ഇലയിടങ്ങളില്‍ നിശ്ശബ്ദരാകുക
(ഹിമാലയന്‍ മലയോര പട്ടണമായ സിലിഗുരി
സ്വദേശിനിയായ യുവ ബംഗാളി എഴുത്തുകാരി സുമനാ റോയ് രചിച്ച How I
Became a Tree എന്ന നോണ്‍ ഫിക്
ഷന്‍ ആത്മീയാന്വേഷണ പുസ്തകം വൃക്ഷങ്ങള്‍ക്കുള്ള ഒരു അര്‍ച്ചനയാണ്; ഒപ്പം ഇക്കോ-ക്രിറ്റിക്കല്‍ കാലത്ത് ഹൃദ്യമായ ഒരു പ്രകൃതി പാഠവും.)
ഇലയോട്
പഠിക്കണം
ഇളകിച്ചിരിക്കാന്‍
മൂകമായ്
പൊഴിയാന്‍
പ്രകൃതിയുടെ അനന്ത വൈവിധ്യത്തില്‍ മനുഷ്യനായിരിക്കുക
എന്നാല്‍ എന്താണെന്ന ചോദ്യം കവികളെയും കലാകാരന്മാരെയും ശാസ്ത്ര കുതുകികളെയും
ആത്മീയ ചിന്തകരെയും സാമൂഹിക നിരീക്ഷകരെയും തത്വജ്ഞാനികളെയുമെല്ലാം ഒരു പോലെ
മഥിച്ചിട്ടുള്ള ഒന്നാണ്. അനന്തതയുടെ ഒരു കണികയായി മനുഷ്യനെ അടയാളപ്പെടുത്തുന്ന
അതീത ബോധ്യങ്ങള്‍ക്കും എല്ലാത്തിന്റെയും കേന്ദ്രമായി സ്വയം കൊണ്ടാടുന്ന നരവംശ ധാര്‍ഷ്ട്യത്തിനും
ഇടയില്‍, ചോദ്യം പോലെത്തന്നെ അനന്ത സാധ്യതകളാണ് ഉത്തരങ്ങളായും
മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. ഹിംസയുടെയും വിദ്വേഷത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും
അറ്റമില്ലാച്ചുഴികളില്‍ സമയവുമായി ഓട്ടപ്പന്തയത്തിലായ മനുഷ്യന് വിശ്രാന്തിയുടെ
ദലമര്‍മ്മരം പോലെ ഒരുത്തരം നല്‍കാനാണ് ഹിമാലയ സാനുക്കളിലെ സിലിഗുരിയെന്ന കൊച്ചു
ബംഗാളി പട്ടണത്തില്‍ നിന്ന് വരുന്ന കവിയും നോവലിസ്റ്റുമായ യുവ എഴുത്തുകാരി സുമനാ
റോയ് ‘ഞാന്‍ ഒരു വൃക്ഷമായിത്തീര്‍ന്ന വിധം’ (How I Became a
Tree) എന്ന തന്റെ നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ
പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകളും സാഹിത്യ ചരിത്രവും പ്രകൃതി
പഠനവും ആത്മീയ തത്വചിന്തയും സസ്യശാസ്ത്ര പാഠങ്ങളും ഇടകലരുന്ന പുസ്തകം കേവല വായനാ
കൌതുകത്തിനപ്പുറം പാരിസ്ഥിതിക വിമര്‍ശന ബോധ്യങ്ങളുടെ പുത്തന്‍ കാലത്ത് ഏറെ
പ്രസക്തമാണ്.
വ്യാവഹാരിക സമയബോധം എന്നതിനെതിരെ
‘വൃക്ഷ സമയം’ (Tree time) എന്ന ആശയത്തില്‍
ആകൃഷ്ടയായിത്തീര്‍ന്നതെങ്ങനെ എന്ന വിവരണത്തോടെയാണ് സുമനാ റോയ് തന്റെ നിരീക്ഷണങ്ങള്‍
തുടങ്ങിവെക്കുന്നത്. മനുഷ്യന്‍ സമയത്തിന്റെ അടിമയായതോടെയാണ് വൃക്ഷങ്ങളുടെ
പ്രത്യക്ഷത്തില്‍ നിശ്ചലമായ അവസ്ഥയെ ‘അലസത’യായി മനസ്സിലാക്കാന്‍ തുടങ്ങിയത് എന്ന്
അവര്‍ കരുതുന്നു. വേഗതയെന്ന ആശയത്തിന്റെ ഏകാധിപത്യം മതിയായിപ്പോയതാണ് വൃക്ഷങ്ങളുടെ
അഹിംസാത്മകവും അവധാനപൂര്‍ണ്ണവുമായ ജീവിത പാഠത്തിലേക്ക് അവരെ അടുപ്പിക്കുന്നത്.
ഏകാന്തതയേയും വേദനകളെയും നേരിടുന്നതിലും, സ്വാര്‍ത്ഥം
ഭരിക്കാത്ത, ഉള്ളതെല്ലാം വിട്ടുനല്‍കുന്ന
പ്രകൃതത്തിലുമെല്ലാം വൃക്ഷങ്ങളില്‍ ഗുരുവിനെ കാണാന്‍ കഴിയുമെന്ന് അവര്‍
കണ്ടെത്തുകയായിരുന്നു. “ഭാവിയെ കുറിച്ച്
ആശങ്കയില്ലാതെയും ഭൂതകാലത്തെ കുറിച്ച് പശ്ചാതാപങ്ങളില്ലാതെയും ഉള്ള ജീവിതം” എന്ന്
അവര്‍ അതിനെ നിര്‍വ്വചിക്കുന്നു. ദുരിതങ്ങളും അസ്തിത്വ വ്യഥകളുമാണ് മനുഷ്യനെ
പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുന്നതെങ്കില്‍ അതിനൊരു ശമനൌഷധ മൂല്യമുണ്ടെന്നു
കാണാനാവും. വ്യാവഹാരിക സാമൂഹിക ബന്ധങ്ങളിലും വിനിമയ ഭാഷയിലും
വഴുമുട്ടിപ്പോകുമ്പോള്‍ പര്‍വ്വതങ്ങളുടെയും നദികളുടെയും മരങ്ങളുടെയും കിളികളുടെയും
ഭാഷകള്‍ സാന്ത്വനമായി അനുഭവപ്പെടാം. “എനിക്ക് ദൈവമോ വീരനായകനോ ആവാനല്ല, ഒരു വൃക്ഷമായിത്തീരാന്‍ മാത്രം, യുഗങ്ങളിലൂടെ
വളരാന്‍, ആരെയും വേദനിപ്പിക്കാതെ” എന്ന ചെസ്ലാവ്
മിലോസിന്റെ വരികള്‍ പുസ്തകത്തിന്റെ പ്രവേശക വാക്യമായി ഗ്രന്ഥകാരി ചേര്‍ത്തു
വെക്കുന്നുണ്ട്. വൃക്ഷങ്ങളുമായുള്ള പ്രണയ വസന്തത്തില്‍ നെരൂദയുടെ ചെറി മരങ്ങള്‍
കടന്നുവരുന്നുണ്ട്.
വൃക്ഷങ്ങളില്‍ സുഹൃത്തിനെയും
വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തുന്നതില്‍ സമാനഹൃദയരെ കുറിച്ചുള്ള അന്വേഷണം
സാഹിത്യത്തിലേക്കും ചിത്രകലയിലേക്കും സിനിമയിലേക്കുമെല്ലാം കടന്നെത്തുന്നുണ്ട്.
ശാന്തി നികേതന്‍ സന്ദര്‍ശിക്കുന്നത് ശീലമാക്കിയ എഴുത്തുകാരി ഓ. ഹെന്‍റിയുടെ
‘അവസാനത്തെ ഇല’ മുതല്‍, ആളുകളെ
മരണത്തിനു ശപിക്കുന്ന ബംഗാളി നാടോടിക്കഥകളിലെ വൃക്ഷങ്ങള്‍ വരെ, ടാഗോറിന്റെ കഥകളും കവിതകളും പ്രകടിപ്പിക്കുന്ന ഹരിതലോക പ്രതിപത്തി മുതല്‍
ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായ, ഡി. എച്ച്. ലോറന്‍സ്,
എ. കെ. രാമാനുജം, സത്യജിത് റേ
തുടങ്ങിയവരുടെ എഴുത്തും സിനിമയും വരെ വിവരിക്കുന്നു. നന്ദലാല്‍ ബോസിന്റെ
പെയിന്റിങ്ങുകളിലും സമാനമായ പ്രകൃതി സ്നേഹത്തിന്റെ പ്രഭാവം അവര്‍
നിരീക്ഷിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ മരങ്ങളെ സ്നേഹിച്ച സസ്യശാസ്ത്രജ്ഞന്‍
ജഗദീഷ് ചന്ദ്ര ബോസിനെ ആദരവോടെ സമീപിക്കുന്ന പുസ്തകം, തന്റെ
ടാക്സിയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് യാത്രക്കാരോടെല്ലാം ഓരോന്ന് വീട്ടില്‍
കൊണ്ടുപോയി നടാന്‍ അപേക്ഷിക്കുന്നത് ശീലമാക്കിയ കൊല്‍കത്ത ടാക്സി ഡ്രൈവര്‍ ‘ബാപ്പി
ഗ്രീന്‍ ടാക്സി’യെ പോലുള്ള അറിയപ്പെടാത്ത മനുഷ്യരെയും
സ്മരിക്കുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ മരങ്ങളില്‍ തങ്ങളുടെ മക്കളെ
കണ്ടെത്തുന്നതും തങ്ങളുടെ കാലശേഷം ആരാണവയെ പരിചാരിക്കുകയെന്നു
വേവലാതിപ്പെടുന്നതുമായ വിചിത്ര അനുഭവങ്ങള്‍ക്കും അവര്‍ സാക്ഷിയായിട്ടുണ്ട്.
വൃക്ഷങ്ങളോടുള്ള അടുപ്പം അവയുടെ നിഴലുകളോടു പോലുമുള്ള അഭിനിവേശമായിത്തീരുന്നുണ്ട്
ഗ്രന്ഥകാരിയില്‍. വൃക്ഷക്കാതലിന്റെ എക്സ്-റേ എടുക്കുന്നത് വരെ അത്
എത്തിച്ചേരുന്നത് വിചിത്രമായിത്തോന്നാം. വനജീവിതവും സൃഷ്ടിപരതയും തമ്മിലുള്ള ബന്ധം
പരാമര്‍ശിക്കുമ്പോള്‍ വനവും വ്യഭിചാരവും വിഷയമാകുന്നത് പോലെ, മറ്റൊരു ചിന്താര്‍ഹാമായ നിരീക്ഷണമാണ് കാടിന് വൃത്തി/ വൃത്തിഹീനതാ
സങ്കല്പങ്ങള്‍ ബാധകമല്ല എന്നത്. മാലിന്യവും വൃത്തിയും ഒന്നായിത്തീരുന്ന ഇടമാണ്
കാട്. ചില മഹാവൃക്ഷങ്ങളെ ആരാധ്യമായി കാണുന്ന സംസ്കാരത്തില്‍ അത്തരം പുരാതന
ചരിത്രമുള്ള വൃക്ഷങ്ങളുടെ ‘മരണം’ വിലാപ
നിമിത്തമാകുന്നതും പുല്‍ക്കൊടിയുടെ നാശം ആരെയും വേദനിപ്പിക്കാത്തതും ഒരു
വൈരുദ്ധ്യമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പുസ്തകത്തിന്റെ അവസാന ഭാഗത്ത്
ബുദ്ധനെയും വൃക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും കുറിച്ചുള്ള ഒട്ടേറെ
നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു
പുരാണമാണ്. ലുംബിനിയില്‍, അശോക മരത്തിന്റെ
ചില്ലയില്‍ പിടിച്ചു കൊണ്ടാണ് സിദ്ധാര്‍ഥന്റെ അമ്മ മായാദേവി അദ്ദേഹത്തെ
പ്രസവിച്ചത്. “ഇവിടെ (ലുംബിനിയില്‍) എല്ലായിടത്തും അശോകമരം പൂക്കുന്നു, ആനന്ദത്തില്‍ ഒരു ചില്ലക്ക് വേണ്ടി അവര്‍ തന്റെ വലതുകരം നീട്ടുന്നു, അപ്പോള്‍ ഒരു രാജകുമാരന്‍ പിറക്കുന്നു.” അഥവാ, ഒരു
രാജകുമാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ചത് വനത്തിലാണ്. ബോധോദയം സംഭവിക്കുന്നത്
ബോധിവൃക്ഷത്തിന് ചുവടെയാണെങ്കില്‍ ബുദ്ധന്റെ മരണവും രണ്ടു ശാലവൃക്ഷങ്ങള്‍ക്ക്
ചുവട്ടിലായിരുന്നു. വൃക്ഷച്ചുവട്ടിലെ ഇരിപ്പ് ബുദ്ധമത ആത്മീയതയില്‍ ഏറെ
പ്രധാനവുമാണ്. ബുദ്ധിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ താമരക്കുള്ള പ്രസക്തി ശതപത
ബ്രാഹ്മണം, പദ്മാസന സങ്കല്പം എന്നിവയിലൂടെ ഗ്രന്ഥകാരി
സമര്‍ത്ഥിക്കുന്നുണ്ട്. വൃക്ഷങ്ങളോടുള്ള മനുഷ്യരുടെ ആദരം അവക്ക് വിനാശകരമായിത്തീര്‍ന്നതിന്റെ
ഉദാഹരണമായി അശോക ചക്രവര്‍ത്തിയുടെ റാണി തിശ്യരക്ഷിത, ചക്രവര്‍ത്തിക്ക്
പ്രിയപ്പെട്ട ബോധി വൃക്ഷത്തെ ‘സപത്നി’യായി തെറ്റിദ്ധരിച്ചതും
അസൂയാലുവായി അതിനെ നിഗ്രഹിക്കാന്‍ കല്‍പ്പന നല്‍കിയതും ഗ്രന്ഥകാരി
ചൂണ്ടിക്കാട്ടുന്നു. “ഒരു മരം മുറിച്ചു കൂടാ, കാരണം അത്
ബുദ്ധനെ പ്രതിനിധാനം ചെയ്യുന്നു. അത് ബുദ്ധന്‍ തന്നെയാണ്.” ഹിന്ദു ദേവീ ദേവന്മാര്‍
മൃഗങ്ങളെ വാഹനങ്ങളാക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും ബുദ്ധ ദര്‍ശനത്തില്‍ കേന്ദ്ര
പ്രതീകങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.
സാര്‍വ്വജനീനമായ കൌതുകം ജനിപ്പിക്കാവുന്ന ഒരു പുസ്തകമല്ല സുമനാ റോയിയുടെത്. എന്നാല്‍, ഭ്രാന്തമായ തിരക്കുകള്‍ക്കിടയിലും ഒന്ന് തിരിഞ്ഞു നോക്കാന്‍, ദലമര്‍മ്മരങ്ങള്‍ക്കും ഊഞ്ഞാല്‍ക്കൈകളുടെ തലയിണ മന്ത്രങ്ങള്‍ക്കും കാതോര്‍ക്കാന്‍, ഡിസ്റ്റോപ്പിയന്‍ വേനലറുതികളില്‍ സാന്ത്വനമായ തണല്‍ത്തണുപ്പുകളിലേക്ക് ഒന്നുകൂടി തല ചായ്ക്കാന്‍, മണ്ണിലും ആകാശത്തിലുമുള്ള ആദിമ ഗുരുത്വങ്ങളെ വേരുകളിലും ചില്ലകളിലും അടുത്തറിയാന്‍ കൊതിക്കുന്ന ‘ഒരിക്കലും നന്നാവാത്ത’ വിശുദ്ധ സ്വപ്നാടകര്‍ക്ക് തീര്‍ച്ചയായും ഹൃദ്യമായ ഒരനുഭവമാണ് പുസ്തകം കരുതി വെക്കുന്നത്.
(ബുക്ക്പിക്ക്, ദേശാഭിമാനി വാരാന്തപ്പതിപ്പ്)
https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html
Drive
Your Plow Over the Bones of the Dead by Olga Tokarczuk
https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html
No comments:
Post a Comment