എണ്ണപ്പാടങ്ങളുടെ പുസ്തകം
വിഖ്യാത നോവലിസ്റ്റ് അമിതാവ് ഘോഷ് ‘പെട്രോഫിക് ഷന്‍’ എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് Cities of Salt-നെ റിവ്യുചെയ്തത്. അതിനു ശേഷം പ്രസ്തുത സംവര്‍ഗ്ഗം ഫിക് ഷനിലെ ഒരു ഴോനര്‍
തന്നെയായി പരിഗണിക്കപ്പെട്ടു. പുതിയ നൂറ്റാണ്ടിന്റെ ഒന്നാം ദശകം മുതല്‍, കാലാവസ്ഥാവ്യതിയാനം സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ ഒന്നായിത്തീര്‍ന്നത്തോടെ
പെട്രോഫിക് ഷന്‍ കൃതികളുടെ വലിയ ഒഴുക്കുണ്ടായി. ആസ്ട്രിയന്‍ നോവലിസ്റ്റ് ഗസ്റ്റാഫ്
മെയ്റിങ്കിന്റെ 1903ല്‍
പുറത്തിറങ്ങിയ 'Petroleum, Petroleum' എന്ന ഡിസ്റ്റോപ്പിയന്‍ നോവല്‍ മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഗ്ഗീകരണത്തില്‍, പെട്രോളിയത്തിന്റെ രൂപത്തിലുള്ള വിഭവചൂഷണവും മൂന്നാം ലോക രാജ്യങ്ങളില്‍
അതെത്തുടര്‍ന്നുണ്ടാകുന്ന കൊളോണിയല്‍/ പാരിസ്ഥിതിക ദുരന്തങ്ങളും
മുഖ്യപ്രമേയങ്ങളാകുന്ന ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ ഉള്‍പ്പെടുന്നു.
വീരത്വമുള്ള ഏക കഥാനായക സങ്കല്‍പ്പത്തെ അട്ടിമറിച്ചു ഡസന്‍
കണക്കിന് വൈയക്തികാഖ്യാനങ്ങള്‍/ ബഹുപാത്ര സാന്നിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു
പാത്രസഞ്ചയത്തെ കേന്ദ്ര കഥാപാത്രമാക്കുകയും ഫ്ലാഷ് ബാക്ക്/ ഫ്ലാഷ് ഫോര്‍വേര്‍ഡ്, ബഹുമുഖ
വീക്ഷണകോണുകള്‍ എന്നിങ്ങനെ ഭിന്ന ആഖ്യാന കേന്ദ്രങ്ങളിലേക്ക് പടരുന്നതിലൂടെ അറബ്
കഥാഖ്യാന രീതിയോട് ചേര്‍ന്ന് പോകുകയും ചെയ്യുന്ന രീതിയാണ് നോവലില്‍ മുനീഫ്
തുടങ്ങിവെക്കുന്നത്. സാധാരണ മനുഷ്യരെ കഥാകേന്ദ്രത്തില്‍ കുടിയിരുത്തിക്കൊണ്ട് അറബ്
നോവലിലെ ആധുനികതയുടെ മണിമുഴക്കവും അദ്ദേഹം ആരംഭിക്കുന്നു. ഇടവും കാലവും കേന്ദ്ര
കഥാപാത്രങ്ങള്‍ തന്നെയായിത്തീരുന്നു. മിത്തും ചരിത്രവും ഇടകലര്‍ത്തുന്നതിലൂടെ
അനുഭവങ്ങള്‍ക്ക് സാര്‍വ്വലൌകിക തലങ്ങള്‍ നല്‍കപ്പെടുന്നു. “തന്റെ ലബനീസ്
പ്രതിരൂപമായ എല്യാസ് ഖൌറിയുടെ നോവലുകളെ പോലെ, മുനീഫിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്
“എണ്ണ, പൊളിറ്റിക്കല്‍
ഇസ്ലാം, ഏകാധിപത്യം
എന്ന ത്രയം” എന്ന് അദ്ദേഹം വിശേഷിപ്പിച്ച (ശക്തികളില്‍) നിന്നു സ്വതന്ത്രമായ ഒരു
അറബ് ലോകത്തെ കുറിച്ചുള്ള ദര്‍ശനത്തോടു അദ്ദേഹത്തിനുള്ള പ്രതിബദ്ധതയാണ്”. ഖൌറിയുടെ
പരീക്ഷണാത്മകതക്കു പകരം തന്റെ സൌദി വായനക്കാര്‍ക്കും വേഗം ഗ്രഹിക്കാനാവുന്ന
രീതിയില്‍ യഥാതഥമാണ് മുനീഫിന്റെ ശൈലി. ഇരുവരെയും തുലനം ചെയ്യുന്നത് ഇരുപതാം
നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ അറബ് സാഹിത്യത്തില്‍ നിലനിന്ന പൊതു ഭാവം
മനസ്സിലാക്കാന്‍ സഹായിക്കും എന്നും സാര്‍ത്രിന്റെ അസ്തിത്വ വാദത്തിന്റെയും
എഴുത്തിലെ പ്രതിബദ്ധതയെന്ന ആശയത്തിന്റെയും സ്വാധീനം ഈ നിലപാടുകളില്‍ ലീനമാണ്
എന്നും നിരൂപകന്‍ കൂട്ടിച്ചേര്‍ക്കുന്നു. ജബ്ര ഇബ്രാഹിം ജബ്രയുമായുള്ള സര്‍ഗ്ഗസൌഹൃദം ‛Alam bila khara’it (A World Without Maps, 1982) എന്ന
നോവലിന്റെ രചനയില്‍ ഇരുവരും ഒന്നിക്കുന്നതില്‍ കലാശിച്ചതിലും ഇത്തരം ദാര്‍ശനിക
നിലപാടുകളിലെ സമാനതകള്‍ നിമിത്തമായിട്ടുണ്ട്. ആധുനികതാ അവബോധം സൃഷ്ടിക്കുന്നതില്‍
ടി. എസ്. എലിയറ്റ് അമ്പതുകളിലെ അറബ് കവിതയില്‍ ചെലുത്തിയ സ്വാധീനം ചൂണ്ടിക്കാണിച്ച
ജബ്ര, സാര്‍ത്ര്, കാമു
എന്നിവര്‍ അറബ് ധൈഷണിക ജീവിതത്തില്‍ ചെലുത്തിയ അതിശക്തമായ സ്വാധീനവും
എടുത്തുപറഞ്ഞിട്ടുണ്ട് .
ലേഖനം മുഴുവന്‍ വായിക്കുന്നതിന് ലിങ്ക് പിന്തുടരുക:
https://alittlesomethings.blogspot.com/2025/01/cities-of-salt-by-abdul-rahman-munif.html
No comments:
Post a Comment