Featured Post

Friday, August 16, 2024

Narabhojikal Kaderumpol by Ranjith Chittade & Manu Mukundan (Malayalam Novel)

 പ്രകൃതിപാഠങ്ങളുടെ കാവലാളുകള്‍




(രഞ്ജിത്ത് ചിറ്റാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച്. ഒരു കാടിനോടും അതിലെ ജീവജാലങ്ങളോടും എങ്ങനെ പെരുമാറരുത്‌ എന്നതിന്റെ പാഠപുസ്തകമായ ഇന്നത്തെ ആമാസോണിനെ കുറിച്ച് മികച്ചൊരു പേജ് ടേണറിന്റെ വായനാക്ഷമതയോടെ രചിക്കപ്പെട്ട പുസ്തകം നവയുവ വായനാസമൂഹത്തിന് (Young Adults) വിശേഷിച്ചും ശുപാര്‍ശ ചെയ്യാവുന്നതാണ്.)



വികസനം എന്നത് ദീര്‍ഘവീക്ഷണമില്ലാത്തതും ഈ ഭൂമി നമ്മുടെ മക്കള്‍ക്കും അവരുടെ തലമുറകള്‍ക്കും കൂടി വേണ്ടതാണ് എന്ന തിരിച്ചറിവില്ലാത്തതും ഭൂമിയുടെ അവകാശി  മനുഷ്യ കേന്ദ്രിത ഉപഭോക്തൃ സംസ്കൃതി മാത്രമാണെന്നു കരുതുന്നതുമായ ഏകപക്ഷീയ പ്രകൃതി ചൂഷണത്തിന്റെ മറുവാക്കായിത്തീര്‍ന്ന പിഴച്ച കാലത്ത് നാം മറന്നു പോയ ജീവിതാര്‍ത്ഥങ്ങളുടെ തീവ്രമായ പാഠവും ഓര്‍മ്മപ്പെടുത്തലുമായി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നവരാണ് ആദിവാസിയെന്ന തോറ്റുപോയ ജനവിഭാഗങ്ങള്‍ ലോകത്തെവിടെയും. ഭൂമുഖത്തെ ഏറ്റവും സനാതനമായ അറിവുകളെപ്രകൃതി ജീവനത്തിന്റെ സാധ്യതകളെ അതിജീവനത്തിന്റെ അനിവാര്യതകള്‍ക്കിടയിലും കാത്തുപോന്ന ഇത്തരം ആദിവാസി സമൂഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളാണ് തെക്കേ അമേരിക്കയിലെ ആമസോണ്‍ മേഖലകളില്‍ കഴിഞ്ഞു വരുന്നപുറംലോകവുമായുണ്ടായ വിനിമയങ്ങളിള്‍ തീരാനഷ്ടങ്ങള്‍ മാത്രം നേരിടേണ്ടി വന്ന ഗോത്ര സമൂഹങ്ങള്‍. കൊളോണിയല്‍ അധിനിവേശങ്ങളുടെ ആദ്യനാളുകള്‍ മുതല്‍ സ്പാനിഷ്ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ശക്തികള്‍ നടത്തിയ നിന്ദ്യമായ കടന്നുകയറ്റങ്ങളുടെ ഫലമായി വംശീയമായ ഉന്മൂലനത്തോളം എത്തിയവരോ അത്തരം ഭീഷണിക്ക് കീഴില്‍ കഴിയുന്നവരോ ആണ് ഇവര്‍. ചരിത്രവും പരിഷ്കൃത സംസ്കൃതിയും ആമസോണിലെ ആദിമ സമൂഹങ്ങളോട് കാണിച്ച നെറികേടിന്റെ ആഴമന്വേഷിക്കുന്ന പുസ്തകമാണ് രഞ്ജിത്ത് ചിട്ടാടെയും മനു മുകുന്ദനും ചേര്‍ന്നെഴുതിയ ‘ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍.’ മഹാവിസ്ഫോടനത്തില്‍ രൂപമെടുത്ത പ്രകൃതിയില്‍ കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ ഉരുവായ ജീവന്റെയും ജന്തുജാലങ്ങളുടെയും ആ മഹാ പരിണാമത്തിന്റെ ഇങ്ങേയറ്റത്ത് ഏറ്റവും വികസിത ജീവിവര്‍ഗ്ഗമായി ഉദയംകൊണ്ട മനുഷ്യന്റെയും കഥയില്‍ തുടങ്ങിഹോമോസാപ്പിയന്‍ പെരുമ അതിരു ലംഘിക്കുന്ന പ്രകൃതി വിരുദ്ധതയായി മാറുന്ന വിപര്യയം തയ്യാറെടുപ്പുകള്‍ ഇല്ലാത്ത സാമാന്യ വായനക്കാരുടെ വിഷയമാക്കി അവതരിപ്പിക്കുക എളുപ്പമല്ല. അതീവ ഋജുവായ ഒരു ഫിക് ഷനല്‍ ചട്ടക്കൂടുപയോഗിച്ച് ഈ പരിമിതി മറികടക്കുകയാണ് രണ്ടു യുവ എഴുത്തുകാരും ചേര്‍ന്ന് തികച്ചും കാലിക പ്രസക്തിയുള്ള ഈ പുസ്തകത്തില്‍.



നരവംശശാസ്ത്രവും ജനിതക ശാസ്ത്രവും നല്‍കുന്ന പുതിയ സൂചനകള്‍ വംശവിശുദ്ധിയെ കുറിച്ചും തനിമയെ കുറിച്ചുമൊക്കെയുള്ള സങ്കല്‍പ്പങ്ങളെ കാറ്റില്‍ പറത്തുകയും മനുഷ്യകുലത്തിനു സാമാന്യമായുള്ള പൊതുധാരകളെയും കൂടിക്കലരലുകളെയും കുറിച്ച് കൌതുകകരവും വിമലീകരിക്കുന്നതുമായ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. അസ്ട്രേലോ പിത്തേക്കസ്നിയാണ്ടര്‍ത്താല്‍ഹോമോ ഇറക്റ്റസ് എന്നിങ്ങനെ നരവംശ ശാസ്ത്രം പേരുചൊല്ലി വിളിക്കുന്ന പൂര്‍വ്വികരിലൂടെ കടന്ന് ഹോമോസാപ്പിയന്‍ ഘട്ടത്തില്‍ തുടങ്ങുന്ന മനുഷ്യ കുലത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു ക്ലാസ് റൂം സാഹചര്യത്തില്‍ പ്രസിദ്ധനായ അക്കാദമിക് പണ്ഡിതന്‍ യുവ വിദ്യാര്‍ഥികളോടു സംവദിക്കുന്ന ഘടനഅതിവേഗം പുസ്തകത്തിന്റെ കേന്ദ്ര പ്രമേയത്തിലേക്കു കടക്കാന്‍ സാഹചര്യമൊരുക്കുന്നു. ജനിതക ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളില്‍ആമാസോണിലെ ചില ആദിവാസി വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു പ്രത്യേക ആദിവാസി വിഭാഗവുമായി ജനിതക സാമ്യമുണ്ട്‌ എന്ന അറിവ് പുറത്തുവന്നത് യാത്രികനും പര്യവേഷകനുമായ ഡോ. മുഹമ്മദ്‌ അസ്‌ലമിനെ ആവേശം കൊള്ളിച്ചിരിക്കുന്നു. എഴുപത്തിഅയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നാരംഭിച്ച മനുഷ്യ കുലത്തിന്റെ മഹായാനത്തിന്റെ കഥ ഓര്‍മ്മിച്ചുകൊണ്ട് നാല്‍പ്പതു പിന്നിട്ട അസ്‌ലം കഠിനമായി അലട്ടുന്ന കാല്‍വേദന വകവെക്കാതെ ആ യാത്ര ആരംഭിക്കുന്നു. രണ്ടുമൂന്നു ഉറ്റ സുഹൃത്തുക്കളും സര്‍ക്കാര്‍ തലത്തില്‍ നിയോഗിക്കപ്പെടുന്ന സഹായികളും അടങ്ങുന്ന ചെറുസംഘം നടത്തുന്ന യാത്ര ആമസോണ്‍ പ്രതിനാധാനം ചെയ്യുന്ന ചരിത്രപാഠങ്ങളിലേക്കും ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള കണ്‍തുറക്കലും വെളിപാടും ആയിത്തീരുന്നു. ഗോത്ര ജീവിതത്തിന്റെ പരിമിതകള്‍ക്കപ്പുറം പുറംലോകം കാണണമെന്ന ആശ വിടാതെ പിടികൂടിയ ആദിവാസിയായ താറ്റയെന്ന പത്തൊമ്പതുകാരന്‍ വരുംവരായ്കകളെ കുറിച്ചുള്ള ഗോത്രമൂപ്പന്‍ കൂടിയായ അമ്മാവന്റെ വിലക്കുകള്‍ വകവെക്കാതെ അവര്‍ക്കു കൂട്ടായി ഒപ്പം കൂടുന്നുഅവനെ കൂടി കാക്കുക എന്ന ഉദ്ദേശത്തോടെ മുതിര്‍ന്ന വേട്ടക്കാരനും വഴികാട്ടിയുമായ തുവാപ്പയും. യാത്രക്കിടയില്‍ സംഭാഷണങ്ങളായും അനുഭവ കഥകളായും തുവാപ്പ വിവരിക്കുന്ന ഗോത്രാനുഭവങ്ങളായും ആദിമ നിവാസികളുടെയും ആമാസോണിന്റെയും ചരിത്രം ആവിഷ്കൃതമായിത്തുടങ്ങുന്നതോടെ വനത്തിന്റെ ഭൗതിക ഭൂമികയിലൂടെ നടത്തുന്ന യാനം ചരിത്രത്തിനു കുറുകെയുള്ള, മാനുഷിക ദുരന്ത ഭൂമികകളിലൂടെയുള്ള ഒന്നായി മാറുന്നു.



ആദിവാസി നേരിടേണ്ടി വന്ന ചരിത്ര ദുരന്തങ്ങളുടെ ഘട്ടങ്ങള്‍ ഒന്നൊന്നായി ഏറ്റവും തീവ്രവും ഹൃദയഭേദകവുമായ രീതിയില്‍ പുസ്തകത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. വെറും മുത്തശ്ശിക്കഥപോലെ തള്ളിക്കളയേണ്ടിയിരുന്ന എല്‍ഡോരാഡോ ‘സ്വര്‍ണ്ണ നഗര’ പുരാണത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുകയോ വിവരണാതീതമായ ക്രൂരതകള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയോ ചെയ്ത യൂറോപ്യയന്‍ കുടിലതയുടെ കഥമുതല്‍ അതാരംഭിക്കുന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ മുമ്പില്ലാത്തവിധം കാടുകേറിത്തുടങ്ങിയ അധിനിവേശക്കാരില്‍ ഗോണ്‍സാലസ് പിസാറോ, ഹൊനാന്‍ പെരെസ് ഡെ ക്വിസാഡ തുടങ്ങിയ നരാധമന്മാര്‍ ആദിവാസിയെ മനുഷ്യരായിപ്പോലും കണക്കാക്കിയില്ല. അടുത്ത ഊഴം ‘പ്രാകൃതരെ സംസ്കരിച്ചു ദൈവമാര്‍ഗ്ഗത്തില്‍ എത്തിക്കാന്‍’ കച്ചകെട്ടിയിറങ്ങിയ മിഷനറിമാരുടെതായിരുന്നു. ഒരു ജനതയെ അവരുടെ തനതായ വിശ്വാസാചാര ക്രമങ്ങളില്‍ നിന്ന് പറിച്ചെടുക്കുകയെന്നാല്‍ ഉന്മൂലനത്തിന്റെ സാംസ്കാരിക മുഖമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കൊല്ലും കൊലയും ആദിവാസിക്കുഞ്ഞുങ്ങളുടെ അടിമത്തവും തന്നെയായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെയും ആയുധം. ആദിവാസികള്‍ പിന്നീട് നേരിട്ട വന്‍ ദുരിത പര്‍വ്വം റബ്ബര്‍ വെട്ടുകാരുടെതായിരുന്നു. ആമസോണിന്റെ സ്വാഭാവിക വന്യതയില്‍ വളര്‍ന്നു വന്ന റബ്ബര്‍ ഒരു വ്യാവസായിക ഉരുപ്പടിയായതിനു ഏറ്റവും കൊടിയ രീതിയില്‍ വിലയോടുക്കേണ്ടി വന്നത് അവരായിരുന്നു. മരം മുറിക്കാനും അണക്കെട്ടുകള്‍ പണിയാനും വന്നവര്‍ കാട്ടുമനുഷ്യരോട് ചെയ്തതും വംശഹത്യയുടെ മാനങ്ങളുള്ള ക്രൂര കൃത്യങ്ങളായിരുന്നു.



രക്ഷിക്കാന്‍ ചെന്നവര്‍ ശിക്ഷകരായി മാറിയതിന്റെ പൊള്ളുന്ന ചരിത്രങ്ങളും പുസ്തകം ആവിഷ്കരിക്കുന്നുണ്ട്. ഇതില്‍ ഏറെ കുപ്രസിദ്ധമായത് 1910-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ പ്രൊട്ടക്ഷന്‍ സര്‍വ്വീസ് (SPI) ചെയ്തുകൂട്ടിയതായിരുന്നു. മിഷനറിമാരുടെ കടന്നുകയറ്റങ്ങള്‍ക്ക് കുറെയൊക്കെ തടയിടാന്‍ സംഘടനക്ക് കഴിഞ്ഞെങ്കിലും അമ്പത്തിയേഴു വര്‍ഷക്കാലത്തെ ‘സേവന’ത്തിനിടെ “എസ്.പി.ഐ.യുടെ ഇടപെടലും അനാസ്ഥയും കൊണ്ടുമാത്രം ഏകദേശം എണ്‍പതോളം ആദിവാസി ഗോത്രങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി.”  എസ്.പി.ഐ.യുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ആദിവാസിയെ അവരുടെ പാട്ടിനു ജീവിക്കാന്‍ അനുവദിക്കുകഎന്തെങ്കിലും ഗൌരവപൂര്‍ണ്ണമായ പ്രശ്നങ്ങള്‍ ഏതെങ്കിലും ഗോത്രം നേരിടുമ്പോള്‍ അതവരെ അറിയിക്കുകയും ആവശ്യമെങ്കില്‍ മാത്രം സംരക്ഷണം നല്‍കുയും ചെയ്യുക എന്ന രീതിയാണ് ഫുനായ് എന്ന പുതിയ സംവിധാനം ചെയ്യുന്നത്. എന്നാല്‍പുസ്തകത്തിന്റെ അന്ത്യം സദുദ്ദേശത്തിന്റെ ഒഴികഴിവ് കൊണ്ടുപോലും പുറംലോകത്തിന്റെ ഇടപെടലുകള്‍ ന്യായീകരിക്കാനാവില്ലെന്നു ഹൃദയഭേദകമാം വിധം ബോധ്യപ്പെടുത്തുന്നുണ്ട്‌. സ്വതേ പ്രതിരോധശേഷി ഏറെ കുറവായ ഗോത്ര വംശജര്‍ക്ക് അത്തരം ഏതു സമ്പര്‍ക്കവും മാരകമാവാമെന്നു താത്വികമായി നേരത്തെ അറിയാമായിരുന്നിട്ടും തങ്ങളുടെ സന്ദര്‍ശനത്തിലൂടെ വന്‍ ദുരന്തമാണ് അവര്‍ക്ക് വരുത്തിവെച്ചതെന്നു താറ്റയുടെയും കുഞ്ഞനുജന്‍ ക്വാഹിയുടെയും വേറെയും പലരുടെയും മരണങ്ങളിലൂടെയാണ് അസ്‌ലമും കൂട്ടരും മനസ്സിലാക്കുക. ചുറുചുറുക്കും ഓജസ്സുമുണ്ടായിരുന്ന ഇളം യുവാവിന്റെ മരണം ആ അര്‍ത്ഥത്തില്‍ അധിനിവേശങ്ങളുടെ ചരിത്രത്തിലെ മറ്റൊരു ബലിയാണ്: ഇത്തവണ പ്രതിസ്ഥാനത്ത് തങ്ങള്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഉള്ളംപൊള്ളിക്കുന്ന വേദനയായാണ് അസ്‌ലമും കൂട്ടരും നേരിടുക. അങ്ങനെയാണവര്‍ കാടിറങ്ങുക. അസ്‌ലം നിരീക്ഷിക്കുന്നത് പോലെ: “ആമസോണ്‍ കാടിനകത്തെ നരഭോജികളെല്ലാം കെട്ടുകഥകളാണ്നരഭോജികള്‍ കടേറുകയാണ്... നരഭോജികളെ അന്വേഷിച്ചു നീയിനി കാട് കയറേണ്ട സാമുവേല്‍നമ്മള്‍ തന്നെയാണ് നരഭോജികള്‍!”   

 


പാത്ര സൃഷ്ടിയിലോ വികാസത്തിലോ ഇതിവൃത്ത നിര്‍മ്മിതിയിലോ അല്ല ഗ്രന്ഥകര്‍ത്താക്കളുടെ ഊന്നല്‍ എന്ന് വ്യക്തമാക്കുന്നതാണ് പുസ്തകത്തെ നോവല്‍ എന്ന് വിളിക്കാതെ ‘പഠനം’ എന്ന് വിളിക്കുന്നതില്‍ വ്യക്തമാകുന്നത്. വാസ്തവത്തില്‍ നാനൂറ്റി മുപ്പതു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതായിട്ടും ഒറ്റയിരുപ്പില്‍ വായിപ്പിക്കുംവിധം ഗഹനമായ ഉള്ളടക്കമുള്ള പുസ്തകത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിത്വവികാസമുള്ള പാത്രസൃഷ്ടിക്കു നല്ല പങ്കുണ്ട്. ശാസ്ത്ര-യുക്തി ബോധവും മതരഹിത ധാര്‍മ്മികതയുമാണ് ആദിവാസി സമൂഹങ്ങളുടെ ആചാരങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ അസ്‌ലമിനെ പ്രാപ്തനാക്കുന്നത്. സമുവേലും ചിലപ്പോഴൊക്കെ ജോണിയും അവയെ പ്രാകൃതം എന്ന് കളിയാക്കുമ്പോള്‍ പരിഷ്കൃത സമൂഹങ്ങളുടെ മതാന്ധതയെ അപേക്ഷിച്ച് ഗോത്ര വംശജരുടെ രീതികള്‍ വികലമല്ലെന്നു അദ്ദേഹം കരുതുന്നു. സംസ്കരിക്കുകയെന്നാല്‍ ‘നമ്മള്‍ പരീക്ഷിച്ചു തോറ്റ പാഠങ്ങള്‍’ ആദിവാസിയില്‍ കെട്ടിയേല്‍പ്പിക്കലാണ് എന്ന്  അസ്‌ലം പറയുന്നുണ്ട്. സനാതനമായ പ്രാകൃതവിവേകത്തിന്റെ തെളിമ പ്രകടിപ്പിക്കുന്ന താറ്റയുടെ അമ്മാവനും അതിന്റെ തുടര്‍ച്ച പോലെ യാത്രയിലുടനീളം പെരുമാറുന്ന തുവാപ്പയും തന്നെയാണ് പുസ്തകത്തിന്റെ നൈതികതയുടെ മുഖങ്ങള്‍. ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതി നിര്‍ദ്ധാരണവും അര്‍ഹതയുള്ളതിന്റെ അതിജീവനവും പോലുള്ള ഗഹനവിഷയങ്ങള്‍ യാതൊരു താത്വിക നാട്യവും കൂടാതെ അവരുടെ നിലപാടുകളില്‍ വ്യക്തമാണ്. പ്രകൃതിയുടെ അവകാശികള്‍ ആരെന്ന ചോദ്യത്തിനും സമഗ്രതയുള്ള വീക്ഷണമാണ് അവരുടെ മറുപടി. എട്ടുകാലിയെ കൊല്ലാന്‍ തുനിയുന്ന താറ്റയെ അമ്മാവന്‍ തടയുന്നത് ഇങ്ങനെയാണ്: “ഈ കാട് അതിന്റെതു കൂടിയാണ്.” തൂവലിനായി നീലമാക്കാവ് പക്ഷിയെ വെടി വെക്കാന്‍ തുടങ്ങുമ്പോഴും തുവാക്ക തടയുന്നു. ഇപ്പോള്‍ വെടി വെക്കരുത്. അത് അടയിരിക്കുന്ന തള്ളപ്പക്ഷിക്ക് കൊണ്ടാല്‍ ഇനിയും കിട്ടാവുന്ന തൂവുകളാണ് ഇല്ലാതാകുക. പുസ്തകത്തിന്റെ അന്ത്യത്തില്‍ഏതൊരു നല്ല നോവലിലും സംഭവിക്കുന്നത്‌ പോലെ, കഥാപാത്രങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്തിരിച്ചറിവുകളുടെമുന്‍ധാരണകള്‍ പൊളിച്ചെഴുതപ്പെടുന്നതിന്റെദുരന്തത്തിലൂടെയുള്ള വിമലിനീകരണത്തിന്റെ.   

 

കൗതുകകരമായ ഒട്ടേറെ സൂചനകള്‍ പുസ്തകത്തിലുണ്ട്. ആമാസോണിലെ ഒരു പ്രധാന നദിയായ റിയോ ഹംസ (Rio Hamza) ക്ക് ആ പേരു വന്നത് അതുകണ്ടുപിടിച്ചത് കോഴിക്കോട്ടുകാരനായ ഡോ. വി. എം. ഹംസയെന്ന പ്രസിദ്ധ ഭൌമശാസ്ത്രജ്ഞന്‍ ആണെന്നത് കൊണ്ടാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ ലഹരി ഉപയോഗവും അതിനെ ആത്മീയ തലത്തിലെക്കുയര്‍ത്തുന്ന രീതിയും ഒട്ടൊരു കൌതുകം ജനിപ്പിക്കുന്നുണ്ട് അസ്‌ലമിലും കൂട്ടരിലും. അങ്ങനെയാണ് ‘വെളിപാടുകളുടെ വള്ളി’യും ‘അയാഹുആസ്കയും വിവരിക്കപ്പെടുന്നത്. ഗോത്രവര്‍ഗ്ഗക്കാരെ അനുകരിച്ചു നഗ്നത ആഘോഷിക്കുന്ന സാമുവേല്‍ ഒരാദിമ സ്വര്‍ഗ്ഗത്തിലേക്ക് രണ്ടാമതും ജനിക്കുന്ന പോലൊരു പശ്ചാത്ഗമന (atavistic) ഭാവം അനുഭവിക്കുന്നുണ്ട്. നാണമെന്നത് സദാചാര ബോധത്തിന്റെ സൃഷ്ടി മാത്രമാണെന്ന് അസ്‌ലം വിശദീകരിക്കുന്നു. തന്റെ സൃഷ്ടിയെ കുറിച്ചുള്ള ദൈവത്തിന്റെ അപകര്‍ഷബോധമാണ് മനുഷ്യന്റെ സദാചാര ബോധത്തിന് പിന്നിലെന്ന് അദ്ദേഹം കരുതുന്നു. ആദിവാസിയുടെ ദൈവങ്ങള്‍ക്ക് അത്തരം അപകര്‍ഷ ബോധമില്ല. പരിണാമത്തിന്റെ സ്വാഭാവികതയെ താളംതെറ്റിക്കുന്ന വേഗതയില്‍ പരിണമിച്ച മനുഷ്യന്‍ ഭക്ഷ്യ ശൃംഖലയെയും അതുവഴി പ്രകൃതി സന്തുലിതത്വത്തെയും തകിടം മറിച്ച പ്രകൃതിയുടെ ധൂര്‍ത്തനായ പുത്രനായി മാറി, അവന്‍ ‘ഏതു നിമിഷവും അട്ടിമറി നേരിട്ടേക്കാവുന്ന ... മൂഡനായ സ്വേച്ഛാധിപതിയെപ്പോലെയാണ്.” മനുഷ്യ സംസ്കൃതിയുടെ വികാസ ദശകളില്‍ കൃഷി തന്നെ ഒരര്‍ഥത്തില്‍ മോശമായി ബാധിച്ചുവെന്നു പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ആഹാരരീതിയില്‍ സഞ്ചാരവേളകളില്‍ നിന്ന് വ്യത്യസ്തമായി ഏകതാനത വന്നുപെടാനും ഇതരജീവികളെ ശത്രുക്കളായിക്കാണാനും അതിടയാക്കി. ഭൂമിയിലെ അവരുടെ അവകാശം മനുഷ്യന്‍ നിരസിച്ചു. സന്താനോത്പാദനം കൂടി. അലച്ചില്‍ വളരെ സ്വാഭാവികമായ ഘട്ടത്തില്‍ പ്രകൃതിദത്ത ഉദ്ധീപനങ്ങളുടെ ഉച്ചസ്ഥായിയില്‍ മാത്രം നടന്ന സംഗമങ്ങള്‍ ചിട്ടയായ ജീവിതത്തില്‍ വര്‍ദ്ധിച്ചു. അത് ജനസംഖ്യാവര്‍ദ്ധനകൂടുതല്‍ ഭൂമിയിലേക്ക്‌ കടന്നു കയറ്റം എന്നിവയ്ക്കൊക്കെ കാരണമായി. ബൌദ്ധിക ജീവിതം കൂടിയപ്പോള്‍ ശാരീരിക ആരോഗ്യം കുറഞ്ഞു. മനുഷ്യന്‍ ബാധ്യതകളുടെ നിത്യതോഴനായി. ഇത്തരം ശ്രദ്ധേയമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ പുസ്തകംഎല്ലാ തരം വായനക്കാര്‍ക്കും ഹൃദ്യമായി അനുഭവപ്പെടുമെങ്കിലും നവയുവ വായനാസമൂഹത്തിന് (Young Adults) പ്രത്യേകമായും നിര്‍ദ്ദേശിക്കാവുന്ന ഒന്നായാണ് ഈ ലേഖകന് അനുഭവപ്പെട്ടത്.

 


 

No comments:

Post a Comment