന്റെ ഇളയ സഹോദരിയും നാല്‍പ്പതാം വയസ്സില്‍
മരിച്ചുപോയ ചേച്ചിക്കു ശേഷം അദ്ദേഹത്തിന്റെ പങ്കാളിയുമായിത്തീര്‍ന്ന ലിസ്സി
(ലിഡിയ) ബേണ്‍സ് ആണ്. നിരക്ഷരയെങ്കിലും ‘നല്ല
ആത്മാവുള്ളവള്‍’ എന്ന് എലിനോര്‍ മാര്‍ക്സ് വിശേഷിപ്പിച്ച ലിസ്സിയും ചേച്ചിയും
ഏംഗല്‍സ് കുടുംബത്തിനും പങ്കാളിത്തമുള്ള ‘ഏംഗല്‍സ് & എര്‍മന്‍’ കോട്ടന്‍ ഫാക്റ്ററിയില്‍ ജോലി ചെയ്യുമ്പോഴാണ് മേരി, ഏംഗല്‍സിന്റെ ജീവിത പങ്കാളിയാകുന്നത്. മേരിയുടെ ജീവിതസാഹചര്യങ്ങള്‍
അടുത്തറിയാന്‍ ഇടയായതാണ് The Condition of the Working Class in England എന്ന ഏംഗല്‍സ്
കൃതിക്ക് പ്രചോദനമായത് എന്ന് നിരൂപക മതം. ലിറ്റില്‍ അയര്‍ലണ്ട് എന്ന്
വിളിക്കപ്പെട്ട മാഞ്ചസ്റ്ററിലെയും ലിവര്‍പൂളിലെയും ശരാശരി ആയുര്‍ദൈര്‍ഘ്യം
ഇരുപത്തിയെട്ടു വയസ്സായിരുന്ന തൊഴിലാളി ചേരികളിലെ ദയനീയ ജീവിതമാണ് മേരിയിലൂടെ
ഏംഗല്‍സ് കണ്ടത്.
രണ്ടു സമയ ഘട്ടങ്ങളിലൂടെയാണ് നോവല്‍ മുന്നോട്ടു
പിറകോട്ടും ചലിക്കുന്നത്. മേരിയുടെ മരണം വരെ മാഞ്ചസ്റ്ററിലും അതിനു ശേഷം 1870ല്‍ ഏംഗല്‍സിന്റെ
ജീവിത പങ്കാളിയായി ലണ്ടനില്‍ പ്രിംറോസ് ഹില്ലില്‍ എത്തിച്ചേരുന്നതു മുതലുള്ള എട്ടു
വര്‍ഷക്കാലവും എന്നതാണ് അവ. മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് ലോകത്തെ
മാറ്റിമറിക്കുന്ന ഒരു തത്വശാസ്ത്രം ഉരുവപ്പെടുത്തുന്ന കാലമായിരുന്നു അത്. എന്നാല്‍, കഥയുടെ ഗാര്‍ഹിക വശത്തിലാണ് മക് ക്രീ
ഊന്നുന്നത് എന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സര്‍വ്വവ്യാപിയായ
ആശയങ്ങള്‍ എങ്ങനെയാവും ആവിഷ്കാര സാധ്യതകള്‍ ഒന്നുമില്ലാത്ത, മോശം ശ്വാസകോശവും, എന്നാല്‍ വീറുറ്റ ഹൃദയവും
ഉള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ കാണപ്പെടുക എന്ന അന്വേഷണം ഒരേ സമയം നിശിതമായും
എന്നാല്‍ മുഖ്യ ചരിത്ര കഥാപാത്രങ്ങളോടും അനുതാപ പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക എന്ന വെല്ലുവിളിയാണ് നോവലിസ്റ്റ് ഏറ്റെടുക്കുന്നത് എന്ന്
നിരീക്ഷിക്കപ്പെടുന്നു *(3). വിവാഹം എന്ന വ്യവസ്ഥയില്‍ വിശ്വസിച്ചിട്ടേയില്ലാത്ത ഏംഗല്‍സും
ലിസ്സിയുമായുള്ള ബന്ധം ഒരിക്കലും സാമ്പ്രദായിക വിവാഹബന്ധം ആയിരുന്നില്ല. ബാഹ്യമായി
സുരക്ഷിത ജീവിതം നയിക്കുമ്പോഴും ഉള്ളില്‍ സംഘര്‍ഷ ഭരിതമായിരുന്നു ഏംഗല്‍സിന്റെ
ജീവിതം. മാര്‍ക്സ് കുടുംബത്തെയും ഇരുവരുടെയും പ്രസാധക, പ്രാസ്ഥാനിക
സംരംഭങ്ങളെയും സാമ്പത്തികമായി നിലനിര്‍ത്തിയത് ഏംഗല്‍സിന്റെ കുടുംബ വരുമാനമാണ്.
പാര്‍ട്ടി ചര്‍ച്ചകളില്‍ മി. ബൌട്ടനെ പോലുള്ള വിമര്‍ശകര്‍
ഐറിഷ് കാപിറ്റലിസ്റ്റ് എന്ന പേരില്‍ ഫ്രെഡറിക്കിനെ അപമാനിക്കുമ്പോള്‍, മാര്‍ക്സ്
കുടുംബത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വന്തം ഫാക്റ്ററിയില്‍ തൊഴിലാളിയായിരുന്ന
ഫ്രെഡറിക്കിനെ കുറിച്ചു ലിസ്സി ചിന്തിക്കുന്നു. ഫ്രെഡറിക്കിന് പലവുരു
വ്യക്തമാക്കേണ്ടി വരുന്നു:
“എന്റെ സാഹചര്യത്തിന്റെ വൈരുധ്യങ്ങളെ ഞാനൊരിക്കലും
കാണാതിരുന്നിട്ടില്ല. ഞാന്‍ മില്ലു നടത്തിയത് വേറെ വഴിയില്ലാഞ്ഞതു കൊണ്ടാണ്.
പരമദരിദ്രന്‍ ആയിരുന്നെങ്കില്‍ ഞാന്‍ നമ്മുടെ ലക്ഷ്യത്തിനു വലിയ സഹായമൊന്നും
ആകുമായിരുന്നില്ല... എന്നെ നിലനിര്‍ത്തിയത് എന്റെ ലാഭം വിപ്ലവത്തിന്റെതും കൂടിയാണ്
എന്ന അറിവാണ്”
പാരീസ് കമ്യൂണിന്റെ തകര്‍ച്ചയുടെ
ഉത്തരവാദിത്തം മുഴുവന്‍ തക്കസമയത്തു ‘നിശ്ശബ്ദം വീക്ഷിക്കുക’ മാത്രം ചെയ്ത, അതിനു ശേഷം ഉടന്‍
തന്നെ പരാജയ കാരണങ്ങളെ ഗഹനമായി വിലയിരുത്തിയ ലേഖനം തയ്യാറാക്കുകയും ലോക
വിപ്ലവത്തിന്റെ മുന്നോടിയായ പരീക്ഷണമെന്നു കമ്യൂണിനെ
ഉദാത്തവല്‍ക്കരിക്കുകയും ചെയ്ത മാര്‍ക്സിനാണ് എന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍
അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പാവകളിയുടെ ചരടുവലിക്കാരന്‍, അന്താരാഷ്‌ട്ര കമ്യൂണിസ്റ്റ് ഗൂഡാലോചനയുടെ തലവന്‍ എന്നൊക്കെ മാര്‍ക്സ്
വിമര്‍ശിക്കപ്പെട്ടു. ഏംഗല്‍സ് ലിസ്സിക്ക്
വിശദീകരിച്ചു കൊടുക്കുന്നു:
“കമ്യൂണ്‍, തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍
എന്നതിലേക്കുള്ള ആദ്യചുവടുവെപ്പു മാത്രമായിരുന്നു എന്നും അതുകൊണ്ടുതന്നെ പരാജയം
അതിന്റെ വിധിയായിരുന്നു എന്നും നാം അവരെ മനസ്സിലാക്കേണ്ടിയിരിക്കുന്നു... പാരീസ്
കലാപത്തിന്റെ അന്ത്യം, അതിന്റെ ജീവിതം എന്നതിലേറെ
ചരിത്രപരമാണ്. അതിന്റെ മരണം തുടക്കം മാത്രമാണ്”
ബകുനിന്റെ (Mikhail Bakunin 1814-1876) നേതൃത്വത്തില്‍ അനാര്‍ക്കിസ്റ്റുകള്‍
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ രൂപീകരണത്തിനെതിരെ നിലപാടെടുക്കുന്നത് സമ്പൂര്‍ണ്ണ
നിയമ രാഹിത്യം, അരാജകത്വം, സമ്പൂര്‍ണ്ണ
മനുഷ്യ സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ്. അവരുടെ
അഭിപ്രായത്തില്‍ ഇന്റര്‍നാഷണല്‍ സര്‍വ്വാധിപത്യമായി ക്കൊണ്ടിരിക്കുകയാണ്.
ഫ്രെഡറിക്ക് പറയുന്നു:
“അവര്‍ക്ക് മനസ്സിലാകാത്തത് വിപ്ലവമാണ് ഏറ്റവും സര്‍വ്വാധിപത്യപരമായ
കാര്യം എന്നതാണ്. കേന്ദ്രീകരണത്തിന്റെയും അധികാരത്തിന്റെയും അഭാവമാണ് പാരീസ്
കമ്യൂണിന്റെ ആയുസ്സില്ലാതാക്കിയത്. .. ഏറ്റവും പ്രയാസകരമായ കാര്യം വ്യത്യസ്ത
ആശയക്കാരെ ഒരുമിപ്പിക്കലും അഭിപ്രായ ഭിന്നതകള്‍ അസോസിയേഷന്റെ ദൃഢതയേയും
കെട്ടുറപ്പിനെയും ബാധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തലുമാണ്. ഞാനൊരു ചേരിതിരിവു
ഭയപ്പെടുന്നുണ്ട്.”
പാരിസ് കമ്യൂണിന്റെ തകര്‍ച്ചയെ തുടര്‍ന്ന്
എത്തിച്ചേരുന്ന എണ്ണമറ്റ അഭയാര്‍ഥികളുടെ ജീവസന്ധാരണവും ഏംഗല്‍സിന്റെ അധിക
ബാധ്യതയായിത്തീര്‍ന്നു എന്നത് സ്വാഭാവികമായും ലിസ്സിയെ അസ്വസ്ഥയാക്കുന്നു. മാര്‍ക്സ്
കുടുംബത്തിലെ പരിചാരിക നിം (Nim) പ്രസവിക്കുന്ന കുഞ്ഞിനു പിതൃത്വ പ്രതിസന്ധി ഒഴിവാക്കാന്‍
ഫ്രെഡി എന്ന് പേരിടുന്നതും ഏംഗല്‍സിന്റെ മറ്റൊരു ‘മാര്‍ക്സ് പ്രതിരോധം’ ആയിരുന്നു എന്ന് ഏറെ വൈകിയാണ് ലിസ്സിക്ക് മനസ്സിലാകുക. ലിസ്സി തന്റെ മുന്‍/
നിതാന്ത കാമുകന്‍ മോസിലൂടെ വളര്‍ത്തിയെടുത്ത ഫെനിയന്‍ പ്രസ്ഥാനവുമായുള്ള (Fenian
Brotherhood – 1858) ബന്ധവും കൂടെക്കൂടെ
അവര്‍ക്കു ബാധ്യതയാകുന്നുണ്ട്. വിപ്ലവ പ്രവര്‍ത്തകരും തൊഴിലാളി വര്‍ഗ്ഗ
പ്രസ്ഥാനവും അനുഭവിച്ച വിശ്വാസ പ്രതിസന്ധി നോവലില്‍ സൂചിതമാകുന്നുണ്ട്. ഇംഗ്ലിഷ്
പ്രോട്ടെസ്റ്റാന്റിസത്തിനെതിരായുള്ള കലാപം ഐറിഷ് കാത്തോലിസിസത്തിനു വേണ്ടിയുള്ള
പോരാട്ടമാണ് എന്ന് ഉള്ളിന്റെയുള്ളില്‍ തിരിച്ചറിഞ്ഞിരുന്ന ബിഷപ്പുമാര്‍, വിപ്ലവത്തോട് കാണിക്കുന്ന വൈമുഖ്യം വെറും പ്രകടനമാണ് എന്നു മോസ്
കരുതുന്നു. മോസ് ഇടപെടുന്നത് പോലുള്ള രഹസ്യസംഘങ്ങളെയോ ഗൂഡ നീക്കങ്ങളെയോ
അംഗീകരിക്കുന്നില്ലാത്ത ഫ്രെഡറിക്കില്‍ നിന്ന് ഒരു സഹായവും അയാള്‍ക്കോ അയാളുടെ
പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി താന്‍ ലഭ്യമാക്കില്ല എന്നും എന്തെങ്കിലും നിലക്ക്
സഹായിക്കുന്നുണ്ടെങ്കില്‍ അത് തന്റെ സ്വന്തം കഴിവില്‍ പെട്ടതേ ആവൂ എന്നും ലിസ്സി
നിലപാടെടുക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ കൊടുങ്കാറ്റുകളുടെ അച്ചുതണ്ടുകളായി
നിലക്കൊള്ളുന്ന ഈ പുരുഷന്മാരോടൊക്കെ ഏറ്റവും ചേര്‍ന്നു നില്‍ക്കുമ്പോഴും
ലിസ്സിയുടെത് ഇടര്‍ച്ചയില്ലാത്ത സ്ത്രീസ്വരം തന്നെയാണ്. അതിജീവനം എന്ന പച്ചയാഥാര്‍ത്ഥ്യമാണ്
പ്രണയം/ ബന്ധങ്ങള്‍ എന്നതിലുമേറെ പ്രധാനമെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. ലിസ്സി
– ഏംഗല്‍സ് ബന്ധം, അവളെ സംബന്ധിച്ചെങ്കിലും, പ്രണയമെന്നതിലേറെ ഒരു നീക്കുപോക്കാണ്.
“താല്‍പ്പര്യങ്ങളില്ലാത്ത പ്രണയം നിലനില്‍ക്കുന്നില്ല.
നാമെപ്പോഴും അങ്ങോട്ട് എന്തുകൊടുക്കുന്നുവോ അതിനു ചിലത് തിരിച്ചു
പ്രതീക്ഷിക്കും”.
എന്നാല്‍ നോവല്‍ മുന്നോട്ടു പോകുന്തോറും അവര്‍ക്കിടയിലെ വൈകാരിക അവസ്ഥ
സങ്കീര്‍ണ്ണമാകുന്നുണ്ട്. തന്റെ ബാഹ്യരൂപം തനിക്കുള്ളിലെ മസൃണ ഭാവത്തെ മായ്ച്ചു
കളയുന്നുണ്ട് എന്ന് ലിസ്സിക്ക് തോന്നുന്നു. യഥാര്‍ഥത്തില്‍ പ്രണയം, തിരിച്ചെന്ത്
എന്നൊന്നും ചോദിക്കാതെത്തന്നെ, പലപ്പോഴും ലിസ്സിയെ
സ്പര്‍ശിക്കുന്നു. ഫ്രെഡറിക്കുമായുള്ള ബന്ധം ആസ്വദിക്കുമ്പോള്‍ തന്നെ
റാംസ്ഗേറ്റിലെ കറുത്ത വര്‍ഗ്ഗ ഗായകനോട് അവള്‍ക്ക്
അഭിനിവേശം തോന്നുന്നു. ആദ്യകാമുകന്‍ മോസ് എപ്പോഴും പുതുക്കാവുന്ന ആകര്‍ഷണമായി
അവളില്‍ പ്രവര്‍ത്തിക്കുന്നു. ഫ്രെഡറിക്കിനെ കുറിച്ച് സ്ത്രീലമ്പടന്‍ എന്നു
അടിസ്ഥാന രഹിതമായ സംശയം ഉണരുമ്പോള്‍ “വിശ്വാസമില്ലായ്മയെക്കാള്‍ ഒറ്റപ്പെടുത്തുന്ന
മറ്റൊരു എകാന്തതയില്ല” എന്നവള്‍ ചിന്തിക്കുന്നു.
നേരത്തെ സൂചിപ്പിച്ച പോലെ 1870 മുതല്‍ 1878 വരെയുള്ള എട്ടുവര്‍ഷക്കാലമാണ് നോവലിന്റെ വര്‍ത്തമാന കാലമെങ്കിലും അതിലും
പിറകോട്ടു പോകുന്ന നിരീക്ഷണങ്ങള്‍ മര്‍മ്മ പ്രധാനമാണ്. അത് ലിസ്സി – ഏംഗല്‍സ്
ബന്ധത്തിന്റെ അതിവൈചിത്ര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പ്രശസ്ത സാമ്പത്തിക
ശാസ്ത്രജ്ഞന്‍, ഫിലോസഫര്‍, വ്യവസായി, പുതിയൊരു രാഷ്ട്ര മീമാംസയുടെ ഉപജ്ഞാതാവ് – ഇതൊക്കെയായ ഒരാള്‍ക്ക് ചേരുന്ന
പ്രണയിനിയേയല്ല സാമ്പ്രദായിക അര്‍ത്ഥത്തില്‍ ഒട്ടും കാല്‍പ്പനികതയില്ലാത്ത
പ്രായോഗികവാദി നിരക്ഷര സ്ത്രീ. തന്റെ തത്വശാസ്ത്രം ലിസ്സി തന്നെ
ചുരുക്കിപ്പറയുന്നുണ്ട്
“വേണ്ടെന്നു വെക്കാനാവുന്ന കാര്യങ്ങളുണ്ട്, പ്രണയം
അതിലൊന്നാണ്. എന്നാല്‍ അപ്പവും തീപുകയുന്ന അടുപ്പുള്ള വീടും അതല്ല.”
അതേസമയം, പ്രണയത്തെ കുറിച്ചൊക്കെ വിമോചിത സങ്കല്പങ്ങള്‍ ലിസ്സി
നിലനിര്‍ത്തുന്നു. സങ്കര വിവാഹത്തെ കുറിച്ചു
“ഞാനൊരിക്കലും പ്രണയിക്കുന്നവരെ പിരിക്കാന്‍ തയ്യാറാവില്ല” എന്ന ലിസ്സിയുടെ
പ്രഖ്യാപനം, വിക്റ്റോറിയന്‍ സദാചാര നിയമങ്ങളുടെ
പശ്ചാത്തലത്തില്‍ കാലത്തിനു മുമ്പേ നടക്കുന്ന നിലപാടാണ്. വന്ധ്യത ഉള്‍പ്പടെ തന്റെ
ജീവിതത്തെ വേട്ടയാടിയ ദുര്യോഗങ്ങളെ കുറിച്ചും ഏറെ വേദനയോടെ അവര്‍ ഓര്‍ക്കുന്നു. നോവലിസ്റ്റ് എഴുതുന്നു:
“കുട്ടികളെ വളര്‍ത്തുന്നതിന്റെ വിഷമം അറിയാന്‍
പാകത്തില്‍ അവള്‍ക്ക് ജീവിച്ചിരുന്ന കുട്ടികള്‍ ഇല്ലായിരുന്നു, എന്നാല്‍ അതിനു
പകരം മരിച്ചുപോയ ഒട്ടേറെ അവളെ വീഴ്ത്തിക്കളയാനും എന്നെന്നേക്കുമായി തകര്‍ത്തുകളയാനും
പാകത്തില്‍ ഉണ്ടായിരുന്നു”
“ലിസ്സി ബേണ്‍സ്, തൊഴിലാളി വര്‍ഗ്ഗക്കാരി, ഐറിഷ്
റിബല്‍, മോഡല്‍ കമ്യൂണിസ്റ്റ്” എന്ന ഫ്രെഡറിക്കിന്റെ
സംക്ഷിപ്തപ്പെടുത്തല്‍ ആ അര്‍ഥത്തില്‍ കൂടി കൃത്യമാണ്.
മോസുമായുള്ള ബന്ധത്തില്‍ നിന്നു സിഫിലിസ് ബാധിതയും
ചികിത്സയുടെ ഭാഗമായി വന്ധ്യയുമായിത്തീരുന്ന ലിസ്സി, എത്രമാത്രം ചരിത്ര
പാത്രമാണ്, എത്രത്തോളം ഫിക് ഷനല്‍ ആണ് എന്ന്
വ്യക്തമല്ല. എന്നാല്‍ ‘മക് ക്രീയുടെ ഫിക് ഷനല്‍ അനുമാനങ്ങള്‍ ലിസ്സി ബേണ്‍സിനെ
സംബന്ധിച്ച മൌനത്തില്‍ നിന്ന് ഒരു മനോഹര സിംഫണി സൃഷ്ടിച്ചെടുക്കുന്നു” എന്ന് ഹെലന്‍ ഡണ്‍മൂര്‍ നിരീക്ഷിക്കുന്നത് കൃത്യമാണ്. മാര്‍ക്സ് വിഭാവനം ചെയ്തതിലുമപ്പുറം
നമ്മുടെ സാംസ്കാരിക ഭൂമികയെ സ്വാധീനിച്ച ആശയങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ്
ചരിത്ര പുസ്തകങ്ങളില്‍ ഏംഗല്‍സ് ഇടം പിടിക്കുന്നത്. എന്നാല്‍ അത്തരമൊരു അപൂര്‍വ്വ
ജീനിയസ് എന്നതിലേറെ, ‘മാസവും അസ്ഥിയുമായി, മനുഷ്യനായി’ ആണ് താന്‍ അദ്ദേഹത്തെ
മനസ്സിലാക്കുന്നതെന്ന് ലിസ്സി പറയുന്നു. മാര്‍ക്സിനെ കുറിച്ചും ശാരീരിക
ചിഹ്നങ്ങളിലൂടെയാണ് ലിസി സംസാരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘മുള്‍പ്പടര്‍പ്പുകള്‍
പോലുള്ള മീശ രോമങ്ങള്‍,.. ഉണങ്ങിയ സോസേജ് പോലുള്ള ചുണ്ടുകള്‍’ എന്നൊക്കെ തങ്ങളുടെ സാഹചര്യങ്ങളുടെ പരിമിതികള്‍ക്കും അപ്പുറം പോകുന്ന വലിയ
ലക്ഷ്യങ്ങളുള്ള മനുഷ്യരെ പരിചയപ്പെടുത്തുന്നത്, മാനുഷിക
തെറ്റുകുറ്റങ്ങളും പരിമിതികളും എന്ന നിതാന്ത പരിഗണനയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നതിന്റെ
കൂടി ഭാഗമാണ്. എങ്കിലും നോവലന്ത്യത്തിലെത്തുമ്പോള്‍, ഫ്രെഡറിക്ക്
താന്‍ കരുതിയതിലും ഔന്നത്യമുള്ള വ്യക്തിത്വമാണ് എന്ന് ലിസി മനസ്സിലാക്കും.
മാര്‍ക്സ് കുടുംബത്തിന്റെ ദുരന്തപൂര്‍ണ്ണമായ
ചരിത്രത്തെ കുറിച്ചുള്ള സാമാന്യ ധാരണ, നോവല്‍ വായനയെ കൂടുതല്‍
ദീപ്തമാക്കിയേക്കും. ഏഴു വര്‍ഷം നീണ്ട പ്രണയ കാലത്തിനുശേഷം വീട്ടുകാരുടെ അനുമതി
ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തിലാണ് ജര്‍മ്മന്‍
പ്രഭുകുടുംബാംഗമായിരുന്ന ജെന്നി വോണ്‍ വെസ്റ്റ്ഫാലെന്‍, കാള്‍ മാര്‍ക്സിനെ വിവാഹം കഴിക്കുന്നത്. മാര്‍ക്സിന്റെ ആക്റ്റിവിസ്റ്റ്
ജീവിത രീതി കാരണം യൂറോപ്പിലെങ്ങും നിരന്തര പ്രവാസ ജീവിതമായിരുന്നു അവരെ
കാത്തിരുന്നത്. അക്കാലത്തൊക്കെയും ഏംഗല്‍സിന്റെ വൈകാരികവും സാമ്പത്തികവുമായ
സഹായമാണ് അവരെ നിലനിര്‍ത്തിയത്. ഏഴു പ്രസവിച്ചിട്ടും മൂന്നു പെണ്മക്കള്‍ മാത്രം
അതിജീവിച്ചതിന്റെ വേദന പേറുന്ന മാര്‍ക്സ് കുടുംബത്തില്‍, വേറെയും വേദനിപ്പിക്കുന്ന സത്യങ്ങള്‍ ജെന്നി മാര്‍ക്സിന്റെ മൌനഹൃദയത്തെ
വേട്ടയാടിയിരുന്നു എന്ന സൂചന നോവലില്‍ നിറഞ്ഞു നില്‍പ്പുണ്ട്. ഫ്രഞ്ച്
കമ്യൂണിസ്റ്റ് ചാള്‍സ് ലോങ്ങേറ്റിന്റെ (Charles Longuet) ഭാര്യയും സാമൂഹ്യ
പ്രവര്‍ത്തകയും ആയിത്തീര്‍ന്ന മൂത്ത മകള്‍ ജെന്നി കാരോലൈന്‍ മുപ്പത്തിയെട്ടാം
വയസ്സില്‍ ബ്ലാഡര്‍ കാന്‍സറിനു കീഴടങ്ങിയത് കുടുംബത്തെ പിടിച്ചുലച്ച
അനുഭവമായിരുന്നു. പിതാവിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ട ഫ്രഞ്ച്
സോഷ്യലിസ്റ്റ് പോള്‍ ലെഫാര്‍ഗിനെ (Paul Lafargue) ആണ് ജെന്നി ലോറ വിവാഹം കഴിച്ചത്.
വാര്‍ദ്ധക്യത്തിന്റെ പ്രാരാബ്ധങ്ങള്‍ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായാണ് 2011ല്‍ ഇരുവരും ഒരുമിച്ചു ആത്മഹത്യ ചെയ്തത്.
ഇളയവള്‍ ജെന്നി എലിനോര്‍ (ടസ്സി) വിശ്രമമറിയാത്ത സ്ത്രീപക്ഷ പ്രവര്‍ത്തകയും എഴുത്തുകാരിയും പ്രാസംഗികയും ആയിരുന്നു. നാല്‍പ്പത്തിമൂന്നാം
വയസ്സില്‍ ദുരൂഹ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു അവരും. ഇതിനു
പിന്നില്‍ ഏതാണ്ടൊരു തനിയാവര്‍ത്തനം പോലെ, ഭര്‍ത്താവിന്റെ
പ്രണയ വഞ്ചന വരുത്തിവെച്ച ഒറ്റപ്പെടലിന്റെയും വിഷാദ രോഗത്തിന്റെയും ഘടകങ്ങള്‍
ആരോപിക്കപ്പെട്ടിട്ടുണ്ട്. നോവല്‍ ഗാത്രത്തില്‍ കടന്നു വരുന്നില്ലാത്ത ഈ ദുരന്ത
പര്‍വ്വങ്ങള്‍ പോലും പാത്രസൃഷ്ടികളില്‍ നിഴല്‍ പതിപ്പിക്കുന്നുണ്ട് എന്നു കാണാം. എലിനോര്‍ മാര്‍ക്സ് (ടസ്സി), വരാനിരിക്കുന്ന
ജീവിത ദുരന്തങ്ങളുടെ പ്രതീകമെന്നോണം വൈകാരിക സംഘര്‍ഷങ്ങള്‍ക്കടിപ്പെട്ട ഒരു
ടീനേജുകാരിയായി, ശക്തമായ സാന്നിധ്യമായി നോവലില്‍
നിലയുറപ്പിക്കുന്നു.
മക് ക്രീയുടെ പ്രതിഭ തിളങ്ങിനില്‍ക്കുന്നത്
ലിസ്സിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത വിലയിരുത്തലിന്റെ കാര്‍ക്കശ്യത്തിനിടയിലും
ഏംഗല്‍സ്, മാര്‍ക്സ്, ജെന്നി, മോസ് തുടങ്ങിയവരെ അവതരിപ്പിക്കുന്നതിന്റെ അനുതാപ ഭാവത്തിലാണ് എന്ന് കാണാം.
തന്റെ ജീവിതത്തിലെ നിതാന്ത പ്രണയമായിരുന്ന മേരിയുടെ വിയോഗത്തെ ലിസ്സിയുടെ അര്‍ദ്ധമനസ്ക
ബന്ധത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന ഏംഗല്‍സ് അതിലൊന്നാണ്.
അപാരമായ തന്റെ പ്രതിഭ തിരിച്ചറിയാതെ നിരന്തരം തന്നെ അവഗണിച്ച ലോകത്തിനു മുന്നില്‍
നിസ്വനായി കഴിയേണ്ടി വന്ന മാര്‍ക്സും, ലിസ്സിയോടുള്ള
സൗഹൃദം നിലനില്‍പ്പിന്റെ തന്നെ ഏക പച്ചത്തുരുത്തായി നോക്കിക്കണ്ട ജെന്നി മാര്‍ക്സും
അതേ അനുതാപത്തോടെയാണ് നോവലില്‍ അന്തിമമായി ഇടം പിടിക്കുന്നത്. എന്നാല്‍ അങ്ങനെ
ചെയ്യുന്നതിലൂടെ ലിസ്സിയെ കുറിച്ചു വിശ്വസനീയമായ ഒരു ഫെമിനിസ്റ്റ് ചിത്രം
വരക്കുന്നതില്‍ നോവലിസ്റ്റ് പരാജയപ്പെടുന്നു എന്ന് വിമര്‍ശിക്കപ്പെടുന്നു*(4). അതെന്തായാലും, സ്ത്രീകളെ കുറിച്ചെഴുതുന്ന ഒരു
നോവലിസ്റ്റ് ആവുക തന്റെ ലക്ഷ്യമായിരുന്നില്ല എന്ന് ഏറ്റുപറയുന്ന മക് ക്രീ, കമ്യൂണിസ്റ്റ് ചരിത്രം ആവിഷ്കരിക്കുന്ന നോവല്‍ ത്രയം എന്ന ആശയത്തിലേക്ക്
എങ്ങനെയാണു എത്തിയതെന്നും അതെങ്ങനെ സ്ത്രീകേന്ദ്രിത പാത്രസൃഷ്ടിയിലേക്ക്
എത്തിപ്പെട്ടു എന്നും വ്യക്തമാക്കുന്നു: “എന്റെ ജീവിതത്തില്‍ ഏറ്റവും
പ്രധാനപ്പെട്ടത് അമ്മയോടുള്ള ബന്ധമായിരുന്നു എന്നതില്‍ നിന്നാവാം ഒരു പക്ഷെ
അതങ്ങനെ സംഭവിച്ചത്. എന്നെ സംബന്ധിച്ച് ഒരു സ്ത്രീയുടെ വീക്ഷണ കോണില്‍ നിന്ന്
എഴുതുക എന്നാല്‍ അവളെ കൂടുതല്‍ അടുത്തറിയാന്‍ മാത്രമല്ല, എന്നെത്തന്നെ സുവ്യക്തമായി തിരിച്ചറിയാതെ എന്നെക്കുറിച്ചു തന്നെ പറയാനുള്ള
ഒരു മാര്‍ഗ്ഗം കൂടിയാണ്. ചരിത്ര പശ്ചാത്തലവും അതേ കാര്യമാണ് ചെയ്യുന്നത്. അതെന്നെ
കൌതുകപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ സഹായിക്കുന്നു – ജെന്റര്‍, ലൈംഗികത, രാഷ്ട്രീയം, പ്രശസ്തി, അംഗീകാരം – ഈ വിഷയങ്ങളെല്ലാം.
സമകാലിക ആത്മാഖ്യാന (autofiction) രീതിയില്‍ സഹജമായ ‘ഞാന്‍’ ഇല്ലാതെത്തന്നെ
സംസാരിക്കാന്‍” (Helen Cullen).
ജെന്നി മാര്‍ക്സിന്റെ ചിത്രം വരക്കുന്നതില്‍ ഫ്രെഡിയുടെ പിതൃത്വം
സംബന്ധിച്ചു മേരിയും ജെന്നിയും കൊണ്ടുനടന്ന വ്യത്യസ്ത വേദനകള്‍ ലിസ്സിയെ
ചിന്തിപ്പിക്കുന്നുണ്ട്:
“ഏതാണ് കൂടുതല്‍ കഠിനം എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു:
മേരി ആയിരിക്കുക, എന്നിട്ട് ജീവിതകാലം മുഴുവന്‍ ഫ്രെഡറിക്കിനെ കുറിച്ച്
അസത്യം വിശ്വസിക്കുക; അതോ, ജെന്നി
ആയിരിക്കുക, എന്നിട്ട് കാള്‍ എന്ത് ചെയ്തു എന്നതിന്റെ സത്യം
അറിഞ്ഞിരിക്കുക, അതുമായി ജീവിക്കുക. ഏതാണ് ശരിയെന്നറിയുക
അങ്കലാപ്പുണ്ടാക്കുന്നതാണ്. ഇനി ഫ്രെഡറിക്ക്? അയാളെ
എങ്ങനെ വിലയിരുത്തും? മാര്‍ക്സ് എന്ന മനുഷ്യനെ
എല്ലാത്തിനും ഉപരിയായി സ്ഥാപിക്കുക- സ്വന്തം പങ്കാളി സ്ത്രീയേക്കാള്‍ അയാളോട് കൂറു
പുലര്‍ത്തുക, അയാളുടെ സല്‍പ്പേര്, അയാളുടെ സ്വന്തം ജീവിതം – അദ്ദേഹം കാളിനെ ഏതാണ്ടൊരു ഭാര്യയെ പോലെ
ആക്കിത്തീര്‍ത്തിരിക്കുന്നു.”
ടസ്സിക്കെങ്കിലും തങ്ങളുടെതില്‍ നിന്ന് വ്യത്യസ്തമായ ഒരു സുരക്ഷിത, സാമ്പ്രദായിക
ജീവിതം നല്‍കണം എന്ന ജെന്നിയുടെ ചിന്ത അവരുടെ ജീവിത ദുരന്തങ്ങളുടെ ആകത്തുകയോടുള്ള
സൌമ്യമായ പ്രതിഷേധം കൂടിയാണ്. കൂടുതല്‍ വിദ്യാഭ്യാസമല്ല, കുടുംബം
പോറ്റാന്‍ കഴിയുന്ന സുരക്ഷിതമായ ഒരു ദാമ്പത്യമാണ് അവള്‍ക്കു വേണ്ടതെന്ന് ചിന്തിക്കുന്ന
ജെന്നി, പെണ്മക്കളുള്ള ഒരു വിക്റ്റോറിയന്‍ ദരിദ്ര
കുടുംബിനിയുടെ മനോനിലയാണ് പ്രകടമാക്കുന്നത്.
“അവള്‍ ഭയപ്പെട്ട വിധി തന്റേതു തന്നെയായിരുന്നു: ഭര്‍ത്താവിന്റെ
സങ്കടകരമായ തെറ്റുകള്‍ അവഗണിച്ചു അയാളുടെ ദാരിദ്ര്യം മറികടക്കാന്‍ ശ്രമിക്കുന്ന
ഭാര്യാപദം.”
മൂത്തവര്‍ക്ക് രണ്ടുപേര്‍ക്കും അതിരുകള്‍ ഇല്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നു എന്ന് അഭിമാനിച്ച പിതാവില്‍ നിന്ന് വ്യത്യസ്തമായി അവര്‍ സുരക്ഷിതരായി കഴിയുന്ന അവസ്ഥയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നിത്യവും വേദനിച്ച ജെന്നി മാര്‍ക്സ്, വലിയ സ്വപ്നങ്ങളുടെ ഉടോപിയകളിലേറെ ചെറിയ ജീവിതത്തിന്റെ സാന്ത്വനങ്ങള്‍ കൊതിച്ച സാധാരണക്കാരിയയിരുന്നു. ആ അര്‍ത്ഥത്തില്‍ നോവലിലെ മുതിര്‍ന്ന തലമുറയിലെ മറ്റു രണ്ടു സ്ത്രീകളും – മേരി, ലിസ്സി – ഏറിയോ കുറഞ്ഞോ അവരുടെ കൂടെപ്പിറപ്പുകള്‍ തന്നെ.
References:
(1). Helen Cullen. Interview with
Gavin McCrea, ‘Gavin McCrea: ‘I never set out to be a novelist of women’,
irishtimes.com/culture. Sep 8, 2021
(2). Helen Dunmore, ‘Mrs Engels
by Gavin McCrea review – a symphony out of historical silence’,
theguardian.com, Thu 25 Jun 2015
(3). Eric Karl Anderson, ‘Mrs
Engels by Gavin McCrea’, the Lonesome Reader, April 30, 2015
(4). Anne Haverty, ‘Mrs Engels
review: X marx the heart’, irishtimes.com, Jul 4 2015
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 303-312)
To purchase, contact ph.no: 8086126024
Also read:The Cry of Winnie Mandela (2003), Njabulo Ndebele (South
Africa)
https://alittlesomethings.blogspot.com/2024/08/the-cry-of-winnie-mandela-2003-njabulo.html
Hamnet by Maggie O'Farrell
https://alittlesomethings.blogspot.com/2024/07/hamnet-by-maggie-ofarrell.html
No comments:
Post a Comment