Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 17.

 17.



ബൃഹദ് ആഖ്യാനങ്ങളുടെ തട്ടകം പുരുഷ കേന്ദ്രിതമല്ല എന്നതിന് ആഫ്രിക്കന്‍ സമകാലിക സാഹിത്യത്തില്‍ വേണ്ടുവോളം മാതൃകകള്‍ കണ്ടെത്താനാകും. Segu പോലുള്ള ഇതിഹാസവ്യാപ്തിയുള്ള കൃതികള്‍ രചിച്ചിട്ടുള്ള ഗോഡെ ലൂപെയുടെ മറീസ് കൊണ്ടേ (Maryse Conde) യെപ്പോലുള്ള മഹദ് സാന്നിധ്യങ്ങള്‍ തെളിയിച്ചിട്ടുള്ള വഴിയില്‍ ആഫ്രിക്കന്‍ ചരിത്രത്തിന്റെ തമോഗര്‍ത്തങ്ങളെ ആഴത്തിലും പരപ്പിലും അടയാളപ്പെടുത്തുന്ന കൃതികള്‍ രചിക്കുന്നതില്‍ പുതുതലമുറ എഴുത്തുകാരികള്‍ മികവു പുലര്‍ത്തുന്നു. ഉഗാണ്ടന്‍ സാഹിത്യം കാത്തിരുന്ന ബൃഹദാഖ്യാനമെന്നു ജെന്നിഫര്‍ മകൂംബിയുടെ Kintu വിളിക്കപ്പെടാമെങ്കില്‍ അതേ സ്ഥാനം വയേതു മൂറിന്റെ She Would Be King  ലൈബീരിയന്‍ സാഹിത്യത്തിലും മാസ മെന്‍ഗിസ്തെയുടെ The Shadow King എത്യോപ്യന്‍ സാഹിത്യത്തിലും നംവാലി സെര്‍പെലിന്റെ The Old Drift സാംബിയയുടെ കാര്യത്തിലും അര്‍ഹിക്കുന്നുണ്ട്. നദീഫ മുഹമ്മദിന്റെ കൃതികള്‍ (The Black Mamba Boy; The Orchard of Lost Souls) സോമാലിയന്‍ ചരിത്രത്തിന്റെ ഇതിഹാസ ഘട്ടങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുമ്പോള്‍, ലൈല ലലാമിയുടെ The Moor’s Account കൊളോണിയല്‍ വ്യാപനത്തിന്റെ ആദ്യ കാല ചരിത്രത്തില്‍ സമാനമായ രീതിയില്‍ കുഴിച്ചുമൂടപ്പെട്ട ഒരു ഘട്ടത്തെ പുന:സൃഷ്ടിക്കുന്നു. മോമോ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക കെനിയന്‍ ചരിത്രം വരെ വ്യാപിക്കുന്ന ഹിംസയുടെ ഭീകരത കുടുംബ ദുരന്തത്തിന്റെ കൂടി വൈകാരികോര്‍ജ്ജത്തോടെ അവതരിപ്പിക്കുന്ന യിവോനെ ഒവൂറിന്റെ ‘Dust’ ഒരു സമകാലിക ക്ലാസ്സിക് ആണ്. വെറോനിക് താദ് യോയുടെ The Shadow of Imana, സ്കൊലാസ്റ്റിക് മുകസോങ്ങയുടെ Our Lady of the Nile  എന്നീ നോവലുകള്‍ റുവാണ്ടന്‍ വംശഹത്യയുടെ മാനുഷിക വിലയെ വ്യത്യസ്ത തലങ്ങളില്‍ പരിശോധിക്കുമ്പോള്‍ അത്തരമൊരു ഇരുണ്ട വിഷയത്തെ ജനപ്രിയ സാഹിത്യത്തിന്റെ ചുറ്റുവട്ടത്തില്‍ വിന്യസിക്കുകയും പ്രതീക്ഷയുടെ സാധ്യതകള്‍ ആഘോഷിക്കുകയും ചെയ്യുന്ന കൃതിയാണ് ഗൈലി പാര്‍ക്കിന്‍ രചിച്ച Baking Cakes in Kigali. അടിമത്ത സമ്പ്രദായത്തിന്റെയും അടിമ വ്യാപാരത്തിന്റെയും ചോരക്കറകള്‍ ഉണങ്ങാ മുറിവുകള്‍ ആയി തിരിച്ചറിയുന്ന എഴുത്തുകാരെ ഘാന/ ഗോള്‍ഡ്‌കോസ്റ്റ് ചരിത്രഭാരം ഇന്നും വലിയ തോതില്‍ വേട്ടയാടുന്നുണ്ട്‌. സുദീര്‍ഘമായ ചരിത്രമുണ്ട് ‘അടിമ ആഖ്യാനങ്ങള്‍ക്ക് (Slave Narratives).  അയേഷ ഹാറൂന അത്തയുടെ The Hundred Wells of Salaga, ഈ ഗണത്തില്‍ വരുന്ന ഒരു പുതിയ കൃതിയാണ് (2018). ലൈബീരിയയുടെ യെമ ലുസില്‍ഡാ ഹണ്ടറെ (Yema Lucilda Hunter) പോലുള്ള മുതിര്‍ന്ന തലമുറ (ജ: 1943) ഇപ്പോഴും ആവിഷ്കരിക്കുന്ന ഈ വിഷയത്തെ (Road to freedom; Her Name was Aina: A Historical Novel.. etc), പുതിയ തലമുറയും സമീപിക്കുന്നതിന്റെ നിദര്‍ശനം കൂടിയാണ് അത്തയുടെ കൃതി. സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരികള്‍ അപ്പാര്‍ത്തീഡിനെ അതിന്റെ കാലത്തും അതിനു ശേഷവും അടയാളപ്പെടുത്തുന്ന വിധങ്ങളും ‘grand narratives വിനിമയങ്ങള്‍ എന്ന് വിവരിക്കാവുന്നതാണ്.

കലിസ്തെ ബിയാലയുടെ ടാങ്ക, പെറ്റിന ഗപ്പയുടെ  അല്‍ബിനോ നായിക മെമ്മറി, നോ വയലറ്റ് ബുലവായോയുടെ ഡാര്‍ലിംഗ്, തുടങ്ങിയ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാക്കള്‍/ നായികമാര്‍ (unreliable narrator); The Shadow of Imana, Fantasia: An Algerian Cavalcade, Memory in the Flesh  തുടങ്ങിയവയില്‍ കാണുന്ന അനിശ്ചിത, സങ്കര ഘടന; ചിമമാന്‍ഡാ അദീചി, സുകിസ് വാ വാനര്‍, കൊപാനോ മതല്‍ വാ, ഡിനാ സലൂസ്റ്റിയോ തുടങ്ങിയവര്‍ അടയാളപ്പെടുത്തുന്ന ബൃഹദാഖ്യാന വിമുഖത തുടങ്ങിയ പ്രകൃതങ്ങളൊക്കെ ചരിത്രപരവും സാമൂഹിക, രാഷ്ട്രീയ കാരണങ്ങളാലും ഓരങ്ങളില്‍ നില്‍ക്കുന്നവരെ ആഖ്യാന മധ്യത്തില്‍ കുടിയിരുത്തുക മാത്രമല്ല ചെയ്യുന്നത്. മറിച്ചു ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഏറെ ദൂരം, മറ്റാരോടും ഒപ്പമോ മുന്നിലോ എത്തും വിധം സഞ്ചരിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുക കൂടിയാണ്. പോസ്റ്റ്‌കൊളോണിയല്‍ എന്നോ പോസ്റ്റ്‌മോഡേണ്‍ എന്നോ നിങ്ങള്‍ക്ക് സൗകര്യം പോലെ വിളിക്കാം; പക്ഷെ ഏതുവിളിക്കും ആധികാരികതയോടെ മറുവിളി നല്‍കാന്‍ ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഇപ്പോള്‍ സജ്ജമാണ്.       

 

ആഫ്രിക്കന്‍ സാഹിത്യമെന്ന അപാര ഭൂമികയില്‍ നിന്ന് സമൂഹത്തിന്റെ പാതിയുടെ സ്വരങ്ങളെ കണ്ടെത്തുകയും പഠന വിധേയമാക്കുകയും ചെയ്യുകയെന്ന അതിരില്ലാത്ത സാഹസത്തില്‍ ഒരു തരത്തിലുള്ള സമഗ്രതയും അവകാശപ്പെടാനാവുന്ന ഒന്നല്ല തുടര്‍ന്ന് വരുന്ന പേജുകകളില്‍ കാണാനാവുക. ഉള്‍പ്പെടുത്തിയ പ്രതിനിധാനങ്ങളിലേറെ പുറത്തുണ്ട് എന്ന ഏറ്റുപറച്ചിലില്‍ അതുകൊണ്ട് തന്നെ അതിവിനയം തൊട്ടുതെറിച്ചിട്ടില്ല. കൃത്യമായും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന ഒരു ഡസന്‍ നോവലുകള്‍ എങ്കിലും വിവിധ കാരണങ്ങളാല്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടില്ല. The Map of Love (Ahdaf Soueif), The Amputated Memory  (Werewere Liking),  The Secret Lives of Baba Segi’s Wives (Lola Shoneyin),  Ghana Must Go (Taiye Selasi),  Under the Udala Trees (Chinelo Okparanta), Three Strong Women (Marie Ndiaye), House of Stone (Novuyo Rosa Tshuma), The Old Drift  (Namwali Serpell), Triomf (Marlene van Niekerk), The Purple Violet of Oshaantu (Neshani Andreas) Patchwork (Ellen Banda-Aaku), Neighbours (Lília Momplé), Road to freedom (Yema Lucilda Hunter),  Like Water in Wild Places (Pamela Jooste)  തുടങ്ങിയവയൊന്നും ഇത്തരം ഒരു പരിഗണനക്ക് വെളിയില്‍ നിന്നുകൂടാത്തതാണ്. ഉള്‍പ്പെടുത്തിയ സമകാലിക എഴുത്തുകാരികളില്‍ പലരും അവരുടെ ഏറെ നേരെ നിരൂപക ശ്രദ്ധ നേടിയ പുതിയ കൃതികളുമായി വീണ്ടും വന്നും കഴിഞ്ഞു. This Mournable Body (Tsitsi Dangarembga),  Buried Beneath the Baobab Tree (Adaobi Tricia Nwaubani), The Deep Blue Between (Ayesha Harruna Attah), The Death of Vivek Oji (Akwaeke Emezi), Out of Darkness, Shining Light (Petina Gappah)  തുടങ്ങിയവ ഈ ഗണത്തില്‍ പെടും. ഒട്ടേറെ പരിമിതികള്‍, പൊതുവേ സമ്പന്ന പാശ്ചാത്യ വായനയെ ലക്ഷ്യം വെക്കുന്ന ആഫ്രിക്കന്‍ പ്രസാധനത്തിന്റെ വിലനിശ്ചയ രീതി വരെ, ബാധ്യതയായിട്ടുണ്ട്. വിമര്‍ശക/ പഠന ഉറവിടങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത പിന്‍ബലം ഓണ്‍ലൈനില്‍ നിന്ന് തന്നെ ലഭ്യമായി എന്ന സന്തോഷം പുതിയ കാലത്തോടുള്ള കടപ്പാടായി രേഖപ്പെടുത്തണം. ആഫ്രിക്കന്‍ പെണ്ണെഴുത്തിന് നേരിടാനും തുറന്നുകാണിക്കാനും മറികടക്കാനുമുള്ള സന്ദിഗ്ധതകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, എങ്ങനെയൊക്കെയാണ് തങ്ങള്‍ ഏറ്റെടുത്ത വെല്ലുവിളിയെ പ്രതിഭാധനരായ ഈ എഴുത്തുകാരികള്‍ സമീപിക്കുന്നത് എന്ന അന്വേഷണത്തിലേക്ക് മലയാളി വായനക്കാരെ വിനയപൂര്‍വ്വം ക്ഷണിക്കാനുള്ള ഒരെളിയ ശ്രമം തുടര്‍ന്നുള്ള പേജുകളില്‍ അവതരിപ്പിക്കട്ടെ.

തുടര്‍ച്ച:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 18.   

https://alittlesomethings.blogspot.com/2024/09/18.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:


ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 13.

https://alittlesomethings.blogspot.com/2024/09/13.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 14.

https://alittlesomethings.blogspot.com/2024/09/14.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 15.

https://alittlesomethings.blogspot.com/2024/09/15.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 16.  

https://alittlesomethings.blogspot.com/2024/09/16.html

No comments:

Post a Comment