Featured Post

Friday, August 16, 2024

The Loves of João Vêncio by José Luandino Vieira

ഹുവാവോ വെന്‍ഷ്യോയുടെ പ്രണയമുറിവുകള്‍ 


കൊളോണിയല്‍ ആഫ്രിക്കയില്‍ ഒട്ടുമിക്ക ഫ്രഞ്ച്ബ്രിട്ടീഷ് കോളനികളും സ്വതന്ത്രമായിക്കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ചിതറിക്കിടന്ന ദേശങ്ങളില്‍ പറ്റിത്തൂങ്ങി നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍. ഇക്കൂട്ടത്തില്‍ ആദ്യം വിട്ടുപോയത് 1973-ല്‍ ഗിനി-ബിസോ ആയിരുന്നു. കാര്‍നേഷന്‍ വിപ്ലവത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ നിലം പതിച്ചതോടെ മറ്റു കോളനികളും സ്വതന്ത്രമായി. എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ഒട്ടുമിക്ക ഇടങ്ങളിലും സ്ഥിര ഭരണ വ്യവസ്ഥയായി പരിണമിക്കുകയുണ്ടായില്ല എന്ന് മാത്രമല്ലഅറുപതുകളില്‍ തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. മൊസാംബിക്കില്‍ 1992 വരെയും സംഘര്‍ഷങ്ങള്‍ തുടര്‍ന്നപ്പോള്‍ അംഗോളയില്‍  2002 വരെയും സമാധാനം സാധ്യമായില്ല. സ്വാഭാവികമായും ഈ ദേശങ്ങളില്‍ സാഹിത്യ രചന ഏറെ പരിമിതമായിത്തുടര്‍ന്നു. എഴുതപ്പെട്ടതില്‍ അധികവും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെയും രാഷ്ട്രീയ കാലുഷ്യങ്ങളെയും പ്രമേയങ്ങളാക്കി.

അംഗോളന്‍ സാഹിത്യത്തില്‍ പ്രഥമസ്ഥാനീയനാണ് 1935-ല്‍ ജനിച്ച ഹോസെ ലുവാന്റിനോ വിയേറ. കുഞ്ഞുന്നാളില്‍ (1938) അംഗോളയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ലുവാണ്ടയിലെ ആഫ്രിക്കന്‍ വംശജരുടെ ഇടയിലാണ് (‘മുസെക്കി’) താമസമാക്കിയത്. ദരിദ്രരായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഇടപഴകിയ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന വിയേറലുവാണ്ട എന്ന മൂലത്തില്‍ നിന്ന് സ്വയം കണ്ടെടുത്തതായിരുന്നു ലുവാന്റിനോ എന്ന മധ്യനാമം. അദ്ദേഹത്തിന്റെ രചനകളില്‍ പ്രാദേശിക ഭാഷയായ കിംബുണ്ടുവും പ്രാദേശിക പോര്‍ച്ചുഗീസും കൂടിക്കലരുന്നു. വെള്ളക്കാരന്‍ ആയിരുന്നിട്ടും കൊളോണിയല്‍ വിരുദ്ധനും വംശീയതാ വിരുദ്ധനും ആയിത്തീര്‍ന്നു അംഗോളന്‍ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ പതിനൊന്നു വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും കടുത്ത തടവറയായ ടറാഫേല്‍ ജയിലില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ഇക്കാലത്ത് വന്യമായ കരുത്തോടെ വിയേറ എഴുത്തില്‍ വ്യാപൃതനായി. ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള ഉള്ളടക്കം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോര്‍ച്ചുഗീസ് റൈറ്റേഴ്സ് പുരസ്കാരം ലഭിച്ച കഥാസമാഹാരം ‘ലുവാണ്ട’ (1963) 1974-ല്‍ കൊളോണിയല്‍ ഭരണം അവസാനിക്കും വരെയും നിരോധിതമായി തുടര്‍ന്നത്. എന്നാല്‍ രഹസ്യമായി സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട സമാഹാരത്തിലെ കഥകള്‍ പ്രകടമായ രാഷ്ട്രീയ സ്വഭാവമുള്ളവയല്ലെങ്കിലും അധിനിവേശത്തിന്റെ കെടുതികള്‍ യഥാതഥമായി അവതരിപ്പിക്കുകയും ശൈലീപരമായി ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 1962-ല്‍ പാരീസില്‍ തന്റെ കഥകള്‍ പ്രസിദ്ധീകരിച്ച വിവരം കഥാകൃത്ത്‌ അക്കാലത്ത് അറിഞ്ഞിരുന്നില്ല. ‘ഡോമിംഗോസ് സേവിയറിന്റെ യഥാര്‍ത്ഥ ജീവിതം’ (The Real Life of Domingos Xavier-1974) ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും പീഡനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ട്രാക്റ്റര്‍ ഡ്രൈവറുടെ കഥ പറയുന്നു. രാഷ്ട്രീയ നോവെല്ല എന്ന നിലയില്‍ വെള്ളക്കാരുടെ നീതിയുടെ ക്രൂരതയും സ്വാതന്ത്ര്യപൂര്‍വ്വ അംഗോളയിലെ സ്ത്രീ-പുരുഷന്മാരുടെ സ്ഥൈര്യവും പ്രസ്തുത കൃതി ചിത്രീകരിച്ചപ്പോള്‍, 1967-ല്‍ ഒരാഴ്ച കൊണ്ടെഴുതപ്പെട്ട ‘നമ്മള്‍ മകുലൂസുക്കാര്‍’ (We, from Makulusuകൊളോണിയല്‍ ഭരണത്തിന്റെ അന്ത്യ നാളുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍വെള്ളക്കാര്‍സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരുടെ അസാധാരണ ബന്ധങ്ങളുടെ ആവിഷ്കാരമാണ്. വിയേരയുടെ കൃതികളില്‍ ഏറ്റവും മികച്ചതെന്നു ചില നിരൂപകര്‍ ഏറെ ആത്മകഥാംശമുള്ള ഈ നോവലിനെ വിലയിരുത്തുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘ഔവര്‍ മുസെക്കി’ നാല്പ്പതുകളുടെയും അമ്പതുകളുടെയും പശ്ചാത്തലത്തില്‍ ലുവാണ്ടയിലെ ചേരികളിലെ ജീവിതവും മുതിര്‍ന്നു വരവും ആവിഷ്കരിച്ചു. 1961-62 കാലത്ത് ജയിലില്‍ വെച്ച് എഴുതപ്പെട്ട ‘ഔവര്‍ മുസെക്കി’ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊയ്പ്പോയ കൌമാര നിഷ്കളങ്കതനഗരവല്‍ക്കരണത്തിന്റെ കെടുതികള്‍ എന്നിവയെ കുറിച്ചുള്ള ഗൃഹാതുരതയോടൊപ്പം വരാനിരിക്കുന്നതിനെ ജിജ്ഞാസയോടെ കാത്തിരിക്കുന്നതിന്റെ ആവേശവും നോവലില്‍ തെളിഞ്ഞു കാണാം. അംഗോളന്‍ എഴുത്തുകാരുടെ യൂണിയന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള വിയേറ പുതുതലമുറ  എഴുത്തുകാരുടെയും കവികളുടെയും വഴികാട്ടിയായും വര്‍ത്തിച്ചിട്ടുണ്ട്‌.

 

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-loves-of-joo-vncio-by-jos-luandino-vieira

 

  (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-347)

To purchase, contact ph.no:  8086126024

 More from Angolan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html



No comments:

Post a Comment