ദേവികാ റാണിയുടെ
കഥ
പുരസ്കാര ജേതാവായ
എഴുത്തുകാരിയും നാടകകൃത്തുമായ കീശ്വര്‍ ദേശായ് എഴുതിയ ജീവചരിത്ര പുസ്തകമാണ് The Longest
Kiss: The Life and Times of Devika Rani. പേര്
സൂചിപ്പിക്കുന്നത് പോലെ ഇന്ത്യയുടെ ആദ്യ ഇന്റര്‍നാഷണല്‍ സൂപ്പര്‍ സ്റ്റാര്‍ ആയ
ദേവികാ റാണിയുടെ ജീവിതവും ചലച്ചിത്ര സപര്യയുമാണ് അവരുടെ കത്തുകള്‍, അനുബന്ധ രേഖകള്‍ തുടങ്ങിയവ ഉപയോഗിച്ചു ഗ്രന്ഥകാരി ചിത്രീകരിക്കുന്നത്. ഹിമാന്‍ശു
റായ്, സ്വെറ്റ്സെലാവ് റൂറിച് എന്നിവരുമായുള്ള ദേവികാ
റാണിയുടെ വിവാഹങ്ങള്‍, ഇന്ത്യയിലെ ആദ്യ പ്രൊഫെഷണല്‍ സ്റ്റുഡിയോ ആയ ബോബെ
ടോക്കീസിന്റെ സ്ഥാപനം, എന്നിവയോടൊപ്പം,
ഒരു പക്ഷെ അതിലെല്ലാം പ്രധാനമായി, തികച്ചും പുരുഷ
കേന്ദ്രിതമായ ബോംബെ സിനിമാ ലോകത്ത് ഒരു സ്ത്രീയെന്ന നിലയിലുള്ള അസ്തിത്വ
സ്ഥാപനത്തിന് വേണ്ടിയുള്ള അവരുടെ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം പുസ്തകം
അടയാളപ്പെടുത്തുന്നു. ദേവികാ റാണിയെ അങ്ങേയറ്റം ജനപ്രിയത നേടിയ താരമായും അതിനൊത്ത
കുപ്രസിദ്ധിക്ക് ഇടവരുത്തിയ വിവാദ വനിതയായും കണ്ടിരുന്ന പോതുബോധത്തിനപ്പുറം, സാക്ഷാല്‍ രബീന്ദ്രനാഥ ടാഗൂറിന്റെ പ്രപൗത്രിയായിരുന്നിട്ടും ടാഗോര്‍ കുടുംബാംഗം എന്ന രാജകീയ പരിവേഷത്തില്‍
ഒരിക്കലും അഭിരമിച്ചിട്ടില്ലാത്ത, അങ്ങേയറ്റം സ്വകാര്യമായ
മനോവ്യാപാരങ്ങളുടെ ഉടമയും പോരാളിയുമായ ഒരു ‘വിമോചിത സ്ത്രീ’ (emancipated
woman) ആയി ഗ്രന്ഥകാരി അവതരിപ്പിക്കുന്നു.
പുതിയ നൂറ്റാണ്ടിന്റെ
തുടക്കത്തില്‍, തന്റെ പുസ്തക പദ്ധതിയുടെ റിസര്‍ച്ചിന്റെ ഭാഗമായി
നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍ പരതുമ്പോള്‍ കണ്ടെത്താന്‍ ഇടയായ, ഹിമാന്‍ശു റായി
നിര്‍മ്മിച്ചു ദേവികാ റാണി അഭിനയിച്ച ചിത്രങ്ങളുടെ ദൃശ്യമികവ് തന്നെ
അത്ഭുതപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗ്രന്ഥകാരി ആരംഭിക്കുന്നത് (Author’s
Note). ഇന്ത്യന്‍ സിനിമയുടെ ആഗോളവല്‍ക്കരണത്തെ കുറിച്ചു പറയുന്ന
ഇക്കാലത്തും ആദ്യകാല ഇന്ത്യന്‍ സിനിമയുടെ ആഗോളവല്‍ക്കരണത്തിന്റെ ഉത്തമ മാതൃകയായ ഈ
ചിത്രങ്ങള്‍ വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല എന്ന് അവര്‍ കരുതുന്നു.
അണിയറയിലും പ്രേക്ഷക പങ്കാളിത്തത്തിലും ഒരുപോലെ ഗ്ലോബല്‍ ആയിരുന്നു ഈ നിശ്ശബ്ദ
ചിത്രങ്ങള്‍. ബോംബെ ടോക്കീസിന്റെ സ്ഥാപനത്തിലേക്ക് നയിച്ച ഈ പ്രതിഭാസത്തെ അന്നത്തെ
നായികയുടെ ജീവിതത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം, നായികയിലേക്ക്
തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. പുരുഷധികാര ചുറ്റുപാടുകളില്‍ തന്റെ മാനസ
സന്തതിയായ സ്റ്റുഡിയോ ഉള്‍പ്പെടുന്ന തന്റെ ജീവിതത്തെ അന്യാധീനപ്പെട്ടു പോകാതെ
സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഒരു ‘ബംഗാള്‍ കടുവ’യുടെ പോരാട്ടവീര്യം തന്നെ അവര്‍ കാഴ്ച്ചവെച്ചതെങ്ങനെ എന്ന അന്വേഷണമാണ്
ഗ്രന്ഥകാരി നടത്തുന്നത്. ദേവികാ റാണിയെ “പോരാട്ട മനസ്ഥിതിക്കാരിയും അസാധര്‍ണ
കഴിവുകള്‍ ഉള്ള, സുന്ദരിയായ സ്ത്രീയും,
മഹതിയായ അഭിനേത്രിയും തീക്ഷ്ണമായ വൈയക്തിക ദുഃഖങ്ങള്‍ക്കിടയിലും ഇന്ത്യന്‍
സിനിമയുടെ വഴികളെ പല നിലക്കും മാറ്റിമറിച്ച സ്റ്റുഡിയോ മേധാവിയും. അന്നും ഇന്നും
ഒരു അഗ്രഗാമി” എന്നീ നിലകളില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് താന്‍ സാധിച്ചത്
എന്ന് അവര്‍ പറഞ്ഞുവെക്കുന്നുണ്ട്.
സ്ത്രീകളെ സംബന്ധിച്ച്
സിനിമാപ്രവേശം എന്നത് അന്തസ്സുകെട്ട ഒന്നാണെന്ന പൊതുബോധം നിലനിന്ന ഇരുപതുകളിലും
മുപ്പതുകളിലും ഈ രംഗത്തേക്ക് കടന്നുവരികയും കരിയറിലും പുറത്തും തനിക്കെതിരെ നിന്ന
പുരുഷന്മാരെ തന്ത്രപരമായ രീതിയില്‍ മറികടക്കുകയും ഇടപെട്ട മേഖലകളില്‍ (അഭിനയം, സ്ക്രിപ്റ്റിംഗ്, കോസ്റ്റ്യൂം ഡിസൈന്‍ തുടങ്ങി)
വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ദേവികാ റാണി അക്ഷരാര്‍ത്ഥത്തില്‍ ഒരു ആധുനിക
സ്ത്രീയാണ്. പുസ്തകത്തിന്റെ തലക്കെട്ടിനു നിദാനമായ ആ ചുംബന രംഗം തന്നെ അതിന്റെ ഒരു
രൂപകമായി ഗ്രന്ഥകാരി കണ്ടെടുക്കുന്നു. ദേവികയുടെ സ്വന്തം തിരക്കഥയില്‍ നിര്‍മ്മിക്കപ്പെട്ട
‘കര്‍മ്മ’ (1933) എന്ന ചിത്രത്തിന് വേണ്ടി അവര്‍
അഭിനയിച്ച ഏതാണ്ട് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ലിപ് ലോക്ക് രംഗം ഇന്നും ഇന്ത്യന്‍
സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന രംഗമാണ്. യഥാര്‍ത്ഥ ജീവിതത്തിലും അവരുടെ
ഭര്‍ത്താവായിരുന്ന ആളിനെയാണ് ചുംബിക്കുന്നത് എന്ന് ഇന്നു പറയാമെങ്കിലും അതൊരു
പൊതുപ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന വസ്തുത ആ കാലഗണനയില്‍ തന്നെ
കാണണം. തന്റെ ജീവിതത്തില്‍ ഉടനീളം അവര്‍ വെച്ചുപുലര്‍ത്തിയ സുതാര്യതയുടെ ചിഹ്നം
കൂടിയാണത്. യൂറോപ്യന്‍ പ്രേക്ഷകരെയാണ് അവര്‍ മുന്നില്‍കണ്ടത് എന്നതും ഒരു
ഘടകമായിരുന്നു. ദേവിക – ഹിമാന്‍ശു പ്രണയം തുടങ്ങിയതും ഇംഗ്ലണ്ട് പഠന കാലത്താണ്.
അന്നേ അവിടെ അറിയപ്പെടുന്ന നിശ്ശബ്ദ സിനിമാ നായകനായിരുന്നു ദേവികയെക്കാള്‍ പതിനാറു
വയസ്സ് കൂടുതലുള്ള ഹിമാന്‍ശു. വാസ്തവത്തില്‍ ഒറിയന്റലിസ്റ്റ് അഭിരുചികള്‍
തന്നെയാണ് ‘കര്‍മ്മ’യുടെ പ്രമേയത്തെയും നിര്‍ണ്ണയിച്ചത്
എന്നു കാണാം. പാമ്പാട്ടികളും കടിച്ച പാമിപ്നെ കൊണ്ടു വിഷമിറക്കിക്കുന്ന രീതിയും, രാജകുമാരനും കുമാരിയുമെല്ലാം ഇന്ത്യയെ സംബന്ധിച്ച ‘എക്സോടിക്/
ഒറിയന്റലിസ്റ്റ്’ സങ്കല്‍പ്പനങ്ങള്‍ തന്നെ. ദേവികയുടെ
സമീപനത്തിലെ കൂസലില്ലായ്മയും സത്യസന്ധതയും തന്നെയാണ് പുറത്തധികമാരും
അറിഞ്ഞിരുന്നില്ലാത്ത ഗാര്‍ഹിക പീഡന അനുഭവങ്ങളില്‍ നിന്നു പുറത്തുകടക്കാനും
രണ്ടാമതു ചിത്രത്തിലെ സഹതാരവും വിവാഹിതനുമായിരുന്ന നജ്മല്‍ ഹസനുമായി ഒളിച്ചോടാനും
അവരെ പ്രാപ്തയാക്കുന്നതും. വിഭജനത്തിലേക്ക് നയിക്കുന്ന ഹിന്ദു-മുസ്ലിം അനൈക്യത്തിന്റെ
മുപ്പതുകളില്‍ അതൊരു അപാരധൈര്യമായിരുന്നു. സിനിമക്കു വേണ്ടി യൂസുഫ് ഖാനെ ദിലീപ്
കുമാര്‍ ആക്കിയ ദേവികാ റാണിക്ക് സ്വകാര്യജീവിതത്തില്‍ അത്തരം മതിലുകളില്‍ താല്‍പ്പര്യമേ
ഇല്ലായിരുന്നു എന്നും വ്യക്തമായിരുന്നു. എന്തായാലും, ബോംബെ
ടോക്കീസിന്റെ മുഖമായിരുന്ന ദേവികയെ അനുനയിപ്പിക്കുക എന്നത് അക്കാലത്ത്
എല്ലാവരുടെയും ആവശ്യമായിരുന്നു, അതുകൊണ്ടുതന്നെ ഹിമാന്‍ശുവും
സ്റ്റുഡിയോയിലെ ഇതര ഓഹരി ഉടമകളും വേണ്ടതെല്ലാം ചെയ്തു. അശോക് കുമാറിന്റെ
കടന്നുവരവില്‍ പോലും ദേവികയില്‍ അനുരക്തനാവാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടെത്തുക
എന്നൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന് ഗ്രന്ഥകാരി കണ്ടെത്തുന്നു. മടിച്ചു മടിച്ചും
പേടിച്ചും രംഗത്തെത്തിയ മെലിഞ്ഞു അശുവായ ചെറുപ്പക്കാരന്‍ തന്നെക്കാള്‍ ഒരു പാട്
ഉയരത്തിലുള്ള സുപ്രസിദ്ധ സുന്ദരി നായികയെ പ്രണയിക്കാനുള്ള സാധ്യതയില്ലായിരുന്നു; തിരിച്ചും. ‘അച്യുത് കന്യ (1936)’ മുതല്‍
ആരംഭിച്ച ആ ജോഡി ഇന്ത്യന്‍ സിനിമയുടെ ചരിത്രമായത് മറ്റൊരു ഐറണി.
പുസ്തകത്തിലെ അദ്ധ്യായങ്ങള്‍
ആരംഭിക്കുന്നത് റൂറിക്കിനു എഴുതിയ വ്യക്തിപരമായ കത്തുകളുടെ ഉദ്ധരണികളോടെയാണ്.
വാസ്തവത്തില്‍ അവര്‍ റഷ്യന്‍ സുഹൃത്തിനെ കണ്ടെത്തുന്നത് ഒട്ടേറെ കഴിഞ്ഞാണ്, ഹിമാന്‍ശുവിന്റെ മരണത്തിനും (1940) ശേഷം. എന്തുകൊണ്ടാണ് 1945ല്‍ മാത്രം ആരംഭിക്കുന്ന ഈ
കത്തിടപാടുകള്‍ ഇരുപതുകള്‍ മുതലുള്ള ആഖ്യാനത്തില്‍ കൂട്ടിച്ചേര്‍ത്തത് എന്നതിന്
ഗ്രന്ഥധകാരി അഭിമുഖങ്ങളില്‍ നല്‍കിയ ഉത്തരം പ്രസക്തമാണ്. ഒട്ടേറെ പുരുഷ
സുഹൃത്തുക്കളുണ്ടായിരുന്നു അതിസുന്ദരിയായ ദേവികക്ക് എന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍, ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ഉള്‍പ്പടെ അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും, അടിസ്ഥാന പരമായി തികച്ചും ഒരു സ്വകാര്യ വ്യക്തി ആയിരുന്ന ദേവിക ഫലത്തില്‍
ഒരു നിഗൂഡത ആയി തുടര്‍ന്ന്. അവര്‍ അവരുടെ ഹൃദയം തുറന്നത് സ്വെറ്റോ സ്ലാവിനുള്ള ഈ
കത്തുകളില്‍ മാത്രമാണ്. അവിടെ മാത്രമാണ് അവര്‍ തന്റെ കരിയറിനെയും ജീവിതത്തെയും
തികച്ചും സത്യസന്ധവും എന്നാല്‍ വൈകരികവുമായി വിലയിരുത്തിയത്. ‘സമ്പൂര്‍ണ്ണ ജോഡി’ ഇമേജിനപ്പുറം ഹിമാന്‍ശുവില്‍ നിന്ന് നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനം, അദ്ദേഹത്തിന്‍റെ അവസാന നാളുകളില്‍ സ്റ്റുഡിയോയില്‍ നിന്ന് ദേവികയെ
ഒഴിവാക്കാന്‍ വേണ്ടി അവരുടെ തന്നെ മുന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ കരുനീക്കങ്ങള്‍
തുടങ്ങിയ അനുഭവങ്ങള്‍ തന്നെ കടുപ്പിച്ചു കളഞ്ഞതായി ഈ കത്തുകളില്‍ അവര്‍
പരാതിപ്പെട്ടു. ഹിമാന്‍ശുവിന്റെ ഇതരബന്ധങ്ങളുടെ സാക്ഷ്യമായി എത്തിയ ജര്‍മ്മന്‍കാരി
മകള്‍ അവരെ സംബന്ധിച്ച് ഒരു ഞെട്ടല്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ടെവികയും
റോറിക്കും തങ്ങളുടെ ജീവിതങ്ങളില്‍ തങ്ങളുടെതായ രീതിയില്‍ മുറിവേറ്റവരും വൈകാരിക
അഭയം തേടുന്നവരും ആയിരുന്നു എന്നത് തന്നെയാണ് ഇരുവരെയും അടുപ്പിച്ചതും. സ്വന്തം
പശ്ചാത്തലത്തിനു സമാനമായ വിധത്തില്‍ റൂറിക്കിന്റെ സമ്പന്നവും ബൌദ്ധികമായി
കുലീനവുമായ പശ്ചാത്തലവും ദേവികക്ക് ഏറ്റവും ആവശ്യമുള്ള കൂട്ടും സമത്വ ബോധവും
ഉറപ്പു വരുത്തുകയും ചെയ്തു. ഒടുവില്‍ തന്നെ മനസ്സിലാക്കാനും പുരുഷാധിപത്യ ജാടകള്‍
ഇല്ലാതെ പിന്തുണയ്ക്കാനും കഴിയുന്ന ഒരാളെ അവര്‍ കണ്ടെത്തുകയായിരുന്നു.
ഹിമാന്‍ശു മാത്രമല്ല ദേവികാ
റാണിയുടെ ജീവിതത്തില്‍ പുരുഷാധിപത്യ ഗര്‍വ്വിന്റെ പാടുകള്‍ വീഴ്ത്തിയത് എന്ന്
കീശ്വര്‍ ദേശായ് സൂചിപ്പിക്കുന്നു. അശോക് കുമാര്‍ ഉള്‍പ്പടെ അവര്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്നവര്‍
പോലും സന്ദിഗ്ധ ഘട്ടത്തില്‍ അവരെ കയ്യൊഴിഞ്ഞു. ബോംബെ ടോക്കീസില്‍ സ്ക്രിപ്റ്റ്
എഴുത്തുകാരന്‍ ആയിരുന്ന സാക്ഷാല്‍ സാദത്ത് ഹസന്‍ മന്‍ടോ അദ്ദേഹത്തിന്‍റെ കഥകളില്‍
വളരെ നേരിയ വേഷപ്രച്ഛഹ്നത്തില്‍ അവരെ താറടിച്ചിട്ടുണ്ട് എന്ന് A Woman for
All Seasons എന്ന കഥയിലെ ലതീക റാണിയുടെ പാത്രസൃഷ്ടിയെ ആസ്പദമാക്കി
പുസ്തകം നിരീക്ഷിക്കുന്നു. എന്നാല്‍, തന്റെ ഏറ്റവും
സ്വകാര്യമായ വിഷമങ്ങളോ, ആദ്യകാലത്ത് സ്റ്റുഡിയോ
തുടങ്ങുന്നതിനു വേണ്ടി സഹിച്ച പ്രയാസങ്ങളോ ഒന്നും ഒരിക്കലും ആരെയും
അറിയിക്കാതിരിക്കുക എന്ന ദേവികയുടെ പ്രകൃതവും അവരെ ശരിയായി മനസ്സിലാക്കുന്നതില്‍
നിന്ന് മന്‍ടോയെ പോലുള്ളവരെ തടഞ്ഞിരിക്കാം.
മുറിവേറ്റ മനസ്സുമായി, എന്നാല്‍ സ്വതസിദ്ധമായ രീതിയില്‍, ആരോടും പരാതി പറയാന്‍ നില്‍ക്കാതെയാണ്
ദേവികാ റാണി ബോംബെ ടോക്കീസ് വിട്ടുപോകുന്നത്. 1945ലെ ആഗസ്റ്റ് 15നു തന്റെ ഷെയറുകള്‍
ഔദ്യോഗികമായി ഷിറാസ് അലിക്ക് കൈമാറി അവര്‍ അരങ്ങൊഴിയുന്നു. അതേ മാസം
ഇരുപത്തിമൂന്നിന് അവര്‍ റൂറിക്കിനെ വിവാഹം ചെയ്തു. കുലു താഴ്വരയിലുള്ള
റൂറിക്കിന്റെ വസതിയിലേക്ക് മധുവിധു ആഘോഷത്തിന് പോകുന്ന ദമ്പതികളുടെ ബാംഗളൂരിലുള്ള പില്‍ക്കാല
ജീവിതകഥ ഗ്രന്ഥകാരി ഏതാനും താളുകളില്‍ ചുരുക്കുന്നു. ഒരു വേള, അതൊരു തുടര്‍ച്ചക്കുള്ള വിഷയമാണ് എന്ന് അഭിമുഖങ്ങളില്‍ അവര്‍
സൂചിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നഗര പ്രാന്തത്തിലുള്ള ടാറ്റാഗുനി (Tataguni) എസ്റ്റേറ്റില്‍ ശാന്തമായി ഉറങ്ങുന്ന ദമ്പതികള്‍ ഇന്നു ചരിത്രത്തിന്റെ
ഭാഗമാണ്. “ദേവിക അവര്‍ ജീവിച്ചിരുന്ന പോലെത്തന്നെ മരിച്ചു,
വിവാദങ്ങള്‍ക്കു നടുവില്‍, വിസ്മൃതിയില്‍ പെട്ടുപോകാന്‍
വിസമ്മതിച്ചുകൊണ്ട്. ഇന്നും, നിങ്ങള്‍ ബോംബെ ടോക്കീസിന്റെ
നശാവശിഷ്ടങ്ങള്‍, അല്ലെങ്കില്‍ അവരുടെ ഓര്‍മ്മക്കായി
പരുക്കനായി വെട്ടിയ ഒരു ശില സ്ഥാപിക്കപ്പെട്ടിട്ടുള്ള നഗ്ഗറിലെ ഉല്ലാസകേന്ദ്രം,
അതുമല്ലെങ്കില്‍ ടാറ്റാഗുനിയിലെ പന്തലിച്ചുനില്‍ക്കുന്ന ഒരു പുരാതന ആല്‍മരത്തിനടുത്തുള്ള
ഗംഭീര ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരുടെ, വന്യവും
സ്വതന്ത്രവുമായ വീര്യവും ചുറ്റിലും ലാവണ്യം സൃഷ്ടിക്കാനുള്ള അവരുടെ തൃഷ്ണയും
അനുഭവപ്പെടും.”
ഹിമാന്‍ശുവുമായുള്ള
വിവാഹബന്ധം സാഹചര്യത്തിന്റെയും ചെറുപ്പത്തിന്റെ പക്വതയില്ലയ്മയുടെയും സമാന പ്രൊഫഷനല്‍
താല്‍പര്യങ്ങളുടെതും ആയിരുന്നെങ്കില്‍, സ്വെറ്റോസ്ലാവ്
അവരുടെ ആത്മസഖാവു തന്നെയായിരുന്നു എന്ന് കീശ്വര്‍ ദേശായി അര്‍ത്ഥശങ്കക്കിടമില്ലാത്ത
വിധം പറഞ്ഞുവെക്കുന്നുണ്ട്. നഗ്ഗറിലും ടാറ്റാഗുനിയിലുമായി തന്റെ ചാരം
സൂക്ഷിക്കപ്പെടനം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു, സ്വെറ്റ്സ്ലാവിന്റെ അരികില്‍
ഉറങ്ങണമെന്നും. “താന്‍ സഹിച്ച എല്ലാവിധ അവമതികളും പീഡനങ്ങളും എല്ലാമുള്ളപ്പോഴും
ആത്മവിശ്വാസം നിലനിര്‍ത്തിയതിന് തനിക്കു നല്‍കപ്പെട്ടു എന്ന് അവര്‍ വിശസിച്ച ആ
‘പ്രതിഫലം’ അദ്ദേഹമായിരുന്നു.”
അശോക് കുമാര്‍, ദിലീപ് കുമാര്‍, ലീല ചിറ്റ്നിസ് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ
എക്കാലത്തെയും വലിയ പ്രതിഭകളെ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്ത, ആദ്യകാല ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകള്‍ ആയ Karma (1933), Jawani Ki Hawa (1935), Achhut
Kanya (1936), Izzat (1937),
Durga (1939), Anjan (1941),
Hamari Baat (1943) തുടങ്ങിയ ചിത്രങ്ങളുടെ ജീവാത്മാവായ
നായികാ നടിയായിരുന്ന, ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍
നായികയും താര ചക്രവര്‍ത്തിനിയുമായിരുന്ന ബഹുമുഖ പ്രതിഭയെ അറിഞ്ഞാദരിക്കുകയും
തികച്ചും പ്രതികൂലമായ സാഹചര്യത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത പെണ്‍
കരുത്തായി അവരെ കണ്ടെത്തുകയും ചെയ്യുന്ന പുസ്തകം എന്ന നിലയില്‍ കീശ്വര്‍
ദേശായിയുടെ കൃതി ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ അനിവാര്യമായും
വായിച്ചിരിക്കേണ്ടതാണ്.
ദേശായിയുടെ പുസ്തകങ്ങള്‍ Darlingji:
The True Love Story of Nargis and Sunil Dutt, Jallianwala
Bagh, 1919: The Real Story തുടങ്ങിയ
നോണ്‍ ഫിക് ഷന്‍ കൃതികളോടൊപ്പം വിഖ്യാതമായ കോസ്റ്റാ ഫസ്റ്റ് ബുക്ക് അവാര്‍ഡ് നേടിയ
Witness
The Night തുടര്‍ന്നിറങ്ങിയ Origins of Love, The Sea of Innocence എന്നീ നോവലുകളും ഉള്‍പ്പെടുന്നു.
‘Devika Rani: Goddess of the
Silver Screen’, ‘Manto!’ തുടങ്ങിയ പ്രസിദ്ധമായ നാടകങ്ങളും
അവരുടെ സംഭാവനകളില്‍ പെടുന്നു. അമ്രിത് സര്‍ ടൌണ്‍ഹാളില്‍ ലോകത്തിലെ ആദ്യത്തെ Partition
Museum സ്ഥാപിച്ച The Arts and Cultural
Heritage Trust ന്റെ ചെയര്‍ പേഴ്സന്‍ വെസ്റ്റ് മിന്‍സ്റ്ററില്‍
ആദ്യ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് മുന്‍ കൈ എടുത്ത വ്യക്തിത്വം എന്നീ
നിലകളിലും അവര്‍ സാമൂഹിക ഇടപെടലുകളില്‍ സജീവമാണ്.
No comments:
Post a Comment