1. ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ യൂറോപ്പ്യന്‍ ശക്തികളുടെ മുന്‍കൈയ്യില്‍ 1881
മുതല്‍ മൂന്നു പതിറ്റാണ്ടുകാലം, 1914 വരെ, ഇടതടവില്ലാതെ
ആഫ്രിക്കന്‍ വന്‍കരയിലേക്കു നടന്ന ഭ്രാന്തമായ അധിനിവേശങ്ങളെ ചരിത്രം തികച്ചും
അന്വര്‍ത്ഥമായ വിധത്തില്‍ ‘ആഫ്രിക്കക്കായുള്ള പരക്കംപാച്ചില്‍’ (Scramble for Africa 1881-1914) എന്നുവിളിച്ചു. തങ്ങളുടെ വര്‍ദ്ധിച്ചു വന്ന വ്യാവസായിക മേഖലക്ക്
ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ക്കും ഉത്പന്നങ്ങളുടെ വിപണിക്കും വേണ്ടി
ആഫ്രിക്കയിലേക്ക് ശ്രദ്ധയൂന്നിത്തുടങ്ങിയ പ്രസ്തുത കൊളോണിയല്‍ ദുരയുടെ തുടര്‍ച്ചയും
മൂര്‍ദ്ധന്യവും ആയിരുന്നു 1884–1885
കാലത്ത് സംഘടിപ്പിക്കപ്പെട്ട ബെര്‍ലിന്‍ സമ്മേളനം. ഇതുസംബന്ധിച്ച്
ഏറ്റവും വിചിത്രമായ ഒരു കാര്യം വര്‍ണ്ണ-വര്‍ഗ്ഗ-വംശീയ ബാഹുല്യത്തിന്റെ,
സംസ്കാരങ്ങള്‍, വിശ്വാസ – ഭാഷാ ഭിന്നങ്ങള്‍ തുടങ്ങി നാനാതരം
വൈവിധ്യങ്ങളുടെ കേതാരമായിരുന്ന, ഭൂമുഖത്തിന്റെ ഇരുപതു
ശതമാനത്തോളം വരുന്ന പ്രദേശങ്ങളും 145 മില്ല്യന്‍ ജനസംഖ്യയും *(1) ഉള്ള ഒരു
വന്‍കരയുടെ വിധി നിര്‍ണ്ണയിക്കുന്ന സമ്മേളനത്തില്‍ ആ ജനതയുടെ പ്രാതിനിധ്യം
ശൂന്യമായിരുന്നു എന്നതാണ്. ആഫ്രിക്കയുടെ ശബ്ദം കേള്‍ക്കപ്പെടെണ്ടതാണ് എന്നുപോലും
തോന്നാത്ത യൂറോപ്യന്‍ ശക്തികള്‍ തങ്ങള്‍ക്കിടയില്‍ വന്‍കരയെ ഭാഗം വെച്ചു.
ആഫ്രിക്കയെ സംബന്ധിച്ച യൂറോപ്യന്‍ ആഖ്യാനങ്ങളില്‍ ആ മൌനം കൊണ്ടാണ് വന്‍കര
അടയാളപ്പെടുത്തപ്പെട്ടത്. കോണ്‍റാഡും (Heart of Darkness-1899), ജോയ്സ് കാരി (Mister Johnson-1952)യും ഏകാക്ഷര വാക്യങ്ങളിലും
(monosyllabic words) മൂളലിലും
ഞരക്കങ്ങളിലും പ്രതികരിക്കുന്നവരായി ചിത്രീകരിച്ച ആഫ്രിക്കന്‍ മനുഷ്യനെ
കുറിച്ചുള്ള ഈ യൂറോപ്യന്‍ പാഠങ്ങള്‍ക്ക് ബോധപൂര്‍വ്വമായ മറുഭാഷ്യം
സൃഷ്ടിച്ചുകൊണ്ടാണ് ചിനുവ അച്ചബെയെ പോലുള്ള ആഫ്രിക്കന്‍ എഴുത്തുകാര്‍ ഉയര്‍ന്നു
വന്നത്. പോയ നൂറ്റാണ്ടിന്റെ പകുതിയോടെ ആരംഭിച്ച, അറുപതുകളോടെ ആഫ്രിക്കന്‍
രാജ്യങ്ങള്‍ ഒന്നൊന്നായി കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം
നേടിത്തുടങ്ങിയതോടെ ശക്തമായിത്തീര്‍ന്ന, ലോക
ഭാഷകളില്‍ എഴുതപ്പെട്ട ആഫ്രിക്കന്‍ സാഹിത്യം, അടിച്ചേല്‍പ്പിക്കപ്പെട്ട ഈ മൗനത്തെ
ഭേദിക്കുകയും ലോകസാഹിത്യ ഭൂപടത്തില്‍ അനിഷേധ്യമാം വിധം ഇടം നേടിയെടുക്കുകയും
ചെയ്തു.
എന്നാല്‍, ആഖ്യാനങ്ങളിലെ മൌനത്തിന്റെ ഇടം മറ്റൊരു
ഭാഗത്ത്, മറ്റൊരു രീതിയില്‍ തുടര്‍ന്നുവന്നു എന്നു പിന്‍ നോട്ടത്തില്‍ കണ്ടെത്തുക
പ്രയാസകരമല്ല. അത് സമൂഹത്തിലെ ഒരു പാതിയായ സ്ത്രീയുടെ സ്വരം സംബന്ധിച്ചുള്ളതാണ്. ആഫ്രിക്കന്‍
പെണ്ണെഴുത്തിലെ അഗ്രഗാമികളായ പലരും പില്‍ക്കാലം പ്രാമാണിക പദവി ലഭിച്ച അവരുടെ
ആദ്യകാല കൃതികള്‍ രചിച്ചത് ആമോസ് ടുടുവോല, ചിനുവ അച്ചബെ,
ങ്ഗൂഗി വാ തിയോങ്ഗോ, സൈപ്രിയന്‍ എക് വെന്‍സി
തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യ കുലപതികളുടെ അതേ കാലത്തും അവരെക്കാളെല്ലാം വലിയ
വെല്ലുവിളികള്‍ നേരിട്ടുമാണ്. എന്നിരിക്കിലും ആഫ്രിക്കന്‍ സാഹിത്യ ചരിത്രം
പരിശോധിക്കുമ്പോള്‍ കുറ്റകരമായ മൌനമാണ് അവരുടെ സംഭാവനകളെ കുറിച്ച് നീണ്ടൊരുകാലം,
എഴുപതുകളിലും എമ്പതുകളിലും വരെ, നിലനിന്നത് എന്ന് കാണാം. ചരിത്രപരവും സാമൂഹികവും
സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്ന ഈ തമസ്കരണത്തിന്റെ കെട്ടുപാടുകള്‍
ഭേദിച്ചാണ് ആഫ്രിക്കന്‍ പെണ്ണെഴുത്ത് ഇന്ന് ലോക സാഹിത്യത്തില്‍ അതിന്റെ സ്ഥാനം
ഉറപ്പിക്കുന്നത്.
അവഗണനയുടെ നാളുകള്‍
ഗികുയു ഉത്പത്തി പുരാണത്തിലെ ആദിമാതാവായ മൂംബി ശക്തയായ
സാമ്രാജ്യ സ്ഥാപകയും സമൂഹത്തിന്റെ നെടും തൂണാകാന്‍ കെല്‍പ്പുള്ളവളുമാണ്.
ആഫ്രിക്കന്‍ എഴുത്തുകാരികള്‍ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്വാധീനം തങ്ങളുടെ
കഥാഖ്യാന പാരമ്പര്യത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ് *(2). കെനിയന്‍ നോവലിസ്റ്റ് ഗ്രേസ് ഒഗോട്ട് മുത്തശ്ശിയുടെ വാമൊഴി കഥാഖ്യാന രീതി
തന്നില്‍ ചെലുത്തിയ സ്വാധീനം എടുത്തു പറയുന്നു. ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തിലും
കേന്ദ്ര സ്ഥാനീയയായ സ്ത്രീക്ക് എങ്ങനെയാണ് വരമൊഴി സാഹിത്യത്തിലേക്ക് എത്തിയപ്പോള്‍
ആ സമുന്നത സ്ഥാനം നഷ്ടമായത് എന്നതിന് വിവിധ കാരണങ്ങള്‍
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(3). വാമൊഴി പാരമ്പര്യം
എഴുത്തു സാഹിത്യത്തിനു വഴിമാറിയപ്പോള്‍ ഭാഷാപരമായ നൈപുണ്യം പ്രധാനമയിത്തീര്‍ന്നു.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്
എന്നിങ്ങനെ കൊളോണിയല്‍ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ പൊതുവേ അവസരം ലഭിച്ചത്
സമൂഹത്തില്‍ വിദ്യാഭ്യാസ അവസരം പ്രായേണ തുറന്നു കിട്ടിയ പുരുഷന്‍മാര്‍ക്കായിരുന്നു.
ഇതോടൊപ്പം വിക്റ്റോറിയന്‍ കൊളോണിയല്‍ വിദ്യാഭ്യാസം കോളനികളിലെ സ്ത്രീ
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാണിച്ച വിവേചനവും മറ്റൊരു തടസ്സമായിത്തീര്‍ന്നു.
പ്രസാധനത്തിന്റെ രാഷ്ട്രീയവും സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നില്ല. ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തനതു ആഫ്രിക്കന്‍ ഭാഷകളില്‍ (African Ethnic
Literature) വനിതാ എഴുത്തുകാര്‍ ഉയര്‍ന്നുവന്നുവെങ്കിലും കൊളോണിയല്‍
ഭാഷകളില്‍ ഫിക് ഷന്റെ തട്ടകത്തിലേക്ക് പ്രതിഭാധനരായ എഴുത്തുകാരികള്‍
വരവറിയിക്കുന്നത് അറുപതുകളോടെയാണ്. ഗ്രേസ് ഒഗോട്ട്, റബേക്ക
ന്‍ജോ (ഇരുവരും കെനിയ), ഫ്ലോറ ന്‍വാപ, ബുചി
എമാചെത (ഇരുവരും നൈജീരിയ), അമ അതാ ഐദൂ, എഫുവ സതര്‍ലാന്‍ഡ് (ഇരുവരും ഘാന),
ബെസ്സി ഹെഡ്, ലോരെറ്റ ന്‍കോബോ, മിറിയാം ത് ലാലി, നോനി ജബാവു (നാലുപേരും സൌത്ത്
ആഫ്രിക്ക), മറിയാമ ബാ, നഫീസാതു ദിയാലോ,
അമിനറ്റ സോ ഫാള്‍ (മൂവരും സെനെഗല്‍), നവാല്‍
അല്‍ സഅദാവി, അലിഫ രിഫാത്, ആന്ദ്രെ
ശദീദ് (മൂവരും ഇജിപ്ത്), ലിന മഗായ (മൊസാംബിക്) തുടങ്ങിയ
അഗ്രഗാമികളില്‍ പലരും ആമോസ് ടുടുവോല, ചിനുവ അച്ചബെ, ങ്ഗൂഗി വാ തിയോങ്ഗോ, സൈപ്രിയന്‍ എക് വെന്‍സി
തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യ കുലപതികളുടെ സമകാലികരും അവരുടെ കൃതികളുടെ അതേ
കാലങ്ങളില്‍ എഴുതി തുടങ്ങിയവരും ആണ്. ഈ തലമുറയിലെ എഴുത്തുകാരികള്‍ കൊളോണിയല്‍
സ്കൂളുകളില്‍ വിദ്യാഭ്യാസം നേടിയവരും സ്വാതന്ത്ര്യ സമരകാലത്തും തൊട്ടു പിറകിലുമായി
മുതിര്‍ന്നു വന്നവരും ആയിരുന്നെങ്കിലും അവര്‍ക്ക് തങ്ങളുടെ ആണ്‍സമകാലികരുടെ പരിഗണന
ലഭിക്കുകയുണ്ടായില്ല. എന്നാല്‍, എഴുപതുകളോടെ, പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിലെ രണ്ടാം തരംഗത്തോടെ (Second
Wave), ഈ സ്ഥിതിക്ക് പ്രകടമായ മാറ്റം സംഭവിച്ചു തുടങ്ങുന്നുണ്ട്.
ഇക്കാലയളവില്‍ ഇപ്പറഞ്ഞ എഴുത്തുകാരികളില്‍ പലരും അംഗീകാരം നേടിയെടുത്തതിനു
പിന്നില്‍, ഉണരുന്ന സ്ത്രീപക്ഷ ചിന്ത ഉള്‍പ്പടെ സുപ്രധാന
കാരണങ്ങള്‍ ഉണ്ടായിരുന്നു. മരിയാമാ ബായുടെ ആദ്യനോവല്‍ So Long a Letter (1981) ശ്രദ്ധിക്കപ്പെടുന്നത് അവര്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായതിനു
ശേഷമാണ്; എഴുത്തുകാരി അപ്പോഴേക്കും അമ്പത് പിന്നിട്ടിരുന്നു.
കുടുംബാന്തരീക്ഷങ്ങളില്‍ വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം മാറ്റങ്ങള്‍
ഉണ്ടാക്കിയതാണ് അമ അതാ ഐദൂവിനെ പോലുള്ളവരെ തുണച്ചതെങ്കില്‍, ദാരിദ്ര്യം
പോലുള്ള സാമൂഹിക പരിതോവസ്ഥകളെ നേരിടുന്നതില്‍ ‘എഴുതപ്പെട്ട വാക്കിന്റെ ശക്തി’യിലുള്ള
വിശ്വാസമാണ് ബുചി എമാചെതയെ എഴുത്തുവഴിയില്‍ എത്തിച്ചത്. ബുചി എമാചെതയെ പോലെ ഫ്ലോറ
ന്‍വാപയും പ്രസാധന രംഗത്തേക്കു കടന്നതും വനിതാ എഴുത്തുകാരികള്‍ക്ക്
പ്രചോദനമായിത്തീര്‍ന്ന ഘടകമാണ്.
തുടര്‍ വായനക്ക് :
ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം (രണ്ട്)
No comments:
Post a Comment