Featured Post

Showing posts with label Biography. Show all posts
Showing posts with label Biography. Show all posts

Saturday, March 8, 2025

The Longest Kiss: The Life and Times of Devika Rani by Kishwar Desai

 

ദേവികാ റാണിയുടെ കഥ


പുരസ്കാര ജേതാവായ എഴുത്തുകാരിയും നാടകകൃത്തുമായ കീശ്വര്‍ ദേശായ് എഴുതിയ ജീവചരിത്ര പുസ്തകമാണ് The Longest Kiss: The Life and Times of Devika Rani. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യയുടെ ആദ്യ ഇന്റര്‍നാഷണല്‍ സൂപ്പര്‍ സ്റ്റാര്‍ ആയ ദേവികാ റാണിയുടെ ജീവിതവും ചലച്ചിത്ര സപര്യയുമാണ് അവരുടെ കത്തുകള്‍, അനുബന്ധ രേഖകള്‍ തുടങ്ങിയവ ഉപയോഗിച്ചു ഗ്രന്ഥകാരി ചിത്രീകരിക്കുന്നത്. ഹിമാന്‍ശു റായ്, സ്വെറ്റ്സെലാവ് റൂറിച് എന്നിവരുമായുള്ള ദേവികാ റാണിയുടെ വിവാഹങ്ങള്‍, ഇന്ത്യയിലെ ആദ്യ പ്രൊഫെഷണല്‍ സ്റ്റുഡിയോ ആയ ബോബെ ടോക്കീസിന്റെ സ്ഥാപനം, എന്നിവയോടൊപ്പം, ഒരു പക്ഷെ അതിലെല്ലാം പ്രധാനമായി, തികച്ചും പുരുഷ കേന്ദ്രിതമായ ബോംബെ സിനിമാ ലോകത്ത് ഒരു സ്ത്രീയെന്ന നിലയിലുള്ള അസ്തിത്വ സ്ഥാപനത്തിന് വേണ്ടിയുള്ള അവരുടെ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം പുസ്തകം അടയാളപ്പെടുത്തുന്നു. ദേവികാ റാണിയെ അങ്ങേയറ്റം ജനപ്രിയത നേടിയ താരമായും അതിനൊത്ത കുപ്രസിദ്ധിക്ക് ഇടവരുത്തിയ വിവാദ വനിതയായും കണ്ടിരുന്ന പോതുബോധത്തിനപ്പുറം, സാക്ഷാല്‍ രബീന്ദ്രനാഥ ടാഗൂറിന്റെ പ്രപൗത്രിയായിരുന്നിട്ടും  ടാഗോര്‍ കുടുംബാംഗം എന്ന രാജകീയ പരിവേഷത്തില്‍ ഒരിക്കലും അഭിരമിച്ചിട്ടില്ലാത്ത, അങ്ങേയറ്റം സ്വകാര്യമായ മനോവ്യാപാരങ്ങളുടെ ഉടമയും പോരാളിയുമായ ഒരു ‘വിമോചിത സ്ത്രീ’ (emancipated woman) ആയി ഗ്രന്ഥകാരി അവതരിപ്പിക്കുന്നു.

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തന്റെ പുസ്തക പദ്ധതിയുടെ റിസര്‍ച്ചിന്റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സില്‍ പരതുമ്പോള്‍ കണ്ടെത്താന്‍ ഇടയായ, ഹിമാന്‍ശു റായി നിര്‍മ്മിച്ചു ദേവികാ റാണി അഭിനയിച്ച ചിത്രങ്ങളുടെ ദൃശ്യമികവ് തന്നെ അത്ഭുതപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗ്രന്ഥകാരി ആരംഭിക്കുന്നത് (Author’s Note). ഇന്ത്യന്‍ സിനിമയുടെ ആഗോളവല്‍ക്കരണത്തെ കുറിച്ചു പറയുന്ന ഇക്കാലത്തും ആദ്യകാല ഇന്ത്യന്‍ സിനിമയുടെ ആഗോളവല്‍ക്കരണത്തിന്റെ ഉത്തമ മാതൃകയായ ഈ ചിത്രങ്ങള്‍ വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല എന്ന് അവര്‍ കരുതുന്നു. അണിയറയിലും പ്രേക്ഷക പങ്കാളിത്തത്തിലും ഒരുപോലെ ഗ്ലോബല്‍ ആയിരുന്നു ഈ നിശ്ശബ്ദ ചിത്രങ്ങള്‍. ബോംബെ ടോക്കീസിന്റെ സ്ഥാപനത്തിലേക്ക് നയിച്ച ഈ പ്രതിഭാസത്തെ അന്നത്തെ നായികയുടെ ജീവിതത്തിന്റെ കണ്ണാടിയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം, നായികയിലേക്ക്‌ തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. പുരുഷധികാര ചുറ്റുപാടുകളില്‍ തന്റെ മാനസ സന്തതിയായ സ്റ്റുഡിയോ ഉള്‍പ്പെടുന്ന തന്റെ ജീവിതത്തെ അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഒരു ‘ബംഗാള്‍ കടുവയുടെ പോരാട്ടവീര്യം തന്നെ അവര്‍ കാഴ്ച്ചവെച്ചതെങ്ങനെ എന്ന അന്വേഷണമാണ് ഗ്രന്ഥകാരി നടത്തുന്നത്. ദേവികാ റാണിയെ “പോരാട്ട മനസ്ഥിതിക്കാരിയും അസാധര്‍ണ കഴിവുകള്‍ ഉള്ള, സുന്ദരിയായ സ്ത്രീയും, മഹതിയായ അഭിനേത്രിയും തീക്ഷ്ണമായ വൈയക്തിക ദുഃഖങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സിനിമയുടെ വഴികളെ പല നിലക്കും മാറ്റിമറിച്ച സ്റ്റുഡിയോ മേധാവിയും. അന്നും ഇന്നും ഒരു അഗ്രഗാമി” എന്നീ നിലകളില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ്‌ താന്‍ സാധിച്ചത് എന്ന് അവര്‍ പറഞ്ഞുവെക്കുന്നുണ്ട്.

സ്ത്രീകളെ സംബന്ധിച്ച് സിനിമാപ്രവേശം എന്നത് അന്തസ്സുകെട്ട ഒന്നാണെന്ന പൊതുബോധം നിലനിന്ന ഇരുപതുകളിലും മുപ്പതുകളിലും ഈ രംഗത്തേക്ക് കടന്നുവരികയും കരിയറിലും പുറത്തും തനിക്കെതിരെ നിന്ന പുരുഷന്മാരെ തന്ത്രപരമായ രീതിയില്‍ മറികടക്കുകയും ഇടപെട്ട മേഖലകളില്‍ (അഭിനയം, സ്ക്രിപ്റ്റിംഗ്, കോസ്റ്റ്യൂം ഡിസൈന്‍ തുടങ്ങി) വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ദേവികാ റാണി അക്ഷരാര്‍ത്ഥത്തില്‍ ഒരു ആധുനിക സ്ത്രീയാണ്. പുസ്തകത്തിന്റെ തലക്കെട്ടിനു നിദാനമായ ആ ചുംബന രംഗം തന്നെ അതിന്റെ ഒരു രൂപകമായി ഗ്രന്ഥകാരി കണ്ടെടുക്കുന്നു. ദേവികയുടെ സ്വന്തം തിരക്കഥയില്‍ നിര്‍മ്മിക്കപ്പെട്ട ‘കര്‍മ്മ’ (1933)  എന്ന ചിത്രത്തിന് വേണ്ടി അവര്‍ അഭിനയിച്ച ഏതാണ്ട് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ലിപ് ലോക്ക് രംഗം ഇന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന രംഗമാണ്. യഥാര്‍ത്ഥ ജീവിതത്തിലും അവരുടെ ഭര്‍ത്താവായിരുന്ന ആളിനെയാണ് ചുംബിക്കുന്നത് എന്ന് ഇന്നു പറയാമെങ്കിലും അതൊരു പൊതുപ്രദര്‍ശനത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന വസ്തുത ആ കാലഗണനയില്‍ തന്നെ കാണണം. തന്റെ ജീവിതത്തില്‍ ഉടനീളം അവര്‍ വെച്ചുപുലര്‍ത്തിയ സുതാര്യതയുടെ ചിഹ്നം കൂടിയാണത്. യൂറോപ്യന്‍ പ്രേക്ഷകരെയാണ് അവര്‍ മുന്നില്‍കണ്ടത് എന്നതും ഒരു ഘടകമായിരുന്നു. ദേവിക – ഹിമാന്‍ശു പ്രണയം തുടങ്ങിയതും ഇംഗ്ലണ്ട് പഠന കാലത്താണ്. അന്നേ അവിടെ അറിയപ്പെടുന്ന നിശ്ശബ്ദ സിനിമാ നായകനായിരുന്നു ദേവികയെക്കാള്‍ പതിനാറു വയസ്സ് കൂടുതലുള്ള ഹിമാന്‍ശു. വാസ്തവത്തില്‍ ഒറിയന്റലിസ്റ്റ് അഭിരുചികള്‍ തന്നെയാണ് ‘കര്‍മ്മയുടെ പ്രമേയത്തെയും നിര്‍ണ്ണയിച്ചത് എന്നു കാണാം. പാമ്പാട്ടികളും കടിച്ച പാമിപ്നെ കൊണ്ടു വിഷമിറക്കിക്കുന്ന രീതിയും, രാജകുമാരനും കുമാരിയുമെല്ലാം ഇന്ത്യയെ സംബന്ധിച്ച ‘എക്സോടിക്/ ഒറിയന്റലിസ്റ്റ് സങ്കല്‍പ്പനങ്ങള്‍ തന്നെ. ദേവികയുടെ സമീപനത്തിലെ കൂസലില്ലായ്മയും സത്യസന്ധതയും തന്നെയാണ് പുറത്തധികമാരും അറിഞ്ഞിരുന്നില്ലാത്ത ഗാര്‍ഹിക പീഡന അനുഭവങ്ങളില്‍ നിന്നു പുറത്തുകടക്കാനും രണ്ടാമതു ചിത്രത്തിലെ സഹതാരവും വിവാഹിതനുമായിരുന്ന നജ്മല്‍ ഹസനുമായി ഒളിച്ചോടാനും അവരെ പ്രാപ്തയാക്കുന്നതും. വിഭജനത്തിലേക്ക് നയിക്കുന്ന ഹിന്ദു-മുസ്ലിം അനൈക്യത്തിന്റെ മുപ്പതുകളില്‍ അതൊരു അപാരധൈര്യമായിരുന്നു. സിനിമക്കു വേണ്ടി യൂസുഫ് ഖാനെ ദിലീപ് കുമാര്‍ ആക്കിയ ദേവികാ റാണിക്ക് സ്വകാര്യജീവിതത്തില്‍ അത്തരം മതിലുകളില്‍ താല്‍പ്പര്യമേ ഇല്ലായിരുന്നു എന്നും വ്യക്തമായിരുന്നു. എന്തായാലും, ബോംബെ ടോക്കീസിന്റെ മുഖമായിരുന്ന ദേവികയെ അനുനയിപ്പിക്കുക എന്നത് അക്കാലത്ത് എല്ലാവരുടെയും ആവശ്യമായിരുന്നു, അതുകൊണ്ടുതന്നെ ഹിമാന്‍ശുവും സ്റ്റുഡിയോയിലെ ഇതര ഓഹരി ഉടമകളും വേണ്ടതെല്ലാം ചെയ്തു. അശോക്‌ കുമാറിന്റെ കടന്നുവരവില്‍ പോലും ദേവികയില്‍ അനുരക്തനാവാന്‍ ഇടയില്ലാത്ത ഒരാളെ കണ്ടെത്തുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന് ഗ്രന്ഥകാരി കണ്ടെത്തുന്നു. മടിച്ചു മടിച്ചും പേടിച്ചും രംഗത്തെത്തിയ മെലിഞ്ഞു അശുവായ ചെറുപ്പക്കാരന്‍ തന്നെക്കാള്‍ ഒരു പാട് ഉയരത്തിലുള്ള സുപ്രസിദ്ധ സുന്ദരി നായികയെ പ്രണയിക്കാനുള്ള സാധ്യതയില്ലായിരുന്നു; തിരിച്ചും. ‘അച്യുത് കന്യ (1936) മുതല്‍ ആരംഭിച്ച ആ ജോഡി ഇന്ത്യന്‍ സിനിമയുടെ ചരിത്രമായത് മറ്റൊരു ഐറണി.

പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ ആരംഭിക്കുന്നത് റൂറിക്കിനു എഴുതിയ വ്യക്തിപരമായ കത്തുകളുടെ ഉദ്ധരണികളോടെയാണ്. വാസ്തവത്തില്‍ അവര്‍ റഷ്യന്‍ സുഹൃത്തിനെ കണ്ടെത്തുന്നത് ഒട്ടേറെ കഴിഞ്ഞാണ്, ഹിമാന്‍ശുവിന്റെ മരണത്തിനും (1940) ശേഷം. എന്തുകൊണ്ടാണ് 1945ല്‍ മാത്രം ആരംഭിക്കുന്ന ഈ കത്തിടപാടുകള്‍ ഇരുപതുകള്‍ മുതലുള്ള ആഖ്യാനത്തില്‍ കൂട്ടിച്ചേര്‍ത്തത് എന്നതിന് ഗ്രന്ഥധകാരി അഭിമുഖങ്ങളില്‍ നല്‍കിയ ഉത്തരം പ്രസക്തമാണ്‌. ഒട്ടേറെ പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു അതിസുന്ദരിയായ ദേവികക്ക് എന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍, ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ഉള്‍പ്പടെ അംഗീകാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും, അടിസ്ഥാന പരമായി തികച്ചും ഒരു സ്വകാര്യ വ്യക്തി ആയിരുന്ന ദേവിക ഫലത്തില്‍ ഒരു നിഗൂഡത ആയി തുടര്‍ന്ന്. അവര്‍ അവരുടെ ഹൃദയം തുറന്നത് സ്വെറ്റോ സ്ലാവിനുള്ള ഈ കത്തുകളില്‍ മാത്രമാണ്. അവിടെ മാത്രമാണ് അവര്‍ തന്റെ കരിയറിനെയും ജീവിതത്തെയും തികച്ചും സത്യസന്ധവും എന്നാല്‍ വൈകരികവുമായി വിലയിരുത്തിയത്. ‘സമ്പൂര്‍ണ്ണ ജോഡി ഇമേജിനപ്പുറം ഹിമാന്‍ശുവില്‍ നിന്ന് നേരിടേണ്ടി വന്ന ഗാര്‍ഹിക പീഡനം, അദ്ദേഹത്തിന്‍റെ അവസാന നാളുകളില്‍ സ്റ്റുഡിയോയില്‍ നിന്ന് ദേവികയെ ഒഴിവാക്കാന്‍ വേണ്ടി അവരുടെ തന്നെ മുന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ കരുനീക്കങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ തന്നെ കടുപ്പിച്ചു കളഞ്ഞതായി ഈ കത്തുകളില്‍ അവര്‍ പരാതിപ്പെട്ടു. ഹിമാന്‍ശുവിന്റെ ഇതരബന്ധങ്ങളുടെ സാക്ഷ്യമായി എത്തിയ ജര്‍മ്മന്‍കാരി മകള്‍ അവരെ സംബന്ധിച്ച് ഒരു ഞെട്ടല്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ടെവികയും റോറിക്കും തങ്ങളുടെ ജീവിതങ്ങളില്‍ തങ്ങളുടെതായ രീതിയില്‍ മുറിവേറ്റവരും വൈകാരിക അഭയം തേടുന്നവരും ആയിരുന്നു എന്നത് തന്നെയാണ് ഇരുവരെയും അടുപ്പിച്ചതും. സ്വന്തം പശ്ചാത്തലത്തിനു സമാനമായ വിധത്തില്‍ റൂറിക്കിന്റെ സമ്പന്നവും ബൌദ്ധികമായി കുലീനവുമായ പശ്ചാത്തലവും ദേവികക്ക് ഏറ്റവും ആവശ്യമുള്ള കൂട്ടും സമത്വ ബോധവും ഉറപ്പു വരുത്തുകയും ചെയ്തു. ഒടുവില്‍ തന്നെ മനസ്സിലാക്കാനും പുരുഷാധിപത്യ ജാടകള്‍ ഇല്ലാതെ പിന്തുണയ്ക്കാനും കഴിയുന്ന ഒരാളെ അവര്‍ കണ്ടെത്തുകയായിരുന്നു.

ഹിമാന്‍ശു മാത്രമല്ല ദേവികാ റാണിയുടെ ജീവിതത്തില്‍ പുരുഷാധിപത്യ ഗര്‍വ്വിന്റെ പാടുകള്‍ വീഴ്ത്തിയത് എന്ന് കീശ്വര്‍ ദേശായ് സൂചിപ്പിക്കുന്നു. അശോക്‌ കുമാര്‍ ഉള്‍പ്പടെ അവര്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്നവര്‍ പോലും സന്ദിഗ്ധ ഘട്ടത്തില്‍ അവരെ കയ്യൊഴിഞ്ഞു. ബോംബെ ടോക്കീസില്‍ സ്ക്രിപ്റ്റ് എഴുത്തുകാരന്‍ ആയിരുന്ന സാക്ഷാല്‍ സാദത്ത്‌ ഹസന്‍ മന്‍ടോ അദ്ദേഹത്തിന്‍റെ കഥകളില്‍ വളരെ നേരിയ വേഷപ്രച്ഛഹ്നത്തില്‍ അവരെ താറടിച്ചിട്ടുണ്ട് എന്ന് A Woman for All Seasons എന്ന കഥയിലെ ലതീക റാണിയുടെ പാത്രസൃഷ്ടിയെ ആസ്പദമാക്കി പുസ്തകം നിരീക്ഷിക്കുന്നു. എന്നാല്‍, തന്റെ ഏറ്റവും സ്വകാര്യമായ വിഷമങ്ങളോ, ആദ്യകാലത്ത് സ്റ്റുഡിയോ തുടങ്ങുന്നതിനു വേണ്ടി സഹിച്ച പ്രയാസങ്ങളോ ഒന്നും ഒരിക്കലും ആരെയും അറിയിക്കാതിരിക്കുക എന്ന ദേവികയുടെ പ്രകൃതവും അവരെ ശരിയായി മനസ്സിലാക്കുന്നതില്‍ നിന്ന് മന്‍ടോയെ പോലുള്ളവരെ തടഞ്ഞിരിക്കാം.

മുറിവേറ്റ മനസ്സുമായി, എന്നാല്‍ സ്വതസിദ്ധമായ രീതിയില്‍, ആരോടും പരാതി പറയാന്‍ നില്‍ക്കാതെയാണ് ദേവികാ റാണി ബോംബെ ടോക്കീസ് വിട്ടുപോകുന്നത്. 1945ലെ ആഗസ്റ്റ്‌ 15നു തന്റെ ഷെയറുകള്‍ ഔദ്യോഗികമായി ഷിറാസ് അലിക്ക് കൈമാറി അവര്‍ അരങ്ങൊഴിയുന്നു. അതേ മാസം ഇരുപത്തിമൂന്നിന് അവര്‍ റൂറിക്കിനെ വിവാഹം ചെയ്തു. കുലു താഴ്വരയിലുള്ള റൂറിക്കിന്റെ വസതിയിലേക്ക് മധുവിധു ആഘോഷത്തിന് പോകുന്ന ദമ്പതികളുടെ ബാംഗളൂരിലുള്ള പില്‍ക്കാല ജീവിതകഥ ഗ്രന്ഥകാരി ഏതാനും താളുകളില്‍ ചുരുക്കുന്നു. ഒരു വേള, അതൊരു തുടര്‍ച്ചക്കുള്ള വിഷയമാണ്‌ എന്ന് അഭിമുഖങ്ങളില്‍ അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നഗര പ്രാന്തത്തിലുള്ള ടാറ്റാഗുനി (Tataguni) എസ്റ്റേറ്റില്‍ ശാന്തമായി ഉറങ്ങുന്ന ദമ്പതികള്‍ ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. “ദേവിക അവര്‍ ജീവിച്ചിരുന്ന പോലെത്തന്നെ മരിച്ചു, വിവാദങ്ങള്‍ക്കു നടുവില്‍, വിസ്മൃതിയില്‍ പെട്ടുപോകാന്‍ വിസമ്മതിച്ചുകൊണ്ട്. ഇന്നും, നിങ്ങള്‍ ബോംബെ ടോക്കീസിന്റെ നശാവശിഷ്ടങ്ങള്‍, അല്ലെങ്കില്‍ അവരുടെ ഓര്‍മ്മക്കായി പരുക്കനായി വെട്ടിയ ഒരു ശില സ്ഥാപിക്കപ്പെട്ടിട്ടുള്ള നഗ്ഗറിലെ ഉല്ലാസകേന്ദ്രം, അതുമല്ലെങ്കില്‍ ടാറ്റാഗുനിയിലെ പന്തലിച്ചുനില്‍ക്കുന്ന ഒരു പുരാതന ആല്‍മരത്തിനടുത്തുള്ള ഗംഭീര ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരുടെ, വന്യവും സ്വതന്ത്രവുമായ വീര്യവും ചുറ്റിലും ലാവണ്യം സൃഷ്ടിക്കാനുള്ള അവരുടെ തൃഷ്ണയും അനുഭവപ്പെടും.”

ഹിമാന്‍ശുവുമായുള്ള വിവാഹബന്ധം സാഹചര്യത്തിന്റെയും ചെറുപ്പത്തിന്റെ പക്വതയില്ലയ്മയുടെയും സമാന പ്രൊഫഷനല്‍ താല്‍പര്യങ്ങളുടെതും ആയിരുന്നെങ്കില്‍, സ്വെറ്റോസ്ലാവ് അവരുടെ ആത്മസഖാവു തന്നെയായിരുന്നു എന്ന് കീശ്വര്‍ ദേശായി അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം പറഞ്ഞുവെക്കുന്നുണ്ട്. നഗ്ഗറിലും ടാറ്റാഗുനിയിലുമായി തന്റെ ചാരം സൂക്ഷിക്കപ്പെടനം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു, സ്വെറ്റ്സ്ലാവിന്റെ അരികില്‍ ഉറങ്ങണമെന്നും. “താന്‍ സഹിച്ച എല്ലാവിധ അവമതികളും പീഡനങ്ങളും എല്ലാമുള്ളപ്പോഴും ആത്മവിശ്വാസം നിലനിര്‍ത്തിയതിന് തനിക്കു നല്‍കപ്പെട്ടു എന്ന് അവര്‍ വിശസിച്ച ആ ‘പ്രതിഫലം അദ്ദേഹമായിരുന്നു.”

അശോക്‌ കുമാര്‍, ദിലീപ് കുമാര്‍, ലീല ചിറ്റ്നിസ് തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പ്രതിഭകളെ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്ത, ആദ്യകാല ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകള്‍ ആയ Karma (1933), Jawani Ki Hawa (1935), Achhut Kanya (1936), Izzat (1937), Durga (1939), Anjan (1941), Hamari Baat (1943) തുടങ്ങിയ ചിത്രങ്ങളുടെ ജീവാത്മാവായ നായികാ നടിയായിരുന്ന, ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍ നായികയും താര ചക്രവര്‍ത്തിനിയുമായിരുന്ന ബഹുമുഖ പ്രതിഭയെ അറിഞ്ഞാദരിക്കുകയും തികച്ചും പ്രതികൂലമായ സാഹചര്യത്തിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത പെണ്‍ കരുത്തായി അവരെ കണ്ടെത്തുകയും ചെയ്യുന്ന പുസ്തകം എന്ന നിലയില്‍ കീശ്വര്‍ ദേശായിയുടെ കൃതി ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ടതാണ്.

ദേശായിയുടെ പുസ്തകങ്ങള്‍ Darlingji: The True Love Story of Nargis and Sunil Dutt, Jallianwala Bagh, 1919: The Real Story തുടങ്ങിയ നോണ്‍ ഫിക് ഷന്‍ കൃതികളോടൊപ്പം വിഖ്യാതമായ കോസ്റ്റാ ഫസ്റ്റ് ബുക്ക് അവാര്‍ഡ് നേടിയ Witness The Night തുടര്‍ന്നിറങ്ങിയ Origins of Love, The Sea of Innocence എന്നീ നോവലുകളും ഉള്‍പ്പെടുന്നു. Devika Rani: Goddess of the Silver Screen’, ‘Manto!   തുടങ്ങിയ പ്രസിദ്ധമായ നാടകങ്ങളും അവരുടെ സംഭാവനകളില്‍ പെടുന്നു. അമ്രിത് സര്‍ ടൌണ്‍ഹാളില്‍ ലോകത്തിലെ ആദ്യത്തെ Partition Museum സ്ഥാപിച്ച The Arts and Cultural Heritage Trust ന്റെ ചെയര്‍ പേഴ്സന്‍ വെസ്റ്റ്‌ മിന്‍സ്റ്ററില്‍ ആദ്യ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് മുന്‍ കൈ എടുത്ത വ്യക്തിത്വം എന്നീ നിലകളിലും അവര്‍ സാമൂഹിക ഇടപെടലുകളില്‍ സജീവമാണ്.   

 

Friday, December 6, 2024

Suchitra Sen: The Legend And The Enigma by Shoma A. Chatterji

 സുചിത്രാ സെന്‍ - പെരുമയും സമസ്യയും



ഇന്ത്യന്‍ സിനിമയുടെ തുടക്കം മുതലേ അതില്‍ സവിശേഷപദവിയുണ്ട് ബംഗാളി സിനിമക്ക്. ഒരു വശത്ത്‌ ഇന്ത്യന്‍ സാഹിത്യ, സാംസ്കാരിക മേഖലകളിലെ ഏറ്റവും സമാദരണീയരായ വ്യക്തിത്വങ്ങള്‍ സൃഷ്ടിച്ച നവോത്ഥാന ഉണര്‍വ്വുകളും ദീര്‍ഘ കാലം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമെന്ന പ്രത്യേക നേട്ടങ്ങളുടെ ഫലമായുണ്ടായ സാങ്കേതിക മേഖലകളിലെ മുന്നേറ്റവും ഉള്ളപ്പോള്‍ തന്നെ മറുവശത്ത്‌ സ്വാതന്ത്ര്യ സമരം, ഇന്ത്യ-പാക് വിഭജനം, ബംഗാള്‍ വിഭജനം തുടങ്ങിയ തീക്ഷ്ണമായ അനുഭവങ്ങളുടെ തിരിച്ചടികളും ബംഗാളി സിനിമയെ സമ്മിശ്രമായി ബാധിച്ചു. വിഭജനത്തെ തുടര്‍ന്ന് നേരിട്ട തകര്‍ച്ചയുടെ പ്രകടിത രൂപം സാമ്പത്തിക പ്രഭവങ്ങള്‍ പെട്ടെന്ന് വറ്റിപ്പോയതു മാത്രമായിരുന്നില്ല, ബംഗാള്‍ സിനിമയുടെ മുതല്‍ക്കൂട്ടുകള്‍ ആയിരുന്ന പ്രതിഭാശാലികള്‍ ചിതറിപ്പോയതും സമാന്തരമായി ഉയര്‍ന്നു വന്ന ബോളിവുഡ് അത്തരം പ്രതിഭകളെ ഒരു കാന്തക്കല്ലിലേക്കെന്നോണം ആകര്‍ഷിച്ചതും കൂടിയായിരുന്നു. ഇതിന്റെയൊക്കെ ഫലമായി നിര്‍മ്മാണ നിലവാരത്തിലും ഉള്ളടക്കത്തിലും നേരിട്ട പിറകോട്ടടിയില്‍ നിന്ന് തിരിച്ചു കയറാന്‍ ബംഗാള്‍ സിനിമ നടത്തിയ ശ്രമങ്ങളാണ് അമ്പതുകളുടെയും അറുപതുകളുടെയും ‘സുവര്‍ണ്ണകാല’ത്തെ അടയാളപ്പെടുത്തുന്നത്. ചൈതന്യവത്തായിരുന്ന ബംഗാളി സാഹിത്യത്തിന്റെ പിന്‍ബലം ഏറ്റവും വലിയ ഊര്‍ജ്ജമായിരുന്ന ഈ സുവര്‍ണ്ണകാലത്തിന്റെ മികച്ച ചിഹ്നങ്ങളില്‍ ഒന്നായി ഉയര്‍ന്നു വന്ന മറ്റൊരു ഘടകമായിരുന്നു ബംഗാളി സിനിമയുടെ ‘മഹാനയകന്‍’ ഉത്തം കുമാറും ‘മഹാനായിക’ സുചിത്ര സെന്നും ചേര്‍ന്നുള്ള താരജോടി. 1952-ല്‍ പുറത്തിറങ്ങിയ ‘സാരെ ചോത്താര്‍’ മുതല്‍ 1975-ല്‍ റിലീസ് ചെയ്ത ‘പ്രിയോ ബാന്ധബി’ വരെ മുപ്പതോളം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഈ താരജോടി ബോക്സ് ഓഫീസിന്റെ മാത്രമല്ല, ബംഗാളി സിനിമയുടെ തന്നെ ചരിത്രഗതിയെയാണ് തിരുത്തിയെഴുതിയത്. ഉത്തം കുമാര്‍ 1980-ല്‍ അന്തരിച്ചപ്പോള്‍ സുചിത്ര സെന്‍ 2014 ജനുവരി 17-നു കാലയവനികക്കുള്ളില്‍ മറഞ്ഞു. എന്നാല്‍, 1978-ല്‍ പുറത്തിറങ്ങിയ ‘പ്രണോയ് പാശ’  എന്ന സമ്പൂര്‍ണ്ണ പരാജയ ചിത്രത്തിന് ശേഷം എല്ലാ തരം പൊതു മണ്ഡലത്തില്‍ നിന്നും വിടപറഞ്ഞ സുചിത്ര സെന്‍ സ്വയം വരിച്ച മൌനത്തിലേക്കും ആധ്യാത്മികതയുടെ സ്വാസ്ഥ്യത്തോടെയുള്ള കുടുംബാന്തരീക്ഷത്തിലേക്കും പിന്‍ വാങ്ങി. ഈ മൂന്നര പതിറ്റാണ്ടിനിടയില്‍ ഉത്തം കുമാറിന്റെ മരണാന്തര ചടങ്ങിലും മറ്റൊരിക്കല്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ എടുപ്പിനും എന്നിങ്ങനെ രണ്ടേ രണ്ടു ഘട്ടങ്ങളില്‍ മാത്രമാണ് അവരാ സ്വകാര്യത വിട്ടു പുറത്തിറങ്ങിയത്. നേരിട്ടെത്തി സ്വീകരിക്കണം എന്ന നിബന്ധനയുള്ളത് കൊണ്ട് 2005-ല്‍ രാഷ്ട്രം നല്‍കിയ ഫാല്‍ക്കെ പുരസ്കാരം വേണ്ടെന്നു വെച്ച ചരിത്രമാണ് അവര്‍ക്കുള്ളത്. ജീവച്ചരിത്രകാരന്മാര്‍ക്കും ഫിലിം ജേണലിസ്റ്റുകള്‍ക്കും ഇന്നും ദുരൂഹമായി തുടരുന്ന ആ വ്യക്തിത്വത്തിലെ താരവും അഭിനേതാവുമെന്ന എന്ന ദ്വന്ദ്വത്തെയും അവ രണ്ടും എങ്ങനെ ഒടുവില്‍ ഒന്നായിത്തീരുന്നു എന്ന ചോദ്യത്തെയും നേരിടുന്ന പുസ്തകമാണ് ഷോമ എ. ചാറ്റര്‍ജിയുടെ ‘സുചിത്ര സെന്‍: പെരുമയും സമസ്യയും (Suchithra Sen – The Legend and the Enigma).

തുടക്കം, സിനിമയിലേക്ക്

അവിഭക്ത ബംഗാളിലെ ഭീര്‍ഭും ജില്ലയിലെ പാബ്നയില്‍ എട്ടു മക്കളുള്ള ഇടത്തരം കുടുംബത്തില്‍ അഞ്ചാമതായി ജനിച്ച കൃഷ്ണ എന്ന് വിളിപ്പേരുണ്ടായിരുന്ന റോമ എന്ന പെണ്‍കുട്ടിയെ സംബന്ധിക്കുന്ന നിഗൂഡതകള്‍ ജനനതിയതിയെ കുറിച്ച് തന്നെ തുടങ്ങുന്നു. അതെ കുറിച്ച് 1931 എന്നും 1934 എന്നും പറയപ്പെടുന്നുണ്ട്. വിഭജനത്തെ തുടര്‍ന്ന് കല്‍കത്തയില്‍ എത്തിയ ശേഷം ശാന്തി നികേതനിലായിരുന്നു വിദ്യാഭ്യാസമെന്നും തീര്‍ച്ചയില്ലാത്ത സൂചനയുണ്ട്. അതീവ സുന്ദരിയായിരുന്നത് കൊണ്ടാവാം ചെറുപ്പത്തില്‍ തന്നെ, 1947-ല്‍, ദിബനാധ് സെന്നുമായുള്ള വിവാഹം നടന്നതെന്ന് ഗ്രന്ഥകാരി കരുതുന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിന്റെയും പിന്തുണയോടെയാണ് അവര്‍ സിനിമയിലെത്തിയതെങ്കിലും താമസിയാതെ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണങ്ങളും ദുരൂഹമാണ്.  

സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നീ സമാന്തര സിനിമയിലെ ത്രിമൂര്‍ത്തികളുടെ ചിത്രങ്ങളിലൊന്നും അഭിനയിക്കാതെ തന്നെ ഒരു ഐക്കോണിക് പദവിയിലേക്ക് ഉയരാന്‍ സുചിത്രാ സെന്നിനെ സഹായിച്ച ഘടകങ്ങള്‍ അവരുടെ അനുപമ സൗന്ദര്യവും അഭിജാതമായ സ്ക്രീന്‍ സാന്നിധ്യവും ഒപ്പം അഭിനയപ്രതിഭയും ചേര്‍ന്നു ഉരുവപ്പെടുത്തിയ പ്രഭാവമായിരുന്നു. ടാഗോറിന്റെ ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരത്തിലും അഭിനയിക്കാന്‍ കഴിയാതിരുന്ന സുചിത്രാ സെന്നിനെ ഒരിക്കല്‍ അത്തരം ഒരു ഓഫര്‍ തേടിയെത്തിയെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്ന ഹേമന്‍ ഗാംഗുലിയുടെ ആത്മഹത്യയെ തുടര്‍ന്ന് ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടു. ബങ്കിം ചന്ദ്രയുടെ ‘ദേവി ചൌധുരാണി’യിലെ ടൈറ്റില്‍ വേഷത്തിനായി സത്യജിത് റായിയുടെ ക്ഷണം എത്തിയെങ്കിലും തുടര്‍ച്ചയായ ഡേറ്റ് നല്‍കുക സാധ്യമല്ലായിരുന്നു എന്നത് കൊണ്ട് അവര്‍ സമ്മതം മൂളിയതുമില്ല.

ഉത്തം കുമാറിനൊപ്പം, അതിനപ്പുറവും   

ഉത്തം കുമാറിന്റെ ‘സമ്പൂര്‍ണ്ണ ബംഗാളിത്തം’ തുടിക്കുന്ന അഭിനയ നൈപുണ്യത്തോടൊപ്പം നിന്ന് സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ തന്റെ സിദ്ധികള്‍ അവരെ സഹായിച്ചതെങ്ങനെയെന്ന വിശദമായ വിശകലനമാണ് ‘അഗ്നിപരീക്ഷ’, ‘ഹരാനോ സൂര്‍’, ‘രാജലക്ഷ്മി ഓ ശ്രീകന്തോ’, ‘സപ്തപദി’, ‘നവരംഗ്’ എന്നീ ചിത്രങ്ങളുടെ പഠനത്തിലൂടെ ‘ഉത്തം കുമാറും സുചിത്രാ സെന്നും’ എന്ന അധ്യായത്തില്‍ ഗ്രന്ഥകാരി നടത്തുന്നത്. സ്ക്രിപ്റ്റും സംവിധായകനും ആവശ്യപ്പെടുന്ന വ്യത്യസ്തതയോടെ സ്ക്രീന്‍ റോമാന്സിന്റെ മാന്ത്രികത ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് സുചിത്ര- ഉത്തം ജോടിയുടെ വിജയ മന്ത്രമായത്. ‘ഫ്ലോപ്പുകളുടെ തമ്പുരാനും ഊമ ബൊമ്മയും’ എന്ന് ഒരു ഘട്ടത്തില്‍ ഇകഴ്ത്തപ്പെട്ട താരജോടി ബംഗാളി സിനിമയുടെ ഹിറ്റുകളുടെ പര്യായമായത് വളരെ പെട്ടെന്നാണ്. രണ്ടു പതിറ്റാണ്ടിലേറെ കാലം നിലനിര്‍ത്തിയ പരസ്പര ബഹുമാനത്തിലധിഷ്ടിതമായ സഹവര്‍ത്തിത്തവും ആരോഗ്യകരമായ മത്സരവുമാണ് ഇതിനു നിദാനമായത് എന്ന് നിരീക്ഷിക്കപ്പെട്ടു. “എന്റെ നായികമാരില്‍ ഏറ്റവും സുന്ദരിയും ഏറ്റവും ഗ്ലാമര്‍ ഉള്ളവളും റോമയാണ്.” എന്ന് ഉത്തം കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ‘സപ്തപദി’യുടെ (1961) സെറ്റില്‍ വെച്ച് ഈ സൌഹൃദത്തില്‍ വിള്ളല്‍ വീണത്‌ നീണ്ട ആറു വര്‍ഷക്കാലം താരജോടികളെ അകറ്റി നിര്‍ത്തി.

താരത്തില്‍ നിന്ന് അഭിനേത്രിയിലേക്കുള്ള പരിണാമം പരിശോധിക്കുന്ന അധ്യായത്തില്‍ സമകാലീനരായിരുന്ന അഭിനേത്രികളുമായി സുചിത്രാ സെന്നിനെ തുലനം ചെയ്യുന്നുണ്ട്. ഒരഭിനേത്രിയെന്ന നിലയില്‍ അവര്‍ സ്വന്തം സൗന്ദര്യത്തിന്റെ നിഴലില്‍ പെട്ട് പോയിരുന്നുവെന്നു ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. ഉത്തം കുമാറിന്റെ നിഴലില്‍ പെട്ടുപോയതു കൊണ്ട് അഭിനയ പ്രാധാന്യമുള്ള മുഹൂര്‍ത്തങ്ങള്‍ക്ക് പകരം ക്ലോസ് അപ്പ് സൗന്ദര്യസാന്നിധ്യമായി നിറഞ്ഞു നില്‍ക്കുക എന്ന വിധിയായിത്തീര്‍ന്നു നായികയുടെത് എന്നതും അവര്‍ക്ക് കഴിവുറ്റ നടിയെന്ന നിലയില്‍ പരിമിതിയായിത്തീര്‍ന്നു. ഇക്കാര്യത്തില്‍ നര്‍ഗ്ഗീസിന്റെയും മധുബാലയുടെയും മീനാ കുമാരിയുടെയും ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ് കപൂറിന്റെ നിഴലില്‍ നിന്ന് പുറത്തു കടക്കും വരെ നര്‍ഗ്ഗീസിന്റെ പ്രതിഭ സ്വയം സ്ഥാപിക്കപ്പെട്ടില്ല. മധുബാലയാകട്ടെ, തന്റെ അഭൌമ സൗന്ദര്യത്തെ മാത്രം ശ്രദ്ധിച്ച സിനിമയില്‍ അനന്യമായ നൈസര്‍ഗ്ഗി പ്രതിഭയെ പ്രകാശിപ്പിക്കാനുള്ള അവസരങ്ങള്‍ക്ക് വേണ്ടി എന്നും കാത്തിരിപ്പായിരുന്നു. എന്നാല്‍ സൗന്ദര്യത്തിന്റെ തിളക്കം അത്രയ്ക്ക് അവകാശപ്പെടാനില്ലാത്ത മീനാ കുമാരിക്ക് എപ്പോഴും അഭിനയ പ്രധാനമായ വേഷങ്ങള്‍ ലഭിച്ചു വന്നു. ഉത്തം കുമാറിന്റെ കൂടെയല്ലാതെ അഭിനയിച്ച ‘സ്മൃതിതുകു താക്’, ‘സാത് പാകെ ബന്ധാ’, ‘ഉത്തര്‍ ഫാല്‍ഗുനി’ തുടങ്ങിയ നായികാ പ്രധാനമായ ചിത്രങ്ങളില്‍ തന്റെ കഴിവ് കൊണ്ട് തന്നെ ചിത്രങ്ങള്‍ വിജയിപ്പിക്കാനാവുന്ന പ്രതിഭാവിലാസം സുചിത്രാ സെന്‍ തെളിയിച്ചു. അഭിജാതമായ പാരമ്പര്യങ്ങള്‍ക്ക് നേരെ എതിരറ്റത്തു നിന്ന് വന്നു തന്റേതായ ഇരിപ്പിടം സൃഷ്ടിച്ച കനാന്‍ ദേവിയെ കുറിച്ച് ‘ഒരുപക്ഷെ അഭിനയത്തിലും പാട്ടിലും സമ്പൂര്‍ണ്ണ സംതുലിതത്വം നിലനിര്‍ത്തുകയും തന്റെ പ്രേക്ഷകര്‍ക്കായി താര പരിവേഷത്തെ പ്രസരിപ്പിക്കുകയും ചെയ്തതില്‍ ഏറ്റവും വിജയിച്ച ഇന്ത്യന്‍ താരം’ എന്നും ‘ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ബഹുമുഖ സിദ്ധിയുള്ള പ്രതിഭകളില്‍ ഒരാള്‍’ എന്നും വിലയിരുത്തുമ്പോഴും ആ പതിത്വത്തിന്റെ നിഴലില്‍ പെട്ടുപോയ അവര്‍ക്ക് അര്‍ഹിക്കുന്ന മാന്യത ആരാധകര്‍ അവര്‍ക്ക് വക വെച്ച് കൊടുക്കുകയുണ്ടായില്ല എന്ന ഗ്രന്ഥകാരിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അരുന്ധതി ദേവിയുടെ കാര്യത്തില്‍ അവരുടെ ഉന്നത വിദ്യാഭ്യാസവും കുലീന, പ്രഭുകുല ഭാവവും ആഡിവ്യത്തം തുളുമ്പുന്ന  സൗന്ദര്യവും ഒരേസമയം അവര്‍ക്ക് സിദ്ധിയും പരിമിതിയുമായിത്തീര്‍ന്നു. ‘ബിചാരക്, ജിന്ദേര്‍ ബന്ദി, ഭാഗിനി നിവേദിത തുടങ്ങിയ ചിത്രങ്ങളില്‍ ബഹുമുഖ പ്രതിഭ തെളിയിക്കാനായെങ്കിലും അവര്‍ ഏറെക്കുറെ പ്രവചനീയ വേഷങ്ങളില്‍ ഒതുങ്ങി. സാവിത്രി ചാറ്റര്‍ജിയെ തന്റെ നായികമാരില്‍ കഴിവ് കൊണ്ട് തന്നെ ചിലപ്പോഴൊക്കെ വെല്ലുവിളിച്ചിട്ടുള്ള ഏക അഭിനേത്രിയെന്നു ഉത്തം കുമാര്‍ സാക്ഷ്യപ്പെടുത്തിയ കാര്യം ഗ്രന്ഥകാരി എടുത്തുപറയുന്നു. വഴക്കത്തോടെ കോമഡി കൈകാര്യം ചെയ്യാനും ഗ്ലിസറിന്‍ കൂടാതെ കരയാനും കഴിയുമായിരുന്ന സാവിത്രി ചാറ്റര്‍ജിക്ക് പക്ഷെ ‘മഹാനയിക’ പദവി നേടിയെടുക്കാനായില്ല.

സാമൂഹികാവലോകനം

‘തൊഴിലെടുക്കുന്ന സ്ത്രീ, ബംഗാളി സിനിമ, സുചിത്ര സെന്‍’ എന്ന അദ്ധ്യായം ഒരു താരത്തിന്റെ ജീവചരിത്ര കഥ എന്നതിനപ്പുറത്തേക്ക് പുസ്തകത്തിന്റെ സാമൂഹികാവലോകന തലത്തെ വികസിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരകാലത്തെ സ്ത്രീ പക്ഷ നിലപാടുകള്‍ ജനാധിപത്യ, രാഷ്ട്രീയ തുല്യതക്കും നിയമപരമായ തുല്യതക്കും വേണ്ടി നിലക്കൊണ്ടപ്പോള്‍ സ്വാതന്ത്ര്യാനന്തര കാലത്തെ ഫെമിനിസം സാമൂഹികവും കുടുംബ പരവും പുരുഷാധിപത്യ വിരുദ്ധവും ലിംഗ സമത്വാധിഷ്ടിതവും ആയ വിമോചനത്തിനു വേണ്ടി ശബ്ദമുയര്‍ത്തി. അതാവട്ടെ, സാര്‍വ്വലൌകികമായ ഒരാശയം എന്ന നിലയില്‍ ഒരു പരിണാമ പ്രക്രിയയായി നിലനിന്നതായിരുന്നു. ‘ഫെമിനിസം ‘ഒരു വൈദേശിക പദം ആയിരിക്കാം, പക്ഷെ വൈദേശിക ആശയമായിരുന്നില്ല’ എന്ന് ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. സാമ്പത്തികമായി ഉത്പാദനക്ഷമതയുള്ള സ്ത്രീ എന്ന നിര്‍വ്വചനത്തില്‍ ഒരു അഭിനേത്രിയും ‘വര്‍ക്കിംഗ് വുമന്‍’ ആണ് എന്ന നിലപാടോടെ അത്തരം സ്ത്രീയെ ബംഗാളി സിനിമ എങ്ങനെ അവതരിപ്പിക്കുന്നു എന്നും സബര്‍ ഉപാരെ, ഇന്ദ്രാണി, ദീപ ജലേ ജായ്, ഹോസ്പിറ്റല്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുചിത്രാ സെന്‍ അവരെ ഏതു വിധം പ്രതിനിധാനം ചെയ്യുന്നു എന്നും പ്രസ്തുത അദ്ധ്യായം പരിശോധിക്കുന്നു. ഗുല്‍സാറിന്റെ വിഖ്യാത ചിത്രം ആന്ധിയില്‍ രാഷ്ട്രീയ നേതാവിന്റെയും കുടുംബിനിയുടെയും ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പു മുട്ടുന്ന കഥാപാത്രമായി സഞ്ജീവ് കുമാറിനൊപ്പം സുചിത്രാ സെന്‍ കാഴ്ചവെച്ച അഭിനയം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

പരിമിതികള്‍ - നായികയുടെ, പുസ്തകത്തിന്റെ:

ഒരഭിനേത്രിയെന്ന നിലയില്‍ നഗറ്റീവ് വേഷങ്ങളോടും കോമഡിയോടുമുള്ള വിമുഖതയും അവരുടെ നേട്ടങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. ബോക്സ് ഓഫീസ് തരംഗം സൃഷ്ടിക്കാന്‍ അവരുടെ മുഖം തന്നെ ധാരാളമായിരുന്നു എന്നിരിക്കെ, സംവിധായകര്‍ പലപ്പോഴും സുരക്ഷിത വഴികളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചലിക്കുകയും ചെയ്തു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് വിശദീകരിക്കാനാവാത്ത ആ സ്വയം ബഹിഷ്കരണം നടപ്പിലാക്കിയതിന് പിന്നില്‍ അമ്പതുകളോടടുക്കുന്ന തനിക്ക് ഇനിയും പഴയ മാന്ത്രികത തുടരാനാവില്ല എന്ന ചിന്ത ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. നാല്‍പ്പതു പിന്നിട്ടിട്ടും റൊമാന്റിക് നായികയായി തിളങ്ങിയിരുന്ന സുചിത്രാ സെന്നിനെ ‘പ്രണോയ് പാശ’യുടെ വന്‍ പരാജയം മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചോ? സൌന്ദര്യത്തിന്റെ മാസ്മരികതയില്‍ മരിലിന്‍ മണ്‍റോയുമായി തുലനം ചെയ്യപ്പെട്ടിട്ടുള്ള അവരെ ഗ്രെറ്റാ ഗാര്‍ബോയുടെ എകാന്തവാസവുമായും തുലനം ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ അങ്കലാപ്പുണ്ടാകുന്ന, എന്ത് വിലകൊടുത്തും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്ന മാനസിക അവസ്ഥ അവര്‍ക്കുണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ആരും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല; ഇനി അതൊന്നും പ്രസക്തവുമല്ല.സ്വയം വരിക്കുന്ന എകാന്തവാസവും സാമൂഹിക ഉത്കണ്ഠ മനോവിഭ്രാന്തിയും’ (The Concept of Wilful Seclusion and Social Anxiety Disorder) എന്ന ഒരധ്യായം തന്നെ സുചിത്രാ സെന്നിന്റെ ജീവിതത്തിലെ ഈ ഘട്ടത്തെ അതിന്റെ സാമൂഹിക തലത്തില്‍ വിശകലനം ചെയ്യാന്‍ ഗ്രന്ഥകാരി ഉപയോഗിക്കുന്നുണ്ട്.

സുചിത്രാ സെന്നിനെ കുറിച്ച് ജീവിച്ചിരിക്കുന്ന സഹപ്രവര്‍ത്തകരില്‍ പ്രമുഖരായവരുടെ പോലും അഭിമുഖങ്ങളോ നിരീക്ഷണങ്ങളോ കാര്യമായി പുസ്തകത്തിലില്ല എന്നത് ഒരു പരിമിതിയാണ്. ദേവദാസിലെ സഹ അഭിനേതാക്കള്‍ ആയിരുന്ന ദിലീപ് കുമാര്‍, വൈജയന്തി മാല, അവരുടെ പല ചിത്രങ്ങളില്‍ നായകനായിരുന്ന സൌമിത്ര ചാറ്റര്‍ജി തുടങ്ങിയവര്‍ക്കൊക്കെ ആ വ്യക്തിത്വത്തെ കുറിച്ച് ഏറെ പറയാന്‍ കഴിഞ്ഞേനെ. തരുന്‍ മജുംദാര്‍, അനന്യ ചാറ്റര്‍ജി, അശോക്‌ വിശ്വനാഥന്‍, ചുനി ഗാംഗുലി തുടങ്ങിയവരുടെ ഓര്‍മ്മകളും അമ്മയെ കുറിച്ച് മുന്‍ മുന്‍ സെന്‍ അഭിമാന പൂര്‍വ്വം പങ്കുവെക്കുന്ന നിരീക്ഷണങ്ങളും പുസ്തകത്തില്‍ ഉണ്ട്. എല്ലാറ്റില്‍ നിന്നും എല്ലാവരില്‍ നിന്നും പിന്‍ വാങ്ങിയ ഒരാള്‍ എന്ന നിലയിലല്ല, ജീവിതത്തെ പ്രസന്നമായും ശുഭാപ്തിയോടെയും കണ്ടിരുന്ന, പാട്ടും ഡാന്‍സും പാര്‍ട്ടിയും ഇഷ്ടപ്പെട്ടിരുന്ന ഒരാളായാണ്, ചെറുപ്പത്തിലേ തകര്‍ന്നു പോയ വിവാഹ ബന്ധത്തിന് ശേഷം മകളെ ഒറ്റയ്ക്ക് പോറ്റി വളര്‍ത്തിയ അമ്മയായി, കൊച്ചു മക്കള്‍ക്ക് സ്വാതന്ത്ര്യവും സ്നേഹവും വിളമ്പുന്ന മുത്തശ്ശിയായാണ് അവര്‍ മഹാനായികയെ ഓര്‍ക്കുന്നത്.

Thursday, November 28, 2024

Ten Years with Guru Dutt: Abrar Alvi's Journey by Sathya Saran

 

"ഗുരു ദത്തിനോടൊപ്പം ഒരു ദശകം - അബ്രാര്‍ അലവിയുടെ യാത്ര"

 


ബോക്സ് ഓഫീസ് മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വം പാലിക്കുമ്പോഴും തനിക്ക് തൃപ്തിതരുന്ന കലാപരതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷ പുലര്‍ത്തിന്നതില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവുംമികച്ച പ്രതിഭ ഗുരുദത്ത് ആയിരുന്നു എന്നത് അവിതര്‍ക്കിതമാണ്.  ഇരു മേഖലയിലും മികച്ചു നിന്ന ഗുരുദത്ത് ഫിലിംസ് ചിത്രങ്ങളുടെ സൃഷ്ടിക്ക് പിറകില്‍ സജ്ജീവ സാന്നിധ്യങ്ങളായിരുന്ന പ്രതിഭാധനന്മാരില്‍ ക്യാമറാ മാന്‍ വി. കെ. മൂര്‍ത്തിസംഗീതകാരന്‍ എസ്. ഡി. ബര്‍മ്മന്‍ തുടങ്ങിയവരോടോപ്പമോ ഒരു പടികൂടി മുകളിലോ സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായി കമ്പനിയുടെ ഭാഗമായിത്തീര്‍ന്ന അബ്രാര്‍ അലവിഗുരു ദത്തുമായുള്ള സവിശേഷ സൌഹൃദത്തിന്റെയും സര്‍ഗ്ഗജീവിതത്തിലെ ഏറ്റവും പുഷ്കലമായിരുന്ന ആ ഒത്തുചേരലില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വെക്കുന്ന പുസ്തകമാണ് "ഗുരു ദത്തിനോടൊപ്പം പത്തു വര്‍ഷങ്ങള്‍: അബ്രാര്‍ അലവിയുടെ യാത്ര.” ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്ത് ചലച്ചിത്ര മേഖലയില്‍ ഏറ്റവും തിരക്കേറിയ രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളുടെ ആത്മ/ ജീവിത കഥ അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ്‌ എന്നതിലേറെഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ തുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചുവെങ്കിലും ചെയ്തതിലേറെ ചെയ്യാന്‍ ബാക്കിവെച്ച് അകാലത്തില്‍ ദുരൂഹമായ രീതിയില്‍ സ്വയം അവസാനിപ്പിച്ച ഒരു ജീനിയസ്സിന്റെ ഹൃദയ വ്യാപാരങ്ങളിലേക്ക് ഒരു ഒളിനോട്ടക്കാരന്റെ അധമ കൗതുകം കൂടാതെത്തന്നെകുലീനവും എന്നാല്‍ തുളഞ്ഞിറങ്ങുന്നതുമായ രീതിയില്‍വെളിച്ചം വീശുന്ന പുസ്തകം എന്നനിലയില്‍ കൂടിയാണ് അബ്രാര്‍ അലവിയുടെ ഓര്‍മ്മയാത്ര പ്രസക്തമാകുന്നത്. അത് തന്നെ കുറിച്ച് എന്ന പോലെത്തന്നെ പുസ്തകപ്പുഴുവും സര്‍ഗ്ഗധനനായ ലജ്ജാലുവുമായ യൂണിവേഴ്സിറ്റി ഉത്പന്നത്തില്‍ നിന്ന് തന്നെ താനാക്കിയ ബഹുമുഖ പ്രതിഭയെ കുറിച്ചുമാണ്ഒപ്പം ആ കൂട്ടുകെട്ടില്‍ പിറന്ന ചരിത്രം സൃഷ്ടിച്ച ഒരു പിടി ചിത്രങ്ങളെ കുറിച്ചും.അടിസ്ഥാനപരമായി സ്വകാര്യത ഇഷ്ടപ്പെട്ടവര്‍ എന്ന നിലയില്‍ എതാള്‍ക്കൂട്ടത്തിലും തങ്ങളിലേക്കും തങ്ങളുടെ പ്രിയതരമായ എകാന്തതകളിലേക്കും പിന്‍വാങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു ഗുരു ദത്തും അബ്രാര്‍ അലവിയും എന്നത് അവരുടെ പാരസ്പര്യത്തെ ഒരേ സമയം ആഴത്തിലുള്ളതും അപ്പോള്‍ത്തന്നെ സംഘര്‍ഷ പൂരിതവുമാക്കിയിരുന്നു എന്ന് പുസ്തകത്തിന്റെ വായന സാക്ഷ്യപ്പെടുത്തും. അബ്രാര്‍ അലവി ഏത് ബൊഹീമിയന്‍ സന്ദര്‍ഭത്തിലും തന്റെ മേല്‍ തന്നെയുള്ള പിടി വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധാലുവായസ്വയം നിയന്ത്രിത വൃത്തങ്ങളില്‍ സംതൃപ്തനായിരുന്നപ്പോള്‍ ഗുരു ദത്ത് കൊടുങ്കാറ്റു പിടിച്ചവാനായിരുന്നു - പ്രതിഭാ ധാരാളിത്തത്തിലും വികാര വിക്ഷോഭങ്ങളിലും.

 

ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ ഒരഭിമുഖത്തില്‍, ഗുരുദത്തുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കവേ,   ഒരാള്‍ അതു കേള്‍ക്കാന്‍ തയ്യാറാകുന്ന പക്ഷം തനിക്കേറെ പറയാനുണ്ടെന്നുള്ള അബ്രാറിന്റെ വെളിപ്പെടുത്തലിനോട് ജേണലിസ്റ്റും വനിതാ മാഗസിന്‍ എഡിറ്ററുമായ സത്യാ സരന്‍ പ്രതികരിച്ചതാണ് പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്.   തന്റെ ആഖ്യാനത്തോടൊപ്പം അബ്രാര്‍ അലവിയുടെ നേരിട്ടുള്ള ആഖ്യാനങ്ങളും ഇടകലരുന്ന രീതിയിലാണ് പുസ്തകം ആവിഷ്കരിക്കുന്നത്. ഗുരു ദത്ത് സിനിമകളില്‍ നിന്നുള്ള അനശ്വര ഗാനങ്ങളുടെ വരികളാണ് അധ്യായങ്ങളുടെ തലക്കെട്ടുകളായി ഉപയോഗിച്ചിരിക്കുന്നത്. 

 

ഗുരുദത്തിന്റെ ആത്മഹത്യക്ക് തൊട്ടു തലേ രാത്രിയുടെ ഓര്‍മ്മകളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അതദ്ദേഹത്തിന്റെ മൂന്നാമത് ആത്മഹത്യാ ശ്രമമായിരുന്നു. അബ്രാര്‍ അന്നുരാത്രി എഴുതിപ്പൂര്‍ത്തിയാക്കിയത് ഗുരുദത്ത് ഫിലിംസ് അപ്പോള്‍ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ബഹാരേം ഫിര്‍ ഭി ആയേഗി എന്ന ചിത്രത്തിന് വേണ്ടിയുള്ള രംഗമായിരുന്നു- എകാന്തയും ദുഃഖിതയുമായി മരിക്കുന്ന നായികയുടെ അന്ത്യരംഗം. ഗുരുദത്ത് അന്ന് പതിവിലും അസ്വസ്ഥനായിരുന്നു, പതിവിലേറെ കുടിച്ചിരുന്നു, സംസാരിക്കാന്‍ വിമുഖനും.  അന്ന് പിണങ്ങിപ്പിരിഞ്ഞ ഗീതാ ദത്തുമായി മകളുടെ കാര്യത്തില്‍ വഴക്കിട്ടിരുന്നുവെന്നും കുഞ്ഞിനെ ഉടന്‍ തന്റെയടുത്തേക്കയച്ചില്ലെങ്കില്‍ ഇനി തന്നെ ജീവനോടെ കാണില്ലെന്നു ഭീഷണി മുഴക്കിയിരുന്നു എന്നും അബ്രാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആ വാക്കുകള്‍ നൂറു ശതമാനവും നടപ്പിലാക്കനുള്ളതാണെന്നു ആര്‍ക്കും പറയാനാവുമായിരുന്നില്ല, ഒരാള്‍ക്കൊഴിച്ച്- അതയാള്‍ ചെയ്യുകയും ചെയ്തു. 1964 ഒക്റ്റൊബര്‍ പത്തിന് പ്രഭാതത്തില്‍ തന്റെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത രീതിയില്‍ കാണപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട ഒറ്റയാന്‍ പ്രതിഭക്ക് 39 വയസ്സായിരുന്നു പ്രായം.

 

ഗുരുദത്തിന്റെ അന്ത്യ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് പുസ്തകം 1953-ല്‍ അബ്രാര്‍ അലവി ആദ്യമായി ഗുരുദത്തിനെ കണ്ട സന്ദര്‍ഭത്തിലേക്ക് പോകുന്നു. ഗുരു ദത്തിന്റെ സഹായി രാജ് ഖോസ് ല, തിരുത്തിയെഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റില്‍ അബ്രാറിന്റെ അഭിപ്രായം ചോദിച്ചതിനു നല്‍കിയ പ്രതികരണം 'അധികം സംസാരിക്കാത്ത' സംവിധായക നടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അബ്രാറിന്റെ കസിന്‍ യശ്വന്തിലൂടെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട ഗുരു ദത്ത് ആദ്യ ദിനം തന്നെ ഗുരു ദത്ത് ഫിലിംസിന് വേണ്ടി എഴുതുക എന്ന ജോലി തന്നെക്കാള്‍ രണ്ടു വയസ്സിനു മാത്രം ഇളപ്പമായിരുന്ന യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു.   അന്ന് തുടങ്ങിയ കൂട്ടുകെട്ടിലാണ് തുടര്‍ന്ന് ആര്‍ പാര്‍, മിസ്റ്റര്‍ & മിസ്സിസ് '55,  പ്യാസ,  കാഗസ് കെ ഫൂള്‍, ചൌദവീന്‍ ക ചാന്ദ്, സാഹിബ്‌ ബീബി ഔര്‍ ഗുലാം തുടങ്ങിയ ക്ലാസ്സിക്കുകള്‍ പിറന്നത്‌, ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാകട്ടെ സംവിധാനവും അബ്രാര്‍ തന്നെയായിരുന്നു.

 

അബ്രാര്‍ യാദൃശ്ചികമായി പരിചയപ്പെടാനിടയായ ഗുലാബോ എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമായുമായി പിന്നുട് വളര്‍ന്നുവന്ന വിവരണാതീതമായ ഒരു ബന്ധമാണ് പ്യാസയില്‍ വഹീദ റഹ്മാന്‍ അവതരിപ്പിച്ച ഗുലാബോ എന്ന നെടും തൂണ്‍ കഥാപാത്രമായത്‌.  ദുരന്തത്തില്‍ അവസാനിച്ച ഗുലാബോയുടെ ജീവിതം അവര്‍ കാണിച്ച സ്നേഹവും പരിഗണനയും തിരിച്ചു കൊടുക്കാനാവാത്തതിന്റെ കുറ്റബോധമായി അദ്ദേഹത്തെ എന്നും വേട്ടയാടിയിരുന്നു. അബ്രാര്‍ കോളേജ് കാലത്ത് എഴുതിയ എ മോഡേന്‍ മാര്യേജ് എന്ന നാടകവും ഗുരു ദത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്ത ജെയിംസ് സ്റ്റുവര്‍ട്ട് - ഹെഡി ലാമാര്‍ കോമഡി Come Live with Me-യുടെ സ്വാധീനവും ചേര്‍ന്നാണ് Mr.& Mrs. ‘55 രൂപം പ്രാപിച്ചത്. ആര്‍ പാറിന്റെ ക്ലൈമാക്സ് ഗുരു ദത്ത് ഇടപെട്ട് തിരുത്തിയതിനെ കുറിച്ച് അബ്രാറിനു വിയിജിപ്പുണ്ടായിരുന്നു. കാഗസ് കെ ഫൂല്‍ സിനിമാ സ്കോപ്പില്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള പ്രദര്‍ശന സൗകര്യം അക്കാലത്ത് തുലോം വിരളമാണെന്ന തിരിച്ചറിവ് ഒരേ സമയം 35- എം. എം. പ്രിന്റും അനിവാര്യമാണെന്ന സ്ഥിതി വരുത്തി. തുടര്‍ന്ന് ഇരു ഫോര്‍മാറ്റിലും ചിത്രീകരിക്കാന്‍ ആവശ്യമായ ലെന്‍സ്‌ തേടി പാരീസിലേക്ക്‌ പോയതിനെ കുറിച്ചും അവിടെ ചെലവഴിച്ച ഉല്ലാസ വേളകളെ കുറിച്ചും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്.

 

വൈയക്തികമായ ഓര്‍മ്മകള്‍ വേറെയും ഒട്ടേറെയുണ്ട് പുസ്തകത്തില്‍. തന്റെ ആദ്യ കാമുകിക്ക് എഴുതിയ നൂറു കണക്കിന് പ്രേമ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് യഥേഷ്ടം കോപ്പി ചെയ്യാനുള്ള പ്രഭവമായതും എഴുത്തിന്റെ ക്രാഫ്റ്റ് അവയിലൂടെ പഠിച്ചെടുത്തതും തന്റെ മുറിയില്‍ ഒളിവു ജീവിതം നയിച്ച എ. ബി. ബര്‍ദന്‍ തന്നില്‍ ഒരു മികച്ച എഴുത്ത്കാരനെ ദീര്‍ഘ ദര്‍ശനം ചെയ്തതും അവ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്. കസിന്‍ യശ്വന്തിനോടൊപ്പം ഗുരു ദത്തിന്റെ സ്റ്റുഡിയോയിലെത്തിയതും രാജ് ഖോസ് ലയുമായി ആദ്യം ചങ്ങാത്തത്തിലും പിന്നീട് അഭിപ്രായ വ്യത്യാസത്തിലും ആയതും തുടര്‍ന്ന് ഗുരു ദത്ത് രാജിന് മേലെ തന്നെ തെരഞ്ഞെടുത്തതും തുടര്‍ന്ന് ഒരാഴ്ചക്കാലം ഗുരുദത്തിനെ താമസ്ഥലത്ത് എഴുത്തില്‍ പരീക്ഷണാര്‍ത്ഥം ഫലത്തില്‍ താനറിയാതെ ബന്ദിയായതും അബ്രാര്‍ വിവരിക്കുന്നു. ഗുരു ദത്ത് തന്നെയും രാജ് ഖോസ് ലയെയും ചിലപ്പോഴൊക്കെ 'ശത്രുക്കളായി ആരുമില്ലാത്ത' ജോണി വാക്കറെയും പരസ്പരം കൊമ്പു കോര്‍പ്പിക്കുമായിരുന്നതും മദ്യത്തില്‍ മുങ്ങി മരിച്ച പിതാവിന്റെ ഓര്‍മ്മയില്‍ ഒരിക്കലും മദ്യപിക്കില്ലെന്നു സ്വയം ശപഥം ചെയ്ത തനി ശുദ്ധന്‍ മഹമൂദിനെ നിര്‍ദ്ധോഷമായി കുരങ്ങു കളിപ്പിക്കുമായിരുന്നതും ബര്‍മ്മന്‍ ദാ (എസ്. ഡി. ബര്‍മ്മന്‍)യുടെ പിശുക്കിനെ കുറിച്ചും എന്തും വിശ്വസിക്കുന്ന ശുദ്ധഗതി ഉപയോഗിച്ച് അദ്ദേഹത്തെ ചുറ്റിക്കുമായിരുന്നതും നുറുങ്ങുകഥകളില്‍ ഉണ്ട്. ഇന്‍ഡോ ചീനാ യുദ്ധകാലത്ത് സ്വതേ വെളുത്തു ചുവന്നിരുന്ന ബര്‍മ്മന്‍ ദായോട് 'നിങ്ങളെ കണ്ടാല്‍ ചൈനാക്കാരെ പോലെയുണ്ട്, സൂക്ഷിക്കണം, ആളുകള്‍ ഉപദ്രവിച്ചേക്കും' എന്ന് ഭയപ്പെടുത്തിയതും അദ്ദേഹം ആകെ പേടിച്ചതും പോലുള്ള കഥകളുണ്ട്. സാഹിബ് ബീബി ഔര്‍ ഗുലാം ചിത്രീകരണത്തിന്റെ ചൂടില്‍ മറ്റെല്ലാം മറന്നു മുഴുകിയിരുന്ന അബ്രാര്‍, സെറ്റില്‍ മീനാ കുമാരിയെ കാണാനെത്തിയ രാജ് കപൂറിനെ അവഗണിച്ചതും അതൊരു വന്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയതും വിവരിക്കുന്നുണ്ട്. മാപ്പ് ചോദിച്ചെങ്കിലും, ചിത്രത്തിന്റെ പ്രിമിയറിനു വരാമെന്നേറ്റിട്ടും രാജ് വരാതിരുന്നത് ആ ഓര്‍മ്മയില്‍ തന്നെയാവണം. മിസ്റ്റര്‍ & മിസ്സിസ് '55-ന്റെ ചിത്രീകരണത്തിനിടെ കോമഡി രംഗങ്ങള്‍ ചെയ്യാനുള്ള മധുബാലയുടെ അനന്യസാധാരണമായ കഴിവും അപാരമായ ടൈമിങ്ങും കണ്ടെത്തിയതും അതൊരു സഹോദര തുല്യമായ സൌഹൃദമായി വളര്‍ന്നതും അബ്രാര്‍ ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തിനു മറ്റുള്ളവര്‍ക്ക് മേലുള്ള സ്വാധീനവും താരമൂല്യവും നന്നായി മനസ്സിലാക്കിയിരുന്ന മധുബാല താന്‍ ഉള്‍പ്പെടുന്ന രംഗങ്ങളില്‍ മറ്റാരും തന്നോളം ശ്രദ്ധ നേടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.  സഹ അഭിനേത്രികളുടെ കാര്യത്തില്‍ അനുപമ സൌന്ദര്യമുള്ള ആ ചിരി ഒരു വജ്ജ്രായുധമായി അവര്‍ ഉപയോഗിക്കുമായിരുന്നു എന്ന് അദ്ദേഹം കരുതുന്നു.  തനിക്കു സംവിധാനം ചെയ്യാനായി ഒരു സ്ക്രിപ്റ്റ് എഴുതണമെന്നു ആവശ്യപ്പെട്ട മധുബാല അതിനു തികച്ചും ആകര്‍ഷണീമായ ഒരു കഥയും പറഞ്ഞുകൊടുത്തു അബ്രാറിനെ വിസ്മയിപ്പിച്ചിരുന്നു. കാഗസ് കു ഫൂലിന്റെ സാമ്പാത്തിക തകര്‍ച്ചക്ക് ശേഷം പ്രതിസന്ധിയില്‍ ആയ ഗുരു ദത്ത് തന്നെയും മറ്റൊരു വരുമാന മാര്‍ഗ്ഗമായി പുറത്തൊരു കരാര്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘട്ടത്തില്‍ അബ്രാര്‍ അത് തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മധുബാല അപ്പോഴേക്കും രോഗഗ്രസ്തയായിക്കഴിഞ്ഞിരുന്നു. പ്യാസയില്‍ നിന്ന് ദിലീപ് കുമാര്‍ പിന്‍ മാറിയതിനു പിന്നില്‍ മറ്റു കാരണങ്ങളോടൊപ്പം മധുബാലയെ കാസ്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിനും പങ്കുണ്ടായിരുന്നുവെന്നു അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.

 

ഗുരു ദത്തും വഹീദ റഹ്മാനുമായുള്ള ബന്ധത്തിന്റെ ഗതിവിഗതികള്‍ ഒരു ഘട്ടത്തിലും ഒളിഞ്ഞു നോട്ടത്തിന്റെ അധമസ്വഭാവമില്ലാതെ തന്നെ അബ്രാര്‍ വിവരിക്കുന്നുണ്ട്. വിചിത്രമായ ഒരാകസ്മികതയില്‍ ഒരു കാര്‍ യാത്രക്കിടെ ഒരു പോത്തുമായി കൂട്ടിയിടിക്കുകയും കാര്‍ കേടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ ഏതാനും ദിവസം കുരുങ്ങിപ്പോയ ഘട്ടത്തില്‍ നേരം പോക്കിനായി കണ്ട തെലുങ്കു സിനിമയില്‍ നര്‍ത്തകിയായി അരങ്ങേറിയ കൊച്ചു സുന്ദരി ആദ്യം ഗുരു ദത്തിനെ അത്രയൊന്നും ആകര്‍ഷിക്കുകയുണ്ടായില്ല. എന്നാല്‍, ഗീതാ ദത്തുമായുള്ള ബന്ധം വഷളായിത്തുടങ്ങിയ ഘട്ടത്തില്‍, രാത്രി സൌഹൃദങ്ങളില്‍ ഇണകളെ വെച്ചുമാറുക പോലും ചെയ്തുവന്ന,  തനിക്കൊരിക്കലും അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞ എലീറ്റ് സൊസൈറ്റി രീതികള്‍ക്ക് കടക വിരുദ്ധമായ ഒതുങ്ങിയ ശാലീന സ്വഭാവവിശേഷങ്ങളുള്ള കൊലുന്നു സുന്ദരിയില്‍ തനിക്കു നഷ്ടമായതെന്തോ അത് അങ്ങേയറ്റം തരള ഹൃദയനും കൂടിയായ ഗുരു ദത്ത് കണ്ടെത്തുകയായിരുന്നു.  വഹീദയെ ഏതാണ്ട് പൂര്‍ണ്ണമായും തന്റെ ചിറകിനടിയില്‍ സംരക്ഷിക്കുകയെന്ന ഒരു തരം സ്വന്തമാക്കല്‍- സംരക്ഷണ മനോഭാവം ഗുരു ദത്തില്‍ ശക്തമായത് ചിലപ്പോഴെങ്കിലും ദോഷം ചെയ്തുവെന്ന് അബ്രാര്‍ കരുതുന്നു. സാഹിബ് ബീബിയിലെ ജബാമയിയുടെ വേഷത്തില്‍ അവര്‍ മിസ്‌ കാസ്റ്റ് ആയിരുന്നെന്നും മധുബാലയെ പോലെ 'സ്പൊണ്ടേനിയസ്' ആയ ഒരു അഭിനേത്രിയാണ് ആ വേഷത്തിന് വേണ്ടിയിരുന്നതെന്നും അബ്രാര്‍ വിശ്വസിക്കുന്നു. ഗുരു ദത്ത് ആവട്ടെ, തന്റെ ചിത്രങ്ങളിലെല്ലാം വഹീദയുടെ ഭാഗങ്ങള്‍ നന്നായി പൊലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്യാസയിലെ ഗുലാബോ തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി വഹീദ കരുതുന്നു.

 

ഗീതയുമായുള്ള ഗുരു ദത്തിന്റെ ബന്ധം ഒരിക്കലും യോജിക്കാനാവാത്ത രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ സ്വാഭാവികത്തകര്‍ച്ചക്ക് വിധേയമാകേണ്ട ഒന്നായിരുന്നെങ്കില്‍ ഗുരു ദത്ത്- വഹീദ ബന്ധം നൈസര്‍ഗ്ഗിക യോജിപ്പുള്ളതാണെന്ന് സുഹൃത്തുക്കള്‍ കരുതി. അതില്‍ കന്‍മഷമുള്ള ഒന്നുമില്ലായിരുന്നെന്നു മാത്രമല്ല;  ഒരു പക്ഷെ തികച്ചും പ്ലേറ്റൊനിക് ആയിരുന്നു എന്ന് പോലും അബ്രാര്‍ കരുതുന്നു. അതേ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ കേള്‍ക്കാനിടയായ ഗീതാ ദത്ത് നടത്തിയ ചില നീക്കങ്ങളാണ് അന്തിമമായി, ഏറ്റവും ദുരന്തപൂര്‍ണ്ണവും ആയ രീതിയില്‍, ഗുരുദത്ത്- വഹീദ ബന്ധം അവസാനിപ്പിച്ചതും ഒരു പക്ഷെ ഗുരു ദത്തിന്റെ സ്വയം വരിച്ച അന്ത്യത്തിന് കാരണമായതും.  ഒരു പക്ഷെ കുഞ്ഞിനെയോര്‍ത്ത് അദ്ദേഹം ഒരവസാന ശ്രമം നടത്തുകയായിരുന്നു എല്ലാം കൈവിട്ടു പോകാതിരിക്കാന്‍. എന്നാല്‍ അത് വഹീദയെ ഒരു നിലയില്ലാക്കയത്തില്‍ എറിഞ്ഞത് പോലെയായി. അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു.  ഒരഭിനേത്രിയെന്ന രീതിയില്‍ മറ്റു ബാനറുകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിച്ച വഹീദ, ഗുരു ദത്തിന്റെ നഷ്ടബോധത്തെ ഒന്നുകൂടി രൂക്ഷമാക്കിയിരിക്കണം.

 

ബംഗാള്‍ പശ്ചാത്തലത്തോടുള്ള ഗുരു ദത്തിന്റെ ഇഷ്ടം സാഹിബ് ബിബിയുടെ ചലച്ചിത്ര രൂപാവിഷ്കാരത്തിനുള്ള പ്രേരണയില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പുസ്തകത്തില്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ - അത് കാഗസ് കെ ഫൂല്‍ പോലൊരു സ്വപ്ന ചിത്രത്തിന്‍റെ പരാജയവുമായി ബന്ധപ്പെട്ടതാണെന്ന് പൊതു ധാരണയുണ്ട്- സംവിധാന രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച ഗുരു ദത്ത് തന്നെയാണ് അബ്രാറിനെ നിര്‍ബന്ധപൂര്‍വ്വം ആ ചുമതല ഏല്‍പ്പിച്ചത്.  ചിത്രീകരണ ഘട്ടത്തില്‍ ട്രാജിക്ക് കഥാപാത്രങ്ങള്‍ക്ക് മീനാ കുമാരി പകര്‍ന്നു നല്‍കിയ ആഴം അവരുടെ കഴിവിനെ മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത രീതിയില്‍ ചൂഷണം ചെയ്യന്നതിനു അബ്രാറിനെ പ്രേരിപ്പിച്ചു. മറ്റു ചിത്രങ്ങളില്‍ നൂതനും മാലാ സിന്‍ഹയുമെല്ലാം അബ്രാര്‍ ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത പ്രകടനങ്ങള്‍ നല്‍കുന്നതില്‍ വിയര്‍ത്തു പോയെങ്കില്‍ മീനാ കുമാരി തന്റെ സിദ്ധികള്‍ കടഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച സംവിധായകനെയാണ് അബ്രാറില്‍ കണ്ടത്. മീനാ കുമാരിക്ക് ജീവിതം ദുസ്സഹമായിരുന്നത് അബ്രാര്‍ വിവരിക്കുന്നുണ്ട്. സംശയാലുവായിരുന്ന ഭര്‍ത്താവ് കമാല്‍ അംറോഹി മാത്രമല്ല, നിഴല്‍ പോലെ കൂടെ നില്‍ക്കാന്‍ നിയുക്തനായ മാനേജര്‍ പോലും അവരെ കണ്ണില്‍ ചോരയില്ലാതെ പ്രഹരിക്കുമായിരുന്നതും കൂടെ നില്‍ക്കെണ്ടവരെല്ലാം ചൂഷണം ചെയ്തു ഒന്നുമില്ലാത്തവളും ദാരിദ്രയും ആയി ഭക്ഷണത്തിനു വേണ്ടിപോലും തന്റെ ഭാര്യയെ അഭയം തേടുമായിരുന്നതും നിസ്വയും അനാഥയുമായി മരിക്കേണ്ടി വന്നതും അബ്രാര്‍ ഓര്‍ക്കുന്നു.  അറം പറ്റിയ ഒരു പരകായപ്രവേശ മായി ചോട്ടി ബഹുവിനെ പോലെ മദ്യത്തില്‍ മുങ്ങി മരിക്കുകയായിരുന്നു ഇന്ത്യയുടെ 'ട്രാജഡി ക്വീന്‍'.

സാഹിബ് ബീബി ഔര്‍ ഗുലാമുമാമായി ബന്ധപ്പെട്ടു പൊതു ബോധത്തിലുള്ള ധാരണ അബ്രാറിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ട അനുകല്പ്പനയും രചനയും നടത്തിയതും ഒരോ രംഗവും ഏറെ ചിട്ടയോടെ രൂപപ്പെടുത്തിയതും അക്ഷരാര്‍ഥത്തില്‍ സംവിധാന ചുമതല നിര്‍വ്വഹിച്ചതും അബ്രാര്‍ ആയിരുന്നു എന്നിരിക്കെ, ഗാന രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച ഗുരു ദത്തിന്റെ ഒരു ഡമ്മി മാത്രമായിരുന്നു താന്‍ എന്ന പ്രചാരണം അരനൂട്ടാണ്ടിനിപ്പുറവും നില നില്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. സത്യത്തില്‍ വര്‍ഷങ്ങളോളം ഗുരു ദത്തുമായി സഹകരിച്ചയാള്‍ എന്ന നിലയില്‍ ആ മാസ്റ്റര്‍ ടച്ച് തന്നെ സ്വാധീനിച്ചിരിക്കാം എന്നതിനപ്പുറം അബ്രാറിന്റെ കഠിനാധ്വാനം തന്നെയാണ് ഒരു ക്ലാസ്സിക് ആയി പരിണമിച്ചത്‌. ഗുരു ദത്തിന്റെ സ്വന്തം വാക്കുകള്‍ മാത്രമല്ല, വഹീദ റഹ്മാനെ പോലെ നേരിട്ട് ഭാഗഭാക്കുകളായവര്‍ തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടും തുടരുന്ന തെറ്റിദ്ധാരണയില്‍ അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികവുമാണ്. അബ്രാറിന്റെ ഓര്‍മ്മകളില്‍ നീറ്റലുണ്ടാക്കുന്ന വിഷയങ്ങളില്‍ തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ചലച്ചിത്രകാരന്റെ വ്യര്‍ത്ഥ ദുരന്തത്തോളം തന്നെ പ്രധാനമായിട്ടുള്ളത് എന്നും ആ മഹാ സാന്നിധ്യത്തിന്റെ നിഴലില്‍ പെട്ടുപോയതുകാരണം തന്റെ ഏറ്റവും മികച്ച സൃഷ്ടിയുടെ പോലും കര്‍തൃത്വം സാമൂഹിക ബോധ്യങ്ങളില്‍ വകവെച്ചു കിട്ടാതെ പോയതിന്റെ നൈരാശ്യമാണ്. പുസ്തകം പുറത്തുവരുന്നത്‌ കാലം തന്നോട് കാണിച്ച നെറികേടിന് ചെറിയ തോതിലെങ്കിലും പരിഹാരമാവും എന്ന് അബ്രാര്‍ വിശ്വസിച്ചിരുന്നു.  അതെന്തായാലും, അത്തരമൊരു തിരിച്ചുപിടിക്കലിനു കാത്തിരിക്കയായിരുന്നു എന്ന വിധം, പുസ്തകം പുറത്തിറങ്ങിയ അടുത്ത വര്‍ഷം,  2009 നവമ്പര്‍ ഒമ്പതിന് അദ്ദേഹം അന്തരിച്ചു എന്നത് ചരിത്രം.

 

 

Wednesday, September 11, 2024

Her Again: Becoming Meryl Streep by Michael Schulman

നിരന്തരം തിരികെയെത്തുന്ന മെറില്‍ സ്ട്രീപ്



തന്റെ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ എന്ന് ആരാധകരുടെയും വിമര്‍ശകരുടെയും ഒരേ സ്വരത്തിലുള്ള പ്രശംസ നേടിയെടുത്തിട്ടുള്ള താരമാണ് അമേരിക്കന്‍ അഭിനേത്രി മെറില്‍ സ്ട്രീപ്; ഒരു പക്ഷെ ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രി. അക്കാദമി അവാര്‍ഡിന് 21 തവണയും എമ്മി അവാര്‍ഡിന് 31 തവണയും നാമനിര്‍ദ്ദേശം ലഭിക്കുകയും അവ യഥാക്രമം മൂന്നും എട്ടും തവണ നേടുകയും ചെയ്ത അവരുടെ ഈ നേട്ടങ്ങള്‍ ഓരോന്നും സര്‍വ്വ കാല റെക്കോഡ് ആണ്. ഏതു വേഷവും ചെയ്യാനുള്ള കഴിവ്, മൊഴിവഴക്കങ്ങള്‍ അനായാസം സ്വായത്തമാക്കാനുള്ള സിദ്ധി എന്നിവയാണ് അവരുടെ പ്രതിഭയുടെ പ്രത്യേകതകള്‍. ആറാം വയസ്സില്‍ വീട്ടകത്ത് കന്യാ മറിയത്തിന്റെ വേഷം കെട്ടി സഹോദരങ്ങളെ ഭക്ത ഭാവത്തിലേക്കു നയിച്ച തീവ്ര തന്മയീഭാവസിദ്ധി പ്രകടമാക്കിയ മെറില്‍ സ്ട്രീപ്പില്‍ പില്‍ക്കാലം തികഞ്ഞ പ്രോഫെഷനലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള കഠിനാധ്വാനിയും ആയി ലോകം വിസ്മയപൂര്‍വ്വം കണ്ടുനിന്ന അഭിനയ പ്രതിഭയുടെ സ്പര്‍ശം ജന്മസിദ്ധമായിരുന്നു എന്ന് വ്യക്തം. മെറില്‍ സ്ട്രീപ്പിന്റെ ജീവിത കഥ അവരുടെ ബാല്യകാലം മുതല്‍ ക്രാമര്‍ വേഴ്സസ് ക്രാമറിലെ ആദ്യ ഓസ്കാര്‍ ലബ്ധി വരെ പിന്തുടരുന്ന പുസ്തകമാണ് മൈക്കല്‍ ഷുള്‍മന്‍ രചിച്ച ‘Her Again – Becoming Meryl Streep’.

 

കുടുംബത്തില്‍ മുത്തശ്ശിയുടെയും അമ്മയുടെയും പേരില്‍ മേരി ഉള്ളത് കൊണ്ട് മൂന്നാമതൊരു മേരിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മേരി ലൂയിസിനെ മെറില്‍ ആക്കി മാറ്റിയതെന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ രേഖീയമായി ജീവിത കഥ പറയുകയല്ല ഗ്രന്ഥകര്‍ത്താവ്. ‘Her Again’ എന്ന പ്രയോഗം 2012 ഫെബ്രുവരി 12-ന് ‘ദി അയേണ്‍ ലേഡിക്ക് വേണ്ടി തന്റെ മൂന്നാമത് ഓസ്കാര്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ ഇരുപതോളം തവണ നോമിനേഷന്‍ ലഭിച്ചതിനെ കുറിച്ചുള്ള ആളുകളുടെ പ്രതികരണത്തെ മെറില്‍ സ്വയം മിമിക് ചെയ്തതായിരുന്നു. ഒരു കണക്കിന്, 1980 ഏപ്രില്‍ 14-ന് മെറിലിന്റെ പ്രഥമ ഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അവസാനിക്കുന്ന പുസ്തകത്തില്‍ ഒരു വിഷയമേയല്ലാത്ത വിദൂര ഭാവിയിലെ സൂചകത്തില്‍ തുടങ്ങുന്നതിലൂടെ, പുസ്തകത്തിനു ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയാണ് ഗ്രന്ഥകര്‍ത്താവ് നല്‍കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന കഥാനായക/ നായികാ സാന്നിധ്യം ഇവിടെയില്ലെന്നത് പ്രധാനമാണ്. നേരിട്ടുള്ള അഭിമുഖങ്ങളോ സംഭാഷണങ്ങളോ അവരുമായി ഗ്രന്ഥകാരന്‍ നടത്തിയിട്ടില്ല. “മെറില്‍ സ്ട്രീപ്, താങ്കള്‍ക്കും നന്ദി, ഒരു ആകര്‍ഷക ജീവിതം നയിച്ചതിന്, കാര്യമായ വഴിതടസ്സങ്ങള്‍ ഒന്നും വലിച്ചിടാതിരുന്നതിനും എന്ന് കൃതജ്ഞതപ്പെടുന്നതും കൌശലപൂര്‍ണ്ണമാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം അത് ‘അനൌദ്യോഗികമാണെന്നും തനിക്കതുമായി ബന്ധമൊന്നുമില്ലെന്നും താന്‍ വായിച്ചിട്ടില്ലെന്നും മെറില്‍ പറഞ്ഞതും ഇതോടു ചേര്‍ത്തു പറയാം.

ന്യു ജേഴ്സിയിലെ ബെര്‍ണാഡ്സ് വില്ലയില്‍ മെറിലിന്റെ കുട്ടിക്കാലവും വസാര്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്കൂളിലെ പഠനവും യേല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അതികഠിനമായ പരിശീലനവും വിശദമായും അതീവ രസകരമായും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. സഹപാഠിനിയായിരുന്ന വെന്റി വാസര്‍സ്റ്റീന്‍ ‘സ്കൂള്‍ ഓഫ് ട്രോമ എന്ന് യേല്‍ നാടകക്കളരിയെ വിശേഷിപ്പിച്ചത്‌ പ്രസിദ്ധമായിരുന്നു. നാടകമാണ് തന്റെ തട്ടകം എന്ന് മെറില്‍ തിരിച്ചറിഞ്ഞത് മുതല്‍ അവരുടെ വളര്‍ച്ച സമാനതകള്‍ ഇല്ലാത്തതായിരുന്നു. എഴുപതുകളില്‍ ബ്രോഡ് വേ നാടകങ്ങളില്‍ വലിയ റോളുകള്‍ കൈകാര്യം ചെയ്ത മെറില്‍, ‘ഷേക്സ്പിയര്‍ ഇന്‍ ദി പാര്‍ക്ക് പ്രോഡക് ഷനില്‍ രണ്ടു നാടകങ്ങളിലും അഭിനയിച്ചു. മെറില്‍ എന്ന പെര്‍ഫെക് ഷനിസ്റ്റിലേക്കുള്ള കുതിപ്പിന്റെ അങ്ങേയറ്റം കഠിനവും എന്നാല്‍ അനായാസമെന്നു തോന്നിക്കുന്നതുമായ വികാസം ഈ ഘട്ടങ്ങളില്‍ വ്യക്തമാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ അഭിനേത്രിയെന്ന നിലയില്‍ അകാല മൃത്യു വരുത്തുമെന്ന് കൃത്യമായും മെറില്‍ തിരിച്ചറിഞ്ഞിരുന്നു.

മെറിലിനു നടന്‍ ജോണ്‍ കസാലെയുമായുണ്ടായിരുന്ന ദുരന്ത പ്രണയത്തിന്റെ ആവിഷ്കാരമാണ് പുസ്തകത്തിന്റെ ഏറ്റവും ഹൃദയ ദ്രവീകരണക്ഷമമായ ഭാഗങ്ങള്‍. ഫ്രെഡോ കൊര്‍ലിയോണിയായി കസാലെ മികച്ച പ്രകടനം കാഴ്ചവെച്ച ‘ദി ഗോഡ്ഫാദര്‍ ഉള്‍പ്പടെ അഭിനയിച്ച അഞ്ചു ചിത്രങ്ങളും ഓസ്കാര്‍ നോമിനേഷന്‍ നേടിയെങ്കിലും കസാലെ ഒരിക്കലും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. 1976-ല്‍ പാര്‍ക്ക് പ്രോഡക് ഷന്റെ മെഷര്‍ ഫോര്‍ മെഷറില്‍ ഒരുമിച്ച് അഭിനയിക്കുന്ന വേളയില്‍ മൊട്ടിട്ട പ്രണയം നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ശ്വാസ കോശ അര്‍ബ്ബുദം ബാധിച്ചു കസാലെ മരണമടയുന്നത് വരെ (1978 മാര്‍ച്ച് 12) തുടര്‍ന്നു. മരണപ്പെട്ടു എന്ന് ഡോക്റ്റര്‍ വിധിയെഴുതിയതിനു ശേഷവും ഒരു ഹ്രസ്വ നിമിഷത്തേക്ക് മെറിലിന്റെ കൈകളില്‍ കണ്‍തുറന്ന് നിത്യ നിദ്രയിലേക്ക് പോവുകയായിരുന്നു കൂട്ടുകാരന്‍. “എല്ലാം ശരിയാണ്, മെറില്‍. എല്ലാം ശരിയാണ്..” എന്നതായിരുന്നു കസാലെയുടെ അന്ത്യ വാക്കുകള്‍. ആ മരണത്തിനു തൊട്ടു പിറകെ ‘ഹോളോകോസ്റ്റ് മിനി സീരീസിലെ അഭിനയത്തിന് ലഭിച്ച എമ്മി അവാര്‍ഡ് മെറിലിനെ ഒട്ടും ആഹ്ലാദിപ്പിക്കുകയുണ്ടായില്ല എന്ന് ഷുള്‍മന്‍ നിരീക്ഷിക്കുന്നു. അവരാ വേഷം സ്വീകരിച്ചത് തന്നെ കസാലെയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി മാത്രമായിരുന്നു. ഷൂട്ടിംഗ് നീണ്ടുപോകുന്നത് അദ്ദേഹത്തിനരികിലെത്താന്‍ തടസ്സമുണ്ടാക്കുന്നതില്‍ അവര്‍ ഏറെ ഖിന്നയായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയതുമില്ല മെറില്‍. വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിനു ആ നീണ്ട ഓസ്കാര്‍ നോമിനേഷന്‍ ചരിത്രം തുടങ്ങിവെക്കുന്ന ഡിയര്‍ ഹണ്ടറിലെ ലിണ്ടയുടെ വേഷം സ്വീകരിക്കുന്നതിലും കസാലെയോടുള്ള പ്രണയം തന്നെയായിരുന്നു പ്രേരണയായത്. തന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അത് വിരുദ്ധമായിരുന്നെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് ചിത്രത്തില്‍ അഭിനയിക്കുന്ന കസാലെയോടൊപ്പം രോഗാവസ്ഥയില്‍ അരികില്‍ ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ചിത്രം പക്ഷെ മെറിലിനെ ശക്തമായി ഹോളിവുഡില്‍ അടയാളപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ക്രാമര്‍ വേഴ്സസ് ക്രാമറില്‍ മെറില്‍ ഓസ്കാര്‍ നേടുന്നത് കാണാന്‍ കൂട്ടുകാരന്‍ കാത്തു നിന്നില്ല. ബുദ്ധിമാനും സുമുഖനും ലോല മനസ്കനും ഇത്തിരി കോമാളിത്തമുള്ള മുഖഭാവമുള്ളവനും എന്ന നിലയില്‍ കസാലെയുടെ പ്രകൃതം മെറിലിന്റെ ഗൌരവപ്രകൃതത്തിനും തീക്ഷ്ണ ധ്യാന ഭാവത്തിനും ഹൃദ്യമായ രീതിയില്‍ അനുപൂരകമായിരുന്നു; ആയുര്‍ദൈര്‍ഘ്യം ഒന്നൊഴിച്ച്. കസാലെയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഡോണ്‍ ഗമ്മറുമായുള്ള മെറിലിന്റെ വിവാഹം. നാല് മക്കളുണ്ട് ഹോളിവുഡിലെ ‘പിരിയാനുള്ള ബന്ധമല്ലാത്ത ഈ ദമ്പദിമാര്‍ക്ക്.

മെറില്‍ അഭിനയിച്ച വേഷങ്ങളുടെ പേരുകളുള്ള അധ്യായങ്ങളിലൂടെ അവരുടെ ബാല്യകൌമാരങ്ങളിലേക്ക് ഷുള്‍മന്‍ കടന്നു ചെല്ലുന്നു. ‘മേരി’ എന്ന ആദ്യ അധ്യായം കുട്ടിക്കാലത്തേ വ്യക്തമായിത്തുടങ്ങിയ തന്മയീഭാവസിദ്ധിയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്. മേരിമാതാവായി അഭിനയിക്കുന്ന ആറു വയസ്സുകാരിയുടെ അനുഭവം അവരുടെ തന്നെ വാക്കുകളില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിക്കുന്നു: “എനിക്ക് പ്രശാന്തത അനുഭവപ്പെട്ടു, വിശുദ്ധ. വാസ്തത്തില്‍ ഡാഡി സൂപ്പര്‍ -8-ല്‍ പകര്‍ത്തിയ എന്റെ രൂപാന്തരപ്പെട്ട മുഖവും മാറിയ ഭാവവും എന്റെ താഴെയുള്ള സഹോദരങ്ങളെ.. ഒരു അതീതാവസ്ഥയില്‍ ആക്കി. എന്റെ ഫോക്കസിന്റെ തീവ്രത ഈ വിശുദ്ധ ജന്മ രംഗത്തിലേക്ക് അവരെ വലിച്ചടുപ്പിച്ചു, സാധാരണ അവരെ കൊണ്ട് ഒച്ചയിട്ടു അനുസരിപ്പിക്കാന്‍ ശ്രമിക്കുകയെന്ന തന്ത്രം പയറ്റുമ്പോള്‍ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്ത ഒരു രീതിയില്‍.” ഇതേ തീവ്ര സമീപന രീതി യേല്‍ ഡ്രാമാ സ്കൂളില്‍ മരണം അഭിനയിക്കേണ്ട രംഗത്ത് ഗര്‍ഭഛെചിദ്രം അവതരിപ്പിക്കാനും എന്തെങ്കിലും അതിതീക്ഷ്ണ തീവ്രതയോടെ ചെയ്യുമ്പോള്‍ ‘To Streep it out’ എന്ന പ്രയോഗം തന്നെ ക്യാമ്പസില്‍ തുടങ്ങിവെക്കും വിധം അത് ചെയ്യാനും മെറിലിനെ പ്രാപ്തയാക്കി. ഹൈസ്കൂളില്‍ എത്തും വരെ അവരൊരു സുന്ദരിയായിരുന്നില്ല എന്ന വസ്തുതയും പുസ്തകം തുടക്കത്തിലേ വ്യക്തമാക്കുന്നു. എലിസബത്ത്‌ ടെയ്‌ലറുടെ ക്ലാസ്സിക് സൗന്ദര്യമോ ഡെബ്ബി റെയ്നോള്‍ഡ്സിന്റെ അയലത്തെ സുന്ദരീ പരിവേഷമോ മെറിലിനില്ലായിരുന്നു എന്ന് ഷുള്‍മന നിരീക്ഷിക്കുന്നു.  വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിന്റെ സൌന്ദര്യം തന്നെയും എല്ലാ കാലത്തും വിവാദപരമായിരുന്നു എന്ന് പറയാം ഇറ്റാലിയന്‍ സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ അടിപ്പെട്ട ഡിനോ ഡി ലോറെന്റിസ് മെറിലിനെ വിരൂപയെന്നു വിളിച്ചത് കിംഗ്‌ കോംഗ് (1976) നായികാ പരിഗണനയുടെ ഘട്ടത്തിലാണ്. അവരുടേത് വ്യത്യസ്തത ആവശ്യപ്പെടുന്ന തരം സൌന്ദര്യമായിരുന്നു എന്ന് ഷുള്‍മന്‍ കരുതുന്നു: വെല്ലുവിളിക്കുന്ന, അതിരുകള്‍ ഭേദിക്കുന്ന, അവാംഗ് ഗാര്ദ് വേഷങ്ങള്‍ക്ക് പറ്റിയത്. ‘..അവര്‍ക്ക് ആരുമാകാമായിരുന്നു: ഒരു പ്രഭുകുലജാത, യാചകി, കാമിനി, കോമാളി. അവര്‍ക്ക് നോര്‍ഡിക്, അല്ലെങ്കില്‍ ഇംഗ്ലിഷ്, അതുമല്ലെങ്കില്‍ സ്ലാവിക് – എല്ലാമാകാമായിരുന്നു.”

മറ്റുള്ളവരുടെ സ്വഭാവ വിശേഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ മിമിക് ചെയ്യുന്നതിനുള്ള മിടുക്ക് ചെറുപ്പന്നെ മെറില്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ വസാര്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്കൂളില്‍ വെച്ചാണ് അഭിനയത്തിലുള്ള കഴിവായി അവരത് തിരിച്ചറിയുന്നത്‌. സ്ട്രിന്‍ ഡ് ബര്‍ഗിന്റെ മിസ്‌ ജൂലിയായി അഭിനയിച്ചതായിരുന്നു യേല്‍ ഡ്രാമാ സ്കൂളിന്റെ ‘പ്രഷര്‍ കുക്കര്‍ പരിശീലനത്തിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രചോദനമായത്. മെതേഡ് ആക്റ്റിങ്ങിന്റെ ചിട്ടവട്ടങ്ങള്‍ മെറിലിന് അത്ര പഥ്യമായിരുന്നില്ലെങ്കിലും പാത്രാവിഷ്കാരത്തിനു ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായിരുന്നു. “സ്വന്തം വേദനകളെ ഖനനം ചെയ്യുന്ന രീതിയെ കുറിച്ച് അവര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടായിരുന്നു. ദുരിതം കലയില്‍ പ്രസക്തമല്ല എന്നവര്‍ കരുതി.” മെറിലിന്റെ അലസതയും ഒഴിഞ്ഞുമാറലും ആയി ടോം ഹാസിനെ പോലുള്ള അധ്യാപകര്‍ കരുതിയ പ്രകൃതം യഥാര്‍ഥത്തില്‍ “മെതേഡ് ആക്റ്റിങ്ങിന്റെ യാഥാസ്ഥിതികതക്കെതിരെ വളര്‍ന്നു വന്ന പ്രതിഷേധമായിരുന്നു” എന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. സ്വാനുഭവ ഖനനത്തിന് പകരം ഭാവനയുടെ പ്രയോഗത്തെയാണ് മെറില്‍ ഊന്നിയത്. ‘ക്രാമര്‍’ അഭിനയത്തിനിടെ മെതേഡ് ആക്റ്റിംഗിന്റെ അതിതീവ്ര പ്രയോക്താവായ ഡസ്റ്റിന്‍ ഹോഫ്മാന്‍ നടത്തിയ ചില പ്രകോപനങ്ങള്‍ അതിരുകടന്നപ്പോള്‍ മെറില്‍ ശക്തവും സൌമ്യവുമായി അതിനെ നേരിട്ടതിനെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി: “ഒരിക്കല്‍ കൂടി താങ്കള്‍ അത് ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ എനിക്ക് വിശദീകരണം തരേണ്ടി വരും.” ക്രാമറിന്റെ ആദ്യതിരക്കഥാ പാഠത്തില്‍ മെറില്‍ അവതരിപ്പിക്കുന്ന ജോവാനയുടെ പാത്ര സൃഷ്ടിയില്‍ മുഴച്ചു നിന്ന ആണ്‍ ഭാഷയുടെ വൈകല്യം മറികടക്കാന്‍ സംവിധായകന്‍ റോബര്‍ട്ട് ബെന്റന്‍ മെറിലിന്റെ സഹായം തേടുകയുണ്ടായി: “അതൊരു സ്ത്രീയുടെ സംസാരമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അത് ഒരു സ്ത്രീയുടെ വാക്കുകള്‍ ഒരു പുരുഷന്‍ എഴുതാന്‍ ശ്രമിച്ചതിന്റെ പ്രശ്നമാണ്.” മെറില്‍ അത് മാനിക്കുകയും ആവശ്യമായ തിരുത്തല്‍ നടത്തുകയും ചെയ്തു എന്നത് രണ്ടാം ഫെമിനിസ്റ്റ് തരംഗത്തോട് അവര്‍ക്കും ആ കാലത്തിനും ഉണ്ടായിരുന്ന പ്രതിബദ്ധതയുമായി കൂടി ചേര്‍ത്തു കാണണം.

ആദ്യ ഹോളിവുഡ് അവസരം ‘ജൂലിയ എന്ന ചിത്രത്തില്‍ (1977) ജെയ്ന്‍ ഫോണ്ടയോടൊത്തായിരുന്നു എന്നതും വലിയൊരു പാഠമായിരുന്നു മെറിലിന്. താര പരിവേഷം നിലനിര്‍ത്തുക എന്നത് അഭിനയത്തിന് ബാധ്യതയാകുക എങ്ങനെയെന്നു തുടക്കത്തിലേ മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. ലിണ്ടയുടെ (ഡിയര്‍ ഹണ്ടര്‍) വേഷം തുടക്കത്തിലെ നല്‍കുമായിരുന്ന ടിപ്പിക്കല്‍ ഹോളിവുഡ് പൈങ്കിളി നായിക സങ്കല്‍പ്പം ബോധപൂര്‍വ്വം കുടഞ്ഞു കളയാന്‍ മെറിലിന് ഒട്ടും സമയം വേണ്ടിവന്നില്ല. കസാലെയുടെ മരണത്തിനു തൊട്ടുപിറകെ ഏറ്റെടുത്ത മൂന്നു പ്രോജക്റ്റുകള്‍ ആ വഴിക്കായിരുന്നു. മാന്‍ഹാട്ടന്‍ (വുഡി അലന്‍), ക്രാമര്‍ വേഴ്സസ് ക്രാമര്‍ (റോബര്‍ട്ട്‌ ബെന്റന്‍), ദി ടെയ്മിംഗ് ഓഫ് ദി ശ്ര്യു (പാര്‍ക്ക് പ്രോഡക് ഷന്‍സ്) എന്നിവയിലെ കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെടുന്നതിനെതിരെ വ്യത്യസ്തത കൊണ്ടുള്ള അവരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ആയി മാറി. “അവരുടെ ജീവിതം ഒരു ഏക വനിതാ വിവിധവേഷ നാടകം പോലെയായിരുന്നു. പട്ടണത്തില്‍ അങ്ങ് അവര്‍ മകനെ വിട്ടുപോകുന്ന ജോവാനയായിരുന്നു. ഇങ്ങ് ഇവിടെ ഭര്‍ത്താവിനെ അപമാനിക്കുന്ന ഭാര്യയായ ജില്‍ ആയിരുന്നു. രാത്രിയില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ അവര്‍ മെരുക്കപ്പെടെണ്ട വഴക്കാളി കെയ്റ്റ് ആയിരുന്നു. ജോവാന, ജില്‍, കെയ്റ്റ്: നിയമങ്ങള്‍ ലംഘിക്കുന്ന, തങ്ങളുടെ ആണുങ്ങളെ വട്ടം കറക്കുകയും കൊച്ചാക്കുകയും ക്രുദ്ധരാക്കുകയും ചെയ്യുന്ന മൂന്നു സ്ത്രീകള്‍” എന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു.

അഭിനയ സപര്യയുടെ സുവര്‍ണ്ണ കാലം പിന്നിടുന്ന ഇതിഹാസ താരത്തിന്റെ ജീവചരിത്രം പാതിവഴി വരെ മാത്രം പിന്തുടരുന്നതിലൂടെ പുസ്തകം പരിമിതപ്പെട്ടു പോകുന്നുണ്ട്. ജീവചരിത്രത്തിന് ആധികാരികത നല്‍കുന്ന രീതിയില്‍ ആഖ്യാന നായികയുമായി നേരിട്ട് സംവദിക്കാനോ അവരുടെ കയ്യൊപ്പ് നേടിയെടുക്കാനോ ശ്രമിക്കുന്നില്ല എന്നതും താരത്തെ കുറിച്ച് സാമാന്യേന അറിയുകയെന്ന കേവല കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം പോകാന്‍ കഴിയാത്ത ഒരു മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age story) പുസ്തകത്തെ മാറ്റുന്നു. എങ്കിലും ഏതൊരു ഇതിഹാസ ജീവിതത്തിനും അവരെ അതിനു പ്രാപ്തമാക്കുന്ന തരം ഒരു തുടക്കവും കഥയും ഉണ്ടാകുമെന്ന സാമാന്യ തത്വത്തെ പുസ്തകം ശരിയാം വിധം സാധൂകരിക്കുന്നുണ്ട്‌. ജീവിതമെന്നത്‌ കലാസപര്യക്കും മുകളിലാണെന്നും എന്നാല്‍ കലാസപര്യ ജീവിതം തന്നെയും മുഴുവനായും സമര്‍പ്പിക്കേണ്ടും വിധം വിലയൊടുക്കേണ്ടതാണ് എന്നും മെറില്‍ സ്ട്രീപ്പിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

 

(സിനിബുക്ക് ഷെല്‍ഫ് – 15, ദൃശ്യതാളം)

read more:

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

Tuesday, September 3, 2024

Smita Patil – A Brief Incandescence by Maithili Rao

     ഒരു ഹ്രസ്വ ദീപ്തി- സ്മിതാ പാട്ടീലിന്റെ ജീവിതകഥ



1986 ഡിസംബര്‍ 13 -ന് മുപ്പത്തിയൊന്നാം വയസ്സില്‍ പ്രസവ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളായ സ്മിതാ പാട്ടില്‍ ഏതൊരു മികച്ച അഭിനേത്രിയും മോഹിച്ചു പോകുന്ന ഒരു നീക്കിയിരുപ്പിന്റെ ഉടമയായിക്കഴിഞ്ഞിരുന്നു. പത്തുവര്‍ഷം മാത്രം നീണ്ടു നിന്ന അഭിനയ സപര്യക്കിടയില്‍ എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു എന്നത് മാത്രമല്ല, അവയില്‍ ഒട്ടുമിക്കതും ഇന്ത്യന്‍ നവ സിനിമയുടെ എക്കാലത്തെയും നല്ല ഈടുവെപ്പുകളില്‍ പെടുന്നവയായിരുന്നു എന്നതും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയവയായിരുന്നു എന്നതും അവരുടെ സംഭാവനയെ വേറിട്ട്‌ നിര്‍ത്തുന്നു. രണ്ടു ദേശീയ പുരസ്കാരങ്ങളും മൂന്നു ഫിലിം ഫെയര്‍ അവാര്‍ഡുകളും മാത്രമല്ല രാഷ്ട്രത്തിന്റെ പദ്മശ്രീ പുരസ്കാരവും ഈ ചുരുങ്ങിയ കാലയളവില്‍ അവരെ തേടിയെത്തി. എഴുപതുകളിലെ നിശിതമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ‘പാരലല്‍’ സിനിമയുടെ അച്ചുതണ്ടായിരുന്ന കൂട്ടുകെട്ടുകളില്‍ എല്ലായിടത്തും സ്മിതയുണ്ടായിരുന്നു. സത്യജിത് റേ, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, മൃണാള്‍ സെന്‍, ജി. അരവിന്ദന്‍ജബ്ബാര്‍ പട്ടേല്‍ തുടങ്ങി ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രണേതാക്കാളുടെ ചിത്രങ്ങളിലാണ് അവര്‍ നിറഞ്ഞു നിന്നത്. ഒപ്പം രാജേഷ് ഖന്നയെയും അമിതാബ് ബച്ചനെയും പോലുള്ള വാണിജ്യ സിനിമാ നായകരോടൊപ്പം ആടിയും പാടിയും നൃത്തം ചെയ്തും മുഖ്യധാരയിലും അവര്‍ ചുവടുറപ്പിച്ചു- അതില്‍ പലതും ഇതല്ല തന്റെ ഇടമെന്നു അവരെ ബോധ്യപ്പെടുത്തിയെങ്കിലും. സ്മിതാ പാട്ടിലിന്റെ ദേഹ വിയോഗത്തിനു മൂന്നു പതിറ്റാണ്ടിപ്പുറം അവരുടെ ജീവിതത്തെയും അഭിനയ സപര്യയെയും അടയാളപ്പെടുത്തി മുതിര്‍ന്ന ജേണലിസ്റ്റും ചലചിത്ര നിരൂപകയുമായ മൈഥിലി റാവു രചിച്ച ജീവ ചരിത്ര പുസ്തകമാണ് “Smita Patil – A Brief Incandescence”.   

നവസിനിമാ തരംഗം

അടിയന്തരാവസ്ഥാനന്തര മുഖ്യധാരാ സിനിമ പറഞ്ഞു പഴകിയ റൊമാന്‍സും പ്രതികാരവും മെലോഡ്രാമയുമായി കുപിതനായ ചെറുപ്പക്കാരന്‍ എന്ന മിത്തിനെ പേര്‍ത്തും പേര്‍ത്തും ബലാല്‍ക്കാരം ചെയ്തു കാലക്ഷേപം കഴിക്കുന്ന ഘട്ടത്തിലാണ് സത്യജിത് റേയും മൃണാള്‍ സെന്നും ഋത്വിക് ഘട്ടകും മുമ്പേ വഴികാണിച്ച മറ്റൊരു തരം സിനിമ സാധ്യമാണ് എന്ന നവസിനിമാ തരംഗം ഇന്ത്യന്‍ ചലച്ചിത്ര സംസ്കാരത്തില്‍ വേരുറപ്പിക്കുന്നത്. ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെയും ധൈഷണിക ഉള്ളടക്കത്തിന്റെയും കരുത്തുണ്ടായിരുന്ന ഈ സിനിമയുടെ സുവര്‍ണ്ണ കാലത്തിനും, മറ്റു പലപ്പോഴെന്നപോലെ ബംഗാള്‍ സിനിമ ഒരു ദീപസ്തംഭാമായി വഴി തെളിയിച്ചു. അത് ഹിന്ദി സിനിമയിലേക്കും മലയാളവും കന്നഡയും പോലുള്ള ഇതര പ്രാദേശിക ഭാഷാസിനിമയിലേക്കും വ്യാപിച്ചു. ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കടന്നുവരവും ഈ മാറ്റത്തിന് ഊര്‍ജ്ജമായപ്പോള്‍ ചലച്ചിത്രമേളാ സംസ്കാരത്തിന്റെ വ്യാപനം, മുഖ്യധാരയുടെ നീരാളിപ്പിടുത്തത്തിനപ്പുറം നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെയും ഉറപ്പുവരുത്തി. ഈ അന്തരീക്ഷത്തിലാണ് സ്മിതാ പാട്ടില്‍, ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ഓം പുരി, ദീപ്തി നവാല്‍, തുടങ്ങിയ അഭിനയ പ്രതിഭകള്‍ ഈ തരംഗത്തിന്റെ ഭാഗമായത്. ഇക്കൂട്ടത്തില്‍, നിര്‍ഭാഗ്യകരമായ രീതിയില്‍ ശത്രുപക്ഷങ്ങളായിപ്പോയ സ്മിതയും ശബാനയും നായികാ സങ്കല്‍പ്പങ്ങളില്‍ വരുത്തിയ മാറ്റത്തെ വിപ്ലവകരം എന്നുതന്നെ വിളിക്കണമെന്ന് മൈഥിലി റാവു നിരീക്ഷിക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ അലങ്കാരം മാത്രമായിക്കണ്ട മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി കരുത്തുള്ള സ്ത്രീകഥാപാത്രങ്ങള്‍ സിനിമയുടെ നെടുംതൂണായിമാറുന്നതിനു നവസിനിമ സാക്ഷ്യംവഹിച്ചപ്പോള്‍ അതിന്റെ കേന്ദ്രത്തില്‍ സ്മിതയും ശബാനയും ഉണ്ടായിരുന്നു. 

തുടക്കം

സ്മിതാ പാട്ടിലിന്റെ വ്യക്തി ജീവിതത്തില്‍ ഏറെ പുരികങ്ങള്‍ ചുളിപ്പിച്ച ആ രാജ് ബബ്ബര്‍ ബന്ധത്തെ കുറിച്ച് മൗനം പാലിക്കുമെന്ന മുഖവുരയോടെയാണ്‌ പുസ്തകം തുടങ്ങുന്നത് എന്നത് പുസ്തകത്തിന്റെ ഊന്നല്‍ എവിടെയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാഗം പറയാനായി സ്മിത ജീവിച്ചിരിപ്പില്ല എന്നതും രാജ് ബബ്ബര്‍ തികഞ്ഞ മൌനം പാലിക്കുന്നു എന്നതും അതൊരു വിലക്കപ്പെട്ട തലമായി നില്‍ക്കട്ടെ എന്ന തീരുമാനത്തിലേക്ക് എഴുത്തുകാരിയെ എത്തിക്കുന്നു. ഗോസിപ്പുകള്‍ കൊണ്ട് നിറക്കാതെ താന്‍ ആവിഷ്കരിക്കുന്ന ജീവിതത്തിനു തികഞ്ഞ മാന്യത നല്‍കുക എന്നതാണ് ഒരു ജീവചരിത്ര കൃതിയെ മഹത്തരമാക്കുന്നത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവും ഗാന്ധിയനുമായിരുന്ന ശിവാജിറാവു ഗിര്ധാര്‍ പാട്ടില്‍, വിദ്യാതായി പാട്ടില്‍ ദമ്പതികളുടെ രണ്ടാമത്തെ മകളായി ജനിച്ച സ്മിതയുടെ വ്യക്തിത്വത്തില്‍ ലീനമായിരുന്ന ഹൃദയ വിശാലതയും സഹജീവി സ്നേഹവും തുറന്ന സൗഹൃദമനോഭാവവും ‘സര്‍വ്വമത സമഭാവന’യെന്ന ഗാന്ധിയന്‍ ആദര്‍ശം കൊണ്ട് ആര്‍.എസ്.എസ്. രാഷ്ട്രീയത്തെ ചെറുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ സേവാ ദള്‍ സംസ്കാരത്തിന്റെ കൂടി സൃഷ്ടിയായിരുന്നു.

“ശക്തയും ലോല മനസ്കയും, സ്വതന്ത്ര ബുദ്ധിയും ആര്‍ക്കും പറ്റിക്കാവുന്നവളും, ആത്മവിശ്വാസമുള്ളവളും അരക്ഷിതയും- വൈരുധ്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അവയോടോപ്പം ജീവിക്കാനുള്ള ഒരു ഉള്‍ക്കരുത്തുണ്ടായിരുന്നു അവര്‍ക്ക്

എന്നും

“ശിശുസഹജമായ ഒരു വിശ്വാസവും ജിജ്ഞാസയും, ഒരേ സമയം ചിന്താധീനവും കുസൃതി പൂര്‍ണ്ണവും, അവരിലുണ്ടായിരുന്ന കുട്ടി മുതിര്‍ന്നപ്പോഴും നിലനിന്നു എന്നപോലെ. എന്നാല്‍, ഇതിനെല്ലാം ഉള്ളില്‍ ആരും സ്നേഹിച്ചു പോകുന്ന ഒരു ലാളിത്യം, കടന്നു പോകുന്ന ഒരു കാറ്റിലും ആടുകയും ഉലയുകയും എന്നാല്‍ ഒരിക്കലും ഒടിയാതിരിക്കുകയും ചെയ്യുന്ന ഉറച്ച വേരുകളുള്ള ഒരു വിളഞ്ഞ മുകുളം”

എന്നും സ്നേഹാരാധനയോടെ തന്റെ നായികയെ ജീവചരിത്രകാരി അടയാളപ്പെടുത്തുന്നു.

ആദ്യ അധ്യായങ്ങളില്‍ സ്മിതയുടെ കുട്ടിക്കാലവും സ്കൂള്‍ പഠനവുമൊക്കെയാണ് വിവരിക്കപ്പെടുന്നത്. അക്കാലത്തുണ്ടായ സൗഹൃദങ്ങള്‍ താരപദവിയിലേക്കുയര്‍ന്നിട്ടും ഉലച്ചില്‍ കൂടാതെ തുടരാന്‍ സ്മിത ശ്രദ്ധിച്ചിരുന്നു. പൂന ഫിലിം ഇസ്റ്റിട്യൂട്ടില്‍ തിയേറ്റര്‍ അക്കാദമിയില്‍ ജബ്ബാര്‍ പട്ടേല്‍, സതീഷ്‌ അലേകര്‍, മോഹന്‍ അഗാഷേ തുടങ്ങിവരോടൊപ്പം പതിവുകാരിയായിരുന്ന സ്മിതയെ പി. കെ. നായര്‍ ഓര്‍മ്മിക്കുന്നുണ്ട്. അരുണ്‍ ഖോപ്കരുടെ ഡിപ്ലോമ ചിത്രമായ തീവ്ര മധ്യമിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സ്മിതയുടെ തുടക്കം. കഠിനാധ്വാനിയും നര്ത്തകിയെങ്കിലും ചെയ്തു ശീലമില്ലാത്ത താന്‍പുര നൃത്തത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ പരിശീലിക്കുന്നവളുമായ തന്റെ നായികയെ കുറിച്ച് സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ ഖോപ്കര്‍ പങ്കുവെക്കുന്നുണ്ട്. ‘ചരന്‍ദാസ് ചോറി’ലൂടെ ബംഗാളി സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പില്‍ തന്നെ വിസ്മയിപ്പിച്ച പെണ്‍കുട്ടിയെ കുറിച്ച് സംവിധായകന്‍ ശ്യാം ബെനഗല്‍ ഓര്‍ക്കുന്നു:

“ടി വി യിലും ഖോപ്കരുടെ ചിത്രത്തില്‍ നിന്നും കണ്ടത് വെച്ച് തുടക്കം മുതലേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എനിക്കറിയാമായിരുന്നു ഈ പെണ്‍കുട്ടി ക്യാമറയില്‍ ഒന്നാന്തരമായിരിക്കും.. അനുതാപ ഭാവമുള്ള ഒരു വ്യക്തിത്വം ഒരു മനുഷ്യനിലേക്ക് കടന്നുചെല്ലാന്‍ നിങ്ങളെ അനുവദിക്കും... ഈ സ്വാഭാവിക സ്വയംപ്രകാശനം, അവരുടെ വികാരങ്ങള്‍ ഏതു രൂപത്തിലായാലും, അതവളുടെ മുഖത്തു കാണാനാവും.”

നിരൂപകയുടെ രചന

പുസ്തകത്തിന്റെ സിംഹഭാഗം അപഹരിക്കുന്നത് മൈഥിലി റാവുവിലെ ജീവചരിത്രകാരിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ചലചിത്ര നിരൂപകയാണ് എന്നത് ഒരു പ്രശ്നമായി ചിലപ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടാം. സ്മിതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ ഓരോ ചിത്രങ്ങളെ കുറിച്ചും വിഷാദവും ഗഹനവുമായ പഠനങ്ങളായി സുദീര്‍ഘ വിവരണങ്ങള്‍ അധ്യായങ്ങളായിത്തന്നെ പുസ്തകത്തിലുണ്ട്. സ്മിത തന്റെ കഥാ പാത്രങ്ങളിലേക്ക് നടത്തിയ പകര്‍ന്നാട്ടവും അതിനു വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും അതീവ സൂക്ഷ്മമായി വിവരിക്കുന്ന ഈ ഭാഗങ്ങള്‍ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെങ്കിലും പലപ്പോഴും അവ ആവര്‍ത്തന സ്വഭാവമുള്ളതും അമിതാരാധനയുടെ വര്‍ണ്ണങ്ങള്‍ കലര്‍ന്നതും ആയി അനുഭവപ്പെടാം. ‘സ്മിത പാട്ടീലും അവരുടെ ദശാവതാരങ്ങളും’ എന്ന സുദീര്‍ഘ അധ്യായത്തില്‍ മന്താന്‍, ജയ്ത് രേ ജയ്ത്, ഭൂമിക, അകലേര്‍ സന്ധാനെ, ചക്ര, ഉംബാര്‍ത്ത, സുബഹ്, അര്‍ഥ, ബസാര്‍, തരംഗ്, ആഖിര്‍ ക്യോം, എന്നിങ്ങനെ സ്മിതയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളെ കുറിച്ചുള്ള സമഗ്ര വിമര്‍ശന പഠനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മിതാ പാട്ടില്‍ ഒരു മെത്തേഡ് ആക്റ്റര്‍ ആയിരുന്നില്ലെന്നും അവര്‍ തന്റെ ജന്മവാസനയെ പിന്തുടരുന്ന ഒരു ‘സംവിധായകന്റെ അഭിനേതാവ്’ ആയിരുന്നു എന്നും എഴുത്തുകാരി നിരീക്ഷിക്കുന്നു. ശക്തയും പച്ചയായ ജീവിതം ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുമായി സ്മിതയുടെ അഭിനയം ആവര്‍ത്തനങ്ങള്‍ ഉള്ളവയാണെന്ന് ചൂണ്ടിക്കാട്ടുന്ന വിമര്‍ശകരെ മികച്ചതല്ലാത്ത റോളുകള്‍ക്ക് പോലും അവര്‍ പകര്‍ന്നു നല്‍കിയ തീക്ഷ്ണത കാണാതിരിക്കരുതെന്നു അവര്‍ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യത്തിലേറെ ഈ തീക്ഷ്ണതയിലാണ് അവരുടെ മുദ്രയെന്നു മൈഥിലി റാവു കരുതുന്നു. സ്മിതയും ശബാനയും തമ്മിലുള്ള ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ച ശത്രുതയെ കുറിച്ച് പുസ്തകത്തില്‍ പലവുരു സൂചനകളുണ്ട്. അരങ്ങു പിടിച്ചടക്കാന്‍ കഴിഞ്ഞതിലൂടെ മറ്റൊരു മറുപടി ആവശ്യമില്ലെന്ന നിലപാടില്‍ സ്മിത താരതമ്യേന തന്റെ മനോഭാവം മറച്ചു വെച്ചപ്പോള്‍ ശബാന കൊള്ളിവാക്കുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചു.  പില്‍ക്കാലം അക്കാര്യം അവര്‍ പരസ്യമായി ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. അതേസമയം മുഖ്യധാരയെയും സമാന്തര സിനിമയെയും വിജയകരമായി ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ സ്മിതയെക്കാള്‍ ഏറെ മുന്നിലായിരുന്നു ശബാന.

എമ്പതുകളിലെ സ്മിതയുടെ അഭിനയജീവിതം വിചിത്ര സങ്കരത്തിന്റെതായിരുന്നു എന്ന് എഴുത്തുകാരി നിരീക്ഷിക്കുന്നുണ്ട്. ഒരു വശത്ത്‌ സത്യജിത് റേ ടി വി ക്ക് വേണ്ടി ചെയ്ത സദ്ഗതി, ഗോവിന്ദ് നിഹലാനിയുടെ ആക്രോഷ്, അര്‍ദ്ധ സത്യ എന്നിവ പോലുള്ള മഹദ് സിനിമകള്‍; മറുവശത്ത്‌ തനിക്കൊരിക്കലും ചേര്‍ന്നതല്ലെന്ന തിരിച്ചറിവിലേക്ക് വീണ്ടും വീണ്ടും സ്മിതയെ കൂട്ടിക്കൊണ്ടുപോയ ജനപ്രിയ വൈകൃത സിനിമകള്‍- അമിതാബ് ബച്ചനോടോത്തുള്ള ആ മഴ നൃത്ത രംഗം സ്വകാര്യമായി ഏറെ കരയിച്ചിട്ടുണ്ടായിരുന്നു സ്മിതാ പാട്ടീലിനെ. ചലച്ചിത്ര വിമര്‍ശകയായ ജീവചരിത്രകാരി തന്റെ നായിക ചെയ്ത ഒന്നിനും കൊള്ളാത്ത സിനിമകളുടെ ലിസ്റ്റ് ദയാരഹിതമായിത്തന്നെ നിരത്തുന്നുണ്ട്‌. അത് വിവരിക്കുമ്പോഴും ആ ചിത്രങ്ങളിലെ കൊള്ളാവുന്ന ഏകഘടകം സ്മിതയുടെ സാന്നിധ്യമായിരുന്നു എന്ന് അവര്‍ എടുത്തുപറയുന്നുമുണ്ട്. ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധൃതികൂട്ടിയ സ്മിത ഇവിടെയും അത് ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യധാര സിനിമക്ക് നായികമാരുടെ വെളുത്ത തൊലിയോടുള്ള ആരാധനയെയും ഇരുണ്ട നിറത്തോടുള്ള നിഷേധത്തെയും മറികടക്കാനും തന്റേതായ ഒരു വശ്യതയുടെ മാനദണ്ഡം  രൂപപ്പെടുത്തിയെടുക്കാനും സ്മിതയ്ക്ക് കഴിഞ്ഞു എന്നത്, സീനിനും സ്ക്രിപ്റ്റിനും അനുരോധമായി സ്വയം പരുവപ്പെടാനുള്ള അവരുടെ സിദ്ധിയുടെ തെളിവ് തന്നെയാണ്. ‘പ്രതിബിംബത്തിന് പിറകിലെ സ്ത്രീ’ എന്ന അധ്യായത്തില്‍ സ്മിതയുടെ സൗഹൃദങ്ങളുടെയും അടുത്തിടപഴകിയിരുന്നവരോടുള്ള ബന്ധത്തിന്റെയും സൂചനകള്‍ ചുരുങ്ങിയ വാക്കുകളില്‍ പകരുന്നുണ്ട്. എങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ, രാജ് ബബ്ബര്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതേസമയം, മകളുടെ തെരഞ്ഞെടുപ്പ് അമ്മയില്‍ സൃഷ്ടിച്ച വികാരവിക്ഷോഭങ്ങളും ഗര്‍ഭകാലത്ത് അമ്മയും മകളും എല്ലാം മറക്കാന്‍ ശ്രമിക്കുന്നതും ഹൃദ്യമായി വിവരിക്കപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ മൂളിക്കേള്‍പ്പിച്ചിരുന്ന പാട്ടുകളൊക്കെയും പാടിക്കൊടുക്കാന്‍ സ്മിത അമ്മയോട് പറയുമായിരുന്നു. എന്നാല്‍ പ്രതികിന് അതൊന്നും മൂളിക്കൊടുക്കാന്‍ അവര്‍ക്ക് പക്ഷെ യോഗമുണ്ടായില്ലെന്ന് ജീവിചരിത്രകാരി വേദന കൊള്ളുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്ത്തകരുടെയും ഓര്‍മ്മകളില്‍ അവരുടെ വാക്കുകളില്‍ തന്നെ ആവിഷ്കൃതമാകുന്ന ചിത്രങ്ങങ്ങാളായാണ് അവസാന അധ്യായം ‘ഞങ്ങളവളെ ഓര്‍ക്കും വിധം’ അവതരിപ്പിക്കുന്നത്‌. റൌഫ് അഹമദ്, നന്ദിതാ ദാസ്, ദീപ ദിയോസ്താലെ, ജിതേഷ് പിള്ള, വൈശാലി ചക്രവര്‍ത്തി, മനോജ്‌ കുമാര്‍, എന്നിവരുടെ സ്നേഹ നിര്‍ഭരമായ ഓര്‍മ്മകള്‍ ആണിവിടെ.

ഓര്‍മ്മകളിലെ സ്മിതാ പാട്ടില്‍

സ്മിതാ പാട്ടില്‍ സ്മൃതികളില്‍ റൌഫ് അഹമദിന്റെ ഓര്‍മ്മകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. രമേശ്‌ സിപ്പിയുടെ ശക്തിയില്‍ അഭിനയിക്കുന്നത് മുമ്പ് താന്‍ നിരാകരിച്ച ജനപ്രിയ ചേരുവകളോട് അനുരജ്ഞനം നടത്തുകയല്ലെ എന്ന ചോദ്യത്തിന് സ്മിത നല്‍കിയ മറുപടി ഇതായിരുന്നു: താന്‍ സ്വയം വാണിജ്യവല്‍ക്കരിക്കുകയല്ല, മറിച്ച്, ഒരു താരമാകുന്നതിലൂടെ എന്റെ ആ പതിവ് ആര്‍ട്ട് സിനിമക്ക് വാണിജ്യമൂല്യം നല്‍കാന്‍ ശ്രമിക്കുകയാണ്. രേഖയോടൊത്തു അഭിനയിക്കുന്നത് നിര്‍ത്തിയ അമിതാഭിന് വേണ്ടി മറ്റൊരു നായികയെ തേടിക്കൊണ്ടിരുന്ന ജയ ഭാദുരിയാണ് സ്മിതയെ നിര്‍ദ്ദേശിച്ചത് എന്നും റൌഫ് ഓര്‍ക്കുന്നു. സ്മിതയും ശബാനയും തമ്മില്‍ ഉണ്ടായിരുന്ന ശത്രുതയുടെ അടിയൊഴുക്കുകളും റൗഫിന്റെ വാക്കുകളിലാണ് വ്യക്തമാകുന്നത്. ശബാനക്ക് മൂന്നാമത് ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ അക്കാര്യത്തില്‍ ഒന്ന് ശ്രമിക്കണമെന്ന് ഉപദേശിക്കുന്ന മഹേഷ്‌ ഭട്ടിനോട് ‘ഞാനിവിടെ അവാര്‍ഡുകള്‍ സമ്പാദിക്കാന്‍ വന്നതല്ല. എനിക്ക് നല്ല ജോലി ചെയ്‌താല്‍ മതി’ എന്ന് പ്രതികരിച്ച സ്മിതയെ അദ്ദേഹം ഓര്‍ക്കുന്നു. ഒരു തരത്തിലുള്ള ചരടുവലിയിലൂടെയും തനിക്കൊന്നും നേടേണ്ട എന്നും അങ്ങനെ ലഭിക്കുന്നതൊന്നും തന്നെ തൃപ്തയാക്കില്ല എന്നും അവര്‍ പറഞ്ഞു. അമ്മ പകര്‍ന്നു തന്ന മൂല്യങ്ങളാണ് തനിക്കു പ്രധാനമെന്ന് അവര്‍ നിലപാടെടുത്തു.

“ഞങ്ങള്‍ രണ്ടുപേരും ഒരിക്കലും സുഹൃത്തുക്കള്‍ ആവില്ലെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തില്‍ അടിസ്ഥാനപരമായ എന്തോ പിശകുണ്ട്. .. വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ ധ്രുവങ്ങളുടെ അന്തരത്തിലാണ്.”

എങ്കിലും ‘അര്‍ഥി’ല്‍ മികച്ചു നിന്നു എന്നതിന്റെ പേരില്‍ സ്മിത സപ്പോര്‍ട്ടിംഗ് റോളുകള്‍ക്കാണ് അനുയോജ്യയെന്ന ശബാനയുടെ അനാവശ്യ പരാമര്‍ശം സ്മിതയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സിനിമ അതിന്റെ ഏറ്റവും ആഴമേറിയ ഒരപചയകാലത്തിലൂടെ കടന്നു പോകുമ്പോള്‍ അതിനു പുതിയ ജീവനും ദിശാബോധവും നല്‍കിയ ഒരു മുന്നേറ്റത്തിന്റെ തന്നെ കേന്ദ്രത്തില്‍ സ്വയം കണ്ടെത്താനും ഒരു മിന്നായം പോലെ ഹ്രസ്വമായിരുന്ന ജീവിതത്തിനിടെ സിനിമാചരിത്രത്തിന്റെ തന്നെ ഏറ്റവും ദീപ്തമായ ഒരു വഴിവിളക്കായി നിലയുറപ്പിക്കാനും കഴിഞ്ഞ, തന്നെ ഏറ്റെടുക്കയും സ്നേഹിക്കുകയും ചെയ്ത സൗഹൃദങ്ങളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും അകാലത്തില്‍ മറഞ്ഞുപോയ സ്മിതാ പാട്ടിലിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്നേഹവേദനയുടെ അഞ്ജലികള്‍ അര്‍പ്പിക്കുന്ന പുസ്തകം തന്നെയാണ് “Smita Patil – A Brief Incandescence”.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക)

alsoread:

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Romancing with Life by Dev Anand

https://alittlesomethings.blogspot.com/2024/09/romancing-with-life-by-dev-anand.html