Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 8.

8.


 

ഉപരി-മധ്യ വര്‍ഗ്ഗ വെള്ളക്കാരികളുടെ സമ്പൂര്‍ണ്ണ മേധാവിത്തമുണ്ടായിരുന്ന  ഫെമിനിസത്തിന്റെ മുഖ്യധാരാ ഭാഷ്യങ്ങള്‍ക്കൊന്നിനും കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ അവസ്ഥയെ അഭിമുഖീകരിക്കാനായില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് അവര്‍ അനുഭവിച്ച വര്‍ഗ്ഗ, വര്‍ണ്ണ വിവേചനത്തെ നേരിടാന്‍ പ്രാപ്തമായ മറ്റൊരു സ്ത്രീപക്ഷ വീക്ഷണം എന്ന അര്‍ത്ഥത്തില്‍ ‘വുമനിസം’ എന്ന പദം ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരി ആലിസ് വാക്കര്‍ ഉപയോഗിച്ചത്. ഒരു സാമൂഹിക ചട്ടക്കൂടെന്ന നിലയില്‍ ഫെമിനിസത്തില്‍ നിന്ന് വ്യത്യസ്തമാണ് ‘വുമനിസം’. അത് സ്ത്രീത്വത്തെ ആഘോഷിക്കുന്നു, കറുത്ത വര്‍ഗ്ഗ സ്ത്രീയില്‍ കേന്ദ്രീകരിക്കുന്നു, സമൂഹത്തില്‍ തങ്ങളുടെ ഇടം ഉറപ്പിക്കുകയെന്നത് ലക്‌ഷ്യം വെക്കുന്നു. വാക്കാറുടെ നിര്‍വ്വചനത്തില്‍ ‘വുമനിസ്റ്റ്’ എന്നാല്‍ ‘കറുത്ത വര്‍ഗ്ഗ ഫെമിനിസ്റ്റ്’ അഥവാ ‘വെള്ളക്കാരല്ലാത്ത ഫെമിനിസ്റ്റ് (feminists of color)’ എന്നാണ്; അവര്‍ പുരുഷനും സ്ത്രീയും അടങ്ങുന്ന മൊത്തം മനുഷ്യരുടെയും അതിജീവനത്തില്‍ പ്രതിജ്ഞാബദ്ധരാണ്. “ഫെമിനിസ്റ്റിനെ സംബന്ധിച്ചു വുമനിസ്റ്റ് എന്നാല്‍ ലാവണ്ടറിനു ഊതവര്‍ണ്ണം പോലെയാണ്” എന്ന പ്രസിദ്ധ വാക്യത്തിലൂടെ ഫെമിനിസത്തെ വുമനിസത്തിന്റെ വലിയ ആശയ ഘടനയില്‍ ഒരു ഘടകമാക്കി വിവരിക്കുകയാണ് ആലിസ് വാക്കര്‍. ഈ ആശയങ് ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ചിന്തയില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നു പോകുന്ന ഒന്നായതിനു കാരണം ആഫ്രിക്കന്‍ ഫെമിനിസവും പുറംതള്ളലില്‍ അല്ല, ഉള്‍കൊള്ളലിലാണ് വിശ്വസിക്കുന്നത് എന്നതാണ്. ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ചിന്തയിലെ ഏഴു സുപ്രധാന വിഷയങ്ങള്‍” എന്ന ലേഖനത്തില്‍ മിന്നാ സലാമി (Minna Salami) നടത്തുന്ന നിരീക്ഷണങ്ങള്‍ ഇതുമായി ചേര്‍ത്തു കാണേണ്ട അതീവ ശ്രദ്ധേയമായ ഒരു ചുരുക്കെഴുത്താണ് *(18). ആഫ്രിക്കന്‍ ഫെമിനിസ്റ്റ് സിദ്ധാന്തവല്‍ക്കരണത്തില്‍ ബഹുവചനം (‘African feminisms’) ഉപയോഗിക്കുന്നതാണ് കൂടുതല്‍ കൃത്യമാകുക എന്നവര്‍ പറയുന്നു. അവയുടെ വെളിച്ചത്തില്‍ ആഫ്രിക്കന്‍ എഴുത്തുകാരികളുടെ രചനകള്‍ പഠന വിധേയമാക്കുമ്പോള്‍ ഏഴു സുപ്രധാന നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കുന്നു:

1. പുരുഷാധിപത്യം. സമൂഹം വ്യക്തിക്ക് അനുവദിക്കുന്ന സ്വയം നിര്‍ണ്ണയാവകാശമുള്ള ഇടത്തിന്റെ കാര്യത്തില്‍ മറ്റെതൊരു വന്‍കരയിലും എന്ന പോലെ ആഫ്രിക്കയിലും സ്ത്രീ അവഗണന അനുഭവിക്കുന്നു. ചില കാലങ്ങളില്‍ ചില സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് മറ്റു ചില സമൂഹങ്ങളിലെ പുരുഷന്മാരേക്കാള്‍ പദവി കിട്ടിയിട്ടുണ്ടെങ്കിലും സ്വന്തം സമൂഹങ്ങളില്‍ അവരെപ്പോഴും പുരുഷനു പിറകില്‍ ആയിരുന്നു. ഏതൊക്കെ രീതിയിലാണ് പൊതു ഇടങ്ങളില്‍ സ്ത്രീയെ ഭരിക്കപ്പെടുന്നവളായി നിലനിര്‍ത്തുന്നതെന്ന വിഷയം ആഫ്രിക്കന്‍ ഫെമിനിസം പരിശോധിക്കുന്നു. പുരുഷാധിപത്യ പരമല്ലാത്ത സമത്വാധിഷ്ടിത പാരസ്പര്യത്തിലൂടെ സാധ്യമായേക്കാവുന്ന പരസ്പര പ്രായോജകവും പരിവര്‍ത്തനോന്മുഖവും പുരോഗമാനോന്മുഖവുമായ സ്ത്രീ-പുരുഷ ബന്ധത്തിനു വേണ്ടി പുരുഷന്റെ ഔദാര്യത്തിന് കാത്തുനിന്നാല്‍ പോരെന്നും അത് നേടിയെടുക്കാനുള്ള ശ്രമം സ്ത്രീപക്ഷ ഉത്തരവാദിത്തം ആണെന്നും ആഫ്രിക്കന്‍ ഫെമിനിസം കരുതുന്നു.

2. വംശീയത: വംശീയ ശ്രേണീബദ്ധതയും അതിന്റെ രാഷ്ട്രീയവും ആഫ്രിക്കന്‍ ഫെമിനിസത്തിന് അവഗണിക്കാനാവില്ല. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പരസ്പര പൂരക സമീപനവും അടുപ്പവും നിലനിന്ന ആഫ്രിക്കന്‍ ദേശങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആഫ്രിക്കന്‍ ഫെമിനിസ്റ്റുകള്‍ നിലനിര്‍ത്തുന്നുണ്ട്. ആഫ്രിക്കയെ കൊളോണിയല്‍ ശക്തികളുടെ ആശ്രിതരാക്കിയ വ്യവസ്ഥകളെയും പദവികളെയും പൊളിച്ചെഴുതാനും നൂറ്റാണ്ടുകളായി നിലനിന്ന സാമ്രാജ്യത്വ ചരിത്രഭാരത്തെ കുടഞ്ഞുകളയാനും ഇക്കാലം വരെയും, വെവ്വേറെ വഴികളില്‍ എങ്കിലും, ആഫ്രിക്കന്‍ സ്ത്രീയെയും പുരുഷനെയും വേട്ടയാടിയ വംശീയവല്‍ക്കരിക്കപ്പെട്ട ഭീകരാനുഭവങ്ങളില്‍ നിന്ന് മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ഒരു പുതിയ ഭാഷ കണ്ടെടുക്കാനും ആഫ്രിക്കന്‍ ഫെമിനിസ്റ്റ് സാഹിത്യം ലക്ഷ്യമിടുന്നു.

3. പാരമ്പര്യം: വീട്ടുജോലികള്‍, വൈവാഹിക സമ്പ്രദായങ്ങള്‍, ഉത്പാദന രീതികള്‍, ലൈംഗിക സ്വാതന്ത്ര്യം തുടങ്ങി എന്തിലും ആഫ്രിക്കന്‍ പുരുഷാധിപത്യക്രമം സ്ത്രീ വിവേചനം കാണിച്ചിട്ടുണ്ട്. സ്ത്രീയെ തീര്‍ത്തും അവഗണിക്കുന്ന ബഹുഭാര്യത്വം, വിധവകളോടുള്ള ലൈംഗിക കടന്നുകയറ്റങ്ങള്‍, പെണ്‍ചേലാകര്‍മ്മം, ദുര്‍മ്മന്ത്രവാദിനീ വേട്ട (witch-hunt), സ്വത്തിലും അധികാരത്തിലും പങ്കു നിഷേധിക്കല്‍ തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ ക്രമത്തിന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് സ്ത്രീ എന്നും മൌനം പാലിക്കേണ്ടിയിരുന്നു. എന്നാല്‍, സാംസ്കാരിക സ്മൃതികളുടെയും ജ്ഞാനത്തിന്റെയും ആത്മീയതയുടെയും സമ്പന്ന പൈതൃകത്തിന്റെയും ഉറവിടമായ പാരമ്പര്യങ്ങളുടെ നിഷേധം ആഫ്രിക്കന്‍ ഫെമിനിസത്തിന്റെ ലക്ഷ്യമല്ല. അവരുടെ ലക്ഷ്യം, പാരമ്പര്യത്തെ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ പാകത്തില്‍ പരുവപ്പെടുത്തുക എന്നതാണ്;  അതുവഴി തളംകെട്ടി നില്‍ക്കുന്നതിനു പകരം സമൂഹത്തെ സമ്പുഷ്ടമാക്കാന്‍ അതിനു കഴിയുമെന്ന് അവര്‍ കരുതുന്നു.

4. അവികസിതാവസ്ഥ: സ്ഥിതിവിവരക്കണക്കുകളിലെ ആഫ്രിക്കന്‍ ശോചനീയാവസ്ഥ പാശ്ചാത്യ ലോകത്തിന്റെ സമ്പന്നതയുമായി ഘടനാപരമായി ബന്ധിതമാണ് എന്ന് ആഫ്രിക്കന്‍ ഫെമിനിസ്റ്റുകള്‍ കരുതുന്നു. സൈനിക ഇടപെടല്‍, വിഭവ ചൂഷണം, എന്‍.ജി.ഓ. പ്രചാരണങ്ങള്‍ തുടങ്ങിയവയിലൂടെ പാശ്ചാത്യ ലോകം ആഫ്രിക്കക്കു നേരെയുള്ള അനീതി തുടരുന്നു. HIV/Aids, സ്ത്രീകളുടെ ലൈംഗിക ചൂഷണം, അമ്മമാരുടെ ആരോഗ്യം തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതില്‍ നിയോ കൊളോണിയല്‍ അധികാര രീതികളിലൂടെ പാശ്ചാത്യ ശക്തികള്‍ ഇന്നും ആഫ്രിക്കന്‍ ദേശങ്ങളെ വരുതിയില്‍ നിര്‍ത്തുന്നു. വിദ്യാഭ്യാസ സാധ്യതയുടെ അഭാവവും അതിന്‍ ഫലമായി ഉണ്ടാകേണ്ടിയിരുന്ന ബോധ നിലവാരത്തിലെ വികാസവും തടയപ്പെട്ടത് നീതിന്യായ വ്യവസ്ഥ, കൃഷി, ഇതര വന്‍കരകളുമായുള്ള വാണിജ്യ ബന്ധങ്ങള്‍, തദ്ദേശീയ ആരോഗ്യ സംരക്ഷണം, ബൌദ്ധിക നിലവാര വളര്‍ച്ച എന്നിവയിലൊക്കെ സ്വാഭാവികമായി ഉണ്ടാവേണ്ടിയിരുന്ന പുരോഗതി കൈവരിക്കാന്‍ കഴിയാതെ പോയി. ബോധനിലവാരത്തില്‍ സംഭവിക്കാതെ പോയ പുരോഗതി, ലിംഗ സമത്വമെന്ന ആശയം ആഫ്രിക്കാ ബാഹ്യമാണെന്നും (unAfrican) സ്വവര്‍ഗ്ഗ ലൈംഗികത പാപമാണെന്നും മറ്റുമുള്ള ധാരണകള്‍ ചോദ്യം ചെയ്യപ്പെടാതെ പോവാന്‍ ഇടയാക്കി. ലോകമെങ്ങുമുള്ള ഏതൊരു വികസിത രാജ്യത്തിലെയും എന്ന പോലെ, ആഫ്രിക്കയിലും ദാരിദ്ര്യത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്‌ സ്ത്രീകളെയാണ്: സ്ത്രീകള്‍ ആശ്രിതരുടെ ആശ്രിതര്‍ (dependant of the dependant) ആയിരുന്നു. തങ്ങളുടെ ജനതയ്ക്കു മേലുള്ള വൈദേശിക ആധിപത്യത്തെ ചെറുക്കുകയും വന്‍കരയിലെ സമസ്ത ദേശങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്ന അധ്വാന ശക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ  മാത്രമേ ആഫ്രിക്കയുടെ പുരോഗതി സാധ്യമാകൂ എന്ന്ആഫ്രിക്കന്‍ ഫെമിനിസം കരുതുന്നു.

5. ലൈംഗികത: സ്വവര്‍ഗ്ഗാനുരാഗം, ഭിന്ന ലൈംഗിക സ്വത്വങ്ങള്‍ തുടങ്ങിയവയോടുള്ള ആഫ്രിക്കന്‍ ദേശങ്ങളുടെ കടുത്ത നിലപാടുകള്‍ ആഫ്രിക്കന്‍ ഫെമിനിസത്തിലെ ഒരു മുഖ്യ പ്രമേയമാണ്. സ്ത്രൈണ ലൈംഗികതയും അതിന്റെ എല്ലാ പ്രകടിത രൂപങ്ങളും, അതിന്റെ മേലുള്ള നിയന്ത്രണവും അടിച്ചമര്‍ത്തലും എന്നത് ആഫ്രിക്കന്‍ ഫെമിനിസം ഏറെ ശ്രദ്ധയര്‍പ്പിക്കുന്ന ഒന്നാണ്. എതിര്‍ലിംഗ ലൈംഗികതയെന്ന നിഷ്കൃഷ്ട അതിരുകള്‍ക്കപ്പുറം, ലൈംഗിക സംതൃപ്തി എന്ന വിഷയവുമായി ആഫ്രിക്കന്‍ ഫെമിനിസം സംവദിക്കുന്നുണ്ട്. ചരിത്രത്തിന്റെ മുറിവുകളും വൈദേശിക അധിനിവേശവും നീണ്ടുനിന്ന പോരാട്ടങ്ങളും സ്ത്രീ ശരീരത്തില്‍ ബാക്കിവെച്ച അടയാളങ്ങള്‍, ബലാല്‍ക്കാരങ്ങള്‍ക്കു ശേഷമുണ്ടാവുന്ന മാനസിക-ശാരീരിക പീഡകളെ സ്ത്രീ എങ്ങനെ നേരിടുന്നു, എന്നതൊക്കെ ആഫ്രിക്കന്‍ ഫെമിനിസം അന്വേഷിക്കുന്നു. സ്ത്രീക്ക് തന്റെ ഉടലിന്റെ മേലുള്ള മൌലികമായ അവകാശത്തെ നിഷേധിക്കുന്ന സമീപനങ്ങളെ പൊളിച്ചെഴുതുക എന്നത് ഇതിന്റെ ഭാഗമാണ്.

6. ആഗോള ഫെമിനിസം: ആഗോളീകൃത സമൂഹത്തില്‍ ആഫ്രിക്കന്‍ ഫെമിനിസം അതിന്റെ മുഴുവന്‍ കരുത്തും ആര്‍ജ്ജിക്കണമെങ്കില്‍ ലോകമെങ്ങുമുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിക്കേണ്ടതുണ്ട് എന്ന് പുതു തലമുറ തിരിച്ചറിയുന്നുണ്ട്‌. ഇരുപതാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ ഫെമിനിസത്തിന്റെ ബോധ്യങ്ങള്‍ മറ്റൊന്നായിരുന്നു. വെളുത്തവരുടെ സ്വന്തമായ പാശ്ചാത്യ ഫെമിനിസത്തിന്റെ ആഖ്യാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ആഫ്രിക്കന്‍ ഫെമിനിസം അതിന്റെ ലക്‌ഷ്യം നേടുകയില്ല എന്നതായിരുന്നു അത്. എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ വ്യത്യസ്തതകള്‍ നിലനിര്‍ത്തുമ്പോഴും മറ്റു സമൂഹങ്ങളുമായി, വിശേഷിച്ചും ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുമായി, സഹകരിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയപ്പെടുന്നു. സിദ്ധാന്തവും പ്രയോഗവും ഇക്കാര്യത്തില്‍ എല്ലായിപ്പോഴും ഒരുമിച്ചു പോകുന്നില്ലെങ്കിലും, ഈ പ്രവണത കാലഘട്ടത്തിന്റെ വിളിയാണ്. വെള്ളക്കാരായ ഫെമിനിസ്റ്റുകള്‍ തങ്ങളെ കുറിച്ച് നിര്‍മ്മിച്ച്‌ വെച്ച തെറ്റായ സങ്കല്‍പ്പങ്ങളോടുള്ള രോഷം സ്വാഭാവികമാണ് എന്നതു ശരിതന്നെയെങ്കിലും  ആ രോഷത്തെ  മറികടക്കുക എന്നത് സമകാലിക ആഫ്രിക്കന്‍ ഫെമിനിസ്റ്റുകളെ സംബന്ധിച്ചു പ്രധാനമാണ്. സ്ത്രീത്വത്തിന്റെ ഹൃദയത്തിലെ ശക്തി തിരിച്ചറിയാനും ശക്തിപ്പെടുത്താനും അത് അനിവാര്യമാണ്.

7. പ്രണയം: കല എന്നത് ആഫ്രിക്കന്‍ ഫെമിനിസ്റ്റുകള്‍ക്ക് അവരുടെ നിലപാടുകള്‍ 'പ്രസ്താവിക്കാന്‍' ഉള്ള ഇടമല്ല, മറിച്ചു അവയെ പ്രതീകാത്മകമായി ആവിഷ്കരിക്കാനുള്ള ഇടമാണ്. വെള്ളക്കാര്‍/ പുരുഷന്മാര്‍ സൃഷ്ടിച്ച അക്കാദമിക ചരിത്രത്തോട് ഒപ്പം തന്നെ പുതിയൊരു ബൗദ്ധിക പാരമ്പര്യം സൃഷ്ടിക്കുന്നതിലൂടെ, ഫലത്തില്‍, ആഫ്രിക്കന്‍ ഫെമിനിസ്റ്റുകള്‍ ജ്ഞാനനിര്‍മ്മിതിയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും മനസ്സുകളെ കൊളോണി മുക്തവും പുരുഷാധികാര മൂല്യ മുക്തവും ആക്കുകയുമാണ് (""questioning the legitimacy of  knowledge production and decolonizing and depatriarchalising minds). ആഫ്രിക്കന്‍ ഫെമിനിസ്റ്റ് ചിന്ത, പ്രണയവും നീതിയും വിപ്ലവത്തിനും പരിവര്‍ത്തനത്തിനും അനുപൂരകമാണ് എന്നു കരുതുന്നു. അത് മുറിവുണക്കലിലും രഞ്ജിപ്പിലും കേന്ദ്രീകരിക്കുന്നു. ആഫ്രിക്കന്‍ സ്ത്രീത്വത്തിന്‍റെ ഭാഷ, ലൈംഗികവും, വംശീയവും, ആത്മീയവും, മനശാസ്ത്രപരവും, സാമൂഹികവുമായ സമത്വം ലക്ഷ്യം വെക്കുന്നു. നിത്യ ജീവിതത്തില്‍ നേരിടേണ്ട സൂക്ഷ്മവും സ്ഥൂലവുമായ ഹിംസ ഏറെ കുറഞ്ഞിരിക്കുന്ന, ശത്രുതാ മനോഭാവത്തിന്‍റെ സ്ഥാനത്ത് ആത്മാവിഷ്കാരത്തിനു കൂടുതല്‍ ഇടം നല്‍കുന്ന ഒരു ഭാഷയാണ് അത്. പുരോഗമന ചിന്ത എന്നത് ബൗദ്ധികം (cerebral) മാത്രമല്ല അയുക്തികവും (visceral) വികാരദ്യോതകവും (expressive) കൂടിയാണ് എന്ന നിലയില്‍ ആവിഷ്കരിക്കാന്‍ സര്‍ഗ്ഗ ശേഷിയെ ഉപയോഗപ്പെടുത്തുന്നതില്‍ ആഫ്രിക്കന്‍ ഫെമിനിസ്റ്റുകള്‍ മുന്നിലുണ്ട്..


തുടര്‍ വായനക്ക്:

 

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 9.

https://alittlesomethings.blogspot.com/2024/09/9.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:


ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 4.

https://alittlesomethings.blogspot.com/2024/09/4.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.5.

https://alittlesomethings.blogspot.com/2024/09/5.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.6.

https://alittlesomethings.blogspot.com/2024/09/6.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 7.

https://alittlesomethings.blogspot.com/2024/09/7.html

No comments:

Post a Comment