മൊസാംബിക്കിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ
ഒരാളായി കണക്കാക്കപ്പെടുന്നതിനു പുറമേ, ഏറ്റവും കൂടുതൽ
വിവർത്തനം ചെയ്യപ്പെട്ട മൊസാംബിക്കൻ എഴുത്തുകാരനുമാണ് മിയാ കൂട്ടോ. തന്റെ
കൃതികളില്‍, പോർച്ചുഗീസ് ഭാഷയെ മൊസാംബിക്കൻ സ്വാധീനത്തോടെ പുനർനിർമ്മിക്കാൻ മിയ
കൂട്ടോ ശ്രമിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക ശൈലികളുടെ സ്വകീയമായ ഉപയോഗത്തിലൂടെ ആഫ്രിക്കൻ ആഖ്യാനത്തിന്റെ ഒരു പുതിയ മാതൃക അദ്ദേഹം
നിർമ്മിക്കുന്നു. 1992-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ നോവൽ Terra
Sonâmbula (Sleepwalking Land), 1995-ൽ മൊസാംബിക്കൻ
റൈറ്റേഴ്‌സ് അസോസിയേഷൻ്റെ ദേശീയ ഫിക്ഷൻ സമ്മാനം നേടി, സിംബാബ്‌വെ
ബുക്ക് ഫെയർ സൃഷ്ടിച്ച ജൂറി 20-ാം നൂറ്റാണ്ടിലെ മികച്ച പന്ത്രണ്ട് ആഫ്രിക്കൻ
പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍, പോർച്ചുഗീസ് സംസാരിക്കുന്ന എഴുത്തുകാർക്കുള്ള
ഏറ്റവും പ്രധാനപ്പെട്ട അവാർഡായ കാമോസ് അവാര്‍ഡ് ഉള്‍പ്പടെ,
നേടിയിട്ടുള്ള കൂട്ടോ അദ്ദേഹത്തിന്‍റെ എഴുത്തുജീവിതം ഊര്‍ജ്ജസ്വലമായി തുടരുന്നു.
'സ്വപ്നാടക ദേശ'ത്തെയും (Sleepwalking Land) 'മൗനം ചിട്ടപ്പെടുത്തുന്നവ'നും (The Tuner of
Silences) പോലെ രണ്ടു ആഖ്യാന ധാരകള്‍ 'സിംഹിണിയുടെ
കുമ്പസാരങ്ങ'ളിലും (Confessions of the
Lioness) ഉണ്ട്. എന്നാല്‍ മുന്‍കൃതികളില്‍
നിന്ന് വ്യത്യസ്തമായി 'മുതിര്‍ന്നു വരവിന്റെ കഥ'യായല്ല നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്. മുന്‍
കൃതികളേക്കാള്‍ അതി ശക്തമായ സ്ത്രീപക്ഷ സ്വാധീനവും ഇവിടെയുണ്ട്. മുപ്പത്തിരണ്ടുകാരിയായ മരിയമാര്‍ ആണ് ആഖ്യാനം തുടങ്ങിവെക്കുന്നത്. ഒന്നിടവിട്ട ആധ്യായങ്ങളില്‍ 'മരിയമാറുടെ
വീക്ഷണത്തില്‍ ', 'വേട്ടക്കാരന്റെ ഡയറി' എന്നിങ്ങനെ രണ്ടു ആഖ്യാതാക്കളുടെ വീക്ഷണത്തിലൂടെ പതിനാറു വര്‍ഷങ്ങളുടെ
ഇടവേളയുള്ള രണ്ടു കാലഘട്ടങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. 2008 -ല്‍ വടക്കന്‍ മൊസാംബിക്കിലെ കാബോ ദെല്‍ഗാദോയിലേക്ക് ഔദ്യോഗിക ജോലിക്കായി
അയക്കപ്പെട്ട കാലത്തെ ചില അനുഭവങ്ങളെ ആസ്പ്പദമാക്കിയാണ് മിയാ കൂട്ടോ 'സിംഹിണിയുടെ കുമ്പസാരങ്ങള്‍' രചിച്ചത്. പ്രദേശത്ത് നരഭോജികളായ സിംഹങ്ങള്‍ പത്തിലേറെ പേരെ ആക്രമിച്ച് കൊല്ലാനിടയായ
സംഭവങ്ങള്‍. ജോലിയുടെ ഭാഗമായി വനപ്രദേശങ്ങളില്‍
പോവുകയും ക്യാമ്പുകളില്‍ ഉറങ്ങുകയും വേണ്ടിയിരുന്ന തങ്ങളുടെ ജീവനക്കാരുടെ
സുരക്ഷക്കായി കമ്പനിക്ക് വേട്ടക്കാരെ ആവശ്യമായിവന്നു. രണ്ടു
വിദഗ്ദവേട്ടക്കാര്‍ മപൂട്ടോയില്‍ നിന്ന് പാല്‍മായില്‍ എത്തി. തങ്ങള്‍ക്കാവശ്യമുള്ള സഹായികളെ പ്രാദേശികമായി കണ്ടെത്തി
തയ്യാറായപ്പോഴേക്കും ഇരുപത്തിയാറു പേര്‍ സിംഹങ്ങളുടെ ഇരകളായിത്തീര്‍ന്നിരുന്നു.
എന്നാല്‍ അവര്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം മറ്റൊന്നായിരുന്നു: യഥാര്‍ത്ഥ കുറ്റവാളികള്‍ തോക്കിനോ വെടിയുണ്ടകള്‍ക്കോ ഒന്നും
ചെയ്യാനില്ലാത്ത അദൃശ്യ ലോകത്ത് നിന്നുള്ളവരാണ് എന്ന് നിരന്തരം പ്രചാരണം
ചെയ്യപ്പെട്ടു. വൈകാതെ വേട്ടക്കാര്‍ കണ്ടെത്തിയത്
വിഷയത്തിന്റെ യഥാര്‍ത്ഥ നിഗൂഡത തങ്ങള്‍ക്ക് പരിഹരിക്കാന്‍ ആവുന്നതിന്റെയും
അപ്പുറമാണ് എന്നായിരുന്നു.
ഹനീഫ അസൂലുവായുടെയും
ജെനിറ്റോ സെറാഫിം എംപെപെയുടെയും ആദ്യമകള്‍ സിലെന്‍സിയാ സിംഹങ്ങളുടെ ആക്രമണത്തിന്റെ
ഏറ്റവും പുതിയ ഇരയായി കൊല്ലപ്പെടുന്നതിനു ശേഷം, അവശിഷ്ടഭാഗങ്ങള്‍
അടക്കം ചെയ്യപ്പെടുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. കുടുംബത്തിലെ
രണ്ടാമത്തെ മകള്‍ മറിയാമര്‍ തുടങ്ങിവെക്കുന്ന ആഖ്യാനത്തില്‍ മിയാ കൂട്ടോയുടെ രചനാ
സൗഷ്ഠവത്തിന്റെ ഉത്തമ നിദര്‍ശനങ്ങളായ ഘടകങ്ങളൊക്കെയും കണ്ടെത്താനാവും:
"ഒരിക്കല്‍ ദൈവം ഒരു സ്ത്രീയായിരുന്നു. തന്റെ സൃഷ്ടികളില്‍ നിന്ന് ദൂരേക്ക് സ്വയം നാടുകടത്തുകയും നുംഗു എന്ന
പേര് സ്വീകരിക്കുകയും ചെയ്യുംമുമ്പ് , പ്രപഞ്ചത്തിന്റെ അന്നത്തെ
നാഥന്‍ ലോകത്തെ മറ്റേതു അമ്മയെയും പോലെ കാണപ്പെട്ടു. ഈ
അപര കാലത്ത്, ഞങ്ങള്‍ സമുദ്രങ്ങളുടെ, കരയുടെ, ആകാശങ്ങളുടെ അതേ ഭാഷ സംസാരിച്ചു. എന്റെ മുത്തച്ഛന്‍റെ അഭിപ്രായത്തില്‍ ആ സാമ്രാജ്യം പണ്ടെങ്ങോ നശിച്ചു. എന്നാല്‍ ഞങ്ങളുടെ ഉള്ളിലെങ്ങോ ആ വിദൂര കാലത്തിന്റെ ഓര്‍മ്മ നില നില്‍ക്കുന്നു.
തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ മിഥ്യകളും സുനിശ്ചിതത്വങ്ങളും
ഞങ്ങളുടെ കുലുമാനി ഗ്രാമത്തില്‍ അതിജീവിക്കുന്നു. ഉദാഹരണത്തിന്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ആകാശം ഇപ്പോഴും
പണി തീര്‍ന്നിട്ടില്ല. യുഗങ്ങളായി സ്ത്രീകളാണ് അതിന്റെ
മൂടുപടം തുന്നിക്കൊണ്ടിരിക്കുന്നത്. അവരുടെ ഉദരങ്ങള്‍
ഉരുണ്ടുതുടങ്ങുമ്പോള്‍ ആകാശത്തില്‍ ഒരു ചീന്ത് ചേര്‍ക്കപ്പെടും. തിരിച്ച്, അവര്‍ക്കൊരു കുഞ്ഞിനെ നഷ്ടമാകുമ്പോള്‍ ആകാശത്തിന്റെ ഈ ഭാഗം പൊലിഞ്ഞു പോകും.”
മിത്തിക്കല്‍ - ഫോക് ലോര്‍, പ്രതീകാത്മക, കാവ്യാത്മക ഭാവഗരിമയുള്ള ഇത്തരം ആഖ്യാന രീതി മാജിക്കല്‍ റിയലിസത്തിന്റെ
ആഫ്രിക്കന്‍ വകഭേദമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വപ്നാടനത്തിനും ഉന്മാദത്തിനും ഇടയിലാണ് പലപ്പോഴും മിയാ കൂട്ടോ
കഥാപാത്രങ്ങളുടെ മൊഴിവഴക്കങ്ങള്‍. ഭ്രമാത്മകതക്കും
ഭാവനക്കും ഒരുപോലെ ഇടം നല്‍കുന്നു അത്. ഓരോ അദ്ധ്യായവും
തുടങ്ങിവെക്കുന്ന ഉത്പത്തികഥാ സൂചികകളും ഇതോടു ചേര്‍ന്ന് പോകുന്നു. ശാരീരികമായി പോളിയോയുടെയും ഇടയ്ക്കിടെ ഉണ്ടാവുന്ന അപസ്മാരത്തിന്റെയും
പരിമിതികള്‍ക്കൊപ്പം കടുത്ത സ്കിസോഫ്രീനിയായുടെ വിഹ്വലതകളും മിരിയാമിനെ
മഥിക്കുന്നുന്നുവെങ്കില്‍ ഉറക്കമില്ലായ്മയുടെയും ധാര്‍മ്മിക അങ്കലാപ്പിന്റെയും
ഇരയാണ് മറ്റൊരു ആഖ്യാതാവായ ഏഞ്ചല്‍ ബുള്‍സ് ഐ. അമ്മാവന്
അദ് യീറു കാപിറ്റമോറോയേ പോലുള്ള മരിച്ചവരും ആത്മാക്കളും ഇടയ്ക്കിടെ
സാന്നിധ്യമറിയിക്കുന്ന ഇതിവൃത്തത്തില്‍ ഹനീഫ അസൂലുവ പറയുന്നത് പോലെ ഇടം തന്നെയും
ഒരു പ്രേത ഭൂമിയെ പോലെ ആവേശിക്കപ്പെട്ടതാണ്:
“പ്രശ്നം ഈ വീട്ടിലാണ്, ഈ
ഗ്രാമത്തിലാണ്. കുലുമാനി ഇപ്പോള്‍ ഒരു സ്ഥലമല്ല. അതൊരു രോഗമാണ്.”
മരിയമാറിന്റെ ജീവിതം മുഴുവന്‍ നിഴല്‍ വിരിക്കുന്നത് പുരുഷ കേന്ദ്രിത
ലോകത്തിന്റെ സ്ത്രീവിരുദ്ധ ഹിംസാത്മകതയാണ്. അവളും അവളുടെ മൂത്ത സഹോദരിയും
മാത്രമല്ല 'മാറിടം കൂമ്പിത്തുടങ്ങിയത് മുതല്‍' പിതാവിന്റെ ലൈംഗിക പീഡനങ്ങള്‍ സഹിക്കേണ്ടി വന്നത്; മുമ്പേ മരിച്ചുപോയ ഇരട്ടകളായ അനിയത്തിമാരും അതില്‍ പെടും. പുരുഷന്മാര്‍ മാത്രമുള്ള യോഗത്തിനു മുന്നിലൂടെ നടന്നു പോയി എന്ന
കുറ്റത്തിന് ഒരു യുവതി കൂട്ട ബലാല്‍ക്കാരം ചെയ്തു കൊല്ലപ്പെടുന്നു. കുലുമാനിയിലെ സ്ത്രീകളെല്ലാം ഈയര്‍ത്ഥത്തില്‍ ഹനീഫ അസൂലുവ നിരീക്ഷിക്കുന്നത്
പോലെ ജീവിച്ചിരിക്കുമ്പോഴേ അടക്കപ്പെട്ടവരാണ്.
“നമ്മള്‍ കുലുമാനിയിലെ സ്ത്രീകള്‍ എന്നേ അടക്കപ്പെട്ടവരാണ്. നിന്റെ അച്ഛന്‍ എന്നെ അടക്കി; നിന്റെ മുത്തശ്ശി, മുതു മുത്തശ്ശി- അവരെല്ലാം ജീവനോടെ
അടക്കപ്പെട്ടു.”
മകളുടെ അടക്കം കഴിയുന്ന അന്ന് തന്നെ ലൈംഗിക ബന്ധത്തിനു ഹനീഫ അസൂലുവ നിര്‍ബന്ധം
പിടിക്കുന്നതും അത് നിഷിദ്ധമായതുകൊണ്ട് വിസമ്മതിക്കുന്ന ഭര്‍ത്താവിനെ വിട്ടു അവള്‍
തന്റെ ഉടലില്‍ നിര്‍വൃതി കണ്ടെത്തുന്നതും അംഗീകൃത മൂല്യങ്ങളോടുള്ള ദുരൂഹമായ
പ്രതിഷേധമാണ്. വേട്ടക്കാരനായി വരിക പതിനാറു വര്‍ഷം മുമ്പ്
കൃത്യമായും 1992- ല്‍ യുദ്ധം അവസാനിച്ചു കഴിഞ്ഞ
നാളുകളില്‍, എങ്ങനെയും കുലുമാനിയില്‍ നിന്ന്
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ പോലീസുകാരന്‍ മലേകിറ്റോ പ്രോപ്രിയോയുടെ
കൈകളില്‍ ചതഞ്ഞുപോയേക്കാമായിരുന്ന പതിനാറുകാരിയെ വീരനായകനായി വന്ന് രക്ഷിച്ച
യുവധീരന്, തന്നില്‍ കാമനകളുടെ ത്രസിപ്പുകള്‍ ഉണര്‍ത്തിയ
ആര്‍ക്ക് ഏഞ്ചല്‍ ബുള്‍സ് ഐ ആണെന്നറിയാവുന്ന മരിയാമര്‍ അയാള്‍ തനിക്കൊരു മോചന മാര്‍ഗ്ഗമാവുമോ
എന്ന് സങ്കല്‍പ്പിക്കുന്നു. പ്രവാചികയും ഉന്മാദിനിയുമായ
ഹനീഫ അസൂലുവ ബാക്കിയുള്ള ഏകമകളെ വേട്ടക്കാരന്‍ കൊണ്ടുപോവുന്നത് തടയാന്‍ അവളെ
വീട്ടു തടവിലാക്കുന്നു. എന്നാല്‍ , അധൃശ്യനായ കുലപതി അദ് യീറു കാപിറ്റമോറോ പ്രവചിച്ച പോലെ:
"മറിയാമാര്‍ , നീ
നദിയില്‍ നിന്ന് വന്നു. നീയിനിയും എല്ലാവരെയും
അത്ഭുതപ്പെടുത്തും: ഒരു നാള്‍ നീ നദി പോവുന്നിടത്തേക്കു
പോകും.”
രണ്ടാമത് ആഖ്യാതാവായ വേട്ടക്കാരന്‍ ആര്‍ക്ക് ഏഞ്ചല്‍ ബുള്‍സ് ഐയും വയലന്‍സിന്റെ
അനുഭവങ്ങള്‍ വേണ്ടുവോളം ഉള്ളവനാണ്. ഉറക്കമില്ലായ്മയൊഴിച്ചു
മറ്റസുഖങ്ങള്‍ ഒന്നുമില്ലെന്ന് അയാള്‍ അവകാശപ്പെടുമ്പോഴും അയാളുടെയും ആത്മാവിന്
ഏറെ ശൈഥില്യങ്ങള്‍ ഉണ്ട്. പത്തുവയസ്സുനുള്ളില് ഒരു
മാസത്തെ മാത്രം ഇടവേളയിലായി അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു പൂര്‍ണ്ണമായും
അനാഥനായവന്‍. മനികാ മലനിരകളില്‍ നിന്ന് കുടിയേറിയ പിതാവ്
ഹെന്‍റി ബുള്‍സ് ഐ , ഗോത്ര വ്യത്യാസം മൂലമാവാം ഒരു
മുലാറ്റോ യുവതിയെ വിവാഹം കഴിച്ചത്. ഏറെ പുരികം
ചുളിക്കലുകള്‍ അതുകൊണ്ട് എന്നും നേരിടെണ്ടിയും വരുന്നു കുടുംബത്തിന്. 'ട്യൂണര്‍ ഓഫ് സൈലെന്‍സി'ലെ എംവാനിറ്റൊയെ പോലെ
നിശബ്ദതയുമായി പ്രണയത്തിലായിരുന്ന അച്ഛന്റെ അധോമുഖത്വത്തിനു പ്രതിവിധിയായി മക്കള്‍
കണ്ടത് മമ്മ മാര്‍ട്ടിനയുടെ പ്രസന്നതയായിരുന്നു. അച്ഛന്റെ
മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് മനസ്സിന്റെ പിടിവിട്ട് മാനസികാരോഗ്യ
ചികിത്സാലയത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സഹോദരന്‍ റൊലാന്റ് ആ നിലക്ക് മാത്രമല്ല
ഏഞ്ചലിനെ ചൂഴുക: ദുരൂഹമായ ഒരാകര്‍ഷണത്തില്‍ റൊലാന്‍റിന്റെ
കൂട്ടുകാരി ലുസീലിയാ അയാളെ ആവേശിക്കുകയും ചെയ്യും. 'ട്യൂണറി'ല്‍ തന്നെ നേരിയ തോതില്‍ സൂചിതമാകുന്ന 'വേട്ടക്കാരും
കൊലയാളികളും' എന്ന ദ്വന്ദ്വം ഇവിടെ കൂടുതല്‍ ആഴത്തില്‍
നിരീക്ഷിക്കപ്പെടുന്നുണ്ട്. തന്നെ സ്വയം 'അവസാനത്തെ വേട്ടക്കാരന്‍' എന്ന് വിവരിക്കുന്ന
ഏഞ്ചല്‍ ആ വ്യത്യാസം അടയാളപ്പെടുത്തുന്നത് മൊസാംബിക്കിന്റെ യാഥാര്‍ത്ഥ്യത്തെ
പ്രതിഫലിപ്പിക്കുന്നു:
“തോക്കുമായി വെടിവെച്ചു നടക്കുന്ന ധാരാളം പേരുണ്ട് വെളിയില്‍. പക്ഷെ അവര്‍
വേട്ടക്കാരല്ല. അവര്‍ കൊലയാളികളാണ്, അവരില്‍ ഓരോരുത്തരും. ഞാന്‍ മാത്രമാണ്
ബാക്കിയുള്ള ഒരേയൊരു വേട്ടക്കാരന്‍.”
കുടുംബത്തെ വിടാതെ പിന്തുടര്‍ന്ന ഉന്മാദത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗം
കൂടിയാണ് അയാള്‍ക്ക് വേട്ട. ഗോത്ര രീതിയനുസരിച്ച് യാത്ര പോകുമ്പോള്‍ വീട്ടിലുള്ള
ഭാര്യയുടെ ചാരിത്രശുദ്ധി ഉറപ്പ് വരുത്താനായി അച്ഛന്‍ അമ്മയോട് കാട്ടിയ
കാടത്തത്തിന്റെ ഫലമായി അവര്‍ പഴുപ്പ് ബാധിച്ചു മരിക്കുയായിരുന്നു എന്ന അറിവാണ്
പിതൃഹത്യയുടെ പാപത്തിലേക്ക് സഹോദരന്‍ റൊലാണ്ടിനെ എത്തിക്കുന്നതും അതില്‍ നിന്ന്
മുക്തി തേടിയാണയാള്‍ ഭ്രാന്തില്‍ അഭയം കണ്ടെത്തുന്നതും. എന്നാല്‍ ആ ഘട്ടത്തില്‍ ഒരു യോഗിയെ പോലെ അയാള്‍ അതീത ശാന്തി
കൈവരിക്കുന്നത് കൂട്ടോയുടെ ഒരു അടിസ്ഥാന ധാരണയെ സൂചിപ്പിക്കുന്നു: ഭ്രാന്ത് ചിലപ്പോഴെങ്കിലും അഭയവും ആശ്രയവും ആവാം.
തന്റെ സഹചാരി ഗസ്റ്റാവോ റിഗാല്‍ഡോ പത്രപ്രവര്‍ത്തകന്റെ പതിവുരീതിയില്‍
ആഭ്യന്തര യുദ്ധത്തിന്റെ ഇരകളോട് കഥകള്‍ ചികയുന്നത് പഴയ മുറിവുകള്‍ വീണ്ടും
തുറക്കുകയേ ഉള്ളൂ എന്ന് ബുള്‍സ് ഐ നിരീക്ഷിക്കുന്നുണ്ട്. ഒരു നാട്ടുകാരന്‍
പറയുന്നതു പോലെ
"യുദ്ധത്തില്‍ നമ്മളെല്ലാം തിരികെ വരിക മരിച്ചവരായാണ്.”
“യുദ്ധം വിവരിക്കാവുന്നതല്ല. എവിടെ
രക്തമുണ്ടോ, അവിടെ വാക്കുകളില്ല. എഴുത്തുകാരന്‍
ആവശ്യപ്പെടുന്നത് മരിച്ചവരോട് അവരുടെ മുറിവുകള്‍ കാണിക്കാനാണ്.”
എന്നാല്‍ യുദ്ധം സിംഹങ്ങളുടെ ആക്രമണത്തിനു ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
“കുലുമാനിയുടെ ദുരന്തം വിശദീകരിച്ചത് യുദ്ധമായിരുന്നു. ആ സിംഹങ്ങള്‍ കാട്ടില്‍ നിന്നല്ല വന്നത്. അവ
ഏറ്റവും ഒടുവിലത്തെ സായുധ സംഘട്ടനത്തിന്റെ സൃഷ്ടിയായിരുന്നു. എല്ലാ യുദ്ധങ്ങളുടെയും ആ തകിടം മറിക്കല്‍ ഇപ്പോഴും ആവര്‍ത്തിക്കുകയായിരുന്നു: ആളുകള്‍ മൃഗങ്ങളായിത്തീര്ന്നു, മൃഗങ്ങള്‍
മനുഷ്യരും. യുദ്ധത്തിനിടെ റോഡിന്റെ ഇരുവശങ്ങളിലുമായി
പൊന്തക്കാട്ടിലെങ്ങും ജഡങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. സിംഹങ്ങള്‍
അവ ഭക്ഷിച്ചു. കൃത്യമായും ആ നിമിഷത്തില്‍ വനത്തിന്റെ
ജീവി ഒരു വിലക്ക് ലംഘിച്ചു: അവ മനുഷ്യരെ ഇരകളായി കാണാന്‍
തുടങ്ങി.”
പോര്‍ച്ചുഗീസുകാര്‍ ആളുകളുടെ ഭാവനയെ കീഴ്പ്പെടുത്തുന്നതിലൂടെ ഇരകളെ പരസ്പരം
എതിരായി തിരിച്ചുവെന്നും കറുത്തവര്‍ തങ്ങളെത്തന്നെ വെറുക്കാന്‍ പഠിച്ചുവെന്നും
പ്രാസംഗികന്‍ കൂട്ടിച്ചേര്‍ക്കുന്നു. ആക്രമണകാരികളായ സിംഹങ്ങള്‍
എന്നത് ഭിന്ന മുഖങ്ങളുള്ള ഒരു പ്രതിഭാസമായാണ് മനസ്സിലാക്കപ്പെടുന്നത്. പൊന്തക്കാട്ടിലെ സിംഹം, സിംഹ മനുഷ്യര്‍, പിന്നെ കല്‍പ്പിത സിംഹങ്ങള്‍ എന്നിങ്ങനെ സാധ്യതകള്‍ പറയപ്പെടുന്നു, അവയെല്ലാം ഒരു പോലെ സത്യമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. സിംഹങ്ങളുടെ ആക്രമണത്തിനു ഇരയാവുന്നത് മുഴുവന്‍ സ്ത്രീകളാണ് എന്നിരിക്കെ
സിംഹങ്ങള്‍ കുലുമാനിയിലെ പുരുഷന്മാര്‍ തന്നെയോ എന്ന സന്ദേഹം പോലും അസ്ഥാനത്തല്ല. പുരുഷ മേധാവിത്തത്തിന്റെ ഈ അലംഘനീയതക്കെതിരില്‍ ഭാവനയുടെ വിജയം കൂടിയാണ്, നദീതടത്തില്‍ സിംഹിണിയോടു ആത്മ ബന്ധുത്വം കണ്ടെത്തുന്ന മിരിയാമാര്‍, ആണുങ്ങള്‍ യോഗം ചെരുന്നിടത്തുകൂടി കടന്നു പോയ തെറ്റിന് സിംഹങ്ങള്‍ പോലും
കാണിക്കാത്ത ക്രൂരതയുടെ പ്രയോക്താക്കളായി കൂട്ടബലാല്‍ക്കാരത്തിലൂടെ ഒരു യുവതിയെ
കൊന്നുകളഞ്ഞ ഗ്രാമീണര്‍ക്ക് മുന്നില്‍ ഇനി തനിക്കു വിലക്കുകള്‍ ബാധകമല്ല എന്ന് തുറന്നടിക്കുന്ന
മാമാ നാഫ്താലിന്‍ഡാ, നോവലന്ത്യത്തില്‍ കൊല്ലപ്പെട്ട രണ്ടു
സിംഹങ്ങളെ കൂടാതെ മൂന്നാമാതൊരെണ്ണം ഇപ്പോഴും അതിജീവിക്കുന്നുണ്ടെന്നും അത് താന്‍
തന്നെയാണെന്നും ബുള്‍സ് ഐയോട് കുമ്പസരിക്കുന്ന ഹനീഫ അസൂലുവ എന്നിവര്‍. സിംഹങ്ങളെ കീഴ്പ്പെടുത്തുന്നതിനിടെ കൊല്ലപ്പെടുന്ന ജെനിറ്റോ എംപെപെ തന്റെ
ഇരയെ ഇണയെന്നോണം കെട്ടിപ്പിടിച്ചു മരിക്കുന്നത് നോവലില്‍ ഉടനീളം ഇരയും
ആക്രമണകാരികളും തമ്മിലുള്ള രാഗ-ദ്വേഷ പാരസ്പര്യമെന്ന
വൈരുദ്ധ്യത്തെ ബലപ്പെടുത്തുന്നു.
ലുണ്ടി ലിഡിയ നദിയില്‍ വെച്ച് സിംഹിണിയുമായുള്ള മിരിയമാരിന്റെ അഭിമുഖം നോവലിലെ
ഏറ്റവും കാവ്യാത്മകവും മിസ്റ്റിക് സൗന്ദര്യമിയന്നതുമായ ഒന്നാണ്. ഭയമോ ആവേശമോ കൂടാതെ
തന്നെ നോക്കിനില്‍ക്കുന്ന സിംഹിണി, തന്നെ
തിരിച്ചറിഞ്ഞതായി അവള്‍ക്ക് തോന്നുന്നു.
“സിംഹിണി എന്നെ സഹോദരീ നിര്‍വ്വിശേഷമായ ബഹുമാനത്തോടെ
അഭിവാദ്യം ചെയ്യുന്നു. ഞങ്ങള്‍ ഇരുവരും പരസ്പരം
നോക്കിനിന്നു, സാവധാനം, ഒരുതരം
ആത്മീയ ഐക്യഭാവം എന്നെ പിടികൂടി. ദാഹം തീര്‍ത്ത്
തന്നില്‍ നിന്ന് ഒരു രണ്ടാം ഉടല്‍ പുറത്തുവരണം എന്ന പോലെ സിംഹിണി മൂരിനിവര്ന്നു. പിന്നീട് വാല് രോമാവൃതമായ ഒരു പെന്‍ഡുലം പോലെ ആട്ടിയും, ഓരോ ചുവടും ഭൂമിയുടെ ഉപരിതലത്തെ തഴുകിക്കൊണ്ടും അവള്‍ സാവധാനം പിന്‍വാങ്ങി. അടക്കാനാവാത്ത അഭിമാനത്തോടെ ഞാന്‍ പുഞ്ചിരിച്ചു. അവരൊക്കെ വിശ്വസിക്കുന്നു ഗ്രാമത്തെ വിറപ്പിക്കുന്നത് ആണ്‍സിംഹങ്ങള്‍
ആണെന്ന്. അതല്ല. അതീ സിംഹിണി, ഒരു നര്‍ത്തകിയെപ്പോലെ മസൃണയും സ്ത്രൈണതയിയന്നവളും, ഒരു ദേവതയെപ്പോലെ രാജകീയവും ഉദാത്തവും, ഈ
സിംഹിണിയാണ് അയല്‍പക്കത്തെല്ലാം ഭീതി വിതച്ചത്. ശക്തരായ
ആണുങ്ങള്‍, സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ ധരിച്ച യോദ്ധാക്കള്‍ : അവരൊക്കെയും സാഷ്ടാംഗം നമിച്ചിരിക്കുന്നു, ഭീതിക്ക്
അടിമകളായിരിക്കുന്നു, സ്വന്തം കഴിവുകേടിനാല്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.”
ഒരു നിമിഷം അവളില്‍ നിറയുന്ന സഹോദര്യത്തിന്റെ നിറവില്‍ മരിച്ചവരുടെ പേര്
ഉച്ചരിക്കരുതെന്ന വിലക്ക് മറന്ന് അവള്‍ അലറിപ്പോവുന്നു: “എന്റെ സഹോദരി... സിലെന്‍സിയാ, ഉമീന്യാ, ഇഗ്വാലിറ്റാ.” വിചിത്ര സൗന്ദര്യമിയന്ന ഈ പെണ്‍
ആഘോഷം പക്ഷെ നീണ്ടു നില്ക്കുന്നില്ല. ഇത്തവണയും അത് മലികേറ്റോ
പ്രോപ്രിയോ തന്നെ; അയാളെ 'ഗ്രാമത്തിലെ
ഏക ആരാച്ചാര്‍ ' എന്നാണ് ഇപ്പോള്‍
വിളിക്കുന്നതെങ്കിലും. ഇത്തവണ അവളുടെ ഭ്രാന്താവസ്ഥ തന്നെയാണ്
അയാളില്‍ നിന്ന് അവളെ രക്ഷപ്പെടുത്തുന്നതും.
“പുഴ എന്നെ ലക്ഷ്യത്തിലേക്കെത്തിച്ചില്ല. എന്നാല്‍ യാത്ര എന്നെ എന്നില്‍ നിന്നും അകറ്റപ്പെട്ടിരുന്ന ഒരാളില്‍
എത്തിച്ചു: സിംഹിണി, ഞാനേറെ
കൊതിച്ചിരുന്ന എന്റെ സഹോദരി.”
എഴുത്തും വായനയും തീവ്ര യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുന്നതില്‍
അതിന്റെ ശക്തിയും, 'സ്വപ്നാടക ദേശത്തി'ലും 'മൗനം ചിട്ടപ്പെടുത്തുന്നവനി'ലും പോലെ 'സിംഹിണി'യിലും പ്രധാന പ്രമേയമാണ്. 'എന്നെപ്പോലെ മറ്റാരും വാക്കുകളെ സ്നേഹിച്ചിട്ടുണ്ടാവില്ല" എന്ന് മിരിയാമാര്‍ പറയുന്നുണ്ട്. ബുള്‍സ് ഐ
പോയതിനു ശേഷമുള്ള നാളുകളില്‍ അയാളോടുള്ള തീവ്ര
പ്രണയത്തെ കുറിച്ച് അയാള്‍ക്കെഴുതിയാലോ എന്നവള്‍ ആലോചിച്ചിരുന്നു. എന്നാല്‍ എഴുതുക എന്നത് തന്നെ മറ്റൊരാളാക്കിയേക്കുമെന്നു അവള്‍ ഭയന്നു. സ്ത്രീകള്‍ എഴുത്തും വായനയും പഠിക്കുക എന്നത് കേട്ടുകേള്‍വി പോലുമല്ലാത്ത
കുലുമാനിയില്‍ ഹനീഫ അസൂലുവ ഒരപവാദമായിരുന്നു, മകളും. വന്യമൃഗങ്ങളെ കുറിച്ചുള്ള കഥകളിലൂടെയാണ്, താനാദ്യം
വായനയിലെത്തിയതെന്നും പോര്‍ച്ചുഗീസ് മിഷന്‍ സ്കൂളില്‍ നിന്ന് പഠിക്കും മുമ്പ് അത്
സാധിച്ചിരുന്നെന്നും അവള്‍ ഓര്‍ക്കുന്നു. അമ്മാവന്
കാപിറ്റമോറോ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു:
“സൂക്ഷിക്കണം എന്റെ പ്രിയപ്പെട്ട പേര മകളെ, എഴുത്ത് അപകടകരമായ
ഒരു പൊങ്ങച്ചമാണ്. അത് മറ്റുള്ളവരില്‍ ഭയം നിറയ്ക്കും."
എന്നാല്‍ അവള്‍ തീരുമാനിക്കുന്നു, പുരുഷന്മാരുടെയും
വേട്ടക്കാരുടെയും ലോകത്ത് അക്ഷരമായിരുന്നു എന്റെ ആദ്യ ആയുധം. ബുള്‍സ് ഐയുടെ കാര്യത്തിലാവട്ടെ, തന്റെ
എഴുത്തിനെ കുറിച്ച് ആത്മവിശ്വാസമില്ലാതെ സംസാരിക്കുന്ന അയാളോട് ഗസ്റ്റാവോ റിഗാല്‍ഡോ, പറയുന്നുണ്ട് :
“ഞാനൊരു എഴുത്തുകാരനാണ്, എനിക്കറിയാം
വിലയിരുത്താന്‍. ഇതുപോലെ എഴുതുന്നവര്‍ ആരായാലും അയാള്‍
വേട്ടയാടല്‍ കൊണ്ട് ജീവിക്കേണ്ടതില്ല.”
തൊണ്ടയില്‍ ഒരു പിടുത്തമായി ആ പ്രശംസ ബുള്‍സ് ഐയെ മഥിക്കുന്നുണ്ട്. കാരണം അത്
പ്രണയത്തെ കുറിച്ചായിരുന്നു, ആ നല്ല വാക്കുകളിലൂടെ
ഗസ്റ്റാവോ എന്നും തെരുവിലും കാട്ടിലും കഴിഞ്ഞ ഒരാള്‍ക്ക് ഒരു വീട് നല്‍കുകയായിരുന്നു.
യുദ്ധമെന്ന ഉന്മാദവും ഉന്മാദമെന്ന അഭയവും, മറവിയെന്ന രോഗവും
മറവിയെന്ന മരുന്നും എന്നിങ്ങനെ വിചിത്രമായ വൈരുധ്യങ്ങള്‍ മിയാ കൂട്ടോയുടെ രചനകളില്‍
പോതുവായുള്ളതാണെന്ന് കാണാം. തലമുറകളുടെ വിനിമയങ്ങള്ളുടെ
രൂപത്തിലുള്ള കഥപറച്ചിലും കഥയെന്ന വിനിമയത്തിലൂടെ അതിജീവനത്തിന്റെ തുരുത്തുകള്‍
തേടുന്ന, കഥയുടെ/ മനുഷ്യ
ഭാവനയുടെ സാധ്യതകളിലൂടെ കഠിനാനുഭവങ്ങളെ അതിജീവിക്കുകയെന്ന ഡെക്കാമറോണ്‍
സാഹചര്യങ്ങളോടൊപ്പം കഥപറയലിനെ കുറിച്ചുതന്നെയുള്ള ആഖ്യാനമെന്ന 'മെറ്റാ നരേറ്റീവ്' തലങ്ങളും ഇവിടെ ഏറെ
പ്രകടമാണ്. മാജിക്കല്‍ റിയലിസം എന്നതിലേറെ
തന്നെപ്പോലുള്ളവരുടെ ചിത്രീകരികരണങ്ങള്‍ക്ക് ചേരുക ആഫ്രിക്കന്‍ റിയലിസം എന്ന
സംജ്ഞയാവും എന്ന് സ്വാഭാവികമായും മിയാ കൂട്ടോ കരുതുന്നു.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 89-96
ലോഗോസ് ബുക്സ് - To purchase, contact ph.no: 8086126024)
More from Mia Couto:
Sleepwalking Land by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_26.html
The Tuner of Silences by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post.html
The Last Flight of The Flamingo by Mia Couto
https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html
No comments:
Post a Comment