Featured Post

Showing posts with label K.R. Viswanathan. Show all posts
Showing posts with label K.R. Viswanathan. Show all posts

Thursday, August 22, 2024

Kunjannayude Jeevacharithram by K.R. Viswanathan (Malayalam Novel)

 

പെണ്മയുടെ തിരുമുറിവുകള്‍

             

പൂര്‍ണ്ണ – ഉറൂബ് പുരസ്കാരം നേടിയ ‘ദേശത്തിന്റെ ജാതകം’ പോലുള്ള ബൃഹദ് കൃതികളിലൂടെ കഥപറച്ചിലിന്റെ മാന്ത്രികത അനുഭവിപ്പിച്ച എഴുത്തുകാരനാണ്‌ ശ്രി. കെ. ആര്‍. വിശ്വനാഥന്‍. വിചിത്ര സൌന്ദര്യമിയന്ന പാത്രസൃഷ്ടിയും തീക്ഷ്ണമായ കഥാ സന്ദര്‍ഭങ്ങളും കൊണ്ട് ചടുല വായന ഉറപ്പുവരുത്തുന്നതോടൊപ്പം ഫിക് ഷന്റെ സാധ്യതകളില്‍ മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ഇടക്കൊക്കെ ഞെട്ടിക്കുകയും ചെയ്യുന്ന നോവലിസ്റ്റ് കൂടിയാണ് അദ്ദേഹം. പൂര്‍ണ്ണ ബുക്സ് പുറത്തിറക്കിയ 'കുഞ്ഞന്നയുടെ ജീവചരിത്ര'മെന്ന ഏറ്റവും പുതിയ നോവലിലും അദ്ദേഹം തന്റെ സിദ്ധികള്‍ തേച്ചുമിനുക്കുന്നുണ്ട്‌.

ആണ്‍പോരിമയുടെ ഏകാധിപത്യം

ഒരാള്‍ക്ക് മാത്രമായി ഒരു കഥയില്ലെന്നിരിക്കെജീവചരിത്രംകുടുംബ ചരിത്രംസമൂഹ ചരിത്രംദേശ ചരിത്രം എന്നതൊക്കെ ഏറിയോ കുറഞ്ഞോ പരസ്പരം കൊമ്പുകോര്‍ക്കുന്ന വിനിമയങ്ങളാണ്. കുഞ്ഞന്നയുടെ ജീവചരിത്രത്തില്‍ അങ്ങനെ ലാച്ചിയുടെയും ലോക്കോച്ചിയുടെയും, കോക്കാച്ചിയുടെയും ഏലിക്കുട്ടിയുടെയും കൊച്ചുനാരായണിയുടെയും എന്ന പോലെമൂന്നു തലമുറകളുടെ ജീവചരിത്രങ്ങള്‍ സംഗമിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം ലോക്കാച്ചിയുടെതു തന്നെ. “ഇഞ്ചത്തലേം കെട്ടിയ പെണ്ണിന്റെ തലേം നമ്മുടെ തലയ്ക്കുമേലെ പൊങ്ങാന്‍ സമ്മതിക്കല്ല്. പൊങ്ങ്യാ നമ്മള് നരകിക്കും” എന്ന് ഒസ്യത്തു ചെയ്ത, പാവം ഏലിക്കുട്ടിയെ ആനത്തോട്ടി പോലെ “കുണുക്കെന്നു പറയുന്ന... ചങ്ങലക്കണ്ണി”യില്‍ കൊളുത്തിവലിക്കുമായിരുന്ന, “നീട്ടെടീ നിന്റെ കൈ..!” എന്ന് ആ സാധുവിന്റെ കൈക്കുമ്പിളില്‍ വിസര്‍ജ്ജിക്കുമായിരുന്ന അപ്പന്റെ അതേ ജനിതകത്തില്‍ പിറന്നവന്‍. എഴുപത്തഞ്ചു കഴിഞ്ഞിട്ടും പ്രായം തളര്‍ത്താത്ത ആണ്‍കോയ്മയെ സ്നേഹരാഹിത്യവും പന്നിക്കൂറ്റന്റെ കാമവെറിയുമായി കൊണ്ടാടുന്ന, ഒടുവിലൊടുവില്‍ കുരിശു വരക്കേണ്ടത് എങ്ങനെയെന്നു മറന്നു പോകുന്ന“എന്നെ നരകത്തിലേക്കെന്നു ചാപ്പ കുത്തിയതാ അച്ചോ..” എന്നു പാതി തമാശയും പാതി വിശുദ്ധഗ്രന്ഥത്തിലെ സാത്താനെ പോലെ ദൈവ രാഹിത്യവുമായി പ്രഖ്യാപിക്കുന്ന, തന്റെ രക്തത്തില്‍ പിറന്ന പത്തുമക്കളില്‍ ഒന്നിനെയെങ്കിലുമോ, അവരെയെല്ലാം പെറ്റ പാവം കുഞ്ഞന്നയെയോ ഒരു നിമിഷം പോലും മനുഷ്യരായി കാണാത്ത മലീമസ ജന്മം. എല്ലാത്തിനുമുപരി എപ്പോള്‍ വേണമെങ്കിലും സാധിക്കാനുള്ള തന്റെ സിദ്ധിയുപയോഗിച്ചു നടത്തുന്ന പന്നിക്കൂട്ടിലെ വിസര്‍ജ്ജനത്തെയും കുഞ്ഞന്ന ഉള്‍പ്പടെ നായടുന്ന മുഴുവന്‍ പെണ്ണുടലുകളിലും നടത്തുന്നു പേക്കൂത്തുകളെയും ഒന്നായിക്കാണുന്നവന്‍. ചവിട്ടുകപുറത്തു കയറുക എന്നീ വാക്കുകള്‍ കൊണ്ടാണ് ലോക്കാച്ചി ശാരീരിക ബന്ധത്തെ വിവരിക്കുക. “ഇണചേരുക എന്നൊരു ലളിതമായ പദത്തിലേക്ക് എത്താന്‍ മാത്രം ലളിതമായിരുന്നില്ല അയാളുടെ മനസ്” എന്ന് നോവലിസ്റ്റ് എഴുതുന്നു. അത്തരം ആണ്‍പോരിമയുടെ സഹജ ഭാവമായ കന്യാരക്ത ഭ്രമം ആദ്യരാത്രിയില്‍ വസ്ത്രം കത്തിച്ചു കളഞ്ഞു കുഞ്ഞന്ന തകര്‍ക്കുന്നത് അയാളെ എന്നും വേട്ടയാടും. “അന്ന് രാത്രീല് നിങ്ങ്ടെ ചവിട്ടില് എന്റെ വയട്ടില്‍നിന്നും കൊറച്ച് തീട്ടോം പോയി. അതുകൊണ്ടാ ഞാനത് കത്തിച്ചുകളഞ്ഞത്” എന്ന് കുഞ്ഞന്ന വിവരിക്കുന്നുണ്ട്. “ഒരു നിലാത്തുണ്ടുപോലെ സൌമ്യനും ശാന്തനും” എന്നു കുഞ്ഞന്ന കണ്ടെത്തുന്ന കടിഞ്ഞൂല്‍ പുത്രനെ പന്നിയുടെ മുഖമായാണ് ലോക്കാച്ചി സാത്മ്യപ്പെടുത്തുക. തന്നെ ആക്രമിച്ച പന്നിയില്‍ അയാള്‍ അവന്റെ മുഖം കാണുകയും ചെയ്യും. അയാളുടെ കണ്ണില്‍ മക്കളെല്ലാം അങ്ങനെയാണ്. ആ കാടത്തത്തിന്റെ ആദ്യബലിയാവുക എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകാന്‍ നിര്‍ബന്ധിതനാകുന്ന ആബേല്‍ തന്നെ; വിശുദ്ധഗ്രന്ഥത്തിലും മനുഷ്യന്റെ ക്രൂരതയുടെ ചിഹ്നമായി സംഭവിക്കുന്ന ആദ്യബലിയിലെ ഇരയുടെ അതേ പേരുകാരന്‍. നോവലിലെ അനേകം ബിബ്ലിക്കല്‍ സൂചനകളില്‍ ഒന്നുമാത്രമാണ് ഇത്. അപ്പന്റെ പ്രാക്ക് നിരന്തരം കേട്ടതിന്റെ ഫലമായി സ്വയമൊരു പന്നിയെന്ന വിഭ്രാന്തിക്കടിപ്പെടുന്ന നവയുവാവിനെ “തന്റെ ദാസനാക്കാന്‍ കര്‍ത്താവു സമ്മതിച്ചില്ല” എന്ന് സെമിനാരി പ്രവേശം നിഷേധിക്കുന്ന പള്ളിയും ഇവിടെ പ്രതിസ്ഥാനത്തുണ്ട്. നോവലന്ത്യത്തില്‍ഒരാത്യന്തിക സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നിമിഷത്തില്‍ കുഞ്ഞന്ന പ്രഖ്യാപിക്കുന്നുണ്ട്:

“സൂസന്നെ എനിക്ക് പ്രതീക്ഷയുണ്ട്. കൂട്ടംതെറ്റിപ്പോയ കുഞ്ഞാടിനെ ഞാന്‍ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷ... എവിടെയോ അവന്‍ എന്നെ കാത്തിരിക്കുന്നുണ്ട്. എന്റെ ആബേല്‍..”

“അല്ലെങ്കില്‍ ഈ ജന്മം ഇങ്ങനെയങ്ങ്..”

അന്നവര്‍ ആദ്യമായി പാതിയില്‍വെച്ച് അതവസാനിപ്പിച്ചു” എന്നുകൂടി നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.

സ്വന്തം രക്തത്തില്‍ പിറന്ന മക്കളെക്കാള്‍ പന്നിക്കൂട്ടിലെ കൂറ്റന്‍മാരെ സ്നേഹിച്ച ലോക്കാച്ചി, പന്നിയുടെ ഉഴുതുമറിയില്‍ പാതി പൗരുഷം മുറിഞ്ഞു ആശുപത്രിയിലാകുന്നതില്‍ വഷളത്തം മുറ്റിയ വല്ലാത്തൊരു വൈരുധ്യമുണ്ട്. സന്ദര്‍ഭം ആവശ്യപ്പെടുന്ന കുറ്റബോധം തോന്നാത്തതില്‍ കുഞ്ഞന്നക്ക് ദുഃഖം തോന്നുന്നു:  “താന്‍ അങ്ങനെ ഒരു നിലവിളി പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നു അവള്‍ സംശയിച്ചു”. ഒരര്‍ത്ഥത്തില്‍ ലോക്കാച്ചിയുടെ പതനം ആരംഭിക്കുന്നതും അവിടംതൊട്ടാണ്. പോകെപ്പോകെ അയാള്‍ക്ക് എല്ലാവരെയും ഭയമായിത്തുടങ്ങുന്നു.

“ഐസക് മാത്രമല്ല ശത്രു.. നാടുവിട്ടുപോയ ആബേല്‍വല്ലപ്പോഴും വരുന്ന ഗബ്രിയേല്‍, വികാരിയച്ചന്‍, പന്നിക്കൂട്ടില്‍ താന്‍ ചെല്ലുമ്പോള്‍ വെറുതെ വിറയ്ക്കുന്ന ശിഖരത്തില്‍ തൂങ്ങിക്കിടക്കുന്ന ലില്ലി, ഐസക്ക്,  ക്ലീറ്റസ്, ഒറോത, കുഞ്ഞേപ്പ്, അജിത, മന്ദാകിനി, കുന്നിക്കല്‍ നാരായണന്‍...”

എന്ന് നോവലിസ്റ്റ് ചുരുക്കെഴുതുന്നുണ്ട്. നേരിട്ട് ഒരിക്കലും കണ്ടു മുട്ടുന്നില്ലെങ്കിലുംലോക്കാച്ചിയുടെ എതിരറ്റത്തു നിലയുറപ്പിക്കുന്നു എന്നതുകൊണ്ടു തന്നെയാവണം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാഗത്ത് നിന്ന് പോലും നക്സലൈറ്റുകള്‍ക്ക് നോവലില്‍ പിന്തുണ കിട്ടുന്നുണ്ട്‌. കൊച്ചുനാരായണിയെ പോലുള്ളവര്‍ക്ക് അവര്‍ “അരുവിത്തറ പുണ്യാളച്ചനെ പോലെ. പുണ്യാളമ്മാര്” ആയിരിക്കുന്നത് സ്വാഭാവികമായിരിക്കാം. എന്നാല്‍വികാരിയച്ചന്‍ പോലും അത് ഉറപ്പിക്കുന്നു. “ഞാന്‍ മാത്രമല്ല.. ദൈവവും അവരോടോപ്പമാണെന്ന് തോന്നുന്നു. ഏറ്റവും കുറഞ്ഞത്‌ നിന്റെ കാര്യത്തിലെങ്കിലും ഞാന്‍ അവരോടൊപ്പമാണ്” എന്ന് അച്ചന്‍ ലോക്കാച്ചിയോട് പറയുന്നു. “ജീവിതം  മുഴുവനും ആ തോക്ക് നിന്റെ നേര്‍ക്ക് ചൂണ്ടിക്കൊണ്ടിരിക്കും. അത്രമാത്രം പാപം നീയും അപ്പനും ചെയ്തുകൂട്ടിയിട്ടുണ്ട്.”

കരിമീന്‍ മുള്ളിലും മകളുടെ മുറിച്ചെടുക്കപ്പെട്ട മുടിച്ചുരുളുകളിലും വരെ ശത്രുവിനെ കാണേണ്ടി വരാന്‍ മാത്രം പാപങ്ങള്‍ ചെയ്തുകൂട്ടിയിട്ടുംകൂട്ടംതെറ്റിപ്പോയ കുഞ്ഞാടിനെ ഓര്‍ത്ത് ഒരുത്തിയുടെ നെഞ്ചില്‍ അണയാത്ത തീ വിതക്കുകയും, “എന്റെ കുട്ട്യേ എവിടെയാണ് കുഴിച്ചിട്ടത്?” എന്ന വായ്ത്താരിയോടെ ആദ്യം ഉന്മാദത്തിന്റെ കാണാക്കയങ്ങളിലേക്കും പിന്നീട് വിചിത്രമായ ‘ഒരു പ്രാര്‍ത്ഥനയുടെ പ്രാശാന്തയോടെ ഒരു കയര്‍കുരുക്കിന്റെ മോക്ഷത്തിലേക്കും വലിച്ചിഴക്കപ്പെടുന്ന ലില്ലിയുടെ അന്ത്യത്തിനു നേരിട്ടു കാരണക്കാരനാവുകയും ചെയ്തിട്ടും, ചെയ്തുകൂട്ടിയതൊന്നും പാപമായി അയാള്‍ക്ക് ഒരു ഘട്ടത്തിലും തോന്നുന്നില്ല എന്നിടത്താണ് ലോക്കാച്ചി ഒരു വേറിട്ട കഥാപാത്രമായി മലയാള സാഹിത്യത്തില്‍ ഇടം പിടിക്കുന്നത്‌. അതൊരു ആത്മഹത്യതന്നെയായിരുന്നോ അതോ അയാളുടെ കൈക്രിയയോ എന്ന കുഞ്ഞന്നയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറുന്നത് കുറ്റബോധം കൊണ്ടല്ലവെറും അവഗണനയാണ്. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കുടുംബത്തിനു രക്ഷാകവചമായിരുന്ന ലാച്ചിയുടെ വിട്ടുപോക്കിനെ കുറിച്ചുള്ള അയാളുടെ വിഷമം പോലും സ്വാര്‍ത്ഥനിരപേക്ഷമല്ല. മനുഷ്യപ്പറ്റിന്റെ (redeeming grace) ഒരു ചിഹ്നം പോലുമില്ലാത്ത അയാള്‍ക്ക് പൊതുവേ കട്ടിയായ പുറംതോടും ഉള്ളിലെവിടെയൊക്കെയോ സ്നേഹ/ കര്‍ത്തവ്യ പാശങ്ങളുടെ ഇളനീരും സൂക്ഷിക്കുന്ന മലയാളത്തിലെ ഒരു താന്തോന്നി/ ഏകാധിപതി പിതൃസ്വരൂപത്തിലും മുന്‍മാതൃകയില്ലെന്നാണ് ഈ ലേഖകന്റെ പരിമിതബോധ്യം. ഏതോ വല്യപ്പന്‍ വിട്ടുപോയ ഭ്രാന്തിന്റെ വിത്തുകള്‍ തന്നില്‍ മുളപോട്ടുന്നോ എന്നു തോന്നിത്തുടങ്ങുമ്പോഴും കുഞ്ഞന്നയോടുള്ള അയാളുടെ സമ്പൂര്‍ണ്ണ ശാരീരിക ആശ്രിതത്വം അയാളുടെ മനസ്സിലെ കൂറ്റനെ അടക്കുന്നില്ല. കൊച്ചുനാരായണിയുടെ ഉടലില്‍ ഇനി അറിയാനൊന്നും ബാക്കിയില്ലാത്ത മിനുപ്പുകളെ ധ്യാനിച്ചു പാതിമുറിഞ്ഞ പൗരുഷത്തെ ഉണര്‍ത്താനാവുമോ എന്ന് മാത്രമല്ലഅതേ കൊച്ചുനാരയണിയുടെ മകള്‍ കൂടിയായ മരുമകളെ ‘ആഫ്രിക്കന്‍’ പാരമ്പര്യത്തില്‍ അനുഭവിക്കുന്നത് സ്വപ്നം കാണാനും ആ ഘട്ടത്തിലും അയാള്‍ക്കു മടിയില്ല. “എന്റെ അമ്മേടെ അടുത്തേക്കു പോകാന്‍ ലോക്കാച്ചിയുടെ കൈയില്‍ ഒന്നുമില്ലല്ലോ” എന്നു കല്യാണി അയാളുടെ വാലുമുറിക്കുന്നത് അയാളുടെ പതനത്തിന്റെ തുടര്‍ച്ചയാണ്. ലോക്കാച്ചിയെന്ന പേര് സ്വയം തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ത്തന്നെ മനുഷ്യബന്ധങ്ങളെ സൂചിപ്പിക്കുന്ന അപ്പന്‍അമ്മാവന്‍മുത്തച്ഛന്‍ തുടങ്ങിയ ഒന്നും തന്റെ പേരില്‍ വേണ്ടെന്നും എല്ലാര്‍ക്കും ഒരേപോലെ വിളിക്കാവുന്ന ഒന്ന് മതിയെന്നുമുള്ള ലോക്കയുടെ തീരുമാനമുണ്ട്. ഈ തീരുമാനമാണ് ഒരു മുന്‍കാല പ്രാബല്യത്തില്‍ അയാളുടെ അപ്പനെ കോക്കാച്ചി എന്ന് വിളിക്കുന്നതിലേക്കും നാട്ടുകാരെ എത്തിക്കുക. ആദ്യം ഗബ്രിയേലും അതിന്റെ തുടര്‍ച്ചയായി ക്ലീറ്റസും അപ്പനു മുന്നില്‍ പത്തിവിരിച്ചു തുടങ്ങുന്നതോടെയാണ് അയാള്‍ക്കു കാര്യങ്ങള്‍ കൈവിട്ടുതുടങ്ങുക. ലോക്കാച്ചിയുടെ ആണ്‍മക്കളുടെ ജനിതകത്തില്‍ അനുസരണ മാത്രമല്ലഅപ്പനോടുള്ള ഭയവും പറഞ്ഞുവെച്ചിരുന്നില്ല. ഏതാണ്ടൊരു ജീവശാസ്ത്രപരമായ പരമായ നിര്‍ണ്ണിതാവസ്ഥയില്‍ (biological determinism) അപ്പന്റെ ദുര്‍ഗ്ഗുണങ്ങളുടെ തനിപ്പകര്‍പ്പായി പിറവിയെടുത്ത പിതാവിന്റെ പ്രാകൃത/ ശാഠ്യങ്ങളോടുള്ള ബോധ പൂര്‍വ്വമായ എതിര്‍പ്പാണ് ഗബ്രിയേലിനെയും ക്ലീറ്റസിനെയും ഇതര പരിഗണനകള്‍ മാറ്റിവെച്ചു സഹോദരിമാരുടെ പ്രതിരോധത്തിലേക്കും അപ്പനെ തുറന്നെതിര്‍ക്കുന്നതിലേക്കും എത്തിക്കുന്നതും. ലില്ലിയുടെ അവിഹിതഗര്‍ഭം പോലും അവരെ അലോസരപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതൊരു അതിവൈകാരിക പ്രായശ്ചിത്തം ഒന്നുമല്ല. ഗബ്രിയേല്‍ ആ വൈരുദ്ധ്യത്തെ നിരീക്ഷിക്കുന്നു:

“ഈ ഭൂമിയുടെ കറക്കം വല്ലാത്തതു തന്നെ. കോക്കാച്ചി വല്യനാരായണിയെ വെച്ചുകൊണ്ടിരുന്നു. കോക്കാച്ചിയുടെ മകന്‍ ലോക്കാച്ചി വല്യനാരായണിയുടെ മകള്‍ കൊച്ചുനാരായണിയെ കെട്ടാന്‍ നടന്നു സാധിക്കാതെ വ്യസനിച്ച് കടയുടെ ചായ്പ്പില്‍ പാര്‍പ്പിച്ചു. ലോക്കാച്ചിയുടെ മകന്‍ ഗബ്രിയേല്‍ കൊച്ചുനാരായണിയുടെ മകള്‍ കൊച്ചുകല്യാണിയെ കെട്ടി അവന്റെ ഒപ്പം പാര്‍പ്പിക്കുന്നു”

പെണ്‍ജീവിതമെന്ന സഹനപര്‍വ്വം

എന്നാല്‍, കൈമാരി വീട്ടിലെ പെണ്‍കുട്ടികളുടെ വിധി വ്യത്യസ്തമായിരുന്നു. ലാലിയെയും ലില്ലിയെയും കര്‍ത്താവിന്റെ മണവാട്ടിമാരാകാന്‍ അപ്പന്‍ നടതള്ളുന്നതില്‍ ദൈവഹിതമോ വിശ്വാസമോ ഒന്നുമുണ്ടായിരുന്നില്ലെന്നു തിരിച്ചറിയുമ്പോഴും അവര്‍ക്കു പക്ഷെ വേറെ വഴിയുണ്ടായിരുന്നില്ലകണ്ടെത്തുന്ന വഴികളില്‍ ലാലി രക്ഷപ്പെടുമ്പോഴും ലില്ലി ഒടുങ്ങുകയും ചെയ്യും. ലില്ലിയുടെ ദുരന്തം കൈമാരി കുടുംബത്തിലെ പെണ്‍വിഹിതത്തെ ഏറ്റവും തീക്ഷ്ണമായി ആവിഷ്കരിക്കുന്നു. ഏലിക്കുട്ടിയില്‍ നിന്നു കുഞ്ഞന്നയിലേക്കും അവിടെനിന്നു പെണ്‍മക്കളിലേക്കുംവിശേഷിച്ചും ആരെടാ എന്ന് ചോദിക്കും മുമ്പ് ഞാനെടാ എന്ന് പറയാനും മാത്രം ആണ്‍മക്കള്‍ മുതിര്‍ന്നുവരും വരെവ്യാപിക്കുന്ന സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെയും മൃഗവല്‍ക്കരണത്തിന്റെയും കഥയാണത്. ലാലിയുടെ മൂത്തമകള്‍ ഭാഗ്യലക്ഷ്മിയെ കാണിക്കാന്‍ ലാച്ചിയറിയാതെ കുക്രി പുറത്തെടുക്കും നേരമാണ് കുഞ്ഞന്ന സ്വയം ആഴത്തില്‍ മുറിപ്പെടുത്തുന്നതും നോവലില്‍ ഒരു വായ്ത്താരി പോലെ പലവുരു ആവര്‍ത്തിക്കുന്ന ജന്മത്തിന്റെ നിസ്സഹായത എന്ന ‘കൊന്ത ചൊല്ലല്‍’ ആദ്യം ഉച്ചരിക്കുന്നതും:

“ഈ ജന്മം ഇങ്ങനങ്ങു തീര്‍ന്നോട്ടെ.. എനിക്കാരോടും പരാതിയില്ല.. ദൈവത്തോടു പോലും.”

ചെയ്യാനുള്ളതു ചെയ്യാനുള്ള കഴിവുകേടില്‍ ജീവിതം വ്യര്‍ത്ഥമെന്നു തോന്നുന്ന മനുഷ്യര്‍ അതങ്ങനെ ഏതാണ്ടൊരു യോഗീഭാവത്തില്‍ ആവര്‍ത്തിക്കുന്നതിന് ‘ദേശത്തിന്റെ ജാതകത്തിലെ അച്ചുവണ്ണനിലും മാതൃകയുണ്ട്‌. എന്നാല്‍ കൈമാരി വീട്ടിലെ പെണ്ണുങ്ങള്‍പ്രത്യേകിച്ചും അങ്ങോട്ട്‌ കെട്ടിക്കേറി വരുന്നവര്‍ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുക ഈ വാക്യമാണെന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്.

“ഓരോ പെണ്ണും ഓരോ ദിവസവും ഒരു തവണയെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്.. കൈമാരി വീട്ടിലേക്കു കെട്ടിക്കേറി വന്ന പെണ്ണാണെങ്കില്‍ തീര്‍ച്ചയായും.”

എന്തുകൊണ്ടാണ് കുഞ്ഞന്ന, വികാരിയച്ചന്‍ പറയുമ്പോലെ, കുമ്പസാരിക്കാന്‍ എത്താത്ത ഇടവകയിലെ ഏകസ്ത്രീ ആയിരിക്കുന്നത് എന്നതിന്റെ ഉത്തരവും അവളുടെ ക്രൂശുമുറിവുകള്‍ തന്നെയാണ്. മുറിവുകള്‍ ജീവിതത്തിന്റെ ആകത്തുകയെന്ന നിരീക്ഷണം കുഞ്ഞന്നയിലാണ് ഏറ്റവും തെളിഞ്ഞു കാണുന്നത്:

“ആകെ അമ്പത്തിയൊന്നു തുന്നലുകള്‍. അത്രയും ഞാനെണ്ണി. ഞാന്‍ കൈമാരിക്കുടുംബത്തിലേക്ക് വന്നിട്ട് അമ്പത്തിഒന്ന് വര്‍ഷമാകുന്നു. എല്ലാം കിറുകൃത്യം.”

പുറത്തെടുത്ത കുക്രിയില്‍ ചോര പതിയേണ്ടതിന്റെ കഥ ആണുങ്ങള്‍ പറയുമ്പോള്‍ ശര്‍ദ്ദിക്കാന്‍ തോന്നുന്ന കുഞ്ഞന്ന സ്വയം മുറിപ്പെടുത്തുന്നതില്‍ വൈരുധ്യം കാണാത്തത് അങ്ങനെയാണ് വ്യക്തമാകുക. “ആര്‍ത്തവം പോലെ പെണ്ണിന്റെ കരച്ചിലുകള്‍ക്കും നീ ഒരു കാലം നിശ്ചയിക്കാത്തതെന്തുകൊണ്ട്?” എന്നു ഖിന്നയാകുന്ന കുഞ്ഞന്ന പറഞ്ഞുപതിഞ്ഞ വിശ്വാസ വിധേയത്വമല്ലല്ലോ പ്രതിനിധാനം ചെയ്യുന്നത്. കര്‍ത്താവും പാപചിന്തയുമൊന്നും കൈമാരി വീട്ടിലെ പെണ്ണുങ്ങളെ ഭയപ്പെടുത്താത്തതും അവരുടെതിനേക്കാള്‍ വലിയ സഹനങ്ങള്‍ വേറെയില്ല എന്ന ബോധ്യത്തിലാണ്: “കര്‍ത്താവിന്റെ പാപംന്ന് പറയണത് എനിക്കു കോപ്പാ” എന്നു ധിക്കാരിയാകുന്ന ലില്ലിഅടിച്ചേല്‍പ്പിക്കപ്പെടുന്ന കന്യാസ്ത്രീ ജീവിതം വലിച്ചെറിഞ്ഞു തിരിച്ചുവരുമെന്നും അമ്മയാകുമെന്നും മകള്‍ക്ക്, ലോക്കാച്ചിയെ ഭയപ്പെടുത്തുന്ന അജിതയെന്ന നക്സലൈറ്റ് പേരിടുമെന്നും പ്രഖ്യാപിക്കുന്നു. അപ്പനെ ധിക്കരിക്കുന്നതിനെ പാപമെന്ന് വിളിക്കുന്ന കുഞ്ഞന്നയോട് സ്റ്റെല്ലയും പൊട്ടിത്തെറിക്കുന്നുണ്ട്: “ആ പാപം എനിക്ക് കോപ്പാ.. അത് യൂദാസിന്റെ ഒപ്പം ഒരു പാപമാണെങ്കില്‍ പോലും.” അപ്പന്റെ ബാക്കി ലിംഗം കൂടി പന്നി കടിച്ചുപറിക്കട്ടെ എന്നാശിക്കുന്ന ലൂസിയും അതുതന്നെ പറയും: “ദൈവദോഷം എനിക്ക് കോപ്പാ.” ഈ സഹന പര്‍വ്വങ്ങളുടെ കഥയറിയാവുന്നതുകൊണ്ടാണ് ഐസക് ലൂസിയെയും കൊണ്ട് രായ്ക്കുരാമാനം കടക്കുമ്പോള്‍, ഗൂര്‍ഖയുടെ ഉത്തരവാദിത്തം മാറ്റിവെച്ചു, ആ ‘തോല്‍വിയുടെ കഥ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കണം എന്ന് ലൂസിയെ ശട്ടം കെട്ടി ലാച്ചി അയാളോട് പറയുന്നത്: “വിഷമിപ്പിക്കരുത്... ഒത്തിരി സഹിച്ചവരാണ് കൈമാരിയിലെ പെണ്ണുങ്ങള്‍.” ഇതേ സഹനത്തെ അനാവശ്യ വിധേയത്വമായിക്കാണുന്ന അടുത്ത തലമുറയുടെ ചോദ്യം ലൂസിയിലൂടെ കുഞ്ഞന്ന നേരിടുന്നുണ്ട്: “അമ്മക്ക് ഒരിക്കലെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണമെന്നു തോന്നിയിട്ടില്ലേ?” അതിനു മറുമൊഴി പറയുക മൂന്നാം തലമുറയിലെ പെണ്‍കുട്ടിയുടെ പരിഹാസമാണ്: “രക്ഷപ്പെടണമെന്നൊക്കെ ചിന്തിക്കാന്‍ വല്യമ്മച്ചിക്ക് പേറൊഴിഞ്ഞിട്ട്‌ നേരം കിട്ടിയിട്ടുണ്ടാവില്ല. അല്ലെ വല്യമ്മച്ചീ..” എന്നാല്‍നോവലന്ത്യം യാഥാതഥത്വത്തെ ഇത്തിരിയൊരു വലിച്ചുനീട്ടുന്ന വിധത്തില്‍ കുഞ്ഞന്നയില്‍ വരുത്തുന്ന പരിണാമം, അത് വേണ്ടത്ര ഫലപ്രദമായോ എന്ന വിമര്‍ശക ദൃഷ്ടിക്കു വഴിവെക്കുമ്പോഴുംമറ്റൊരു സാധ്യതയിലേക്കാണ് കുതിക്കുന്നത്: സൂസന്നയുടെ എഴുത്തുകാരനായ ഭര്‍ത്താവിനു എഴുതാന്‍ പാകത്തില്‍ തന്റെ കഥ അവളോട്‌ വിവരിക്കുമ്പോള്‍ അതിനു “സാധാരണ പെണ്‍കഥ അവസാനിക്കുന്നതുപോലെയല്ലാതെ.. മികച്ച ഒരവസാനം” നല്‍കാന്‍ എന്ന വ്യാഖ്യാനത്തോടെ കുഞ്ഞന്ന അത് വിവരിക്കുന്നുണ്ട്. ഒരൊറ്റ നിമിഷത്തെ പ്രതികരണമായ ഒരു പ്രതികാരത്തില്‍പന്നിക്കൂട്ടിലെ മാലിന്യത്തിലെന്നോണം ജീവിതകാലം മുഴുവന്‍ തന്നെ ചവിട്ടി –‘ചവിട്ടിയും- മെതിച്ച ആണഹന്തക്ക് ആത്യന്തികമായ ഒരു പ്രഹരം ഏല്‍പ്പിക്കും വിധം മരിക്കും മുമ്പേ അയാള്‍ മരിച്ചു എന്നുറപ്പിക്കാന്‍ പറയുന്ന പെരുംനുണയുടെ കഥയാണത്. ലോക്കാച്ചിയെ വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പ് കുഞ്ഞന്ന അതയാളോട് പറഞ്ഞു.

“എനിക്കപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്... മനസ്സില്‍ ഏതോ കോണില്‍ കിടന്ന വെറുപ്പെല്ലാം അറിയാതെ പുറത്തെക്കൊഴുകിയതാണ്... ആ സമയത്തും അയാളുടെ മനസില്‍ ഞാന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍..  അറിഞ്ഞുകൊണ്ടു ചെയ്ത പാപം. ലോക്കാച്ചിയുടെ ഒപ്പം ജീവിക്കുന്ന ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന ഒരു പാപം.”

അമ്പതാണ്ടും ആവര്‍ത്തിച്ച ആ പാപത്തെ അവര്‍ വാക്കുകളില്‍ മൊഴിപ്പെടുത്തുന്നു:

 “രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ മരിച്ചോ എന്ന് ഞാന്‍ നോക്കിയിട്ടുണ്ട്. ഒരിക്കലല്ല.. പലതവണ..” 

ലോക്കാച്ചിയുടെ മരണശേഷം കുഞ്ഞന്നയുടെ തന്നെ അനുവാദത്തോടെ യത്ര തിരക്കാന്‍ തുടങ്ങുന്ന ലാച്ചിയോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ കുഞ്ഞന്നക്കു രണ്ടു ലക്ഷ്യങ്ങളുണ്ട്‌:

 “കുറച്ചുനേരം നടക്കുക.. ലാച്ചിയോടൊപ്പം.. വെറുതെ.. തോന്നുമ്പോള്‍ തിരിച്ചുപോരും.. അല്ലെങ്കില്‍ എന്നാണു തിരിച്ചുപോകുന്നതെന്ന് ലാച്ചി ചോദിക്കുംവരെ..”

ഒപ്പംകൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ കണ്ടുപിടിക്കുക എന്നും. എന്നാല്‍, സ്ത്രീപക്ഷ വീക്ഷണത്തില്‍ ഉജ്ജ്വലമായി അനുഭവപ്പെടാവുന്ന ഇത്തരം ഒരു പരിണാമത്തിലേക്ക് പരുവപ്പെടാന്‍ വേണ്ട ഉള്‍ക്കരുത്ത് കുഞ്ഞന്നയില്‍ നോവലിസ്റ്റ് നിക്ഷേപിച്ചിരുന്നോ എന്നൊരു സന്ദേഹം സംഗതവുമാണ്. അതുപോലെപ്രകടമായ സ്ത്രീപക്ഷത അവകാശപ്പെടാന്‍ കഴിയുമ്പോഴും ഒരു ഘട്ടത്തിലെങ്കിലും നോവലിലൊരു ആണ്‍നോട്ട ക്ലീഷേ കടന്നുകൂടിയോ എന്നൊരു തോന്നലുണ്ടാക്കിയ ഒരു നിമിഷത്തെകൂടി വിമര്‍ശനപരമായി എടുത്തു കാട്ടേണ്ടതുണ്ട്: “ഒരു ഗ്രാമം എത്ര പെട്ടെന്നാണ് അതിന്റെ മനസ് മാറ്റിപ്പണിയുന്നത്‌. പെണ്ണിനെ പോലെയാണത്. മേലും മനസും പെട്ടെന്നു മാറിക്കൊണ്ടിരിക്കും” എന്നൊരു നിരീക്ഷണം ഒരു ആണ്‍നോട്ട ബാധയായി ഇടം പിടിക്കുന്ന സന്ദര്‍ഭം നോവലിലുണ്ട്‌.

ലില്ലി: കുരിശേറുന്ന പെണ്മ

ലില്ലിയുടെ ദുരന്തം നോവലിലെ ഏറ്റവും ഉള്ളുലക്കുന്ന ഭാഗമായി വരുന്നത്, അവളുടെതിനെക്കാള്‍ വീറോടെ അപ്പനെ ധിക്കരിക്കുന്ന ഗബ്രിയേലും ക്ലീറ്റസുമെല്ലാം അതിജീവിക്കുമ്പോഴും പെണ്ണായിപ്പോയി എന്നതുകൊണ്ടു മാത്രം അവള്‍ ഒടുങ്ങിപ്പോകുന്നതിന്റെ പശ്ചാത്തലത്തിലാണ്. മുട്ടറ്റം വരെ നീണ്ടുകിടന്ന മുടി പ്രതികാര ചിഹ്നമായി മുറിച്ചു കുഴിച്ചിട്ട ശേഷം, തിരിച്ചുവരുമെന്നും വന്നു അപ്പനോടുള്ള കണക്കു തീര്‍ക്കുമെന്നും ഉറപ്പിച്ചു ലാലിയോടൊപ്പം മഠത്തിലേക്കുള്ള യാത്ര പുറപ്പെടുന്ന ലില്ലിക്ക് എന്താണ് സംഭവിച്ചത് എന്നത് നോവലിസ്റ്റ്‌ വായനക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഒരവിഹിത ഗര്‍ഭംപ്രാകൃതമായ ഒരലസിപ്പിക്കല്‍ചിത്തഭ്രമംആത്മഹത്യ/ കെട്ടിത്തൂക്കല്‍ .. ഇതെല്ലാം അത്തരം ഒരിതിവൃത്തത്തില്‍ ഒട്ടും ദുരൂഹതയില്ലാത്ത പരിണാമങ്ങള്‍ തന്നെ. എന്നാല്‍ ലില്ലി തന്റെ വിധി ഏറ്റുവാങ്ങുന്ന രീതിയാണ്‌ അവളെ തികച്ചും വേറിട്ട ഒരു പാത്രസൃഷ്ടിയിലേക്ക് പരിണമിപ്പിക്കുന്നത്. ഓരോ കര്‍മ്മത്തിനും അതിന്റേതായ മന്ത്രങ്ങളുണ്ട്: “ഇവിടത്തെ പഗവതിക്ക് ഒരു തരത്തില്.. കൊടുങ്ങല്ലൂര്‍ പഗോതിക്ക് വേറൊരു തരത്തില്” എന്ന ന്യായേന പച്ചത്തെറിയുടെ അകമ്പടിയോടെ ഇട്ടിച്ചോത്തി നടത്തുന്ന ക്രിയകള്‍ക്ക് പ്രതിഷേധലേശമില്ലാതെ തികഞ്ഞ മൗനത്തോടെയാണ് ലില്ലി വിധേയപ്പെടുക. ഉത്തരവാദിയെ കുറിച്ചുള്ള ചോദ്യത്തിനും മൗനം കൈക്കൊള്ളുന്ന ലില്ലിയുടെ പ്രതികരണം ഇട്ടിച്ചോത്തിയുടെ നിശിത നിരീക്ഷണത്തിനു നിമിത്തമാകുന്നു:

“ഇതാ ആണുങ്ങക്ക് കിട്ടിയ വരം. ഒരു പെണ്ണും പെട്ടെന്നൊരു ചോദ്യത്തിനും ഉത്തരം പറയില്ല.”

ഉന്മാദത്തിന്റെ കാണാക്കയത്തില്‍ പെട്ടു എങ്ങോട്ടെന്നറിയാതെ ഇറങ്ങിനടക്കുന്ന ലില്ലി പാര്‍ട്ടിക്കാരുടെ ജാഥയില്‍ ചേര്‍ന്നെന്ന ധാരണയില്‍ ലോക്കാച്ചി അവളെ ജീവച്ഛവമാക്കുകയും ‘വേണേല്‍ എടുത്തോ’ എന്ന് ലാച്ചിക്ക് വെച്ചുനീട്ടുകയും ചെയ്യുന്ന ഘട്ടത്തിലാണ് ക്ലീറ്റസ് പൊട്ടിത്തെറിക്കുന്നത്. നോവലിസ്റ്റിന്റെ ഭാഷ ഏറ്റവും സാന്ദ്രമാകുന്ന സന്ദര്‍ഭങ്ങളില്‍ ലില്ലിയുടെ പരിണാമവും ഉള്‍പ്പെടും:

“നിലാവിലൂടെ അവള്‍ നടന്നു. നിലാവിലും മഴയിലും അവള്‍ നടന്നു. നിലാവും മഴയും അവളുടെ വഴിയായി. വെയിലിലൂടെ നടന്നു. വെയിലവള്‍ക്ക് കുടയായി.”

ലില്ലിയുടെ അന്ത്യവും അതേ ഭാവസാന്ദ്രതയോടെയാണ് ആവിഷ്കരിക്കപ്പെടുന്നത്. “പന്നിക്കൂട്ടിലേക്ക് ചാഞ്ഞുനിന്ന കുടംപുളിയുടെ കൊമ്പില്‍ “ശാന്തമായപ്രാര്‍ഥനയില്‍ എന്ന പോലെ” മിഴികള്‍ കൂമ്പി അവള്‍ തൂങ്ങിയാടി. “അവളെങ്ങും മാന്തിപ്പൊളിച്ചില്ല. ആരെയും തുറിച്ചു നോക്കിയതുമില്ല. ശാന്തമായൊരു പ്രാര്‍ത്ഥന വായുവില്‍ തങ്ങിനില്‍ക്കുംപോലെ” എന്ന് നോവലിസ്റ്റ് എഴുതുന്നു. ഏറ്റവും വേദനിപ്പിക്കുന്നതോ സ്തോഭജനകമോ ആയ മുഹൂര്‍ത്തങ്ങളെ കാവ്യാത്മകതയില്‍ ഭാവസാന്ദ്രമാക്കി അവതരിപ്പിക്കുക എന്നത് കൃതഹസ്തരായ എഴുത്തുകാരുടെ സിദ്ധിയാണ്.

ലാച്ചി: സ്നേഹലോകങ്ങള്‍

വല്യപ്പന്‍ കോക്കാച്ചിയുംപിന്നീട് ലോക്കാച്ചിയും അത് കഴിഞ്ഞു ഗബ്രിയേല്‍ ഉള്‍പ്പെടുന്ന ആണ്‍ലോകവും അതിന്റെ അധീശത്വഭാവങ്ങളുമാണ് വലിയൊരളവു വരെ ‘കുഞ്ഞന്നയുടെ ലോകത്തെ നിര്‍ണ്ണയിക്കുന്നതെങ്കിലുംപെണ്‍അനുഭവങ്ങള്‍ ഏറിയ പങ്കും സഹനത്തിന്റെയും വിധേയത്വത്തിന്റെതും ആണെന്നിരിക്കിലും, നോവല്‍ അതുമാത്രമായി നിരാര്‍ദ്രമാകുന്നില്ല എന്നതിന്റെ സുപ്രധാന കാരണം ലാച്ചിയുടെ സാന്നിധ്യമാണ്. കുട്ടിക്കാലത്തെന്നോ എങ്ങനെയോ കേട്ടറിവു മാത്രമായ നേപ്പാളില്‍ നിന്നെത്തി കൈമാരി കുടുംബത്തിന്റെ ‘രക്ഷാകവചം’ ആയി മാറിയവന്‍. അയാളുടെ തോളിലും പുറത്തും ആന കളിച്ചു വളര്‍ന്നവരാണ് അവിടത്തെ കുട്ടികള്‍. ഇന്നും കുടിച്ചു ലക്കുകെട്ട് വഴിയരികില്‍ വീണു കിടക്കുന്ന ഗബ്രിയേലിനെ അനായാസം തോളിലേറ്റി വീട്ടിലെത്തിക്കാന്‍ ആ നിത്യഭ്യാസമാണ് അയാള്‍ക്ക് കൂട്ട്. ഗബ്രിയെലിന്റെ വളര്‍ച്ച നിത്യാഭ്യാസത്തിന്റെ പരിവട്ടത്തില്‍ അയാള്‍ അറിയുന്നേയില്ല. ഗബ്രിയേല്‍ ആകട്ടെആ സവാരി ഇന്നും ഉറ്റുനോക്കുകയും ചെയ്യുന്നു. പെണ്ണിനെ ഉഴുതുമറിക്കാനുള്ള ഇടം മാത്രമായിക്കാണുന്ന ലോക്കാച്ചിയില്‍ നിന്ന് ഏറെ ദൂരെയാണ് ലില്ലിയില്‍ തന്റെ മകളെ കാണുന്ന ലാച്ചി എന്നതാണ് അയാളുടെ പൊടുന്നനെയുള്ള വിട്ടുപോക്കിനു നിദാനം. ഉപേക്ഷിക്കാനാകാത്ത ആ ബന്ധുത തന്നെയാണ് അയാളെ തിരികെയെത്തിക്കുന്നതും. അക്ഷയ/ ഡി ടി പി സെന്റര്‍ നടത്തിപ്പുകാരിയായ സൂസന്നയും അയാള്‍ക്ക് മകളെ പോലെയാണ്. മോണിറ്ററിന്റെ മുഖപ്പില്‍ സൂസന്ന കാണിച്ചുകൊടുക്കുന്ന കാഴ്ച്ചകളിലൂടെയാണ് അയാള്‍ ജന്മദേശത്തെ കണ്ടുതുടങ്ങുക. അവളാണ് അയാള്‍ക്ക് ഒരു മാതൃസ്വരൂപത്തെയും പിതൃസ്വരൂപത്തെയും കാട്ടിക്കൊടുത്ത് ഒരു കുടുംബവേരിന്റെയും ദേശവേരിന്റെയും അസ്തിത്വവും വ്യക്തിത്വവും നല്‍കുക. 2010 ല്‍ അഫ്ഘാനിസ്ഥാനില്‍ മുപ്പതോളം താലിബാന്‍കാരെ ഒറ്റയ്ക്ക് നേരിട്ട ദിപ്രസാദ്‌ പണ്‍ എന്ന ഗൂര്‍ഖാ സൈനികന്റെ കഥ പോലെവിക്ടോറിയ ക്രോസ് പോലും നേടിയ ബ്രിട്ടീഷ് സൈനികന്‍ ആയിരുന്ന ദിപ്രസാദിന്റെ മുത്തച്ഛന്‍ തുള്‍ ലാല്‍ ബഹാദൂറിന്റെ കഥ പോലെ തന്റെ ദേശപൈതൃകത്തില്‍ അയാളെ അഭിമാനിയാക്കുന്നതും എന്നെങ്കിലും അങ്ങോട്ട്‌ തിരിച്ചു പോകണം എന്ന ആശയം അയാളുടെ ഉള്ളില്‍ വളര്‍ത്തുന്നതും സൂസന്നയാണ്. അയാളുടെ പേരിനും അത്തരം നേപ്പാളി വേരുകള്‍ ഉണ്ടെന്നു അവള്‍ അയാളെ ബോധ്യപ്പെടുത്തുന്നു. തൃശലീന നദിയെ കുറിച്ച് അയാള്‍ക്കു പറഞ്ഞുകൊടുക്കുന്ന കുഞ്ഞന്ന, ഉറക്കത്തില്‍ അയാള്‍ നേപ്പാളി സംസാരിച്ചു എന്ന് സംശയിക്കുന്നുണ്ട്: “കാലമെത്ര കഴിഞ്ഞാലും ഓരോരുത്തരുടെയും ചോരയില്‍ അവന്റെ ഭാഷയും മണ്ണും വെള്ളവും എല്ലാം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും” എന്ന് കുഞ്ഞന്ന നിരീക്ഷിക്കുന്നു. പള്ളിക്കാരും പട്ടക്കാരും കാലാകാലം ശ്രമിച്ചിട്ടും നടക്കാതെ പോയ ലോക്കാച്ചിയുടെ കയ്യിലെ സ്ഥലം തീരുവാങ്ങല്‍അപ്പന്റെ പത്തിതാഴ്ന്നു തുടങ്ങുന്ന ഘട്ടത്തില്‍, വഴുതിപ്പോകാന്‍ അനുവദിക്കാതെ സ്വന്തം പേരില്‍ നടത്തിച്ചെടുക്കുന്നുണ്ട് ഗബ്രിയേല്‍. അവിടെ പണിയുന്ന കെട്ടിടത്തിനു ലാച്ചിയെ കൊണ്ട് കല്ലിടീക്കുന്നതിനു ഗബ്രിയേലിനു വിശദീകരണമുണ്ട്:

“കൈമാരിയിലെ പിള്ളേര്‍ക്ക് ലാച്ചി ലോക്കാച്ചിയേക്കാള്‍ കൊറച്ച് ഉയരത്തിലാണ്.... കൈമാരി കുഞ്ഞന്ന ഞങ്ങള്‍ക്ക് ഒത്തിരിയൊത്തിരി ഉയരത്തിലാണ്. കന്യാമറിയത്തെക്കാള്‍ ഒത്തിരിയൊത്തിരി ഉയരത്തില്‍.”

അറുപതുകള്‍ മുതല്‍ കഥാകാലമായി വരുന്ന നോവലില്‍, അപൂര്‍വ്വതയായിരുന്ന റേഡിയോ സംഗീതംചീറ്റിപ്പോയ നക്സലൈറ്റ് കലാപങ്ങള്‍, വയനാടന്‍ കുടിയേറ്റം, തുടങ്ങി പുതിയ കാലത്തിന്റെ അക്ഷയ/ ഐ.ടി. സംസ്കാരം വരെ കാലിക മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ടെങ്കിലും സമകാലികമായ മറ്റൊരു വലിയ ആകുലത വിപരീതാര്‍ത്ഥത്തില്‍ സൂചിതമാകുന്നുണ്ട് എന്നതാണ് പ്രത്യേകതയായി അനുഭവപ്പെടുക. ലോക്കാച്ചിയുടെ വാക്കുകളില്‍ നോവലിസ്റ്റ് അത് ചുരുക്കെഴുതുന്നുണ്ട്: “കൊറച്ചെണ്ണത്തിനെ കര്‍ത്താവു തമ്പുരാന്‍ അമേരിക്കേലേക്കാ വലിച്ചത്. ചെലതിനെ ഇറ്റലിയിലേക്കും.. വല്ല ചട്ടനോ പൊട്ടനോ ഒണ്ടായിരുന്നേ ഇപ്പൊ ഉപകാരപ്പെട്ടേനേ..” തെക്കന്‍ കേരളത്തിലെ ക്രിസ്തീയ സമൂഹങ്ങള്‍ നേരിടുന്നഅപരവിദ്വേഷമായി പൊലിപ്പിച്ചെടുക്കാന്‍ ഇന്നു ചില കേന്ദ്രങ്ങളെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിസന്ധിയാണ് ഇവിടെ വെളിപ്പെടുന്നത്. മലയാള സാഹിത്യം സജീവമായി നിരീക്ഷിക്കേണ്ട ഒരു വിഷയം തന്നെയാണ് സ്വതസിദ്ധമായ ന്യൂനോക്തിയില്‍ നോവലിസ്റ്റ് ഇവിടെ പറഞ്ഞുവെക്കുന്നത്.


 കൂടുതല്‍ വായനക്ക്:

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

ദേശത്തിന്റെ ജാതകം കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2017/02/blog-post.html

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html

മാജി- ഹാരിസ് നെന്മേനി

https://alittlesomethings.blogspot.com/2024/07/maji-by-haris-nenmeni-malayalam-novel.html

Thursday, February 2, 2017

Deshathinte Jathakam by K.R. Viswanathan (Malayalam Novel)

പിഴുതെറിയപ്പെടുന്നവരുടെ ഇതിഹാസങ്ങള്‍




അസാധാരണമായ വായനാക്ഷമതയുള്ള നോവലാണ്  പൂർണ്ണ ഉറൂബ് അവാർഡ് നേടിയ ശ്രീകെആർവിശ്വനാഥന്റെ 'ദേശത്തിന്റെ ജാതകം'. ഘടനയിലും പാത്ര വൈവിധ്യത്തിലും അവരുടെ പുരാവൃത്താഖ്യാനങ്ങളിലും ദേശപുരാണങ്ങളെ പശ്ചാത്തലം എന്നതിലുപരി ജൈവസാന്നിധ്യമാക്കി സചേതനമാക്കുന്ന രചനാപാടവത്തിലും മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഈടുവെപ്പുകൾ ആയ ഖസാക്കിന്റെ ഇതിഹാസംഒരു ദേശത്തിന്റെ കഥവിഷകന്യകമാവേലി മന്റം തുടങ്ങിയ കൃതികളുമായി സർഗ്ഗ സംവാദത്തിനും താരതമ്യത്തിനും ഒട്ടേറെ ഇടങ്ങൾ കാത്തു വെക്കുന്നുണ്ട് 556 പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇതിഹാസമാനമുള്ള ഈ നോവൽ.

തുടക്കവും ഒടുക്കവും ചേരുന്ന വലയം

ചെമ്പന്‍ വയല്‍ സ്കൂളിലേക്ക് പുതുതായി വരുന്ന വിനയന്‍ മാഷ്‌ മൂപ്പനാട്ടെ ആലിക്കുട്ടിയുടെ ചായക്കടയില്‍ വഴിയന്വേഷിച്ചെത്തുന്ന നിമിഷത്തില്‍ തുടങ്ങിഒരനുഭവകാണ്ഡം വൃത്തം പൂര്‍ത്തിയാക്കി എല്ലാം ഒടുങ്ങി അയാള്‍ വേറെയുമൊരു ചെമ്പന്‍ വയലിലേക്ക്‌ സ്ഥലമാറ്റ ഉത്തരവുമായി പടിയിറങ്ങുന്ന മുഹൂര്‍ത്തത്തില്‍ അവസാനിക്കുന്നഅല്ലെങ്കില്‍ അറ്റമില്ലാച്ചുഴിയായി മറ്റൊരു പെരുമഴയിലേക്ക് മറ്റൊരു വലയം തുടങ്ങുന്നമലയാളിക്ക് ഏറെ പരിചിതമായ ആ ഘടനയാണ് സ്ഥൂലാര്‍ത്ഥത്തില്‍ നോവലിനുള്ളത്എന്നാല്‍ ഇതിഹാസസാമ്യം അതിനപ്പുറത്തെക്ക് തികച്ചും വ്യതിരിക്തമായും തനതു ആഖ്യാനവ്യക്തിത്വത്തിലൂടെയും ആണ് മുന്നോട്ടു പോവുക. ചെമ്പന്‍ വയലിന്റെ ദേശീയ വാഹനമായ ആലിക്കുട്ടിയുടെ പുരാവസ്തുവായ ജീപ്പില്‍ കുന്നിന്‍ പള്ളവരെയെത്തുന്ന വിനയനെ എതിരേല്‍ക്കുക സ്ഥലത്തിന്റെ മുഴുവന്‍ നന്മകളുടെയും നിറവും ദുരന്തങ്ങളുടെ സാക്ഷിയും പരീക്ഷണ ബലിമൃഗവുമായ കുഞ്ഞാലന്‍ കുട്ടിമുസ്ലിയാര്‍ എന്ന ശുഭ്രമായ പുഞ്ചിരിയിയാണ്ഇനിയങ്ങോട്ട് വിചിത്ര വിശേഷങ്ങളും ഒറ്റക്കും കൂട്ടായുമുള്ള ദുര്‍വ്വിധികളുടെ വേട്ടയാടലും പങ്കിടുന്ന ഒരു ദേശത്തെയും മനുഷ്യരെയുമാണ് അയാള്‍ക്ക് കാണാനുണ്ടാവുകഎല്ലാത്തിനും സാക്ഷിയാവുമ്പോഴും അയാളില്‍ ഒരു നായകസ്വരൂപവും ആരോപിക്കാനാവില്ല എന്നുമാത്രമല്ലനോവലിന്റെ കേന്ദ്രത്തിലുള്ള അനേക കഥാപാത്രങ്ങളില്‍ താരതമ്യേന പിന്‍ നിരയിലേ അയാള്‍ സ്വയം അടയാളപ്പെടുത്തുന്നുമുള്ളൂ. “ഒന്നൂല് സൊര്‍കംഅല്ലേല് നരകംഎന്ന് ആലിക്ക അവതരിപ്പിച്ച ചെമ്പന്‍ വയല്‍ എന്ന സമസ്യയെ "ചെമ്പന്‍ വലഎന്ന് തിരുത്തുന്ന കൊച്ചുണ്ണി മാഷ്‌ വന്നിറങ്ങുമ്പോഴേ അയാളെ ഉപദേശിക്കുന്നുഇവിടെ നിന്നുപോയാല്‍ ഒട്ടിപ്പോവുംഇത് തന്നെപ്പോലെ ജന്മാന്തര ശാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കാനുള്ളവര്‍ക്കുള്ളതാണ്നാളെത്തന്നെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുക്കണം

സമസ്യകളാവുന്ന കഥാപാത്രങ്ങള്‍

ഉരുവപ്പെട്ടുകൊണ്ടിരിക്കുന്ന അണക്കെട്ട് മുക്കിക്കളയും മുമ്പുള്ള ചെമ്പന്‍ വയലിന്റെ അവസാനത്തെ ആയുസ്സവധിയില്‍ഇനിയങ്ങോട്ട് സമസ്യകളുടെ ധാരാളിത്തമാണ് വിനയനെ എതിരേല്‍ക്കുകകാസരോഗിണിയുടെ എകാന്തക്കൂട്ട് നല്‍കിയ മടുപ്പും മുഷിപ്പും അതു വളര്‍ന്നു രൂപം കൊണ്ട പീഡനത്വരയും മുപ്പതാണ്ടിന്റെ അനപത്യ ദുഖവും ചേര്‍ന്ന് ആസക്തിക്കും സ്വന്തമാക്കല്‍ മനോഭാവത്തിനുമിടയിലെ ദുരൂഹാകര്‍ഷണത്തില്‍ രാധയുടെ ഉടല്‍ സമൃദ്ധിയിലേക്ക്‌ അഗമ്യഗമനം നടത്തുന്നതിലേക്ക് എത്തുമ്പോഴും അത്യപൂര്‍വ്വ നിമിഷങ്ങളില്‍ സരസ്വതിടീച്ചര്‍ എന്ന പ്രണയ സ്മൃതിയോടു ആര്‍ദ്രമാവുന്ന, ഒരു നിമിഷം സ്ത്രീ വിദ്വേഷത്തിന്റെ അശ്ലീലതയും ആത്മപുച്ഛം വേട്ടയാടുന്ന അടുത്ത നിമിഷം ദൈവത്തിന്റെ നേരമ്പോക്കായി തന്നെത്തന്നെ തിരിച്ചറിയുന്ന വ്യര്‍ത്ഥ ബോധത്തിന്റെ ആഴമുള്ള നിരീക്ഷണങ്ങളും പങ്കുവെക്കുന്ന കൊച്ചുണ്ണി മാഷ്‌ തന്നെയാണ് അതില്‍ ആദ്യത്തേതും മുന്നിട്ടു നില്‍ക്കുന്നതുംകൊച്ചുണ്ണി മാഷുടെ പ്രകൃതത്തിലെ പിടികൊടുക്കാത്ത വശങ്ങള്‍ നോവലില്‍ പലവുരുഒരുപക്ഷെ ഒരതിവിസ്താരത്തിന്റെ വിമര്‍ശകക്കണ്ണിന് ഇടം നല്‍കുംവിധം വരെആവര്‍ത്തിക്കപ്പെടുന്നുണ്ട്ചെമ്പന്‍ വയലില്‍ സരസ്വതി ടീച്ചര്‍ക്ക് അവകാശപ്പെട്ട ആറടി മണ്ണ് കിട്ടിക്കഴിഞ്ഞെന്ന ബോധ്യവുമായിതന്നെ സ്നേഹിച്ചവരെയൊന്നും താന്‍ കണ്ടില്ലെന്നും താന്‍ സ്നേഹിച്ചവരൊന്നും അത് തിരിച്ചറിഞ്ഞില്ലെന്നും സ്വന്തം ജീവിതസാരം ചുരുട്ടിക്കെട്ടി ആരോടും യാത്ര പറയാനില്ലാതെഗ്രാമവേശ്യയുടെ അഭിശപ്തമായ വിധിയില്‍ നിന്ന് മോചനം തേടി കൈതേരിക്കാരനോടൊപ്പം പുതുജീവിതം തുടങ്ങാന്‍ പോയ രാധയുടെ ചുവടുകളെ രഹസ്യ പ്രതീക്ഷകളോടെ പിന്തുടര്‍ന്ന് ചെമ്പന്‍ വയലിറങ്ങുന്ന കൊച്ചുണ്ണി മാഷ്‌ സമാധാനിക്കുന്നുണ്ട്നൂറ്റാണ്ടു പിന്നിട്ട സ്കൂളിന്റെ ഉദക ക്രിയക്ക് ഒരാള്‍ മതി. പാഴായിപ്പോകാന്‍ വിധിക്കപ്പെട്ട പ്രണയജീവിത മോഹവുമായി മാഷോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോള്‍ പിറകില്‍ ഉപേക്ഷിച്ച കൂട്ടും കുടുംബവും നിതാന്തമായ ഒരു വിങ്ങലായി മനസ്സില്‍ പേറിയിരുന്ന സരസ്വതി ടീച്ചര്‍അനിയനായും മകനായും കാണുന്ന വിനയനിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ നല്‍കുന്ന നൈരാശ്യങ്ങള്‍ക്കും രാധയിലൂടെ കണ്‍മുന്നില്‍ ഉയിര്‍ക്കുന്ന അവഗണനയുടെ ദുസ്സഹവേദനക്കും പരിഹാരമായാണ് കൂട്ടിലിട്ട അനന്തന്റെ ഇണര്‍പ്പുപൊട്ടിയ മൃത്യുചുംബനം കൈത്തലത്തില്‍ ആവോളം ഏറ്റുവാങ്ങി മറ്റൊരു സമസ്യയായൊടുങ്ങുകകുഞ്ഞാലന്‍ കുട്ടി മുസ്ലിയാരെ മാറ്റിനിര്‍ത്തിയാല്‍ നോവലില്‍ ഏറ്റവും നിറവുള്ള നന്മസാന്നിധ്യംമുന്നിലിരുന്ന കുട്ടികള്‍ക്കെല്ലാം അമ്മയും അന്നവുമായി മാറിയിരുന്ന സരസ്വതി ടീച്ചര്‍ തന്നെഅതുതന്നെയാണ്ഒടുവില്‍ടീച്ചറുടെ ഒരു തുള്ളി കണ്ണുനീരില്‍ ദഹിച്ചുപോവും താനെന്ന ബോധ്യത്തില്‍ രാധയുടെ വിട്ടുപോക്കിനും അതുവഴി കൊച്ചുണ്ണി മാഷുടെ ടീച്ചറോടുള്ള രോഷം ആപത്കരമാംവിധം അണപൊട്ടുന്നതിനും കാരണമാവുന്നതും

ഏദന്‍ ദ്വന്ദ്വങ്ങള്‍

നോവലിന്റെ നൈതികതയുടെ കണ്ണാടിയായി ഉയര്‍ന്നു നില്‍ക്കുന്നത് മറ്റാരേക്കാളും കുഞ്ഞാലന്‍ കുട്ടി മുസ്ലിയാര്‍ എന്ന സാത്വികന്‍ തന്നെയാണ്അയ്യപ്പന്‍ പറയുന്നതുപോലെ ചെമ്പന്‍ വയലില്‍ ദൈവം നടക്കാനിറങ്ങുന്നത് 'മൊയ്ല്യാരുടെ ബാങ്കിവിളി' കേള്‍ക്കുമ്പോഴാണെന്ന ജാതിമതഭേദമെന്യേയുള്ള അംഗീകാരത്തിന്റെ സ്നേഹത്തില്‍നിന്ന് നിഷ്കാസിതനും നിരാലംബനുമായി ഭ്രാന്താശുപത്രിയില്‍ ഒടുങ്ങുന്ന കുഞ്ഞാലന്‍ കുട്ടി മുസലിയാര്‍ ഒരു ദേശത്തിന്റെ അപചയത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മൂത്തമകള്‍ നബീസ അണക്കെട്ടുനിര്‍മ്മാനം സൃഷ്ടിക്കുന്ന പുത്തന്‍ ബാന്ധവങ്ങളില്‍ ചെമ്പന്‍ വയലിലെ നിലതെറ്റിയ പല യുവതികള്‍ക്കുമെന്ന പോലെ തന്റെയുള്ളില്‍ മുളപൊട്ടുന്ന ജീവന്റെ തുടിപ്പിന് സമാധാനം പറയാനില്ലാതെ ഒരു കയര്‍ കുരുക്കില്‍ സ്വയം അവസാനിപ്പിക്കുന്നതുംഒരു നാള്‍ തനിക്കു അഭയവും സാന്ത്വനവുമായിരുന്ന ചെട്ടിയാരുടെ മകനോടൊപ്പം ആമിന ഒളിച്ചോടുന്നതും പുതുപണ്ഡിതന്റെ വരവോടെ അവഗണനയുടെ കൈയ്പ്പു നീരുകുടിക്കേണ്ടി വരുന്നതും മുജ്ജന്മ പാപങ്ങള്‍ തീര്‍ക്കാനെന്നോണം പ്രാണനെപ്പോലും പിടയിക്കുംവിധം ഇരുപാദങ്ങളിലും നിറഞ്ഞ ആണിരോഗത്തിന്റെ അവശതയും ഒന്നൊന്നായി ജീവിതത്തെ കടിച്ചു കുടയുമ്പോഴും വീണുകിട്ടുന്ന സന്തോഷത്തിന്റെ ചെറുതരികളില്‍ അല്ലാഹുവിന്റെ മഹാകാരുണ്യം കാണുന്നതന്റെ അറിവില്ലായ്മയുടെ വിനയത്തില്‍ ആരോടും ശിഷ്യപ്പെടാന്‍ തയ്യാറുള്ള, എരിവയറുമായി കുഞ്ഞുമകള്‍ പുരക്കകത്ത് കാത്തിരിക്കുമ്പോഴും മറ്റേതോ ഒരു വിശന്ന വയറ് തന്‍റെ പള്ളി മുക്രി വിഹിതത്തിന് പങ്കുപറ്റുന്നുണ്ടെന്നറിഞ്ഞു ആ മോഷണത്തിന് അറിഞ്ഞു കൊണ്ടുതന്നെ സൗകര്യമൊരുക്കിക്കൊടുക്കുന്ന മുസ്ലിയാര്‍ക്കും പക്ഷെ ഒരൊറ്റ ഘട്ടത്തില്‍ അടിപതറുന്നുണ്ട്ചെട്ടിയാരുടെ വീട്ടില്‍ വിശ്വാസ സ്വാതന്ത്ര്യത്തോടെയും സ്നേഹമനുഭവിച്ചും തന്നെയാണ് ആമിന കഴിയുന്നതെന്നറിയുന്ന നിമിഷം ഒരു ചപലചിന്തയില്‍ അയാള്‍ ചോദിച്ചു പോവുന്നുണ്ട്എന്നാല്‍പ്പിന്നെ മകളെനിനക്കവനെ മാര്‍ക്കം കൂട്ടിക്കൂടെഅടുത്ത നിമിഷം തന്നോടുതന്നെ പുച്ഛം തോന്നുന്ന അയാളെ അതേറെ പശ്ചാതാപവിവശനാക്കുന്നുമുണ്ട്.

എങ്കിലുംപുതുപണ്ഡിതനും അത്ഭുത പ്രവര്‍ത്തികളുടെ സിദ്ധനുമായി ചെമ്പന്‍ വയലിലെത്തുന്ന തങ്ങള്‍ പ്രതിനിധീകരിക്കുന്ന 'പരിഷ്കരണമൗലികതയുടെ എതിരറ്റത്തു തന്റെ അജ്ഞതയിലും 'പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ ആരേം പഠിപ്പിച്ചില്ലല്ലോ' എന്ന് ആശ്വസിക്കുന്ന മൊയ്ല്യാര്‍ തന്നെയാണ്ചെമ്പന്‍ വയല്‍ അനുഗ്രഹങ്ങളറ്റ ഒരു പ്രാകൃത ഏദന്‍ ആണെങ്കില്‍ അവിടെയെത്തുന്ന സാത്താനിക സാന്നിധ്യമായ തങ്ങളില്‍ അടങ്ങിയിരിക്കുന്ന നെറികേടുകളുടെ പ്രഭാവം ആദ്യം തിരിച്ചറിയുന്നത്‌ അയ്യപ്പന്‍റെ മുക്കാലന്‍ പട്ടിയും അതിന്റെ ആദ്യ ഇര മൊയ്ല്യാരുമാണ്മൊയ്ല്യാര്‍ നിഷ്ടാപൂര്‍വ്വം കത്തിച്ചു വെക്കുമായിരുന്ന അത്തറു വിളക്കും ചെമ്പന്‍ വയലിന്റെ ഹൃദയസ്പന്ദനം പോലെ എപ്പോഴും മിടിച്ചു കൊണ്ടിരുന്ന പള്ളിക്ലോക്കിലെ പെന്‍ഡുലവും നിശ്ചേതനമാക്കി അയാള്‍ തുടങ്ങുന്നു. കാണെക്കാണെ ചെമ്പന്‍ വയലില്‍ അതിരുകള്‍ പിറവിയെടുക്കുന്നുസ്കൂളില്‍ മുസ്ലിം വേഷവും ബെഞ്ചും ഹിന്ദു ബെഞ്ചും ഉണ്ടാവുന്നുചായക്കടയില്‍ മുസ്ലിം ഭക്ഷണവും അല്ലാത്തതുംസ്കൂളിന്റെ അവതാരലക്ഷ്യം ഒരു പക്ഷെ ചെമ്പന്‍ വയലില്‍ ഒരു ലഹളക്ക് തിരികൊളുത്തുക എന്നതായിരിക്കും എന്ന് ഈ ഘട്ടത്തില്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കുന്നു. ചെമ്പന്‍ വയലിന് കാവല്‍ നില്‍ക്കേണ്ടത് ശിവപാര്‍വ്വതിമാരായ വടവൃക്ഷങ്ങളല്ലഅറബിയുടെ സഹായത്തോടെ പദ്ധതിയിടുന്ന പള്ളിയുടെ മിനാരങ്ങളാവണമെന്നു അയാള്‍ സമുദായ നേതൃത്വത്തെ പ്രലോഭിപ്പിക്കുന്നുഓരത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട കുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ വീണ്ടും മുക്രി മാത്രമാവുന്നുതങ്ങളുടെ പെരുമാറ്റങ്ങളില്‍ പന്തികേടു തോന്നുന്ന കുഞ്ഞാമിന പറയുന്നുണ്ട്,: 'കുഞ്ഞാലന്‍കുട്ടി മുസലിയാരായിരുന്നു നല്ലത്.' ഒരു നാള്‍സമുദായ നേതാക്കളുടെ ആശീര്‍വാദത്തോടെ ആയിഷയുടെ നിസ്സഹായത മുതലെടുത്ത്‌നബിയുടെയും ആയിഷയുടെയും കഥ പറഞ്ഞ്പതിമൂന്നു തികയാത്ത ആമിനക്കുട്ടിയെ മണവാട്ടിയാക്കി ആദ്യദിനം തന്നെ വന്നപോലെ അയാള്‍ പോകുന്നുഒരു വിവരവും ബാക്കിവെക്കാതെകുഞ്ഞാലന്‍ കുട്ടി മൊയ്ല്യാര്‍ അത്തറു വിളക്ക് വീണ്ടും തെളിക്കുകയും ചെമ്പന്‍ വയലിന്റെ ഹൃദ്സ്പന്ദനം വീണ്ടെടുക്കുകയും ചെയ്യുന്നുവെങ്കിലും തങ്ങള്‍ ഇട്ടേച്ചുപോയ വിത്തുകള്‍ കൊച്ചുണ്ണി മാഷ്‌ നിരീക്ഷിക്കും പോലെ വളര്‍ന്നു തിടം വെക്കുന്നുഒരു പ്രളയത്തില്‍ ഒടുങ്ങുമെന്നു കണക്കുകൂട്ടിയ ചെമ്പന്‍ വയല്‍ അതിനും മുന്നേ വിശപ്പിലും സാമുദായിക കാലുഷ്യങ്ങളുടെ തീയിലും ഓടുങ്ങിയേക്കാമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു . ആ വിഷബാധയിലാണ് കോളെരിഅബ്ദുല്ലയാവേണ്ടി വരുന്നതും അത്തറു വിളക്കിന്റെ ചുവട്ടില്‍ ഇരുട്ടിന്റെ മറവില്‍ മൊയ്ല്യാര്‍ അടിയേറ്റു വീഴുന്നതുംആരെയും വെറുക്കാനാവാത്ത മൊയ്ല്യാര്‍ തനിക്കു പറ്റിയത് ഒരു തലചുറ്റലാണെന്നു തീര്‍ത്തുപറയുന്നത് ഒരു നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കല്‍ ഒഴിവാക്കുന്നുണ്ടെങ്കിലും പടുവിത്തുകളുടെ പടര്‍പ്പ് അതുകൊണ്ടൊന്നും ഒഴിഞ്ഞു പോവില്ലെന്നും ഏറ്റവും നിസ്സഹായരും നിഷ്കളങ്കരുമായവരിലാണ് സാമൂഹിക ഭ്രാന്തുകള്‍ ആദ്യ ഇരയെ കണ്ടെത്തുക എന്നതും സാധൂകരിക്കപ്പെടുക തന്നെ ചെയ്യുന്നു.

എല്ലാ വേഷങ്ങളും ആടിത്തിമര്‍ക്കുന്ന ചെമ്പന്‍ വയലില്‍ ഒരു ഭ്രാന്തന്‍ വേഷം മാത്രമാണ് ഇല്ലാത്തതെന്നും അത് അതിന്റെ സമയമാകുമ്പോള്‍മുന്‍കൂട്ടി തയ്യാറാക്കിയ നാടക സ്ക്രിപ്റ്റില്‍ എന്ന പോലെവരികതന്നെ ചെയ്യുമെന്നും വിനയനോട് പറയുമായിരുന്ന മൊയ്ല്യാരുടെ ദുരന്തപ്രവചനം ആ സാധുവില്‍ തന്നെയാണ് ഫലിക്കുന്നത് എന്നത് നിയതിയുടെ വല്ലാത്തൊരു ക്രൂര ഫലിതം തന്നെയാവുന്നുണ്ട്. എന്നാലോ, നോവലന്ത്യത്തില്‍, എല്ലാ ദുരന്തഭൂമികളിലും ജീവിതം ജീവിതാര്‍ഹമായിത്തന്നെ തുടരുമെന്ന് വിളംബരപ്പെടുത്തുംവിധം മുന്നോട്ടുനോക്കുന്ന രണ്ടേരണ്ടു ജോഡി ജീവിതങ്ങള്‍ ആ നന്മനിറവില്‍ നിന്നുതന്നെയാണ് വഴികണ്ടെത്തുക: തങ്ങളെ തേടി വരുന്ന കൊലയാളികളുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുന്ന ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്ത സുലൈമാനും കുഞ്ഞിബിയുമാണ് ഒരു ജോഡി. ബാലപീഡനത്തിന്റെ സഹനപര്‍വ്വം കടന്ന കൊച്ചുറാണിയുടെ കൈപിടിച്ച കുഞ്ഞാമിനയും അബ്ദുല്ലയായ കൊളെരിയെന്ന ചന്ദിരനും രണ്ടാമത്തേതും. തങ്ങളുടെ ചതിയില്‍പ്പെട്ടു തകര്‍ന്നുപോയി ബുര്‍ഖക്കുള്ളില്‍ സ്വയമടക്കിയ കുഞ്ഞാമിന ജീവിതത്തിലേക്ക് തിരിച്ചുവരികയും അബ്ദുള്ളയുടെ ആലോചനക്കു സമ്മതം മളുകയും ചെയ്യുകയായിരുന്നു. വ്രതനിഷ്ടയായിരുന്ന ശുഭ്രവസ്ത്രങ്ങളില്‍ നിന്ന് ഉന്മാദത്തിന്റെ ചെളിപുരണ്ട ഇരുട്ടിലേക്ക് മറഞ്ഞു തുടങ്ങിയിരുന്ന, നാടുകാണി ചുരം കടന്നെത്തുന്ന കരിമ്പോത്ത് പേക്കിനാവുകളെ വല്ലാതെ ആവേശിച്ചു തുടങ്ങിയിരുന്ന മൊയ്ല്യാരുടെ പിതൃതുല്യമായ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് വിനയന്‍ മാഷ് അത്തറുവിളക്ക് അബ്ദുള്ളക്കു തന്നെ അനാമത്ത് നല്‍കുക. 

ഗോത്ര സംഘര്‍ഷങ്ങളുടെ ബാക്കിപത്രം

ആദിവാസിജീവിതത്തിന്റെ ദൈന്യവും നിസ്സഹായതയുംകുറുമരും പണിയരും തമ്മില്‍ പരസ്പരമുള്ള കൊമ്പു കോര്‍ക്കലിലും അന്ത:ഛിദ്രങ്ങളിലും വാറ്റു ചാരായവും വട്ടിപ്പലിശയും അധികൃതരുടെയും അല്ലാത്തവരുടെയും ലൈംഗിക ചൂഷണവും ഉള്‍പ്പടെയുള്ള പുറം ലോകവുമായുള്ള വിനിമയങ്ങളിലെ ചതിക്കുഴികളിലും പെട്ട് വേരറ്റുകൊണ്ടിരിക്കുന്ന ഗോത്രീയമായ പടുതിരികത്തല്‍ ആയിക്കൊണ്ടിരിക്കുന്നതിനിടയില്‍, അണക്കെട്ട് നിര്‍മ്മാണവും കുടിയൊഴിക്കലും മൂര്‍ച്ഛിപ്പിക്കുന്ന പ്രതിസന്ധിയാണ് നോവലിന്റെ കേന്ദ്ര ഭൂമികകുടിയേറ്റക്കാര്‍ തുടങ്ങിവെച്ച ഭൂമിതട്ടിപ്പിന്റെ ചിത്രങ്ങള്‍ നോവലില്‍ വേണ്ടുവോളമുണ്ട്ചേക്കുമുത്തനെ ചതിച്ചു ഭൂമി സ്വന്തമാക്കുന്ന ശങ്കരന്‍ നായര്‍കാള വര്‍ക്കിഅധികൃതര്‍ക്ക് വേണ്ടതൊക്കെയും നല്‍കിയും സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തും അക്വയര്‍ ചെയ്യേണ്ടതില്ലാത്ത സ്ഥലത്തിനു പൊന്നുംവില നേടിയെടുക്കുന്ന കരടി പീറ്റര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ളവരാണ്അപ്പന്‍ പെരിയ ബേരനോടും തന്നോടും കാളവര്‍ക്കിയും പീറ്ററും ചെയ്ത കൊടുംക്രൂരതകള്‍ക്ക് പകരംവീട്ടാന്‍ കാത്തിരുന്നു പരാജയപ്പെടുന്ന ചിന്ന ബേരന്‍ 'അരിവാളു ചുറ്റികേല് കുത്തി ' പകരം വീട്ടുന്നുണ്ട്അതേ സമയംസ്വന്തം മകനെ അടക്കാന്‍ ഇടമില്ലാതെ അലയേണ്ടി വരുന്ന കറപ്പന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ മാനന്തവാടി 'നക്സലൈറ്റ്ബന്ധങ്ങളുടെ പ്രചോദനത്തില്‍ കലാപം തുടങ്ങാന്‍ പിന്തുണ തേടുന്ന കൊളെരികുറുമ-പണിയ സംഘര്‍ഷങ്ങളില്‍ പെട്ട് എല്ലാം പരാജയപ്പെടുന്നത് കാണേണ്ടിയും വരുന്നുആദ്യം താജുദ്ധീനും പിന്നീട് അലക്സാണ്ടര്‍ മാഷും വട്ടിപ്പലിശയുടെ ചതിക്കുഴിയില്‍ ആദിവാസി ജീവിതം പന്താടുന്നുസ്ഥലമെടുപ്പിന്റെ ഭാഗമായി കിട്ടിയ പണം നാനാവിധമാക്കി നശിപ്പിച്ചും വാറ്റുചാരായത്തിലും ഈച്ചക്കളിയിലും നേരം പോക്കുന്ന ആണുങ്ങളും ലൈംഗിക ചൂഷണത്തിന്റെയും അവിഹിത ഗര്‍ഭങ്ങളുടെയും ഇരകളായി ഒടുങ്ങുന്ന ആദിവാസി സ്ത്രീത്വവുമായി ഒരു ജനത സര്‍വ്വനാശത്തിലേക്ക് കൂപ്പു കുത്തുന്നു. അനിവാര്യമായഎങ്ങോട്ടുമല്ലാത്ത പലായനത്തിലേക്ക് അവര്‍ പറിച്ചെറിയപ്പെടുന്നു.

വേട്ടയാടലിന്റെ ആദിമ മിടുക്കിലുള്ള കുറുമരുടെ അഭിമാനത്തിന്റെ പ്രതീകമാണ് ചെമ്പന്‍ വയലിന്റെ ക്യാപ്റ്റന്‍ അഹാബ് എന്നു വിളിക്കാവുന്ന അച്ചുവണ്ണന്‍. "മുള്ളുക്കുറുമന്റെ അമ്പും വില്ലും പ്രയോഗിക്കേണ്ടത് പാവം പറവകളോടല്ല, ഒറ്റപ്പന്നികളോടാണ്" എന്ന് പ്രഖ്യാപിക്കുന്നു അയാള്‍. 'അരക്ക് താഴോട്ടു മൃഗോം മേലോട്ട് മനുഷ്യനും ഒക്കെ ആയിട്ടൊള്ള കതകളി'ലെ അവതാരങ്ങളെ പോലെ തനിക്കും ഒരു അവതാര ലക്ഷ്യം ഉണ്ടാവുമെന്നും തന്റെ ഉടലിനെ ജീവനുള്ള മുകള്‍പാതിയും ജീവനില്ലാത്ത കീഴ്പ്പാതിയും ആക്കിത്തീര്‍ത്ത ഒറ്റപ്പന്നി എന്നെങ്കിലുമൊരിക്കല്‍ തന്റെ അമ്പിന്‍ പാകത്തില്‍ വരുമെന്നും, പ്രാപഞ്ചിക രൗദ്രത്തിന്റെയും സൃഷ്ടിയുടെ നിഗൂഡ വന്യ, ഭീകരതയുടെയും പ്രതീകമായ, തൂവെള്ള ഭീമന്‍ തിമിംഗലം ‘മോബിഡിക്കി’നെ വേട്ടയാടുന്ന ക്യാപ്റ്റന്‍ ആഹാബിനെ പോലെ, ജന്മത്തിന്റെ കടം വീട്ടാന്‍ അയാള്‍ കാത്തിരിക്കുന്നു. അബ്ദുല്ലയെന്ന കോളെരിയെ അവന്‍റെ അമ്മ നല്‍കിയ ചന്ദിരന്‍ എന്ന പേരിന്റെ തന്നെ വ്യക്തിത്വത്തില്‍ വിളിക്കുന്ന അച്ചുവണ്ണന്‍ ചെമ്പന്‍ വയലില്‍ നില്‍ക്കാനാവാതെ നാടുവിടുമ്പോള്‍ തന്റെ ശവമടക്കിനു കരുതിവെച്ച പണം അവനു നല്‍കുന്നുമുണ്ട്. ആ കടമാണ് ഒടുവില്‍ ഒറ്റപ്പന്നിയെ അമ്പെയ്തു അതിന്റെ അന്ത്യനിമിഷം അച്ചുവണ്ണന്റെ കണക്കില്‍ കൊള്ളിച്ച് രഹസ്യമാക്കി വെക്കാന്‍ അവനെ പ്രാപ്തനാക്കുന്നതും. 'എന്നാ ഈ ജന്മം അങ്ങനങ്ങ് പോട്ടെ!എന്ന് നിസ്സംഗനാവുന്ന അച്ചുവണ്ണനില്‍ ഉറങ്ങിക്കിടക്കുന്ന യോഗീഭാവമാകാം സ്വന്തം അമ്പുകൊണ്ട് സ്വയം വരിച്ചഏതാണ്ടൊരു ഹരാകിരിയുടെ മോക്ഷം അയാള്‍ക്ക് നല്‍കുന്നതും. ഒരു നാള്‍ ചന്ദിരന്‍ തന്നെയാണല്ലോ പറഞ്ഞതും:

അച്ചുവണ്ണാ ഒരു കുറുമനു ജീവിക്കണതിനേക്കാ എളുപ്പാ മരിക്കാന്‍.. കാരണം അവനടുത്ത് എപ്പ്ളും മൂര്‍ച്ചയുള്ള അമ്പൊണ്ട് .. അമ്പ് നെഞ്ചോടു ചേര്‍ത്തൊന്നമര്‍ത്തുക. അത് മതി.”

 ചെമ്പന്‍ വയലിന്റെ നന്മകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് അബ്ദുള്ള നിരീക്ഷിക്കുന്നുണ്ട്. പെടുമരണങ്ങള്‍ പതിവാകുന്നു. കുമാരനും കറുത്ത വേലായുധനും ജാനുവും മറ്റുപലരും സ്വയമൊടുങ്ങുന്നു. കറപ്പന്റെ നിസ്സഹായമായ അന്ത്യത്തെ തുടര്‍ന്നാണ്‌ ജീവിച്ചിരിക്കുന്നപണിയന്‍ ആര്‍ക്കുമൊരു പ്രശ്നമല്ലെങ്കിലുംപെടു മരണം വരിച്ച പണിയന്‍ ആവേശിക്കാന്‍ തുടങ്ങുന്ന ശിവപാര്‍വ്വതിമാരെ മുറിച്ചു നീക്കാന്‍ ദേശക്കാര്‍ നിവേദനം നല്‍കുന്നതും ചെമ്പന്‍ വയലിന് തണലും കാവലുമായി ചുറ്റിപ്പിണഞ്ഞു നിന്ന കരിവീട്ടിയും ആലും മുറിച്ചു നീക്കുന്നതും.

അപമാനിക്കപ്പെടുന്ന പെണ്ണിടങ്ങള്‍

സ്ത്രീത്വത്തിനു നേരെയുള്ള അവമതിയുടെയും സ്ത്രീവിദ്വേഷത്തിന്റെയും മുറിവുകള്‍ പേറുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ നോവലിലുണ്ട്ഒരു പക്ഷെ കുഞ്ഞിബിയേയും ആമിനയേയും മാറ്റിനിര്‍ത്തിയാല്‍ ബാക്കി സ്ത്രീകഥാപാത്രങ്ങള്‍ എല്ലാവരും നേരിട്ടുതന്നെ അതിന്റെ ഇരകളാണ് താനുംകൊച്ചുണ്ണി മാഷെപ്പോലെ സ്ത്രീ വിദ്വേഷത്തിന്റെ വായ്ത്താരികള്‍ ഏറെ ഉതിര്‍ക്കുന്നത് ആണ്ടവന്‍ രാമനാണ്കൊളവയല്‍ കാര്‍ത്ത്യായിനി എന്ന തന്റെ ഭാര്യ മറ്റൊരാളോടൊപ്പം ഓടിപ്പോയതിന്റെ കയ്പ്പാണ് അയാളില്‍ സ്ത്രീവിദ്വേഷമായി നിറയുന്നത്ആദ്യം സീതയേയും അവളെ എക്സൈസ് ഏമാന്‍ കൊണ്ടുപോയ ശേഷം കൊച്ചു റാണിയെയും അയാള്‍ ക്രൂരദണ്ഡനക്കും മുട്ടില്‍ നിര്‍ത്തി പ്രാര്‍ഥനക്കും ഇരയാക്കുന്നുസ്വന്തം സഹോദരന്‍ കൂട്ടബലാല്‍ക്കാരത്തിനു കൂട്ടിക്കൊടുത്ത മരവിപ്പിലാണ് രാധ തന്റെ വിധി സ്വയം തെരഞ്ഞെടുക്കേണ്ടി വരുന്നത്. എങ്കിലും, കൊച്ചുണ്ണി മാഷോട് വിധേയത്വത്തിന്റെ വക്കോളമെത്തുന്ന മമത പുലര്‍ത്തുമ്പോഴും ഒരമ്മയെ പോലെ തന്നെ സ്നേഹിച്ച സരസ്വതി ടീച്ചറെ വേദനിപ്പിക്കുന്നത് തുടരാന്‍ വയ്യെന്ന നിലപാടെടുക്കുന്ന രാധഒരാണിന്റെ പെണ്ണായി ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല കൊച്ചുണ്ണി മാഷ്‌ നല്‍കിയ ജീവന്റെ തുടിപ്പിനെ അയാള്‍ യാചിച്ചിട്ടും കൂട്ടാക്കാതെ മുമ്പ് പലപ്പോഴും ഗതികേടുകൊണ്ട് ചെയ്തപോലെ നശിപ്പിച്ചു കളയുന്നതുംഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു അജ്ഞാതവിധിയിലേക്ക് കൈതേരിക്കാരനോടൊപ്പം പുറപ്പെട്ടു പോവുന്നതും. അവിവാഹിത ആദിവാസി അമ്മമാര്‍ എന്ന പത്രവാര്‍ത്താ ഇനത്തിനപ്പുറം അധികൃതരില്‍നിന്ന് അത്തരം പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളുടെ സാക്ഷ്യമാണ് പാറ്റയുടെ വിധി. അത് അവളെയും കുടുംബത്തെയും അപമാനിക്കുന്നതില്‍ ഒതുങ്ങുന്നില്ലകൗമാരം കടന്നിട്ടില്ലാത്ത യുവാവിനെയും ലൈംഗിക ചൂഷണത്തിന് വിധേയനാക്കുന്നു പോലീസ് ഏമാന്‍.

ജൈവ സാന്നിധ്യങ്ങള്‍ കഥാപാത്രങ്ങളാവുമ്പോള്‍

ചെമ്പന്‍ വയല്‍ ജീവിതത്തിന്റെ വൈവിധ്യ സാന്നിധ്യങ്ങളില്‍ അവിടത്തെ മനുഷ്യര്‍ മാത്രമല്ല കേന്ദ്രസ്ഥാനീയരായി നോവലില്‍ നിലയുറപ്പിക്കുന്നത്ഉള്ളില്‍ കടന്നവര്‍ക്കാര്‍ക്കും രക്ഷപ്പെടാനാവാത്ത ഒരു അവസാന അറ്റമായ ചെമ്പന്‍ വയലിനെ അനന്തന്റെ കൂടിനോട് ഉപമിക്കുന്നുണ്ട്‌ കൊച്ചുണ്ണി മാഷ്‌അനന്തനും അവന്റെ രൂക്ഷ ഗന്ധവും അങ്ങനെ ചെമ്പന്‍ വയലിന്റെ തടവും മോക്ഷവുമാകുന്നുസരസ്വതി ടീച്ചര്‍ക്കെന്ന പോലെആരും കേള്‍ക്കാത്ത കഥക്കുവേണ്ടിയുള്ള പിണക്കത്തില്‍ തിരുമണിക്കുന്നു വിട്ടിറങ്ങിയ ശ്രീ പാര്‍വതിയും തേടിയിറങ്ങിയ ശിവനും ആലിംഗന ബദ്ധരായി കുടിയിരുന്ന കരിവീട്ടിയും അരയാലും ദേശത്തിനും കാവലായി പന്തലിച്ചു നിന്നതാണ്നല്ലകാലം മുഴുവന്‍ കന്നിമാസക്കണക്കൊന്നും നോക്കാതെ ഇണചേരുകയും ദേശത്തെ കാക്കുകയും അവസാനം പുലിഭീഷണിക്കെതിരെ ചാവേറാവുകയും ചെയ്യാന്‍ തയാറാവുകയും ദുരൂഹ ബാന്ധവത്തിലൂടെ പുലിയെ അടക്കുകയും ചെയ്യുന്ന, പുതുപണ്ഡിതന്‍ തങ്ങളുടെ പൈശാചം മണത്തറിയുന്ന മുക്കാലന്‍കുറുമരുടെ രക്ഷകനായ ഗുളികന്‍അറവുകാര്‍ക്കുപോലും വേണ്ടാത്ത പുഴുവരിക്കുന്ന ദൈന്യമായി ചെമ്പന്‍ വയലിനെ എങ്ങിനെയൊക്കെയോ പ്രതിനിധാനം ചെയ്യുന്ന കാമാധേനുവെന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ചാവലിപ്പശുകുറുമരുടെ കാവലായ ഗുളികനും ഭഗവതിപ്പുരയിലെ തമ്പുരാട്ടിയുംഒരു മാസത്തേക്കെങ്കിലും സൗജന്യ റേഷന്‍റെ സര്‍ക്കാര്‍ ഔദാര്യം കോളനിയില്‍ എത്തിക്കുന്ന ചെമ്പന്‍ വയലിന്റെ സ്വന്തം പെരുമഴദേശീയ വാഹനമായിരുന്ന ആലിക്കുട്ടിയുടെ ജീപ്പ്കേറിപ്പോയവരെല്ലാം സുഖപ്പെട്ടു തിരിച്ചെത്തിയ ചെമ്പന്‍ വയലിന്റെ ഐശ്വര്യമുള്ള ആംബുലന്‍സ് ആയ കസേരമരിക്കുമ്പോഴും കൂടെക്കൊണ്ടു പോകുന്ന കുറുമന്റെ വില്ല്പണിയര്‍ അവരുടെ ജീവിതത്തിലെ ആദ്യ പ്രതിഷേധത്തിലേക്ക്‌ ഇറങ്ങിത്തിരിക്കാന്‍ ഇടയാക്കിയ അവരുടെ ശ്മശാനംജലസേചന പദ്ധതിമൂലം അനാഥരായ ഗോത്ര ദൈവങ്ങള്‍ തുടങ്ങി ഒട്ടേറെ മനുഷ്യേതര കഥാപാത്രങ്ങളും  ദേശത്തിന്റെ ജാതകത്തില്‍ നിറയുന്നുണ്ട്.

ഇതൊക്കെയാണെങ്കിലുംനോവലിലെ ഏറ്റവും മുഴുപ്പുള്ള കഥാപാത്രം ചെമ്പന്‍ വയല്‍ തന്നെയാണ്. ചെമ്പന്‍ വയലില്‍ ഇല്ലാത്തതൊന്നും നോവലില്ല. അവിടെയെത്തും മുമ്പോ അവിടെ നിന്ന് പോയ്ക്കഴിഞ്ഞോ ആര്‍ക്കെങ്കിലും എന്തെങ്കിലും ജീവിതമുണ്ടെങ്കില്‍ അത് നോവലിന്റെ ഉത്കണ്ഠയേ അല്ല. വിനയന്റെ പുരാവൃത്തം നോവലില്‍ കടന്നു വരാത്തതും സരസ്വതി ടീച്ചറുടെ വേരന്വേഷിച്ചുള്ള അയാളുടെ യാത്രയുടെ വിശദാംശങ്ങള്‍ ഒറ്റവാക്കുകളിലെ പ്രതികരണങ്ങളില്‍ ഒതുങ്ങിപ്പോവുന്നതും അവിടം വിട്ടുപോകുന്നവരില്‍ തിരിച്ചു വരാത്തവരെ നമ്മള്‍ പിന്നീട് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തതും അതുകൊണ്ടാണ്. 

മനുഷ്യജീവിതത്തിനു ജീവിച്ചിരിക്കുന്ന ഇടവുമായുള്ള ജൈവബന്ധം എന്ന കലാതിവർത്തിയായ പ്രമേയത്തെ ഗൃഹാതുരതയുടെ കനം കുറഞ്ഞ അതിരുകളിൽ ഒതുക്കാതെ പറിച്ചെറിയപ്പെടുന്ന ജീവിതാവസ്ഥകളായാണ് നോവൽ വരച്ചിടുന്നത് എന്നു നിരീക്ഷിക്കാം. 'വിഷകന്യക'യില്‍ കുടിയേറ്റക്കാരന്റെ ജീവിതം വിഷം തീണ്ടാന്‍ പ്രാപ്തയായ കന്നിമണ്ണായി ഭീഷണിയുയര്‍ത്തുന്ന ഭൂമി 'ദേശത്തിന്റെ ജാതക'ത്തില്‍ എത്തുമ്പോള്‍ അതിന്റെ അന്തേവാസികളെ പോലെത്തന്നെ ദയനീയമാം വിധം ചടച്ചു പോയിരിക്കുന്നു. തോറ്റുപോവുന്ന ഒരു ജനതയെ അതിന്റെ മുഴുവൻ വൈവിധ്യത്തിലും ആന്തരിക ശൈഥില്യങ്ങളിലും അവതരിപ്പിക്കുമ്പോഴും ഏറ്റവും നിസ്വരായ വ്യക്തികൾ പോലും അവരുടെ തുച്ഛമെന്നു തോന്നാവുന്ന ജീവിതങ്ങളിൽ അനുഭവിച്ചു തീർക്കുന്നത് ഇതിഹാസ ദുഃഖങ്ങൾ തന്നെയാണെന്ന് നോവൽ ഓർമ്മിപ്പിക്കുന്നുഒരേസമയം സാമൂഹകഥാഖ്യാനവും (generic experience) ശക്തമായ വൈയക്തിക പാത്രസൃഷ്ടികളുമായി (individual portraits) വ്യത്യസ്തവും ചടുലവുമായ വീക്ഷണവൈവിധ്യങ്ങളിലൂടെ ചെമ്പൻവയലിന്റെ വിധി അവിടെയുള്ള ഓരോ മനുഷ്യരുടെയും വിധിയായി മാറുന്നത് നാം കാണുന്നുഉർവ്വരമല്ലാത്തതെങ്കിലും തന്റെ ജനതയെ അകിടുചുരത്തി കാത്ത ഒരു ദേശം, ഇനിയാർക്കും ഒന്നും നൽകാൻ ബാക്കിവെച്ചിട്ടില്ലാത്ത ചടച്ചുപോയ കാമധേനു ... അകലങ്ങളിൽതലസ്ഥാന നഗരികളിൽ ഏതൊക്കെയോ ശീതീകൃത മുറികളിൽ ചെമ്പൻ വയലിന്റെ ജീവിതം ഉരുൾപൊട്ടുന്ന ഉപവിഷ്ട ദൈവങ്ങൾ നിശ്ചയിച്ചു കഴിഞ്ഞ അന്തിമ വിധിയിലേക്കു ഉന്മാദത്തിന്റെയും അവമതിയുടെയും നഷ്ടങ്ങളുടെയും ആത്മഹത്യകളുടെയും ദുരൂഹ തിരോധാനങ്ങളുടെയും പാലായനങ്ങളുടെയും നാൾവഴികളിലൂടെ കിതച്ചും വേച്ചും ഇടറിവീഴുന്ന ദുരന്തങ്ങളുടെ ചാവുനിലത്തിന്റെ കൂടി ഇതിഹാസമാണ് 'ദേശത്തിന്റെ ജാതകം.'

 

(ദേശാഭിമാനി വാരികയില്‍ (05 ഫെബ്രുവരി 2017)പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.)

 



കൂടുതല്‍ വായനക്ക്:

അസൂറ - കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

നാടിയാന്‍ കലാപങ്ങള്‍’ – കെ.ആര്‍.വിശ്വനാഥന്‍

https://alittlesomethings.blogspot.com/2024/08/nadiayan-kalapangal-by-k-r-viswanathan.html

നദിളാകാന്‍ ക്ഷണിക്കുന്നു ബാലന്‍ വേങ്ങര

https://alittlesomethings.blogspot.com/2024/06/nadikalaakaan-kshanikkunnu-by-balan.html