ചരിത്രത്തിന്‍റെ മുറിഞ്ഞ നാവ്
(ഇറ്റമാര്‍ വിയേറ ജൂനിയറിന്‍റെ പ്രഥമ നോവല്‍ Crooked Plow പുതിയ
നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന്
പ്രകീര്‍ത്തിക്കപ്പെട്ട കൃതിയാണ്. ഇന്റര്‍ നാഷണല്‍ ബുക്കര്‍ പുരസ്കാരത്തിന്റെ ഷോര്‍ട്ട്
ലിസ്റ്റില്‍ ഇടം പിടിക്കുകയും ഒട്ടേറെ അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടുകയും
ചെയ്ത നോവല്‍, ബ്രസീലിയന്‍ ചരിത്രത്തിലെ ഇരുണ്ട ഏടുകളിലേക്ക്
കടന്നു ചെല്ലുന്നു.)
പുതിയ നൂറ്റാണ്ടില്‍ ഇതുവരെ
എഴുതപ്പെട്ട ഏറ്റവും മികച്ച ബ്രസീലിയന്‍ നോവല്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട
കൃതിയാണ് ഇറ്റമാര്‍ വിയേറ ജൂനിയര്‍ എന്ന
ആഫ്രോ-ബ്രസീലിയന്‍ എഴുത്തുകാരന്റെ പ്രഥമ നോവല്‍ Crooked
Plow. വിയേറയുടെ നോവല്‍ നാട്ടില്‍ വന്‍
വിജയമായതിനു പിന്നില്‍ ബ്രസീലിയന്‍ സാഹിത്യത്തിലെ ചില പുതുപ്രവണതകള്‍
പ്രധാനകാരണമായിരുന്നു. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കാഴ്ചപ്പാടിലുള്ള
കഥകളില്‍ കൂടുതല്‍ ഊന്നുന്ന സമീപനമായിരുന്നു അത്. വിയേറയെ പോലെ ഏതാനും എഴുത്തുകാര്‍
അടിമത്തം, വംശീയത എന്നീ വിഷയങ്ങളെ ന്യൂനപക്ഷങ്ങളുടെയും അനുഭവിച്ച
വിഭാഗങ്ങളുടെയും കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ബ്രസീലിന്‍റെ
വേദനാകരമായ കൊളോണിയല്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നിലനിന്നുവന്ന
ഏകപക്ഷീയ ആഖ്യാനങ്ങളില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് അവരുടെ കര്‍തൃത്വം തിരിച്ചു നല്‍കുകയും
ചെയ്തു. ബോള്‍സോനാരോ പ്രസിഡണ്ടായതിനു ശേഷം ആദിവാസി മേഖലകളിലേക്കുള്ള കടന്നുകയറ്റം
നിയമാനുസൃതമാകുകയും സമൂഹത്തിലെ വംശീയത പോലുള്ള വസ്തുതകള്‍ക്കു നേരെ കണ്ണടക്കുന്ന
പ്രവണത നിയാമകമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍
വിയേറയുടെയും കൂട്ടാളികളുടെയും ദൗത്യം കൂടുതല്‍ പ്രസക്തമായിത്തീര്‍ന്നു.
‘ബ്രസീലിന്‍റെ ഭൂതകാലം പുനരവതരിപ്പിക്കുന്നതിലൂടെ ബ്രസീലിന് എന്താവാന്‍ കഴിയും
എന്നത് പുനര്‍വിഭാവനം ചെയ്യാന്‍ ഈ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാവുകയാണ്’ *(1).
വടക്കു കിഴക്കന്‍ ബ്രസീലിലെ
ബാഹിയ സ്റ്റേറ്റ് പോലുള്ള ഉള്‍പ്രദേശങ്ങളില്‍ കൊളോണിയല്‍ കാലം മുതല്‍ വലിയ പ്ലാന്‍റെഷനുകളില്‍
അടിമത്തമോ, അതിനു സമാനമായ കുടിയാന്‍ /കുടികിടപ്പു
സമ്പ്രദായമോ നിലനിന്നുവന്നു. ‘കിലോംബോല’ (quilombola) എന്നറിയപ്പെട്ട സമൂഹങ്ങള്‍, അടിമത്ത കാലത്ത്
ഓടിപ്പോന്ന ആഫ്രിക്കന്‍ അടിമകളും തദ്ദേശീയരില്‍
പെട്ട റിബലുകളും ചേര്‍ന്ന് സൃഷ്ടിക്കപ്പെട്ടവയാണ്. നോവല്‍
അവരെ സംക്ഷിപ്തപ്പെടുത്തുന്നു:
“സ്വന്തം മണ്ണില്‍നിന്നു പിഴുതെടുക്കപ്പെട്ട
ശക്തരായ ഒരു ജനത, അവര്‍ ഒരു കടല്‍ താണ്ടിയിരുന്നു, അവരുടെ സ്വപ്‌നങ്ങള്‍
പിറകില്‍ ഉപേക്ഷിച്ചിരുന്നു, പ്രവാസത്തില്‍ അവര്‍
പുതിയതും തിളക്കമുള്ളതുമായ ഒരു പുതുജീവിതം കെട്ടിച്ചമച്ചിരുന്നു.”
ചരിത്രപരമായി, ബ്രസീലാണ്
ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടത്തില്‍നിന്ന് ഏറ്റവും ഒടുവില്‍ പിന്‍വാങ്ങിയ രാജ്യം. പോര്‍ച്ചുഗീസ് കൊളോണിയല്‍
ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി 66 വര്‍ഷങ്ങള്‍ക്കു
ശേഷമാണ് (1888) പ്രസ്തുത ‘സുവര്‍ണ്ണ നിയമം’ (“Golden Law”) ഏഴു ലക്ഷം അടിമകളുടെ ഔപചാരിക മോചനത്തിന് നിമിത്തമായത്. തുടര്‍ന്നു നിലവില്‍വന്ന, ഒട്ടും മെച്ചമല്ലാത്ത കുടിയാന്‍ സമ്പ്രദായം തൊഴില്‍ചൂഷണം നിര്‍ബാധം
തുടരാന്‍ ജന്മിമാരെ സഹായിക്കും വിധത്തിലുള്ളതായിരുന്നു. കുടിയാന്മാര്‍ക്ക് വലിയ ഔദാര്യം പോലെ വീടുവെച്ചു താമസിക്കാന്‍ അനുവാദം
ലഭിച്ചപ്പോള്‍, അത് ചുടുകട്ട കൊണ്ടുള്ള, സ്ഥിരതയുള്ള വീടുകള്‍ ആവരുതെന്നും മണ്ണു പൊത്തിയ, മഴക്കാലത്തിനു ശേഷം കൊല്ലംകൊല്ലം
പുതുക്കേണ്ടി വരുന്നത്ര മാത്രം ഉറപ്പുള്ളവ ആയിരിക്കണമെന്നും നിബന്ധന
ഉണ്ടായിരുന്നു. പകരം അവര്‍ ജന്മിക്കുവേണ്ടി കൂലിയില്ലാതെ കഠിനാധ്വാനം ചെയ്തു.
വീട്ടിനു പിറകില്‍ ചെറിയ തോട്ടം ഉണ്ടാക്കി അന്നത്തിനുള്ള വക കണ്ടെത്തെണ്ടിയിരുന്നു, അതില്‍ത്തന്നെ ജന്മിക്കു മൂന്നിലൊന്ന്, പലപ്പോഴും
അതില്‍കൂടുതലും കൊടുക്കേണ്ടിയും വന്നു. 2003ല്‍ കുടിയന്മാരുടെ ഭൂമിക്കുമേലുള്ള
അവകാശം സര്‍ക്കാര്‍ അംഗീകരിക്കുംവരെ ഈ നില തുടര്‍ന്നു.
നോവലിന്‍റെ തുടക്കം, മുകളില്‍ സൂചിപ്പിച്ച പശ്ചാത്തലധാരണ അനിവാര്യമാണോ എന്ന ശങ്ക ഉയര്‍ത്തും
വിധം രണ്ടു കൗമാരക്കാരികളിലും അവരുടെ കുടുംബത്തിലും കേന്ദ്രിതമാണ്. ‘ഏറെ സവിശേഷമായ കഥയില്‍ നിന്ന് ഒരു പ്രദേശത്തിന്‍റെ മുഴുവന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും
കഥയിലേക്ക് സാവധാനം മുന്നേറുന്ന’ രീതി വിയേറയുടെ നേട്ടത്തെ
തിളക്കമുള്ളതാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *(2). ഫെസാന്റ ആഗുവ നെഗ്ര എന്ന പ്ലാന്‍റെഷനില്‍
കറുത്തവര്‍ഗ്ഗക്കാരായ കുടിയാന്‍ കുടുംബത്തിലെ അംഗങ്ങളാണ് ഏഴു വയസ്സുകാരി
ബിബിയാനയും ഒരു വയസ്സിനു ഇളപ്പമായ സഹോദരി ബെലോനേഷ്യയും.
മുത്തശ്ശി ഡോനാനയുടെ കര്‍ശന വിലക്ക് മറികടന്നു അവരുടെ മുറിയില്‍ കടക്കുന്ന ഇരുവരും
കണ്ടെത്തുന്ന ആനക്കൊമ്പ് പിടിയും വെട്ടിത്തിളങ്ങുന്ന ബ്ലേഡുമുള്ള കത്തി
രക്തപങ്കിലമായ ഒരു തുടക്കം നല്‍കും ഇതിവൃത്തത്തിന്.
നോവിന്‍റെ ഗതിയില്‍ നിര്‍ണ്ണായകമാകുന്ന നിഷേധവാസനയും
ഒപ്പം കുട്ടിത്തത്തിന്‍റെ സഹജമായ കൗതുകവും കലര്‍ന്ന ഒരു പരീക്ഷണത്തില്‍ മൂത്തവള്‍ക്ക്
ഭാഗിക സംസാര ശേഷി നഷ്ടപ്പെടും. ഇളയവളുടെ നാവു മുറിഞ്ഞുപോകും. ഇനിയങ്ങോട്ട് ഇരുവരും ‘ഒരൊറ്റ നാവു പങ്കുവെക്കും’. സമൂഹത്തില്‍ സാമാന്യം നിലയും വിലയുമുള്ള കുടുംബമാണ് അത്. സെക്കാ ചാപ്പോ ഗ്രാന്‍റെ
എന്ന പിതാവ് ‘ഹീലര്‍’ ആണ്: നാട്ടു വൈദ്യനും
മന്ത്രവാദിയും. സമൂഹത്തില്‍ വേരുരപ്പിച്ച
ആഫ്രോ-ബ്രസീലിയന്‍ മതമായ ‘ജാരെ’ (Jaré) വിശ്വാസക്രമത്തിന്‍റെ
പുരോഹിതനുമാണ് അയാള്‍. ഹീലര്‍ എന്ന നിലയില്‍ അച്ഛന്‍
വീട്ടില്‍ നടത്തുന്ന ബാധയൊഴിപ്പിക്കല്‍ കണ്ടുകൊണ്ടാണ് ഇരട്ടകള്‍ വളരുന്നത്. പോര്‍ച്ചുഗീസ്
വംശജരായ പിസോതോ കുടുംബംത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാമില്‍ കുടുംബത്തോടൊപ്പം
എത്തിപ്പെടും മുമ്പ് സ്വന്തം ജീവിതത്തിലും ബാധയൊഴിപ്പിക്കലിനു വിധേയനായ യൗവ്വനകാലം
സെക്കാക്ക് ഉണ്ടായിരുന്നു. വിധി തെളിച്ച വഴിയില്‍ സമൂഹത്തിലെ ‘ഹീലര്‍’ – (വൈദ്യ, മാന്ത്രിക/ന്‍) ആകാന്‍ വിസമ്മതിച്ച അമ്മ
ഡോനാനയുടെ ചെയ്തി, ഭ്രാന്ത് എന്ന ശാപത്തിലേക്ക് മകനെ
എത്തിച്ചു. ഒരു പുള്ളിപ്പുലിയെ പോലെ നഗ്നനും വന്യനുമായി കഴിഞ്ഞ ഭൂതകാലമായിരുന്നു
അത്. നോവലിലെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനഗതി ഏറ്റവും വ്യക്തമാകുന്ന ഭാഗങ്ങളാണ്
സെക്കായുടെ പുരാവൃത്തം. ഡോക്റ്റര്‍ ഹൃദയ മിടിപ്പ് ശ്രവിക്കുന്ന പോലെ പരീക്ഷണ
ഘട്ടങ്ങളില്‍ മണ്ണിന്‍റെ ആഴങ്ങളിലെ മിടിപ്പിനു ചെവിയോര്‍ക്കുന്ന സെക്കാ ചാപ്പോയില്‍, പോകെപ്പോകെ, പ്ലാന്‍റെഷന്‍ ഓവര്‍സിയര്‍ക്കും
തൊഴിലാളികള്‍ക്കും ഇടയിലെ മധ്യസ്ഥനാവുകയെന്ന ദൗത്യവും വന്നുചേരും. അമ്മ
സലൂസ്റ്റിയാന നിക്കൊലോ എന്ന സലൂ, നാട്ടിലെ
വയറ്റാട്ടിയാണ്. ചാപ്പിള്ളകളായി രണ്ടുപേരും ചെറുപ്പത്തിലേ മരിച്ച രണ്ടുപേരും
കൂടാതെ നാലുമക്കള്‍ ജീവിച്ചിരിപ്പുണ്ട്. നിഗൂഡമായ പൂര്‍വ്വ കാലത്തിനുടമയായ
മുത്തശ്ശി ഡോനാന, ഇതിഹാസമാനമുള്ള ദുരന്തങ്ങള്‍ അനുഭവിച്ചു തീര്‍ത്തവരാണ്
എന്ന് വെളിപ്പെടാന്‍ നോവലന്ത്യം വരെ വായനക്കാര്‍ കാത്തിരിക്കുകയും വേണം. മൂന്നു
തവണ വിധവയായവള്‍, പന്ത്രണ്ടു മക്കളെ പ്രസവിച്ചവള്‍, കൊടിയ ഭ്രാന്തിന്‍റെ നിലയില്ലാ കയത്തില്‍ നിന്ന് മകനെ
മോചിപ്പിച്ചെടുക്കുന്നവള്‍ - എന്നാല്‍, ദുരൂഹമായി
കാണാതായ / ഓടിപ്പോയ പന്ത്രണ്ടു വയസ്സുകാരിയായ മകള്‍ കാര്‍മ്മലീറ്റയെ ഇന്നും വേദനയോടെ ഓര്‍ത്തിരിക്കുന്നവള്‍. മകന്‍ സെക്കാക്ക് ഹീലര്‍
സിദ്ധികള്‍ പകര്‍ന്നു നല്‍കുന്നതും ഡോനാനയാണ്. പേരക്കിടാങ്ങള്‍ക്ക് താന്‍ മൂലം
വന്നുപെട്ട ദുര്‍ഗ്ഗതി അവരെ വേട്ടയാടും. പുഴയുടെ കൈകളില്‍ ഒരു ജന്മത്തിന്‍റെ ഭാരം
ഇറക്കിവെക്കാന്‍ അതും കൂടിയാവാം അവരെ പ്രേരിപ്പിക്കുന്നതും. പ്ലാന്‍റെഷന്‍ ജീവിത
ദുരന്തങ്ങളുടെയും പെണ്‍സഹനത്തിന്‍റെയും ആകത്തുകയായ, ആഫ്രിക്കന്‍
- കരീബിയന്‍ നോവലുകളില്‍ മുന്‍ഗാമികളെയും പിന്‍ഗാമികളെയും കണ്ടെത്താനാകുന്ന അത്തരം
ഒരു കഥാപാത്രത്തിന് വേണ്ടത്ര ഇടം നോവല്‍ അനുവദിച്ചിട്ടില്ല എന്നൊരു നൈരാശ്യം ഈ
ലേഖകന് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ ഗംഭീര
പാരമ്പര്യങ്ങളൊന്നും കുടുംബത്തിന്‍റെ ഭൗതിക സാഹചര്യം സമൂഹത്തില്‍ ഏതെങ്കിലും
വിധത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കുന്നില്ല.
മൂന്നു അധ്യായങ്ങളായി മൂന്നു
ആഖ്യാതാക്കളിലൂടെ അവതരിപ്പിക്കപ്പെടുന്ന നോവലില്‍ ആദ്യ ഭാഗമായ ‘വാള്‍ത്തലപ്പ്’ (Edge of the Blade) ആഖ്യാതാവ് ബിബിയാനയാണ്.
സര്‍വോ അമ്മാവനും ഹെര്‍മലിന അമ്മായിയും ആറു മക്കളും പ്ലാന്‍റെഷനില്‍ എത്തുന്നതോടെ
യൂണിയന്‍ ആക്റ്റിവിസ്റ്റായ മൂത്തവന്‍ സിവേറോ, ബിബിയാനയില്‍
പ്രണയം അങ്കുരിപ്പിക്കുന്നുണ്ട്. അനാവശ്യമായ ഒരു അസൂയയുടെ തള്ളിച്ച അവളെ
ബെലോനേഷ്യയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും അകറ്റുകയും ചെയ്യും. ഗര്‍ഭിണിയാകുന്ന
ബിബിയാന, സിവേറോയോടൊപ്പം പട്ടണത്തിലേക്ക് പോകുംവരെയാണ്
നാം അവളുടെ ആഖ്യാനം പിന്തുടരുന്നത്. തുടര്‍ന്ന് രണ്ടാം ഭാഗമായ ‘വക്രമായ കലപ്പ’ ( Crooked
Plow’) ബെലോനേഷ്യയുടെ ആഖ്യാനമാണ്. അധ്യാപന പരിശീലനം പോലുള്ള
സ്വപ്നങ്ങളുള്ള ബിബിയാനക്ക് പട്ടണം ആകര്‍ഷണമാണെങ്കില്‍, ആഫ്രിക്കന്‍
ആത്മലോക (encantados) വിശ്വാസങ്ങളില്‍ മുഴുകുന്ന
ബെലോനേഷ്യക്ക് അത്തരം സാന്നിധ്യങ്ങളുടെ വിഹാര രംഗം കൂടിയായ ഗ്രാമീണ ജീവിതം തുടരണം.
അവളുടെ പിതാവ് ഇതേ സാന്നിധ്യങ്ങളെ ചികിത്സാ കാര്യത്തിനായി ഉപയോഗിക്കും: “വിഭജിത
ആത്മാവിന്‍റെ രോഗങ്ങള്‍ - എങ്ങനെയോ തങ്ങളുടെ കഥകള്‍ നഷ്‌ടമായ മനുഷ്യര്‍, ഓര്‍മ്മകള്‍ നഷ്ടമായവര്‍, തങ്ങളില്‍
നിന്നുതന്നെ വേര്‍പിരിക്കപ്പെട്ടവര്‍”. അതേസമയം, പ്ലാന്‍റെഷനിലെ
ജീവിതത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അധിക പ്രഹരമായ ഗാര്‍ഹിക പീഡനങ്ങളുടെ
ചിത്രങ്ങളും അവക്കെതിരെ ബെലോനേഷ്യ നടത്തുന്ന തുറന്ന യുദ്ധവും ഏറ്റവും സമൂര്‍ത്തമായി ആവിഷ്കരിക്കുന്നതും ഈ ഭാഗത്താണ്. മരിയ കബോക്ല എന്ന
അകാല വാര്‍ദ്ധക്യം ബാധിച്ച മുപ്പതുകാരിയുടെ ജീവിതം അവളും പറക്കമുറ്റാത്ത മക്കളും മുഴുക്കുടിയനായ ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ദിനേന നേരിടേണ്ടി വരുന്ന
കയ്യേറ്റങ്ങളില്‍ കരിഞ്ഞുണങ്ങുന്നത്, തന്റേടിയും
പോരാളിയുമായ ബെലോനെഷ്യക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മുത്തശ്ശിയുടെ
കത്തിയുമായി അവള്‍ കനത്തൊരു ഭീഷണിയോടെ അതിനൊരു താല്‍ക്കാലിക വിരാമം
കണ്ടെത്തുമെങ്കിലും, മക്കളുടെ പട്ടിണിക്കു മുന്നില്‍ തന്‍റെ
പീഡന കാണ്ഡത്തിലേക്ക് തിരിച്ചു പോകുന്ന മരിയ, അത്
നിഷ്ഫലമാക്കും. അതാ സമൂഹത്തിലെ സ്ത്രീയുടെ വിധിവിഹിതമാണ്. സ്വന്തം വിവാഹ ജീവിതത്തിലും
സ്നേഹപൂര്‍ണ്ണമായ ആദ്യനാളുകള്‍ക്കു പിറകെ പതിവു പുരുഷ രീതികളിലേക്ക് മടങ്ങുന്ന
ടോബിയാസിനെ അതേ നാണയത്തില്‍ ബെലോനേഷ്യ കൈകാര്യം ചെയ്യുന്നുണ്ട്. തന്‍റെ പിതാവും
സഹോദരനും നയിച്ച സമത്വപൂര്‍ണ്ണമായ കുടുംബ ജീവിതങ്ങള്‍ നിയാമകമല്ലെന്നും, അവ അത്യപൂര്‍വ്വ മാതൃകകള്‍ മാത്രമാണെന്നും ബെലോനേഷ്യ മനസ്സിലാക്കുന്നു.
ആഗുവാ നെഗ്രയുടെ സ്ഥാപകര്‍മൂന്നു
പേരാണ് -സാറ്റെര്‍നിനോ, ഡോമിയാനോ, സെക്കാ.
സാറ്റെര്‍നിനോയുടെ മക്കള്‍ ക്രിസ്പിനയും ക്രിസ്പിനിയാനയുമാണ് ഒരേപോലുള്ള
ഇരട്ടകളാണ്-പ്ലാന്‍റെഷനിലെ അത്തരം ഏക ജോഡി. സഹോദരി തന്‍റെ കാമുകനോടൊപ്പം ശയിക്കുന്നത്
കാണുന്നതിനെ തുടര്‍ന്ന് മുഴു ഭ്രാന്തിലേക്ക് കൂപ്പുകുത്തുന്ന ക്രിസ്പിനയെ
ചികിത്സിക്കുന്നത് സെക്കായാണ്. സെക്കായുടെ പൂര്‍വ്വ കാലം, ക്രിസ്പിനയുടെ ഭ്രാന്ത്, മക്കളില്‍ നിന്നു
പിരിക്കപ്പെടുന്ന അമ്മമാരുടെ മാനസികത്തകര്‍ച്ച തുടങ്ങിയവ പ്ലാന്‍റെഷനില്‍ സാധാരണമായ
ദുരവസ്ഥയുടെ കൂടി ചിഹ്നമാണ്. ‘ആത്മാവിന്‍റെ രോഗങ്ങള്‍’ (‘maladies
of the spirit’) എന്ന് സെക്കാ അതിനെ വിശദീകരിക്കും.
ബിബിയാനയും ബെലോനെഷ്യയും
അവരുടെ ആഖ്യാനങ്ങള്‍ നിര്‍വ്വഹിച്ചു കഴിയുമ്പോള്‍, മൂന്നാം
ഭാഗം ‘ചോരപ്പുഴ (‘River of Blood’) ആഖ്യാനം നടത്തുന്നത്
എല്ലാമറിയുന്ന (omniscient narrator) ഒരു
ആത്മസാന്നിധ്യമാണ് – ‘സാന്റാ റീറ്റ എന്ന മുക്കുവസ്ത്രീ’ (Santa Rita the Fisherwoman) എന്ന ഈ
ആത്മസാന്നിധ്യം നോവലില്‍ മുമ്പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സെവേറോയെ
പോലുള്ളവരുടെ ആത്മത്യാഗത്തിന്‍റെ സത്യവും അനിവാര്യതയും വെളിപ്പെടുന്നതും സാന്റാ
റീറ്റയുടെ വാക്കുകളിലാണ്:
“യജമാനന്മാര്‍ അടിമകളെ ശിക്ഷയുടെ ഭാഗമായി
കെട്ടിത്തൂക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് . ഒരു ഡയമണ്ട് മോഷ്ടിച്ചതിന് കൈകൾ
വെട്ടിക്കളയുന്നത്. അടിമയായി തുടരാൻ മടിച്ചു സ്വയം തീവെച്ച ഒരു സ്ത്രീയെ ഞാൻ
സഹായിച്ചിട്ടുണ്ട് . സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ അവർ അടിമത്തത്തിലേക്ക്
പിറക്കാതിരിക്കാനായി ഗര്‍ഭപാത്രത്തിൽ നിന്ന് പറിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , ഇതിന്‍ഫലമായി ആ
സ്ത്രീകളിൽ പലരും മരിക്കും. വിറ്റു കളയുന്ന മക്കളിൽ നിന്ന് വേർപെടുത്തപ്പെട്ട
സ്ത്രീകൾ ഭ്രാന്തികളായിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് . പതിവായി കറുത്ത സ്‌ത്രീകളോടൊപ്പം
കിടക്കുകയും അതിനുശേഷം തന്നെ കാമത്തിനു കീഴടക്കിയെന്ന ദുഷ്ടതയില്‍നിന്ന് സ്വയം ദണ്ഡനം ചെയ്യാനെന്നോണം അവരെ തല്ലിക്കൊന്ന ശേഷം നടന്നു പോകുകയും ചെയ്യന്ന
യജമാനന്‍റെ ക്രൂരത ഞാൻ ഓർക്കുന്നു. ഒരു ഉടമ തന്‍റെ ബോട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍
ഒരടിമയെ വിടവില്‍ തിരുകിക്കയറ്റിയത് ഞാന്‍ കണ്ടു. ബോട്ട് സുരക്ഷിതമായി
ലക്ഷ്യസ്ഥാനത്തെത്തി, അടിമ അതിനകത്ത്
മുങ്ങിമരിച്ചിരുന്നു. വരള്‍ച്ചക്കാലങ്ങളില്‍ ആണുങ്ങളും പെണ്ണുങ്ങളും തങ്ങളുടെ
തുണ്ടുഭൂമി ഒരു ബാഗ് പയറിന്, അല്ലെങ്കില്‍ ഒരു കഷണം
ബീഫിന്, പകരം വില്‍ക്കുന്നത് ഞാന്‍ കണ്ടു, കാരണം അവര്‍ക്ക് ഇനിയും വിശപ്പ് സഹിക്കാന്‍ വയ്യായിരുന്നു. സെവേറോ
കൊല്ലപ്പെട്ടത് അയാള്‍ തന്‍റെ സമൂഹത്തിനു വേണ്ടി പോരാടിയത് കൊണ്ടായിരുന്നു, അവരുടെ ഭൂമിക്കു വേണ്ടി..”
സെവേറോയുടെ രക്തസാക്ഷിത്തത്തെ തുടര്‍ന്ന് ബിബിയാന അതേ
ദൗത്യത്തിലേക്ക് സ്വയം ഉയരുന്നതാണ് കുടിയാന്‍ ജനതയുടെ പ്രതിഷേധ ജ്വാലകള്‍
ആളിക്കത്തിക്കുന്നതിലും പോരാട്ടത്തിനു മൂര്‍ത്തമായ ചെറുത്തുനില്‍പ്പിന്‍റെ സ്വഭാവം
കൈവരുന്നതിലും എത്തിച്ചേരുക. അധ്യാപക പരിശീലനം കഴിഞ്ഞു തിരികെയെത്തുന്ന ബിബിയാന, പ്ലാന്‍റെഷനിലെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതും മാറ്റങ്ങളുടെ നാന്ദിയാണ്. സാന്റാ റീറ്റ മാറിമാറി പരകായങ്ങള്‍
നടത്തുന്നുണ്ട്: സ്വയം പാതിവനിതയും പാതി മത്സ്യവുമായും മറ്റും അത്തരം പരകായങ്ങള്‍
നടത്തുന്ന തദ്ദേശീയയായ നിഗൂഡ വനിത മിയൂദ, ബിബിയാന, ബെലോനേഷ്യ തുടങ്ങിയവരിലേക്കൊക്കെ അത് പടരുന്നു. സാന്റാ റീറ്റയുടെ
ആഖ്യാനത്തില്‍ തന്നെയാണ് ഡോനാനാ മുത്തശ്ശിയുടെയും നിഗൂഡ വാളിന്‍റെയും കഥകളും
ചുരുളഴിയുക. അതിലൊരു മാതാവിന്‍റെ നിസ്സഹായതയുണ്ട്; തന്‍റെ
ജനതയെ ഊറ്റിക്കുടിച്ചു തഴച്ചവരെ മോഷ്ടിക്കുന്നതില്‍ കുറ്റബോധം അശേഷം വേണ്ടെന്ന
അടിമത്ത/ കൊളോണിയല്‍ വിരുദ്ധ നിലപാടിന്‍റെ ആര്‍ജ്ജവമുണ്ട്; കുഞ്ഞുമകളെ
പീഡിപ്പിച്ച മൂന്നാം ഭര്‍ത്താവിനെ രാവിന്‍റെ മറവില്‍ രക്തബലികൊണ്ട് പുഴയാഴങ്ങളില്‍
മറവു ചെയ്യുന്ന ക്രൗര്യമുണ്ട്; ഒടുവില്‍, തന്‍റെ അശ്രദ്ധയുടെ രൂപത്തില്‍ അരുമയായ പേരക്കിടാങ്ങള്‍ക്ക്
സംഭവിച്ചതെന്തോ അതിനെ തന്‍റെ ചെയ്തികള്‍ക്കുള്ള ദൈവകോപമായി തിരിച്ചറിഞ്ഞു
നടത്തുന്ന സ്വജീവന്‍ കൊണ്ടുള്ള പ്രായശ്ചിത്തവുമുണ്ട്. ഡോനാന മുത്തശ്ശി സ്വയമൊരു
ഇതിഹാസമാനമുള്ള കഥാപാത്രമാണ്.
ബ്രസീല്‍ അതിന്‍റെ
മഹാനഗരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിന്‍റെ ഗ്രാമീണ ഭൂപ്രദേശങ്ങളും ഭൂമിയുടെ മേലുള്ള ഉടമസ്ഥത സംബസ്ന്ധിച്ച തര്‍ക്കങ്ങളുമാണ് അതിന്‍റെ
ചരിത്രത്തിന്‍റെ സിംഹഭാഗത്തെയും നിര്‍ണ്ണയിച്ചത്. ആഫ്രോ-ബ്രസീലിയന്‍ അടിമകളുടെ
പിന്‍ഗാമികളായ സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദമില്ലായ്മയാണ് അവരുടെ അടിമത്തം, നിയമം മൂലം നിരോധിക്കപ്പെട്ടതിനു ശേഷവും തുടരാന്‍ ഇടവരുത്തിയതും. ഈ
ശബ്ദമില്ലായ്മയുടെ പ്രതീകമാണ് ബെലോനേഷ്യയുടെ നാവുനഷ്ടം. അതുതന്നെയാണ്
തലക്കെട്ടിലെ ‘വക്ര കലപ്പയു’യും:
“എന്‍റെ സ്വരം ഒരു വക്രമായ കലപ്പയായിരുന്നു, വികലമായത്, ഭൂമിയെ ഊഷരവും തരിപ്പണമാക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതും ആക്കാന്‍
കഴിയും വിധം മണ്ണില്‍ ആണ്ടുപോകുന്നത്.”
ബെലോനെഷ്യയുടെ മുന്‍ ഗാമികളായി, ഗ്രീക്ക് പുരാണത്തിലെ ഫിലോമേലയുടെ കഥ മുതല്‍ അപ്രകാരം നിശ്ശബ്ദരാക്കപ്പെടുന്ന
സ്ത്രീകളുടെ ഇതിഹാസങ്ങള്‍ സാഹിത്യത്തില്‍ ഒട്ടേറെ ഉണ്ടെന്നും അത് പല വിതാനങ്ങളില്‍
വായിച്ചെടുക്കാവുന്ന അനുഭവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു *(3). ബെലോനേഷ്യയുടെ നാവെടുക്കുന്ന വാള്‍
തന്നെ സ്ത്രീകള്‍ക്കു നേരെ ഉയരുന്ന കൊടിയ അക്രമങ്ങള്‍ക്കുള്ള പ്രതികാര ആയുധവും
ആയിത്തീരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നോവലിലുണ്ടല്ലോ.
സമകാലിക ബ്രസീലാണ് നോവലിന്‍റെ
പശ്ചാത്തലമെങ്കിലും ബിബിയാനയുടെയും ബെലോനെശ്യയുടെയും കഥ പഴയൊരു കാലത്തിന്‍റെതുമാകാം.
തങ്ങളുടെ പൂര്‍വ്വികരുടെ അടിമത്തത്തെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങളില്‍
തന്നെയാണ് ഇന്നുംകുടിയാന്‍/ കര്‍ഷക തൊഴിലാളി ജീവിതം. “ആഗുവാ നെഗ്രയുടെ
ഞരമ്പുകളിലൂടെ ഒഴുകുന്ന രഹസ്യ രക്തം ദുരിതമായിരുന്നു” എന്ന് നോവലിസ്റ്റ്
എഴുതുന്നു. കാലിക വ്യത്യാസങ്ങള്‍ അപ്രസക്തമാക്കുന്ന ഈ അവസ്ഥ വിശകലനം
ചെയ്യുന്നതിലൂടെ, വംശീയതയുടെയും കൊളോണിയല്‍ വിവേചനങ്ങളുടെയും
അടിയൊഴുക്കുകളാണ് നോവല്‍ അനാവരണം ചെയ്യുന്നത്; ഒപ്പം, എങ്ങോട്ടും പോകാന്‍ ഇടമില്ലാത്തപ്പോള്‍ ‘സ്വാതന്ത്ര്യം’ തന്നെയും വെറും പാഴ്വാക്കാണ് എന്ന് അടിവരയിടുകയും ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ജനതയുടെ അടിച്ചേല്‍പ്പിക്കപ്പെട്ട മൗനത്തിന്‍റെ പ്രതീകമാണ് ബെലോനെഷ്യയുടെ
സംസാരശേഷി നഷ്ടം. നോവലിന്‍റെ ആഖ്യാനം മുഴുവനായും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ്
എന്നതുതന്നെയും പെണ്‍തിരിച്ചറിവിന്‍റെ കണ്ടെടുപ്പായി കാണണം – മൃഗീയ ഭാവമുള്ള
പിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയുമല്ല ഇനിയും കേള്‍ക്കേണ്ടത് എന്ന
പുരുഷനായ എഴുത്തുകാരന്‍റെ പ്രഖ്യാപനം. ഒട്ടും സംഭാഷണ പ്രധാനമല്ലാത്ത നോവലില്‍ സംഭവ
പരമ്പരകളുടെ ആഖ്യാനമാണ് മൂന്നു ആഖ്യാതാക്കളും നടത്തുന്നത്. ആത്മസാന്നിധ്യങ്ങള്‍ (encantados) ഭൗതിക മണ്ഡലത്തില്‍ ഇടപെടുകകയും അതിനു കൃത്യമായ ഫലങ്ങള്‍ ഉണ്ടാകുകയും
ചെയ്യുന്ന നോവലില്‍ സോഷ്യല്‍ റിയലിസത്തിന്‍റെയും മാജിക്കല്‍/ മിസ്റ്റിക്
റിയലിസത്തിന്‍റെയും മനോഹരമായ മിശ്രിതം കണ്ടെത്താനാകും. ഇത് ബ്രസീലിയന്‍ കഥാഖ്യാന
പാരമ്പര്യത്തോട് ചേര്‍ന്ന് പോകുകയും പ്രഥമ നോവലിലൂടെത്തന്നെ നോവലിസ്റ്റിനെ ഹോര്‍ഹെ അമാദു, ഗ്രസീലിയാനോ റാമോസ്, ഹോസെ ലിനസ് ഡോരേഗോ, ഹുവാവോ ഗിമറായെസ് റോസാ തുടങ്ങിയ ബ്രസീലിയന്‍ സാഹിത്യകുലപതികളുടെ
നിരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. വടക്കു
കിഴക്കന്‍ ബ്രസീലിലെ ആഫ്രിക്കന്‍ വംശജരുടെ ഇന്നും തുടരുന്ന
ദയനീയമായ അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയ വിയേറയുടെ ശൈലിയില്‍ പ്രസ്തുത അക്കാദമിക
ഗദ്യമല്ല മുദ്ര പതിപ്പിക്കുന്നത് , മറിച്ച്, ബ്രസീലിയന്‍ ഉള്‍പ്രദേശ (sertão) ശൈലിയും പുരാതന
കഥാഖ്യാന രീതികളും ആത്മ സാന്നിധ്യങ്ങളുമാണ് (4). (Angel
Gurría-Quintana. ‘Crooked Plow by Itamar Vieira Junior — the lost voices’,
Financial Times, 20.07.2023). പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിന് നല്‍കപ്പെട്ടിരിക്കുന്ന, തെറ്റിദ്ധരിപ്പിക്കുംവിധം
പ്രസന്നമായ പുറംചട്ട, ഒരര്‍ത്ഥത്തില്‍ നോവലിന്‍റെ
തീക്ഷണ പ്രമേയങ്ങളെ വിപരീതത്തില്‍ പൊലിപ്പിക്കുന്നു എന്നു പറയാം. കുറെയേറെ സുപ്രധാന പുരസ്കാരങ്ങള്‍ നേടുകയും അനേകം വിദേശ ഭാഷകളിലേക്ക്
മൊഴിമാറ്റം ചെയ്യുകയും ചെയ്തിട്ടുള്ള നോവല്‍ ഇംഗ്ലീഷില്‍ എത്തിച്ച ജോണി ലോറെന്‍സ്, മനോഹരമായാണ് ഇത് നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന് നിരൂപക മതം.
References:
(1). (Jimin Kang. ‘In Brazil, a
Best-Selling Novel Confronts the Brutal Afterlife of Slavery’, The Nation,
OCTOBER 25, 2023, https://www.thenation.com/article/culture/crooked-plow-itamar-vieira-junior/).
(2). https://www.kirkusreviews.com/book-reviews/itamar-vieira-junior/crooked-plow/
(3). (Laura Garmeson. ‘Laura Garmeson reviews Crooked Plow by Itamar Vieira Junior’. Asymptote© 2024, https://www.asymptotejournal.com/criticism/itamar-vieira-junior-crooked-plow/).
(4). (Angel Gurría-Quintana. ‘Crooked Plow by Itamar Vieira Junior — the lost
voices’, Financial Times, 20.07.2023).
read more:
The Dew Breaker by
Edwidge Danticat
https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html
Eve out of
Her Ruins by Ananda Devi
https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html
Half Blood
Blues by Esi Edugyan
https://alittlesomethings.blogspot.com/2024/08/half-blood-blues-by-esi-edugyan.html
The Last
Brother by Nathacha Appanah
https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html
Wandering
Star by J.M.G. Le Clézio
https://alittlesomethings.blogspot.com/search?q=Desert+by+J.M.G.+Le+Cl%C3%A9zio
No comments:
Post a Comment