പെണ്‍വിധിയുടെ ശിലാ ലിഖിതങ്ങള്‍
ജീവിച്ചിരിക്കുന്നവരില്‍
പൂര്‍വ്വികരുടെ സാന്നിധ്യമെന്നത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ നിരന്തരം
പരിചരിക്കപ്പെടുന്ന വിഷയമാണ്. ആമോസ് ടുടുവോലയുടെ The Palm-Wine Drinkard ലേത് പോലെ നേരിട്ടുള്ള സ്വാധീനമായോ ചിനുവ അച്ചബെയുടെ നോവലുകളിലേത് പോലെ
വഴിതെളിക്കുന്ന ഗുരുപരമ്പരയായോ കൂടുതല്‍ സമകാലികരായ ബെന്‍ ഓക്രിയുടെ നോവലുകളിലെ
മാജിക്കല്‍ റിയലിസ്റ്റ് സാന്നിധ്യങ്ങളായോ അത് കണ്ടെത്താനാവും. ഓര്‍മ്മകളിലെ ജീവിതവും ഓര്‍മ്മ മുറിവുകളും പ്രധാന പ്രമേയങ്ങളായി
ആവിഷ്കരിക്കുന്നവരില്‍ മുന്‍ നിരക്കാരിയായ പുതുതലമുറ എഴുത്തുകാരി അമിനാറ്റ ഫോര്‍നയുടെ
പ്രഥമ നോവല്‍ Ancestor
Stones ല്‍ ആഖ്യാനം തുടങ്ങിവെക്കുന്നത് ഇംഗ്ലണ്ടില്‍ കഴിയുന്ന ആഫ്രിക്കന്‍
വംശജയായ ആബിയെന്ന യുവതിയാണെങ്കിലും ആഖ്യാനത്തിന്റെ സിംഹ ഭാഗവും അവളുടെ മുന്‍
തലമുറയിലെ നാല് സ്ത്രീകളാണ് നടത്തുന്നത്.
പിതാമഹന്റെ
മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കോഫീ പ്ലാന്റെഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍
ബന്ധുക്കളുടെ ക്ഷണപ്രകാരം വിദ്യാസമ്പന്നയും പരിഷ്കൃതയുമായി ആബി ഇംഗ്ലണ്ടില്‍
നിന്ന് സിയറാലിയോണിലെത്തുന്നു. വികസിത ലോകത്തിന്റെ തിരക്കുകളില്‍ നിന്നകന്നു ഒരു വിദൂരസ്ത ഗ്രാമത്തില്‍
അവളുടെ നാല് അമ്മാവിമാര്‍ അവളെ കാത്തിരിക്കുന്നു - ഓരോ ജന്മത്തിന്റെ പുരാവൃത്തങ്ങളുമായി.. ആ
പുരാവൃത്തങ്ങളില്‍ അവരുടെ വ്യക്തി ജീവിതങ്ങളുടെയും ബഹു ഭാര്യാസമേതനായി വലിയ
കുടുംബവുമായി കഴിഞ്ഞ ഒരു ഗംഭീര പുരുഷാധികാര സ്വരൂപത്തിന്റെയും കഥകള്‍ മാത്രമല്ല; കഠിനകാലങ്ങളിലൂടെയും ആകെ കുഴച്ചു മറിക്കുന്ന മാറ്റങ്ങളിലൂടെയും കടന്നു പോയ
ഒരു ദേശത്തിന്റെ കഥ കൂടിയാണ്, തികച്ചും
ന്യൂനോക്തിയിലെങ്കിലും, ആവിഷ്കൃതമാകുന്നത്. നാലമ്മാവിമാരും ആ ഗംഭീര പുരുഷന്റെ വ്യത്യസ്ത ഭാര്യമാരില്‍ പിറന്ന അര്‍ദ്ധ
സഹോദരങ്ങളാണ്. അങ്ങനെ ഫലത്തില്‍ പരസ്പരം ബന്ധിതമായ നാല്
നീണ്ടകഥകളായി മൂന്നു തലമുറകളിലൂടെ, അസാനയുടെ കഥയില്‍
കടന്നു വരുന്ന മുത്തശ്ശിയെ കൂടി കണക്കിലെടുത്താല്‍ നാല് തലമുറയുടെ, മുക്കാല്‍ നൂറ്റാണ്ടു കാലത്തിന്റെ ഇതിഹാസമായി നോവല്‍ മാറുന്നു. ഓരോ അദ്ധ്യായങ്ങള്‍ ഓരോ സ്ത്രീകളുടെ അനുഭാവാഖ്യാനങ്ങള്‍ക്ക് എന്ന രീതി
അവലംബിക്കുന്നത് കാരണം വിദഗ്ദമായ ഘടനയിലും ഓരോരുത്തരുടേയും അനുഭവങ്ങള്‍ വേണ്ടത്ര
ഇഴകോര്‍ക്കുന്ന സമഗ്രത ഇല്ലാതെ പോകുന്നുമുണ്ട്.
സിയറാലിയോണിനെ
നന്നായി പ്രതിഫലിപ്പിക്കുന്നതാണെങ്കിലും പേര് കൃത്യമായി പറയുന്നില്ലാത്ത ഒരു
ദക്ഷിണ ആഫ്രിക്കന്‍ ദേശമാണ് നോവലിന്റെ പശ്ചാത്തലം. ആബിയുടെ വരവിനെ സംബന്ധിച്ച സൂചകങ്ങള്‍
കഴിഞ്ഞ് ഖലീഫ കുടുംബത്തിലെ നാല് സ്ത്രീകളുടെ ആഖ്യാനങ്ങളിലൂടെ വ്യത്യസ്ത അടരുകളുള്ള
കഥകള്‍ ആവിഷ്കൃതമാകുന്നു. സമ്പന്നനും ഗംഭീര പുരുഷ
പ്രതീകവുമായ കുലപതി ജിബ്രില്‍ ഉമാറു ഖൊലിഫയുടെ നാല് ഭാര്യമാരില്‍ പിറന്ന അസാന, മേരി, ഹവാ, സേരാ
എന്ന നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ ഇതിവൃത്തം വികസിക്കുന്നു. ജിബ്രിലിന്റെ മരണത്തിന്റെ അപാരമായ വൈരുദ്ധ്യത്തെ കുറിച്ച് അസാനയുടെ
ആഖ്യാനത്തില്‍ തെളിയുന്നുണ്ട്:
“ഞങ്ങളുടെ പിതാവ് നൂറു വയസ്സിനപ്പുറം ജീവിച്ചിരുന്നു. പതിനൊന്നു വിവാഹം, മൂന്നു ഡസനോളം മക്കള്‍, അവരിലേറെയും അദ്ദേഹത്തിന്റേത് തന്നെയെന്നു കരുതപ്പെട്ടു. എന്നാലൊടുവില്‍ അദ്ദേഹം ഏകാകിയായി മരിച്ചു. ജോലിക്കാരുടെ
കുടിലില്‍, ചുറ്റിനടന്നു നോക്കാന്‍ പോയ വയലുകള്‍ക്കരികില്‍, കാടിനാല്‍ ചുറ്റപ്പെട്ട്. അദ്ദേഹത്തിനു അസുഖം
തോന്നി അവിടെ കിടന്നതാവാം. കാടിന്റെ ജീവികളാണ് ആദ്യം
കണ്ടത്. എന്റെ അമ്മ, യാ നമിന
സ്ഥലത്തുണ്ടായിരുന്നില്ല. യാ ഇസാറ്റയായിരുന്നു
നോക്കേണ്ടിയിരുന്നത്, എന്നാല്‍ അവര്‍ ഒരു ദുര്‍ബ്ബലയും
എല്ലാ ഭാര്യമാരിലും വെച്ച് ഒട്ടും പരിഗണന കിട്ടാത്തവളും ആയിരുന്നു. ആരും അവരോടു ഒന്നും പറയാന്‍ ശ്രമിക്കാതിരുന്നത് കൊണ്ട് അവര്‍ കരുതി
അദ്ദേഹം മറ്റേതോ ഒരുവളുടെ കൂടെ കഴിയാന്‍ പോയിരിക്കും. ജഡം
ബീഭത്സമായ ഒരവസ്ഥയില്‍ ആയിരുന്നു, അതിനു ചുറ്റുമുള്ള
നിശ്ശബ്ദത എല്ലാതരം സന്ദേഹങ്ങളെയും ഉറപ്പിച്ചു. എങ്കിലും, കാരണവന്മാര്‍ തീര്‍ത്തു പറഞ്ഞു പിതാവ് മരിച്ചിട്ട് പന്ത്രണ്ടു മണിക്കൂറില്‍
കൂടുതല്‍ ആയിട്ടില്ലെന്നും, ഒരു നല്ല മുസ്ലിം എന്ന
നിലയില്‍ അദ്ദേഹത്തെ മരിച്ചയന്നു തന്നെ അടക്കാം എന്നും.”
അസാന: തലമുറകളുടെ സാക്ഷി
നാല് അര്‍ദ്ധ
സഹോദരിമാരില്‍ അസാന അദ്ദേഹത്തിന്റെ ആദ്യഭാര്യ നമിനയില്‍ പിറന്നവളാണ്. ബഹുഭാര്യത്വ സമൂഹത്തില്‍ ആദ്യ
ഭാര്യയുടെത് തുടര്‍ന്നെത്തുന്നവര്‍ക്ക് മേല്‍ വലിയ അധികാരങ്ങള്‍ ഉള്ളവള്‍ എന്ന
നിലയില്‍ ഏറ്റവും സവിശേഷമായ ഒരു സ്ഥാനമാണ്. 1926-ല്‍ പിതാവ്
കുടുംബ സമേതം വനാന്തരത്തിലേക്ക് യാത്ര പോകുകയും റൊഫാതേന്‍ എന്ന പേരില്‍ ഗ്രാമം
സൃഷ്ടിക്കുകയും അവിടെ ഒരു കോഫി പ്ലാന്റെഷന്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെയാണ്
അസാനയുടെ കഥ ആരംഭിക്കുന്നത്. അവളുടെ പ്രിയപ്പെട്ട
സഹോദരന്‍ അലുസാനി പത്താം വയസ്സില്‍ മരിക്കുന്നതോടെ അമ്മ നമിനയുടെ സ്നേഹം മുഴുവന്‍
സ്വന്തമാക്കാം എന്നാഗ്രഹിച്ച അസാന നിരാശയാവുന്നത് സഹോദരന്‍ അവളില്‍
കുടിയേറിയിരിക്കുന്നു എന്നും ബാധ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന എന്നും അമ്മ
വിട്ടൊഴിവില്ലാതെ ചിന്തിക്കാന്‍ തുടങ്ങുന്നതോടെയാണ്.
“ഞാനെന്തു കഥ പറയണം? ശരിക്കും
അതെങ്ങനെയായിരുന്നു എന്ന കഥയോ അതോ നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കഥയോ?”
അങ്ങനെയാണ് അസാന തന്റെ കഥയാരംഭിക്കുക. ..............
തുടര്‍ന്ന് വായിക്കാന്‍:
https://www.fazalrahman.com/essays/article/ancestor-stones-by-aminatta-forna
Also read:
The
Memory of Love by Aminatta Forna
https://alittlesomethings.blogspot.com/2016/10/blog-post_45.html
No comments:
Post a Comment