Featured Post

Showing posts with label Lusophone Africa. Show all posts
Showing posts with label Lusophone Africa. Show all posts

Saturday, May 10, 2025

A General Theory of Oblivion by José Eduardo Agualusa / Daniel Hahn

സ്വയം അടക്കത്തിന്റെ ഗാഥ - വിസ്മൃതിയുടെയും




അംഗോള, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. കൊളോണിയല്‍ ചൂഷണം ചവച്ചുതുപ്പിയ ആഫ്രിക്കന്‍ - ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരിടത്തും സമാധാനപൂര്‍ണ്ണമായ അധിക്കരക്കൈമാറ്റം സാധ്യമേയല്ലായിരുന്നു. ഹോസെ എദുവാര്‍ദോ അഗുവാലൂസായുടെ ഏറ്റവും പുതിയ നോവലായ ‘വിസ്മൃതിയുടെ ഓര്‍ സാമാന്യ തത്വം’ (A General Theory of Oblivion) പരിത്യക്തയും സ്വയം ബഹിഷ്കൃതയുമായ പോര്‍ച്ചുഗീസ് വനിതാ ലുഡോവികാ ഫെര്‍നാന്‍ഡസ് മാനോ എന്ന ലുഡോയുടെ വിചിത്ര ജീവിതത്തിന്റെയും ഏറെയൊന്നും ആകാശങ്ങളില്ലാത്ത അവരുടെ ജീവിതത്തിന്‍റെ ഏതാണ്ട് അടഞ്ഞ കണ്ണാടിച്ചീള്‍ കാഴ്ചയിലൂടെ സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ട് മുമ്പുതൊട്ട് വര്‍ത്തമാന കാലം വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന അംഗോളയുടെ,  വിശേഷിച്ചും ലുവാന്‍ഡയുടെ, സന്നിഗ്ദ്ധതകളും ആവിഷ്കരിക്കുന്നു.

സ്വാതന്ത്ര്യപ്രാപ്തി തൊട്ടുമുന്നില്‍ നില്‍ക്കെ, കണ്മുന്നില്‍ അരങ്ങേറിക്കൊണ്ടിരുന്ന ബീഭത്സതകളുടെ പ്രതിഫലനമെന്നോണം തന്റെ അപ്പാര്‍ട്ട്മെന്‍റ് ഇഷ്ടികകള്‍ കൊണ്ട് ചുവരിട്ടു മറച്ചു അതിനുള്ളില്‍ തുടര്‍ന്നു ഇരുപത്തിയെട്ടു കൊല്ലക്കാലം സ്വയം മറവു ചെയ്ത ഒരു സ്ത്രീയുടെ യഥാര്‍ത്ഥ അനുഭവമാണ് നോവലിന് പ്രചോദനമായതെന്ന് അഗുവാലൂസ എറ്റുപറഞ്ഞിട്ടുണ്ട്.  ലുഡോയുടെ പാത്ര സൃഷ്ടിയില്‍ അവരുടെ വിചിത്രമായ പെരുമാറ്റത്തിന് കൃത്യമായ സൂചകങ്ങള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്. തുറസ്സുകളോട് അകാരണ ഭീതി (agarophobia )യുള്ള ലുഡോ ഉള്‍വലിയാനും ടെറസ്സിലേക്ക് കടക്കുമ്പോള്‍ പോലും വിശാലമായ കാഴ്ച മറക്കുന്ന ചട്ടക്കൂട് കൊണ്ട് ആകാശത്തെ അകറ്റി നിര്‍ത്താനുമുള്ള കലശലായ പ്രവണത കാണിക്കുന്നതിന് പിന്നില്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള വൈയക്തിക ഭീകരാനുഭവവും ഉണ്ടെന്നു പിന്നീടാണ് വ്യക്തമാകുക.  സഹോദരി ഓഡറ്റിന് മൈനിംഗ് എഞ്ചിനീയറും വിഭാര്യനുമായ ഒര്‍ലാന്‍ഡോയുമായുണ്ടാവുന്ന പ്രണയവിവാഹത്തെ തുടര്‍ന്ന് ലുവാന്‍ഡയിലേക്ക് താമസം മാറുമ്പോഴാണ് അവരോടൊപ്പം ഒരംബരചുംബിയിലേക്ക് ലുഡോ എത്തുന്നത്. എന്നാല്‍, ദുരൂഹമായ രീതിയില്‍ സഹോദരിയും ഭര്‍ത്താവും അപ്രത്യക്ഷരാവുന്നതോടെ ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/a-general-theory-of-oblivion-by-jos-eduardo-agualusa-daniel-hahn

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 73-80)

 To purchase, contact ph.no:  8086126024


 

Friday, March 28, 2025

Confession of the Lioness by Mia Couto / David Brookshaw

"നരഭോജികളും വേട്ടക്കാരും - മുറിച്ചു കടക്കുന്ന വിലക്കുകള്‍ "

മൊസാംബിക്കിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതിനു പുറമേ, ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട മൊസാംബിക്കൻ എഴുത്തുകാരനുമാണ് മിയാ കൂട്ടോ. തന്റെ കൃതികളില്‍, പോർച്ചുഗീസ് ഭാഷയെ  മൊസാംബിക്കൻ സ്വാധീനത്തോടെ പുനർനിർമ്മിക്കാൻ മിയ കൂട്ടോ ശ്രമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  പ്രാദേശിക ശൈലികളുടെ സ്വകീയമായ ഉപയോഗത്തിലൂടെ  ആഫ്രിക്കൻ ആഖ്യാനത്തിന്റെ ഒരു പുതിയ മാതൃക അദ്ദേഹം നിർമ്മിക്കുന്നു. 1992-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവൽ Terra Sonâmbula  (Sleepwalking Land), 1995-ൽ മൊസാംബിക്കൻ റൈറ്റേഴ്‌സ് അസോസിയേഷൻ്റെ ദേശീയ ഫിക്ഷൻ സമ്മാനം നേടി, സിംബാബ്‌വെ ബുക്ക് ഫെയർ സൃഷ്ടിച്ച ജൂറി 20-ാം നൂറ്റാണ്ടിലെ മികച്ച പന്ത്രണ്ട് ആഫ്രിക്കൻ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍,  പോർച്ചുഗീസ് സംസാരിക്കുന്ന എഴുത്തുകാർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവാർഡായ കാമോസ് അവാര്‍ഡ് ഉള്‍പ്പടെ, നേടിയിട്ടുള്ള കൂട്ടോ അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം ഊര്‍ജ്ജസ്വലമായി തുടരുന്നു. 

'സ്വപ്നാടക ദേശ'ത്തെയും (Sleepwalking Land) 'മൗനം ചിട്ടപ്പെടുത്തുന്നവ'നും (The Tuner of Silences) പോലെ രണ്ടു ആഖ്യാന ധാരകള്‍ 'സിംഹിണിയുടെ കുമ്പസാരങ്ങ'ളിലും (Confessions of the Lioness) ഉണ്ട്. എന്നാല്‍ മുന്‍കൃതികളില്‍ നിന്ന് വ്യത്യസ്തമായി 'മുതിര്‍ന്നു വരവിന്റെ കഥ'യായല്ല നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്. മുന്‍ കൃതികളേക്കാള്‍ അതി ശക്തമായ സ്ത്രീപക്ഷ സ്വാധീനവും ഇവിടെയുണ്ട്. മുപ്പത്തിരണ്ടുകാരിയായ മരിയമാര്‍ ആണ് ആഖ്യാനം തുടങ്ങിവെക്കുന്നത്. ഒന്നിടവിട്ട ആധ്യായങ്ങളില്‍ 'മരിയമാറുടെ വീക്ഷണത്തില്‍ ', 'വേട്ടക്കാരന്റെ ഡയറി' എന്നിങ്ങനെ രണ്ടു ആഖ്യാതാക്കളുടെ വീക്ഷണത്തിലൂടെ പതിനാറു വര്‍ഷങ്ങളുടെ ഇടവേളയുള്ള രണ്ടു കാലഘട്ടങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. 2008 -ല്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാദോയിലേക്ക് ഔദ്യോഗിക ജോലിക്കായി അയക്കപ്പെട്ട കാലത്തെ ചില അനുഭവങ്ങളെ ആസ്പ്പദമാക്കിയാണ് മിയാ കൂട്ടോ 'സിംഹിണിയുടെ കുമ്പസാരങ്ങള്‍' രചിച്ചത്. പ്രദേശത്ത് നരഭോജികളായ സിംഹങ്ങള്‍ പത്തിലേറെ പേരെ ആക്രമിച്ച് കൊല്ലാനിടയായ സംഭവങ്ങള്‍. ജോലിയുടെ ഭാഗമായി വനപ്രദേശങ്ങളില്‍ പോവുകയും ക്യാമ്പുകളില്‍ ഉറങ്ങുകയും വേണ്ടിയിരുന്ന തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കായി കമ്പനിക്ക് വേട്ടക്കാരെ ആവശ്യമായിവന്നു. രണ്ടു വിദഗ്ദവേട്ടക്കാര്‍ മപൂട്ടോയില്‍ നിന്ന് പാല്‍മായില്‍ എത്തി. .........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/confession-of-the-lioness-by-mia-couto-david-brookshaw

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 89-96

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)

 

More from Mia Couto:


Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

 

Friday, August 16, 2024

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

 

സ്വപ്നങ്ങളെ പിന്തുടരുന്നവര്‍

അങ്കോള, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ - പോര്‍ച്ചുഗീസ് കോളനികളില്‍ (Lusophone Africa) 1926 -ലെ സൈനിക എകാധിപത്യത്തോടെ ആരംഭിച്ച് അന്റോണിയോ ഡി സലാസറുടെ കീഴില്‍ (1932 - 1968) ശക്തിപ്രാപിച്ച് അര നൂറ്റാണ്ടോളം നീണ്ടു നിന്ന രണ്ടാം പോര്‍ച്ചുഗീസ് റിപ്പബ്ലിക്, 1974 ഏപ്രില്‍ 25-ന് പോര്‍ച്ചുഗലില്‍ സായുധ സൈനിക കലാപമായിത്തുടങ്ങി അതിവേഗം സിവില്‍ പോരാട്ടമായിത്തീര്‍ന്ന 'കാര്‍നേഷന്‍ റവലൂഷ'നെ *(1). തുടര്‍ന്ന് ശിഥിലമാവുകയും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന്റെയും തുടര്‍ന്നുണ്ടായ ദശകങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തീച്ചൂളകളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ആഫ്രിക്കയിലെ ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികള്‍ ഒട്ടുമുക്കാലും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യത്വം കടിച്ചു നില്‍ക്കുകയായിരുന്നു. 1973ല്‍ ഗിനി-ബിസോ ആണ് ആദ്യം വിട്ടുപോയത്. 1992ല്‍ മൊസാംബിക്ക് സ്വതന്ത്രമായപ്പോള്‍ അംഗോളയുടെ സ്വാതന്ത്ര്യം 2002 വരെയും, ഫലത്തില്‍, വൈകിപ്പോയി. ഈ സാഹചര്യത്തില്‍ സാഹിത്യ പ്രവര്‍ത്തനവും അതിന്റെ പ്രചാരവും രാജ്യത്ത് നാമമാത്രമായത് സ്വാഭാവികമായിരുന്നു. ലൂസോഫോണ്‍ സാഹിത്യം ഇംഗ്ലീഷ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതും അത്യപൂര്‍വ്വമാണ്. ഹോസെ ലുവാന്റിനോ വിയേര (José Luandino Vieira),  പെപെറ്റീല (Artur Carlos Maurício Pestana dos Santos a.k.a. Pepetela), ഓണ്ട് യാകി (Ndalu de Almeida a.k.a. Ondjaki) തുടങ്ങി വളരെ കുറച്ചു അംഗോളന്‍ എഴുത്തുകാര്‍ മാത്രമേ പുറംലോകത്ത് അറിയപ്പെടുന്നുള്ളൂ.

കൊളോണിയല്‍ അനന്തരകാലത്തെ അങ്കോളന്‍ സാഹിത്യത്തില്‍ ഏറ്റവും പ്രമുഖനാണ് ഹോസെ എദുവാര്‍ദോ അഗുവാലൂസ.  നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോള, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഗുവാലൂസ പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ്.  2016-ല്‍ മാന്‍ ബുക്കര്‍ പുരസ്ക്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട " A General Theory of Oblivion’ ,  Independent Foreign Fiction പുരസ്കാരം നേടിയ The Book of Chameleons എന്നിവ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതികളാണ്.  അഗുവാലൂസയുടെ രചനകള്‍,  ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നു, ഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്" പരിശോധിക്കുന്നു  *(2). 

 ........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-society-of-reluctant-dreamers-by-jos-eduardo-agualusa

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 348-357)

To purchase, contact ph.no:  8086126024

More from Angolan Literature:

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html

ALSO READ:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html



The Loves of João Vêncio by José Luandino Vieira

ഹുവാവോ വെന്‍ഷ്യോയുടെ പ്രണയമുറിവുകള്‍ 


കൊളോണിയല്‍ ആഫ്രിക്കയില്‍ ഒട്ടുമിക്ക ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികളും സ്വതന്ത്രമായിക്കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ചിതറിക്കിടന്ന ദേശങ്ങളില്‍ പറ്റിത്തൂങ്ങി നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍. ഇക്കൂട്ടത്തില്‍ ആദ്യം വിട്ടുപോയത് 1973-ല്‍ ഗിനി-ബിസോ ആയിരുന്നു. കാര്‍നേഷന്‍ വിപ്ലവത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ നിലം പതിച്ചതോടെ മറ്റു കോളനികളും സ്വതന്ത്രമായി. എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ഒട്ടുമിക്ക ഇടങ്ങളിലും സ്ഥിര ഭരണ വ്യവസ്ഥയായി പരിണമിക്കുകയുണ്ടായില്ല എന്ന് മാത്രമല്ല, അറുപതുകളില്‍ തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. മൊസാംബിക്കില്‍ 1992 വരെയും സംഘര്‍ഷങ്ങള്‍ തുടര്‍ന്നപ്പോള്‍ അംഗോളയില്‍  2002 വരെയും സമാധാനം സാധ്യമായില്ല. സ്വാഭാവികമായും ഈ ദേശങ്ങളില്‍ സാഹിത്യ രചന ഏറെ പരിമിതമായിത്തുടര്‍ന്നു. എഴുതപ്പെട്ടതില്‍ അധികവും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെയും രാഷ്ട്രീയ കാലുഷ്യങ്ങളെയും പ്രമേയങ്ങളാക്കി.

അംഗോളന്‍ സാഹിത്യത്തില്‍ പ്രഥമസ്ഥാനീയനാണ് 1935-ല്‍ ജനിച്ച ഹോസെ ലുവാന്റിനോ വിയേറ. കുഞ്ഞുന്നാളില്‍ (1938) അംഗോളയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍, ലുവാണ്ടയിലെ ആഫ്രിക്കന്‍ വംശജരുടെ ഇടയിലാണ് (‘മുസെക്കി’) താമസമാക്കിയത്. ദരിദ്രരായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഇടപഴകിയ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന വിയേറ, ലുവാണ്ട എന്ന മൂലത്തില്‍ നിന്ന് സ്വയം കണ്ടെടുത്തതായിരുന്നു ലുവാന്റിനോ എന്ന മധ്യനാമം. അദ്ദേഹത്തിന്റെ രചനകളില്‍ പ്രാദേശിക ഭാഷയായ കിംബുണ്ടുവും പ്രാദേശിക പോര്‍ച്ചുഗീസും കൂടിക്കലരുന്നു. വെള്ളക്കാരന്‍ ആയിരുന്നിട്ടും കൊളോണിയല്‍ വിരുദ്ധനും വംശീയതാ വിരുദ്ധനും ആയിത്തീര്‍ന്നു അംഗോളന്‍ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ പതിനൊന്നു വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും കടുത്ത തടവറയായ ടറാഫേല്‍ ജയിലില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ഇക്കാലത്ത് വന്യമായ കരുത്തോടെ വിയേറ എഴുത്തില്‍ വ്യാപൃതനായി. ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള ഉള്ളടക്കം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോര്‍ച്ചുഗീസ് റൈറ്റേഴ്സ് പുരസ്കാരം ലഭിച്ച കഥാസമാഹാരം ‘ലുവാണ്ട’ (1963) 1974-ല്‍ കൊളോണിയല്‍ ഭരണം അവസാനിക്കും വരെയും നിരോധിതമായി തുടര്‍ന്നത്. എന്നാല്‍ രഹസ്യമായി സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട സമാഹാരത്തിലെ കഥകള്‍ പ്രകടമായ രാഷ്ട്രീയ സ്വഭാവമുള്ളവയല്ലെങ്കിലും അധിനിവേശത്തിന്റെ കെടുതികള്‍ യഥാതഥമായി അവതരിപ്പിക്കുകയും ശൈലീപരമായി ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 1962-ല്‍ പാരീസില്‍ തന്റെ കഥകള്‍ പ്രസിദ്ധീകരിച്ച വിവരം കഥാകൃത്ത്‌ അക്കാലത്ത് അറിഞ്ഞിരുന്നില്ല. ‘ഡോമിംഗോസ് സേവിയറിന്റെ യഥാര്‍ത്ഥ ജീവിതം’ (The Real Life of Domingos Xavier-1974) ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും പീഡനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ട്രാക്റ്റര്‍ ഡ്രൈവറുടെ കഥ പറയുന്നു. രാഷ്ട്രീയ നോവെല്ല എന്ന നിലയില്‍ വെള്ളക്കാരുടെ നീതിയുടെ ക്രൂരതയും സ്വാതന്ത്ര്യപൂര്‍വ്വ അംഗോളയിലെ സ്ത്രീ-പുരുഷന്മാരുടെ സ്ഥൈര്യവും പ്രസ്തുത കൃതി ചിത്രീകരിച്ചപ്പോള്‍, 1967-ല്‍ ഒരാഴ്ച കൊണ്ടെഴുതപ്പെട്ട ‘നമ്മള്‍ മകുലൂസുക്കാര്‍’ (We, from Makulusu) കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യ നാളുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍, വെള്ളക്കാര്‍, സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരുടെ അസാധാരണ ബന്ധങ്ങളുടെ ആവിഷ്കാരമാണ്. വിയേരയുടെ കൃതികളില്‍ ഏറ്റവും മികച്ചതെന്നു ചില നിരൂപകര്‍ ഏറെ ആത്മകഥാംശമുള്ള ഈ നോവലിനെ വിലയിരുത്തുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘ഔവര്‍ മുസെക്കി’ നാല്പ്പതുകളുടെയും അമ്പതുകളുടെയും പശ്ചാത്തലത്തില്‍ ലുവാണ്ടയിലെ ചേരികളിലെ ജീവിതവും മുതിര്‍ന്നു വരവും ആവിഷ്കരിച്ചു. 1961-62 കാലത്ത് ജയിലില്‍ വെച്ച് എഴുതപ്പെട്ട ‘ഔവര്‍ മുസെക്കി’ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊയ്പ്പോയ കൌമാര നിഷ്കളങ്കത, നഗരവല്‍ക്കരണത്തിന്റെ കെടുതികള്‍ എന്നിവയെ കുറിച്ചുള്ള ഗൃഹാതുരതയോടൊപ്പം വരാനിരിക്കുന്നതിനെ ജിജ്ഞാസയോടെ കാത്തിരിക്കുന്നതിന്റെ ആവേശവും നോവലില്‍ തെളിഞ്ഞു കാണാം. അംഗോളന്‍ എഴുത്തുകാരുടെ യൂണിയന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള വിയേറ പുതുതലമുറ  എഴുത്തുകാരുടെയും കവികളുടെയും വഴികാട്ടിയായും വര്‍ത്തിച്ചിട്ടുണ്ട്‌.

 

...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-loves-of-joo-vncio-by-jos-luandino-vieira

 

  (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 243-347)

To purchase, contact ph.no:  8086126024

 More from Angolan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

The Book of Chameleons by José Eduardo Agualusa

https://alittlesomethings.blogspot.com/2016/11/blog-post_6.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html



Monday, August 12, 2024

The Last Flight of The Flamingo by Mia Couto / David Brookshaw

 സ്വാതന്ത്ര്യത്തിന്റെ പക്ഷികള്‍ മറയുമ്പോള്‍


മൊസാംബിക്കന്‍ മാര്‍ക്സിസ്റ്റ്‌ കവി റയി നോഗര്‍ (Rui Nogar) വിപ്ലവത്തില്‍ പങ്കെടുക്കാത്തതിനും തന്റേതല്ലാത്ത വീക്ഷണകോണില്‍ എഴുതുന്നതിനും മിയാ കൂട്ടോയെ വിമര്‍ശിച്ചിട്ടുണ്ട്.  എന്നാല്‍, പുതുതായി പിറവിയെടുക്കുന്ന ദേശത്തിന്റെ ആഖ്യാതാവ് എന്ന നിലയില്‍ മിയാ കൂട്ടോയുടെ ശക്തിതന്നെയും ഏതെങ്കിലും തത്വസംഹിതയുടെ പ്രകടമായ വിധേയത്വം അദ്ദേഹത്തിന്റെ രചനയില്‍ ഇല്ല എന്നത് തന്നെയാണ്. യുദ്ധവും ക്ഷാമവും വറുതിയും കൊടിയ ദാരിദ്ര്യവും അടയാളപ്പെടുത്തുന്ന ദേശാവസ്ഥയിലും ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ജുഗുപ്സാവഹമാംവിധം പിടിമുറുക്കുന്ന അഴിമതിയുടെ അസംബന്ധ കഥകള്‍ പറയാന്‍ റിയലിസം അപര്യാപ്തമാകുന്നത് ആഫ്രിക്കന്‍ എഴുത്തുകാരെ ഫാന്റസിയും മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ വകഭേദങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മിയാ കൂട്ടോയെ പോലുള്ള എഴുത്തുകാരില്‍ അത് ‘അനിമിസ്റ്റ് റിയലിസം’ എന്ന രീതിയില്‍ ആവിഷ്കൃതമാകുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “അനിമിസ്റ്റുകള്‍ എന്നാല്‍ ലോകം മുഴുവനും വ്യക്തികള്‍ നിറഞ്ഞിരിക്കുന്നു, അതില്‍ ചിലര്‍ മാത്രം മനുഷ്യരാണ്, ജീവിതമെന്നത്‌ ഇപ്പോഴും മറ്റുള്ളവരുമായി ബന്ധിതമായാണ് നയിക്കപ്പെടുന്നത്‌ എന്നു തിരിച്ചറിയുന്നവരാണ്” (Graham Harvey – Animism: Respecting the Living World). കൂട്ടോയുടെ രണ്ടാമത് നോവലായ ‘ദി ലാസ്റ്റ് ഫ്ലൈറ്റ് ഓഫ് ദിഫ്ലമിംഗോ’ ടിസംഗാരയെന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് പശ്ചാത്തലമാക്കുന്നത്. ഇവിടെ ‘അലൌകിക കാര്യങ്ങള്‍ മാത്രമാണ് വസ്തുതകള്‍’ എന്ന് നോവല്‍ ആദ്യമേ പറഞ്ഞുവെക്കുന്നു. വിചിത്രമായ ഒരു അംഗഛേദത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ആദ്യ ഖണ്ഡിക തന്നെ അതിവൈചിത്ര്യത്തെയും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെയും സമന്വയിപ്പിക്കുന്ന മിയാ കൂട്ടോ ശൈലിയുടെ മികച്ച മാതൃക സൃഷ്ടിക്കുന്നു. 

“പരുക്കന്‍ ഭാഷയില്‍ ഒട്ടും മര്യാദയില്ലാതെ പറഞ്ഞാല്‍, സംഭവിച്ചത് ഇതാണ്: ഇവിടെ ഈ ട്രങ്ക് റോഡില്‍, ടിസംഗാരക്ക് തൊട്ടു വെളിയില്‍, ഛേദിക്കപ്പെട്ട ഒരു ലിംഗം കാണപ്പെട്ടു. സ്വതന്ത്രമാക്കപ്പെട്ട ഒരു വലിയ അവയവം. ദേശവാസികള്‍ തങ്ങളുടെ കണ്ടെത്തലില്‍ സ്തബ്ധരായി നിന്നു. എല്ലായിടത്തുനിന്നും ആളുകള്‍ കൂടി. വസ്തുവിന് ചുറ്റും ആളുകളുടെ ഒരു വലയം സൃഷ്ടിക്കപ്പെട്ടു. ഞാനും അവിടെ ഉണ്ടായിരുന്നു, ആള്‍ക്കൂട്ടത്തിന്റെ പിന്‍ഭാഗത്തെ അറ്റത്ത്‌, മിക്കവാറും പുറത്തായി നിലയുറപ്പിച്ച്. ഇതാണെന്റെ ഉപദേശം: പിറകിലാണ് ഏറ്റം നല്ല കാഴ്ച കിട്ടുക ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ. പഴമൊഴി ശരിയാണ്: ഒരു പിന്ന് കിണറ്റില്‍ വീണാല്‍, ഒരു പാടുപേര്‍ കാണാന്‍ വരും, എന്നാല്‍ വളരേ കുറച്ചു പേരെ അതെടുക്കാന്‍ കിണറ്റില്‍ ഇറങ്ങൂ.”

          ആഭ്യന്തര യുദ്ധം അവസാനിച്ചിരിക്കുന്നുവെങ്കിലും ആഖ്യാതാവിനെ പോലുള്ള സാധാരണക്കാരെ – ‘ടിസംഗാരയുടെ പരിഭാഷകന്‍’ - സംബന്ധിച്ചിടത്തോളം

‘ഞങ്ങള്‍ക്ക് യുദ്ധം മനസ്സിലായിരുന്നില്ല, ഇപ്പോള്‍ സമാധാനവും ഞങ്ങള്‍ക്ക് മനസ്സിലായില്ല.’ 

ശ്ലഥമായ നിരീക്ഷണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ അഭിമുഖഖണ്ഡങ്ങള്‍, കുറിപ്പുകള്‍, കത്തുകള്‍, ചൊല്ലുകള്‍ തുടങ്ങിയ ഉറവിടങ്ങളിലൂടെ ദേശത്തിന്റെ കലുഷാവസ്ഥ നോവലിസ്റ്റ് പുനര്‍ സൃഷ്ടിക്കുന്നു. .............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-last-flight-of-the-flamingo-by-mia-couto

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 139-145)

ലോഗോസ് ബുക്സ് - To purchase, contact ph.no:  8086126024)


More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html

 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

 

The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

Sunday, November 6, 2016

The Book of Chameleons by José Eduardo Agualusa

ഗ്രിഗോര്‍ സാംസയുടെ രക്തം




“ഭൂതകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭാവിയെ നിയന്ത്രിക്കുന്നു. വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു.” - 1984, ജോര്‍ജ്ജ് ഓര്‍വെല്‍ .

 

അങ്കോളന്‍ സാഹിത്യത്തില്‍ ഇന്നേറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്‌ ഹോസെ എദുവാര്‍ദോ അഗുവാലൂസ. നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ് എന്നീ നിലകളില്‍ ബ്രസീല്‍, അങ്കോള, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗുവാലൂസ പുരസ്ക്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ്.  മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഗുവാലൂസയുടെ രചനകള്‍, ചരിത്രവും ഫിക് ഷനും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചു ഉത്കണ്ഠപ്പെടുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഗുവാലൂസ "ചരിത്രം സാഹിത്യമായി മാറുന്ന നിമിഷം ആവിഷ്കരിക്കുന്നു, ഭ്രാമാത്മകതയെയും സ്വപ്നാനുഭവ ദര്‍ശനങ്ങളെയും ഉപയോഗിച്ച് സാഹിത്യ ഭാവന എങ്ങനെയാണ് ചരിത്രപരതയെ മറികടക്കുന്നതെന്ന്" പരിശോധിക്കുന്നു. (വികിപീഡിയ പേജ്). ഈ നിലയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാണ് 2007-ലെ ഇന്‍ഡിപ്പെന്റന്റ് ഫോറിന്‍ ഫിക് ഷന്‍ അവാര്‍ഡ് നേടിയ 'ദി ബുക്ക് ഓഫ് കമേലിയന്‍സ്'.

സ്വതന്ത്ര അങ്കോളയുടെ കാല്‍ നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ തൊട്ട് പിന്‍ കാലത്ത്, മാര്‍ക്സിസ്റ്റ്‌ ഭരണം അവസാനിച്ച് വൈയക്തിക അഭ്യുന്നതിയുടെ ആവേഗങ്ങളിലേക്ക് സമൂഹം മത്സരയോട്ടം തുടങ്ങുന്ന സന്ദര്‍ഭം. ഭരണകൂടത്തിന്റെ ഒറ്റുകാരോ വേട്ടക്കാരോ വൈതാളികരോ ആയിരുന്ന, മൂടിവെക്കാനുള്ള ഭൂതകാലമുള്ളവര്‍, പറയത്തക്ക പാരമ്പര്യമോ കുടുംബമഹിമയോ അവകാശപ്പെടാനില്ലാത്തവര്‍ തുടങ്ങി പുതുതായി സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തില്‍ കല്‍പ്പിതമെങ്കിലും മാന്യവും കുലീനവുമായ  'ഭൂതകാലം' എന്ത് വിലകൊടുത്തും ആഗ്രഹിച്ചവര്‍ ഒട്ടനവധിയായിരുന്നു.

.........................

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-book-of-chameleons-by-jos-eduardo-agualusa

 

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 101-107)

 To purchase, contact ph.no:  8086126024

More from Angloan Literature:

The Society of Reluctant Dreamers by José Eduardo Agualusa / Daniel Hahn

https://alittlesomethings.blogspot.com/2024/08/the-society-of-reluctant-dreamers-by.html

A General Theory of Oblivion by José Eduardo Agualusa

https://alittlesomethings.blogspot.com/2017/01/blog-post_98.html

The Loves of João Vêncio by José Luandino Vieira

https://alittlesomethings.blogspot.com/2024/08/the-loves-of-joao-vencio-by-jose.html

Monday, September 26, 2016

Sleepwalking Land by Mia Couto / David Brookshaw

പ്രേതലോകങ്ങളുടെ നിദ്രാടനം

മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക്‌ നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ്‌ മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികം. ചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്. ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതും. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്‍" എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്; യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്‍; വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്‍;  വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍. ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്,  ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നു, കാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയം, ആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO)  കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്‍പ്പനികനാവുകയാവാം,  പക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”

ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ  'സ്വപ്നാടക ദേശ' (സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്) ത്തില്‍ ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ ത്വാഹിറിനെയുമാണ്. ..........

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/sleepwalking-land-by-mia-couto

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )

 

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html


The Tuner of Silences by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post.html

 

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

Tuesday, September 20, 2016

The Tuner of Silences by Mia Couto / David Brookshaw

യാഥാര്‍ത്ഥ്യം ഉന്മാദത്തെ അധിനിവേശിക്കുമ്പോള്‍


മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം’ ‘ആഫ്രിക്ക’ എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍’ എഴുത്തുകാരന്‍ എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്. മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍ എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ മനസ്സിലാക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ്‌ ബ്രൂക്ക് ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്‌. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.


ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും

'സ്വപ്നാടക ദേശ'ത്തിലേത് പോലെ 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ- എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ 'ജസൂസലേം' എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവാശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച 'ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന (where Jesus would uncrucify himslef)' ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പെരുമാറ്റിയിരുന്നു ('debaptise'). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ 'പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത' 'നിശ്ശൂന്യമായ' 'അങ്ങകലെ' എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. .........
തുടര്‍ വായനയ്ക്ക്:

http://navamalayali.com/2016/08/29/mia-couto-fazal-rahman-reading/

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138

To purchase, contact ph.no:  8086126024)

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html