Featured Post

Thursday, August 1, 2024

The Anarchy by William Dalrymple

 അധിനിവേശത്തിന്റെ കപ്പല്‍ച്ചാലുകള്‍





ഹിന്ദുസ്താനിയില്‍ നിന്ന് ഏറ്റവും ആദ്യം ഇംഗ്ലീഷ് ഭാഷയിലെത്തിയ വാക്കുകളില്‍ ഒന്ന് കൊള്ളമുതല്‍ എന്നര്‍ത്ഥം വരുന്ന ‘loot’ എന്ന പദമായത് യാദൃശ്ചികമല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വില്ല്യം ഡാര്‍ലിമ്പിളിന്റെ  പുസ്തകം The Anarchy – The East India Company, Corporate Violence, and the Pillage of an Empire ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സമ്പൂര്‍ണ്ണ ചരിത്രമോ അതിന്റെ ബിസിനസ് സംരംഭങ്ങളുടെ സാമ്പത്തിക വിശകലനമോ അല്ല പുസ്തകത്തിന്റെ ലക്ഷ്യമെന്നും മറിച്ച് ലണ്ടനിലെ ഒരു ഓഫീസ് കെട്ടിടം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഒരൊറ്റ ബിസിനസ്സ് സ്ഥാപനത്തിന് എങ്ങനെയാണു 1756-നും 1803-നുമിടയിലെ അഞ്ചു പതിറ്റാണ്ടിനു ചുവടെ കാലം കൊണ്ട് അതിശക്തമായിരുന്ന മുഗള്‍ സാമ്രാജ്യത്തെ അട്ടിമറിക്കാനും ഉപഭൂഖണ്ഡത്തിന്റെ അധിപന്മാരാകാനും സാധിച്ചത് എന്നതാണ് അത് പരിശോധിക്കുന്നത് എന്നും ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നു.

മുഗള്‍ സാമ്രാജ്യത്തിന്റെ പ്രഭാവം അതിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ എത്തുന്നത്. അറംഗസീബിന്റെ കെടുകാര്യസ്ഥതയും മറാത്തഅഫ്ഘാന്‍ ശക്തികളുടെ ഉയര്‍ച്ചയും മൂലമുണ്ടായ പ്രശ്നങ്ങള്‍ പേര്‍ഷ്യന്‍ സഫാവിദ് ആക്രമണകാരി നാദിര്‍ ഷായുടെ കടന്നു വരവോടെ മൂര്‍ദ്ധന്യത്തിലെത്തി. ഒരു മഹാ സാമ്രാജ്യം നേരിട്ട ഈ തകര്‍ച്ചയും ഒട്ടേറെ ചെറു രാജ്യങ്ങളായി ഭിന്നിച്ചു പോയ സാഹചര്യവുമാണ് പുസ്തകത്തിന്റെ തലക്കെട്ടിലെ ‘അരാജകത്വമായിത്തീരുന്നത്. ഏതൊക്കെയോ ചക്രവര്‍ത്തിമാരും നവാബുമാരും വസീര്‍മാരും നിരന്തരം ഉടമ്പടികളില്‍ ഏര്‍പ്പെടുകയും മഷിയുണങ്ങും അവ വിസ്മരിക്കുകയും പുതിയ ബാന്ധവങ്ങള്‍ കണ്ടെത്തുകയും ചെയ്തുവന്ന ആ ഇടവേളയില്‍ ആര് ആരെയാണ് ഭരിക്കുന്നതെന്നോ ആരാണ് ഭരണീയര്‍ എന്നോ തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ടായി. തങ്ങളുടെ ഓഹരിയുടമകളോടൊഴിച്ചു മറ്റാരോടും ബാധ്യതയില്ലാത്ത ഒരു കഴുത്തറപ്പന്‍ കോര്‍പ്പറെറ്റിനു മുന്നില്‍ കാവല്‍ക്കാരില്ലാത്ത സ്വര്‍ണ്ണനഗരി പോലെ ഒരു മഹാരാജ്യം അനാഥമായിക്കിടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെയും പൊതു സഭയിലെയും ഏതാണ്ട് പകുതി പേരും ഓഹരിയുടമകള്‍ ആയിരുന്ന കമ്പനിക്ക് തങ്ങളുടെ വ്യാപാര താല്‍പ്പര്യങ്ങളില്‍ ഏതറ്റം വരെയും പോകാനുള്ള അലിഖിത സ്വാതന്ത്ര്യവും സ്വാഭാവികമായിരുന്നു. ഏറ്റവും ചുരുങ്ങിയത് നാലിരട്ടിയായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ കപ്പലുകള്‍ ഷെയര്‍ ഉടമകള്‍ക്ക് ഉറപ്പുവരുത്തിയ ലാഭമെന്ന് പുസ്തകം നിരീക്ഷിക്കുന്നു. അതിവേഗം രാഷ്ട്രീയാധികാരം കൂടിയായി പരിണമിച്ച കമ്പനിയുടെ വ്യാപനത്തില്‍ 1763 ആകുമ്പോഴേക്കും ബംഗാള്‍, ബീഹാര്‍ഒറീസ്സ എന്നീ കിഴക്കന്‍ മേഖലകളില്‍ മാത്രം അഞ്ഞൂറോളം ഫാക്റ്ററികള്‍ കമ്പനിക്കു കീഴെ പ്രവര്‍ത്തിച്ചു വന്നു. തുറമുഖ നഗരമായ കല്‍ക്കത്ത കമ്പനിയുടെ ഇന്ത്യന്‍ സിരാകേന്ദ്രമായി മാറ്റിയെടുക്കപ്പെട്ടു.  

തന്റെ മുന്‍ സുഹൃത്ത് നാദിര്‍ ഷായുടെ കൈകളാല്‍ അന്ധനാക്കപ്പെട്ട യുവ മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമനെ തോല്‍പ്പിച്ചു സമ്പന്നമായ ദേശത്തിന്റെ ഭരണ നിര്‍വ്വഹണാധികാരം 1756-ല്‍ കൈക്കലാക്കിയ കമ്പനിതങ്ങള്‍ ഊട്ടി വളര്‍ത്തിയ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് കണ്ണില്‍ചോരയില്ലാത്ത വിധം നികുതി പിരിവ് ആരംഭിച്ചത് ഫലത്തില്‍ ചരിത്രത്തിലെ ഏറ്റവും ദുരുപദിഷ്ടമായ സ്വകാര്യവല്‍ക്കരണം ആയിത്തീരുകയായിരുന്നു. കമ്പനിയുടെ സ്ഥാപനം നിയമവിധേയമാക്കിയ ചാര്‍ട്ടറില്‍ എഴുതിപ്പിടിപ്പിച്ചിരുന്ന ‘യുദ്ധം ചെയ്യാനുള്ള അവകാശ’മെന്ന ഉപവാക്യം ഏതുതരം ഹിംസക്കും ന്യായീകരണമായപ്പോള്‍അതിവേഗം അത് സില്‍ക്കും സുഗന്ധ വ്യജ്ഞനങ്ങളും വിപണനം ചെയ്യുന്ന ഒരു അന്താരാഷ്‌ട്ര കോര്‍പ്പോരെറ്റ് എന്നതിനപ്പുറം കടന്നു. ബഹുരാഷ്ട്ര വ്യാപാര ഭീമന്‍ എന്ന പേരു മറയാക്കി അതൊരു കൊളോണിയല്‍ അധികാരകേന്ദ്രമായിത്തീര്‍ന്നു. പരസ്പരം പോരടിച്ച നാട്ടു രാജ്യങ്ങളില്‍ ബ്രിട്ടന്റെ കുപ്രസിദ്ധമായ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം യഥാര്‍ഥത്തില്‍ തുടങ്ങിവെക്കുന്നത് കമ്പനിയാണ്. നാലരപ്പതിറ്റാണ്ടുകൊണ്ട് ബ്രിട്ടന്റെ മൊത്തം സൈന്യത്തിന്റെ ഇരട്ടി അംഗ ബലമുള്ള രണ്ടുലക്ഷം സൈനികര്‍ അതിന്റെ സംരക്ഷകരായി. ബംഗാളില്‍ ആരംഭിച്ച ജൈത്രയാത്ര ഉപഭൂഖണ്ഡം മുഴുവന്‍ കീഴടക്കി 1803 ആവുമ്പോഴേക്കും മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലെത്തി.

കമ്പനിയുടെ വളര്‍ച്ചയില്‍ പതിയിരിക്കുന്ന അപകടം തുടക്കം മുതലേ ഇന്ത്യന്‍ ജനത മനസ്സിലാക്കാതിരുന്നില്ലെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. മറാത്ത രാജ്യതന്ത്രജ്ഞന്‍ നാനാ ഫട്നാവിസ്, മൈസൂറില്‍ ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവര്‍ കമ്പനിയുടെ ലക്ഷ്യങ്ങള്‍ ശരിയാം വിധം മനസ്സിലാക്കി. മതപരമായ ഭിന്നതകള്‍ മാറ്റിവെച്ചു കമ്പനിക്കെതിരെ കൈകോര്‍ക്കാന്‍ അവര്‍ തയ്യാറായി. ഫ്രഞ്ചുകാരുടെ സഹായത്തോടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചും തന്ത്രപരമായ പോരാട്ടങ്ങള്‍ നടത്തിയും കമ്പനിക്കു മേല്‍ അവര്‍ നേടിയ വിജയങ്ങള്‍ പലപ്പോഴും തീരെ ചെറിയ വിധിവിളയാട്ടത്തിലാണ് ലക്‌ഷ്യം കാണാതെ പോയത്. കമ്പനി ഉദ്യോഗസ്ഥരും ചോറ്റുപട്ടാളവും നാടൊട്ടുക്കും നടത്തിവന്ന കൊള്ളയും കൊലയും ഉള്‍പ്പടെ ഭീകരതകളില്‍ മറ്റിടങ്ങളിലും നിരന്തര പരാതികള്‍ ഉയര്‍ന്നു. നവാബ് മിര്‍ ഖാസിം പ്രാദേശിക വ്യാപാരികളുമായി കൈകോര്‍ത്ത് കമ്പനിക്കെതിരായി നടത്തിയ ചെറുത്തുനില്‍പ്പ് പക്ഷെ അദ്ദേഹം സ്ഥാന ഭ്രാഷ്ടനാകുന്നതില്‍ കലാശിച്ചു. 1763 ആവുമ്പോഴേക്കും ‘സ്വതന്ത്ര സാമ്രാജ്യത്വ ശക്തിയായി സ്വയം പ്രഖ്യാപിച്ച കമ്പനി കരസേനയും നാവിക സേനയും സ്വന്തമായുള്ള അധികാര കേന്ദ്രമായിത്തീര്‍ന്നു. മിര്‍ ഖാസിമിന്റെ പ്രവിശ്യയില്‍ തുടങ്ങിയ കീഴടക്കല്‍ തദ്ദേശീയര്‍ക്കു മേല്‍ അമിത നികുതി ചുമത്തുന്നതിലൂടെ ബ്രിട്ടനില്‍ നിന്നുള്ള കപ്പലുകളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള വിലയായി സ്വര്‍ണ്ണം കൊണ്ടുവരേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. കമ്പനി സ്വാശ്രയ സംരംഭം ആയിമാറി.   

ആദ്യകാല കൊളോണിയല്‍ ഇന്ത്യയില്‍ മതാധിഷ്ടിത വിഭാഗീയത ഇന്നുള്ള പോലെ തീക്ഷ്ണമായിരുന്നില്ല എന്ന ആശയം പുസ്തകത്തിലെ ഒരു സുപധാന നിരീക്ഷണമാണ്. ഡല്‍ഹിയില്‍ ഷാ ആലമിനെ പുനരവരോധിക്കുന്നത് ഹിന്ദു മറാത്താ ശക്തിയാണ്. ബ്രാഹ്മണ സ്ഥാപനങ്ങളുമായി ടിപ്പുവിനുണ്ടായിരുന്ന മികച്ച ബന്ധവും ഹിന്ദു ഭൂരിപക്ഷമുള്ള ഒരു ദേശത്തു  ആയിരത്തിലേറെ കൊല്ലങ്ങളായി ഇസ്ലാം മത വിശ്വാസം സുരക്ഷിതമായി നിലക്കൊണ്ടതും വിവരിക്കുന്ന പുസ്തകം സമകാലിക ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ദേശീയതയുടെ വിഭാഗീയ ചരിത്രാഖ്യാനങ്ങളെ സൌമ്യമായി നിഷേധിക്കുന്നുണ്ട്. ഉപഭൂഖണ്ഡത്തെ മുമ്പ് അധീനപ്പെടുത്തിയ പേര്‍ഷ്യന്‍തുര്‍ക്കി ശക്തികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ സാംസ്കാരിക ഭൂമികയില്‍ ലയിക്കാന്‍ തയ്യാറില്ലായിരുന്നു ഈ പുതിയ കടന്നുകയറ്റക്കാര്‍. സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമായിരുന്ന ഇക്കൂട്ടര്‍ നടത്തിയ കൊള്ളയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. നഗ്നമായി കൊള്ളയടിക്കപ്പെട്ട ഇന്ത്യന്‍ സമ്പത്തുമായി ഇംഗ്ലണ്ടിലേക്ക് തിരിച്ച കപ്പലുകള്‍ രാജ്യത്തെ അതിവേഗം ഊറ്റിയെടുത്തതിന്റെ വിശദമായ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. നാണയങ്ങള്‍ പോലും അപ്രത്യക്ഷമായ സാഹചര്യത്തില്‍ പ്രസിദ്ധമായ ജഗത് സേത്ത് ബാങ്കിന്റെ സ്ഥാനം കമ്പനിയുടെ കയ്യാളുകള്‍ ആയി പ്രവര്‍ത്തിച്ച വട്ടിപ്പലിശക്കാര്‍ ഏറ്റെടുത്തതിനെ കുറിച്ച് പുസ്തകം വിവരിക്കുന്നു.

ചരിത്രത്തിന്റെ അസംബന്ധ നാടകങ്ങളും ക്രൂരതകളും വേണ്ടുവോളം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിന്റെ ചിത്രം അവതരിപ്പിക്കുമ്പോള്‍ എല്ലാ സ്വയം കല്‍പ്പിത നിയന്ത്രണങ്ങളും പാലിക്കുമ്പോഴും ചിലപ്പോഴൊക്കെ സ്തോഭജനകമായ ചിത്രങ്ങള്‍ കടന്നു വരാതിരിക്കില്ല. ഗുലാം ഖാദിറിന്റെ അന്ത്യം പോലുള്ള വിവരണങ്ങള്‍ അത്തരത്തിലുള്ളതാണ്. തുടര്‍ന്നു ലണ്ടനില്‍ വെച്ചു നടന്ന വിചാരണാ പ്രഹസനം അന്വേഷണക്കമ്മറ്റിയിലെ ഫിലിപ് ഫ്രാന്‍സിസ് എന്ന അംഗത്തിന് വാറന്‍ ഹേസ്റ്റിംഗ്സിനോടുള്ള കലിപ്പു തീര്‍ക്കാനുള്ള അവസരമായി മാറിയതും വെറും വാചാടോപം മാത്രമായി മാറിയ എഡ്മണ്ട് ബര്‍ക്കിന്റെ വിധിപ്രസ്ഥാവവുമെല്ലാം ഒട്ടൊരു പരിസാഹത്തോടെ പുസ്തകം വിവരിക്കുന്നുണ്ട്. ശരിക്കും വിചാരണ നേരിടെണ്ടിയിരുന്ന റോബര്‍ട്ട് ക്ലൈവ് വീരപരിവേഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ഹേസ്റ്റിംഗ്സിനാവട്ടെഏഴു വര്‍ഷം നീണ്ടുനിന്ന അര്‍ത്ഥശൂന്യമായ കോടതി നടപടികള്‍ക്ക് ശേഷമാണ് കുറ്റവിമുക്തനാകാന്‍ കഴിഞ്ഞത്. ഹേസ്റ്റിംഗ്സിനെ തുടര്‍ന്ന് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത കോണ്‍വാലീസ് പ്രഭുഅമേരിക്കയില്‍ തന്റെ കീഴില്‍ 13 കോളനികള്‍ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള അവസരമായാണ്‌ ഇന്ത്യന്‍ നിയോഗത്തെ കണ്ടത്. ഇന്നത്തെ യു. എസ്. പോളിസിയുടെ മുന്‍ മാതൃകയായ ദ്വിമുഖ തന്ത്രങ്ങളിലൂടെ അയാള്‍ തന്റെ ലക്‌ഷ്യം നേടുകയും ചെയ്തു: ഭിന്നിപ്പിച്ചും സ്വദേശീ കയ്യാളുകളെ മുന്നില്‍ നിര്‍ത്തിയും ഭരിക്കുകയും കീഴടക്കുകയും ചെയ്യുക എന്നതായിരുന്നു അത്. തുടര്‍ന്നെത്തിയ വെല്ലസ്ലി പ്രഭുസഹോദരന്‍ ആര്‍തര്‍ തുടങ്ങിയവരും അതേ പാത പിന്തുടര്‍ന്നു. പുസ്തകത്തിന്റെ ഒരധ്യായത്തിന്റെ പേര് വെല്ലസ്ലിയുടെ കുപ്രസിദ്ധമായ ടോസ്റ്റ്‌ ആവര്‍ത്തിക്കുന്നു: “ഇന്ത്യയുടെ ശവത്തിന്’ (‘to the corpse of India’).  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കോടിക്കണക്കിനു ജനതയുടെ ഭാഗധേയം നിര്‍ണ്ണയിച്ച ഈ ഭീമന്‍ കോര്‍പ്പോറെറ്റിന്റെ ഭരണ സിരാകേന്ദ്രമായ ലണ്ടന്‍ ഓഫീസ് ‘അഞ്ചു ജനാലകള്‍ക്കു മാത്രം വീതിയുണ്ടായിരുന്ന’ ഒന്നായിരുന്നു എന്നും ആകെ മുപ്പത്തിയഞ്ചു പേരാണ് അവിടെ ജോലി ചെയ്തത് എന്നും ഭരണകൂടം ബാങ്കുകളെ ഭയക്കുകയെന്ന കോര്‍പ്പോറെറ്റ് നീതിയുടെ തുടക്കം അവിടെയായിരുന്നു എന്നും ഒട്ടൊരു കൌതുകത്തോടെ ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. സൈന്യവും നേവിയുമില്ലാതെ തങ്ങളുടെ അധിനിവേശം സാധ്യമാക്കുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ കാലത്തോട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രത്തെ ചേര്‍ത്തുവെച്ചു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.  

കമ്പനിയുടെ പ്രവര്‍ത്തികള്‍ അതിരു കടക്കുന്നതിനെതിരില്‍ ബ്രിട്ടനില്‍ തന്നെ ലിബറല്‍ ചിന്താഗതിക്കാരില്‍ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു. എഡ്മണ്ട് ബര്‍ക്ക്‌ നടത്തിയ വിഖ്യാതമായ പ്രസംഗം അമേരിക്കന്‍ വിപ്ലവകാരികള്‍ക്കു പോലും പ്രചോദനമായി. സമ്മര്‍ദ്ദങ്ങളുടെ പാരമ്യത്തില്‍ 1774-ല്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പാര്‍ല മെന്ററി കമ്മീഷന് കമ്പനി അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്ന തണുത്ത സ്വീകരണം വ്യക്തമായ സൂചനയായിരുന്നു: സര്‍ക്കാര്‍ നിയമങ്ങളല്ല തങ്ങളെ ഭരിക്കുന്നത്‌. 1859-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കും വരെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അതിന്റെ കിരാത ചൂഷണം നിര്‍ബ്ബാധം തുടരാനായി എന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പടായി ഇന്നും ശേഷിക്കുന്നുബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴാവട്ടെ അതൊരു പൊളിച്ചെഴുത്താവുകയല്ലമറിച്ച് കൂടുതല്‍ നിയമ സാധുതയുള്ള തുടര്‍ച്ച മാത്രമായി അവശേഷിക്കുകയാണല്ലോ ഉണ്ടായത്.  

(ബുക്ക്‌ പിക്ക്, ദേശാഭിമാനി വാരാന്തം)

   More to read:

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

No comments:

Post a Comment