Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 14.

 14.



പോര്‍ച്ചുഗീസ് സമൂഹം സ്വയം സ്ത്രീക്ക് അനുവദിച്ച പങ്കാളിത്ത പരിമിതി പതിന്മടങ്ങായി ലുസോഫോണ്‍ സമൂഹത്തില്‍ പ്രതിഫലിച്ചതും സ്വാഭാവികമായിരുന്നു. മന്ദബുദ്ധികളായി കണക്കാക്കിയെങ്കിലും ആഫ്രിക്കന്‍ പുരുഷന് ഏറ്റവും ചുരുങ്ങിയ തോതിലെങ്കിലും വിദ്യാഭ്യാസ സാഹചര്യം ലഭ്യമായപ്പോള്‍ അതും സ്ത്രീക്ക് നിഷേധിക്കപ്പെട്ടു. എന്നാല്‍, കബ്രാലിനെ പോലുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങള്‍ക്ക് ലുസോഫോണ്‍ സാഹിത്യത്തിലെ എഴുത്തുകാരികളിലും പിന്തുടര്‍ച്ച ഉണ്ടാവുക തന്നെ ചെയ്തു. നോമിയ ഡിസൂസയെ അതിന്റെ ഏറ്റവും നല്ല മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘ധാര്‍മ്മിക രോഷത്തില്‍ ശക്തയെങ്കിലും സാഹിത്യ സങ്കേതങ്ങളില്‍ പരിമിതികളുള്ള എഴുത്തുകാരി’ എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ സമകാലികരില്‍ കൂടുതല്‍ ജനസമ്മതി നേടിയ ഇതര എഴുത്തുകാരികളെക്കാള്‍  കൂടുതലായി കൃത്യമായ മോസാംബിക്കാന്‍ സ്വത്വത്തിന്റെ പ്രതിഫലനമയിത്തീര്‍ന്നു അവരുടെ കവിതകള്‍. ആഗോളീകരണം, ദേശാന്തരീയത, അസ്ഥിര സ്വത്വങ്ങള്‍ (globalisation, trans-nationalism and fluid identities) എന്നിവയുടെതായ വര്‍ത്തമാന കാലത്ത് അത്ര സ്വീകാര്യമല്ലെങ്കിലും അവര്‍ എഴുതിയ ചരിത്ര പശ്ചാത്തലത്തില്‍ വംശീയത എല്ലാത്തിനെയും നിര്‍ണ്ണയിക്കുന്ന ഘടകമായിരുന്നു. വംശീയ സ്വത്വത്തെ അവഗണിച്ചുകൊണ്ട് സാംസ്കാരികമായി അടയാളപ്പെടുത്തുക അസാധ്യമായിരുന്നു അവര്‍ക്ക്.

വിരലിലെണ്ണാവുന്ന നോവലുകളാണ് വനിതാ എഴുത്തുകാരുടെതായി ലുസോഫോണ്‍ ആഫ്രിക്കയില്‍ നിന്ന് ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ ലഭ്യമായിട്ടുള്ളത്. പോളിന ഷിസിയാനെയുടെ The First Wife: A Tale of Polygamy മൊസാംബിക്കന്‍ സാഹിത്യത്തില്‍ ഇക്കാര്യത്തില്‍ ആദ്യകൃതിയാണെങ്കില്‍, കെയ്പ് വെര്‍ദെയുടെ കാര്യത്തില്‍ അതേ സ്ഥാനം ഡിനാ സലൂസ്റ്റിയോയുടെ The Madwoman of Serrano എന്ന നോവലിനാണ്. കെയ്പ്പ് വെര്‍ദെയുടെ ‘ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന് വിളിക്കപ്പെടുന്ന ജെര്‍മനോ അല്‍മീദയുടെ The Last Will and Testament of Senhor da Silva Araujo തെളിയിക്കുന്നതു പോലെ ഒരു സാംസ്കാരിക സങ്കരത്തിന്റെ പ്രത്യേകതയുണ്ട് ഈ ദ്വീപ സമൂഹത്തിന്. പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ കെയ്പ്പ് വെര്‍ദെയുടെ പത്തു ദ്വീപുകളില്‍ അവരുടെ അടിമകളോടൊപ്പം താമസമാക്കിയപ്പോള്‍ ഫലത്തില്‍ യൂറോപ്പുകാരും ആഫ്രിക്കക്കാരും ഒരുപോലെ തങ്ങളുടെ സാംസ്കാരിക ഉത്ഭവത്തിന്റെ അധീനപ്രദേശങ്ങളില്‍ നിന്നു പറിച്ചെറിയപ്പെടുകയാണ് ഉണ്ടായത്. ഇതര സാംസ്കാരിക സ്വാധീനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കങ്ങളില്‍ നിന്ന് ഫലത്തില്‍ ഒറ്റപ്പെടുത്തപ്പെട്ട നിലയില്‍ ഒരു മെരുങ്ങാ ഭൂമികയില്‍ അവര്‍ ഒരുമിച്ചു വന്നു: യൂറോപ്പും ആഫ്രിക്കയും അവരുടെ ഓര്‍മ്മകളില്‍ സജീവമായിരുന്നെങ്കിലും അത് മുറിഞ്ഞു പോകുന്നതും ശ്ലഥവും കലര്‍പ്പുള്ളതുമായിരുന്നു എന്ന് നിരീക്ഷ്ജിക്കപ്പെടുന്നു. ആഫ്രിക്കന്‍ രീതികള്‍ യൂറോപ്പ്യന്‍ നാവികരുടെ ജീവിത രീതിയുമായി അടുത്തുവരികയും സങ്കരം നടക്കുകയും ചെയ്ത ഈ സാഹചര്യങ്ങള്‍ കാരണം കെയ്പ്പ് വെര്‍ദെ ശരിക്കും സാംസ്കാരിക സങ്കലനത്തിന്റെ (cultural hybridity) ഉത്പന്നമാണ്. മറിച്ച്, വന്‍കരയിലെ ഇതര ദേശങ്ങളില്‍ (അങ്കോളയും മൊസാംബിക്കും പോലെ) ശക്തമായ ആഫ്രിക്കന്‍ സംസ്കാരം, ന്യൂനപക്ഷ യൂറോപ്യന്‍ സാന്നിധ്യത്തിന്റെ  സ്വാധീനമുള്ളപ്പോഴും, തുടര്‍ച്ചയും തനിമയും നിലനിര്‍ത്തിക്കൊണ്ടു നിലനിന്നു *(24). നോവലിസ്റ്റ് എന്ന നിലയില്‍  പ്രശസ്തയായ മറ്റൊരു എഴുത്തുകാരിയായ കെയ്പ്പ് വെര്‍ദെയുടെ തന്നെ ഓര്‍ലാന്‍ഡാ അമാറിലിസിന്റെ കൃതികളും ഇംഗ്ലീഷില്‍ ലഭ്യമല്ല. അന പോള ടാവരെസിനെ പോലുള്ള കവയിത്രികള്‍ ഉയര്‍ന്നു വന്നുവെങ്കിലും അങ്കോളയെ സംബന്ധിച്ച് ‘വനിതാ എഴുത്തുകാര്‍ നിലനില്‍ക്കുന്നില്ല” എന്നു ഫിലിപ് റോത് വെല്‍ നിരീക്ഷിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ അവര്‍ തീര്‍ത്തും ആഗോചരരാണ് എന്ന അര്‍ഥത്തിലാണ് *(25).

പ്രൊഫ. റോത്വെല്‍ തുടര്‍ന്ന് നടത്തുന്ന നിരീക്ഷണങ്ങള്‍ ചുരുക്കി വിവരിക്കേണ്ടതുണ്ട്. സ്ത്രീയുടെ സര്‍ഗ്ഗാത്മകതയെ കണ്ടില്ലെന്നു നടിക്കുന്ന അംഗോളന്‍ പൊതു പ്രവണ 1975ലെ നാടിന്‍റെ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സ്ത്രീകള്‍ നേരിടേണ്ടിവന്ന രാഷ്ട്രീയ അന്തരീക്ഷത്തിന്‍റെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു." ഇതര ലുസോഫോണ്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ വനിതാ രാഷ്ട്രീയ സാരഥികള്‍ ഉണ്ടായപ്പോള്‍, അംഗോളയില്‍ അതുണ്ടായില്ല. മുന്‍ പോര്‍ച്ചുഗീസ് കോളനികളില്‍ ഏറ്റവും വൈവിധ്യവും സമ്പത്തുമുള്ളതായിരുന്നിട്ടും ദേശീയ സ്വത്വ നിര്‍മ്മിതിയില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുന്നവര്‍ എന്നോ കൂടുതല്‍ വായനക്കാരെ അര്‍ഹിക്കുന്നവര്‍ എന്നോ ഉള്ള രീതിയില്‍ അംഗോളന്‍ സ്ത്രീ എഴുത്തുകാരെ അംഗീകരിക്കാന്‍ വേണ്ട ഔന്നത്യം സാംസ്കാരിക മണ്ഡലത്തില്‍ ഉണ്ടായില്ല. എന്നാല്‍, 1940നു ശേഷമുള്ള അംഗോളന്‍ പെണ്ണെഴുത്ത് നിരീക്ഷിക്കുമ്പോള്‍ പുരുഷാധിപത്യ ക്രമത്തെയും സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയെയും നിരന്തരം നേരിട്ടും നിശ്ശബ്ദരാകാന്‍ വിസമ്മതിക്കുന്ന മികവുറ്റ എഴുത്തുകാരികളെ കാണാനാവും. MPLA (People's Movement for the Liberation of Angola)സൃഷ്ടിച്ച മാര്‍ക്സിസ്റ്റ് 'പുതു മനുഷ്യന്‍' (the Marxist 'New Man') ആഖ്യാനത്തിന്‍റെ ഉയര്‍ച്ചക്കും പതനത്തിനും സമാന്തരമായ വായന അവരുടെ കൃതികളും അര്‍ഹിക്കുന്നുണ്ട്. അമ്പതുകളില്‍ സ്ഥാപിതമായ കാലം തൊട്ട് സാംസ്കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും ദേശ നിര്‍മ്മിതിയില്‍ സാഹിത്യത്തിന്‍റെ ഇടം ഊന്നിപ്പറയുകയും ചെയ്യുമായിരുന്ന MPLA, ഒരു ഘട്ടത്തിലും, 1975ലെ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പോലും, സ്ത്രീയുടെ കര്‍തൃത്വത്തെ അംഗീകരിച്ചില്ല എന്നത്, വിപ്ലവത്തിന്‍റെ കേന്ദ്രം പുരുഷാധിഷ്ടിത ലോകവീക്ഷണമാണെന്ന നിലപാടിന്‍റെ തുടര്‍ച്ചയായിരുന്നു. "ഭാവിയുടെ സേവകരായ ഗര്‍ഭപാത്രങ്ങളായി സ്ത്രീകള്‍ ഒതുക്കപ്പെട്ടു." (Rothwell)

MPLA യുടെ സെക്സിസ്റ്റ് നിലപാടുകളെയും പെപെറ്റീല (Pepetela), മാനുവല്‍ റൂയി (Manuel Rui) തുടങ്ങിയ പുരുഷ എഴുത്തുകാരുടെ സൂക്ഷ്മ ദേശീയതഭ്രാന്തിനെയും നേരിട്ടുകൊണ്ടും അഗസ്റ്റിനോ നെറ്റൊയുടെ ആശയങ്ങളെ വിരുദ്ധോക്തിയില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടും അംഗോളന്‍ സാഹിത്യത്തില്‍ ഉയര്‍ന്നു വന്ന ലിലിയ ഡാഫോന്‍സെക (Lília da Fonseca (19161991), അല്‍ഡാ ലാറ (Alda Lara(1930-1962), ഡിയോലിന്‍ഡാ റോഡ്റിഗസ് (Deolinda Rodrigues  19391968), ചോദോ ഗുറി  (Chó do Guri 1959-2017), അന പോള ടാവരെസ് (Ana Paula Tavares  b.1952), അന്‍റോണിയോ ഡോമിംഗോസ് (Antónia Domingos b.1970) എന്നിവര്‍ പുരുഷ എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു അംഗോളന്‍ ജീവിത വീക്ഷണം അവതരിപ്പിച്ചു. അംഗോളയിലെ ആദ്യ വനിതാ എഴുത്തുകാരിയായി പരിഗണിക്കപ്പെടുന്ന ലിലിയ ഡാഫോന്‍സെകയുടെ കൃതികളുടെ പ്രസക്തി, സ്വാതന്ത്ര്യാനന്തര കാലത്തെ ലിംഗ വിവേചനങ്ങളുടെ നിശിത നിരീക്ഷണങ്ങളാണ്. അല്‍ഡാ ലാറ, സമൂഹത്തില്‍ സ്വാതന്ത്ര്യം, നീതി, മാതൃത്വം തുടങ്ങിയ പ്രമേയങ്ങളുടെ പ്രാധാന്യം പേര്‍ത്തും പേര്‍ത്തും നിരീക്ഷണ വിധേയമാക്കി. മാതൃത്വത്തിന്‍റെയും ദേശീയ വിമോചനത്തിന്‍റെയും ഇടയിലെ സംഘര്‍ഷങ്ങള്‍ എന്ന അവരുടെ പ്രമേയം, പില്‍ക്കാല പുരുഷ എഴുത്തുകാര്‍ സ്ത്രീകളുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ഇകഴ്ത്തിക്കാണിക്കാന്‍ നിരന്തരം ഉപയോഗിച്ചു. സ്വാതന്ത്ര്യസമര നായികയായിരുന്ന ഡിയോലിന്‍ഡാ റോഡ്റിഗസ് തന്‍റെ രചനകളിലും ഡയറികുറിപ്പുകളിലുമായി, സ്ത്രീകളുടെ വിപ്ലവ സ്വത്വത്തിനു ഒരു പരിപ്രേക്ഷ്യം നല്‍കി. എന്നാല്‍ അവരുടെ കൃതികളുടെ സൂക്ഷ്മ വായന താന്‍ പൊരുതിമരിച്ച അംഗോളന്‍ വിപ്ലവം സ്ത്രീക്കു നല്‍കിയ പദവിയെ കുറിച്ച് അവര്‍ക്കുണ്ടായിരുന്ന സന്ദേഹങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചോദു ഗുറി, അന പോള ടാവരെസ്, അന്‍റോണിയോ ഡോമിംഗോസ് എന്നിവര്‍ സ്വാതന്ത്ര്യാനന്തരം സാംസ്കാരിക രംഗത്ത് സജീവമായവരും അംഗോളന്‍ സാംസ്കാരിക മണ്ഡലം സ്ത്രീക്ക് നല്‍കുന്ന പരിമിത കര്‍തൃത്വത്തില്‍ തീര്‍ത്തും അസ്വസ്ഥരുമാണ്. കവിതയിലൂടെയും ഗദ്യത്തിലൂടെയും അവര്‍ സ്ത്രീ പ്രതിനിധാനങ്ങളെയും അഭിലാഷങ്ങളെയും അംഗോളന്‍ സ്വാതന്ത്ര്യത്തിന്‍റെ അങ്ങേയറ്റം പുരുഷ കേന്ദ്രിതമായ ആഖ്യാനങ്ങളുടെ കടുത്ത പരിമിതികളെയും തുറന്നു കാട്ടുന്നു. സ്ത്രീയെ സംബന്ധിച്ച 'പരമ്പരാഗത' ആഫ്രിക്കന്‍ വാര്‍പ്പു മാതൃകകളെയും MPLAയുടെ മുഖമുദ്രയായ ആദര്‍ശ മുഖംമൂടിയിട്ട സ്ത്രൈണ സര്‍ഗ്ഗാത്മകതയുടെ തിരസ്കാരത്തെയും അവര്‍ നിരന്തരം വെല്ലുവിളിക്കുന്നു. സ്ത്രീകളാണ് എന്ന വസ്തുതക്കപ്പുറം, രാഷ്ട്രീയ വ്യവസ്ഥ തങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ് അവരുടെ നിലപാടുകളെ വിധ്വംസക സ്വഭാവം ഉള്ളതാക്കുന്നത്. 

തെല്‍മാ റോഷ (Telma Rocha)യുടെ 2019ല്‍ പുറത്തിറങ്ങിയ The Angolan Girl: A True-Life Novel, ചരിത്ര നോവലിന്‍റെ ഗരിമ നിലനിര്‍ത്തുന്നതില്‍ അത്ര വിജയിച്ചിട്ടില്ലാത്തതു കൊണ്ടാവാം, എഴുത്തുകാരിയുടെ മുത്തശ്ശിയുടെ ജീവ ചരിത്രത്തെ തികച്ചും യഥാതഥവും ഏകാതനവുമായി പിന്തുടരുന്ന കൃതിക്ക് പ്രാമാണിക നിരൂപക ശ്രദ്ധയൊന്നും ഇതുവരെയും ലഭിച്ചു കാണുന്നില്ല. സര്‍ഗ്ഗാത്മകമായ ഒരു പരീക്ഷണത്തിനും മുതിരാതെ തീര്‍ത്തും ഋജുവായ കഥ “പറച്ചില്‍” (telling) നോവലിന് ഗുണം ചെയ്തിട്ടില്ല എന്നു പറയാം. നന്നേ ചെറുപ്പത്തില്‍ കുടുംബ സമേതം കാനഡയില്‍ കുടിയേറിയ തെല്‍മയുടെ പുസ്തകം ഇംഗ്ലീഷ് ഭാഷയിലാണ് രചിക്കപ്പെട്ടത് എന്നതും പ്രധാനമാണ്. കവിതയില്‍ സാവോ ടോമെയില്‍ നിന്ന് അല്‍ഡാ എസ്പിരിറ്റോ സാന്‍റോയും (Alda do Espírito Santo)  ഗിനി ബിസോയില്‍ നിന്ന് ഓഡെറ്റെ സെമെദോയും (Odete Semedo) ഉയര്‍ന്നുവന്നുവെങ്കിലും ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ ഇവയൊന്നും ലഭ്യമല്ല. എന്നാല്‍ 2011 മുതല്‍ ലുസോഫോണ്‍ ആഫ്രിക്കയുടെ ഭാഗമായിത്തീര്‍ന്ന ഇക്വേറ്റൊരിയല്‍ ഗിനി 1968 വരെയും സ്പാനിഷ് കോളനിയായിരുന്നതു കൊണ്ട് സ്പാനിഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ആഫ്രിക്കന്‍ രാജ്യമാണ്. ഇവിടെ നിന്നുള്ള ആദ്യ പെണ്ണെഴുത്തു നോവല്‍ (("La Bastarda' - Trifonia Melibea Obono) സ്വാഭാവികമായും ഈ ഭാഷയിലാണ് എഴുതപ്പെട്ടത്. ലോറന്‍സ് ഷെമിലിന്‍റെ മൊഴിമാറ്റത്തില്‍ ഇംഗ്ലീഷില്‍ ലഭ്യമായ ഒബോനോയുടെ കൃതി, വളരെ കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടിട്ടുള്ള ഒരു ചെറു ഭൂപ്രദേശത്ത് നിന്നുള്ള ആദ്യ നോവല്‍ എന്ന നിലയില്‍ മാത്രമല്ല, ഭിന്ന ലൈംഗികതയുടെ 'വിലക്കപ്പെട്ട' വിഷയം പ്രകോപനപരമായ സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്നത് എന്ന നിലയിലും ഏറെ പ്രസക്തമാണ്.

തുടര്‍ വായനക്ക്:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 15.

https://alittlesomethings.blogspot.com/2024/09/15.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:


ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 10.

https://alittlesomethings.blogspot.com/2024/09/10.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 11.

https://alittlesomethings.blogspot.com/2024/09/11.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 12. 

https://alittlesomethings.blogspot.com/2024/09/12.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 13.

https://alittlesomethings.blogspot.com/2024/09/13.html

No comments:

Post a Comment