എരിയുന്ന വീട്ടിലേക്കുള്ള പിന്‍വിളികള്‍
(ഗസ്സാന്‍ കനഫാനിയുടെ ‘ആഇദൂന്‍ ഇലാ ഹൈഫ’ എന്ന ചെറുനോവിന്റെ മലയാള വിവര്‍ത്തനമായ ‘ഹൈഫയിലേക്ക് തിരികെ പോകുന്നവര്‍’ എന്ന് പുസ്തകത്തെ കുറിച്ച്)
“ജനനം മുതല്‍ അദ്ദേഹത്തിന്‍റെ ജീവിത സാഹചര്യങ്ങള്‍
പലസ്തീനിയന്‍ വിഷയവുമായി അഭേദ്യമായി കേട്ടുപിണഞ്ഞതായിരുന്നു. അദ്ദേഹത്തിന്‍റെ
“ജോലി/ എഴുത്ത്/സര്‍ഗ്ഗസൃഷ്ടി” (‘work’) തന്റെയും പലസ്തീനികള്‍
എന്ന തന്റെ ജനതയുടെയും അതിജീവനമായിരുന്നു.” ഗസ്സാന്‍ കനഫാനിയുടെ ജീവചരിത്ര
ലേഖനത്തില്‍ കാരെന്‍ റിലെ എഴുതുന്നു. 1948 ല്‍
കനഫാനിയുടെ പന്ത്രണ്ടാം ജന്മദിനത്തില്‍ അരങ്ങേറിയ ദെയിര്‍ യാസിന്‍ കൂട്ടക്കൊല
ഇനിയൊരിക്കലും ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനത്തില്‍ അദ്ദേഹത്തെ എത്തിച്ചു.
പ്രസ്തുത സംഭവത്തിനും ഒരു മാസത്തിനുള്ളില്‍ ആക്കര്‍ നഗരം സയണിസ്റ്റുകള്‍
പിടിച്ചെടുത്തതോടെ ആരംഭിച്ച പലായനവും പ്രവാസവും പലസ്തീനികളുടെ നിതാന്ത
വിധിയായിത്തീരും എന്ന് പതിയെയെങ്കിലും വളരെയേറെ വേദനയോടെയും ഇച്ഛാഭംഗത്തോടെയുമാണ്
തന്റെ ജനതയെ പോലെത്തന്നെ കനഫാനിയും തിരിച്ചറിഞ്ഞത്.
കടുത്ത പ്രമേഹത്തിന്റെ ശാരീരിക കൊലയാളി ഉള്ളിലും പലസ്തീനിയന്‍ വിധിയുടെ
ഊരാക്കുടുക്കിനെ കുറിച്ചുള്ള ബോധ്യം മനസ്സിലും ചേര്‍ന്ന് തികച്ചും അശുഭദര്‍ശിയായ
അവസ്ഥയില്‍ 1960 ലെ ഡയറിക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു: “നമുക്കറിയാവുന്ന
ഏകകാര്യം നാളെ, ഇന്നത്തെക്കാള്‍ ഒട്ടും
മെച്ചമായിരിക്കില്ല എന്ന് മാത്രമാണ്; ഒപ്പം, ഒരിക്കലും വരാത്ത ഒരു ബോട്ടിനുവേണ്ടി ആശയോടെ തീരത്ത് കാത്തിരിക്കുകയാണ്
നമ്മളെന്നും. നാം എല്ലാത്തില്‍നിന്നും വേര്‍പിരിക്കപ്പെടാന്‍
ശിക്ഷിക്കപ്പെട്ടവരാണ് – നമ്മുടെ സര്‍വ്വനാശത്തില്‍ നിന്നൊഴികെ.” എന്നാല്‍, അല്‍ ഹുറിയത്ത് പത്രത്തില്‍ ചേരാനുള്ള ജോര്‍ജ്ജ് ഹബാഷിന്റെ ക്ഷണം നല്‍കിയ
പുതിയ ഉത്തരവാദിത്ത ബോധം, മരണത്തോടു പോലും തമാശ പറയാന്‍
കഴിയുന്ന ഊര്‍ജ്ജമാണ് അദ്ദേഹത്തിനു നല്‍കിയത്. പലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധിയെ
കുറിച്ച് ഗവേഷണം നടത്താനെത്തിയ ഡാനിഷ് യുവതി ആനി ഹൂവറെ കണ്ടുമുട്ടുകയും വിവാഹം
ചെയ്യുകയും ചെയ്ത കനഫാനി, ഔദ്യോഗിക രേഖകളുടെ അഭാവത്തില്‍
ഒളിച്ചു കഴിയുന്നതിനിടെയാണ് Men in the Sun രചിക്കുന്നത്.
കുവൈറ്റിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൂന്നു പലസ്തീനിയന്‍ പ്രവാസികളുടെ
ദുരന്തം ആവിഷ്കരിച്ച നോവല്‍, അറബ്/പലസ്തീനിയന്‍
സാഹിത്യത്തിലെ നാഴികക്കല്ലാണ്. ജേണലിസം വിട്ടു എഴുത്തില്‍ കേന്ദ്രീകരിക്കാന്‍
സുഹൃത്തുക്കള്‍ ഉപദേശിച്ചപ്പോള്‍, അത്തരം വേര്‍തിരിവിന്റെ
ആര്‍ഭാടം തനിക്കു ലഭ്യമല്ല എന്ന് അദ്ദേഹം പ്രതികരിച്ചത് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗപരമായ
ഉത്കണ്ഠകളെ വ്യക്തമാക്കുന്നു. രാഷ്ട്രീയം ജീവിതത്തിലേക്ക് കടന്നു കയറിയ മനുഷ്യര്‍ക്ക്
എഴുത്ത് ചെറുത്തുനില്‍പ്പ് തന്നെയാണ്. “ചെറുത്തുനില്‍പ്പിന്റെ സാഹിത്യം (Literature of Resistance)” എന്ന് തന്നെയാണ് അധിനിവിഷ്ട പലസ്തീന്‍ സാഹിത്യത്തെ അദ്ദേഹം വിളിച്ചതും.
പലസ്തീനിയന്‍ സാഹിത്യത്തില്‍ കനഫാനിയുടെ സമകാലികരായ മറ്റു രണ്ടു കുലപതികള്‍ ജബ്ര ഇബ്രാഹിം ജബ്ര, എമിലി ഹബീബി
എന്നിവരില്‍ നിന്ന് അദ്ദേഹത്തെ വേര്‍തിരിക്കുന്നതും ഈ തുറന്ന പ്രതിബദ്ധ സമീപനമാണ്.
മിഡില്‍ ഈസ്റ്റിനെയും അറബ് ലോകത്തെ ആകെയും പോയ നൂറ്റാണ്ടു
മുഴുവന്‍ പിടിച്ചുലച്ച സംഘര്‍ഷങ്ങള്‍ക്ക് കൃത്യമായ പലസ്തീനിയന്‍ വീക്ഷണകോണ്‍ നല്‍കിയ
ആദ്യത്തെ വലിയ എഴുത്തുകാരനാണ് കനഫാനി. ആറുദിന യുദ്ധത്തിലെ
(1967 ജൂണ്‍ 5 മുതല്‍ 10 വരെ) പരാജയത്തെ തുടര്‍ന്ന് പലസ്തീനിയന്‍ മനസ്സ് നേരിട്ട പ്രതിസന്ധിയും
നൈരാശ്യവും വളരെ വലുതും ബഹുതല സ്പര്‍ശിയുമായിരുന്നു. ‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവര്‍’ (Return
to Haifa) ഇരുപതു വര്‍ഷത്തെ ഇടവേളയുള്ള രണ്ടു ചരിത്ര ഘട്ടങ്ങളാണ്
പശ്ചാത്തലമാക്കുന്നത്. 1948 ഏപ്രില്‍ 21- ന്റെ
അഭിശപ്ത ദിനത്തില്‍, കുടിയൊഴിപ്പിക്കപ്പെട്ടു പലായനം
ചെയ്യുന്ന ആയിരങ്ങളുടെ കൂടെ സൈദിനും നവവധു സഫിയക്കും ജന്മഗേഹം
പിറകിലുപേക്ഷിക്കേണ്ടി വന്ന സന്ദര്‍ഭം; 1967 ആറുദിന
യുദ്ധത്തില്‍ വെസ്റ്റ് ബാങ്ക്, സീനായ്, ഗാസ, ഗോലാന്‍ കുന്നുകള്‍ എന്നിവ ഇസ്രയേല്‍
അധീനതയില്‍ വീണതിനു ശേഷം അതിര്‍ത്തികള്‍ തുറന്ന സന്ദര്‍ഭത്തില്‍ വെസ്റ്റ്
ബാങ്കിലെ റമാലയിലുള്ള വസതിയില്‍ നിന്ന് തിരികെ, ഹൈഫയിലുള്ള പഴയ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന സന്ദര്‍ഭം എന്നിവയാണ് അവ. ഇസ്രായേലിനും
പുത്തന്‍ അധിനിവിഷ്ട പ്രദേശങ്ങള്‍ക്കുമിടയിലെ ആ അതിര്‍ത്തി തുറക്കല്‍, പ്രവാസി പലസ്തീനികള്‍ക്ക് അവരുടെ ഭൂതകാലത്തെ ഭൌതികാര്‍ത്ഥത്തിലും
മാനസികമായും നേരിടേണ്ട വെല്ലുവിളിയാക്കിത്തീര്‍ത്തു. നോവലില്‍, നഷ്ടപ്പെടുന്നതിന്റെയും പിറകിലുപേക്ഷിക്കുന്നതിന്റെയും ഇടയിലെ ധാര്‍മ്മിക
തലങ്ങളെ അതിതീവ്രമായി പ്രശ്നവല്‍ക്കരിക്കുന്നു എന്നിടത്താണ് കനഫാനിയുടെ പ്രതിഭ
തിളങ്ങി നില്‍ക്കുന്നത്. കൈക്കുഞ്ഞായിരുന്ന ഖാല്‍ദൂന്‍, ഓഷ് വിറ്റ്സ് അതിജീവിച്ചെത്തിയ മിറിയം – ഇഫ്രത്ത് കോഷന്‍ ദമ്പതികളുടെ മകന്‍/
വളര്‍ത്തുമകന്‍ ദോഫ് ആയിത്തീരുന്നത് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്ന് നൈതിക വിചാരണ
സാധ്യമാക്കുന്നുണ്ട്. മിരിയമിനെയും ഇഫ്രതിനെയും മാത്രം അച്ഛനമ്മമാര്‍ ആയി അറിഞ്ഞ
യുവാവിന്, കൈക്കുഞ്ഞിനെ ‘ഉപേക്ഷിച്ചു’ പോയവരോട് വെറും ജീവശാസ്ത്രപരമായ ബാന്ധവത്തിന്റെ പേരില്‍ വൈകാരിക
ബാധ്യതകളില്ല. അയാള്‍ ജൂതനായി വളര്‍ന്നു, ആ ആശയങ്ങളില്‍
മുങ്ങിക്കുളിച്ചു സൈനികനായി. തങ്ങള്‍ക്കു സംഭവിച്ചതെന്ത്, തങ്ങളുടെ നിസ്സഹായതയുടെ ആഴമെന്ത് എന്നൊന്നും മകനോട് തര്‍ക്കിക്കുന്നതില്‍
പ്രസക്തിയില്ല എന്ന തിരിച്ചറിവ് ഏതാണ്ട് വൈരാഗ്യപൂര്‍ണ്ണമായ അകല്‍ച്ചയായി സൈദ്
ഉറപ്പിക്കുന്നതോടെ മകനയാള്‍ക്ക് ആരുമല്ലാതാകുന്നു. രണ്ടാമത്തെ മകനെ അന്ന് വരെ
നിരുത്സാഹപ്പെടുത്തിയിരുന്നത് മറന്നു ഫിദായിന്‍ പോരാളിയാക്കാന്‍ ആ നിമിഷം അയാള്‍
തീരുമാനിക്കുന്നത്, മൂത്തവന്റെ സയണിസ്റ്റ്
വിധേയത്വത്തോടുള്ള പ്രതിഷേധം കൂടിയാണ്. ഒരേ ഇടത്തിന് രണ്ടു അവകാശികള്‍ ഉണ്ടാവുകയും
സഹജീവനം സാധ്യമല്ലാതാകുകയും ചെയ്യുകയെന്ന അടിസ്ഥാനപരമായ പലസ്തീന്‍
ഊരാക്കുടുക്കിന്റെ ഏറ്റവും തീക്ഷ്ണമായ രൂപകം ആയിത്തീരുകയാണ് ഖാല്‍ദൂന്‍ - ഖാലിദ്
സഹോദരങ്ങള്‍ക്കിടയില്‍ അവരറിയാതെത്തന്നെ സംഭവിക്കുന്ന ധ്രുവീകരണം. ആര്‍ക്കറിയാം, അടുത്ത നാളില്‍ ഫിദായീന്‍ പോരാളിയുടെ നെഞ്ചിലേക്ക് തുളച്ചുകയറാനുള്ള
വെടിയുണ്ട സ്വസഹോദരന്റെ തോക്കില്‍ നിന്നാവില്ല എന്ന് !
കനഫാനിയുടെ ‘പൊരിവെയിലിലെ മനുഷ്യര്‍’ (Men in the Sun) നേരത്തെ മലയാളത്തില്‍
എത്തിയിട്ടുണ്ടെങ്കിലും Return to Haifa ക്ക്
ഇപ്പോഴാണ് മൊഴിമാറ്റം ഉണ്ടാകുന്നത്; അതും ‘ആഇദൂന്‍ ഇലാ ഹൈഫ’
എന്ന അറബ് മൂലത്തില്‍ നിന്ന്. ‘അനന്തമായി തുടരുന്ന ഫലസ്തീന്‍ യുദ്ധവിശേഷങ്ങള്‍ക്കൊപ്പം
നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട ഒരു ലഘുകൃതിയായി ഞങ്ങളിത് സമര്‍പ്പിക്കുന്നു’ എന്ന് പ്രസാധകക്കുറിപ്പില്‍ എഡിറ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. ‘വിവര്‍ത്തകക്കുറിപ്പ്’
എന്ന പേരില്‍ വിവര്‍ത്തകനായ ശ്രീ മുഹമ്മദലി വാഫി അങ്ങാടിപ്പുറം നല്‍കുന്ന സമഗ്രമായ
ആമുഖലേഖനം, പലസ്തീന്‍ പ്രശ്നത്തിന്റെയും കനഫാനിയുടെ
ജീവചരിത്ര സൂക്ഷ്മാംശങ്ങളുടെയും സാഹിത്യസപര്യയുടെയും ഒരു ചെറുചിത്രത്തോടൊപ്പം
പുസ്തക വായനക്ക് അവശ്യം വേണ്ട സൂചനകള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. BOOK PLUS പ്രസാധനം ചെയ്തിരിക്കുന്ന പുസ്തകം സ്നേഹപൂര്‍ണ്ണമായ വായനയാണ് നമ്മുടെ
കാലഘട്ടത്തോട് ആവശ്യപ്പെടുന്നത്.
read more:
Men in the Sun by Ghassan Kanafani
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
Fractured Destinies by Rabai al-Madhoun
https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html
The
Lady of Tel Aviv by Rabai al-Madhoun
https://alittlesomethings.blogspot.com/2017/09/blog-post_87.html
Mornings in Jenin by Susan Abulhawa
https://alittlesomethings.blogspot.com/2015/12/blog-post_9.html
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
The Book of Disappearance by Ibtisam Azem/ Sinan Antoon
https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html
No comments:
Post a Comment