Featured Post

Tuesday, August 13, 2024

The Cry of Winnie Mandela, Njabulo Ndebele (South Africa)

വിന്നി മണ്ടേലയുടെ വിലാപം’



നെല്‍സന്‍ മണ്ടേല അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ തടവറയില്‍ റൂബന്‍ ദ്വീപിലും മറ്റുമായി കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെക്കാലത്തില്‍ ഒട്ടുമുക്കാലും ഒരു സെക്കുലര്‍ വിശുദ്ധയായി ലോകം ആദരിച്ച വിന്നി മണ്ടേലഭര്‍ത്താവ് ജയില്‍ മോചിതനാകുന്നതിന്റെ തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ ഒരു ചീത്ത സ്ത്രീയായി മാറിയത്/ ചിത്രീകരിക്കപ്പെട്ടത് ചരിത്രത്തിലെ അതിക്രൂരമായ ഒരു തകിടംമറിച്ചില്‍ ആയിരുന്നു. വിന്നി മണ്ടേലയുടെ കുപ്രസിദ്ധമായ "Mandela United Football Club" എന്ന ഗുണ്ടാസംഘം അവരുടെ സമ്മതത്തോടെയോ അല്ലാതെയോ സൊവേറ്റോ തെരുവുകളില്‍ നടത്തിയ നരനായാട്ടും ബാലാല്‍ക്കാരങ്ങളും മറ്റും United Democratic Front  ആക്റ്റിവിസ്റ്റ് ആയിരുന്ന സ്റ്റോംപി മോകെറ്റ്സി എന്ന പതിനലുകാരന്റെയും മൂന്നു കൂട്ടുകാരുടെയും തട്ടിക്കൊണ്ടു പോകലിലും കൊലയിലും കലാശിച്ചത് 1989 പുതുവത്സര ദിനത്തിലായിരുന്നു. ‘ദേശമാതാവ്’ എന്ന ഇമേജില്‍ നിന്നുള്ള വിന്നിയുടെ പതനംഅവരുടെ മാനസിക നിലയെ കുറിച്ചും ലൈംഗിക ജീവിതത്തെ കുറിച്ചും ഉയര്‍ന്ന അപവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സംഭവിച്ചത്. “ഒരുമാന്ത്രികനെ (wizard) ആണ് നീ വിവാഹം ചെയ്യുന്നതെങ്കില്‍നീയൊരു ദുര്‍മ്മന്ത്രവാദിനി (witch) ആയിത്തീരണം” എന്നു 1958ല്‍ പ്രണയത്തില്‍ കുരുങ്ങിപ്പോയ മകളെ പിന്തിരിപ്പിക്കാന്‍ കഴിയാതെ പോയ പിതാവ് വിന്നിയെ ഉപദേശിച്ചിരുന്നത് ശരിക്കും അറംപറ്റുകയായിരുന്നോ എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. *(1).  തന്റെ ദീര്‍ഘകാല ജയില്‍വാസ ഘട്ടത്തില്‍ വിന്നി തീര്‍ത്തും ചാരിത്ര്യവതിയായി കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അവരതില്‍ ഇത്തിരി വകതിരിവു പാലിക്കുമെന്നു കരുതിയിരുന്ന മണ്ടേലജയില്‍ മോചനശേഷവും ആദ്യമൊക്കെ വിന്നിയുടെ നിരപരാധിത്തത്തിനു വേണ്ടി വാദിച്ചുവന്നു. എന്നാല്‍ 1992ല്‍ വിവാഹ മോചനത്തിലേക്ക് ദമ്പതികള്‍ എത്തിപ്പെട്ടു. വിന്നിക്കെതിരെ ഉയര്‍ന്ന സ്വജന പക്ഷപാത ആരോപണത്തിന്റെയും കുന്നുകൂടിയ തെളിവുകളുടെയും കുത്തൊഴുക്കില്‍താന്‍ പ്രസിഡന്റ് പദവിയിലെത്തി പത്തുമാസത്തിനുള്ളില്‍ത്തന്നെ മണ്ടേലക്ക് അവരെ ക്യാബിനെറ്റില്‍ നിന്നു പുറത്താക്കേണ്ടി വന്നു. സുവ്യക്തമായ തെളിവുകളുടെ സാന്നിധ്യത്തിലും കുറ്റം സമ്മതിക്കാന്‍ തയ്യാറാകാത്ത വിന്നി, TRC (Truth and Reconciliation Commission)  ചെയര്‍മാന്‍ ആര്‍ച്ച്‌ബിഷപ്പ് ഡെസ്മണ്ട് ടുടുവിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കു ശേഷം മാത്രമാണ് ‘കാര്യങ്ങള്‍ ഭീകരമാം വിധം തെറ്റിപ്പോയി’ (“things went horribly wrong”) എന്നു എങ്ങും തൊടാതെ സമ്മതിച്ചത്.    

ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ ഒഡീസ്സിയൂസിനെ കാത്തു, ഭൈമീകാമുകന്മാരുടെ (Penelope’s suitors) പ്രലോഭനങ്ങളുടെയും പുനര്‍ വിവാഹാലോചനകളുടെയും കുത്തൊഴുക്കിലും,  ഇരുപതുവര്‍ഷം തള്ളി നീക്കുന്ന യവന പുരാണത്തിലെ പെനെലപ്പിയുടെ കഥയെ ആദിരൂപമായി ഉപജീവിച്ചുകൊണ്ട്, ഭര്‍ത്താക്കന്മാര്‍ വിവിധ കാരണങ്ങളാല്‍ അതിദീര്‍ഘ കാലം വിദൂര ദേശങ്ങളില്‍ ആയിരിക്കുന്ന/ പെട്ടുപോയിരിക്കുന്നതിന്റെ വെല്ലുവിളികളെ/ പ്രലോഭനങ്ങളെ നേരിടുന്ന സ്ത്രീകളുടെ കുരുങ്ങിപ്പോകുന്ന അവസ്ഥയെ ചിത്രീകരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരനും അക്കാദമിക്കും സാമൂഹിക നിരീക്ഷകകനുമായ ന്‍ജബൂലോ ന്‍ദബേലെ അദ്ദേഹത്തിന്‍റെ വിഖ്യാതമായ The Cry of Winnie Mandela (2004) എന്ന കൃതിയില്‍. വസ്തുതകളും ജീവചരിത്രവും ഫിക് ഷനും ഭാവനാപൂര്‍ണ്ണമായ നിരീക്ഷണങ്ങളും കൂടിക്കലരുന്ന ശൈലിയില്‍ ആവിഷ്കരിക്കപ്പെടുന്ന നോവല്‍ ‘രൂപത്തില്‍ പരീക്ഷണാത്മകവുംപ്രമേയത്തില്‍ ധീരവുംസൗത്ത് ആഫ്രിക്കന്‍ സമൂഹത്തെ വിചാരണ ചെയ്യുന്നതില്‍ അസ്വാസ്ഥ്യജനകവുംകാഴ്ചപ്പാടില്‍ കൃത്യമായും സ്ത്രീപക്ഷവും മാനുഷികവുമാണ്’ എന്ന് നിരീക്ഷിക്കപ്പെടുന്നു *(2). 

അപ്പോള്‍ തന്റെ ഭര്‍ത്താവ് ജയിലില്‍ഖനികളില്‍പ്രവാസത്തില്‍അല്ലെങ്കില്‍ ദൂരെ പഠനത്തില്‍ ആയിരിക്കുന്ന, അഥവാ മരിച്ചു പോയിരിക്കുന്ന, അല്ലെങ്കില്‍ ഒരു സെയില്‍സ്മാനായി അധികവും റോട്ടില്‍ കഴിയുന്നഅല്ലെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ വെറുതെ ചുറ്റിത്തിരിയുകയും വീട്ടില്‍ വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍, എങ്കില്‍ ഒരു സ്ത്രീ എന്തുചെയ്യുംഈ സ്ത്രീ എല്ലാതരം വിടവാങ്ങലും കണ്ടിട്ടുണ്ട്കാത്തിരിപ്പിന്റെ അനിശ്ചിതത്വങ്ങള്‍ അനുഭവിച്ചിട്ടുണ്ട്തന്റെ പുരുഷന്റെ തിരിച്ചു വരവിനായി മോഹിച്ചിട്ടുണ്ട്. വിടവാങ്ങല്‍കാത്തിരിപ്പ്തിരിച്ചുവരവ്‌ഇവയാണ് അവളുടെ ഭൂതംവര്‍ത്തമാനംഭാവി എന്നിവയെ നിര്‍വ്വചിക്കുന്നത്. അവയാണ് ഒരു മഹത്തായ സൗത്ത് ആഫ്രിക്കന്‍ കഥയുടെ കേന്ദ്രത്തിലുള്ള അവളുടെ ജീവിതത്തിന്റെ ചട്ടക്കൂട്. ഈ പുസ്തകം കാത്തിരുന്ന അജ്ഞാതരായ നാലു സ്ത്രീകളുടെയും, ഒപ്പം സൗത്ത് ആഫ്രിക്കയുടെ ഏറ്റവും പ്രസിദ്ധയായ സ്ത്രീയുടെയും, കഥകള്‍ പറയുന്നു.”

‘പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസ്റ്റ് സമീപനം’ എന്നു കൃത്യമായും പറയാവുന്ന ഉള്ളടക്കമുള്ള തന്റെ നോവലില്‍തികച്ചും പോസ്റ്റ്‌മോഡേണ്‍ എന്ന് പറയാവുന്ന രചനാരീതികള്‍ വേണ്ടുവോളം ഉപയോഗിക്കുന്ന നോവലിസ്റ്റ്അതിനു തികഞ്ഞ ഉദാഹരമായ രീതിയിലാണ് (‘faction’,  intertextuality, pastiche) പുസ്തകം ആരംഭിക്കുന്നത്: ‘അപ്പാര്‍ത്തീഡ് വിരുദ്ധ പോരാട്ടത്തിന്റെ ദീര്‍ഘ വര്‍ഷങ്ങളില്‍ (പ്രവര്‍ത്തിച്ച) ഒരു സൗത്ത് ആഫ്രിക്കന്‍ സ്ത്രീയെ കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക പുസ്തകത്തിന്റെ ബ്ലര്‍ബ്  എന്ന വിശദീകരണത്തോടെ നോവല്‍ ആരംഭത്തില്‍ വായിക്കാവുന്ന വാക്യങ്ങളാണ് മുകളില്‍ കൊടുത്തത്.  

“പെനെലപ്പിയുടെ പിന്‍ഗാമികള്‍ (Penelope’s Descendants), “പെണ്‍കൂട്ടായ്മ (Ibandla Labafazi)” എന്നിങ്ങനെ രണ്ടു ഭാഗങ്ങളുള്ള നോവലില്‍ ആദ്യഭാഗത്തിന് ഒരു നോവലിന്റെ സ്വഭാവമൊന്നുമില്ല. ഈ ഭാഗത്ത് നാലു അധ്യായങ്ങളിലായി ‘ആദ്യ പിന്‍ഗാമി’, രണ്ടാം പിന്‍ഗാമി’, ‘മൂന്നാം പിന്‍ഗാമി’‘നാലാം പിന്‍ഗാമി’ എന്നിങ്ങനെ നോവലിസ്റ്റ് നാലു സ്ത്രീകളെ പരിചയപ്പെടുത്തുന്നു. ഭര്‍ത്താക്കന്മാര്‍ വിവിധ കാരണങ്ങളാല്‍ അകലെയായവര്‍. കൊളോണിയല്‍ കാലത്ത്അപ്പാര്‍ത്തീഡ് സമ്പ്രദായം നിലനില്‍ക്കുമ്പോള്‍ത്തന്നെ ആധുനിക സാമ്പത്തിക ക്രമത്തിലേക്ക് പരിണമിക്കുന്ന ദേശത്ത്‌ ഉരുത്തിരിയുന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ആ കാത്തിരിപ്പിന്റെ അവസ്ഥ. കറുത്തവര്‍ഗ്ഗക്കാരുടെ കുടുംബങ്ങള്‍ അങ്ങനെയങ്ങു സ്വസ്ഥമായി കഴിഞ്ഞുകൂടാ എന്ന ഭരണകൂട ഒത്താശയോടെയുള്ള അപ്പാര്‍ത്തീഡ് നിലപാടും ഇവിടെ പ്രവര്‍ത്തിച്ചു. കിംബര്‍ലിയിലെ ഖനികളിലും ജോഹാനസ്ബര്‍ഗിലെ ഫാക്റ്ററികളിലും തൊഴില്‍ തേടി പോകുന്ന ആഫ്രിക്കന്‍ പുരുഷന്മാരുടെ കുടുംബവുമായുള്ള ബന്ധം പലപ്പോഴും നാമമാത്രമായിത്തീര്‍ന്നു. അപ്പാര്‍ത്തീഡ് കാലത്ത് മറ്റൊരു ഘടകവും ഇത്തരം സുദീര്‍ഘ വിരഹങ്ങള്‍ക്കു നിദാനമായിത്തീര്‍ന്നു. വര്‍ണ്ണവിവേചന വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവര്‍ ഒന്നുകില്‍ സുരക്ഷാ കാരണങ്ങളാല്‍ പ്രവാസത്തിനു നിര്‍ബന്ധിതരായി, ഇല്ലെങ്കില്‍ നീണ്ട കാലം തടവിലാക്കപ്പെട്ടു. ഇത്തരത്തിലുള്ള പുരുഷന്മാരുടെ സ്ത്രീകള്‍ പെനെലപ്പിയെ പോലെ പ്രലോഭനങ്ങളെ നിരന്തരം ചെറുത്തു നിന്ന് തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കേണ്ടതും കാത്തിരിക്കേണ്ടതും ഉണ്ടായിരുന്നു. നീണ്ടുപോകുന്ന കാത്തിരിപ്പ് ഏതെങ്കിലും തരത്തില്‍ നിഷ്ഫലമായേക്കുമോ എന്ന ഭയം ഉരിയാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. തിരികെയെത്തുന്നയാള്‍ ആ പഴയ ആള്‍ തന്നെയായിരിക്കുമോ എന്നോവല്ലവിധേനയും ഒരു പുതിയ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയ സ്ത്രീക്ക് തങ്ങളുടെ മുമ്പെന്നോ കഴിഞ്ഞുപോയ ബന്ധത്തിന്റെ ഓര്‍മ്മകളുടെ തടവില്‍ കഴിയാനാകില്ല എന്നോ അവര്‍ മിണ്ടിക്കൂടായിരുന്നു. അത്തരം ഏതൊരു ‘വഴിപിഴക്കലും’ ഭൈമീകാമുകന്മാരെ പതിനെട്ടുവര്‍ഷങ്ങള്‍ അകറ്റിനിര്‍ത്തിയിട്ടും വഴിപിഴച്ചു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഭേദ്യം ചെയ്യപ്പെട്ട പെനെലപ്പിയുടെ അവസ്ഥയില്‍ അവരെ എത്തിക്കും. തന്നെയല്ലഅത്തരം ‘വിശ്വസിക്കാന്‍ കൊള്ളാത്ത’ സ്ത്രീയെ അതിനു കാരണക്കാരായവര്‍ തന്നെ ആര്‍ക്കും വഴങ്ങിക്കൊടുക്കുന്നവള്‍ എന്നു മുദ്രകുത്തുകയും ചെയ്യും.

നാലുസ്ത്രീകളും അവരുടെ കഥകള്‍ പറയുന്നു. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന മാനെറ്റ് മഫോലോയുടെ ഭര്‍ത്താവ് ഖനിത്തൊഴിലാളിയായി പോയതാണ്. അയാളൊരിക്കലും വീട്ടിലേക്കു വരാത്തതിനു കാരണം അയാള്‍ക്കവിടെ ഭാര്യയും കുടുംബവും ഉണ്ട് എന്നതാണ്. മാനെറ്റ് നിയമം തെറ്റിച്ചു അയാളെ തേടിപ്പോകുന്നു. പക്ഷെ ഒരിക്കലും കണ്ടെത്താനാകുന്നില്ലഅയാള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലെയോ എന്നുപോലും അറിയുന്നുമില്ല. ദിലിസിവേ (Delisiwe Dulcie S’khososana) എന്ന ശാസ്ത്രാധ്യാപിക തന്റെ ഭര്‍ത്താവിനെ പട്ടണത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ഡോക്റ്ററാക്കണം എന്ന ലക്ഷ്യത്തോടെ യു.കെ.യില്‍ പഠിക്കുന്ന അയാള്‍ക്കു വേണ്ടി വര്‍ഷങ്ങള്‍ നീണ്ട ത്യാഗപൂര്‍ണ്ണമായ ശ്രമങ്ങള്‍ തുടരുന്നു. ഒരിക്കല്‍ പറ്റിപ്പോകുന്ന ഒരു അബദ്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയാകുന്ന ദിലിസിവേയെവര്‍ഷങ്ങള്‍ക്കു ശേഷം, ഒട്ടേറെ കറുത്ത വര്‍ഗ്ഗക്കാരായ ഡോക്റ്റര്‍മാര്‍ ഉണ്ടായിക്കഴിഞ്ഞ ശേഷംനാട്ടിലെത്തുന്ന ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മമെല്ലോ മോലെറ്റ് തന്റെ കളിക്കൂട്ടുകാരന്‍ കാമുകനെ തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞ ഭാഗ്യവതിയാണ്‌. എന്നാല്‍ ഒരു നാള്‍ അയാള്‍ വീട്ടിലെത്താതാകുന്നതിനു പിന്നില്‍അവളറിയാത്ത ഒരു ആക്റ്റിവിസ്റ്റ് ജീവിതം അയാള്‍ക്കുണ്ടായിരുന്നു എന്നതാണ് കാരണം. അയാള്‍ നാടുവിട്ടിരിക്കുകയാണ്. പത്തുവര്‍ഷക്കാലം അയാളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിച്ചു കഴിയുന്ന മമെല്ലോ, വീണ്ടും തകര്‍ന്നു പോകുക നാട്ടില്‍ തിരികെയെത്തുന്ന ഭര്‍ത്താവ് പിടിക്കപ്പെടുകയും പതിനഞ്ചു വര്‍ഷക്കാലത്തേക്ക്‌ തടവിലാക്കപ്പെടുകയും ചെയ്യുമ്പോഴാണ്. മണ്ടേലാ ഭരണം സ്ഥാപിതമായതിനെ തുടര്‍ന്നു ജയില്‍ മോചിതനാകുകായും പുതിയ സൗത്ത് ആഫ്രിക്കയില്‍ ഒരു ‘വലിയ ശബ്ദം ആയിത്തീരുകയും ചെയ്യുന്ന അയാള്‍ക്കു പക്ഷെ‘വലിയ ലക്ഷ്യങ്ങളൊന്നും മനസ്സിലാകാത്ത ഒരു നാട്ടുമ്പുറത്തുകാരിയെ ആവശ്യമില്ല. അയാളൊരു വെള്ളക്കാരിയെ വിവാഹം ചെയ്യുന്നു. മമെല്ലോ തുടര്‍ച്ചയായ മാനസികാഘാതങ്ങളുടെ പിടിയിലാകുന്നു. മാരാര ജോയ്സ് ബലോയി തന്റെ ധൂര്‍ത്തനും തെമ്മാടിയുമായ ഭര്‍ത്താവിനു കീഴടങ്ങി എന്നും കഴിഞ്ഞുവന്നവളാണ്. മരണ സമയത്ത് അയാള്‍ക്കായി ഒരു വിലകൂടിയ ശവപ്പെട്ടിയും അവള്‍ വാങ്ങുന്നു. എന്നാല്‍താന്‍ ശരിക്കും വിശ്വസ്തയായിരുന്നോ എന്ന് അവള്‍ക്കു തീര്‍ച്ചയില്ലാത്തത് ചില ആത്മ സന്ദേഹങ്ങള്‍ കൊണ്ടാണ്. കാന്‍ തെമ്പയുടെ കഥയിലേതു പോലെ (The Suit by Can Themba) പ്രലോഭനങ്ങള്‍ക്കു കീഴ്പ്പെടുന്ന ഒരു സ്ത്രീക്ക് നേരിടേണ്ടി വന്നേക്കാവുന്ന അപവാദം ഭയന്നാണോ താന്‍ അങ്ങനെയൊന്നും ചെയ്യാതിരുന്നത്അതോ, മറ്റൊരു കാമുകനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടോഎന്തായാലും താനൊരു പുനര്‍വിവാഹം ചെയ്താല്‍ ആളുകള്‍ എന്താവും പറയുക എന്ന് അവള്‍ക്കു തീര്‍ച്ചയുണ്ട്: അവള്‍ മുമ്പും അങ്ങനെയൊക്കെയായിരുന്നു, ഇപ്പോള്‍ അതിനൊരു തെളിവു കിട്ടി എന്നേയുള്ളൂ.

നാലുപേരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ‘കാത്തിരിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയെ (Ibandla labafazi abalindileശരിക്കും ‘വിലപിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ (Ibandla labafazi bmlindelo)’ എന്നല്ലേ വിളിക്കേണ്ടത് എന്ന് ദിലിസിവേ സന്ദേഹിക്കുന്നു. നോവലിസ്റ്റ് നേരിട്ടു കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുണ്ട് ഇവിടെ:

“ഇപ്പോള്‍ അവരെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും ചിലത് മനസ്സിലാക്കിയിട്ടുണ്ടാവും. ഓരോരുത്തരും ഒരു ചിന്തയുടെ ചിത്രീകരണമാണ്. എങ്കിലും ഓരോരുത്തരും ചിന്തയുടെ കൊക്കൂണില്‍ നിന്നു പുറത്തുകടക്കാന്‍ വെമ്പല്‍ക്കൊള്ളുന്നുമുഴുവനായും വികസിച്ച ജീവികള്‍ ആയിത്തീരുന്നതിന്.” (P.39).  

ഇത്തരം പോസ്റ്റ്‌മോഡേണിസ്റ്റ് ഇടപെടലുകള്‍ ആഫ്രിക്കന്‍ എഴുത്തുകാരെ എന്നതിലേറെ മിലാന്‍ കുന്ദേരയെ പോലുള്ള കോണ്ടിനെന്റല്‍ എഴുത്തുകാരെയാണ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാല്‍വരും ചേര്‍ന്നു നടത്തുന്ന ഒരു കളിയാണ്‌ നോവലിന്റെ രണ്ടാം ഭാഗത്തെ നിര്‍ണ്ണയിക്കുന്നതും വിന്നി മണ്ടേലയെ ആഖ്യാനത്തിലേക്കു കൊണ്ടുവരുന്നതും. വിന്നിയെ കുറിച്ച് സംസാരിക്കാം എന്ന് മേമെല്ലോ നിര്‍ദ്ദേശിക്കുന്നു. നാലുപേര്‍ക്കും വിന്നിയോട്‌ ഓരോ ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ എന്തുകൊണ്ട് ആല്‍ബര്‍ടിന സിസുലു, ഉര്‍ബിന മൊതോപെങ്ങ്വെരോനിക സോബുക് വെന്റിസികി ബികോ എന്നിവരില്‍ ആരെയെങ്കിലും കുറിച്ച് ആയിക്കൂടാ എന്ന ചോദ്യമുയരുന്നുണ്ട്. മേമെല്ലോയുടെ മറുപടി ശ്രദ്ധേയമാണ്:

“..വിന്നിയുടെ കാര്യത്തില്‍ മാത്രമാണ് ഭാവി അപ്രവചനീയമായത്. സൂര്യന്‍ ഉദാത്തതയോടെ ഉദിക്കുകയും പറഞ്ഞറിയിക്കാനാവാത്ത ഭീകരതയില്‍ അസ്തമിക്കുകയും ചെയ്തു.. വിന്നി മാത്രമാണ് ചരിത്ര സൃഷ്ടിയായത്. അവളുടെ കാര്യത്തില്‍ സ്ഥിരത ഉണ്ടായിരുന്നില്ലചാഞ്ചല്യമില്ലാത്ത സംഭവ വികാസങ്ങള്‍അനുഭവങ്ങളുടെ നിരന്തര പ്രലോഭനം..” (P.45)  

ഒരു നോവല്‍ എന്ന നിലയില്‍ യഥാതഥ സമയം ബാധകമല്ലാത്ത ആഖ്യാനത്തില്‍ വിന്നി അവരോടു ചേരുന്നു.

ദിലിസിവേക്ക് അറിയേണ്ടത് എന്തിനാണ് വിന്നി തന്റെ കുശുമ്പുകള്‍ പത്രക്കാരോട് വിളിച്ചുപറയുന്നത്‌ എന്നതാണ്.

എന്ത് തരം സമ്മര്‍ദ്ദങ്ങള്‍ ആവാം പ്രശസ്തയായ ഒരു വിവാഹിതയെ തന്റെ സ്വകാര്യ ജീവിതം ഒരു പൊതുകാഴ്ച്ചയാക്കും വിധം താനെഴുതുന്ന പ്രണയ ലേഖനം പത്രങ്ങളില്‍ എത്തുന്നതിനു പ്രേരിപ്പിക്കുക?”.

ചെറുപ്പക്കാര്‍ ആ പ്രസിദ്ധനെ വിഡ്ഢിയാക്കി അവരുമായി ഒരു ബാന്ധവത്തിനു മുതിര്‍ന്നു പ്രശസ്തി തേടിയേക്കാം. മറുവശത്ത്ആണുങ്ങളും വെറും അവസരവാദികളാവാംഎന്നാല്‍ ദേശമാതാവ് സ്ത്രീത്വത്തിന്റെ ആര്‍ജ്ജവവും അന്തസ്സും കാക്കേണ്ടാതായിരുന്നു. ഇപ്പോള്‍ അവര്‍ പതംവന്നിട്ടുണ്ടോ എന്നതാണ് ദേലിക്ക് അറിയേണ്ടത്. അവളുടെ വാക്കുകളില്‍ അത്തരം സ്ത്രീകള്‍ നേരിടുന്ന ഏകാന്തതയുടെ പ്രശ്നത്തോടൊപ്പം ലൈംഗികത, വയലന്‍സ്, ബലാല്‍ക്കാരം തുടങ്ങിയ വിഷയങ്ങളൊക്കെ സൂചിപ്പിക്കപ്പെടുന്നുണ്ട്. മമെല്ലോയുടെ ഊഴമെത്തുമ്പോള്‍ ഗോത്രമാന്ത്രവാദത്തെ തുറന്നുകാണിക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം നീണ്ട തയ്യാറെടുപ്പോടെ അവരില്‍ ഒരാളായി വേഷം കെട്ടിയ ക്വിസാലിദിന്റെ കഥ പറയുന്നു. ഉള്ളില്‍ത്തന്നെ പ്രവര്‍ത്തിച്ചു പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുക എന്നതായിരുന്നു ക്വിസാലിദിന്റെ ലക്ഷ്യം. അതായിരുന്നോ വിന്നിയും ലക്ഷ്യം വെച്ചത്അതല്ലെങ്കില്‍ ബ്രിഗേഡിയര്‍ ത്യൂനിസ് സ്വാനെപോളില്‍ (Major Theunis Swanepol) നിന്ന് നേരിട്ട കൊടിയ പീഡനങ്ങള്‍ അവരുടെ മാനസികാരോഗ്യം തകര്‍ത്തിരുന്നോമാരാരയുടെ ചോദ്യം ലളിതമാണ്: മണ്ടേലയുടെ മോചന ഘട്ടത്തിലുണ്ടായ അക്രമ പരമ്പരകള്‍ അവള്‍ ഓര്‍മ്മിപ്പിക്കുന്നു. വിന്നിയുടെ സ്വപ്നം നാടിന്റെ സ്വപ്നമായിരുന്നു. എവിടെയാണ് താളം പിഴച്ചത്

“വിന്നിനീയും നെല്‍സനും കൈകള്‍ കോര്‍ത്തു തെരുവിലൂടെ നടക്കുന്ന കാഴ്ച്ച, എതിരറ്റങ്ങളുടെ രഞ്ജിപ്പിന്റെ തുടക്കത്തെ പ്രതിനിധാനം ചെയ്യും എന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നുഅവ്യവസ്ഥയുടെ അന്ത്യത്തെ.”  

മാനെറ്റ്, മറ്റു പലരെയും പോലെവിന്നിയെ വിധിക്കുകയാണ്: അവര്‍ തന്റെ തരിച്ചു വരവിന്റെ നിമിഷത്തെയും രഞ്ജിപ്പിന്റെ സൂചനയെയും ഒറ്റിക്കൊടുത്തു.

            നാല്‍വര്‍ സംഘത്തിനുള്ള വിന്നിയുടെ മറുപടി ഏറെ യുക്തിഭദ്രവും വാചാലവുമാണ് എന്നു നിരീക്ഷിക്കപ്പെടുന്നു (Kinna Reads). ചോദ്യങ്ങള്‍ വല്ലാതെ വ്യക്തിപരമാകുമ്പോള്‍ മറുപടി പറയാനായി അവരൊരു അപരസ്വത്വത്തെ (alter ego)യെ സൃഷ്ടിക്കുന്നു. പെണ്‍കൂട്ടായ്മയെതന്റെ ജീവിതത്തില്‍ വഴിത്തിരിവായ ഇടങ്ങളിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിക്കൊണ്ടു പോകുകയാണ് അവര്‍. താന്‍ നിരന്തരം നേരിട്ട റെയിഡുകള്‍ജയില്‍വാസംപീഡനങ്ങള്‍ബ്രാന്‍ഡ്ഫോര്‍ട്ടിലേക്ക് നാടു കടത്തപ്പെട്ടത്‌ എന്നിവയെ കുറിച്ചെല്ലാം അവര്‍ സംസാരിക്കുന്നു. ‘നെല്‍സ’ന്റെ ജയില്‍മോചനത്തിലേക്കു നയിച്ച ദിവസങ്ങള്‍ ഏറ്റവും പ്രയാസകരമായിരുന്നു എന്ന് അവര്‍ വിവരിക്കുന്നു. TRC വിചാരണകള്‍ നരകവും സ്വര്‍ഗ്ഗവും ആയിരുന്നെന്നാണ് അവര്‍ പറയുക. നോവലിസ്റ്റ് ഒരു തരത്തിലും വിന്നിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതൊക്കെയാണെങ്കിലും നാല്‍വര്‍ സംഘത്തില്‍ നിന്ന് രണ്ടുതരത്തില്‍ വ്യത്യസ്തയാണ് വിന്നി. അവരുടെ കാത്തിരിപ്പ് അവസാനിച്ചുകഴിഞ്ഞു. സമൂഹം കല്‍പ്പിച്ചു നല്‍കിയ വേഷം ധരിക്കാന്‍ അവര്‍ തീര്‍ത്തും വിസമ്മതിക്കുകയും ചെയ്യുന്നു. മഹത്തായ ലക്ഷ്യത്തിനു വേണ്ടിയുള്ള നെല്സന്റെ സമര്‍പ്പണമാണ്‌ അവളെ രൂപപ്പെടുത്തിയത്. അതിനുവേണ്ടി തന്നെ ഉപേക്ഷിച്ചു പോയത് ശരിയായിരുന്നോ എന്ന് അവള്‍ക്കിപ്പോഴും തീര്‍ച്ചയില്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റങ്ങളെ TRCക്ക് മുന്നില്‍ അവര്‍ നിഷേധിക്കുന്നത് ഒട്ടേറെ കാരണങ്ങള്‍ക്കൊണ്ടു സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏല്‍ക്കേണ്ടതില്ല എന്ന നിലപാടിലാണ്. നോവലിന്റെ അവസാന അധ്യായത്തില്‍ പെനെലപ്പി തന്നെയും പെണ്‍കൂട്ടായ്മയോട് ചേരുന്നുമുണ്ട്. അവര്‍ ഒരു ദൗത്യവുമായുള്ള പ്രയാണത്തിലാണ്: “നിരുപാധിക വിശ്വസ്തതയുടെ ഭാരം സ്ത്രീകളുടെ ചുമലില്‍ നിന്നും എടുത്തുമാറ്റേണ്ടിയിരിക്കുന്നു” (P.145) എന്ന സന്ദേശത്തിന്റെ പ്രചാരണമാണ് അത്.     

References:

(1). Adam Lusher, ‘Winnie Mandela: the turbulent life of the woman who went from 'Mother of the Nation' to 'mugger'’, Independent, 02.April, 2018. Accessed 12.12.2022.

(2). KINNA, Kinna Reads, January 23, 2011, https://kinnareads.com/2011/01/23/the-cry-of-winnie-mandela-a-novel-njabulo-s-ndebele/. Accessed 12.12.2022

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 313-320)

To purchase, contact ph.no:  8086126024 

 Also read:

Mrs Engels by Gavin McCrea

https://alittlesomethings.blogspot.com/2024/08/mrs-engels-by-gavin-mccrea.html

Hamnet by Maggie O'Farrell

https://alittlesomethings.blogspot.com/2024/07/hamnet-by-maggie-ofarrell.html

 

No comments:

Post a Comment