16.
സമകാലിക വികാസം
1990ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രാമാണിക
ആഫ്രിക്കന്‍ സാഹിത്യ നിരൂപണ ഗ്രന്ഥത്തില്‍ വിഖ്യാത സാഹിത്യ വിമര്‍ശക ഒഗുന്‍ദിപെ
ലെസ് ലി ഇങ്ങനെ എഴുതി:
“ആഫ്രിക്കന്‍ സ്ത്രീ എന്തെങ്കിലും പീഡനം
അനുഭവിക്കുന്നുണ്ടെന്നു തീര്‍ത്തും നിഷേധിച്ചുകൊണ്ടും, നമ്മുടെ അമ്മമാര്‍ തീര്‍ത്തും സന്തുഷ്ടരായിരുന്ന അജ്ഞാതമായ ഒരു കൊളോണിയല്‍
പൂര്‍വ്വ ഭൂതകാലത്തെ കൊണ്ടാടിക്കൊണ്ടും പുരുഷാധിപത്യ ക്രമം അതിന്റെ പതിവ് ശൈലിയില്‍
പ്രതികരിക്കുന്നു; ബോധ്യങ്ങളുള്ള വനിതാ ആക്റ്റിവിസ്റ്റുകളെ
പാശ്ചാത്യ ആശയങ്ങളുടെ ഇരകള്‍ എന്നും വെള്ളക്കാരികളെ അന്ധമായി അനുകരിക്കുന്നവര്‍
എന്നും കുറ്റപ്പെടുത്തിക്കൊണ്ട്; സ്ത്രീയെന്ന വ്യക്തിയുടെ
ഭാഗധേയത്തെക്കാള്‍ പ്രധാനം ‘കുടുംബം’ ആണെന്നു പറഞ്ഞുകൊണ്ട്; ‘ദേശീയ പുരോഗതി’യാണ് ഇപ്പോള്‍ (കൊളോണിയല്‍
അനന്തരകാലത്ത്) സ്ത്രീവിമോചനത്തെക്കാള്‍ പ്രാധാന്യമുള്ള മുന്‍ഗണന എന്ന കാപട്യം
ഉപയോഗിച്ചു സ്ത്രീകളുടെ ഉത്കണ്ഠകളെ തട്ടിമാറ്റിക്കൊണ്ട്;
സ്ത്രീകള്‍ ഒരിക്കലും അടിമത്തത്തില്‍ ആയിരുന്നില്ലാത്തതു കൊണ്ട് അവരെ
വിമോചിപ്പിക്കേണ്ട ആവശ്യമേയില്ല എന്നു സ്ഥാപിച്ചുകൊണ്ട്. അപ്പോള്‍ ഇവിടെ
ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അസത്യവല്‍ക്കരണത്തിന്റെ ഒരു സംഘാതമാണ് ഉള്ളത്, എല്ലാറ്റിന്റെയും ലക്ഷ്യം സ്ത്രീയെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുക എന്നതു
തന്നെ. ഏറ്റവും ധീരമായും വാചാലമായും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ ചാപ്പ കുത്തപ്പെടുന്നു.” *(27).
എന്നാല്‍ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരം മൌനം
നിലനില്‍ക്കുന്നെയില്ല. ഇന്ന് കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
പോയ നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിലും പുതിയ
നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമായി ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ ഉണ്ടായ വന്‍
കുതിപ്പിന് ഭൗതികവും ദാര്‍ശനികവുമായ കാരണങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കന്‍ സാഹിത്യം പ്രസാധനത്തിന്റെ പ്രയാസങ്ങള്‍ സൃഷ്ടിച്ച ചേരിവല്‍ക്കരണത്തില്‍
നിന്ന് മുക്തമായി ലോക സാഹിത്യത്തിന്റെ മധ്യത്തിലേക്ക് കുതിക്കുന്നത്, പാശ്ചാത്യ
മാധ്യമങ്ങള്‍ കല്‍പ്പിച്ചു വെച്ച “ആഫ്രിക്കന്‍” വാര്‍പ്പുമാതൃകകളെ അവഗണിച്ചു
തങ്ങള്‍ക്കു പറയാനുള്ള കഥകള്‍ പറയുന്ന എഴുത്തുകാരിലൂടെയാണ്. അങ്ങനെ
സംഭവിക്കുമ്പോള്‍ എന്താണ് ആഫ്രിക്കന്‍ സാഹിത്യം എന്നത് തന്നെ പുനര്‍നിര്‍വ്വചിക്കപ്പെടുകയുമാണ്.
ഈ മുന്നോട്ടുപോക്കില്‍ സ്ത്രീകള്‍ എങ്ങനെ സ്വയം അടയാളപ്പെടുത്തുന്നു എന്ന ഹെതര്‍
ഹ്യുവെറ്റ് സംക്ഷിപ്ത അന്വേഷണം ശ്രദ്ധേയമാണ് *(28). 2010ല്‍ എഴുതുമ്പോള്‍ ആഫ്രിക്കന്‍
സാഹിത്യത്തിലെ പെണ്ണെഴുത്തിന്റെ കുതിപ്പ് അടയാളപ്പെടുത്തുമ്പോഴും അത് പുരുഷ
എഴുത്തുകാരോടൊപ്പം എത്തുന്നില്ല എന്ന് അവര്‍ പറയുന്നത്, 2020ല്‍
എത്തുമ്പോള്‍ പുനര്‍ വിചിന്തനത്തിനു വിധേയമാക്കേണ്ടി വരുമെന്ന് നമുക്കു
നിരീക്ഷിക്കാം. ഇന്ന്, ആഫ്രിക്കന്‍ പെണ്ണെഴുത്ത് മുന്നില്‍ത്തന്നെയാണ്
എന്ന് ബുക്കര്‍ പ്രൈസ് പോലുള്ള അന്താരാഷ്‌ട്ര പുരസ്കാരങ്ങളിലെ പരിഗണനാ പട്ടികകള്‍
പരിശോധിച്ചാല്‍ ബോധ്യമാകും. ഫെമിനിസ്റ്റ് പ്രസ്സ്,
വിശേഷിച്ചും ആഫ്രിക്കയെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനങ്ങള്‍,
പ്രവാസി ആഫ്രിക്കന്‍ എഴുത്തുകാരികള്‍ക്കു ലഭ്യമാകുന്ന വര്‍ദ്ധിച്ച പ്രസാധന സൗകര്യം, MFA പ്രോഗ്രാമുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പെണ്ണെഴുത്തില്‍ കേന്ദ്രീകരിക്കുന്ന നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയവയിലൂടെ
ഫെമിനിസ്റ്റ് ഉണര്‍വ്വുകളുടെയും വര്‍ദ്ധിച്ച ദൃശ്യതയുടെയും നേട്ടങ്ങള്‍ ആഫ്രിക്കന്‍
പെണ്ണെഴുത്ത് കൊയ്തുതുടങ്ങിയിട്ടുണ്ട്. പ്രസാധക മേഖലയിലെ ഘടനാ പരമായ മാറ്റങ്ങള്‍
ആഫ്രിക്കന്‍ പ്രസാധക സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ സാധ്യമാക്കി. ഇതിനെ തുടര്‍ന്ന്
പാശ്ചാത്യ പുസ്തക വിപണികള്‍ക്കു വേണ്ടിയുള്ള ഏകാശിലാരൂപിയായ ആഫ്രിക്കന്‍
ആഖ്യാനങ്ങള്‍ രചിക്കേണ്ട ബാധ്യത പുതിയ എഴുത്തുകാര്‍ക്കില്ലാതായി. “യുദ്ധം, വംശഹത്യ, ഇരവാദ പഠനം (victimology) എന്നിവയെ കുറിച്ചുള്ള ബൃഹദ് ആഖ്യാനങ്ങള്‍” എന്ന ആഫ്രിക്കയെ സംബന്ധിച്ച
പാശ്ചാത്യ സങ്കല്‍പ്പത്തെ അവഗണിച്ചു “നിത്യ ജീവിത കഥകള്‍” പറയുകയെന്ന
അടിസ്ഥാനപരമായ മാറ്റത്തിന് ആഫ്രിക്കന്‍ പ്രസാധക സംരംഭങ്ങള്‍ തുടക്കമിട്ടു എന്ന്
ബകാരെ യൂസുഫ് നിരീക്ഷിക്കുന്നു *(29). ഈ മാറ്റം അത്തരം “നിത്യ
ജീവിത കഥകള്‍” വിഷയമാക്കിയ ആഫ്രിക്കന്‍ എഴുത്തുകാരികള്‍ക്ക് കൂടുതല്‍
സ്വാശ്രയത്വവും ആധികാരികതയും നല്‍കി. “നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍, ഗാര്‍ഹിക ജീവിതം, സ്ത്രൈണ മോഹങ്ങള്‍, പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള കഴിവ്, ആഗോളീകരണം, തുടങ്ങിയ വിഷയങ്ങളെ നിരീക്ഷിക്കുന്നതിലൂടെ” (Hewett)
ആഫ്രിക്കന്‍ പെണ്ണെഴുത്ത് ആഫ്രിക്കന്‍ സാഹിത്യത്തെ കുറിച്ചുള്ള ധാരണകള്‍
മാറ്റിയെഴുതുകയും വികസിപ്പിക്കുകയും ചെയ്യുന്നു.
പ്രതീക്ഷിക്കപ്പെടുന്ന വാര്‍പ്പുമാതൃകകള്‍ ഒന്നിനും
വഴങ്ങാതെ ‘ഒന്നും തെളിയിക്കാന്‍ വേണ്ടിയല്ലാതെ’ തനിക്കിഷ്ടപ്പെട്ട
കഥകള്‍ പറയുന്ന ചിമമാന്‍ഡാ അദീചിയുടെ നിലപാട് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ
തലമുറയിലെ ഇതര എഴുത്തുകാരികള്‍ വിഷയ വൈവിധ്യത്തിന്റെയും തങ്ങളുടെ മുഖമുദ്ര
പതിപ്പിച്ച രചനാ രീതികളുടെയും പ്രയോക്താക്കളാകുന്നത് എങ്ങനെയെന്നത് വിസ്മയകരമാണ്.
പോസ്റ്റ്‌കൊളോണിയല്‍ നൈജീരിയയില്‍, ബയാഫ്രന്‍ സംഘര്‍ഷത്തിനു തൊട്ടു പിറകെ, പെണ്‍കുട്ടിയെന്ന
നിലയില്‍ മുതിര്‍ന്നുവരവിന്റെ സംത്രാസങ്ങള്‍ അവതരിപ്പിക്കുന്ന സെഫി അത്തയുടെ Everything
Good Will Come ആഫ്രിക്കന്‍ സാഹിത്യത്തിലെ ക്ലാസിക്കാണ്.
അദാവോബി നോബാനിയുടെ പ്രഥമ നോവല്‍ (I Do Not Come to You by Chance) ഡിജിറ്റല്‍ ആഫ്രിക്കയുടെ ഏറ്റവും മോശം പതിപ്പായ “419” ഇ മെയില്‍ സ്കാം
എന്ന വിഷയത്തെ പോസ്റ്റ്‌കൊളോണിയല്‍ നൈജീരിയന്‍ പശ്ചാത്തലത്തില്‍ ചിന്തോദ്ദീപകവും
ഒട്ടൊക്കെ ഹാസ്യാത്മകവുമായ ഒരു സോഷ്യല്‍ സറ്റയര്‍ ആയി അവതരിപ്പിക്കുന്നു. പോസ്റ്റ്
9/11
കാലഘട്ടത്തിലും തന്റെ മുസ്ലിം സ്വത്വം തുറന്നു പറഞ്ഞുകൊണ്ടുതന്നെ
ഭീകരവാദത്തിന്റെയും ഇസ്ലാമോഫോബിയയുടെയും പ്രമേയങ്ങളെ നിശിതമായി സമീപിക്കുന്ന
സുഡാനീസ് നോവലിസ്റ്റ് ലൈല അബു ലൈല, (The
Kindness of Enemies; Minaret...etc) പുതിയ
കാലത്തിന്റെ ഏറ്റവും ശ്രദ്ധേയായ ഒരെഴുത്തുകാരിയാണ്. ഭിന്ന രതി പോലുള്ള പ്രമേയങ്ങള്‍
‘ആഫ്രിക്കാ ബാഹ്യ’മാണെന്ന (un-African) നിലപാടിലൊന്നും കാര്യമല്ല എന്നു
ചിനെലോ ഒക്പരാന്റ (Under the Udala Trees; Happiness,
Like Water: Stories), അക് വേകി എമേസി (Freshwater; The Death of Vivek Oji)
തുടങ്ങിയ എഴുത്തുകാരികള്‍ സ്ഥാപിക്കുന്നു. സാംസ്കാരിക സങ്കലനങ്ങളുടെ (hybridity) സങ്കീര്‍ണ്ണതകളെ മിത്തുകളുടെയും യൊറൂബ പാരമ്പര്യത്തിലെ ആത്മീയ/ അതിഭൌതിക
ഘടകങ്ങളുടെയും പുതുകാലത്തിന്റെ രാഷ്ട്രാന്തരീയ വിനിമയങ്ങളുടെയും പശ്ചാത്തലത്തില്‍
പരിശോധിക്കുന്ന ഹെലന്‍ ഒയെയേമി (The Icarus Girl; The Opposite
House..etc,), നൈജീരിയന്‍ നോവല്‍ സാഹിത്യത്തില്‍ ‘ലെഗോസ് നോവല്‍’ എന്ന ഴോനറിനു തന്നെ നിമിത്തമായിട്ടുള്ള, മഹാനഗരത്തെ
കേന്ദ്രീകരിച്ചുള്ള കൃതികളില്‍ ഏറ്റവും ശ്രദ്ധേയമായ പുതിയ രണ്ടെണ്ണം (The
Spider King's Daughter; Welcome to Lagos) ടീനേജു കടക്കും മുമ്പേ സംഭാവന ചെയ്ത ചിബുണ്ടു ഒനൂസോ, ആന്‍റ് വേര്‍പ്പിലെ ചുവന്ന തെരുവുകളില്‍ അടിഞ്ഞുപോകുന്ന ആഫ്രിക്കന്‍
സ്ത്രീകളുടെ ജീവിതങ്ങള്‍ ആവിഷ്കരിച്ച കൃതിയുമായി (On Black Sisters
Street) തന്റെ ശക്തമായ സാന്നിധ്യമറിയിച്ച ചിക ഉനിഗ് വേ, മാതൃത്വം എന്ന ‘പെണ്‍മാത്ര ബാധ്യത’യുടെ പൂര്‍ത്തീകരണത്തിനു
വിചിത്ര വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാകുന്ന ആഫ്രിക്കന്‍ സ്ത്രീത്വത്തെ അതിന്റെ
മുഴുവന്‍ ദൈന്യത്തിലും സാമൂഹിക സങ്കീര്‍ണ്ണതയിലും ആവിഷ്കരിക്കുന്ന കൃതികള്‍ രചിച്ച
ലോല ഷോനെയിന്‍ (The Secret Lives of the Four Wives),
അയോബാമി അദേബായോ (Stay with Me), അതിസമ്പന്നതയിലും
അനുഭവിക്കുന്ന ആത്മീയ-ദാര്‍ശനിക ശൂന്യതയെന്ന ‘ഒന്നാം ലോക വിഷയം’ ആഫ്രിക്കക്കും അന്യമല്ല എന്നു അടയാളപ്പെടുത്തിയ Ghana Must Go യുടെ രചയിതാവ് തായേ സലാസി, തുടങ്ങിയവരൊക്കെ നൈജീരിയന്‍ സാഹിത്യത്തിന്റെ പ്രാമാണികത
വിളിച്ചോതുന്നുണ്ട്.
സെറ്റ്ലര്‍ കോളനിയുടെ സാമൂഹിക ദുരന്തങ്ങള്‍ മുഴുവന്‍
പേറേണ്ടി വന്ന സിംബാബ്‌വേയുടെ ദരിദ്ര ചേരികളില്‍ മുതിര്‍ന്നുവരവിന്റെ കഠിന
പാഠങ്ങള്‍ അറിഞ്ഞു വളരുന്ന കറുത്ത വര്‍ഗ്ഗക്കാരായ അനാഥ ബാല്യങ്ങളെയും
പ്രവാസത്തിലും പിന്തുടരുന്ന അനിശ്ചിതത്വത്തിന്റെയും സങ്കീര്‍ണ്ണതകള്‍
ആവിഷ്കരിക്കുന്ന, അടുത്തകാലത്തിറങ്ങിയ കൃതികളില്‍ ഏറെ
കൊണ്ടാടപ്പെട്ട ഒന്നായ We Need New
Names എന്ന
നോവലിന്റെ രചയിതാവ് നോ വയലറ്റ് ബുലാവായോ, മരണ ദണ്ഡന കാത്തു
കഴിയുന്ന കുറ്റവാളിയുടെ വെളിപ്പെടുത്തല്‍ എന്ന സാഹിത്യ രൂപകം (trope) വ്യത്യസ്തവും തീവ്രവുമായി ഉപയോഗിക്കുന്നതിലൂടെ സിംബാബ്‌വേയന്‍
സാഹചര്യങ്ങളില്‍ അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയുടെ
ഉള്ളുലക്കുന്ന കഥ ആവിഷ്കരിക്കുന്ന The Book of Memory യുടെ രചയിതാവ് പെറ്റിന ഗപ്പാഹ്,
പുതിയ നൂറ്റാണ്ടു കണ്ട ആദ്യ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയായി അടിപതറുന്ന
അമേരിക്കന്‍ പ്രവാസം പിറകിലുപേക്ഷിച്ചു കാമറൂണില്‍ തിരിച്ചെത്തുന്ന ദമ്പതികളെയും
ചിതറിപ്പോയ അവരുടെ സ്വപ്നങ്ങളെയും ആവിഷ്കരിക്കുന്ന (Behold the
Dreamers) ഇംബോലോ എംബൂയെ, സര്‍വ്വാധിപത്യ
ഹിംസാത്മകതയുടെ കണ്ണില്‍ ചോരയില്ലാത്ത പ്രയോക്താവിനെ വേട്ടയാടാന്‍ തുടങ്ങുന്ന സ്വന്തം
ചെയ്തികളുടെ പ്രേതങ്ങളില്‍ നിന്നുള്ള അനന്തമായ പലായനമെന്ന വീര്‍പ്പുമുട്ടിക്കുന്ന
പ്രമേയത്തെ ഒരു ഒറസ്റ്റിയന്‍
ദുരന്തരൂപത്തില്‍ അവതരിപ്പിക്കുന്ന The
Dew Breaker രചിച്ച ഹെയ്തിയുടെ
എഡ് വീജ് ഡാന്റികാഹ്, തുടങ്ങി വിഷയ സ്വീകാരത്തിലും
ശൈലീപരീക്ഷണങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിക്കുന്ന എഴുത്തുകരികളാണ് ആഫ്രിക്കന്‍
സാഹിത്യത്തെ സമ്പന്നമാക്കുന്നത്.
തുടര്‍ വായനക്ക്:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 17.
https://alittlesomethings.blogspot.com/2024/09/17.html
മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 12.
https://alittlesomethings.blogspot.com/2024/09/12.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 13.
https://alittlesomethings.blogspot.com/2024/09/13.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 14.
https://alittlesomethings.blogspot.com/2024/09/14.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 15.
No comments:
Post a Comment