Featured Post

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, April 30, 2015

ഡിസ്റ്റോപ്പിയ നൗ : കേരള സ്പെഷ്യല്‍



അപ്പോള്‍
ഈച്ചയിരിക്കുന്ന പച്ചക്കറി
മത്സ്യം
മുന്തിരി
അതത്രേ ബുദ്ധിജീവികള്‍ക്കിഷ്ടം.-
അതും കേരളാവില്‍.
ബുദ്ധിജീവികളുടെ സ്വന്തം നാട്ടില്‍
ആയതിനാല്‍
ഇപ്പോഴേ തുടങ്ങണം:
എന്റോസുള്‍ഫാന്‍ ട്രീറ്റഡ്
വിത്ത്
സ്പെഷ്യല്‍ കോട്ടിംഗ് ഫോര്‍
ലോഡ്‌ ഓഫ് ദി ഫ്ലൈസ്.

ച്ചാല്‍
പുതിയൊരയ്റ്റം-
സാക്ഷാല്‍ റൌണ്ടപ്പിലും
ഈച്ചയാര്‍ക്കും.

വെളിച്ചപ്പാടിന്റെ മരണം




നിറകൊണ്ട പാതിരാക്കും
വേലുവേട്ടന് വെളിപാടുണ്ടാവും.
ഉറഞ്ഞു തുള്ളി നാട് വിറപ്പിക്കും.
മാവേലിക്കാലത്തിന്റെ ചാത്തമൂട്ടിന്
ഭൂമി മലയാളം മുഴവന്‍ ഉറക്കമുണരും.
കമ്പിളിപ്പുതപ്പിനകത്ത്
മുത്തശ്ശിയോട് പറ്റിച്ചേര്‍ന്ന്
കൊച്ചുമോന്‍ പേടിച്ചു വിറക്കും.
ദാഹം മൂത്ത പിതൃക്കളെ ച്ചൊല്ലി
ഗ്രാമ വയോധികരാധി കൊള്ളും.
പിഴച്ചു പോയതിനു
പെടുമരണപ്പെട്ടോളെ പ്രതി
ആണുങ്ങളോരോ മന്ത്രം ജപിക്കും.
കൂടോത്രം കൊണ്ട് കുലം മുടിച്ചവര്‍
കുട്ടിച്ചാത്തനെ മനസ്സില്‍ ഭജിക്കും.

ഉറഞ്ഞു തുള്ളുമ്പോള്‍
ഇന്നതേ പറയൂ എന്നില്ല വേലുവേട്ടന്
ദുര്‍മ്മരണപ്പെട്ടോന്റെ തേങ്ങലും
ആഭിജാരക്കാരന്റെ കുന്നായ്മയും
വേലുവേട്ടന്‍ വിളിച്ചു പറയും.
മുജ്ജന്മ ശാപത്തിനു മുക്തി തേടി
മൂര്‍ത്തികളെ ചൊല്ലിയുണര്‍ത്തും.
അപസ്മാരം തുള്ളുന്ന പെമ്പ്രന്നോളെ
ഗന്ധര്‍വ സേവക്ക് തൊലിയുരിക്കും
തറവാട്ടമ്മയുടെ ഒളി സേവയും
പത്തായപ്പുരയിലെ വളകിലുക്കവും
അങ്ങനെയങ്ങനെ നാട്ടാരറിയും.

സംസാര സാഗരം കടന്നവരോ,
അവര്‍, മിത ഭാഷികള്‍.
ഉറഞ്ഞു തുള്ളിവിസ്തരിക്കുമ്പോള്‍ മാത്രമാണ്
അവരുടെ സങ്കടങ്ങള്‍
ആഴങ്ങള്‍ വെളിപ്പെടുത്തുക..

വേലുവേട്ടന്‍ പോയപ്പോഴോ
മരിച്ചവര്‍ ഞങ്ങളോട് മിണ്ടാതായി.

Thursday, April 16, 2015

നദിയിലിറങ്ങുമ്പോള്‍



ഒരുമിച്ചാണ് നമ്മള്‍
യാത്ര തുടങ്ങിയത്.
ഉടലുകളില്‍
ഉപ്പു പൊടിയുന്ന വേനലറുതിയിലും
ഉറവ വറ്റാത്ത നദിയില്‍ മുങ്ങവേ
നമ്മളില്‍ ചിലര്‍
ഓരങ്ങളിലെ പരല്‍മീനുകളോടും
ആഴങ്ങളിലെ വരാലുകളോടും
ഉടമ്പടിയുണ്ടാക്കി.
ഗര്‍ഭസ്ഥരായ കുഞ്ഞുങ്ങള്‍
ജലദേവതമാരുടെ താരാട്ടുകേട്ട്
യാത്രകളുടെ പിതൃക്കളോട് പിണങ്ങി
അമ്മമാരുടെ പാദങ്ങളില്‍
കനത്തു നിന്നു.
കൊതുമ്പു വള്ളമേറിയ
അവരുടെ ദൈവം
മത്സ്യ ഗന്ധം കൊണ്ട്
അവരെ അനുഗ്രഹിച്ചു.
അങ്ങനെയാണ്
നദീതട സംസ്കാരങ്ങളുണ്ടായത്.

നദിയിലിറങ്ങുമ്പോള്‍
കുഞ്ഞുങ്ങളെ മറക്കരുത്.
അമ്മമാരെ ദുഷിക്കരുത്.

Wednesday, March 25, 2015

മദ്യപനായ ഒരു ജിപ്സിയാണ് എന്റെ ദൈവം.



മദ്യപനായ ഒരു ജിപ്സിയാണ്
എന്റെ ദൈവം.
എല്ലാ രഹസ്യങ്ങളുടെയും
ത്രികാലങ്ങളറിയുന്നവന്‍.
അന്തിക്കള്ളിന്റെ വീര്യം
മുക്കൂട്ടു കവലയില്‍
ഇക്കളിപ്പാട്ടായിറക്കുന്നവന്‍ .
ആയുര്‍ രേഖയുടെ
സമയ ഖണ്ഡങ്ങളിലൂടെ
വാര്‍ദ്ധക്യത്തില്‍ നിന്ന്
ബാല്യത്തിലേക്ക്‌
മുങ്ങാങ്കുഴിയിടുന്നവന്‍,
മോഹത്തില്‍ നിന്ന്
സ്വപ്നത്തിലേക്ക്
മാന്ത്രിക കമ്പളം വിരിക്കുന്നവന്‍.

വറുതിക്കാലത്തിന്റെ വേനലറുതിയില്‍
നല്ലവനായ കള്ളനായി
അവന്‍ കളപ്പുരകള്‍ തുറന്നു വെക്കും
ഒഴിഞ്ഞ കണ്ണുള്ള ദൈന്യത്തിലേക്ക്
ധാന്യമഴയുടെ
അക്ഷയപാത്രമൊരുക്കും .
പാല പൂക്കുന്ന ഗന്ധര്‍വ രാവുകളില്‍
നിലാവില്‍ തെളിയുന്ന ജാലക്കാരനായി
കുമാരിമാരുടെ ഉടലില്‍ നിറയും.
പിന്നിരുട്ടു പരന്ന വേനല്‍ രാവില്‍
വടക്കിനിപ്പുറത്തെ ഒടിയനെക്കണ്ട്
ഗര്‍ഭിണികള്‍ പനിച്ചു വിറക്കും.
ഉറങ്ങാ മടിയന്റെ ഭയപ്പാടുകള്‍
നിഗൂഡതയുടെ പൊക്കണത്തിലേക്ക്
അമ്മമാര്‍ ചേര്‍ത്തുവെക്കും .
നാട്ടിടവഴിയിലെ കുസൃതികളെ
മെല്‍ക്ക്വിയാദിസിന്റെ കാന്തക്കല്ലായി
അവന്‍ കൂട്ടിനെടുക്കും.
സര്‍പ്പ കോപം കൊണ്ട് തുള്ളിവിറക്കുന്നവനെ
നിഗൂഡ മന്ത്രങ്ങളുടെ അതീത ഭാഷയില്‍
തലോടിയുറക്കും.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക്
ഒരു പാലം പണിയാനായി
ഒരു നാള്‍ അവന്‍പുറപ്പെട്ടു പോകും.

പണിക്കുറ തീര്‍ത്ത്‌
ഒരു വാസസ്ഥലമൊരുക്കി
പിന്നെയവന്‍ കാത്തിരിക്കും 

Wednesday, January 14, 2015

പ്രിമിറ്റീവ് കമ്മ്യൂണിസം റീലോഡഡ്



പണ്ടൊരു ലോകമുണ്ടായിരുന്നു.
അല്ല,
പണ്ടൊരു ദേശമുണ്ടായിരുന്നു.
അല്ല
പണ്ടൊരു നാടുണ്ടായിരുന്നു.
അല്ല
പണ്ടൊരു ഊരുണ്ടായിരുന്നു.
അല്ല
പണ്ടൊരു കുലമുണ്ടായിരുന്നു.
അല്ല
പണ്ടൊരു കുടുംബമുണ്ടായിരുന്നു.
അല്ല
പണ്ടൊരു മനുഷ്യനുണ്ടായിരുന്നു.

പിന്നെന്തുപറ്റീന്നു ചോദിച്ചാ...
ഒരു മനുഷ്യന് ഒരു കുടുംബമായി.
ഒരു കുടുംബത്തിന് ഒരു കുലമായി.
ഒരു കുലത്തിന് ഒരു ഊരായി .
ഒരു ഊരിന് ഒരു നാടായി .
ഒരു നാടിന് ഒരു ദേശമായി.
ഒരു ദേശത്തിന് ഒരു ലോകമായി.

ഇതിനെടേലെപ്പോഴോ
ഒരാള്‍ക്ക്‌
ഒരു ദൈവമായി.
ഒരു ദൈവത്തിനു
ഒരു മതവും.

Tuesday, January 6, 2015

പെണ്‍കുഞ്ഞുങ്ങള്‍ അലറിവിളിക്കുന്നത്


എന്റെ മകള്‍
ഉടുപ്പില്‍ വീണ പല്ലിക്കുഞ്ഞിനെക്കണ്ട്
അലറി വിളിക്കുന്നു.
ഞാനപ്പോള്‍
വാര്‍ത്താപത്രം വലിച്ചെറിഞ്ഞ്
ഓടിയെത്തുന്നു.
ബോക്കോഹറാം തട്ടിയെടുത്ത പെണ്‍മക്കള്‍
പത്രത്താളില്‍
അലറിവിളിക്കുന്നു.
പല്ലിക്കുഞ്ഞിനെ കണ്ടല്ലെങ്കിലും
അലറി വിളിക്കുന്നു.
പെണ്‍കുഞ്ഞുങ്ങളുടെ അലമുറകള്‍
ഭൂഖണ്ഡങ്ങളെ
കോര്‍ത്തിണക്കുന്നു-
നൈര്‍മ്മല്യത്തിന്റെ അസംബന്ധമായും
നിസ്സഹായതയുടെ പിടച്ചിലായും.
ഞാനെന്റെ മകളെ
ഉമ്മ വെക്കുന്നു.
ഞാന്‍ അവളെ മാത്രം
ഉമ്മ വെക്കുന്നു.

Friday, January 2, 2015

കവിതയുടെ ജനിതകം




ഒരാള്‍ കവിതയെഴുതുമ്പോള്‍
ഒരു മിത്രത്തെയോ
ഒരു സഖാവിനെയോ
ഒരു കലോപാസകനെയോ
ഒരു വിമര്‍ശകനെയോസൃഷ്ടിച്ചേക്കാം.
അവരൊക്കെയും
സ്നേഹം കൊണ്ട് തളിര്‍ത്ത
ഒരു പൂമരം
അയാളില്‍ കണ്ടേക്കാം.
ചിലപ്പോഴത്
വെറുമൊരു വംശവെറി വിദ്വേഷകനെ
നൂറും പാലും കൊടുത്ത്വളര്‍ത്തിയേക്കാം.
സ്നേഹം കൊണ്ട് തളിര്‍ത്തില്ലെങ്കിലും
ഒറ്റുകാരന്റെ നാക്കുവഴക്കത്തോടെ
അയാളൊരു വിമര്‍ശകന്‍ കളിച്ചേക്കാം.

ഒരാള്‍ കവിതയെഴുതുമ്പോ
ള്‍ഒരാസ്വാദകന്‍ ജനിക്കുമെന്ന്
ഉറപ്പു പറയാനാകില്ല.

Friday, December 26, 2014

പടിയിറങ്ങുന്നു മകള്‍-



പടിയിറങ്ങുന്നു മകള്‍- 
നിരാസമാമമാവാസി തീറുതന്നീ 
പൊളിഞ്ഞ വീടിന്‍ പടിയിറങ്ങുന്നു, 
നെറുകയിലെ മുത്തത്തില്‍ 
തളിര്‍ത്തു പൂത്തവള്‍. 
മുറിഞ്ഞു പോവുമൊരു പ്രാര്‍ത്ഥന 
ഇടനാഴിയില്‍ ചുറ്റിത്തിരിയുന്നു 
വേച്ചു വേച്ച്- 
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങള്‍ കൂടുകൂട്ടാതിരിക്കട്ടെ. 
പിന്‍ വാതിലടക്കുമ്പോള്‍ 
നിനക്ക് കാലിടറരുത്, മകളെ !. 
തുണ പോരേണ്ടതില്ലല്ലോ നിനക്കിനി 
വഴികാട്ടിയായീ,യച്ഛന്‍ വിരലുകള്‍. 
നിര്‍നിദ്രമായുറഞ്ഞുകൂടുമൊ- 
രമ്മയാം നൊമ്പരം 
കാവലുണ്ടാവു,മെന്നാളുമെങ്കിലും 
വിതുമ്മായ്ക നീ, ശ്യാമമാം കണ്‍കള്‍
നിറയായ്ക, നിന്‍ മിഴിത്തെല്ലിലെ
നീര്‍മുത്തുകള്‍ കൊണ്ട് 
പ്രളയം ചമാക്കയ്ക,യീ പാഴ് നിലങ്ങളില്‍.

നമ്മളിപ്പോഴും കൊല്ലുന്നത്


നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.
പറന്നു ചെന്ന് തീമഴ പെയ്ത്
ചുട്ടു ചാമ്പലാക്കി
ആ പഴയ ശപ്ത നഗരം പോലെ,
സ്നേഹിച്ച്, പ്രണയിച്ച്
നിരായുധനാക്കി
ആ പഴയ സാംസനെ പോലെ,
വേഷം കെട്ടി, മാറാടി
കവചമഴിച്ചു വാങ്ങി
ആ പഴയ കര്‍ണ്ണനെ പോലെ,
ഈരടി മൂവടിയളന്ന്
ചവിട്ടിത്താഴ്ത്തി
ആ പഴയ മാവേലിയെ പോലെ,
ചിരിച്ച്, ചിരിപ്പിച്ച്
പിന്നെ നിശ്ശബ്ദമായി
ആ പഴയ ഹിന്ദി സിനിമാ വില്ലനെപ്പോലെ-

മണല്‍ക്കാട്ടിലേക്ക് നാടുകടത്തിയവന്
നീരൊഴുക്കിന്റെ സൈക്കെഡലിക് സ്വപ്നമൂട്ടി
മറയുന്ന ബോധത്തില്‍
ജലമര്‍മ്മരം കൊണ്ട്
അവസാനത്തെ വീഞ്ഞൊരുക്കി,
നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.

Thursday, December 11, 2014

തിരക്കിലാണ് നമ്മള്‍.




ഇന്ന്,
മഞ്ഞു പെയ്യുന്ന ഈ രാവില്‍
മറഞ്ഞു പോയ ദൈവ പുത്രന്‍റെ
അവസാനത്തെയത്താഴം
ക്ലോണ്‍ ചെയ്യുന്ന തിരക്കിലാണ് നമ്മള്‍ .
ബെത് ലഹേമില്‍ നിന്നുള്ള വീഞ്ഞിന്
ഇപ്പോള്‍ രക്തത്തിന്റെ രുചിയാണ്
പാന പാത്രങ്ങളില്‍
ഒറ്റു ചുംബനത്തിന്റെ
ലഹരി നിറക്കുന്ന തിരക്കിലാണ് നമ്മള്‍.

ബലിയിടങ്ങളില്‍ നിന്ന്
വാര്‍ത്തകള്‍ വരാതിരിക്കാന്‍
ആന്റിനകള്‍തിരിച്ചു വെക്കുന്ന തിരക്കിലാണ് നമ്മള്‍ .
നമുക്ക് മുമ്പും 
നമ്മളും
ഒന്നായിരുന്നെന്ന്
ഗ്യാസ്‌ ചേമ്പറുകള്‍ക്ക്
ചായം പൂശുന്ന തിരക്കിലാണ് നമ്മള്‍.

പിറവിയിലേ ഒടുങ്ങേണ്ട കുഞ്ഞുങ്ങള്‍ക്കായി
മൈന്‍ പാടങ്ങളില്‍
പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ് നമ്മള്‍.
അവര്‍ക്ക് വേണ്ടി
ഇനിയൊരു കുരിശു തീര്‍ക്കാന്‍
നേരമില്ലാത്ത വിധം തിരക്കിലാണ് നമ്മള്‍.

Saturday, November 29, 2014

അടക്കം ചെയ്ത പ്രണയത്തിന്‍റെ മനുഷ്യാവകാശം .


വിവാഹം പവിത്രമാണ്
ഒരു ക്ലീന്‍ സ്ലേറ്റില്‍
വെടിപ്പായി വേണം തുടങ്ങാന്‍-
ഓര്‍മ്മിപ്പിച്ചതാണെല്ലാവരും. .
അത് കൊണ്ടാണ്
ഉള്ളിലൊരു ചന്ദനച്ചിതയൊരുക്കി
ഓര്‍മ്മമുതലുകളോടൊപ്പം  അവളെ അടക്കിയത്-
ആദ്യത്തെ അടക്കം.

ഒരുമിച്ചു ജീവിക്കുമ്പോള്‍
രഹസ്യങ്ങളരുത്:
ഓര്‍മ്മിപ്പിച്ചതാണ് സ്വയം.
അത് കൊണ്ടാണ്
ആദ്യനാളില്‍
അവളെ ഉയിര്‍പ്പിച്ചത്.
പിന്നെ രണ്ടുപേരും ചേര്‍ന്നാണ് അടക്കിയത്
രണ്ടാമത്തെയടക്കം.

എന്നാല്‍,
മൂന്നാം നാളില്‍
അവളുയിര്‍ത്തത്
ഇവളുടെ മനസ്സിലായിരുന്നു :
ഞാന്‍ രണ്ടാം സ്ഥാനക്കാരിയാ?!
ഏറെ പാടുപെട്ടാണ് അടക്കിയത്-
മൂന്നാമത്തെ അടക്കം.

പിന്നത് പതിവായി.
സല്‍ക്കാര നാളുകളില്‍ പുന്നാരം പുളിച്ചു തികട്ടിയപ്പോള്‍,
പനിക്കിടക്കയില്‍ പതം പറഞ്ഞപ്പോള്‍,
പെങ്ങള്‍ക്ക ല്യാണത്തിനു പൊന്നും പണം തികച്ചപ്പോള്‍,
അമ്മയുടെ ആശുപത്രി ബില്ലില്‍ കണ്ണുടക്കിയപ്പോള്‍,
പുതിയ വീടിനു നീളം വീതിയളന്നപ്പോള്‍,
ജവുളിക്കടയില്‍ കാലുകള്‍ക്ക് വേരിറങ്ങിയപ്പോള്‍,
ഉപ്പു മുളകു ചേരുവ ചേരാതെ ചേര്‍ന്നപ്പോള്‍,
സഹപ്രവര്‍ത്തകയെപ്പറ്റി നല്ലത് പറഞ്ഞപ്പോള്‍,
എല്‍. കെ. ജി. അഡ്മിഷന് മകന് മീഡിയം തെരഞ്ഞപ്പോള്‍,
കയ്യടിക്കേണ്ടതേതു സൂപ്പര്‍ താരത്തിനെന്നുത്തരം മുട്ടിയപ്പോള്‍,
മകന്റെ കെട്ടിന് തറവാട്ടുമാഹാത്മ്യം ചികഞ്ഞപ്പോള്‍,
പേരമകള്‍ക്ക് പേര് തേടിയപ്പോള്‍,
പിന്നെയിതാ ഇപ്പോള്‍
ഈ അടുത്തൂണ്‍ പറ്റിയ വേനലവധിയില്‍
വാനപ്രസ്ഥം സ്വപ്നം കണ്ടപ്പോഴടക്കം
ഇതായിരം തവണയാണടക്കിയത്.

ഇനി,
തെക്കോട്ടെടുക്കുമ്പോഴത്തെ ആയിരത്തൊന്നിലെങ്കിലും
അങ്ങുറപ്പിക്കണേ എന്നാണ്
ഇപ്പോള്‍ ഉള്ളിലൊരാന്തല്‍..
അടക്കം കഴിഞ്ഞോള്‍ക്കും കാണില്ലേ
ഇത്തിരിയൊരു മനുഷ്യാവകാശം !

Sunday, November 23, 2014

വിശുദ്ധന്മാര്‍ ഉണ്ടാകുന്നത്


തപസ്സു ചെയ്തു തപസ്സു ചെയ്ത്
വരം കിട്ടിയെന്നു ഭള്ളു പറയുന്നവനെ
വെറുതെ വിട്ടേക്കുക.
ഇത്തിരി ദുര്‍മേദസ്സും
കുറെ കുട വയറുമല്ലാതെ
ഒന്നും വെറുതെ കിട്ടില്ല
ഒരു കുത്തിയിരിപ്പിലും..
എങ്കിലും,
സഹസ്രാബ്ദങ്ങളോളം
ചൊല്ലിപ്പഠിച്ച പാഠമുണ്ട് :
അവയുടെ ബലത്തിലാണ്
രാഷ്ട്രീയ ഫലിതങ്ങള്‍ രൂപമെടുക്കുക .
അങ്ങനെയാണ്
മണലാരണ്യം കടന്നു
മുടിയിലൂടെ
ഒരു വിശുദ്ധന്‍ അവതരിക്കുക..
അതീത മുന്‍ കാല പ്രാബല്യത്തോടെ
നീല ദൈവം
തെരഞ്ഞെടുത്ത പള്ളിമന്ദിരത്തില്‍
തെരഞ്ഞെടുപ്പ് ചിഹ്നമാവുക.
ബോധിത്തണല്‍ കടന്ന കരുണാമയന്‍
അയല്‍ ദ്വീപിന്റെ
അരുംകൊല മൂര്‍ത്തിയാവുക.
പ്രണയാതുരനായ ചക്രവര്‍ത്തി
ഉറ്റവളെ അടക്കിയിടത്ത്
ഭൂഗര്‍ഭശ്രീ വന ദൈവം
അവതരിക്കുക.
രാഷ്ട്രീയ ഫലിതങ്ങള്‍
ചോരമണക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കണം:
തപസ്സുകളുടെ ഭാരം
നിങ്ങളുടെ ഹൃദയത്തിലേക്ക്
കുളിര്‍ക്കാറ്റായല്ല
അന്യന്റെ ശ്വാസ നാളത്തിലേക്ക്
വംശ വെറിയായത്രേ
കോമ്പല്ല് താഴ്ത്തുക.

(ജനയുഗം വാരാന്തം: 15-02-2015)

കോണകമെഴുത്ത്

കണക്കില്‍ കൊള്ളിക്കാനാവാത്ത
അക്ഷരങ്ങള്‍ കൊണ്ട്
കരിഞ്ചന്തക്ക് ഒരു കവിത കുറിക്കണം.
അധികൃതരുടെ കണ്ണ് വെട്ടിച്ച്
അല്‍പ്പസ്വല്‍പ്പം കൈക്കൂലി കൊടുത്ത്
വിറ്റഴിക്കണം.
കൊളുത്തിക്കിട്ടിയില്ലെങ്കില്‍
ഒരു തലതൊട്ടപ്പനെ വാടകക്കെടുക്കണം.
സ്വന്തമായി ഒരു സെറ്റപ്പ് തുടങ്ങണം.
പടം മടക്കിവെച്ച വിപ്ലവത്തിന്റെ പുറത്ത്
കാനാടി ചാത്തന്റെ പരസ്യം പതിക്കണം.
അജ്മീര്‍ വഴി കാശിയിലേക്ക്
മതേതരത്തം കൊട്ടിപ്പാടണം.
പുണ്യാളന്റെ ജന്മദിനത്തിനും
ചെഗുവേരയുടെ ഓര്‍മ്മ ദിനത്തിനും
പ്രത്യേകം പ്രത്യേകം കവിത ചമക്കണം.
കൃസ്തുവിന്റെ പീഡാനുഭവവും
ഗാന്ധിജിയുടെ സഹന വീര്യവും
അടിക്കുറിപ്പായ്‌ ചേര്‍ക്കണം.
കാറലിന്റെ മൂല ധനവും
മേയ്ന്‍ കാംഫിന്‍റെ നൂറാം പതിപ്പും
ചേരും പടി ചേര്‍ക്കണം.

സഹ കവിയശപ്രാര്‍ഥികളെക്കൂട്ടി
ഭാഷയുടെ പുത്തന്‍ കൂറ്റിന്
ഒരധോലോകമൊരുക്കണം .
കവിതകൊണ്ട് ഒരു ഷാവൊലിന്‍ ടെമ്പിള്‍
കുങ്ഫു കരാട്ടെ
കവിത കൊണ്ടൊരു ഏറും തല്ലും.
കവിത കൊണ്ട് മുറിവേറ്റവരെക്കൊണ്ട്
ഒരു സെക്രട്ടേരിയറ്റ്‌ മാര്‍ച്ച് .
മന്ത്രി വന്ന് നാരങ്ങാ നീര് തരും വരെ
നിരാഹാരം.
അക്കാദമിക്കോലായില്‍ ഒരു കസേര
അടുത്ത പുരസ്ക്കാര നാളില്‍
ഒരവാര്‍ഡ് .
ഒത്തുതീര്‍പ്പിന്റെ മഞ്ഞച്ചിരിയില്‍
ഒരു പുതിയ ഗാനം:
വാഴുക വാഴുക വാഴുന്നോരേ,
അക്ഷര ലക്ഷം പിന്നാലേ...

കള്ളയക്ഷരങ്ങളൊക്കെയും
വെളുത്തുകിട്ടിയ സ്ഥിതിക്ക്
ഇനി വേണം
പത്രാധിപരെ നേരിട്ടൊന്നു കാണാന്‍.
അങ്ങേര്‍ക്കും പഥ്യം
വെളുത്തു
തുടുത്ത
കോ
മെ
ഴു
ത്ത് .

Monday, November 10, 2014

ആദിയില്‍


ആദിയില്‍ ജീവനുണ്ടായി.
ഏകാന്തതയുടെ ദുഃഖം
ഉള്ളുലക്കവേ
ഒരു കണ്ണീര്‍ക്കണം
അതിന്റെ ചിഹ്നമായി.
അത് വീണത്രേ 
കടലുണ്ടായത്.
ഒരു ദൈവത്തിനും
താങ്ങിനിര്‍ത്തായില്ല
ജീവന്റെ ദുഃഖം.
പിന്നെയെന്നും
എല്ലാംഒഴുകി മുതിര്‍ന്നതും
നദിയായ് നിറഞ്ഞതും
ഉപ്പ് കലര്‍ന്നതും.

ജീവിതം പോലെ പരന്നൊഴുകാന്‍
മറ്റൊന്നുമില്ലാത്തത് കൊണ്ടാണ്
നദികളൊക്കെയും കടലിലേക്ക് കുതിച്ചത്.

വാരാന്ത്യങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍


ഒഴിവു ദിന വാരാന്ത്യങ്ങളുടെ പതിവായിരുന്നു
ഉമ്മയെ കാണാന്‍ പോവുക .
വേണ്ടെന്നു പറയാന്‍ വയ്യാത്തവിശപ്പ്‌ 
കരുതിവെക്കണമായിരുന്നു.
പട്ടിണിക്കാലത്തിന്റെ ഓര്‍മ്മയില്‍ കുരുത്തതായിരുന്നു
ഉമ്മയുടെ രുചിക്കൂട്ടുകള്‍.
ഒരു നെല്ലിക്ക
ഉപ്പിലിട്ട മാങ്ങ
പച്ചപ്പുളിയും കാന്താരിയും ഉടച്ചു ചേര്‍ത്ത്
ഉപ്പ് കൂട്ടിയ ചമ്മന്തി
ഉണ്ടെങ്കിലിത്തിരി മോര്
ചൂട് കഞ്ഞി...
തീര്‍ന്നു വിഭവ സമൃദ്ധി.
വിളമ്പി വെച്ചാല്‍ അടുത്തിരിപ്പാണ് പിന്നെ.
ചികഞ്ഞെടുക്കുന്ന ഓര്‍മ്മക്കഥകള്‍,
നാട്,
നാട്ടാര്,
പോയോര്,
ഇനി വരാത്തോര്,
ബാപ്പയുടെ കടും പിടുത്തങ്ങള്,
മകന്റെ ദുര്‍വ്വാശികള്,
എടേല് നെഞ്ചെരിഞ്ഞത്,
മക്കള് വല്യോരായത്,
കാണാന്‍ബാപ്പയ്ക്ക് യോഗല്ലാതെ പോയത്,
ന്നാലും പടച്ചോന്റെ കൃപ.



ഉമ്മ മരിച്ചപ്പോള്‍
ഒപ്പം മറഞ്ഞു പോയത് രുചിക്കൂട്ടുകളാണ്.
തുരുമ്പെടുത്തത് വാരാന്ത്യങ്ങളാണ് .
എന്താണ് കൊടുത്തിട്ട് പോവുകയെന്നാണ്
ഇനിയൊരുള്‍ക്കിടിലമിപ്പോള്‍.

Thursday, November 6, 2014

ഗോഡ് ഫാദര്‍ സിന്‍ഡ്രോം



ചിലരങ്ങനെയാണ്:
നിങ്ങളൊരു കവിതയെഴുതിയാല്‍
ഒരു കുറിപ്പെഴുതിയാല്‍
ഒരു നീണ്ട ആത്മഗതം നടത്തിയാല്‍
അതില്‍ മഹാകവിയെ കാണും.
നിങ്ങളാണ് ഭാഷയുടെ അടുത്ത പ്രതീക്ഷയെന്ന്
ആണയിടും.നിങ്ങളെന്റെ പ്രിയനേ കണ്ടാല്‍ 
ഞാന്‍ പ്രണയ പരവശയായിരിക്കുകയാണെന്ന്
സോളമന്റെ ഗീതം പോലെ 
യരൂശലേം കന്യകമാരാകും .
എണ്‍പതുകളില്‍ മുടങ്ങിപ്പോയ വിപ്ലവം
ഇനി താങ്കളിലാണ് 
ജോണ്‍ അബ്രഹാം സുരാസു അയ്യപ്പനെന്നു
ബൊഹീമിയന്‍ ശുഭരാത്രി നേരും.
ഹോമോസാപ്പിയന്‍ മുതല്‍ ഓസോണ്‍ പാളി വരെയും
വിയെറ്റ്നാം മുതല്‍ ഗാസ വരെയും
താങ്കളേയെന്ന്
ഗിന്‍സ്ബര്‍ഗായി ഓരിയിടും.
താളിയോലകളില്ലാഞ്ഞു താങ്കളൊരു 
കനപ്പെട്ട പുസ്തകാവതാരമെന്നു 
സംഭവാമി യുഗേ യുഗേ ആശംസിക്കും
സാന്റിയാഗോയുടെ സ്രാവുകളെ പോലെ
നേടിയതെന്തും കവര്‍ന്നെടുത്ത്
നിങ്ങളെയൊരു പ്രേതരൂപിയാക്കും .
അവതാര ധര്‍മ്മം കഴിഞ്ഞ
പരമാത്മാവിനെ പോലെ
പുല്ലുമുളക്കാത്ത വഴി തിരോഭവിക്കും.

ക്ഷതം പറ്റിയ സര്‍ഗ്ഗ ഭാരത്തില്‍
വഴി മറന്ന ഏകാന്തദ്വീപിലേക്ക്
നിങ്ങള്‍ തിരിച്ചു നടക്കവേ,
ടുവില്‍
ഒറ്റുകാരുടെ രുധിര മുഹൂര്‍ത്തത്തില്‍
സീനായ്‌ പര്‍വ്വതത്തിലെ മോശേക്കെന്ന പോല്‍
മിന്നലൊളിയായ്‌ കണ്ണഞ്ചിക്കും.
മുപ്പതു വെള്ളിയുടെ ദുര്‍മേദസ്സില്‍
നിങ്ങള്‍ക്കൊരു ബലിക്കുറിപ്പെഴുതും:
നികത്താനാവാത്ത നഷ്ടം ഈ മൗനം