Featured Post

Showing posts with label Non-fiction. Show all posts
Showing posts with label Non-fiction. Show all posts

Wednesday, September 11, 2024

Her Again: Becoming Meryl Streep by Michael Schulman

നിരന്തരം തിരികെയെത്തുന്ന മെറില്‍ സ്ട്രീപ്



തന്റെ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ എന്ന് ആരാധകരുടെയും വിമര്‍ശകരുടെയും ഒരേ സ്വരത്തിലുള്ള പ്രശംസ നേടിയെടുത്തിട്ടുള്ള താരമാണ് അമേരിക്കന്‍ അഭിനേത്രി മെറില്‍ സ്ട്രീപ്; ഒരു പക്ഷെ ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേത്രി. അക്കാദമി അവാര്‍ഡിന് 21 തവണയും എമ്മി അവാര്‍ഡിന് 31 തവണയും നാമനിര്‍ദ്ദേശം ലഭിക്കുകയും അവ യഥാക്രമം മൂന്നും എട്ടും തവണ നേടുകയും ചെയ്ത അവരുടെ ഈ നേട്ടങ്ങള്‍ ഓരോന്നും സര്‍വ്വ കാല റെക്കോഡ് ആണ്. ഏതു വേഷവും ചെയ്യാനുള്ള കഴിവ്, മൊഴിവഴക്കങ്ങള്‍ അനായാസം സ്വായത്തമാക്കാനുള്ള സിദ്ധി എന്നിവയാണ് അവരുടെ പ്രതിഭയുടെ പ്രത്യേകതകള്‍. ആറാം വയസ്സില്‍ വീട്ടകത്ത് കന്യാ മറിയത്തിന്റെ വേഷം കെട്ടി സഹോദരങ്ങളെ ഭക്ത ഭാവത്തിലേക്കു നയിച്ച തീവ്ര തന്മയീഭാവസിദ്ധി പ്രകടമാക്കിയ മെറില്‍ സ്ട്രീപ്പില്‍ പില്‍ക്കാലം തികഞ്ഞ പ്രോഫെഷനലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള കഠിനാധ്വാനിയും ആയി ലോകം വിസ്മയപൂര്‍വ്വം കണ്ടുനിന്ന അഭിനയ പ്രതിഭയുടെ സ്പര്‍ശം ജന്മസിദ്ധമായിരുന്നു എന്ന് വ്യക്തം. മെറില്‍ സ്ട്രീപ്പിന്റെ ജീവിത കഥ അവരുടെ ബാല്യകാലം മുതല്‍ ക്രാമര്‍ വേഴ്സസ് ക്രാമറിലെ ആദ്യ ഓസ്കാര്‍ ലബ്ധി വരെ പിന്തുടരുന്ന പുസ്തകമാണ് മൈക്കല്‍ ഷുള്‍മന്‍ രചിച്ച ‘Her Again – Becoming Meryl Streep’.

 

കുടുംബത്തില്‍ മുത്തശ്ശിയുടെയും അമ്മയുടെയും പേരില്‍ മേരി ഉള്ളത് കൊണ്ട് മൂന്നാമതൊരു മേരിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മേരി ലൂയിസിനെ മെറില്‍ ആക്കി മാറ്റിയതെന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ രേഖീയമായി ജീവിത കഥ പറയുകയല്ല ഗ്രന്ഥകര്‍ത്താവ്. ‘Her Again’ എന്ന പ്രയോഗം 2012 ഫെബ്രുവരി 12-ന് ‘ദി അയേണ്‍ ലേഡിക്ക് വേണ്ടി തന്റെ മൂന്നാമത് ഓസ്കാര്‍ ഏറ്റുവാങ്ങുന്ന ഘട്ടത്തില്‍ ഇരുപതോളം തവണ നോമിനേഷന്‍ ലഭിച്ചതിനെ കുറിച്ചുള്ള ആളുകളുടെ പ്രതികരണത്തെ മെറില്‍ സ്വയം മിമിക് ചെയ്തതായിരുന്നു. ഒരു കണക്കിന്, 1980 ഏപ്രില്‍ 14-ന് മെറിലിന്റെ പ്രഥമ ഓസ്കാര്‍ നേട്ടത്തിന്റെ ഘട്ടത്തില്‍ അവസാനിക്കുന്ന പുസ്തകത്തില്‍ ഒരു വിഷയമേയല്ലാത്ത വിദൂര ഭാവിയിലെ സൂചകത്തില്‍ തുടങ്ങുന്നതിലൂടെ, പുസ്തകത്തിനു ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതയാണ് ഗ്രന്ഥകര്‍ത്താവ് നല്‍കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ സ്വാഭാവികമായി പ്രതീക്ഷിക്കാവുന്ന കഥാനായക/ നായികാ സാന്നിധ്യം ഇവിടെയില്ലെന്നത് പ്രധാനമാണ്. നേരിട്ടുള്ള അഭിമുഖങ്ങളോ സംഭാഷണങ്ങളോ അവരുമായി ഗ്രന്ഥകാരന്‍ നടത്തിയിട്ടില്ല. “മെറില്‍ സ്ട്രീപ്, താങ്കള്‍ക്കും നന്ദി, ഒരു ആകര്‍ഷക ജീവിതം നയിച്ചതിന്, കാര്യമായ വഴിതടസ്സങ്ങള്‍ ഒന്നും വലിച്ചിടാതിരുന്നതിനും എന്ന് കൃതജ്ഞതപ്പെടുന്നതും കൌശലപൂര്‍ണ്ണമാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം അത് ‘അനൌദ്യോഗികമാണെന്നും തനിക്കതുമായി ബന്ധമൊന്നുമില്ലെന്നും താന്‍ വായിച്ചിട്ടില്ലെന്നും മെറില്‍ പറഞ്ഞതും ഇതോടു ചേര്‍ത്തു പറയാം.

ന്യു ജേഴ്സിയിലെ ബെര്‍ണാഡ്സ് വില്ലയില്‍ മെറിലിന്റെ കുട്ടിക്കാലവും വസാര്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്കൂളിലെ പഠനവും യേല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അതികഠിനമായ പരിശീലനവും വിശദമായും അതീവ രസകരമായും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. സഹപാഠിനിയായിരുന്ന വെന്റി വാസര്‍സ്റ്റീന്‍ ‘സ്കൂള്‍ ഓഫ് ട്രോമ എന്ന് യേല്‍ നാടകക്കളരിയെ വിശേഷിപ്പിച്ചത്‌ പ്രസിദ്ധമായിരുന്നു. നാടകമാണ് തന്റെ തട്ടകം എന്ന് മെറില്‍ തിരിച്ചറിഞ്ഞത് മുതല്‍ അവരുടെ വളര്‍ച്ച സമാനതകള്‍ ഇല്ലാത്തതായിരുന്നു. എഴുപതുകളില്‍ ബ്രോഡ് വേ നാടകങ്ങളില്‍ വലിയ റോളുകള്‍ കൈകാര്യം ചെയ്ത മെറില്‍, ‘ഷേക്സ്പിയര്‍ ഇന്‍ ദി പാര്‍ക്ക് പ്രോഡക് ഷനില്‍ രണ്ടു നാടകങ്ങളിലും അഭിനയിച്ചു. മെറില്‍ എന്ന പെര്‍ഫെക് ഷനിസ്റ്റിലേക്കുള്ള കുതിപ്പിന്റെ അങ്ങേയറ്റം കഠിനവും എന്നാല്‍ അനായാസമെന്നു തോന്നിക്കുന്നതുമായ വികാസം ഈ ഘട്ടങ്ങളില്‍ വ്യക്തമാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങള്‍ അഭിനേത്രിയെന്ന നിലയില്‍ അകാല മൃത്യു വരുത്തുമെന്ന് കൃത്യമായും മെറില്‍ തിരിച്ചറിഞ്ഞിരുന്നു.

മെറിലിനു നടന്‍ ജോണ്‍ കസാലെയുമായുണ്ടായിരുന്ന ദുരന്ത പ്രണയത്തിന്റെ ആവിഷ്കാരമാണ് പുസ്തകത്തിന്റെ ഏറ്റവും ഹൃദയ ദ്രവീകരണക്ഷമമായ ഭാഗങ്ങള്‍. ഫ്രെഡോ കൊര്‍ലിയോണിയായി കസാലെ മികച്ച പ്രകടനം കാഴ്ചവെച്ച ‘ദി ഗോഡ്ഫാദര്‍ ഉള്‍പ്പടെ അഭിനയിച്ച അഞ്ചു ചിത്രങ്ങളും ഓസ്കാര്‍ നോമിനേഷന്‍ നേടിയെങ്കിലും കസാലെ ഒരിക്കലും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. 1976-ല്‍ പാര്‍ക്ക് പ്രോഡക് ഷന്റെ മെഷര്‍ ഫോര്‍ മെഷറില്‍ ഒരുമിച്ച് അഭിനയിക്കുന്ന വേളയില്‍ മൊട്ടിട്ട പ്രണയം നാല്‍പ്പത്തിരണ്ടാം വയസ്സില്‍ ശ്വാസ കോശ അര്‍ബ്ബുദം ബാധിച്ചു കസാലെ മരണമടയുന്നത് വരെ (1978 മാര്‍ച്ച് 12) തുടര്‍ന്നു. മരണപ്പെട്ടു എന്ന് ഡോക്റ്റര്‍ വിധിയെഴുതിയതിനു ശേഷവും ഒരു ഹ്രസ്വ നിമിഷത്തേക്ക് മെറിലിന്റെ കൈകളില്‍ കണ്‍തുറന്ന് നിത്യ നിദ്രയിലേക്ക് പോവുകയായിരുന്നു കൂട്ടുകാരന്‍. “എല്ലാം ശരിയാണ്, മെറില്‍. എല്ലാം ശരിയാണ്..” എന്നതായിരുന്നു കസാലെയുടെ അന്ത്യ വാക്കുകള്‍. ആ മരണത്തിനു തൊട്ടു പിറകെ ‘ഹോളോകോസ്റ്റ് മിനി സീരീസിലെ അഭിനയത്തിന് ലഭിച്ച എമ്മി അവാര്‍ഡ് മെറിലിനെ ഒട്ടും ആഹ്ലാദിപ്പിക്കുകയുണ്ടായില്ല എന്ന് ഷുള്‍മന്‍ നിരീക്ഷിക്കുന്നു. അവരാ വേഷം സ്വീകരിച്ചത് തന്നെ കസാലെയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി മാത്രമായിരുന്നു. ഷൂട്ടിംഗ് നീണ്ടുപോകുന്നത് അദ്ദേഹത്തിനരികിലെത്താന്‍ തടസ്സമുണ്ടാക്കുന്നതില്‍ അവര്‍ ഏറെ ഖിന്നയായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നേരിട്ടെത്തിയതുമില്ല മെറില്‍. വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിനു ആ നീണ്ട ഓസ്കാര്‍ നോമിനേഷന്‍ ചരിത്രം തുടങ്ങിവെക്കുന്ന ഡിയര്‍ ഹണ്ടറിലെ ലിണ്ടയുടെ വേഷം സ്വീകരിക്കുന്നതിലും കസാലെയോടുള്ള പ്രണയം തന്നെയായിരുന്നു പ്രേരണയായത്. തന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് അത് വിരുദ്ധമായിരുന്നെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് ചിത്രത്തില്‍ അഭിനയിക്കുന്ന കസാലെയോടൊപ്പം രോഗാവസ്ഥയില്‍ അരികില്‍ ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ചിത്രം പക്ഷെ മെറിലിനെ ശക്തമായി ഹോളിവുഡില്‍ അടയാളപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം ക്രാമര്‍ വേഴ്സസ് ക്രാമറില്‍ മെറില്‍ ഓസ്കാര്‍ നേടുന്നത് കാണാന്‍ കൂട്ടുകാരന്‍ കാത്തു നിന്നില്ല. ബുദ്ധിമാനും സുമുഖനും ലോല മനസ്കനും ഇത്തിരി കോമാളിത്തമുള്ള മുഖഭാവമുള്ളവനും എന്ന നിലയില്‍ കസാലെയുടെ പ്രകൃതം മെറിലിന്റെ ഗൌരവപ്രകൃതത്തിനും തീക്ഷ്ണ ധ്യാന ഭാവത്തിനും ഹൃദ്യമായ രീതിയില്‍ അനുപൂരകമായിരുന്നു; ആയുര്‍ദൈര്‍ഘ്യം ഒന്നൊഴിച്ച്. കസാലെയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഡോണ്‍ ഗമ്മറുമായുള്ള മെറിലിന്റെ വിവാഹം. നാല് മക്കളുണ്ട് ഹോളിവുഡിലെ ‘പിരിയാനുള്ള ബന്ധമല്ലാത്ത ഈ ദമ്പദിമാര്‍ക്ക്.

മെറില്‍ അഭിനയിച്ച വേഷങ്ങളുടെ പേരുകളുള്ള അധ്യായങ്ങളിലൂടെ അവരുടെ ബാല്യകൌമാരങ്ങളിലേക്ക് ഷുള്‍മന്‍ കടന്നു ചെല്ലുന്നു. ‘മേരി’ എന്ന ആദ്യ അധ്യായം കുട്ടിക്കാലത്തേ വ്യക്തമായിത്തുടങ്ങിയ തന്മയീഭാവസിദ്ധിയെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ്. മേരിമാതാവായി അഭിനയിക്കുന്ന ആറു വയസ്സുകാരിയുടെ അനുഭവം അവരുടെ തന്നെ വാക്കുകളില്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിക്കുന്നു: “എനിക്ക് പ്രശാന്തത അനുഭവപ്പെട്ടു, വിശുദ്ധ. വാസ്തത്തില്‍ ഡാഡി സൂപ്പര്‍ -8-ല്‍ പകര്‍ത്തിയ എന്റെ രൂപാന്തരപ്പെട്ട മുഖവും മാറിയ ഭാവവും എന്റെ താഴെയുള്ള സഹോദരങ്ങളെ.. ഒരു അതീതാവസ്ഥയില്‍ ആക്കി. എന്റെ ഫോക്കസിന്റെ തീവ്രത ഈ വിശുദ്ധ ജന്മ രംഗത്തിലേക്ക് അവരെ വലിച്ചടുപ്പിച്ചു, സാധാരണ അവരെ കൊണ്ട് ഒച്ചയിട്ടു അനുസരിപ്പിക്കാന്‍ ശ്രമിക്കുകയെന്ന തന്ത്രം പയറ്റുമ്പോള്‍ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ലാത്ത ഒരു രീതിയില്‍.” ഇതേ തീവ്ര സമീപന രീതി യേല്‍ ഡ്രാമാ സ്കൂളില്‍ മരണം അഭിനയിക്കേണ്ട രംഗത്ത് ഗര്‍ഭഛെചിദ്രം അവതരിപ്പിക്കാനും എന്തെങ്കിലും അതിതീക്ഷ്ണ തീവ്രതയോടെ ചെയ്യുമ്പോള്‍ ‘To Streep it out’ എന്ന പ്രയോഗം തന്നെ ക്യാമ്പസില്‍ തുടങ്ങിവെക്കും വിധം അത് ചെയ്യാനും മെറിലിനെ പ്രാപ്തയാക്കി. ഹൈസ്കൂളില്‍ എത്തും വരെ അവരൊരു സുന്ദരിയായിരുന്നില്ല എന്ന വസ്തുതയും പുസ്തകം തുടക്കത്തിലേ വ്യക്തമാക്കുന്നു. എലിസബത്ത്‌ ടെയ്‌ലറുടെ ക്ലാസ്സിക് സൗന്ദര്യമോ ഡെബ്ബി റെയ്നോള്‍ഡ്സിന്റെ അയലത്തെ സുന്ദരീ പരിവേഷമോ മെറിലിനില്ലായിരുന്നു എന്ന് ഷുള്‍മന നിരീക്ഷിക്കുന്നു.  വാസ്തവത്തില്‍ മെറില്‍ സ്ട്രീപ്പിന്റെ സൌന്ദര്യം തന്നെയും എല്ലാ കാലത്തും വിവാദപരമായിരുന്നു എന്ന് പറയാം ഇറ്റാലിയന്‍ സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ അടിപ്പെട്ട ഡിനോ ഡി ലോറെന്റിസ് മെറിലിനെ വിരൂപയെന്നു വിളിച്ചത് കിംഗ്‌ കോംഗ് (1976) നായികാ പരിഗണനയുടെ ഘട്ടത്തിലാണ്. അവരുടേത് വ്യത്യസ്തത ആവശ്യപ്പെടുന്ന തരം സൌന്ദര്യമായിരുന്നു എന്ന് ഷുള്‍മന്‍ കരുതുന്നു: വെല്ലുവിളിക്കുന്ന, അതിരുകള്‍ ഭേദിക്കുന്ന, അവാംഗ് ഗാര്ദ് വേഷങ്ങള്‍ക്ക് പറ്റിയത്. ‘..അവര്‍ക്ക് ആരുമാകാമായിരുന്നു: ഒരു പ്രഭുകുലജാത, യാചകി, കാമിനി, കോമാളി. അവര്‍ക്ക് നോര്‍ഡിക്, അല്ലെങ്കില്‍ ഇംഗ്ലിഷ്, അതുമല്ലെങ്കില്‍ സ്ലാവിക് – എല്ലാമാകാമായിരുന്നു.”

മറ്റുള്ളവരുടെ സ്വഭാവ വിശേഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ മിമിക് ചെയ്യുന്നതിനുള്ള മിടുക്ക് ചെറുപ്പന്നെ മെറില്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ വസാര്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്കൂളില്‍ വെച്ചാണ് അഭിനയത്തിലുള്ള കഴിവായി അവരത് തിരിച്ചറിയുന്നത്‌. സ്ട്രിന്‍ ഡ് ബര്‍ഗിന്റെ മിസ്‌ ജൂലിയായി അഭിനയിച്ചതായിരുന്നു യേല്‍ ഡ്രാമാ സ്കൂളിന്റെ ‘പ്രഷര്‍ കുക്കര്‍ പരിശീലനത്തിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രചോദനമായത്. മെതേഡ് ആക്റ്റിങ്ങിന്റെ ചിട്ടവട്ടങ്ങള്‍ മെറിലിന് അത്ര പഥ്യമായിരുന്നില്ലെങ്കിലും പാത്രാവിഷ്കാരത്തിനു ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായിരുന്നു. “സ്വന്തം വേദനകളെ ഖനനം ചെയ്യുന്ന രീതിയെ കുറിച്ച് അവര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടായിരുന്നു. ദുരിതം കലയില്‍ പ്രസക്തമല്ല എന്നവര്‍ കരുതി.” മെറിലിന്റെ അലസതയും ഒഴിഞ്ഞുമാറലും ആയി ടോം ഹാസിനെ പോലുള്ള അധ്യാപകര്‍ കരുതിയ പ്രകൃതം യഥാര്‍ഥത്തില്‍ “മെതേഡ് ആക്റ്റിങ്ങിന്റെ യാഥാസ്ഥിതികതക്കെതിരെ വളര്‍ന്നു വന്ന പ്രതിഷേധമായിരുന്നു” എന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. സ്വാനുഭവ ഖനനത്തിന് പകരം ഭാവനയുടെ പ്രയോഗത്തെയാണ് മെറില്‍ ഊന്നിയത്. ‘ക്രാമര്‍’ അഭിനയത്തിനിടെ മെതേഡ് ആക്റ്റിംഗിന്റെ അതിതീവ്ര പ്രയോക്താവായ ഡസ്റ്റിന്‍ ഹോഫ്മാന്‍ നടത്തിയ ചില പ്രകോപനങ്ങള്‍ അതിരുകടന്നപ്പോള്‍ മെറില്‍ ശക്തവും സൌമ്യവുമായി അതിനെ നേരിട്ടതിനെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രദിപാദിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി: “ഒരിക്കല്‍ കൂടി താങ്കള്‍ അത് ആവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ എനിക്ക് വിശദീകരണം തരേണ്ടി വരും.” ക്രാമറിന്റെ ആദ്യതിരക്കഥാ പാഠത്തില്‍ മെറില്‍ അവതരിപ്പിക്കുന്ന ജോവാനയുടെ പാത്ര സൃഷ്ടിയില്‍ മുഴച്ചു നിന്ന ആണ്‍ ഭാഷയുടെ വൈകല്യം മറികടക്കാന്‍ സംവിധായകന്‍ റോബര്‍ട്ട് ബെന്റന്‍ മെറിലിന്റെ സഹായം തേടുകയുണ്ടായി: “അതൊരു സ്ത്രീയുടെ സംസാരമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അത് ഒരു സ്ത്രീയുടെ വാക്കുകള്‍ ഒരു പുരുഷന്‍ എഴുതാന്‍ ശ്രമിച്ചതിന്റെ പ്രശ്നമാണ്.” മെറില്‍ അത് മാനിക്കുകയും ആവശ്യമായ തിരുത്തല്‍ നടത്തുകയും ചെയ്തു എന്നത് രണ്ടാം ഫെമിനിസ്റ്റ് തരംഗത്തോട് അവര്‍ക്കും ആ കാലത്തിനും ഉണ്ടായിരുന്ന പ്രതിബദ്ധതയുമായി കൂടി ചേര്‍ത്തു കാണണം.

ആദ്യ ഹോളിവുഡ് അവസരം ‘ജൂലിയ എന്ന ചിത്രത്തില്‍ (1977) ജെയ്ന്‍ ഫോണ്ടയോടൊത്തായിരുന്നു എന്നതും വലിയൊരു പാഠമായിരുന്നു മെറിലിന്. താര പരിവേഷം നിലനിര്‍ത്തുക എന്നത് അഭിനയത്തിന് ബാധ്യതയാകുക എങ്ങനെയെന്നു തുടക്കത്തിലേ മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. ലിണ്ടയുടെ (ഡിയര്‍ ഹണ്ടര്‍) വേഷം തുടക്കത്തിലെ നല്‍കുമായിരുന്ന ടിപ്പിക്കല്‍ ഹോളിവുഡ് പൈങ്കിളി നായിക സങ്കല്‍പ്പം ബോധപൂര്‍വ്വം കുടഞ്ഞു കളയാന്‍ മെറിലിന് ഒട്ടും സമയം വേണ്ടിവന്നില്ല. കസാലെയുടെ മരണത്തിനു തൊട്ടുപിറകെ ഏറ്റെടുത്ത മൂന്നു പ്രോജക്റ്റുകള്‍ ആ വഴിക്കായിരുന്നു. മാന്‍ഹാട്ടന്‍ (വുഡി അലന്‍), ക്രാമര്‍ വേഴ്സസ് ക്രാമര്‍ (റോബര്‍ട്ട്‌ ബെന്റന്‍), ദി ടെയ്മിംഗ് ഓഫ് ദി ശ്ര്യു (പാര്‍ക്ക് പ്രോഡക് ഷന്‍സ്) എന്നിവയിലെ കഥാപാത്രങ്ങള്‍ ടൈപ്പ് ചെയ്യപ്പെടുന്നതിനെതിരെ വ്യത്യസ്തത കൊണ്ടുള്ള അവരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ ആയി മാറി. “അവരുടെ ജീവിതം ഒരു ഏക വനിതാ വിവിധവേഷ നാടകം പോലെയായിരുന്നു. പട്ടണത്തില്‍ അങ്ങ് അവര്‍ മകനെ വിട്ടുപോകുന്ന ജോവാനയായിരുന്നു. ഇങ്ങ് ഇവിടെ ഭര്‍ത്താവിനെ അപമാനിക്കുന്ന ഭാര്യയായ ജില്‍ ആയിരുന്നു. രാത്രിയില്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ അവര്‍ മെരുക്കപ്പെടെണ്ട വഴക്കാളി കെയ്റ്റ് ആയിരുന്നു. ജോവാന, ജില്‍, കെയ്റ്റ്: നിയമങ്ങള്‍ ലംഘിക്കുന്ന, തങ്ങളുടെ ആണുങ്ങളെ വട്ടം കറക്കുകയും കൊച്ചാക്കുകയും ക്രുദ്ധരാക്കുകയും ചെയ്യുന്ന മൂന്നു സ്ത്രീകള്‍” എന്ന് ഷുള്‍മന്‍ രേഖപ്പെടുത്തുന്നു.

അഭിനയ സപര്യയുടെ സുവര്‍ണ്ണ കാലം പിന്നിടുന്ന ഇതിഹാസ താരത്തിന്റെ ജീവചരിത്രം പാതിവഴി വരെ മാത്രം പിന്തുടരുന്നതിലൂടെ പുസ്തകം പരിമിതപ്പെട്ടു പോകുന്നുണ്ട്. ജീവചരിത്രത്തിന് ആധികാരികത നല്‍കുന്ന രീതിയില്‍ ആഖ്യാന നായികയുമായി നേരിട്ട് സംവദിക്കാനോ അവരുടെ കയ്യൊപ്പ് നേടിയെടുക്കാനോ ശ്രമിക്കുന്നില്ല എന്നതും താരത്തെ കുറിച്ച് സാമാന്യേന അറിയുകയെന്ന കേവല കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം പോകാന്‍ കഴിയാത്ത ഒരു മുതിര്‍ന്നു വരവിന്റെ കഥയായി (coming-of-the-age story) പുസ്തകത്തെ മാറ്റുന്നു. എങ്കിലും ഏതൊരു ഇതിഹാസ ജീവിതത്തിനും അവരെ അതിനു പ്രാപ്തമാക്കുന്ന തരം ഒരു തുടക്കവും കഥയും ഉണ്ടാകുമെന്ന സാമാന്യ തത്വത്തെ പുസ്തകം ശരിയാം വിധം സാധൂകരിക്കുന്നുണ്ട്‌. ജീവിതമെന്നത്‌ കലാസപര്യക്കും മുകളിലാണെന്നും എന്നാല്‍ കലാസപര്യ ജീവിതം തന്നെയും മുഴുവനായും സമര്‍പ്പിക്കേണ്ടും വിധം വിലയൊടുക്കേണ്ടതാണ് എന്നും മെറില്‍ സ്ട്രീപ്പിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

 

(സിനിബുക്ക് ഷെല്‍ഫ് – 15, ദൃശ്യതാളം)

read more:

 Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

Sunday, September 8, 2024

How I Became a Tree by Sumana Roy

 ഇലയിടങ്ങളില്‍ നിശ്ശബ്ദരാകുക



(ഹിമാലയന്‍ മലയോര പട്ടണമായ സിലിഗുരി സ്വദേശിനിയായ യുവ ബംഗാളി എഴുത്തുകാരി സുമനാ റോയ് രചിച്ച How I Became a Tree എന്ന നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകം വൃക്ഷങ്ങള്‍ക്കുള്ള ഒരു അര്‍ച്ചനയാണ്ഒപ്പം ഇക്കോ-ക്രിറ്റിക്കല്‍ കാലത്ത് ഹൃദ്യമായ ഒരു പ്രകൃതി പാഠവും.)

        ഇലയോട് പഠിക്കണം

        ഇളകിച്ചിരിക്കാന്‍

        മൂകമായ് പൊഴിയാന്‍

പ്രകൃതിയുടെ അനന്ത വൈവിധ്യത്തില്‍ മനുഷ്യനായിരിക്കുക എന്നാല്‍ എന്താണെന്ന ചോദ്യം കവികളെയും കലാകാരന്മാരെയും ശാസ്ത്ര കുതുകികളെയും ആത്മീയ ചിന്തകരെയും സാമൂഹിക നിരീക്ഷകരെയും തത്വജ്ഞാനികളെയുമെല്ലാം ഒരു പോലെ മഥിച്ചിട്ടുള്ള ഒന്നാണ്. അനന്തതയുടെ ഒരു കണികയായി മനുഷ്യനെ അടയാളപ്പെടുത്തുന്ന അതീത ബോധ്യങ്ങള്‍ക്കും എല്ലാത്തിന്റെയും കേന്ദ്രമായി സ്വയം കൊണ്ടാടുന്ന നരവംശ ധാര്‍ഷ്ട്യത്തിനും ഇടയില്‍ചോദ്യം പോലെത്തന്നെ അനന്ത സാധ്യതകളാണ് ഉത്തരങ്ങളായും മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. ഹിംസയുടെയും വിദ്വേഷത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും അറ്റമില്ലാച്ചുഴികളില്‍ സമയവുമായി ഓട്ടപ്പന്തയത്തിലായ മനുഷ്യന് വിശ്രാന്തിയുടെ ദലമര്‍മ്മരം പോലെ ഒരുത്തരം നല്‍കാനാണ് ഹിമാലയ സാനുക്കളിലെ സിലിഗുരിയെന്ന കൊച്ചു ബംഗാളി പട്ടണത്തില്‍ നിന്ന് വരുന്ന കവിയും നോവലിസ്റ്റുമായ യുവ എഴുത്തുകാരി സുമനാ റോയ് ‘ഞാന്‍ ഒരു വൃക്ഷമായിത്തീര്‍ന്ന വിധം’ (How I Became a Tree) എന്ന തന്റെ നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകളും സാഹിത്യ ചരിത്രവും പ്രകൃതി പഠനവും ആത്മീയ തത്വചിന്തയും സസ്യശാസ്ത്ര പാഠങ്ങളും ഇടകലരുന്ന പുസ്തകം കേവല വായനാ കൌതുകത്തിനപ്പുറം പാരിസ്ഥിതിക വിമര്‍ശന ബോധ്യങ്ങളുടെ പുത്തന്‍ കാലത്ത് ഏറെ പ്രസക്തമാണ്.

വ്യാവഹാരിക സമയബോധം എന്നതിനെതിരെ ‘വൃക്ഷ സമയം’ (Tree time) എന്ന ആശയത്തില്‍ ആകൃഷ്ടയായിത്തീര്‍ന്നതെങ്ങനെ എന്ന വിവരണത്തോടെയാണ് സുമനാ റോയ് തന്റെ നിരീക്ഷണങ്ങള്‍ തുടങ്ങിവെക്കുന്നത്. മനുഷ്യന്‍ സമയത്തിന്റെ അടിമയായതോടെയാണ് വൃക്ഷങ്ങളുടെ പ്രത്യക്ഷത്തില്‍ നിശ്ചലമായ അവസ്ഥയെ ‘അലസത’യായി മനസ്സിലാക്കാന്‍ തുടങ്ങിയത് എന്ന് അവര്‍ കരുതുന്നു. വേഗതയെന്ന ആശയത്തിന്റെ ഏകാധിപത്യം മതിയായിപ്പോയതാണ് വൃക്ഷങ്ങളുടെ അഹിംസാത്മകവും അവധാനപൂര്‍ണ്ണവുമായ ജീവിത പാഠത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ഏകാന്തതയേയും വേദനകളെയും നേരിടുന്നതിലും, സ്വാര്‍ത്ഥം ഭരിക്കാത്ത, ഉള്ളതെല്ലാം വിട്ടുനല്‍കുന്ന പ്രകൃതത്തിലുമെല്ലാം വൃക്ഷങ്ങളില്‍ ഗുരുവിനെ കാണാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തുകയായിരുന്നു. “ഭാവിയെ കുറിച്ച് ആശങ്കയില്ലാതെയും ഭൂതകാലത്തെ കുറിച്ച് പശ്ചാതാപങ്ങളില്ലാതെയും ഉള്ള ജീവിതം” എന്ന് അവര്‍ അതിനെ നിര്‍വ്വചിക്കുന്നു. ദുരിതങ്ങളും അസ്തിത്വ വ്യഥകളുമാണ് മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുന്നതെങ്കില്‍ അതിനൊരു ശമനൌഷധ മൂല്യമുണ്ടെന്നു കാണാനാവും. വ്യാവഹാരിക സാമൂഹിക ബന്ധങ്ങളിലും വിനിമയ ഭാഷയിലും വഴുമുട്ടിപ്പോകുമ്പോള്‍ പര്‍വ്വതങ്ങളുടെയും നദികളുടെയും മരങ്ങളുടെയും കിളികളുടെയും ഭാഷകള്‍ സാന്ത്വനമായി അനുഭവപ്പെടാം. “എനിക്ക് ദൈവമോ വീരനായകനോ ആവാനല്ലഒരു വൃക്ഷമായിത്തീരാന്‍ മാത്രംയുഗങ്ങളിലൂടെ വളരാന്‍ആരെയും വേദനിപ്പിക്കാതെ” എന്ന ചെസ്ലാവ് മിലോസിന്റെ വരികള്‍ പുസ്തകത്തിന്റെ പ്രവേശക വാക്യമായി ഗ്രന്ഥകാരി ചേര്‍ത്തു വെക്കുന്നുണ്ട്. വൃക്ഷങ്ങളുമായുള്ള പ്രണയ വസന്തത്തില്‍ നെരൂദയുടെ ചെറി മരങ്ങള്‍ കടന്നുവരുന്നുണ്ട്.

വൃക്ഷങ്ങളില്‍ സുഹൃത്തിനെയും വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തുന്നതില്‍ സമാനഹൃദയരെ കുറിച്ചുള്ള അന്വേഷണം സാഹിത്യത്തിലേക്കും ചിത്രകലയിലേക്കും സിനിമയിലേക്കുമെല്ലാം കടന്നെത്തുന്നുണ്ട്. ശാന്തി നികേതന്‍ സന്ദര്‍ശിക്കുന്നത് ശീലമാക്കിയ എഴുത്തുകാരി ഓ. ഹെന്‍റിയുടെ ‘അവസാനത്തെ ഇല’ മുതല്‍ആളുകളെ മരണത്തിനു ശപിക്കുന്ന ബംഗാളി നാടോടിക്കഥകളിലെ വൃക്ഷങ്ങള്‍ വരെടാഗോറിന്റെ കഥകളും കവിതകളും പ്രകടിപ്പിക്കുന്ന ഹരിതലോക പ്രതിപത്തി മുതല്‍ ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായഡി. എച്ച്. ലോറന്‍സ്, എ. കെ. രാമാനുജംസത്യജിത് റേ തുടങ്ങിയവരുടെ എഴുത്തും സിനിമയും വരെ വിവരിക്കുന്നു. നന്ദലാല്‍ ബോസിന്റെ പെയിന്റിങ്ങുകളിലും സമാനമായ പ്രകൃതി സ്നേഹത്തിന്റെ പ്രഭാവം അവര്‍ നിരീക്ഷിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ മരങ്ങളെ സ്നേഹിച്ച സസ്യശാസ്ത്രജ്ഞന്‍ ജഗദീഷ് ചന്ദ്ര ബോസിനെ ആദരവോടെ സമീപിക്കുന്ന പുസ്തകം, തന്റെ ടാക്സിയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് യാത്രക്കാരോടെല്ലാം ഓരോന്ന് വീട്ടില്‍ കൊണ്ടുപോയി നടാന്‍ അപേക്ഷിക്കുന്നത് ശീലമാക്കിയ കൊല്‍കത്ത ടാക്സി ഡ്രൈവര്‍ ‘ബാപ്പി ഗ്രീന്‍ ടാക്സിയെ പോലുള്ള അറിയപ്പെടാത്ത മനുഷ്യരെയും സ്മരിക്കുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ മരങ്ങളില്‍ തങ്ങളുടെ മക്കളെ കണ്ടെത്തുന്നതും തങ്ങളുടെ കാലശേഷം ആരാണവയെ പരിചാരിക്കുകയെന്നു വേവലാതിപ്പെടുന്നതുമായ വിചിത്ര അനുഭവങ്ങള്‍ക്കും അവര്‍ സാക്ഷിയായിട്ടുണ്ട്. വൃക്ഷങ്ങളോടുള്ള അടുപ്പം അവയുടെ നിഴലുകളോടു പോലുമുള്ള അഭിനിവേശമായിത്തീരുന്നുണ്ട് ഗ്രന്ഥകാരിയില്‍. വൃക്ഷക്കാതലിന്റെ എക്സ്-റേ എടുക്കുന്നത് വരെ അത് എത്തിച്ചേരുന്നത് വിചിത്രമായിത്തോന്നാം. വനജീവിതവും സൃഷ്ടിപരതയും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കുമ്പോള്‍ വനവും വ്യഭിചാരവും വിഷയമാകുന്നത് പോലെമറ്റൊരു ചിന്താര്‍ഹാമായ നിരീക്ഷണമാണ് കാടിന് വൃത്തി/ വൃത്തിഹീനതാ സങ്കല്പങ്ങള്‍ ബാധകമല്ല എന്നത്. മാലിന്യവും വൃത്തിയും ഒന്നായിത്തീരുന്ന ഇടമാണ് കാട്. ചില മഹാവൃക്ഷങ്ങളെ ആരാധ്യമായി കാണുന്ന സംസ്കാരത്തില്‍ അത്തരം പുരാതന ചരിത്രമുള്ള വൃക്ഷങ്ങളുടെ ‘മരണം’ വിലാപ നിമിത്തമാകുന്നതും പുല്‍ക്കൊടിയുടെ നാശം ആരെയും വേദനിപ്പിക്കാത്തതും ഒരു വൈരുദ്ധ്യമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുസ്തകത്തിന്റെ അവസാന ഭാഗത്ത് ബുദ്ധനെയും വൃക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും കുറിച്ചുള്ള ഒട്ടേറെ നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു പുരാണമാണ്. ലുംബിനിയില്‍അശോക മരത്തിന്റെ ചില്ലയില്‍ പിടിച്ചു കൊണ്ടാണ് സിദ്ധാര്‍ഥന്റെ അമ്മ മായാദേവി അദ്ദേഹത്തെ പ്രസവിച്ചത്. “ഇവിടെ (ലുംബിനിയില്‍) എല്ലായിടത്തും അശോകമരം പൂക്കുന്നുആനന്ദത്തില്‍ ഒരു ചില്ലക്ക് വേണ്ടി അവര്‍ തന്റെ വലതുകരം നീട്ടുന്നുഅപ്പോള്‍ ഒരു രാജകുമാരന്‍ പിറക്കുന്നു.” അഥവാഒരു രാജകുമാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ചത്‌ വനത്തിലാണ്. ബോധോദയം സംഭവിക്കുന്നത്‌ ബോധിവൃക്ഷത്തിന് ചുവടെയാണെങ്കില്‍ ബുദ്ധന്റെ മരണവും രണ്ടു ശാലവൃക്ഷങ്ങള്‍ക്ക് ചുവട്ടിലായിരുന്നു. വൃക്ഷച്ചുവട്ടിലെ ഇരിപ്പ് ബുദ്ധമത ആത്മീയതയില്‍ ഏറെ പ്രധാനവുമാണ്. ബുദ്ധിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ താമരക്കുള്ള പ്രസക്തി ശതപത ബ്രാഹ്മണംപദ്മാസന സങ്കല്പം എന്നിവയിലൂടെ ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്നുണ്ട്. വൃക്ഷങ്ങളോടുള്ള മനുഷ്യരുടെ ആദരം അവക്ക് വിനാശകരമായിത്തീര്‍ന്നതിന്റെ ഉദാഹരണമായി അശോക ചക്രവര്‍ത്തിയുടെ റാണി തിശ്യരക്ഷിത, ചക്രവര്‍ത്തിക്ക് പ്രിയപ്പെട്ട ബോധി വൃക്ഷത്തെ ‘സപത്നിയായി തെറ്റിദ്ധരിച്ചതും അസൂയാലുവായി അതിനെ നിഗ്രഹിക്കാന്‍ കല്‍പ്പന നല്‍കിയതും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. “ഒരു മരം മുറിച്ചു കൂടാകാരണം അത് ബുദ്ധനെ പ്രതിനിധാനം ചെയ്യുന്നു. അത് ബുദ്ധന്‍ തന്നെയാണ്.” ഹിന്ദു ദേവീ ദേവന്മാര്‍ മൃഗങ്ങളെ വാഹനങ്ങളാക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും ബുദ്ധ ദര്‍ശനത്തില്‍ കേന്ദ്ര പ്രതീകങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.

സാര്‍വ്വജനീനമായ കൌതുകം ജനിപ്പിക്കാവുന്ന ഒരു പുസ്തകമല്ല സുമനാ റോയിയുടെത്. എന്നാല്‍ഭ്രാന്തമായ തിരക്കുകള്‍ക്കിടയിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ദലമര്‍മ്മരങ്ങള്‍ക്കും ഊഞ്ഞാല്‍ക്കൈകളുടെ തലയിണ മന്ത്രങ്ങള്‍ക്കും കാതോര്‍ക്കാന്‍ഡിസ്റ്റോപ്പിയന്‍ വേനലറുതികളില്‍ സാന്ത്വനമായ തണല്‍ത്തണുപ്പുകളിലേക്ക് ഒന്നുകൂടി തല ചായ്ക്കാന്‍മണ്ണിലും ആകാശത്തിലുമുള്ള ആദിമ ഗുരുത്വങ്ങളെ വേരുകളിലും ചില്ലകളിലും അടുത്തറിയാന്‍ കൊതിക്കുന്ന ‘ഒരിക്കലും നന്നാവാത്ത’ വിശുദ്ധ സ്വപ്നാടകര്‍ക്ക് തീര്‍ച്ചയായും ഹൃദ്യമായ ഒരനുഭവമാണ് പുസ്തകം കരുതി വെക്കുന്നത്.

(ബുക്ക്പിക്ക്, ദേശാഭിമാനി വാരാന്തപ്പതിപ്പ്)      

 read more: 

 Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html

 

Tuesday, September 3, 2024

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

ബ്രിജിത് ബാര്‍ദോയും ആസക്തിയുടെ കന്നിപ്പെണ്‍ ബിംബകല്‍പ്പനയും



(സിമോങ് ദേ ബുവ്വെയുടെ Brigitte Bardot and The Lolita Syndrome  എന്ന കൃതിയെ കുറിച്ച്. അസ്തിത്വവാദ സ്ത്രീപക്ഷ സമീപനങ്ങളില്‍ ഒരു ഐക്കണ്‍ ആയി ഉയര്‍ത്തിക്കാണിക്കപ്പെട്ട ബ്രിജിത് ബാര്‍ദോയെ നബകോവിന്റെ ലോലിതയുടെ ‘നിംഫെറ്റ്’ സങ്കല്‍പ്പനത്തിന്റെ പശ്ചാത്തലത്തില്‍ പഠന വിധേയമാക്കുകയാണ് ബുവ്വേയുടെ ലേഖനം.)

എഴുത്തുകാരി, അസ്ഥിത്വവാദത്തിന്റെ ദാര്‍ശനിക വക്താവ്, ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ്, സാമൂഹ്യ നിരീക്ഷകയും സൈദ്ധാന്തികയും തുടങ്ങി ബഹുനിലകളില്‍ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെ ഏറ്റവും സജീവ ബൌദ്ധികസാന്നിധ്യങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമാണ് സിമോങ് ദേ ബുവ്വെയുടെത്. സാര്‍ത്രിന്റെ പങ്കാളിയും കൂട്ടാളിയുമെന്നനിലയിലും ഫെമിനിസ്റ്റ് എക്സിസ്റ്റന്‍ഷലിസത്തിന്റെ ഏറ്റവും സമുന്നത വക്താവും ഫെമിനിസ്റ്റ് തിയറിയുടെ ഏറ്റവും മികച്ച കൃതികളില്‍ ഒന്നായ The Second Sex എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഉള്‍പ്പടെ വിഖ്യാതമായ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലും സിമോങ് ദേ ബുവ്വെ രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പ്യന്‍ ചിന്താമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച ഒരാളാണ്. യുദ്ധാനന്തര കാലഘട്ടത്തില്‍ ഹോളിവുഡിന്റെ കടന്നുകയറ്റം അനുഭവിച്ച ഫ്രഞ്ച് സിനിമയുടെ പശ്ചാത്തലത്തില്‍ ഉദിച്ചുയരുന്ന താരപ്രഭയായിരുന്ന ബ്രിജിത് ബാര്‍ദോ അടയാളപ്പെടുത്തിയ രതിസങ്കല്‍പ്പങ്ങളിലെ വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും അനാവരണം ചെയ്യുന്ന ഒരൊറ്റ ലേഖനമാണ് Brigitte Bardot and The Lolita Syndrome  എന്ന, പാതിയിലേറെയും പുറങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ബാര്‍ദോ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന പുസ്തകം. നേരിട്ട് ഇക്കാലത്ത് കാലിക പ്രസക്തം എന്നതിലേറെ ചിന്തോദ്ധീപകമായ, ബുവ്വേക്ക് മാത്രം സാധിക്കുന്ന, നിരീക്ഷണങ്ങളുടെ പുസ്തകം എന്ന നിലക്കാണ് പുസ്തകം കയ്യിലെടുക്കേണ്ടത്.

ഫ്രഞ്ച് / അമേരിക്കന്‍ സമീപനങ്ങള്‍

ലേഖനം ആരംഭിക്കുന്നത് ഫ്രഞ്ച് സമൂഹം ബ്രിജിത് ബാര്‍ദോയെ അംഗീകരിക്കുന്നതില്‍ കപടമായ മുന്‍വിധികള്‍ വെച്ച് പുലര്‍ത്തിയതിനെ കുറിച്ചും അതേസമയം അമേരിക്കയില്‍ താത്വികമായെങ്കിലും അവര്‍ പ്രതിനിധാനം ചെയ്ത സ്ത്രീ സ്വത്വ സങ്കല്പങ്ങള്‍ അംഗീകരിക്കപ്പെട്ടതും സൂചിപ്പിച്ചുകൊണ്ടാണ്. പുതുവത്സര ദിനത്തില്‍ ടി. വി. യില്‍ നീല ജീന്‍സും സ്വെറ്ററും ധരിച്ച് പതിവ് രീതിയില്‍ അലസമായി കെട്ടി വെച്ച മുടിയുമായി പ്രത്യക്ഷപ്പെട്ട ബാര്‍ദോയേ കാണാന്‍ കൊള്ളാവുന്ന സൌന്ദര്യം പോലുമില്ലാത്ത ‘വീട്ടുവേലക്കാരിയെപ്പോലുണ്ട്’ എന്ന് കുശുമ്പു പറയുന്ന പെണ്ണുങ്ങള്‍ക്കിടയില്‍ ആണുങ്ങള്‍ കണ്ണുകള്‍ കൊണ്ട് രഹസ്യമായി നക്കിത്തുടച്ചു. മുപ്പതോളം വരുന്ന പ്രേക്ഷകരില്‍ താനുള്‍പ്പടെ മൂന്നോ നാലോ പേര്‍ക്കു മാത്രമാണ് അവള്‍ ആകര്‍ഷണീയയായി തോന്നിയതെന്ന് ബൂവ്വേ ഓര്‍ക്കുന്നു. ഒന്നാന്തരമായി നൃത്തം ചെയ്ത ബാര്‍ദോയേ പക്ഷെ പെണ്ണുങ്ങളും അംഗീകരിച്ചു, ഏറെ മടിയോടെയെങ്കിലും. എന്നാല്‍ തത്വത്തിലെങ്കിലും ലിംഗ സമത്വവും സ്ത്രീയുടെ തെരഞ്ഞുടുപ്പിനുള്ള അവകാശവും അംഗീകരിക്കുന്ന അമേരിക്കയില്‍ And God Created Woman മികച്ച വിജയമാകുകയും ബാര്‍ദോ ഒരു അന്താരാഷ്‌ട്ര താര പദവിയിലേക്ക് ഉയരുകയും ചെയ്തു. ഫ്രാന്‍സിലാവട്ടെ, അപ്പോഴും ഗോസ്സിപ്പ് കോളങ്ങളില്‍  സമൂഹത്തിലെ ചീത്ത സ്വാധീനമായി ബാര്‍ദോ നിറഞ്ഞു നിന്നു. ഒന്നിനും കൊള്ളാത്ത ചെറുപ്പക്കാര്‍ കൊലക്കുറ്റങ്ങള്‍ നടത്തുമ്പോള്‍ പോലും അത് അവരുടെ കണക്കില്‍ ചേര്‍ക്കപ്പെട്ടു. ‘പ്രൊഫെഷണല്‍ മോറലിസ്റ്റുകള്‍’ ലോകമെങ്ങും, അമേരിക്കയില്‍പോലും, അവരുടെ സിനിമകള്‍ നിരോധിക്കപ്പെടെണ്ടതാണ് എന്ന് നിലപാടെടുത്തു. എന്നാല്‍ മാര്‍ട്ടിന്‍ കരോളിനെ പോലുള്ള നടികള്‍ വിവസ്ത്രരാകുമ്പോള്‍ പ്രതിഷേധിക്കാതിരുന്ന പ്രേക്ഷകര്‍ ബ്രിജിത്തിനെ മാത്രം അധാര്‍മ്മികതയുടെ പര്യായമായിക്കണ്ടത് ഇതുകൊണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസമായിരുന്നു എന്ന് ബൂവ്വേ നിരീക്ഷിക്കുന്നു. സ്ക്രീനില്‍ കണ്ട സാങ്കല്‍പ്പിക ജീവിയെ ചുറ്റിപ്പറ്റിയാണ് ആരാധകരും വിമര്‍ശകരും ഒരു പോലെ ബാര്‍ദോ ഇമേജ് രൂപപ്പെടുത്തിയത് എന്നിരിക്കെ, ബ്രിജിത് ബാര്‍ദോ എന്ന യുവതിയായ സ്ത്രീ എന്താണെന്ന് അറിയേണ്ടത് ‘ബിബി’ പ്രതിനിധാനം ചെയ്യുന്നതെന്ത്‌ എന്നറിയാന്‍ ആവശ്യമല്ല. എന്നാല്‍ ‘നിതാന്ത സ്ത്രീ’ എന്ന പൌരാണിക സങ്കല്പത്തിന്റെ ഒരാധുനിക പതിപ്പ് പുന സൃഷ്ടിക്കുന്നതില്‍  റോജര്‍ വാദിം ഒരുപുത്തന്‍ രതിഭാവന (eroticism) പ്രയോജനപ്പെടുത്തുന്നു. ഈ പുതുമയാണ് ചിലര്‍ക്ക്  വിലോഭനീയമാകുകയും മറ്റു ചിലരെ ഞെട്ടുക്കുകയും ചെയ്യുന്നത് എന്ന് ബൂവ്വേ കണ്ടെത്തുന്നു.

ലോലിത സിന്‍ഡ്രോം സിനിമയില്‍ മാത്രമോ?

ഈ പുത്തന്‍ രതിഭാവനയുടെ ചരിത്രപരമായ വികാസത്തെ കുറിച്ച് വളരെ സംക്ഷിപ്തമായ സൂചനകള്‍ ബൂവ്വേ മുന്നോട്ടു വെക്കുന്നുണ്ട്. ലിംഗ പരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ അപ്രസക്തമായിത്തുടങ്ങിയപ്പോള്‍ ഇറോട്ടിട്ടിസിസത്തിന്റെ പ്രാധാന്യം സിനിമയില്‍ കുറഞ്ഞുവന്നുവെന്നു അവര്‍ കരുതുന്നു. മുപ്പതുകളില്‍ അത് കാല്‍പ്പനികതക്കും അതിവൈകാരികതക്കും വഴിമാറി. പഴയ ‘vamp’ കഥാപാത്രം പെണ്‍സുഹൃത്ത് എന്നതിലേക്ക് മാറിയതിന്റെ ഏറ്റവും മികച്ച മാതൃക ഴാങ് ആര്‍തര്‍ ആയിരുന്നു. എന്നാല്‍ ബ്ലൂം ബൈന്‍സ് ഉടമ്പടിയും തത്ഫലമായ ഹോളിവുഡിന്റെ തള്ളിക്കയറ്റവും സൃഷ്ടിച്ച 1947-ലെ  പ്രതിസന്ധിയെ തുടര്‍ന്ന് പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ ഇറോട്ടിക് ഉള്ളടക്കത്തിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരന്മാര്‍ തിരിച്ചു പോയി. അതേസമയം, സ്ത്രീകള്‍ കാറോടിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ക്രയവിക്രയം നടത്തുകയും ബീച്ചുകളില്‍ ശങ്കയേതും കൂടാതെ വിവസ്ത്രരാകുകയും ചെയ്ത ഒരു കാലത്ത് പഴയ ‘വാമ്പ്’ ബിംബമോ അതിന്റെ നിഗൂഡതയോ അചിന്ത്യമായിരുന്നു. അതുകൊണ്ട് കുറെ കൂടി പരുക്കനായ ആണ്‍ നോട്ടത്തിനു പാകത്തില്‍ പെണ്‍ ഉടലളവുകളില്‍ സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചു. വികാരതീക്ഷ്ണമായ കണ്ണുകളോ നോട്ടങ്ങളോ എന്നതിലേറെ ശാരീരിക ആകര്‍ഷണീയത പ്രധാനമായി. മരിലിന്‍ മണ്‍റോയും സോഫിയ ലോറനും ഗിന ലോലോബ്രിജിഡയും അടയാളപ്പെടുത്തിയ പെണ്ണുടല്‍ സമൃദ്ധി ഇന്നും അതിന്റെ മാന്ത്രികത തുടരുന്നു. എന്നാല്‍ സ്വപ്നവ്യാപാരികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിക്കൊണ്ടിരുന്നു. ഓഡ്രി ഹെപ്ബേണ്‍, ഫ്രാന്‍സ്വാ ആര്‍നൂള്‍, മറീന വ്ലാഡി, ലെസ്ലി കാരോണ്‍, ബ്രിജിത്ത് ബാര്‍ദോ തുടങ്ങിയവരിലൂടെ ‘ബഹളക്കാരിയായ പെണ്‍കിടാവി’ന്റെ പ്രതിരൂപം അവര്‍ ഉരുവപ്പെടുത്തി. Dangerous Connections-ല്‍ റോജര്‍ വാദിം പതിനാലുകാരിയായ ‘മുതിര്‍ന്നുവരുന്ന പെണ്‍കിടാവിനെ (child-woman) അവതരിപ്പിച്ചപ്പോള്‍ അത് സിനിമയില്‍ മാത്രം കണ്ട ഒരു പ്രതിഭാസവും ആയിരുന്നില്ല. ആര്‍തര്‍ മില്ലര്‍ A View form the Bridge ല്‍ കൌമാരക്കാരിയായ നായികയെ അവതരിപ്പിച്ചപ്പോള്‍ നബക്കോവിന്റെ ലോലിതയില്‍ നാല്‍പ്പതുകാരനായ നായകന് പന്ത്രണ്ടുകാരിയോടുള്ള ബന്ധം സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിത്തീര്‍ന്നത്‌ ചരിത്രം. ‘നിംഫെറ്റ്’ എന്ന പദവും പില്‍ക്കാല സാഹിത്യചരിത്രത്തിന്റെ ഭാഗമായി. ലിംഗ സമത്വത്തെ കുറിച്ചുള്ള ആശയങ്ങള്‍ ശക്തമായി സ്ഥാപിതമായതോടെ പുരുഷനോടൊപ്പം തന്നെ ഇടം നേടിയ മുതിര്‍ന്ന സ്ത്രീ, ആസക്തിയുണര്‍ത്താന്‍ അനിവാര്യമായ അകലത്തില്‍ അല്ലാതായപ്പോള്‍ ആ ഇടത്തിലേക്ക് പ്രായത്തിലെ വ്യത്യാസം മൂലം പുരുഷകാമനകള്‍ക്ക് വിലക്കപ്പെട്ട ഇളം പ്രായക്കാരി (child-woman) കടന്നുവന്നു. ‘ഇളം കായും വിലോഭനീയ സ്ത്രീയും’ (green fruit’ and ‘femme fatale’) സമ്മേളിക്കുന്ന പുതിയ ഹവ്വക്ക് അങ്ങനെയാണ് പിറവിയായത് എന്ന് ബൂവ്വേ സിദ്ധാന്തിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ‘നിംഫെറ്റ്’

ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ബ്രിജിത്ത് ബാര്‍ദോ എങ്ങനെയാണ് ഈ ദുരൂഹ ഭാവങ്ങളുള്ള ‘നിംഫി’ന്റെ സമ്പൂര്‍ണ്ണ മാതൃകയാവുന്നതെന്നും അമേരിക്കയില്‍ നേടിയ അംഗീകാരം ഫ്രാന്‍സില്‍ അവര്‍ക്ക് ലഭിക്കാതെ പോയതെന്തുകൊണ്ട് എന്നും വിശദമാക്കുന്നുണ്ട്. പെണ്‍നിറവുള്ള മാറിടങ്ങളില്‍ ഒഴികെ മിക്കവാറും ഉഭയലിംഗത്വം തോന്നാവുന്ന മെലിഞ്ഞ, പേശീബലമുള്ള നര്‍ത്തകീ ശരീരമാണ് അവരുടേത്. ചുംബനം ദാഹിക്കുന്ന ചുണ്ടുകളെ കുറിച്ചും സന്യാസിയെ പോലും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളെ കുറിച്ചും പറയുമ്പോള്‍ ബുവ്വേ ശരിക്കും തന്റെ കഥാപാത്രവുമായി നിഗൂഡ പ്രണയത്തിലാണ് എന്ന് തോന്നാം. ഇളംമുറക്കാരികളുമായി അത്തരം ചിലബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നും സാര്‍ത്രുമായി ചേര്‍ന്ന് അവ വിചിത്ര ത്രികോണബന്ധങ്ങളായി വളരാറുണ്ടായിരുന്നു എന്നുമുള്ള അവരുടെ ജീവചരിത്ര സൂചനകള്‍ ഇതോടു ചേര്‍ത്തുവെക്കാം. ബാര്‍ദോയുടെ കാര്യത്തില്‍ ബുവ്വേ നിരീക്ഷിക്കുന്നത് ഭാവരഹിതമായ ആ ഭാവത്തില്‍ ജീവിതാനുഭവങ്ങളില്ലാത്ത, ഓര്‍മ്മകളോ, ഭൂതകാലമോ ഇല്ലാത്ത ഒരു മിത്തിക്കല്‍ കുട്ടിക്കാലത്തിന്റെ ചിലപ്പോഴൊക്കെ അസംബന്ധം വരെയെത്തുന്ന നിഷ്കളങ്കതയുടെ ഭാവമാണ്. ‘ഒരു പ്രകൃതി പ്രതിഭാസം’ എന്ന നിലയില്‍ ‘അവള്‍ അഭിനയിക്കുന്നില്ല’ ‘നിലനില്‍ക്കുന്നതേ ഉള്ളൂ’ എന്ന് വാദിം നിരീക്ഷിച്ചതും And God Created Woman-ലെ ജൂലിയറ്റിനു വേണ്ടി താന്‍ താനായി നിന്നതേ ഉള്ളൂ എന്ന് ബിബി തന്നെയും പറഞ്ഞതും ബുവ്വേ ഉദ്ധരിക്കുന്നു. ചീര്‍പ്പ് പോലും ഉപയോഗിക്കാതെ വിരലുകള്‍ കൊണ്ട് മുടി ഒതുക്കുക മാത്രം ചെയ്യുന്നതായിരുന്നു അവരുടെ ശീലം.

“അവള്‍ പ്രകൃതിയുടെ ഒരു ശക്തിയായി നിലക്കൊള്ളുന്നു, ആരും മെരുക്കാത്തിടത്തോളം അപകടകാരി, അവളെ ഇണക്കിയെടുക്കുക എന്നത് പുരുഷന്റെ ജോലിയാണ്”

ദയാലുവും ഉദാരയുമായ, ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കാത്ത അവളുടെ പ്രകൃതം നന്മ തിന്മകളോടുള്ള ഉദാസീനതയുടെ സൃഷ്ടിയാണ്. ശരിതെറ്റുകള്‍ എന്ന മാനദണ്ഡം അവിടെ പ്രയോഗക്ഷമമല്ല. ജൂലിയറ്റ് തന്റെ ജീവിതസാരം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“ഞാന്‍ ഏതു നിമിഷവും മരിച്ചുപോകാം എന്ന മട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഒരോ തവണ പ്രണയത്തിലാകുമ്പോഴും ഞാന്‍ കരുതും അത് എന്നേക്കും ഉള്ളതാണെന്ന്.”

അനശ്വരതയില്‍ വസിക്കുക എന്നാല്‍ കാലത്തെ തിരസ്കരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്നു ബുവ്വേ നിരീക്ഷിക്കുന്നു. സദാചാരത്തിന്റെ കാവല്‍ക്കാര്‍ കാലഘട്ടത്തിന്റെ മൂല്യച്യുതിയുടെ സൃഷ്ടിയായി അവളെ കാണുന്നു. ഏതൊക്കെയോ ദുരൂഹ വശീകരണ സിദ്ധികളുള്ള ഈ അഴിഞ്ഞാട്ടക്കാരിയുടെ മുന്നില്‍ തങ്ങളുടെ ധാര്‍മ്മിക ഔന്നത്യം അവരെ മഹത്വപ്പെടുത്തുന്നതുകൊണ്ട് അവളില്‍ അവര്‍ക്ക് എതിരാളിയില്ല. അതേ സമയം തിന്മയും നിഷ്കളങ്കതയും ഒന്നാകുന്നതിന്റെ ഈ മിശ്രിതം ഉടലഴകുകൊണ്ട് പുരുഷനെ ആകര്‍ഷിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എടുത്തുകാണിക്കുന്ന ഉടയാടകളോ സൌന്ദര്യ വര്‍ദ്ധക ഉപാധികളോ ഇല്ലാതെ തനിക്കു ചുറ്റും ഒരു നിഗൂഡതയും സൃഷ്ടിക്കാതെ എപ്പോഴും ചലിക്കുന്ന, നൃത്തം ചെയ്യുന്ന ബാര്‍ദോ പ്രണയത്തില്‍ വേട്ടക്കാരിയും തുല്യമായി ഇരയുമാകുന്നു. പുരുഷന്‍ അവള്‍ക്കുള്ള ഇരയാണെങ്കില്‍ തിരികെ അവളും പുരുഷനുള്ള ഇരയാകുന്നു. ഇത് പുരുഷന്റെ അഹന്തയെ മുറിപ്പെടുത്തുന്നുവെന്നു ബുവ്വേ നിരീക്ഷിക്കുന്നു. ‘സ്ത്രീ എന്ന വസ്തു’ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സര്‍വ്വാഭരണ വിഭൂഷിതയായി സ്വയമൊരു ദേവതയാകാന്‍ വിസമ്മതിക്കുന്ന ബാര്‍ദോ മനോവൈകല്യമുള്ളവളായി കണക്കാക്കപ്പെട്ടു. രക്തവും മാംസവുമുള്ള, ഒരു പാവയ്ക്ക് പകരം തന്റെ സ്വത്വത്തെ കുറിച്ച് ബോധമുള്ള, ഒരാളുടെയടുത്തു പുരുഷന്‍ അസ്വസ്തനായിരിക്കും. “ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആകര്‍ഷണീയയായി കാണുമ്പോള്‍ അവളുടെ പിന്‍ഭാഗത്ത് നുള്ളണം അയാള്‍ക്ക്” എന്ന് പറഞ്ഞ ഫ്രഞ്ചുകാരനെ ബുവ്വേ ഓര്‍ക്കുന്നു. ബിബിയുടെ സ്വതേയുള്ള കുലീനത ഇത്തരം കടന്നുകയറ്റങ്ങളെ അസാധ്യമാക്കുന്നു. വാക്കുകളില്ലാതെ തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ലൈംഗിക സമത്വം അമേരിക്കയില്‍ എന്നേ അംഗീകരിച്ചതാണ് എങ്കിലും ഫ്രാന്‍സില്‍ മിക്ക സ്ത്രീകളും പുരുഷന്റെ മേല്‍ക്കൈ എന്ന മൂല്യധാരണ തുടരുന്നു.

‘അവരുടെ പുരുഷന്മാര്‍ ബിബിയുടെ ഉദ്ധതമായ ലജ്ജയില്ലായ്മയിലേറെ ഈ മുതിര്‍ന്ന സ്ത്രീകളുടെ വിധേയത്വത്തെ ഇഷ്ടപ്പെടുന്നു.”

ഫ്രഞ്ചുകാരുടെ പരുക്കന്‍ ഫലിത ബോധത്തെ കുറിച്ച് മുമ്പും സൂചിപ്പിച്ചിട്ടുള്ള ബുവ്വേ, അത്തരം മനോനിലയില്‍ നിന്നുള്ള മുക്തിതേടി മിസ്റ്റിക് സങ്കല്‍പ്പങ്ങളിലേക്കുള്ള ഇടവേള തേടലില്‍ ഗ്രേറ്റാ ഗാര്‍ബോയുടെ ‘ദൈവികസ്പര്‍ശം’ നല്‍കുന്ന ആദര്‍ശ വല്‍ക്കരണത്തില്‍ അവര്‍ അഭയം കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്തും ആരോപിക്കാവുന്ന ഒരു ശൂന്യഭാവമുണ്ടായിരുന്നു ഗാര്‍ബോയുടെ മുഖത്തെങ്കില്‍, ബിബിയുടെ മുഖത്തു നിന്നു ഒന്നും വായിച്ചെടുക്കാന്‍ ആവുമായിരുന്നില്ല. അത് വെറും പച്ച യാഥാര്‍ത്ഥ്യം ആയിരുന്നു. മദാലസ സങ്കല്പങ്ങള്‍ ചേര്‍ത്തുവെക്കാന്‍ അതൊരു വലിയ തടസ്സമായി. പകരം തങ്ങളുടെ ആസക്തിയുടെ പ്രാകൃതത്വത്തെ അത് അവരെ ഓര്‍മ്മിപ്പിച്ചു. ലൈംഗികതയെ അതായിത്തന്നെ കണ്ടു അംഗീകരിക്കാന്‍ അധികം പേര്‍ക്കും കഴിയില്ലെന്നിരിക്കെ, ആത്മീയ നാട്യങ്ങളില്‍ അഭിരമിക്കുന്ന സമൂഹത്തില്‍ തങ്ങളുടെ കാപട്യത്തെ അനാവൃതമാക്കുന്ന ബിബിയുടെ ലൌകികവും ‘ഗദ്യാത്മക’വുമായ സത്യസന്ധത അവരെ വെല്ലുവിളിച്ചു.

മാറ്റങ്ങളുടെ വഴിയിലേക്ക്?

റോജര്‍ വാദിം (And God Created Woman) ബിബിയുടെ സ്ക്രീന്‍ സാന്നിധ്യത്തില്‍ പ്രാപ്യയായ അഴിഞ്ഞാട്ടക്കാരിയെന്ന ഇമേജ് സൃഷ്ടിക്കുമ്പോഴും അരങ്ങില്‍ വിവസ്ത്രയാകുന്നവളുടെ എകാന്തതക്കപ്പുറം ഈ സുന്ദരി പ്രസിദ്ധയും കൊണ്ടാടപ്പെടുന്നവളും അതുകൊണ്ട് തന്നെ അപ്രാപ്യയും ആണെന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമാക്കി നിര്‍ത്തുന്നതിലൂടെ മെരുങ്ങാത്തവളോടുള്ള പ്രതികാര ചിന്തയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു എന്ന് ബുവ്വേ നിരീക്ഷിക്കുന്നു. എന്നാല്‍ Love is My Profession (1958)-ല്‍  ഒതാന്ത് ലാറക്ക് ആ കുഴപ്പം സംഭവിക്കുന്നില്ല. ബിബിയുടെ ഏറ്റവും മികച്ച പ്രകടനം പക്ഷെ അവര്‍ക്ക് വിശേഷാല്‍ സല്‍പ്പേരൊന്നും നേടിക്കൊടുത്തില്ലെന്നു ബുവ്വേ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ ചിത്രം കപട സാമൂഹ്യ നിലപാടുകളെ കൂടുതല്‍ തീക്ഷണമായി തുറന്നു കാട്ടി. യിവെറ്റിന്റെ കൂസലില്ലായ്മ സമൂഹം കുലീനമായിക്കരുതിയ പശ്ചാത്താപ സാധ്യതയെ പോലും കണക്കിലെടുക്കുന്നില്ല. ചിത്രം മുന്നോട്ടു വെക്കുന്ന വീക്ഷണത്തെ ബുവ്വേ വിവരിക്കുന്നു: “നമ്മുടെ കളങ്കിത സമൂഹത്തില്‍ അതിനെ നിഷേധിക്കുകയും അതില്‍ നിന്നു ബോധപൂര്‍വ്വം സ്വയം വിഛെദിച്ചു മാറുകയും ചെയ്യുന്നവര്‍ക്കൊഴിച്ചു ആര്‍ക്കും ശുദ്ധരായിരിക്കാനാവില്ല.” എന്നാല്‍ ഒഴുക്കിനെതിരെ നീങ്ങുക എന്നത് ഫ്രാന്‍സിന്റെ വഴിയല്ലെന്നും ബിബി ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണെന്നും ബുവ്വേ സൂചിപ്പിക്കുന്നുണ്ട്. ഒരു താരത്തെ സംബന്ധിച്ച് അത് വിവാഹം പോലുള്ള സാമ്പ്രദായികതകള്‍ക്ക് വഴിപ്പെടല്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിവാഹത്തെ കുറിച്ച് വളരെ അവ്യക്തമായി മാത്രം സൂചിപ്പിക്കുന്ന ബ്രിജിത്ത് തന്റെ മൃഗ സ്നേഹവും കാര്‍ഷിക ജീവിതത്തോടുള്ള ആഭിമുഖ്യവും കൂടെക്കൂടെ എടുത്തു പറയുന്നുണ്ട് എന്ന കാര്യം ബുവ്വേ ഊന്നിപ്പറയുന്നത്‌ മുപ്പത്തിയൊമ്പതാം വയസ്സില്‍ അഭിനയ ജീവിതത്തോടു വിടവാങ്ങിയ ബ്രിജിത്തിന്റെ ജീവിതത്തില്‍ പിന്നീട് തളിയിക്കപ്പെട്ട വസ്തുതകള്‍ തന്നെയാണ്. ഫ്രഞ്ച് ബൂര്‍ഷ്വാ ജീവിതത്തിന്റെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിത്വമായിത്തന്നെയാണ് ബുവ്വേ ബ്രിജിത്തിനെ മനസ്സിലാക്കുന്നത്. “ഭാര്യയും അമ്മയും, കര്‍ഷകസ്ത്രീ, ബിസിനസ്സുകാരി, കാര്‍മ്മലൈറ്റ്‌ സന്യാസിനി, എന്നിങ്ങനെ വിഷിഷ്ടഭാവിയുടെ സാധ്യതകളെല്ലാം ബിബിയുടെ മുന്നിലുണ്ട്”. എന്തായാലും Babette Goes to War പോലുള്ള സിനിമകളിലൂടെ സ്ക്രീനില്‍ അവര്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തമാണ്. സൈനിക യൂണിഫോമിന്റെ ഉള്ളിലേക്ക് ആ ഉടലഴക് മറക്കപ്പെടുകയാണ്. കാലഘട്ടത്തിന്റെ അധാര്‍മ്മികതയുടെ പ്രതീകമായി ബിബിയെ കണ്ടവരും സമൂഹം നിര്‍മ്മിച്ചുവെച്ച വിലക്കുകള്‍ കാലാനുസൃതം പരിണമിക്കേണ്ടതുണ്ടെന്നു കരുതുന്നവരും ഈ മാറ്റത്തെ വ്യത്യസ്ത രീതിയില്‍ സമീപിച്ചേക്കാം. ബിബി പ്രതിനിധാനം ചെയ്ത ലിംഗ വിമോചന സങ്കല്‍പ്പം താത്വികമായെങ്കിലും അമേരിക്കന്‍ സമൂഹത്തിനു വെല്ലുവിളിയാവുന്നില്ലെങ്കിലും ‘പ്രണയത്തില്‍ കാപട്യമരുത്’ എന്ന ബിബിയുടെ തുറന്ന സമീപനം അമേരിക്കന്‍ പൊതുബോധത്തെയും അലോസരപ്പെടുത്തുന്നുണ്ട്. ബുവ്വേ പ്രബന്ധം അവസാനിപ്പിക്കുന്നത് ഒരു വലിയ പ്രതീക്ഷയിലാണ്:

“പ്രണയത്തിലെയും ഇരോട്ടിസിസത്തിലെയും കാപട്യം തുറന്നുകാണിക്കുക എന്നത് നാം കരുതുന്നതിലേറെ വിശാലമായ ധ്വനികള്‍ ഉള്ളതാണ്. ഒരൊറ്റ മിത്തിനെപോലും സ്പര്‍ശിക്കുന്നതോടെ എല്ലാ സങ്കല്‍പ്പധാരണകളും അപകടത്തിലാകും. ആത്മാര്‍ഥമായ ഒരു നോട്ടം, അതിന്റെ പരിധി എത്ര ചെറുതാണെങ്കിലും, എല്ലാ കപട വേഷങ്ങളെയും ചാരമാക്കികളയുന്ന തീയായി പടരും. എന്തുകൊണ്ട്, എന്ത് കൊണ്ട് അരുത് എന്ന് കുട്ടികള്‍ എപ്പോഴും ചോദിക്കുന്നു. അവരോടു നിശബ്ദരാകാന്‍ നാം പറയുന്നു. ബ്രിജിത്തിന്റെ കണ്ണുകള്‍, അവരുടെ ചിരി, സാന്നിധ്യം, നിങ്ങളെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു: എന്തുകൊണ്ട് ആവാം, എന്തുകൊണ്ട് അരുത്? ഒരൊറ്റ വാക്കുമില്ലാതെ അവള്‍ ചോദിക്കുന്ന ചോദ്യത്തെ അവര്‍ നിശബ്ദമാക്കാന്‍ പോകുകയാണോ? നുണ നിറഞ്ഞ ഞഞാമിഞ്ഞയിലൂടെ സംസാരിക്കാന്‍ അവളും സമ്മതിക്കാന്‍ പോവുകയാണോ? ഒരു വേള അവള്‍ ഉദ്ദീപിപ്പിച്ച വിദ്വേഷം തണുത്തുപോയേക്കാം, പക്ഷെ അപ്പോള്‍ അവള്‍ ആര്‍ക്കുവേണ്ടിയും ഒന്നിനെയും പ്രതിനിധീകരിക്കില്ല. ജനസമ്മതി നേടുന്നതിനായി അര്‍ത്ഥശൂന്യതയോട് സ്വയം രാജിയാവാന്‍ അവള്‍ തയ്യാറാവില്ല എന്ന് ഞാന്‍ ആശിക്കുന്നു. അവള്‍ പക്വത കൈവരിക്കും, എന്നാല്‍ മാറ്റത്തിനു വിധേയയാവില്ല എന്ന് ഞാന്‍ ആശിക്കുന്നു.”

ഡാന്റെയുടെയും ബോദ് ലെയറുടെയും മനസ്സുകളില്‍ തുടിച്ചു നിന്ന മിത്തിക് രൂപത്തിലേക്ക് ബാര്‍ദോ എന്ന ബിംബത്തെ മാറ്റിയെടുക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ബൂവ്വേ ചെയ്യുന്നത് കവിതയ്ക്ക് വേണ്ടി വാദിക്കുകയാണ് എന്നും ഫിലോസഫിയിലും, സാമൂഹ്യ വിമര്‍ശനത്തിലും നോവലിലും ഓര്‍മ്മക്കുറിപ്പുകളിലും ഒരേ സമയം വ്യാപരിക്കുന്ന ഒരാള്‍ക്ക് മാത്രം സാധ്യമാകുന്ന രീതിയിലാണ് അവരത് സാധിക്കുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ‘ദി സെക്കന്‍ഡ് സെക്സി’ന്റെ രചയിതാവിന്റെ നിരീക്ഷണത്തില്‍ തന്റെ നായിക ‘ആധികാരികത’, പ്രകൃത്യായുള്ള ശുദ്ധമായ ‘ആസക്തി’, കാപട്യലേശമില്ലാത്ത തീക്ഷ്ണ ലൈംഗികത, ലൈംഗിക സമത്വം, അക്കാര്യത്തിലെ സ്വയം നിയന്ത്രണാവകാശം എന്നിവയുടെ അവതാരമായി നില്‍ക്കുകയും “ഭാര്യയുടെയും അമ്മയുടെയും ഭയപ്പെടുത്തുന്ന സങ്കല്‍പ്പങ്ങള്‍ ഇനിയും പ്രത്യക്ഷമായിത്തുടങ്ങിയിട്ടില്ലാത്ത ഇളംപെണ്ണിന്റെ (nymph) വശ്യതകള്‍” നിലനിര്‍ത്തുകയും ചെയ്യുന്നു. 

  (സിനി ബുക്ക് ഷെല്‍ഫ്: 02: ദൃശ്യതാളം October 2017) 

read more:

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey

https://alittlesomethings.blogspot.com/2017/09/01.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Dark Star: The Loneliness of Being Rajesh Khanna by Gautam Chintamani

https://alittlesomethings.blogspot.com/2024/09/dark-star-loneliness-of-being-rajesh.html

 


Sunday, August 25, 2024

The Anatomy of Hate by Laul Revati

പൗരത്വംകൊണ്ടു മുറിവേറ്റവര്‍

(ഗുജറാത്ത് വംശഹത്യയിലെ കൊലയാളി സംഘങ്ങളില്‍ സജീവമായിരുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് രേവതി ലോല്‍ എഴുതിയ The Ananatomy of Hate.)

വംശഹത്യാനന്തര സാഹിതീയ, സാമൂഹികാന്വേഷണങ്ങള്‍ ഒട്ടുമിക്കപ്പോഴും ഇരകളുടെയും ഫാസിസ്റ്റ് വിരുദ്ധ വിമര്‍ശകരുടെയും ആഖ്യാനങ്ങളായി ഭവിക്കുന്നത് നിസ്സഹായതയോട് രോഷപൂര്‍വ്വം ഐക്യപ്പെടാനുള്ള സ്വാഭാവിക മാനുഷിക ചോദനയുടെ നിദര്‍ശനമാകാം. എന്നാല്‍ ഒരു മുന്നറിയിപ്പു കഥയോ ഓര്‍മ്മപ്പെടുത്തലോ ആയി അത്തരം ആഖ്യാനങ്ങള്‍ക്ക് ചരിത്ര ദൌത്യം നിറവേറ്റാനാകുക ഒരു വേള, കൊലയാളികളുടെ മനസ്സുകള്‍ അനാവരണം ചെയ്യുമ്പോഴും അവരെങ്ങനെ അത്തരക്കാരായി എന്നു വിശദീകരിക്കാന്‍ കഴിയുമ്പോഴും ആയിരിക്കും. ഈ അര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണ് രേവതി ലോല്‍ എഴുതിയ ‘വെറുപ്പിന്റെ ഘടനാശാസ്ത്രം എന്ന പുതിയ പുസ്തകം. ഗുജറാത്ത് വംശഹത്യയില്‍ അതി നീചമായ മാനുഷിക വിരുദ്ധതകളില്‍ ആറാടിയ മൂന്നു വ്യക്തികളുടെ കഥകളിലൂടെ വെറുപ്പിന്റെ തത്വശാസ്ത്രം മനുഷ്യനെ എന്താക്കി മാറ്റുന്നു എന്ന അന്വേഷണമാണ് എഴുത്തുകാരി നടത്തുന്നത്.

ജാതിയും മതവും ലിംഗപദവിയും പരിഷ്കൃതസമൂഹത്തിനു ചേരാത്ത  പൈശാചങ്ങള്‍ തുടലഴിക്കപ്പെടുന്നതിനുള്ള വിവേചക ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന രീതി ഇന്ത്യന്‍ ചരിത്രത്തിന്റെ ചിരകാല പ്രകൃതമാണ്. ദളിതനും മുസ്ലിമും സ്ത്രീയും ആദിവാസിയും ഇരസ്ഥാനീയരായ ഈ കുറ്റകൃത്യങ്ങള്‍ അതില്‍ മുഴുകുന്നവരെ മുഖമില്ലാത്ത ആള്‍ക്കൂട്ടമാക്കി മാറ്റുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനു ദാര്‍ശനിക കാര്‍മ്മികത്വം നല്‍കുന്നത് സഹസ്രാബ്ധങ്ങളുടെ പാരമ്പര്യ വിശേഷം പറയുന്ന സാംസ്കാരിക പൈതൃകമെന്നു പ്രച്ഛന്നപ്പെടുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് എന്നിടത്താണ് അതിന്റെ യഥാര്‍ത്ഥ ഭീകരത. നിസ്സഹായരായ ഇരകള്‍ക്കുമേല്‍ നൈമിഷികമായി സ്ഥാപിച്ചെടുക്കുന്ന വേട്ടക്കാരന്റെ ഔദ്ധത്തില്‍ പരമ്പരാഗതമായി തങ്ങളുടെ ജീനുകളില്‍ അലിഞ്ഞു ചേര്‍ന്ന സവര്‍ണ്ണ വിധേയത്വവും ജാതിയപകര്‍ഷവും ഒരു ഞൊടി മറികടക്കാനുള്ള അവസരമാണ് വെറും ചട്ടുകങ്ങള്‍ ആയി ഉപയോഗിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകള്‍ക്ക് ലഭിക്കുന്നത്. അതവരെ ലഹരിപിടിപ്പിക്കുന്ന അധികാരപ്രയോഗമായി മാറുന്നതാണ് ഗര്‍ഭിണിയുടെ വയര്‍ കുത്തിത്തുറക്കാനും ഭ്രൂണത്തെ ശൂലത്തില്‍ തറക്കാനും കഴിയും വിധം അവരെ അധമരാക്കുന്നത്; ഒപ്പം ‘യുദ്ധമുതല്‍ പങ്കുവെക്കാന്‍ കിട്ടുന്ന ഗോത്ര ലാഭവും. എന്നാല്‍, ഈ ആള്‍ക്കൂട്ട ഖണ്ഡങ്ങളെ ഒറ്റക്കൊറ്റക്കെടുത്താല്‍ അവരും മനുഷ്യരാണെന്നും സ്വജീവിതത്തില്‍ സ്വപ്നങ്ങളും മോഹഭംഗങ്ങളും പ്രണയങ്ങളും നൈരാശ്യങ്ങളും അടയാളപ്പെടുത്തുന്ന വ്യക്തികള്‍ തന്നെയാണെന്നും കണ്ടെത്താനാകും.

2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം പതിനാലു വര്‍ഷമെടുത്തു നൂറോളം പുരുഷന്മാരെ (പുരുഷന്മാര്‍ എന്നത് സുപ്രധാനം തന്നെയാണ്) അഭിമുഖം നടത്തിയും പലരെയും ദീര്‍ഘകാലം പിന്തുടര്‍ന്നും തങ്ങളുടെ കഥയും പാപങ്ങളും ഏറ്റുപറയാന്‍ തയ്യാറുള്ളവരെ മുഖ്യമായും ആശ്രയിച്ചും തയ്യാറാക്കിയ പുസ്തകം, ഒടുവില്‍, മൂന്നു പേരുടെ കഥയിലാണ് ഫോക്കസ് ചെയ്യുന്നത്. കലാപ നാളുകളില്‍ കൂട്ടുകാരോടൊപ്പം ഹോസ്റ്റലില്‍ നിന്നിറങ്ങി മുസ്ലിം കടകള്‍ കൊള്ളയടിക്കുകയും വിലകൂടിയ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യുന്ന പ്രണവ് എന്ന കോളേജ് വിദ്യാര്‍ഥി, തന്റെ പ്രവൃത്തിയില്‍ യാതൊരു വിധ കുറ്റബോധമോ നൈതിക ചിന്തയോ കൂടാതെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത് വിചിത്രമായി തോന്നാം. ഉന്നത ജാതിയില്‍ പെട്ട പ്രണവിനു ദാരിദ്ര്യത്തിന്റെയോ ആവശ്യത്തിന്റെയോ പ്രശ്നമൊന്നുമില്ല. ഉള്ളത് തീര്‍ത്തും അപരവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ വീട്ടുകാരോട് റിബല്‍ ചെയ്തു കഴിയുന്ന തന്റെ സാഹസങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള അവസരം മാത്രം. വീട്ടുകാരോടുള്ള എതിര്‍പ്പിന്റെ ഭാഗമായിത്തന്നെ കലാപ ബാധിതരെ സഹായിക്കുന്ന ഒരു എന്‍.ജി.ഓ.  യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതാണ് അയാളുടെ നിലപാടുകളില്‍ വഴിത്തിരിവാകുക. അന്താരാഷ്‌ട്ര സഹായങ്ങള്‍പോലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ക്ക് വിധേയമായിരുന്നു എന്നും ഇരകള്‍ക്കിടയില്‍ പോലും വിവേചന പൂര്‍വ്വമായാണ് അവ എത്തിയതെന്നും അയാള്‍ കണ്ടു. താന്‍ അതുവരെ മനസ്സിലാക്കി വെച്ചിരുന്ന ജാതി, വര്‍ഗ്ഗധാരണകളുടെ അബദ്ധങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞുവന്നത് അയാളുടെ മനോനിലയെ തന്നെ ഉലക്കുന്നുണ്ട്‌. എന്നാല്‍ ഇന്നയാള്‍ തീര്‍ത്തും പരിണമിച്ച ഒരു മനുഷ്യനാണ്. ജനിക്കുന്ന ജാതിയോ മതമോ ആരുടേയും തെരഞ്ഞെടുപ്പിനനുസരിച്ചല്ല എന്നിരിക്കെ, നമുക്ക് ലഭ്യമല്ലാത്ത തെരഞ്ഞെടുപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘര്‍ഷങ്ങള്‍ അസംബന്ധമാണെന്ന് അയാള്‍ എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

ഭീല്‍ ഗോത്രത്തില്‍ പെട്ട ആദിവാസിയായ ദുംഗാറിനെ വിശ്വഹിന്ദു പരിഷത്തില്‍ എത്തിക്കുന്നത് അതയാള്‍ക്ക് നല്‍കാനിടയുള്ള അധികാരവും അന്തസ്സുമെന്ന സങ്കല്‍പ്പമാണ്. ആദിവാസികള്‍ക്കിടയിലെ മദ്യവര്‍ജ്ജനം പോലുള്ള മുദ്രാവാക്യങ്ങള്‍ പരിഷത്തിന് നല്‍കിയ വിശ്വാസ്യതയും അയാളെ സ്വാധീനിച്ചു. രാമായണം സീരിയലിലൂടെ വര്‍ഗ്ഗീയതയില്‍ വയസ്സറിയിച്ച ദുംഗാര്‍, ‘നിങ്ങള്‍ക്ക് ഒരു ദിവസം മാത്രം. മുസ്ലിംകളെ ചുട്ടുകൊല്ലുക എന്ന ആഹ്വാനം അയല്‍വാസികളായ പതിമൂന്നു കൊടുംബങ്ങളുടെ വീടുകള്‍ തീവെച്ചും അവരെ ഗ്രാമത്തില്‍ നിന്ന് തുരത്തിയും കൃത്യതയോടെ അനുസരിച്ചു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ ജനതയെ തോല്‍പ്പിച്ച സമൂഹത്തെ അതിന്റെ തന്നെ ആയുധങ്ങളിലൂടെ നേരിടുകയെന്ന വര്‍ഗ്ഗയുക്തി കുയുക്തിയായിത്തീരുന്നതിന്റെ ഉദാഹരണമാണ് ദുംഗാര്‍. ദളിത്‌ റിക്രൂട്ടുകളെ കൊല്ലിനും കൊലക്കും ഉപകരണമാക്കുകയെന്ന ഹിന്ദുത്വ തന്ത്രത്തിനു അച്ചെട്ടായിരുന്നു അയാള്‍. തീവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അയാളുടെ കണക്കില്‍ കൊലകള്‍ ഇല്ലെന്ന വസ്തുത പുസ്തകം എടുത്തുപറയുന്നുണ്ട്. കലാപാനന്തരം ഒരൊന്നാന്തരം രാഷ്ട്രീയ തന്ത്രശാലിയായിത്തീര്‍ന്ന ദുംഗാര്‍, താന്‍ തന്നെ നശിപ്പിച്ച വീടുകളുടെ പുനര്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും കൂടുതല്‍ മികച്ച മേച്ചില്‍പ്പുറം കോണ്‍ഗ്രസ് ആണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി മാറുകയും ചെയ്യുന്നുണ്ട്.

വംശഹത്യയിലെ ഏറ്റവും ഭീകര മുഖമായിരുന്ന അഹ്മദാബാദിലെ നരോദാപാട്യക്കടുത്തു ചാരാനഗറില്‍ നിന്നുള്ള സുരേഷ് ലാങ്ങ്ദോ, താന്‍ ബലാല്‍ക്കാരം ചെയ്തു ചതച്ചു കൊന്ന മുസ്ലിം സ്ത്രീകളെ കുറിച്ച് താന്‍പോരിമയോടെ വീമ്പിളക്കുമ്പോഴും ഫര്‍സാനയെന്ന തന്റെ മുസ്ലിം ഭാര്യയോടു പ്രണയത്തിലായിരുന്നു. അയാളാണ് ആ കുപ്രസിദ്ധമായ ഭ്രൂണഹത്യ അരങ്ങേറുക. തസ്കര ഗോത്ര പാരമ്പര്യത്തില്‍ ജനിച്ച ലാങ്ങ്ദോ തങ്ങളുടെ സമൂഹത്തെ ഭ്രഷ്ടരാക്കിയ വ്യവസ്ഥിതിയോട് കലഹിക്കുക കൂടിയായിരുന്നു. കുടുംബ കലഹം പതിവായ അന്തരീക്ഷത്തില്‍, തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത പിതാവിന്റെ അവഗണന അനുഭവിച്ചു വളര്‍ന്ന യുവാവ് ഉള്ളിലെ കുറ്റവാളി ജീനുകളെ അതിവേഗം കണ്ടെടുക്കുകയായിരുന്നിരിക്കണം. ജുഗുപ്സാവഹമായ ക്രൂരതയോടെ ബലാല്‍ക്കാരവും കൊലയും നടത്തിയതിനു ശേഷം നാറുന്ന വസ്ത്രങ്ങളുമായി തിരികെയെത്തുകയും ഒന്നു കഴുകിക്കളയുക പോലും ചെയ്യാതെ ഫര്‍സാനയെ പ്രാപിക്കുകയും ചെയ്യുന്ന അയാള്‍ മനുഷ്യനെന്ന നിലയിലുള്ള പതനത്തിന്റെ ആഴമളക്കുകയാണ്. സഹോദരി മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനുള്ള പ്രതികാരമായാണ് പ്രായം തികഞ്ഞിട്ടില്ലാത്ത ഫര്‍സാനയെ അയാള്‍ വന്‍കോളിളക്കം സൃഷ്ടിച്ചു വിവാഹം ചെയ്തതും. എന്നാല്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ സ്വയം നിയന്ത്രിക്കാനാവാത്ത വിധം അയാളില്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നത് മാനുഷികതയുടെ വൈചിത്ര്യമാണ്. അയാള്‍ നടത്തുന്ന ഏറ്റുപറച്ചിലാണ്, ഒടുവില്‍, മായ കോട്നാനി വരെ നീളുന്ന വെളിപ്പെടുത്തലിലെത്തുക; അതൊന്നും എങ്ങുമെത്തിയില്ലെന്നത് വേറെ വസ്തുതയാണെങ്കിലും.

മാതാവിന്റെ ഉടലിലേക്ക് അവരുടുത്ത പോളിയെസ്റ്റര്‍ സാരിയില്‍ ഉരുകിയുറഞ്ഞു പോയ അഫ്രീന്‍ ബാനുവിന്റെയും ഷഹീന്‍ ബാനുവിന്റെയും മൃതദേഹങ്ങള്‍ പോലെ, ശൂലത്തില്‍ തറക്കപ്പെട്ട ഭ്രൂണം പോലെ, ഉപേക്ഷിക്കപ്പെട്ട സൈക്കിള്‍ ചക്രത്തില്‍ കോര്‍ത്തുവെക്കപ്പെട്ട ഉടലില്ലാത്ത ശിരസ്സുപോലെ വംശഹത്യയുടെ സ്ഥൂലചിത്രങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ക്കപ്പുറം സൂക്ഷ്മമായ മാനവിതയുടെ അപചയ ചിത്രങ്ങളാണ് പ്രശസ്തയായ ടിവി, മാധ്യമ ജേണലിസ്റ്റായ എഴുത്തുകാരി ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍, പേരുകള്‍ സാങ്കല്‍പ്പികമെങ്കിലും, വസ്തുതകളില്‍ മായം ചേര്‍ക്കാതെ  ആഖ്യാനം ചെയ്തു വെക്കുന്നത്.

read more:

The Gypsy Goddess by Meena Kandasamy

https://alittlesomethings.blogspot.com/2024/08/the-gypsy-goddess-by-meena-kandasamy.html

A Burning by Megha Majumdar

https://alittlesomethings.blogspot.com/2024/08/a-burning-by-megha-majumdar.html

Traitor / Ghaddaar by Krishan Chander

https://alittlesomethings.blogspot.com/2024/07/traitor-ghaddaar-by-krishan-chander.html

Bitter Wormwood by Easterine Kire

https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

https://alittlesomethings.blogspot.com/2024/08/militant-buddhism-rise-of-religious.html

Friday, August 23, 2024

Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand by Peter Lehr

 രക്തസ്നാതനായ ബുദ്ധന്‍

(അഹിംസയുടെയും സമാധാനത്തിന്റെയും മതമായി മനസ്സിലാക്കപ്പെട്ട ബുദ്ധ ദര്‍ശനം എങ്ങനെയാണ് യുദ്ധോദ്യുക്തതയുടെ പ്രഭവമായിത്തീരുന്നത് എന്ന് നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ ‘Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’)

പിറുപിറുക്കലുകള്‍ വിളക്കിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പാറ്റകളെ എന്ന പോലെ ചിറകടിക്കുന്നു“കൊളംബോയില്‍ അവര്‍ തമിഴരെ കൊല്ലുകയാണ്.” കൂരിരുട്ടില്‍ നിന്ന് ഒരു മറുപടി“ഇതൊരു ബുദ്ധമത രാജ്യമാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ സംഭവിക്കാന്‍ പാടില്ല.”

-(Island of A Thousand Mirrors – Nayomi Munaweera – Page-27)

റോഡില്‍ വെച്ച് നീ ബുദ്ധനെ കണ്ടുമുട്ടിയാല്‍ അയാളെ കൊന്നുകളയുക’ എന്ന് ഉദ്ബോധിപ്പിച്ചത് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത ചൈനീസ് ബുദ്ധമതാചാര്യന്‍ ലിന്‍ജി യിഹുവാന്‍ (Linji Yixuan) ആണെന്ന് കരുതപ്പെടുന്നു. പുറമേ നിന്ന് കണ്ടെത്തേണ്ട ‘ആചാര്യന്‍’ ആയല്ല ഉള്ളില്‍ തന്നെയുള്ള ആത്മപ്രകൃതമായി സാക്ഷാത്കരിക്കേണ്ടതാണ് നിന്റെ ബുദ്ധനിയോഗം എന്നാണു ഗുരു പറഞ്ഞുവെച്ചത്‌. ഈ ബോധിസത്വ സങ്കല്‍പ്പത്തില്‍ നിന്ന് ശ്രീലങ്കയിലെയും മ്യാന്മാറിലെയും തായ് ലണ്ടിലെയും യുദ്ധോദ്യുക്തരായി ചെന്നിണം പുരണ്ട വാളുകളുമായി പരേഡ് ചെയ്യുന്ന ബുദ്ധ സന്യാസിമാരിലെത്തുമ്പോള്‍ ബുദ്ധദര്‍ശനത്തെ കുറിച്ചു കേട്ടുമടുത്ത ലൗകിക വിരക്തി, അഹിംസ, ശാന്തിഭാവം തുടങ്ങിയ മൂല്യങ്ങളും ഇവരും തമ്മിലെന്ത് ചിന്തിച്ചു പോകും; രോഹിങ്ക്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. എന്നാല്‍അതത്ര അസ്വാഭാവിക വികാസമായി അങ്കലാപ്പുണ്ടാക്കേണ്ടതില്ല എന്നും ‘അബ്രഹാമൈറ്റ് മതങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വയിലും എന്നപോലെ അത്തരം യുദ്ധോദ്യുക്തതയുടെ അടിവേരുകള്‍ ബുദ്ധമതത്തിലും ആഴ്ന്നു കിടപ്പുണ്ടെന്നും നിരീക്ഷിക്കുന്ന പുസ്തകമാണ് പീറ്റര്‍ ലെഹര്‍ എഴുതിയ Militant Buddhism: The Rise of Religious Violence in Sri Lanka, Myanmar and Thailand.’  അശോകന്റെ ശിലാശാസനങ്ങളില്‍ തന്റെ അഹിംസാധിഷ്ടിത ബുദ്ധിസ്റ്റ് യുടോപിയയുടെ ആധാരശിലയായി രേഖപ്പെടുത്തിയ ‘ഭേരീഘോഷത്തില്‍ നിന്ന് ‘ധര്‍മ്മഘോഷത്തിലേക്കുള്ള പരിണാമം, കുരിശുയുദ്ധങ്ങള്‍ കൊണ്ടാടിയ ക്രിസ്ത്യന്‍ മൗലികവാദത്തിന്റെയും താലിബാന്‍- ഐസിസ് മോഡല്‍ സലഫിസ്റ്റ്/ ജിഹാദിസ്റ്റ് ഇസ്ലാമിന്റെയും മിലിറ്റന്റ് സയണിസത്തിന്റെയും തീവ്രവലതുപക്ഷ ഹിന്ദുത്വയുടെയും പൂര്‍വ്വസൂരിയാകാന്‍ കഴിയും വിധം ഏതാണ്ട് അതേ കാലത്ത് തന്നെ രൂപം മാറിത്തുടങ്ങിയിരുന്നുവെന്ന വസ്തുത ബി.സി. 250 കാലത്ത് പാടലീപുത്രത്തില്‍ നടന്ന മൂന്നാം ബുദ്ധമത സമ്മേളനത്തില്‍ ആരംഭിച്ച തെരവാദ (Theravada) ബുദ്ധിസത്തിന്റെ ഉത്പത്തിയില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.

പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി നീഷിയന്‍ ദൈവമരണ പ്രഖ്യാപനത്തെ സാധൂകരിക്കുംവിധം മതാത്മകതയുടെ പ്രസക്തിയെ ഫലത്തില്‍ തിരസ്കരിച്ചപ്പോള്‍ അതിനു ‘ആള്‍ക്കൂട്ടത്തിന്റെ കറുപ്പ്’ ആകാനുള്ള കഴിവ് നഷ്ടപ്പെട്ടതായി കരുതപ്പെട്ടു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാവുമ്പോഴേക്കും മതവിശ്വാസികളെ ഒരു ആഗോള മതേതര സംസ്കാരത്തെ പ്രതിരോധിക്കാനായി ഒത്തുകൂടിയ ചെറുകൂട്ടങ്ങള്‍ ആയി മാത്രമേ കാണപ്പെടാന്‍ ഇടയുള്ളൂ’ എന്നുപോലും പ്രവചിക്കപ്പെട്ടു (Peter Berger). എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട രൂപത്തില്‍ എല്ലാ പ്രധാനമതങ്ങളും നൂറ്റാണ്ടൊവില്‍തന്നെ ശക്തമായി തിരിച്ചെത്തി. പുതിയ നൂറ്റാണ്ട് ദൈവത്തിന്റെതായിരിക്കും (God’s Century) എന്ന് പ്രവചിക്കപ്പെട്ടു.   തെരവാദ ബുദ്ധിസ്റ്റ് പാരമ്പര്യം തുടര്‍ന്ന ദേശങ്ങളിലാകട്ടെമുമ്പുമുതലേ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മതം ഇടപെട്ടതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1915 ലും അമ്പതുകള്‍ തൊട്ടു നിരന്തരമായും നടന്ന ശ്രീലങ്കന്‍- തമിഴ് സംഘഷളും ബര്‍മ്മയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളും (1880) ഇന്‍ഡോ- ബര്‍മ്മീസ് കലാപങ്ങളും (1938) എഴുപതുകളില്‍ തായ് ലാന്‍ഡില്‍ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘര്‍ഷങ്ങളും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹിംസാത്മകതയുടെ വേരുകള്‍ ‘കൊല്ലരുത്!’ എന്ന ശാസനയെ നിബന്ധനകളുടെ ഒഴികഴിവുകളിലേക്ക് കൂട്ടിച്ചേര്‍ത്തതിലാണ് കണ്ടെത്താനാവുക. യുദ്ധത്തെ രാജധര്‍മ്മമായിക്കണ്ട രാജാക്കന്മാരോട് അഹിംസ നിര്‍ദ്ദേശിക്കാതിരിക്കാനുള്ള യാഥാര്‍ത്ഥ്യബോധം ബുദ്ധമതം എന്നും കാണിച്ചിരുന്നുവെന്നും രാജ്യവിസ്തൃതിക്കായുള്ള യുദ്ധം വിലക്കിയപ്പോഴും പ്രതിരോധ ലക്ഷ്യത്തോടെ ആയുധമെടുക്കുന്നതിനെ തെരവാദ ബുദ്ധിസം അംഗീകരിച്ചിരുന്നുവെന്നും പുസ്തകം നിരീക്ഷിക്കുന്നു. ബുദ്ധിസം പുറമേ നിന്നുള്ള ഭീഷണി നേരിടുമ്പോള്‍ അനുവദനീയമായ ഈ ഹിംസാത്മകത, തീവ്രദേശീയതയുടെയും വംശീയമൗലികവാദ നിലപാടുകാരുടെയും മുദ്രാവാക്യങ്ങള്‍ക്ക് സാധൂകരണമായി. സൂക്ഷ്മ തലത്തില്‍ ‘ആക്രമകാരികളായ’ വ്യക്തികളും സ്ഥൂലാര്‍ത്ഥത്തില്‍ ‘അപര’ സമൂഹങ്ങളും ദേശങ്ങള്‍ തന്നെയും ഈ ‘ഭീഷണ’ സാന്നിധ്യങ്ങള്‍ ആയിത്തീരുന്നത് നിര്‍മ്മിത നരേറ്റീവുകള്‍ ധാരാളമായിരുന്നു.

ശ്രീലങ്കമ്യാന്മാര്‍തായ് ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളുടെ കാരണങ്ങളും വര്‍ത്തമാന സാഹചര്യങ്ങലും പുസ്തകം വിശദമായി പരിഗണിക്കുന്നുണ്ട്. മൂന്നിടങ്ങളിലും ഉണ്ടായ സംഭവങ്ങളില്‍ ഒട്ടേറെ സമാനതകള്‍ നിരീക്ഷിക്കപ്പെടുന്നു. ദേശവും ജനതയും ബുദ്ധമതവും ആഴത്തില്‍ കൂടിച്ചേര്‍ന്നതാണ് സിംഹള സ്വത്വത്തില്‍ കാതല്‍. ശ്രീലങ്കന്‍ ജനസംഖ്യയുടെ 75 ശതമാനം വരുന്ന സിംഹള ജനതയുടെ വംശീയതയും ഭാഷയും ബുദ്ധിസവുമായിത്തന്നെ സമീകരിക്കപ്പെട്ടതോടെ അതല്ലാത്തവര്‍ ‘അപര’രായി. റോം ക്രിസ്ത്യാനിക്ക്ജറുസലേം ജൂതന്മക്ക മുസ്ലിമിന് എന്ന് പറയുന്നത് പോലെ കൊച്ചു മരതക ദ്വീപ് സിംഹള ബുദ്ധിസ്റ്റിന് എന്ന നരേറ്റീവ് സൃഷ്ടിക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ തീരത്തോടുള്ള ഭീഷണമായ അടുപ്പം പോലുള്ള ഭൂമിശാസ്ത്ര ഘടകങ്ങളെയും പാകിസ്താന്‍ പോലുള്ള മുസ്ലിം രാജ്യങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാവുമെന്നു പ്രചരിപ്പിക്കപ്പെട്ട സ്വാധീനം പോലുള്ള രാഷ്ട്രീയ ഘടകങ്ങളും മറ്റും ആധാരമാക്കി സൃഷ്ടിക്കപ്പെട്ട സാങ്കല്‍പ്പിക ന്യൂനപക്ഷ ബോധം (imaginative minority fear) ‘മുസ്ലിംകള്‍ വളര്‍ന്ന് സിംഹളര്‍ക്കൊപ്പമായാല്‍..!’ എന്ന നിര്‍മ്മിത ഭയപ്പാടായി ഈലം ഉന്മൂലാനന്തര കാലത്ത് തീവ്ര ദേശീയതയുടെ വക്താക്കളില്‍ വേരു പിടിച്ചു. ഗലഗോദ അത്തെ ജ്ഞാനസാര തെറോയുടെ (Galagoda Aththe Gnanasara Thero) ബോദു ബല സേന (Bodu Bala Sena) ഈ സ്വയം പ്രഖ്യാപിത ദേശീയതയുടെ വക്താക്കളായി. സമാനമായ ദേശീയതാ ബോധനിര്‍മ്മിതിയും മുസ്ലിം അപരവല്‍ക്കരണവും തന്നെയാണ് 88 ശതമാനവും തെരവാദ ബുദ്ധിസ്റ്റ് ഭൂരിപക്ഷമുള്ള ബര്‍മ്മയിലും പ്രയോഗിക്കപ്പെട്ടത്. ‘ബര്‍മ്മക്കാരനാവുകയെന്നാല്‍ ബുദ്ധമതാനുയായി ആവുകയെന്നാണ്’ എന്ന് കണക്കാക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ നിസ്സംഗതയും ന്യൂനപക്ഷ വേട്ടക്ക് സഹായകമായി. ‘നിങ്ങള്‍ക്ക് നിറയെ സ്നേഹവും കാരുണ്യവും ആവാംഎന്നാല്‍ നിങ്ങള്‍ക്കൊരു ഭ്രാന്തന്‍ നായുടെ അരികില്‍ കിടന്നുറങ്ങാനാവില്ല. നാം ദുര്‍ബ്ബലരായാല്‍ നമ്മുടെ നാട് മുസ്ലിം ദേശമാകും” എന്ന് ജനസംഖ്യയുടെ നാലര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു വിഭാഗത്തെ മുന്‍നിര്‍ത്തി ആഷിന്‍ വിരാതു (Ashin Wirathu) ജല്‍പ്പനം നടത്തി. 95 ശതമാനം ബുദ്ധിസ്റ്റ് ജനസംഖ്യയായ തായ് ലാന്‍ഡില്‍ മുസ്ലിം ഭയമെന്നത്‌ തെക്കന്‍ ദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നപ്പോഴും തീവ്രദേശീയ വാദികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.

‘ബുദ്ധിസം ആക്രമിക്കപ്പെടുന്നു’, ‘ഇങ്ങനെ പോയാല്‍ നാം ന്യൂന പക്ഷമാകും’ തുടങ്ങിയ   വെറുപ്പിന്റെ ജല്‍പ്പനങ്ങളും തദ്ഫലമായി ഉയര്‍ന്നുവരുന്ന തീവ്ര വലതുപക്ഷ ദേശീയതയും ഭൂരിപക്ഷത്തിന്റെ നിസ്സംഗതയോട് ചേരുമ്പോള്‍ സംജാതമാകുന്ന സാഹചര്യമാണ്, ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച നോവലിലെ വാക്യങ്ങള്‍ പോലെ, ഹിംസ പകല്‍ വെട്ടത്തിലും വിവേകത്തിന്റെ സ്വരം ഇരുട്ടില്‍ മറഞ്ഞു പിറുപിറുക്കുന്നതിലും എത്തിച്ചേരുന്ന അവസ്ഥക്ക് മഹത്തായൊരു ദര്‍ശനത്തിന്റെ പിന്‍മുറക്കാര്‍ എന്നു മേനി നടിക്കുന്ന ദേശങ്ങളില്‍ പോലും നിമിത്തമാകുന്നത്.  


Read more:

The Anarchy by William Dalrymple

https://alittlesomethings.blogspot.com/2024/08/the-anarchy-by-william-dalrymple.html

The Anatomy of Hate by Laul Revati

https://alittlesomethings.blogspot.com/2024/08/the-anatomy-of-hate-by-laul-revati.html