Featured Post

Tuesday, August 20, 2024

So Long a Letter by Mariama Bâ

 ഹൃദയം തുറന്നൊരു പെണ്ണെഴുത്ത്



(സനഗലീസ് നോവലിസ്റ്റ് മരിയാമാ ബാ രചിച്ച സോ ലോംഗ് എ ലെറ്റര്‍ എന്ന നോവലിനെ കുറിച്ച്. ആഫ്രിക്കന്‍ ഫെമിനിസ്റ്റ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളില്‍ ഒന്നായ ഈ നോവല്‍, എങ്ങനെയാണ് മുത്തശ്ശി, അമ്മ, സഹോദരി, മകള്‍, ബന്ധു, സുഹൃത്ത് എന്നൊക്കെയുള്ള ബഹുരൂപിയായ സ്ത്രീ ‘ആഫ്രിക്കയുടെ അമ്മ’ ആകുന്നതെന്നു കാണിക്കുന്നതോടൊപ്പം എങ്ങനെ അവള്‍ സമൂഹത്തില്‍ പ്രാധാന്യം നേടുന്നു എന്നും  നിരീക്ഷിക്കുന്നു.)

ഫെസിനിസവും ലിംഗനീതിയുടെ പ്രശ്നങ്ങളും ആഫ്രിക്കന്‍ നോവലില്‍ കടന്നു വരുന്നത്, ലോക സാഹിത്യത്തില്‍ മറ്റേതു ദേശത്തെയും പോലെത്തന്നെ, ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടല്ല. തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായിത്തന്നെ ഫെമിനിസ്റ്റ് നിലപാടുകള്‍ കൈക്കൊള്ളുന്ന ആഫ്രിക്കന്‍ സ്ത്രീ, പുരുഷലോകത്തിന്റെയും സ്ത്രീ ഏതെങ്കിലും തരത്തിലുള്ള പുരുഷാധിപത്യ പ്രവണതകളുടെ ഇരയാണെന്ന് കരുതുന്നില്ലാത്ത സ്ത്രീകളുടെ തന്നെയും എതിര്‍പ്പുകളെ നേരിടേണ്ടി വരുന്നു. സ്ത്രീപക്ഷമെന്ന സംജ്ഞയെത്തന്നെ തങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണ്ണമായി ആവിഷ്കരിക്കാന്‍ പാകത്തില്‍ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട് അവര്‍ക്ക്. ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീപക്ഷം എന്നതില്‍ ഒട്ടേറെ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നു. സാഹിത്യ കൃതികളുടെ പാഠങ്ങളില്‍ പ്രതിനിധീകരിക്കുകയോ വക്രീകരിക്കുകയോ ചെയ്യുന്ന പെണ്‍ ആവിഷ്കാരങ്ങള്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, അതിജീവനത്തിന്റെ സാമ്പത്തിക ഉപാധികളില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം, മാതൃത്വം, ഗൃഹാന്തരീക്ഷത്തിലെ സ്ത്രീ, സമൂഹത്തിന്റെ ഭാഗമെന്ന നിലയിലുള്ള സ്ത്രീ, രാഷ്ട്രീയത്തിലും വിപ്ലവത്തിലും സ്ത്രീയുടെ പങ്ക്, ലൈംഗികത, പുരുഷന് സ്ത്രീയോടും തിരിച്ചുമുള്ള സമീപനത്തിന്റെ നേരിട്ടുള്ള ആവിഷ്കാരം, എന്നിവയിലെല്ലാം ആഫ്രിക്കന്‍ ജീവിതത്തിലെ ഭൂത-വര്‍ത്തമാന-ഭാവി കാല യാഥാര്‍ത്ഥ്യങ്ങളിലെ ലിംഗനീതി സംബന്ധമായ ധാരണകളുടെ അടിയൊഴുക്കകള്‍ എങ്ങനെയൊക്കെ ലീനമായിരിക്കുന്നു എന്നതാണ് ഇവിടെ അന്വേഷണ വിഷയമാകേണ്ടത്‌.

സെനഗളീസ് നോവലിസ്റ്റ് മരിയാമാ ബാ തന്റെ ഹ്രസ്വമായ സാഹിത്യ ജീവിതത്തിനിടയില്‍ എഴുതിയ ഇരു നോവലുകളിലും സമൂഹം സ്ത്രീക്ക് നിര്‍മ്മിച്ചു നല്‍കിയ ‘ഇട’ത്തെ സംബന്ധിച്ച വാര്‍പ്പുമാതൃകകളെ വെല്ലുവിളിക്കുന്നു. തന്റെ ജീവിത പശ്ചാത്തലവും വിദ്യാഭ്യാസവും മാതാപിതാക്കളുടെ ജീവിതവും എല്ലാം തന്നെയായിരുന്നു അവരുടെ ഉറച്ച ശബ്ദത്തിന്റെ പ്രഭവവും. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതില്ലെന്ന പരമ്പരാഗത ആഫ്രിക്കന്‍ മുസ്ലിം രീതിയോട് പൊരുതിയാണ് അവര്‍ ഉന്നത വിദ്യാഭ്യാസം നേടിയത്. സെനഗല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ഭര്‍ത്താവുമായുള്ള വിവാഹമോചനം ഒമ്പത് മക്കളെ പോറ്റേണ്ട ഉത്തരവാദിത്തം അവര്‍ക്ക് നല്‍കി. ആഫ്രിക്കന്‍ സ്ത്രീജീവിതത്തെ കുറിച്ചുള്ള അവരുടെ അഗാധ നൈരാശ്യവും ആത്യന്തികമായി ആ ദുര്‍വ്വിധിയെ അംഗീകരിക്കുന്ന സമീപനവും ഈ അനുഭവങ്ങളുടെ സൃഷ്ടിയാണ്. ആഫ്രിക്കയില്‍ പ്രസാധനം ചെയ്യുന്നതിനുള്ള പുരസ്കാരമായ നോര്‍മാ അവാര്‍ഡ് നേടിയ പ്രഥമ കൃതിയായ So Long a Letter, ഭര്‍ത്താവിന്റെ മരണത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ സഹ ഭാര്യയോടൊപ്പം വിലപിക്കേണ്ടി വരുന്ന സ്ത്രീയുടെ ദുഃഖവും കീഴടങ്ങലുമാണ് അവതരിപ്പിക്കുന്നത്‌. സമൂഹ നിര്‍മ്മിതിയില്‍ ആഫ്രിക്കന്‍ സ്ത്രീ വഹിക്കുന്ന പങ്ക് അടയാളപ്പെടുത്തുക എന്നത് നോവലിന്റെ സാംസ്കാരിക ദൌത്യം തന്നെയായി തെളിഞ്ഞു കാണാം. അത് പോലെ, കാന്‍സര്‍ ബാധിതയായ തന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ്, പഴയ കാമുകിയെ തേടിപ്പോകുന്ന ഭര്‍ത്താവിനാല്‍ പരിത്യക്തയാകുന്ന ആഫ്രിക്കന്‍ സ്ത്രീയുടെ ദുരിതം വരച്ചുകാട്ടുന്ന രണ്ടാമത് നോവല്‍ Scarlet song (1981) ബാ മുഴുവനാക്കിയത്. ബായുടെ സംഭാവന ഏറ്റവും പ്രസക്തമാകുന്നത് സ്ത്രീയുടെ ജീവിതം പൊതുവിലും വിവാഹിതയായ സ്ത്രീയുടെ ജീവിതം വിശേഷിച്ചും അവയുടെ അവഗണിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ആവിഷ്കരിക്കുന്നു എന്നത് കൊണ്ടാണ്. എങ്ങനെയാണ് മുത്തശ്ശി, അമ്മ, സഹോദരി, മകള്‍, ബന്ധു, സുഹൃത്ത് എന്നൊക്കെയുള്ള ബഹുരൂപിയായ ഈ സ്ത്രീ ‘ആഫ്രിക്കയുടെ അമ്മ’ ആകുന്നതെന്നു കാണിക്കുന്നതോടൊപ്പം എങ്ങനെ അവള്‍ സമൂഹത്തില്‍ പ്രാധാന്യം നേടുന്നു എന്നും അവര്‍ നിരീക്ഷിക്കുന്നു.

ആണധികാരത്തിന്റെ കടന്നുകയറ്റം

സെനഗളിന്റെ തലസ്ഥാനമായ ഡകാറില്‍ കഴിയുന്ന റാമതുലായെ എന്ന ഫ്രഞ്ച് വിദ്യാഭ്യാസം നേടിയ മധ്യവയസ്കയും സ്കൂള്‍ അധ്യാപികയുമായ മുസ്ലിം വിധവ നാലുമാസവും പത്തു ദിവസവും നീളുന്ന തന്റെ ഇദ്ദ കാലത്ത്, അമേരിക്കയില്‍ കഴിയുന്ന ബാല്യകാല സുഹൃത്തായ ആസിയാതുവിനു എഴുതുന്ന സുദീര്‍ഘമായ കത്തിന്റെയോ ഡയറിയുടെയോ രൂപത്തിലാണ് ‘ഒരു ദീര്‍ഘ കത്ത് രചിക്കപ്പെട്ടിരിക്കുന്നത്. “ഇന്നലെ നീ വിവാഹ മോചിതയായി. ഇന്ന് ഞാനൊരു വിധവയാണ്.” മുപ്പതു വര്‍ഷക്കാലം തന്റെ ഭര്‍ത്താവായിരുന്ന മോദൂ ഫാളുമായുള്ള ജീവിതവും സെനഗലീസ് മുസ്ലിം പാരമ്പര്യവും പുരുഷാധിപത്യ ക്രമവും നല്‍കിയ കൈപ്പു നീരിനെ കുറിച്ചും എഴുതുന്നതോടൊപ്പം ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ ഉണര്‍വ്വുകളുടെ ജയാപജയ സാധ്യതകളും റാമത്തുലായെയുടെ കത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. സമൂഹം നിര്‍മ്മിച്ച്‌ വെച്ചിട്ടുള്ള പുരുഷാധികാര നിലപാടുകള്‍ ആ അധികാരം പ്രയോഗിക്കുന്ന രീതിയാണ് സ്ത്രീയോടുള്ള വിവേചനമായി നോവലില്‍ കടന്നു വരുന്നത്. ഒരു സ്ത്രീയായത് കൊണ്ടുതന്നെ തന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ റാമത്തുലായെക്ക് ഒരു അധികാരവുമില്ല. മറിച്ച്, തന്റെ ആണധികാരം ഉപയോഗിച്ച് മോദൂ ഭാര്യയുടെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് കടന്നു കയറുകയും അതുപയോഗിച്ച് സ്വന്തം മകളുടെ കൂട്ടുകാരിയായിരുന്ന ബിനേതുവിനെ ‘ഷുഗര്‍ ഡാഡി’ സമ്പ്രദായത്തില്‍ സ്വന്തമാക്കുകയും ചെയ്തുവെന്നും ധനാര്‍ത്തി മൂത്ത അവളുടെ കുടുംബത്തിനും വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു എന്നും  അയാളുടെ മരണാനന്തരം വ്യക്തമാകുന്നുണ്ട്. മോദൂവിന്റെ കുടുംബവും വെറും സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ മാത്രം അവളെ കാണുന്നതിലും അതേ ആണധികാര നിലപാടിന്റെ ബഹിര്‍സ്ഫുരണം കാണാം. സ്ത്രീ മികച്ച പ്രൊഫഷനല്‍ നിലയില്‍ എത്തിയാല്‍പ്പോലും അവളുടെ ലിംഗവിവേചനാധിഷ്ടിത റോള്‍ സേവന ദായികയുടെത് തന്നെയാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. എന്നാല്‍ വിവാഹജീവിതത്തിനു വെളിയില്‍ ഒരു സ്ത്രീക്ക് യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനാവില്ല എന്ന റാമത്തുലായെയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ആസിയാതു സ്വന്തം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്. സമാന്തരമായും ചിലപ്പോള്‍ ആവര്‍ത്തനവും മറ്റു ചിലപ്പോള്‍ വ്യത്യസ്തവും ആയും മുന്നോട്ടു പോകുന്ന രണ്ടു ആത്മ സുഹൃത്തുക്കളുടെയും ജീവിതങ്ങളിലൂടെ സ്ത്രീപക്ഷ നിലപാടുകളെ ശക്തമായി പരിശോധിക്കുന്നതാണ് നോവലിനെ പീഡിതമായ ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ ശബ്ദമാക്കുന്നത്. സെനഗലീസ് സാഹിത്യത്തില്‍ ലിയോപോള്‍ഡ് സെഡാര്‍ സെന്‍ഘോറിന്റെ ഒരു പെണ്‍ പതിപ്പായിപ്പോലും മറിയാമാ ബാ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയെ അടിച്ചമര്‍ത്തുന്ന ഘടകങ്ങള്‍ നിലനില്‍ക്കുന്ന സംസ്കാരവും ആ സമൂഹത്തില്‍ അവള്‍ക്കുള്ള സ്ഥാനവുമാണ്. ആസിയാതു തള്ളിക്കളയുന്നതും അതാണ്‌. പ്രസ്തുത സംസ്കാരത്തില്‍ നിന്ന് തനിക്കൊന്നും കിട്ടാനിടയില്ലെന്നു പതിയെ റാമത്തുലായെയും കണ്ടെത്തുന്നു. പുരുഷന്മാര്‍ തോന്നിയപടി വര്‍ത്തിക്കുമ്പോള്‍ അതിനെതിരെ സ്ത്രീയുടെ ഉത്തരവാദിത്ത പൂര്‍ണ്ണവും വിവേക പൂര്‍വ്വവുമായ നിലപാടുകള്‍ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ലൈംഗിക ചോദനകളില്‍ പുരുഷന്റെ നിരുത്തരവാദ രീതികള്‍ മൃഗീയ സ്വഭാവം ആര്‍ജ്ജിക്കുന്നത് ആസിയാതുവിന്റെ ഭര്‍ത്താവായിരുന്ന മാവ്ദോയില്‍ പ്രകടമാണ്. കുടുംബ ഇടങ്ങളില്‍ രണ്ടു കൂട്ടുകാരികളും അനുഭവിക്കുന്ന ലിംഗ വിവേചനാധിഷ്ടിത അടിച്ചമര്‍ത്തല്‍ മറികടക്കാനും തങ്ങളുടെ വീര്‍പ്പുമുട്ടലുകള്‍ തുറന്നു വിടാനുമുള്ള സന്ദര്‍ഭങ്ങളായി ഗൃഹാന്തരീക്ഷത്തിലെ മൂടിക്കെട്ടലിനു നേര്‍ വിപരീതമായ തുറസ്സുകളിലും കടലോരത്തും ഇരുവരും ഒരുമിച്ചു ചുറ്റിത്തിരിയുന്നു.

അസ്തിത്വപ്രതിസന്ധിയാവുന്ന പെണ്‍വിധി

ഡയറിയുടെ സ്വകാര്യതയും കത്തിന്റെ പരവിനിമയ ഭാവവും ഇവിടെ ഒന്നിക്കുന്നത് ഇരു കൂട്ടുകാരികള്‍ക്കുമിടയിലെ പരസ്പരം രഹസ്യങ്ങളില്ലാത്ത സൌഹൃദത്തിന്റെ തെളിമ സൂചിപ്പിക്കുന്നുണ്ട്. മോദൂവിന്റെ വിലാപ യാത്രയെ കുറിച്ചും തുടര്‍ന്നുണ്ടാവുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും ആതിഥ്യം അരുളാന്‍ നിര്‍ബന്ധിതയാകുന്ന സാഹചര്യത്തെ കുറിച്ചുമുള്ള റാമത്തുലായെയുടെ വിവരണത്തോടെയാണ് എഴുത്ത് ആരംഭിക്കുന്നത്. നാലുവര്‍ഷമായി തന്നോട് ഒരു ബന്ധവും ഇല്ലാതിരുന്ന ഭര്‍ത്താവിന്റെ സ്വത്ത് വകകള്‍ ഒട്ടുമുക്കാലും അയാളുടെ രണ്ടാം ഭാര്യ ബിനേതുവിന്റെയും ആര്‍ത്തിക്കാരിയായ അമ്മായിയമ്മയുടെയും കയ്യിലാണെങ്കിലും ബാധ്യതകളെല്ലാം റാമത്തുലായെ ആണ് നേരിടുന്നത്. മകളുടെ പ്രായം മാത്രമുള്ള സഹാഭാര്യ ബിനേതുവിനോട് ഒരേസമയം വൈരാഗ്യവും ഒപ്പം മാതൃ തുല്യമായ ഒരു സംരക്ഷണ ഭാവവും റാമത്തുലായെക്ക് അനുഭവപ്പെടുന്നുണ്ട്. സമൂഹവ്യവസ്ഥയുടെ സൃഷ്ടി മാത്രമാണ് അവളും എന്ന് മുതിര്‍ന്ന സ്ത്രീ തിരിച്ചറിയുന്നുണ്ട്. കുടുംബക്കാരുടെ എതിര്പ്പുകളൊക്കെ നേരിട്ട് പ്രണയ പൂര്‍വ്വം വിവാഹിതരായ തന്റെയും മോദൂവിന്റെയും ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്ന് റാമത്തുലായെക്ക് ഇപ്പോഴും വ്യക്തമല്ല. വീട്ടുകാര്‍ക്ക് ഏറെ താല്പര്യമുണ്ടായിരുന്ന, കൂടുതല്‍ മികച്ച സാമൂഹ്യ പദവിയുള്ള ഡോക്റ്റര്‍ ദോദാ ദിയെങ്ങിന്റെ ആലോചന നിരസിച്ചപ്പോള്‍ മുതല്‍ റാമത്തുലായെയുടെ വ്യക്തിത്വത്തില്‍ ലീനമായിരിക്കുന്ന സ്വാതന്ത്ര്യ ബോധത്തിന്റെ സൂചനകള്‍ വ്യക്തമാണ്. ഇപ്പോള്‍ ഭര്‍ത്താവ് പന്ത്രണ്ടു മക്കളെയും തന്നെയും ഉപേക്ഷിച്ച് ഒരു പതിനേഴുകാരിയെ വിവാഹം ചെയ്യുന്നതോടെ സമൂഹത്തിലെ പെണ്‍ പ്രതിനിധാനത്തെ കുറിച്ച് ഒരു നിരാസക്ത ഭാവത്തിലേക്ക് (stoic brand of feminism) റാമത്തുലായെയുടെ വീക്ഷണം പരിവര്‍ത്തനപ്പെടുന്നുണ്ട്. നോവലന്ത്യത്തില്‍ ഈ നിരാസക്ത ഭാവം വെള്ളക്കാരുടെ വംശീയ മേധാവിത്ത സമീപനത്തോടും സമീപ ഭൂതകാലത്തെ കൊലോണിയലിസ്റ്റ് ചരിത്രത്തോടും തന്റെ മക്കള്‍ പ്രതിനിധാനം ചെയ്യുന്ന ‘നേരിടല്‍’ മനോഭാവത്തെ തണുപ്പിക്കാന്‍ ശ്രമിക്കുന്നതിലും കാണാം. കറുത്തവനായ ഒരുവന്‍ ക്ലാസ്സില്‍ ഒന്നാമാനാകുന്നത് സഹിക്കാനാവാത്ത വംശ വെറിക്കാരനായ അധ്യാപകനെ അവഗണിക്കാനും പഠനത്തില്‍ ശ്രദ്ധിക്കാനും റാമത്തുലായെ മക്കളെ ഉപദേശിക്കുന്നുണ്ട്.  

ആസിയാതുവിന്റെ ജീവിതവും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോവുന്നുണ്ടെങ്കിലും ദുര്‍വ്വിധികളെ അംഗീകരിക്കുന്ന റാമത്തുലായെയുടെ നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് അവരുടെ പ്രതികരണം. മാവ്ദോ മെഡിക്കല്‍ വിദ്യാര്‍ഥിയും സമൂഹ ധാരണപ്രകാരം തികച്ചും അഭിമതനുമായിരുന്നു. സാമൂഹിക ശ്രേണിയില്‍ അയാളേക്കാള്‍ താഴ്ന്നവള്‍ എന്ന അവഗണന ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരന്തരം നേരിടേണ്ടി വന്നു ആസിയാതുവിന്, വിശേഷിച്ചും നാബു അമ്മായിയില്‍ നിന്ന്. ആ ബന്ധം തകര്‍ക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന കരുനീക്കങ്ങളാണ് മറ്റൊരു ഇളം പ്രായക്കാരിയെ രണ്ടാം ഭാര്യയാക്കാന്‍ മാവ്ദോയെ നിര്‍ബന്ധിതനാക്കുക. സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് യാതൊരു മടിയും കൂടാതെ തന്റെ മകളെ സഹോദരിയുടെ കുടില പദ്ധതിയുടെ ഇരയാകാന്‍ പാകത്തില്‍ ഫാര്‍ബാ ദിയൂഫ് വിട്ടുനല്‍കുന്നത്. പെണ്‍കുട്ടിക്ക് അക്കാര്യത്തില്‍ ഒന്നും പറയാന്‍ ഇടമില്ല. ഒരര്‍ത്ഥത്തില്‍ ഡകാറിന്റെ കൊസ്മോപോളിറ്റന്‍ സാഹചര്യത്തില്‍ നിന്ന് ദിയാകാവോ എന്ന ഉള്‍ഗ്രാമത്തിലേക്ക് ഇത്തരം ഒരാവശ്യത്തിനായുള്ള നാബൂ അമ്മായിയുടെ യാത്ര തന്നെ സംസ്കൃതിയില്‍ നിന്ന് പാരമ്പര്യത്തിലേക്കുള്ള ഒരു പാശ്ചാത്ഗമനമായി (atavism) കാണാം. എന്നാല്‍ ഈ ഭാഗത്ത് റാമത്തുലായെ ഉപയോഗിക്കുന്ന ഗൃഹാതുര ഭാഷ കാലഹരണപ്പെട്ട/ പ്പെടേണ്ട മൂല്യങ്ങളോടുള്ള അവരുടെ നിലപാടിലെ വൈരുധ്യം സൂചിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ ഇരവല്‍ക്കരണത്തിനു ചുക്കാന്‍ പിടിക്കുന്നതും മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യ സെക്സിസ്റ്റ് നിലപാടുകള്‍ എത്രമാത്രം സമൂഹത്തില്‍ ആന്തരവല്‍ക്കരിക്കപ്പെട്ടിരുക്കുന്നു എന്ന് കാണിക്കുന്നു. മാവ്ദോയാകട്ടെ, അത് പ്രണയമെല്ലന്നും അമ്മയെ സമാധാനിപ്പിക്കാന്‍ വേണ്ടി മാത്രം നടത്തുന്നതാണെന്നും ആസിയാതുവിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും നാബു – അമ്മായിയുടെ അതേ പേരുകാരി- ഗര്‍ഭിണിയാകുന്നതോടെ ആസിയാതു വിവാഹമോചനം നേടുകയും സ്വതന്ത്രയാകുകയും ചെയ്യുന്നു.  ഡിപ്ലോമസി ബിരുദവുമായി അമേരിക്കയിലെ സെനഗളീസ് എംബസിയില്‍ ജോലി കണ്ടെത്തുന്ന ആസിയാതു പന്ത്രണ്ടു മക്കളുടെ ജീവിത ഭാരവും പാരമ്പര്യത്തിനും സ്വാതന്ത്ര്യ മോഹത്തിനും ഇടയില്‍ പെട്ടുപോകുന്ന സ്ത്രീയുടെ അസ്തിത്വ പ്രതിസന്ധികളും പേറുന്ന കൂട്ടുകാരിക്ക് എപ്പോഴും തുണയും തണലുമാണ്. നാബൂ തുടര്‍ച്ചയായി പ്രസവിക്കുന്നതിനെ കുറിച്ചുള്ള റാമത്തുലായെയുടെ മുഷിപ്പിന് മാവ്ദോ നല്‍കുന്ന വഷളന്‍ മറുപടി അയാളുടെ സെക്സിസ്റ്റ് നിലപാടിന്റെ പരകോടിയാണ്: അയാള്‍ വിശന്നു വലഞ്ഞവനാണ്, നാബൂവാകട്ടെ, തൊട്ടരികിലുള്ള ഭക്ഷണത്തളികയും. കുടുംബം പരിപാലിക്കുന്നതില്‍ നാബൂവിന്റെ പോരായ്മകള്‍ ആസിയാത്തുവിന്റെ നഷ്ടം അയാളെ ബോധ്യപ്പെടുത്തുമെങ്കിലും അതും ‘സ്ത്രീയെന്ന സേവന ദാതാവ്’ റോളില്‍ ഉള്ള ആവശ്യം എന്നതിനപ്പുറം അവളുടെ വ്യക്തിത്വത്തോടുള്ള താല്‍പര്യമല്ല.

റമാത്തുലായെയും അമ്മയും സ്ത്രീശാക്തീകരണത്തിനു വേണ്ടി പൊരുതിയ ആദ്യ സെനഗലീസ് തലമുറയുടെ പ്രതീകങ്ങളാണ്. തന്റെ മകള്‍ക്ക് ബൌദ്ധികമായും ജീവിതാസക്തിയിലും തുല്യനായ ഒരാളെ അവള്‍ കണ്ടെത്തണം എന്നതായിരുന്നു അവരുടെ മോഹം. മോദൂവിന്റെ കാര്യത്തില്‍ അവരുടെ നിലപാടായിരുന്നു ശരിയെന്നു അയാള്‍ ബഹുഭാര്യത്വത്തിന്റെ പുരുഷ മേധാവിത്ത വഴിയിലേക്ക് തിരിയുന്നതോടെ റാമത്തുലായെയും ചിന്തിച്ചു തുടങ്ങുന്നുണ്ട്. അമ്മയുമായുള്ള അവളുടെ വിയോജിപ്പ് നോവലില്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു ചോദ്യമുന്നയിക്കുന്നുണ്ട്: പാരമ്പര്യ കുടുംബ ജീവിതം, മതനിഷ്ഠ വിവാഹം, മാതൃത്വം എന്നിവ അടിസ്ഥാനപരമായിത്തന്നെ സ്ത്രീശാക്തീകരണത്തിനു എതിരാണെന്ന് കരുതേണ്ടതുണ്ടോ? വിവാഹിതയാകാന്‍ തീരുമാനിക്കുന്നു എന്ന ഏക കാരണത്താല്‍ സ്ത്രീയുടെ സ്വാതന്ത്ര്യം അടിയറ വെക്കപ്പെടുന്നുണ്ടോ? അതോ തനിക്കു ചേരാത്തയാളെ വിവാഹം ചെയ്യുമ്പോഴാണോ അത് സംഭവിക്കുന്നത്‌? മോദൂവിന്റെ വഞ്ചന ബോധ്യമാവുന്നതോടെ അമ്മയും മറ്റും ആഗ്രഹിച്ച പോലെ ദാവൂദയെ തെരഞ്ഞെടുക്കാതിരുന്നത് തനിക്കു പറ്റിയ തെറ്റായിരുന്നു എന്ന് ഒരു വേള റാമത്തുലായെക്ക് തോന്നുന്നുണ്ട്. പരമ്പരാഗത രീതിയുമായി രാജിയാവലാണെങ്കിലും അത്തരം പ്രായോഗിക ബുദ്ധി തനിക്കു മെച്ചപ്പെട്ട സ്വാതന്ത്ര്യം നല്‍കുമായിരുന്നു എന്ന് അവള്‍ക്ക് തോന്നുന്നുമുണ്ട്.    

ഉണര്‍വ്വുകളും വരും കാലവും

ചെറുപ്പത്തില്‍ തന്നോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന ദോദാ ദിയെങ്ങിന്റെ ഉള്‍പ്പടെ വരുന്ന പുനര്‍ വിവാഹാലോചനകളെല്ലാം നിരസിച്ചു തനിയെ മക്കളെ പോറ്റാനുള്ള റാമത്തുലായെയുടെ തീരുമാനം, ‘ഭാര്യ, മാതാവ്’ അസ്ഥിത്വത്തിനപ്പുറം സ്ത്രീ നിലനില്‍ക്കുന്നില്ല എന്ന പരമ്പരാഗത ധാരണയെ വെല്ലുവിളിക്കുന്നുണ്ട് എന്ന് ഒരര്‍ത്ഥത്തില്‍ പറയാമെങ്കിലും, ഒരു പ്രായം കടന്ന തനിക്ക് പുരുഷന്റെ കണ്ണില്‍ എന്ത് വിലയാണുണ്ടാകുക എന്ന അങ്കലാപ്പ് റാമത്തുലായെയെ കീഴടക്കുന്നുണ്ട്. ആലോചനക്കാരുടെ നോട്ടം തന്റെ സ്വത്തിലാണ് എന്ന് ന്യായമായും സംശയിക്കുന്നതും അതുകൊണ്ടു തന്നെ. മോദൂവിന്റെ സഹോദരന്‍ ടംസീര്‍ ജ്യേഷ്ഠന്റെ ഇതര സ്വത്തുക്കള്‍ പോലെ മറ്റൊരു കൈമാറ്റ വസ്തു എന്ന ധാരണയോടെ തന്നെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇമാമിന്റെ മുമ്പില്‍ വെച്ച് തന്നെ തികഞ്ഞ ആത്മ ബോധത്തോടെ റാമത്തുലായെ അയാള്‍ക്ക് മറുപടി നല്‍കുന്നത് ഒരു വിപ്ലവസ്വരം തന്നെയായി മാറുന്നുണ്ട്. നോവലിന്റെ നൈതിക ഉത്തുംഗം  (moral high peak) എന്ന് ഈ സന്ദര്‍ഭത്തെ വിലയിരുത്താം. താരതമ്യേന മാന്യമായും പ്രണയ ഭാവത്തിലും ആലോചനയുമായെത്തുന്ന ദോദായുടെ വാക്കുകളിലും ആണധികാരത്തിന്റെ സ്വരം അവര്‍ തിരിച്ചറിയുന്നുമുണ്ട്. സ്വതന്ത്ര സെനഗലീസ് അസംബ്ലിയില്‍ അംഗമായ അയാളോട് അസംബ്ലിയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് (നൂറില്‍ നാല്) റാമത്തുലായെ സംസാരിക്കുന്നത് ഏറെ പ്രകടനപരതയോടെ അയാള്‍ ശരിവെക്കുന്നുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പുതു തലമുറ സെനഗലിന്റെ വരും കാലങ്ങളില്‍ ആധുനികതയുടെയും പുതിയ ലിംഗ നീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും ധാരണകള്‍ ഉണര്‍ന്നു വരുന്നതിന്റെ ചിഹ്നങ്ങളായി നോവലന്ത്യത്തില്‍ ഇടം പിടിക്കുന്നു. ഫ്രഞ്ച് കൊളോണിയല്‍ വിദ്യാഭ്യാസം നേടിയ ആസിയാത്തുവിന്റെ സഹോദരങ്ങള്‍ കുലത്തൊഴിലായ തട്ടാന്‍ പണി ചെയ്യാന്‍ വിസമ്മതിക്കുന്നു. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പരിക്ക് പറ്റുന്ന റാമത്തുലായെയുടെ ആണ്മക്കള്‍ ആധുനികതയുടെ കടന്നുവരവിന്റെ സമ്മിശ്ര ഭാഗധേയം സൂചിപ്പിക്കുമ്പോള്‍, സന്നിഗ്ദ ഘട്ടങ്ങളില്‍ ചെറുപ്പത്തില്‍ ശീലിച്ച ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന അമ്മയില്‍ നിന്ന് വ്യത്യസ്തമായി പുകവലിക്കുകയും രാത്രികാലങ്ങളില്‍ പുറത്തു പോകുകയും ചെയ്യുന്ന മൂവര്‍ സംഘം എന്ന് വിളിക്കുന്ന മൂത്ത പെണ്മക്കളും വിവാഹ പൂര്‍വ്വ ബന്ധത്തില്‍ ഗര്‍ഭം ധരിക്കുന്ന മകള്‍ ആസിയാതുവും -സുഹൃത്തിന്റെ പേരിട്ട മകള്‍- റാമത്തുലായെയുടെ സ്വതന്ത്ര ചിന്തകളോട് ആഭിമുഖ്യമുള്ള നിലപാടുകളുടെ പരീക്ഷണ ഘട്ടം ആകുന്നുണ്ട്. ഭാവിയെ കുറിച്ച് കണക്കു കൂട്ടലുകള്‍ ഉള്ള മകളോടും അവളുടെ കൂട്ടുകാരനോടും സഹിഷ്ണുതാപൂര്‍വ്വം പെരുമാറുന്നതില്‍ അവള്‍ വിജയിക്കുന്നുമുണ്ട്. മകളെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തന്റെ തന്നെ മനസ്സിന്റെ പാതിയെ തിരസ്കരിക്കുന്നതിലൂടെ പരമ്പരാഗത മൂല്യ ധാരണയെ നിരസിക്കുകയും പ്രണയം, പരസ്പര ധാരണ, മാപ്പു കൊടുക്കല്‍ എന്നീ മൂല്യങ്ങളെ മതത്തിന്റെയും പഴമയുടെയും കല്‍പ്പനകള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന സ്വന്തമായൊരു നൈതിക സങ്കല്പം ആശ്ലേഷിക്കുകയുമാണ് റാമത്തുലായെ. മകളുടെ വിവാഹപൂര്‍വ്വ ബന്ധത്തിലെ കൂട്ടാളിയെ മാതാവ് സല്‍ക്കരിക്കുന്നത് സെനഗളീസ് പാരമ്പര്യത്തില്‍ അചിന്ത്യമായ തെറ്റാണ് എന്നതൊന്നും അവരെ ബാധിക്കുന്നില്ല. പരസ്പര ധാരണകളുടെ അഭാവം തകര്‍ത്ത വിവാഹ ബന്ധങ്ങളുടെ ഇരകളായ റാമത്തുലായെയും ആസിയാതുവിനെയും പോലുള്ള സ്ത്രീകളെ സംബന്ധിച്ച് ഇതൊരു ധാര്‍മ്മിക വിപ്ലവം തന്നെയാണ് എന്ന് കാണാം. ഇളയ മക്കളുടെ കാര്യത്തിലാകട്ടെ, തന്നെ വിസ്മയിപ്പിക്കും വിധം ലൈംഗിക കാര്യങ്ങളില്‍ അവര്‍ സ്വയം ശിക്ഷിതരാണ് എന്നും റാമത്തുലായെ കണ്ടെത്തുന്നു. പുതു കാലത്ത് സെനഗളീസ് സമൂഹത്തില്‍ അധികാര കേന്ദ്രങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആശാവഹമാം വിധം മുന്നോട്ടു പോയിട്ടുണ്ട് എന്ന് അവള്‍ നിരീക്ഷിക്കുന്നു. ആധുനിക വല്‍ക്കരണവും പാരമ്പര്യവും തമ്മിലുള്ള സംഘര്‍ഷം ഒരു “നിതാന്ത തര്‍ക്ക”മാണ് എന്നാണ് റാമത്തുലായെ എഴുതുന്നത്‌. ഈ തര്‍ക്കത്തില്‍ മകള്‍ ദാബ പുതിയ തലമുറയുടെ പുരോഗമന വാഞ്ചയുടെ പ്രതീകമാണെങ്കില്‍ റാമത്തുലായെ പാരമ്പര്യത്തില്‍ കടിച്ചു തൂങ്ങുന്നതിന് പകരം പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്ന മുതിര്‍ന്ന തലമുറയെ പ്രതിനിധീകരിക്കുന്നു. ആധുനികവല്‍ക്കരണം സെനഗലിനെ പോലെ സ്വാതന്ത്ര്യത്തിലേക്ക് പുതുതായി കടന്നുവരുന്ന ഒരു രാജ്യത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാവാം; എന്നാല്‍, നാടിന്റെ സാംസ്കാരിക സ്വത്വത്തോട് അതെപ്പോഴും നല്ല നിലയിലല്ല പ്രതിവര്‍ത്തിക്കുന്നത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. അതേ സമയം തന്റെ മുന്‍ കാല നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തിക സ്വാശ്രയത്വമുള്ള ഒരു സ്ത്രീയെന്ന നിലയില്‍ സ്വന്തം ജീവിതം സ്വയം മുന്നോട് കൊണ്ട് പോകാനും വിവാഹമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ അവസാന വാക്ക് എന്ന് തിരിച്ചറിയാനും റാമത്തുലായെക്ക് ഒടുവില്‍ കഴിയുന്നുണ്ട്. തന്റെ ചിരകാല സുഹൃത്ത് സെനഗളില്‍ തിരിച്ചെത്തുന്നതിനെ കുറിച്ചും കാലം തങ്ങള്‍ ഇരുവരിലും വരുത്തിയ മാറ്റങ്ങള്‍ക്കപ്പുറവും ഇരുവരും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിനെ കുറിച്ചുമുള്ള പ്രതീക്ഷകളോടെയാണ് റാമത്തുലായെ തന്റെ ദീര്‍ഘമായ കത്ത് അവസാനിപ്പിക്കുന്നത്.

More African Feminist Classics:

Everything Good Will Come by Sefi Atta

https://alittlesomethings.blogspot.com/2018/01/blog-post_17.html

The Joys of Motherhood by Buchi Emecheta

https://alittlesomethings.blogspot.com/2024/08/the-joys-of-motherhood-by-buchi-emecheta.html

 Woman at Point Zero by Nawal El Saadawi

https://alittlesomethings.blogspot.com/2024/08/woman-at-point-zero-by-nawal-el-saadawi.html

Nervous Conditions by Tsitsi Dangarembga

https://alittlesomethings.blogspot.com/2024/08/nervous-conditions-by-tsitsi-dangarembga.html

No comments:

Post a Comment