Featured Post

Tuesday, September 20, 2016

The Tuner of Silences by Mia Couto / David Brookshaw

യാഥാര്‍ത്ഥ്യം ഉന്മാദത്തെ അധിനിവേശിക്കുമ്പോള്‍


മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം ‘ആഫ്രിക്ക എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍ എഴുത്തുകാരന്‍ എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്. മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍ എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ മനസ്സിലാക്കപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ്‌ ബ്രൂക്ക് ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്‌. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.


ചരിത്രഭാരവും സാംസ്കാരിക പിന്മടക്കവും

'സ്വപ്നാടക ദേശ'ത്തിലേത് പോലെ 'നിശ്ശബ്ദത ചിട്ടപ്പെടുത്തന്നവനി'(The Tuner of Silences) ലും പ്രധാന ആഖ്യാതാവ് ഒരു പതിനൊന്നുകാരന്‍ തന്നെ- എംവാനിറ്റോ. മുയ്ദിന്‍ഗയെ പോലെ ഒരു മുലാറ്റോ അല്ലെങ്കിലും അമ്മ വഴി അവനിലും ജ്യേഷ്ഠന്‍ എന്‍ടൂന്‍സിയിലും കറുപ്പുനിറത്തിനു ഇത്തിരി വിളര്‍ച്ച പറ്റിയിട്ടുണ്ടെന്ന് അച്ഛന്‍ നിരീക്ഷിക്കും. മൊസാംബിക്കിന്റെ ചരിത്രവിധിയുടെ ഭാരം തന്നെയാണ് അവരുടെ ലോകത്തെയും നിര്‍ണ്ണയിക്കുന്നത്. അച്ഛനും ജ്യേഷ്ഠനും സാക്കറി കലാഷ് എന്ന ഭൃത്യനും അധികം ദൂരെയല്ലാതെ അങ്കിള്‍ അപ്രോക്സിമാഡോയും അടങ്ങുന്ന ഒരു കവചിത സമൂഹമായി അച്ഛന്‍ 'ജസൂസലേം' എന്ന് പേരിട്ട, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ വന്യമൃഗ സങ്കേതത്തില്‍ അവര്‍ കഴിയുന്നു. ഒരു പേരുമാറ്റം ആവാശ്യമില്ലാത്ത വിധം മുട്ടയില്‍ നിന്ന് വിരിഞ്ഞു തുടങ്ങുക മാത്രമായ എംവാനിറ്റോ ഒഴികെ ആരുടേയും പേര് യഥാര്‍ത്ഥമല്ല; ദുരൂഹമായ ഒരു ഭൂതകാലത്തില്‍ നിന്നോ തന്നെ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ഉന്മാദത്തിന്റെ ആവേശിക്കല്‍ കാരണമോ നഗരത്തിലുണ്ടായിരുന്ന വീട് വിട്ടു ദൈവം പോലും ഉപേക്ഷിച്ച 'ജീസസ് സ്വയം കുരിശു വിട്ടിറങ്ങുന്ന (where Jesus would uncrucify himslef)' ഇടത്തിലേക്ക് ചേക്കേറുമ്പോള്‍ അച്ഛന്‍ എല്ലാവരെയും പെരുമാറ്റിയിരുന്നു ('debaptise'). അച്ഛന്‍ സ്വയം മറ്റെയാസ് വെഞ്ച്യൂറ എന്ന പേര് സില്‍വെസ്ട്രെ വിറ്റാലീഷ്യോ എന്ന് മാറ്റിയതും ബാഹ്യലോകത്തെ 'പീഡിതമായ ആത്മാക്കള്‍ പോലുമില്ലാത്ത' 'നിശ്ശൂന്യമായ' 'അങ്ങകലെ' എന്ന് മാത്രം മക്കളെ ബോധ്യപ്പെടുത്തുന്നതും യുദ്ധം അവശേഷിപ്പിച്ച /ഉല്‍പ്പാദിപ്പിച്ച ഉന്മാദത്തിന്റെയും സംസ്കൃതിയിലെ തിരിച്ചു പോക്കിന്റെ (atavism)യും അടയാളങ്ങളാണ്. ജെസബേല്‍ എന്ന പെണ്‍ കഴുതയില്‍ അയാള്‍ തന്റെ ലൈംഗിക ചോദനകള്‍ക്ക് ലജ്ജാലേശമില്ലാതെ ഇടം കണ്ടെത്തുന്നതും കുടുംബത്തില്‍ കടുത്ത ഏകാധിപതിയായി പെരുമാറുന്നതും ഇതേ മാനസികാവസ്ഥയുടെ ഭാഗമാണ്. .........
തുടര്‍ വായനയ്ക്ക്:

http://navamalayali.com/2016/08/29/mia-couto-fazal-rahman-reading/

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138

To purchase, contact ph.no:  8086126024)

More from Mia Couto:

Confession of the Lioness by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_76.html 

Sleepwalking Land by Mia Couto

https://alittlesomethings.blogspot.com/2016/09/blog-post_26.html

The Last Flight of The Flamingo by Mia Couto

https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html

No comments:

Post a Comment