15.
മറ്റു ചില ദേശങ്ങള്‍
ഈ പരിഗണനകളില്‍ പെടാത്ത കാമറൂണ്‍, ഗാബോണ്‍, ഹെയ്തി എന്നീ ദേശങ്ങളുടെ സാഹിത്യങ്ങളില്‍ വനിതാ സാന്നിധ്യത്തെ കുറിച്ച്
കൂടി സൂചിപ്പിക്കേണ്ടതുണ്ട്. കാമറൂണ്‍, ഗാബോണ്‍ എന്നിവ സെന്‍ട്രല്‍ ആഫ്രിക്കന്‍
ദേശങ്ങള്‍ എന്നറിയപ്പെടുന്ന ഏഴു രാജ്യങ്ങളില്‍ പെടുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലും പ്രാദേശിക ഭാഷകളിലും കമറൂണിയന്‍ സാഹിത്യം സജീവമാണ്.
ആഫ്രിക്കന്‍ സാഹിത്യത്തിലെ തന്നെ അതികായന്മാരായ മോംഗോ ബെറ്റി, ഫെര്‍ഡിനാണ്ട് ഒയോനോ എന്നിവരെ കൂടാതെ ഫ്രാന്‍സിസ് ബേബി (Francis
Bebey), റെനെ ഫിലോമ്പേ (René Philombé)
തുടങ്ങിയവര്‍ ഫ്രഞ്ചില്‍ എഴുതിയപ്പോള്‍ മബെല്ല സോനേ ദിപോകെ (Mbella Sonne
Dipoko) ഇംഗ്ലീഷിലാണ് തന്റെ കൃതികള്‍ രചിച്ചത്. ആഫ്രിക്കന്‍
സാഹിത്യത്തിലെ ഒരു അഗ്രഗാമിയായ ഴാങ് ലൂയിസ് മേദു (Jean-Louis Njemba Medu - 1902-1966) 1932ല്‍ ബുലു ഭാഷയില്‍ എഴുതിയ Nnanga
Kon എന്ന ഫാന്റസി നോവല്‍ അദ്ദേഹം മരിച്ചു മുപ്പതു വര്‍ഷങ്ങള്‍ക്കു
ശേഷം ഫ്രഞ്ചിലേക്ക് മൊഴി മാറ്റപ്പെട്ടു. വേര്‍വരെ ലൈകിംഗ്,
കലിസ്തെ ബിയാല തുടങ്ങിയ അഗ്രഗാമികളെ കൂടാതെ ഒട്ടേറെ ശക്തമായ വനിതാ സാന്നിധ്യങ്ങള്‍
കാമറൂണ്‍ സാഹിത്യത്തിലുണ്ട്. ലിയോനാര മിയാനോ (Léonora Miano)
യുടെ Season of the Shadow ട്രാന്‍സ് അറ്റ്ലാന്റിക്
അടിമക്കച്ചവടത്തിന്റെ ഇതിഹാസം അതിന്റെ ആദ്യ ഇരകളായ സബ് സഹാറന്‍ ആഫ്രിക്കന്‍
ജനതയുടെ പിന്‍ഗാമികളുടെ വീക്ഷണത്തില്‍ അവതരിപ്പിക്കുമ്പോള്‍ Dark Heart of
the Night കോണ്‍റാഡിന്റെ വിഖ്യാത കൃതിയുടെ അപനിര്‍മ്മാണവും
അതിജീവനത്തിന്റെ ഭാഗമായി ഒരു ജനത സ്വന്തം ജനതയോട് തന്നെ നടത്തുന്ന ഭീകരതയും
ആവിഷ്കരിക്കുന്നു. ഈ രണ്ടു കൃതികളും ഇംഗ്ലീഷില്‍ ലഭ്യമാണ്. ലെസ്ബിയന്‍ ബന്ധം
ചിത്രീകരിക്കുന്ന ആദ്യ ആഫ്രിക്കന്‍ വനിതാ രചന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രീഡ
എകൊത്തോ (Frieda Ekotto) യുടെ Don't Whisper Too Much
and Portrait of a Young Artiste from Bona Mbella ഇംഗ്ലീഷ്
മൊഴിമാറ്റത്തില്‍ ലഭ്യമാണ്. ഇംബോലോ എംബൂയെയുടെ Behold the Dreamers (2017) ഇതിനോടകം ഒട്ടേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
മധ്യആഫ്രിക്കന്‍ രാജ്യമായ ഗാബോണിനു ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്രയേറെ
അടയാളപ്പെടുത്തപ്പെട്ട ഒന്നല്ലെങ്കിലും വന്‍കരയിലെ മറ്റേതൊരു രാജ്യത്തെയും പോലെ
വലിയ വാമൊഴി സാഹിത്യ പാരമ്പര്യമുണ്ട്. 1960 വരെ ഫ്രഞ്ച് കോളണിയായിരുന്നതു കൊണ്ട്
എഴുതപ്പെട്ട ആദ്യകാല കൃതികള്‍ മിഷനറിമാരുടെതും അമേരിക്കന്‍ പര്യവേഷകരുടെതുമാണ്.
സ്വാതന്ത്ര്യാനന്തര കാലത്ത് കവിതയിലും നോവലിലും നാടകത്തിലുമെല്ലാം നിയതമായ അര്‍ഥത്തില്‍
ഗാബോണീസ് സാഹിത്യം എന്ന് പറയാവുന്ന ഉണര്‍വ്വുകള്‍ ശക്തമായി. എന്‍ദൂനാ ദെപാനോദ് (Ndouna
Depenaud), ഹോര്‍ഹെസ് റവീരി (Georges Rawiri ) തുടങ്ങിയ കവികള്‍, വിന്‍സെന്റ് ഡി പോള്‍ എന്‍യോന്‍ദാ
(Vincent de Paul Nyonda)യെ പോലുള്ള നാടക കൃത്തുക്കള്‍,
ഒകൂംബാ ങ് കോഗെ (Okoumba-Nkoghé), ലോറെന്റ്
ഒവോന്‍ഡോ (Laurent Owondo) തുടങ്ങിയ നോവലിസ്റ്റുകള്‍
എന്നിങ്ങനെ ഗാബോണ്‍ സാഹിത്യം ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ സ്വന്തം
വ്യക്തിത്വം നേടിയെടുത്തു തുടങ്ങി. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും, ലുഡോവിക് ഒബിയാങ് (Ludovic Obiang), ഴാങ് മാത്തോ
ആംഗൂ-ഓണ്ടോ (Jean-Mathieu Angoué-Ondo) തുടങ്ങിയ പുതിയ
പ്രതിഭകള്‍ തങ്ങളുടെ സാഹിത്യ സപര്യ തുടരുന്നുണ്ട്. അറുപതുകളില്‍ തന്നെ ഗാബോണീസ്
സാഹിത്യത്തില്‍ സ്ത്രീസാന്നിധ്യവും പ്രകടമായി. യോസേറ്റ ലിമയെ പോലുള്ള (Josette
Lima) കവികളും ഏഞ്ചല റവീരി (Angèle Ntyugwetondo Rawiri) ജസ്റ്റിന്‍ മിന്‍സ്റ്റാ (Justine
Mintsa) എന്നീ നോവലിസ്റ്റുകളും ഇവരില്‍ മുന്‍ നിരയിലുണ്ട് *(26).
ഭൂമിശാസ്ത്രപരമായി കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഹെയ്തിയുടെ
ആഫ്രിക്കന്‍ സ്ഥാനം തികച്ചും സാംസ്കാരികമാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍
നിന്ന് കൊണ്ടുവരപ്പെട്ട ആഫ്രിക്കന്‍ അടിമകളുടെ പിന്‍ഗാമികളാണ് ജനസംഖ്യയില്‍
ഏതാണ്ട് മുഴുവന്‍ എന്നതുകൊണ്ട് ‘കരീബിയനിലെ കൊച്ചു ആഫ്രിക്കന്‍ തുണ്ട്’ എന്നു കണക്കാക്കപ്പെട്ടു. യാനിക് ലാഹെന്‍സ് (Yanick Lahens), മേരി ഷോവേ (Marie Vieux Chauvet), കേറ്റ് ലി മാര്‍സ്
(Kettly Mars) തുടങ്ങിയ മിക്ക ഹെയ്തിയന്‍ എഴുത്തുകാരികളും ഫ്രഞ്ച്
ഭാഷയിലാണ് എഴുതുന്നത്. ലാഹെന്‍സ്, മേരി ഷോവേ എന്നിവരുടെ കൃതികള്‍
ഇംഗ്ലീഷില്‍ ലഭ്യമായിട്ടുമുണ്ട്. എഡ്വീജ് ഡാന്റികാഹ് ഇംഗ്ലീഷില്‍ എഴുതുന്നു എന്നത്
മാത്രമല്ല, കൃത്യമായും ആഫ്രിക്കന്‍ സംവേദനത്വത്തിന്റെതാണ്
അവരുടെ രചനകള്‍ എന്നതും അവരെ വേറിട്ട് നിര്‍ത്തുന്നുണ്ട്. ഗോഡെലൂപെയുടെ അഭിവന്ദ്യ
സാന്നിധ്യമായ മറീസ് കൊണ്ടെയെ പോലെ ഒരെഴുത്തുകാരിയുടെ തികച്ചും ‘ആഫ്രിക്കന്‍’ തന്നെയായ കൃതികള്‍ വെറും ഭൂമിശാസ്ത്ര പരിഗണന കൊണ്ട് ഈ പരിപ്രേക്ഷ്യത്തില്‍
പെടാതെ പോവുന്നതും വിചിത്രമാണ്.
തുടര്‍ വായനക്ക്:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 16.
https://alittlesomethings.blogspot.com/2024/09/16.html
മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 11.
https://alittlesomethings.blogspot.com/2024/09/11.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 12.
https://alittlesomethings.blogspot.com/2024/09/12.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 13.
https://alittlesomethings.blogspot.com/2024/09/13.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 14.
https://alittlesomethings.blogspot.com/2024/09/14.html
No comments:
Post a Comment