ജീവിതം തോല്‍ക്കുന്നിടത്ത് നാടകം
എന്തുചെയ്യും!
(ഷേക് സ്പിയറെ പോലെ ഒരു മഹാമേരുവിനെ പിന്‍ നിരയില്‍ നിര്‍ത്തി ലോകമറിയാത്ത /
ലോകത്തെ അറിയാത്ത അദ്ദേഹത്തിന്റെ ഭാര്യയെ ആഖ്യാന കേന്ദ്രത്തില്‍ കൊണ്ടുവരിക,
കാലഘട്ടത്തിന്റെ അജ്ഞതകളും അര്‍ദ്ധജ്ഞാനങ്ങളും കൊണ്ട് ദുരന്തത്തിലേക്ക് നടന്നു
നീങ്ങുന്ന കുടുംബത്തെ അവതരിപ്പിക്കുക, ലോകമറിയുന്ന നാടകകാരനെ
പരാജയപ്പെട്ട/ വിശ്വസ്തനല്ലാത്ത കാമുകനും ഭര്‍ത്താവും
പിതാവുമായി അവതരിപ്പിക്കുക, ജീവിതം തുടങ്ങുക മാത്രം ചെയ്ത
നിഷ്കളങ്കനായ ഒരു കൌമാരക്കാരനെ അവക്കെല്ലാമിടയില്‍ ബലിയാടാക്കി പാത്രസൃഷ്ടി
നടത്തുക... ഒരാദ്യ രചനയില്‍ ഒരെഴുത്തുകാരിക്ക് ഏറ്റെടുക്കാന്‍ അത്രക്കങ്ങു
സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ ആണ് ഇവയെല്ലാം. എന്നാലോ,
അവിടെയും ഒതുങ്ങുന്നുമില്ല. ലണ്ടനിലെ നാടകവേദിയുടെയും ഒരു ഭാര്യക്കും
പൊറുക്കാനാകാത്ത അഗമ്യഗമന ജീവിത രീതികളുടെയും തിരക്കുകളില്‍ ഒരിക്കലും
കുഞ്ഞുമക്കളുടെ വിളിപ്പുറത്ത് ഇല്ലാതിരുന്നിട്ടും ആ കുഞ്ഞുമകനും സഹോദരിയും
തമ്മിലുള്ള ആത്മൈക്യം തന്റെ നാടകങ്ങളിലെ വിഖ്യാത ഇരട്ടകള്‍ക്ക് പ്രൊടോടൈപ്പുകള്‍
ആക്കി ആഘോഷിക്കുക, അതും പോരാഞ്ഞ് അതേ കുഞ്ഞിന്റെ ദുരന്തത്തെ പ്രചോദനമാക്കി
തന്റെ ഏറ്റവും വിഖ്യാതമായ കൃതി രചിക്കുകയും ലോക നാടകാചാര്യ പദവി
സ്വായത്തമാക്കുകയും ചെയ്യുക - ഒരമ്മയ്ക്കും
സഹിക്കാനാകാത്ത ഇത്തരം പ്രൊഫഷനല്‍ മികവുകളാണോ ഷേക് സ്പിയര്‍ എന്ന അതികായനെ
സൃഷ്ടിച്ചത്?
അതോ,
തനിക്കു കൂട്ടിരിക്കാനാകാത്ത കുഞ്ഞുമക്കളെ നിരന്തരം കൂടെ നിര്‍ത്താനുള്ള
അയാളുടെ ഉപായമായിരുന്നോ വയോലയേയും സെബാസ്റ്റ്യനേയും പോലെ
തമ്മില്‍ മാറിപ്പോകാവുന്ന ഇരട്ടകള്‍?
അഥവാ, കുഞ്ഞുമകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നോ, മകന്‍ (ഹംനെറ്റ്) ഇല്ലാത്ത കാലത്ത് നാടകത്തിലൂടെഅവനെ (ഹാംലെറ്റ്) ഉയിര്‍പ്പിക്കുകയും അവന്റെ ദയക്കുവേണ്ടി ജന്മാന്തരങ്ങള്‍ കടന്നെത്തുന്ന പിതാവിനെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ചെയ്തുവെച്ചത്?
പിതാവിന്റെ അഭാവത്തിലും കുഞ്ഞുമക്കളെ ചിറകിനടിയില്‍
ഒതുക്കാന്‍ പാടുപെട്ടു തോറ്റുപോകുന്ന ജനനിയുടെ ദുഖത്തിന്റെ ആഴമാണ് ഉടലിലും
ആത്മാവിലും അവരനുഭവിക്കുന്ന അപചയമായി നോവലിസ്റ്റ് വരച്ചുവെച്ചത്. മഹാമാരികള്‍ക്കുമുന്നില്‍ തളര്‍ന്നു പോകുമ്പോഴും
അതിലേറെ അവരെ വേദനിപ്പിക്കുക കുറ്റബോധമാണ്: ഗണികയുടെ തൃക്കണ്ണ് ഉണ്ടായിട്ടും, ആത്മാവിന്റെ കൂടെപ്പിറപ്പായ സഹോദരിയുടെ അതിജീവനത്തിനു
പകരമായി വിധിയുടെ മൂര്‍ത്തികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉയിരുകൊടുത്ത കുഞ്ഞുമകന്റെ
ദുരന്തം വരുന്നത് അറിയാനായില്ലല്ലോ എന്നതിന്റെ.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ ആദ്യ രചനക്ക് നല്‍കപ്പെടുന്ന വിഖ്യാതമായ ബെറ്റി ട്രാസ്ക് പുരസ്‌കാരം നേടിയ After You'd Gone (2000) എന്ന നോവലുമായാണ് ഐറിഷ്/ ബ്രിട്ടീഷ് എഴുത്തുകാരിയായ മാഗി ഓഫെരല്‍ (Maggie O'Farrell) ഇരുപത്തിയെട്ടാം വയസ്സില്‍ സാഹിത്യ ലോകത്ത് തന്റെ വരവറിയിച്ചത്. ഇതിനോടകം സങ്കീര്‍ണ്ണ ഇതിവൃത്തങ്ങള്‍ക്കും ജീവിതത്തിന്റെ അടിസ്ഥാനപരമായ അപ്രവചനീയതകളില്‍ ഉലഞ്ഞുപോകുന്ന പാരമ്പര്യ വിരോധികളായ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നതിലും ഏറെ പ്രശംസിക്കപ്പെട്ട ഭാവനാസമ്പന്നമായ എട്ടോളം നോവലുകള്‍ കൊണ്ട് അവര്‍ വലിയൊരു വായനാ സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട് . *(1).
തന്റെ എട്ടാമത്തെ നോവലായ Hamnet എന്ന കൃതിയില്‍ ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടക്കുന്ന ഓഫെരല്‍, ‘മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിസ്വപ്നത്തെ അഭിമുഖീകരിക്കുന്നു: ഒരു കുഞ്ഞിന്റെ മരണം’ ......................
No comments:
Post a Comment