പെണ്മയുടെ
തിരുമുറിവുകള്‍
പൂര്‍ണ്ണ
– ഉറൂബ് പുരസ്കാരം നേടിയ ‘ദേശത്തിന്റെ ജാതകം’ പോലുള്ള ബൃഹദ് കൃതികളിലൂടെ
കഥപറച്ചിലിന്റെ മാന്ത്രികത അനുഭവിപ്പിച്ച എഴുത്തുകാരനാണ് ശ്രി. കെ. ആര്‍.
വിശ്വനാഥന്‍. വിചിത്ര സൌന്ദര്യമിയന്ന പാത്രസൃഷ്ടിയും തീക്ഷ്ണമായ കഥാ സന്ദര്‍ഭങ്ങളും
കൊണ്ട് ചടുല വായന ഉറപ്പുവരുത്തുന്നതോടൊപ്പം ഫിക് ഷന്റെ സാധ്യതകളില്‍
മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ഇടക്കൊക്കെ ഞെട്ടിക്കുകയും ചെയ്യുന്ന നോവലിസ്റ്റ് കൂടിയാണ് അദ്ദേഹം. പൂര്‍ണ്ണ ബുക്സ്
പുറത്തിറക്കിയ 'കുഞ്ഞന്നയുടെ ജീവചരിത്ര'മെന്ന ഏറ്റവും പുതിയ നോവലിലും അദ്ദേഹം
തന്റെ സിദ്ധികള്‍ തേച്ചുമിനുക്കുന്നുണ്ട്.
ആണ്‍പോരിമയുടെ ഏകാധിപത്യം
ഒരാള്‍ക്ക്
മാത്രമായി ഒരു കഥയില്ലെന്നിരിക്കെ, ജീവചരിത്രം, കുടുംബ ചരിത്രം, സമൂഹ ചരിത്രം, ദേശ ചരിത്രം എന്നതൊക്കെ ഏറിയോ കുറഞ്ഞോ പരസ്പരം കൊമ്പുകോര്‍ക്കുന്ന
വിനിമയങ്ങളാണ്. കുഞ്ഞന്നയുടെ ജീവചരിത്രത്തില്‍ അങ്ങനെ ലാച്ചിയുടെയും
ലോക്കോച്ചിയുടെയും, കോക്കാച്ചിയുടെയും
ഏലിക്കുട്ടിയുടെയും കൊച്ചുനാരായണിയുടെയും എന്ന പോലെ, മൂന്നു തലമുറകളുടെ ജീവചരിത്രങ്ങള്‍ സംഗമിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം
ലോക്കാച്ചിയുടെതു തന്നെ. “ഇഞ്ചത്തലേം
കെട്ടിയ പെണ്ണിന്റെ തലേം നമ്മുടെ തലയ്ക്കുമേലെ പൊങ്ങാന്‍ സമ്മതിക്കല്ല്. പൊങ്ങ്യാ
നമ്മള് നരകിക്കും” എന്ന് ഒസ്യത്തു ചെയ്ത, പാവം ഏലിക്കുട്ടിയെ ആനത്തോട്ടി പോലെ “കുണുക്കെന്നു പറയുന്ന...
ചങ്ങലക്കണ്ണി”യില്‍ കൊളുത്തിവലിക്കുമായിരുന്ന, “നീട്ടെടീ നിന്റെ കൈ..!” എന്ന് ആ സാധുവിന്റെ കൈക്കുമ്പിളില്‍ വിസര്‍ജ്ജിക്കുമായിരുന്ന
അപ്പന്റെ അതേ ജനിതകത്തില്‍ പിറന്നവന്‍. എഴുപത്തഞ്ചു കഴിഞ്ഞിട്ടും പ്രായം തളര്‍ത്താത്ത
ആണ്‍കോയ്മയെ സ്നേഹരാഹിത്യവും പന്നിക്കൂറ്റന്റെ കാമവെറിയുമായി കൊണ്ടാടുന്ന, ഒടുവിലൊടുവില്‍ കുരിശു വരക്കേണ്ടത് എങ്ങനെയെന്നു മറന്നു
പോകുന്ന, “എന്നെ നരകത്തിലേക്കെന്നു ചാപ്പ കുത്തിയതാ അച്ചോ..” എന്നു
പാതി തമാശയും പാതി വിശുദ്ധഗ്രന്ഥത്തിലെ സാത്താനെ പോലെ ദൈവ രാഹിത്യവുമായി
പ്രഖ്യാപിക്കുന്ന, തന്റെ
രക്തത്തില്‍ പിറന്ന പത്തുമക്കളില്‍ ഒന്നിനെയെങ്കിലുമോ, അവരെയെല്ലാം പെറ്റ പാവം കുഞ്ഞന്നയെയോ ഒരു നിമിഷം പോലും
മനുഷ്യരായി കാണാത്ത മലീമസ ജന്മം. എല്ലാത്തിനുമുപരി എപ്പോള്‍ വേണമെങ്കിലും
സാധിക്കാനുള്ള തന്റെ സിദ്ധിയുപയോഗിച്ചു നടത്തുന്ന പന്നിക്കൂട്ടിലെ വിസര്‍ജ്ജനത്തെയും
കുഞ്ഞന്ന ഉള്‍പ്പടെ നായടുന്ന മുഴുവന്‍ പെണ്ണുടലുകളിലും നടത്തുന്നു
പേക്കൂത്തുകളെയും ഒന്നായിക്കാണുന്നവന്‍. ചവിട്ടുക, പുറത്തു കയറുക എന്നീ വാക്കുകള്‍ കൊണ്ടാണ് ലോക്കാച്ചി ശാരീരിക ബന്ധത്തെ
വിവരിക്കുക. “ഇണചേരുക എന്നൊരു ലളിതമായ പദത്തിലേക്ക് എത്താന്‍ മാത്രം
ലളിതമായിരുന്നില്ല അയാളുടെ മനസ്” എന്ന്
നോവലിസ്റ്റ് എഴുതുന്നു. അത്തരം ആണ്‍പോരിമയുടെ സഹജ ഭാവമായ കന്യാരക്ത ഭ്രമം
ആദ്യരാത്രിയില്‍ വസ്ത്രം കത്തിച്ചു കളഞ്ഞു കുഞ്ഞന്ന തകര്‍ക്കുന്നത് അയാളെ എന്നും
വേട്ടയാടും. “അന്ന് രാത്രീല് നിങ്ങ്ടെ ചവിട്ടില് എന്റെ വയട്ടില്‍നിന്നും കൊറച്ച്
തീട്ടോം പോയി. അതുകൊണ്ടാ ഞാനത് കത്തിച്ചുകളഞ്ഞത്” എന്ന് കുഞ്ഞന്ന
വിവരിക്കുന്നുണ്ട്. “ഒരു നിലാത്തുണ്ടുപോലെ സൌമ്യനും ശാന്തനും” എന്നു കുഞ്ഞന്ന
കണ്ടെത്തുന്ന കടിഞ്ഞൂല്‍ പുത്രനെ പന്നിയുടെ മുഖമായാണ് ലോക്കാച്ചി
സാത്മ്യപ്പെടുത്തുക. തന്നെ ആക്രമിച്ച പന്നിയില്‍ അയാള്‍ അവന്റെ മുഖം കാണുകയും
ചെയ്യും. അയാളുടെ കണ്ണില്‍ മക്കളെല്ലാം അങ്ങനെയാണ്. ആ കാടത്തത്തിന്റെ ആദ്യബലിയാവുക
എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകാന്‍ നിര്‍ബന്ധിതനാകുന്ന ആബേല്‍ തന്നെ; വിശുദ്ധഗ്രന്ഥത്തിലും മനുഷ്യന്റെ ക്രൂരതയുടെ ചിഹ്നമായി
സംഭവിക്കുന്ന ആദ്യബലിയിലെ ഇരയുടെ അതേ പേരുകാരന്‍. നോവലിലെ അനേകം ബിബ്ലിക്കല്‍
സൂചനകളില്‍ ഒന്നുമാത്രമാണ് ഇത്. അപ്പന്റെ പ്രാക്ക് നിരന്തരം കേട്ടതിന്റെ ഫലമായി
സ്വയമൊരു പന്നിയെന്ന വിഭ്രാന്തിക്കടിപ്പെടുന്ന നവയുവാവിനെ “തന്റെ ദാസനാക്കാന്‍ കര്‍ത്താവു
സമ്മതിച്ചില്ല” എന്ന് സെമിനാരി പ്രവേശം നിഷേധിക്കുന്ന പള്ളിയും ഇവിടെ
പ്രതിസ്ഥാനത്തുണ്ട്. നോവലന്ത്യത്തില്‍, ഒരാത്യന്തിക സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നിമിഷത്തില്‍ കുഞ്ഞന്ന
പ്രഖ്യാപിക്കുന്നുണ്ട്:
“സൂസന്നെ എനിക്ക്
പ്രതീക്ഷയുണ്ട്. കൂട്ടംതെറ്റിപ്പോയ കുഞ്ഞാടിനെ ഞാന്‍ കണ്ടെത്തുമെന്ന
ശുഭപ്രതീക്ഷ... എവിടെയോ അവന്‍ എന്നെ കാത്തിരിക്കുന്നുണ്ട്. എന്റെ ആബേല്‍..”
“അല്ലെങ്കില്‍ ഈ ജന്മം
ഇങ്ങനെയങ്ങ്..”
അന്നവര്‍ ആദ്യമായി പാതിയില്‍വെച്ച്
അതവസാനിപ്പിച്ചു” എന്നുകൂടി നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.
സ്വന്തം
രക്തത്തില്‍ പിറന്ന മക്കളെക്കാള്‍ പന്നിക്കൂട്ടിലെ കൂറ്റന്‍മാരെ സ്നേഹിച്ച
ലോക്കാച്ചി, പന്നിയുടെ ഉഴുതുമറിയില്‍ പാതി പൗരുഷം
മുറിഞ്ഞു ആശുപത്രിയിലാകുന്നതില്‍ വഷളത്തം മുറ്റിയ വല്ലാത്തൊരു വൈരുധ്യമുണ്ട്.
സന്ദര്‍ഭം ആവശ്യപ്പെടുന്ന കുറ്റബോധം തോന്നാത്തതില്‍ കുഞ്ഞന്നക്ക് ദുഃഖം
തോന്നുന്നു: “താന്‍ അങ്ങനെ
ഒരു നിലവിളി പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നു അവള്‍ സംശയിച്ചു”. ഒരര്‍ത്ഥത്തില്‍
ലോക്കാച്ചിയുടെ പതനം ആരംഭിക്കുന്നതും അവിടംതൊട്ടാണ്. പോകെപ്പോകെ അയാള്‍ക്ക്
എല്ലാവരെയും ഭയമായിത്തുടങ്ങുന്നു.
“ഐസക് മാത്രമല്ല ശത്രു..
നാടുവിട്ടുപോയ ആബേല്‍, വല്ലപ്പോഴും
വരുന്ന ഗബ്രിയേല്‍, വികാരിയച്ചന്‍, പന്നിക്കൂട്ടില്‍ താന്‍
ചെല്ലുമ്പോള്‍ വെറുതെ വിറയ്ക്കുന്ന ശിഖരത്തില്‍ തൂങ്ങിക്കിടക്കുന്ന ലില്ലി, ഐസക്ക്, ക്ലീറ്റസ്, ഒറോത, കുഞ്ഞേപ്പ്, അജിത, മന്ദാകിനി, കുന്നിക്കല്‍ നാരായണന്‍...”
എന്ന് നോവലിസ്റ്റ്
ചുരുക്കെഴുതുന്നുണ്ട്. നേരിട്ട് ഒരിക്കലും കണ്ടു മുട്ടുന്നില്ലെങ്കിലും, ലോക്കാച്ചിയുടെ എതിരറ്റത്തു നിലയുറപ്പിക്കുന്നു
എന്നതുകൊണ്ടു തന്നെയാവണം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാഗത്ത് നിന്ന് പോലും
നക്സലൈറ്റുകള്‍ക്ക് നോവലില്‍ പിന്തുണ കിട്ടുന്നുണ്ട്. കൊച്ചുനാരായണിയെ പോലുള്ളവര്‍ക്ക്
അവര്‍ “അരുവിത്തറ പുണ്യാളച്ചനെ പോലെ. പുണ്യാളമ്മാര്” ആയിരിക്കുന്നത്
സ്വാഭാവികമായിരിക്കാം. എന്നാല്‍, വികാരിയച്ചന്‍
പോലും അത് ഉറപ്പിക്കുന്നു. “ഞാന്‍ മാത്രമല്ല.. ദൈവവും അവരോടോപ്പമാണെന്ന്
തോന്നുന്നു. ഏറ്റവും കുറഞ്ഞത് നിന്റെ കാര്യത്തിലെങ്കിലും ഞാന്‍ അവരോടൊപ്പമാണ്”
എന്ന് അച്ചന്‍ ലോക്കാച്ചിയോട് പറയുന്നു. “ജീവിതം മുഴുവനും ആ തോക്ക് നിന്റെ നേര്‍ക്ക് ചൂണ്ടിക്കൊണ്ടിരിക്കും.
അത്രമാത്രം പാപം നീയും അപ്പനും ചെയ്തുകൂട്ടിയിട്ടുണ്ട്.”
കരിമീന്‍
മുള്ളിലും മകളുടെ മുറിച്ചെടുക്കപ്പെട്ട മുടിച്ചുരുളുകളിലും വരെ ശത്രുവിനെ കാണേണ്ടി
വരാന്‍ മാത്രം പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ടും, കൂട്ടംതെറ്റിപ്പോയ കുഞ്ഞാടിനെ ഓര്‍ത്ത് ഒരുത്തിയുടെ നെഞ്ചില്‍ അണയാത്ത തീ
വിതക്കുകയും, “എന്റെ കുട്ട്യേ എവിടെയാണ്
കുഴിച്ചിട്ടത്?” എന്ന വായ്ത്താരിയോടെ ആദ്യം
ഉന്മാദത്തിന്റെ കാണാക്കയങ്ങളിലേക്കും പിന്നീട് വിചിത്രമായ ‘ഒരു പ്രാര്‍ത്ഥന’യുടെ പ്രാശാന്തയോടെ ഒരു കയര്‍കുരുക്കിന്റെ മോക്ഷത്തിലേക്കും
വലിച്ചിഴക്കപ്പെടുന്ന ലില്ലിയുടെ അന്ത്യത്തിനു നേരിട്ടു കാരണക്കാരനാവുകയും
ചെയ്തിട്ടും, ചെയ്തുകൂട്ടിയതൊന്നും പാപമായി
അയാള്‍ക്ക് ഒരു ഘട്ടത്തിലും തോന്നുന്നില്ല എന്നിടത്താണ് ലോക്കാച്ചി ഒരു വേറിട്ട
കഥാപാത്രമായി മലയാള സാഹിത്യത്തില്‍ ഇടം പിടിക്കുന്നത്. അതൊരു
ആത്മഹത്യതന്നെയായിരുന്നോ അതോ അയാളുടെ കൈക്രിയയോ എന്ന കുഞ്ഞന്നയുടെ ആവര്‍ത്തിച്ചുള്ള
ചോദ്യത്തില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറുന്നത് കുറ്റബോധം കൊണ്ടല്ല, വെറും അവഗണനയാണ്. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കുടുംബത്തിനു
രക്ഷാകവചമായിരുന്ന ലാച്ചിയുടെ വിട്ടുപോക്കിനെ കുറിച്ചുള്ള അയാളുടെ വിഷമം പോലും
സ്വാര്‍ത്ഥനിരപേക്ഷമല്ല. മനുഷ്യപ്പറ്റിന്റെ (redeeming grace) ഒരു ചിഹ്നം പോലുമില്ലാത്ത അയാള്‍ക്ക് പൊതുവേ കട്ടിയായ
പുറംതോടും ഉള്ളിലെവിടെയൊക്കെയോ സ്നേഹ/ കര്‍ത്തവ്യ പാശങ്ങളുടെ ഇളനീരും
സൂക്ഷിക്കുന്ന മലയാളത്തിലെ ഒരു താന്തോന്നി/ ഏകാധിപതി പിതൃസ്വരൂപത്തിലും മുന്‍മാതൃകയില്ലെന്നാണ്
ഈ ലേഖകന്റെ പരിമിതബോധ്യം. ഏതോ വല്യപ്പന്‍ വിട്ടുപോയ ഭ്രാന്തിന്റെ വിത്തുകള്‍
തന്നില്‍ മുളപോട്ടുന്നോ എന്നു തോന്നിത്തുടങ്ങുമ്പോഴും കുഞ്ഞന്നയോടുള്ള അയാളുടെ
സമ്പൂര്‍ണ്ണ ശാരീരിക ആശ്രിതത്വം അയാളുടെ മനസ്സിലെ കൂറ്റനെ അടക്കുന്നില്ല.
കൊച്ചുനാരായണിയുടെ ഉടലില്‍ ഇനി അറിയാനൊന്നും ബാക്കിയില്ലാത്ത മിനുപ്പുകളെ
ധ്യാനിച്ചു പാതിമുറിഞ്ഞ പൗരുഷത്തെ ഉണര്‍ത്താനാവുമോ എന്ന് മാത്രമല്ല, അതേ കൊച്ചുനാരയണിയുടെ മകള്‍ കൂടിയായ മരുമകളെ ‘ആഫ്രിക്കന്‍’ പാരമ്പര്യത്തില്‍ അനുഭവിക്കുന്നത് സ്വപ്നം കാണാനും ആ
ഘട്ടത്തിലും അയാള്‍ക്കു മടിയില്ല. “എന്റെ അമ്മേടെ അടുത്തേക്കു പോകാന്‍
ലോക്കാച്ചിയുടെ കൈയില്‍ ഒന്നുമില്ലല്ലോ” എന്നു കല്യാണി അയാളുടെ വാലുമുറിക്കുന്നത്
അയാളുടെ പതനത്തിന്റെ തുടര്‍ച്ചയാണ്. ലോക്കാച്ചിയെന്ന പേര് സ്വയം
തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ത്തന്നെ മനുഷ്യബന്ധങ്ങളെ സൂചിപ്പിക്കുന്ന അപ്പന്‍, അമ്മാവന്‍, മുത്തച്ഛന്‍
തുടങ്ങിയ ഒന്നും തന്റെ പേരില്‍ വേണ്ടെന്നും എല്ലാര്‍ക്കും ഒരേപോലെ വിളിക്കാവുന്ന
ഒന്ന് മതിയെന്നുമുള്ള ലോക്കയുടെ തീരുമാനമുണ്ട്. ഈ തീരുമാനമാണ് ഒരു മുന്‍കാല പ്രാബല്യത്തില്‍
അയാളുടെ അപ്പനെ കോക്കാച്ചി എന്ന് വിളിക്കുന്നതിലേക്കും നാട്ടുകാരെ എത്തിക്കുക.
ആദ്യം ഗബ്രിയേലും അതിന്റെ തുടര്‍ച്ചയായി ക്ലീറ്റസും അപ്പനു മുന്നില്‍
പത്തിവിരിച്ചു തുടങ്ങുന്നതോടെയാണ് അയാള്‍ക്കു കാര്യങ്ങള്‍ കൈവിട്ടുതുടങ്ങുക.
ലോക്കാച്ചിയുടെ ആണ്‍മക്കളുടെ ജനിതകത്തില്‍ അനുസരണ മാത്രമല്ല, അപ്പനോടുള്ള ഭയവും പറഞ്ഞുവെച്ചിരുന്നില്ല. ഏതാണ്ടൊരു
ജീവശാസ്ത്രപരമായ പരമായ നിര്‍ണ്ണിതാവസ്ഥയില്‍ (biological determinism) അപ്പന്റെ ദുര്‍ഗ്ഗുണങ്ങളുടെ തനിപ്പകര്‍പ്പായി പിറവിയെടുത്ത
പിതാവിന്റെ പ്രാകൃത/ ശാഠ്യങ്ങളോടുള്ള ബോധ പൂര്‍വ്വമായ എതിര്‍പ്പാണ് ഗബ്രിയേലിനെയും
ക്ലീറ്റസിനെയും ഇതര പരിഗണനകള്‍ മാറ്റിവെച്ചു സഹോദരിമാരുടെ പ്രതിരോധത്തിലേക്കും
അപ്പനെ തുറന്നെതിര്‍ക്കുന്നതിലേക്കും എത്തിക്കുന്നതും. ലില്ലിയുടെ അവിഹിതഗര്‍ഭം
പോലും അവരെ അലോസരപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതൊരു അതിവൈകാരിക
പ്രായശ്ചിത്തം ഒന്നുമല്ല. ഗബ്രിയേല്‍ ആ വൈരുദ്ധ്യത്തെ നിരീക്ഷിക്കുന്നു:
“ഈ ഭൂമിയുടെ കറക്കം
വല്ലാത്തതു തന്നെ. കോക്കാച്ചി വല്യനാരായണിയെ വെച്ചുകൊണ്ടിരുന്നു. കോക്കാച്ചിയുടെ
മകന്‍ ലോക്കാച്ചി വല്യനാരായണിയുടെ മകള്‍ കൊച്ചുനാരായണിയെ കെട്ടാന്‍ നടന്നു
സാധിക്കാതെ വ്യസനിച്ച് കടയുടെ ചായ്പ്പില്‍ പാര്‍പ്പിച്ചു. ലോക്കാച്ചിയുടെ മകന്‍
ഗബ്രിയേല്‍ കൊച്ചുനാരായണിയുടെ മകള്‍ കൊച്ചുകല്യാണിയെ കെട്ടി അവന്റെ ഒപ്പം പാര്‍പ്പിക്കുന്നു”
പെണ്‍ജീവിതമെന്ന സഹനപര്‍വ്വം
എന്നാല്‍, കൈമാരി വീട്ടിലെ പെണ്‍കുട്ടികളുടെ വിധി
വ്യത്യസ്തമായിരുന്നു. ലാലിയെയും ലില്ലിയെയും കര്‍ത്താവിന്റെ മണവാട്ടിമാരാകാന്‍
അപ്പന്‍ നടതള്ളുന്നതില്‍ ദൈവഹിതമോ വിശ്വാസമോ ഒന്നുമുണ്ടായിരുന്നില്ലെന്നു
തിരിച്ചറിയുമ്പോഴും അവര്‍ക്കു പക്ഷെ വേറെ വഴിയുണ്ടായിരുന്നില്ല; കണ്ടെത്തുന്ന വഴികളില്‍ ലാലി രക്ഷപ്പെടുമ്പോഴും ലില്ലി
ഒടുങ്ങുകയും ചെയ്യും. ലില്ലിയുടെ ദുരന്തം കൈമാരി കുടുംബത്തിലെ പെണ്‍വിഹിതത്തെ ഏറ്റവും
തീക്ഷ്ണമായി ആവിഷ്കരിക്കുന്നു. ഏലിക്കുട്ടിയില്‍ നിന്നു കുഞ്ഞന്നയിലേക്കും അവിടെനിന്നു
പെണ്‍മക്കളിലേക്കും, വിശേഷിച്ചും
ആരെടാ എന്ന് ചോദിക്കും മുമ്പ് ഞാനെടാ എന്ന് പറയാനും മാത്രം ആണ്‍മക്കള്‍ മുതിര്‍ന്നുവരും
വരെ, വ്യാപിക്കുന്ന സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെയും മൃഗവല്‍ക്കരണത്തിന്റെയും
കഥയാണത്. ലാലിയുടെ മൂത്തമകള്‍ ഭാഗ്യലക്ഷ്മിയെ കാണിക്കാന്‍ ലാച്ചിയറിയാതെ കുക്രി
പുറത്തെടുക്കും നേരമാണ് കുഞ്ഞന്ന സ്വയം ആഴത്തില്‍ മുറിപ്പെടുത്തുന്നതും നോവലില്‍
ഒരു വായ്ത്താരി പോലെ പലവുരു ആവര്‍ത്തിക്കുന്ന ജന്മത്തിന്റെ നിസ്സഹായത എന്ന ‘കൊന്ത
ചൊല്ലല്‍’ ആദ്യം ഉച്ചരിക്കുന്നതും:
“ഈ ജന്മം ഇങ്ങനങ്ങു തീര്‍ന്നോട്ടെ..
എനിക്കാരോടും പരാതിയില്ല.. ദൈവത്തോടു പോലും.”
ചെയ്യാനുള്ളതു
ചെയ്യാനുള്ള കഴിവുകേടില്‍ ജീവിതം വ്യര്‍ത്ഥമെന്നു തോന്നുന്ന മനുഷ്യര്‍ അതങ്ങനെ
ഏതാണ്ടൊരു യോഗീഭാവത്തില്‍ ആവര്‍ത്തിക്കുന്നതിന് ‘ദേശത്തിന്റെ ജാതക’ത്തിലെ അച്ചുവണ്ണനിലും മാതൃകയുണ്ട്. എന്നാല്‍ കൈമാരി
വീട്ടിലെ പെണ്ണുങ്ങള്‍, പ്രത്യേകിച്ചും
അങ്ങോട്ട് കെട്ടിക്കേറി വരുന്നവര്‍, ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുക ഈ വാക്യമാണെന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്.
“ഓരോ പെണ്ണും ഓരോ ദിവസവും
ഒരു തവണയെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്.. കൈമാരി വീട്ടിലേക്കു കെട്ടിക്കേറി
വന്ന പെണ്ണാണെങ്കില്‍ തീര്‍ച്ചയായും.”
എന്തുകൊണ്ടാണ് കുഞ്ഞന്ന, വികാരിയച്ചന്‍ പറയുമ്പോലെ, കുമ്പസാരിക്കാന്‍ എത്താത്ത ഇടവകയിലെ ഏകസ്ത്രീ ആയിരിക്കുന്നത് എന്നതിന്റെ
ഉത്തരവും അവളുടെ ക്രൂശുമുറിവുകള്‍ തന്നെയാണ്. മുറിവുകള്‍ ജീവിതത്തിന്റെ
ആകത്തുകയെന്ന നിരീക്ഷണം കുഞ്ഞന്നയിലാണ് ഏറ്റവും തെളിഞ്ഞു കാണുന്നത്:
“ആകെ അമ്പത്തിയൊന്നു
തുന്നലുകള്‍. അത്രയും ഞാനെണ്ണി. ഞാന്‍ കൈമാരിക്കുടുംബത്തിലേക്ക് വന്നിട്ട്
അമ്പത്തിഒന്ന് വര്‍ഷമാകുന്നു. എല്ലാം കിറുകൃത്യം.”
പുറത്തെടുത്ത കുക്രിയില്‍ ചോര
പതിയേണ്ടതിന്റെ കഥ ആണുങ്ങള്‍ പറയുമ്പോള്‍ ശര്‍ദ്ദിക്കാന്‍ തോന്നുന്ന കുഞ്ഞന്ന
സ്വയം മുറിപ്പെടുത്തുന്നതില്‍ വൈരുധ്യം കാണാത്തത് അങ്ങനെയാണ് വ്യക്തമാകുക. “ആര്‍ത്തവം
പോലെ പെണ്ണിന്റെ കരച്ചിലുകള്‍ക്കും നീ ഒരു കാലം നിശ്ചയിക്കാത്തതെന്തുകൊണ്ട്?” എന്നു ഖിന്നയാകുന്ന കുഞ്ഞന്ന പറഞ്ഞുപതിഞ്ഞ വിശ്വാസ
വിധേയത്വമല്ലല്ലോ പ്രതിനിധാനം ചെയ്യുന്നത്. കര്‍ത്താവും പാപചിന്തയുമൊന്നും കൈമാരി
വീട്ടിലെ പെണ്ണുങ്ങളെ ഭയപ്പെടുത്താത്തതും അവരുടെതിനേക്കാള്‍ വലിയ സഹനങ്ങള്‍
വേറെയില്ല എന്ന ബോധ്യത്തിലാണ്: “കര്‍ത്താവിന്റെ പാപംന്ന് പറയണത് എനിക്കു കോപ്പാ”
എന്നു ധിക്കാരിയാകുന്ന ലില്ലി, അടിച്ചേല്‍പ്പിക്കപ്പെടുന്ന
കന്യാസ്ത്രീ ജീവിതം വലിച്ചെറിഞ്ഞു തിരിച്ചുവരുമെന്നും അമ്മയാകുമെന്നും മകള്‍ക്ക്, ലോക്കാച്ചിയെ ഭയപ്പെടുത്തുന്ന അജിതയെന്ന നക്സലൈറ്റ്
പേരിടുമെന്നും പ്രഖ്യാപിക്കുന്നു. അപ്പനെ ധിക്കരിക്കുന്നതിനെ പാപമെന്ന്
വിളിക്കുന്ന കുഞ്ഞന്നയോട് സ്റ്റെല്ലയും പൊട്ടിത്തെറിക്കുന്നുണ്ട്: “ആ പാപം എനിക്ക്
കോപ്പാ.. അത് യൂദാസിന്റെ ഒപ്പം ഒരു പാപമാണെങ്കില്‍ പോലും.” അപ്പന്റെ ബാക്കി ലിംഗം
കൂടി പന്നി കടിച്ചുപറിക്കട്ടെ എന്നാശിക്കുന്ന ലൂസിയും അതുതന്നെ പറയും: “ദൈവദോഷം
എനിക്ക് കോപ്പാ.” ഈ സഹന പര്‍വ്വങ്ങളുടെ കഥയറിയാവുന്നതുകൊണ്ടാണ് ഐസക് ലൂസിയെയും
കൊണ്ട് രായ്ക്കുരാമാനം കടക്കുമ്പോള്‍, ഗൂര്‍ഖയുടെ ഉത്തരവാദിത്തം മാറ്റിവെച്ചു, ആ ‘തോല്‍വി’യുടെ കഥ കുട്ടികള്‍ക്കു
പറഞ്ഞുകൊടുക്കണം എന്ന് ലൂസിയെ ശട്ടം കെട്ടി ലാച്ചി അയാളോട് പറയുന്നത്:
“വിഷമിപ്പിക്കരുത്... ഒത്തിരി സഹിച്ചവരാണ് കൈമാരിയിലെ പെണ്ണുങ്ങള്‍.” ഇതേ സഹനത്തെ
അനാവശ്യ വിധേയത്വമായിക്കാണുന്ന അടുത്ത തലമുറയുടെ ചോദ്യം ലൂസിയിലൂടെ കുഞ്ഞന്ന
നേരിടുന്നുണ്ട്: “അമ്മക്ക് ഒരിക്കലെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണമെന്നു
തോന്നിയിട്ടില്ലേ?” അതിനു മറുമൊഴി
പറയുക മൂന്നാം തലമുറയിലെ പെണ്‍കുട്ടിയുടെ പരിഹാസമാണ്: “രക്ഷപ്പെടണമെന്നൊക്കെ
ചിന്തിക്കാന്‍ വല്യമ്മച്ചിക്ക് പേറൊഴിഞ്ഞിട്ട് നേരം കിട്ടിയിട്ടുണ്ടാവില്ല. അല്ലെ
വല്യമ്മച്ചീ..” എന്നാല്‍, നോവലന്ത്യം
യാഥാതഥത്വത്തെ ഇത്തിരിയൊരു വലിച്ചുനീട്ടുന്ന വിധത്തില്‍ കുഞ്ഞന്നയില്‍ വരുത്തുന്ന
പരിണാമം,
അത് വേണ്ടത്ര ഫലപ്രദമായോ എന്ന വിമര്‍ശക ദൃഷ്ടിക്കു
വഴിവെക്കുമ്പോഴും, മറ്റൊരു
സാധ്യതയിലേക്കാണ് കുതിക്കുന്നത്: സൂസന്നയുടെ എഴുത്തുകാരനായ ഭര്‍ത്താവിനു എഴുതാന്‍
പാകത്തില്‍ തന്റെ കഥ അവളോട് വിവരിക്കുമ്പോള്‍ അതിനു “സാധാരണ പെണ്‍കഥ
അവസാനിക്കുന്നതുപോലെയല്ലാതെ.. മികച്ച ഒരവസാനം” നല്‍കാന്‍ എന്ന വ്യാഖ്യാനത്തോടെ
കുഞ്ഞന്ന അത് വിവരിക്കുന്നുണ്ട്. ഒരൊറ്റ നിമിഷത്തെ പ്രതികരണമായ ഒരു പ്രതികാരത്തില്‍, പന്നിക്കൂട്ടിലെ മാലിന്യത്തിലെന്നോണം ജീവിതകാലം മുഴുവന്‍
തന്നെ ചവിട്ടി –‘ചവിട്ടി’യും- മെതിച്ച
ആണഹന്തക്ക് ആത്യന്തികമായ ഒരു പ്രഹരം ഏല്‍പ്പിക്കും വിധം മരിക്കും മുമ്പേ അയാള്‍
മരിച്ചു എന്നുറപ്പിക്കാന്‍ പറയുന്ന പെരുംനുണയുടെ കഥയാണത്. ലോക്കാച്ചിയെ
വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പ് കുഞ്ഞന്ന അതയാളോട് പറഞ്ഞു.
“എനിക്കപ്പോള്‍ അങ്ങനെ
പറയാനാണ് തോന്നിയത്... മനസ്സില്‍ ഏതോ കോണില്‍ കിടന്ന വെറുപ്പെല്ലാം അറിയാതെ
പുറത്തെക്കൊഴുകിയതാണ്... ആ സമയത്തും അയാളുടെ മനസില്‍ ഞാന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍.. അറിഞ്ഞുകൊണ്ടു ചെയ്ത
പാപം. ലോക്കാച്ചിയുടെ ഒപ്പം ജീവിക്കുന്ന ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന ഒരു
പാപം.”
അമ്പതാണ്ടും ആവര്‍ത്തിച്ച ആ
പാപത്തെ അവര്‍ വാക്കുകളില്‍ മൊഴിപ്പെടുത്തുന്നു:
“രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ മരിച്ചോ എന്ന്
ഞാന്‍ നോക്കിയിട്ടുണ്ട്. ഒരിക്കലല്ല.. പലതവണ..”
ലോക്കാച്ചിയുടെ മരണശേഷം
കുഞ്ഞന്നയുടെ തന്നെ അനുവാദത്തോടെ യത്ര തിരക്കാന്‍ തുടങ്ങുന്ന ലാച്ചിയോടൊപ്പം
ഇറങ്ങിത്തിരിക്കുമ്പോള്‍ കുഞ്ഞന്നക്കു രണ്ടു ലക്ഷ്യങ്ങളുണ്ട്:
“കുറച്ചുനേരം നടക്കുക.. ലാച്ചിയോടൊപ്പം..
വെറുതെ.. തോന്നുമ്പോള്‍ തിരിച്ചുപോരും.. അല്ലെങ്കില്‍ എന്നാണു
തിരിച്ചുപോകുന്നതെന്ന് ലാച്ചി ചോദിക്കുംവരെ..”
ഒപ്പം, കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ കണ്ടുപിടിക്കുക എന്നും.
എന്നാല്‍,
സ്ത്രീപക്ഷ വീക്ഷണത്തില്‍ ഉജ്ജ്വലമായി അനുഭവപ്പെടാവുന്ന
ഇത്തരം ഒരു പരിണാമത്തിലേക്ക് പരുവപ്പെടാന്‍ വേണ്ട ഉള്‍ക്കരുത്ത് കുഞ്ഞന്നയില്‍
നോവലിസ്റ്റ് നിക്ഷേപിച്ചിരുന്നോ എന്നൊരു സന്ദേഹം സംഗതവുമാണ്. അതുപോലെ, പ്രകടമായ സ്ത്രീപക്ഷത അവകാശപ്പെടാന്‍ കഴിയുമ്പോഴും ഒരു
ഘട്ടത്തിലെങ്കിലും നോവലിലൊരു ആണ്‍നോട്ട ക്ലീഷേ കടന്നുകൂടിയോ എന്നൊരു
തോന്നലുണ്ടാക്കിയ ഒരു നിമിഷത്തെകൂടി വിമര്‍ശനപരമായി എടുത്തു കാട്ടേണ്ടതുണ്ട്: “ഒരു
ഗ്രാമം എത്ര പെട്ടെന്നാണ് അതിന്റെ മനസ് മാറ്റിപ്പണിയുന്നത്. പെണ്ണിനെ പോലെയാണത്.
മേലും മനസും പെട്ടെന്നു മാറിക്കൊണ്ടിരിക്കും” എന്നൊരു നിരീക്ഷണം ഒരു ആണ്‍നോട്ട
ബാധയായി ഇടം പിടിക്കുന്ന സന്ദര്‍ഭം നോവലിലുണ്ട്.
ലില്ലി: കുരിശേറുന്ന പെണ്മ
ലില്ലിയുടെ
ദുരന്തം നോവലിലെ ഏറ്റവും ഉള്ളുലക്കുന്ന ഭാഗമായി വരുന്നത്, അവളുടെതിനെക്കാള്‍ വീറോടെ അപ്പനെ ധിക്കരിക്കുന്ന
ഗബ്രിയേലും ക്ലീറ്റസുമെല്ലാം അതിജീവിക്കുമ്പോഴും പെണ്ണായിപ്പോയി എന്നതുകൊണ്ടു
മാത്രം അവള്‍ ഒടുങ്ങിപ്പോകുന്നതിന്റെ പശ്ചാത്തലത്തിലാണ്. മുട്ടറ്റം വരെ
നീണ്ടുകിടന്ന മുടി പ്രതികാര ചിഹ്നമായി മുറിച്ചു കുഴിച്ചിട്ട ശേഷം, തിരിച്ചുവരുമെന്നും വന്നു അപ്പനോടുള്ള കണക്കു തീര്‍ക്കുമെന്നും
ഉറപ്പിച്ചു ലാലിയോടൊപ്പം മഠത്തിലേക്കുള്ള യാത്ര പുറപ്പെടുന്ന ലില്ലിക്ക് എന്താണ്
സംഭവിച്ചത് എന്നത് നോവലിസ്റ്റ് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഒരവിഹിത ഗര്‍ഭം, പ്രാകൃതമായ ഒരലസിപ്പിക്കല്‍, ചിത്തഭ്രമം, ആത്മഹത്യ/ കെട്ടിത്തൂക്കല്‍
.. ഇതെല്ലാം അത്തരം ഒരിതിവൃത്തത്തില്‍ ഒട്ടും ദുരൂഹതയില്ലാത്ത പരിണാമങ്ങള്‍ തന്നെ.
എന്നാല്‍ ലില്ലി തന്റെ വിധി ഏറ്റുവാങ്ങുന്ന രീതിയാണ് അവളെ തികച്ചും വേറിട്ട ഒരു
പാത്രസൃഷ്ടിയിലേക്ക് പരിണമിപ്പിക്കുന്നത്. ഓരോ കര്‍മ്മത്തിനും അതിന്റേതായ
മന്ത്രങ്ങളുണ്ട്: “ഇവിടത്തെ പഗവതിക്ക് ഒരു തരത്തില്.. കൊടുങ്ങല്ലൂര്‍ പഗോതിക്ക്
വേറൊരു തരത്തില്” എന്ന ന്യായേന പച്ചത്തെറിയുടെ അകമ്പടിയോടെ ഇട്ടിച്ചോത്തി
നടത്തുന്ന ക്രിയകള്‍ക്ക് പ്രതിഷേധലേശമില്ലാതെ തികഞ്ഞ മൗനത്തോടെയാണ് ലില്ലി
വിധേയപ്പെടുക. ഉത്തരവാദിയെ കുറിച്ചുള്ള ചോദ്യത്തിനും മൗനം കൈക്കൊള്ളുന്ന
ലില്ലിയുടെ പ്രതികരണം ഇട്ടിച്ചോത്തിയുടെ നിശിത നിരീക്ഷണത്തിനു നിമിത്തമാകുന്നു:
“ഇതാ ആണുങ്ങക്ക് കിട്ടിയ വരം. ഒരു പെണ്ണും
പെട്ടെന്നൊരു ചോദ്യത്തിനും ഉത്തരം പറയില്ല.”
ഉന്മാദത്തിന്റെ കാണാക്കയത്തില്‍
പെട്ടു എങ്ങോട്ടെന്നറിയാതെ ഇറങ്ങിനടക്കുന്ന ലില്ലി പാര്‍ട്ടിക്കാരുടെ ജാഥയില്‍
ചേര്‍ന്നെന്ന ധാരണയില്‍ ലോക്കാച്ചി അവളെ ജീവച്ഛവമാക്കുകയും ‘വേണേല്‍ എടുത്തോ’ എന്ന് ലാച്ചിക്ക് വെച്ചുനീട്ടുകയും ചെയ്യുന്ന ഘട്ടത്തിലാണ്
ക്ലീറ്റസ് പൊട്ടിത്തെറിക്കുന്നത്. നോവലിസ്റ്റിന്റെ ഭാഷ ഏറ്റവും സാന്ദ്രമാകുന്ന
സന്ദര്‍ഭങ്ങളില്‍ ലില്ലിയുടെ പരിണാമവും ഉള്‍പ്പെടും:
“നിലാവിലൂടെ അവള്‍
നടന്നു. നിലാവിലും മഴയിലും അവള്‍ നടന്നു. നിലാവും മഴയും അവളുടെ വഴിയായി.
വെയിലിലൂടെ നടന്നു. വെയിലവള്‍ക്ക് കുടയായി.”
ലില്ലിയുടെ അന്ത്യവും അതേ
ഭാവസാന്ദ്രതയോടെയാണ് ആവിഷ്കരിക്കപ്പെടുന്നത്. “പന്നിക്കൂട്ടിലേക്ക് ചാഞ്ഞുനിന്ന
കുടംപുളിയുടെ കൊമ്പില്‍ “ശാന്തമായ, പ്രാര്‍ഥനയില്‍ എന്ന പോലെ” മിഴികള്‍ കൂമ്പി അവള്‍ തൂങ്ങിയാടി. “അവളെങ്ങും
മാന്തിപ്പൊളിച്ചില്ല. ആരെയും തുറിച്ചു നോക്കിയതുമില്ല. ശാന്തമായൊരു പ്രാര്‍ത്ഥന
വായുവില്‍ തങ്ങിനില്‍ക്കുംപോലെ” എന്ന് നോവലിസ്റ്റ് എഴുതുന്നു. ഏറ്റവും
വേദനിപ്പിക്കുന്നതോ സ്തോഭജനകമോ ആയ മുഹൂര്‍ത്തങ്ങളെ കാവ്യാത്മകതയില്‍
ഭാവസാന്ദ്രമാക്കി അവതരിപ്പിക്കുക എന്നത് കൃതഹസ്തരായ എഴുത്തുകാരുടെ സിദ്ധിയാണ്.
ലാച്ചി: സ്നേഹലോകങ്ങള്‍
വല്യപ്പന്‍
കോക്കാച്ചിയും, പിന്നീട് ലോക്കാച്ചിയും അത്
കഴിഞ്ഞു ഗബ്രിയേല്‍ ഉള്‍പ്പെടുന്ന ആണ്‍ലോകവും അതിന്റെ അധീശത്വഭാവങ്ങളുമാണ്
വലിയൊരളവു വരെ ‘കുഞ്ഞന്ന’യുടെ ലോകത്തെ
നിര്‍ണ്ണയിക്കുന്നതെങ്കിലും, പെണ്‍അനുഭവങ്ങള്‍
ഏറിയ പങ്കും സഹനത്തിന്റെയും വിധേയത്വത്തിന്റെതും ആണെന്നിരിക്കിലും, നോവല്‍ അതുമാത്രമായി നിരാര്‍ദ്രമാകുന്നില്ല എന്നതിന്റെ
സുപ്രധാന കാരണം ലാച്ചിയുടെ സാന്നിധ്യമാണ്. കുട്ടിക്കാലത്തെന്നോ എങ്ങനെയോ കേട്ടറിവു
മാത്രമായ നേപ്പാളില്‍ നിന്നെത്തി കൈമാരി കുടുംബത്തിന്റെ ‘രക്ഷാകവചം’ ആയി മാറിയവന്‍. അയാളുടെ തോളിലും പുറത്തും ആന കളിച്ചു വളര്‍ന്നവരാണ്
അവിടത്തെ കുട്ടികള്‍. ഇന്നും കുടിച്ചു ലക്കുകെട്ട് വഴിയരികില്‍ വീണു കിടക്കുന്ന
ഗബ്രിയേലിനെ അനായാസം തോളിലേറ്റി വീട്ടിലെത്തിക്കാന്‍ ആ നിത്യഭ്യാസമാണ് അയാള്‍ക്ക്
കൂട്ട്. ഗബ്രിയെലിന്റെ വളര്‍ച്ച നിത്യാഭ്യാസത്തിന്റെ പരിവട്ടത്തില്‍ അയാള്‍
അറിയുന്നേയില്ല. ഗബ്രിയേല്‍ ആകട്ടെ, ആ സവാരി ഇന്നും ഉറ്റുനോക്കുകയും ചെയ്യുന്നു. പെണ്ണിനെ ഉഴുതുമറിക്കാനുള്ള ഇടം
മാത്രമായിക്കാണുന്ന ലോക്കാച്ചിയില്‍ നിന്ന് ഏറെ ദൂരെയാണ് ലില്ലിയില്‍ തന്റെ മകളെ
കാണുന്ന ലാച്ചി എന്നതാണ് അയാളുടെ പൊടുന്നനെയുള്ള വിട്ടുപോക്കിനു നിദാനം.
ഉപേക്ഷിക്കാനാകാത്ത ആ ബന്ധുത തന്നെയാണ് അയാളെ തിരികെയെത്തിക്കുന്നതും. അക്ഷയ/ ഡി
ടി പി സെന്റര്‍ നടത്തിപ്പുകാരിയായ സൂസന്നയും അയാള്‍ക്ക് മകളെ പോലെയാണ്.
മോണിറ്ററിന്റെ മുഖപ്പില്‍ സൂസന്ന കാണിച്ചുകൊടുക്കുന്ന കാഴ്ച്ചകളിലൂടെയാണ് അയാള്‍
ജന്മദേശത്തെ കണ്ടുതുടങ്ങുക. അവളാണ് അയാള്‍ക്ക് ഒരു മാതൃസ്വരൂപത്തെയും
പിതൃസ്വരൂപത്തെയും കാട്ടിക്കൊടുത്ത് ഒരു കുടുംബവേരിന്റെയും ദേശവേരിന്റെയും
അസ്തിത്വവും വ്യക്തിത്വവും നല്‍കുക. 2010 ല്‍ അഫ്ഘാനിസ്ഥാനില്‍ മുപ്പതോളം താലിബാന്‍കാരെ ഒറ്റയ്ക്ക്
നേരിട്ട ദിപ്രസാദ് പണ്‍ എന്ന ഗൂര്‍ഖാ സൈനികന്റെ കഥ പോലെ, വിക്ടോറിയ ക്രോസ് പോലും നേടിയ ബ്രിട്ടീഷ് സൈനികന്‍ ആയിരുന്ന
ദിപ്രസാദിന്റെ മുത്തച്ഛന്‍ തുള്‍ ലാല്‍ ബഹാദൂറിന്റെ കഥ പോലെ തന്റെ ദേശപൈതൃകത്തില്‍
അയാളെ അഭിമാനിയാക്കുന്നതും എന്നെങ്കിലും അങ്ങോട്ട് തിരിച്ചു പോകണം എന്ന ആശയം
അയാളുടെ ഉള്ളില്‍ വളര്‍ത്തുന്നതും സൂസന്നയാണ്. അയാളുടെ പേരിനും അത്തരം നേപ്പാളി
വേരുകള്‍ ഉണ്ടെന്നു അവള്‍ അയാളെ ബോധ്യപ്പെടുത്തുന്നു. തൃശലീന നദിയെ കുറിച്ച് അയാള്‍ക്കു
പറഞ്ഞുകൊടുക്കുന്ന കുഞ്ഞന്ന, ഉറക്കത്തില്‍
അയാള്‍ നേപ്പാളി സംസാരിച്ചു എന്ന് സംശയിക്കുന്നുണ്ട്: “കാലമെത്ര കഴിഞ്ഞാലും
ഓരോരുത്തരുടെയും ചോരയില്‍ അവന്റെ ഭാഷയും മണ്ണും വെള്ളവും എല്ലാം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും”
എന്ന് കുഞ്ഞന്ന നിരീക്ഷിക്കുന്നു. പള്ളിക്കാരും പട്ടക്കാരും കാലാകാലം
ശ്രമിച്ചിട്ടും നടക്കാതെ പോയ ലോക്കാച്ചിയുടെ കയ്യിലെ സ്ഥലം തീരുവാങ്ങല്‍, അപ്പന്റെ പത്തിതാഴ്ന്നു തുടങ്ങുന്ന ഘട്ടത്തില്‍, വഴുതിപ്പോകാന്‍ അനുവദിക്കാതെ സ്വന്തം പേരില്‍
നടത്തിച്ചെടുക്കുന്നുണ്ട് ഗബ്രിയേല്‍. അവിടെ പണിയുന്ന കെട്ടിടത്തിനു ലാച്ചിയെ
കൊണ്ട് കല്ലിടീക്കുന്നതിനു ഗബ്രിയേലിനു വിശദീകരണമുണ്ട്:
“കൈമാരിയിലെ പിള്ളേര്‍ക്ക്
ലാച്ചി ലോക്കാച്ചിയേക്കാള്‍ കൊറച്ച് ഉയരത്തിലാണ്.... കൈമാരി കുഞ്ഞന്ന ഞങ്ങള്‍ക്ക്
ഒത്തിരിയൊത്തിരി ഉയരത്തിലാണ്. കന്യാമറിയത്തെക്കാള്‍ ഒത്തിരിയൊത്തിരി ഉയരത്തില്‍.”
അറുപതുകള്‍
മുതല്‍ കഥാകാലമായി വരുന്ന നോവലില്‍, അപൂര്‍വ്വതയായിരുന്ന റേഡിയോ സംഗീതം, ചീറ്റിപ്പോയ നക്സലൈറ്റ് കലാപങ്ങള്‍, വയനാടന്‍ കുടിയേറ്റം, തുടങ്ങി പുതിയ
കാലത്തിന്റെ അക്ഷയ/ ഐ.ടി. സംസ്കാരം വരെ കാലിക മുദ്രകള്‍ പതിഞ്ഞു
കിടപ്പുണ്ടെങ്കിലും സമകാലികമായ മറ്റൊരു വലിയ ആകുലത വിപരീതാര്‍ത്ഥത്തില്‍
സൂചിതമാകുന്നുണ്ട് എന്നതാണ് പ്രത്യേകതയായി അനുഭവപ്പെടുക. ലോക്കാച്ചിയുടെ
വാക്കുകളില്‍ നോവലിസ്റ്റ് അത് ചുരുക്കെഴുതുന്നുണ്ട്: “കൊറച്ചെണ്ണത്തിനെ കര്‍ത്താവു തമ്പുരാന്‍ അമേരിക്കേലേക്കാ
വലിച്ചത്. ചെലതിനെ ഇറ്റലിയിലേക്കും.. വല്ല ചട്ടനോ പൊട്ടനോ ഒണ്ടായിരുന്നേ ഇപ്പൊ
ഉപകാരപ്പെട്ടേനേ..” തെക്കന്‍ കേരളത്തിലെ ക്രിസ്തീയ സമൂഹങ്ങള്‍ നേരിടുന്ന, അപരവിദ്വേഷമായി പൊലിപ്പിച്ചെടുക്കാന്‍ ഇന്നു ചില
കേന്ദ്രങ്ങളെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിസന്ധിയാണ് ഇവിടെ
വെളിപ്പെടുന്നത്. മലയാള സാഹിത്യം സജീവമായി നിരീക്ഷിക്കേണ്ട ഒരു വിഷയം തന്നെയാണ്
സ്വതസിദ്ധമായ ന്യൂനോക്തിയില്‍ നോവലിസ്റ്റ് ഇവിടെ പറഞ്ഞുവെക്കുന്നത്.
കൂടുതല്‍ വായനക്ക്:
നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html
ദേശത്തിന്റെ ജാതകം – കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2017/02/blog-post.html
അസൂറ - കെ.ആര്‍.വിശ്വനാഥന്‍
https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html
നദിളാകാന്‍ ക്ഷണിക്കുന്നു – ബാലന്‍ വേങ്ങര
https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html
മാജി- ഹാരിസ് നെന്മേനി
https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html
Afghan
Pranayakalam by Sumod (Malayalam)
https://alittlesomethings.blogspot.com/2024/09/afghan-pranayakalam-by-sumod-malayalam.html
No comments:
Post a Comment