പൊയ്ക്കാലുകളിലല്ല
അവള്‍ നിവര്‍ന്നു നില്‍ക്കുക
(നൈജീരിയന്‍ നോവലിസ്റ്റ് സെഫി
അത്തയുടെ ‘എവരി തിംഗ്
ഗുഡ് വില്‍ കം’ എന്ന നോവലിനെ കുറിച്ച്. പ്രഥമ വോലെ സോയിങ്ക അവാര്‍ഡ് നേടിയ നോവല്‍
ശക്തമായ ഒരു സ്ത്രീപക്ഷ രചനയാണ്.)
നൈജീരിയയില്‍ ജനിച്ച് നാട്ടിലും ബ്രിട്ടനിലും ഐക്യ
നാടുകളിലുമായി പഠനം പൂര്‍ത്തിയാക്കിയ സെഫി അത്ത സമകാലിക ആഫ്രിക്കന്‍ സാഹിത്യത്തിലെ
ശക്തമായ പുതു സാന്നിധ്യങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കഥാ
സാഹിത്യത്തിനും റേഡിയോ നാടകങ്ങള്‍ക്കും ഉള്‍പ്പടെ ഒട്ടേറെ സാഹിത്യ പുരസ്കാരങ്ങള്‍
ഇതിനോടകം നേടിയിട്ടുള്ള സെഫി അത്തയുടെ രചനകള്‍ ആഫ്രിക്കന്‍ സംസ്കൃതിയെ ശക്തമായി
പ്രകാശിപ്പിക്കുന്നു. 2006-ല്‍ പ്രഥമ വോലെ സോയിങ്ക അവാര്‍ഡ് കരസ്ഥമാക്കിയ
കൃതിയാണ് അവരുടെ ആദ്യ നോവല്‍ ‘എവരി തിംഗ് ഗുഡ് വില്‍ കം.’ നൈജീരിയന്‍ ചരിത്രവും
സംസ്കൃതിയും ഉണര്‍ന്നിരിക്കുന്ന നോവല്‍ ശക്തമായ സ്ത്രീപക്ഷ രചന എന്ന നിലയിലും
സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
ആണ്‍ കോയ്മ, ദേശ ഭാരം, മുതിര്‍ന്നു വരവ്
പോസ്റ്റ് കൊളോണിയല്‍ നൈജീരിയയിലും ഇംഗ്ലണ്ടിലുമായി വളര്‍ന്നു
വരുന്ന എനിറ്റാന്‍ എന്ന പെണ്‍കുട്ടിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി (bildungsroman) വികസിക്കുന്ന കൃതിയാണ്
‘എവെരിതിംഗ് ഗുഡ് വില്‍ കം.’ സ്വാതന്ത്ര്യാനതര നൈജീരിയന്‍ ചരിത്രത്തിലെ
തീക്കാലമായിരുന്ന ബിയാഫ്രന്‍ യുദ്ധഘട്ടവും തൊട്ടു ശേഷവുമുള്ള കാലമാണ് നോവലിന്
വിഷയമാകുന്നത്. ഇബോ- ഹോസാ- യൊറൂബാ വംശീയതകള്‍ കൊമ്പു കോര്‍ത്ത സംഘര്‍ഷ കാലവും
ചോരയില്‍ മുക്കിക്കൊല്ലപ്പെട്ട ബിയാഫ്രാന്‍ സ്വാതന്ത്ര്യ മോഹങ്ങളും നൈജീരിയന്‍
സാഹിത്യത്തില്‍ ഏറെ തീക്ഷണമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചിനുവ അച്ചബെയും
എലേച്ചി അമാദിയും കെന്‍ സാരോ വിവായും പോലുള്ള കുലപതികള്‍ മുതല്‍ പുതു തലമുറയിലെ
ചിമമാന്‍ഡാ അദീചിയും ചിനെലോ ഒക്പരാന്റയും വരെ നീളുന്ന ഈ നിരയിലേക്ക് സെഫി അത്തയുടെ
നീക്കിവെപ്പു കൂടിയാണ് ‘നല്ലതല്ലാം വരും.’ എന്നാല്‍ സംഘര്‍ഷ മേഖലകളില്‍ എന്നതിലേറെ
അവയുടെ പശ്ചാത്തലത്തിലുള്ള എനിറ്റാനിന്റെ ജീവിത പരിസരങ്ങളിലാണ് നോവലിന്റെ
ശ്രദ്ധയത്രയും.
വിക്റ്റോറിയന്‍ ധാര്‍മ്മികതയും പുരുഷമേധാവിത്ത സാമൂഹിക
ക്രമവും ഉയര്‍ത്തുന്ന വെല്ലുവിളി കൂടി ജനാധിപത്യ ധ്വംസനങ്ങളും പട്ടാള
അട്ടിമറികളും തുടര്‍ക്കഥയാവുന്ന കൊളോണിയല്‍ അനന്തര നൈജീരിയന്‍ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം
നേരിടേണ്ടി വരുന്നു എന്നതാണ് സ്ത്രീത്വം ഇവിടെ നേരിടുന്ന അധിക ഭാരം. അമ്മയുടെ
മൌലികവാദ ക്രിസ്തീയ സമീപനവും അച്ഛന്റെ ഉപജാപക രാഷ്ട്രീയ ജീവിതവും തമ്മില്‍ പതിവായ
ഗാര്‍ഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, സഹോദരന്റെ മരണം കാരണം അമ്മ വരിഞ്ഞു മുറുക്കിയ അമിതമായ
സംരക്ഷണ മതിലുകള്‍ക്കുള്ളില്‍ ഏകയായി കഴിയേണ്ടി വരുന്ന എനിറ്റാന് സ്വാഭാവിക
രീതിയിലുള്ള കുട്ടിക്കാലം നിഷേധിക്കപ്പെടുന്നു. വിലക്കുകള്‍ ഭേദിക്കാനുള്ള അവളുടെ
പ്രവണതയുടെ ആദ്യസൂചന, ഞായറാഴ്ചകളില്‍ അമ്മയുടെ കണ്ണു വെട്ടിച്ചു അയല്‍ വീട്ടിലെ പെണ്‍കുട്ടിയുമായി
അവള്‍ ചങ്ങാത്തം കൂടുന്നതില്‍ ദൃശ്യമാണ്. മുസ്ലിം പിതാവിനും ഇംഗ്ലീഷുകാരി
അമ്മയ്ക്കും ജനിച്ച ഷെറി ‘മഞ്ഞ’ യായി കണക്കാക്കപ്പെടുന്നു. തന്റേടിയായ ഷെറി
ചുറ്റുപാടുകളോട് അതിവേഗം സമരസപ്പെടുന്ന, ആണ്‍ നോട്ടങ്ങള്‍ ക്ഷണിച്ചു
വരുത്തുന്ന പ്രകൃതക്കാരിയുമാണ്. മികച്ച വക്കീലായ സണ്ണി തായ് വോ മകള്‍ തന്റെ പിന്‍ഗാമിയായി
വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഉപരിപഠനത്തിനു വിദേശത്തേക്ക് പോവുന്നതോടെ
ഷെറിയുമായുള്ള ബന്ധം കത്തുകളിലൂടെ മാത്രം തുടരേണ്ടി വരുന്നുവെങ്കിലും
ഒഴിവുകാലങ്ങളില്‍ കൂട്ടുകാരികള്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. അത്തരമൊരു
ഘട്ടത്തില്‍, ഷെറിയുടെ നിര്‍ബന്ധപ്രകാരം പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്കിടെ അവള്‍
ക്രൂരമായി ബാലാക്കാരം ചെയ്യപ്പെടുന്നതും ഹീനമായി അപമാനിക്കപ്പെടുന്നതും
നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വരുന്നത് എനിറ്റാനിന്റെ മനസ്സില്‍ പുരുഷ ലോകത്തെ
കുറിച്ചുള്ള വലിയ മുറിവുകളുണ്ടാക്കും. സംഭവത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന ഷെറി
പ്രാകൃതമായ രീതിയില്‍ അത് അലസിപ്പിക്കുന്നത് അവളുടെ ഗര്‍ഭധാരണ ശേഷി
ഇല്ലാതാക്കുകയും സ്ത്രീത്വത്തിന്റെ ചിഹ്നം തന്നെയും മാതാവാകാനുള്ള കഴിവായി
കരുതപ്പെടുന്ന സമൂഹത്തില്‍ അവളെ എന്നെന്നേക്കുമായി അന്യയാക്കുകയും ചെയ്യും.
വര്‍ഷങ്ങള്‍ക്കു ശേഷം, നിയമ പഠനം കഴിഞ്ഞു പിതാവിന്റെ
ജൂനിയര്‍ ആയി പ്രാക്റ്റീസ് ചെയ്യാനെത്തുന്ന എനിറ്റാന്‍ സൗഹൃദം
പുതുക്കാനെത്തുമ്പോള്‍ ലാഗോസിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ അതിജീവനമാര്‍ഗ്ഗമായി
കണ്ടെത്തുന്ന അതേ വഴി ഷെറിയും പിന്തുടര്‍ന്നിട്ടുണ്ട്. ഒരു മുസ്ലിം ബ്രിഗേഡിയറില്‍
അവള്‍ ഒരു ‘ഷുഗര്‍ ഡാഡി’യെ കണ്ടെത്തിയിട്ടുണ്ട്. വിവാഹ ശേഷം തന്നെപ്പോലൊരുവള്‍ക്ക്
സമൂഹത്തില്‍ ഒരു വിലയും ലഭിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവുണ്ട് അവള്‍ക്ക്.
നിലനില്‍ക്കാന്‍ പാടുപെടുന്ന ചിത്രകാരന്‍ മൈക്കുമായുണ്ടാവുന്ന എനിറ്റാനിന്റെ
ഹ്രസ്വബന്ധം അയാളുടെ വഞ്ചനയുടെ നേര്‍ക്കാഴ്ചയില്‍ ഒടുങ്ങുകയും ചെയ്യും. മകളെ
കുക്കിംഗ് പഠിക്കാതെയും ഈ തലമുറയില്‍ ഒരു പെണ്‍കുട്ടിക്ക് ജീവിക്കാനാകും എന്നൊക്കെ
ഉപദേശിച്ചു വന്ന് കൊട്ടി ഘോഷിക്കുമായിരുന്ന സ്ത്രീപക്ഷ നിലപാടുകള്‍ മകള്‍ തന്നെ
അനുസരിക്കും നാളുവരെ മാത്രമേയുള്ളൂ എന്ന് പിതാവും തെളിയിക്കുന്നതോടെ പുരുഷ ലോകത്തെ
കുറിച്ച് മുമ്പുണ്ടായിരുന്ന ധാരണകള്‍ ഒരിക്കല്‍ കൂടി അവളില്‍ ശക്തമാകുന്നു.
സമൂഹത്തിലെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ നിന്ന് സ്വതന്ത്രനാകുക എന്നത് എത്രമാത്രം
ദുഷ്കരമാണെന്ന് സണ്ണി തായ് വോയുടെ പാത്ര സൃഷ്ടി സൂചിപ്പിക്കുന്നു. നോവല്‍
ആരംഭത്തില്‍ ഋണ സ്വഭാവിയായി അനുഭവപ്പെട്ടെക്കാവുന്ന അമ്മ യഥാര്‍ഥത്തില്‍
സമൂഹത്തിന്റെ മുന്‍ വിധികളുടെ ഇര മാത്രമാണ് എന്ന് വ്യക്തമാകുന്നുണ്ട്. വിശ്വാസ
പരമായ കടുംപിടുത്തങ്ങള്‍ അവരെ നിരന്തരം അപഹസിക്കാനുള്ള ഉപാധി മാത്രമായിരുന്നു ഭര്‍ത്താവിന്.
മകനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതോടെ തകര്‍ന്നു പോകുന്ന അവര്‍ക്ക്
എനിറ്റാന്‍ ജീവിതത്തിലെ ഏക പ്രതീക്ഷയാണ്. തകരുന്ന വിവാഹ ബന്ധത്തിലും അമ്മയും മകളും
ഒരേ വിധി പിന്തുടരുന്നു. വിശ്വാസം, രാഷ്ട്രീയം എന്നെ ഘടകങ്ങള്‍ക്കപ്പുറം പുരുഷ നിര്‍മ്മിത
കുടുംബ സങ്കല്‍പ്പങ്ങളും ചേര്‍ന്ന് ശിഥിലമാകുന്ന ദാമ്പത്യം നോവലിലെ ഒരു പ്രധാന
പ്രമേയം തന്നെയാണ് എന്ന് പറയാം.
പിതാവ് ജയിലിലായ ശേഷം മാത്രം എനിറ്റാന്‍ കണ്ടുമുട്ടുന്ന അര്‍ദ്ധ
സഹോദരന്‍ ദെബായോ തായ് വോയും അതേ പുരുഷ കേന്ദ്രിത നിലപാടുകളോടെ തന്നെയാണ് അവളെ
സ്വീകരിക്കുക. എങ്കിലും, ഏക മകനെയും തട്ടിയെടുത്തു ഉപേക്ഷിച്ചു പോയ ഭാര്യയെ കുറിച്ച് വേദനിക്കുന്ന നിയി
ഫ്രാങ്കോയുമായുള്ള അവളുടെ അടുപ്പം വൈകാതെ വിവാഹത്തിലേക്ക് നീങ്ങുന്നു. ഗര്‍ഭിണിയാവുന്നതോടെ
ദാമ്പത്യത്തില്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ ഒരു പ്രതിസന്ധിയിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ്, തുടര്‍ക്കഥയാകുന്ന പട്ടാള
അട്ടിമറികളില്‍ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ ബലിയാടായി സണ്ണി തായ് വോ
അറസ്റ്റ് ചെയ്യപ്പെടുന്നത്. പിതാവിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഒരു
ആക്റ്റിവിസ്റ്റ് ജീവിതരീതിയിലേക്ക് പോകുന്ന എനിറ്റാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും
ഒരു രാത്രി ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ദേശത്തിന്റെ മുഴുവന്‍
രാഷ്ട്രീയ അത്യാചാരങ്ങളും ജീര്‍ണ്ണതകളും ജയില്‍ മുറിക്കു ഉള്‍കൊള്ളാന്‍
ആവുന്നതിലും എത്രയോ മടങ്ങ് തടവുപുള്ളികളെ കുത്തിനിറച്ച, രോഗവും വൃത്തികേടുകളും ദുര്‍ഗന്ധവും മലമൂത്ര സംഭരണിയായി
അവിടെ തന്നെ സൂക്ഷിക്കുന്ന ബക്കറ്റിന്റെ സാന്നിധ്യവും ചേര്‍ന്ന് സൃഷ്ടിക്കുന്ന
അസംതൃപ്തിയും കടന്നു കയറ്റങ്ങളുമായി പ്രതിനിധാനം ചെയ്യുന്ന ജയിലറയിലെ ഒരു രാവ്
അവളെ പുതിയ ചില തീരുമാനങ്ങളില്‍ എത്തിക്കുന്നു. തൊഴിലിടത്തില്‍ പുരുഷന്മാരുടെ
കടന്നു കയറ്റ ശ്രമങ്ങളെ ചെറുത്തുനില്‍ക്കാന്‍ പിന്തുണ കൊടുത്തുവന്ന നിയി, കുടുംബത്തിലെ
പുരുഷാധികാര സമവാക്യത്തില്‍ തനിക്കു മുമ്പില്‍ ഭാര്യ നിവര്‍ന്നു നില്‍ക്കുന്നുവെന്ന
തോന്നലുണ്ടാവുന്നതോടെ സണ്ണി തായ് വോ ചെയ്ത പോലെ “സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള
കാര്യങ്ങള്‍” എന്ന പുച്ഛം കലര്‍ന്ന കുറിപ്പടിയിലേക്ക് മാറുന്നു. ‘ഉദരത്തില്‍
കിടക്കുന്ന കുഞ്ഞിനു വേണ്ടി’ എനിറ്റാന്‍ ഒതുങ്ങിക്കഴിയണമെന്നും അച്ഛന്റെ
കാര്യത്തില്‍ ഇടപെട്ടു സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്തരുതെന്നും അയാള്‍
നിഷ്കര്‍ഷിക്കുന്നു.
നിയിയുമായുള്ള ബന്ധം പിറകിലുപേക്ഷിച്ച് ഇറങ്ങിപ്പോകുമ്പോള്‍
തനിക്കു ശരിയെന്നു തോന്നുന്നതിന് വേണ്ടി നിലക്കൊള്ളുന്നതിനെ കുറിച്ചാണ് എനിറ്റാന്‍
ചിന്തിക്കുന്നത്. ‘ഒതുങ്ങിക്കഴിയുന്ന’തിന്റെ പാരമ്പര്യത്തെ മറികടന്ന് ഗ്രേസ്
അമായോടൊപ്പം രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പോരാടുന്ന വനിതാ കൂട്ടായ്മയോടു
ചേരുന്ന എനിറ്റാന്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നരായ പുതിയ
നൈജീരിയന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായിത്തീരുന്നുണ്ട്. ബ്രിഗേഡിയറുടെ കയ്യില്‍
നിന്ന് ഗാര്‍ഹിക പീഡനം ഏല്‍ക്കുന്ന ഷെറിയെ ഭക്ഷണം ഉണ്ടാക്കുന്നതിലുള്ള അവളുടെ
വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അവളുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെ ഒരു കാറ്ററിംഗ്
സര്‍വ്വീസ് തുടങ്ങാനും സ്വയം പര്യാപ്തയാവാനും എനിറ്റാന്‍ സഹായിക്കുന്നു.
മാതൃത്വത്തിന്റെ ആനന്ദം നിഷേധിക്കപ്പെട്ട ഷെറി സമൂഹത്തില്‍ തകരാതെ പിടിച്ചു നില്‍ക്കുന്നത്
അവള്‍ ശരിക്കുമൊരു ശക്തയായ സ്ത്രീയായത് കൊണ്ടാണ് എന്ന് എനിറ്റാന്‍
നിരീക്ഷിക്കുന്നുണ്ട്.
രാഷ്ട്രീയവും മൌലിക വാദവും
നോവലിനെ കുറിച്ചുള്ള വികിപീഡിയ ലേഖനം അതിന്റെ സാംസ്കാരികവും
ചരിത്രപരവുമായ പ്രസക്തിയും പശ്ചാത്തലവും സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്.
ഇരുനൂറ്റി അമ്പതിലേറെ വംശീയ വിഭാഗങ്ങളും അമ്പതില്‍ കൂടുതല്‍ ഭാഷകളുമുള്ള
നൈജീരിയയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഹോസാ വിഭാഗം വടക്കന്‍ നൈജീരിയയിലും
കത്തോലിക്കാ മേധാവിത്തമുള്ള ഇബോ വിഭാഗം തെക്കന്‍ മേഖലയിലും വ്യത്യസ്ത ക്രിസ്തീയ
ക്രമങ്ങളോടൊപ്പം മുസ്ലിം സ്വാധീനവുമുള്ള യോറൂബ വിഭാഗം തെക്ക് പടിഞ്ഞാറന്‍
മേഖലയിലും പ്രബലമാണ്. കൊളോണിയല്‍ പൂര്‍വ്വ കാലഘട്ടത്തില്‍ പരസ്പര
വിനിമയങ്ങളില്ലാതെ വേറിട്ട ദേശങ്ങളായി നിലക്കൊണ്ട വ്യത്യസ്ത വിഭാഗങ്ങള്‍ 1914-ലെ
ബ്രിട്ടീഷ് അധിനിവേശത്തോടെ ഏകീകരിക്കപ്പെട്ടു. ബ്രിട്ടന്‍ പ്രതിനിധാനം ചെയ്ത
അധികാര കേന്ദ്രത്തിനു കീഴില്‍ പ്രാദേശിക ഗോത്ര വംശീയതകള്‍ തങ്ങളുടെ മേഖലകളില്‍
സാമന്താരെ പോലെ ഭരിച്ചു. സൈനിക മിടുക്കില്‍ സ്വതേ മുന്നിട്ടു നിന്ന ഹോസ വിഭാഗം
ബ്രിട്ടീഷ് നൈജീരിയന്‍ പട്ടാളത്തില്‍ മേല്‍ക്കൈ നേടിയത് സ്വാഭാവികമായിരുന്നു. അതേ
സമയം, വ്യാവസായിക
കേന്ദ്രമെന്ന നിലക്കും എണ്ണസമ്പന്നതയിലും മുന്നിട്ടു നിന്ന തെക്കന്‍ മേഖലയില്‍
വിദ്യാഭ്യാസ പരവും വാണിജ്യ പരവുമായ വളര്‍ച്ച നേടാന്‍ കഴിഞ്ഞത് ഇബോ, യൊറൂബ
വിഭാഗങ്ങളെ സാംസ്കാരികമായി മുന്നിലെത്തിച്ചു. ബ്രിട്ടന് കീഴില്‍ സംഘര്‍ഷത്തിലേക്ക്
പോകാതെ നിലനിന്നുവന്ന അധികാര സമവാക്യങ്ങള്‍, 1960- ലെ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം പതിയെ ശിഥിലമായിത്തുടങ്ങി. ദേശീയ
പ്രശ്നങ്ങളെ തെരഞ്ഞെടുപ്പുകളിലൂടെ നേരിട്ടുവന്ന ജനാധിപത്യ രീതി അഴിമതിയില്‍
കുളിച്ച ഹോസാ സൈനിക അട്ടിമറികളുടെ നൈരന്തര്യത്തില്‍ ഇല്ലാതായി. ഒപ്പം വ്യത്യസ്ത
വിഭാഗങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന വൈരുധ്യങ്ങള്‍ ഹിംസാത്മകമായി വെളിപ്പെടാനും
തുടങ്ങിയത് വംശീയ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടു. കൊളോണിയല്‍ കാലം മുതല്‍ മിഷനറി
വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ ഇബോ വിഭാഗം, കലുഷമായ
ദേശീയ സാഹചര്യങ്ങളില്‍ നിന്ന് സ്വതന്ത്രമാകാനും തങ്ങളുടെ സ്വതന്ത്ര അസ്തിത്വം
സ്ഥാപിക്കാനുമായി ബിയാഫ്ര ദേശം പ്രഖ്യാപിച്ചു. തുടര്‍ന്ന് നൈജീരിയയും പുതു ദേശവും
തമ്മിലുണ്ടായ സംഘര്‍ഷം രണ്ടര വര്‍ഷം കൊണ്ട് (6th July 1967 to 15 Jan 1970) സൈനികരും
സിവിലിയന്‍ പൌരന്മാരുമായി മൂന്ന് ദശലക്ഷം പേരുടെ മരണത്തിനിടയാക്കി. ഏറ്റവും
നിന്ദ്യമായ ഒരു ഉപരോധത്തിലൂടെ എങ്ങനെയാണ് ബിയാഫ്രായെ പട്ടിണിയില്‍ മുക്കി
കൊലപ്പെടുത്തിയത് എന്ന് ഏറ്റവും തീക്ഷണമായി അവതരിപ്പിച്ചത് ചിമമാന്‍ദാ അദീചിയുടെ
‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ എന്ന നോവലില്‍ വായിക്കാം:
"പട്ടിണി ഒരു നൈജീരിയന്‍ യുദ്ധ ആയുധമായിരുന്നു.
പട്ടിണി ബിയാഫ്രയെ തകര്‍ത്ത്, ബിയാഫ്രക്ക്
പ്രശസ്തി നേടിക്കൊടുത്തു, നിലനിന്നിടത്തോളം കാലം
ബിയാഫ്രയെ നിലനിര്‍ത്തി. പട്ടിണി ലാഗോസിലും ലണ്ടനിലും മോസ്ക്കൊയിലും
ചെക്കൊസ്ലോവാക്യയിലും (അതിലേക്കു) ജനശ്രദ്ധ കൊണ്ടുവരികയും പ്രകടനങ്ങളും പ്രതിഷേധങ്ങളും
പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. പട്ടിണി സാംബിയായെയും ടാന്‍സാനിയായെയും
ഐവറി കോസ്റ്റിനെയും ഗാബോണിനെയും കൊണ്ട് ബിയാഫ്രായെ
അംഗീകരിപ്പിച്ചു, പട്ടിണി ആഫ്രിക്കയെ നിക്സന്റെ
അമേരിക്കന്‍ ക്യാമ്പെയ്നിലെക്ക് കൊണ്ടുവരികയും ലോകമെങ്ങുമുള്ള
മാതാപിതാക്കളെ കൊണ്ട് അവരുടെ കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാന്‍
ഇടയാക്കുകയും ചെയ്തു. പട്ടിണി സന്നദ്ധ സംഘടനകളെ കൊണ്ട് ഇരുട്ടിന്റെ
മറപറ്റി വായുമാര്‍ഗ്ഗം ബിയാഫ്രായിലേക്ക് ഭക്ഷണം ഒളിച്ചു കടത്താന്‍ പ്രേരിപ്പിച്ചു, കാരണം ഇരുവശങ്ങള്‍ക്കും യാത്രാമാര്‍ഗ്ഗത്തിന്റെ കാര്യത്തില്‍
യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പട്ടിണി ഫോട്ടോ ഗ്രാഫര്‍മാരുടെ തൊഴിലിനെ സഹായിച്ചു.
പട്ടിണി അന്താരാഷ്‌ട്ര റെഡ് ക്രോസിനെ കൊണ്ട് ബിയാഫ്രായെ രണ്ടാം ലോക യുദ്ധത്തിനു
ശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സന്നിഗ്ധാവസ്ഥ എന്ന്
വിളിപ്പിച്ചു.”
(ഹാഫ് ഓഫ് എ യെല്ലോ സണ്‍ :
അധ്യായം - 21)
എന്നാല്‍ ബിയാഫ്രായുടെ ഏറ്റവും കടുത്ത ഇരപക്ഷമായിരുന്ന ഇബോ
വിഭാഗത്തില്‍ നിന്നുള്ള അദീചിയുടെ ആവിഷ്കാരത്തില്‍ കാണാവുന്ന അത്രതന്നെ അനുഭാവപൂര്‍ണ്ണമല്ല
സംഘര്‍ഷത്തോടുള്ള സെഫി അത്തയുടെ നിലപാട് എന്നത് അവരുടെ യൊറൂബ പാരമ്പര്യവുമായി ചേര്‍ത്തു
കാണേണ്ടതുണ്ടോ എന്നും ചിന്തിക്കാം. എന്തായാലും, ഇന്ന് ദേശരാഷ്ട്ര
വ്യവസ്ഥക്കനുസൃതമായി വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ ഇടപഴകുന്നുണ്ടെങ്കിലും അന്തര്‍ധാരയായ
ഭിന്നതകള്‍ വംശീയ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകും വിധം ഇടയ്ക്കിടെ സജീവമാണ്.
ഇത്തരമൊരു സംഘര്‍ഷത്തിന്റെ ഭാഗമായാണ് എനിറ്റാനിന്‍റെ പിതാവ് ജയിലിലാകുന്നത്.
നോവലിലെ പ്രമേയ ഘടനയില്‍ പ്രകടമായ രാഷ്ട്രീയ
അസ്വാസ്ത്യങ്ങള്‍ക്ക് നേരിട്ടല്ലെങ്കിലും ചാലക ശക്തിയായി നില്‍ക്കുന്നത് മതപരവും
അധികാരവും സമ്പത്തും പങ്കുവെക്കുന്നതിന്റെ സങ്കീര്‍ണ്ണതകലുമാണ്. യൊറൂബ
വിഭാഗക്കാരായ തായ് വോ കുടുംബം വ്യത്യസ്ത വിഭാഗങ്ങളോട് സഹിഷ്ണുതയുള്ളവരാണ്.
കാംബ്രിഡ്‌ജിലെ പഠന കാലത്ത് അച്ഛന്റെ കൂട്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ ചേര്‍ത്തു
‘മൂന്ന് പോരാളികള്‍’ എന്ന് എനിറ്റാന്‍ വിവരിക്കുന്നത് അവരുടെ പൂര്‍വ്വകാല
സൌഹൃദത്തിന്റെ ഇഴയടുപ്പം സൂചിപ്പിക്കുന്നു. എന്നാല്‍ ബിയ്ഫ്രാന്‍ യുദ്ധം
പൊട്ടിപ്പുറപ്പെടുന്നതോടെ സുഹൃത്തുകള്‍ വ്യത്യസ്ത ചേരികളിലാകുന്നു. ഒരാള്‍
ബിയാഫ്രായോടൊപ്പം ചേരുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. മറ്റൊരാള്‍ യൊറൂബ
പ്രസ്ഥാനത്തെ പ്രകടമായിത്തന്നെ പിന്തുണയ്ക്കുന്നുമ്പോള്‍ സണ്ണി നിശ്ശബ്ദ
സഹകരണത്തിന്റെ വഴി തേടുന്ന ഉപജാപക രാഷ്ട്രീയക്കാരനാണ്. എഴുപതുകളില്‍, ബിയാഫ്ര
ചരിത്രമായിക്കഴിഞ്ഞെങ്കിലും, ബ്രിട്ടനില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന
മാറ്റങ്ങളെ കുറിച്ച് എനിറ്റാന്‍ അറിയുന്നുണ്ട്. അകാരണമായ കസ്റ്റഡിയിലെടുക്കളും
രാഷ്ട്രീയപ്രേരിത തിരോധാനങ്ങളും ഭരണഘടന സസ്പെന്‍ഡ് ചെയ്യലും പോലുള്ള സൈനിക
ഇടപെടലുകള്‍ നിത്യ സംഭാവമാകുന്നത് എനിറ്റാന്‍ വിവരിക്കുന്നുണ്ട്. തിരിച്ചെത്തുന്ന
എനിറ്റാന്‍ കാണുക അച്ഛന്‍ രാഷ്ട്രീയത്തില്‍ പിണഞ്ഞു പോകുന്നതും കസ്റ്റഡിയില്‍
എടുക്കപ്പെടുന്നതുമാണ്. രാഷ്ട്രീയമായ ഇത്തരം അടിയൊഴുക്കുകള്‍ക്കൊപ്പം
അമ്മയുടെ വിശ്വാസ വഴികള്‍ പ്രതിനിധാനം ചെയ്യുന്ന നൈജീരിയന്‍ കൃസ്തീയതയും
നോവലിലെ പ്രധാന സംഘര്‍ഷ വിഷയമാണ്. കൊളോണിയല്‍ കാലം മുതലേ ഇബോ, യൊറൂബ
വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ശക്തമായ സ്വാധീനം ചെലുത്തിയ മിഷനറി പ്രവര്‍ത്തനത്തിന്റെ
ഫലമായി ആംഗ്ലിക്കന്‍, കാത്തോലിക് ചര്‍ച്ചുകള്‍ വന്‍ ജനപിന്തുണ നേടിയെടുത്തിരുന്നു. പുരുഷ മേധാവിത്ത
സമീപനം തന്റെ പുരോഗമന മുഖത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന സണ്ണി ഭാര്യയുടെ
ആംഗ്ലിക്കന്‍ വിധേയത്വത്തെ കളിയാക്കുകയും മകളുടെ മേല്‍ അതൊരു ചീത്ത
സ്വാധീനമാകുമെന്നു ന്യായമായും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹിക സംഘര്‍ഷങ്ങളുടെ
പ്രധാന ഉറവിടമായും ഒടുവില്‍ ദാമ്പത്യ ശൈഥില്യത്തിനും ഇത് കാരണമാകുന്നുന്മുണ്ട്.
കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ സമൂഹത്തില്‍ സ്ത്രീത്വത്തിനു ഉണ്ടായിരുന്ന
കുലീനമായ സ്ഥാനം പരിഗണിക്കുമ്പോള്‍ കൊളോണിയല്‍ ശേഷിപ്പായ സ്ത്രീവിരുദ്ധതക്കും
പാരമ്പര്യത്തിനും മറുമരുന്നായി മാമാ എനിറ്റാനിന്‍റെ വിശ്വാസപരമായ കടുംപിടുത്തങ്ങള്‍
മാറുന്നത് സ്വാഭാവികമാണ് എന്ന് കാണാം.
നോവലിസ്റ്റിന്റെ അപര സ്വത്വം?
നോവലിന്റെ വീക്ഷണ കോണ്‍ നിലനിര്‍ത്തുന്ന ആധികാരികതയുടെ
നിദാനം സെഫി അത്ത തന്റെ സമകാലികയായ മുഖ്യ കഥാപാത്രത്തിലൂടെയാണ് അത്
ആവിഷ്കരിക്കുന്നത് എന്നതാണ്. 1971-ല്‍ നോവല്‍ ആരംഭത്തില്‍ ഏഴു വയസ്സുകാരിയായ
എനിറ്റാന്‍ 1964-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സമപ്രായക്കാരിയാണ്. ബിയാഫ്രം സംഘര്‍ഷ
കാലത്ത് തീരെ ചെറുപ്പമായിരുന്ന എനിറ്റാന്‍/ സെഫി അത്തക്ക് ബാല്യസഹജമായ കാഴ്ചപ്പാട്
നിലനിര്‍ത്താന്‍ കഴിയുന്നു. നോവലിലെ സംഭവ ഗതികളോടൊപ്പം വളരുന്ന മുഖ്യ
കഥാപാത്രത്തിനു നൈജീരിയന്‍ ചരിത്രത്തെ തന്റെ ആഖ്യാനത്തില്‍ സജീവമാക്കി നിലനിര്‍ത്താന്‍
വേണ്ട വിദ്യാഭ്യാസവും സാംസ്കാരിക ഔന്നത്യവും ഉണ്ട്. അതുകൊണ്ട് എഴുപതുകള്‍ മുതല്‍
തൊണ്ണൂറുകള്‍ വരെയുള്ള കഥാകാലം രാഷ്ട്രീയ സാംസ്കാരിക സനിധ്യമായിത്തന്നെ നോവലില്‍
ഇടം പിടിക്കുന്നു. അല്‍ ഹാജി ഷേഹു ഷാഗരിയുടെ കീഴിലെ രണ്ടാം റിപ്പബ്ലിക് (1979-
’83), ഇബ്രാഹിം
ബബാന്‍ഗിഡയുടെ കീഴിലെ മൂന്നാം റിപ്പബ്ലിക്(1992- ’93) എന്നിവയും ഇടയിലെ പട്ടാള
എകാധിപത്യങ്ങളുടെയും അട്ടിമറികളുടെയും കാലഘട്ടങ്ങലാണ് നോവലില്‍
പശ്ചാത്തലമാകുന്നത്. ബിയാഫ്രാന്‍ സംഘര്‍ഷ കാലം വിഷയമാക്കുന്ന മുതിര്‍ന്ന
നോവലിസ്റ്റുളില്‍ നിന്ന് വ്യത്യസ്തമായി ഇളംമുറക്കാരിയുടെ രചന എന്ന നിലയില്‍
കൊളോണിയലിസത്തിന്റെ അനുഭവങ്ങള്‍ ഉള്ളവരുടെ വീക്ഷണ ഗതിയില്‍ നിന്ന് തലമുറയുടെ
അന്തരമുണ്ട് സെഫി അത്തയുടെ സമീപനത്തില്‍. കൊളോണിയലിസം നേരിട്ടനുഭവിച്ച യാഥാര്‍ത്ഥ്യം
എന്ന നിലക്കല്ല, അതിന്റെ ബാക്കിപത്രത്തെ സ്വാതന്ത്ര്യാനന്തര നൈജീരിയന്‍ ജീവിതത്തിന്റെ വൈയക്തിക
കഥാഖ്യാന രൂപത്തില്‍ സമീപിക്കുന്ന തലമുറയുടെ പ്രതിനിധിയായാണ് സെഫി അത്ത സ്വയം
പരിചയപ്പെടുത്തുന്നത്. നാടിനെ ഗ്രസിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കൊളോണിയല്‍
ഭരണത്തിന്റെ ശേഷിപ്പായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. സ്ത്രീ
കഥാപാത്രങ്ങളില്‍ കേന്ദ്രിതമായ ആഖ്യാനം എന്ന നിലയില്‍ സമൂഹത്തില്‍
ശക്തമായിത്തുടരുന്ന പുരുഷ മേധാവിത്ത, സെക്സിസ്റ്റ് സമീപനങ്ങളും
കൊളോണിയല്‍ പാരമ്പര്യത്തില്‍ തന്നെ ചെന്ന് മുട്ടുന്നത് നോവലിന്റെ തുല്യ പ്രധാനമായ
നിലപാട് തന്നെയാണ്.
സെഫി അത്തയുടെ ഋജുവും അനാര്‍ഭാടവുമായ ശൈലി നോവലിന് രേഖീയവും
അമിത സൂചക സാന്ദ്രതയില്ലാത്തതുമായ ഒരു ആത്മകഥാഖ്യാന സ്വഭാവം നല്‍കുന്നുണ്ട് എന്നും
അനുഭവപ്പെടാം. എനിറ്റാന്‍ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളില്‍ ദേശാനുഭവത്തെയും
സ്ത്രീ എന്ന നിലയില്‍ സാമൂഹിക സാംസ്കാരികാനുഭവങ്ങളെയും നേരിടുന്നതിലെ
പടിപടിയായുള്ള വികാസം സംഘര്‍ഷ മേഖലയിലെ ജീവിതം നല്‍കുന്ന പാഠമായി നൈജീരിയന്‍
യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ അവളെ പ്രാപ്തയാക്കുകയാണ്. മമ്മയുടെയും ഷെറിയുടെയും
കാര്യത്തിലും ഇത് ഏറെക്കുറെ ശരി തന്നെയാണ്. സാമൂഹിക നീതിയുടെയും അതിനു വേണ്ടി
നിലക്കൊള്ളെണ്ടതിന്റെയും പ്രശ്നം നോവലിന്റെ കാതലാണെങ്കിലും ഒരു ഘട്ടത്തിലും
അതിന്റെ വൈയക്തിക തലത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിക്കാതെ നിര്‍ത്താന്‍
നോവലിസ്റ്റിനു കഴിയുന്നത് ഇതുകൊണ്ടാണ് എന്ന് പറയാം.
Read more:
The Joys of Motherhood by Buchi Emecheta
https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html
Americanah by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html
Purple Hibiscus by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2016/06/blog-post_10.html
Half of a Yellow Sun by Chimamanda Ngozi Adichie
https://alittlesomethings.blogspot.com/2016/05/blog-post.html
So Long a Letter by Mariama Bâ
https://alittlesomethings.blogspot.com/2024/08/so-long-letter-by-mariama-ba.html
Nervous Conditions by Tsitsi Dangarembga
No comments:
Post a Comment