Featured Post

Showing posts with label Fiction. Show all posts
Showing posts with label Fiction. Show all posts

Saturday, May 17, 2025

The Doves Necklace by Raja Alem

 പുണ്യ നഗരിയുടെ പെണ്ണെഴുത്ത്.


(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുണ്യ നഗരിയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്.)

 

മക്ക ന്യുയോര്‍ക്കാണ്പാരീസാണ്മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍കുടുംബത്തില്‍നിന്ന് ക്രൂസര്‍ എന്ന് പെരുകിട്ടിയ ഒരാളെന്ന നിലയില്‍, ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ പാരീസിനെ കൂടെകൊണ്ടുപോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്‌. ഞാന്‍ The Doves Necklace എഴുതിയപ്പോള്‍ അതൊരുതരം വിടവാങ്ങലായിരുന്നു. അത് ഞാന്‍ മക്കയെകുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല, ഒരുപക്ഷെ  മക്കക്കു വേണ്ടിയായിരിക്കാം ഞാനെഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ ... എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നുഅതുകൊണ്ട് ഞാനുണ്ട്.” റജാ ആലം (https://www.youtube.com/watch?v=Xc9dqPr5AiU)

നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബല്‍ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകര്‍ഷിച്ച അറബ് നോവല്‍ സാഹിത്യത്തിന് 2007-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്കാരം (IPAF- International Prize for Arabic Fiction) വന്‍ കുതിപ്പാണ് നല്‍കിയത്. അറബ് ഭാഷയില്‍ എഴുതപ്പെട്ട കിടയറ്റ കൃതികള്‍ ഇന്ന് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി2011-ല്‍ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’, മൊറോക്കന്‍ നോവലിസ്റ്റ് മുഹമ്മദ്‌ ആചാരിയുടെ ‘ദി ആര്‍ച്ച്‌ ആന്‍ഡ്‌ ദി ബട്ടര്‍ഫ്ലൈ’ എന്നീ കൃതികള്‍ക്കായി പുരസ്കാരം പങ്കു വെക്കുമ്പോള്‍ അത് മെരിറ്റില്‍ ഏറെ ഒരു ഇരട്ട പരിഭവം തീര്‍ക്കലാണ് എന്ന് വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു- അബു ദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരസ്കാരത്തിന്റെ അധികൃതരില്‍ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാല്‍ ഈ രണ്ടു ആരോപണങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍ വായനക്കാര്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ- ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം. അഫ്ഘാന്‍ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന മുഹമ്മദ്‌ ആചാരിയുടെ പുസ്തകത്തേക്കാള്‍ ഏറെ വിവാദങ്ങള്‍ക്കും ഫത്‌വകള്‍ക്കും സ്വാഭാവികമായും ഇടനല്‍കിയത് വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ടും പശ്ചാത്തലത്തിന്റെ ഗുരുതര സംവേദനത്വം കൊണ്ടും സര്‍വ്വോപരി മോറോക്കൊയെക്കാള്‍ പതിന്മടങ്ങ്‌ യാഥാസ്ഥിതികമാന് സൌദി അറേബ്യ എന്നത് കൊണ്ടും പൊള്ളുന്ന തരത്തിലുള്ള റജാ ആലമിന്റെ ബ്രകൃഹദ് കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ക് ലെസ്’ മുന്നോട്ടു വെക്കുന്നത്.

 

പുണ്യ നഗരിയുടെ പരിസരം..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-doves-necklace-by-raja-alem

 

 


Friday, April 18, 2025

Hamnet by Maggie O'Farrell

 

ജീവിതം തോല്‍ക്കുന്നിടത്ത് നാടകം എന്തുചെയ്യും!



(ഷേക് സ്പിയറെ പോലെ ഒരു മഹാമേരുവിനെ പിന്‍ നിരയില്‍ നിര്‍ത്തി ലോകമറിയാത്ത / ലോകത്തെ അറിയാത്ത അദ്ദേഹത്തിന്റെ ഭാര്യയെ ആഖ്യാന കേന്ദ്രത്തില്‍ കൊണ്ടുവരിക, കാലഘട്ടത്തിന്റെ അജ്ഞതകളും അര്‍ദ്ധജ്ഞാനങ്ങളും കൊണ്ട് ദുരന്തത്തിലേക്ക് നടന്നു നീങ്ങുന്ന കുടുംബത്തെ അവതരിപ്പിക്കുക, ലോകമറിയുന്ന നാടകകാരനെ പരാജയപ്പെട്ട/ വിശ്വസ്തനല്ലാത്ത  കാമുകനും ഭര്‍ത്താവും പിതാവുമായി അവതരിപ്പിക്കുക, ജീവിതം തുടങ്ങുക മാത്രം ചെയ്ത നിഷ്കളങ്കനായ ഒരു കൌമാരക്കാരനെ അവക്കെല്ലാമിടയില്‍ ബലിയാടാക്കി പാത്രസൃഷ്ടി നടത്തുക... ഒരാദ്യ രചനയില്‍ ഒരെഴുത്തുകാരിക്ക് ഏറ്റെടുക്കാന്‍ അത്രക്കങ്ങു സുരക്ഷിതമല്ലാത്ത വെല്ലുവിളികള്‍ ആണ് ഇവയെല്ലാം. എന്നാലോ, അവിടെയും ഒതുങ്ങുന്നുമില്ല. ലണ്ടനിലെ നാടകവേദിയുടെയും ഒരു ഭാര്യക്കും പൊറുക്കാനാകാത്ത അഗമ്യഗമന ജീവിത രീതികളുടെയും തിരക്കുകളില്‍ ഒരിക്കലും കുഞ്ഞുമക്കളുടെ വിളിപ്പുറത്ത് ഇല്ലാതിരുന്നിട്ടും ആ കുഞ്ഞുമകനും സഹോദരിയും തമ്മിലുള്ള ആത്മൈക്യം തന്റെ നാടകങ്ങളിലെ വിഖ്യാത ഇരട്ടകള്‍ക്ക് പ്രൊടോടൈപ്പുകള്‍ ആക്കി ആഘോഷിക്കുക, അതും പോരാഞ്ഞ് അതേ കുഞ്ഞിന്റെ ദുരന്തത്തെ പ്രചോദനമാക്കി തന്റെ ഏറ്റവും വിഖ്യാതമായ കൃതി രചിക്കുകയും ലോക നാടകാചാര്യ പദവി സ്വായത്തമാക്കുകയും ചെയ്യുക -  ഒരമ്മയ്ക്കും സഹിക്കാനാകാത്ത ഇത്തരം പ്രൊഫഷനല്‍ മികവുകളാണോ ഷേക് സ്പിയര്‍ എന്ന അതികായനെ സൃഷ്ടിച്ചത്?

അതോ,

തനിക്കു കൂട്ടിരിക്കാനാകാത്ത കുഞ്ഞുമക്കളെ നിരന്തരം കൂടെ നിര്‍ത്താനുള്ള അയാളുടെ ഉപായമായിരുന്നോ വയോലയേയും സെബാസ്റ്റ്യനേയും പോലെ തമ്മില്‍ മാറിപ്പോകാവുന്ന ഇരട്ടകള്‍?

അഥവാ, കുഞ്ഞുമകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തമായിരുന്നോ, മകന്‍ (ഹംനെറ്റ്) ഇല്ലാത്ത കാലത്ത് നാടകത്തിലൂടെഅവനെ (ഹാംലെറ്റ്) ഉയിര്‍പ്പിക്കുകയും അവന്റെ ദയക്കുവേണ്ടി ജന്മാന്തരങ്ങള്‍ കടന്നെത്തുന്ന പിതാവിനെ ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ ചെയ്തുവെച്ചത്‌?

പിതാവിന്റെ അഭാവത്തിലും കുഞ്ഞുമക്കളെ ചിറകിനടിയില്‍ ഒതുക്കാന്‍ പാടുപെട്ടു തോറ്റുപോകുന്ന ജനനിയുടെ ദുഖത്തിന്റെ ആഴമാണ് ഉടലിലും ആത്മാവിലും അവരനുഭവിക്കുന്ന അപചയമായി നോവലിസ്റ്റ് വരച്ചുവെച്ചത്.  മഹാമാരികള്‍ക്കുമുന്നില്‍ തളര്‍ന്നു പോകുമ്പോഴും അതിലേറെ അവരെ വേദനിപ്പിക്കുക കുറ്റബോധമാണ്: ഗണികയുടെ തൃക്കണ്ണ് ഉണ്ടായിട്ടും, ആത്മാവിന്റെ കൂടെപ്പിറപ്പായ സഹോദരിയുടെ അതിജീവനത്തിനു പകരമായി വിധിയുടെ മൂര്‍ത്തികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ സ്വന്തം ഉയിരുകൊടുത്ത കുഞ്ഞുമകന്റെ ദുരന്തം വരുന്നത് അറിയാനായില്ലല്ലോ എന്നതിന്റെ.

മനോവിജ്ഞാനീയ തലങ്ങളില്‍ വായിക്കപ്പെടേണ്ട ഒട്ടേറെ തലങ്ങളുള്ള നോവലാണ്‌ ‘Hamnet.’) 

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ ആദ്യ രചനക്ക് നല്‍കപ്പെടുന്ന വിഖ്യാതമായ ബെറ്റി ട്രാസ്ക് പുരസ്‌കാരം നേടിയ After You'd Gone (2000) എന്ന നോവലുമായാണ് ഐറിഷ്/ ബ്രിട്ടീഷ് എഴുത്തുകാരിയായ മാഗി ഓഫെരല്‍ (Maggie O'Farrell) ഇരുപത്തിയെട്ടാം വയസ്സില്‍  സാഹിത്യ ലോകത്ത് തന്റെ വരവറിയിച്ചത്. ഇതിനോടകം സങ്കീര്‍ണ്ണ ഇതിവൃത്തങ്ങള്‍ക്കും ജീവിതത്തിന്റെ അടിസ്ഥാനപരമായ അപ്രവചനീയതകളില്‍ ഉലഞ്ഞുപോകുന്ന പാരമ്പര്യ വിരോധികളായ സ്ത്രീ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നതിലും ഏറെ പ്രശംസിക്കപ്പെട്ട ഭാവനാസമ്പന്നമായ എട്ടോളം നോവലുകള്‍ കൊണ്ട് അവര്‍ വലിയൊരു വായനാ സമൂഹത്തെ സൃഷ്ടിച്ചിട്ടുണ്ട് . *(1).

തന്റെ എട്ടാമത്തെ നോവലായ Hamnet എന്ന കൃതിയില്‍ ചരിത്ര നോവലിന്റെ തട്ടകത്തിലേക്ക് കടക്കുന്ന ഓഫെരല്‍, ‘മാതാപിതാക്കളുടെ ഏറ്റവും വലിയ പേടിസ്വപ്നത്തെ അഭിമുഖീകരിക്കുന്നു: ഒരു കുഞ്ഞിന്റെ മരണം’ ......................


Friday, March 28, 2025

The Trial by Franz Kafka

 കാഫ്‌കയുടെ ‘വിചാരണ’: സ്വാധീനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഒരു നൂറ്റാണ്ട്



(ഫ്രാന്‍സ് കാഫ്‌കയുടെ മാസ്റ്റര്‍പീസ്‌ നോവല്‍ The Trial പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രസ്തുത നോവലിനേയും നോവലിസ്റ്റിനെയും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാക്കുന്ന സാഹിതീയ മാനങ്ങള്‍ പരിശോധിക്കുന്നു.)

“ഡാന്റെ, ഷേക്സ്പിയര്‍, ഗേയ്ഥെ എന്നിവര്‍ക്ക് അവരവരുടെ കാലത്തോട് എന്തുതരം ബന്ധമാണോ ഉണ്ടായിരുന്നത്, അതേ ബന്ധം നമ്മുടെ കാലത്തോടുള്ള ഒരാളെ പറയേണ്ടതുണ്ടെങ്കില്‍ കാഫ്‌കയേയാണ് എനിക്ക് ആദ്യം ചിന്തിക്കാനാകുക.”

-       (W. H. Auden).

ഇരുപതാം നൂറ്റാണ്ടിന്റെ ട്രോമയും ന്യൂറോസിസും ഫ്രാൻസ് കാഫ്കയെക്കാൾ കൂടുതൽ ആഴത്തില്‍ ഒരു എഴുത്തുകാരനും അന്വേഷിച്ചിട്ടില്ല. നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ മിക്കതിനെയും കാഫ്‌ക-എസ്ക് എന്ന് വിവരിച്ചാലും അതിശയോക്തിയാകില്ലഎന്ന നിരീക്ഷണം (D.S. Burt.p.115) കാഫ്‌കയെയും, അദ്ദേഹത്തിന്‍റെ കാലത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തിയും കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ചകിതവും ദുസ്വപ്നസമാനവും അസംബന്ധ പൂര്‍ണ്ണവുമായ, അധികാര പ്രയോഗത്തിന്റെ ദുരൂഹമായ അടിച്ചമര്‍ത്തല്‍ ഭാവമുള്ള, യാഥാര്‍ത്ഥ്യത്തിനും അതിയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറിപ്പോകുന്ന അവസ്ഥ/ അന്തരീക്ഷം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളെ വിവരിക്കാന്‍/ നിര്‍വ്വചിക്കാന്‍ ‘കാഫ്ക-എസ്ക്’ (Kafkaesque) എന്നപദം സാര്‍വ്വജനീനമായി സാഹിത്യചര്‍ച്ചയില്‍/ നിരൂപണത്തില്‍ ഉപയോഗിക്കുന്നു. ഒരു നൂറ്റാണ്ടുമുമ്പ്, ആധുനികതാ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ശങ്കിച്ചു ശങ്കിച്ച് ഏതാനും ചെറുകഥകളും, എഴുത്തുകാരന്റെ ഏറ്റവും പ്രസിദ്ധ രചനയായി പിന്നീട് മാറിയ ഒരു നോവെല്ലയും (The Metamorphosis) മാത്രം പ്രസിദ്ധീകരിക്കുകയും വിശേഷാല്‍ നിരൂപകശ്രദ്ധയൊന്നും ആകര്‍ഷിക്കാതെ, ആത്മവിശ്വാസമില്ലായ്മയുടെ പാരമ്യത്തില്‍ തന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുഴുവന്‍ രചനകളും കത്തിച്ചു കളയാന്‍ ആത്മസുഹൃത്തിനെ ശട്ടംകെട്ടി നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്തരിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്‌ക എന്ന പ്രാഗ് സ്വദേശിയുടെ കൃതികള്‍ സൃഷ്ടിച്ച ഇരുണ്ട ലോകമാണ്, പില്‍ക്കാല ലോകസാഹിത്യത്തില്‍, മാനുഷികാവേഗങ്ങളുടെ വലിയൊരു ഭൂമികയെ അളക്കാനുള്ള ഈ മാനദണ്ഡമായിത്തീര്‍ന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകസാഹിത്യത്തിലെ അതികായന്മാരില്‍ ഒട്ടുമുക്കാലും കടംകൊള്ളുകയോ ശിഷ്യപ്പെടുകയോ ചെയ്തിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മറ്റാരും ആവുകയുമില്ല. സാമുവേല്‍ ബെക്കറ്റ്, ആല്‍ബേര്‍ കാമു, ഴാങ് പോള്‍ സാര്‍ത്ര്, സിമോങ് ദേ ബുവ്വേ, യുജീന്‍ അയനെസ്കോ, ഹ്യോര്‍ഹെ ബോര്‍ഹെസ്, ജോര്‍ജ്ജ് ഓര്‍വെല്‍, വ്ലാദിമിര്‍ നബകൊവ്, ജെ.എം. കൂറ്റ്സി, മിലാന്‍ കുന്ദേര, തോമസ്‌ പിഞ്ചന്‍, ഇസ്മയില്‍ കദാരെ .. അതികായരുടെ പട്ടിക നീണ്ടുപോകും.

‘വിചാരണ

1925-ൽ കാഫ്‌കയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രയൽ’ ആധുനിക സാഹിത്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും ദുര്‍ഗ്രഹവുമായ കൃതികളിൽ ഒന്നാണ്. 2025-ൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അസ്തിത്വ ഭയം, ബ്യൂറോക്രസിയുടെ അസംബന്ധം, നീതിയുടെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നോവല്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഇന്നും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നോവലിനെ അതിന്റെ ചരിത്രപരവും ആത്മകഥാപരവുമായ പശ്ചാത്തലത്തില്‍ വായിക്കാനും, ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-trial-by-franz-kafka

     

Monday, March 24, 2025

Celestial Bodies by Jokha Alharthi/ Marilyn Booth

 


ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’,  ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ളഅറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്നആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവുംമിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ലപകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌....

ലേഖനം മുഴുവന്‍ ഇവിടെ വായിക്കാം:

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

Monday, August 19, 2024

Nadiayan Kalapangal by K R Viswanathan (Malayalam Novel)

നാടിയാന്‍ കലാപങ്ങള്‍’ - ഗതിമുട്ടിയവരുടെ  അതീത പ്രതികാരം

പ്രിവിലെജുകള്‍ ഉള്ള വിഭാഗങ്ങള്‍ നടത്തുന്ന ആഖ്യാനങ്ങളില്‍ അതില്ലാത്തവര്‍ എങ്ങനെയാവും ചിത്രീകരിക്കപ്പെടുകആധുനികോത്തരം എന്നോബൃഹദാഖ്യാന വിമുഖത എന്നോ ഉള്ള ഒഴികഴിവുകളിലൂടെഅതിവേഗം മധ്യവര്‍ഗ്ഗ/ഉപരി മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ തങ്ങളുടെ ഔദ്ധത്യബോധം കൊണ്ടാടാന്‍ പാകത്തിലുള്ള അരികു ജീവിതങ്ങളെ നോവലിസ്റ്റിന്റെ ക്രാഫ്റ്റിന്റെ പരീക്ഷണവേദിയാക്കുന്ന രീതി മലയാള നോവലില്‍ വ്യാപകമായിരിക്കുന്നു.  കൊളോണിയല്‍ ആഖ്യാനങ്ങളില്‍ ഏഷ്യന്‍ - ആഫ്രിക്കന്‍- ആദിമ (എത് നിക് )- മനുഷ്യര്‍ അടയാളപ്പെടുത്തപ്പെട്ട കുറുഭാഷകളും വൂഡൂ – കൂടോത്ര- മധ്യകാല പാരഡി നിര്‍മ്മിതികളുടെ ഉത്തരാധുനിക വകഭേദ നിര്‍മ്മിതിയുമായി ഈ രീതി അരങ്ങു വാഴുന്നു. അയഥാര്‍ത്ഥമായ പരിവേഷങ്ങള്‍ നല്‍കി തങ്ങളുടെ തുച്ഛ ജീവിതങ്ങള്‍ക്കപ്പുറം അവരെ അതിമാനുഷ /നിഗൂഡവല്‍ക്കരിക്കുകമാര്‍ക്കേസിലും മക്കൊണ്ടോയിലും കൈവിഷം കിട്ടിയപോലെ ഇടങ്ങളും കാലങ്ങളും ഉറഞ്ഞുപോയ ഫിക് ഷനല്‍ ഭൂമികകള്‍ മെനഞ്ഞെടുത്ത് പോയ്‌പ്പോയ ഏതോ ഗോത്ര/ ഫ്യൂഡല്‍ കാല മനുഷ്യരെ അവിടെ കുടിയിരുത്തുകക്രാഫ്റ്റിന്റെ തലപ്പെരുക്കത്തില്‍ അന്തംവിട്ടു തരിച്ചിരിക്കാന്‍ തയ്യാറുള്ള നിരൂപക/ വയനാ ലോകത്തിന്റെ തലോടലില്‍ ഭ്രമിച്ചിരിക്കുക എന്നതൊക്കെ ഒരു എളുപ്പവഴിയായി പ്രബലമാകുമ്പോള്‍ഉള്ളടക്കം പിന്നോട്ടും രചനാതന്ത്രം മുന്നോട്ടും (more craft than substance) എന്നൊരു സമവാക്യം രൂപപ്പെടുന്നു . ഈയൊരു പരിതോവസ്ഥയില്‍ ക്രാഫ്റ്റിനൊപ്പം ഉള്ളടക്കംകൊണ്ടും ആകര്‍ഷിക്കുന്ന ഒരു കൃതി ആവേശകരമായ വായന പ്രദാനം ചെയ്യും. കെ.ആര്‍. വിശ്വനാഥന്‍ എന്ന നോവലിസ്റ്റ് തന്റെ മുന്‍കൃതികളില്‍ കാണിച്ചുതന്ന കയ്യടക്കം ഒന്നുകൂടി ചിന്തേരിടുന്നു എന്നതാണ് ‘നാടിയാന്‍ കലാപങ്ങള്‍’  വിളിച്ചോതുന്നത്‌മാജിക്കല്‍ റിയലിസ്റ്റ് പാരബിള്‍ ആയും ഗതി മുട്ടിയവരുടെ ആഗ്രഹചിന്തയുടെ ഫിക് ഷനല്‍ ആവിഷ്കാരമായും പലരീതിയില്‍ സമീപിക്കാവുന്ന നോവല്‍, സമൂഹത്തിന്റെ വെളിമ്പുറങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അടക്കിപ്പിടിച്ച രോഷവും കുതറലും ആവിഷ്കരിക്കുകയും ഒപ്പം വിശ്വാസ നാട്യങ്ങളുടെ അകത്തളങ്ങള്‍ ഭരിക്കുന്ന ജാതീയ ഉച്ഛനീച്ചത്വങ്ങളെ വിചാരണ ചെയ്യുകയും ചെയ്യുന്നു. 

ഭൂമിയില്ലാത്തവരുടെ ഏറ്റവും വലിയ ദുഃഖങ്ങളില്‍ ഒന്ന്അത് വികസനപ്പേച്ചില്‍ കുടിയിറക്കപ്പെടുന്ന ആദിവാസി/ ഗോത്ര/ നാടോടി ജനതയായാലും രാഷ്ട്രീയകാരണങ്ങളാല്‍ ദേശഹാരകളായിത്തീരുന്ന പലസ്തീനിയായാലുംഇനി ഭൂനിയമങ്ങളുടെ കള്ളക്കളികളില്‍ തോറ്റുപോകുന്ന ദലിത്/പിന്നോക്ക ജനതയായാലുംകുഴിമാടങ്ങള്‍ക്കുള്ള ഇടവും കൈവശാവകാശമാണ്. കുടിയിറക്കപ്പെടുന്നവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ അസ്ഥികള്‍ അനാഥമാകുന്നതിനെ കുറിച്ചു വേവലാതിക്കൊള്ളുന്നതിന്റെ ചങ്കുപിടയുന്ന ചിത്രങ്ങള്‍ ലോകത്തെവിടെ നിന്നുമുള്ള സംഘര്‍ഷഭൂമികളുടെ ആഖ്യാനങ്ങളില്‍ കാണാനാകും. ‘വീടുകളും പുരയിടങ്ങളുമൊക്കെ അവര്‍ എടുത്തോട്ടെഅവര്‍ കീഴടക്കിയതല്ലേ...! പക്ഷെ അവര്‍ നമ്മുടെ ശ്മശാനങ്ങള്‍ വിട്ടുതരേണ്ടതാണ് ..’ എന്ന് ഖിന്നയാകുന്ന മുത്തശ്ശിയുണ്ട് പലസ്തീന്‍ ദുരന്തത്തിന്റെ വേരുകള്‍ ചികയുന്ന ലബനീസ് നോവലിസ്റ്റ് ഏലിയാസ് ഖൂറിയുടെ ‘Gate of the Sun’ എന്ന നോവലില്‍. അടിയാധാരങ്ങളൊന്നും സ്വന്തമായില്ലാത്ത തിരസ്കൃതജനതകളുടെ കാര്യത്തില്‍ അടക്കമെന്ന പ്രക്രിയ തന്നെ ജീവന്മരണ പ്രശ്നമായി മാറും. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കാനാകാത്ത പ്രതിസന്ധിയാണ് കൂരയുടെ അടുപ്പു തുരന്നു കുഞ്ഞുമകനെ അടക്കേണ്ടിവരുന്ന ആദിവാസി കുടുംബത്തിന്റെ കഥയായി പത്രത്താളുകളില്‍ നാം വായിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ നേരിടുന്ന അനാഥത്വത്തെക്കാള്‍ മരണാനന്തരം ഇടമില്ലാതാകുന്നതിനെ കുറിച്ചുള്ള ഭയപ്പാടുകളാണ് സുരക്ഷിത കുഴിമാടമെന്ന/ മരണാനന്തര ജീവിതമെന്ന പ്രലോഭനമായി ആദിമ/ പിന്നോക്ക/ തിരസ്കൃത ജനതകളെ മിഷനറിമാരുടെയും പ്രബല മതങ്ങളുടെ പ്രചാരകരുടെയും ഒറ്റക്കും കൂട്ടായുമുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആക്കിമാറ്റിയ ഒരു പ്രധാന ഘടകം. അരനൂറ്റാണ്ടോളം കാലം പള്ളിയിലെ കുഴികുത്തുകാരനായിരുന്ന നാടിയാന്‍ മൂപ്പന്റെയും ആണ്‍രൂപത്തിനും സ്ത്രീത്വത്തിനുമിടയില്‍ ഇടറിനിന്ന തന്റേടിയായ മകള്‍ തെയ്യാവിന്റെയും നിയോഗത്തിന്റെയും പ്രതിഷേധത്തിന്റെ കഥ പറയുന്ന ‘നാടിയാന്‍ കലാപങ്ങള്‍’ എന്ന നോവലിലൂടെ പാര്‍ശ്വവല്‍കൃതരായ മനുഷ്യര്‍ നേരിടുന്ന അത്തരം ഈ അസ്തിത്വ സമസ്യകളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.

നാടിയാന്‍ ജീവിതം

അരനൂറ്റാണ്ടുമുമ്പ് തന്റെ പതിനെട്ടാം വയസ്സില്‍ അപ്പനില്‍ നിന്ന് പഠിച്ച കഴിവുമായി കരുമേലി കുരിയാച്ചന്റെ അമ്മക്ക് വേണ്ടി ഒറ്റയ്ക്ക് കുഴികുത്തു തുടങ്ങിയ നാടിയാന്‍ മൂപ്പന്‍ ജീവിതസന്ധ്യയില്‍ ആ തൊഴിലില്‍ നേരിടുന്ന പ്രതിസന്ധി, കുഴിക്കുന്നിടത്തെല്ലാം അസ്ഥികള്‍ പൊന്തിവരുന്നു എന്നതാണ്. അക്കാര്യം ആദ്യം വികാരിയച്ചനോട്‌ പരാതിപ്പെട്ട നാടിയന്‍ മൂപ്പന്‍ പക്ഷെപരിഹാരമായി നിര്‍മ്മിച്ച വോള്‍ട്ടിന്റെ വെഞ്ചെരിപ്പു ഘട്ടത്തില്‍ തീര്‍ത്തും വിസ്മരിക്കപ്പെട്ടു. കൂലികൂട്ടിക്കിട്ടാന്‍ ശ്രമിക്കുമ്പോഴൊക്കെ തഴയപ്പെടുമെങ്കിലും ശ്മശാനത്തിലെ മണ്ണിന്റെ വീറിനു മുന്നില്‍ പുതുതായെത്തുന്നവര്‍ തോറ്റുപിന്മാറി. എന്നാല്‍ കൂലിക്കുറവിലേറെ നാടിയാനെ എന്നും മഥിച്ച ചോദ്യം മറ്റൊന്നായിരുന്നു: 

“എന്റെ അപ്പനെ ഇവിടെ അടക്കാതിരുന്നത് എന്തുകൊണ്ട്എന്റെ മകള്‍ മറിയയെ വര്‍ണ്ണക്കുടയുമായി പള്ളിയിലേക്ക് കൊണ്ടുപോകാത്തത് എന്ത്?

ഒരര്‍ത്ഥത്തില്‍ ഈ ചോദ്യവും അതിനുത്തരം കണ്ടെത്താനുള്ള നാടിയാന്റെ പിടച്ചിലുമാണ് നോവലിന്റെ കാതല്‍.

നോവലിലെ ഒന്നാം തലമുറയായ മൂപ്പന്റെ അപ്പന്‍നാടിയാന്‍കുന്നു കാക്കാന്‍ പാലമരത്തില്‍ പേച്ചി മുത്തിയേയും ഇരട്ടമുലച്ചിയെയും കുടിയിരുത്തി. നാടിയാന്റെ വാക്കുകളില്‍ ഇടയ്ക്കിടെ മാത്രം കടന്നു വരുന്ന അയാള്‍വംശാവലിയെ നാടിക്കുന്നില്‍ സ്ഥാപിച്ചു. മൂന്നാം തലമുറ മറിയയില്‍ എത്തുമ്പോഴും നാടിയാന്റെ വിധിയില്‍ മാറ്റമൊന്നുമില്ല. വലിയവന്‍ വിളിച്ചുപറഞ്ഞാല്‍ ദൈവവചനവും നാടിയാത്തി വിളിച്ചു പറഞ്ഞാല്‍ ഷോക്കടിപ്പിച്ചും അവസാനിപ്പിക്കേണ്ട ഭ്രാന്തുമായി മാറുന്ന പ്രഘോഷണ വിപര്യയത്തിന്റെ രക്തസാക്ഷിയായി മറിയ. ചികിത്സക്കുശേഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങുന്ന മറിയക്ക് കൊടുത്ത വാക്കാണ്‌ അവളെ പള്ളിയില്‍ത്തന്നെ അടക്കുമെന്നത്. മറിയയുടെ ദുരന്തം മുമ്പ് അവളുടെ പൂര്‍വ്വിക സ്ത്രീകളിലൂടെയും പിന്നീട് തെയ്യാവിലൂടെയും പുലരുന്ന നാടിയാന്‍ പെണ്‍വിധി തന്നെയാണ്.

പെരുച്ചാഴികളെ പോലെ വേണം നാടിയാത്തിപ്പെണ്ണുങ്ങള്. എല്ലാം കണ്ടും കേട്ടും അറിഞ്ഞ് രക്ഷപ്പെടാന്‍ പല വഴികള് ഒണ്ടാക്കി വെക്കണം. ഒരേടത്ത് പൊക നെറഞ്ഞാല് വേറൊരു വഴി ഒണ്ടാക്കി വെക്കണം..”

മൂപ്പന്റെ ഉപദേശം പിന്നെയും നീളുന്നുണ്ട്: ‘നാടിയാത്തിപ്പെണ്ണുങ്ങള് കുളിച്ചില്ലേലും കേടൊന്നുമില്ല. കുളിക്കാതിരിക്കണതാ ഒരു കണക്കിന് നല്ലത്.’ എന്നോര്‍മ്മിപ്പിക്കുന്ന അയാള്‍ നാറ്റം നാടിയാത്തിപ്പെണ്ണിന് ‘നാടിയാന്റെ കൂര്‍ത്ത കമ്പി പോലെ’ ഒരായുധമാണെന്നും അത് കളയുന്നത് ‘പേച്ചി മുത്തിക്ക്... ഇഷ്ടപ്പെടിയേലാ’ എന്നും മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍ ഈ രക്ഷാമന്ത്രങ്ങളൊന്നും നാടിയാത്തി പെണ്ണിന് തുണയാകില്ല എന്നതിന് തെയ്യാവും അവളുടെ പൂര്‍വ്വികരും ഒരുപോലെ സാക്ഷികളാകും: ഇമ്മാനുവേലിന്റെ നിരാസത്തിന്റെ ഘട്ടത്തില്‍ തെയ്യാവ് അത് പറയുന്നുണ്ട്:

“അപ്പന്‍ എപ്പോഴും പറയുവായിരുന്നു. ആണെന്നു പറയണത് ഒരു പെരുച്ചാഴിയാ. മാളത്തില് രക്ഷക്ക് വേണ്ടി പല വഴികള് ഒണ്ടാക്കി വെക്ക്ണ പെരുച്ചാഴി. ആണുങ്ങള് രക്ഷപ്പെടാനുള്ള വഴി കരുതിവെച്ചിട്ടാ എന്തും ചെയ്യണത്. പെണ്ണ് ആപത്തില്‍ പെട്ടതിനു ശേഷാ രക്ഷപ്പെടാനൊള്ള വഴിയെക്കുറിച്ച്‌ ചിന്തിക്കണത്.”

ഗന്ധം എന്നത് നോവലില്‍ ഉടനീളം നാടിയാന്‍ സ്വത്വവുമായും ദുരന്തവുമായും മറ്റുരീതിയിലും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. പോത്തിന്‍ തോല്‍ ചീഞ്ഞ ഗന്ധം എന്നത് പോത്തുവര്‍ക്കിയുടെ ഉടല്‍ സാന്നിധ്യം എന്നതിലപ്പുറം മറിയയുടെ ദുര്‍വ്വിധിയുടെ ചിഹ്നമായി മാറുന്നു. പിന്നീടത്‌ റോസിയുടെ ഉടലിലും പടരുന്നതാണ് ഇമ്മാനുവേലിനെ തെയ്യാവില്‍ നിന്ന് സ്വയം വേര്‍പ്പെടുത്താനുള്ള കാരണങ്ങളില്‍ ഒന്നായിത്തീരുക. ഇതൊക്കെയും പുതുമയേതുമില്ലാത്ത നാടിയാന്‍ വിധിയായി പാലമരത്തിലിരുന്നു പാലമുത്തിയും ഇരട്ടമുലച്ചിയും അടയാളപ്പെടുത്തുന്നു:

“ഇവന്‍ എന്തിനാണിങ്ങനെ വേവലാതിക്കൊള്ളുന്നത്?

ഇവന്റെ അമ്മ ഇങ്ങനെയായിരുന്നല്ലോ?

ഇവന്റെ ഭാര്യക്ക് ഇങ്ങനെ പറ്റിയതല്ലേ?

മകള്‍ ഇങ്ങനെയായതില്‍ എന്താണിത്ര വേവലാതി?

നോക്കിക്കോ അവക്കു ജനിക്കണത് ഒരു പെണ്ണാണെങ്കി അവളും ഇങ്ങനെ തന്നെയായിരിക്കും. ഒരു നാടിയാന്‍ ഇങ്ങനെ വേവലാതിപ്പെടുന്നതെന്തിന്താന്‍ ഒരു നാടിയാന്‍ ആണെന്ന് അവന്‍ മറന്നെന്നു തോന്നുന്നല്ലോ?

പാലമുത്തിയുടെയും ഇരട്ടമുലച്ചിയുടെയും ദുരന്തപ്രവചനം പൂര്‍ണ്ണമാകാന്‍ വക്കന്റെ വിവാഹനാട്യവും വേലായുധന്റെ ഗുരുദക്ഷിണ പിടിച്ചുവാങ്ങലും തെയ്യാവിന്റെ ജീവിതത്തിലൂടെയും കഴിഞ്ഞ് പോകണം. അതിനും മുമ്പ്ഇമ്മാനുവേലിന്റെ വ്യക്തിത്വ ശിഥിലീകരണം കയ്യടക്കത്തോടെ നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നത്നാടിയാത്തി പെണ്ണിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ അവള്‍ക്കൊരു പങ്കുമില്ല എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. അവന്റെ അമ്മയുടെ അടുത്ത് വന്നവര്‍ തന്നെയാവില്ലേ തെയ്യാവിന്റെ അമ്മയുടെ അരികിലും വന്നിട്ടുണ്ടാകുക എന്ന ഇമ്മാനുവേലിന്റെ ഭയവും തീര്‍ത്തും അസ്ഥാനത്തല്ല.

എന്നാല്‍ അതുമാത്രമാണോ അയാള്‍ തണുത്തുറഞ്ഞുപോകുന്നതിനു കാരണംപ്രണയം പോയിട്ട് ജീവിതം തന്നെയും തനിക്കര്‍ഹതപ്പെട്ടതല്ല എന്നു തീരുമാനിക്കുംമുമ്പ് ഇമ്മാനു കടന്നുപോകുന്ന അവമതികള്‍ അയാള്‍ത്തന്നെ സംക്ഷിപ്തപ്പെടുത്തുന്നുണ്ട്:

“വല്ലാത്ത ജന്മമായിപ്പോയി എന്റേത്. എന്തെല്ലാം വിചിത്രമായ കാര്യങ്ങളാണ്‌ എന്റെ ജീവിതത്തോടു കൂട്ടിക്കെട്ടുന്നത്ചീഞ്ഞളിഞ്ഞ മണം.. സംഖ്യകള്‍.. ഒരു മിശ്രഭിന്നം. വാഹനങ്ങള്‍. മൈല്‍കുറ്റി. ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത അമ്മ. എന്തുതരം ജന്മമാണെന്റെത്?.” 

അമ്മ മലമുകളില്‍ കത്തിയെരിയുന്നതിന്റെയും മരക്കൊമ്പില്‍ തൂങ്ങിയാടുന്നതിന്റെയും സ്വപ്നത്തിലേക്ക് അവമതികളുടെ ജീവിത സാരസ്വത്തെ പരിവര്‍ത്തിപ്പിക്കുന്ന ഇമ്മാനുവേല്‍അമ്മക്ക് കരുതിവെച്ച തൂങ്ങിമരണമെന്ന ആഗ്രഹചിന്ത സ്വയം നടപ്പിലാക്കി മുക്തി നേടുന്നു. ‘ഒരു ചിലന്തിവലയില്‍പെട്ടു കിടക്കുന്ന ഉണക്കില പോലെ’ എന്ന നോവലിസ്റ്റിന്റെ നിരീക്ഷണംഅയാളുടെ നിഷ്ഫലജന്മത്തിന്റെ ഒത്ത രൂപകം തന്നെ.

റോസിയുടെ പാത്രസൃഷ്ടിയില്‍ നോവലിസ്റ്റ് സംക്രമിപ്പിക്കുന്ന പുണ്യ-പാപാതീത വ്യക്തിസത്ത മലയാള സാഹിത്യത്തില്‍ അത്രയേറെ പരിചിതമാണ് എന്ന് തോന്നുന്നില്ല. പട്ടണത്തില്‍നിന്നു വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട് ‘ഒരു പൂ കൊഴിയുംപോലെ കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിക്കുന്ന റോസിനോവലിസ്റ്റിന്റെ പതിവു ശൈലിയില്‍, വിചിത്ര വീര്യമുള്ള കഥാപാത്രമാണ്. ‘ഓര്‍മ്മവെച്ച നാള്‍മുതല്‍ തുടങ്ങിയ തൊഴില്‍ അരക്കെട്ടിനു ബലമുള്ള കാലം തുടരും’ എന്ന് പാതിരിയെയും പട്ടക്കാരെയും വെല്ലുവിളിക്കുന്ന റോസിഅന്തിക്കൂട്ടിനു ആളുവേണം എന്ന് നിര്‍ബന്ധമുള്ള കൂട്ടത്തിലായിരുന്നു. താന്‍ ചെയ്യുന്നതെന്ത് എന്ന് തിരിച്ചറിയാത്ത പ്രായത്തില്‍ അതിനു കയ്യാളായതിന്റെ അവമതി ഇമ്മാനുവേലില്‍ ശക്തവുമായിരുന്നു: 

“ഒരിക്കല്‍ ഞാന്‍ എന്റെ അമ്മേടെ കൂട്ടിക്കൊടുപ്പുകാരനായിരുന്നു. അമ്മയ്ക്ക് രാത്രിക്കൂട്ടിന് ആരെ വേണന്നു നിശ്ചയിക്കുന്നവന്‍. അതൊക്കെ തിരിച്ചറിഞ്ഞപ്പോഴത്തെ വേദന ആര്‍ക്കും മനസ്സിലാകില്ല.” 

എന്നാല്‍ഒരാള്‍ ജീവിതകാലത്ത് ചെയ്ത പാപത്തിനു ആനുപാതികമായി കുഴികുത്തു കഠിനമാകും എന്ന് എപ്പോഴും പറയുന്ന നാടിയാന്‍ മൂപ്പന്‍ കണ്ടെത്തുകറോസിക്കു വേണ്ടിയുള്ള കുഴിയെടുപ്പ് ഏറ്റവും അനായാസകരമായിരുന്നു എന്നാണ്. വിചിത്രമാം വിധം നിത്യയൌവ്വനവും നിത്യസൌന്ദര്യവും റോസിയില്‍ സംഗമിച്ചതായി ഷാപ്പിലെ കണക്കെടുപ്പില്‍ എപ്പോഴും വ്യക്തമാക്കപ്പെട്ടു. പോത്തുവര്‍ക്കിക്ക് ശേഷം മകന്‍ പോത്തന്‍ വര്‍ക്കിക്ക് ‘കൃഷിഭൂമി മക്കളില്‍ നിന്നു പിതാവിലേക്കു വന്നുചേരണതു പോലെ’ റോസിയും വന്നു ചേരുമ്പോള്‍ ‘അവിടെ നടക്കണത്‌ മത്സരാ. അപ്പനാണോ മുന്തിയത് മകനാണോ മുന്തിയതെന്ന്. അതിനുത്തരം തേടലാ ഇപ്പൊ റോസിയുടെ ജീവിതം’ എന്ന് നാട്ടുവര്‍ത്തമാനം പടരുന്നു. ‘ഈ പറയണ പുണ്യോം പാപോം ഒക്കെ വെറുതെയാ അപ്പാ..’ എന്ന തെയ്യാവിന്റെ തിരിച്ചറിവ്റോസിയുടെ പാപങ്ങളെ അളക്കുന്നതിലെ അസംബന്ധത്തെ കുറിച്ച് മൈല്‍കുറ്റി സ്വാമി പണ്ടേ പറഞ്ഞതാണ്‌:

“ദൈവമുണ്ടാക്കാത്ത രണ്ടു വാക്കുകളാണ് പാപവും പുണ്യവും. ആ വാക്കുകള്‍ ഉണ്ടാക്കിയത് മനുഷ്യരാണ്.”

റോസിയെ പോലെത്തന്നെ പുരാണങ്ങളിലേക്കുള്ള തെയ്യാവിന്റെയും പരകായവും ഷാപ്പിലെ ദാര്‍ശനിക ചര്‍ച്ചകളില്‍ ദീര്‍ഘദര്‍ശനം ചെയ്യപ്പെടും: 

“എന്റെ ഓര്‍മ്മേല് ഒരു നാടിയാത്തീം ഇത്രേം വലിയ കളി കളിച്ചിട്ടില്ല. ചത്തിട്ടും അവളു കളി നിര്‍ത്തണില്ല. നോക്കിക്കോ. ഇനി അവള് നാടിക്കുന്നില് വെളയാടും.”

  

ദൈവ നിഷേധിയായ നാടിയാന്‍

ഭഗവതിയുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ വെളിച്ചപ്പാടിന്റെ നിസ്സഹായ രോഷം മലയാള സാഹിത്യത്തിലും സിനിമയിലും അടയാളപ്പെടുത്തപ്പെട്ടിട്ട്‌ അര നൂറ്റാണ്ടിനു മേലായി. എന്നാല്‍‘മാര്‍ക്കം കൂടിയ’ അധ:സ്ഥിതനു പലപ്പോഴും ഏതെങ്കിലും വരേണ്യ ദര്‍ശനങ്ങളുടെ/ മതങ്ങളുടെ ദൈവത്തനിമ അവകാശപ്പെടാനാകില്ല. എത്തിപ്പെട്ട കുരിശു ദൈവത്തിനൊപ്പം നാട്ടുമൂര്‍ത്തികളും തുല്യശക്തരായി/ തുല്യദുഖിതരായി/ നിസ്സഹായരായി അവന്റെ വിശ്വാസക്രമങ്ങളില്‍ കുടിപാര്‍ക്കും. ഒരര്‍ത്ഥത്തില്‍ പുതിയ മതങ്ങളുടെ അധിനിവേശങ്ങളിലുംഅത് ഏകദൈവ മതങ്ങള്‍ ആവുമ്പോള്‍ പോലുംഅവന്റെ കുലദൈവങ്ങളും മൂര്‍ത്തികളും അതിജീവിക്കുന്നത് ഒരുതരം ഒളിച്ചുപാര്‍പ്പാണ്. എന്നാല്‍ പള്ളിയും പട്ടക്കാരും പുറമ്പോക്കില്‍ തന്നെ നിര്‍ത്തിയ നാടിയാന് പാലമുത്തിയും ഇരട്ടമുലച്ചിയും തന്നെയാണ് ഫലത്തില്‍ ദൈവ സങ്കല്‍പ്പമായിത്തുടരുക.

ഒരൊറ്റ രാത്രി മകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കഴിയാതെപോയ പാലമുത്തിയെയും ഇരട്ടമുലച്ചിയെയും നിഷേധിക്കുന്ന നാടിയന്‍ ആ അര്‍ത്ഥത്തില്‍ നടത്തുന്നത് ദുസ്സാധ്യമായ ഒരു ദൈവനിഷേധം തന്നെയാണ്വെളിച്ചപ്പാടിന്റെ രോഷത്തിന്റെ വരേണ്യ സ്വീകാര്യത അതിനൊരിക്കലും ലഭിക്കുകയില്ലെങ്കിലും.

നാടിയാന്‍ നടന്നു. പാലമുത്തിയേയും ഇരട്ടമുലച്ചിയേയും കടന്നു പോകുമ്പോള്‍ അയാള്‍ പുച്ഛത്തോടെ പാലമാരത്തിലേക്കുനോക്കി. കാര്‍ക്കിച്ചു തുപ്പി. വല്യപ്പന്‍ എന്തിനാണ് രണ്ടു പേരെ ഉണ്ടാക്കി വെച്ചത്. കാഴ്ച്ചകള്‍ കാണാനിരിക്കുന്ന രണ്ടു പേര്‍. ഒരു രാത്രിക്കു പോലും കാവലാകാത്തവര്‍.”

ഇനിയൊരു ഘട്ടത്തില്‍ തെയ്യാവ് ഒരു പടികൂടി കടന്ന് ശപിക്കും: വല്യപ്പനെ കുഴിച്ചിട്ടത്

എവിട്യാന്ന് അറിയാവെങ്കില് അവ്ടെത്തന്നെ ഒരു കുഴി എടുക്കണം. അതുങ്ങളെ രണ്ടെണ്ണത്തിനേം കുഴിച്ചിടണം. അതുങ്ങളെ ഒണ്ടാക്കിയ വല്യപ്പന്റെ കുഴിയില് തന്നെ. അതിക്കെടന്ന് നരകിക്കട്ടെ.”

ചോരവീഴ്ത്തി മൂര്‍ത്തിയെ/ ദൈവത്തെ മലിനപ്പെടുത്തുകയെന്ന ആശയം ആശയറ്റവന്റെ പ്രതിഷേധത്തിന്റെ വലിയൊരു രൂപമാണ്‌. പള്ളിപ്പറമ്പില്‍ കുഴികുത്താമെങ്കിലും നാടിയാനോ നാടിയാത്തിക്കോ പ്രവേശനമില്ലാത്ത പള്ളിവിലക്കിനെ ചോര വീഴ്ത്തിയും നേരിടുകയെന്ന വഴി മൂപ്പനും തെയ്യാവും പ്രയോഗിക്കുന്നുണ്ട്രണ്ടു പേരുടെയും പ്രതിഷേധം എങ്ങുമെത്തില്ലെങ്കിലും. കുഴികുത്തലില്‍ മൂപ്പന് കൂട്ടുപോകുകയും ശരിക്കും അപ്പനെ കാഴ്ചക്കാരനാക്കി കുഴി കുത്തുകയും ചെയ്യുന്ന തെയ്യാവ് ആണല്ലപെണ്ണുതന്നെയെന്നതിനു ആദ്യം ലഭിക്കുന്ന തെളിവും കുത്തിയ കുഴിയില്‍ വീണ ആര്‍ത്തവ തുള്ളികളാണ്. താന്‍ ചത്താലും പള്ളിയില്‍ കേറ്റില്ലെന്ന കൈക്കാരന്റെ പ്രഖ്യാപനത്തില്‍ സഹികെട്ടാണ് മൂപ്പന്‍ വെന്തിങ്ങ അച്ചന്റെ മുമ്പിലേക്കെറിയുന്നതും. വിശ്വാസത്തകര്‍ച്ച അയാളില്‍ പൂര്‍ണ്ണമാകുന്നതും അങ്ങനെയാണ്. എന്നാല്‍പാലമുത്തിയേയോ മറ്റു ഗോത്ര മൂര്‍ത്തികളെയോ പോലെ സൗമ്യശീലരല്ല വേദപുസ്ത വടിവില്‍ വിനിമയം നടത്തുന്നവര്‍. അച്ചനു നേരെ കയ്യുയര്‍ത്തന്‍ ഇവനാര് എന്ന പ്രകോപനത്തില്‍ കയ്യേറ്റം ചെയ്യപ്പെടുന്ന മൂപ്പന്‍ വായിലേക്കിറങ്ങിയ ചോര പലവട്ടം പള്ളി മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പുന്നുണ്ട്. തെയ്യാവിന്റെ നെഞ്ചില്‍ തുളഞ്ഞുകയറുകയും അവള്‍ക്ക് ഇരട്ടമുലച്ചിയുടെ പ്രത്യക്ഷം നല്‍കുകയും ചെയ്യുന്ന കമ്പില്‍ നിന്ന് മലമുകളില്‍ ചോര വീഴുന്നതിന്റെ മുഴക്കം മറയുന്ന ബോധത്തിന്റെ മൂടലില്‍ നാടിയന്‍ മൂപ്പന്‍ കേള്‍ക്കുന്നുമുണ്ട്.

തന്നോടുതന്നെഅഥവാ തന്നെക്കാള്‍ നിസ്സഹായരായ പൂര്‍വ്വികരോടും ഗോത്ര മൂര്‍ത്തികളോടും മാത്രമേ നാടിയാന്റെ കലാപങ്ങള്‍ നടക്കൂ എന്നിടത്താണ് നോവലിന്റെ തലക്കെട്ടിന്റെ ഐറണി. നാടിയാന്റെ കലാപങ്ങള്‍ക്ക് ആയുസ്സില്ലെന്നും ‘ചോര പെട്ടെന്ന് തണുക്കു’മെന്നും കോങ്ങാടത്തു നിന്നു നാടിയാന്മാരെ കൊണ്ടുവന്നു നാടിക്കുന്നില്‍ പാര്‍പ്പിച്ചു താന്‍ വിപ്ലവം നടത്തുമെന്നു വാശികേറ്റുന്ന വക്കന്‍റെ വീറ് പക്ഷെ അതിലും അല്‍പ്പായുസ്സാണെന്ന് തെയ്യാവ് വേഗം കണ്ടെത്തും. നാടിക്കുന്നില്‍ നാടിയാന്മാരുടെ അവകാശം സ്ഥാപിക്കാനുള്ള ആശയമൊക്കെ ഷാപ്പിലെ അന്തിക്കള്ളിന്റെ ചൂടില്‍ വമ്പു പറയുന്നതില്‍ ഒതുങ്ങുകയും ചെയ്യും. ബുള്‍ഡോസറുകളുടെ ഇരമ്പവും നിസ്സാരമായ കുടിയിറക്കലും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുമുണ്ട്. ഈ നിസ്സഹായതയുടെ അനിവാര്യത മുറിച്ചുകടക്കുകയും ജീവിതംകൊണ്ടു തോറ്റുപോകുന്നിടത്തു മരണം കൊണ്ട് ദുരൂഹമായ ചില പ്രതികാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു എന്നിടത്താണ് നാടിയന്‍ മൂപ്പനും തെയ്യാവും ഇതിഹാസമാനം കൈവരിക്കുന്നത്.

മിത്തുവല്‍ക്കരണം

വംശാവലികളെ/ പ്രാകൃത സമൂഹങ്ങളെ അടയാളപ്പെടുത്തുന്ന കൃതികളില്‍ പുരാണ സ്വഭാവമുള്ള ആഖ്യാനങ്ങളിലേക്ക് പൂര്‍വ്വികരെയും അവരുടെ ജീവിതങ്ങളെയും കുടിയിരുത്തുന്ന ശൈലി കൃതഹസ്തരായ എഴുത്തുകാരില്‍ കാണാന്‍ കഴിയും. ഖസാക്കും മക്കോണ്ടോയുമൊക്കെ അങ്ങനെ പിറന്നതാണ്. നാടിക്കുന്നും നാടിയന്‍ പരമ്പരയും ഗരിമയാര്‍ന്ന ഭാഷയില്‍ ഈ തലത്തിലേക്ക് ഉയരുന്നുണ്ട് ‘കലാപങ്ങളില്‍.

“പണ്ട് പണ്ടെങ്ങോ ഒരു കത്തനാര് പള്ളി വക തോട്ടത്തില് എലി പിടിക്കാനായി എങ്ങാണ്ട് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവന്നവരാണ്. .. പിന്നെ അവരെ മതം മാറ്റിച്ചു. ശവക്കുഴി തോണ്ടാന്‍ പഠിപ്പിച്ചു. ഞാന്‍ പലരോട് ചോദിച്ചിട്ടും അതിനപ്പുറം ഒരറിവും നാടിയാന്മാരെക്കുറിച്ച് കിട്ടിയില്ല”

എന്ന് ഇമ്മാനുവേലിന്റെ കുറിപ്പുകളില്‍ വിവരിക്കുന്ന വസ്തുതനോവലിസ്റ്റ് കണ്ടെത്തുന്നത് തന്നെയാണ്. വല്യപ്പന്‍ പറഞ്ഞ കഥകളില്‍

“നാടിക്കുന്നിലെ ഓരോ കല്ലും ഓരോ നാടിയാനാണ്. എവിടെയെങ്കിലും ഒരു നാടിയാന്‍ മരിച്ചാല്‍ നാടിയാന്റെ ആത്മാവ് നാടിക്കുന്നില്‍ ഒരു പാറക്കല്ലായി മുളച്ചു പൊന്തും. ചിലത് മണ്ണിനടിയില്‍ കിടക്കുകയാവും. ആയിരം കല്ലുകള്‍ തികയുന്ന അന്ന് മലയാകെ പിളരുകയും ഓരോ കല്ലും നാടിയാനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. നാടിയാന്മാര്‍ തീപ്പന്തവുമായി കുന്നിറങ്ങും. നാടിയാനെ വേദനിപ്പിച്ചവരെയൊക്കെ തീയില്‍ തിളപ്പിക്കും.”

എന്നാല്‍ ഈ ആഗ്രഹചിന്തകള്‍ക്ക് നാടിയാനും കൂട്ടരും ഒന്നുമല്ലാത്ത ലോകത്ത് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല എന്ന് ജെ സി ബി കൈകളില്‍ നിരന്നുപോകുന്ന നാടിയാന്‍ കുന്നുതന്നെ സാക്ഷി പറയും.

ചെമ്പകമരത്തില്‍ വിശ്രമിച്ചിരുന്ന നാടിയാന്മാരുടെ പ്രേതങ്ങളൊക്കെയും വേവലാതിയോടെ മലയ്ക്കു മുകളില്‍ ഇരിക്കാനൊരിടം കിട്ടാതെ കറുത്ത ചിറകുകള്‍ വീശി പറന്നു നടക്കുന്നത് മൂപ്പന്‍ കണ്ണിന്റെ മൂടലിലൂടെ കണ്ടു”

ആഖ്യാനത്തിലേക്ക് മിത്തുവല്‍ക്കരണ ശൈലി സന്നിവേശിപ്പിക്കുന്ന രീതിയുടെ മറ്റൊരു മികച്ച മാതൃക റോസിയുടെ അന്ത്യത്തെ കുറിച്ച് പടരുന്ന കഥകളാണ്. നാടിക്കുന്നിന്റെ മുകളില്‍ ‘നിന്നങ്ങു കത്തുന്ന’ റോസിയുടെ അന്ത്യം സങ്കല്പ്പിക്കപ്പെട്ടിരുന്നത് ഇമ്മാനുവേലിന്റെ മനസ്സില്‍ മാത്രമല്ലമറിച്ച് അതാണ്‌ പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത് എന്നതിലും പുരാണങ്ങളിലേക്ക് ആ മരണം അങ്ങനെയാണ് പരകായം നടത്തുന്നത് എന്നതിലും അത് കാണാനാകും.

കാട്ടിലൂടെ നഗ്നരായിഎന്നാല്‍ നാണമറിയാതെകയ്യില്‍ അമ്പും വില്ലുമായി ‘ഒന്നിനെയുംഒരു ഇലയെ പോലും വേദനിപ്പിക്കാതെ’ നടന്നു നീങ്ങുന്നമലയും മരവും കയറികാട്ടരുവിയിലെ ജലവും കാട്ടുപഴങ്ങളും തിന്ന് ‘ആനകള്‍ക്കും കാട്ടുപോത്തുകള്‍ക്കും, ഭയം ഏതുമില്ലാതെ വിടര്‍ന്ന കണ്ണുകള്‍ ഉള്ള മാന്‍പേടകള്‍ക്കും അരികിലൂടെകാട്ടിലെ കാറ്റില്‍പെട്ട രണ്ട് അപ്പൂപ്പന്‍ താടികള്‍ പോലെ..’ ആദിമാതാവിനെയും പിതാവിനെയും അനുകരിക്കുന്ന ഇമ്മാനുവിന്റെയും തെയ്യാവിന്റെയും കൗമാരകാല സ്വപ്നദൃശ്യം ഇതോടു ചേര്‍ത്തു കാണാം. ഒടുവില്‍ശാപംകിട്ടിയ ജന്മത്തിന്റെ കടം തന്നോടുതന്നെ വീട്ടി തിരിച്ചു പോയ ഇമ്മാനുതനിക്കുവേണ്ടി ആത്മാവുകളുടെ മരത്തില്‍ കാത്തിരിപ്പുണ്ടായിരുന്നോ എന്ന മൂപ്പന്റെ ചോദ്യത്തിന് മുന്നില്‍ ‘തെയ്യാവിന്റെ കണ്ണില്‍ ഒരു മഴക്കാലം നിറയുന്നത്’ അയാള്‍ക്ക് കാണാനാകും.

ബിബ്ലിക്കല്‍ ഇമേജറിമാജിക്കല്‍ റിയലിസം

നോവലിന്റെ ആദ്യവാക്യത്തിലെ ‘മലമുകളില്‍ നിന്നു അപ്രത്യക്ഷനാകുക’ എന്ന സൂചനയില്‍ തുടങ്ങിവെക്കുന്ന സര്‍റിയല്‍ സാധ്യതകള്‍ വിശദമായി നിരീക്ഷിക്കപ്പെടുന്നത് അതേ ആദിയിലേക്ക് തിരികെയെത്തുന്ന നോവന്ത്യത്തിലാണ്. അവസാന നിമിഷം ഒപ്പമുണ്ടായിരുന്ന കപ്യാര്‍ക്കും അത് ദുരൂഹമാണ്.  ‘കനത്ത മഴയില്‍ മൂപ്പന്‍ അലിഞ്ഞലിഞ്ഞു പോവുകയായിരുന്നോആലിപ്പഴം പോലെ?’ പാലയിലിരിക്കുന്ന, വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ പേച്ചി മുത്തി കൊണ്ടുപോയോവെഞ്ചെരിപ്പിന് വിളിക്കാത്ത വിഷമത്തില്‍ ഇറങ്ങിപ്പോയി മുങ്ങിമരിച്ചോഎന്നാല്‍ നാടിയന്റെ വിശ്വസ്തരയിരുന്ന വെളുമ്പന്‍ നായയും കറുമ്പന്‍ പൂച്ചയും അപ്രത്യക്ഷരായതിനെ എങ്ങനെ വിശദീകരിക്കുംഅവര്‍ മൂപ്പനെ കൂട്ടാന്‍ വന്ന സ്വര്‍ഗ്ഗ ദൂതരായിരുന്നോഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ആഖ്യാനമാണ് നോവല്‍ എന്ന് പറയാം.

           ബിബ്ലിക്കല്‍ ഇമേജറിയുടെയും മാജിക്കല്‍ റിയലിസത്തിന്റെയും സമൃദ്ധമായ സങ്കരമുള്ള അതിവിചിത്രമായ ഒരു കുമ്പസാരവും പരകായങ്ങളുമാണ് നോവലന്ത്യത്തിലെ കുറെയേറെ ഭാഗങ്ങള്‍. വിഭ്രാമകതക്കും അവിശ്വസനീയതക്കും ഇടയിലെ ഒരു ദുരന്തത്തില്‍ സംഭവിക്കുന്ന തെയ്യാവിന്റെ അന്ത്യത്തിനു ശേഷമാണു നോവലിന്റെ ഭാവം ഏതാണ്ട് മുഴുവനായും ഇത്തരമൊരു വിചിത്ര ഗാംഭീര്യത്തിലേക്ക് ചുവടുമാറുന്നത്. ഒരു പ്രതികാര കഥയുടെ ആഗ്രഹപൂര്‍ത്തീകരണ ഭാവം ആര്‍ജ്ജിക്കുന്നതിലൂടെനോവലിസ്റ്റ് ഏറ്റവും പാര്‍ശ്വവല്‍കൃതതരായ മനുഷ്യരോട് ഭാവനാത്മകായി ഐക്യപ്പെടുകയാണ്. ജീവിച്ചിരിക്കെ ചെയ്ത കൊടുംക്രൂരതകള്‍ക്ക്/ അവഗണനകള്‍ക്ക് /നിരാസങ്ങള്‍ക്ക് അതിനുത്തരവാദികള്‍ ആയവരോട് അവര്‍ മരിച്ചുകഴിഞ്ഞെങ്കിലും പകരം വീട്ടണമെന്നും അതുവഴി മകള്‍ക്കും പേരക്കിടാവിനും വിശ്രാന്തി നല്‍കണമെന്നും തോന്നിച്ചതിനെ, അതിനുവേണ്ട സാഹചര്യങ്ങള്‍ എത്രയും സുഗമമായി ഒരുക്കിക്കൊടുത്തതിനെ ദൈവവിളി എന്നുതന്നെ നാടിയാന്‍ മൂപ്പന്‍ വിശദീകരിക്കുന്നത്ഒരര്‍ത്ഥത്തില്‍ ഒരു തിരിച്ചിടല്‍ തന്നെയാണ്. മറിയക്കു സംഭവിച്ചത് അയാക്ക് മറക്കാനാകില്ല. ദൈവവിളിയൊക്കെ ഉള്ളവന് പറഞ്ഞിട്ടുള്ളതാണ് എന്ന നാട്ടുനടപ്പിനെ തീക്ഷ്ണമായിഎന്നാല്‍ നിശ്ശബ്ദമായി നിഷേധിക്കുകയാണ് അയാള്‍. ഒരുവേള ഒരു പഴയ നിയമ പ്രവാചകന്റെ ഗരിമയിലേക്ക് മൂപ്പന്‍ ഉയരുന്നത് കപ്യാരെ സാക്ഷിനിര്‍ത്തിയാണ്: കപ്യാര്‍ തന്നെയാണ് അയാളുടെ കുമ്പസാരത്തിന്റെ കേള്‍വിക്കാരനും.

“ഒരു പാപം ഒരാളുടെ അടുത്തല്ല കുമ്പസാരിക്കേണ്ടത്. കൊറേ പേരടെ അടുത്തു പറയുമ്പോ ഒരാക്കെങ്കിലും അത് പാപല്ലാന്ന് തോന്നാതിരിക്കില്ല. അപ്പള് ആ പാപം പൊറക്കപ്പെടും”

ഈ നിലപാടില്‍ അച്ചനെക്കാള്‍ കപ്യാരാണ് അതിനു യോജിച്ച ശ്രോതാവ് എന്നു മൂപ്പന്‍ തീരുമാനിക്കുന്നത്അച്ചന്‍ അതുകേള്‍ക്കാന്‍ തയ്യാറില്ലാത്തത് കൊണ്ടായിരിക്കാം. എന്നാല്‍ കപ്യാരാകുമ്പോള്‍ അത് നാലാളറിയും എന്ന ആശ്വാസമുണ്ട് അയാള്‍ക്ക്. കുഴിമാടങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍അതുപയോഗിച്ചുതന്നെ തങ്ങളുടെ രഹസ്യപ്രതികാരം നിര്‍വ്വഹിക്കുക എന്ന ആശയം വിശ്വസനീയതയുടെ അതിരുകള്‍ ഇത്തിരി വലിച്ചു നീട്ടുന്നുണ്ടാവാം. എന്നാല്‍ആഖ്യാന ചാതുരിയുടെ ആശാനായ നോവലിസ്റ്റ് അതിവിദഗ്ധമായാണ് അത് കൈകാര്യം ചെയ്യുന്നത്. മലമുകളിലെ മഴയും നിലാവും ഇടിമിന്നലും മോശെയുടെ സീനായ് പര്‍വ്വത ദൈവപ്രത്യക്ഷ സമാനമായ പ്രാകൃത/പ്രകൃതി പശ്ചാത്തലമൊരുക്കുമ്പോള്‍ഏതുനിമിഷവും വീണുപോയേക്കാവുന്ന തളര്‍ച്ചയിലും കയ്യിലൊരു മരക്കമ്പുമായി കുന്നുകയറുന്ന മൂപ്പനെ കപ്യാര്‍ക്ക് പലപ്പോഴും കുരിശേന്തിയ മിശിഹായുടെ പ്രത്യക്ഷംപോലെ തോന്നിക്കുന്നുണ്ട്. മാറിമാറി ആ പ്രത്യക്ഷം തന്റെ രണ്ടു കുഞ്ഞുങ്ങളെ തോളിലേറ്റി മലവെള്ളത്തില്‍ നിന്ന് നീന്തിവരുന്ന മൂപ്പനായും പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയ ആദിമ മൂര്‍ത്തിയായും അനുഭവപ്പെടുന്നുമുണ്ട്. റോസിയെ മഗ്ദലന മറിയമായി കാണുന്ന സ്വാഭാവിക സങ്കല്‍പ്പവും ബിബ്ലിക്കല്‍ ബിംബകല്‍പ്പനകളുടെ തുടര്‍ച്ചയാണ്. പന്ത്രണ്ടു കൈക്കാര്‍ ചേര്‍ന്നു നാടിയാനെ പള്ളിയില്‍ അടക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതില്‍ അന്ത്യഅത്താഴത്തിന്റെ ധ്വനികളും കണ്ടെത്താനാവും. മൂപ്പന്റെ കുമ്പസാരത്തിന്റെ ഭാരത്തില്‍ പതറിപ്പോകുന്ന കപ്യാരുടെ വാക്കുകളില്‍ കുരിശില്‍ തറയുമ്പോഴത്തെ ക്രിസ്തുവിന്റെ വാക്കുകളുടെ മുഴക്കം കേള്‍ക്കാം: “ദൈവം ഈ കുരിശ് എന്തിനാണ് എന്നെ ഏല്‍പ്പിച്ചത്?” മൂന്നാം നാളിലെ ഉയിര്‍പ്പുപോലെ നിലാവില്‍ നാടിക്കുന്നില്‍ കണ്ട രൂപവും കപ്യാരെ തറച്ചുനിര്‍ത്തും.

പെണ്ണിന് അസാധ്യമായതും ചെയ്യാനാകുമെന്ന് തെളിയിക്കാനല്ലെങ്കിലും അതൊക്കെയും ചെയ്തു വിസ്മയിപ്പിച്ച തെയ്യാവിന്റെ അന്ത്യം നോവലിസ്റ്റിന്റെ കയ്യടക്കത്തിന്റെ ഉത്തമ നിദര്‍ശനമായി വായിക്കാം:

“ഒടുവില്‍ കാഴ്ച്ചക്കരാരുമില്ലാത്ത ഒരു ദിവസം ഒരു കമുകില്‍ നിന്നു മറ്റൊന്നിലേക്ക് പറക്കവേ ചിറകുകള്‍ തളര്‍ന്ന് തെയ്യാവ് താഴേക്കു പതിച്ചു. ഉയരത്തില്‍ പറക്കുന്നതിനിടയില്‍ ചിറകില്‍ വെടിയേറ്റ പക്ഷി താഴേക്കു പതിക്കുംപോലെയായിരുന്നു അത്.

താഴേക്കു പതിച്ച തെയ്യാവ് നിലം തൊട്ടില്ല. തെയ്യാവ് ഒരു പക്ഷി ചിറകു വിടര്‍ത്തി തങ്ങിനില്‍ക്കുംപോലെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു. ചിറകില്‍ മുള്ള് കൊരുത്ത ഒരു തുമ്പിയുടെ ചിറകടിപോലെ അവള്‍ വിറക്കുന്നുണ്ടായിരുന്നു.”

ജന്മത്തിന്റെ കൂടു വെടിഞ്ഞിട്ടും മൂപ്പന് കൂട്ടും സാന്ത്വനവുമായി എത്തുന്ന തെയ്യാവുമായുള്ള സംവാദമായുംപിന്നീട് കപ്യാരോടുള്ള കുമ്പസാരത്തിന്റെ രൂപത്തിലുമാണ് നോവലിന്റെ ഘടനാപരമായ വിടവുകള്‍ നികത്തപ്പെടുന്നതുംആദിമധ്യാന്തപ്പൊരുത്തത്തിലേക്ക് ഇതിവൃത്തം എത്തിച്ചേരുന്നതും.

ചടുലമായ ആഖ്യാനം എന്ന് മാത്രമല്ലകുറിക്കു കൊള്ളുന്ന സൂക്ഷ്മ നിരീക്ഷണങ്ങളും കൊണ്ട് നിബിഡമാണ് നോവല്‍ ഗാത്രം എന്നതാണ് വായനയെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നായി ഈ ലേഖകന് അനുഭവപ്പെട്ടത്. അപ്പടി ഉദ്ധരിക്കാന്‍ തോന്നുന്ന ഒരു ഡസന്‍ നിരീക്ഷണങ്ങളെങ്കിലും സ്വയം മുന്നോട്ടായുന്നുണ്ട് വായനാന്ത്യത്തില്‍. ചിലതുമാത്രം മാതൃകക്കായി ഇവിടെ കുറിക്കാം:

‘വാക്കും വചനവുമായി ഒരു വേശ്യയില്‍ ദൈവം നല്ലവണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.’

‘ജീവിതത്തിന്റെ പുറമ്പോക്കില്‍ പെട്ടുപോകുന്നവര്‍ക്ക് വാക്കുകള്‍ മാത്രമേ ആയുധമായിട്ടുള്ളൂ.’

‘ബാര്‍ബറ്വേശ്യആശാരിവെളുത്തേടന്‍കൊല്ലന്‍ ഇവര്‍ക്കൊക്കെ എവിടുന്നാ വിവരം കിട്ടുന്നേന്ന് ആരും തെരക്കണ്ടാന്നാ ശാസ്ത്രം. നാടറിയണ്ട വാര്‍ത്തയാണേ അവരെ തേടി വരും.’

‘എല്ലാവര്‍ക്കും ഒണ്ടാക്കാവുന്ന ഒരു സാധനേ ഈ ഭൂമീലൊള്ളൂ. അതാ ദൈവം.’

‘പ്രാര്‍ഥനയും ദൈവവും പെട്ടെന്ന് പടര്‍ന്നു പിടിക്കും.’

‘ദൈവമുണ്ടാക്കാത്ത രണ്ടു വാക്കുകളാണ് പാപവും പുണ്യവും. ആ വാക്കുകള്‍ ഉണ്ടാക്കിയത് മനുഷ്യരാണ്.”

“മനുഷ്യ ശരീരത്തില് പഠിക്കാന്‍ എളുപ്പം ചത്തു കഴിയുമ്പോഴാ.”

 

കൂടുതല്‍ വായനക്ക്:

കുഞ്ഞന്നയുടെ ജീവചരിത്രം – കെ.ആര്‍. വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/kunjannayude-jeevacharithram-by-kr.html

 ദേശത്തിന്റെ ജാതകം കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

Friday, July 5, 2024

Celestial Bodies by Jokha Alharthi

ചരിത്രം വേട്ടയാടുന്ന വംശവൃക്ഷങ്ങള്‍



(ഒമാനി നോവലിസ്റ്റ് ജോഖ അല്‍ ഹാരിദിയുടെ നോവല്‍ ‘സെലെസ്റ്റിയല്‍ ബോഡീസ്’, ദേശത്തിന്‍റെ ഇരുണ്ട ചരിത്രവഴികളെ പിന്തുടരുകയും ഒപ്പം അടഞ്ഞ സമൂഹത്തിലെ സ്ത്രീജീവിതത്തിന്‍റെ വീര്‍പ്പുമുട്ടലുകള്‍ കാല്‍പ്പനികവല്‍ക്കരണം കൂടാതെ ആവിഷ്കരിക്കുകയും ചെയ്യുന്ന,പാത്രവൈവിധ്യത്തില്‍ ടോള്‍സ്റ്റോയിയന്‍ മാനങ്ങളുള്ള, അറബ് ലോകത്തേക്ക് ബുക്കര്‍ പുരസ്കാരം ആദ്യമായി എത്തിച്ച കൃതിയാണ്.)

വന്‍തോതിലുള്ള എണ്ണശേഖരത്തിന്‍റെ കണ്ടെത്തലോടെ അതിദ്രുതം സാമ്പത്തിക വളര്‍ച്ചയിലേക്കും നഗരവല്‍ക്കരണത്തിലേക്കും കുതിച്ച ചരിത്രമാണ് പേര്‍ഷ്യന്‍ ഗള്‍ഫ്‌ മേഖലയില്‍ സൗദി അറേബ്യയും ഇറാനും യമനും അതിരിടുന്ന, ആറു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒമാനെന്ന മരുഭൂ ദേശത്തിന്റേത്. ഒപ്പം അടിമക്കച്ചവടത്തിന്‍റെ അത്യന്തം നിന്ദ്യമായ ചരിത്രവുംലോകത്ത് ഏറ്റവും ഒടുവില്‍, 1962-ല്‍ മാത്രംആ നീച വിനിമയം നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ഒമാനിനുണ്ട്. ഇസ്ലാമികമായ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങളില്‍ ജീവിതത്തില്‍ തന്നെ അടക്കപ്പെടുന്ന പെണ്‍സഹനത്തിന്‍റെ അനുഭവവും, മിഡില്‍ ഈസ്റ്റ്ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലെ മറ്റു പല ദേശങ്ങളിലും എന്ന പോലെ ഒമാനിന്‍റെയും ഭാഗധേയമാണ്. ആധുനിക കാലത്ത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സ്ത്രീ ജീവിതത്ത സംബന്ധിക്കുന്ന മൌലികവാദ കാഴ്ചപ്പാടുകളില്‍ വിള്ളല്‍ വീഴ്ത്തിത്തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പല ദേശങ്ങളില്‍ നിന്നും എന്ന പോലെ ഒമാനില്‍ നിന്നും കണ്ടുതുടങ്ങുന്നുണ്ട്. 

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് നല്ല ചുറ്റുപാടുകള്‍ ഉള്ള അവിവാഹിതനായ ഒരു ചെറുപ്പക്കാരന്‍ ഒരു ഭാര്യയെ തിരയുകയാവുമെന്നത്’ എന്ന ജെയ്ന്‍ ഓസ്റ്റിന്‍റെ വിഖ്യാത നോവല്‍ത്തുടക്കം (Pride and Prejudice) വിക്റ്റോറിയന്‍ അലസസമ്പന്ന ജീവിതത്തിന്‍റെ ഗാര്‍ഹിക ഉത്കണ്ഠകളുടെ ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചുവെന്ന് പറയാറുണ്ട്‌. മാറുന്ന കാലത്തിനും സാമൂഹ്യ ഗതിവിഗതികള്‍ക്കും സാക്ഷിയും ഇടപെടല്‍ ശക്തിയും ആയിത്തീരുന്ന സമ്പന്നവും സമൂഹത്തില്‍ പ്രമുഖ സ്ഥാനമുള്ളതുമായ തറവാട്ടിലെ മൂന്നു സഹോദരിമാര്‍ അടങ്ങുന്ന പെണ്‍ ലോകത്തെയാണ് അല്‍ഹാരിദിയുടെ  നോവല്‍ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തുന്നിക്കൊണ്ടിരിക്കുന്ന മയ്യപുസ്തകപ്പുഴുവായ അനിയത്തി അസ്മസുന്ദരിയായ ഖൌല എന്നിവര്‍ക്ക് ഭര്‍ത്താക്കന്മാരെ കണ്ടെത്തുക ഉമ്മ സലീമക്കും പിതാവ് അസാനിനും പ്രയാസമാകേണ്ടതല്ല. എന്നാല്‍ഒരു വിക്റ്റോറിയന്‍ ‘ഹാര്‍ഹിക നാടകത്തില്‍ (domestic comedy) നിന്ന് ഭിന്നമായി കല്യാണാലോചനയൊന്നും ഇവിടെ നോവലിന്‍റെ പ്രധാന വിഷയമല്ല. മറിച്ച് മൂന്നു സഹോദരിമാര്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥകള്‍കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രമേയങ്ങളിലേക്ക് കടക്കാനുള്ള തൊടുത്തുവിടല്‍ ബിന്ദുക്കള്‍ മാത്രമാണ്. അത് തലമുറകളിലൂടെമരുഭൂമിയും കടന്ന്തീരദേശത്തെക്കും മസ്കറ്റ് എന്ന തലസ്ഥാനത്തേക്കും വ്യാപിക്കുന്ന ദേശകഥയായി പരിണമിക്കുകയും ഒപ്പം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതസന്ധികളെ വിടാതെ പിന്തുടരുകയുംചെയ്യുന്നു. ഒമാനിലെ അല്‍ അവാഫി എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ തങ്ങളുടെ അടഞ്ഞ ഗാര്‍ഹികലോകത്തില്‍ കഴിയുന്ന സഹോദരിമാരില്‍ മൂത്തവളായ മയ്യഒരു ബന്ധത്തിന്‍റെ തകര്‍ച്ചക്ക് ശേഷം അബ്ദുല്ലയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്കതില്‍ പ്രണയത്തിന്‍റെ അതീതസങ്കല്പങ്ങള്‍ ഒന്നുമില്ല. അസ്മയാകട്ടെകുടുംബത്തോടുള്ള കടമ എന്നേ ഖാലിദുമായുള്ള വിവാഹത്തെ കാണുന്നുള്ളൂ. കുറേകൂടി സ്വതന്ത്രബുദ്ധിയായ ഖൌലകാനഡയിലേക്കുപോയ നസീറിനെ കാത്തിരിക്കുകയും വരുന്ന ആലോചനകളൊക്കെ കൊടിയ പീഡനം സഹിച്ചും നിരാകരിക്കുകയും ചെയ്യുന്നു.   

പശ്ചാത്തലത്തിന്‍റെ പ്രസക്തി

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ മുതല്‍ പുതിയ നൂറ്റാണ്ടിന്റ ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലഘട്ടത്തിലൂടെ ദ്രുതഗതിയില്‍ പരിണമിച്ചുവന്ന ഒമാനി സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രനോവലിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പറയപ്പെടുന്ന കുടുംബകഥയും സ്ത്രീജീവിതത്തിന്‍റെ അനുഭവാഖ്യാനവുമാണ് ‘അഭൗമ ഗാത്രങ്ങള്‍’. എന്നാല്‍പാരമ്പര്യത്തില്‍നിന്ന് ആധുനികതയിലേക്ക്പ്രാദേശികതയില്‍നിന്ന് ആഗോളീയതയിലേക്ക് തുടങ്ങിയ കാല്‍പ്പനികവല്‍കൃത പോസ്റ്റ്കൊളോണിയല്‍ ചരിത്രാഖ്യായികാ രീതിയിലേക്ക് നോവല്‍ ശ്രദ്ധയൂന്നുന്നില്ല. ലിങ്ക്സ് കേലി നിരീക്ഷിക്കുന്നത് പോലെ (Marcia Lynx Qualey: www.thenational.ae)കാല്‍പ്പനികസമീപനങ്ങളോടും ശുഭാന്ത്യങ്ങളോടുമുള്ള നോവലിന്‍റെ സമീപനം പരിഹാസപൂര്‍ണ്ണമാണ്. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ഭര്‍ത്താവിന്‍റെ പ്രണയാര്‍ദ്രമായ ചോദ്യത്തെ ഇഷ്ടാനിഷ്ടങ്ങളുടെ തെരഞ്ഞെടുപ്പ് കേട്ടുകേള്‍വി പോലുമല്ലാത്ത സമൂഹത്തിലെ സ്ത്രീയെന്ന നിലയില്‍ ‘ഇജിപ്ത്യന്‍ സിനിമകള്‍ കണ്ടമാനം കണ്ടതിന്‍റെ അസ്ക്യതയായി ഭാര്യ മുഖം തിരിക്കുന്നത് അതുകൊണ്ടാണ്. പുസ്തകം ശുഭാന്ത്യങ്ങളിലേക്ക് ഒരു ഘട്ടത്തിലും മുന്നേറുന്നതേയില്ല, പകരം അത് ഭൂതകാലത്തെയും വര്‍ത്തമാനത്തെയും നിരന്തരം പുനര്‍ വിശകലനം ചെയ്യുകയും അനിവാര്യമായ ദുരന്തങ്ങളെ ന്യൂനോക്തിയില്‍ സൂചിപ്പിച്ചു വെക്കുകയും മാത്രം ചെയ്യുന്നു. 

വിവാഹം മൂലം പരസ്പരം ബന്ധപ്പെടുന്ന രണ്ടു ഒമാനി കുടുംബങ്ങളുടെയും അവരുടെ ജീവിതങ്ങളില്‍ കെട്ടുപിണയുന്ന കുറെയേറെ കഥാപാത്രങ്ങളുടെയും കഥഅവരുടെയും ഒപ്പം ദേശത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെയും ആധുനികവല്‍ക്കരണത്തിന്‍റെയും ഉള്ളറകളിലേക്ക് കടക്കുകയാണ്. അറുപതു ചെറിയ അധ്യായങ്ങളിലായി നടത്തപ്പെടുന്ന ആഖ്യാനം കാലത്തിനു നെടുകെയും കുറുകെയും മുന്നോട്ടും പിന്നോട്ടും പോവുന്നു. ഏതാനും പേജുകള്‍ക്കുള്ളില്‍ ജിന്നിനെ പ്രീതിപ്പെടുത്തുന്ന പാരമ്പര്യക്രിയകള്‍ക്കും അല്‍ അവാഫിയിലെ ബദൂയിന്‍ കുടിലുകളിലെ ജീവിതങ്ങള്‍ക്കും ആധുനിക മസ്കറ്റിലെ ലക്ഷുറി മാളുകളിലെ ‘ഫാഷനബിള്‍’ ജീവിതത്തിനും നാം സാക്ഷിയാകുന്നു. അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആഖ്യാതാവിന്‍റെ തൃതീയവ്യക്തിക (third person) വീക്ഷണത്തിലും ഇടയ്ക്കിടെ അബ്ദുല്ലയെന്ന കഥാപാത്രത്തിന്‍റെ പ്രഥമവ്യക്തിക (first person) വീക്ഷണത്തിലും ആണ് ആവിഷ്കാരം നടത്തപ്പെടുന്നത്. നോവലാരംഭത്തില്‍ നല്‍കിയിട്ടുള്ള വംശവൃക്ഷത്തിന്‍റെ സഹായം വായനക്ക് അനിവാര്യവുമാണ്‌.

കുടുംബ വൃക്ഷത്തിലെ വിഷവിത്തുകള്‍

അബ്ദുള്ളയുടെ കഥ നോവലിലെ ഒരു ധാരയെ നയിക്കുകയും രണ്ടാം ഇതിവൃത്ത ധാരയുമായി അതിനെ കണ്ണി ചേര്‍ക്കുകയും ചെയ്യുന്നു. വര്‍ത്തമാന കാലത്തില്‍ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനയാത്രാ മധ്യേ അയാള്‍ക്കുണ്ടാകുന്ന ചകിത സ്വപ്നങ്ങളുടെയും ചിതറിയ ചിന്തകളുടെയും രൂപത്തില്‍ അത് തുടങ്ങുന്നു. “എനിക്കോര്‍മ്മയില്ല... എനിക്കതെല്ലാം കൂടി കൂട്ടിച്ചേര്‍ക്കാനാവുന്നില്ലസംഭവിച്ച ഈ കാര്യങ്ങളെല്ലാം.” ഇടയ്ക്കിടെ അയാളെ അസ്വസ്ഥനാക്കുന്ന സ്വപ്നം ഇപ്പോഴും അയാളെ വേട്ടയാടുന്നു: “അബ്ദുള്ളവ്യാപാരി സുലൈമാന്‍റെ മകന്‍ഏതാനും നിമിഷം മയങ്ങിപ്പോവുന്നു. കണ്ണുതുറക്കുമ്പോഴും അയാള്‍ തന്‍റെ ഉറക്കത്തില്‍ പാതി തന്നോടുതന്നെ സംസാരിക്കുകയാണ്. എന്നെ തലകീഴായി കിണറില്‍ കെട്ടിത്തൂക്കല്ലേഅരുതേ. പ്ലീസ്അരുതേ! അരുതേ!” അയാളുടെ സ്വപ്നങ്ങളില്‍ കര്‍ക്കശക്കാരനായിരുന്ന പിതാവ് നടത്തിയിരുന്ന ക്രൂരമായ ശിക്ഷാമുറയുടെ ഓര്‍മ്മയാണ്. റിയല്‍ എസ്റ്റേറ്റ്സ്റ്റോക്ക് മാര്‍ക്കറ്റ് രംഗങ്ങളില്‍ ജയപരാജയങ്ങള്‍ നേരിടുന്ന അബ്ദുള്ള പരമ്പരാഗതമായി വ്യാപാരി കുടുംബത്തിലെ അംഗമാണ്. ആ ഇടപാടുകളെല്ലാം ഇരുണ്ട വഴികളുടെതായിരുന്നു എന്നിടത്താണ് ഒമാനിന്‍റെ കറുത്ത ഭൂതകാലം നോവലില്‍ ആദ്യം ആവേശിക്കുന്നത്:

1980-കളില്‍ ഒമാനി കാരക്ക വ്യാപാരത്തില്‍ സംഭവിച്ച വലിയ ഇടിവ് ഹിലാല്‍ എന്നുപേരായ ഒരു യുവവ്യാപാരിയെ കച്ചവടത്തില്‍ താനിതുവരെ നേടിയെടുത്ത മുഴുവന്‍ അനുഭവങ്ങളുടെയും ഗുണം ലഭിക്കാന്‍ പര്യാപ്തമായ പുതിയ ലാഭമാര്‍ഗ്ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചു. കൂര്‍മ്മബുദ്ധിയായ ഹിലാല്‍ അതിവേഗം തിരിച്ചറിഞ്ഞു ആയുധക്കച്ചവടമാണ് ഏറ്റവും ബുദ്ധിപരമായ വഴിയെന്ന്...

“സുലൈമാനാണ് എല്ലാത്തിനും അനന്തരവകാശിയായത്: പിതാവിന്‍റെ വ്യപാരക്കണ്ണിന്കാഞ്ഞ ബുദ്ധിക്ക്നീണ്ടുയര്‍ന്ന ആകാരത്തിന്തികഞ്ഞ ഗൌരവ ഭാവത്തിന്പ്ലാസ്റ്ററില്‍ പണിത പടുകൂറ്റന്‍ വീടിന്- ഒപ്പം അയാളുടെ ചകിത സ്വഭാവത്തിനും വ്യാപാരിയെന്ന പേരിനും. എന്നാല്‍ സുലൈമാന്‍ ആയുധവ്യാപരമല്ല നടത്തിയത്. പുറമേക്ക് കാരക്കയായിരുന്നു അയാളുടെ തൊഴില്‍ ദിനങ്ങളെ നിറച്ചത്യഥാര്‍ഥത്തില്‍ അടിമക്കച്ചവടത്തില്‍ നിന്നാണ് അയാളുടെ ലാഭം എത്തിയതെങ്കിലും”

അറുപതുകളില്‍ നിരോധിക്കപ്പെടുംവരെ അബ്ദുള്ളയുടെ പിതാവിന്‍റെ ഇടപാട് അടിമക്കച്ചവടമായിരുന്നു.

അബ്ദുള്ളയുടെ ജനനത്തിനുശേഷം അധികം വൈകാതെ ദുരൂഹസാഹചര്യത്തില്‍ അയാളുടെ ഉമ്മ മരിക്കുന്നത് അയാളെ സരീഫയുടെ ശിക്ഷണത്തിലാക്കി. പിതാവിന്‍റെ അടിമസ്ത്രീയും ഉമ്മയുമായുള്ള വിവാഹത്തിനും മുമ്പുതന്നെ അദ്ദേഹത്തിന്‍റെ രഹസ്യക്കാരിയും ആയിരുന്നു സരിഫ. മറ്റൊരു അടിമക്ക് വിവാഹം ചെയ്തു കൊടുത്തെങ്കിലും അയാള്‍ ഓടിപ്പോയതിനുശേഷം ഇപ്പോള്‍ കുടുംബത്തില്‍ ദാസിയായി കഴിയുന്ന സരീഫയോട് മത്രുതുല്യമായ അടുപ്പമുണ്ടായിരുന്നു അബ്ദുള്ളക്ക്. പിതാവുമായുണ്ടായിരുന്ന കടുത്ത അസ്വാരസ്യങ്ങള്‍ഉമ്മയുടെ മരണത്തിലെ ദുരൂഹത എന്നിവയെപ്പോലെ താന്‍ സ്ഥലത്തില്ലാത്ത സമയത്ത് സംഭവിച്ച സരീഫയുടെ അടക്കത്തെ കുറിച്ചുള്ള കുറ്റബോധവും മറ്റൊരു ദുസ്വപ്നമായി അയാളെ വേട്ടയാടും:

“ആശുപത്രിയില്‍വെച്ചു മരിച്ചതിനു ശേഷമുള്ള പിതാവിന്‍റെ അടക്കത്തില്‍ ഞാന്‍ പങ്കെടുത്തു. അമ്മാവന്‍ ഹൃദയസ്തംഭനം മൂലം മരിച്ചപ്പോള്‍, സൈദ്‌ മുങ്ങിമരിച്ചപ്പോള്‍മനീന്‍ വെടികൊണ്ട് കൊല്ലപ്പെട്ടപ്പോള്‍ഹഫീസ എയിഡ്സ് കൊണ്ടു മരിച്ചപ്പോഴും മര്‍വാന്‍ പിതാവിന്‍റെ കത്തികൊണ്ട് ആത്മഹത്യ ചെയ്തപ്പോഴും ഞാന്‍ അവരുടെ അടക്കങ്ങളില്‍ പങ്കെടുത്തുഅതുപോലെ ഞാനെന്‍റെ സുഹൃത്തുക്കളുടെ പിതാക്കന്മാരുടെയും ഉമ്മമാരുടെയും അടക്കങ്ങളില്‍ പങ്കെടുത്തുപക്ഷെ ഞാന്‍ സരീഫയുടെതില്‍ പോയില്ല. ലളിതമായ കാരണംആരുമെന്നോട്‌ പറഞ്ഞില്ല. ഞാനറിയാതെ അവര്‍ രോഗിയായിഅങ്ങനെ അവര്‍ മരിച്ചുഅടക്കപ്പെട്ടുഒന്നും ഞാനറിഞ്ഞില്ല.”

സഹോദരിമാരുടെ കഥ:   

“ദൈവമേഞങ്ങള്‍ റിയാദിലെ പെണ്‍ കുട്ടികള്‍ക്ക് പലതും  നിഷിദ്ധമാണ്. പ്രണയമെന്ന അനുഗ്രഹം കൂടി ഞങ്ങള്‍ക്ക് നിഷേധിക്കല്ലേ” എന്നു പ്രാര്‍ഥിക്കുന്നുണ്ട് റജാ അല്‍ സനിഅയുടെ ‘റിയാദിലെ പെണ്‍കുട്ടികള്‍’ എന്ന നോവലിലെ ഒരു കഥാപാത്രം. പ്രണയം തടവില്‍നിന്നുള്ള മോചനമായി കാണുന്ന സാഹചര്യമാണത്. പ്രണയത്തെകുറിച്ച് അത്ര വിമോചകമായ ഒരു സങ്കല്‍പ്പമല്ല ‘അഭൌമ ഗാത്രങ്ങ’ളില്‍ വായിച്ചെടുക്കാവുന്നത്. അടഞ്ഞ മുറിയും അതിരിടുന്ന ഗൃഹാന്തരീക്ഷവുമെന്ന പെണ്‍ജീവിത സാഹചര്യത്തില്‍നിന്ന് ലോകോന്മുഖമായ സ്വത്വബോധനിര്‍മ്മിതിയാണ്‌ സ്ത്രീവിമോചനത്തിന്‍റെ പ്രാഗ്രൂപം. ജോഖ അല്‍ ഹാര്‍തിയുടെ നോവലില്‍  നിര്‍ണ്ണായകമാകുന്ന രണ്ടാമത് കുടുംബത്തില്‍ മൂത്ത ആണ്‍മക്കള്‍ കുഞ്ഞിലേ മരിച്ചതിനെ തുടര്‍ന്ന് ബാക്കിയാവുന്നവരാണ് മയ്യഅസ്മഖൌല സഹോദരിമാര്‍.

“തളത്തിന്‍റെ അങ്ങേയറ്റത്ത് ഒരു മുറി എന്നുവെച്ചാല്‍അസ്മക്ക് അവളുടെ പുസ്തകങ്ങളുമായി അവളിഷ്ടപ്പെട്ട രീതിയില്‍ തനിച്ചാവാംഖൌലക്ക് അവളിഷ്ടപ്പെട്ട വിധത്തില്‍ അവളുടെ കണ്ണാടിയുമായും. മയ്യയുടെ കാര്യമാണെങ്കില്‍, സാധാരണ അവള്‍ തന്‍റെ തുന്നല്‍പ്പണി സിറ്റിംഗ് റൂമില്‍ ഇരുന്നാണ് ചെയ്യുകഅവിടെ വേറെ സ്ത്രീകളെകൊണ്ട് നിറഞ്ഞ് ഉമ്മ അവളോട്‌ പോകാന്‍ സൂചന നല്‍കുമ്പോള്‍ ഒഴികെ. അപ്പോള്‍ അവള്‍ പെണ്‍കുട്ടികളുടെ മുറിയിലേക്ക് പോകണം.”

തുന്നലിലൊഴികെ മറ്റൊന്നിലും താല്പര്യമില്ല എന്നുതോന്നിക്കുമ്പോഴും ഒരു നഷ്ടപ്രണയത്തിന്‍റെ മൂകസ്മൃതിയുണ്ട് അവളില്‍. അതുകൊണ്ട് അബ്ദുള്ളയുടെ അപ്രതീക്ഷിത വിവാഹാഭ്യര്‍ത്ഥനയില്‍ അവള്‍ക്കോ, അവളുടെ തണുപ്പന്‍പ്രകൃതം അറിയാവുന്ന സലിമക്കോ ആവേശമില്ല.

 “പ്രണയം എന്നകാര്യത്തെകുറിച്ച് അവളുടെ ഉമ്മ വിശേഷാല്‍ ആലോചിച്ചിരുന്നില്ല, കാരണം വിളറിയ, നിശ്ചലമൂകജീവിയായ മയ്യ ഈ ഭൗതികലോകത്ത് തന്‍റെ നൂലുകളെയും തുണിത്തരങ്ങളുടെ മുന്താണിയെയും കുറിച്ചല്ലാതെ ചിന്തിക്കുമെന്ന് അവര്‍ കരുതിയില്ലഅല്ലെങ്കില്‍ തുന്നല്‍ മെഷിനിന്‍റെ സ്വരമല്ലാതെ എന്തെങ്കിലും കേള്‍ക്കുമെന്നും.”

പഠനത്തിനുപോയ ലണ്ടനില്‍നിന്ന് വെറുംകൈയ്യോടെ തിരികെയെത്തിയ അലി ബിന്‍ ഖല്ലാഫ് പക്ഷെ അവളുടെ കണ്ണിനു എല്ലാംതികഞ്ഞവായിരുന്നു:

“അയാള്‍ക്കൊരു ഡിപ്ലോമ ഇല്ലായിരുന്നു എന്നത് മയ്യക്ക് പ്രശ്നമായിരുന്നില്ല: അയാളെ കണ്ടത് തന്നെ അവളില്‍ വൈദ്യുതിപോലെ ജ്വലിച്ചു.”

മാതാപിതാക്കളെ അനുസരിച്ചു നടത്തിയ വിവാഹത്തില്‍ ഒരു തണുത്ത ചുമലിനപ്പുറം അബ്ദുള്ളക്ക് കൊടുക്കാന്‍ അവള്‍ക്കു ഒന്നുമുണ്ടായിരുന്നില്ല. ദുരൂഹമായ ആരാഗ്രഹ പൂര്‍ത്തീകരണമായി ആദ്യം ജനിക്കുന്ന കുഞ്ഞിനു ലണ്ടന്‍ എന്ന് വിചിത്ര നാമധേയം നല്‍കിയത് അവളുടെ തീരുമാനം മാത്രമായിരുന്നു. നോവലന്ത്യത്തില്‍1981-ല്‍ പിറന്ന ലണ്ടന്‍ എന്ന ഇരുപതുകടന്ന യുവതി പ്രണയഭംഗം സംഭവിച്ച ഒരു ജീവിതത്തില്‍ നിന്ന് വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പിലാണ്; അത് മയ്യ ഒരിക്കലും സമ്മതം നല്‍കിയിട്ടില്ലാത്ത ഒരു ബന്ധവും ആയിരുന്നു.

അസ്മപിതാവ് അസാനിന്‍റെ സാഹിത്യപ്രേമം കിട്ടിയവളാണ്. നോവലിലെ കാവ്യസ്മൃതികളില്‍ ഏറ്റവും തീവ്രമായ ഒന്നാണ് അസാന്‍ തന്‍റെ നഷ്ടപ്രണയമായിരുന്ന ‘ചന്ദ്രികയെന്നു പ്രണയപൂര്‍വ്വം അയാള്‍ വിളിച്ചിരുന്ന ബദവിസുന്ദരി നാജിയയെ ലൈലാമജ്നു കാവ്യത്തിലെ വരികളില്‍ വിശേഷിപ്പിക്കുന്നത്. അസ്മക്ക് പക്ഷെ പ്രണയം എന്ന ആശയത്തോടുള്ള പ്രണയമല്ലാതെ സ്വന്തമായി ഒരു പ്രണയാനുഭവമില്ല. ദൈവം ഓരോ ആത്മാവിനെയും ഗോളാകൃതിയില്‍ സൃഷ്ടിച്ചുവെന്നും പിന്നീട് അവയെ രണ്ടായി വിഭജിച്ചുവെന്നും ഓരോ മനുഷ്യശരീരത്തിലും ഓരോ പാതി നിക്ഷേപിച്ചുവെന്നും തന്‍റെ മറുപാതിയെ കണ്ടെത്തുന്നതാണ് പ്രണയാനുഭവം എന്നും വായിക്കുമ്പോള്‍ അവള്‍ തിരിച്ചറിയുന്നുണ്ട് ഖാലിദുമായി  അത് സാധ്യമല്ലെന്ന്. തന്‍റെ കലയെമാത്രം സ്നേഹിച്ച ഖാലിദ് അവള്‍ക്ക് അന്യനായിരുന്നു.

“ഖാലിദ് സ്വയം ഒരു ആകാശ ഭ്രമണപഥത്തിന്‍റെ സമാനമായിരുന്നുസ്വയം പൂര്‍ണ്ണംഅതിന്‍റെ മുന്‍നിശ്ചിത ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നത്.”

സഹോദരിമാരില്‍ പൊങ്ങച്ചക്കാരിയും സ്വന്തം സൌന്ദര്യത്തിന്‍റെ ആത്മരതിയില്‍ മുഴുകിയവളുമായ ഖൌല അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ച് പിതാവിന്‍റെ സമ്മതം നേടിയെടുത്തു നടത്തുന്ന തെരഞ്ഞെടുപ്പ് കാപട്യക്കാരനായ നാസിറിന്‍റെ കനേഡിയന്‍ ബന്ധം ഉണ്ടാക്കുന്ന കയ്പ്പില്‍ തകര്‍ന്നുപോകുകയും ചെയ്യും.

ചരിത്രത്തിന്‍റെ നീരാളിപ്പിടുത്തം

നോവലിലെ ഓരോ കഥാപാത്രവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചരിത്രത്തില്‍ പെട്ടുപോയവര്‍ കൂടിയാണ്. 1920 സീബ് ഉടമ്പടിയെന്നറിയപ്പെട്ട, മസ്കറ്റ് സുല്‍ത്താനും ഒമാന്‍ ഇമാമും തമ്മില്‍ ഏര്‍പ്പെട്ട സന്ധിയും അതിന്‍റെ പരിണതികളും കഥയുടെ പുരോഭാഗത്തെ സാമൂഹികപശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ്. ഈ ഉടമ്പടി ഫലത്തില്‍ ദേശത്തെ രണ്ടായി വിഭജിച്ചു: സെക്കുലര്‍കോസ്മോപോളിറ്റന്‍, ബ്രിട്ടീഷ് അനുകൂല നിലപാടുകളുള്ള മസ്കറ്റ് പാരമ്പര്യവുംഉള്‍പ്രദേശങ്ങളില്‍ മേധാവിത്തം സ്ഥാപിച്ചപ്രവാചകന്‍റെ മരണംകഴിഞ്ഞു രണ്ടുപതിറ്റാണ്ടുകള്‍ക്കകം രൂപമെടുത്ത ഇബാദി പ്രസ്ഥാനത്തിന്‍റെ മൌലികവാദ കാര്‍ക്കശ്യങ്ങള്‍ ഉള്ള ഗോത്രസംസ്കാരത്തില്‍ അധിഷ്ടിതമായ ഇമാം ഭരണവും എന്നിവയായിരുന്നു അത്. ‘നാടുവിട്ട ഇസ്സ’ എന്ന കഥാപാത്രത്തിന്‍റെ ജീവിതം അടയാളപ്പെടുത്തുന്നതുപോലെഈ സംഘര്‍ഷം അമ്പതുകളില്‍ വന്‍തോതിലുള്ള പാലായനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വഴിവെച്ചു; എഴുപതുകളില്‍ പുതിയ ഒമാനിസര്‍ക്കാര്‍ അധികാരത്തില്‍ വരികയും നാടുവിട്ടു പോയിരുന്നവരെ തിരികെ പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നതുവരെ അത് തുടര്‍ന്നുവെന്നും ഒമാനിചരിത്രം രേഖപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ തിരികെവരാന്‍ വിസമ്മതിക്കുമ്പോഴും ഇസ്സയുടെ ഹൃദയത്തെ സ്വദേശത്തെകുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ മഥിക്കുന്നുണ്ട്. സഹോദരിമാരിലെത്തുമ്പോള്‍അവര്‍ ചരിത്രത്തിന്‍റെ വേട്ടക്കപ്പുറം സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ ഇടം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുന്നില്ല. മയ്യ മകള്‍ക്ക് ലണ്ടന്‍ എന്ന പേര് നല്‍കുന്നത് ദേശപ്പതിവുകള്‍ക്ക് നിരക്കുന്നതല്ല. എന്നാല്‍ അത് വലിയ സ്വാതന്ത്ര്യമായി അനുഭവിക്കാന്‍ മകള്‍ക്ക് കഴിയുന്നുമില്ല.

“എന്തുകൊണ്ടാണ് ലണ്ടന്‍റെ കൈകള്‍ (ചരിത്രത്തിന്‍റെ) താളിന്‍റെ ഭാരത്തില്‍ ചതച്ചരക്കപ്പെടാന്‍ അനുവദിച്ചുകൊണ്ട് ഇടത്തില്‍ മരവിച്ചു പോയത്അവള്‍ക്കത് മറിക്കാന്‍ കഴിയാതാവും വരെ?

ഖൌല ഏറെക്കാലം സംതൃപ്തയായി കഴിഞ്ഞും ഭര്‍ത്താവിന്‍റെ ഇരട്ട ജീവിതത്തിന്‍റെ ഇരുണ്ട രഹസ്യത്തിനുമുന്നില്‍ മധ്യവയസ്സില്‍ തന്‍റെ അസ്ഥിത്വം സ്ഥാപിക്കാന്‍ വൃഥാ ശ്രമിക്കുന്നു. ബൌദ്ധികജിവിതം സ്വന്തമായ അസ്മയുടെ ജീവിതംപോലും കുതിരകളുടെ പടം വരക്കുന്നതില്‍ സ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ കണ്ടെത്തുന്ന ഖാലിദിന്‍റെ അവഗണനയില്‍ പുതഞ്ഞുപോകുന്നു.

ആയുധക്കടത്തിന്‍റെ ലാഭവും അടിമത്തത്തിന്‍റെ നിസ്സഹായതയും മനുഷ്യത്വരാഹിത്യവും ഇരുണ്ട വരുമാന മാര്‍ഗ്ഗമായിത്തീര്‍ന്ന ഹിലാലിന്‍റെയും സുലൈമാന്‍റെയും രൂപത്തില്‍ ദേശത്തിന്‍റെ കുറ്റബോധം നോവലില്‍ നിഴല്‍വിരിക്കുമ്പോള്‍ തന്‍റെ ആഫ്രിക്കന്‍ ഗ്രാമത്തില്‍ നിന്നു വേട്ടയാടപ്പെട്ട്‌ അടിമക്കപ്പലില്‍ കൊണ്ടുവരപ്പെട്ട സെന്‍ഗോറിന്‍റെയും ‘ചിലന്തി സ്ത്രീ’യെന്നു വിളിക്കപ്പെട്ട അങ്കബൂത്തയുടെയും സരീഫയുടെയും ദൈന്യം ഒരു വംശത്തിന്‍റെ നിലവിളിയായി നോവലില്‍ മുഴങ്ങുന്നുണ്ട്. ഉടമകളുടെ ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി അവര്‍ പ്രസവിച്ച മക്കള്‍ സമൂഹത്തില്‍ വെളിമ്പുറങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടു. സാത്താന്‍ സേവയുടെയും ആഭിചാരത്തിന്‍റെയും പേരില്‍ വേട്ടയാടപ്പെട്ടു ഇടവും ജീവിതവുമില്ലാതെ ഒടുങ്ങിയ ഒരു ജനതയുടെ ചിത്രങ്ങള്‍ നോവലില്‍ ഒരു ഘട്ടത്തിലും തമസ്കരിക്കപ്പെടുന്നില്ല. നിയമംമൂലം തടയപ്പെട്ടിട്ടും വെട്ടുവേലക്കാര്‍ ആയമാര്‍ തുടങ്ങിയ പേരുകളില്‍ തുടര്‍ന്ന ചൂഷണങ്ങളെ കുറിച്ച്, അതിലെ ഇന്ത്യന്‍ ദാസ്യസാന്നിധ്യത്തെ കുറിച്ചുപോലുംനോവലില്‍ സൂചനകളുണ്ട്.        

പുരസ്കാരവും വിവര്‍ത്തനവും

നാഗിബ് മെഹ്ഫൂസിന്‍റെ നോബല്‍പുരസ്കാര ലബ്ധി അറബ് സാഹിത്യത്തിലേക്ക് മുമ്പില്ലാത്തവിധം ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍തദ്ഫലമായി 2008 മുതല്‍ സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക് ഷന്‍ അറബ് സാഹിത്യത്തിനു സ്വദേശി സെന്‍സര്‍ഷിപ്പിനെ ഭയപ്പെടെണ്ടതില്ലാത്ത തുറസ്സുകള്‍ നല്‍കിയത് തുറന്നെഴുത്തുകള്‍ക്ക് വന്‍തോതില്‍ അവസരമൊരുക്കി. അറബ് ബുക്കര്‍ പുരസ്കാരത്തിന്‍റെ പരിഗണനാപട്ടികകളിലെ വനിതാ എഴുത്തുകാരുടെ വര്‍ദ്ധിച്ചുവരുന്ന പ്രാതിനിധ്യം ഒരു സൂചകമായി കണക്കാക്കാമെങ്കില്‍ പെണ്ണെഴുത്തിന്‍റെ വസന്തം ഈ ദേശങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം സെലെസ്റ്റിയല്‍ ബോഡീസ് സ്വന്തമാക്കിയപ്പോള്‍ അതും പുതിയൊരു ചരിത്രമാവുകയാണ്: അറബ് ദേശത്തു നിന്ന് ആദ്യം ഈ വിഖ്യാതപുരസ്കാരം നേടുന്ന വക്തിയും വനിതയുമെന്ന ചരിത്രം. ‘ചന്ദ്രന്‍റെ തമ്പുരാട്ടിമാര്‍- Ladies of the Moon’ എന്നര്‍ത്ഥം വരുന്ന ‘സയ്യിദാത്ത് അല്‍ ഖമര്‍’ എന്ന പേരില്‍ 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതിക്ക് എട്ടു വര്‍ഷത്തിനിപ്പുറം വിഖ്യാത എഴുത്തുകാരിയും വിവര്‍ത്തകയുമായ മെറിലിന്‍ ബൂത്ത് ഇംഗ്ലീഷ് വിവര്‍ത്തനം ഒരുക്കുമ്പോള്‍ അത് പുതിയ ‘ട്രാന്‍സ് കള്‍ച്ചറല്‍’ കാലത്ത് വലിയൊരു സാംസ്കാരികദൌത്യം കൂടി ആയിത്തീരുന്നു. നവാല്‍ അല്‍ സഅദാവിഹുദാ ബറകാത്ലതീഫ അല്‍ സയ്യാത്ത്സോമായ റമദാന്‍ തുടങ്ങി അറബ് ലോകത്തെ പെണ്ണെഴുത്തിന്‍റെ ദീപ്തമായ ഈടുവെപ്പുകളില്‍ പലരുടെയും കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും പുതുതലമുറയില്‍സമാന രീതിയില്‍ ഉപരിവര്‍ഗ്ഗ സൗദി അറേബ്യന്‍ സ്ത്രീത്വത്തിന്‍റെ സ്വാതന്ത്ര്യമോഹത്തെ അടയാളപ്പെടുത്തിയ റജാ അല്‍സനിഅയുടെ ‘റിയാദിലെ പെണ്‍കുട്ടികള്‍’ ഇംഗ്ലീഷില്‍ എത്തിച്ചതും ജോഖ അല്‍ ഹാര്‍തിയോടൊപ്പം ബുക്കര്‍ സമ്മാനത്തുക പങ്കുവെച്ച മെരിലിന്‍ ബൂത്ത് തന്നെയാണ്. അറബ് ഭാഷയുടെ സൗന്ദര്യവും സംഗീതാത്മകതയെയും ഏറെ നിഷ്കര്‍ഷയോടെ പുനരാവിഷ്കരിക്കാന്‍ കൃതഹസ്തയായ വിവര്‍ത്തകക്ക് കഴിഞ്ഞിട്ടുണ്ടെന്നു നിരൂപകര്‍ ഏകസ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രേഖീയമായ ആഖ്യാനത്തിനുപകരം ഒരു മൊസൈക് ആണ് നോവലിസ്റ്റ് സൃഷ്ടിക്കുന്നതെന്നും ഇതിവൃത്തം ഒട്ടും പ്രധാനമല്ലാത്ത കൃതിയില്‍ പ്രമേയങ്ങളുടെയും ആശയങ്ങളുടെയും സൂചനകളെല്ലാം ആദ്യപേജുകളില്‍തന്നെ നല്‍കപ്പെടുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിട്ടഭാഗങ്ങളോ സമസ്യകകളോ പൂരിപ്പിക്കുന്ന തുടര്‍ന്നുവരുന്ന ആഖ്യാനത്തില്‍ പാത്രവൈവിധ്യത്തില്‍ ഏതാണ്ടൊരു ടോള്‍സ്റ്റോയിയന്‍ വൈപുല്യമുണ്ടെന്നും അത് വായനയെ ഏറെ സൂക്ഷ്മത ആവശ്യപ്പെടുന്ന ഒന്നാക്കുന്നുണ്ടെന്നും കാണാവുന്നതാണ്. ചിലപ്പോഴെങ്കിലും ഈ പാത്രവൈപുല്യം ചില കഥാപാത്രങ്ങള്‍ക്കെങ്കിലും അര്‍ഹിക്കുന്ന ആഴം നല്‍കുന്നതിനു വിനയാവുകയും ചെയ്യുന്നുണ്ട്: മയ്യയുടെ ഹൃദയത്തിന്‍റെ കൂട്ടുകാരന്‍ അലി ബിന്‍ ഖല്ലാഫിനെ കുറിച്ച് ആ പേരിനപ്പുറം നോവലില്‍ മറ്റൊന്നും പറയുന്നില്ലാത്തത് ഉദാഹരണം.     

 

   (ഉദ്ധരണികള്‍ സ്വതന്ത്ര വിവര്‍ത്തനങ്ങളാണ്)