മരതക കാന്തിയില്‍ ഇരുള്‍ മൂടുമ്പോള്‍
ഭാഗം -2
‘ഹ്രസ്വവിവാഹത്തിന്റെ കഥ’ – സംഘര്‍ഷ ഭൂമിയിലെ അസ്തിത്വ സത്യം
‘അനിലിന്റെ പ്രേത’വും ‘കണ്ണാടികളുടെ ദ്വീപും’,
‘ഉമ്മത്തു’മെല്ലാം ശ്രീലങ്കന്‍ സംഘര്‍ഷങ്ങളുടെ
ദുരന്തങ്ങളെ അവയുടെ ചരിത്രപശ്ചാത്തലത്തില്‍ നിരീക്ഷിക്കുമ്പോള്‍, യുദ്ധം നായാടിയ
സാധാരണ മനുഷ്യന്റെ നിസ്സാരജീവിതം അതിന്റെ ദൈനംദിന മൌലിക അസ്തിത്വ വ്യവഹാരങ്ങളുടെ
ശൂന്യതയോട് മുഖാമുഖം നില്‍ക്കുന്നതിന്റെ ചിത്രമാണ് ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ്
അനൂക് അരുദ്പ്രകാശത്തിന്റെ The Story of a Brief Marriage (2016) അവതരിപ്പിക്കുന്നത്. യുദ്ധത്തിന്റെ
കഥ പറയുകയെന്നാല്‍ മനുഷ്യ കാരണമായ സര്‍വ്വനാശത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത
ഭീകരതകളുടെയും കഥകള്‍ പറയുക എന്നതിനോടൊപ്പം അനിര്‍വ്വചനീയ മനോബലത്തെയും
ജീവിതാസക്തിയേയും ആവിഷകരിക്കുക എന്നുകൂടിയാണ്. ജീവിച്ചിരിക്കുകയെന്നാല്‍ അതിന്റെ
മൂലകങ്ങളില്‍, ഒടുവില്‍, ഭക്ഷിക്കല്‍,
ഉറക്കം, കുളിക്കുക, സ്പര്‍ശം,
സംസാരം, വെളിക്കിറങ്ങല്‍, തുടങ്ങിയ ജൈവധര്‍മ്മങ്ങളാണ്. യുദ്ധമാകട്ടെ ഈ ഈ പ്രാഥമികതകളെ തകിടം
മറിക്കുകയും അതുകൊണ്ട് തന്നെ അവയുടെ ആത്യന്തിക മൂല്യത്തെ പൊലിപ്പിക്കുകയും
ചെയ്യുന്നു. അഭയാര്‍ഥി ക്യാമ്പ് എന്ന ദുരിതങ്ങളുടെ ചാവേറിടത്തില്‍ കഴിയാന്‍
വിധിക്കപ്പെടുന്നവര്‍ക്കറിയാം ഇപ്പറഞ്ഞ മൌലികാവശ്യങ്ങളെക്കാള്‍ പ്രധാനമായ
ഒരസ്തിത്വപ്രശ്നവും മനുഷ്യകുലം ഇന്നോളം നേരിട്ടിട്ടേയില്ലെന്ന്. അതുകൊണ്ട് തന്നെ,
ഭക്ഷണം ഒരു പഴയ ഓര്‍മ്മയായി, കാലിയായ വയറിനു
ഒന്നും പുറത്തേക്ക് കളയാന്‍ ഇല്ലാതിരിക്കുമ്പോഴും സ്വസ്ഥമായി ഒന്ന് വെളിക്കിറങ്ങുക
അവധാനപൂര്‍വ്വം, ആസ്വദിച്ചു ചെയ്യാനുള്ള പ്രക്രിയയായി
മാറുന്ന അപൂര്‍വ്വത, ദിനങ്ങളായി ഉടലില്‍ അടിഞ്ഞു കൂടിയ
അഴുക്കും ക്ഷീണവും രാവിന്റെ സാന്ദ്ര മൌനത്തില്‍ നീരൊഴുക്കിന്റെ കുളിര്‍സ്പര്‍ശമായി
മുതികിലൂടെ തഴുകിക്കടന്നു പോകുന്നത് ഒരു നീണ്ട അദ്ധ്യായത്തില്‍ വിവരിക്കാനാവുന്ന/
വിവരിക്കേണ്ടതായ അസ്തിത്വ സംസ്ഥാപനമായി മാറുന്ന സര്‍ഗ്ഗവിനിമയം ഒരേ സമയം വ്യര്‍ത്ഥവും
വിരസവും മടുപ്പിക്കുംവിധം ഏകതാനവും ഒപ്പം പ്രതീക്ഷയറ്റതുമായ ജീവിതാവസ്ഥയുടെ രൂപകവും യാഥാര്‍ത്ഥ്യവും
ആയിത്തീരുന്നു. ഈ മൗലികചോദനകളുടെ അസ്തിത്വപ്രാധാന്യത്തെ കുറിച്ചു നിശിതവും അപൂര്‍വ്വവുമായ
സംവേദനത്വത്തോടെയും ഭാവനാ പൂര്‍ണ്ണതയോടെയുമുള്ള അന്വേഷണമായിത്തീരുകയാണ് അരുദ്
പ്രകാശത്തിന്റെ കൃതി. ഒരു പകലിന്റെയും ഒരു രാവിന്റെയും ഇടയില്‍ യുദ്ധം/ വിവാഹം,
ജീവിതം/ മരണം, മനുഷ്യന്റെ നിസ്സാരത/ മനുഷ്യാന്തസ്സ് തുടങ്ങിയ സമസ്യകളിലൂടെ, വലിയ കാര്യങ്ങള്‍ പറയുന്നുവെന്ന നാട്യങ്ങളെതുമില്ലാതെ സമീപിക്കുയാണ്
അരുദ്പ്രകാശത്തിന്റെ നോവല്‍.
ഏകനും അന്തര്‍മ്മുഖനുമായ, യൌവ്വനവും ഓജസ്സും പൊയ്പ്പോയ
ജീവിതത്തോടു അനാസക്തിയും ചകിതമായ ശൂന്യ ബോധവും (nervous nihilism) കൂടെപ്പിറപ്പായ ദിനേശിനെ തേടിയെത്തുന്ന വിവാഹാലോചന, ഒട്ടും കാല്പ്പനികമല്ലാത്ത ആ
അന്തരീക്ഷത്തില്‍ വിചിത്രമായ ഒരു ‘പയ്യന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്ന’ (boy
meets girl) കഥയായിത്തീരുന്നതും മറ്റൊരു നിസ്സഹായതയുടെ മറുപുറമാണ്:
ഗംഗയുടെ അച്ഛന്‍ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ ധൃതി കൂട്ടുന്നതിനു പിന്നില്‍
അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എത്രയും പെട്ടെന്ന് മകളെ ഒരുത്തനെ ഏല്‍പ്പിക്കുകയെന്ന
പരമ്പരാഗത പിതൃഭാവം മാത്രമല്ല, കന്യകമാര്‍
വേറെയുണ്ടായിരിക്കെ വിവാഹിതരായ പെണ്‍കുട്ടികളെ ബലാല്‍ക്കാരത്തിനായി തട്ടിക്കൊണ്ടു
പോകാന്‍ സൈന്യം വിമുഖരായിരിക്കും എന്ന ഒരടിസ്ഥാനവുമില്ലാത്ത ശുഭാപ്തിയും റിബലുകള്‍
അവരെ ആത്മഹത്യാ ബോംബര്‍മാരോ നിര്‍ബന്ധിത സൈനിക സേവകരോ ആയി കൊണ്ട് പോകില്ല എന്ന
അബദ്ധ ധാരണയും കൂടിയാണ്. സൈന്യത്തിനും റിബലുകള്‍ക്കുമിടയില്‍ ഒരുപോലെ
നിസ്സഹായരായിപ്പോവുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് സോമസുന്ദരം.
പ്രത്യേകിച്ചൊരു ആവേശവും ഇല്ലാതെ ദിനേശ് അത് സ്വീകരിക്കുന്നു. തുടര്‍ന്നുള്ള
ഭാഗങ്ങളില്‍ ഗംഗയുടെ ഉറക്കം അടയാളപ്പെടുത്തുന്ന നിസ്സംഗതയും ജീവിത വൃത്തിയുടെ
നിസ്സാരവും തികച്ചും സാധാരണവുമായ പ്രക്രിയകളേയും പ്രതീക്ഷകളറ്റ നിരര്‍ത്ഥക
നിമിഷങ്ങളേയും ഏറ്റവും വിശദവും സുദീര്‍ഘവും സൂക്ഷ്മവുമായി നോവലിസ്റ്റ്
അവതരിപ്പിക്കുന്നത് അവരുടെ അസ്തിത്വത്തിന്റെ ശൂന്യവും വികാര രഹിതവും
മടുപ്പിക്കുന്നതുമായ ഏകാതാനതയുടെ രൂപകം തന്നെയായിത്തീരുന്നു. അത്തരം ജീവിതത്തില്‍
ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നതിന്റെ പ്രതീകം തന്നെയാണ് ദിനേശിന്റെ പൌരുഷ
ക്ഷീണം. ഇരുവര്‍ക്കുമിടയിലെ മൌനവും ഈ ശൂന്യതയുടെ സൃഷ്ടിയാണ്.
“അവര്‍ക്ക്
അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കാന്‍ ആവുമായിരുന്നില്ലെങ്കില്‍, സംസാരിക്കാന്‍ പാകത്തില്‍ അവര്‍ക്കൊരു ഭാവിയില്ലായിരുന്നെങ്കില്‍, പിന്നെ എന്താണ് അവര്‍ക്ക് പരസ്പരം സംസാരിക്കാനുണ്ടാവുക?”.
അയഥാര്‍ത്ഥം എന്നുതന്നെ തോന്നാവുന്ന വിവാഹം ഗംഗയില്‍
ഒരു മാറ്റവും ഉണ്ടാക്കുന്നതായി പ്രകടമല്ലെങ്കിലും ദിനേശിന് സ്വപ്‌നങ്ങള്‍
സ്വകാര്യമായെങ്കിലും കാണാന്‍ താല്പര്യമുണ്ട്. വിധി അനുവദിച്ചു നല്‍കുന്ന ഏതാനും
മണിക്കൂറുകള്‍ക്കുള്ളില്‍ അനുഭൂതികളുടെ മറ്റൊരു ഭൂഖണ്ഡം അയാളിലേക്ക്
എത്തിനോക്കുന്നുമുണ്ട്: വിവാഹം ഒരു പെണ്‍കുട്ടിയോട് നല്‍കുന്ന പൊടുന്നനെയുള്ള രക്ഷാകര്‍തൃ
ഭാവം,
ഇനിയൊന്നു സ്വയം മെച്ചപ്പെടാനുള്ള ആഗ്രഹം, കൂടുതല്‍
യോഗ്യനാവണം എന്ന തോന്നല്‍, ധീരനും ഒപ്പം ലോല മനസ്കനുമായി
സ്വയം ആവിഷ്കരിക്കാനുള്ള മോഹം, മൌനത്തെയും ഒപ്പം വാചാലതയെയും
ബഹുമാനവും സ്നേഹവും ആര്‍ജ്ജിക്കും വിധം സ്വയം വരിക്കാന്‍- ഇതൊക്കെ അയാള്‍
ചിന്തിച്ചുപോകുന്നുണ്ട്. ഗംഗ ഉണ്ടാക്കിക്കൊണ്ടുക്കുന്ന ഭക്ഷണം കഴിക്കാന്‍
തുടങ്ങുമ്പോള്‍ അയാള്‍ “ഭക്ഷിക്കുന്നതിന്റെ താളം ഓര്‍ത്തെടുക്കാന്‍ തുടങ്ങി” എന്ന്
നോവലിസ്റ്റ് എഴുതുന്നുണ്ട്.
ക്യാമ്പുകള്‍ക്ക് മേല്‍
പതിക്കുന്ന ബോംബു വര്‍ഷത്തില്‍ ഒടുങ്ങിപ്പോവുന്നവരുടെ കൂട്ടത്തില്‍ ഗംഗയേയും
കണ്ടെത്തുന്നത് ദിനേശിനെ സംബന്ധിച്ചു അപ്രതീക്ഷിതമോ വിശേഷാല്‍ ദുരന്തമോ അല്ല.
“അവളുടെ
ഇടതു കണ്ണ് പാതി തുറന്നിരുന്നു, കുറേശ്ശെ തുറന്ന
ചുണ്ടുകളുടെ വലതറ്റം മണ്ണിനെ ചുംബിച്ചിരുന്നു.”
ജീവിതവും മരണവുമെന്ന തുടര്‍ച്ചയെ
കുറിച്ചുള്ള ദിനേശിന്റെ നിലപാടില്‍ തന്നെ പ്രത്യേക വികാരത്തള്ളിച്ചയുടെ ആവശ്യകത
നിഷേധിക്കപ്പെടുന്നുണ്ട്.
“താന്‍
മരിക്കുമോ അതല്ല അതിജീവിക്കുമോ എന്നതിനെ കുറിച്ച് അയാള്‍ക്ക് തീര്‍ച്ചയുള്ള ഒരു
തെളിവുമില്ലായിരുന്നു, എന്നാല്‍ ഒരു പക്ഷെ അത്തരം
സാഹചര്യങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അനിശ്ചിതത്വം അനുഭവിക്കുന്നതിലേറെ നല്ലത്
ഒന്ന് ഉറപ്പിക്കുന്നതാണ് എന്നിരിക്കെ, അയാള്‍ സ്വയം ആ ആദ്യ
സാധ്യതയിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍ അനുവദിച്ചു.”
മരിക്കുക എന്നാല്‍ എന്താവും എന്നതാവട്ടെ
“ജീവിച്ചിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തായിരുന്നു എന്നതിനെ ആശ്രയിച്ചിരുന്നു” എന്നെഴുതുമ്പോള്‍
ഫിലോസഫി പഠിതാവായ നോവലിസ്റ്റ് സംഘര്‍ഷ ഭൂമിയിലെ അസ്തിത്വ പ്രതിസന്ധിയെന്ന
പ്രമേയത്തിന്റെ ക്ലാസിക്കല്‍ പാഠം ചമക്കുകതന്നെയാണ്.
(The Story of a Brief Marriage കൂടുതല്‍ ഇവിടെ വായിക്കാം:
https://alittlesomethings.blogspot.com/2024/08/the-story-of-brief-marriage-by-anuk.html
“വടക്കോട്ടുള്ള പാത” – വീണുപോയവര്‍ക്കുള്ള വിലാപ
കാവ്യം
The Story of a Brief Marriage പശ്ചാത്തലമാക്കിയ അതേ ഭൂമികയിലേക്കുള്ള വ്യത്യസ്തമായ ഒരു തിരിച്ചുപോക്കാണ്
അരുദ്പ്രകാശത്തിന്റെ A Passage
North (2021) ചിത്രീകരിക്കുന്നത്.
2009ല്‍ തമിഴ് ഈലം പോരാട്ടത്തിന്റെ സമ്പൂര്‍ണ്ണ ഉന്മൂലനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു
ശേഷം അതിജീവിച്ചവന്റെ കുറ്റബോധവും (survivor’s guilt) യുദ്ധത്തിന്റെ
ശേഷിപ്പുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മറ്റൊരു കഥാപാത്രത്തെ നോവല്‍
പിന്തുടരുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലം ജ്വലിച്ചു നിന്ന തമിഴ് പോരാട്ടത്തെ
ശ്രീലങ്കന്‍ സൈന്യം വംശഹത്യയിലൂടെ അവസാനിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഗവേഷണ
പഠനത്തിലയിരുന്ന ക്രിഷന്‍, പല കാരണങ്ങള്‍ കൊണ്ടാണ് ജാഫ്നയിലേക്ക്
മടങ്ങാന്‍ തീരുമാനിക്കുന്നത്. ക്വിയര്‍ ആക്റ്റിവിസ്റ്റായ കാമുകി അന്‍ജുമുമായുള്ള
ബന്ധം ഉള്ളിലെ കെട്ടടങ്ങാത്ത
പ്രണയത്തിന്റെ തീക്ഷ്ണതയിലും അവസാനിക്കുന്നതും, തന്നെ പോലുള്ള ഇരുണ്ട തൊലിക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന,
സംസ്കൃത ഭാഷയും ഹിന്ദു ദേശീയതയും ചേര്‍ന്ന ഉത്തരേന്ത്യന്‍ മുന്‍ വിധികളും അതില്‍
ഘടകങ്ങള്‍ ആയിരുന്നു. എന്നാല്‍, നോവല്‍ ആരംഭത്തില്‍, അപ്പമ്മയുടെ പരിചാരികയായിരുന്ന റാണിയുടെ അപകടമരണത്തെ കുറിച്ചുള്ള
അറിയിപ്പ് എത്തുന്നതാണ് ആ മടക്കത്തിന്റെ സവിശേഷ കാരണവും തലക്കെട്ടിന്റെ പ്രഭവമായ വടക്കന്‍ യാത്രയുടെ
നിമിത്തവും ആയിത്തീരുന്നത്. ശ്രീലങ്കന്‍ തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍
ദേശത്തെ കിള്ളിനോച്ചിക്കാരിയായ റാണി, യുദ്ധത്തിന്റെ
കെടുതികള്‍ ആവോളം അനുഭവിച്ചിട്ടുണ്ട്. രണ്ടു മക്കളെയും ദാരുണമായ രീതിയില്‍
നഷ്ടപ്പെട്ട റാണി, ആ ട്രോമയില്‍ നിന്ന് രക്ഷപ്പെടാനാകാതെ വര്‍ഷങ്ങളോളം
ഷോക്ക് ട്രീറ്റ്മെന്റ് ഉള്‍പ്പടെ നടത്തിയതിന്റെ കടുത്ത പാര്‍ശ്വ ഫലങ്ങള്‍
അനുഭവിച്ചിരുന്നു. പൊടുന്നനെ ഉണ്ടാകുന്ന ഓര്‍മ്മ നഷ്ടം,
തലകറക്കം തുടങ്ങിയവയോടൊപ്പം ഇടയ്ക്കിടെ അപകടകരമായ സ്വയംപീഡന പ്രവണതയും
പ്രകടിപ്പിച്ചിരുന്ന റാണിയുടെ അന്ത്യം സംബന്ധിച്ച് അതുകൊണ്ട് തന്നെ ക്രിഷന്
സംശയങ്ങളുണ്ട്: അത് അപകടമായിരുന്നോ? ആത്മഹത്യയോ, കൊലപാതകമോ മറ്റെന്തെങ്കിലും സാധ്യതയോ എന്നൊക്കെ അയാള്‍
ചിന്തിക്കുന്നുണ്ട്. റാണിയുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വടക്കന്‍
ദേശത്തേക്കു പോകാന്‍ തീരുമാനിക്കുന്ന അതേ സമയത്താണ് അന്‍ജുമിന്റെ ഇ മെയില്‍
സന്ദേശം അയാളെ തേടിയെത്തുന്നത്. സ്വാഭാവികമായും വടക്കോട്ടുള്ള യാത്ര രണ്ടു
തലത്തിലുള്ള ഒന്നായി മാറുന്നു: വടക്കന്‍ ദേശത്തേക്കുള്ള ഭൗതിക യാത്ര, റാണിയും
തമിഴ് സമൂഹവും നേരിട്ട യുദ്ധത്തിന്റെ ഭീകരതകളിലേക്കുള്ള ആത്മയാനം
കൂടിയായിത്തീരുന്നത് പോലെ, അന്‍ജുമിനെ കുറിച്ചുള്ള ഓര്‍മ്മകള്‍
പ്രണയവും പ്രണയ സംഘര്‍ഷങ്ങളും ഭിന്ന രതിയുടെ സാമൂഹികാവസ്ഥകളും കൂടിക്കലരുന്ന
ഇരുവരുടെയും ഭൂതകാലത്തിലേക്കുമുള്ള യാത്രയും ആയിത്തീരുന്നു.
“അയാള്‍
ദ്വീപിന്റെ തെക്ക് നിന്ന് വടക്കോട്ട് മുന്നേറുകയായിരുന്നില്ല; മറിച്ചു തന്റെ മനസ്സിന്റെ തെക്കു നിന്ന് അകലെയെങ്ങോ ഉള്ള വടക്കന്‍ അറ്റങ്ങളിലേക്കായിരുന്നു.”
തനിക്കു മാതൃതുല്യയായ റാണിയുടെ അന്ത്യകര്‍മ്മങ്ങളില്‍
പങ്കെടുക്കാനുള്ള യാത്ര ക്രിഷനില്‍ എന്തെങ്കിലും തരത്തിലുള്ള പുതിയ തിരിച്ചറിവിനോ, ആത്മീയ വളര്‍ച്ചക്കോ വിശേഷാല്‍ കാരണമാകുന്നില്ല എന്നിരിക്കെ, യാത്രയുടെ ഉദ്ദേശം തന്നെ സാമ്പ്രദായികമായ പാത്രവികാസത്തിന്റെതല്ല എന്നു
വ്യക്തമാണ്. തമിഴ് ദേശീയ പ്രസ്ഥാനത്തിന്റെ ‘മാവീരര്‍ നാള്‍’ (നവംബര്‍ 27) പോലുള്ള
ഓര്‍മ്മകളും കുട്ടിമാണിയെ പോലുള്ള രക്തസാക്ഷികളുടെയും ധാര്‍ഷിക, പഹുല്‍ എന്നീ പെണ്‍പോരാളികളുടെയും വിശദമായ കഥകള്‍ നോവലില്‍
ഇടംപിടിക്കുന്നതിനും തമിഴ് പോരാട്ട വേദികളുടെ പില്‍ക്കാല അവസ്ഥയുടെ നേര്‍സാക്ഷ്യത്തിനും
ഇടംനല്‍കുന്നു എന്നതാണ് വടക്കോട്ടുള്ള യാത്രയുടെ പ്രസക്തി. ശ്രീലങ്കന്‍ സൈന്യം
തമിഴ് ജനതയോടും പോരാളികളോടും നടമാടിയ അത്യാചാരങ്ങള്‍ പ്രകടമാകുന്ന വേലികട ജയില്‍
കൂട്ടക്കൊല പോലുള്ള സംഭവങ്ങള്‍, രക്തസാക്ഷികളുടെയും
പോരാളികളുടെയും ആത്മബലിയുടെ സന്ദര്‍ഭങ്ങള്‍, കുടുംബങ്ങള്‍ മക്കളെ ആത്മഹത്യാ ബോംബര്‍മാര്‍
ആകാന്‍ അറിഞ്ഞുകൊണ്ടു തന്നെ അയക്കാന്‍ തയ്യാറാകുന്ന അവസ്ഥകള്‍ തുടങ്ങിയതൊക്കെ
സുദീര്‍ഘ ഉപകഥകള്‍ (digression) ആയി അവതരിപ്പിക്കാന്‍ സന്ദര്‍ഭം
ഒരുക്കുന്നതിലൂടെ നോവല്‍, ശ്രീലങ്കന്‍ തമിഴ് ദുരന്തത്തിനുള്ള
ഒരു വിലാപകാവ്യം ആയിത്തീരുന്നു.
കഥ പറയാനുള്ള ചട്ടക്കൂട് എന്നതിനപ്പുറം കര്‍തൃത്വം ഏതുമില്ലാത്ത
ക്രിഷനിലല്ല, മറ്റു മൂന്നു സ്ത്രീകഥാപാത്രങ്ങളിലാണ് നോവലിന്റെ
ഹൃദയം. യുദ്ധത്തില്‍ ഒരു മകനെ നഷ്ടപ്പെട്ട അപ്പമ്മ മരണത്തെ
തോല്‍പ്പിക്കാന്‍ എല്ലായിപ്പോഴും ശ്രമിക്കുമ്പോള്‍, തന്റെ രണ്ടു ആണ്‍മക്കളെയും അതേ
യുദ്ധത്തിന്റെ തുടര്‍ച്ചയില്‍ നഷ്ടപ്പെട്ട റാണി, മരണത്തെ
വിചിത്ര മാര്‍ഗ്ഗങ്ങളിലൂടെ തേടുകയാണ്. അല്‍പ്പം നീണ്ട
ഒരു അസുഖ ബാധക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന അപ്പമ്മ ശരിക്കും റാണിയുടെ
അശ്രിതയായി:
“റാണിയുടെ
കണ്ണുകളും കാതുകളും കൈകളും കാലുകളും, രോഗശാന്തി ഘട്ടത്തില്‍, അവരുടെ ബദല്‍ ഇന്ദ്രിയങ്ങളും അംഗങ്ങളും ആയിത്തീര്‍ന്നു.”
റാണിയിലൂടെ അപ്പമ്മയുടെ ലോകം വികസിക്കുകയും
വടക്കിനെയും കിഴക്കിനെയും എന്നല്ല, യുദ്ധം, ജാഫ്ന, കിള്ളിനോച്ചി എന്നിങ്ങനെ തമിഴ് പുലി
നിയന്ത്രിത ദേശങ്ങളെയും അവര്‍ അറിയാന്‍ തുടങ്ങുകയും ചെയ്തു; ഇപ്പോള്‍ ആ
ഇടങ്ങളൊക്കെ എങ്ങനെയാണു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ ഞെരിഞ്ഞു പോകുന്നത്
എന്നും.
“ലോകത്തില്‍
നിലനില്‍ക്കാന്‍ പൊരുതുന്ന ആ പ്രായമേറി വരുന്ന സ്ത്രീയും അദൃശ്യമാം വിധം
മുറിവേറ്റിരുന്ന അന്യയും”
എന്ന് നോവലിസ്റ്റ് എഴുതുന്നു. റാണിയിലൂടെ ട്രോമ എന്ന
വലിയ പ്രമേയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്ന നോവലിസ്റ്റ്, സ്ഥല/ കാല ബന്ധിതവും എന്നാല്‍ മരണത്തിനൊഴിച്ചു മറ്റൊന്നിനും
അവസാനിപ്പിക്കാന്‍ കഴിയാത്തതുമായ അതിന്റെ ശിഥിലീകരണ ശക്തി തീവ്രമായി
ആവിഷ്കരിക്കുന്നുണ്ട്. അന്‍ജും ആകട്ടെ, ഒരു ആക്റ്റിവിസ്റ്റ്
എന്ന നിലയില്‍ മഹത്തായ ലക്ഷ്യങ്ങളിലൂടെ ജീവിതത്തെയും മരണത്തെയും മറികടക്കാന്‍
ശ്രമിക്കുന്നു. ഈ മൂന്നു സ്ത്രീകളുമായുള്ള വിനിമയങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥവും
പൊരുളും തേടുകയും ഒപ്പം തന്റെ അങ്കലാപ്പുകളെ നേരിടുകയുമാണ് ക്രിഷന്‍. എങ്കിലും
പ്രതികരണത്തില്‍ ഏറെ മേല്ലെപ്പോക്കുകാരനായ ക്രിഷന് റാണിയുടെ അപകടമരണത്തെ കുറിച്ച്
അറിയിച്ചുകൊണ്ട് അയാളിലേക്ക് എത്തിയ ഫോണ്‍വിളിയുടെ സാംഗത്യം ശരിക്കും വൈകിയാണ്
ബോധ്യപ്പെടുന്നത്. സ്നേഹ വേദനകളുടെ കടം വീട്ടിത്തീര്‍ക്കാന്‍ അവരുടെ
ജീവിതകാലത്തില്‍ ഒരവസരം കിട്ടിയില്ലല്ലോ എന്നുതന്നെയാവാം അയാളുടെ ഈറന്‍ കണ്ണുകള്‍
അര്‍ത്ഥമാക്കുന്നതും. എന്നാല്‍, റാണിയും തമിഴ് ജനതയും
അനുഭവിച്ച ആഘാതങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നതും ഒരു പ്രായശ്ചിത്തമാകാം.
അതുകൊണ്ടാണ് ഒരു വലിയ വിഭാഗത്തെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കിയ സാഹചര്യങ്ങളെ
അടുത്തറിയാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുമ്പോള്‍ ‘ഭാവനയുടെ ഒരു പ്രക്രിയയിലൂടെ ആ
അജ്ഞാത നാമാക്കളായ ജീവിതങ്ങളുടെ ഓര്‍മ്മയ്ക്ക് ഒരു തരം സ്വകാര്യ ശ്രീകോവില്‍
പണിയാന്‍ ശ്രമിക്കുകയാണ് താന്‍’ എന്ന് അയാള്‍ സങ്കല്‍പ്പിക്കുന്നത്.
(A Passage North കൂടുതല്‍ വായനക്ക്:
https://alittlesomethings.blogspot.com/2024/08/a-passage-north-by-anuk-arudpragasam.html
ലേഖനം തുടരുന്നു :
മരതക കാന്തിയില്‍ ഇരുള്‍ മൂടുമ്പോള്‍ ഭാഗം -3:
https://alittlesomethings.blogspot.com/2024/08/srilankan-conflict-novels-part-3.html
No comments:
Post a Comment