ഭൂതാവിഷ്ടരും മിത്ര മൂര്‍ത്തികളും
ഔദ്യോഗിക
ഭാഷ്യങ്ങളുടെ ബൃഹദാഖ്യാനങ്ങളില്‍ (grand narratives) കണ്ടെടുക്കാനാവാത്ത ചരിത്രാവബോധവും ഗ്രെറ്റാ ത്യുന്‍ബെര്‍ഗ്
കാലം ഓര്‍മ്മിപ്പിക്കുന്ന പ്രകൃതി- പാരിസ്ഥിതിക ഉത്കണ്ഠകളുമാണ് പോസ്റ്റ്‌കൊളോണിയല്‍
‘കോമണ്‍വെല്‍ത്ത്’ വിധേയത്വമോ വിട്ടുവീഴ്ച്ചയോ ഇല്ലാത്ത ശൈലിയില്‍ അമിതാവ് ഘോഷ്
തന്റെ കൃതികള്‍ക്ക് മുഖ്യമായും വിഷയമാക്കുന്നത്. പാത്ര സൃഷ്ടിയില്‍ ഫിക് ഷന്റെ
സാധ്യതകള്‍ വേണ്ടുവോളം ഉപയോഗിക്കുമ്പോഴും പശ്ചാത്തലവും നിയാമക ശക്തിയുമായി സമൂര്‍ത്തമായ
ചരിത്ര സന്ദര്‍ഭങ്ങള്‍ ഉണര്‍ന്നിരിക്കുന്ന കഥകളാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
കൊളോണിയല്‍ പിന്‍മടക്കത്തിന്റെ സന്ദിഗ്ദതകള്‍ (The
Circle of Reason), സ്വാതന്ത്ര്യ
പൂര്‍വ്വ – സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ (The Shadow
Lines), ബര്‍മ്മയിലേക്കുള്ള
ബ്രിട്ടീഷ് അധിനിവേശം (The Glass
Palace), ഇടതു പക്ഷമെന്നു സ്വയം വിളിച്ച സ്റ്റേറ്റ് ബോധപൂര്‍വ്വം തമസ്കരിച്ച വംശഹത്യ (The Hungry
Tide), ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാര്‍മ്മികത്വത്തില്‍ നടന്നുവന്ന
പത്തൊമ്പതാം നൂറ്റാണ്ടിലെ കറുപ്പു കച്ചവടം (The Ibis Trilogy) തുടങ്ങി ചരിത്രം മുഖ്യ ചാലകം തന്നെയായിത്തീരുന്നതിന്
ഘോഷിന്റെ കൃതികളില്‍ ഉദാഹരണങ്ങള്‍ സുവ്യക്തമാണ്. ‘The
Calcutta Chromosome’, ‘The Hungry
Tide’ തുടങ്ങിയ നോവലുകളിലും ‘The Great
Derangement: Climate Change and the Unthinkable’ പോലുള്ള നോണ്‍ ഫിക് ഷന്‍ കൃതികളിലും പാരിസ്ഥിതിക സങ്കീര്‍ണ്ണതകളുടെ
അടിയന്തിര സ്വഭാവം പരിഗണിക്കുന്ന എഴുത്തുകാരന്‍ ഈ വിഷയത്തില്‍ ഇതുവരെയുള്ള തന്റെ
കൃതികളുടെ മുഴുവന്‍ ഗവേഷണ പഠനങ്ങളുടെയും ഉള്‍ക്കാഴ്ച്ചകളുടെയും വ്യാപ്തി സമാഹരിച്ച
നോവലാണ് ‘Gun Island’ എന്ന
അദ്ദേഹത്തിന്റെ പുസ്തകം.
ചരിത്രവും മിത്തും കലരുമിടം
ദുരന്തത്തിലൊടുങ്ങിയ
പ്രണയത്തിന്റെ വേദന പഴയ, ആവശ്യക്കാര്‍
തീര്‍ത്തും കുറഞ്ഞുവരുന്ന അപൂര്‍വ്വ പുസ്തകങ്ങളുടെ വ്യാപാരിയെന്ന നിലയിലുള്ള ഉത്
കണ്ഠകളിലും ബ്രൂക്ക് ലിനും പൈതൃകമായി കിട്ടിയ അപ്പാര്‍ട്ട്മെന്റ് ഇപ്പോഴും
സ്വന്തമായുള്ള കൊല്‍കത്തക്കും ഇടയില്‍ എവിടെയും നങ്കൂരമില്ലാത്ത യാത്രകളിലുമായി
വിസ്മരിക്കാന്‍ ശ്രമിക്കുന്ന ദിനനാഥ് ദത്തയെന്ന അറുപതോടടുക്കുന്ന ആത്മവിശ്വാസം കുറഞ്ഞ
ആഖ്യാതാവിലൂടെയാണ് നോവലിസ്റ്റ് കഥ പറയുന്നത്. അമേരിക്കന്‍ ചുറ്റുവട്ടത്തിനു
പാകത്തില്‍ അയാള്‍ സ്വയം ‘ഡീന്‍’ എന്ന്
ചുരുക്കിയിട്ടുണ്ട് തന്റെ പേര്. പ്രമേയ സാമ്യത കൊണ്ടുതന്നെയാണ് നോവലിലെ ഇതര മുഖ്യ
കഥാപാത്രങ്ങള്‍ പലരും ‘ഹംഗ്രി ടൈഡി’ല്‍ നിന്നുള്ളവര്‍ തന്നെയായത്. ആവശ്യത്തില്‍ കൂടുതല്‍ താന്‍ പോരിമയും
പാണ്ഡിത്യ ബോധവുമുള്ള കനായ് ദത്ത്, ദിനനാഥിന്റെ വിപരീത പ്രകൃതിയായത് കൊണ്ടുതന്നെയാണ് അയാള്‍ക്ക് അസഹ്യനായി
അനുഭവപ്പെടുന്നത്. തന്റെ ഡോക്റ്ററേറ്റ് തീസിസിന് ഡീന്‍ വിഷയമാക്കിയ ‘മാനസദേവി’ പുരാണത്തെ കുറിച്ച് സ്തോഭജനകമായ ചില വിവരണങ്ങള്‍ നല്‍കുകയും
പ്രസ്തുത പുരാണത്തിലെ ‘ബൊന്ദൂകി സദാഗര്‍’ (Gun Merchant) എന്ന ദുഷ്ട
കഥാപാത്രത്തിന്റെതായി അറിയപ്പെടാത്ത ഒരു കോവില്‍ സുന്ദര്‍ബന്‍ പ്രദേശത്തുണ്ടെന്ന്
ഡീനിനെ ജിജ്ഞാസുവാക്കുകയും ചെയ്യുന്ന കനായ്, കഥയുടെ ഉറവിടമായി നീലിമാ ബോസിനെ കുറിച്ച് പറയുന്നത് ദിനനാഥിനെ ഉത്തേജിപ്പിക്കുന്നു:
“നീലിമ ബോസില്‍ നിന്ന്
വരുന്ന ഒരു കഥ ചിരിച്ചു തള്ളാനാവില്ല: രാഷ്ട്രീയക്കാര്‍ എപ്പോഴും അടുക്കാന്‍ താല്‍പ്പര്യപ്പെട്ട, സല്‍ക്കര്‍മ്മികള്‍
ആദരിച്ച, സംഭാവന നല്‍കുന്നവര്‍
ആലിംഗനം ചെയ്ത, പത്രക്കാര്‍
എപ്പോഴും കൊണ്ടാടിയ അവര്‍ ഒരിക്കലും ചോദ്യം ചെയ്യാനാവാത്ത വിശ്വസ്തതയുള്ള
വ്യക്തിത്വം ആയിരുന്നു.”
പിയ എന്ന ഗവേഷക സ്ത്രീ
അവരോടൊപ്പം ഉണ്ടെന്നും ‘പിയ കൌതുകം ജനിപ്പിക്കുന്ന സ്ത്രീയാണ്’ എന്നും കനായ് പറയുന്നത് ദിനനാഥിന് ആശയങ്ങള്‍ നല്‍കാതിരിക്കുന്നില്ല:
അയാള്‍ ഒരു കൂട്ട് അന്വേഷിക്കുകയാണ്; കനായിയെ പോലെ ഒരു വിടന്‍ അല്ലെങ്കിലും. തനിക്കുവേണ്ടി മരിച്ച ഫൊകീറിന്റെ വിധവ
മൊയ്നയെയും മകന്‍ ടുടുലിനെയും കുടുംബമായി ദത്തെടുത്ത്, ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ഗവേഷണവും നീലിമാ ദീദി
തുടങ്ങിവെച്ച ബദാബോന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ പിയ
അവിവാഹിതയെങ്കിലും അവളുടെ മുന്‍ ഗണനകള്‍ വേറെയാണ്. ഇതോടൊപ്പം, പിയ തന്റെ മരിച്ചുപോയ മുന്‍കാമുകി ദുര്‍ഗ്ഗയെ ഓര്‍മ്മിപ്പിക്കുമ്പോഴും, ദിനനാഥിന്റെ സ്വതേ സന്ദേഹിയായ പ്രകൃതവും ചേരുമ്പോള്‍
നോവലില്‍ ഒരിക്കലും അയാളുടെ പ്രണയാനുഭവം എങ്ങുമെത്തുന്നില്ല. എണ്‍പതു പിന്നിട്ട, കിടപ്പിലായ നീലിമാ ദീദി ട്രസ്റ്റിന്റെ നടത്തിപ്പിനു മാത്രമല്ല; തന്റെ ദൈനംദിന ജീവിതത്തിനും പിയായെ പൂര്‍ണ്ണമായും ആശ്രയിക്കുന്നുണ്ട്. ഭാഷയും വിനിമയവുമെന്ന അമിതാവ്
ഘോഷിന്റെ നിരന്തര അന്വേഷണം ഈ നോവലിലും തുടരുന്നത് കാണാം.
‘നീലിമയുടെ ബംഗ്ലാ മൊഴി
സുന്ദര്‍ബന്‍സിലെ ഗ്രാമീണ സ്വര ഭേദങ്ങള്‍ ആവാഹിച്ചിരുന്നു. എന്നാല്‍ അവരുടെ
ഇംഗ്ലീഷ് അപ്പോഴും അഭിജാതമായിരുന്നു.’
ഒരു ഘട്ടത്തില്‍, ഹംഗ്രി ടൈഡിലെ കനായിയെ പോലെ, വെനീസിലെ തെരുവുകളിലെ ബംഗാളികള്‍ക്കും ഡോക്കുമെന്ററി ചലച്ചിത്രകാരിക്കും
ഇടയില്‍ ദിനനാഥ് ഒരു വിവര്‍ത്തകന്‍ ആയി പ്രവര്‍ത്തിക്കുന്നുമുണ്ട്. വെനീസിലെ
ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കിടയില്‍ പരിചയപ്പെടുന്ന ലുബ്ന ഖാല എന്ന മുതിര്‍ന്ന വനിതയിലൂടെ തന്റെ പിതാവിന്റെ നാടും
കുട്ടിക്കാലം ചെലവഴിച്ച ഇടവുമായ മദാരിപൂര്‍ ദേശത്തിന്റെ നാട്ടുഭാഷ ദിനനാഥിനു
വീണ്ടും കേള്‍ക്കാനാവുന്നതും ഒട്ടേറെ ബംഗാളികള്‍ യൂറോപ്പിലെങ്ങും
ഉണ്ടെന്നറിയുമ്പോള്‍ തന്റെ മാതൃഭാഷയും ഒരു ആഗോള ഭാഷയാണെന്ന് അഭിമാനം തോന്നുന്നതും
നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്.
പതിനേഴാം
നൂറ്റാണ്ടില്‍ സ്ഥാപിതമായ ‘ബൊന്ദൂകി സദാഗറി’ന്റെ കോവിലില്‍ ചിത്രലിപികളില്‍
കൊത്തിവെക്കപ്പെട്ട ‘മാനസദേവീ- ബൊന്ദൂകി സദാഗര്‍’ ചരിത്രം ‘ഹംഗ്രി ടൈഡി’ലെ ‘ബോണ്‍ബിബി
– ധൊകിന്‍ റായ്’ മിത്തുപോലെ കെട്ടുകഥകളും
നാട്ടു വിശ്വാസങ്ങളും വിവരിക്കാനാവാത്ത അത്ഭുതങ്ങളും കൊണ്ടു നിറഞ്ഞതാണ്.
ചിത്രീകരിക്കപ്പെട്ട ചരിത്രം കൂടാതെ കോവിലിന്റെ സംരക്ഷകനായ ഒരു മുസ്ലിം പുരോഹിതന്‍
സൂക്ഷിക്കുന്ന വാമൊഴിക്കഥകളും അവിശ്വാസിയായ വ്യാപാരിയെ തന്റെ ഭക്തനാക്കി മാറ്റിയ
മാനസദേവിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നു. സുന്ദര്‍ബന്‍സിലേക്കുള്ള യാത്ര തീര്‍ത്തും
അപ്രതീക്ഷിതമെങ്കിലും ഡീനിനെ സംബന്ധിച്ച് അതൊരു വലിയ അനുഭവ യാനങ്ങളുടെ
തുടക്കമാവും. അഭയാര്‍ഥി പ്രവാഹത്തിന്റെ വര്‍ത്തമാന കാല സാമൂഹികാവസ്ഥയായി ഇന്ത്യ-
ബംഗ്ലാദേശ് അതിര്‍ത്തികളിലും വെനീസിലെ ചേരികളിലും അയാള്‍ കണ്ടുമുട്ടുന്ന
മനുഷ്യരുടെ കൂട്ടത്തില്‍ റാഫിയെന്നു പേരുള്ള ടിപ്പു (ടുടുല്‍)വിന്റെ സുഹൃത്തും
അയാളെ പോലുള്ള വേരറ്റ മനുഷ്യര്‍ക്ക് ആകാവുന്ന സഹായങ്ങളും സംരക്ഷണവും നല്‍കുന്ന
ലുബ്ന ഖാലയെന്ന വിധവയും കുടിയേറ്റ ജീവിതത്തെ നക്കിത്തുടക്കുന്ന വട്ടിപ്പലിശക്കാരും
മനുഷ്യക്കടത്തുകാരും അവയവ മാഫിയയും എല്ലാമുണ്ട്. ഇറാന്‍-തുര്‍ക്കി അതിര്‍ത്തിയില്‍വെച്ചു
കൂട്ടം തെറ്റിപ്പോയ ടിപ്പുവിന് വേണ്ടി കഴുത്തറപ്പന്‍ പലിശക്ക് പണം വാങ്ങി
കുരുക്കിലാകുന്ന റാഫി ഒരു ഒറ്റപ്പെട്ട ചിത്രമല്ല. നാടുവിടുമ്പോള്‍
കൂടെയുണ്ടായിരുന്ന, വഴിയില്‍ ജീവന്‍
പൊലിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിലേക്ക് സ്വന്തം വീട്ടിലേക്കു അയക്കുന്ന അതേ തുക
മാസം തോറും അയക്കുന്ന ബിലാല്‍ അതേ ജീവിതപാഠമാണ് പ്രകടിപ്പിക്കുന്നത്. ലുബ്ന
ഖാലയുടെ ഭര്‍ത്താവ് മുനീര്‍ ഭായിയുടെ അന്ത്യം തന്നെയും ഒരു വിധത്തില്‍ കുറെയേറെ
നിസ്സഹായരായ കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള ഒരു രക്തസാക്ഷിത്തമായിരുന്നു.
അഭയാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവും കടന്നുകയറ്റങ്ങളും പതിവാക്കുന്ന തീവ്രവലതുപക്ഷം
ശക്തിയാര്‍ജ്ജിക്കുമ്പോഴും എണ്ണത്തില്‍ കുറവായ മനുഷ്യപക്ഷ ആക്റ്റിവിസ്റ്റുകള്‍
തങ്ങളുടെ വിജയിക്കാനിടയില്ലാത്ത യുദ്ധം തുടരുന്നത് ഡീന്‍ കാണുന്നുണ്ട്.
അക്കൂട്ടത്തില്‍ വെനീസില്‍ ദിനനാഥിന്റെ സുഹൃത്തും സംരക്ഷകയുമായ സിന്റയും അഭയാര്‍ഥി
ജീവിതത്തെ കുറിച്ച് ഡോക്കുമെന്ററി ഒരുക്കാന്‍ ശ്രമിക്കുന്ന കൊച്ചുമകള്‍ ഗിസയും
മുഖ്യകഥാപാത്രങ്ങളാണ്.
(Also read:Drive Your Plow Over the Bones of the Dead by Olga Tokarczuk
https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html
ഓര്‍മ്മപ്പെടുത്തല്‍, പ്രകൃതി പാഠങ്ങള്‍.
നോവലിലെ
ഏറ്റവും പ്രധാനപ്പെട്ട പ്രമേയം തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക
സന്ദിഗ്ദതകളുമാണ്. ഡോള്‍ഫിനുകളും ഇതര കടല്‍ ജീവികളും കൂട്ടത്തോടെ തീരത്തടിയുന്നതും
സുന്ദര്‍ബന്‍സില്‍ ചത്തുപൊന്തുന്ന മത്സ്യസമ്പത്തും നല്‍കുന്ന സൂചനകള്‍ പിയ
നിരീക്ഷിക്കുന്ന പോലെ, നഗര സൗഭാഗ്യങ്ങളുടെ
വെനീഷ്യന്‍ സാഹചര്യങ്ങളിലും വിഷച്ചിലന്തികളുടെയും വിചിത്ര പെരുമാറ്റ രീതികളുള്ള
പക്ഷികളുടെയും സാന്നിധ്യം സിന്റയും കാണുന്നുണ്ട്. സര്‍പ്പ ദേവതയായ മാനസദേവി
പുരാണത്തിലെ കേന്ദ്ര പ്രതീകമായ സര്‍പ്പം, പാരിസ്ഥിതിക വ്യതിയാനങ്ങളുടെ ചിഹ്നമായി നോവലില്‍ കടന്നുവരുന്നുണ്ട്. മഞ്ഞ
അടിവയറും തീവ്ര വിഷവുമുള്ള കടല്‍പ്പാമ്പുകള്‍ വര്‍ദ്ധിച്ച തോതില്‍ കാണപ്പെടുന്നത്
ഇതിന്റെ തുടര്‍ച്ചയാണ്. മടുപ്പുളവാക്കും വിധം പെരുമാറ്റ ദൂഷ്യമുള്ള, ഹ്രസ്വകാല അമേരിക്കന്‍ സ്കൂള്‍ വിദ്യാഭ്യാസം ആഭാസപൂര്‍ണ്ണമായ
സ്ലാങ്ങുകളുടെ ഉപയോഗത്തിലേക്കും ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരൂഹ
പ്രയോഗത്തിലേക്കും മയക്കുമരുന്ന്, മനുഷ്യക്കടത്ത്
പോലുള്ള ഇരുള്‍ വഴികളിലേക്കും എത്തിച്ച, ആര്‍ക്കും നിയന്ത്രിക്കാനാവാത്ത രഹസ്യ ഇടപാടുകളില്‍ ഇടപെടുന്ന ടിപ്പുവില്‍ സര്‍പ്പദംശനം
വരുത്തിവെക്കുന്ന മാറ്റങ്ങള്‍ നോവലിലെ യുക്തിസഹമായ വിശദീകരണങ്ങള്‍ സാധ്യമല്ലാത്ത
അനേകം വസ്തുതകളില്‍ ഒന്നാണ്. അയാളില്‍ ദുരൂഹമായ പ്രവചന സിദ്ധി വന്നുകൂടുന്നു:
അതെപ്പോഴും ദുരന്ത സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ സ്വപ്ന/ഭ്രമ ദര്‍ശനങ്ങളില്‍ പുരാതന കാലവും ആധുനിക കാലവും, കിഴക്കും പടിഞ്ഞാറും, മനുഷ്യനും അമാനുഷനും കൂടിക്കലരുന്നു. എല്ലാത്തിനും യുക്തിസഹവും ശാസ്ത്രീയവുമായ
വിശദീകരണങ്ങള്‍ കാണുമെന്നു ശഠിക്കുന്ന പിയായില്‍ നിന്ന് വ്യത്യസ്തമായി സിന്റ
ആധുനിക സമൂഹത്തില്‍ ഒരു ഭൂതാവിഷ്ടതയുടെ സാധ്യത മുന്നോട്ടു വെക്കുന്നു. ഒരു പക്ഷെ
ഇതാണ് നോവലിനെ കഥാപാത്രത്തുടര്‍ച്ചയിലും പശ്ചാത്തല വിശദാംശങ്ങളിലും ‘ഹംഗ്രി ടൈഡി’നോട് അടുത്തു നില്‍ക്കുമ്പോഴും പാരിസ്ഥിതിക/ ദുരന്ത പ്രവചന
ഭാവങ്ങളില്‍ ഘോഷിന്റെ മുന്‍നോവലായ ‘കല്‍ക്കത്താ ക്രോമസോമി’നോട് കൂടുതല്‍
അടുപ്പിക്കുന്നത്. എന്നാല്‍ പുതിയ നോവല്‍ യുക്തിചിന്തയുടെ ‘ഹെജിമണി’യെ തകര്‍ക്കുകയും
‘വസ്തുനിഷ്ഠ’ സമീപന രീതിയെ ‘ആധുനികം
എന്ന് സ്വയം വിശ്വസിക്കുന്ന പതിനേഴാം നൂറ്റാണ്ടിന്റെ അര്‍ത്ഥവിചാര’മെന്നു
നിരീക്ഷിക്കുകയും ചെയ്യുന്നു. സിന്റയുടെ നിലപാടില്‍:
“എന്ത്? നിങ്ങള്‍ കളി പറയുകയാണ്, സിന്റ! എന്തര്‍ത്ഥത്തിലാണ്
അത് ഒരു പൈശാചിക ആവേശിക്കലിന്റെ ചിഹ്നമാകുന്നത്?”
“ചുറ്റും നോക്കൂ,...” അവളുടെ സ്വരത്തില്‍
അത്രയ്ക്ക് പരിക്ഷീണത ഉണ്ടായിരുന്നു. “ലോകം ഒരു ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി
തുടരണമെങ്കില്‍, നമ്മുടെ വീടുകള്‍
ആ ചിലന്തിയെ പോലുള്ള ജീവികളോ കടലോ കടന്നു കയറാതിരിക്കണമെങ്കില്‍ എന്തു
ചെയ്യണമെന്നു എല്ലാവര്‍ക്കും അറിയാം. എല്ലാവര്‍ക്കും അറിയാം.. എങ്കിലും നാം
അശക്തരാണ്, നമ്മുടെ
കൂട്ടത്തില്‍ ഏറ്റവും ശക്തരായവര്‍ പോലും. നമ്മുടെ ഇച്ഛകളെ മൂടിക്കളയുന്ന
ശക്തികളുടെ പിടിയിലാണ് എന്ന മട്ടില്‍ നാം നമ്മുടെ നിത്യ ജീവിതത്തെ ശീലങ്ങളിലൂടെ
മുന്നോട്ടു കൊണ്ടുപോകുന്നു;
നമുക്ക് ചുറ്റും ഞെട്ടിക്കുന്നതും ഭീകരവുമായ കാര്യങ്ങള്‍ സംഭവിക്കുന്നത് നാം
കാണുന്നു; നമ്മെ
അധീശപ്പെടുത്തിയതെന്തോ അതിനു നാം സ്വമേധയാ കീഴടങ്ങുന്നു.”
ഫോസില്‍ ഫ്യുവല്‍ അടിത്തറയാക്കിയ
സാമ്പത്തിക വളര്‍ച്ചയുടെ സ്വാധീനത്തെ ഈ പൈശാചിക ഭൂതാവേശത്തിന്റെ തുടക്കമായി നോവല്‍
നിരീക്ഷിക്കുന്നു. ‘ചെറു ഹിമയുഗം (the Little Ice Age) എന്നു വിളിക്കപ്പെട്ട പതിനേഴാം നൂറ്റാണ്ടിനെ ഇന്നത്തെ
ദുരന്തങ്ങളുടെ തുടക്കമായി നോവല്‍ അടയാളപ്പെടുത്തുന്നു. ടിപ്പുവിനുള്ള ഇ-മെയില്‍
സന്ദേശത്തില്‍ ഡീന്‍ കുറിക്കുന്നു:
“ഹിന്ദു പുരാണപ്രകാരം
ദുര്‍ഭൂതങ്ങള്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്. ‘പ്രളയം’ എന്ന
ഒന്ന് സംഭവിക്കാനുണ്ട് – എല്ലാം അസ്തമിക്കും, സമയം പോലും. പക്ഷെ അത് മറ്റു രീതികളിലും സംഭവിക്കാം.
സൊരാഷ്ട്രിയന്മാര്‍ പറയുന്നത് ഉരുകിയ ലോഹത്തിന്റെ പുഴകള്‍ ഭൂമിയില്‍
ഒഴുകുമെന്നാണ്. ക്രിസ്ത്യാനികള്‍ പറയുന്നു, മരണവും രോഗങ്ങളും വരള്‍ച്ചയും യുദ്ധവുമായിരിക്കും
അന്ത്യവിധി എന്ന്. ഇന്‍കാ വിഭാഗത്തെ സംബന്ധിച്ച് അത് ഭൂകമ്പങ്ങളോടെയാണ് തുടങ്ങുക; മുസ്ലിംകള്‍ പറയുന്നത്
കടലുകള്‍ പൊട്ടിപ്പിളരുകയും മരിച്ചവര്‍ കുഴിമാടങ്ങളില്‍ അസ്വസ്തരാകുകയും ചെയ്യും
എന്നാണ്..”
പാതിക്കാഴ്ച്ചയില്‍/ അശ്രദ്ധമായി
തുറന്നുവിടപ്പെട്ട ഭൂതം ജന്തുജാലങ്ങളുടെ സനാതന പ്രകൃതങ്ങളെയും പ്രകൃതി താളത്തേയും
അട്ടിമറിച്ചുവെന്നു ആഗോള താപനത്തിന്റെയും ഭൂമി മനുഷ്യ വാസയോഗ്യമല്ലാതാവുന്നതിന്റെയും
പശ്ചാത്തലത്തില്‍ അംഗീകരിക്കാമെങ്കില്‍ ഭൂതാവേശത്തിന്റെ സാംഗത്യം ശാസ്ത്രീയമാണോ
എന്നത് അത്ര പ്രസക്തമല്ലെന്നു സിന്റ കരുതുന്നു. കാലിഫോര്‍ണിയന്‍ കാട്ടുതീപ്പടര്‍ച്ച
നോവലില്‍ വിവരിക്കപ്പെടുന്നത് സമകാലിക യാഥാര്‍ത്ഥ്യമായ ആമസോണ്‍ ദുരന്തവുമായി
വായിച്ചെടുക്കാം. മാനസദേവി പുരാണത്തെ പോലുള്ള വിശ്വാസ പ്രധാനമായ മിത്തുകള്‍ക്ക്
നോവലില്‍ ലഭിക്കുന്ന ആധികാരിക പദവി ഈ അര്‍ത്ഥത്തില്‍ തന്നെയാണ്
പരിഗണിക്കപ്പെടെണ്ടത്. പഴയ ജിവിത ക്രമങ്ങളുടെ അടിത്തറകളെ നിഷേധിക്കാന്‍ ആധുനികത
നമ്മെ പഠിപ്പിച്ചു; എന്നാല്‍ അതേ
ആധുനികതയുടെ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യ ചരിത്രം എക്കാലത്തെയും ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നത് –
കാലാവസ്ഥാ വ്യതിയാനം എന്നതല്ലാതെ മറ്റൊന്നുമല്ല അത്. അമിതാവ് ഘോഷ്
അന്വേഷിക്കുന്നത് ഒരു പുതിയ വിനിമയ ഭാഷയാണ് - പുതിയ ഭൂതാവിഷ്ടതയെ
മറികടക്കാനാവുന്ന, മിത്ര ഭൂതങ്ങളെ
കുടിയിരുത്താനാവുന്ന, വര്‍ത്തമാന
പ്രതിസന്ധിക്കപ്പുറം കടക്കാന്‍ കഴിയുന്ന ഭാവനയുടെയും മിത്തുകളുടെയും അത്ഭുത പ്രവര്‍ത്തികളുടെയും
ഒരു പുത്തന്‍ ആഖ്യാന ഭാഷ. 1970ല്‍ ഭോലാ കൊടുങ്കാറ്റ് ഈസ്റ്റ് പാക്കിസ്താനിലെ അഞ്ചു
ലക്ഷത്തോളം മനുഷ്യരുടെ മരണത്തിനു കാരണമായപ്പോള്‍, മാനസദേവിയെ ഉപാസിച്ച ജനപഥം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം നോവലില്‍ ഹൊറേന്‍
വിവരിക്കുന്നുണ്ട്. പാക്കിസ്താന്‍ ഭരണകൂടം ആ ദുരന്തത്തിന്റെ ഇരകളോട് കാണിച്ച
കടുത്ത അവഗണന പൂര്‍വ്വ പാക്കിസ്താന്റെ സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുകയും
തൊട്ടടുത്ത വര്‍ഷം സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിക്കുകയും ചെയ്ത
ഘടകമായിരുന്നു. രാഷ്ട്രീയ ദൈവങ്ങള്‍ കൈവിട്ടപ്പോഴും തന്റെ ഉപാസകരെ കാത്തുപോന്ന സര്‍പ്പദേവതയുടെ
മാതൃക അതുകൊണ്ടുതന്നെ നോവലില്‍ നിര്‍ണ്ണായകമാണ്. ദൈവമരണത്തിന്റെ നിഹിലിസ്റ്റ് പാഠം
ഒരുപക്ഷെ കൂടുതല്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് ആസുരമൂര്‍ത്തികള്‍ക്കെതിരെ ഒരു
മിത്രമൂര്‍ത്തിയെ കണ്ടെടുക്കുകയെന്നത് സര്‍വ്വനാശത്തിനെതിരെ ഭാവനയുടെ വിജയം
കൂടിയാവാം.
എഴുത്ത്, നിലപാടുകള്‍
പാരിസ്ഥിതി
നിലപാടുകള്‍ അപകടകരമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന അവസ്ഥ നോവലില്‍
നിരീക്ഷിക്കപ്പെടുന്നുണ്ട്. സിന്റയുടെ ഭര്‍ത്താവ് മകള്‍ ലൂഷിയയോടൊപ്പം
കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള മാഫിയാ
പ്രതികാരമായിരുന്നുവെന്നു സൂചനയുണ്ട്. കപ്പലിന്റെ മരത്തടി ഭാഗങ്ങള്‍
നശിപ്പിക്കുന്ന ബാര്‍ക്ക് ബീറ്റില്‍ കീടങ്ങളുടെ പെരുക്കത്തെ കുറിച്ച്
മുന്നറിയിപ്പു നല്‍കുകയും കാട്ടുതീ സാധ്യത പ്രവചിക്കുകയും ചെയ്യുന്ന പിയയുടെ
സുഹൃത്ത് ലിസ അഭിനന്ദിക്കപ്പെടുകയല്ല; അവരാണ് അതിനുത്തരവാദി എന്ന മട്ടില്‍ വേട്ടയാടപ്പെടുകയാണ്. പിയാ
നിരീക്ഷിക്കുന്നു:
“നാം ഇരുണ്ട യുഗങ്ങളിലാണ്
എന്ന പോലെയുണ്ട് – സ്ത്രീകള്‍ ദുര്‍മ്മന്ത്രവാദിനികള്‍ എന്ന പേരില്‍ ആക്രമിക്കപ്പെടുന്നു”
എഴുത്തിനെ പോരാട്ടത്തിന്റെ/
ആപദ്സൂചകമായ നിലപാടുകളുടെ അടിയന്തിര സ്വഭാവമുള്ള ആശയ വിനിമയ/ ആദര്‍ശാത്മക പ്രവര്‍ത്തനമാക്കി
മാറ്റുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ പ്രശ്നം അത് കല ആവശ്യപ്പെടുന്ന
ധ്വന്യാത്മകത (suggestiveness) ബലി
കഴിക്കുകയും പ്രഭാഷണപരമായിത്തീരുകയും (preachy) ചെയ്യുന്നു എന്നതാണ്. സമകാലിക ഇന്ത്യന്‍ സമര മുഖങ്ങളെ
മുഴുവന്‍ വിട്ടുവീഴ്ച്ചയില്ലാതെ അടയാളപ്പെടുത്താനുള്ള വ്യഗ്രതയില്‍ അരുന്ധതി റോയ്
ചെന്നുപെട്ട (The
Ministry of Utmost Happiness) വിപര്യയം ‘ദി ഗണ്‍ ഐലന്‍ഡി’ല്‍ ഘോഷിനെയും പിടികൂടിയിട്ടുണ്ട് എന്ന് നിരീക്ഷിക്കാനാകും.
ദി ഗ്ലാസ് പാലസ് പോലുള്ള കൃതികളില്‍ ചരിത്രത്തിനും ഫിക് ഷനും ഇടയിലുള്ള അതിര്‍വരമ്പുകള്‍
പുസ്തകത്തെ ഏതു കള്ളിയില്‍ പെടുത്തണം എന്നത് പ്രശ്നവല്‍ക്കരിക്കും വിധം നേര്‍ത്തുപോയിട്ടുണ്ടെങ്കില്‍, ഗണ്‍ ഐലന്‍ഡില്‍ അത് അയുക്തികതക്കും ശാസ്ത്രബോധത്തിനും
ഇടയില്‍ ഇടറിനില്‍ക്കുന്നുണ്ട്. പാരിസ്ഥിതിക ദുരന്തത്തെ കുറിച്ച് ഏറെ ആഴത്തില്‍
പഠിക്കുന്ന ‘മഹാ മതിഭ്രമം’ (The Great Derangement – 2016) മുതല്‍ തന്നെ ആവേശിച്ച ഉത്കണ്ഠകള്‍ സ്ഥല കാല അതിരുകള്‍
കടക്കുന്ന ആഖ്യാനമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കലയും ഫിക് ഷനും എന്തുകൊണ്ട്
ഈ സന്ദിഗ്ദതകള്‍ വേണ്ടവിധം കാണാതെ പോയി എന്ന ചോദ്യം കൃതഹസ്തനായ എഴുത്തുകാരനെ
ഒട്ടൊരു കുറ്റബോധത്തോടെ അമിതാവേശം കൊള്ളിച്ചുവോ? “തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിയുന്നതില്‍ നിന്ന് ആളുകളെ തടയും വിധം
മറച്ചുവെക്കലിന്റെ രീതികളിലേക്ക് മിക്ക
കലാ-സാഹിത്യ രൂപങ്ങളും വലിച്ചിഴക്കപ്പെട്ട ഒരു കാലമായിരുന്നു നമ്മുടേത്” എന്ന്
വരും തലമുറ വിധിയെഴുതുമെന്ന് ‘മഹാ മതിഭ്രമ’ത്തില്‍ ഘോഷ് എഴുതുന്നുണ്ട്.
“കഥകളുടെ ശക്തിയെ നീ
കുറച്ചു കാണരുത്. അതില്‍ സത്താപരവും വിശദീകരിക്കാനാവാത്തതുമായ ചിലതുണ്ട്.
കേട്ടിട്ടില്ലേ നമ്മെ മനുഷ്യരാക്കുന്നതും മൃഗങ്ങളില്‍ നിന്ന്
വ്യത്യസ്തരാക്കുന്നതും കഥ പറയാനുള്ള കഴിവാണെന്ന്? പക്ഷെ സത്യം അതിനേക്കാള്‍
വിചിത്രമാകുമ്പോഴോ? ഇനി
തിരിച്ചാണെങ്കിലോ? കഥ പറയാനുള്ള
കഴിവ് എന്നത് നിയതമായി മാനുഷികമല്ല എന്നും മറിച്ച് നമ്മുടെ മൃഗ പ്രകൃതിയുടെ
അവസാനത്തെ ബാക്കിപത്രമാണ് എന്നും വന്നാലോ?”
അത്യസാധാരണമാം വിധം ശക്തമായ ഒരു
ആലിപ്പഴവീഴ്ച്ചയോ ചുഴലിക്കൊടുങ്കാറ്റോ മാത്രമല്ല; ലോസ് ഏഞ്ചലസില്‍ ഒരു സര്‍പ്പ ദംശനം, വെനീസിലെ പോഷ് അപ്പാര്‍ട്ട്മെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു
വിഷച്ചിലന്തി എന്നിവയും ഭീഷണമായ അര്‍ഥങ്ങളുള്ള നരേറ്റീവുകളാണ് എന്ന് സിന്റ
ചിന്തിക്കുന്നു. എത്ര തയ്യാറെടുത്താലും തോല്‍വി ഉറപ്പായ പാരിസ്ഥിതിക/ കാലാവസ്ഥാ
ദുരന്തങ്ങളുടെ മുന്നറിയിപ്പ് തന്നെയാണ് അവ പറഞ്ഞുവെക്കുന്നത്. പേരെടുത്തു പറയാതെ
നോവലില്‍ സൂചിപ്പിക്കുന്ന, ഏറ്റവും
പ്രാന്തവല്‍ക്കരിക്കപ്പെട്ട രണ്ടു മില്ല്യനിലേറെ ജനങ്ങളെ കുടിയിറക്കുന്ന സുന്ദര്‍ബന്‍സിലെ
റംപാല്‍ പവര്‍ പ്ലാന്റ് പോലെയുള്ള പാരിസ്ഥിതിക അട്ടിമറിയില്‍ ഈ ഭീഷണ സന്ദേശം
യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നിഗൂഡതയെ സ്ഥാപിക്കാനായി യുക്തിബോധത്തെ നിരാകരിക്കുകയാണ് ഘോഷ് എന്നു
പറയാനാവില്ല. നോവലില്‍ സംഭവിക്കുന്ന വിശദീകരണ സാധ്യമല്ലാത്ത മിക്ക കാര്യങ്ങള്‍ക്കും
വൈകാരികാമോ രക്ഷാസമാനമോ (talismanic) ആയ
മൂല്യമുണ്ട് അത് ബാധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് എന്നു നിരീക്ഷിക്കപ്പെടുന്നു
(Shreya Ila Anasuya: thewire.in). നോവലന്ത്യത്തില്‍
ലൂഷിയയുമായി സന്ധിക്കുന്ന ഒരു സമാധിയുടെ തയ്യാറെടുപ്പോടെ സിന്റ തന്റെ
മരണത്തിലേക്ക് കടന്നുപോകുന്നത് അത്തരം ഒരു മുഹൂര്‍ത്തമാണ്.
പ്രമേയതീക്ഷ്ണതയുടെ സാംഗത്യം
എന്നാല്‍, ചില കാലങ്ങള്‍ അങ്ങനെയാണ് എന്നും വരാം – കലയും ഫിക് ഷനും പ്രധാനമായിരിക്കുമ്പോള്‍ത്തന്നെ ഒരു ‘do or die’ സമവാക്യത്തില്‍ ചില പ്രമേയങ്ങള്‍ ശ്വാസം വിടാന്‍ അനുവദിക്കാതിരിക്കും വിധം പരമപ്രധാനം ആയിത്തീരുന്നവ. രാജാവും പരിവാരങ്ങളും ഒന്നടങ്കം നഗ്നരും ആസുര ഹിംസയുടെയും കൊര്‍പ്പോറേറ്റ് വിധേയത്വങ്ങളുടെയും ദല്ലാള്‍ നടത്തിപ്പുകാരും ആയിമാറുന്ന സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഫിക് ഷന്‍ തോറ്റുപോയാലും എല്ലാം വിളിച്ചു പറയുന്ന വിശുദ്ധനായ കുട്ടിയുടെ കണ്ണുകള്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്നത് ‘മിനിസ്ട്രി’യില്‍ അരുന്ധതി റോയിയുടെ നിലപാടു തന്നെയാണ്. അത് പോലെ ഗണ്‍ ഐലന്‍ഡിലേതിനു സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന, നൊബേല്‍ ജേതാവായ പോളിഷ് നോവലിസ്റ്റ് ഓള്‍ഗാ തൊകാര്‍ചുക്കിന്റെ പുതിയ നോവലിലും (Drive Your Plow Over the Bones of the Dead) പ്രമേയം സര്‍ഗ്ഗ വൈഭവത്തിന്റെ പ്രകടനത്തെക്കാള്‍ പ്രധാനമാണെന്ന നിലപാട് വിമര്‍ശകരുടെ ഖണ്ഡനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരെന്നു നടിക്കുന്ന ഭരണാധികാരികളോട് “മരിച്ചു വീഴുന്ന മനുഷ്യരെയും സമ്പൂര്‍ണ്ണമായി തകര്‍ന്നു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെയും കാണാതെ സര്‍വ്വ സംഹാരത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് എന്റെ തലമുറയുടെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു കളഞ്ഞിട്ട് ഞങ്ങളോട് സാമ്പത്തിക പുരോഗതിയെ കുറിച്ച് പ്രഭാഷണം നടത്താന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വരുന്നു?” എന്ന് ഒരു പതിനാറുകാരി (ഗ്രേറ്റ ത്യുന്‍ബര്‍ഗ്) പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ അതേ വീറും വിപദ്സന്ദേശ വിളംബരത്വരയും അമിതാവ് ഘോഷ് പങ്കുവെക്കുകയാണ് തന്റെ പുതിയ കൃതിയില്‍. വിജയിക്കാനിടയില്ലാത്ത യുദ്ധത്തില്‍ ‘പ്രതിബദ്ധനായ ഒരു കിഹോത്തെയുടെ തിടുക്കത്തോടെ’ എഴുത്തുകാരന്‍ ഇടപെടുന്ന നോവലില്‍ മാജിക്, മിത്ത്, ചരിത്രം, ശാസ്ത്രം, ജന്തുശാസ്ത്രം, ശബ്ദോല്‍പ്പത്തി ശാസ്ത്രം എന്നിവയെല്ലാമുണ്ട്. ബൊന്ദൂകി എന്ന പദം അതിന്റെ മൂല അറബ് അര്‍ത്ഥത്തില്‍ തോക്ക് എന്നതിനെ സൂചിപ്പിക്കുന്നത് മാത്രമല്ല, വെനീസിന്റെ പേരു കൂടിയാണ് എന്നത് മാനസ ദേവീ പുരാണത്തിലെ വ്യാപാരിയെ തോക്കുമായി ബന്ധിപ്പിക്കുന്നത് അനിവാര്യമെല്ലെന്നും അക്കാലത്ത് വ്യവസായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന വെനീസില്‍ നിന്നുള്ളവന്‍ എന്ന അര്‍ഥത്തില്‍ ആവാമെന്നും സിന്റയും ദിനനാഥും കൗതുകപ്പെടുന്നത് പദനിഷ്പത്തി ശാസ്ത്ര രീതിയിലൂടെയാണ്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനമെന്ന മുഖ്യ പ്രമേയത്തെയും അഭയാര്‍ഥിത്വ/ കുടിയേറ്റത്തിന്റെയും മനുഷ്യക്കടത്തിന്റെയും പ്രമേയങ്ങളെയും കൂട്ടിയിണക്കുന്നതും ഏറെ ദുര്‍ബ്ബലമായ കണ്ണികളിലൂടെയാണ് എന്നു വിമര്‍ശിക്കപ്പെടുന്നു. ഭീഷണമായ സത്യങ്ങള്‍ ആവിഷ്കരിക്കാന്‍ റിയലിസത്തിന്റെ സാധ്യതകള്‍ മതിയാകാതെ വരുന്നുവെങ്കില്‍ വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കുന്ന രീതികള്‍ ആവോളം ഉപയോഗിക്കുന്നത് പോലും ന്യായീകരിക്കപ്പെടുന്നു എന്ന് നോവലിസ്റ്റ് ചിന്തിക്കുന്നിടത്താണ് നോവലില്‍ ഉടനീളം കണ്ടെത്താവുന്ന അവിശ്വസനീയ സംഭവ വികാസങ്ങളും പുരാണങ്ങളും നാടോടിക്കഥകളുമായി കൂടിക്കലരുന്ന യുക്തിസഹമല്ലാത്ത ആകസ്മികതകളും വിശദീകരിക്കപ്പെടുന്നത്. മനുഷ്യരും ജന്തുജാലങ്ങളും നിരന്തര പാലായനത്തിലായ സമകാലിക സാഹചര്യത്തില്‍ മാനസദേവിയുടെയും ബോണ്‍ബിബിയുടെയും അത്ഭുതങ്ങളും നാടോടി വീരന്മാരുടെ വിജയ ഗാഥകളും മറ്റൊരു ലോകത്തിന്റെതാവാം: യുക്തിബോധത്തിന്റെ അമ്ലപരീക്ഷയില്‍ പരാജയപ്പെട്ടാലും അതിജീവനത്തിന്റെ ജൈവ യുക്തിയില്‍ തോറ്റുപോകാത്ത ഒന്നിന്റെ.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 361-368)
No comments:
Post a Comment