Featured Post

Showing posts with label Hollywood. Show all posts
Showing posts with label Hollywood. Show all posts

Friday, April 25, 2025

The Measure of a Man: A Spiritual Autobiography by Sidney Poitier

 മനുഷ്യന്റെ മാനദണ്ഡം – സിഡ്നി പോറ്റിയെരുടെ ആത്മകഥ


1929-ല്‍ ആരംഭിച്ച ഓസ്കാര്‍ പുരസ്കാരത്തിന്റെ ചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ എഴുപത്തിയൊന്ന് വര്‍ഷക്കാലത്തിനിടെ മികച്ച നടനുള്ള പുരസ്കാരം നേടാനായ ഏക ആഫ്രിക്കന്‍ അമേരിക്കന്‍ താരമായിരുന്നു സിഡ്നി പോറ്റിയെര്‍. നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ അഭിനേതാവും ഒമ്പത് ചിത്രങ്ങളുടെ സംവിധായകനും നാല് ചിത്രങ്ങളുടെ രചയിതാവുമാണ് അദ്ദേഹം. The Defiant Ones, A Patch of Blue, Guess Who's Coming to Dinner,  To Sir, With Love തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡിലെ നാഴികക്കല്ലുകളാണ്. ബാഫ്റ്റ ലൈഫ് ടൈം അച്ചീഫ്മെന്റ്റ് അവാര്‍ഡ്‌ ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള സിഡ്നി പോറ്റിയെര്‍, വ്യക്തി എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒപ്പം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളെയും ആത്മീയ വികാസങ്ങ പരിണാമാങ്ങളെയും ഹൃദ്യവും ഋജുവുമായി അവതരിപ്പിക്കുന്ന ആത്മകഥാ പുസ്തകമാണ് രണ്ടായിരാമാണ്ടില്‍ പുറത്തിറങ്ങിയ The Measure of a Man: A Spiritual Autobiography.സിഡ്നി പോറ്റിയെര്‍ ഒരു പാട് ജീവിതം ജീവിച്ചിട്ടുണ്ടെന്നും രണ്ടു ആത്മകഥകള്‍ എഴുതിയത് കൂടുതലല്ലെന്നും അദ്ദേഹത്തിന്റെ 1980-ല്‍ പുറത്തിറങ്ങിയ This Life എന്ന പുസ്തകത്തെ കൂടി സൂചിപ്പിച്ചു കൊണ്ട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടും ഏതാണ്ട് വിസ്മരിക്കപ്പെട്ടിരുന്നെങ്കിലും 2007 തുടക്കത്തില്‍ ഒപ്രാ വിന്‍ഫ്രെ തന്റെ ടി. വി. ബുക്ക് ക്ലബ്ബില്‍ ‘മെഷര്‍ ഓഫ് എ മാന്‍’ ഉള്‍പ്പെടുത്തിയതോടെ പോറ്റിയെര്‍ ആത്മകഥ വീണ്ടും വായനാലോകത്ത് സജീവമായി. ഹോളിവുഡില്‍ നിലനിന്ന വര്‍ണ്ണ വിവേചനത്തിനു പുതിയ നൂറ്റാണ്ടില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയപ്പോള്‍ 2002-ല്‍ സമഗ്ര സംഭാവനക്കുള്ള ഓണററി ഓസ്കാര്‍ ലഭിച്ചതും പോറ്റിയെര്‍ക്കായിരുന്നു എന്നതും അതേ വര്‍ഷം ഡെന്‍സല്‍ വാഷിങ്ങ്ടന്‍, ഹാലിബെറി എന്നിവര്‍ മികച്ച നടനും നടിക്കുമുള്ള ഓസ്കാര്‍ നേടി എന്നതും ഇതോടു ചേര്‍ത്തു വായിക്കേണ്ടത് തന്നെയാണ്.

കുട്ടിക്കാലം, മുതിര്‍ന്നു വരവ്

ബഹമാസിലെ കാറ്റ് ഐലന്‍ഡില്‍ ഒരു സാധാരണ കറുത്ത വര്‍ഗ്ഗ കുടുംബത്തില്‍ 1927 ഫെബ്രുവരി 20- നു ജനിച്ച സിഡ്നി പോറ്റിയെര്‍ ദാരിദ്രമെങ്കിലും ഇണക്കവും പിണക്കവും നിറഞ്ഞ സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലാണ് കുട്ടിക്കാലം ചെലവഴിക്കുന്നത്. ഏഴു മക്കളുള്ള കുടുംബത്തില്‍, അച്ഛനമ്മമാരായ റജിനാള്‍ഡ്- ഈവ് ലിന്‍ ദമ്പദികള്‍ തക്കാളിയും മറ്റും കൃഷി ചെയ്തു വന്നു. തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാനായി മയാമിയിലേക്ക് പതിവായി യാത്ര ചെയ്തിരുന്ന റജിനാള്‍ഡ് നാസോ നഗരത്തില്‍ കാബ് ഡ്രൈവര്‍ ആയും പ്രവര്‍ത്തിച്ചു. സിഡ്നിയുടെ കാര്യത്തില്‍, എട്ടാം മാസത്തില്‍ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മയാമിയിലെ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു ഈവ് ലിന്. അങ്ങനെ സിഡ്നി ഒരു അമേരിക്കന്‍ പൌരന്‍ ആയാണ് ജനിക്കാനിടയായത്.

ടെലിവിഷനോ റേഡിയോയോ ഇതര സാങ്കേതിക വിനോദോപാധികളോ ഇല്ലാതെ, വൈദ്യുതിയും പൈപ്പു വെള്ളവും ഫ്രിഡ്ജും അന്യമായ, സിനിമ പോലുമില്ലാത്ത സാഹചര്യത്തില്‍ മരം കയറിയും മീന്‍ പിടിച്ചും ചെറുതും വലുതുമായ കൌമാര സാഹസങ്ങളില്‍ രസിച്ചും കഴിഞ്ഞ കുട്ടിക്കാലത്ത് റോമന്‍ കത്തോലിക്കാ ചര്‍ച്ചിലൊക്കെ പോയി വളര്‍ന്ന അനുഭവം പോറ്റിയെര്‍ വിവരിക്കുന്നുണ്ട്. പില്‍ക്കാലം മതവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ചേച്ഛദിച്ച് ഒരു അജ്ഞേയവാദിയായി അദ്ദേഹം സ്വയം വെളിപ്പെടുത്തിയിരുന്നു. അച്ഛനമ്മമാര്‍ പഠിപ്പിച്ച സത്യസന്ധതയുടെയും അര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിത കാലം മുഴുവന്‍ അദ്ദേഹത്തെ വഴി നടത്തുന്നുമുണ്ട്. അക്കാലത്ത് ഒരിക്കലും  തൊലിയുടെ നിറം ഒരു വിവേചന ചിഹ്നമാണ് എന്ന് ആ ബാലന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. കാറ്റ് ഐലന്‍ഡിലെ ശാലീനതയില്‍ കണ്ണാടി കണ്ട അനുഭവമില്ലായിരുന്നെന്നു പില്‍ക്കാലം വംശീയാനുഭവത്തിന്റെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നുണ്ട്. പത്താം വയസ്സില്‍ നാസോയില്‍ എത്തുമ്പോള്‍ കുരുത്തംകെട്ട പിള്ളാര്‍ സെറ്റില്‍ പെട്ട് മോഷണക്കുറ്റത്തിന് ജയില്‍ വാസത്തിന്റെ തൊട്ടടുത്തു വരെ കൊച്ചു സിഡ്നി എത്തുന്നുണ്ട്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, സിഡ്നിയെ പോലെ ബുദ്ധിമാനായ ഒരു നവയുവവിന് യു. എസ്സില്‍ അവസരങ്ങള്‍ ഏറെയായിരിക്കും എന്ന ധാരണയില്‍ മാതാപിതാക്കള്‍ അമേരിക്കയിലുള്ള സഹോദരന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ അയക്കുന്നതാണ് അദ്ദേഹംത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അവിടെ ഒരു വര്‍ഷത്തിനു ശേഷം സ്വന്തം തീരുമാനത്തില്‍ അവസരങ്ങളുടെ കേന്ദ്രമായ ന്യു യോര്‍ക്കിലേക്ക് സിഡ്നി ചുവടു മാറി. വായിക്കാന്‍ അറിയാത്തത് കൊണ്ട് പാത്രം കഴിക്കുന്ന ജോലിയില്‍ തുടങ്ങുന്ന സിഡ്നി ഒരു ജൂത സുഹൃത്തിന്റെ സഹായത്തോടെ സ്വയം വിദ്യാഭ്യാസം തുടങ്ങി. 1943-ല്‍ പതിനാറുകാരനായ സിഡ്നി നുണ പറഞ്ഞു പട്ടാളത്തില്‍ ചേരുകയും പിന്നീട് ഭ്രാന്ത് അഭിനയിച്ച് സൈന്യത്തില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ആദ്യത്തെ വിജയിച്ച അഭിനയ പ്രകടനം അതായിരുന്നു എന്ന് പറയാം.

അഭിനയ ജീവിതത്തിലേക്ക്

ന്യു യോര്‍ക്കില്‍ തിരിച്ചെത്തിയ സിഡ്നി, ഹാര്‍ലം കേന്ദ്രമായി പ്രവര്‍ത്തിച്ച അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ ചേര്‍ന്ന് അഭിനയ പഠനം തുടങ്ങുകയും പിന്നീട് നോര്‍ത്ത് അമേരിക്കന്‍ നീഗ്രോ തിയേറ്ററില്‍ എത്തുകയും ചെയ്തു. എന്നാല്‍, ആഫ്രിക്കന്‍ അമേരിക്കന്‍ അഭിനേതാക്കള്‍ പാടുകയും നൃത്തം ചെയ്യുകയും വേണമെന്ന പ്രേക്ഷക പ്രതീക്ഷ അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചു. കുടുംബത്തില്‍ നിന്ന് പഠിച്ച ആത്മ ധൈര്യത്തിന്റെയും സത്യസന്ധതയുടെയും പാഠങ്ങള്‍ ഇപ്പോള്‍ സിഡ്നിക്ക് സ്വയം ഒരു പുതിയ തരം കറുത്ത വര്‍ഗ്ഗക്കാരനായ അഭിനേതാവിനെ സ്ഥാപിച്ചെടുക്കുകയെന്ന ദൌത്യത്തിന് തുണയായിത്തീര്‍ന്നു. പാടാനുള്ള കഴിവില്ലാത്തത് സാധാരണ ഗതിയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ക്ക് നീക്കിവെക്കുന്ന തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിയും വിധം തന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിച്ചു. ബ്രോഡ് വെയില്‍ കുറഞ്ഞൊരു കാലം ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും തന്റെ ഇടം അതല്ലെന്ന തിരിച്ചറിവില്‍ അക്കാലത്ത് ഫോക്സ് (20th Century Fox) മേധാവിയായിരുന്ന ഡാരില്‍. എഫ്. സനൂകിന്റെ പ്രേരണയില്‍ അദ്ദേഹം ഹോളിവുഡിലേക്ക് നീങ്ങി. ‘നോ വേ ഔട്ട്‌ (1950) എന്ന പ്രഥമ ചിത്രത്തിന് ശേഷം മുമ്പ് കറുത്ത വര്‍ഗ്ഗക്കാരായ അഭിനേതാക്കള്‍ ചെയ്തിട്ടില്ലാത്ത തരം വേഷങ്ങള്‍ അദ്ദേഹം കൂടുതലായി ചെയ്തു തുടങ്ങി. 1955-ആവുമ്പോഴേക്കും The Blackboard Jungle എന്ന ചിത്രത്തിലെ നായക തുല്യ വേഷത്തില്‍ നിരൂപകരുടെയും പ്രേക്ഷകരുടെയും അംഗീകാരം ഒരുപോലെ നേടിയെടുത്ത അഭിനേതാവായി പോറ്റിയെര്‍ വളര്‍ന്നിരുന്നു. 1958-ല്‍ The Defiant Ones എന്ന ചിത്രത്തിലൂടെ മികച്ച നായക നടനുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശം കരസ്ഥമാക്കുന്നതിലൂടെ അത് സാധിക്കുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ താരം എന്ന ചരിത്രത്തിനു അദ്ദേഹം ഉടമയായി. അഞ്ചുവര്‍ഷത്തിനു ശേഷം, 1963-ല്‍ Liles of the Field എന്ന ചിത്രത്തിലൂടെ അതേ പുരസ്കാരം നേടിക്കൊണ്ട് അത് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. 1967-ല്‍ വന്‍ ഹിറ്റുകളായ മൂന്നു ചിത്രങ്ങളില്‍ (Guess Who’s Coming to Dinner, To Sir With Love,  In the Heat of the Night) അഭിനയിച്ചുകൊണ്ടു വെളുത്തവരോ കരുത്തവരോ ആയ എല്ലാ താരങ്ങളിലും വെച്ച് ഏറ്റവും താരമൂല്യമുള്ള അഭിനേതാവായി അദ്ദേഹം സ്വയം തെളിയിച്ചു. ഇവ കൂടാതെ, A Patch of Blue, In the Heat of the Night, A Raisin in the Sun, No Way Out, Edge of the City, Paris Blues, Buck and the Preacher തുടങ്ങിയ ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളും പോയിറ്റിയര്‍ സ്പര്‍ശത്തിന്റെ മികച്ച നീക്കിവെപ്പുകള്‍ ആയി ചലച്ചിത്ര ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.  

ആഫ്രിക്കന്‍ അമേരിക്കന്‍ പ്രതിഭകള്‍ ഹോളിവുഡില്‍ നേരിട്ട വിവേചനത്തിന്റെ  വ്യാപ്തി നിരീക്ഷിക്കാന്‍ ഓസ്കാര്‍ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയെന്ന് കാണാം. പ്രതിഭാവിലാസം വേണ്ടുവോളമുള്ള ആഫ്രിക്കന്‍ വംശജരുടെ വന്‍ സാന്നിധ്യം ഹോളിവുഡില്‍ എല്ലാ മേഖലയിലും എല്ലാ കാലത്തും വളരെയേറെ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ അക്ഷന്തവ്യമായ അമാന്തമാണ് അക്കാദമി കാണിച്ചത് എന്നത്, അമേരിക്കന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ മുന്‍വിധികളുടെ പ്രകടമായ തെളിവ് തന്നെയാണ്. എന്നാല്‍ ഈ നിലക്ക് മാറ്റം വരികതന്നെ ചെയ്യുമെന്ന് പോറ്റിയെര്‍ ഉറച്ചു വിശ്വസിച്ചു. കാലം അത് തെളിയിക്കുകയും ചെയ്തു. 

‘ആത്മീയ ആത്മകഥ

“1945-ല്‍ പതിനെട്ടാം വയസ്സില്‍ ആര്‍മിയില്‍ നിന്ന് പുറത്തു പോരുമ്പോള്‍ ഞാന്‍ (പല കാര്യങ്ങളിലും) അജ്ഞനായിരുന്നു, ഉദാഹരണത്തിന്, ഒരു ‘ഡെമോക്രാറ്റ്, ‘റിപ്പബ്ലിക്കന്‍’, ‘പുരോഗമനവാദി’, ‘സോഷ്യലിസ്റ്റ്, ‘കമ്മ്യൂണിസ്റ്റ്, ‘അനാര്‍ക്കിസ്റ്റ്, ‘വടക്കന്‍ ലിബറല്‍, തെക്കന്‍ യാഥാസ്ഥിതികന്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.” പുസ്തകത്തില്‍ ഒരിടത്ത് പോയിറ്റിയര്‍ ഏറ്റുപറയുന്നതാണ്. എന്നാല്‍, പില്‍ക്കാലവും ആത്മകഥാ പുസ്തകവും ഒരുപോലെ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളുടെ ആര്‍ജ്ജവത്തിന്റെയും ചലച്ചിത്രകാരനും അഭിനേതാവും എന്ന നിലയില്‍ അതിലൂടെ നേടിയെടുത്ത ആദരങ്ങളുടെയും പേരില്‍ ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ഐക്കണ്‍ എന്ന നിലയിലാണ്. ഈ പരിണാമത്തിലേക്ക് അദ്ദേഹത്തെ നയിച്ചതില്‍ ഹോളിവുഡിന്റെ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ധാര്‍മ്മിക പ്രസക്തിയുള്ള തെരഞ്ഞെടുപ്പുകള്‍ക്കും കഠിനാധ്വാനത്തിനുമാണ് മുഖ്യപങ്കുള്ളത്. ആദ്യ ചിത്രങ്ങളില്‍ മികച്ച പ്രതികരണമുണ്ടാക്കിയ Cry, the Beloved Country (1951) എന്ന ക്ലാസിക്കിനു ശേഷം കുറേക്കാലം അവസരങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്ന കാലത്ത് ഒരു സുഹൃത്തിനോടൊപ്പം ഒരു റെസ്റ്റൊരെന്റ് തുടങ്ങി അതില്‍ ജോലി ചെയ്തു കഴിയുന്നുണ്ട് പോയിറ്റിയര്‍. ഇക്കാലത്ത് ടാലെന്റ് എജന്റ് ആയിരുന്ന മാര്‍ട്ടി ബോം മികച്ചൊരു അവസരവുമായി അദ്ദേഹത്തെ സമീപിക്കുന്നുണ്ട്. റേസിസ്റ്റ് അന്തര്‍ധാരയോ മറ്റെന്തെങ്കിലും പ്രകടമായ പ്രശ്നങ്ങളോ ഇല്ലാത്ത മികച്ച പ്രതിഫല സാധ്യതയുള്ള ആ വേഷം തേടിയെത്തുമ്പോള്‍ സിഡ്നി- ജുവാനിറ്റ ദമ്പതികള്‍ രണ്ടാമത് മകള്‍ ബെവര്‍ലിയുടെ ജനനം അടുത്തെത്തി, പണത്തിനു വലിയ ഞെരുക്കമുള്ള സന്ദര്‍ഭമായിരുന്നു. എങ്കിലും തുറന്നു പറയാന്‍ ഒരു കാരണം പോലുമില്ലാതെ സിഡ്നി ആ വേഷം ചെയ്യാനാവില്ല എന്ന നിലപാടെടുക്കുകയായിരുന്നു. അതിനു കാരണം അദ്ദേഹം പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്: ആ വേഷത്തില്‍ പോസിറ്റീവ് ആയി ഒന്നുമുണ്ടായിരുന്നില്ല. ഒന്നും ചെയ്യുന്നില്ലാത്ത ഒരു കഥാപാത്രം അദ്ദേഹത്തെ ഒട്ടും ആവേശം കൊള്ളിച്ചില്ല. ഈ നിലപാട് ഉടനീളം പുലര്‍ത്തിയതിന്റെ ഫലമായിരുന്നു ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ പ്രസക്തമായ നാല്‍പ്പതിലേറെ ചിത്രങ്ങള്‍ അടങ്ങിയ ആ ചലച്ചിത്ര സപര്യ. അച്ഛനമ്മാര്‍ തന്നെ വളര്‍ത്തിയ രീതിയോടും അവര്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളോടും കൂറുപുലര്‍ത്തണം എന്ന കാര്യത്തില്‍ ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല. ജീവിക്കാന്‍ വേണ്ടി ഒരാള്‍ എന്ത് ചെയ്യുന്നു എന്നത് അയാള്‍ ആരാണ് എന്നും എന്താണ് എന്നും പ്രകാശിപ്പിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. ആത്മകഥാ പുസ്തകത്തിന് ‘ആത്മീയ ആത്മകഥയെന്ന് ഉപശീര്‍ഷകം നല്‍കിയത് തികച്ചും ചിന്താപൂര്‍ണ്ണമാണ്. “മനുഷ്യ ജീവിതം വളരെയേറെ അപൂര്‍ണ്ണമായ ഒരു വ്യവസ്ഥയാണ്‌, വഴിയിലെല്ലാം അനുബന്ധ അപൂര്‍ണ്ണതകളിലൂടെ മുന്നോട്ടു നീങ്ങുന്ന ഒന്ന്. നമുക്ക് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു കാര്യം അടുത്ത ഒരു എട്ടു ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കകം ഇതെല്ലാം ഒടുങ്ങും എന്നതു മാത്രമാണ്. നമ്മുടെ സൂര്യന്‍ അതിനകം എരിഞ്ഞടങ്ങും, അതോടെ ദിവസം തീരും, തകര്‍ച്ച ഈ സൗരയൂഥത്തിലാകെ പടരുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാറാവും, കാരണം അപ്പോള്‍ എല്ലാം പരിപൂര്‍ണ്ണ ശൂന്യതയിലേക്ക് മടങ്ങും.” ദാര്‍ശനിക മാനങ്ങളുള്ള ഈ ഡിസ്റ്റോപ്പിയന്‍ ദര്‍ശനത്തോടെയാണ് പുസ്തകം അതിന്റെ അവസാനത്തോടടുക്കുന്നത് എന്നത്, നാം പിന്തുടര്‍ന്ന് വന്ന മനസ്സിന്റെ ഉടമക്ക് ജീവിതത്തെ കുറിച്ച് ചെറുതല്ലാത്ത ഉത്കണ്ഠകളുണ്ട് എന്ന് തന്നെയാണ് നമ്മോടു പറയുന്നത്.

തന്റെ ജീവിതവും അഭിനയ സപര്യയും സ്വന്തം ആത്മ പരിശോധനയുടെ കണ്ണാടിയിലൂടെ പോറ്റിയെര്‍ പ്രതിഫലിപ്പിക്കുന്ന പുസ്തകമാണ് മെഷര്‍ ഓഫ് എ മാന്‍. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എത്തിപ്പിടിച്ച ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ നല്‍കേണ്ടി വന്ന വില, നടത്തേണ്ടിവന്ന സമര്‍പ്പണം, അമര്‍ഷങ്ങള്‍, വിട്ടുവീഴ്ച്ചകള്‍,  അഹംബോധ നിഗ്രഹം,  തുടങ്ങിയ സ്തോഭ-വൈകാരിക സമ്മര്‍ദ്ദങ്ങളെല്ലാം പുസ്തകത്തില്‍ ഇടം പിടിക്കുന്നുണ്ട്. പുറം ചട്ട സൂചിപ്പിക്കുന്നത് പോലെ, ഈ പുസ്തകത്തിന്റെ വായന ആദരണീയനായ ഒരു മുതിര്‍ന്ന ബന്ധുവിനോടുള്ള സംഭാഷണത്തിന്റെ അനുഭവം വായനക്കാരന് നല്‍കിയേക്കാം. എന്നാല്‍, ചിലപ്പോഴെങ്കിലും ‘ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്...’ എന്ന മട്ടിലുള്ള പഴയ കാല സ്തുതിയുടെ സ്വഭാവം നിരീക്ഷണങ്ങള്‍ക്ക് വന്നു ചേരുന്നുണ്ട് എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ടെക്നോളജിയുടെയും ടി. വി. പോലുള്ള വിനോദോപാധികളുടെയും ഇടപെടലില്ലാതെ, മണ്ണും ജലവും പ്രകൃതിയുമറിഞ്ഞു മുതിര്‍ന്നുവന്ന ഒരാള്‍ക്ക് അതെല്ലാം അന്യമായ ഹോളിവുഡ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ അവയോടു ഗൃഹാതുരത്വം അനുഭവപ്പെട്ടുവെങ്കില്‍ അതും ആ മനസ്സിന്റെ നന്മയായേ കാണേണ്ടതുള്ളൂ. യഥാര്‍ത്ഥത്തില്‍ പുസ്തകത്തെ കുറിച്ച് നടത്താവുന്ന കാമ്പുള്ള വിമര്‍ശനം മറ്റൊന്നാണ്: പുസ്തകത്തില്‍ പോറ്റിയെറുടെ ശൈലി അത്രയേറെ വായനാ പ്രചോദകമാണ് എന്ന് പറയാനാവില്ല എന്നതാണ് അത്. പലപ്പോഴും ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആവര്‍ത്തനം ഒട്ടൊരു വിരസത തീര്‍ക്കുന്നുമുണ്ട്.   

My Word is My Bond by Roger Moore

റോജര്‍ മൂറിന്റെ ആത്മകഥ



കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോക സിനിമയില്‍ ഏറ്റവും തിളക്കമുള്ള പേരുകാരില്‍ ഒരാളായി സ്വയം ഇടം നേടിയ നടനാണ്‌ റോജര്‍ മൂര്‍. ഏറ്റവും മികച്ച അഭിനേതാക്കളുടെ ലിസ്റ്റില്‍ അദ്ദേഹം ഉണ്ടാവുമോ എന്ന കാര്യം തര്‍ക്ക വിഷയമാകാം; എന്നാല്‍ ഏറ്റവും വലിയ വിനോദ ദായകരില്‍ ആദ്യപേരുകാരില്‍ അദ്ദേഹത്തിന്റെ ഇടത്തിന് തര്‍ക്കമുണ്ടാവില്ല. ലണ്ടനിലെ ഒരു സാധാരണ പോലീസുകാരനായ ജോര്‍ജ്ജ് ആല്‍ഫ്രഡ്‌ മൂറിന്റെയും ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കത്തയില്‍ ഇംഗ്ലീഷ് കുടുംബാംഗമായി ജനിച്ച അമ്മയുടെയും മകനായി 1927 ഒക്റ്റോബര്‍ പതിനാലിന് ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലില്‍ പിറന്ന റോജര്‍ 2017 മേയ് ഇരുപത്തിമൂന്നിന്  തൊണ്ണൂറാം വയസ്സില്‍ മരിക്കുമ്പോള്‍ ഒരു വലിയ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ എന്തൊക്കെയുണ്ട് എന്ന് സ്വന്തം വാക്കുകളില്‍ പിന്തലമുറക്കായി കുറിച്ച് വെച്ചതാണ് 'മൈ വേര്‍ഡ്‌ ഈദ് മി ബോണ്ട്‌'. 

ഒരു വ്യക്തിയെ പറ്റി എനിക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയുകയേ ഇല്ല എന്നതാവും എന്റെ രീതി" എന്ന് തുടക്കത്തിലെ സൂചിപ്പിച്ചു കൊണ്ടാണ് റോജര്‍ മൂര്‍ തന്റെ ആത്മകഥാഖ്യാനത്തിലേക്ക് കടക്കുന്നത്‌. സ്വതേ പ്രസന്ന പ്രകൃതിയും മാന്യനുമായ, കുലീനതയെന്നത് ഒരു വലിയ മൂല്യമായി കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്ന ഒരാളുടെ കാര്യത്തില്‍ തികച്ചും നൈസര്‍ഗ്ഗികമായ ഒരു നിലപാട് തന്നെയാണത്. തന്നെ കുറിച്ച് വലിയ മതിപ്പൊന്നും ഇല്ലാത്ത മട്ടില്‍ ഒട്ടും താന്‍പോരിമ കലരാത്ത വ്യക്തിത്വമാണ് റോജറിന്റെതെങ്കിലും രസികത്തവും അനായാസമായ കോമിക് വൈഭവവും അദ്ദേഹത്തിന്റെ സഹജ ഭാവമാണെന്നു കാണാം. ഒന്നാം ലോക യുദ്ധം കഴിഞ്ഞു ഒരു ശതകത്തിനുള്ളില്‍ (1927)  ജനിച്ച റോജര്‍, ദക്ഷിണ ലണ്ടനിലെ സ്റ്റോക്ക് വെല്ലിലെ കുട്ടിക്കാലത്തെ കുറിച്ച് സാമാന്യം വിശദമായ സൂചനകള്‍ നല്‍കുന്നുണ്ട്. മൂന്നു തവണയെങ്കിലും ശസ്ത്രക്രിയാ മേശയില്‍ എത്തേണ്ടിവന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു: ആദ്യം ടോന്‍സിലൈറ്റിസ് സര്‍ജ്ജറിക്ക്, പിന്നീട് മൂത്ര നാളിയില്‍ വിടാതെ പിടികൂടിയ ഫംഗസ് ബാധക്ക് പ്രതിവിധിയായി ചേലാകര്‍മ്മത്തിന്, പിന്നീട് അബദ്ധത്തില്‍ കാല്‍മുട്ടില്‍ തറച്ച എയര്‍ പിസ്റ്റല്‍ പെലെറ്റ് നീക്കം ചെയ്യുന്നതിന്. ഇതൊക്കെ വിവരിക്കുന്നതിനിടയില്‍ തന്നെ കുടുംബം ഒരു കുരങ്ങിനെ ദത്തെടുത്ത കാര്യവും ഒടുവിലതിനെ മേക്കാനാവാതെ ചെസ്സിങ്ങ്ടന്‍ കാഴ്ച്ചബംഗ്ലാവിനു കൈമാറിയതും റോജര്‍ ഓര്‍ക്കുന്നു. ഏകമകന്‍ എന്ന നിലയില്‍ സമ്പന്നമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ കുടുംബാന്തരീക്ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, ദുരിത ജീവിത സ്മൃതികള്‍ പങ്കുവെക്കുന്ന പതിവ് ഓര്‍മ്മപ്പുസ്തക രീതികളില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് പറയാം.............

 തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/my-word-is-my-bond-by-roger-moore



Wednesday, December 4, 2024

Neo-Feminist Cinema: Girly Films, Chick Flicks, and Consumer Culture by Hilary Radner

നവസ്ത്രീപക്ഷ സിനിമയുടെ ഹോളിവുഡ് മുഖങ്ങള്‍



(ഹിലരി റാഡ്നര്‍ രചിച്ച Neo-Feminist Cinema: Girly Films, Chick Flicks, and Consumer Culture എന്ന പുസ്തകം, നവ ലിബറല്‍ സമീപനങ്ങളും ഹോളിവുഡ് കച്ചവട താല്‍പ്പര്യങ്ങളും പോപ്പ് സംസ്കാരവും ചേര്‍ന്ന് രൂപപ്പെടുത്തിയ ‘നിയോ ഫെമിനിസ്റ്റ് സിനിമ’യുടെ പ്രകൃതങ്ങള്‍ അന്വേഷിക്കുന്നു.)

ഫസല്‍ റഹ് മാന്‍  

സമകാലിക ദൃശ്യസംസ്കാരത്തിലെ, വിശേഷിച്ചും രണ്ടാം ഘട്ട ഫെമിനിസവുമായി ബന്ധപ്പെട്ടു തുടങ്ങുകയും പിന്നീട് സ്വതന്ത്രമായി വികാസം പ്രാപിക്കുകയും ചെയ്ത ലിംഗ, സ്വത്വ പ്രതിനിധാനങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധയൂന്നുന്ന ഫിലിം, മീഡിയ സ്റ്റഡീസ് വ്യക്തിത്വമാണ് ഹിലരി റാഡ്നര്‍ എന്ന ഒട്ടാഗോ യൂണിവേഴ്സിറ്റി അധ്യാപിക. മേയ്ക്ക് അപ്പ്, ഫാഷന്‍ ഫോട്ടോഗ്രഫി, വനിതാ മാസികകള്‍, സ്ത്രീകളുടെ സിനിമ, താര സംസ്കാരം, പുരുഷ സൗഹൃദങ്ങളുടെ ‘ബ്രോമാന്‍സ് തുടങ്ങി പോപ്‌ കള്‍ച്ചര്‍ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന മേഖലകളാണ് അവരുടെ പഠന മേഖലകള്‍. അവരുടെ 2010ല്‍ പുറത്തിറങ്ങിയ Neo-Feminist Cinema: Girly Films, Chick Flicks, and Consumer Culture എന്ന പുസ്തകം സമകാലിക സിനിമയോടുള്ള ഫെമിനിസ്റ്റ് അതൃപ്തിയുടെ വേരുകള്‍ അന്വേഷിക്കുന്നു.

“സിനിമയുടെ സാംസ്കാരിക പഠനത്തിന്റെയും വ്യവസായത്തെ കുറിച്ചുള്ള പഠനത്തിന്റെയും സങ്കലനത്തിലൂടെ സ്ത്രീപ്രേക്ഷകര്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന ഹോളിവുഡ് സിനിമ ഉപഭോക്തൃ സംസ്കൃതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പുസ്തകം കണ്ടെത്തുന്നു. Pretty Woman, Legally Blonde, Maid in Manhattan, The Devil Wears Prada, Sex and the City: The Movie എന്നിങ്ങനെ കുറെയേറെ ‘കുമാരിമാരുടെ ചിത്രങ്ങള്‍ (girly films)’ വിശകലനം ചെയ്യുന്നതിലൂടെ റാഡ്നര്‍ മുന്നോട്ടുവെക്കുന്ന ആശയം പൊതുവേ കരുതപ്പെടുന്ന രീതിയില്‍ ‘പോസ്റ്റ്‌-ഫെമിനിസ്റ്റ് എന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രങ്ങളെ ‘നിയോ-ഫെമിനിസ്റ്റ് എന്നു വിളിക്കുന്നതാവും ഉചിതം എന്നാണ്. വലിയ സ്വപ്നങ്ങളുള്ള അവിവാഹിത നായികമാരുടെ കഥ പറയുന്ന ഈ ചിത്രങ്ങളുടെ ഘടന പരിശോധിച്ചാല്‍ പ്രണയം, ജോലി എന്നിവയെ പോലെത്തന്നെ ഉപഭോക്തൃ സംസ്കൃതിയെയും ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതമെന്നും നവസ്ത്രീപക്ഷ മൂല്യങ്ങളെക്കാളേറെ നവഉദാരീകരണ മൂല്യങ്ങളാണ് അവരെ നയിക്കുന്നത് എന്നും കാണാനാവും.

ആ അര്‍ഥത്തില്‍ പുസ്തകം മുന്നോട്ടു വെക്കുന്നത് ചലച്ചിത്രാനുഭവങ്ങളില്‍ നിന്ന് ‘ലേബലുകളും പ്രണയവും എന്നതിനപ്പുറം തിരയുന്ന സ്ത്രീപക്ഷ പഠിതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും ഇത്തരം ‘കുമാരിമാരുടെ ചിത്രങ്ങ’ളില്‍ രണ്ടാം ഘട്ട ഫെമിനിസത്തെ ഒറ്റിക്കൊടുക്കുന്ന സമീപനം കാണാനാവുന്നു എന്നതും, അതേ സമയം അവ എന്തുകൊണ്ട് ബോക്സ് ഓഫീസ് വിജയം നേടുന്നു എന്നുള്ളതിന് ഒരു വിശദീകരണവുമാണ്.”

 -(പുസ്തകത്തിന്റെ പുറം ചട്ടയില്‍ നിന്ന്)



നവലിബറല്‍, നിയോ ഫെമിനിസ്റ്റ്..

ഫെമിനിസ്റ്റ് ചുറ്റുപാടില്‍ വളര്‍ന്നുവന്ന കുട്ടിക്കാലത്ത് വിലക്കപ്പെട്ട അമേരിക്കന്‍ പോപ്പ് കള്‍ച്ചറിനോട് കൌതുകം തോന്നിയതും പില്‍ക്കാലം തനിക്കതൊരു ധൈഷണിക, അന്വേഷണ വിഷയമായി മാറിയതും വിവരിച്ചുകൊണ്ടാണ് റാഡ്നര്‍ തന്റെ ആമുഖ ലേഖനം തുടങ്ങുന്നത്. എമ്പതുകളില്‍ ഇതേ വിഷയത്തില്‍ തന്റെ ഡോക്റ്ററേറ്റ് തീസിസ് തയ്യാറാക്കുമ്പോള്‍ വിചിത്രമായ ഒരനുഭവം തന്നെ ഞെട്ടിച്ചതിന്റെ കുറിച്ച് ഗ്രന്ഥകാരി പറയുന്നു: താന്‍ വിശ്വസിപ്പിക്കപ്പെട്ടിരുന്നതില്‍ നിന്നു വ്യത്യസ്തമായി, അടിച്ചമര്‍ത്തപ്പെട്ട കുടുംബിനികള്‍ അല്ല, മറിച്ച് നേരമ്പോക്ക് തേടിയിറങ്ങിയ ഉല്ലാസവതികളും വിജയം തേടുന്നവരും കനത്ത ബാങ്ക് നിക്ഷേപം ഉള്ളവരുമായ സ്വതന്ത്ര സ്ത്രീകളാണ് ഫെമിനിസത്തിന്റെ തട്ടകത്തില്‍ കാണപ്പെട്ടത്; അവര്‍ കുമാരിമാരുടെ ഭാവഹാവങ്ങള്‍ അനുകരിക്കുകയും ചെയ്തു. പോപ്‌ കള്‍ച്ചര്‍, വിശേഷിച്ചും വനിതാ മാസികകള്‍, സ്ത്രീകളുടെ ദുരവസ്ഥയെ കുറിച്ച് വ്യാകുലപ്പെടുകയായിരുന്നില്ല, മറിച്ച് വര്‍ത്തമാനകാലം വാഗ്ദാനം ചെയ്തതും ഭാവി പ്രദാനം ചെയ്തേക്കാന്‍ ഇടയുള്ളതുമായ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലായിരുന്നു. ഈ കണ്ടെത്തല്‍ രണ്ടാം ഘട്ട ഫെമിനിസത്തിന്റെ ഇടവും ദൌത്യവും എന്തെന്നതിനെ കുറിച്ച് പുനര്‍ വിചിന്തനം ചെയ്യാന്‍ റാഡ്നറെ പ്രേരിപ്പിച്ചു. ഈ അന്വേഷണം അവരെ നയിക്കുന്നത്, രണ്ടാം ഘട്ട ഫെമിനിസത്തിന്റെ നിമിത്തമായിത്തീര്‍ന്ന സാഹചര്യങ്ങള്‍ അതോടൊപ്പം തന്നെ, അതിന്റെ ചില ലക്ഷ്യങ്ങള്‍ പങ്കുവെക്കുകയും മറ്റു ചില നിലപാടുകള്‍ അതോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്ത മറ്റൊരു പ്രസ്ഥാനത്തിനും ജന്മം നല്‍കിയെന്ന നിലപാടിലേക്കാണ്. ‘നിയോ ഫെമിനിസം എന്ന്‍ അവര്‍ വിളിക്കുന്ന ഈ പ്രസ്ഥാനം, പലപ്പോഴും ‘പോസ്റ്റ്‌ ഫെമിനിസം എന്ന് കൃത്യതയില്ലാതെ വിളിക്കപ്പെടുന്ന വികാസത്തിന് മുഖ്യ സ്വാധീനമായിരുന്നു എന്നും അതിനു ഫെമിനിസവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നും അവര്‍ കരുതുന്നു. ഫെമിനിസം വളരെ ഉപരിപ്ലവമായ അര്‍ത്ഥത്തില്‍ മാത്രമാണ് അതിനു നിമിത്തമായത്. എന്നാല്‍ ‘ശാക്തീകരണം, ‘ആത്മസാക്ഷാത്കാരം തുടങ്ങിയ പദപ്രയോഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുച്ചു തുടങ്ങിയ ഈ പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ശക്തി പ്രാപിച്ച, ‘കാലഘട്ടത്തിന്റെ ദര്‍ശനവും പ്രകൃതവും ആയിത്തീര്‍ന്ന -നിയോ-ലിബറലിസം എന്ന പ്രതിഭാസത്തോട് പൂര്‍ണ്ണമായും ഒത്തുപോയി.

സമകാലിക നവ ഫെനിനിസത്തെ വിശകലനം ചെയ്യാന്‍ സ്ത്രീ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട ഏതാനും ചിത്രങ്ങള്‍ ഗ്രന്ഥകാരി പഠന വിധേയമാക്കുന്നു. നിയോ ഫെമിനിസ്റ്റ് പരിപ്രേക്ഷ്യം ഒരു സ്ത്രീക്ക് തന്റെ സ്വത്വസ്ഥാപനത്തിനും സ്വയം ആവിഷ്കരിക്കുന്നതിനും ഉള്ള ഉപാധിയായി ഉപഭോക്തൃ സംസ്കൃതിയുടെ വഴക്കങ്ങളെ ഊട്ടിയുറപ്പിക്കുന്നത് കൊണ്ട് സമകാലിക മീഡിയ-കൊര്‍പ്പോറേറ്റ് താല്‍പ്പര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന സ്ത്രൈണ വ്യക്തിത്വ സംസ്കാരത്തിന്റെ ആകര്‍ഷണീയ ഭാഷ്യമായി അത് മാറുന്നു. നിയോ ഫെമിനിസം ശക്തമായി പിന്തുണയ്ക്കുകയും സ്വതന്ത്ര സ്ത്രീ മാതൃകയുടെ അടയാളമായി കൊണ്ടാടുകയും ചെയ്യുന്ന ഫാഷന്‍, സ്റ്റൈല്‍ അവലംബങ്ങള്‍ ഒരു ചിത്രം ഹിറ്റ് ആയിത്തീരാന്‍ പാകത്തിലുള്ള ‘സ്വതന്ത്രധാരണ’ ചിത്രം ഇറങ്ങും മുമ്പേ സൃഷ്ടിച്ചു വെക്കുന്നു. ആഗോള വിജയം നേടാന്‍ പാകത്തില്‍ ഈ പ്രവണത തുടങ്ങിവെച്ച “Pretty Woman (1990) എന്ന ചിത്രത്തിന് ശേഷമുള്ള, തൊണ്ണൂറുകളിലും പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ഇറങ്ങിയ ഏതാനും “കുമാരിമാരുടെ ചിത്രങ്ങള്‍ (girly films)” ആണ് ഗ്രന്ഥകാരി ചര്‍ച്ച ചെയ്യുന്നത്. തന്റെ ലോകത്തിന്റെ കേന്ദ്രമായി വര്‍ത്തിക്കുന്ന ‘വര്‍ക്കിംഗ് വുമന്‍ ആയ കഥാപാത്രമായി ഏറെ താരമൂല്യമുള്ള ഒരു നായികനടി, ഫാഷനിലും ഉപഭോക്തൃ സംസ്കൃതിയിലും ഉള്ള ഊന്നല്‍, സ്ത്രൈണ ഗുണം എന്ന നിലയില്‍ പാതിവൃത്യം ഒരു ഘടകമേയല്ലാത്ത അവസ്ഥ, മുഖ്യ ഇതിവൃത്ത ധാരയല്ലെങ്കിലും റൊമാന്‍സ് ഒരു മുഖ്യ പ്രമേയമായിരിക്കല്‍ തുടങ്ങിയ പൊതു സ്വഭാവങ്ങള്‍ ഈ ചിത്രങ്ങളെ അടയാളപ്പെടുത്തുന്നുവെന്നു ഗ്രന്ഥകാരി കരുതുന്നു.

ഉള്ളടക്കത്തിലൂടെ..

ആദ്യ അധ്യായത്തില്‍ ഫെമിനിസവും നിയോ ഫെമിനിസവുമായുള്ള ബന്ധം ചര്‍ച്ച ചെയ്തുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. “ശരിയായ കാര്യങ്ങള്‍ (ഉത്പന്നങ്ങള്‍?) സ്വന്തമാക്കുന്നതിലൂടെ സ്ഥാപിച്ചെടുക്കുന്ന സ്വന്തം ഉടല്‍, മുഖം സ്വത്വം എന്നിവക്കു മേലുള്ള ഉടമസ്ഥതയും നിയന്ത്രണവും കൊണ്ട് ഒരാള്‍ക്ക് (സ്ത്രീക്ക്) തൊഴിലിടത്തിലും വീട്ടിലും തന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനാവും” എന്ന എഴുപതുകളിലും എമ്പതുകളിലും പരസ്യ നിര്‍മ്മാതാക്കള്‍ ഉരുവപ്പെടുത്തിയ ആശയത്തെ ആസ്പദമാക്കി “നിയോ ഫെമിനിസം”, “ഉത്പന്ന ഫെമിനിസം” എന്നിങ്ങനെ പ്രയോഗിച്ചത്, 1992ല്‍, സാമൂഹ്യ ശാത്രജ്ഞനായ റോബര്‍ട്ട്‌ ഗോള്‍ഡ്‌മാന്‍ ആയിരുന്നു. അത്തരം നിരീക്ഷണങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നു നാല് പതിറ്റാണ്ടുകളില്‍ പാശ്ചാത്യ ലോകത്തുണ്ടായ സ്ത്രൈണതായെ കുറിച്ചുള്ള  സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റാഡ്നര്‍ തന്റെ നിര്‍വ്വചനം മുന്നോട്ടു വെക്കുന്നത്: “സ്ത്രൈണ സംസ്കാരത്തില്‍ വ്യക്തികളുടെ കര്‍തൃത്വ വികാസത്തെയും തെരഞ്ഞെടുപ്പുകളെയും സ്ത്രീ സ്വത്വത്തെ നിര്‍വ്വചിക്കുന്ന ആധാരതത്വങ്ങള്‍ ആയിക്കാണുന്ന പ്രവണത” എന്ന് അവര്‍ നിയോ ഫെമിനിസത്തെ നിര്‍വ്വചിക്കുന്നു. ‘കൊസ്മോപോളിറ്റന്‍ മാഗസിന്റെ ദീര്‍ഘ കാല എഡിറ്റര്‍ ആയിരുന്ന ഹെലെന്‍ ഗേളി ബ്രൌണിനെ (Helen Gurley Brown-1922 – 2012)നിയോ ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തിന്റെ സ്ഥാപക മാതൃകയായി റാഡ്നര്‍ വിലയിരുത്തുന്നു. തുടര്‍ന്ന് വരുന്ന മൂന്നു അധ്യായങ്ങളില്‍ Pretty Woman (1990), Legally Blonde (2001), Romy and Michele's High School Reunion (1997) എന്നീ ചിത്രങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഈ പരിപ്രേക്ഷ്യത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന പുസ്തകം,girly film’ എന്ന ജനുസ്സിന്റെ (genre) പൊതു സ്വഭാവങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. തൊഴിലെടുക്കുന്ന പെണ്‍കുട്ടി (career girls), ഉപഭോക്തൃത്വ ക്ഷമത (consumer competence), മാന്ത്രിക ഇടങ്ങള്‍ (magical spaces), പരിവര്‍ത്തനം (transformation), ഗൃഹാതുരത (nostaligia) തുടങ്ങിയ സംജ്ഞകളിലൂടെ ജനുസ്സിന്റെ സവിശേഷതകള്‍ ഗ്രന്ഥകാരി അടയാളപ്പെടുത്തുന്നു. തുടര്‍ന്ന് വരുന്ന രണ്ടധ്യായങ്ങളില്‍ നിരീക്ഷണ വിധേയമാക്കുന്ന പ്രമേയ സാമ്യതകള്‍ വംശീയത, താര പ്രതിഭ എന്നിവയെ ഈ ചിത്രങ്ങള്‍ എങ്ങനെയാണ് പരിഗണിക്കുന്നതെന്നു പരിശോധിക്കുന്നു. മാര്‍ക്കറ്റ് താലപ്പര്യങ്ങളുടെ പ്രിയങ്കരിയായ ‘ലാറ്റിന സങ്കല്‍പ്പത്തില്‍ നിന്ന് പപ്പരാസ്സികള്‍ വേട്ടയാടുന്ന താര ചക്രവര്‍ത്തിനിയിലേക്കുള്ള ജെന്നിഫര്‍ ലോപ്പസിന്റെ പരിണാമം ഉത്പന്നത്തിന്റെ വിപണിമൂല്യത്തെ സ്വാംശീകരിക്കുയും കൃത്യമായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്നതോടൊപ്പം വിപണിയുടെ ഭിന്നതാല്‍പ്പര്യങ്ങളിലേക്കും മേഖലകളിലേക്കും അതിനെ ഉരുവപ്പെടുത്തിയെടുക്കുകയും ചെയ്യുകയെന്ന ഹോളിവുഡ് വഴക്കത്തെ കൃത്യമായും പ്രതിഫലിപ്പിക്കുന്നുവെന്നു റാഡ്നര്‍ കണ്ടെത്തുന്നു. “ശരിയായ ഉപഭോക്തൃ സംസ്കാരത്തെ സ്വായത്തമാക്കുന്നതിലൂടെ വംശീയതയെ കുരിയിരുത്താനാവും” എന്നതാണ് ഇതിനു പിന്നിലെ സന്ദേശമായി നിരീക്ഷിക്കപ്പെടുന്നത്. ഇതേ ചിന്താ ധാരയെ പിന്തുടര്‍ന്ന് The Devil Wears Prada (2006), Sex and the City: The Movie (2008) തുടങ്ങിയ ചിത്രങ്ങളിലെ ഫാഷനും വ്യാവസായ ചരിത്രവും തമ്മിലുള്ള പരസ്പര പൂരക ബന്ധത്തെ നിരീക്ഷിക്കുമ്പോള്‍ അവയുടെ ഉപപാഠങ്ങളും മാര്‍ക്കറ്റിംഗ് കാമ്പയിന്‍, ബജറ്റ്, കോസ്റ്റ്യൂം തുടങ്ങിയ ഘടകങ്ങളും ഹോളിവുഡ് സങ്കരവും ഉപഭോക്തൃ സംസ്കാരവും ചേര്‍ന്നാണ് നിര്‍ണ്ണയിച്ചതെന്നു പുസ്തകം നിരീക്ഷിക്കുന്നു. അവസാന അധ്യായത്തില്‍ Something’s Gotta Give (2003) എന്ന ചിത്രത്തെ കുറിച്ചുള്ള വിശകലനം, സ്വതസിദ്ധമായ ശൈലിയില്‍ സിനിമയെ സമീപിക്കുന്ന സംവിധായികയും (നാന്‍സി മെയേഴ്സ്) തന്റെ ചിത്രത്തില്‍ ‘ഗേളി സിനിമ’യുടെ പൊതു സ്വഭാവങ്ങള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടെന്നു നിരീക്ഷിക്കുന്നു. സ്ത്രീ വിഷയങ്ങളെ നിയോ ഫെമിനിസം ഉപയോഗപ്പെടുത്തുന്ന രീതി പുരുഷ വിഷയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സമീപന രീതിയുള്ള വ്യവസ്ഥയില്‍ ഇടപെടാന്‍ ചലച്ചിത്രകാരിക്ക് അവസരം നല്‍കുന്നു. നവ ലിബറല്‍ സംസ്കാരത്തിന്റെ “ശത്രുതാ മനോഭാവത്തോടെയല്ലെങ്കിലും കൂടിയ തോതില്‍ താല്‍പ്പര്യരഹിതമായ അന്തരീക്ഷം” സ്വയം പൂര്‍ത്തീകരണത്തിലൂടെ പുരോഗതിയെന്ന ആശയം മുന്നോട്ടു വെക്കുകയും സ്ത്രീയുടെ തെരഞ്ഞെടുപ്പുകളെ അതിലേക്കു ചുരുക്കുകയും ചെയ്യുന്നു.

പോസ്റ്റ്‌ ഫെമിനിസ്റ്റ്/ നിയോ ഫെമിനിസ്റ്റ്..?  

താന്‍ വിശകലന വിധേയമാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ഫിമിനിസം എന്ന പരിപ്രേക്ഷ്യത്തിലാണ് മുന്‍ പഠിതാക്കള്‍ ഉള്‍പ്പെടുത്തിയതെന്നു എടുത്തുപറയുന്ന ഗ്രന്ഥകാരി, അത്തരം സമീപനത്തില്‍ മുന്നോട്ടുവെക്കുന്നതു പോലെ അവ സ്ത്രീപക്ഷ സമീപനത്തില്‍ നിന്ന് മുഖം തിരിക്കുന്നില്ല എന്ന് തറപ്പിച്ചു പറയുന്നു. പകരം സമകാലിക സംസ്കാരത്തിന്റെ – വിശേഷിച്ചും ലിംഗ നിര്‍വ്വചിത പദവിയെ സംബന്ധിച്ച മാറിവരുന്ന പ്രതീക്ഷകളുടെ – സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ മാതൃകകള്‍ അവതരിപ്പിക്കുന്നതിലൂടെ നിയോ ഫെമിനിസം എങ്ങനെയാണ് ഫെമിനിസത്തെക്കാള്‍ കൂടുതല്‍ വിജയകരമായിത്തീര്‍ന്നത്‌ എന്നതാണ് ഈ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് അവര്‍ കരുതുന്നു. “ഫെമിനിസ്റ്റുകള്‍ മുന്നോട്ടുവെച്ച കൂടുതല്‍ ഉദാത്തമായ ദര്‍ശനം (utopian vision), നിയോ ലിബറലിസത്തിന്റെ കാഴ്ചപ്പാടില്‍ വിജയിക്കുന്നതിനാവശ്യമായ തരത്തിലുള്ള ഭൌതിക സൌകര്യങ്ങളും നേട്ടങ്ങളും ആഗ്രഹിക്കുമ്പോള്‍ തന്നെ, തങ്ങളുടെ “സ്ത്രൈണ” സ്വത്വം നിലനിര്‍ത്താന്‍ ശ്രമിച്ചു വന്ന വ്യക്തികള്‍ക്ക് വേണ്ട പരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടു”വെന്നും അവിടെയാണ് നിയോ ഫെമിനിസം പ്രസക്തമാകുന്നത് എന്നും പുസ്തകം സമര്‍ഥിക്കുന്നു. “നിയോ ഫെമിനിസവും രണ്ടാം ഘട്ട ഫെമിനിസവും രണ്ടും ഒരേ ചരിത്ര നിമിഷത്തിന്റെ പ്രതികരണങ്ങളായിരുന്നു, ... വിവാഹം, കരിയര്‍ എന്നിവയെ കുറിച്ച് ആണും പെണ്ണും വ്യത്യസ്ത നിലപാടുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയതിന്റെ.. രണ്ടാം ഘട്ട ഫെമിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നീക്കിവെപ്പുകളില്‍ ഒന്ന് യുക്തി പരതയുടെ ഇടത്തെ ചോദ്യം ചെയ്യുന്നതും വ്യത്യസ്ത ജ്ഞാന സിദ്ധാന്തങ്ങളെ വിശകലനം ചെയ്യുന്നതും ആയിരുന്നു. നിയോ ഫെമിനിസം സ്ത്രീകളോട് യുക്തിവിചാരത്തിനു മുതിര്‍ന്നില്ല; അത് അവരുടെ വികാരങ്ങളെയും മനോഭാവങ്ങളെയും സ്പര്‍ശിച്ചു” എന്നു നിരീക്ഷിക്കുന്ന ഗ്രന്ഥകാരി ഇത്രയും കൂടി പറഞ്ഞുവെക്കുന്നു: സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാമൂഹിക അസ്തിത്വ സ്ഥാപനത്തിനും ഇടയില്‍ സംഘര്‍ഷം അനുഭവിക്കുന്ന സ്ത്രീക്ക് മുന്നില്‍ നിയോ ഫെമിനിസം നിരന്തരം ന്യായ വിചാരം നടത്തിക്കൊണ്ടിരിക്കുന്നു.

സിനിബുക്ക് ഷെല്‍ഫ് – 22

Wednesday, September 11, 2024

Her Again: Becoming Meryl Streep by Michael Schulman

നിരന്തരം തിരികെയെത്തുന്ന മെറില്‍ സ്ട്രീപ്



തന്റെ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ എന്ന് ആരാധകരുടെയും വിമര്‍ശകരുടെയും ഒരേ സ്വരത്തിലുള്ള പ്രശംസ നേടിയെടുത്തിട്ടുള്ള താരമാണ് അമേരിക്കന്‍ അഭിനേത്രി മെറില്‍ സ്ട്രീപ്; ഒരു പക്ഷെ ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രി. അക്കാദമി അവാര്‍ഡിന് 21 തവണയും എമ്മി അവാര്‍ഡിന് 31 തവണയും നാമനിര്‍ദ്ദേശം ലഭിക്കുകയും അവ യഥാക്രമം മൂന്നും എട്ടും തവണ നേടുകയും ചെയ്ത അവരുടെ ഈ നേട്ടങ്ങള്‍ ഓരോന്നും സര്‍വ്വ കാല റെക്കോഡ് ആണ്. ഏതു വേഷവും ചെയ്യാനുള്ള കഴിവ്, മൊഴിവഴക്കങ്ങള്‍ അനായാസം സ്വായത്തമാക്കാനുള്ള സിദ്ധി എന്നിവയാണ് അവരുടെ പ്രതിഭയുടെ പ്രത്യേകതകള്‍. ആറാം വയസ്സില്‍ വീട്ടകത്ത് കന്യാ മറിയത്തിന്റെ വേഷം കെട്ടി സഹോദരങ്ങളെ ഭക്ത ഭാവത്തിലേക്കു നയിച്ച തീവ്ര തന്മയീഭാവസിദ്ധി പ്രകടമാക്കിയ മെറില്‍ സ്ട്രീപ്പില്‍ പില്‍ക്കാലം തികഞ്ഞ പ്രോഫെഷനലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള കഠിനാധ്വാനിയും ആയി ലോകം വിസ്മയപൂര്‍വ്വം കണ്ടുനിന്ന അഭിനയ പ്രതിഭയുടെ സ്പര്‍ശം ജന്മസിദ്ധമായിരുന്നു എന്ന് വ്യക്തം. മെറില്‍ സ്ട്രീപ്പിന്റെ ജീവിത കഥ അവരുടെ ബാല്യകാലം മുതല്‍ ക്രാമര്‍ വേഴ്സസ് ക്രാമറിലെ ആദ്യ ഓസ്കാര്‍ ലബ്ധി വരെ പിന്തുടരുന്ന പുസ്തകമാണ് മൈക്കല്‍ ഷുള്‍മന്‍ രചിച്ച ‘Her Again – Becoming Meryl Streep’.

 

കുടുംബത്തില്‍ മുത്തശ്ശിയുടെയും അമ്മയുടെയും പേരില്‍ മേരി ഉള്ളത് കൊണ്ട് മൂന്നാമതൊരു മേരിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മേരി ലൂയിസിനെ മെറില്‍ ആക്കി മാറ്റിയതെന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ രേഖീയമായി ജീവിത കഥ പറയുകയല്ല ഗ്രന്ഥകര്‍ത്താവ്. ‘Her Again’ എന്ന പ്രയോഗം 2012 ഫെബ്രുവരി 12-ന് ‘ദി അയേണ്‍ ലേഡിക്ക് വേണ്ടി തന്റെ മൂന്നാമത് ഓസ്കാര്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ ഇരുപതോളം തവണ നോമിനേഷന്‍ ലഭിച്ചതിനെ കുറിച്ചുള്ള ആളുകളുടെ പ്രതികരണത്തെ മെറില്‍ സ്വയം മിമിക് ചെയ്തതായിരുന്നു. ഒരു കണക്കിന്, 1980 ഏപ്രില്‍ 14-ന് മെറിലിന്റെ പ്രഥമ ഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അവസാനിക്കുന്ന പുസ്തകത്തില്‍ ഒരു വിഷയമേയല്ലാത്ത വിദൂര ഭാവിയിലെ സൂചകത്തില്‍ തുടങ്ങുന്നതിലൂടെ, പുസ്തകത്തിനു ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയാണ് ഗ്രന്ഥകര്‍ത്താവ് നല്‍കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന കഥാനായക/ നായികാ സാന്നിധ്യം ഇവിടെയില്ലെന്നത് പ്രധാനമാണ്. നേരിട്ടുള്ള അഭിമുഖങ്ങളോ സംഭാഷണങ്ങളോ അവരുമായി ഗ്രന്ഥകാരന്‍ നടത്തിയിട്ടില്ല. “മെറില്‍ സ്ട്രീപ്, താങ്കള്‍ക്കും നന്ദി, ഒരു ആകര്‍ഷക ജീവിതം നയിച്ചതിന്, കാര്യമായ വഴിതടസ്സങ്ങള്‍ ഒന്നും വലിച്ചിടാതിരുന്നതിനും എന്ന് കൃതജ്ഞതപ്പെടുന്നതും കൌശലപൂര്‍ണ്ണമാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം അത് ‘അനൌദ്യോഗികമാണെന്നും തനിക്കതുമായി ബന്ധമൊന്നുമില്ലെന്നും താന്‍ വായിച്ചിട്ടില്ലെന്നും മെറില്‍ പറഞ്ഞതും ഇതോടു ചേര്‍ത്തു പറയാം.

ന്യു ജേഴ്സിയിലെ ബെര്‍ണാഡ്സ് വില്ലയില്‍ മെറിലിന്റെ കുട്ടിക്കാലവും വസാര്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്കൂളിലെ പഠനവും യേല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അതികഠിനമായ പരിശീലനവും വിശദമായും അതീവ രസകരമായും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. സഹപാഠിനിയായിരുന്ന വെന്റി വാസര്‍സ്റ്റീന്‍ ‘സ്കൂള്‍ ഓഫ് ട്രോമ എന്ന് യേല്‍ നാടകക്കളരിയെ വിശേഷിപ്പിച്ചത്‌ പ്രസിദ്ധമായിരുന്നു. നാടകമാണ് തന്റെ തട്ടകം എന്ന് മെറില്‍ തിരിച്ചറിഞ്ഞത് മുതല്‍ അവരുടെ വളര്‍ച്ച സമാനതകള്‍ ഇല്ലാത്തതായിരുന്നു. എഴുപതുകളില്‍ ബ്രോഡ് വേ നാടകങ്ങളില്‍ വലിയ റോളുകള്‍ കൈകാര്യം ചെയ്ത മെറില്‍, ‘ഷേക്സ്പിയര്‍ ഇന്‍ ദി പാര്‍ക്ക് പ്രോഡക് ഷനില്‍ രണ്ടു നാടകങ്ങളിലും അഭിനയിച്ചു. മെറില്‍ എന്ന പെര്‍ഫെക് ഷനിസ്റ്റിലേക്കുള്ള കുതിപ്പിന്റെ അങ്ങേയറ്റം കഠിനവും എന്നാല്‍ അനായാസമെന്നു തോന്നിക്കുന്നതുമായ വികാസം ഈ ഘട്ടങ്ങളില്‍ വ്യക്തമാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ അഭിനേത്രിയെന്ന നിലയില്‍ അകാല മൃത്യു വരുത്തുമെന്ന് കൃത്യമായും മെറില്‍ തിരിച്ചറിഞ്ഞിരുന്നു.

മെറിലിനു നടന്‍ ജോണ്‍ കസാലെയുമായുണ്ടായിരുന്ന ദുരന്ത പ്രണയത്തിന്റെ ആവിഷ്കാരമാണ് പുസ്തകത്തിന്റെ ഏറ്റവും ഹൃദയ ദ്രവീകരണക്ഷമമായ ഭാഗങ്ങള്‍. ഫ്രെഡോ കൊര്‍ലിയോണിയായി കസാലെ മികച്ച പ്രകടനം കാഴ്ചവെച്ച ‘ദി ഗോഡ്ഫാദര്‍ ഉള്‍പ്പടെ അഭിനയിച്ച അഞ്ചു ചിത്രങ്ങളും ഓസ്കാര്‍ നോമിനേഷന്‍ നേടിയെങ്കിലും കസാലെ ഒരിക്കലും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. 1976-ല്‍ പാര്‍ക്ക് പ്രോഡക് ഷന്റെ മെഷര്‍ ഫോര്‍ മെഷറില്‍ ഒരുമിച്ച് അഭിനയിക്കുന്ന വേളയില്‍ മൊട്ടിട്ട പ്രണയം നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ശ്വാസ കോശ അര്‍ബ്ബുദം ബാധിച്ചു കസാലെ മരണമടയുന്നത് വരെ (1978 മാര്‍ച്ച് 12) തുടര്‍ന്നു. മരണപ്പെട്ടു എന്ന് ഡോക്റ്റര്‍ വിധിയെഴുതിയതിനു ശേഷവും ഒരു ഹ്രസ്വ നിമിഷത്തേക്ക് മെറിലിന്റെ കൈകളില്‍ കണ്‍തുറന്ന് നിത്യ നിദ്രയിലേക്ക് പോവുകയായിരുന്നു കൂട്ടുകാരന്‍. “എല്ലാം ശരിയാണ്, മെറില്‍. എല്ലാം ശരിയാണ്..” എന്നതായിരുന്നു കസാലെയുടെ അന്ത്യ വാക്കുകള്‍. ആ മരണത്തിനു തൊട്ടു പിറകെ ‘ഹോളോകോസ്റ്റ് മിനി സീരീസിലെ അഭിനയത്തിന് ലഭിച്ച എമ്മി അവാര്‍ഡ് മെറിലിനെ ഒട്ടും ആഹ്ലാദിപ്പിക്കുകയുണ്ടായില്ല എന്ന് ഷുള്‍മന്‍ നിരീക്ഷിക്കുന്നു. അവരാ വേഷം സ്വീകരിച്ചത് തന്നെ കസാലെയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി മാത്രമായിരുന്നു. ഷൂട്ടിംഗ് നീണ്ടുപോകുന്നത് അദ്ദേഹത്തിനരികിലെത്താന്‍ തടസ്സമുണ്ടാക്കുന്നതില്‍ അവര്‍ ഏറെ ഖിന്നയായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയതുമില്ല മെറില്‍. വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിനു ആ നീണ്ട ഓസ്കാര്‍ നോമിനേഷന്‍ ചരിത്രം തുടങ്ങിവെക്കുന്ന ഡിയര്‍ ഹണ്ടറിലെ ലിണ്ടയുടെ വേഷം സ്വീകരിക്കുന്നതിലും കസാലെയോടുള്ള പ്രണയം തന്നെയായിരുന്നു പ്രേരണയായത്. തന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അത് വിരുദ്ധമായിരുന്നെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് ചിത്രത്തില്‍ അഭിനയിക്കുന്ന കസാലെയോടൊപ്പം രോഗാവസ്ഥയില്‍ അരികില്‍ ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ചിത്രം പക്ഷെ മെറിലിനെ ശക്തമായി ഹോളിവുഡില്‍ അടയാളപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ക്രാമര്‍ വേഴ്സസ് ക്രാമറില്‍ മെറില്‍ ഓസ്കാര്‍ നേടുന്നത് കാണാന്‍ കൂട്ടുകാരന്‍ കാത്തു നിന്നില്ല. ബുദ്ധിമാനും സുമുഖനും ലോല മനസ്കനും ഇത്തിരി കോമാളിത്തമുള്ള മുഖഭാവമുള്ളവനും എന്ന നിലയില്‍ കസാലെയുടെ പ്രകൃതം മെറിലിന്റെ ഗൌരവപ്രകൃതത്തിനും തീക്ഷ്ണ ധ്യാന ഭാവത്തിനും ഹൃദ്യമായ രീതിയില്‍ അനുപൂരകമായിരുന്നു; ആയുര്‍ദൈര്‍ഘ്യം ഒന്നൊഴിച്ച്. കസാലെയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഡോണ്‍ ഗമ്മറുമായുള്ള മെറിലിന്റെ വിവാഹം. നാല് മക്കളുണ്ട് ഹോളിവുഡിലെ ‘പിരിയാനുള്ള ബന്ധമല്ലാത്ത ഈ ദമ്പദിമാര്‍ക്ക്.

മെറില്‍ അഭിനയിച്ച വേഷങ്ങളുടെ പേരുകളുള്ള അധ്യായങ്ങളിലൂടെ അവരുടെ ബാല്യകൌമാരങ്ങളിലേക്ക് ഷുള്‍മന്‍ കടന്നു ചെല്ലുന്നു. ‘മേരി’ എന്ന ആദ്യ അധ്യായം കുട്ടിക്കാലത്തേ വ്യക്തമായിത്തുടങ്ങിയ തന്മയീഭാവസിദ്ധിയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്. മേരിമാതാവായി അഭിനയിക്കുന്ന ആറു വയസ്സുകാരിയുടെ അനുഭവം അവരുടെ തന്നെ വാക്കുകളില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിക്കുന്നു: “എനിക്ക് പ്രശാന്തത അനുഭവപ്പെട്ടു, വിശുദ്ധ. വാസ്തത്തില്‍ ഡാഡി സൂപ്പര്‍ -8-ല്‍ പകര്‍ത്തിയ എന്റെ രൂപാന്തരപ്പെട്ട മുഖവും മാറിയ ഭാവവും എന്റെ താഴെയുള്ള സഹോദരങ്ങളെ.. ഒരു അതീതാവസ്ഥയില്‍ ആക്കി. എന്റെ ഫോക്കസിന്റെ തീവ്രത ഈ വിശുദ്ധ ജന്മ രംഗത്തിലേക്ക് അവരെ വലിച്ചടുപ്പിച്ചു, സാധാരണ അവരെ കൊണ്ട് ഒച്ചയിട്ടു അനുസരിപ്പിക്കാന്‍ ശ്രമിക്കുകയെന്ന തന്ത്രം പയറ്റുമ്പോള്‍ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്ത ഒരു രീതിയില്‍.” ഇതേ തീവ്ര സമീപന രീതി യേല്‍ ഡ്രാമാ സ്കൂളില്‍ മരണം അഭിനയിക്കേണ്ട രംഗത്ത് ഗര്‍ഭഛെചിദ്രം അവതരിപ്പിക്കാനും എന്തെങ്കിലും അതിതീക്ഷ്ണ തീവ്രതയോടെ ചെയ്യുമ്പോള്‍ ‘To Streep it out’ എന്ന പ്രയോഗം തന്നെ ക്യാമ്പസില്‍ തുടങ്ങിവെക്കും വിധം അത് ചെയ്യാനും മെറിലിനെ പ്രാപ്തയാക്കി. ഹൈസ്കൂളില്‍ എത്തും വരെ അവരൊരു സുന്ദരിയായിരുന്നില്ല എന്ന വസ്തുതയും പുസ്തകം തുടക്കത്തിലേ വ്യക്തമാക്കുന്നു. എലിസബത്ത്‌ ടെയ്‌ലറുടെ ക്ലാസ്സിക് സൗന്ദര്യമോ ഡെബ്ബി റെയ്നോള്‍ഡ്സിന്റെ അയലത്തെ സുന്ദരീ പരിവേഷമോ മെറിലിനില്ലായിരുന്നു എന്ന് ഷുള്‍മന നിരീക്ഷിക്കുന്നു.  വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിന്റെ സൌന്ദര്യം തന്നെയും എല്ലാ കാലത്തും വിവാദപരമായിരുന്നു എന്ന് പറയാം ഇറ്റാലിയന്‍ സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ അടിപ്പെട്ട ഡിനോ ഡി ലോറെന്റിസ് മെറിലിനെ വിരൂപയെന്നു വിളിച്ചത് കിംഗ്‌ കോംഗ് (1976) നായികാ പരിഗണനയുടെ ഘട്ടത്തിലാണ്. അവരുടേത് വ്യത്യസ്തത ആവശ്യപ്പെടുന്ന തരം സൌന്ദര്യമായിരുന്നു എന്ന് ഷുള്‍മന്‍ കരുതുന്നു: വെല്ലുവിളിക്കുന്ന, അതിരുകള്‍ ഭേദിക്കുന്ന, അവാംഗ് ഗാര്ദ് വേഷങ്ങള്‍ക്ക് പറ്റിയത്. ‘..അവര്‍ക്ക് ആരുമാകാമായിരുന്നു: ഒരു പ്രഭുകുലജാത, യാചകി, കാമിനി, കോമാളി. അവര്‍ക്ക് നോര്‍ഡിക്, അല്ലെങ്കില്‍ ഇംഗ്ലിഷ്, അതുമല്ലെങ്കില്‍ സ്ലാവിക് – എല്ലാമാകാമായിരുന്നു.”

മറ്റുള്ളവരുടെ സ്വഭാവ വിശേഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ മിമിക് ചെയ്യുന്നതിനുള്ള മിടുക്ക് ചെറുപ്പന്നെ മെറില്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ വസാര്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്കൂളില്‍ വെച്ചാണ് അഭിനയത്തിലുള്ള കഴിവായി അവരത് തിരിച്ചറിയുന്നത്‌. സ്ട്രിന്‍ ഡ് ബര്‍ഗിന്റെ മിസ്‌ ജൂലിയായി അഭിനയിച്ചതായിരുന്നു യേല്‍ ഡ്രാമാ സ്കൂളിന്റെ ‘പ്രഷര്‍ കുക്കര്‍ പരിശീലനത്തിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രചോദനമായത്. മെതേഡ് ആക്റ്റിങ്ങിന്റെ ചിട്ടവട്ടങ്ങള്‍ മെറിലിന് അത്ര പഥ്യമായിരുന്നില്ലെങ്കിലും പാത്രാവിഷ്കാരത്തിനു ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായിരുന്നു. “സ്വന്തം വേദനകളെ ഖനനം ചെയ്യുന്ന രീതിയെ കുറിച്ച് അവര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടായിരുന്നു. ദുരിതം കലയില്‍ പ്രസക്തമല്ല എന്നവര്‍ കരുതി.” മെറിലിന്റെ അലസതയും ഒഴിഞ്ഞുമാറലും ആയി ടോം ഹാസിനെ പോലുള്ള അധ്യാപകര്‍ കരുതിയ പ്രകൃതം യഥാര്‍ഥത്തില്‍ “മെതേഡ് ആക്റ്റിങ്ങിന്റെ യാഥാസ്ഥിതികതക്കെതിരെ വളര്‍ന്നു വന്ന പ്രതിഷേധമായിരുന്നു” എന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. സ്വാനുഭവ ഖനനത്തിന് പകരം ഭാവനയുടെ പ്രയോഗത്തെയാണ് മെറില്‍ ഊന്നിയത്. ‘ക്രാമര്‍’ അഭിനയത്തിനിടെ മെതേഡ് ആക്റ്റിംഗിന്റെ അതിതീവ്ര പ്രയോക്താവായ ഡസ്റ്റിന്‍ ഹോഫ്മാന്‍ നടത്തിയ ചില പ്രകോപനങ്ങള്‍ അതിരുകടന്നപ്പോള്‍ മെറില്‍ ശക്തവും സൌമ്യവുമായി അതിനെ നേരിട്ടതിനെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി: “ഒരിക്കല്‍ കൂടി താങ്കള്‍ അത് ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ എനിക്ക് വിശദീകരണം തരേണ്ടി വരും.” ക്രാമറിന്റെ ആദ്യതിരക്കഥാ പാഠത്തില്‍ മെറില്‍ അവതരിപ്പിക്കുന്ന ജോവാനയുടെ പാത്ര സൃഷ്ടിയില്‍ മുഴച്ചു നിന്ന ആണ്‍ ഭാഷയുടെ വൈകല്യം മറികടക്കാന്‍ സംവിധായകന്‍ റോബര്‍ട്ട് ബെന്റന്‍ മെറിലിന്റെ സഹായം തേടുകയുണ്ടായി: “അതൊരു സ്ത്രീയുടെ സംസാരമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അത് ഒരു സ്ത്രീയുടെ വാക്കുകള്‍ ഒരു പുരുഷന്‍ എഴുതാന്‍ ശ്രമിച്ചതിന്റെ പ്രശ്നമാണ്.” മെറില്‍ അത് മാനിക്കുകയും ആവശ്യമായ തിരുത്തല്‍ നടത്തുകയും ചെയ്തു എന്നത് രണ്ടാം ഫെമിനിസ്റ്റ് തരംഗത്തോട് അവര്‍ക്കും ആ കാലത്തിനും ഉണ്ടായിരുന്ന പ്രതിബദ്ധതയുമായി കൂടി ചേര്‍ത്തു കാണണം.

ആദ്യ ഹോളിവുഡ് അവസരം ‘ജൂലിയ എന്ന ചിത്രത്തില്‍ (1977) ജെയ്ന്‍ ഫോണ്ടയോടൊത്തായിരുന്നു എന്നതും വലിയൊരു പാഠമായിരുന്നു മെറിലിന്. താര പരിവേഷം നിലനിര്‍ത്തുക എന്നത് അഭിനയത്തിന് ബാധ്യതയാകുക എങ്ങനെയെന്നു തുടക്കത്തിലേ മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. ലിണ്ടയുടെ (ഡിയര്‍ ഹണ്ടര്‍) വേഷം തുടക്കത്തിലെ നല്‍കുമായിരുന്ന ടിപ്പിക്കല്‍ ഹോളിവുഡ് പൈങ്കിളി നായിക സങ്കല്‍പ്പം ബോധപൂര്‍വ്വം കുടഞ്ഞു കളയാന്‍ മെറിലിന് ഒട്ടും സമയം വേണ്ടിവന്നില്ല. കസാലെയുടെ മരണത്തിനു തൊട്ടുപിറകെ ഏറ്റെടുത്ത മൂന്നു പ്രോജക്റ്റുകള്‍ ആ വഴിക്കായിരുന്നു. മാന്‍ഹാട്ടന്‍ (വുഡി അലന്‍), ക്രാമര്‍ വേഴ്സസ് ക്രാമര്‍ (റോബര്‍ട്ട്‌ ബെന്റന്‍), ദി ടെയ്മിംഗ് ഓഫ് ദി ശ്ര്യു (പാര്‍ക്ക് പ്രോഡക് ഷന്‍സ്) എന്നിവയിലെ കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെടുന്നതിനെതിരെ വ്യത്യസ്തത കൊണ്ടുള്ള അവരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ആയി മാറി. “അവരുടെ ജീവിതം ഒരു ഏക വനിതാ വിവിധവേഷ നാടകം പോലെയായിരുന്നു. പട്ടണത്തില്‍ അങ്ങ് അവര്‍ മകനെ വിട്ടുപോകുന്ന ജോവാനയായിരുന്നു. ഇങ്ങ് ഇവിടെ ഭര്‍ത്താവിനെ അപമാനിക്കുന്ന ഭാര്യയായ ജില്‍ ആയിരുന്നു. രാത്രിയില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ അവര്‍ മെരുക്കപ്പെടെണ്ട വഴക്കാളി കെയ്റ്റ് ആയിരുന്നു. ജോവാന, ജില്‍, കെയ്റ്റ്: നിയമങ്ങള്‍ ലംഘിക്കുന്ന, തങ്ങളുടെ ആണുങ്ങളെ വട്ടം കറക്കുകയും കൊച്ചാക്കുകയും ക്രുദ്ധരാക്കുകയും ചെയ്യുന്ന മൂന്നു സ്ത്രീകള്‍” എന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു.

അഭിനയ സപര്യയുടെ സുവര്‍ണ്ണ കാലം പിന്നിടുന്ന ഇതിഹാസ താരത്തിന്റെ ജീവചരിത്രം പാതിവഴി വരെ മാത്രം പിന്തുടരുന്നതിലൂടെ പുസ്തകം പരിമിതപ്പെട്ടു പോകുന്നുണ്ട്. ജീവചരിത്രത്തിന് ആധികാരികത നല്‍കുന്ന രീതിയില്‍ ആഖ്യാന നായികയുമായി നേരിട്ട് സംവദിക്കാനോ അവരുടെ കയ്യൊപ്പ് നേടിയെടുക്കാനോ ശ്രമിക്കുന്നില്ല എന്നതും താരത്തെ കുറിച്ച് സാമാന്യേന അറിയുകയെന്ന കേവല കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം പോകാന്‍ കഴിയാത്ത ഒരു മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age story) പുസ്തകത്തെ മാറ്റുന്നു. എങ്കിലും ഏതൊരു ഇതിഹാസ ജീവിതത്തിനും അവരെ അതിനു പ്രാപ്തമാക്കുന്ന തരം ഒരു തുടക്കവും കഥയും ഉണ്ടാകുമെന്ന സാമാന്യ തത്വത്തെ പുസ്തകം ശരിയാം വിധം സാധൂകരിക്കുന്നുണ്ട്‌. ജീവിതമെന്നത്‌ കലാസപര്യക്കും മുകളിലാണെന്നും എന്നാല്‍ കലാസപര്യ ജീവിതം തന്നെയും മുഴുവനായും സമര്‍പ്പിക്കേണ്ടും വിധം വിലയൊടുക്കേണ്ടതാണ് എന്നും മെറില്‍ സ്ട്രീപ്പിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

 

(സിനിബുക്ക് ഷെല്‍ഫ് – 15, ദൃശ്യതാളം)

read more:

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

Friday, November 3, 2017

Yesterday, Today, Tomorrow: My Life by Sophia Loren


സോഫിയ ലോറന്‍ : ഇന്നലെ, ഇന്ന്, നാളെ: എന്റെ ജീവിതം


സോഫിയ ലോറന്‍ . ലോക സിനിമാ ചരിത്രത്തില്‍ പകരക്കാരില്ലാത്ത അഭിനേത്രിസൌന്ദര്യ സങ്കല്‍പ്പങ്ങളിലെ വിസ്മയംവിദേശ ഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയ ആദ്യ താരംമികച്ച നടിയെന്ന ഇനത്തില്‍ ഇറ്റാലിയന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഡേവിഡ് ഡി ഡോനാടെല്ലോ ആറു തവണ നേടിയ റിക്കോഡിന് ഉടമഒരു ഗ്രാമി അവാര്‍ഡ്അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരംബാഫ്റ്റാ അവാര്‍ഡ്കാനിലും വെനീസിലും നേടിയ പുരസ്കാരങ്ങള്‍ തുടങ്ങി ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഏറെയാണ്‌പ്രോഫഷനില്‍ എത്തിപ്പിടിച്ച ഉത്തുംഗങ്ങളും അതിനു വേണ്ടിവന്ന കര്‍മ്മ യുദ്ധങ്ങളും അനാവരണം ചെയ്യുന്നതോടോപ്പം തന്നെഈ നേട്ടങ്ങള്‍ക്കൊക്കെയൊപ്പം ജനിച്ചു വളര്‍ന്ന നേപ്പിള്‍സ് ദേശ ചരിത്രത്തിന്റെ സങ്കട കാലങ്ങളും രണ്ടാം ലോക യുദ്ധം സൃഷ്ടിച്ച പട്ടിണിക്കാലത്തിന്റെ കുടുംബ പശ്ചാത്തലവും 'വന്ന വഴി മറക്കാതെഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഹൃദയാലുവുംസ്നേഹമുള്ള അനന്തിരവളുംമാപ്പു കൊടുക്കുന്ന മകളുംമക്കളില്‍ ജീവിത പൂര്‍ണത കാണുന്ന അമ്മയും പേരമക്കളെ 'എന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങ'ളായി അടയാളപ്പെടുത്തുന്ന വ്യക്തിത്വവുമായി അവരെ കണ്ടെത്താവുന്ന പുസ്തകമാണ് 'ഇന്നലെഇന്ന്നാളെഎന്റെ ജീവിതംഎന്ന ആത്മകഥ.

ഇടറിയിടറിചുവടുറപ്പിച്ച്

റോമിലെ സാന്റ മാര്‍ഗരീത്ത ക്ലിനിക്കിലെ അവിവാഹിത അമ്മമാര്‍ക്കുള്ള വാര്‍ഡില്‍ 1934 സെപ്തംബര്‍ ഇരുപതിന് പിറന്നു വീണ പെണ്‍കുട്ടിക്ക്പിതാവാകാനുള്ള ധൈര്യമില്ലാതെ അങ്കലാപ്പിലായ കൂട്ടുകാരന്‍ റിക്കാര്‍ഡോയുടെ അമ്മയുടെ പേര് നല്‍കുമ്പോള്‍ പതിനേഴുകാരിയായ റോമില്‍ദാ തന്നെയും കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛന്‍ വീട്ടുകാര്‍ സ്വീകരിക്കും എന്ന് വെറുതെ മോഹിച്ചിരുന്നുഅത് നടന്നില്ല. അഭയമായത് സ്നേഹമയിയായ അമ്മമ്മ ലൂയിസയാണ്അവരെ സോഫിയ മമ്മാ എന്ന് തന്നെ വിളിച്ചുതന്നെ പ്രസവിച്ച അമ്മ അങ്ങനെ വിളിക്കാന്‍ തോന്നാത്ത വിധം ഒരു പെണ്‍കുട്ടി മാത്രമായിരുന്നത് കൊണ്ട് അവരെ മമ്മിന (കൊച്ചു അമ്മഎന്നുംമെലിഞ്ഞ കാലുകകള്‍ കാരണം 'പല്ലിക്കുത്തി' (ടൂത്ത് പിക്ക്എന്ന് ചെല്ലപ്പേര് വീണ ഇരുണ്ട നിറവും വലിയ വായയുമുള്ള കുട്ടി പില്‍ക്കാലം ഒരു സൌന്ദര്യ ധാമാമായിത്തീരാനുള്ള സൂചനയൊന്നുമുണ്ടായിരുന്നില്ലഅമ്മയുടെ തെളിഞ്ഞ സൌന്ദര്യത്തിന്റെ പിന്‍ബലം അല്ലാതെതീരെ ചെറിയ മുഖംവലിയ വായഏറെ നീണ്ട മൂക്ക് എന്നൊക്കെ പല തവണ തിരസ്കൃതയാവുന്നുണ്ട് കൊച്ചു സോഫിയപക്ഷെ മരിലിന്‍ മണ്‍റോയും അവാ ഗാര്‍ഡിനറും എലിസബത്ത് ടൈലറും തിളങ്ങി നിന്ന ഹോളി വുഡ് അടക്കം സോഫിയയുടെ ക്ലാസിക് ഇറ്റാലിയന്‍ സൗന്ദര്യത്തില്‍ ഭ്രമിച്ചു നിന്നത് പില്‍ക്കാല ചരിത്രംമാര്‍സെല്ലോ മാസ്ട്രോയാനികാരി ഗ്രാന്റ്ഫ്രാങ്ക് സിനാത്രമാര്‍ലന്‍ ബ്രാണ്ടോഗ്രിഗറി പെക്ക്ജാക്ക് ലെമണ്‍ , പോള്‍ ന്യൂമാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം അവര്‍ തിരശ്ശീലയില്‍ നിറഞ്ഞു നിന്നുതീരെ ചെറിയ 'എക്സ്ട്രാവേഷങ്ങളില്‍ കുറെ വന്നു പോയ ശേഷം സെസാരെ ബര്‍ലാച്ചിയുടെ 1952-ല്‍ പുറത്തിറങ്ങിയ 'ലാ ഫാവരിറ്റ്എന്ന ചിത്രത്തില്‍ നായികയായി ആരംഭിച്ച ആ അഭിനയ സപര്യ 2014- ല്‍ ഹ്യുമന്‍ വോയ്സ് എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുന്നു.

മെലിഞ്ഞുണങ്ങിയ ഇരുനിറക്കാരിയില്‍ നിന്ന് ഒരു രായ്ക്കുരാമാനം പരകായമായി സൌന്ദര്യ മത്സര വിജയിയായതും അതൊരു തുടക്കമായതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ചകിതയായി വേദിക്കടുത്തെത്തിയ സോഫിയ തന്നില്‍ പൊടുന്നനെ സംഭവിച്ച, ഇനിയെന്നും സംഭവിക്കാനിരിക്കുന്നമാറ്റം വിവരിക്കുന്നു

ഞാനൊരു ദീര്‍ഘശ്വാസമെടുത്തു വേദിയിലേക്ക് ചാടിക്കയറിഗള്‍ഫ്‌ ഓഫ് നേപ്പിള്‍സിന്റെ  കണ്ണഞ്ചിക്കുന്ന പശ്ചാത്തലത്തില്‍ ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ പരേഡ് ചെയ്യുമ്പോള്‍ എന്റെ സ്വതേയുള്ള ലജ്ജാശീലം ഒരു ഊര്‍ജ്ജസ്വലമായ പ്രസന്നഭാവത്തിനും ആത്മ വിശ്വാസത്തിനും വഴിമാറി.

ഇതെനിക്ക് എല്ലായിപ്പോഴും സംഭവിക്കുന്നുഇപ്പോള്‍ പോലുംസ്റ്റെജിലേക്ക് പോകും മുമ്പ് എന്റെ ഭയങ്ങള്‍ എന്നെ പിടിമുറുക്കുംഎന്നാല്‍ സ്പോട്ട് ലൈറ്റുകള്‍ തെളിയുന്ന നിമിഷം ഞാനെന്നെ സ്വതന്ത്രയാക്കുംഎന്നിട്ട്എങ്ങനെയെന്നറിയില്ല എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നതില്‍ ഞാന്‍ വിജയിക്കും.”

 

പ്രണയങ്ങളും സൗഹൃദങ്ങളും ഗുരുതുല്യരും

ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച 'ദി പ്രൈഡ് ആന്‍ഡ് പാഷന്‍ ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കാരി ഗ്രാന്റുമായുണ്ടായ ബന്ധവും അത് വഴികാട്ടിയും സുഹൃത്തും പ്രൊഡ്യസറും ഇരുപത്തിരണ്ടു വയസ്സിനു മൂത്ത നിത്യ കാമുകനുമായ തന്റെ 'സ്വപ്ന പുരുഷന്‍ ' (The Ideal Man) കാര്‍ലോ പോണ്ടിയുമായുള്ള ബന്ധത്തില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും വികാര വിക്ഷുബ്ദതയുടെ നിമിഷത്തില്‍ കാര്‍ലോ പോണ്ടി പരസ്യമായി അവരുടെ മുഖത്തടിച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. "അകമേ എനിക്കറിയാമായിരുന്നു ഏതൊക്കെയോ നിലയില്‍ ഞാനത് അര്‍ഹിച്ചിരുന്നു.” 'പ്രണയത്തിലായ പുരുഷന്റെപ്രതികരണമായി സോഫിയ അത് സ്വീകരിക്കുകയായിരുന്നു - ഒരു പക്ഷെ ഇന്നത്തെ സ്ത്രീസ്വത്വ ചിന്തകള്‍ക്ക് ദഹിക്കാനിടയില്ലാത്ത നിലപാട്അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു എന്നതും കതോലിക്ക ചര്‍ച്ച് വിവാഹത്തിനു എതിര് നിന്നു എന്നതും കാര്‍ലോ പോണ്ടിസോഫിയ ബന്ധത്തിന് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും അഞ്ച് പതിറ്റാണ്ടു നീണ്ട ആ ദാമ്പത്യത്തില്‍ രണ്ടു ആണ്‍ മക്കളുടെ അമ്മയായിത്തീര്‍ന്നു സോഫിയ ലോറന്‍ . തന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങളായ നാലു പേരമക്കള്‍ക്കാണ് സ്നേഹമയിയായ മുത്തശ്ശി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും.

ചിരകാലാഭിലാഷമായിരുന്ന അമ്മയാവാനുള്ള മോഹം രണ്ടു തവണ ഗര്‍ഭമലസലില്‍ എത്തിയത് ഏറെ വേദനയോടെയെങ്കിലും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ധൈര്യത്തോടെ നേരിട്ടതും ഹോര്‍മോണ്‍ തകരാറാണ് പ്രശ്നമെന്ന് മനസ്സിലാക്കി പ്രശ്നപരിഹാരം കണ്ടെത്തിയതും തുടര്‍ന്ന് കാര്‍ലോ ജൂനിയറിന്റെയും പിന്നീട് എദോവാര്‍ദോയുടെയും പിറവിയും ആവേശത്തോടെ സ്വീകരിച്ചത് സോഫിയ വിവരിക്കുന്നുണ്ട്ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുന്നതില്‍ തനിക്കൊരു ആറാം ഇന്ദ്രിയം തന്നെയുണ്ട്‌ എന്ന് സന്തോഷത്തോടെ ഏറ്റു പറയുന്ന സോഫിയസഹോദര നിര്‍വ്വിശേഷമായ സ്നേഹവും പരിഗണനയും എന്നും നല്‍കിപ്പോന്ന തിരക്കഥാകൃത്ത് ബസിലിയോ ഫ്രാഞ്ചിനകമ്പോസര്‍ മാസ്ട്രോ അര്‍മാന്‍ഡോ ട്രോവായോലി എന്നിവരുമായുണ്ടായിരുന്ന ആയുഷ്കാല സൌഹൃദത്തെ കുറിച്ച് ഏറെ ആര്‍ദ്രമായി ഓര്‍ക്കുന്നുണ്ട്ബസിലിയോയാണ് അങ്കലാപ്പുകളെ വികാരമായുംദൗര്‍ബല്യത്തെ ആവേശമായും മാറ്റാന്‍ തന്നെ പഠിപ്പിച്ചതെന്നു അവര്‍ ഓര്‍ക്കുന്നുകാരി ഗ്രാന്റ് തന്റെ ഏകാന്തമായ ജീവിതത്തിന്റെ രഹസ്യം പോലും സോഫിയയോട് വെളിപ്പെടുത്തുന്നുണ്ട്അനാഥമായ കുട്ടിക്കാലത്തിന്റെയുംകാരിയുടെ ജ്യേഷ്ഠ സഹോദരന്റെ മരണം ഏല്‍പ്പിച്ച ആഘാതം ഒരിക്കലും മറികടക്കാനാവാതെ ചിത്തഭ്രമത്തിലേക്ക് വഴുതിവീണ അമ്മയുടെയും ഓര്‍മ്മകളില്‍ നീറിയ അദ്ദേഹത്തിന് പരാജയപ്പെട്ട ഒരു മുന്‍ വിവാഹത്തിന്റെ കൈയ്പ്പുനീരും കുടിക്കേണ്ടി വന്നിരുന്നുകുലീനമായ വിവാഹാഭ്യര്‍ഥന വരെയെത്തിയതന്നെക്കാള്‍ മുപ്പതു വയസ്സിനു മൂത്ത കാരി ഗ്രാന്റിനെയും 'നോക്കിനിന്നു പോകുന്നപുരുഷാകാരമായിരുന്ന ക്ലാര്‍ക്ക് ഗാബിളിനെയും ഗ്രിഗറി പെക്കിനെയും ഒമര്‍ ഷറീഫിനെയും റിച്ചാര്‍ഡ് ബാര്‍ട്ടനെയും എല്ലാം സ്നേഹാദരങ്ങളോടെ ഓര്‍ക്കുന്ന സോഫിയ പക്ഷെമാര്‍ലോണ്‍ ബ്രാണ്ടോയെ ഒട്ടും ഔദാര്യപൂര്‍വ്വമായല്ല ഓര്‍ത്തെടുക്കുന്നത്. 'എ കൗണ്ടസ്സ് ഓഫ് ഹോംഗ്കോംഗ് ' എന്ന ചിത്രത്തിന്‍റെ സെറ്റിലുണ്ടായ അസുഖകരമായ സംഭവങ്ങളാണ് ഇതിനു പിറകില്‍ . ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസത്തിന് മുമ്പില്‍ സോഫിയ ഉള്‍പ്പടെ എല്ലാവരും വിനയപൂര്‍ണ്ണമായ വിധേയത്വത്തോടെ നിലക്കൊണ്ടപ്പോള്‍ ആദ്യദിവസം സെറ്റില്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയെത്തിയ ബ്രാണ്ടോയോട് ചാപ്ലിന്‍ പൊട്ടിത്തെറിച്ചു

നിങ്ങള്‍ നാളെയും വൈകിയെത്താന് പദ്ധതിയെങ്കില്‍ , അടുത്ത ദിവസവുംഅതിനടുത്ത ദിവസവുംഎങ്കില്‍ , എന്നെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്കിപ്പോള്‍ തന്നെ സെറ്റ് വിടാംഇനിയൊരിക്കലും തിരികെ വരികയും വേണ്ട.” 

ആ ശകാരത്തിന്റെ ശക്തിയില്‍ 'കാറ്റു പോയ ബലൂണ്‍ പോലെബ്രാണ്ടോ ചിത്രാന്ത്യം വരെയും അവശനായിരുന്നുവെന്നു സോഫിയ ഓര്‍ക്കുന്നുഅമിതസ്വാതന്ത്ര്യമെടുക്കാന്‍ ശ്രമിച്ച ബ്രാണ്ടോയെ സോഫിയ തന്നെയും ശാസിക്കുന്നുമുണ്ട്. (ബ്രാണ്ടോ തന്റെ ആത്മകഥയില്‍ തനിക്കു നേരിടേണ്ടി വന്ന അവമതിക്ക് ചാപ്ലിനോട് പകരം വീട്ടുന്നുമുണ്ട്). ചാപ്ലിന്‍ സോഫിയക്ക് നല്‍കുന്ന ഏറ്റവും വലിയൊരു പാഠവും എങ്ങനെ 'നോപറയണം എന്നതാണ്

സോഫിയപ്രിയപ്പെട്ടവളെനിന്നില്‍ ഒരു അപൂര്‍ണ്ണതയുണ്ട് , ശരിക്കും ഒരു സന്തുഷ്ടയായ സ്ത്രീയാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നീ തിരുത്തേണ്ടതായിട്ട്. 'No' എന്ന് പറയാന്‍ നീ പഠിക്കേണ്ടിയിരിക്കുന്നുഎല്ലാത്തിനെയും എല്ലാവരെയും എല്ലായിപ്പോഴും സംതൃപ്തരാക്കാന്‍ ശ്രമിക്കുന്നത് മതിയാക്കുക.”

 'ദി കിഎന്ന ചിത്രത്തിന്‍റെ കാര്യത്തില്‍ ഉണ്ടായ ചില അങ്കലാപ്പുകള്‍ സോഫിയ കൈകാര്യം ചെയ്ത രീതി പക്ഷെഈ കഴിവ് അവര്‍ക്ക് മുമ്പേ അന്യമായിരുന്നില്ല എന്ന് തെളിയിക്കുന്നുണ്ട്കരാര്‍ ഒപ്പിട്ടു ഷൂട്ടിംഗിനായി എത്തുമ്പോഴാണ് കുറേക്കൂടി താരമൂല്യമുള്ള ഇന്‍ഗ്രിഡ് ബര്‍ഗ്മാന് വേണ്ടി തന്നെ മാറ്റിയ കാര്യം സംവിധായകന്‍ സര്‍ കരോള്‍ റീഡ് സോഫിയയെ അറിയിക്കുന്നത്സോഫിയ തീര്‍ത്ത്‌ പറഞ്ഞുഒരു കരാര്‍ ഒരു കരാറാണ്കൂടുതലില്ലകുറവും.

'ഡിസിക്കയെ കൂടാതെ ഞാന്‍ ഞാനാകുമായിരുന്നില്ലഎന്നാണ് ഇരുപതു വര്‍ഷവും പതിനാലു ചിത്രങ്ങളും നീണ്ട ഗുരു - ശിഷ്യ സ്നേഹാദരങ്ങളായി വിറ്റോറിയോ ഡിസിക്കയെ സോഫിയ ഓര്‍ക്കുന്നത്പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒന്ന് ഈ ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് മാസ്റ്ററുടെത് തന്നെയാണ്. ഡിസിക്ക - മാസ്ട്രോയാനി - സോഫിയ കൂട്ടുകെട്ടിനെ 'ത്രീ മസ്കറ്റിയേഴ്സ് ' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്തന്റെ ഓരോ ചിത്രങ്ങളെ കുറിച്ചും സ്നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ പങ്കു വെക്കുന്ന സോഫിയ ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെ കുറിച്ചു വിശേഷാല്‍ വാചാലയാണ്വുമന്‍ ഓഫ് ദി റിവര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ യാദൃശ്ചികമായി കണ്ടുമുട്ടിയഇറ്റാലിയന്‍ സിനിമയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന അലെസ്സാന്‍ഡ്രോ ബ്ലാസെറ്റി 'ലക്കി ടു ബി എ വുമന്‍ ' (1955) എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ച വിചിത്ര സുന്ദരമായ രീതി സോഫിയ ഓര്‍ക്കുന്നുകണ്ടപാടെ ഹലോ പറയുക പോലും ചെയ്യാതെ അദ്ദേഹം പറഞ്ഞു,

എന്റെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

1955 തന്റെ കരിയറില്‍ എല്ലാ അര്‍ഥത്തിലും ഒരു നാഴികക്കല്ലായിരുന്നു എന്ന് അവര്‍ വിവരിക്കുന്നുആ കൊല്ലമാണ് താന്‍ ഹോളിവുഡിന് ശരിക്കും പാകമായത്. Sofia, Sophia ആയി മാറിയതും.

 

നോവനുഭവങ്ങള്‍

പ്രസന്ന ജീവിത മുഹൂര്‍ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളുടെയും നൈരന്തര്യമുള്ള ഓര്‍മ്മകളില്‍ വേദനിപ്പിക്കുന്ന നിമിഷങ്ങളെ കുറിച്ചും ഏറെ പറയാനുണ്ട്ഇറ്റലിയുടെ രാഷ്ട്രീയ കാലുഷ്യങ്ങളും യുദ്ധം ഏല്‍പ്പിച്ച മുറിവുകളും സമകാലിക ലോക ഗതിയും ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ല എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ഔന്നത്യങ്ങളിലേക്ക്‌ കയറിപ്പോവുമ്പോഴും സാമൂഹിക ബോധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള അവരുടെ വ്യക്തിത്വമഹത്വം വ്യക്തമാക്കുന്നുഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അനുഭവിച്ച വൈകാരിക വീര്‍പ്പു മുട്ടല്‍ വിവരിക്കുന്ന അതേ കാവ്യഭാഷയില്‍ ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങളും സോഫിയാ ലോറന്‍ വിവരിക്കുന്നുബന്ധുക്കളുടെ വിചിത്ര നിലപാടു കാരണം ഡിസിക്കയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാനാകാതെ മോര്‍ച്ചറിക്ക് പുറത്തു നിന്ന് പൊട്ടിക്കരയുന്നുണ്ട് അവര്‍ . കാര്‍ലോ പോണ്ടിമരിലിന്‍ മണ്‍റോയുടെ മരണവാര്‍ത്ത വിളിച്ചറിയിക്കുന്ന ഘട്ടം പുസ്തകത്തില്‍ വിവരിക്കുന്നത് ഏറെ വികാര വായ്പ്പോടെയാണ്:

ആ മരണംഅത്രക്കും അസമയത്തെഅത്രക്കും ദുരൂഹമായിഎന്നെ വല്ലാത്ത സങ്കടത്തിലെത്തിച്ചുഅതെന്നെ ചിന്തിപ്പിക്കുകയും ചെയ്തുഞാന്‍ സൗന്ദര്യത്തിന്റെ അര്‍ത്ഥത്തെ കുറിച്ച് , ഏകാന്തതയെ കുറിച്ച്നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്നേഹം അനുഭവവേദ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്ചിന്തിച്ചുവിഷാദത്തിന്റെ ആവരണമുള്ള മരിലിന്റെ ലഹരിപ്പിക്കുന്ന ചിരി ഞാനോര്‍ത്തുസന്തുഷ്ടയായിരിക്കാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കുക എന്നത് മതിയാവില്ലായിരുന്നു.

മരിലിന്‍ ഒരു മികച്ച അഭിനേത്രി ആയിരുന്നുസ്വന്തം കഴിവിന്റെ ഭാരവുംഅവളോട്‌ ഉള്ളതെല്ലാം ആവശ്യപ്പെടുകയും തിരികെ യാതൊന്നും നല്‍കുകയും ചെയ്യാത്ത എല്ലാ പുരുഷന്മാരുംഅല്ലെങ്കില്‍ സ്വന്തം അഭിരുചികള്‍ക്കനുസരിച്ചു അവളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവരും ചേര്‍ന്ന് അവളെ ഞെരിച്ചു കളഞ്ഞുമരിലിന്റെ മാദകത്വം അവളെത്തന്നെ നശിപ്പിക്കുന്നതില്‍ കലാശിച്ചുഅവളെ ഒരു ദൌര്‍ഭാഗ്യയായ മാദകത്വ പ്രതീകമാക്കിസ്വന്തം വഴി കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചില്ലഎന്റെ നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞുപോകുന്നത് ഞാനറിഞ്ഞുഎനിക്ക് ചുറ്റും ഒരു നിഴല്‍ വിരിക്കപ്പെട്ട പോലെ.

ലോകം ക്രൂരമായ ഒരിടമാണ്പ്രത്യക്ഷങ്ങളില്‍ വളരുന്നഅതില്‍ തൃപ്തമാകുന്ന ഒന്ന്ഉപരിതലത്തിനു ചുവടെ എന്താണുള്ളത് എന്നതിനെ കുറിച്ച് അത് ചിന്തിക്കുന്നില്ല . അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിക്കഥകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നകൂരമിടുക എന്നത് നമുരോരുത്തരും സ്വയം ചെയ്യേണ്ടതാവുന്നത്അപ്പോള്‍ നാമാരാണെന്നും എവിടെ നിന്ന് വര്ന്നുവെന്നും നാം ഒരിക്കലും മറക്കില്ല.”

ബ്രാണ്ടോയെ കുറിച്ചുള്ള നിശിത നിരീക്ഷണം മാറ്റി വെച്ചാല്‍ വിമര്‍ശന ഘട്ടങ്ങളില്‍ സോഫിയാ ലോറന്‍ പുലര്‍ത്തുന്ന മിതത്വം ഏറെ ശ്ലാഘനീയമാണ്ടു വിമിന്‍ എന്ന ചിത്രത്തിന് ഹോളിവുഡ് പിന്തുണ നേടിയെടുക്കാന്‍ ശ്രമിച്ച കാര്‍ലോ പോണ്ടിയെ 'ട്രാജഡി സംഭവിക്കാന്‍ ഏറെ സമയമെടുക്കുന്നുവളരെ ഇഴച്ചിലുണ്ട്അവസാനം വരെ ഒന്നും സംഭവിക്കുന്നില്ലഎന്നൊക്കെ വിമര്‍ശിച്ച ഹോളിവുഡ് തിരക്കഥാകാരന്മാരെ കുറിച്ച് അവര്‍ നിരീക്ഷിക്കുന്നു:

"എന്നാല്‍ യുദ്ധം അടുത്ത് കാണുകയും അത് കഴിയും വരെ കാത്തിരിക്കുകയും ചെയ്ത ഞങ്ങളെപ്പോലുള്ളവര്‍ ചിത്രത്തിന്‍റെ സാധ്യത വ്യക്തമായി കാണാനായിഅത് ഞങ്ങള്‍ക്ക് അവര്‍ കരുതിയതിനെക്കാലും അറിയാമായിരുന്ന ഒരു കഥയായിരുന്നു.” 

ഒഴുക്കും കാവ്യഭംഗിയുമുള്ള പ്രസന്നമായ ശൈലിയോടൊപ്പം പുസ്തകത്തെ ഏറ്റവും ഹൃദ്യമാക്കുന്ന മറ്റു ഘടകങ്ങള്‍ , ജെയ്ന്‍ മാന്‍സ്ഫീല്‍ഡിന്‍റെ തുളുമ്പുന്ന മാറിടത്തിലേക്ക്‌ സോഫിയ ഒളികണ്ണിടുന്ന ആ പ്രസിദ്ധ ചിത്രത്തെ കുറിച്ചു പറയുന്ന സന്ദര്‍ഭം പോലെ അത്യപൂര്‍വ്വ ഘട്ടങ്ങളില്‍ ഒഴിച്ച് ഒരു ഘട്ടത്തിലും ഗോസ്സിപ്പ് നിലവാരത്തിലേക്ക് താഴ്ന്നു പോവാത്ത ഓര്‍മ്മ നുറുങ്ങുകളും 'എന്റെ നിധി പേടകങ്ങള്‍ ' എന്ന് സോഫിയ വിളിക്കുന്ന ഒട്ടേറെ അപൂര്‍വ്വ ചിത്രങ്ങളുമാണ്അത്തരം ഒരു ചിത്രമാണ് ആത്മകഥായാനം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതു തന്നെ എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

(സിനി ബുക്ക് ഷെല്‍ഫ്ദൃശ്യതാളം മാസിക ഒക്റ്റോബര്‍ - 2017)
read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html


Saturday, September 30, 2017

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey


"ബ്രാണ്ടോ: അമ്മ പഠിപ്പിച്ച പാട്ടുകള്‍ "


പ്രതിഭാശാലിയായ നടന്‍ മാത്രമായിരുന്നില്ല , മഹത്തായ ലക്ഷ്യങ്ങളില്‍ ഒരു പോരാളിയുടെ വീറോടെ ഇടപെട്ട മനുഷ്യ സ്നേഹിയും പുരോഗമന ചിന്താഗതിക്കാരനും കൂടിയായിരുന്നു മാര്‍ലന്‍ ബ്രാന്‍ഡോThe Godfather, Apocalypse Now, A Streetcar Named Desire, Last Tango in Paris തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ കലയുടെ ആഴമളക്കുമ്പോഴും കറുത്ത വര്‍ഗ്ഗക്കാരുടെയും ഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായുള്ള പ്രസ്ഥാനങ്ങളിലും ഐക്യ ദാര്‍ഡ്യപ്പെട്ട മനുഷ്യസ്നേഹിറോബര്‍ട്ട്‌ ലിന്‍ഡ് സെയോടൊപ്പം ചേര്‍ന്ന് എഴുതി 1995-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ Brando: Songs My Mother Taught Me തീക്ഷ്ണമായ അനുഭവാഖ്യാനവും ഒപ്പം ഒരു കാലഘട്ടത്തിന്റെ നിഴല്‍ചിത്രങ്ങള്‍ നിറഞ്ഞതുമാണ്.

 

സ്നേഹ രഹിതമായ കുട്ടിക്കാലംകുടിയനും സ്ത്രീലംബടനും തല്ലുകൊള്ളിയും ഒപ്പം ഗൃഹാന്തരീക്ഷത്തില്‍ ഒരൊന്നാം തരം ഏകാധിപതിയും ആയിരുന്ന അച്ഛന്‍. 'അയാളുടെ രക്തം ആല്‍ക്കഹോളും ടെസ്റ്റോസ്റ്റെറോനും ആഡ്രിനാലിനും ദേഷ്യവും കൊണ്ടുള്ളതായിരുന്നു'. പുസ്തകത്തിന്റെ തലക്കെട്ടിന്റെ ഉറവിടമായ ആയിരം പാട്ടുകളുടെ ഉടമയും ലോല മനസ്കയുമെങ്കിലും മദ്യാസക്തിയില്‍ മക്കളുടെ കാര്യം മറന്നു കളഞ്ഞവള്‍ തന്നെയായിരുന്നു അമ്മയുംപലപ്പോഴും ദിവസങ്ങളോളം അവരെ കാണാതായിമാര്‍ ലനും രണ്ടു ചേച്ചിമാരും ബാറുകള്‍ തോറും നടത്തിയ തിരച്ചില്‍ പലപ്പോഴും പാഴായി, പോലീസുകാര്‍ അവരെ വീട്ടിലെത്തിച്ചുസ്വന്തം കുടുംബത്തിന്റെവിശേഷിച്ചും ഭാര്യമാരുടെയും മക്കളുടെയും കഥകളെ കുറിച്ച് അനിവാര്യ മൌനം നിലനിര്‍ത്തുന്ന ആത്മകഥാപുസ്തകത്തില്‍ഒരു പ്രൊഫഷനല്‍ ജീവചരിത്രകാരന്റെ കയ്യില്‍ വെറും ചാരുകസേര മനോവിശകലനം ആയിപ്പോകാനിടയുള്ള ഇത്തരം പുരാവൃത്തങ്ങള്‍ കണിശമായി രേഖപ്പെടുത്തുന്നതിലൂടെ തന്റെ വ്യക്തിത്വ രൂപീകരണത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ബ്രാണ്ടോ.

എന്റെ അമ്മയില്‍ നിന്ന് എന്റെ സ്വാഭാവിക പ്രതികരണ സ്വഭാവങ്ങള്‍ ലഭിച്ചു എന്ന് ഞാന്‍ കരുതുന്നുസംഗീതത്തോടുള്ള താല്‍പര്യവുംഅച്ഛനില്‍ നിന്ന് സഹന ശക്തിയുംകാരണം അയാള്‍ ശരിക്കുമൊരു പരുക്കന്‍ കുരങ്ങായിരുന്നു.” 

മകന്റെ ആത്മ വിശ്വാസം തകര്‍ക്കുന്നവന്‍ , ഒരു നല്ല വാക്ക്, നോട്ടം, ആലിംഗനം, ഇതൊന്നും ഒരിക്കലും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്ന ഓര്‍മ്മയുടെ മറുവശമായി പ്രസിദ്ധനായ മകന്‍ ഇതും കൂട്ടി ചേര്‍ക്കുന്നുജീവിതകാലം മുഴുവന്‍ അധികാരത്തോടുള്ള വിരക്തിയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവും തനിക്കു പിതൃദായമാണ്പില്‍ക്കാലം തന്റെ പ്രോഡക് ഷന്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു അച്ഛനോടുള്ള പ്രതികാരം നിര്‍വ്വഹിച്ചത്‌ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്ഒരു ദിവസം അയാളെ മണിക്കൂറുകളോളം തോലിയുരിച്ചതിനെ കുറിച്ച് "ഞാന്‍ അയാളെ ഒന്നിനും കൊള്ളാത്ത ദുര്‍ബ്ബലനായ ഒരാളാണെന്ന് സ്വയം തോന്നിച്ചു.” സ്ത്രീകളോട് വൈകാരികമായ ക്രൂരതയോടെയുള്ള സമീപനത്തില്‍ മാര്‍ലോണ്‍ അച്ഛന്റെ മകനാണെന്ന് തെളിയിക്കുന്നുമുണ്ട്മാര്‍ലോണ്‍ ക്രിസ്തുവാണെന്ന് ഭ്രമകല്‍പ്പനയില്‍ പെട്ടുപോയ ഒരു ആരാധികയെ മനോരോഗ ചികിത്സക്ക് സഹായിക്കുന്നുണ്ട് അദ്ദേഹം.

എനിക്ക് ഒരു വൈകാരിക ഇന്‍ഷുറന്‍സ് പോളിസിയെന്നോണം ഒരേ സമയം പല സ്ത്രീകളെ ആവശ്യമായിരുന്നു.”

 

 

റാന്‍ഡാം ഹൗസിന് വേണ്ടി തന്റെ ആത്മകഥാ രചനയില്‍ രണ്ടു വര്‍ഷത്തോളം മുഴുകിയിട്ടും ഒരു മുഴുനീള ആത്മകഥ എഴുതാന്‍ വേണ്ട 'വൈകാരിക ശേഷിപ്പ്' തനിക്കില്ലെന്നു ബ്രാണ്ടോക്ക് ബോധ്യമായതാണ്‌ റോബര്‍ട്ട്‌ ലിന്‍ഡ് സെക്കുള്ള ആ ഫോണ്‍ കോള്‍ ആയി പരിണമിച്ചത്‌ലിന്‍ഡ് സേയുടെ വാക്കുകളില്‍ 'മുപ്പതു വര്‍ഷങ്ങള്‍ക്കു മേല്‍ ഒരൊറ്റ ഭാര്യയുമായി കഴിയുന്ന ഒരു സാധാരണ ഭൂതകാലമുള്ള ജേണലിസ്റ്റ്മാത്രമായന്യൂ യോര്‍ക്ക് ടൈംസിനു വേണ്ടി ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെയും മറ്റും അഭിമുഖം നടത്തേണ്ടി വന്നത് കൊണ്ട് ആ എടുത്താല്‍ പൊങ്ങാത്ത താന്‍ പോരിമാ ഭാവത്തിലും തലക്കനത്തിലും മടുപ്പുണ്ടായിരുന്ന തന്നെപ്പോലെ ഒരാളെബഹളങ്ങളില്‍ നിന്ന് പിന്‍ വാങ്ങി തനിച്ചു കഴിയാന്‍ ഇഷ്ടപ്പെട്ടമാധ്യമപ്പടയെ വെറുത്തനൂറു കണക്കിന് സ്ത്രീജന സഹവാസമുണ്ടായിരുന്നഅമ്പത് വര്‍ഷത്തിലേറെക്കാലത്തെ ഹോളിവുഡ് സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന മാര്‍ലന്‍ ബ്രാണ്ടോ വിളിച്ചതിന്റെ പൊരുള്‍ അയാളെ കുഴക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പൊതുവായി പലതും ഉണ്ടായിരുന്നു എന്ന് ലിന്‍ഡ് സെ കണ്ടെത്തുന്നുബ്രാണ്ടോക്ക് താല്പര്യമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങള്‍ ഒട്ടനവധിയായിരുന്നുഎന്നാല്‍ വിചിത്രമായത്സിനിമഹോളിവുഡ് എന്നിവയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തികഞ്ഞ താല്‍പര്യ രാഹിത്യമായിരുന്നുആത്മകഥയില്‍ ഇത് വ്യക്തമാണ്മെതേഡ് ആക്റ്റിംഗിന്റെ ഏറ്റവും പ്രാമാണികനായ പ്രയോക്താവായി കണിശമായ സ്വയം ശിക്ഷണത്തോടെ പാത്രാവിഷ്കരണത്തില്‍ അഹം നിര്യാതനവും ആത്മ നിരാസത്തോളമെത്തുന്ന ഗൌരവ പൂര്‍ണ്ണമായ പരകായവും നടത്തുമായിരുന്ന ബ്രാണ്ടോ 'ഏറ്റവും കുറഞ്ഞ സമയത്തെ കുറഞ്ഞ അധ്വാനം കൊണ്ട് കണ്ടമാനം പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗംഎന്നതിനപ്പുറം ഒരു മഹത്വവും ഇല്ലാത്ത ഒരു പ്രൊഫെഷന്‍ ആയാണ് അഭിനയത്തെ കണ്ടത്ഹോളിവുഡിനെ ആവട്ടെചതിയുടെയും പണാധിപത്യത്തിന്റെയും ലോകമായുംഅഭിനയ കലയില്‍ തന്റെ നേട്ടങ്ങളുടെയെല്ലാം പ്രഭവമായി അദ്ദേഹം സ്റ്റാനിസ്ലാവിസ്കിയന്‍ അധ്യാപിക സ്റ്റെല്ലാ ആഡ് ലറെ കാണുന്നു - സ്വയം അര്‍ഹിച്ച അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ പോയ പ്രതിഭ. മറുവശത്ത്‌, സങ്കീര്‍ണ്ണ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വ്യക്തിപരമായിത്തന്നെ ഏറ്റവും വേദനാ പൂര്‍ണ്ണമായ അനുഭവമാണ് എന്ന് ബ്രാണ്ടോ നിരീക്ഷിക്കുന്നുമുണ്ട്കുട്ടിക്കാലത്തുതന്നെ ഒരു അഭിനേതാവ് ആകാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു എന്ന് തുറന്നു പറയുന്ന ബ്രാണ്ടോ പക്ഷെഅമ്മ ഒരു അമേച്വര്‍ അഭിനേത്രിയായിരുന്നു എന്ന കാര്യത്തെ കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തികഞ്ഞ മൌനം ദീക്ഷിക്കുന്നുഅഭിനയത്തോടുള്ള ഈ രാഗ-ദ്വേഷ ബന്ധം അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെയും ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. Streetcar ലെയും (1951) On the Water Front ലെയും (1954)  വിജയം നല്‍കിയ പണവും സ്ത്രീസൗഹൃദങ്ങള്‍ക്കും ശേഷം 1972 ഡോണ്‍ കോര്‍ലിയോനിയിലെ ക്കുള്ള പരകായംവരെ അദ്ദേഹത്തിന്റെ കരിയര്‍ മുകളിലേക്കായിരുന്നില്ലഅതേ വര്‍ഷം Last Tango ക്ക് ശേഷം ബ്രാണ്ടോ സ്വയം തെരഞ്ഞെടുത്തത് മറ്റൊരു വിചിത്ര വഴിയായിരുന്നു. 1992-ല്‍ Christopher Columbus: The Discovery എന്ന ചിത്രത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത ഒരു വേഷം ചെയ്യുമ്പോള്‍ 'പ്രതിഫലം മോശമല്ലായിരുന്നുഅഞ്ച് ദിവസത്തെ ജോലിക്ക് അഞ്ച് മില്ല്യന്‍ ഡോളര്‍ ' എന്ന ഏറ്റുപറച്ചില്‍ അഭിനയ കലയോട് അദ്ദേഹം വളര്‍ത്തിയെടുത്തിരുന്ന ഉദാസീനതയുടെ തെളിവായി കാണാം.

ഞാന്‍ പൊട്ട സിനിമകള്‍ ചെയ്തിട്ടുണ്ട്കാരണം എനിക്ക് പണം വേണമായിരുന്നുഈ പുസ്തകം എഴുതുന്നതും പണത്തിനു വേണ്ടിയാണ്.” 

മകന്‍ ക്രിസ്ത്യന്‍ ബ്രാണ്ടോ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഒരു കേസ് നടത്തിപ്പിന് വേണ്ട തുക കണ്ടെത്താന്‍ വേണ്ടിയാണ് ആത്മകഥാ പുസ്തകത്തിനുള്ള അഞ്ച് മില്ല്യന്‍ ഡോളര്‍ കരാറില്‍ എത്തിപ്പെട്ടത് എന്നത് പക്ഷെ അദ്ദേഹം പറയുന്നില്ല.

 

സിനിമയെയും കുടുംബജീവിതത്തെയും എത്രയും വേര്‍തിരിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പരകായങ്ങളില്‍ വൈയക്തികാനുഭാവങ്ങളുമായി 'വൈകാരിക യുദ്ധം നടത്തേണ്ടി വന്നതിനെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്ലാസ്റ്റ് ടാംഗോയിലെ പ്രസിദ്ധമായ ആത്മ ഭാഷണം സംവിധായകന്‍ ബര്‍ത്തലൂച്ചിയുമായി ചേര്‍ന്ന് പരുവപ്പെടുത്തി എടുക്കുകയായിരുന്നു അദ്ദേഹംഅമ്മയുടെ മദ്യപാനാസക്തിയുടെയും അച്ഛന്റെ ഏകാധിപത്യ സാഡിസ്റ്റ് പെരുമാറ്റത്തിന്റെയും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഖനനം ചെയ്തു പുറത്തെടുത്തവയായിരുന്നു ഭാഷണ ശകലങ്ങള്‍.

'ലാസ്റ്റ് ടാംഗോയില്‍ എന്നോട് തന്നെ ഒരു പാട് വൈകാരിക മുഷ്ടിയുദ്ധം ചെയ്യേണ്ടി വന്നുഅതവസാനിച്ചപ്പോള്‍ ഇനിയൊരിക്കലും ഒരു സിനിമക്ക് വേണ്ടി എന്നെത്തന്നെ നശിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു.'

വൈരുധ്യങ്ങളുടെ സങ്കലനമായ വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയില്‍ തന്നെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ഒട്ടും ദയയുള്ളവനല്ല ബ്രാണ്ടോഎന്നിരിക്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത ഒരു വ്യതിത്വവശവും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള സമീപനത്തില്‍ മാത്രമല്ല വ്യക്തമാകുന്നത്സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ എപ്പോഴും തുറന്നടിക്കുന്ന ആളായിരുന്നു അദ്ദേഹംബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുമായും അമേരിക്കന്‍ ഇന്ത്യന്‍ പ്രസ്ഥാനവുമായും നിലനിര്‍ത്തിയ ബന്ധങ്ങളും വിയെറ്റ്നാം യുദ്ധത്തോടുള്ള അമേരിക്കന്‍ വിരുദ്ധ നിലപാടും ഇതിനു തെളിവാണ്ലിങ്കന്‍ സ്കൂളിലെ പഠന കാലത്ത് അമേരിക്കന്‍ വര്‍ണ്ണവെറിയുമായി ആദ്യം മുഖാമുഖം നിന്നതിന്‍റെ ഓര്‍മ്മകളായി കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുമായുണ്ടായിരുന്ന സൗഹൃദവും അസാലീയെന്ന സുഹൃത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകിയിരുന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്നേഴ്സറി പാട്ടിലെ 'നിഗ്ഗര്‍എന്ന പദം അതിന്റെ വംശീയ ദുരര്‍ത്ഥത്തെ കുറിച്ചറിയാതെ ഉപയോഗിക്കുമ്പോള്‍ അസാലീയുടെ അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുന്നുണ്ട്: “ഡാര്‍ലിംഗ്ഈ വീട്ടില്‍ ആ പദം ഉപയോഗിക്കാറില്ല.” കുട്ടിക്കാലം മുതലേ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് അനുതാപമുണ്ടായിരുന്ന പ്രകൃതമായിരുന്നു ബ്രാണ്ടോയുടെതെന്നു ചേച്ചി ഓര്‍ക്കുന്നുണ്ട്ബ്രാണ്ടോ കൂട്ടിച്ചേര്‍ക്കുന്നു,

ചെറുപ്പത്തിലേഎന്നെക്കാള്‍ ഭാഗ്യദോഷികളോ സുഹൃത്തുക്കള്‍ ഇല്ലാത്തവരോ ആയവരെ സഹായിക്കാനുള്ള ബാധ്യത എനിക്കനുഭവപ്പെട്ടു.”

 

സുദീര്‍ഘമായ ഹോളിവുഡ് ജീവിതത്തിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ ആ കാലഘട്ടത്തിലെ വൈയക്തികവും അല്ലാത്തതുമായ പല പ്രമാദ വിഷയങ്ങളും പുസ്തകത്തില്‍ സൂചിതമാകുന്നുണ്ട്മരിലിന്‍ മണ്‍റോയുമായുള്ള ഹ്രസ്വബന്ധവും അവരുടെ ദുരൂഹമരണവും സൂചിപ്പിക്കപ്പെടുന്നുണ്ട്കെന്നഡി കുടുംബത്തിലേക്ക് പേരെടുത്തു പറയാതെ തന്നെ വിരല്‍ ചൂണ്ടുന്നുണ്ട് ബ്രാണ്ടോജൂതവംശജരുടെ മികവും ജനിതക പാരമ്പര്യത്തെ കുറിച്ചുള്ള ന്യൂനീകരണങ്ങളില്‍ ഒതുങ്ങാത്ത വൈവിധ്യവും മതിപ്പോടെ നോക്കിക്കാണുകയും "ഒടുവില്‍ ജൂത സ്വത്വമെന്നത് ഒരു സാംസ്കാരിക പ്രതിഭാസമാണ്" എന്ന് വിലയിരുത്തുകയും ചെയ്യുന്ന ബ്രാണ്ടോഒരു കാലത്തെ ഹോളിവുഡിന്റെ മുഖമുദ്രയായിരുന്ന ജൂതവിരോധത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ ജൂത സ്ത്വം മറച്ചു പിടിക്കാനായി പേരുകള്‍ മാറ്റി കിര്‍ക്ക് ഡഗ്ലസ് , ടോണി കര്‍ട്ടിസ്പോള്‍ മുനിപോലെറ്റ് ഗോദാര്‍ദ് എന്നൊക്കെ കാമുഫ്ലാഷ് ചെയ്തു വന്ന കാലമായിരുന്നു അത്ചാര്‍ളി ചാപ്ലിന്‍ എന്ന മഹാപ്രതിഭയുടെ വ്യക്തിത്വത്തിലെ അധികമാരും അറിയാത്ത ഒരു ഇരുണ്ട വശം ബ്രാണ്ടോ വിവരിക്കുന്നുണ്ട്അത് അദ്ദേഹത്തിന്റെ മകനോടുള്ള തികഞ്ഞ സാഡിസ്റ്റ് സമീപനത്തെ കുറിച്ചുള്ളതാണ്Apocalypse Now എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ ഒരു നിഗൂഡ കഥാപാത്രമാക്കി നിര്‍ത്തേണ്ടതിനെ കുറിച്ച് കപ്പോളോയുമായുണ്ടായ വിനിമയങ്ങള്‍ തുടങ്ങി കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ഒപ്പം സ്വന്തം പ്രതികരണങ്ങളും വ്യക്തമാക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ആത്മകഥയിലുണ്ട്.

 

അശ്ലീലച്ചുവയുള്ളത്ഹാസ്യ പ്രധാനംലൈംഗിക സാഹസങ്ങളുടെ അനാവരണങ്ങള്‍ നിറഞ്ഞത്‌ - അങ്ങനെയൊക്കെ ഇടയ്ക്കിടെ അനുഭവപ്പെടാമെങ്കിലും തീക്ഷ്ണമായ വൈകാരിക സത്യസന്ധതയും തുളഞ്ഞിറങ്ങുന്ന ആത്മ വിമര്‍ശനങ്ങളും അടയാളപ്പെടുത്തുന്നതാണ് ബ്രാണ്ടോയുടെ ഏറ്റുപറച്ചില്‍ . വസ്തുതാപരമായ കൃത്യതയുടെ ചിലപ്പോഴെങ്കിലുമുള്ള അഭാവത്തെ കുറിച്ച് ഓര്‍മ്മകളുടെ 'മങ്ങിയ പ്രിസത്തിലൂടെ വികലമായിപ്പോയത്എന്ന് അദ്ദേഹം മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നുണ്ട്എഴുപതു പിന്നിട്ടഒട്ടേറെ ശാരീരിക മാനസിക സങ്കീര്‍ണ്ണതകളിലൂടെ കടന്നുപോയഎപ്പോഴും വലിഞ്ഞു മുറുകുന്ന ഞരമ്പുകളുമായി മല്ലടിച്ച ഒരാളുടെ വൈരുധ്യ പൂര്‍ണ്ണമായ വ്യക്തിത്വത്തെ എഴുതപ്പെട്ട വാക്കുകളുടെ നിയതാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുക ഒരിക്കലും സമഗ്രത അവകാശപ്പെടാനാവാത്ത ഒരു പ്രക്രിയയാണല്ലോ.

പുസ്തകത്തിന്റെ ആദ്യ ഭാഗത്തൊരിടത്തു അദ്ദേഹം എഴുതുന്നു.

 

എന്റെ അമ്മക്ക് എഴുതപ്പെട്ട എല്ലാ പാട്ടുകളും അറിയാമായിരുന്നു, എന്തുകൊണ്ടെന്നറിയില്ല - ഒരു പക്ഷെ അവരെ സന്തോഷിപ്പിക്കാനുള്ള എന്റെ മോഹം കാരണമാവാം - ആവുന്നത്ര ഞാന്‍ ഹൃദിസ്തമാക്കിഇന്നുംഎന്റെ അമ്മ പഠിപ്പിച്ച ആയിരക്കണക്കിന് പാട്ടുകളുടെ വരികളും സംഗീതവും ഞാന്‍ ഓര്‍ത്തുവെക്കുന്നു. എനിക്കൊരിക്കലും എന്റെ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ഓര്‍ത്ത്‌ വെക്കാന്‍ കഴിഞ്ഞിട്ടില്ലഎനിക്കെന്റെ സ്വന്തം ടെലഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തെടുക്കാനാവാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്എന്നാല്‍ ഞാനൊരു പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഒരൊറ്റ തവണ പോലുംഞാനൊരിക്കലും അതിന്റെ വരികളോ മെലഡിയൊ മറക്കില്ലഞാന്‍ എല്ലായിപ്പോഴും എന്റെ തലക്കകത്ത് ഈണങ്ങള്‍ മൂളുകയാണ്ആഫ്രിക്കന്‍ ഗീതങ്ങള്‍ ചൈനീസ് ഗീതങ്ങള്‍ താഹിതിയന്‍ ഗീതങ്ങള്‍ ഫ്രഞ്ച് ഗീതങ്ങള്‍ ജര്‍മ്മന്‍ ഗീതങ്ങള്‍ പിന്നെ തീര്‍ച്ചയായും എന്റെ അമ്മ പഠിപ്പിച്ച ഗീതങ്ങളും എല്ലാം എനിക്കറിയാംഒരു സംസ്കൃതിയുടെ സംഗീതവുമില്ല എനിക്ക് പരിചിതമല്ലാത്തതായിട്ട്. വിചിത്രമാവാം, എഴുപതുകള്‍ക്ക് ശേഷം എഴുതപ്പെട്ട ഒരൊറ്റ ഗീതവും എനിക്ക് ഓര്‍ത്തെടുക്കാന്‍ വയ്യ.” 

 

(സിനി ബുക്ക് ഷെല്‍ഫ്: 01: ദൃശ്യതാളം സപ്തംബര്‍ 2017)

 read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html