സമാന്തരങ്ങളില്‍ കെട്ടുപിണയുന്ന ചരിത്രവും ദേശങ്ങളും
(കെനിയന്‍ നോവലിസ്റ്റ് പീറ്റര്‍ കിമാനിയുടെ ‘The Dance of the Jakaranda’, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങള്‍ മുതല്‍ സ്വാതന്ത്ര്യാനന്തര ഘട്ടം വരെയുള്ള കെനിയയെ പശ്ചാത്തലമാക്കുന്നു. പോര്‍ട്ട് വിക്റ്റോറിയ – മൊംബാസ റെയില്‍വേ ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ബ്രിട്ടിഷ് – ഇന്ത്യന്‍ - ആഫ്രിക്കന്‍ കഥാപാത്രങ്ങളുടെ പരസ്പരം ഇഴകോര്‍ക്കുന്ന ജീവിത സന്ധികള്‍, മൂടിവെക്കപ്പെട്ട രഹസ്യങ്ങളുടെയും അധിനിവേശ- സാംസ്കാരിക സംഘര്‍ഷങ്ങളുടെയും അനാവരണവും നിശിത നിരീക്ഷണവും ആയിത്തീരുന്നു. ചരിത്രപശ്ചാത്തല നോവലിന്റെ ഗരിമയും ആഴവും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ തലമുറകളിലേക്കു പടരുന്ന പാപങ്ങളുടെയും ദുരന്തങ്ങളുടെയും ആവിഷ്കാരം കൂടിയായിത്തീരുന്നു യുവ നോവലിസ്റ്റിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതി.)
ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രവാസ സാന്നിധ്യമായ ആഫ്രിക്കന്‍ വംശജരുടെ *1(‘Afropolitan’ - Taiye Selasi) വര്‍ത്തമാന കാല അനുഭവങ്ങള്‍ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൃതികള്‍ ആഫ്രിക്കന്‍ എഴുത്തുകാരുടെതായി വന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് ലോക സാഹിത്യത്തിലെ ഏറ്റവും ദീപ്തമായ ഒരു സമകാലിക മുന്നേറ്റം. എന്നാല്‍, ജന്മദേശത്തിന്റെ അതിരുകള്‍ക്കപ്പുറം സാഹിത്യലോകത്ത് ശക്തമായി അടയാളപ്പെട്ടു കഴിഞ്ഞ സമകാലിക ആഫ്രിക്കന്‍ എഴുത്തുകാരില്‍ പലരും ചരിത്ര നോവലിന്റെ സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. ബയാഫ്രന്‍ സംഘര്‍ഷങ്ങളുടെ കഥ ചിമമാന്‍ഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍’ പ്രമേയമാക്കിയപ്പോള്‍, മുസോലിനിയുടെ പടയോട്ട നാളുകളുടെ സോമാലിയന്‍ ദുരന്തങ്ങളാണ് നദീഫ മുഹമ്മദ് ‘ബ്ലാക്ക് മാംബാ ബോയ്’ എന്ന നോവലിന് വിഷയമാക്കിയത്. പാട്രിസ് ങ്ഗാനാഗ് തന്റെ നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട കൃതികളില്‍ പുറത്തിറങ്ങിയ ആദ്യത്തെ രണ്ടെണ്ണത്തിലൂടെ (Mount Pleasant (2011), When the Plums Are Ripe (2019)) ഫ്രഞ്ച് കൊളോണിയല്‍ നുകത്തില്‍ അമര്‍ന്നുപോയ കാമറൂണിന്റെ ചിത്രമാണ് ഇതിഹാസ വ്യാപ്തിയുള്ള ആഖ്യാനമായി ആവിഷ്കരിക്കുന്നത്. ആഫ്രിക്കയുടെ ഉള്‍ത്തടങ്ങളിലേക്കു നൈലിന്റെ ഉത്ഭവം തേടിയുള്ള ഡേവിഡ് ലിവിംഗ്സ്റ്റന്റെ യാത്രയിലാണ് പെറ്റിന ഗപ്പായുടെ ഏറ്റവും പുതിയ നോവല്‍ Out of Darkness, Shining Light തൊടുത്തുവിടുന്നത്. വിക്റ്റോറിയ തടാകത്തിന്റെ അരികില്‍, സാംബെസി തടത്തില്‍ ഉരുവം കൊണ്ട പ്രഥമ കൊളോണിയല്‍ സെറ്റില്‍മെന്റിന്റെ ആവിര്‍ഭാവത്തിന്റെയും തലമുറകളിലൂടെ നേരിടുന്ന ചരിത്ര ശാപങ്ങളുടെയും കഥയാണ് സാംബിയയുടെ നംവാലി സെര്‍പെല്‍ പ്രഥമ നോവല്‍ The Old Drift നു വിഷയമാക്കുന്നത്. ഒട്ടേറെ തുടര്‍ച്ചകള്‍ എണ്ണിപ്പറയാനാവുന്ന ഈ ചരിത്രാധിഷ്ടിത ഫിക് ഷനല്‍ ആഖ്യാനങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊരു ശക്തമായ സംഭാവനയാണ് കെനിയയുടെ പീറ്റര്‍ കിമാനി രചിച്ച ‘The Dance of the Jakaranda’ എന്ന പുതിയ നോവല്‍.
ങ്ഗൂഗി വാ തിയോങ്ഗോ, ഗ്രേസ് ഒഗോട്ട് (Grace Ogot), മെജാ മ് വാങ്ങി (Meja Mwangi) തുടങ്ങിയ കെനിയന്‍ സാഹിത്യത്തിലെ വലിയ എഴുത്തുകാര്‍ തങ്ങളുടെ ദേശത്തിന്റെ കൊളോണിയല്‍ - പോസ്റ്റ്കൊളോണിയല്‍ അനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ വേണ്ടുവോളം നടത്തിയിട്ടുണ്ട്. ഭാഷകളുടെയും സാമൂഹികാവസ്ഥകളുടെയും വൈവിധ്യവും വൈപുല്യവും മണ്ണിനോടും പാരമ്പര്യത്തോടുമുള്ള ജൈവ ബന്ധവും ആവിഷ്കരിക്കുന്നതില്‍ ങ്ഗൂഗി വാ തിയോങ്ഗോ ആധുനിക കെനിയന്‍ സാഹിത്യത്തിന്റെ മാത്രമല്ല, ആഫ്രിക്കന്‍ സാഹിത്യത്തില്‍ മൊത്തത്തില്‍ തന്നെ ഗുരുസ്ഥാനീയനാണ്. കെനിയന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മറുപേരായിരുന്ന മോ മോ കലാപത്തിന്റെ നാള്‍വഴികളും ഊര്‍ജ്ജവും ദുരന്തങ്ങളും സാഹിത്യത്തില്‍ ആവാഹിക്കുന്നതില്‍ മെജാ മ് വാങ്ങിക്കു പ്രചോദനമായതും തിയോങ്ഗോ ആയിരുന്നു. ചാരിറ്റി വാസിയൂമ (‘Daughter of Mumbi’ – Charity Waciuma) യോടൊപ്പം ആംഗ്ലോഫോണ്‍ കെനിയന്‍ സാഹിത്യത്തിലെ പ്രഥമ വനിതയെന്ന സ്ഥാനം പങ്കിടുന്ന ഗ്രേസ് ഒഗോട്ട് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന പ്രമേയത്തെ ലുവോ ജനതയുടെ പരിണാമ ദശകളിലൂടെ നിരീക്ഷിക്കുന്നു. പൊതുവേ കികുയു സ്വരം കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന കെനിയന്‍ സാഹിത്യത്തില്‍ ഗ്രേസ് ഒഗോട്ടിലൂടെ ലുവോ സംസ്കൃതിയുടെ സ്വരം അടയാളപ്പെടുത്തപ്പെട്ടതിനു പില്‍ക്കാലം മാര്‍ഗരറ്റ് ഒഗോലയെ (The River and the Source, I Swear by Apollo- Margaret Ogola) പോലുള്ള എഴുത്തുകാരിലൂടെ തുടര്‍ച്ചയും ഉണ്ടായിട്ടുണ്ട്. Kwani?, StoryMoja തുടങ്ങിയ മുന്‍കൈകളിലൂടെ ഉദിച്ചുയര്‍ന്ന ബിന്യാവംഗ വൈനൈന (Binyavanga Wainaina), മുതോനി ഗാര്‍ലാന്‍ഡ് (Muthoni Garland), യിവോനെ അധിയാംബോ ഒവൂര്‍ (Yvonne Adhiambo Owuor), മാര്‍ജറി ഒലൂദേ മക്ഗോയെ (Marjorie Oludhe Macgoye), മാര്‍ഗരറ്റ് ഒഗോല (Margaret Ogola), ലിലി മബൂര (Lily Mabura) തുടങ്ങിയ എഴുത്തുകാരിലൂടെ കെനിയന്‍ സാഹിത്യം അതിന്റെ ഈ മികച്ച പാരമ്പര്യങ്ങള്‍ തുടരുന്നു. കൊളോണിയല്‍-പോസ്റ്റ്‌കൊളോണിയല്‍ സാമൂഹിക അനുഭവങ്ങള്‍ക്കൊപ്പം എച്ച്.ഐ.വി./ എയിഡ്സ് വ്യാപനം തുടങ്ങിയ പുതുകാല ദുരന്തങ്ങളും സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ടിനിപ്പുറവും സമൂഹത്തില്‍ വിടാതെ തുടരുന്ന ദാരിദ്ര്യത്തിന്റെയും സ്ത്രീപീഠനം പോലുള്ള പ്രശ്നങ്ങളുടെയും കഥകളും ഫ്രാന്‍സിസ് ഡി. ഇംബൂഗയെ (Francis D. Imbuga) പോലുള്ള പുതിയ എഴുത്തുകാര്‍ കണ്ടെടുക്കുന്നു.
നൈറോബി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ പീറ്റര്‍ കിമാനിയെന്ന എഴുത്തുകാരന്‍ കവിയും നോവലിസ്റ്റും എന്ന നിലയില്‍ അറിയപ്പെടുംമുമ്പ് സൊമാലിയയിലെ ദര്‍ഫൂര്‍ പോലുള്ള സംഘര്‍ഷ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ങ്ഗൂഗിയുടെ മാനസപുത്രന്‍ എന്ന നിലയില്‍ തന്നെയാണ് കിമാനി സാഹിത്യലോകത്തിലേക്ക് എത്തിപ്പെട്ടത് എന്നത് രണ്ടര്‍ത്ഥത്തിലും പ്രസക്തമാണ്: ജെയിംസ് ഹാര്‍ഡ് ലി ചെയ്സിലും ഹാര്‍ഡി ബോയ്സ് മിസ്റ്ററികളിലും കുരുങ്ങിനിന്ന തന്റെ കൌമാര വായനകളിലേക്ക് പ്രചണ്ഡമായ പ്രഭാപൂരമായി എത്തിയത് ‘Weep Not, Child’ ആയിരുന്നു എന്നു കിമാനി ഓര്‍ക്കുന്നു; ആ പുസ്തകമാണ് അദ്ദേഹത്തെ പോലെത്തന്നെ ജേണലിസത്തില്‍ തുടങ്ങാനും തുടര്‍ന്നു എഴുത്തുകാരനാകുക എന്ന നിയോഗത്തിലേക്ക് മുന്നേറാനും തന്നെ പ്രേരിപ്പിച്ചത് എന്നും. ഹൂസ്റ്റന്‍ യൂനിവേഴ്സിറ്റിയില്‍ തന്റെ ഡോക്റ്റോറല്‍ തിസിസ് കമ്മിറ്റിയുടെ ഭാഗമായി സാക്ഷാല്‍ ങ്ഗൂഗി വാ തിയോങ്ഗോയെ എത്തിക്കാന്‍ സാധിച്ച യുവ സ്കോളറുടെ അഭിമാനം കിമാനി ഓര്‍ത്തെടുക്കുന്നുണ്ട്. 2002-ല്‍ തന്റെ പ്രഥമ നോവലിന്റെ (Before The Rooster Crows) കോപ്പി മാനസ ഗുരുവിനു അയച്ചു കൊടുത്തതും തൊട്ടടുത്ത വര്‍ഷം ആദ്യം നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളും ഒരു കുറിപ്പില്‍ കിമാനി ഉദ്ധരിക്കുന്നു: “Your future lies between the hard covers.” *2. (https://www.nation.co.ke/lifestyle/weekend/Your-future-lies-between-the-hard-covers-Ngugi-told-/1220-2538472-format-xhtml-10imk6f/index.html).
വര്‍ത്തമാനകാലത്തിന്റെ നൊമ്പരങ്ങളും സങ്കീര്‍ണ്ണതകളും അടയാളപ്പെടുത്തുമ്പോഴും ചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ എഴുത്തുകാരുടെ കൌതുകം ഉണര്‍ത്തുന്നത് ജീവിതമെന്ന അനുസ്യൂതിയുടെ ബോധ്യങ്ങളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍, ആഫ്രിക്കയുടെ മേലുള്ള ആധിപത്യത്തിന് വേണ്ടി യൂറോപ്പ്യന്‍ ശക്തികള്‍ മത്സരിക്കുന്ന കാലഘട്ടവും 1960-കളില്‍ കെനിയന്‍ സ്വതന്ത്ര്യപ്രാപ്തിയുടെ ഘട്ടവും എന്നിങ്ങനെ രണ്ടു ചരിത്ര ഘട്ടങ്ങലളിലൂടെയാണ് മുഖ്യമായും “Dance of the Jakaranda” എന്ന കിമാനിയുടെ പുതിയ നോവല്‍ കഥ പറയുന്നത്; അത് ഏതാണ്ട് വര്‍ത്തമാന കാലത്തെ തൊടുകയും ചെയ്യുന്നു. വിക്റ്റോറിയ തടാകവും നൈല്‍ നദിയുടെ പ്രഭവവും മുതല്‍ മൊംബാസക്കടുത്ത് ഇന്ത്യാ മഹാസമുദ്ര സമീപം വരെ നീളുന്ന അറുനൂറു മൈല്‍ റെയില്‍പ്പാതയുടെ നിര്‍മ്മാണമാണ് നോവലിന്റെ ഇതിവൃത്ത ധാരയെ നിര്‍ണ്ണയിക്കുന്നത്. പ്രസ്തുത പ്രക്രിയ കറുത്ത വര്‍ഗ്ഗക്കാര്‍, വെള്ളക്കാര്‍, തവിട്ടു നിറക്കാര്‍ എന്നിവരെ കെനിയയുടെ ചരിത്രത്തില്‍ ആദ്യമായി ഒരുമിച്ചു കൊണ്ടുവന്നു. കികുയു വിഭാഗം അതിന് “ഇരുമ്പു സര്‍പ്പം (“Iron Snake”) എന്ന് പേരിട്ടപ്പോള്‍, ബ്രിട്ടന് അത് ‘ഭ്രാന്തന്‍ എക്സ്പ്രസ്സ് (“Lunatic Express”) ആയിരുന്നു. ചര്‍ച്ചിലിനെ പോലുള്ളവര്‍ ആഫ്രിക്കന്‍ വനാന്തരങ്ങളെയും മലയിടുക്കുകളെയും കൊലയാളി സിംഹക്കൂട്ടങ്ങളെയും വരള്‍ച്ചയേയും യുദ്ധക്കെടുതിയെയും മറികടന്ന് ബ്രിട്ടിഷ് ശാസ്ത്ര സാങ്കേതിക പുരോഗതി കൈവരിച്ച മഹാനേട്ടമെന്നു അതേകുറിച്ചു വാചാലരായി. നിര്‍മ്മാണത്തൊഴിലിനായി ബ്രിട്ടിഷ് ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന 32,000ത്തോളം ഇന്ത്യക്കാരില്‍ 7,000ത്തോളം പേര്‍ തിരിച്ചു പോയില്ല. അവരാണ് ഇന്ത്യന്‍ കെനിയന്‍ സമൂഹത്തിന്റെ ആദിതലമുറയായിത്തീര്‍ന്നത്.
നോവലിലെ ഒട്ടേറെ കഥാപാത്രങ്ങളില്‍ മുഖ്യകേന്ദ്രങ്ങളാകുന്നത് മൂന്നു പേരാണ്: കൊളോണിയല്‍ ഭരണാധികാരി ഇയാന്‍ എഡ് വാര്‍ഡ് മക്ഡോനാള്‍ഡ്, ഇന്ത്യന്‍ സാങ്കേതിക പ്രവര്‍ത്തകന്‍ ബാബു സലിം, പാതിരിയായ റിച്ചാര്‍ഡ് ടേണ്‍ബുള്‍ എന്നിവര്‍. മക്ഡോനാള്‍ഡ് സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് ഈസ്റ്റ് ആഫ്രിക്ക പ്രൊട്ടെക്റ്ററേറ്റില്‍ എത്തിയത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ പൊതുവിലും അവരുടെ സ്ത്രീത്വത്തിനു നേരെ വിശേഷിച്ചും വെള്ളക്കാര്‍ നിരന്തരം പ്രയോഗിച്ചുവന്ന കൊടും ക്രൂരതകള്‍ക്കും, എല്ലാറ്റിലും ഉപരി അടിമക്കച്ചവടത്തില്‍ വ്യാപ്രുതനായിരുന്ന മുത്തച്ചനോടുള്ള പ്രതികാരമായും, വിചിത്രമായി പ്രായശ്ചിത്തം ചെയ്യാന്‍ തന്റെ തോട്ടക്കാരനെ പോലുള്ള കറുത്ത വര്‍ഗ്ഗക്കാരുമായി ഒളിച്ചുവെക്കാതെത്തന്നെ ശാരീരിക ബന്ധം പുലര്‍ത്തുന്ന അതിസുന്ദരിയായിരുന്ന ഭാര്യ സാലി കടുത്ത പ്രണയ നൊമ്പരമായി അയാളുടെ ഉള്ളിലുണ്ട്. കോണ്‍റാഡിന്റെ ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ്’ പുസ്തകം പുറത്തിറങ്ങിയ 1899-ല്‍ തന്നെ വായിച്ചിരുന്ന സാലി തന്റെ ജീവിതത്തില്‍ വെള്ളക്കാരുടെ പ്രിവിലേജുകള്‍ ഒന്നും പ്രയോജനപ്പെടുത്തില്ലെന്നു മനസ്സിലുറപ്പിച്ചു ഒരു ‘ഏകസ്ത്രീ പ്രതിഷേധം (one-woman protest)’ തുടങ്ങിവെച്ചത് നോവലിസ്റ്റ് എടുത്തുപറയുന്നു. ഇംഗ്ലണ്ടില്‍ കഴിയുന്ന സാലിക്കു വേണ്ടി താജ് മഹലിന്റെ മാതൃകയില്‍, വെള്ളക്കാരുടെ ആദ്യ സെറ്റില്‍മെന്റ് ആയിത്തീരുന്ന റിഫ്റ്റ് വാലിയില്‍, ഒരു മന്ദിരം പണിയണമെന്നും അവളെ അനുനയിപ്പിക്കണമെന്നുമുള്ള മോഹത്തിന്റെ നിഷ്ഫലത മക്ഡോനാള്‍ഡിന് ഒരു ദുരന്ത നായകന്‍റെ ഭാഗിക പരിവേഷം നല്‍കുന്നുണ്ട്. “ആവേശത്തിലായ അനുയായികള്‍ ചാര്‍ത്തിയ കുരുത്തോല മാലകള്‍ ചൂടി ജറുസലേമിലെക്കുള്ള ക്രിസ്തുവിന്റെ നാടകീയ രംഗ പ്രവേശം പോലെ” സാലിയെ മന്ദിരത്തിലേക്ക് ആനയിക്കണമെന്ന നടക്കാതെ പോയ മോഹത്തോടെ അയാള്‍ നിര്‍മ്മിക്കുന്ന ഹര്‍മ്യം, സ്വാതന്ത്ര്യ പൂര്‍വ്വ ഘട്ടത്തില്‍ വെള്ളക്കാര്‍ക്ക് ഒത്തുകൂടാനുള്ള ഇടവും സ്വാതന്ത്ര്യാനന്തരം, സെറ്റില്‍മെന്റ് എല്ലാ വിഭാഗക്കാരും അധിവസിക്കുന്ന നകൂറു പട്ടണമായി വികസിക്കുമ്പോള്‍, പ്രശസ്തമായ ‘ജാകരാന്റ ഹോട്ടലും ആയിത്തീരും. സ്വാതന്ത്ര്യാഘോഷ വേളയില്‍ നാട്ടുകാര്‍ തീയിട്ടു നശിപ്പിക്കുന്ന ഹോട്ടലില്‍ പുളയുന്ന തീനാളങ്ങളില്‍ നിന്നാണ് നോവലിന്റെ പേര് ഉരുവപ്പെടുന്നതും. പില്‍ക്കാലം സ്വതന്ത്ര കെനിയന്‍ സര്‍ക്കാര്‍ നിഷ്ഠയോടെ പുനര്‍നിര്‍മ്മിക്കുന്ന മന്ദിരം വലിയൊരു ടൂറിസ്റ്റ് ആകര്‍ഷണം ആയിത്തീരും. കൊളോണിയല്‍ നേട്ടങ്ങളില്‍ തന്റെ പങ്കിനെ പ്രതി ഒരു സര്‍ പദവി വകവെച്ചു കിട്ടണമെന്ന ലക്ഷ്യത്തോടെ മക്ഡോനാള്‍ഡ് നടത്തുന്ന പാതിവെന്ത ശ്രമങ്ങള്‍ ഉദ്ദിഷ്ട ഫലം ഉണ്ടാക്കുന്നില്ലെങ്കിലും തനിക്കിഷ്ടപ്പെട്ട ഭൂമിയുടെ ഏതിടത്തിലും ഉടമസ്ഥത നല്‍കാമെന്ന ബ്രിട്ടന്റെ ഔദാര്യത്തിലൂടെയാണ് അയാള്‍ നകൂറു തടാകത്തിന്റെ ഏറ്റവും മനോഹര ദൃശ്യം ലഭ്യമാകുന്ന അചുംബിത ഇടം സ്വന്തമാക്കുന്നതും അവിടെ തന്റെ സ്വപ്ന ഭവനം നിര്‍മ്മിക്കുന്നതും. എന്നാല്‍, പ്രണയ പരാജയത്തെ തുടര്‍ന്ന് ഏകാകിയും സ്വാതന്ത്ര്യാനന്തരം പഴയ പ്രതാപങ്ങള്‍ നഷ്ടപ്പെട്ടവനുമായി ഫാം ജീവിതത്തിലേക്ക് പിന്‍ വാങ്ങുന്നവനും ആയിത്തീരുന്നു മക്ഡോനാള്‍ഡ്.
കൊളോനിയലിസം അതിന്റെ സൌമ്യവും യഥാര്‍ഥത്തില്‍ കൂടുതല്‍ മാരകവുമായ മുഖം പ്രദര്‍ശിപ്പിച്ചത് ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെയും ചര്‍ച്ചിനെയും ഉപയോഗിച്ചായിരുന്നു എന്നത് ഇന്നൊരു തര്‍ക്ക വിഷയമല്ല. റവ: റിച്ചാര്‍ഡ് ടേണ്‍ബുള്‍ വന്‍കരയില്‍ എത്തുന്നതും റെയില്‍ പ്രോജക്റ്റിന്റെ ഭാഗമായി റിഫ്റ്റ് സെറ്റില്‍മെന്റ് സ്ഥാപിതമാകുന്നതോട് കൂടിയാണ്. 1901-കാലത്ത്, “ഒരു മൂര്‍ഖന്റെത് പോലെ വിജ്രംഭിച്ചു നില്‍ക്കുന്ന കറുത്ത ശിരസ്സുള്ള സര്‍പ്പരൂപിയായ ഒരു പടുകൂറ്റന്‍ ജീവി തുരുമ്പെടുത്തു തുടങ്ങിയ ബ്രൌണ്‍ നിറത്തിലുള്ള പെട്ടികളും വലിച്ചു കൊണ്ട് പുല്‍മേടുകളിലൂടെ പുളഞ്ഞു നീങ്ങിയ” ദൃശ്യവുമായാണ് നോവല്‍ ആരംഭിക്കുന്നത്. എതിര്‍ വശങ്ങളിലിരുന്നു മക്ഡോനാള്‍ഡിനോപ്പം യാത്ര ചെയ്യുന്ന റിച്ചാര്‍ഡ് ടേണ്‍ബുള്‍ “അവിശ്വാസികളുടെ മൂര്‍ത്തികള്‍ക്ക്” ഇത്രയും മനോഹരമായ സൃഷ്ടി നടത്താനായത് എങ്ങനെയാണെന്നു ആ പ്രകൃതി സൌന്ദര്യത്തില്‍ മുഗ്ദനാകുന്നു. ‘ജീവി’യുടെ ഉദരത്തില്‍ മൂന്നു നാള്‍ നീണ്ട വാസത്തിനു ശേഷം പുറത്തു കടക്കുമ്പോള്‍ അയാള്‍ സ്വയം യോനാ പ്രവാചകനോട് ഉപമിക്കുന്നു; നകൂറുവിനെ നിനേവയോടും. എന്നാല്‍ “നിനേവ കഥ വെള്ളക്കാരന്റെ ഒരു നുണയായിരുന്നു” എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു. സാലിക്ക് വേണ്ടി പ്രണയ മന്ദിരം പണിയാന്‍ മക്ഡോനാള്‍ഡിനെ ഉപദേശിക്കുന്നത് ടേണ്‍ബുള്‍ ആണ്. ആദ്യം പ്രകൃതിയുടെ രണ്ടു അത്ഭുതങ്ങള്‍ക്കിടയില്‍ ഒരു മന്ദിരം പണിയുന്നത് ദൈവനിന്ദയും ദൈവത്തിന്റെ സൃഷ്ടിയെ വെല്ലുവിളിക്കലും ആയിരിക്കും എന്ന് മക്ഡോനാള്‍ഡ് സന്ദേഹിക്കുമ്പോള്‍ പാതിരി താജ് മഹലിനെ കുറിച്ച് പറയുന്നു. വേദപുസ്തക ഉദ്ധരണികളും കൊളോണിയല്‍ അധിനിവേശത്തിന്റെ സാംസ്കാരിക പദ്ധതിയെ (“പ്രാകൃതരെ സംസ്കാരത്തിലെക്കെത്തിക്കുക – civilizing the savages”) കുറിച്ചുള്ള ഭാഷണങ്ങളും നിരന്തരം പ്രയോഗിക്കുമ്പോഴും റവ: ടേണ്‍ബുള്‍ മറ്റുചിലതിലും തല്‍പ്പരനാണ് എന്നതിനുള്ള സൂചനകള്‍ നോവലിസ്റ്റ് ഒളിപ്പിച്ചു വെക്കുന്നത്, ഇതിവൃത്ത മര്‍മ്മത്തിലെ നിഗൂഡതയിലേക്കുള്ള ചുവടുവെപ്പ് (build-up) കൂടിയാണ്.
മക്ഡോനാള്‍ഡ്, ടേണ്‍ബുള്‍ എന്നിവരിലേറെ നോവലിന്റെ ഗതിവികാസത്തില്‍ പ്രധാനിയാകുന്നത് അവിഭക്ത പഞ്ചാബില്‍ നിന്ന് റെയില്‍ പാത നിര്‍മ്മാണത്തിനായി ഭാര്യ ഫാതിമയോടൊപ്പം കുടിയേറുന്ന ബാബു രാജന്‍ സലിം ആണ്. നോവല്‍ ആരംഭത്തില്‍, മൊംബാസ -പോര്‍ട്ട് വിക്റ്റോറിയ ട്രെയിനിലിരുന്നു, മസായി ഗോത്ര മുഖ്യന്റെ മകളായ സനീയയുടെ അവിഹിത ഗര്‍ഭത്തിനുത്തരവാദിയായി ഇരുവരും കുറ്റപ്പെടുത്തുന്ന ബാബു സലിം എങ്ങനെയാണ് അതിലേക്കു എത്തിപ്പെടുന്നത് എന്നതാണ് ഇതിവൃത്ത മര്‍മ്മം. .ആ കുഞ്ഞിനെ താനാണ് വളര്‍ത്തുന്നതെന്നും തനിക്കതില്‍ പിതൃത്വത്തെ സംബന്ധിച്ച പ്രശ്നമൊന്നും ബാധകമല്ലെന്നും വാചാലനാകുന്ന റവ: ടേണ്‍ബുള്ളിന്റെ കാപട്യം നോവലിലെ സുപ്രധാന നിഗൂഡതയുടെ ഭാഗമാണ്; അത് സ്വന്തം ഏറ്റുപറയലിലൂടെ തന്നെയാണ് വെളിപ്പെടുക എന്നത് ഒരുവേള അയാളെ കുറെയൊക്കെ വിശുദ്ധനാക്കുന്നുമുണ്ട്. ഒരര്‍ത്ഥത്തില്‍ നോവലിലെ മൂന്നു കഥാപാത്രങ്ങളിലും ഇത്തരം മറുപുറക്കാഴ്ച നല്‍കുന്നുണ്ട് നോവലിസ്റ്റ് എന്ന് നിരീക്ഷിക്കാം. എന്തായാലും, സുപ്രധാനമായ ഈ കഥ ബാബു സലീമിന്റെ പേരമകനും അറിയപ്പെടുന്ന മ്യുസിക് ബാന്‍ഡില്‍ മുഖ്യ ഗായകനുമായ രാജന്‍ എന്ന നവയുവാവിന്റെ കഥയുമായി കൊരുക്കപ്പെട്ട നിലയിലാണ് ശ്ലഥമായ ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെ നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ തൊടുത്തു വിടല്‍ ആകുന്നതു 1963 ജൂണില്‍, സ്വാതന്ത്ര്യപ്രാപ്തി ഘട്ടത്തില്‍, വെള്ളക്കാര്‍ക്കു മാത്രമായിരുന്ന ജാകരാന്റ ഹോട്ടല്‍ ആദ്യമായി ഇതര വിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കുന്ന ഘട്ടത്തില്‍ ഒരജ്ഞാത സുന്ദരി ഇരുട്ടിന്റെ മറവില്‍ അയാള്‍ക്ക് നല്‍കുന്ന ലാവെണ്ടര്‍ രുചിയുള്ള ചുംബനമാണ്. അതിനു മുമ്പ് അയാള്‍ ഒരു വെള്ളക്കാരിയെ ചുംബിച്ചിട്ടില്ലെങ്കിലും അതൊരു വെള്ളക്കാരിയാണെന്നു അയാള്‍ തിരിച്ചറിയുന്നുണ്ട്: അതയാള്‍ക്ക് ലഭിച്ച ഏറ്റവും മൃദുവായ ചുംബനം ആയിരുന്നു, ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് പേരക്കാ രുചിയായിരുന്നെങ്കില്‍ ഗ്രാമീണ പെണ്‍കൊടികള്‍ക്ക് മില്‍ക്കിംഗ് ജെല്ലിയുടെയും ഇന്ത്യന്‍ യുവതികള്‍ക്ക് വാസലിന്റെയും ഗന്ധമായിരുന്നെന്നു പരിചയസമ്പന്നനായ രാജന് അറിയാമായിരുന്നു. നോവലിലെ സുപ്രധാന പ്രമേയമായ സാംസ്കാരിക സങ്കരവും അതിന്റെ സംഘര്‍ഷങ്ങളും എന്ന പരിഗണന ഏറ്റവും പ്രസന്നമായി അവതരിപ്പിക്കപ്പെടുന്നത് അജ്ഞാത സുന്ദരിയോടുള്ള രാജന്റെ പ്രണയാതുരതയുടെ ഈ പ്രതീകവത്കരണത്തിലൂടെയാണ്. ഇംഗ്ലീഷ് കൊളോണിയല്‍ ആളുകളും, താരതമ്യേന ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ള ജോലികള്‍ ചെയ്യുന്ന ഇന്ത്യന്‍ വംശജരും താഴെ തട്ടില്‍ കായികാധ്വാനത്തിന്റെ ഉറവിടമായിരുന്ന ആഫ്രിക്കന്‍ വംശജരും എന്ന ത്രിത്വത്തിന്റെ ഹെജിമണി സ്വാതന്ത്ര്യ പ്രാപ്തിയോടെ തകിടം മറിക്കപ്പെട്ടു. രാജന്റെ ജീവിതത്തില്‍ കറുത്തവരുടെ ലോകത്തുള്ള ജനനവും വെള്ളക്കാരുടെ ഭരണവും ബ്രൌണ്‍ നിറ സ്വത്വവും സന്ധിക്കുന്നു എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. പില്‍ക്കാലം അയഥാര്‍ത്ഥ രാഷ്ട്രീയ സങ്കീര്‍ണ്ണതകളില്‍ പെട്ട് അതേ സ്വത്വം ചോദ്യം ചെയ്യപ്പെടാതെ തുടരാന്‍ കഴിയാത്ത രാജന്റെ അവസ്ഥ, നോവലന്ത്യത്തില്‍ അയാളെ നാടുകടത്താനുള്ള രാഷ്ട്രീയ തീരുമാനം വരെ എത്തുന്നുണ്ട്: ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ അയാളുടെ മുത്തച്ഛന്‍ വിട്ടുപോന്ന പഞ്ചാബ് അന്നുണ്ടായിരുന്നില്ല. പിതാവ് കുടിയേറിയ ഇംഗ്ലണ്ടില്‍ അയാള്‍ക്ക് പൌരത്വമുള്ളതിനു രേഖയുണ്ടായിരുന്നില്ല. സ്വാതന്ത്ര കെനിയ ഇന്ത്യന്‍ വംശജര്‍ക്ക് പൌരത്വത്തിനു അപേക്ഷിക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി കഴിയും വരെ രാജ് അത് ചെയ്തിട്ടും ഉണ്ടായിരുന്നില്ല. ഈ വിധം എങ്ങും നങ്കൂരമില്ലാത്ത (‘stateless’) രാജന്റെയും ഇതര മുഖ്യ കഥാപാത്രങ്ങളുടെയും ഭാഗധേയങ്ങള്‍ ഒരു സമാപ്ത അധ്യായത്തില്‍ നോവലിസ്റ്റ് ചുരുട്ടിക്കെട്ടുന്നുണ്ട്.
കെനിയന്‍-ഇന്ത്യന്‍ സമൂഹത്തിന്റെ ഉത്ഭവം കുറിച്ച കുടിയേറ്റചരിത്രം ബാബു സലീമിന്റെയും ഫാത്തിമയുടെയും അനുഭവങ്ങളില്‍ സൂചിതമാകുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മൊംബാസയിലേക്ക് എം. വി. സലാമ എന്ന കപ്പലില്‍ ആഴ്ചകള്‍ നീണ്ടു നിന്ന ദുരിതപൂര്‍ണ്ണമായ യാത്ര പഴയ അടിമക്കപ്പലുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. യാത്രക്കിടെ രോഗങ്ങളും ശാരീരിക പീഡകളുമായി പലരും മരണത്തിനു കീഴടങ്ങിയിരുന്നു. ഫാത്തിമ കാലുകള്‍ തളര്‍ന്നു ചലന ശേഷി നഷ്ടപ്പെട്ടവളായാണ് പിന്നീട് ബാബുവിന്റെ കൂടെ കഴിയുക. ആഫ്രിക്കന്‍ ചെറുപ്പക്കാര്‍ കൂടുതല്‍ കൂലി കൊടുത്താല്‍ പോലും റെയില്‍വേ നിര്‍മ്മാണ ജോലിക്ക് വരാന്‍ വിസമ്മതിക്കുന്നത് അത് അടിമക്കച്ചവടത്തിന്റെ തുടര്‍ച്ചയാണ് എന്നവര്‍ കരുതുന്നത് കൊണ്ടാണ്. അറബ് അടിമക്കച്ചവടക്കാരുടെ പ്രവചനം അവരോര്‍ക്കുന്നു: “നീളമുള്ള, വെള്ളി നിറമുള്ള സര്‍പ്പം ദേശത്തിന് കുറുകെ പുളഞ്ഞു വരും, അത് അതിന്റെ വലിയ വയര്‍ നിറയ്ക്കാനായി ശവങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും വിഴുങ്ങും.” ഇന്ത്യക്കാരെയും കറുത്തവരെയും ഒരുമിപ്പിക്കാനിടയുള്ള എന്തിനെയും ബോധപൂര്‍വ്വം ഭിന്നിപ്പിച്ചു നിര്‍ത്താന്‍ വെള്ളക്കാര്‍ ബദ്ധശ്രദ്ധരായിരുന്നു: “കറുത്തവരും തവിട്ടു നിറക്കാരും കൈകള്‍ കോര്‍ക്കുന്നത് അപകടമായിരുന്നു. അത് സംഭവിക്കുന്നത് സൗത്ത് ആഫ്രിക്കയില്‍ അയാള്‍ (മക്ഡോനാള്‍ഡ്) കണ്ടിട്ടുണ്ടായിരുന്നു, ഈസ്റ്റ് ആഫ്രിക്കയില്‍ അത് ആവര്‍ത്തിക്കുന്നത് കാണാന്‍ അയാള്‍ ആഗ്രഹിച്ചില്ല.” അയാളുടെ വിലയിരുത്തലില്‍ “മൊംബാസ ഒരു സങ്കീര്‍ണ്ണ പ്രദേശമാണ്. അത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള തുറമുഖ നഗരമാണ്, എന്നാലത് അവിടെ തറഞ്ഞു പോയ പോലെയുണ്ട് – കാലത്തില്‍ ഉറഞ്ഞുപോകുക എന്നത് അതെ കുറിച്ച് ചിന്തിക്കാവുന്ന ഒരു നല്ല ശൈലിയാണ്. പോര്‍ച്ചുഗീസ് അഥവാ നാട്ടുകാര്‍ വിളിക്കുമ്പോലെ ‘വറേനോ’ (Wareno), പതിനഞ്ചാം നൂറ്റാണ്ടില്‍ അവിടെയെത്തി. തൊട്ടുപിറകെ അറബികളും. പോര്‍ച്ചുഗീസുകാര്‍ മൊംബാസയിലേക്ക് ചോളം കൊണ്ടുവന്നു. അറബികള്‍ ധാന്യമെല്ലാം കൊണ്ടുപോയി. ധ്യാന്യം വേണ്ടത്ര കിട്ടാതായപ്പോള്‍ അവര്‍ നാട്ടുകാരെ വില്‍പ്പനക്കായി തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങി. ഇന്ത്യക്കാരും ചൈനക്കാരും അപ്പോഴൊക്കെ ഇവിടെ ഉണ്ടായിരുന്നു, അവരുടെ തനതായ ഇരുള്‍വഴിയിലെ ഏര്‍പ്പാടുകളുമായി, എന്ന് വെച്ചാല്‍ അവരെന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകില്ല, എന്നാല്‍ അവരെപ്പോഴും തങ്ങിനില്‍പ്പുണ്ട്.” ഈ ഇടത്തിലേക്കാണ് സാംസ്ക്കാരിക ദൗത്യവുമായി വെള്ളക്കാര്‍ എത്തുന്നതെന്ന് റവ: ടേണ്‍ബുള്‍ കരുതുന്നു. ആഫ്രോ-അറബ് വംശജരായ സ്വാഹിലികള്‍ സുരതപ്രിയരും വായാടികളും ആണെന്നും ഇന്ത്യക്കാര്‍ അലസരാണെന്നും എന്നാല്‍ നാട്ടുകാരായ കറുത്ത വര്‍ഗ്ഗക്കാര്‍ “അസഹനീയം, മടിയന്മാര്‍, കള്ളന്മാര്‍.. തൊഴില്‍ വൈദഗ്ദ്യം ഇല്ലാത്തവര്‍’ എന്നുമൊക്കെയാണ് വെള്ളക്കാരുടെ വിലയിരുത്തല്‍. നാട്ടുകാരെ പണിക്കു കിട്ടാന്‍ നടപ്പാക്കേണ്ട രീതികളെ കുറിച്ച് മക്ഡോനാള്‍ഡ് കൊളോണിയല്‍ ഭരണകേന്ദ്രത്തിനു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലോകത്തെവിടെയും ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പിലാക്കിയത് തന്നെയാണ്: അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുക, അടക്കാന്‍ കഴിയാത്തവരെ നിര്‍ബന്ധിത ജോലിക്കെടുക്കുക, അതുവഴി ആരും കുറ്റപ്പെടുത്താത്ത അടിമത്തം നടപ്പിലാക്കുക; മൃഗവേട്ട നിരോധിച്ചു അവരുടെ ജീവിതമാര്‍ഗ്ഗം മുട്ടിക്കുക; സര്‍വ്വോപരി വയലന്‍സ് വേണ്ടും വിധം ഉപയോഗിക്കുക: “നാട്ടുകാര്‍ ശാന്തരായിരുന്നു സംസാരിച്ചാല്‍ നമുക്കതൊരു പ്രശ്നമാണ്, അവര്‍ എണീറ്റു നിന്ന് ജോലി ചെയ്താല്‍ നമുക്കതൊരു പ്രശ്നമാണ്.” അതുകൊണ്ട് ഭിന്നതകള്‍ അതേപടി നിലനിര്‍ത്തുക. ഇന്ത്യന്‍ വംശജരാവട്ടെ, അവിടെയും അവരുടെ മാതൃ രാജ്യത്തെ ഭിന്നതകള്‍ നിലനിര്‍ത്തിയെന്നു നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. “സുന്നികളും ഷിയാകളും എണ്ണയും വെള്ളവും പോലെയാ”ണെന്ന് ഷിയാ വിഭാഗക്കാരനായ നസീര്‍ എന്ന കഥാപാത്രം തീര്‍ത്തുപറയുന്നുണ്ട്. “ജൈന മതക്കാര്‍, പട്ടേലുമാര്‍, ഹിന്ദുക്കള്‍, മുസ്ലിംകള്‍ എല്ലാരും ഇന്ത്യ വിട്ടിരിക്കാം, എന്നാല്‍ ഇന്ത്യ അവരെ വിട്ടിരുന്നില്ല.”
“പിതാക്കളുടെ പാപങ്ങള്‍ മക്കളെ ആയിരം തവണ പിടികൂടും” എന്ന റവ: ടേണ്‍ ബുള്ളിന്റെ നിരീക്ഷണം ബാബു സലീമിന്റെ പേരമകന്റെ കാര്യത്തില്‍ വിചിത്ര രൂപത്തിലാണ് ഫലിക്കുക. ബാബുവിനോടൊപ്പം പരസ്പരം പറഞ്ഞിട്ടില്ലാത്ത ഇല്ലാത്ത കാരണങ്ങളുടെ പേരില്‍ ഒരേ വീട്ടില്‍ വേറിട്ട് കഴിയുന്നതും ഫാത്തിമ കന്യകയായി തുടരുന്നതും വിധിയുടെ വലക്കണ്ണികള്‍ തീര്‍ക്കുന്നുണ്ട്. ആ വന്ധ്യതയിലേക്ക് ആദ്യം ഭര്‍ത്താവിന്റെ ദൂതനായും പിന്നീട് പുരുഷ സ്പര്‍ഷമായും കടന്നെത്തുകയും അപ്പോഴേക്കും വൈകല്യങ്ങളൊക്കെയും തീര്‍ന്നു നിറവാര്‍ന്ന സമ്പൂര്‍ണ്ണ സ്ത്രീത്വം ആയി മാറിയിരുന്ന ഫാത്തിമയില്‍ വിത്ത് വിതക്കുകയും ചെയ്യുന്ന അഹമദ് ഒരര്‍ത്ഥത്തില്‍ ഒരാവര്‍ത്തന പര്‍വ്വമാണ് അരങ്ങേറുന്നത്: ഫാത്തിമയുടെ കുഞ്ഞിന്റെ പിതാവ് ബാബു അല്ലാത്തതു പോലെത്തന്നെ, സനീയയുടെ മകളുടെ പിതാവും അയാളല്ല; റഹീമയും ആ മേല്‍ വിലാസത്തിലാണ് അറിയപ്പെടുകയെങ്കിലും. റഹീമക്ക് പിറക്കുന്ന മറിയാമാണ് അജ്ഞാത സുന്ദരിയുടെ ചുംബനമായി രാജന്റെ പ്രാണനില്‍ പടരുക. അങ്ങനെ പാപങ്ങളുടെ തുടര്‍ക്കണ്ണികളില്‍ കൂടിയും റവ: ടേണ്‍ബുള്‍, മക്ഡോനാള്‍ഡ്, ബാബു സലിം എന്നീ ഒന്നാം തലമുറ ബന്ധിതരാകുന്നുണ്ട്. ബാബുവിന്റെ ഭാഗം മിക്കപ്പോഴും ബലിയാടിന്റെതാണ്: ഗോത്രമുഖ്യന്റെ കോപത്തില്‍ നിന്നും ഒപ്പം അരുതായ്മയുടെ അവമതിയില്‍ നിന്നും പാതിരിയെ രക്ഷിക്കുന്നതിന്റെ, സ്വന്തം ഭാര്യയെ അവിഹിത ഗര്‍ഭത്തിന്റെ മാനക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന്റെ.
സാംസ്കാരിക സങ്കലനത്തിന്റെയും സംഘര്‍ഷങ്ങളുടെയും വിനിമയങ്ങള്‍ ഒട്ടേറെ വിധത്തില്‍ നോവലില്‍ പ്രകടമാണ്. മക്ഡോനാള്‍ഡ് താന്‍ ഇടപഴകുന്ന സമൂഹത്തില്‍ കൂട്ടത്തില്‍ ഒരാളായി മാറുന്നത് കികുയു ഉള്‍പ്പടെ പ്രാദേശിക ഭാഷകള്‍ എല്ലാം നാട്ടുകാരുടെ അതേ സ്വാഭാവികതയോടെ കൈകാര്യം ചെയ്യാനുള്ള മിടുക്ക് കൊണ്ടാണ്. പുതു തലമുറയില്‍ എത്തുമ്പോള്‍ ഗായകനായി ഉയരാന്‍ കൊതിക്കുന്ന രാജന്‍ പാടിക്കൊണ്ടിരിക്കുക മുത്തച്ചന്‍ ഉള്‍പ്പെടുന്ന തലമുറയുടെ റെയില്‍വേ നിര്‍മ്മാണ പുരാണമാണ്. ആയിരങ്ങള്‍ ജീവന്‍ പൊലിഞ്ഞ പ്രക്രിയയിലെ സഹനവും ത്യാഗവും ആധുനിക കെനിയയുടെ ഇതിഹാസമായി അയാള്‍ പാടിക്കൊണ്ടിരിക്കുന്നു. മിരിയാമിനോട് അയാള്‍ പറയുന്നുണ്ട്: “എന്റെ തൊലിയുടെ നിറത്തിന്.. ചുരുങ്ങിയത് കഴിഞ്ഞ കാലത്തെങ്കിലും രാഷ്ട്രീയ ധ്വനികളുണ്ടായിരുന്നു. വെള്ളക്കാര്‍ ഏറ്റവും മുകളില്‍, പിന്നെ ഇന്ത്യക്കാര്‍, പിന്നെ അറബികള്‍, ഒടുവില്‍ ആഫ്രിക്കക്കാരും. അതാണ് രാഷ്ട്രീയ വിശേഷാവകാശം.” സ്വാതന്ത്ര്യം ഇതിനെ തകിടം മരിക്കുമെന്നാണ് മിരിയാം പ്രതിവചിക്കുക. രാജന് പ്രാദേശിക ഭാഷകളോടുള്ള അഭിനിവേശം ഇതോടു ചേര്‍ത്തു കാണാം: “എനിക്ക് ഒരു വെറുമൊരു ഇന്ത്യക്കാരന്‍ എന്നതിനപ്പുറം പോകണം. എനിക്ക് മറ്റു സംസ്കാരങ്ങളില്‍ മുഴുകിപ്പോയ ഒരു കെനിയക്കാരന്‍ ആകണം.” മിരിയമിനാകട്ടെ അവള്‍ക്കൊരു കുടുംബമോ ഗോത്രമോ ഉണ്ടെന്ന തോന്നലില്ല. രാജന്റെ നോട്ടത്തില്‍ അവള്‍ “അറബ്, ഇന്ത്യന്‍ കൊക്കേഷ്യന്‍ ആഫ്രിക്കന്‍ വംശജര്‍ക്കിടയിലെ സങ്കരമായി കാണപ്പെട്ടു. അതുമല്ലെങ്കില്‍ നാലിന്റെയും ഒരു മിശ്രണം.” അത് സംബന്ധിച്ച ദുരൂഹത മുത്തശ്ശി സനീയയെ കുറിച്ച് രാജന്റെ മുത്തച്ചന്‍ ബാബുവിനോടു മിരിയാം വിവരിക്കുമ്പോഴുള്ള വയോധികന്റെ പ്രതികരണത്തില്‍ നിന്ന് വായനക്കാര്‍ക്കു തുറന്നുകിട്ടും.
സമാപ്ത അധ്യായം (epilogue) നോവലിനെ വര്‍ത്തമാന കാലത്തോട് മുട്ടിക്കുന്നതോടൊപ്പം കഥാപാത്രങ്ങളുടെ പില്‍ക്കാല ജീവിതത്തെ കുറിച്ചുള്ള സൂചകങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. രാജിനെ ബ്രിട്ടനിലേക്ക് നാടുകടത്താനുള്ള ശ്രമം അന്ത്യനിമിഷം എയര്‍പോര്‍ട്ടില്‍ വെച്ചു തകിടം മറിക്കപ്പെടുമ്പോള്‍, അയാള്‍ എവിടെയായാലും കൂടെ താനുമുണ്ടാകുമെന്നു ശഠിച്ച മിരിയാമിനൊപ്പം ഒരുവേള ഒരു ‘ശിഷ്ടകാലം അവര്‍ സുഖമായി ജീവിച്ചു’ മാതൃകയിലുള്ള ശുഭാന്ത്യ സൂചനയില്‍ നോവലിസ്റ്റിനു നിര്‍ത്താമായിരുന്നു എന്ന് തോന്നാം. എന്നാല്‍, കെനിയയുടെ പില്‍ക്കാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്തായിത്തീര്‍ന്നു/ എന്താവുമായിരുന്നു എല്ലാവരുടെയും ഭാഗധേയം എന്ന ഒരു യഥാതഥ വിചാരത്തിലേക്കാണ് അന്തിമ അധ്യായം കടന്നു ചെല്ലുന്നത്. മുഖ്യമായും ഒരു വിഹഗ വീക്ഷണ സ്വഭാവത്തിലുള്ള ഹ്രസ്വ അധ്യായം, പേരമകന്‍ നാടുകടത്തപ്പെടുന്ന വിവരമറിഞ്ഞു ഹൃദയം പൊട്ടി മരിക്കുന്ന ബാബുവിനെയും നഗരത്തിന്റെ പിതാവെന്നും പ്രൌഡമായ ജാകരാന്റ ഹോട്ടലിന്റെയും രാജ്യത്തെ ഏറ്റവും മികച്ച അതലറ്റിക് സ്കൂളിന്റെയും സ്ഥാപകനായിത്തീര്‍ന്നു നൂറ്റിയൊന്നാം വയസ്സില്‍ ബഹുമാനിതനായി മരിച്ച മക്ഡോനാള്‍ഡിനെയും കുറിച്ച് പറഞ്ഞുവെക്കുന്നു. തന്റെ മരണത്തിനു അമ്പത് വര്‍ഷം പിന്നിട്ടു മാത്രമേ തുറക്കാവൂ എന്ന നിബന്ധനയോടെ ടേണ്‍ബുള്‍ എഴുതിയ കുമ്പസാരത്തെ കുറിച്ചും സൂചനയുണ്ട്. എന്നാല്‍ ദുരന്തപൂര്‍ണ്ണമായ വിധി ‘ഇന്ത്യന്‍ രാജ്’ എന്ന് പേരുകേട്ട, ലെജന്‍ഡ് ആയിത്തീര്‍ന്ന യുവ ഗായകന്റെത് തന്നെയാണ്. വര്‍ദ്ധിച്ചു വരുന്ന പ്രശസ്തിയില്‍ അയാള്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചേക്കും എന്ന ഭയത്തില്‍, അയാള്‍ക്ക് അതിനു വേണ്ട പ്രായം തികയാന്‍ പോലും ഇനിയുമേറെ കഴിയാനുണ്ടായിരുന്നു എന്നത് പോലും കണക്കിലെടുക്കാതെ ആരോ അയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന സൂചന, സ്വതന്ത്ര കെനിയന്‍ രാഷ്ട്രീയത്തിന്റെ ഭീഷണ മുഖത്തെ കുറിച്ചുള്ള ഒരു പ്രസ്താവം കൂടിയാണ്. അയാളുടെ പേരില്‍ വര്‍ഷം തോറും നകൂറുവില്‍ ജാകരാന്റ ഹോട്ടല്‍ വേദിയില്‍ വെച്ചു നടത്തിവന്ന സംഗീത മത്സരത്തെ കുറിച്ചും അയാള്‍ പാടിവന്ന ഇതിഹാസ കഥ പുതുതലമുറ ആവര്‍ത്തിക്കുന്നതിനെ കുറിച്ചും ഇവിടെ വിവരിക്കുന്നുണ്ട്. എന്നാല്‍, നോവലിലെ മറ്റൊരു സവിശേഷ പ്രമേയം, എല്ലാ നിര്‍മ്മിതികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മധ്യേ ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും എരിഞ്ഞു നിന്ന സ്ത്രീത്വത്തെ എങ്ങനെയാണ് ചരിത്രം തമസ്കരിച്ചത് എന്ന ചോദ്യം, ഒരൊറ്റ ഖണ്ഡികയില്‍ പണിക്കുറ തീര്‍ത്ത് അവതരിപ്പിക്കുന്നു എന്നതാണ് സമാപ്ത അധ്യായത്തെ കുറിച്ചുള്ള ഏറ്റവും ആകര്‍ഷണീയമായ കാര്യം. നോവലിന്റെ അവസാന ഖണ്ഡിക ഇങ്ങനെ വായിക്കാം: “രസകരമയിത്തോന്നാം, അഗ്രഗാമികള്‍ക്ക് പിറകിലുണ്ടായിരുന്ന സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ ആരും ഓര്‍മ്മിച്ചില്ല. അതുപോലെത്തന്നെ, പണ്ടൊരിക്കല്‍ ആ തീവണ്ടി, ആഴ്ചയില്‍ രണ്ടുതവണ വീതം പതിയെ, സ്വച്ഛമായി, മിനുസമായി, ആടിയും, തെന്നി നീങ്ങിയും അതിന്റെ ഹോണ്‍ ഉന്മത്തമായ രതിമൂര്‍ച്ചയില്‍ കൂവും മുമ്പ് മനോഹരമായ നാട്ടുമ്പുറത്തേക്ക് തുളഞ്ഞു കയറി, നാടിനകത്തെക്ക് ഊറ്റത്തോടെ കടന്നു ചെല്ലുകയും അതിനെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യുകയും ചെയ്തതും ആരും ഓര്‍മ്മിച്ചില്ല.”
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 90-102)
read more:
on Wizard of the Crow by Ngũgĩ wa Thiong'o
https://alittlesomethings.blogspot.com/2024/08/wizard-of-crow-1.html
https://alittlesomethings.blogspot.com/2024/08/wizard-of-crow-2.html
https://alittlesomethings.blogspot.com/2024/08/wizard-of-crow-3.html
https://alittlesomethings.blogspot.com/2024/08/wizard-of-crow-4.html
No comments:
Post a Comment