ഓഷ് വിറ്റ്സിന്റെ നിഴല്‍
ജര്‍മ്മനിയിലെ
ദക്ഷിണ ബവേറിയയിലെ വെര്‍താകില്‍ (Wertach im Allgäu) 1944ല്‍
ജനിച്ച വിന്‍ഫ്രീഡ് ഹ്യോര്‍ഹ് സെബാള്‍ഡ് (W(infried) G(eorg) Sebald ) ആത്മകഥാപരമായ നാലു പ്രഖ്യാത നോവലുകളിലൂടെ,
ഹോളോകാസ്റ്റിന്റെയും ജര്‍മ്മന്‍ നഗരങ്ങള്‍ക്കു മേല്‍ നടത്തപ്പെട്ട
സഖ്യ ശക്തികളുടെ ബോംബു വര്‍ഷത്തിന്റെയും ഭീകരാനുഭവങ്ങള്‍ പരീക്ഷ്ണാത്മകവും
നവീനവുമായ ഭാവുകത്വത്തോടെ അവതരിപ്പിച്ചു. എഴുത്തിനെ ശമനകാരിയായി (therapeutic) കണ്ട സെബാള്‍ഡ്, ആ കെട്ട കാലത്തിന്റെ പരിണതികളെ
ആവിഷ്കരിക്കാന്‍ ഓര്‍മ്മകള്‍, ചരിത്ര രേഖകള്‍, പഴയ ഫോട്ടോകള്‍/ ചിത്രങ്ങള്‍, രേഖകളുടെ പകര്‍പ്പുകള്‍
എന്നിവയെ സ്വപ്നാത്മകവും വിട്ടുപോകാത്തതുമായ ഭാവത്തില്‍
കൂട്ടിയിണക്കുന്നു *(1). 2001ല്‍ തന്റെ
മാസ്റ്റര്‍പീസ് നോവല്‍ Austerlitz പ്രസിദ്ധീകരിക്കപ്പെട്ടതിനു
തൊട്ടുപിറകെ ഒരു കാറപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ നോര്‍ വിച്ചിലെ ഈസ്റ്റ് ആംഗ്ലിയ
യൂണിവേഴ്സിറ്റിയില്‍ യൂറോപ്യന്‍ സാഹിത്യ അദ്ധ്യാപകന്‍ ആയിരുന്ന സെബാള്‍ഡിന്
അമ്പത്തിയേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം
ലോകയുദ്ധം യൂറോപ്പിലാകെ പടര്‍ത്തിയ നശീകരണത്തിന്റെ വ്യാപ്തി Austerlitz-ന്റെ പശ്ചാത്തലത്തില്‍ തൊട്ടറിയാവുന്നതാണ്. മുഖ്യ
കഥാപാത്രത്തിന്റെ ഓര്‍മ്മകളില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍
ഏറ്റവും പ്രധാനം നാസി ജര്‍മ്മനി 1938ല്‍ ചോക്കോസ്ലോവാക്യക്കു മേല്‍ നടത്തിയ
അധിനിവേശമാണ്. ഇറ്റലി, ഫ്രാന്‍സ്, യു.കെ എന്നീ ശക്തികളോടു മാത്രം
കൂടിയാലോചിച്ചു, ബാധിക്കപ്പെടുന്നവരെ തീര്‍ത്തും അവഗണിച്ചു
കൊണ്ടാണ്, ഹിറ്റ്ലര്‍ സൂഡറ്റന്‍ലാന്‍ഡ് കീഴടക്കിയത്.
പ്രദേശത്ത് ജര്‍മ്മന്‍ വംശജരുടെ വര്‍ദ്ധിച്ച സാന്നിധ്യമുണ്ടായിരുന്നതാണ് അതിനു
ഒഴികഴിവായി ഏകാധിപതി കണ്ടത്. വെഴ്സയില്‍സ് ഉടമ്പടി കാറ്റില്‍പ്പറത്തി ഓസ്ട്രിയന്‍
അതിര്‍ത്തികളിലേക്ക് ജര്‍മ്മന്‍ സൈന്യം കടന്നു കയറിതിനും (‘Anschluss’, German: “Union”, political union of Austria with Germany) ആറു മാസത്തിനകം നടന്ന സൂഡറ്റന്‍ലാന്‍ഡ് കേയ്യേറ്റത്തെ പ്രാദേശിക ജനത ആര്‍പ്പുവിളികളോടെ
സ്വീകരിച്ചു. ‘Anschluss’നെയോ മ്യൂനിച് സമ്മേളനത്തെയോ
നോവലില്‍ ഒരിടത്തും നേരിട്ടു പരാമര്‍ശിക്കുന്നില്ലെങ്കിലും, നോവലിന്റെ
തുടക്കത്തില്‍, ചെക്ക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ
ഉന്നതന്‍ കൂടിയായ ഓസ്റ്റര്‍ലിറ്റ്സിന്റെ പിതാവ്
മാക്സിമിലിയന്‍ ഐകന്‍വാള്‍ഡ്, നാസി അധിനിവേശത്തിന്റെ ഭീഷണി
മുന്‍കൂട്ടി കാണുന്നുണ്ട്. ഇതാണ് നോവലിലെ കേന്ദ്രവികാസത്തിന്റെ തൊടുത്തുവിടല്‍
ആയിത്തീരുക. മ്യൂനിച്ചിലെക്കുള്ള ഒരു ബിസിനസ്സ് യാത്രക്കിടെ നാസി പാര്‍ട്ടിയുടെ
റാലി ചിത്രീകരിക്കുന്ന ഒരു ഫിലിം അയാള്‍ കണ്ടിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ട
ഉടമ്പടിയുടെ അപമാനത്തിന്റെ വിട്ടുപോകാത്ത ഓര്‍മ്മകളില്‍ നിന്നു ലോകത്തെ
വിമോചിപ്പിക്കേണ്ട ദൌത്യമുള്ള ഒരു ജനതയാണ് തങ്ങള്‍ എന്ന പ്രതിച്ഛായ
സൃഷ്ടിച്ചെടുക്കുകയായിരുന്നു നാസികള്‍. വരാനിരിക്കുന്നതിനെ മുന്‍കൂട്ടിക്കണ്ടാണ്
നാലുവയസ്സുകാരന്‍ മകനെ യു.കെ.യിലേക്ക് സംരക്ഷണാര്‍ത്ഥം ദത്തു നല്‍കാന്‍ പിതാവും
ഓപ്പറ ഗായികയായിരുന്ന മാതാവ് അഗാതയും തീരുമാനിക്കുന്നത്. നാസി സൈന്യം പ്രാഗ്
കീഴടക്കുന്നതിന്റെ തൊട്ടു തലേ ദിവസം മാക്സിമിലിയന്‍, പാരീസിലേക്ക്
രക്ഷപ്പെട്ടു. അപ്പോഴും പ്രാഗില്‍ കഴിയുന്ന അഗാത, മാസങ്ങള്‍ക്കു
ശേഷമാണ് മകനെ ലണ്ടനിലേക്കയക്കുന്നത്. ‘Kindertransport program’ (Refugee Children Movement) എന്ന പദ്ധതിയുടെ
ഗുണഭോക്താക്കളായി പതിനായിരത്തോളം ജൂതക്കുഞ്ഞുങ്ങള്‍ ഇപ്രകാരം ദത്തു നല്‍കപ്പെട്ടു
എന്നത് ചരിത്രം. അവരില്‍ ഒട്ടുമുക്കാലും പേര്‍ അതിജീവിച്ചുവെങ്കിലും അത്യപൂര്‍വ്വം
ചിലര്‍ക്കേ പിന്നീട് തങ്ങളുടെ മാതാപിതാക്കളെ കാണാന്‍ ഭാഗ്യമുണ്ടായുള്ളൂ. കുഞ്ഞിനെ
യാത്രയാക്കിയതിനു തൊട്ടു പിറകെ അഗാത ആസ്ട്രലിറ്റ്സോവ, തെരേസിയന്‍സ്റ്റാഡ്
(Theresienstadt) ക്യാമ്പിലേക്കു കൊണ്ടുപോകപ്പെട്ടു. വിദേശ
ജേണലിസ്റ്റുകള്‍ക്കും നയതന്ത്രജ്ഞര്‍ക്കും മുന്നില്‍ ‘തടവറ മര്യാദ’കളുടെ നാട്യം പ്രദര്‍ശിപ്പിക്കാന്‍ നിലനിര്‍ത്തിയ വരേണ്യ ക്യാമ്പ്
ഈയിരുന്നു ‘കലാകാരന്മാരുടെ കോളനി (artists’ colony) എന്ന്
ഗസ്റ്റപ്പോ പേരിട്ട പ്രസ്തുത ഇടം.
റവ: ഏലിയാസ്, ഗ്വെന്റൊലിന് ഏലിയാസ് എന്ന വെല്‍ഷ്
മെതോഡിസ്റ്റ് ദമ്പതികള്‍, ഡാഫിഡ് ഏലിയാസ് എന്ന പേരിട്ടു
വളര്‍ത്തുന്ന കുഞ്ഞില്‍ നിന്നു അവന്റെ ഭൂതകാലം, ഫലത്തില്‍, മായ്ച്ചു കളയുന്നുണ്ട്. ആഖ്യാന ഘട്ടത്തില്‍, മാതാപിതാക്കള്‍ക്കൊപ്പമുള്ള
ജീവിതവും യു.കെ.യിലേക്കുള്ള തന്റെ ഏകാന്തമായ ട്രെയിന്‍ യാത്രയും ഓര്‍ത്തെടുക്കാനുള്ള
പ്രായം അയാള്‍ക്ക് ആയിട്ടുണ്ടെങ്കിലും, അയാളും ആ ഓര്‍മ്മകളെ
ഒതുക്കിക്കളയുകയാണ് ചെയ്തിരുന്നത്. എന്നാല്‍, മുതിര്‍ന്നതിനു ശേഷം
വിഷാദരോഗത്തിന്റെ തള്ളിച്ചയുള്ള ഘട്ടങ്ങളില്‍ ആ ഓര്‍മ്മകള്‍ അയാളില്‍
തിരയിളക്കുന്നു.
മകനായിത്തന്നെ
വളരുന്ന കുടുംബം, പോറ്റമ്മയുടെ ആരോഗ്യം നന്നായിരുന്ന കാലം മുഴുവന്‍ വെടിപ്പും ചിട്ടയുമുള്ള
ഒന്നായിരുന്നെങ്കില്‍, അവര്‍ രോഗിയാകുന്നതോടെ താളം
തെറ്റുന്നതാണ് കൌമാരക്കാരനെ ബോര്‍ഡിംഗ് സ്കൂളില്‍ എത്തിക്കുന്നത്. മെത്തോഡിസ്റ്റ്
പാതരിയെന്ന നിലയില്‍ തീപ്പൊരി പ്രഭാഷകനായിരുന്ന റവ: ഏലിയാസ്, ഭാര്യയുടെ മരണശേഷം മാനസികാരോഗ്യം തകര്‍ന്നു സാനറ്റോറിയത്തിലും
എത്തിപ്പെടുന്നു. സ്റ്റൊവര്‍ ഗ്രേഞ്ച് സ്കൂളിലെ പ്രധാനാധ്യാപിക ആന്ദ്രേ ഹിലരിയില്‍
നിന്നാണ്, പതിനഞ്ചാം വയസ്സില്‍, തന്റെ
യഥാര്‍ത്ഥ പേരിനെ കുറിച്ചു ഓസ്റ്റര്‍ലിറ്റ്സ് അറിയുക. ചരിത്ര പ്രസിദ്ധമായ ഓസ്റ്റര്‍ലിറ്റ്സ്
യുദ്ധത്തെ കുറിച്ചും തന്റെതിനേക്കാള്‍ ഏറെ വലിയ റഷ്യ-ഓസ്ട്രിയന്‍
സൈന്യത്തിനെതിരെയുള്ള നെപ്പോളിയന്റെ വിജയത്തെ കുറിച്ചും അവര്‍ ക്ലാസില്‍
വിവരിക്കുന്നത് അയാളുടെ കൌമാര മനസ്സില്‍ അഭിമാന ബോധം പകരുമ്പോള്‍, മറ്റു ചില കണ്ടെത്തലുകള്‍ അയാള്‍ക്കു വിചിത്രമായും തോന്നുന്നു.
അമേരിക്കന്‍ ഗായകനും നടനുമായിരുന്ന ഫ്രെഡ് ആസ്റ്റയറുടെ യഥാര്‍ത്ഥ നാമം ഓസ്റ്റര്‍ലിറ്റ്സ്
എന്നായിരുന്നുവെന്നും, ഫ്രാന്‍സ് കാഫ്കയെ ചേലാകര്‍മ്മം
നടത്തിച്ചത് ആ പേരുള്ള റബ്ബി ആയിരുന്നു എന്നും അയാള്‍ കൗതുകത്തോടെ
മനസ്സിലാക്കുന്നു. 1944ല്‍ ട്രിയെസ്റ്റയില്‍ വെച്ച് സാക്ഷിയാകാന്‍ ഇടയായ ഒരു
കുറ്റകൃത്യത്തെ കുറിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പരസ്യപ്രസ്താവന നടത്തിയ ലോറ
ഓസ്റ്റര്‍ലിറ്റ്സ് എന്ന സ്ത്രീയുടെ കഥയും അയാള്‍ കണ്ടെത്തുന്നു. എല്ലാം ചേര്‍ന്നു
തന്റെ സ്വത്വബോധത്തില്‍ പ്രതിസന്ധി തീര്‍ക്കുന്നതായി അയാള്‍ക്കു അനുഭവപ്പെടുന്നു.
ദിക്കു നഷ്ടപ്പെട്ടതായും ലോകത്തോടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും എന്നാല്‍
പലപ്പോഴും സ്വയം അത്തരത്തില്‍ വിച്ഛേദിക്കാനാനാവാത്ത വിധം കുരുങ്ങിപ്പോയതായും
വിരുദ്ധ വൈചിത്ര്യം അയാള്‍ക്ക് അനുഭവപ്പെടുന്നു. ഒരു രാത്രി തന്റെ ചുവരില്‍
പറ്റിപ്പിടിച്ചിരിക്കുന്ന നിശാശലഭങ്ങളെ നിരീക്ഷിന്ന ഒസ്റ്റ്ര്‍ലിറ്റ്സിന് അവയുടെ
പെരുമാറ്റം വിചിത്രമായിത്തോന്നുന്നു. താനവയെ പുറത്തു വിട്ടില്ലെങ്കില്‍ അവ
ചത്തുപോകും. വഴിയടഞ്ഞുപോയി എന്ന് അവക്ക് അറിയാം എന്നയാള്‍ ചിന്തിക്കുന്നു. ഭയം
കൊണ്ടു നിശ്ചേതനരായിപ്പോയ അവ ജീവനറ്റും അവിടെത്തന്നെ തങ്ങിനില്‍ക്കും. ഇരുണ്ട
രാത്രിയിലും, കാറ്റിലും കോളിലും പോലും ലക്ഷ്യസ്ഥാനത്തേക്കും, ദൌത്യനിര്‍വ്വഹണത്തിനു ശേഷം തിരിച്ചും പറന്നെത്തുന്ന ദൂതു പ്രാവുകളുടെ
കാര്യവും അയാള്‍ ചിന്തിക്കുന്നു. ഇത്തരം ചിന്തകള്‍ അയാളില്‍ ഒരുവേള അത്ഭുതം
നിറക്കുമ്പോള്‍ ഒപ്പം നൈരാശ്യവും കൊണ്ടുവരുന്നു. മനുഷ്യര്‍ക്ക് തങ്ങളുടെ
ഭൂതകാലത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കുമെങ്കിലും അവിടെ കാണുന്നതിന്റെയൊക്കെ
അര്‍ഥം മനസ്സിലാക്കാനാവില്ല എന്നത് അയാളെ മഥിക്കുന്നു. നോവലില്‍ വ്യക്തമായ
നിഹിലിസ്റ്റ് പാഠത്തെ പ്രതീകവല്‍ക്കരിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍, ഹെമിംഗ് വേയുടെ A Farewell to Arms എന്ന നോവലിലെ വിഖ്യാതമായ തീക്കൊള്ളിയിലെ ഉറുമ്പുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ദാര്‍ശനിക
സമസ്യകളോടൊപ്പം വ്യക്തിപരമായ നഷ്ടങ്ങളും ഓസ്റ്റര്‍ലിറ്റ്സിന്റെ ഏകാന്തതയെ
തീവ്രമാക്കുന്നുണ്ട്. സ്റ്റൊവര്‍ ഗ്രേഞ്ച് കാലം മുതല്‍ അടുത്ത സുഹൃത്തായിരുന്ന
ആസ്ട്രോഫിസിസിസ്റ്റ് ജെറാള്‍ഡ് ഫിറ്റ്സ്പാട്രിക് വിമാനാപകടത്തില്‍ മരിക്കുന്നതും അത്തരം ഒരു അനുഭവമാണ്. ഉള്‍വലിഞ്ഞും
എപ്പോഴും അകല്‍ച്ച പാലിച്ചും കഴിയുന്ന ഓസ്റ്റര്‍ലിറ്റ്സിന്റെ പ്രകൃതം
ദുസ്സഹമാകുന്നതു തന്നെയാണ് അയാളുടെ പ്രാഗ് സന്ദര്‍ശനങ്ങളില്‍ പലപ്പോഴും കൂടെ
പോയിരുന്ന കൂട്ടുകാരി മേരി (Marie
de Verneuil) ഒടുവില്‍ വിട്ടുപോകുന്നതിലേക്കും നയിക്കുന്നത്.
തുടര്‍ന്നു, തന്റെ മാനസികാരോഗ്യം തിരിച്ചു പിടിക്കുന്നതിനു
വേണ്ടിയുള്ള ശ്രമത്തിന്റെ കൂടി ഭാഗമായി നടത്തുന്ന
യാത്രകളും, അന്വേഷണങ്ങളും, തന്റെ
ആയയായിരുന്ന വേര റിസാനോവയെ കണ്ടെത്തുന്നതും, അയാള്‍ക്ക്
തന്റെ ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കും തന്നെയുള്ള യാനമായിത്തീരുന്നു.
മധ്യവയസ്കാനായിക്കഴിഞ്ഞ ഓസ്റ്റര്‍ലിറ്റ്സിനെ തിരിച്ചറിയാന്‍ വയോധികക്ക് നിമിഷാര്‍ദ്ധം
വേണ്ടിവരുന്നുമില്ല. ചെക്ക് വംശജനാണെങ്കിലും അയാള്‍ക്കു മനസ്സിലാകാത്ത ജീവിതമുള്ള
പ്രാഗിലും അനിതാ ബോധം അയാളെ വേട്ടയാടുന്നു.
ബെല്‍ജിയത്തിലെ
ആന്റ് വേര്‍പ്പ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചു നടക്കുന്ന 1967ലെ ആദ്യത്തെ
കണ്ടുമുട്ടല്‍ മുതല്‍ ഏതാണ്ട് മുപ്പതുവര്‍ഷക്കാലം യൂറോപ്പിലെ വിവിധ ട്രെയിന്‍
സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും വെച്ചു പല ഘട്ടങ്ങളിലായി സംഭവിക്കുന്ന, രണ്ടു പേര്‍ക്കിടയിലെ സംഭാഷണങ്ങളുടെ
രൂപത്തിലാണ് നോവലിന്റെ സങ്കീര്‍ണ്ണമായ ചട്ടക്കൂട്. പേരു പറയുന്നില്ലാത്ത
ആഖ്യാതാവും ജാക്ക് ഓസ്റ്റര്‍ലിറ്റ്സും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് താനാരാണ്
എന്ന് കണ്ടെത്താന്‍ ഓസ്റ്റര്‍ലിറ്റ്സിന്റെ ശ്രമങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്.
1996ല്‍ ലണ്ടന്‍ സ്റ്റേഷനില്‍ കണ്ടുമുട്ടുമ്പോള്‍ ഓസ്റ്റര്‍ലിറ്റ്സിനു
ആഖ്യാതാവിനോട് പറയാനുണ്ട്: താന്‍ തന്റെ സ്വന്തം ജീവിതകഥ കണ്ടെത്തിയിരിക്കുന്നു.
1939ല്‍ അനാഥനായി ഇംഗ്ലണ്ടില്‍ എത്തിയ ഓസ്റ്റര്‍ലിറ്റ്സിലൂടെ
സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള മാനുഷികത്വര എന്ന
സാര്‍വ്വ ലൌകിക പ്രമേയം, ഓര്‍മ്മകള്‍ക്ക് ക്രമം നല്‍കാനുള്ള ശ്രമം, എന്നിവയാണ്
നോവലിസ്റ്റ് പരിശോധിക്കുന്നത് എന്ന് പറയാം. ഭൂതകാലത്തിന്റെ ട്രോമക്കെതിരില്‍
മറവികൊണ്ട്/ ബോധപൂര്‍വ്വമായ തമസ്കരണം കൊണ്ട് മനസ്സിനെ പ്രതിരോധിക്കാനുള്ള
സ്വാഭാവിക മനുഷ്യ പ്രവണത, ഓര്‍മ്മകളെ തിരിച്ചുപിടിക്കുക
എന്നതിന്റെ നേരെ എതിര്‍ചാലകമാണ് എന്നതാണ് ഇവിടെ അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കുന്നത്.
നോവല്‍, പ്രബന്ധം, ഓര്‍മ്മക്കുറിപ്പ്
എന്നിവ കൂടിക്കലരുന്ന സെബാള്‍ഡിന്റെ ശൈലി, സാഹിതീയ വര്‍ഗ്ഗീകരണത്തെ
പ്രശ്നവല്‍ക്കരിക്കുന്നതാണ്. ‘അനിശ്ചിതരൂപത്തിന്റെ ഗദ്യം (prose of
uncertain form) എന്ന് തന്റെ രചനയെ സെബാള്‍ഡ് തന്നെ
വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശൈലിയുടെ ഒരു സുപ്രധാന സ്വഭാവം അതി ദീര്‍ഘമായ
പാരഗ്രാഫുകള്‍, ഇരുപത്തിഞ്ചും നാല്‍പ്പതും പേജുകള്‍ വരെ
ദൈര്‍ഘ്യമുള്ളവ, ആണ്. ഈ അതിദീര്‍ഘ ഘടനയില്‍
നോവലിസ്റ്റിന്റെ ‘കാടുകയറ്റങ്ങള്‍’ (digressions) അതീവ
സ്വാഭാവികതയോടെ, ധ്യാനാത്മകതയോടെ ഒട്ടേറെ
വിഷയങ്ങളിലേക്ക് പടരുന്ന രീതി ക്ളിഷ്ടമെങ്കിലും ഹൃദ്യമാണ്. അതില്‍ ‘പ്രിയപ്പെട്ട
ചരിത്രാധ്യാപികയും ലേബര്‍ ക്യാമ്പുകളുടെ വാസ്തുവിദ്യയും ബില്ല്യാര്‍ഡ് ബോര്‍ഡിലെ
ചലനങ്ങളും ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത മരണവും’ കടന്നു വരുന്നു (Joe
Campana). പാരഗ്രാഫുകളോ സംഭാഷണങ്ങളോ കൊണ്ട് അവശ്യം വേണ്ട വിച്ഛേദം
സൂചിപ്പിക്കുന്നതിനു പകരം, വാതിലുകള്‍, സീലിങ്ങുകള്‍, ഫര്‍ണിച്ചര്‍, ദുരൂഹ ഭാവങ്ങളുള്ള ആളുകള്‍, ലെഡ്ജറുകള്‍, സ്റ്റാമ്പുകള്‍, നിത്യജീവിതത്തിലെ മറ്റു
ഒട്ടേറെ വസ്തുക്കള്‍ തുടങ്ങിയവയുടെ ദുരൂഹത തോന്നിക്കുന്ന കറുപ്പും വെളുപ്പുമായ
ഫോടോഗ്രഫുകള്‍ ഉപയോഗിച്ചു അദ്ദേഹം ആഖ്യാനത്തിനു ആവശ്യം വേണ്ട ശ്വസനസ്ഥലികള്‍
ക്രമപ്പെടുത്തുന്നു. പ്രൌഡവും ദാര്‍ശനികവുമായ ഗദ്യത്തിലൂടെ എന്നതിലേറെ ഈ
ചിത്രങ്ങളാണ് നോവലിന്റെ സ്വപ്നാത്മക ഭാവത്തെ പൊലിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ
ഇതര കൃതികളെ അപേക്ഷിച്ച് ആത്മകഥാംശത്തെക്കാള്‍ ഏറെ ചരിത്രപരമായ പശ്ചാത്തലമാണ് Austerlitzല്‍ സജീവമായിരിക്കുന്നത് എന്നതും ക്യാംപുകളുടെയും മറ്റും വേട്ടയാടുന്ന
ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
എണ്‍പതുകളുടെ
ഒടുവില്‍, ലിവര്‍പൂള്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ മുമ്പെന്നോ താന്‍ ഇതിലൂടെ കടന്നു
പോയിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ടായതിനെ കുറിച്ച് ഓസ്റ്റര്‍ലിറ്റ്സ്, ആഖ്യാതാവിനോട് പറയുന്നു.
തൊണ്ണൂറുകളില്‍ കണ്ടുമുട്ടുമ്പോഴാണ് ജന്മനഗരമായ പ്രാഗില്‍ നിന്നു ഫെറി മാര്‍ഗ്ഗമാണ്
വിട്ടുപോന്നതു എന്ന് കണ്ടെത്തിയ കാര്യം അയാള്‍ പറയുക. പ്രാഗിലേക്കുള്ള പല
യാത്രകളിലൂടെയാണ് അയാള്‍ തന്റെ ഭൂതകാലം പുനര്‍സൃഷ്ടിക്കുന്നത്. ആയ വേര റിസാനോവയെ
കണ്ടെത്തുന്നതും ഒറ്റനോട്ടത്തില്‍ വയോധിക അപ്പോഴേക്കും മധ്യവയസ്സിലെത്തിയ ഓസ്റ്റര്‍ലിറ്റ്സിനെ
തിരിച്ചറിയുന്നതും അയാളുടെ അന്വേഷണങ്ങളില്‍ വഴിത്തിരിവാണ്. കഴിവുറ്റ നടിയും ഓപ്പറാ
ഗായികയുമായിരുന്ന അമ്മ, പലപ്പോഴും യാത്രയിലായിരുന്നു എന്നും അപ്പോഴൊക്കെ കുഞ്ഞു ഓസ്റ്റര്‍ലിറ്റ്സിനെ
നോക്കിയിരുന്നത് വേര ആയിരുന്നു എന്നും അയാള്‍ അറിയുന്നു. വേരയില്‍ നിന്ന് കിട്ടിയ
സൂചനകള്‍ പിന്തുടര്‍ന്നു തെരെസിന്‍സ്റ്റാഡിലെ മെമോറിയല്‍ മ്യൂസിയത്തില്‍ നടത്തുന്ന
അന്വേഷണങ്ങള്‍ നിഷ്ഫലമാകുന്നു. നടുക്കമുണ്ടാക്കുന്ന അനുഭവമായ ജര്‍മ്മന്‍
ദേശങ്ങളിലൂടെയുള്ള യാത്രകള്‍ പോലും അയാള്‍ നടത്തുന്നുണ്ട്. ഒരു നാസി പ്രോപഗാന്റ
ഫിലിമില്‍ നിന്ന് അമ്മയാണെന്നു അയാള്‍ തിരിച്ചറിയുന്ന സ്ത്രീ അവരല്ലെന്ന് വേര
വെളിപ്പെടുത്തുന്നു. ഒരു പ്രാഗ് ഓപ്പറയില്‍ നിന്നുള്ള ചിത്രത്തിലൂടെ വേര അയാള്‍ക്ക്
അമ്മയെ കാണിച്ചുകൊടുക്കുന്നത്, അയാള്‍ക്കൊരു നൈമിഷിക
ആശ്വാസം ആകുന്നുണ്ട്. 1997ല്‍ ആഖ്യാതാവുമായുള്ള അവസാന കൂടിക്കാഴ്ചയില്‍, പിതാവിനെ സംബന്ധിച്ചു ലഭ്യമായ ചില സൂചനകളെ താന്‍ പിന്തുടരാന്‍ പോകുകയാണ്
എന്ന് ഓസ്റ്റര്‍ലിറ്റ്സ് അയാളോട് പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നുള്ള കുറെയേറെ
ഫോടോഗ്രാഫുകള്‍ അയാള്‍ക്കു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തുന്ന
അന്വേഷണങ്ങളും ഫലം കാണുന്നില്ലെന്നും അയാളൊരിക്കലും പിതാവിനെ
കണ്ടെത്തുന്നില്ലെന്നും നോവല്‍ സൂചിപ്പിക്കുന്നുണ്ട്. സെബാള്‍ഡിനെ സംബന്ധിച്ച്
ഓസ്റ്റര്‍ലിറ്റ്സ് പിതാവിന്റെ ഐഡന്റിറ്റി കണ്ടെത്തുന്നതല്ല നോവലിന്റെ മര്‍മ്മം
എന്ന് വ്യക്തമാണ്. മറിച്ചു അതേകുറിച്ചുള്ള തീക്ഷ്ണമായ അന്വേഷണത്തിലാണ് നോവലിന്റെ
കാതല്‍. എങ്ങനെയാണു യൂറോപ്പ് രണ്ടാം ലോകയുദ്ധത്തെയും ഹോളോകാസ്റ്റിനെയും ഓര്‍ക്കാന്‍
പോകുന്നത്, എന്തൊക്കെ രേഖകളും സൂചനകളും ഉണ്ടെങ്കിലും
സത്യം മനസ്സിലാക്കുക എന്നത് എത്രമാത്രം അസാധ്യമാണ് എന്നതാണ് നോവലിസ്റ്റിനെ ആകര്‍ഷിക്കുന്ന
ചോദ്യങ്ങള്‍. പ്രാഗിലെ ജൂത ജനത ചിതറിപ്പോയതിന്റെയും നാസികള്‍ നേരിട്ട രീതിയുടെയും
ദുരന്തത്തെ ഇത്രയും തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൃതികള്‍ വേറെയില്ല എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2).
പെന്‍ഗ്വിന്‍
പതിപ്പിന്റെ പത്താം വാര്‍ഷിക എഡിഷനു വേണ്ടി ജയിംസ് വുഡ് എഴുതിയ ആമുഖം
അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
“നോവലില്‍
ഉടനീളം - പക്ഷെ ഒരിക്കലും ഉരിയാടപ്പെടാതെ, എഴുതപ്പെടാതെ സാന്നിധ്യമുള്ളത് – അതാണ് സെബാള്‍ഡിന്റെ
പിടിച്ചുവെപ്പിന്റെ ഏറ്റവും സുന്ദരമായ കൃത്യം – ഓസ്റ്റര്‍ലിറ്റ്സ് എന്ന പേരിനെ
നിഴലിലാഴ്ത്തിയിരിക്കുന്ന ആ മറ്റേ ചരിത്ര നാമമാണ്, അതേ
അക്ഷരങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന പേര്, ചിലപ്പോഴൊക്കെ ഓസ്റ്റര്‍ലിറ്റ്സ് എന്നതിനെ നാം തെറ്റായി വായിച്ചേക്കാവുന്ന
പേര്, 1944ല്‍ അഗാത ഓസ്റ്റര്‍ലിറ്റ്സിന്റെ ആ
‘കിഴക്കോട്ടയക്കല്‍’ ഒട്ടുമുക്കാലും ആയിരിക്കാന്‍ ഇടയുള്ള ആ ഇടം, ഗുര്‍സിലെ ഫ്രഞ്ച് ക്യാമ്പില്‍ നിന്ന് 1942ല്‍
മാക്സിമിലിയന്‍ ഐകന്‍ വാള്‍ഡിനെ അയച്ചിരിക്കാന്‍ ഒട്ടുമുക്കാലും സാധ്യതയുള്ള ആ
ഇടവും: ഓഷ് വിറ്റ്സ്.” *(3). ആന്‍തിയ ബെല്‍ നടത്തിയ
ഇംഗ്ലീഷ് മൊഴിമാറ്റം ഏറ്റവും മികച്ചതാണെന്നു നിരൂപക മതം.
References:
(1). Joe Campana. ‘Austerlitz
By W. G. Sebald’, TWENTY-FIRST CENTURY NOVELS: THE FIRST DECADE, Ed: Jeffrey W.
Hunter, (c) 2011 Cengage Learning P: 72-76
(2). Charles Saumarez Smith. ‘Another time,
another place’,
30.09.2001, https://www.theguardian.com/books/2001/sep/30/travel.highereducation.
Accessed 14.12.2022 .
(3). James Wood. ‘Introduction’, Austerlitz translated by Anthea Bell, 10th Anniversary Edition, Penguin.2011. P:xxvii.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 145-153
To
purchase, contact ph.no: 8086126024)
More reading:
The Tin Drum by Günter Grass (Germany)/
Ralph Manheim (1959)
https://alittlesomethings.blogspot.com/2024/08/the-tin-drum-by-gunter-grass-germany.html
No comments:
Post a Comment