Featured Post

Showing posts with label German Literature. Show all posts
Showing posts with label German Literature. Show all posts

Friday, March 28, 2025

The Trial by Franz Kafka

 കാഫ്‌കയുടെ ‘വിചാരണ’: സ്വാധീനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ഒരു നൂറ്റാണ്ട്



(ഫ്രാന്‍സ് കാഫ്‌കയുടെ മാസ്റ്റര്‍പീസ്‌ നോവല്‍ The Trial പ്രസിദ്ധീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍, പ്രസ്തുത നോവലിനേയും നോവലിസ്റ്റിനെയും ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാക്കുന്ന സാഹിതീയ മാനങ്ങള്‍ പരിശോധിക്കുന്നു.)

“ഡാന്റെ, ഷേക്സ്പിയര്‍, ഗേയ്ഥെ എന്നിവര്‍ക്ക് അവരവരുടെ കാലത്തോട് എന്തുതരം ബന്ധമാണോ ഉണ്ടായിരുന്നത്, അതേ ബന്ധം നമ്മുടെ കാലത്തോടുള്ള ഒരാളെ പറയേണ്ടതുണ്ടെങ്കില്‍ കാഫ്‌കയേയാണ് എനിക്ക് ആദ്യം ചിന്തിക്കാനാകുക.”

-       (W. H. Auden).

ഇരുപതാം നൂറ്റാണ്ടിന്റെ ട്രോമയും ന്യൂറോസിസും ഫ്രാൻസ് കാഫ്കയെക്കാൾ കൂടുതൽ ആഴത്തില്‍ ഒരു എഴുത്തുകാരനും അന്വേഷിച്ചിട്ടില്ല. നൂറ്റാണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ മിക്കതിനെയും കാഫ്‌ക-എസ്ക് എന്ന് വിവരിച്ചാലും അതിശയോക്തിയാകില്ലഎന്ന നിരീക്ഷണം (D.S. Burt.p.115) കാഫ്‌കയെയും, അദ്ദേഹത്തിന്‍റെ കാലത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തിയും കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ചകിതവും ദുസ്വപ്നസമാനവും അസംബന്ധ പൂര്‍ണ്ണവുമായ, അധികാര പ്രയോഗത്തിന്റെ ദുരൂഹമായ അടിച്ചമര്‍ത്തല്‍ ഭാവമുള്ള, യാഥാര്‍ത്ഥ്യത്തിനും അതിയാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടറിപ്പോകുന്ന അവസ്ഥ/ അന്തരീക്ഷം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളെ വിവരിക്കാന്‍/ നിര്‍വ്വചിക്കാന്‍ ‘കാഫ്ക-എസ്ക്’ (Kafkaesque) എന്നപദം സാര്‍വ്വജനീനമായി സാഹിത്യചര്‍ച്ചയില്‍/ നിരൂപണത്തില്‍ ഉപയോഗിക്കുന്നു. ഒരു നൂറ്റാണ്ടുമുമ്പ്, ആധുനികതാ പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ശങ്കിച്ചു ശങ്കിച്ച് ഏതാനും ചെറുകഥകളും, എഴുത്തുകാരന്റെ ഏറ്റവും പ്രസിദ്ധ രചനയായി പിന്നീട് മാറിയ ഒരു നോവെല്ലയും (The Metamorphosis) മാത്രം പ്രസിദ്ധീകരിക്കുകയും വിശേഷാല്‍ നിരൂപകശ്രദ്ധയൊന്നും ആകര്‍ഷിക്കാതെ, ആത്മവിശ്വാസമില്ലായ്മയുടെ പാരമ്യത്തില്‍ തന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മുഴുവന്‍ രചനകളും കത്തിച്ചു കളയാന്‍ ആത്മസുഹൃത്തിനെ ശട്ടംകെട്ടി നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അന്തരിക്കുകയും ചെയ്ത ഫ്രാന്‍സ് കാഫ്‌ക എന്ന പ്രാഗ് സ്വദേശിയുടെ കൃതികള്‍ സൃഷ്ടിച്ച ഇരുണ്ട ലോകമാണ്, പില്‍ക്കാല ലോകസാഹിത്യത്തില്‍, മാനുഷികാവേഗങ്ങളുടെ വലിയൊരു ഭൂമികയെ അളക്കാനുള്ള ഈ മാനദണ്ഡമായിത്തീര്‍ന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലോകസാഹിത്യത്തിലെ അതികായന്മാരില്‍ ഒട്ടുമുക്കാലും കടംകൊള്ളുകയോ ശിഷ്യപ്പെടുകയോ ചെയ്തിട്ടുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് മറ്റാരും ആവുകയുമില്ല. സാമുവേല്‍ ബെക്കറ്റ്, ആല്‍ബേര്‍ കാമു, ഴാങ് പോള്‍ സാര്‍ത്ര്, സിമോങ് ദേ ബുവ്വേ, യുജീന്‍ അയനെസ്കോ, ഹ്യോര്‍ഹെ ബോര്‍ഹെസ്, ജോര്‍ജ്ജ് ഓര്‍വെല്‍, വ്ലാദിമിര്‍ നബകൊവ്, ജെ.എം. കൂറ്റ്സി, മിലാന്‍ കുന്ദേര, തോമസ്‌ പിഞ്ചന്‍, ഇസ്മയില്‍ കദാരെ .. അതികായരുടെ പട്ടിക നീണ്ടുപോകും.

‘വിചാരണ

1925-ൽ കാഫ്‌കയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ‘ദി ട്രയൽ’ ആധുനിക സാഹിത്യത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും ദുര്‍ഗ്രഹവുമായ കൃതികളിൽ ഒന്നാണ്. 2025-ൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, അസ്തിത്വ ഭയം, ബ്യൂറോക്രസിയുടെ അസംബന്ധം, നീതിയുടെ ദുര്‍ഗ്രാഹ്യത തുടങ്ങിയ പ്രമേയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നോവല്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഇന്നും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. നോവലിനെ അതിന്റെ ചരിത്രപരവും ആത്മകഥാപരവുമായ പശ്ചാത്തലത്തില്‍ വായിക്കാനും, ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-trial-by-franz-kafka

     

Saturday, February 8, 2025

The Magic Mountain by Thomas Mann/ John E. Woods

 

തോമസ്‌ മന്‍ വരക്കുന്ന പര്‍വ്വതപാഠം



(തോമസ്‌ മന്‍ രചിച്ച ‘ദ മാജിക് മൗണ്ടന്‍ എന്ന മാസ്റ്റര്‍പീസ്‌, പ്രസിദ്ധീകരണത്തിന്‍റെ നൂറു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഒരു തിരിഞ്ഞുനോട്ടം. ആധുനികതയുടെ തിലകക്കുറിയായി ലോകസാഹിത്യത്തില്‍ ഇടംപിടിച്ച നോവല്‍, രോഗാതുരവും മൃത്യുന്മുഖവുമായ ഒരു സംഘര്‍ഷ കാലത്തുനിന്ന് ഇന്നും വായനാലോകത്തോട് തീക്ഷ്ണമായി സംവദിക്കുന്നു.)

ഫസല്‍ റഹ് മാന്‍

 

Let us go then, you and I,

When the evening is spread out against the sky

Like a patient etherized upon a table

                            -‘The Love Song of J. Alfred Prufrock’ By T. S. Eliot (L:1-3)

               

                In the mountains, there you feel free.

                        -‘The Waste Land By T. S. Eliot (L: 17)

 

“ഗെയ്ഥെയെ കഴിഞ്ഞാല്‍ ജര്‍മ്മനികണ്ട ഏറ്റവുംമികച്ച എഴുത്തുകാരനായ തോമസ് മൻ അദ്ദേഹത്തിന്‍റെ ദീർഘവും വിശിഷ്ടവുമായ സപര്യയുടെ ഭൂരിഭാഗവും ചെലവഴിച്ചത് സാമൂഹികവിമർശകനും മാനുഷികമൂല്യങ്ങളുടെ സംരക്ഷകനും എന്ന ഉത്തരവാദിത്തപൂര്‍ണ്ണമായ പങ്ക് നിര്‍വ്വഹിക്കാൻ ശ്രമിച്ചുകൊണ്ടാണ്. രണ്ട് ലോകയുദ്ധങ്ങളുടെയും ആധുനികജർമ്മൻ ചരിത്രത്തിന്‍റെ തകർച്ചയുടെയും അനുഭവങ്ങളിലൂടെ മൻ, തന്‍റെ കാലത്തിന്‍റെ ഒരു ചരിത്രകാരനും, നിരീക്ഷകനും യൂറോപ്പിന്‍റെ ആത്മീയ, സാംസ്കാരിക പ്രതിസന്ധികളിലെ പങ്കാളിയുമായിത്തുടർന്നു. കല എന്നത് ഏകപരിഹാരമായിക്കണ്ട ഇതര മോഡേണിസ്റ്റ് ആര്‍ട്ടിസ്റ്റുകളിൽനിന്നു വ്യത്യസ്തമായി, ഒരുവശത്ത് അനുഭവത്തിന്‍റെ പ്രസക്തമായ പാറ്റേണുകൾ സൃഷ്ടിക്കുന്നതിനും കണ്ടെത്തുന്നതിനും, മറുവശത്ത്‌ അനുഭവങ്ങളെ അസത്യമാക്കി ജീര്‍ണ്ണമായ ഒരാത്മബോധത്തിലേക്ക്‌ തെന്നിപ്പോകുന്നതിനുമുളള കലാകാരന്‍റെ ഇരട്ടസാധ്യതകളെക്കുറിച്ച് മൻ എപ്പോഴും ബോധവാനായിരുന്നു. എഴുത്തിലും പൊതുപ്രവർത്തനത്തിലും ഏറ്റവും വിശാലവും ആഴമേറിയതുമായ വിഷയങ്ങള്‍ ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധത അദ്ദേഹത്തെ ഒരു അന്തർദേശീയ വ്യക്തിത്വവും നൂറ്റാണ്ടിലെ ഏറ്റവും ആദരണീയനായ ചിന്തകരിലൊരാളുമാക്കിമാറ്റി. എങ്കിലും, അദ്ദേഹത്തിന്‍റെ കൃതികളിലെങ്ങും പ്രകടമായ ഐറണി, അത്തരമൊരു വേഷത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അസ്വസ്ഥത വെളിപ്പെടുത്തുന്നു; ആ അസ്വസ്ഥത, കലോപാസന എന്നത് ഒരാളെ ധാര്‍മ്മികനിരപേക്ഷമായ ഒരു തലത്തിലേക്ക് കൊണ്ടുപോകും എന്നതിരിച്ചറിവില്‍നിന്നു  പിറക്കുന്നതാണ്.”

-       Daniel S. Burt - Literary 100_ A Ranking of the Most Influential Novelists, Playwrights, and Poets of All Time (2009), പുറം: 130.

 

സ്വന്തം വ്യക്തിപരവും സാംസ്കാരികവുമായ പശ്ചാത്തലം ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു തോമസ് മൻ (1875-1955).  ലുബെക്കിലെ സമ്പന്നവ്യാപാരി കുടുംബത്തിൽ ജനിച്ചുവളര്‍ന്ന ബൂർഷ്വാ മാന്യതയുടെയും കലാപരമായ അഭിവാഞ്ചയുടെയും പശ്ചാത്തലം, അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ‘ബുഡൻബ്രൂക്ക്സ്’ (1901) രചനയില്‍ നിര്‍ണ്ണായകമായിരുന്നു. ജര്‍മ്മന്‍ കാല്‍പ്പനികത, നീഷേയുടെയും ഷോപ്പനോവറുടെയും ദാര്‍ശനികചിന്തകള്‍, റിച്ചാർഡ് വാഗ്നറുടെ സംഗീതം, ടോള്‍സ്റ്റോയ്, ദസ്തയവ്സ്കി, പ്രൂസ്റ്റ് തുടങ്ങിയ എഴുത്തുകാര്‍, ജെയിംസ് ഫ്രേയ്സറുടെ (The Golden Bough) മിത്തോളജി പഠനങ്ങള്‍ - ഇത്തരം ധന്യമായ സ്വാധീനങ്ങളുടെ ഫലമായി അദ്ദേഹത്തിന്‍റെ കൃതികള്‍ എല്ലായിപ്പോഴും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ഭൗതികസത്തയും ആത്മീയസത്തയുമെന്ന ദ്വന്ദ്വം, കല, മാനുഷിക ദൗര്‍ബല്യങ്ങള്‍, തുടങ്ങിയ പ്രമേയങ്ങള്‍ Death in Venice (1912) മുതല്‍ Doctor Faustus (1947) വരെ കൃതികളില്‍ മുഖ്യമാണ്. ദ്വന്ദ്വങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളില്‍ ഇരുവശത്തേയ്ക്കും ഒരുപോലെ ശ്രദ്ധപതിപ്പിക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്‍റെ ശക്തി. Tonio Kroger (1903) എന്ന നോവെല്ലയില്‍ ഭാവനയുടെ ആന്തരലോകവും ഭൗതിക ലോകവും എന്നമട്ടില്‍ പ്രവര്‍ത്തിക്കുന്ന ദ്വന്ദ്വങ്ങള്‍, സ്വാതന്ത്ര്യം/ അധികാരം, ജീവിതം/ മൃതി, സ്നേഹം/ വെറുപ്പ്, പാശ്ചാത്യ സംസ്കാരം/ പാരമ്പര്യം എന്നിങ്ങനെ വികസിക്കുന്നുണ്ട് ‘മാജിക് മൌണ്ടനിലെത്തുമ്പോള്‍. വെയ്മര്‍ റിപ്പബ്ലിക്കിന്‍റെ കാലത്ത്, ഒന്നാംലോകയുദ്ധ സാഹചര്യത്തില്‍, ജര്‍മ്മന്‍ താല്പര്യങ്ങളെ പിന്തുണച്ച അദ്ദേഹം, നാസി അത്യാചാര ഘട്ടത്തില്‍ അതിന്‍റെ ശത്രുവും ജനാധിപത്യ ആശയങ്ങളുടെ പ്രണേതാവുമായി മാറിയതും ഹിറ്റ്ലര്‍ അദ്ദേഹത്തിന്‍റെ ജര്‍മ്മന്‍ പൗരത്വം റദ്ദുചെയ്തതും സ്വാഭാവികമായിരുന്നു. അക്കാലത്ത് ആദ്യം സ്വിറ്റ്സര്‍ലന്‍ഡിലേക്കും തുടര്‍ന്ന് ഐക്യനാടുകളിലേക്കും കുടിയേറിയ മന്‍, യുദ്ധാനന്തര ജര്‍മ്മനിയിലേക്ക് തിരികെ പോകാനുള്ള ക്ഷണം നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന മാസ്റ്റര്‍പീസായി വിവരിക്കപ്പെടുന്ന ‘ഡോക്റ്റര്‍ ഫോസ്റ്റസി’ല്‍, നീഷേയുടെ ദാര്‍ശനികനിലപാടുകളും വൈയക്തികാനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കമ്പോസര്‍ അഡ്രിയാന്‍ ലെവര്‍കുന്‍ എന്ന ‘ആധുനിക ഫോസ്റ്റി’ലൂടെ, നാസിസത്തോടുള്ള തന്‍റെ രൂക്ഷനിലപാടുകള്‍ അദ്ദേഹം ആവിഷ്കരിച്ചു. Mario and the Magician (1930) എന്ന നോവെല്ല, ഇറ്റാലിയന്‍ ഫാഷിസത്തോടുള്ള നിശിത സമീപനങ്ങളില്‍ നിന്നാണ് പിറവികൊണ്ടത് എന്നതും പ്രധാനമാണ്. അപ്രകാരം, തന്‍റെ കാലഘട്ടത്തിലെ രാഷ്ട്രീയപ്രതിസന്ധികള്‍ നോവലുകളിലൂടെ അദ്ദേഹം പ്രതിഫലിപ്പിച്ചപ്പോള്‍, ഡയറികള്‍, ആ വ്യക്തിത്വത്തിലേക്കും അടിച്ചമർത്തപ്പെട്ട തൃഷ്ണകളിലേക്കും വെളിച്ചംവീശുന്നു. റിയലിസം, സിംബലിസം, ആലിഗറി, എന്നിവ സമന്വയിപ്പിക്കുന്ന, മന്‍ കൃതികള്‍ കല, സംസ്കാരം, ആധുനികതയുടെ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള അഗാധനിരീക്ഷണങ്ങളായി തുടരുന്നു. സംസ്കാരത്തിന്‍റെ സിന്ദിഗ്ദ്ധമായ തകര്‍ച്ചയെന്ന ആധുനികതാപിറവിയുടെ കാലത്തെ (‘fin de siècle’/ ‘end of century’) ഭയത്തിനെതിരെ കലയുടെ, സര്‍ഗ്ഗാത്മകതയുടെ മൂല്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ജീവിതത്തിനു സങ്കീര്‍ണ്ണതയോടൊപ്പം സമ്പൂര്‍ണ്ണതയും നല്‍കുന്നതില്‍ മാനുഷികഭാവങ്ങളിലെ വൈരുധ്യങ്ങളുടെ സ്ഥാനം ഹൃദ്യമായ ഐറണിയോടെ അടയാളപ്പെടുത്തുന്നതില്‍  ദസ്തയവ്സ്കി, ടോള്‍സ്റ്റോയ്‌, കാഫ്ക തുടങ്ങിയ മഹാരഥന്മാരോടൊപ്പമാണ്  തോമസ്‌ മന്‍ ഇടംപിടിക്കുന്നത്‌. “ചിന്തയെയും വികാരത്തെയും യോജിപ്പിച്ചു നിഹിലിസത്തിലേക്കുള്ള തെന്നിപ്പോക്കിനെ തടയുന്നതും, ഇരുപതാംനൂറ്റാണ്ടിലെ ലോകത്തിന്‍റെ കാതലായ വ്യാഖാതവെന്ന എഴുത്തുകാരന്‍റെ പങ്ക് പുനസ്ഥാപിക്കുന്നതുമാണ് ... മന്‍ വിട്ടുവെച്ച പൈതൃകം”  (D.S. Burt. 2009).

ഫ്രോയിഡിയന്‍ മനോവിശ്ലേഷണത്തിലും ആധുനികതയുടെ ചിഹ്നമായ അസ്തിത്വ ശൈഥില്യത്തിലും സംഘര്‍ഷങ്ങളിലുമുള്ള അദ്ദേഹത്തിന്‍റെ താല്പര്യമാണ്, വലിയൊരളവില്‍, ഒന്നാംലോകയുദ്ധത്തിനു മുമ്പുള്ള യൂറോപ്പിലെ പ്രത്യയശാസ്ത്ര സംഘട്ടനങ്ങളെ പ്രതിഫലിപ്പിക്കുന്ന ദാർശനിക നോവലായ ‘മാജിക് മൗണ്ടന്‍’ രചനയിലേക്ക് നയിച്ചത്. ‘ആത്മീയ ആത്മകഥ, ഏറ്റുപറച്ചില്‍, മാപ്പഭ്യര്‍ത്ഥന, സങ്കീര്‍ണ്ണമായ ദൃഷ്ടാന്ത കഥ, ഒരു തരം ചരിത്രനോവല്‍, മനുഷ്യാവലോകനവും പ്രായോഗിക മാനവിക വാദത്തിന്‍റെ ഒരു താത്വിക പ്രഖ്യാപനവും (T. J. Reed) എന്നൊക്കെ വിവരിക്കപ്പെട്ടിട്ടുള്ള കൃതിയാണിത്. മുതിര്‍ന്നു വരവിന്‍റെ കഥ (bildungsroman) എന്ന ഴോനറിനെ പുനക്രമീകരിക്കുന്നതെന്നനിലയില്‍, നോവല്‍ സാഹിത്യത്തിന്‍റെ സാധ്യതകളെ അത് പുനര്‍നിര്‍വ്വചിച്ചു. In Search of Lost Time (മാര്‍സെല്‍ പ്രൂസ്റ്റ്), The Man without Qualities (റോബര്‍ട്ട്‌ മൂസില്‍), Ulysses (ജെയിംസ് ജോയ്സ്) തുടങ്ങി, യൂറോപ്യന്‍ ആധുനികതയുടെ നീക്കിവെപ്പുകളായ മഹദ്കൃതികളോടൊപ്പം നോവല്‍ ഇടംപിടിക്കുന്നു. 1913ല്‍ രചന ആരംഭിച്ചെങ്കിലും ഒന്നാംലോകയുദ്ധസാഹചര്യത്തില്‍ മുടങ്ങിപ്പോയതുകൊണ്ട് 1924 മാത്രമാണ് നോവല്‍ പുറത്തുവന്നത്. എന്നാല്‍, ഇടയില്‍ക്കയറിയ യുദ്ധസാഹചര്യം അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളിലും രാഷ്ട്രീയവീക്ഷണങ്ങളിലും വരുത്തിയ മാറ്റങ്ങളാണ് നോവലിന്‍റെ ഉള്ളടക്കത്തിലെ ധൈഷണിക ഔന്നത്യത്തിനു നിദാനമായതും പോയശതകത്തിലെ ആദ്യകാല്‍ നൂറ്റാണ്ടിലെ ജര്‍മ്മന്‍ മനോനിലയുടെ ഒരു രേഖയായി നോവലിനെ പരിവര്‍ത്തിപ്പിച്ചതും. യുദ്ധപൂര്‍വ്വ യൂറോപ്യന്‍ ചരിത്രസന്ദര്‍ഭത്തെ ആവിഷ്കരിക്കുന്നതോടൊപ്പം, സമയം എന്ന പ്രമേയത്തെത്തന്നെ ഒരു മുഖ്യവിഷയമായി കൈകാര്യംചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട്‌ രണ്ടു തരത്തില്‍ ഒരു ‘ടൈം നോവല്‍’ എന്ന് നോവല്‍ വിവരിക്കപ്പെട്ടു (H.R. Vaget).

1912ല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ ക്ഷയരോഗ സാനറ്റോറിയത്തില്‍ (Schatzalp) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഭാര്യ കാത്യയെ അവിടെപ്പോയി സന്ദര്‍ശിച്ച അനുഭവമുണ്ടായിരുന്നു മന്നിന്. ഈ നേരനുഭവത്തോടൊപ്പം, കാതിയയുമായുള്ള കത്തിടപാടുകളില്‍ കൂടിയും, മഞ്ഞുപുതച്ച, ചിത്രസൌന്ദര്യമുള്ള, എല്ലാ ബഹളങ്ങളില്‍നിന്നും പിന്‍വാങ്ങിയ ഡാവോസ്, നോവലിലെ ബെര്‍ഗോഫിന്‍റെ പൂര്‍വ്വമാതൃക ആയിത്തീരുകയായിരുന്നു. ഷാറ്റ്സ്ആല്‍പ്പിലെ കെട്ടിടങ്ങളുടെ ഘടന തന്നെയും ബെര്‍ഗ്ഹോഫിന്‍റെ സങ്കല്പ്പനത്തിലും നോവലിലെ സുപ്രധാന പ്രമേയങ്ങളിലും പ്രധാനമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (D.E. Wellbery): ഒരോ മുറിയും ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഘടനയില്‍, അന്തേവാസികള്‍ ദിവസവും രാവിലെയും വൈകീട്ടും പുറത്തെ ശുദ്ധവായുവില്‍ മൂന്നു മണിക്കൂറെങ്കിലും ‘തിരശ്ചീനാവസ്ഥയിലെ ജീവിതരീതി (the horizontal way of life) പാലിക്കണമായിരുന്നു. ആ ഘട്ടം, സാനട്ടോറിയത്തില്‍നിന്ന് മരണപ്പെടുന്ന അന്തേവാസികളുടെ ജഡങ്ങള്‍ സ്ലെഡില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്, അവര്‍ക്കൊരു പതിവ് കാഴ്ചയായിരുന്നു. രോഗവും മരണവും ഒരു ജീവിതരീതി തന്നെയായി മനസ്സിലാക്കുകയും പ്രതിഷേധമേതുംകൂടാതെ കീഴടങ്ങുകയുംചെയ്യുകയെന്ന ബെര്‍ഗ്ഹോഫിലെ അന്തേവാസികളുടെയും ആദ്യകാലത്തെങ്കിലും ഹാന്‍സിന്‍റെയും നിഷേധാത്മക സമീപനത്തിന് ഇതും ഒരു കാരണമായിരുന്നു. ‘വെനീസിലെ മരണത്തിന് ഹാസ്യഭാവത്തിലുള്ള ഒരു തിരുത്തിയെഴുത്ത് നാടകരൂപത്തില്‍ എന്ന മട്ടില്‍ ആദ്യം വിഭാവനംചെയ്യപ്പെട്ട ‘മാജിക് മൌണ്ടന്‍’, മരണം, അവ്യവസ്ഥകള്‍ക്കുമേല്‍ വ്യവസ്ഥയുടെ വിജയം എന്നീ പ്രമേയങ്ങളില്‍ മുന്‍കൃതിയെ പിന്തുടരുന്നു. നോവലിലെ ആദ്യഭാഗത്തെങ്കിലും പ്രകടമായ ഹാസ്യഭാവത്തിനുള്ള വിശദീകരണവും ഈ തുടര്‍ച്ചാപദ്ധതിയില്‍ കാണാം. ആദ്യനോവലിലെ നായകനെപ്പോലെ ‘മാന്ത്രിക പര്‍വ്വതത്തിലെ നായകനും ഒരു യാത്ര പോകുകയാണ്. അമ്പതുകാരനായ ഗസ്റ്റാഫ് ആഷെന്‍ബാക്കില്‍ നിന്ന് വ്യത്യസ്തനായി ഇവിടെ ഹാന്‍സ് കാസ്റ്റോര്‍പ്പ് ഇരുപത്തിമൂന്നുകാരനാണ്. ഹാംബര്‍ഗില്‍ നിന്നുള്ള ഈ എഞ്ചിനീയര്‍, ബന്ധുവായ യോക്കിം സീംസനെ അയാള്‍ കഴിയുന്ന സാനറ്റൊറിയത്തില്‍ സന്ദര്‍ശിക്കുന്നത്, ഒരു മൂന്നാഴ്ചനീളുന്ന പദ്ധതിയായാണ് കരുതിയിരുന്നതെങ്കിലും, അതുപക്ഷേ ഏഴുവര്‍ഷമായി നീളുന്നു. സന്ദര്‍ശനത്തിന്‍റെ പത്തുനാളുകള്‍ക്കുശേഷം ജലദോഷപ്പനി പിടിപെടുന്ന കാസ്റ്റോര്‍പ്പിന്‍റെ എക്സ്-റെയില്‍ സാനറ്റോറിയം ഡോക്റ്റര്‍ ബെഹ്റന്‍സ് ഒരു ‘പ്രശ്നം’ കണ്ടെത്തുന്നതോടെ അയാളും അവിടത്തെ മറ്റൊരു ‘അന്തേവാസിയായിത്തീരുന്നു. എന്നാല്‍, അയാളുടെ താമസം നീണ്ടുപോകുന്നതില്‍, നേരത്തെ സൂചിപ്പിച്ചപോലെ, അയാളുടെതന്നെ നിഷ്ക്രിയവ്യക്തിത്വത്തിന് സാരമായ പങ്കുണ്ട്. സമയം എന്നത് ഫലത്തില്‍ അപ്രസക്തമായ സാനറ്റൊറിയം സാഹചര്യവും, അയാളുടെ നിരാസക്തഭാവത്തോടു ചേരുന്നു. സൈനികനായിരുന്ന, ഇപ്പോഴും ആ ഉത്തരവാദിത്തബോധവും ചിട്ടയും നിലനിര്‍ത്തുന്ന യോക്കിം, കാസ്റ്റോര്‍പ്പിനെ അയാളുടെ നിസ്സംഗതയില്‍നിന്ന് ഉയര്‍ത്താനും ബെര്‍ഗ്ഹോഫ് വിട്ടുപോകാനും പ്രേരിപ്പിക്കുന്നുണ്ട്. പൊതുസമൂഹവുമായി പുനരൈക്യപ്പെടാന്‍ വെമ്പുന്ന യോക്കിമിന്, ബെര്‍ഗ്ഹോഫിലെ ഒറ്റപ്പെട്ട, സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട ഇടത്തില്‍ പൊരുത്തപ്പെടാനാവുന്നില്ല. ഡോക്റ്ററുടെ ഉപദേശത്തിനെതിരായി, സൈനികവൃത്തിയിലേക്കുള്ള അയാളുടെ വിട്ടുപോക്കും രോഗം ഗുരുതരമായുള്ള തിരികെയെത്തലും തുടര്‍ന്നുള്ള മരണവും, ഹാന്‍സിന്‍റെ വ്യക്തിത്വത്തിന് നേരെ എതിരറ്റത്താണ് നിലയുറപ്പിക്കുന്നത്. ജീവിതത്തെ ഏതെങ്കിലും സാമൂഹിക പ്രസക്തിയുള്ള രീതിയില്‍ ഉപയോഗിക്കാനുള്ള മുഴുവന്‍ താല്‍പര്യവും നഷ്ടമാകുന്ന ഹാന്‍സ്, ബെര്‍ഗ്ഹോഫിലെ നിരര്‍ത്ഥകജീവിതത്തിലേക്ക് കൂടുതല്‍ പാകപ്പെടുന്നു.

 

ആശയങ്ങളുടെ സംഘര്‍ഷ മേഖല

 

ബെര്‍ഗ്ഹോഫില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമായുള്ള സമ്പര്‍ക്കം കാസ്റ്റോര്‍പ്പില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങളിലൂടെയാണ് കാര്യമായി ഒന്നും ‘സംഭവിക്കുന്നില്ലാത്ത നോവലില്‍ അയാളുടെ ആത്മീയവളര്‍ച്ച സാധിതമാകുന്നത്. ആ അര്‍ഥത്തില്‍, വോള്‍ടെയര്‍ അവതരിപ്പിച്ച Philosophical fiction അഥവാ ആശയങ്ങളുടെ നോവല്‍ എന്നതിന്‍റെ വികസിതരൂപമായും നോവല്‍ വിലയിരുത്തപ്പെടുന്നു. ഇറ്റാലിയന്‍ ബുദ്ധിജീവിയും ഹ്യൂമനിസ്റ്റുമായ ലുഡോവിക്കോ സെറ്റെംബ്രിനി, പാശ്ചാത്യ ജ്ഞാനോദയം (Enlightenment) യുക്തിബോധം, ജനാധിപത്യം, അച്ചടക്കം, വ്യവസ്ഥാപിതത്വം, ദേശീയബോധം തുടങ്ങിയ മൂല്യങ്ങളുടെ വക്താവാണ്‌. അയാളുടെ എതിര്‍ പതിപ്പായ, ക്ലാസിക്കല്‍ ഭാഷാപ്രൊഫസര്‍ ലിയോ നാഫ്ത എന്ന ജൂത ജെസ്യൂട്ട്, കമ്മ്യൂണിസ്റ്റ്, മിസ്റ്റിക്, നിഹിലിസ്റ്റ്, അനാര്‍ക്കിസ്റ്റ് നിലപാടുകള്‍ മുന്നോട്ടുവെച്ചു അയാളുമായി ദീര്‍ഘമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹാന്‍സിനെ ബൗദ്ധികമായി സ്വാധീനിക്കുന്നുണ്ട്. സെറ്റെംബ്രിനിയെ സംബന്ധിച്ച് നാഫ്തയുടെ നിലപാടുകള്‍ വിനാശകരവും മാനവിക വിരുദ്ധവും പ്രതിലോമാകരവുമാണ്. നോവലിന്‍റെ നീഷിയന്‍ അടിയൊഴുക്കുകളില്‍ സെറ്റെംബ്രിനി, അപ്പലോനിയന്‍ (Apollonian) വ്യവസ്ഥാപിതത്വത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും പ്രതീകമാണെങ്കില്‍, നാഫ്ത, ഡയനീഷ്യന്‍ (Dionysian) അവ്യവസ്ഥയുടെയും വിക്ഷോഭങ്ങളുടെയും യുക്തി/ക്രമ രാഹിത്യത്തിന്‍റെയും ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. ഹംഗേറിയന്‍ മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ ലൂക്കാചിനെ (Georg Lukács (1885-1971) മാതൃകയാക്കിയാണ് മന്‍, നാഫ്തയുടെ പാത്രസൃഷ്ടി നടത്തിയതെന്ന് പൊതുവേ കരുതപ്പെടുന്നു. മെരുങ്ങാപ്രകൃതിയും ആസക്തി ചോദനകള്‍ ഉണര്‍ത്തുന്നവളുമായ ക്ലാവ്ഡിയ ഷോഷായോട് കസ്റ്റോര്‍പ്പിനുണ്ടാകുന്ന സങ്കീര്‍ണ്ണ ആകര്‍ഷണം നോവലില്‍ സുപ്രധാനമാണ്‌. ഒരു കൂട്ടുകെട്ടിലും ഒതുങ്ങാത്ത ക്ലാവ്ഡിയ, മോഹിപ്പിക്കുമെങ്കിലും അതൊരിക്കലും സ്ഥായിയാവില്ല. ഫ്രഞ്ചുകാരനായ ഭര്‍ത്താവിന്‍റെ സാന്നിധ്യം അവളുടെ പേരില്‍ മാത്രമാണുള്ളതും. കാസ്റ്റോര്‍പ്പ് അവളുടെ മെരുങ്ങാപ്രകൃതത്തെ ഒരുതരം സ്വാതന്ത്ര്യബോധം തന്നെയായി മനസ്സിലാക്കുമ്പോള്‍, സെറ്റെംബ്രിനിയുടെ അഭിപ്രായത്തില്‍, അപകടകരമായ ‘ഏഷ്യാറ്റിക്’ അപചയങ്ങളുടെ പ്രതിനിധിയാണ് അവള്‍. ഈ നിലപാട്, പൌരസ്ത്യമായ എല്ലാത്തിനെയും ഇകഴ്ത്തിക്കാണുന്ന ഇടുങ്ങിയതും യാന്ത്രികവുമായ സങ്കുചിത സാംസ്കാരിക അധീശത്തമനോഭാവത്തെ പ്രതിനിധാനം ചെയ്യുന്ന ഒറിയന്റലിസ്റ്റ്’ നരേറ്റിവുകളിലെ പാശ്ചാത്യ ഉത്ക്കര്‍ഷബോധത്തിന്‍റെ വക്താവായും സെറ്റെംബ്രിനിയെ മാറ്റുന്നു. ജീവിച്ചിരിക്കുന്നവരെ നേരിട്ടല്ലാതെത്തന്നെ പാത്രസൃഷ്ടിക്കു മാതൃകയാക്കുന്ന മന്നിന്‍റെ രീതി, ക്ലാവ്ഡിയയുടെ പാത്രസൃഷ്ടിയിലും നിരീക്ഷിക്കപ്പെടുന്നു. നീഷേ, അദ്ദേഹത്തിന്‍റെ സുഹൃത്ത് ബ്രിട്ടീഷ് സോഷ്യോളജിസ്റ്റ് പോള്‍ റേ, റില്കെ, ഫ്രോയ്ഡ് തുടങ്ങിയവരോടൊക്കെ ബന്ധമുണ്ടായിരുന്ന ലു ആന്ദ്രേയാസ് സലോമി ആയിരിക്കാം ക്ലാവ്‌ഡിയയുടെ മാതൃകയെന്ന് ഡേവിഡ് ബെല്ലര്‍ബി സമര്‍ഥിക്കുന്നു. ഒരര്‍ത്ഥത്തില്‍, ബെര്‍ഗ്ഹോഫിലെ കാസ്റ്റോര്‍പ്പിന്‍റെ താമസം അത്രയും നീണ്ടുപോകുന്നതില്‍ ക്ലാവ്ഡിയക്കൊരു പങ്കുണ്ട്. ഡയനീഷ്യന്‍ ആഘോഷത്തിന്‍റെ പ്രകൃതമുള്ള ആഘോഷരാവില്‍ (Walpurgis Night festivities) ഹാന്‍സ്, ക്ലാവ്ഡിയയോട് കുറെയേറെ അടുത്തിടപഴകുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തൊട്ടടുത്തദിവസം ബെര്‍ഗ്ഹോഫ് വിട്ടുപോകുകയാണ് താന്‍ എന്ന അവള്‍ അറിയിക്കുന്നത് അയാള്‍ക്കൊരു ആഘാതമാകും. എന്നെങ്കിലും തിരികെ വന്നേക്കുമെന്ന അവളുടെ വാക്ക്, പ്രണയാതുരനായ അയാളെ അവള്‍ക്കായി കാത്തുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. ഹാന്‍സിനുമേലുള്ള ക്ലാവ്ഡിയയുടെ സ്വാധീനത്തോടുള്ള എതിര്‍പ്പുകൊണ്ടും കൂടിയാകാം, സെറ്റെംബ്രിനി എല്ലായിപ്പോഴും ഹാന്‍സിനെ ഉദ്ബോധിപ്പിക്കും: ഹ്യൂമനിസത്തിന്‍റെ മേന്മയെ കുറിച്ച്, അതിവേഗം സുഖം പ്രാപിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച്, ബെര്‍ഗ്ഹോഫ് വിട്ടുപോയി സമൂഹത്തില്‍ പ്രയോജനമുള്ള ഒരാളാകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്. എന്നാല്‍ ക്ലാവ്ഡിയ തിരികെയത്തുക പുതിയ കാമുകനൊപ്പമാണ്. സെറ്റെംബ്രിനി, നാഫ്ത ദ്വയത്തിന്‍റെ ധൈഷണികതയുടെ എതിരറ്റത്തു നിലയുറപ്പിക്കുന്ന, ക്ലാവ്ഡിയയുടെ പുതിയ കാമുകന്‍ മിന്‍ഹീര്‍ പീപര്‍കോണ്‍ എന്ന റിട്ടയര്‍ ചെയ്ത ഡച്ച്‌ കൊളോണിയല്‍ വ്യവസായിയാണ്‌ കാസ്റ്റോര്‍പ്പില്‍ അനുരണനം സൃഷ്ടിക്കുന്ന ആ നാലാമതൊരാള്‍. ധാരാളം കുടിക്കുന്നവനും സുഖിമാനും ജീവിതം ആസ്വദിക്കുന്നവനുമായ അയാള്‍, വമ്പന്‍ പാര്‍ട്ടികള്‍ നടത്താന്‍ എപ്പോഴും മുന്നിലുണ്ട്. അതിമാനുഷഭാവത്തില്‍ ജീവിതം ആസ്വദിച്ച പീപര്‍കോണിന്‍റെ ആത്മഹത്യ, നോവലിലെ പ്രതീകാത്മകവും വൈകാരികവും ദാര്‍ശനികവുമായ ധ്വനികളുള്ള ഒരു സന്ദര്‍ഭമാണ്. മതിവരാത്ത ജീവിതാസക്തി, തീക്ഷ്ണത, മറ്റുള്ളവരെ തന്നിലേക്കു വലിച്ചടുപ്പിക്കുന്ന വ്യക്തിപ്രഭാവം, ഒപ്പം, വലിയ ശബ്ദത്തില്‍, വലിയ ആംഗ്യവിക്ഷേപങ്ങളോടെ ചെറുവാക്കുകളിലും ശബ്ദങ്ങളിലും എപ്പോഴും ഉല്ലസിക്കുന്ന ഒട്ടൊരു വിഡ്ഢി - ഇത്തിരി കോമാളിത്തം കലര്‍ന്ന, കാരികേച്ചര്‍ സ്വഭാവമുള്ള ആ പേര് സൂചിപ്പിക്കുന്നപോലെ. ലോകസാഹിത്യത്തില്‍ ഈ പ്രകൃതങ്ങളുടെ വിവിധ സമ്മിശ്രങ്ങളായി ഒട്ടേറെ കഥാപാത്രങ്ങളെ കണ്ടെത്താനായേക്കും. ജേയ് ഗാറ്റ്സ്ബി (ഗ്രേറ്റ് ഗാറ്റ്സ്ബി), ക്യാപ്റ്റന്‍ ആഹാബ് (മോബി ഡിക്ക്), ഹെമിങ് വെ നായകന്മാര്‍ തുടങ്ങിയ വമ്പന്‍ നായകന്മാരില്‍ പീപര്‍കോണിന്‍റെ അതേ ‘സജീവതാതത്വം (vitality/ masculinity principle) പ്രകടമാണെങ്കില്‍, ദസ്തയവ്സ്കിയുടെ പ്രിന്‍സ് മിഷ്കിനെ പോലുള്ള വിശുദ്ധവിഡ്ഢികളും, ഒരുവളേ, ഷേക്സ്പിയറുടെ ഫാള്‍സ്റ്റാഫിനെ പോലുള്ള വിടുവായന്‍ താന്തോന്നികളും അവര്‍ക്കുമുമ്പേ നടന്നുപോയ ഇയാളുടെ രക്തബന്ധുക്കളാണ്. എത്രയൊക്കെ പ്രകടനപരമായ ഊര്‍ജ്ജസ്വലതയുള്ള വ്യക്തിത്വമായിട്ടും, വെള്ളച്ചാട്ടത്തിന്‍റെ ശബ്ദത്തിനിടയില്‍ അയാളുടെ ശബ്ദം മുങ്ങിപ്പോകുന്ന സന്ദര്‍ഭം ഒരു പ്രതീകമാണ്‌. താനെന്തൊക്കെ അല്ലെയോ, ആ കുറവുകളില്‍ പലതിന്‍റെയും പൂര്‍ത്തീകരണമാണ് കാസ്റ്റോര്‍പ്പിനെ സംബന്ധിച്ച് പീപര്‍കോണ്‍. അത്തരമൊരു പിതൃസ്വരൂപത്തില്‍ അയാള്‍ക്ക് ഒരഭയം അനുഭവപ്പെടുന്നു. സ്വയം വിഷം കുത്തിവെച്ചുള്ള പീപര്‍കോണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് സ്ഥലംവിടുന്ന ക്ലാവ്ഡിയയെ പിന്നീടൊരിക്കലും ഹാന്‍സ് കാണുകയില്ല. മറ്റു വാക്കുകളില്‍, ആ മരണത്തോടൊപ്പം ജീവിതാസക്തിയുടെ ഈഡിപ്പല്‍ ത്രയത്തില്‍ ഹാന്‍സ് കാസ്റ്റോര്‍പ്പ് ഒരിക്കല്‍ക്കൂടി ഒറ്റപ്പെട്ടുപോവുകയാണ്, അനാഥനാകുകയാണ്.

 

ബെര്‍ഗ്ഹോഫ്: ആധുനിക യൂറോപ്പിന്‍റെ രോഗാതുരത

 

രോഗം ആധുനികതാ പ്രതിസന്ധിയുടെയും ദുരൂഹ ആകര്‍ഷണത്തിന്‍റെയും രൂപകമായിത്തീരുന്നതിന് ബോദ് ലെയറുടെ ‘തിന്മയുടെ പൂക്കള്‍ (Les Fleurs du mal -1857)’ പോലുള്ള ക്ലാസിക്കുകളില്‍ മുന്‍മാതൃകകളുണ്ട്. ബെര്‍ഗ്ഹോഫില്‍ ഹാന്‍സ് കണ്ടെത്തുന്ന ആകര്‍ഷണം ഭേദിക്കാനും വിട്ടുപോകാനും ഉപദേശിക്കുന്നവരില്‍, അയാളെ സന്ദര്‍ശിക്കാനെത്തുന്ന പ്രിയപ്പെട്ട അമ്മാവന്‍ ജെയിംസ് ടൈനാപ്പെലും ആ ആകര്‍ഷണത്തില്‍ ഒരു ഞൊടി പെട്ടുപോകുന്നു. എന്നാല്‍, അഴുകിയ ജഡത്തെ കുറിച്ചുള്ള ഡോ. ബെഹ്റെന്‍സിന്‍റെ ഒരുവിവരണമുണ്ടാക്കുന്ന അറപ്പില്‍, അനന്തിരവനോട് യാത്രപറയാന്‍പോലും നില്‍ക്കാതെ അയാള്‍ വിട്ടുപോകുന്നു. പതിവായി രോഗികളുടെ മനസ്സുകളെ ‘കീറിമുറിച്ചു മനോവിശ്ലേഷണ പ്രഭാഷണങ്ങള്‍ നടത്തുന്ന ഡോ. ക്രോകൊവ്സ്കിയുടെ രീതികള്‍പ്പോലെ ഈ സന്ദര്‍ഭവും ബെര്‍ഗ്ഹോഫിന്‍റെ നിഗൂഡതയുടെ സൂചകമാണ്. ഡോ. ബെഹ്റെന്‍സിനെയും ഡോ. ക്രോകൊവ്സ്കിയെയും ഗ്രീക്ക് പുരാണത്തിലെ മരിച്ചവരുടെ ലോകത്തിലെ അധിപന്മാരുമായും വിധികര്‍ത്താക്കളുമായുംചേര്‍ത്ത് സെറ്റെംബ്രിനി വിവരിക്കുന്നത്, ബെര്‍ഗ്ഹോഫിന്‍റെതന്നെ പ്രകൃതവുമായി ചേര്‍ന്നുപോകുന്നു. പുറംലോകത്തെ ‘സമതലങ്ങള്‍ (flatlands) എന്നും സനറ്റോറിയത്തെ മലമുകളിലെ ‘അധോലോകം (‘Underworld) എന്നും നോവലില്‍ വിവരിക്കുന്നതും പ്രധാനമാണ്. തെരഞ്ഞെടുപ്പില്ലാത്ത (Cessation of Will) നശ്വരതയുടെ അനിവാര്യചിഹ്നങ്ങളായി രോഗം, ജീര്‍ണ്ണത, മരണം എന്നിവയെ മനസ്സിലാക്കുന്ന ഷോപ്പനോവറുടെ അശുഭദര്‍ശനം ബെര്‍ഗ്ഹോഫിന്‍റെ സങ്കല്‍പ്പനത്തില്‍ അടിയൊഴുക്കാണ്.

 നോവലിലെ സുപ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നായ ആഘോഷരാവ് (“Walpurgisnacht”/ “Walpurgis Night), ഗെയ്ഥെയുടെ ‘ഫോസ്റ്റി’ലെ രതികേളി രംഗങ്ങളെയും നീഷേയുടെ ഡയനീഷ്യന്‍ ആശയങ്ങളെയും (The Birth of Tragedy) ഓര്‍മ്മിപ്പിക്കുന്നു. അവിടെ രോഗികള്‍ മോശമാവാറേയുള്ളൂ എന്നും അവരെപ്പോലെ അവിടെ പ്രവര്‍ത്തിക്കുന്നവരും വിചിത്രമായൊരു പിന്‍വാങ്ങലിലേക്കും അന്യവല്‍കൃത ഏകാന്തതയിലേക്കും പരുവപ്പെടുന്നു എന്നും വ്യക്തമാണ്. ഹാന്‍സിനെപ്പോലെ, വേദനകളും രോഗവും മരണവുമെല്ലാം അവരൊരു നിസ്സംഗതയോടെ സമീപിക്കുന്ന അവസ്ഥകളാണ്. ഡിസ്ചാര്‍ജ്ജ് തിയ്യതി വീണ്ടും വീണ്ടും മാറ്റിവെക്കലും അത് മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കും നീളലും പതിവാണ്. വിട്ടുപോയവര്‍, പുറംലോകവുമായി പുനരേകീകരണം സാധ്യമാകാതെ തിരികെയത്തലും സാധാരണം. പുറംലോകത്തിനെതിരെ തീര്‍ത്തും അടച്ചിടപ്പെട്ട/ വലയിതമായ അവിടം, വിചിത്രമായ സ്വാസ്ഥ്യം അവര്‍ക്ക് നല്‍കുന്നുണ്ട് എന്ന സൂചന, ഒരുവേള, ബാഹ്യലോകത്തെ കലുഷിതാവസ്ഥയെ കുറിച്ചുള്ള ഒരു രൂക്ഷനിരീക്ഷണവുമാണ്. ലോകം മുഴുവനും രോഗാതുരമാകുമ്പോള്‍ എന്തുകൊണ്ടും ഒരു സാനറ്റൊറിയാം അഭയവുമാകാം എന്ന സൂചന, പോയ നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളുടെ ജര്‍മ്മനിയെ/ യൂറോപ്പിനെ ഓര്‍മ്മിപ്പിക്കാതെവയ്യ. ഒപ്പം അത്, ആധുനികത മുന്നോട്ടുവെച്ച ശൂന്യതാവാദത്തോളം എത്തുന്ന നൈരാശ്യങ്ങളുടെ പ്രതിഫലനവുമാണ്. തിരക്കുകളില്‍ / ഋതുക്കളുടെ ഏറ്റിറക്കങ്ങളില്‍/ വിഷാദരോഗാന്തരീക്ഷത്തില്‍ നിന്നുമാറി ഒരിടവേള ആസ്വദിക്കാനെത്തുന്ന കാല്‍പ്പനികസൗന്ദര്യമിയന്ന ഇടങ്ങളിലെ താല്‍ക്കാലികവാസമെന്ന (idyllic retreat/ haven) യൂറോപ്യന്‍ ഉപരി/മധ്യ വര്‍ഗ്ഗസങ്കല്‍പ്പത്തിന്, ഒന്നാംലോകയുദ്ധപൂര്‍വ്വ യൂറോപ്പിലൊരു അവലക്ഷണം പിടിച്ച (grotesque) പാരഡിപോലെ സാനറ്റോറിയത്തെ കാണാവുന്നതാണ്. ടി.എസ്. എലിയറ്റിന്‍റെ വിഖ്യാതകവിതയിലെ അനസ്തേഷ്യ കൊണ്ട് മയങ്ങിക്കിടക്കുന്ന രോഗിയായ സന്ധ്യപോലെ, യൂറോപ്യന്‍ ചരിത്രസന്ദര്‍ഭത്തിന്‍റെ രോഗാതുരതയുടെതന്നെ രൂപകമായി ബെര്‍ഗ്ഹോഫ് മാറുന്നു. അനന്തതയുമായുള്ള മുഖാമുഖത്തിലെ അതീതാനുഭവം, ധ്യാന-ആത്മമനന പ്രചോദനം, വെളിപാട്, ബോധോദയം തുടങ്ങിയ ദാര്‍ശനിക, ആത്മീയ ഉദാത്തീകരണ മൂല്യങ്ങളുമായിച്ചേര്‍ത്ത്‌  പറഞ്ഞുവന്നിട്ടുള്ള പര്‍വ്വതാനുഭവം, രോഗാതുരതയുടെ രൂപകമാകുമ്പോള്‍, പൗരാണിക- പരമ്പരാഗത ആഖ്യാനങ്ങളില്‍നിന്നുള്ള വലിയൊരു അട്ടിമറിയാണ് സംഭവിക്കുന്നത്‌. കാല്‍പ്പനികവും ദാര്‍ശനികവുമായ മിസ്റ്റിക്കല്‍ ഭാവങ്ങള്‍ ഒന്നുമില്ലാത്ത, ജീര്‍ണ്ണതയുടെയും ജീവിത നിരാസക്തിയുടെയും ഒറ്റപ്പെടലിന്‍റെയും മൃതിയുടെയും ഇടമായി അത് പരിവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ആധുനികതയുടെ ഐറണി. ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു ഇടയിടം (Liminal Space) ആയിത്തീരുന്ന ബെര്‍ഗ്ഹോഫില്‍ ആരും ഒരു ബോധോദയ/ ജ്ഞാനോദയ വെളിപാടിലേക്കും എത്തിച്ചേരുക സാധ്യമല്ല.

യുദ്ധം അനിവാര്യമാകുംവിധം പുറംലോകത്തെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍, ബെര്‍ഗ്ഹോഫിലും അന്തരീക്ഷം സംഘര്‍ഷപൂര്‍ണ്ണമാകുന്നു. സെറ്റെംബ്രിനിയും നാഫ്തയും തമ്മിലുള്ള വാഗ്വാദം എല്ലാ സീമയും ലംഘിച്ച് നാഫ്ത, സെറ്റെംബ്രിനിയെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുന്നു. എന്നാല്‍, സന്ദിഗ്ദ്ധഘട്ടത്തില്‍, സമാധാനവാദിയായ സെറ്റെംബ്രിനി, നാഫ്തക്കെതിരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിക്കുന്നത്‌, ഭീരുത്വമായി നാഫ്ത വ്യാഖ്യാനിക്കുന്നു. സ്വയം തലയ്ക്കു വെടിവെച്ച് അയാള്‍ ആത്മഹത്യ ചെയ്യുന്നത്, സെറ്റെംബ്രിനിയെ പിടിച്ചുലയ്ക്കുകയും അയാള്‍ സ്വന്തം മുറിയിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. നോവലന്ത്യത്തില്‍, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതോടെ ബെര്‍ഗ്ഹോഫിലെ അന്തേവാസികള്‍ ഓരോരുത്തരായി പുറപ്പാടാകുന്നു. ഒടുവില്‍, ഹാന്‍സിനും അത് പുറപ്പെടാനുള്ള സന്ദര്‍ഭമായിത്തീരുന്നു. യുദ്ധരംഗത്ത് മറ്റനേകം യുവ സൈനികരോടൊപ്പം ഒരു നിശ്ചിതത്വവുമില്ലാത്ത അവസ്ഥയിലാണ് ഹാന്‍സിനെ നോവല്‍ വിട്ടുവെക്കുന്നത്.

 

ഫ്രോയ്ഡ്, നീഷേ...

 

മോഡേണിസ്റ്റ് നോവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നോവലിലെ ധൈഷണിക, മനോവിശ്ലേഷണ തലങ്ങള്‍ സുപ്രധാനമാണ്‌. ‘രോഗികളുടെ മനസ്സിനെ കീറിമുറിക്കുന്നഡോ. ക്രോകൊവ്സ്കി നേരിട്ടുതന്നെ ഇപ്പോഴും ഫ്രോയ്ഡിയന്‍ അനുകരണത്തിലാണ്. അത് മാറ്റിവെച്ചാല്‍, ഈ അന്വേഷണത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളാണ് ഹാന്‍സിനുണ്ടാകുന്ന സ്വപ്നാനുഭവങ്ങള്‍. അന്തേവാസികള്‍ പുറത്തുപോകുന്നതിനെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലാത്ത ബെര്‍ഗ്ഹോഫില്‍, കാസ്റ്റോര്‍പ്പ് പുറത്തുകടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളെങ്കിലും നോവലിലുണ്ട്. അത്തരം ‘വേലിചാടല്‍ സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിലാണ്, കുട്ടിക്കാലത്തിന്‍റെ ഒരു സ്വപ്നദൃശ്യത്തിലൂടെ ‘എറോടിക് ചോദനകളുടെ ആദ്യ സൂചനയായ അനുഭവം കടന്നുവരുന്നത്‌. സഹപാഠി പ്രിബിസ്ലാവ് ഹിപ്പെയോടു തോന്നുന്ന ‘ഹോമോ എറോടിക് ആകര്‍ഷണമാണ് ഈ ആദ്യസ്വപ്നാനുഭവം. പില്‍ക്കാലം, ക്ലാവ്ഡിയയോടുണ്ടാകുന്ന ആകര്‍ഷണം ഇതിനു സമാന്തരമായി ഹാന്‍സിനു അനുഭവപ്പെടുകയും ചെയ്യും. രണ്ടാം സന്ദര്‍ഭം ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നതാണ്. ശൈത്യകാലത്ത് സ്കിയിങ്ങിനു പോകുന്ന ഹാന്‍സ്, കാട്ടില്‍ പെട്ടുപോകുന്ന ഘട്ടത്തില്‍, കൊടുങ്കാറ്റില്‍നിന്ന് അഭയംതേടി ഒരു കുടിലിലെത്തുന്നു. അവിടെ കിടന്നുറങ്ങിപ്പോകുന്ന ഘട്ടത്തിലാണ് അതുണ്ടാകുന്നത്. പുരാതന യവനജീവിതത്തിന്‍റെ സൗന്ദര്യവും സര്‍ഗ്ഗാത്മകതയും തമ്മിലുള്ള സമ്പൂര്‍ണ്ണ മിശ്രണം വേണ്ടുവോളമുള്ള ഒന്നായി തുടങ്ങുന്ന ഒരാഘോഷ രംഗമാണ് അത്. എന്നാല്‍, അതിവേഗം ആ ആദര്‍ശ ചിത്രത്തിന് നേരെ എതിരറ്റത്തുള്ള ഒന്നിലേക്ക് അത് സംക്രമിക്കുന്നു. പ്രായം കടന്ന, അര്‍ദ്ധനഗ്നകളായ ദുര്‍മ്മന്ത്രവാദിനികള്‍ സ്വര്‍ണ്ണത്തലമുടിയുള്ള ഒരു കൊച്ചുകുഞ്ഞിനെ തുണ്ടമാക്കുന്നു. കുട്ടിക്കാലത്ത് ലൂതറന്‍ പള്ളിയില്‍ വെച്ച് കാണാനിടയായ മരണനൃത്തത്തിന്‍റെ ചിത്രവും (The Totentanz), ഒന്നാംലോകയുദ്ധസാഹചര്യത്തെ ആസ്പദമാക്കി വരക്കപ്പെട്ട എക്സ്പ്രഷനിസ്റ്റ് പെയ്ന്റിംഗും (Otto Dix 1891-1969) അവലക്ഷണം പിടിച്ച ഓര്‍മ്മകളായി, ഈ സ്വപ്നഖണ്ഡ സങ്കല്‍പ്പനത്തില്‍ നോവലിസ്റ്റിനെ സ്വാധീനിച്ചിരുന്നിരിക്കണം. നോവലിലെ നീഷിയന്‍ വായനയില്‍, അപ്പലോനിയന്‍- ഡയനീഷ്യന്‍ മുഖാമുഖത്തിന്‍റെ ഏറ്റവും ശക്തമായ ഈ രംഗത്തില്‍, നോവലിന്‍റെ കേന്ദ്രപ്രമേയങ്ങളില്‍ പ്രധാനമായ മനശാസ്ത്രപരവും അസ്തിത്വപരവും ദാര്‍ശനികവുമായ ഒട്ടേറെ സൂക്ഷ്മപാഠങ്ങള്‍ കണ്ടെത്താനാകും: യുക്തിചിന്തയും അവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, മരണത്തിന്‍റെ അനിവാര്യത, നിഷ്കളങ്കതയുടെ ബലി/നഷ്ടം/ദുര്‍വ്യയം എന്നിവയൊക്കെ ഇവിടെ സൂചിതമാണ്‌. ഒരുവശത്ത്‌ പുരാണ ബന്ധിതവും (mythological) രതിബദ്ധവും (erotic) ആദിമവും (primal) വിനാശകരവും (destructive) മറുവശത്ത്‌ അതേസമയം അതിനിഷ്കളങ്കവുമായ ശക്തികളുമായി കൂടിക്കുഴയുന്ന ഒരു സന്ദര്‍ഭത്തെ എകാന്തനും വഴി നഷ്ടപ്പെട്ടവനുമായ കഥാപാത്രവുമായി മുഖാമുഖം നിര്‍ത്തുന്നതിലൂടെ, അസ്തിത്വത്തിന്‍റെ അടിയൊഴുക്കാവുന്ന വൈരുധ്യങ്ങളിലേക്ക് നോവലിസ്റ്റ് തന്‍റെ ആത്മഇരട്ട (alter ego) യെ നയിക്കുകയാണ്. ദുര്‍മ്മന്ത്രവാദിനികള്‍ സ്വതേ വിനാശകതയുടെയും രൂപഭേദങ്ങളുടെയും ജനന-മരണ ചാക്രികതയുടെയും ആദിശക്തികള്‍ ആയിരിക്കുമ്പോള്‍ത്തന്നെ, നീഷിയന്‍ ദര്‍ശനത്തിലെ ഡയനീഷ്യന്‍ വശത്തെയും, അവരുടെ അര്‍ദ്ധനഗ്നത, ഫ്രോയ്ഡിയന്‍ വീക്ഷണത്തിലെ ആദിചോദനകളെയും സൂചിപ്പിക്കുന്നു. സ്വര്‍ണ്ണത്തലമുടിയുള്ള കുട്ടി, ഇതേ വീക്ഷണത്തില്‍, അപ്പലോനിയന്‍ വ്യവസ്ഥയെയും, ഒപ്പം, ആദിരൂപങ്ങളിലെ നിഷ്കളങ്കതയുടെ ബലിയെയും സൂചിപ്പിക്കുന്നു. ഇതിലെല്ലാം പ്രധാനമായി, നോവലില്‍ പ്രധാനമായ മരണം, നശ്വരത എന്നീ വിഷയങ്ങളുമായി ഈ സന്ദര്‍ഭം നേരിട്ടു ബന്ധപ്പെടുന്നു.

ക്ലാവ്ഡിയയുടെ സങ്കീര്‍ണ്ണമായ പാത്രസൃഷ്ടിയില്‍ ക്ലാസിക്കല്‍ ഫ്രോയ്ഡിയന്‍ ദ്വന്ദ്വങ്ങളായ ജീവിതാസക്തിയും (Eros) മൃത്യുപാസനായും(Tanatos) സംഗമിക്കുന്നു. നോവലില്‍ ഉടനീളം കാണാവുന്ന വൈരുദ്ധ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എന്ന ആശയത്തെ ഏറ്റവും സമൂര്‍ത്തമായി പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായി ക്ലാവ്ഡിയ മാറുന്നു. ശരീരബദ്ധം തന്നെയായ ലൈംഗികാകര്‍ഷണം കൊണ്ട്, ബൗദ്ധികതയുടെ അമൂര്‍ത്തതകളില്‍നിന്ന്  ചോദനകളുടെ ജൈവികതയിലേക്ക് അവള്‍ ഹാന്‍സിനെ മോചിപ്പിക്കുന്നു. അതേസമയം, അമ്മ എന്നത് വിദൂര സ്മൃതിപോലുമല്ലാത്ത അയാളില്‍ എവിടെയൊക്കെയോ അവളൊരു മാതൃസ്വരൂപവും ആവുന്നുണ്ട്‌; പീപര്‍കോണ്‍ അനാഥനായ അയാള്‍ക്ക് പിതൃസ്വരൂപമായിത്തീരുന്നപോലെ. ആ നിലക്ക്, മൂവരും ചേരുന്ന ത്രികോണം ഒരു ക്ലാസിക്കല്‍ ഈഡിപ്പല്‍ സമവാക്യമായി പരിണമിക്കുന്നുമുണ്ട്. എന്നാല്‍, ‘പിതാവിനെ അന്വേഷിക്കുക(quest for a father-figure) എന്ന ആദിരൂപയാനത്തില്‍, കണ്ടെത്തല്‍ ചാരിതാര്‍ത്ഥ്യം പകരുമെങ്കിലും, പീപര്‍കോണിന്‍റെ ആത്മഹത്യ അയാളെ വീണ്ടും അനാഥനാക്കുകയാണ് ചെയ്യുക. ക്ലാവ്ഡിയയാകട്ടെ, ജീവിതാസക്തിയുടെ പ്രതിരൂപമായിരിക്കുമ്പോള്‍ത്തന്നെ, രോഗത്തിന്‍റെയും മരണത്തിന്‍റെയും നിഴലിലാണ്. ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ആകര്‍ഷണ ഉപാധിയെന്ന എന്നനിലയില്‍, അവളുമായുള്ള ബന്ധം ഹാന്‍സിനെ സംബന്ധിച്ച് വൈകാരികതക്കിടമില്ലാത്ത നശ്വരതയെ നിതാന്തം ഓര്‍മ്മിപ്പിക്കുന്നു. ആസക്തിയുടെയും നഷ്ടത്തിന്‍റെ/മൃതിയുടെയും മാറിമാറിവരുന്ന ദുരൂഹ ആകര്‍ഷണത്തെയാണ് അവള്‍ പ്രതിനിധാനം ചെയ്യുന്നത്. ആ നിലക്ക്, നോവല്‍ മുന്നോട്ടുവെക്കുന്ന സമന്വയത്തിന്‍റെ (synthesis) പ്രതീകമാണ്‌ ക്ലാവ്ഡിയ: ജീവിതം/ മൃത്യു, ആസക്തി/ ഇല്ലാതാവല്‍ എന്നിവയുടെ, സമന്വയത്തെ കുറിച്ചുള്ള തീര്‍പ്പുകളില്ലാത്ത നിലപാടുതറ. പീപര്‍കോണുമായുള്ള അവളുടെ ബന്ധത്തിലും ആത്മപീഡനത്തിന്‍റെ ദുരൂഹമായ അടരുകളുണ്ട്. ക്ലാവ്ഡിയ, ഹാന്‍സിനോട് തുറന്നുപറയുന്നത് പീപര്‍കോണിന്‍റെ മേധാശക്തിക്ക് കീഴ്പ്പെടുന്നത് അവള്‍ ആസ്വദിക്കുന്നു എന്നാണ്. ക്ലാവ്ഡിയയെ പോലെത്തന്നെ പീപര്‍കോണിനെയും വെറുക്കുന്ന സെറ്റെംബ്രിനി, ഹാന്‍സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയെല്ലാം ലളിതവര്‍ഗ്ഗീകരണത്തില്‍ ഒതുങ്ങാത്ത മാനസിക വ്യാപാരങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ വ്യക്തമാണ്‌.

 

മൃതിപാഠങ്ങള്‍

 

മൃതിയെന്ന ഗുരു, വ്യത്യസ്തരൂപത്തില്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ബെര്‍ഗ്ഹോഫിലെത്തുംമുമ്പേ ഹാന്‍സ് കാസ്റ്റോര്‍പ്പിനുചുറ്റും മരണമുണ്ടായിരുന്നുവെന്നു അയാളുടെ ഓര്‍മ്മകളില്‍ തെളിയുന്നു. ഓര്‍മ്മവെക്കുന്ന പ്രായത്തിനുംമുമ്പേ മാതാപിതാക്കളുടെ മരണം, പത്താം വയസ്സില്‍ ഏകരരക്ഷാകര്‍ത്താവായിരുന്ന മുത്തച്ഛന്‍റെ മരണം, ബന്ധുക്കളുടെ മരണം തുടങ്ങിയ രൂപങ്ങളില്‍ അതെന്നും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. നോവലന്ത്യത്തില്‍, പേരോ ഊരോ അറിയാത്ത എണ്ണമറ്റ യുവസൈനികരിക്കിടയില്‍ മരണത്തിന്‍റെ ഉന്മാദത്തിനു അയാള്‍ സാക്ഷിയാകുന്നുമുണ്ട്. ഈ രണ്ടറ്റങ്ങള്‍ക്കിടയിലാണ് നോവലിന്‍റെ ഇടവും കാലവും. ദേശീയവും സാമൂഹികവുമായ ഉത്തരവാദിത്തബോധമുണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത ഹാന്‍സിനെ ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ച ബന്ധു യോക്കിം, അതേ ഉത്തരവാദിത്ത നിര്‍വ്വഹണത്തിനുള്ള അതിതാല്പര്യത്തിന്‍റെ വിലയായി മരണത്തിന്‍റെ മൗനത്തിലേക്ക്‌ കടന്നുപോകുന്നത്, പ്രായോഗികതയുടെയും പൗരബോധത്തിന്‍റെയും ബോധ്യങ്ങളും ആത്യന്തികമല്ല എന്നതാണ് തെളിയിക്കുന്നത്. നശ്വരതയെന്ന യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ സാമൂഹികപ്രതീക്ഷകളും അതിന്‍റെ അച്ചടക്കവും എത്രകണ്ട് നിഷ്ഫലമാകാം എന്നൊരു ചോദ്യം അയാളുടെ അന്ത്യം ഉന്നയിക്കുന്നുണ്ട്‌. സ്വയമൊരു റിബലും പുരോഗമനവാദിയും ആത്യന്തിക സ്വാതന്ത്ര്യവാദിയുമാണെന്ന് ധരിച്ചുവശാവുകയും പ്രസ്തുതമൂല്യങ്ങള്‍ക്കുവേണ്ടി വീറോടെ വാദിക്കുകയുംചെയ്യുന്ന നാഫ്ത, ഒരു പ്രയോജനവുമില്ലാത്ത, സ്വയംവരിച്ച മൃതിയിലേക്കു പോകുന്നത്, തന്‍റെ അപരനായ സെറ്റെംബ്രിനിയുമായുണ്ടാകുന്ന വെറും ഈഗോ സംഘര്‍ഷത്തിന്‍റെ ഒടുവിലാണ്. വിട്ടുവീഴ്ചയില്ലാത്ത ധൈഷണികതയുടെയും ആദര്‍ശഭ്രാന്തിന്‍റെയും ദുരന്തം അയാളുടെ വിധിയില്‍ സൂചിതമാണ്‌. ജീവിതത്തെ മുഴുവന്‍ ഉത്സവമാക്കി കൊണ്ടുനടന്ന പീപര്‍കോണ്‍, ആണത്തപ്രതിസന്ധിയുടെ കനംകുറഞ്ഞ ആത്മസംഘര്‍ഷത്തിലാണ് സ്വയം ഒടുങ്ങുന്നത്. ആനന്ദമാര്‍ഗ്ഗങ്ങളും അഭിരമിക്കലും താല്‍ക്കാലികമാകാതെവയ്യ എന്ന ഓര്‍മ്മപ്പെടുത്തലിനോടൊപ്പം, അവയിലടങ്ങിയ അസ്തിത്വഭീഷണിയെ കൂടി പീപര്‍കോണിന്‍റെ അന്ത്യം സാക്ഷ്യപ്പെടുത്തുന്നു. അയാളുടെ മരണശേഷം എങ്ങോട്ടെന്നില്ലാതെ വിട്ടുപോകുന്ന ക്ലാവ്ഡിയ, ജീവിതത്തിലേക്കാണോ പോകുന്നത് എന്നുപോലും തീര്‍ച്ചയില്ല. നാഫ്തയുടെ മരണശേഷം, തന്‍റെ അപരനില്ലാതെ, ആദര്‍ശയുദ്ധങ്ങള്‍ക്ക് എന്നെന്നേക്കുമായി അവധിനല്‍കി സ്വന്തം കട്ടിലിന്‍റെ മൗനത്തിലേക്ക്‌ പിന്‍വാങ്ങുന്ന സെറ്റെംബ്രിനി, അര്‍ത്ഥപൂര്‍ണ്ണമായ ഏതെങ്കിലും തലത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് പറയാനാകില്ല. ഏതൊരു ബൗദ്ധിക ഇടപെടലിനെയും അസംബന്ധമാക്കുന്ന ചുറ്റുപാടിലും സംവാദങ്ങളില്‍ ജീവിതാര്‍ത്ഥം കണ്ടെത്തിയിരുന്ന അയാള്‍, അതില്ലാതാകുന്നതോടെ അസ്ഥിത്വപരമായ ശൂന്യതയെ നേരിടുന്നു. മറ്റുവാക്കുകളില്‍ അയാള്‍, സാര്‍ത്രിനും മുമ്പേ, അസ്തിത്വപ്രതിസന്ധിയുടെ ഒരു ലക്ഷണമൊത്ത പതിപ്പായിത്തീരുന്നു.

വ്യത്യസ്ത ആശയഗതികള്‍ക്കൊണ്ട് ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്ന ഇക്കൂട്ടത്തില്‍ ഒരാള്‍ക്കും ഒന്നും നേടാനോ സ്ഥാപിക്കാനോ കഴിയുന്നില്ല എന്നതിലും അകാരണമോ, അകാലത്തിലോ കടന്നുവരുന്ന മരണം അനിവാര്യതപോലെ എല്ലാം തകിടംമറിക്കുന്നു എന്നതിലും നിഹിലിസ്റ്റ് നിഷേധാത്മകതയുടെ സൂചനകള്‍ കണ്ടേക്കാമെങ്കിലും, വൈവിധ്യങ്ങളിലെ അന്വേഷണം എന്ന ആശയത്തിലേക്ക് ഇവിടെയൊരു വെളിച്ചമുണ്ട്. ഒരൊറ്റ ആശയഗതിയുടെയോ തത്വശാസ്ത്രത്തിന്‍റെയോ ജീവിതരീതിയുടെയോ അപ്രമാദിത്തത്തിലൂടെ മനുഷ്യന്‍ നേരിടുന്ന സങ്കീര്‍ണ്ണ/ ധാര്‍മ്മിക/ ആശയ പ്രതിസന്ധികള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണവും സ്ഥായിയുമായ വിശദീകരണം സാധ്യമായേക്കില്ല എന്ന യാഥാര്‍ത്ഥ്യബോധമാണ് അത്. മന്‍ ഉന്നയിക്കുന്ന നിലപാട് സമ്പൂര്‍ണ്ണമല്ലായിരിക്കാം, എന്നാലത് നൈരാശ്യത്തിനും സാധ്യതകള്‍ക്കും ഇടയിലെ വിനിമയമാണ്‌. പ്രസിദ്ധീകരണത്തിന്റെ ഒരു നൂറ്റാണ്ടിനിടെ സ്വീകാര്യതയുടെ വിവിധ ഘട്ടങ്ങളില്‍ക്കൂടി കടന്നുപോയിട്ടുണ്ട്‌ ‘മാജിക് മൌണ്ടന്‍’ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു (H.R.Vaget). ആദ്യഘട്ടം വലിയ സ്വീകാര്യതയുടെതായിരുന്നുവെങ്കില്‍, കടുത്ത അവഗണനയുടെ കാലമാണ് ആധുനികതയുടെ അപചയഘട്ടത്തില്‍ അതനുഭവിച്ചത്. എന്നാല്‍, അറുപതുകളുടെ അവസാനത്തോടെ വീണ്ടും നോവലിന്റെ പ്രാമാണികത അംഗീകരിക്കപ്പെട്ടതിനു പിന്നില്‍, പുസ്തകം മുന്നോട്ടുവെച്ച ഉത്കണ്ഠകള്‍ പുതിയ കാലത്തും പ്രസക്തമാണ്‌ എന്ന ബോധ്യം തന്നെയായിരിക്കണം. അതിന്നും തുടരുന്നു.

ഹാന്‍സിന് എന്താവും സംഭവിച്ചിരിക്കുക എന്ന, ഒരു കൂട്ടം അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് നോവലിസ്റ്റ് നല്‍കിയ ഉത്തരം ഡാനിയേല്‍ ബര്‍ട്ട് ഉദ്ധരിക്കുന്നു: (അതിജീവിച്ചാല്‍) ‘തീര്‍ച്ചയായും അയാളായിരിക്കും അതില്‍നിന്നു പഠിച്ചവന്‍, ശ്രോതാവ്, പരീക്ഷിച്ചും, തള്ളിക്കളഞ്ഞും, തെരഞ്ഞെടുത്തും,.. ആരുടേയും വേലക്കാരനാകാതെ.. സ്വന്തം സ്വത്വത്തില്‍, എല്ലാ നല്ല മനുഷ്യരുടെയും സുഹൃത്തായി.”   ( D.S. Burt. 2010)

 

അവലംബങ്ങള്‍:

1.       Daniel S. Burt - Literary 100_ A Ranking of the Most Influential Novelists, Playwrights, and Poets of All Time, Facts on File Library of World Literature (2009)

2.       T. J. Reed. ‘Education’, Thomas Mann: The Uses of Tradition, Second Edition, Calrendon Press, Oxford, (1996) p. 226

3.       Daniel S. Burt - The Novel 100, Revised Edition, Facts on File Library of World Literature (2010)

4.       David E. Wellbery. "Thoughts on Thomas Mann's Magic Mountain" Video talk, University of Chicago October 19, 2019, https://www.youtube.com/watch?v=eaZZcRB01kQ.

5.       Hans Rudolf Vaget: “The Making of ‘The Magic Mountain’.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 13-30.

6.       Martin Travers: “Death, Knowledge, and the Formation of Self: The Magic Mountain.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 31-30.

7.       Hans Rudolf Vaget: “The Making of ‘Introduction’.” Thomas Mann’s The Magic Mountain. A Casebook. Ed. Hans Rudolf Vaget. New York: Oxford University Press, 2008, p. 5.

 

 

 

 

 

Saturday, November 9, 2024

The Art of Hearing Heartbeats by Jan-Philipp Sendker/ Kevin Wiliarty

 

പ്രണയ നൊമ്പരത്തിന്റെ ജന്മാന്തരങ്ങള്‍



ദുരൂഹമായി അപ്രത്യക്ഷനാകുന്ന പിതാവിനെ തേടിയിറങ്ങുന്ന അന്വേഷണം എന്നത് ഒഡീസ്സിയൂസ് – ടെലെമാക്കസ്  കഥ മുതല്‍  സാഹിത്യത്തില്‍ ഒരാദിരൂപ ഘടന പോലെ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ്. നിയതമായ രക്തബന്ധം (biological father) എന്നയര്‍ത്ഥത്തില്‍ മാത്രമല്ലആത്മീയ പിതാവിനെ (spiritual father) തേടുന്ന ജെയിംസ് ജോയ്സിന്റെ സ്റ്റീഫന്‍ ഡെഡാലസിനെ പോലെ ദാര്‍ശനിക അന്വേഷണമായും പിതൃസ്വരൂപത്തെ തേടുകയെന്ന പ്രമേയം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ജര്‍മ്മന്‍ നോവലിസ്റ്റ് യാന്‍ ഫിലിപ്പ് സെന്‍കര്‍ രചിച്ചു കെവിന്‍ വിലിയാര്‍ട്ടി ഇംഗ്ലീഷ് ഭാഷാന്തരം നിര്‍വ്വഹിച്ച The Art of Hearing Heartbeats എന്ന നോവല്‍ അതി തീവ്രമായ ദാര്‍ശനിക കെട്ടുപാടുകള്‍ ഒന്നുമില്ലാതെ ഒരേ സമയം പ്രണയ വേദനയുടെതും പിതാവിനെ തേടലിന്റെയും കഥ പറയുന്നു. 

നാല് വര്‍ഷം മുമ്പ്തീര്‍ത്തും ദുരൂഹമായ വിധത്തില്‍ അപ്രത്യക്ഷനായ പിതാവ് എഴുതിയതെന്നു കരുതാവുന്ന ഒരു പ്രണയ ലേഖനം കണ്ടെത്തപ്പെടുന്നതിന്റെ ചുവടു പിടിച്ചു ബര്‍മ്മയിലെ കാലോയിലേക്ക് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന ജൂലിയ വിന്‍ എന്ന ന്യു യോര്‍ക്ക് അഭിഭാഷകയിലൂടെയാണ് വിചിത്ര സൌന്ദര്യമിയന്ന ഒരു പ്രണയ കഥയായി ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ വികസിക്കുന്നത്. തികച്ചും ദരിദ്രമായ ബര്‍മ്മീസ് പശ്ചാത്തലത്തില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് പ്രമുഖനായ വാള്‍ സ്ട്രീറ്റ് അഭിഭാഷകന്‍ ആയി ഉയര്‍ന്നമികച്ച സാമൂഹിക പദവിയും ജീവിത ചുറ്റുപാടുകളും ഉള്ള ടിന്‍ വിന്‍ അത്തരമൊരു ഒളിച്ചോട്ടം നടത്തിയത് എന്തിനാവാം എന്നത്പിതാവിന്റെ പാത പിന്തുടര്‍ന്നു അതേ രീതിയില്‍ പ്രശസ്തയായിക്കൊണ്ടിരിക്കുന്ന യുവ അഭിഭാഷകക്ക് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. നോവലില്‍ ഒരു നിഴല്‍ രൂപമെന്നതിനപ്പുറം പ്രസക്തിയില്ലാത്ത അമ്മയില്‍ നിന്ന് കൃത്യമായ ഒരു സൂചനയും അവള്‍ക്കു ലഭിക്കുന്നുമില്ല. പതിനെട്ടു മണിക്കൂര്‍ വിമാനയാത്രയും അതിലും ദീര്‍ഘവും ഉലച്ചുകളയുന്നതുമായ ഗ്രാമീണ- മലയോര പാതകളിലൂടെയുള്ള യാത്രകള്‍ക്കും ശേഷം കാലോയില്‍ എത്തുന്ന ജൂലിയയെ കാത്തെന്നോണം യൂബായെന്ന അമ്പത് പിന്നിട്ട വയോധിക ബര്‍മ്മീസ് പുരോഹിതന്‍ കഥകളുടെ ഭാണ്ഡവുമായി അവളെ കണ്ടുമുട്ടുന്നു. ഒരു നിയോഗം പോലെപല ഘട്ടങ്ങളിലായി അയാള്‍ പറഞ്ഞു തുടങ്ങുന്ന കഥയാണ്‌ യഥാര്‍ത്ഥത്തില്‍ നോവലിന്റെ മര്‍മ്മം. അതുകൊണ്ട് തന്നെ ജൂലിയയുടെ സ്വന്തം ആഖ്യാനം ഒരു ചട്ടക്കൂട് എന്ന നിലയിലേക്ക് ചുരുങ്ങുന്നു. യുബാ സ്വയം ആരാണ് എന്നതും കഴിഞ്ഞ നാലു വര്‍ഷങ്ങളായി അവളെ കാത്തിരിക്കയായിരുന്നു എന്നും പറയാന്‍ മാത്രം അയാള്‍ക്കും ജൂലിയക്കുമിടയിലെ ബന്ധം എന്താണെന്നതും നോവലിലെ ചെറിയ നിഗൂഡതകളില്‍ പെടുന്നു.

ഒന്നാം ലോക യുദ്ധപൂര്‍വ്വ ബര്‍മ്മയുടെ വന്യസൗന്ദര്യമിയന്ന ആദിമ വൈചിത്ര്യങ്ങളുടെ (mysterious and exotic) പശ്ചാത്തലത്തില്‍ പറഞ്ഞു തുടങ്ങുന്ന കഥയില്‍ ടിന്‍ വിന്‍ എന്ന ബാലന്റെ ജീവിതത്തിലെ അത്യസാധാരണ അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നു. ഡിസംബറിലെ ശനിയാഴ്ച്ചയെന്ന അപശകുന മുഹൂര്‍ത്തത്തില്‍ പിറന്നവന്‍ എന്ന നിലയില്‍ പിതാവ് ഖിന്‍ മോങ്ങിന്റെ അപകട മരണം ഉള്‍പ്പടെ കുടുംബത്തില്‍ ദുരന്തങ്ങള്‍ക്കു നിമിത്തമായവാന്‍ എന്ന് കണക്കാക്കപ്പെട്ട ബാലനെ അവന്റെ ആറാം ജന്മ ദിനനാളില്‍ അമ്മ മിയാ മിയ ഉപേക്ഷിച്ചു പോകുന്നത് അവനെ സ്നേഹമയിയായ ബന്ധു സു കിയുടെ സംരക്ഷണയില്‍ എത്തിക്കുന്നു. ദുരന്തങ്ങളുടെ തുടര്‍ച്ചയില്‍ കാഴ്ചശക്തി നഷ്ടപ്പെടുന്ന ടിന്‍ വിന്‍പക്ഷെ അതീവ സൂക്ഷ്മമായ ശ്രവണ ശക്തിയുടെ വരസിദ്ധിയിലേക്ക് എത്തിപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമാകുന്നത്. തുടര്‍ന്ന് യുബാ വര്‍ണ്ണിക്കുന്ന ടിന്‍ വിന്നിന്റെ ചിത്രം ജൂലിയയുടെ മനസ്സില്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായി അയാളെ പുനസൃഷ്ടിക്കുന്നത് എങ്ങനെയെന്നത് നോവലിന്റെ പ്രധാന ആകര്‍ഷണമാണ്. എന്നാല്‍മാജിക്കല്‍ റിയലിസത്തിന്റെയോ പരമ്പരാഗത ബര്‍മ്മീസ് ദൃഷ്ടാന്ത കഥയുടെയോ ഭാവങ്ങള്‍ക്ക് പകരം യഥാതഥ ആഖ്യാന രീതിയെ ആശ്രയിക്കുന്ന നോവല്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ടിന്‍ വിന്‍ മുട്ടക്കുള്ളിലെ വിരിഞ്ഞിറങ്ങിയിട്ടില്ലാത്ത കോഴിക്കുഞ്ഞിന്റെ ഹൃദയ താളം ശ്രവിക്കുന്നതു പോലുള്ള വിവരണങ്ങളില്‍ വിശ്വസനീയതയുടെ അതിര്‍വരമ്പുകള്‍ നോവലിസ്റ്റ് ഏതാണ്ട് ബോധപൂര്‍വ്വം തന്നെ വലിച്ചു നീട്ടുന്നുണ്ട് എന്നും പറയേണ്ടി വരും. തന്നെയും മമ്മയെയും ഉപേക്ഷിച്ചു പോയ പിതാവിനോട് സ്വാഭാവികമായി തോന്നേണ്ട ഈര്‍ഷ്യയുടെ സ്ഥാനത്ത് സ്നേഹവും ആരാധനയും സൃഷ്ടിക്കുകയെന്ന ധര്‍മ്മം സാധിക്കാന്‍ ടിന്‍ വിന്നിനെ ഏതാണ്ടൊരു ദൈവിക പരിവേഷത്തിലേക്ക് നോവലിസ്റ്റ് ഉയര്‍ത്തുന്ന പോലെയാണ് ഈ ഭാഗം.

ഹൃദ്സ്പന്ദങ്ങള്‍ കേള്‍ക്കാനുള്ള അപൂര്‍വ്വ സിദ്ധി ലഭിക്കുന്ന ടിന്‍ വിന്‍ ആദ്യമായി കേള്‍ക്കുന്നത് മിമിയുടെ ഹൃദ്സ്പന്ദമാണ് എന്നതില്‍ ഒരു മുജ്ജന്മ ബന്ധമുണ്ടെന്നു പിന്നീട് അവര്‍ക്കിടയില്‍ വളരുന്ന അപൂര്‍വ്വ പ്രണയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അന്ധനായ കൌമാരക്കാരന് കാണാനാവുന്നില്ലെങ്കിലും ജന്മനാ കാലുകള്‍ക്ക് വൈകല്യമുള്ള മിമി എണീറ്റു നടക്കാന്‍ കഴിയാത്തവളാണ് എന്നത് അവന്‍ അറിയുന്നുണ്ട്. അഞ്ചു സഹോദരങ്ങള്‍ക്കിടയിലെ ഏക പെണ്‍കുട്ടി എന്ന കുടുംബ വാത്സല്യം ആവോളം അനുഭവിച്ചു വന്ന മിമിക്ക് അവളുടെ അംഗപരിമിതി അപകര്‍ഷബോധമായി അനുഭവപ്പെട്ടിട്ടില്ല. മിമിയെ പുറകിലേറ്റി നദിയും മലയും താണ്ടുന്ന ടിന്‍ വിന്നിന് അവളാണ് കണ്ണുകളാവുക. ആദിമ പറുദീസയുടെ പ്രശാന്തതയുള്ള ഈ ബന്ധത്തിലേക്ക് വില്ലനായി എത്തുക എല്ലാ ദുരന്തങ്ങളെയും തന്റെ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ വിജയിക്കുന്ന അമ്മാവന്‍ യൂസോയുടെ ഇടപെടലാണ്. യുദ്ധകാലത്തും മുപ്പതുകളിലെ മാന്ദ്യത്തിന്റെ കാലത്തും തന്റെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാനായതിനു പിന്നില്‍ അധികാര ശ്രേണിയിലെ മാറുന്ന സമവാക്യങ്ങള്‍ക്കനുസരിച്ചു അപ്പപ്പോള്‍ പാകപ്പെടാനുള്ള യുസോയുടെ മിടുക്കായിരുന്നു കാരണമെന്ന് നോവലിസ്റ്റ് അടിവരയിടുന്നുണ്ട്. നോവലിന്റെ ചരിത്രബോധത്തിന്റെ കണ്ണാടിയായിത്തീരുന്ന യൂസോരണ്ടാം ലോകയുദ്ധാനന്തര കാലത്തു തന്റെ മുന്‍ കണക്കുകൂട്ടലുകള്‍ തെറ്റിയതിനും മാറിമറിഞ്ഞ രാഷ്ട്രീയ പരിണാമങ്ങള്‍ക്കും വിലയൊടുക്കേണ്ടിയും വരുന്നുണ്ട്.  അതേസമയംനോവലില്‍ ഉടനീളം ആവര്‍ത്തിക്കപ്പെടുന്ന രാശികളുടെയും ശകുനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സ്വാധീനത്തില്‍നിന്ന് അയാളും മുക്തനല്ല. സമൂഹത്തില്‍ ദാന ധര്‍മ്മങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഏറെ ഉച്ചത്തിലുള്ള പ്രതീതി സൃഷ്ടിക്കാനും അപശകുനങ്ങള്‍ സൃഷ്ടിക്കാവുന്ന ദുര്‍വ്വിധിയില്‍നിന്നു രക്ഷ നേടാനുമായി കുടുംബക്കാരെ കയ്യയച്ചു സഹായിക്കുകയെന്ന രാശിനോട്ടക്കാരന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം എന്ന നിലയിലാണ് ടിന്‍ വിന്നിന്റെ കണ്ണിനു ശസ്ത്രക്രിയ ചെയ്യുകയെന്ന ‘സേവന പ്രവര്‍ത്തി’ അയാള്‍ ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ അവനെ മിമിയില്‍ നിന്ന് അകറ്റുന്നതും. അനിവാര്യമായ ദുരന്തത്തിന്റെ മുന്നോടിയായ വേര്‍പ്പാടിന്റെ മുഹൂര്‍ത്തത്തില്‍ പ്രണയം എല്ലാ അര്‍ത്ഥത്തിലും പങ്കുവെക്കപ്പെടുന്നു എന്നതാണ് യൂബായുടെ ജന്മരഹസ്യം. വര്‍ഷങ്ങളായി നിസ്സഹായനായ കൌമാരക്കാരന്‍ യൂസോയുടെ കരുനീക്കങ്ങളില്‍ ഇരയായിപ്പോകുന്നതാണ് അഞ്ചു പതിറ്റാണ്ടിലേറെക്കാലം നീണ്ട വിരഹത്തിലേക്ക്‌ ടിന്‍ വിന്നിനെയും മിമിയെയും കൊണ്ടെത്തിക്കുക. പ്രണയാര്‍ദ്രമായ അവരുടെ കത്തുകള്‍ എത്തേണ്ടിടത്ത് ഒരിക്കലും എത്തുന്നില്ല എന്നുറപ്പുവരുത്തുന്നതിനു പിന്നിലും അയാളുടെ സ്വാര്‍ഥതയാണ്: തകര്‍ച്ച നേരിടുന്ന തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ രക്ഷിക്കാന്‍ സമര്‍ത്ഥനായ യുവാവിനെ അയാള്‍ക്ക് ആവശ്യമുണ്ടായിരുന്നു.

പാശ്ചാത്യലോകത്തുള്ള പ്രണയരഹിതമായ ജീവിതം നിശബ്ദം തുടരുമ്പോഴും മിമിയുടെ ഓര്‍മ്മകള്‍ ടിന്‍ വിന്നിനെ വേട്ടയാടിയിരുന്നുവെന്നു ഒരന്തിമ ശ്രമത്തില്‍ അയാള്‍ അവളോട്‌ ചേരുന്ന രീതിയില്‍ വ്യക്തമാണ്. ഒരു നിയോഗം പോലെമൃത്യുവിന്റെ അവസാന സമാഗമമായി ഇരുവരും കണ്ടുമുട്ടുന്നത്ചോദ്യങ്ങളൊക്കെ ചോദിച്ചും പറഞ്ഞും സുദീര്‍ഘമായ ഒരു സന്ധിക്കല്‍ ആയല്ല നോവലിസ്റ്റ് ചിത്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒന്നും പറയേണ്ടതില്ലഹൃദ്സ്പന്ദങ്ങള്‍ പങ്കുവെച്ച ജന്മാന്തര പ്രണയത്തിനു ഭാഷയുടെമൊഴിവഴക്കത്തിന്റെ ആര്‍ഭാടം ആവശ്യമേയല്ല.  മാര്‍ക്കേസിന്റെ ഫ്ലോറന്റിനോ – ഫെര്‍മിന ബന്ധം പോലെ മാംസബദ്ധം കൂടിയായ ഒന്നായല്ലഅമിതമായി ആദര്‍ശവല്‍ക്കരിച്ച ഒന്നായാണ് ടിന്‍ വിന്‍ - മിമി ബന്ധം നോവലില്‍ ഇടം പിടിക്കുന്നത്‌. മരണത്തിലും അത്തരം ഇച്ഛാഭംഗത്തിന്റെ പരിക്കേല്‍ക്കാതെ ഒരാദര്‍ശ സങ്കല്‍പ്പനം പോലെ അതിനു പൂര്‍ണ്ണത കൈവരുന്നു. ഒരു പക്ഷെ അതിന്റെ പരിമിതിയും അതു തന്നെയാണ്.

ടിന്‍ വിന്നിനു പ്രചോദനം നല്‍കുകയെന്ന ഉദ്ദേശത്തോടെ യൂബാ പറയുന്ന മറ്റൊരു ആഖ്യാനത്തില്‍ഉച്ചനീച്ചത്വങ്ങളില്ലാത്ത സംശുദ്ധമായ പ്രണയമെന്ന അനുഭവത്തെടിന്‍ വിന്‍ - മിമി ബന്ധത്തിന് ഏറെക്കുറെ സമാന്തരമായ ഒന്നായി അതിതീക്ഷ്ണമായി പറഞ്ഞുവെക്കുന്ന മറ്റൊരു കഥകൂടിയുണ്ട്. ടിന്‍ വിന്നിന്റെ ബുദ്ധമത ഗുരു യുമേയുടെ ജീവിത കഥയിലാണ് അത് കടന്നു വരുന്നത്. വീട്ടുവേലക്കാരിയുടെ മകള്‍ മാമുവുമായി നവയുവാവിനുണ്ടായിരുന്ന ഹൃദയ ബന്ധം തകര്‍ക്കുന്നത് അയാളുടെ പിതാവാണ്. ഒരു മിന്നായം പോലെ മാമുവും കുഞ്ഞും മരണത്തിലേക്കു കൂപ്പുകുത്തുന്നത്അത് തിരിച്ചറിയാതെയെങ്കിലുംകാണാന്‍ ഇടയാകുന്നുണ്ട് യൂമേ. ബുദ്ധ സന്യാസിയുടെ പരിത്യാഗി ജീവിതത്തിലേക്ക് അയാളെ എത്തിക്കുന്നതില്‍ പ്രണയഭംഗത്തിന്റെ അനുഭവത്തിനും പങ്കുണ്ടായിരിക്കാം.  

കനംകുറഞ്ഞ കൌമാര പ്രണയ കഥയിലേക്ക്‌ ഏതാണ്ടൊരു പൌലോ കൈലോ നിലവാരത്തിലുള്ള ആഴം കുറഞ്ഞ ആത്മീയ ഭാവം കൂടി ചേര്‍ത്തുവെച്ച എളുപ്പവായനയായി നില്‍ക്കുമ്പോഴും ഇടക്കൊന്നു കണ്ണുകള്‍ ഈറനണിയുന്നതും സഹൃദയത്വത്തിന്റെ ഭാഗമാണ് എന്ന് കരുതുന്ന വായനക്കാരെ ‘ഹൃദ്സ്പന്ദങ്ങളുടെ ശ്രവണ കല’ മുഷിപ്പിക്കുകയില്ല. വായിച്ചിട്ട് ഇഷ്ടമാവാത്തവര്‍ പുസ്തകം തിരികെയെത്തിച്ചാല്‍ ചോദ്യങ്ങള്‍ ഏതുമില്ലാതെ പണം തിരികെ നല്‍കുന്നതാണ് എന്ന വെല്ലുവിളി ഉയര്‍ത്താനും അതില്‍ വിജയിക്കാനും 2002ല്‍ ജര്‍മ്മന്‍ മൂലം പുറത്തിറക്കിയപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷം2006ല്‍ ഇംഗ്ലീഷ് ഭാഷാന്തരം അവതരിപ്പിച്ചപ്പോഴും  (ഇന്ത്യന്‍ പതിപ്പ് പിന്നെയും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ഇറങ്ങുന്നത്) പ്രസാധകരെ ധൈര്യപ്പെടുത്തിയതും നോവലിന്റെ ഈ തീവ്ര വൈകാരികോര്‍ജ്ജം തന്നെയാവാം. ജാന്‍ ഫിലിപ്പ് സെന്‍കറുടെ ജര്‍മ്മന്‍ മൂലത്തോട് തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട് കെവിന്‍ വിലിയാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാന്തരം എന്ന് നിരൂപകര്‍ വിലയിരുത്തുന്നു.  

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 261-265)

To purchase, contact ph.no:  8086126024


Sunday, August 18, 2024

Austerlitz (2001) W.G. Sebald (German)/ Anthea Bell

 ഓഷ് വിറ്റ്സിന്റെ നിഴല്‍



ജര്‍മ്മനിയിലെ ദക്ഷിണ ബവേറിയയിലെ വെര്‍താകില്‍ (Wertach im Allgäu)  1944ല്‍ ജനിച്ച വിന്‍ഫ്രീഡ് ഹ്യോര്‍ഹ് സെബാള്‍ഡ് (W(infried) G(eorg) Sebald ) ആത്മകഥാപരമായ നാലു പ്രഖ്യാത നോവലുകളിലൂടെ, ഹോളോകാസ്റ്റിന്റെയും ജര്‍മ്മന്‍ നഗരങ്ങള്‍ക്കു മേല്‍ നടത്തപ്പെട്ട സഖ്യ ശക്തികളുടെ ബോംബു വര്‍ഷത്തിന്റെയും ഭീകരാനുഭവങ്ങള്‍ പരീക്ഷ്ണാത്മകവും നവീനവുമായ ഭാവുകത്വത്തോടെ അവതരിപ്പിച്ചു. എഴുത്തിനെ ശമനകാരിയായി (therapeutic) കണ്ട സെബാള്‍ഡ്, ആ കെട്ട കാലത്തിന്റെ പരിണതികളെ ആവിഷ്കരിക്കാന്‍ ഓര്‍മ്മകള്‍ചരിത്ര രേഖകള്‍പഴയ ഫോട്ടോകള്‍/ ചിത്രങ്ങള്‍രേഖകളുടെ പകര്‍പ്പുകള്‍ എന്നിവയെ സ്വപ്നാത്മകവും വിട്ടുപോകാത്തതുമായ ഭാവത്തില്‍ കൂട്ടിയിണക്കുന്നു *(1).  2001ല്‍ തന്റെ മാസ്റ്റര്‍പീസ്‌ നോവല്‍  Austerlitz പ്രസിദ്ധീകരിക്കപ്പെട്ടതിനു തൊട്ടുപിറകെ ഒരു കാറപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ നോര്‍ വിച്ചിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ യൂറോപ്യന്‍ സാഹിത്യ അദ്ധ്യാപകന്‍ ആയിരുന്ന സെബാള്‍ഡിന് അമ്പത്തിയേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ.

രണ്ടാം ലോകയുദ്ധം യൂറോപ്പിലാകെ പടര്‍ത്തിയ നശീകരണത്തിന്റെ വ്യാപ്തി Austerlitz-ന്റെ പശ്ചാത്തലത്തില്‍ തൊട്ടറിയാവുന്നതാണ്. മുഖ്യ കഥാപാത്രത്തിന്റെ ഓര്‍മ്മകളില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രധാനം നാസി ജര്‍മ്മനി 1938ല്‍ ചോക്കോസ്ലോവാക്യക്കു മേല്‍ നടത്തിയ അധിനിവേശമാണ്. ഇറ്റലി,   ഫ്രാന്‍സ്,   യു.കെ എന്നീ ശക്തികളോടു മാത്രം കൂടിയാലോചിച്ചു, ബാധിക്കപ്പെടുന്നവരെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ്ഹിറ്റ്ലര്‍ സൂഡറ്റന്‍ലാന്‍ഡ് കീഴടക്കിയത്. പ്രദേശത്ത് ജര്‍മ്മന്‍ വംശജരുടെ വര്‍ദ്ധിച്ച സാന്നിധ്യമുണ്ടായിരുന്നതാണ് അതിനു ഒഴികഴിവായി ഏകാധിപതി കണ്ടത്. വെഴ്സയില്‍സ് ഉടമ്പടി കാറ്റില്‍പ്പറത്തി ഓസ്ട്രിയന്‍ അതിര്‍ത്തികളിലേക്ക് ജര്‍മ്മന്‍ സൈന്യം കടന്നു കയറിതിനും (‘Anschluss, German: “Union”, political union of Austria with Germany) ആറു മാസത്തിനകം നടന്ന സൂഡറ്റന്‍ലാന്‍ഡ് കേയ്യേറ്റത്തെ പ്രാദേശിക ജനത ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. ‘Anschluss’നെയോ മ്യൂനിച് സമ്മേളനത്തെയോ നോവലില്‍ ഒരിടത്തും നേരിട്ടു പരാമര്‍ശിക്കുന്നില്ലെങ്കിലും, നോവലിന്റെ തുടക്കത്തില്‍,   ചെക്ക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതന്‍ കൂടിയായ ഓസ്റ്റര്‍ലിറ്റ്സിന്റെ പിതാവ് മാക്സിമിലിയന്‍ ഐകന്‍വാള്‍ഡ്, നാസി അധിനിവേശത്തിന്റെ ഭീഷണി മുന്‍കൂട്ടി കാണുന്നുണ്ട്. ഇതാണ് നോവലിലെ കേന്ദ്രവികാസത്തിന്റെ തൊടുത്തുവിടല്‍ ആയിത്തീരുക. മ്യൂനിച്ചിലെക്കുള്ള ഒരു ബിസിനസ്സ് യാത്രക്കിടെ നാസി പാര്‍ട്ടിയുടെ റാലി ചിത്രീകരിക്കുന്ന ഒരു ഫിലിം അയാള്‍ കണ്ടിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട ഉടമ്പടിയുടെ അപമാനത്തിന്റെ വിട്ടുപോകാത്ത ഓര്‍മ്മകളില്‍ നിന്നു ലോകത്തെ വിമോചിപ്പിക്കേണ്ട ദൌത്യമുള്ള ഒരു ജനതയാണ് തങ്ങള്‍ എന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കുകയായിരുന്നു നാസികള്‍. വരാനിരിക്കുന്നതിനെ മുന്‍കൂട്ടിക്കണ്ടാണ് നാലുവയസ്സുകാരന്‍ മകനെ യു.കെ.യിലേക്ക് സംരക്ഷണാര്‍ത്ഥം ദത്തു നല്‍കാന്‍ പിതാവും ഓപ്പറ ഗായികയായിരുന്ന മാതാവ് അഗാതയും തീരുമാനിക്കുന്നത്. നാസി സൈന്യം പ്രാഗ് കീഴടക്കുന്നതിന്റെ തൊട്ടു തലേ ദിവസം മാക്സിമിലിയന്‍, പാരീസിലേക്ക്‌ രക്ഷപ്പെട്ടു. അപ്പോഴും പ്രാഗില്‍ കഴിയുന്ന അഗാതമാസങ്ങള്‍ക്കു ശേഷമാണ് മകനെ ലണ്ടനിലേക്കയക്കുന്നത്. ‘Kindertransport program’ (Refugee Children Movement) എന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി പതിനായിരത്തോളം ജൂതക്കുഞ്ഞുങ്ങള്‍ ഇപ്രകാരം ദത്തു നല്‍കപ്പെട്ടു എന്നത് ചരിത്രം. അവരില്‍ ഒട്ടുമുക്കാലും പേര്‍ അതിജീവിച്ചുവെങ്കിലും അത്യപൂര്‍വ്വം ചിലര്‍ക്കേ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ കാണാന്‍ ഭാഗ്യമുണ്ടായുള്ളൂ. കുഞ്ഞിനെ യാത്രയാക്കിയതിനു തൊട്ടു പിറകെ അഗാത ആസ്ട്രലിറ്റ്സോവ, തെരേസിയന്‍സ്റ്റാഡ് (Theresienstadt) ക്യാമ്പിലേക്കു കൊണ്ടുപോകപ്പെട്ടു. വിദേശ ജേണലിസ്റ്റുകള്‍ക്കും നയതന്ത്രജ്ഞര്‍ക്കും മുന്നില്‍ ‘തടവറ മര്യാദകളുടെ നാട്യം പ്രദര്‍ശിപ്പിക്കാന്‍ നിലനിര്‍ത്തിയ വരേണ്യ ക്യാമ്പ് ഈയിരുന്നു ‘കലാകാരന്മാരുടെ കോളനി (artists’ colony) എന്ന് ഗസ്റ്റപ്പോ പേരിട്ട പ്രസ്തുത ഇടം.

റവ: ഏലിയാസ്ഗ്വെന്റൊലിന്‍ ഏലിയാസ്‌ എന്ന വെല്‍ഷ് മെതോഡിസ്റ്റ് ദമ്പതികള്‍, ഡാഫിഡ് ഏലിയാസ്‌ എന്ന പേരിട്ടു വളര്‍ത്തുന്ന കുഞ്ഞില്‍ നിന്നു അവന്റെ ഭൂതകാലംഫലത്തില്‍മായ്ച്ചു കളയുന്നുണ്ട്. ആഖ്യാന ഘട്ടത്തില്‍, മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതവും യു.കെ.യിലേക്കുള്ള തന്റെ ഏകാന്തമായ ട്രെയിന്‍ യാത്രയും ഓര്‍ത്തെടുക്കാനുള്ള പ്രായം അയാള്‍ക്ക് ആയിട്ടുണ്ടെങ്കിലും, അയാളും ആ ഓര്‍മ്മകളെ ഒതുക്കിക്കളയുകയാണ് ചെയ്തിരുന്നത്. എന്നാല്‍, മുതിര്‍ന്നതിനു ശേഷം വിഷാദരോഗത്തിന്റെ തള്ളിച്ചയുള്ള ഘട്ടങ്ങളില്‍ ആ ഓര്‍മ്മകള്‍ അയാളില്‍ തിരയിളക്കുന്നു.

മകനായിത്തന്നെ വളരുന്ന കുടുംബംപോറ്റമ്മയുടെ ആരോഗ്യം നന്നായിരുന്ന കാലം മുഴുവന്‍ വെടിപ്പും ചിട്ടയുമുള്ള ഒന്നായിരുന്നെങ്കില്‍അവര്‍ രോഗിയാകുന്നതോടെ താളം തെറ്റുന്നതാണ് കൌമാരക്കാരനെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തിക്കുന്നത്. മെത്തോഡിസ്റ്റ് പാതരിയെന്ന നിലയില്‍ തീപ്പൊരി പ്രഭാഷകനായിരുന്ന റവ: ഏലിയാസ്ഭാര്യയുടെ മരണശേഷം മാനസികാരോഗ്യം തകര്‍ന്നു സാനറ്റോറിയത്തിലും എത്തിപ്പെടുന്നു. സ്റ്റൊവര്‍ ഗ്രേഞ്ച് സ്കൂളിലെ പ്രധാനാധ്യാപിക ആന്ദ്രേ ഹിലരിയില്‍ നിന്നാണ്, പതിനഞ്ചാം വയസ്സില്‍,   തന്റെ യഥാര്‍ത്ഥ പേരിനെ കുറിച്ചു ഓസ്റ്റര്‍ലിറ്റ്സ് അറിയുക. ചരിത്ര പ്രസിദ്ധമായ ഓസ്റ്റര്‍ലിറ്റ്സ് യുദ്ധത്തെ കുറിച്ചും തന്റെതിനേക്കാള്‍ ഏറെ വലിയ റഷ്യ-ഓസ്ട്രിയന്‍ സൈന്യത്തിനെതിരെയുള്ള നെപ്പോളിയന്റെ വിജയത്തെ കുറിച്ചും അവര്‍ ക്ലാസില്‍ വിവരിക്കുന്നത് അയാളുടെ കൌമാര മനസ്സില്‍ അഭിമാന ബോധം പകരുമ്പോള്‍, മറ്റു ചില കണ്ടെത്തലുകള്‍ അയാള്‍ക്കു വിചിത്രമായും തോന്നുന്നു. അമേരിക്കന്‍ ഗായകനും നടനുമായിരുന്ന ഫ്രെഡ് ആസ്റ്റയറുടെ യഥാര്‍ത്ഥ നാമം ഓസ്റ്റര്‍ലിറ്റ്സ് എന്നായിരുന്നുവെന്നും, ഫ്രാന്‍സ് കാഫ്കയെ ചേലാകര്‍മ്മം നടത്തിച്ചത് ആ പേരുള്ള റബ്ബി ആയിരുന്നു എന്നും അയാള്‍ കൗതുകത്തോടെ മനസ്സിലാക്കുന്നു. 1944ല്‍ ട്രിയെസ്റ്റയില്‍ വെച്ച് സാക്ഷിയാകാന്‍ ഇടയായ ഒരു കുറ്റകൃത്യത്തെ കുറിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പരസ്യപ്രസ്താവന നടത്തിയ ലോറ ഓസ്റ്റര്‍ലിറ്റ്സ് എന്ന സ്ത്രീയുടെ കഥയും അയാള്‍ കണ്ടെത്തുന്നു. എല്ലാം ചേര്‍ന്നു തന്റെ സ്വത്വബോധത്തില്‍ പ്രതിസന്ധി തീര്‍ക്കുന്നതായി അയാള്‍ക്കു അനുഭവപ്പെടുന്നു. ദിക്കു നഷ്ടപ്പെട്ടതായും ലോകത്തോടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും എന്നാല്‍ പലപ്പോഴും സ്വയം അത്തരത്തില്‍ വിച്ഛേദിക്കാനാനാവാത്ത വിധം കുരുങ്ങിപ്പോയതായും വിരുദ്ധ വൈചിത്ര്യം അയാള്‍ക്ക് അനുഭവപ്പെടുന്നു. ഒരു രാത്രി തന്റെ ചുവരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നിശാശലഭങ്ങളെ നിരീക്ഷിന്ന ഒസ്റ്റ്ര്‍ലിറ്റ്സിന് അവയുടെ പെരുമാറ്റം വിചിത്രമായിത്തോന്നുന്നു. താനവയെ പുറത്തു വിട്ടില്ലെങ്കില്‍ അവ ചത്തുപോകും. വഴിയടഞ്ഞുപോയി എന്ന് അവക്ക് അറിയാം എന്നയാള്‍ ചിന്തിക്കുന്നു. ഭയം കൊണ്ടു നിശ്ചേതനരായിപ്പോയ അവ ജീവനറ്റും അവിടെത്തന്നെ തങ്ങിനില്‍ക്കും. ഇരുണ്ട രാത്രിയിലും, കാറ്റിലും കോളിലും പോലും ലക്ഷ്യസ്ഥാനത്തേക്കുംദൌത്യനിര്‍വ്വഹണത്തിനു ശേഷം തിരിച്ചും പറന്നെത്തുന്ന ദൂതു പ്രാവുകളുടെ കാര്യവും അയാള്‍ ചിന്തിക്കുന്നു. ഇത്തരം ചിന്തകള്‍ അയാളില്‍ ഒരുവേള അത്ഭുതം നിറക്കുമ്പോള്‍ ഒപ്പം നൈരാശ്യവും കൊണ്ടുവരുന്നു. മനുഷ്യര്‍ക്ക് തങ്ങളുടെ ഭൂതകാലത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കുമെങ്കിലും അവിടെ കാണുന്നതിന്റെയൊക്കെ അര്‍ഥം മനസ്സിലാക്കാനാവില്ല എന്നത് അയാളെ മഥിക്കുന്നു. നോവലില്‍ വ്യക്തമായ നിഹിലിസ്റ്റ് പാഠത്തെ പ്രതീകവല്‍ക്കരിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ഹെമിംഗ് വേയുടെ A Farewell to Arms എന്ന നോവലിലെ വിഖ്യാതമായ തീക്കൊള്ളിയിലെ ഉറുമ്പുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

ദാര്‍ശനിക സമസ്യകളോടൊപ്പം വ്യക്തിപരമായ നഷ്ടങ്ങളും ഓസ്റ്റര്‍ലിറ്റ്സിന്റെ ഏകാന്തതയെ തീവ്രമാക്കുന്നുണ്ട്. സ്റ്റൊവര്‍ ഗ്രേഞ്ച് കാലം മുതല്‍ അടുത്ത സുഹൃത്തായിരുന്ന ആസ്ട്രോഫിസിസിസ്റ്റ് ജെറാള്‍ഡ് ഫിറ്റ്സ്പാട്രിക് വിമാനാപകടത്തില്‍ മരിക്കുന്നതും അത്തരം ഒരു അനുഭവമാണ്. ഉള്‍വലിഞ്ഞും എപ്പോഴും അകല്‍ച്ച പാലിച്ചും കഴിയുന്ന ഓസ്റ്റര്‍ലിറ്റ്സിന്റെ പ്രകൃതം ദുസ്സഹമാകുന്നതു തന്നെയാണ് അയാളുടെ പ്രാഗ് സന്ദര്‍ശനങ്ങളില്‍ പലപ്പോഴും കൂടെ പോയിരുന്ന കൂട്ടുകാരി മേരി (Marie de Verneuil) ഒടുവില്‍ വിട്ടുപോകുന്നതിലേക്കും നയിക്കുന്നത്. തുടര്‍ന്നു, തന്റെ മാനസികാരോഗ്യം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ കൂടി ഭാഗമായി  നടത്തുന്ന യാത്രകളും, അന്വേഷണങ്ങളും, തന്റെ ആയയായിരുന്ന വേര റിസാനോവയെ കണ്ടെത്തുന്നതും, അയാള്‍ക്ക് തന്റെ ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കും തന്നെയുള്ള യാനമായിത്തീരുന്നു. മധ്യവയസ്കാനായിക്കഴിഞ്ഞ ഓസ്റ്റര്‍ലിറ്റ്സിനെ തിരിച്ചറിയാന്‍ വയോധികക്ക് നിമിഷാര്‍ദ്ധം വേണ്ടിവരുന്നുമില്ല. ചെക്ക് വംശജനാണെങ്കിലും അയാള്‍ക്കു മനസ്സിലാകാത്ത ജീവിതമുള്ള പ്രാഗിലും അനിതാ ബോധം അയാളെ വേട്ടയാടുന്നു.

ബെല്‍ജിയത്തിലെ ആന്റ് വേര്‍പ്പ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചു നടക്കുന്ന 1967ലെ ആദ്യത്തെ കണ്ടുമുട്ടല്‍ മുതല്‍ ഏതാണ്ട് മുപ്പതുവര്‍ഷക്കാലം യൂറോപ്പിലെ വിവിധ ട്രെയിന്‍ സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും വെച്ചു പല ഘട്ടങ്ങളിലായി സംഭവിക്കുന്നരണ്ടു പേര്‍ക്കിടയിലെ സംഭാഷണങ്ങളുടെ രൂപത്തിലാണ് നോവലിന്റെ സങ്കീര്‍ണ്ണമായ ചട്ടക്കൂട്. പേരു പറയുന്നില്ലാത്ത ആഖ്യാതാവും ജാക്ക് ഓസ്റ്റര്‍ലിറ്റ്സും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് താനാരാണ് എന്ന് കണ്ടെത്താന്‍ ഓസ്റ്റര്‍ലിറ്റ്സിന്റെ ശ്രമങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. 1996ല്‍ ലണ്ടന്‍ സ്റ്റേഷനില്‍ കണ്ടുമുട്ടുമ്പോള്‍ ഓസ്റ്റര്‍ലിറ്റ്സിനു ആഖ്യാതാവിനോട് പറയാനുണ്ട്: താന്‍ തന്റെ സ്വന്തം ജീവിതകഥ കണ്ടെത്തിയിരിക്കുന്നു. 1939ല്‍ അനാഥനായി ഇംഗ്ലണ്ടില്‍ എത്തിയ ഓസ്റ്റര്‍ലിറ്റ്സിലൂടെ സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള മാനുഷികത്വര എന്ന സാര്‍വ്വ ലൌകിക പ്രമേയംഓര്‍മ്മകള്‍ക്ക് ക്രമം നല്‍കാനുള്ള ശ്രമംഎന്നിവയാണ് നോവലിസ്റ്റ് പരിശോധിക്കുന്നത് എന്ന് പറയാം. ഭൂതകാലത്തിന്റെ ട്രോമക്കെതിരില്‍ മറവികൊണ്ട്/ ബോധപൂര്‍വ്വമായ തമസ്കരണം കൊണ്ട് മനസ്സിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക മനുഷ്യ പ്രവണത, ഓര്‍മ്മകളെ തിരിച്ചുപിടിക്കുക എന്നതിന്റെ നേരെ എതിര്‍ചാലകമാണ് എന്നതാണ് ഇവിടെ അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കുന്നത്. നോവല്‍, പ്രബന്ധം, ഓര്‍മ്മക്കുറിപ്പ്‌ എന്നിവ കൂടിക്കലരുന്ന സെബാള്‍ഡിന്റെ ശൈലിസാഹിതീയ വര്‍ഗ്ഗീകരണത്തെ പ്രശ്നവല്‍ക്കരിക്കുന്നതാണ്. ‘അനിശ്ചിതരൂപത്തിന്റെ ഗദ്യം (prose of uncertain form) എന്ന് തന്റെ രചനയെ സെബാള്‍ഡ് തന്നെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശൈലിയുടെ ഒരു സുപ്രധാന സ്വഭാവം അതി ദീര്‍ഘമായ പാരഗ്രാഫുകള്‍ഇരുപത്തിഞ്ചും നാല്‍പ്പതും പേജുകള്‍ വരെ ദൈര്‍ഘ്യമുള്ളവആണ്. ഈ അതിദീര്‍ഘ ഘടനയില്‍ നോവലിസ്റ്റിന്റെ ‘കാടുകയറ്റങ്ങള്‍’ (digressions) അതീവ സ്വാഭാവികതയോടെധ്യാനാത്മകതയോടെ ഒട്ടേറെ വിഷയങ്ങളിലേക്ക് പടരുന്ന രീതി ക്ളിഷ്ടമെങ്കിലും ഹൃദ്യമാണ്. അതില്‍ ‘പ്രിയപ്പെട്ട ചരിത്രാധ്യാപികയും ലേബര്‍ ക്യാമ്പുകളുടെ വാസ്തുവിദ്യയും ബില്ല്യാര്‍ഡ്‌ ബോര്‍ഡിലെ ചലനങ്ങളും ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത മരണവും’ കടന്നു വരുന്നു (Joe Campana). പാരഗ്രാഫുകളോ സംഭാഷണങ്ങളോ കൊണ്ട് അവശ്യം വേണ്ട വിച്ഛേദം സൂചിപ്പിക്കുന്നതിനു പകരം, വാതിലുകള്‍സീലിങ്ങുകള്‍ഫര്‍ണിച്ചര്‍ദുരൂഹ ഭാവങ്ങളുള്ള ആളുകള്‍, ലെഡ്ജറുകള്‍, സ്റ്റാമ്പുകള്‍നിത്യജീവിതത്തിലെ മറ്റു ഒട്ടേറെ വസ്തുക്കള്‍ തുടങ്ങിയവയുടെ ദുരൂഹത തോന്നിക്കുന്ന കറുപ്പും വെളുപ്പുമായ ഫോടോഗ്രഫുകള്‍ ഉപയോഗിച്ചു അദ്ദേഹം ആഖ്യാനത്തിനു ആവശ്യം വേണ്ട ശ്വസനസ്ഥലികള്‍ ക്രമപ്പെടുത്തുന്നു. പ്രൌഡവും ദാര്‍ശനികവുമായ ഗദ്യത്തിലൂടെ എന്നതിലേറെ ഈ ചിത്രങ്ങളാണ്‌ നോവലിന്റെ സ്വപ്നാത്മക ഭാവത്തെ പൊലിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഇതര കൃതികളെ അപേക്ഷിച്ച് ആത്മകഥാംശത്തെക്കാള്‍ ഏറെ ചരിത്രപരമായ പശ്ചാത്തലമാണ് Austerlitzല്‍ സജീവമായിരിക്കുന്നത് എന്നതും ക്യാംപുകളുടെയും മറ്റും വേട്ടയാടുന്ന ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

എണ്‍പതുകളുടെ ഒടുവില്‍ലിവര്‍പൂള്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ മുമ്പെന്നോ താന്‍ ഇതിലൂടെ കടന്നു പോയിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായതിനെ കുറിച്ച് ഓസ്റ്റര്‍ലിറ്റ്സ്, ആഖ്യാതാവിനോട് പറയുന്നു. തൊണ്ണൂറുകളില്‍ കണ്ടുമുട്ടുമ്പോഴാണ് ജന്മനഗരമായ പ്രാഗില്‍ നിന്നു ഫെറി മാര്‍ഗ്ഗമാണ് വിട്ടുപോന്നതു എന്ന് കണ്ടെത്തിയ കാര്യം അയാള്‍ പറയുക. പ്രാഗിലേക്കുള്ള പല യാത്രകളിലൂടെയാണ് അയാള്‍ തന്റെ ഭൂതകാലം പുനര്‍സൃഷ്ടിക്കുന്നത്. ആയ വേര റിസാനോവയെ കണ്ടെത്തുന്നതും ഒറ്റനോട്ടത്തില്‍ വയോധിക അപ്പോഴേക്കും മധ്യവയസ്സിലെത്തിയ ഓസ്റ്റര്‍ലിറ്റ്സിനെ തിരിച്ചറിയുന്നതും അയാളുടെ അന്വേഷണങ്ങളില്‍ വഴിത്തിരിവാണ്. കഴിവുറ്റ നടിയും ഓപ്പറാ ഗായികയുമായിരുന്ന അമ്മ, പലപ്പോഴും യാത്രയിലായിരുന്നു എന്നും അപ്പോഴൊക്കെ കുഞ്ഞു ഓസ്റ്റര്‍ലിറ്റ്സിനെ നോക്കിയിരുന്നത് വേര ആയിരുന്നു എന്നും അയാള്‍ അറിയുന്നു. വേരയില്‍ നിന്ന് കിട്ടിയ സൂചനകള്‍ പിന്തുടര്‍ന്നു തെരെസിന്‍സ്റ്റാഡിലെ മെമോറിയല്‍ മ്യൂസിയത്തില്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിഷ്ഫലമാകുന്നു. നടുക്കമുണ്ടാക്കുന്ന അനുഭവമായ ജര്‍മ്മന്‍ ദേശങ്ങളിലൂടെയുള്ള യാത്രകള്‍ പോലും അയാള്‍ നടത്തുന്നുണ്ട്. ഒരു നാസി പ്രോപഗാന്റ ഫിലിമില്‍ നിന്ന് അമ്മയാണെന്നു അയാള്‍ തിരിച്ചറിയുന്ന സ്ത്രീ അവരല്ലെന്ന് വേര വെളിപ്പെടുത്തുന്നു. ഒരു പ്രാഗ് ഓപ്പറയില്‍ നിന്നുള്ള ചിത്രത്തിലൂടെ വേര അയാള്‍ക്ക് അമ്മയെ കാണിച്ചുകൊടുക്കുന്നത്അയാള്‍ക്കൊരു നൈമിഷിക ആശ്വാസം ആകുന്നുണ്ട്. 1997ല്‍ ആഖ്യാതാവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍പിതാവിനെ സംബന്ധിച്ചു ലഭ്യമായ ചില സൂചനകളെ താന്‍ പിന്തുടരാന്‍ പോകുകയാണ് എന്ന് ഓസ്റ്റര്‍ലിറ്റ്സ് അയാളോട് പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നുള്ള കുറെയേറെ ഫോടോഗ്രാഫുകള്‍ അയാള്‍ക്കു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളും ഫലം കാണുന്നില്ലെന്നും അയാളൊരിക്കലും പിതാവിനെ കണ്ടെത്തുന്നില്ലെന്നും നോവല്‍ സൂചിപ്പിക്കുന്നുണ്ട്. സെബാള്‍ഡിനെ സംബന്ധിച്ച് ഓസ്റ്റര്‍ലിറ്റ്സ് പിതാവിന്റെ ഐഡന്റിറ്റി കണ്ടെത്തുന്നതല്ല നോവലിന്റെ മര്‍മ്മം എന്ന് വ്യക്തമാണ്‌. മറിച്ചു അതേകുറിച്ചുള്ള തീക്ഷ്ണമായ അന്വേഷണത്തിലാണ് നോവലിന്റെ കാതല്‍. എങ്ങനെയാണു യൂറോപ്പ് രണ്ടാം ലോകയുദ്ധത്തെയും ഹോളോകാസ്റ്റിനെയും ഓര്‍ക്കാന്‍ പോകുന്നത്എന്തൊക്കെ രേഖകളും സൂചനകളും ഉണ്ടെങ്കിലും സത്യം മനസ്സിലാക്കുക എന്നത് എത്രമാത്രം അസാധ്യമാണ് എന്നതാണ് നോവലിസ്റ്റിനെ ആകര്‍ഷിക്കുന്ന ചോദ്യങ്ങള്‍. പ്രാഗിലെ ജൂത ജനത ചിതറിപ്പോയതിന്റെയും നാസികള്‍ നേരിട്ട രീതിയുടെയും ദുരന്തത്തെ ഇത്രയും തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൃതികള്‍ വേറെയില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). 

പെന്‍ഗ്വിന്‍ പതിപ്പിന്റെ പത്താം വാര്‍ഷിക എഡിഷനു വേണ്ടി ജയിംസ് വുഡ് എഴുതിയ ആമുഖം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

“നോവലില്‍ ഉടനീളം - പക്ഷെ ഒരിക്കലും ഉരിയാടപ്പെടാതെഎഴുതപ്പെടാതെ സാന്നിധ്യമുള്ളത് – അതാണ്‌ സെബാള്‍ഡിന്റെ പിടിച്ചുവെപ്പിന്റെ ഏറ്റവും സുന്ദരമായ കൃത്യം – ഓസ്റ്റര്‍ലിറ്റ്സ് എന്ന പേരിനെ നിഴലിലാഴ്ത്തിയിരിക്കുന്ന ആ മറ്റേ ചരിത്ര നാമമാണ്അതേ അക്ഷരങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന പേര്ചിലപ്പോഴൊക്കെ ഓസ്റ്റര്‍ലിറ്റ്സ് എന്നതിനെ നാം തെറ്റായി വായിച്ചേക്കാവുന്ന പേര്, 1944ല്‍ അഗാത ഓസ്റ്റര്‍ലിറ്റ്സിന്റെ ആ ‘കിഴക്കോട്ടയക്കല്‍’ ഒട്ടുമുക്കാലും ആയിരിക്കാന്‍ ഇടയുള്ള ആ ഇടംഗുര്‍സിലെ ഫ്രഞ്ച് ക്യാമ്പില്‍ നിന്ന് 1942ല്‍ മാക്സിമിലിയന്‍ ഐകന്‍ വാള്‍ഡിനെ അയച്ചിരിക്കാന്‍ ഒട്ടുമുക്കാലും സാധ്യതയുള്ള ആ ഇടവും: ഓഷ് വിറ്റ്സ്.” *(3). ആന്‍തിയ ബെല്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം ഏറ്റവും മികച്ചതാണെന്നു നിരൂപക മതം.  

 

References:

(1). Joe Campana. ‘Austerlitz By W. G. Sebald’, TWENTY-FIRST CENTURY NOVELS: THE FIRST DECADE, Ed: Jeffrey W. Hunter, (c) 2011 Cengage Learning P: 72-76

(2). Charles Saumarez Smith. ‘Another time, another place’, 30.09.2001, https://www.theguardian.com/books/2001/sep/30/travel.highereducation. Accessed 14.12.2022 .

(3). James Wood. ‘Introduction’, Austerlitz translated by Anthea Bell, 10th Anniversary Edition, Penguin.2011. P:xxvii.

    (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 145-153

    To purchase, contact ph.no:  8086126024)

More reading:

The Tin Drum by Günter Grass (Germany)/ Ralph Manheim (1959)

https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html