Featured Post

Saturday, August 31, 2024

On Earth Were Briefly Gorgeous by Ocean Vuong

 

ദേശമുറിവുകളും ഉടല്‍ ഭൂഖണ്ഡവും

“An American soldier fucked a Vietnamese farmgirl. Thus my mother exists. Thus I exist. Thus no bombs = no family = no me.

Yikes.”

-          (Notebook Fragments- Night Sky with Exit Wounds- Ocean Vuong)

 

മാവോ സെ തൂങ്ങിന്റെ കീഴില്‍ സ്ഥാപിതമായ ചൈനീസ് ജനകീയ റിപ്പബ്ലിക്കും സോവിയറ്റ് യൂണിയനും വിയറ്റ്നാം കമ്യൂണിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കിനു സാമ്പത്തിക, സൈനിക സഹായം ആരംഭിച്ച 1950 കാലം ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനും കൊളോണിയല്‍ മേധാവിത്തം അവസാനിപ്പിക്കാനും വിയെറ്റ് മിന്‍ സൈന്യത്തെ പ്രാപ്തമാക്കി. ഒന്നാം ഇന്‍ഡോ ചൈന യുദ്ധമെന്നറിയപ്പെട്ട ഏറ്റുമുട്ടല്‍ 1954 അവസാനിക്കുമ്പോള്‍ പക്ഷെ മറ്റൊരു കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിനു അത് വിത്തു പാകി. പ്രസിഡന്‍റ് ഐസന്‍ഹോവര്‍ നിരന്തരം കണ്ടുതുടങ്ങിയ കമ്യൂണിസത്തിന്റെ വ്യാപനം എന്ന പേടിസ്വപ്നം രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടു മില്ല്യന്‍ വിയറ്റ്‌നാമീസ് സിവിലിയന്മാരെയും പതിനൊന്നു ലക്ഷം വടക്കന്‍ സൈനികരേയും രണ്ടു ലക്ഷം തെക്കന്‍ സൈനികരേയും അത് കൊന്നൊടുക്കി. അമ്പത്തിയെണ്ണായിരം യു. എസ്. മറീനുകള്‍ കൊല്ലപ്പെട്ടതു കൊണ്ട് മാത്രം യുദ്ധം അമേരിക്കക്കും ദുരന്തമായി കണക്കാക്കപ്പെട്ടു. പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി കണ്ട ഏറ്റവും നിന്ദ്യമായ ഈ സാമ്രാജ്യത്വ പാതകം പക്ഷെ എല്ലാ യുദ്ധങ്ങളിലുമെന്ന പോലെ അത്രയൊന്നും പറയപ്പെടാത്ത എണ്ണമറ്റ മാനുഷിക/ ഭൗമരാഷ്ട്രീയ ദുരന്തങ്ങളും വരുത്തിവെച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ഒട്ടാകെ ഉപയോഗിക്കപ്പെട്ടതില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെട്ട ഒരു കൊച്ചു ഭൂപ്രദേശം തലമുറകളെ വേട്ടയാടുന്ന അണുവികിരണത്തിനും രോഗപീഡകള്‍ക്കും ഇരയായത് മാത്രമായിരുന്നില്ല, അഭയാര്‍ഥിത്വത്തിന്റെയും അവമതിയുടെയും നിരന്തരം വേട്ടയാടുന്ന ബാക്കിപത്രത്തിനും ഒരു ജനത ഇരയായി.

വിയറ്റ്നാം ഭൂതകാലം 

ഡ്വാങ് തു ഹ്വാങ്ങിന്റെ (Duong Thu Huong) Novel Without A Nameലെ ലി ഹെയ്സ്ലിപ്പിന്റെ (Le Ly Hayslip) നോണ്‍ ഫിക് ഷന്‍ കൃതി When Heaven and Earth Changed Places, തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ഉള്‍പ്പടെ എണ്ണമറ്റ കൃതികളില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ചരിത്രഖണ്ഡം പുതുതലമുറ എഴുത്തുകാരിലും അതിന്റെ പ്രചോദനം തുടരുന്നുണ്ട്. വിയറ്റ്‌നാം സംഘര്‍ഷത്തിന്റെ മൂന്നാം തലമുറയില്‍ എത്തുമ്പോള്‍ കൂടുതല്‍ വസ്തുനിഷ്ടമായും ചരിത്രപരതക്കപ്പുറം കടക്കുന്ന മാനുഷിക ദുരന്തപര്‍വ്വമായും യുദ്ധം എങ്ങനെയാണ് അവസാനിച്ചിട്ടും അവസാനിക്കാത്ത സഹനമായി ഇരകളെ/ പിന്‍ഗാമികളെ വേട്ടയാടുന്നത് എന്ന ആഖ്യാനത്തിലേക്ക് എഴുത്തുകാര്‍ എത്തിയിരിക്കുന്നു എന്നുകാണാം. അമേരിക്കന്‍ നിര്‍മ്മിത യുദ്ധചരിത്രത്തിനും ഹോളിവുഡ് അവതാരങ്ങല്‍ക്കുമപ്പുറം വിയറ്റ്നാം സംഘര്‍ഷം അതനുഭവിച്ചവര്‍ക്ക് എന്തായിരുന്നുവെന്നു തീവ്രമായി ആവിഷ്കരിക്കുമ്പോള്‍ത്തന്നെ ഏതിനും ഒരു മറുവശം ഉണ്ടെന്നും ആദര്‍ശബദ്ധമെന്നു വരുത്തിവെച്ച ചെറുത്തുനില്‍പ്പിലും ഹിംസയുടെ താണ്ഡവം ഒട്ടേറെയായിരുന്നു എന്നും ഓര്‍മ്മിപ്പിക്കുന്ന വിയെറ്റ് താങ് എന്‍ഗുയെന്റെ The Sympathizer 2016 ല്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയ കൃതിയാണ്. അഭയാര്‍ഥിത്വത്തിന്റെയും കുടിയേറ്റത്തിന്റെയും സംഘര്‍ഷങ്ങളോടൊപ്പം അപമാന ബോധമുണര്‍ത്തുന്ന ഭൂതകാലമുള്ള മുന്‍തലമുറയുടെ ഓര്‍മ്മകളും സ്വന്തം ലൈംഗിക പ്രതിസന്ധിയുടെ വിവേചനങ്ങളും നേരിടേണ്ടി വരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന On Earth We’re Briefly Gorgeous എന്ന യുവ കവി ഓഷന്‍ വോങ്ങിന്റെ (Ocean Vuong) പ്രഥമ നോവല്‍ ഈ ഗണത്തിലെ ഒരു പുതിയ മുതല്‍ക്കൂട്ടാണ്ഒപ്പം ആത്മ്കഥാവിഷ്കാര നോവല്‍ (autofiction) വിഭാഗത്തിലേക്കും.

ഓഷന്‍ വോങ്ങിന്റെ മുത്തച്ഛന്‍ വിയെറ്റ്നമിലെത്തിയ അമേരിക്കന്‍ സൈനികരില്‍ പെട്ടയാളായിരുന്നു. അവിടെ ‘നെല്‍ വയലുകള്‍ക്കിടയിലെ നിരക്ഷരയായ പെണ്‍കുട്ടിയില്‍ അനുരക്തനായ അയാള്‍ അവളെ വിവാഹം കഴിച്ചു. മൂന്നു പെണ്മക്കള്‍ ജനിച്ച ബന്ധം. മുത്തച്ഛന്‍ നാട്ടില്‍ സന്ദര്‍ശനത്തിനു പോയ ഘട്ടത്തില്‍ സംഭവിച്ച സായ്ഗോനിന്റെ പതനം വിയറ്റ്നാം അധിനിവേശത്തിനു അവസാനം കുറിച്ചപ്പോള്‍ കുടുംബത്തിനു അത് ദുരന്തമായി. തന്റെ മക്കള്‍ യു. എസ്സിലേക്ക് ദത്തു നല്‍കപ്പെടാമെന്ന ഭയത്തില്‍ അവരോരോരുത്തരെയും വ്യത്യസ്ത അനാഥാലയങ്ങളിലാക്കുക എന്നതായിരുന്നു അമ്മ കണ്ടെത്തിയ പോംവഴി. ഏറെ മുതിര്‍ന്നതിനു ശേഷമാണ് സഹോദരിമാര്‍ പിന്നീട് ഒരുമിച്ചത്. അപ്പോഴേക്കും അവരുടെ അമ്മ ലൈംഗികത്തൊഴിലില്‍ എത്തിപ്പെട്ടിരുന്നു. സായ്ഗോനിലെ ഒരു സലൂണില്‍ ജോലി ചെയ്തുവന്ന വോങ്ങിന്റെ മാതാവ് പതിനെട്ടാം വയസ്സിലാണ് അവനെ പ്രസവിക്കുന്നത്. നിരന്തര ഭര്‍തൃപീഡനം ദുസ്സഹമായതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വന്ന അമ്മക്ക് വൃദ്ധ മാതാവിന്റെ സംരക്ഷണത്തോടൊപ്പം തനിച്ചു കുടുംബം പുലര്‍ത്തുകയെന്ന ഭാരവും ഏറ്റെടുക്കേണ്ടിവന്നു. സങ്കരവര്‍ഗ്ഗക്കാരിയെന്ന നിലയില്‍ പുതിയ കമ്യൂണിസ്റ്റ് ഭരണത്തില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട യുവമാതാവ് ഒരു യു. എസ്. സന്നദ്ധ സംഘത്തിന്റെ സഹായത്തോടെ ഫിലിപ്പൈന്‍സിലേക്ക് കുടിയേറി. മാസങ്ങള്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞതിനു ശേഷമാണ് കൈക്കുഞ്ഞായ വോങ്ങിനോടും അമ്മയോടുമൊപ്പം അവര്‍ യു. എസ്സില്‍ എത്തുന്നത്. ഇംഗ്ലീഷ് ഭാഷാജ്ഞാനം ഒട്ടുമില്ലാത്ത അവര്‍ക്ക് അതിജീവനം ഒട്ടും എളുപ്പമായിരുന്നില്ല. ‘മഞ്ഞ’ നിറക്കാരോടുള്ള വര്‍ണ്ണവെറിയും വിയറ്റ്നാം വംശജരോടുള്ള രാഷ്ട്രീയ വിദ്വേഷവും അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയ ഘടകങ്ങള്‍ ആയിരുന്നു. പതിനാറു വയസ്സുവരെ ഭാഷാജ്ഞാനം ഇല്ലാത്തതിന് അപഹസിക്കപ്പെട്ട ഓഷനെ സംബന്ധിച്ച് മുപ്പതു വയസ്സാകും മുമ്പേ വിഖ്യാത പുരസ്കാരങ്ങള്‍ തേടിയെത്തിയ ഇംഗ്ലീഷ് കവിയും മസ്സാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റി എം.എഫ്.എ. പ്രൊഫസര്‍ എന്നതിലേക്കുമുള്ള പരകായം ഒട്ടും എളുപ്പമായിരുന്നില്ല. 2017ലെ ടി.എസ്. എലിയറ്റ് പുരസ്കാരം കരസ്ഥമാക്കിയ പ്രഥമ കാവ്യസമാഹാരം Night Sky with Exit Wounds എന്ന സമാഹാരത്തിന്റെ പ്രചോദനമായിരുന്ന ഈ അനുഭവങ്ങള്‍ തന്നെയാണ് പ്രഥമ നോവലില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്.

അമ്മയെന്ന സാന്നിധ്യം

നിരക്ഷരയായ അമ്മ റോസിനുള്ള കത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ട നോവല്‍ ഒരേ സമയം വിഷലിപ്തമായ ആണത്വം (toxic masculinity), സ്വവര്‍ഗ്ഗ രതിയുടെ കുമ്പസാരംകുടിയേറ്റക്കാര്‍ക്കും അമേരിക്കന്‍ യുവതക്കുമിടയില്‍ പിടിമുറുക്കുന്ന മയക്കുമരുന്നു പ്രതിസന്ധിയോടുള്ള രോഷംഹാര്‍ട്ട്ഫോര്‍ഡിലെ വിയറ്റ്നാം കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ എന്നിവയുടെ ആവിഷ്കാരമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Suhasini Patni, /scroll.in/). വായനക്കാരന്‍/രിയില്ലാത്ത കത്ത് എന്നതില്‍ അടങ്ങിയ വൈരുധ്യം ഉറ്റുനോക്കുന്നത് നോവല്‍ വായനക്കാരിലേക്കാണ് എന്നത് വ്യക്തമാണ്. ശാന്തനും പേശീബലം കുറഞ്ഞവനുമായ കുട്ടിയെ വെറുക്കപ്പെട്ട മൃഗങ്ങളുടെ പേരു വിളിക്കുകയെന്ന വിയറ്റ്‌നമീസ് ഗ്രാമീണ രീതിയനുസരിച്ച് ‘ലിറ്റില്‍ ഡോഗ്’ എന്നു വിളിക്കപ്പെടുന്ന പയ്യന് ഭീകരാനുഭാവാനന്തര മാനസികാവസ്ഥ (PSTD) യുള്ള അമ്മയില്‍ നിന്ന് ഇടയ്ക്കിടെ പ്രഹരമേല്‍ക്കാറുണ്ട് എന്നത് പക്ഷെ അവരുടെ പരസ്പരാശ്രിതത്വത്തെ ബാധിക്കുന്നില്ല.

“എന്തിനെയെങ്കിലും സ്നേഹിക്കുകയെന്നാല്‍ അതിനെ തൊടാന്‍ തോന്നാത്ത വിധം ഒന്നിനും കൊള്ളാത്തതും ജീവനുള്ളതുമായ ഒന്നിന്റെ പേരുചൊല്ലി വിളിക്കലാണ്ഒരു പേര്വായുപോലെ പേലവമായിരിക്കെഒരു കവചവുമാകാം.”

അപൂര്‍വ്വമായ സ്നേഹപാശം ഇടയ്ക്കിടെ പൊട്ടിത്തെറികള്‍ സാധാരണമായ മാതൃ-പുത്ര ബന്ധത്തെ വരിഞ്ഞു മുരുക്കുന്നുമുണ്ട്:

“ഞാന്‍ അശ്രദ്ധനായിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍മുറിവെന്നാല്‍ തൊലി സ്വയം കണ്ടുമുട്ടുന്ന ഇടമാണെന്ന് എനിക്ക് തോന്നുംഎന്നിട്ടത് ചോദിക്കുംഎവിടെയായിരുന്നു ഇതുവരെ നീയെന്ന്.

നിങ്ങള്‍ എവിടെയായിരുന്നുമാ?”

തന്റെ സര്‍ഗ്ഗവാസനയുടെ തിരനോട്ടത്തെയും റോലാങ് ബാര്‍ത്ത് നിരീക്ഷിച്ച വാക്കുകളിലൂടെ അയാള്‍ ഓര്‍ക്കുന്നത് ഇതേ സ്നേഹ പാശത്തിന്റെ ചിഹ്നമായാണ്:

‘ഒരെഴുത്തുകാരനെന്നാല്‍ തന്റെ മാതാവിന്റെ ഉടല്‍ കൊണ്ട് കളിക്കുന്ന ഒരാളാണ്... അതിനെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിഅതിനെ അണിയിച്ചൊരുക്കാന്‍ വേണ്ടി.”

അലസിപ്പോയ സഹോദരന്റെ ഭ്രൂണത്തെ കുറിച്ചോര്‍ത്തു കൊണ്ട് ഭാഷയെയും മാതൃത്വത്തെയും വിചിത്രമായ രീതിയില്‍ ഓഷന്‍ വോങ് ബന്ധിപ്പിക്കുന്നതും കാണാം:

“ഒരു ശരാശരി പ്ലാസെന്റയുടെ തൂക്കം ഏതാണ്ട് ഒന്നര പൌണ്ട് ആയിരിക്കും. അമ്മയ്ക്കും ഭ്രൂണത്തിനും ഇടയില്‍ പോഷക വസ്തുക്കളും ഹോര്‍മോണുകളും അഴുക്കും വിനിമയം ചെയ്യുന്ന ഉപയോഗ ശേഷം ഒഴിവാക്കാവുന്ന ഒരു അവയവം. ഈ നിലക്ക്പ്ലാസെന്റ ഒരു തരം ഭാഷയാണ്‌ഒരു പക്ഷെ നമ്മുടെ ആദ്യ ഭാഷനമ്മുടെ യഥാര്‍ത്ഥ മാതൃഭാഷ. നാലോ അഞ്ചോ മാസമുള്ളപ്പോള്‍എന്റെ സഹോദരന്റെ പ്ലാസേന്റ പൂര്‍ണ്ണമായും വികസിച്ചതും തയ്യാറെടുത്തതും ആയിരുന്നു. നിങ്ങള്‍ രണ്ടുപേരും സംസാരിക്കുകയായിരുന്നു – രക്ത മൊഴികളില്‍.”

സങ്കരവര്‍ഗ്ഗക്കാരിയെന്ന നിലയില്‍ വെളുത്ത തൊലിയുടെ പേരില്‍ നാട്ടിലും വേണ്ടത്ര വെളുപ്പല്ലാത്തതിന്റെ പേരില്‍ പുതുദേശത്തും അവള്‍ നായടപ്പെട്ടിട്ടുണ്ട്.

“നിങ്ങളൊരു സത്വമല്ല,’ ഞാന്‍ പറഞ്ഞു.

പക്ഷെ ഞാന്‍ നുണ പറഞ്ഞു.

ശരിക്കും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒരു സത്വമാവുകയെന്നാല്‍ അത്ര ഭീകരമായ കാര്യമല്ല എന്നായിരുന്നു. ദുരന്തത്തെ കുറിച്ചുള്ള ദൈവിക സന്ദേശവാഹകന്‍ എന്ന ‘monstrum’ എന്ന ലാറ്റിന്‍ പദ നിഷ്പത്തിയില്‍ നിന്ന് പിന്നീട് centaurs, griffin, satyr എന്നിങ്ങനെ വ്യത്യസ്ത ഉത്ഭവമുള്ള മൃഗത്തെ കുറിക്കുന്ന ഓള്‍ഡ്‌ ഫ്രഞ്ച് വകഭേദമായി. ഒരു സത്വമാകുകയെന്നാല്‍ ഒരു സങ്കര അടയാളംഒരു വിളക്കുമാടം ആവലാണ്: ഒരേസമയം ഒരഭയകേന്ദ്രവും ഒരു മുന്നറിയിപ്പും.”

താനെഴുതുന്നത് ഒരിക്കലും വായിക്കാനാവില്ലെന്നുറപ്പുള്ള, തന്റെ രോഗാവസ്ഥയില്‍ ഇനി വായിക്കാന്‍ പഠിക്കാനാവില്ലെന്നു കരുതുന്ന റോസിന്റെ ത്യാഗം ലിറ്റില്‍ ഡോഗ് തിരിച്ചറിയുന്നുണ്ട്. അതിന്റെ വിലയാണു തന്റെ പഠനമെന്നും അയാള്‍ക്കറിയാം. ഇനിയൊരു ജന്മമെന്ന സാധ്യത അങ്ങനെയാണ് അയാള്‍ക്ക് പ്രിയങ്കരമാകുന്നത്.

“നീ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുണ്ടെന്നു എനിക്കറിയാം. എനിക്കാ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും അത് സത്യമായിരിക്കുമെന്നു ഞാനാശിക്കുന്നു. കാരണം അപ്പോള്‍ നീ വീണ്ടും അടുത്ത തവണ ഇവിടെ വന്നേക്കും. ഒരു പക്ഷെ നീ വീണ്ടും ഒരു പെണ്‍കുട്ടിയായെക്കുംനിന്റെ പേര് റോസ് എന്ന് തന്നെയും ആയിരിക്കുംയുദ്ധം തീണ്ടിയിട്ടില്ലാത്ത ഒരു രാജ്യത്ത് നിനക്ക് ഒരു മുറി നിറയെ പുസ്തകങ്ങളുണ്ടാകുംനിന്റെ മാതാപിതാക്കള്‍ നിനക്ക് മുത്തശ്ശിക്കഥകള്‍ പറഞ്ഞു തരും. ആര്‍ക്കറിയാംഅന്നൊരു പക്ഷെ ആ ജീവിതത്തിലും ഈ ഭാവിയിലും നീയീ പുസ്തകം കാണുംനമുക്കെന്തു സംഭവിച്ചു എന്ന് നിനക്ക് മനസ്സിലാകും. നീയെന്നെ ഓര്‍ക്കും. അങ്ങനെ സംഭവിച്ചേക്കാം.”

ഹാര്‍ട്ട്ഫോര്‍ഡിലെ നെയില്‍ സലൂനില്‍ ജോലി ചെയ്യുന്ന റോസും ബുദ്ധിഭ്രമമുള്ളപ്പോഴും കഥപറച്ചിലിന്റെ മാന്ത്രികത കൊച്ചുമകനു പകര്‍ന്നു നല്‍ക്കാന്‍ കഴിയുന്ന മുത്തശ്ശി ലാനും  തങ്ങളുടെതല്ലാത്ത ഭാഷയുടെ ഭാരത്തില്‍ പരിഹാസപാത്രങ്ങളാകുന്നതും അതിജീവനം ഭാഷയാണെന്ന തിരിച്ചറിവിലേക്ക് ലിറ്റില്‍ ഡോഗിനെ എത്തിക്കുന്നതില്‍ പ്രധാനമാണ്.

ഉടലുണര്‍വ്വിന്റെ ആഖ്യാനം  

പതിനാലാം വയസ്സില്‍ പുകയില ഫാമില്‍ ജോലിക്കെത്തുമ്പോഴാണ് ലിറ്റില്‍ ഡോഗ് ട്രെവറിനെ കണ്ടുമുട്ടുന്നതും സ്വവര്‍ഗ്ഗരതിയില്‍ തന്റെ ലൈംഗികസ്വത്വം സ്ഥാപിക്കുന്നതും. തീരെ കുറഞ്ഞ വേതനത്തിന് ഫാമില്‍ തൊഴിലെടുക്കുന്ന ഇതര കുടിയേറ്റക്കാര്‍ക്കിടയില്‍ തന്നെക്കാള്‍ മുതിര്‍ന്ന, കറുപ്പും ജങ്ക് ഫുഡും ശീലമാക്കിയ ഫാമുടമയുടെ മകനുമായുണ്ടാകുന്ന വേഴ്ച്ച നോവലിന്റെ തുറന്നെഴുത്തിന്റെ ഭാഗമാണ്.

“ആദ്യ തവണ ഞങ്ങള്‍ ഭോഗിച്ചപ്പോള്‍ഞങ്ങള്‍ ഭോഗിച്ചതേയില്ല. അതിനു ശേഷം വരുന്നതെന്തെന്നേ എനിക്ക് നിങ്ങളോട് പറയാന്‍ ധൈര്യമുള്ളൂകാരണം ഈ കത്ത് നിങ്ങളില്‍ എത്താന്‍ സാധ്യത വിരളമാണ് – നിങ്ങള്‍ക്കിത് വായിക്കാന്‍ കഴിയില്ലെന്നത്‌ മാത്രമാണ് ഇത് പറയാന്‍ എന്നെ പ്രാപ്തനാക്കുന്നത്.”

എന്ന് ആദ്യം അങ്കലാപ്പ് പ്രകടിപ്പിക്കുന്ന ലിറ്റില്‍ ഡോഗ് പിന്നീട് എല്ലാം പച്ചക്ക് വിവരിക്കുന്നുണ്ട്. “എപ്പോഴെങ്കിലും ദൈവത്തോട് ഞാന്‍ ഏറ്റവും അടുത്തു വന്നത് സ്ഖലനത്തിനു ശേഷം എന്നില്‍ നിറഞ്ഞ ശാന്തതയിലാണ്” എന്നു നിഷേധസ്വരം പ്രകടിപ്പിക്കുന്ന ലിറ്റില്‍ ഡോഗ് നിരീക്ഷിക്കുന്നു:

“ഗ്രീക്കുകാര്‍ കരുതിസെക്സ് എന്നത് മുമ്പെങ്ങോ വേര്‍പ്പെട്ടു പോയ രണ്ടുടലുകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നടത്തുന്ന ശ്രമമാണെന്ന്.”

ഗേ ആയ വ്യക്തി ‘ആന്തരാ നാര്‍സിസിസ്റ്റ്’ ആയിരിക്കുമെന്നും അവന്‍ ചിന്തിക്കുന്നു. 

സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ ഉണര്‍ന്നു തുടങ്ങുന്ന പുരുഷ പ്രകൃതം ട്രെവറിനെയും ആദ്യമൊക്കെ അങ്കലാപ്പിലാക്കുന്നുണ്ട്. പങ്കാളിത്തത്തില്‍ പെണ്‍ഭാവത്തിലേക്കു മാറുക അചിന്ത്യമായി അനുഭവപ്പെടുന്ന ട്രെവര്‍ ഇത് തന്റെ ജീവിതത്തിലെ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണെന്നും താനൊരിക്കലും ഗേ ആയി തുടരില്ലെന്നും ഉറപ്പിച്ചു പറയുന്നു. ബന്ധത്തില്‍ വേദന ഏറ്റുവാങ്ങുകയും എങ്കിലും ഓരോ തവണയും സ്വയം പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക ലിറ്റില്‍ ഡോഗ് ആയിരിക്കും. ട്രെവര്‍ ആവട്ടെഹാര്‍ട്ട്ഫോര്‍ഡ് യുവതയുടെ ശാപമായ മയക്കുമരുന്നടിമത്തത്തില്‍ ഇരുപത്തിരണ്ടാം വയസ്സില്‍ എരിഞ്ഞു തീരുകയും ചെയ്യും.

ലിറ്റില്‍ ഡോഗില്‍ നിന്ന് ഓഷന്‍ വോങ്ങിലേക്കുള്ള പരിവര്‍ത്തനം ഭാഷയെ കുറിച്ചുള്ള അവന്റെ ബോധ്യങ്ങളില്‍ തുടക്കത്തിലെ സൂചിതമാണ്. ട്രെവറുമായുള്ള ശാരീരിക വേഴ്ച്ചയുടെ തുറന്നെഴുത്തുപോലെ ലാനിന്റെ മരണ വിവരണവും വോങ്ങിന്റെ ഭാഷാ ചാതുരിയുടെ ഉദാഹരണങ്ങളാണ്. ചിലപ്പോഴത് ഭാവഗീത സാന്ദ്രതയുള്ള നിരീക്ഷണങ്ങളായിത്തീരുന്നു:

“നമ്മുടേതുപോലെ വൈവിധ്യമാര്‍ന്ന ഒരു ലോകത്ത് നോട്ടമെന്നത് ഒരു തനതായ പ്രക്രിയയാണ്: എന്തിനെയെങ്കിലും നോക്കുകയെന്നാല്‍ നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ അതുകണ്ട് നിറക്കലാണ്അല്‍പ്പനേരത്തെക്കാണെങ്കില്‍ പോലും.”

മറ്റുചിലപ്പോള്‍ ഒരു കോറസ് വിലാപം പോലെ രൂപപ്പെടുന്നു:

“മാഎനിക്കൊരുപാട് നിങ്ങളോട് പറയാനുണ്ട്. ഒരിക്കല്‍, അറിവ് കാര്യങ്ങള്‍ വ്യക്തമാക്കും എന്ന് കരുതാന്‍ മാത്രം ഞാന്‍ വിഡ്ഢിയായിരുന്നു, എന്നാല്‍ ചിലത് പദവിന്യാസത്തിന്റെയും അര്‍ത്ഥവിചാരത്തിന്റെയും ആവരണങ്ങള്‍ക്കപ്പുറം മൂടിക്കിടപ്പാണ്ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കുമപ്പുറം, സംരക്ഷിക്കപ്പെടുകയും തൂവിക്കളയുകയും ചെയ്ത വിസ്മൃതമായ പേരുകള്‍ക്കുമപ്പുറംമുറിവ് നിലനില്‍ക്കുന്നു എന്ന അറിവു മാത്രമുള്ളത് അത് വെളിപ്പെടുത്താന്‍ ഒന്നുമാകുന്നില്ല.”

ഇത്തരം വിവരണങ്ങള്‍ അവ കാവ്യമാനോഹരമായിരിക്കുമ്പോള്‍ത്തന്നെ നോവലിലെ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ നിരീക്ഷണങ്ങളെ കുറച്ചധികം ആത്മനിഷ്ടമാക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Tessa Hadley, theguardian.com)

ശിഥിലമായ ഒരാഖ്യനത്തിലൂടെ ലിറ്റില്‍ ഡോഗിന്റെയും കുടുംബത്തിന്റെയും കഥ വായനക്കാര്‍ക്ക് പുനസൃഷ്ടിച്ചെടുക്കാന്‍ പാകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. വിയറ്റ്നാമിലെ കുട്ടിക്കാലം ഓര്‍മ്മയിലില്ലാത്ത ലിറ്റില്‍ ഡോഗിനു അച്ഛന്‍ ഒരു നിഴല്‍ രൂപമാണ്. ഒടുവിലെ ചിത്രമായിക്രൂരമായ ഒരു ഗാര്‍ഹിക പീഡനസംഭവത്തിനു ശേഷം പോലീസിന്റെ വാഹനത്തില്‍ അയാള്‍ മറയുന്ന രംഗം മാത്രവും. ഹാര്‍ട്ട്ഫോര്‍ഡിലെ സ്കൂള്‍ കാലത്ത് വികൃതിക്കുട്ടികള്‍ക്ക് പുറംനാട്ടുകാരന്‍ എന്ന പേരിലും സ്ത്രൈണ ഭാവത്തിന്റെ പേരിലും നിരന്തരം കയ്യേറ്റം ചെയ്യാനുള്ള വേട്ടമൃഗമായിരുന്നു അവന്‍. എന്നാല്‍, ഉത്തമപുരുഷ വീക്ഷണകോണില്‍ ‘അന്യനില്‍ നിന്ന് പില്‍ക്കാലം അറിയപ്പെടുന്ന എഴുത്തുകാരനിലേക്ക് വളരുന്ന മുന്നോട്ടു കുതിക്കല്‍ ഭാവം അന്തര്‍ലീനമായതുകൊണ്ട് നോവല്‍ ആഖ്യാനത്തില്‍ ഉടനീളം ഒരു സക്രിയസ്വഭാവമുണ്ട്. കൌമാരപ്രണയമായ ട്രെവര്‍ തനിക്കപ്രാപ്യമായ വെളുത്ത അമേരിക്കന്‍ പൗരുഷ പ്രതീകമായി അവനെ ആകര്‍ഷിക്കുന്നതില്‍ വംശീയ വിധേയത്വത്തിന്റെ തലവും ഇല്ലാതില്ല. ‘50 Cent (സംഗീത ബാന്‍ഡ്)ല്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന ട്രെവര്‍ മയക്കുമരുന്നിന്റെ ലോകത്തേക്കും ലിറ്റില്‍ ഡോഗിനെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും കുത്തിവെപ്പിനോടുള്ള ഭയം അവനു തുണയാവുന്നു. ട്രെവറുമായുള്ള പ്രണയ ബന്ധം അല്‍പ്പായുസ്സാകുന്നത് നോവലിന്റെ തലക്കെട്ടിന്റെ carpe diem’ പ്രമേയം വ്യക്തമാക്കുന്നു: ‘നാം ജീവിതത്തില്‍ കുറഞ്ഞൊരു കാലം പകിട്ടേറിയവരാണ്.’ അമേരിക്കന്‍ നോവലില്‍ ഒരാദിരൂപത്തിന്റെ തീവ്രതയോടെ ഹക്ക്ള്‍ബറി ഫിന്‍ അടയാളപ്പെടുത്തുന്ന ഈ ഗൃഹാതുര കൗമാരകാലം ജീവിച്ചിരിക്കുകയെന്നതു തന്നെ ഏറ്റവും കടുത്ത അതിജീവനശ്രമത്തിന്റെ മറുപേരാകുന്ന വിയറ്റ്‌നാമിലെ അനാഥത്തം റോസിനും ലാനിനും തികച്ചും നിഷേധിച്ചതാണ് എന്നതില്‍ തലക്കെട്ട്‌ വൈരുധ്യപൂര്‍ണ്ണവും ആകുന്നുണ്ട്.

വിഖ്യാതമായ ടി. എസ്. എലിയറ്റ് പുരസ്കാരം നേടിയ യുവകവിയുടെ ആദ്യ നോവലെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് വായനാലോകം ‘ഓണ്‍ എര്‍ത്തി’നു വേണ്ടി കാത്തിരുന്നത്. ഒരു നോവലിന്റെ ഇതിവൃത്ത വൈവിധ്യമില്ലാത്ത കൃതി യഥാര്‍ത്ഥത്തില്‍ ഓരോമ്മപ്പുസ്തകം പോലെ വായിക്കപ്പെടാവുന്നതാണ്. ഓഷന്‍ വോങ് എന്ന കവിയുടെ സാന്നിധ്യം തന്നെയാണ് ഏറ്റവും ചാരുതയാര്‍ന്ന നിരീക്ഷണങ്ങളായി നോവലില്‍ കടന്നു വരുന്നതും: പുസ്തകം തുടങ്ങിവെക്കുന്ന വാക്യം തന്നെ അത് സൂചിപ്പിക്കുന്നു:

“ഓര്‍മ്മ ഒരു തെരഞ്ഞെടുപ്പാണ്. ഒരു ദൈവം ഇരിക്കുന്നത് പോലെ എന്റെ നേരെ പുറം തിരിഞ്ഞിരുന്ന് നിങ്ങള്‍ ഒരിക്കല്‍ പറഞ്ഞു,. എന്നാല്‍ നിങ്ങള്‍ ഒരു ദൈവമായിരുന്നെങ്കില്‍ നിങ്ങള്‍ക്കതിനെ കാണാന്‍ കഴിയുമായിരുന്നു.”

സ്വാതന്ത്ര്യമെന്നാല്‍ വേട്ടക്കാരനും ഇരക്കുമിടയിലെ ദൂരമല്ലാതെ മറ്റൊന്നുമല്ല”, “ഒരു രാജ്യമെന്നാല്‍ ഒരു ആജീവനാന്ത തടവ്‌ എന്നല്ലാതെ മറ്റെന്താണ്?, “ദേശീയ ഗാനങ്ങളെ സംബന്ധിച്ച ഒരു നല്ല കാര്യമെന്തെന്നാല്‍ നാം എഴുന്നേറ്റു നിന്ന് തയ്യാറായിരിക്കുംഅതുകൊണ്ട് ഓടാനും തയ്യാറായിരിക്കും”, “സൂര്യപ്രകാശംഅതിജീവനം പോലെഅതിന്റെ തിരോധാനത്തിന്റെ തൊട്ടടുത്തു മാത്രമേ നിലനില്‍ക്കുന്നുള്ളൂ. പകിട്ടേറിയവനാകാന്‍, നീയാദ്യം കാണപ്പെടണം, എന്നാല്‍ കാണപ്പെടാന്‍ നീ സ്വയം വേട്ടയാടപ്പെടാന്‍ അനുവദിക്കണം”, “ലോകത്തിന്റെ ചിരി (laughter) കശാപ്പില്‍ (slaughter) കുരുങ്ങിക്കിടപ്പാണ് എന്നത് ന്യായമല്ലനാംനീയും ഞാനുംഅതിന്റെ ഉള്‍ഭാഗം മുറിച്ചു തുറക്കേണ്ടി വരും, ചുവന്നും വിറച്ചും പുറത്തെടുക്കുന്ന ഒരു നവജാത ശിശുവിനെ പോലെ,” “ഒരു ദേശമെന്നതിന്റെ സത്യമെന്തെന്നാല്‍, ഡ്രഗ്ഗിനടിപ്പെട്ട്, ഡ്രോണിനടിപ്പെട്ട്”, “ഒരമേരിക്കന്‍ പയ്യനാകുകഎന്നിട്ട് തോക്ക് കൈവശമുള്ള ഒരമേരിക്കന്‍ പയ്യനാവുകഎന്നുവെച്ചാല്‍ കൂടിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തെക്ക് ചലിക്കുക എന്നാണ്” എന്നിങ്ങനെ തത്വജ്ഞാനപരവും സാമൂഹ്യ നിരീക്ഷണം നിറഞ്ഞതും പലപ്പോഴും ദോഷൈക ദര്‍ശകത്വം ആരോപിക്കാവുന്നതും ചിലപ്പോഴൊക്കെ കറുത്ത ഹാസ്യത്തിനും പരിഹാസത്തിനും ഇടം നല്‍കുന്നതുമായ നിരീക്ഷണങ്ങള്‍ പുസ്തകത്തില്‍ നിറയുന്നുണ്ട്.    

 read more:

The Mountains Sing by Nguyn Phan Quế Mai

https://alittlesomethings.blogspot.com/2024/08/the-mountains-sing-by-nguyen-phan-que.html

Novel without a Name by Duong Thu Huong

https://alittlesomethings.blogspot.com/2024/06/novel-without-name-by-duong-thu-huong.html

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: അമ്പതു ലോകനോവലുകള്‍ -

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് – പേജ് 378-384)

 



 

No comments:

Post a Comment