വംശവെറിയുടെ അടിക്കാട്
(റുവാണ്ടന്‍-ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ
ആത്മകഥാംശമുള്ള നോവല്‍ ‘ഔവ്വര്‍ ലേഡി ഓഫ് ദി നൈല്‍’ പോസ്റ്റ് കൊളോണിയല്‍
ആഫ്രിക്കയുടെ ഒരു തീക്കാലത്തിന്റെ പ്രഭവങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെയും
മുന്നറിയിപ്പിന്റെയും അതിരുകള്‍ മുറിച്ചു കടക്കുന്നു.)
"വംശഹത്യ വിഷമയമായ ഒരു അടിക്കാടാണ്; രണ്ടോ
മൂന്നോ വേരുകളില്‍ നിന്നല്ല അത് വളരുക. മറിച്ച്, ആരാലും ശ്രദ്ധിക്കപ്പെടാതെ ഭൂമിക്കടിയില്‍ ഉരുവം കൊണ്ട സമൂലമായ ഒരു
കെട്ടുപിണച്ചിലില്‍ നിന്നാണ്.”
ജീന്‍ ഹാര്‍ട്സ്ഫെല്‍ഡ് രചിച്ച റുവാണ്ടന്‍ വംശഹത്യയുടെ അനുഭവവിവരണമായ "ലൈഫ്
ലെയ്ഡ് ബെയര്‍" എന്ന കൃതിയില്‍ വംശഹത്യ അതിജീവിച്ച
ക്ലോഡൈന്‍ എന്ന സ്ത്രീ പറയുന്ന വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. റുവാണ്ടന്‍
സമൂഹത്തില്‍ അടിയൊഴുക്കായി നിലനിന്നു വന്ന വംശീയവ്യവസ്ഥയില്‍ കൊളോണിയല്‍
താല്പര്യങ്ങള്‍ മൂര്‍ച്ച കൂട്ടിയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം
രൂക്ഷമായിത്തീര്‍ന്ന വിദ്വേഷ രാഷ്ട്രീയവും പൊട്ടിത്തെറിക്കുകയായിരുന്നു 1994-ല്‍. കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം
മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും
അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ഛായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക്
നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും
വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍
ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍
അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി, പ്രസിഡന്‍റ്
ജുവനല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍
ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. 'ഹുടു പവര്‍ റേഡിയോ' ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ്; എല്ലാ കൂറകളേയും
നശിപ്പിക്കേണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must
be vanquished”). "എല്ലാ നീളന്‍ മരങ്ങളെയും വെട്ടിക്കളയുക"
("Cut
all the tall trees"). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍, വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു
അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍
പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ
എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം
സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. നാസി
ഹോളോകാസ്റ്റിലോ ഖമേര്‍ റൂഷ് നരമേധങ്ങളിലോ കാണാനാവാത്ത വിധം തലേന്ന് വരെ ഒരുമിച്ചു
കഴിഞ്ഞ അയല്‍വാസി, യാത്രക്ക് വിളിച്ച ടാക്സിയുടെ
ഡ്രൈവര്‍, അതുമല്ലെങ്കില്‍ ഒരൊറ്റ ബെഞ്ചിലിരുന്നു
പഠിച്ച സഹപാഠി- മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ തന്നെ
അപരന്റെ കൊലയാളിയായി ഇത്ര ഭീകരമായ കൂട്ടക്കുരുതി അരങ്ങേറിയ അനുഭവം ചരിത്രത്തില്‍
വേറെയുണ്ടോ എന്ന് സംശയം. കൊന്നു തള്ളേണ്ടവര്‍
ഏറെയാവുമ്പോള്‍ ബുള്ളറ്റിന്റെ ചെലവ് ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു
കണ്ടെയ്നര്‍ വഴി എത്തിയ പത്തു ഫ്രാങ്കിന് താഴെ വില വരുന്ന ചൈനീസ് നിര്‍മ്മിത
വടിവാള്‍ (machette). ഇത്തരം ഒരു പൊള്ളുന്ന ദേശാനുഭവത്തെ ഫിക് ഷന്റെ
തുറസ്സുകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ അനുവാചകന് പേടിസ്വപ്നങ്ങളുടെ
വാഗ്ദാനത്തിനപ്പുറം പാരായണക്ഷമതയുടെ പോലും സാധ്യത നല്‍കുക എഴുത്തുകാരന്/കാരിക്ക് വെല്ലുവിളി തന്നെയാവും. സെനഗലീസ്
നോവലിസ്റ്റ് ബുബാക്കര്‍ ബോറിസ് ഡിയോപ്പ് രചിച്ച Murambi: the Book of Bones, നവോമി
ബെനാറോണിന്റെ Running the Rift, ഗില്‍ കോര്‍ട്ട്മാന്‍ഷേയുടെ A Sunday at the Pool in Kigali തുടങ്ങിയ
നോവലുകളിലും ടെറി ജോര്‍ജ്ജ് സംവിധാനം ചെയ്ത Hotel Rwanda പോലുള്ള ചലച്ചിത്രങ്ങളിലും
രക്തമുറയുന്ന ഭീകരതകള്‍ക്കിടയിലും അറം പറ്റാതെ ശേഷിച്ച മാനവികതയുടെ ചിഹ്നങ്ങള്‍
കണ്ടെടുക്കും വിധം ഈ ചരിത്രഘട്ടം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
വംശവെറിയുടെ ‘അടിക്കാട്’
റുവാണ്ടന്‍ സംഘര്‍ഷങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍
പൊട്ടിത്തെറിച്ച കാലഘട്ടത്തിനും മുമ്പ്, 1970-കളില്‍, ന്‍യാംബിനോംബെ പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു
വന്ന, സമൂഹത്തിലെ ഉന്നതന്മാരുടെ പെണ്‍കുട്ടികള്‍ക്കായുള്ള
ഒരു ബോര്‍ഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ജീന്‍ ഹാര്‍ട്ട്ഫെല്‍ഡ് സൂചിപ്പിച്ച ആ
‘അടിക്കാട്’ സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ്
റുവാണ്ടന്‍ - ഫ്രഞ്ച് നോവലിസ്റ്റ് സ്കൊലാസ്റ്റിക് മുകാസോംഗയുടെ ഏറെ ആത്മകഥാംശമുള്ള
നോവല്‍ Our Lady of the Nile. “2493 മീറ്റര്‍ ഉയരത്തില്‍ നമ്മള്‍
സ്വര്‍ഗ്ഗത്തോട് ഏറ്റവും അടുത്താണ്” എന്നു വെള്ളക്കാരായ അധ്യാപകര്‍ മേനി
നടിക്കുന്ന സ്കൂള്‍ അവിടെയെത്തുന്ന ‘ഭാഗ്യവതിക’ളെ മറ്റുള്ളവരില്‍ നിന്ന്
വരേണ്യരാക്കുന്നു എന്ന പുറംമോടിക്കപ്പുറം - “ബെല്‍ജിയത്തിലും മറ്റിടങ്ങളിലും ഒരു
പ്രഥമ സംരംഭം, മധ്യ ആഫ്രിക്കയിലെ സ്ത്രീ മുന്നേറ്റത്തിനു ഒരു മാതൃക എന്നീ നിലകളില്‍ കേളി
കേട്ടത്” - റുവാണ്ടന്‍ സമൂഹത്തില്‍ നിലനിന്ന വംശീയ
വിഭജനങ്ങളും കൊളോണിയല്‍, സാമ്പത്തിക അസമാനതകളും അപര
വിദ്വേഷവും മുന്‍ വിധികളും കൂടിച്ചേര്‍ന്ന് എങ്ങനെയാണ് വംശഹത്യക്ക് ഉപോല്‍ബലകമായ ആ
വിഷക്കൂട്ട് ഉരുവപ്പെടുത്തിയെടുത്തത് എന്നതാണ് “Notre-Dame du Nil” എന്നു പേരുള്ള സ്കൂളിനെ റുവാണ്ടന്‍ സമൂഹത്തിന്റെതന്നെ
ഒരു ചെറുപതിപ്പാക്കി അവതരിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നത്.
ദേശത്തിന്റെ സംഘര്‍ഷപൂര്‍ണ്ണമായ ഭൂതകാലത്തിലേക്ക് കടന്നുചെല്ലുന്ന നോവല്‍ ന്യൂനപക്ഷത്തിനു
നേരെയുണ്ടായ വംശീയവിദ്വേഷത്തിന്റെയും കൊടുംക്രൂരതകളുടെയും ആവിഷ്കാരത്തിന്
നിയമപ്രകാരം ടുട്സി വിഭാഗത്തിനു ലഭ്യമായ പത്തുശതമാനം സംവരണ ആനുകൂല്യത്തിലൂടെ
പ്രവേശനംനേടുന്ന വെറോനിക്ക, വിര്‍ജീനിയ എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക്
കടുത്ത വംശവെറിയുള്ള ഇതര സഹപാഠികളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും
നേരിടേണ്ടി വരുന്ന അനുഭവങ്ങളെ മുഖ്യമായും ആശ്രയിക്കുന്നു. 1961-ല്‍ ബെല്‍ജിയത്തില്‍
നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സര്‍ക്കാരും പള്ളിയും ബെല്‍ജിയത്തോടും അതിനും
മുമ്പേ അധിനിവേശം നടത്തിയിരുന്ന ജര്‍മ്മനിയോടും വിധേയത്വം പുലര്‍ത്തിപ്പോന്നു.
സ്കൂളില്‍ മിക്ക അധ്യാപകരും കന്യാസ്ത്രീകളോ പാതിരിമാരോ ആയ ബെല്‍ജിയം പൌരന്മാരാണ്.
സ്വന്തം വീടുകളില്‍ കിന്യാറുവാണ്ട സംസാരിക്കുന്നവരാണ് മിക്ക കുട്ടികളുമെങ്കിലും
ഫ്രഞ്ച് മാത്രമേ സ്കൂളില്‍ സംസാരിക്കാന്‍ അനുവാദമുള്ളൂ. ഭൂരിപക്ഷ സമൂഹമായ ഹുതുവിഭാഗത്തില്‍
നിന്നുള്ള കുട്ടികളാണ് ഒട്ടുമുക്കാലും എന്നിരിക്കെ, പത്തുശതമാനം ടുട്സി സംവരണത്തില്‍
രണ്ടുപേര്‍ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലാണ്
വംശഹത്യയുടെ മുന്നോടിയായി ഉരുവപ്പെട്ട മനസികാവസ്ഥകളുടെ സംഘര്‍ഷങ്ങളിലൂടെ പെണ്‍കുട്ടികള്‍
മുതിര്‍ന്നുവരുന്നത്. യൂറോപ്പ്യന്‍ - ഹുതു - ടുട്സി താത്പര്യങ്ങള്‍
കീഴടക്കലിന്റെയും അതിജീവന സംഘര്‍ഷങ്ങളുടെയും രൂപങ്ങളിലേക്കു മാറുന്നത് ഏറെ
സ്വാഭാവികവും മനോവിജ്ഞാനീയ സമീപനത്തോടെയും ആവിഷ്കരിക്കുന്നതിലൂടെ മുകസൂംഗയുടെ കൃതി
പോസ്റ്റ് കൊളോണിയല്‍ റുവാണ്ടന്‍ സാഹചര്യങ്ങളുടെ ആധികാരിക പ്രതിനിധാനം
തന്നെയായിത്തീരുന്നുണ്ട്.
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫാദര്‍ ഹെര്‍മേനെഗില്‍ഡേയും
അയാള്‍ക്ക് കൂട്ടുനില്‍ക്കുന്ന മദര്‍ സുപ്പീരിയറും അവശ്യ ഘട്ടങ്ങളില്‍ അവരെ സായിറെ
അംബാസഡറെ പോലുള്ള വന്‍തോക്കുകകള്‍ക്ക് കാഴ്ച്ചവെക്കാനും ഒഴികഴിവ് കണ്ടെത്തുക രാജ്യരക്ഷയുടെയും
സാങ്കല്‍പ്പിക ‘ടുട്സി’ അട്ടിമറിയുടെയും പേരുപറഞ്ഞാണ്. അംബാസഡര്‍ ഒരിക്കലും നല്‍കിയിട്ടില്ലാത്ത
വിവാഹവാഗ്ദാനം എന്ന കുരുക്കില്‍പ്പെടുത്തി അവിഹിത ഗര്‍ഭത്തിലേക്കും ദുരൂഹ
മരണത്തിലേക്കും തള്ളിയിടപ്പെടുന്ന ഫ്രിഡയുടെ ദുരന്തത്തെ കുറിച്ച് അപകടം, ആത്മഹത്യ, ദുരഭിമാനക്കൊല, പ്രാകൃത ഗർഭച്ഛിദ്രം, തുടങ്ങി എങ്ങുമെത്താത്ത ഒട്ടേറെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെടും. ബോധപൂര്‍വ്വം
തെരഞ്ഞെടുത്ത ദുര്‍ഘടപാതയിലൂടെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന പെണ്‍കുട്ടിക്ക്
എന്ത് സംഭവിച്ചിരിക്കാമെന്നത് അനുവാചകര്‍ക്കു തിരിഞ്ഞു കിട്ടുന്നുണ്ട്. എന്നാല്‍, ലൈസിയില്‍ അവളുടെ ഓര്‍മ്മ പോലും അതിവേഗം ബോധപൂര്‍വ്വം തമസ്കരിക്കപ്പെടും.
പോസ്റ്റ് കൊളോണിയല്‍ സങ്കര ഇടങ്ങള്‍
ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ എന്നതിനോടൊപ്പം
യൂറോപ്പ്യന്‍ സാഹിത്യത്തിലും മുകസൂംഗയുടെ ഇടം ഉറപ്പിച്ചെടുക്കുന്ന പ്രക്രിയ പുസ്തകത്തിന്റെ തലക്കെട്ട് തന്നെ
ഭംഗിയായി തുടങ്ങിവെക്കുന്നുണ്ട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Madeleine LaRue: musicandliterature.org). Notre-Dame
du Nil എന്ന തലക്കെട്ട് വിക്റ്റര്‍ ഹ്യൂഗോയുടെ മഹദ്കൃതിയെ (Notre-Dame de Paris) ഓര്‍മ്മിപ്പിക്കുന്നത് യാദൃശ്ചികമല്ല. സമൂഹത്തിലെ ദുര്‍ബ്ബലരെ അസുരവല്‍ക്കരിക്കുന്നതിന്റെ
(demonize) അപകടങ്ങള്‍
ചിത്രീകരിക്കുന്നതില്‍ വിക്റ്റര്‍ ഹ്യൂഗോയുടെ മാസ്റ്റര്‍പീസിനെ മുകസൂംഗയും
പിന്തുടരുന്നുണ്ട്. എന്നാല്‍ ഒരു റുവാണ്ടന്‍ നോവലിസ്റ്റ് എന്ന നിലയില്‍ കൊളോണിയല്‍
ഭാഷയുടെ ഹെജിമണിയെ സൌമ്യമായി നിരാകരിക്കാന്‍ മറ്റുപല പോസ്റ്റ് കൊളോണിയല്‍
എഴുത്തുകാരെയും പോലെ മുകസൂംഗയും വഴികള്‍ കണ്ടെത്തുന്നുണ്ട്. കിന്യാറുവാണ്ടന്‍
പ്രയോഗങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ചെടുക്കുന്ന ‘സങ്കര സാഹിതീയ ഇടം’ (hybrid literary space) നോവലില്‍ പ്രകടമായ ഇതര സാംസ്കാരിക സങ്കലന ചിഹ്നങ്ങളുമായും ചേര്‍ത്തു
വെക്കേണ്ടതുണ്ട്. യൂറോപ്പ്യന്‍/ കൃസ്ത്യന്‍, റുവാണ്ടന്‍/ പാഗന്‍ സാംസ്കാരിക
വിനിമയങ്ങള്‍ ഇതില്‍ പ്രധാനമാണ്. യൂറോപ്യന്‍ യുക്തികളുടെ പ്രതിനിധാനങ്ങള്‍
കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനെയ്ല്‍, വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണം നടത്തുന്ന ഫാദര്‍ ഹെര്‍മെനെഗില്‍ഡേ
തുടങ്ങിയവരിലൂടെയാണ് പ്രകാശിതമാകുന്നത് എന്നത് അതിന്റെ ജീര്‍ണ്ണാവസ്ഥയുടെ
തെളിവാണ്. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ യൂറോപ്യന്‍ രീതികള്‍
അനുകരിക്കുന്നുണ്ട്. യൂറോപ്യന്‍ പേരുകളോ ഭാഷയോ മതം തന്നെയോ സ്വീകരിക്കുന്നതില്‍ അവര്‍ക്ക്
പ്രയാസമേതുമില്ല. എന്നാല്‍ അതവരുടെ ലോക വീക്ഷണത്തെ ആത്യന്തികമായി നിര്‍വ്വചിക്കുന്നുമില്ല.
പുസ്തകത്തില്‍ കിന്യാറുവാണ്ടന്‍ വാക്കുകള്‍ ഇടകലരുന്നതുപോലെ മഴയുടെ ഗോത്രദൈവങ്ങളും
പ്രചോദിത സ്വപ്നങ്ങളും തിരുവോസ്തികളോടും കുമ്പസാരങ്ങളോടും ഇടകലരുന്നു. പരിഹാസ്യവും
ഭീഷണവുമായ കാര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ഗോത്രമാന്ത്രികരെ സമീപിക്കുന്നു.
കൊളോണിയല്‍ പൂര്‍വ്വ കാലത്തിന്റെ രുചികള്‍ വീട്ടകങ്ങളില്‍നിന്നു കൊണ്ടുവന്ന
ഭക്ഷണത്തിന്റെ രൂപത്തില്‍ കുട്ടികള്‍ രഹസ്യമായി പങ്കിടുന്നു. അതേകുറിച്ച് സുദീര്‍ഘമായി
വഴക്കിടുന്നു. കൂട്ടത്തില്‍ ഹുതു വംശീയതയുടെ ആള്‍രൂപമായ ഗ്ലോറിയോസ അതിനെ ടുട്സി
അപചയമായി കാണുന്നു:
“നിങ്ങളെന്തിനാണ് ലൈസിയില്‍ വന്നത്? നിങ്ങള്‍ക്കവിടെ നിങ്ങളുടെ ചാളകളില്‍
വയലില്‍ നിന്നുള്ള വാഴക്കയും ചവച്ചു ഇരുന്നാല്‍ പോരായിരുന്നോ? യഥാര്‍ത്ഥ റുവാണ്ടന്‍ ഭൂരിപക്ഷ ജനതയില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം
കിട്ടുമായിരുന്നല്ലോ.”
ആസുരത ആവേശിക്കുന്നു
രണ്ടായിരത്തഞ്ഞൂറു അടി ഉയരത്തിലായിട്ടും കുടിലരാഷ്ട്രീയം
സ്കൂളില്‍ എത്താതിരിക്കുന്നില്ല എന്നിടത്താണ് വംശവെറിയുടെ ഗൂഡവഴികള്‍ നോവലില്‍
കടന്നു വരുന്നത്. വംശവെറിയുടെ ആള്‍രൂപമായി നോവലില്‍ ഇടം പിടിക്കുന്ന കഥാപാത്രം സര്‍ക്കാരില്‍
ഉന്നത പദവിയിലുള്ള ആളുടെ മകളെന്ന ഔദ്ധത്യമുള്ള ഗ്ലോരിയോസയെന്ന പെണ്‍കുട്ടിയാണ്.
വെരോനിക്കയും വിര്‍ജീനിയയും അവളെ പോലുള്ള ഹുതു പെണ്‍കുട്ടികള്‍ക്കു
കിട്ടേണ്ടിയിരുന്ന അവസരമാണ് ഇല്ലാതാക്കിയതെന്ന് സംവരണ വിരുദ്ധ വംശീയതയുടെ
വൈതാളികര്‍ പൊതുവേ പറയുന്ന ന്യായം അവളുയര്‍ത്തുന്നുണ്ട്. വെരോനിക്കയുടെയും വിര്‍ജീനിയയുടെയും
ജ്വലിക്കുന്ന സൗന്ദര്യവും വെള്ളക്കാര്‍ കൊതിതീരാതെ അത് ക്യാമറയില്‍
ഒപ്പിയെടുക്കുന്നതും കിറുക്കന്‍ ചിത്രകാരന്‍ മോന്‍സ്യോര്‍ ഡി ഫോണ്ടെനൈല്‍ വിര്‍ജീനിയയില്‍
പുരാതന ഫ്രെസ്കോകളിലെ ‘കാന്‍ഡസ്’ എന്ന ‘നൈലിന്റെ രാജ്ഞി’യുടെ അവതാരത്തെ
കാണുന്നതും ഗ്ലോരിയോസയുടെ പക വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ടുട്സികള്‍ പുരാതന
ഇജിപ്ത്യന്‍ പാരമ്പര്യത്തില്‍ നിന്നുള്ളവരാണെന്ന യൂറോപ്പ്യന്‍ ആദര്‍ശവല്‍ക്കരണത്തെ
‘ഹാമിന്റെ പിന്‍ഗാമികള്‍’ എന്ന് ഇകഴ്ത്തുകയാണ് ഗ്ലോരിയോസയെ
പോലുള്ള ഹുതു വംശീയത ചെയ്തത്. “ടുട്സികള്‍ അപ്രത്യക്ഷരായാലും ഞാനാണ് അവരുടെ
പുരാണത്തിന്റെ കാവല്‍ക്കാരന്‍” എന്നു ഭള്ളു പറയുന്ന വൃദ്ധ ചിത്രകാരന്‍ ടുട്സി
ആകാരത്തെ കുറിച്ചുള്ള കൊളോണിയല്‍ നിര്‍മ്മിതി തന്നെയാണ്, വിര്‍ജീനിയയെ
എങ്ങനെയും രക്ഷിക്കണം എന്നാഗ്രഹിക്കുമ്പോഴും, പങ്കുവെക്കുന്നത്.
വേട്ടയുടെ ഘട്ടത്തില്‍ തന്റെ പ്രിയശിഷ്യക്കു വേണ്ടി അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ ‘ആത്മഹത്യ’യിലേക്കും –
വെള്ളക്കാരന്റെ കൊല അത്ര സുരക്ഷിതമല്ല – കൂട്ടബലല്‍ക്കാരത്തിനും അരുംകൊലക്കും പെണ്‍കൊടി
വിധേയയാകുന്നതിനും ഇടവരുത്തുന്നത് നോവലിലെ മറ്റൊരു ഹൃദയ ഭേദകമായ അനുഭവമാണ്.
വംശവെറിയുടെ മൂര്‍ദ്ധന്യത്തില്‍ സ്കൂളിനു മുന്നിലെ കന്യാപ്രതിമയുടെ ‘ടുട്സി’
മൂക്ക് തകര്‍ക്കുകയും പകരം ഒരു ‘ഭൂരിപക്ഷ മൂക്ക്’ സൃഷ്ടിക്കുകയും ചെയ്യാന്‍
ഇറങ്ങിത്തിരിക്കുന്ന ഗ്ലോറിയോസ അബദ്ധത്തില്‍ പ്രതിമയുടെ തല തകര്‍ക്കുന്നത് മുഖം
രക്ഷിക്കാനാവശ്യമായ പെരുംനുണ സൃഷ്ടിച്ചെടുക്കാന്‍ അവളെ നിര്‍ബന്ധിതയാക്കുന്നു.
അങ്ങനെയാണ് ‘ടുട്സി ബന്ധമുള്ള കവര്‍ച്ചാ സംഘ’വും അവരുടെ ബലാല്‍ക്കാര ശ്രമത്തില്‍
നിന്ന് സാഹിസികമായി രക്ഷപ്പെട്ട സ്വന്തം വീരകഥയും അവള്‍ മെനഞ്ഞെടുക്കുക. തുടര്‍ന്നുണ്ടാകുന്ന
വന്‍കിട ടുട്സിവിരുദ്ധ വേട്ട സ്കൂളില്‍നിന്ന് എല്ലായിടങ്ങളിലേക്കും
വ്യാപിക്കുകയാണ്. വംശഹത്യകളുടെ നാള്‍വഴികളില്‍ ഭൂരിപക്ഷ നിലപാടുകള്‍ക്ക് അനുരോധമായ
നുണകളുടെ മാരകശക്തി ഒരാഗോള പ്രതിഭാസം തന്നെയാണല്ലോ. ഗ്ലോരിയോസയുടെ പാത്രസൃഷ്ടിയിലെ
നല്ലതൊന്നും പറയാനില്ലാത്ത ദുഷ്ടതയുടെ അതിപ്രസരം ഒട്ടും
അതിശയോക്തിപരമാല്ലാതാകുന്നതും വെറുപ്പിന്റെ തത്വസംഹിത തലയ്ക്കു പിടിക്കുന്നതിന്റെ
സ്വാഭാവിക പരിണതി തന്നെയാണത് എന്നത് കൊണ്ടാണ്. എന്നാല്‍, നോവലില്‍ വേറെയും ഹുതു കഥാപാത്രങ്ങളുണ്ട് എന്നതും അവരില്‍ മാനവിക സങ്കീര്‍ണ്ണതകളുടെ
ഏറ്റിറക്കങ്ങള്‍ പ്രകടമാണ് എന്നതും ശ്രദ്ധേയമാണ്. ഹുതു പിതാവിന്റെയും ടുട്സി
മാതാവിന്റെയും മകളായ മോഡെസ്റ്റ, ഗ്ലോരിയോസയുടെ എതിരറ്റമായ, വെരോനിക്കയെ ജീവന്‍ പണയപ്പെടുത്തിയും രക്ഷിക്കുന്ന ഇമ്മാക്കുലി എന്നിവര്‍
ഉദാഹരണം. തനിക്കിനിയും ആ ‘ചന്ത’യുടെ ഭാഗമാകാനാവില്ലെന്നും വെള്ളക്കാരായ
ആക്റ്റിവിസ്റ്റുകളുടെ കൂടെ കാട്ടിലേക്ക് ഗോറില്ല സംരക്ഷണ ദൌത്യവുമായി പോകാന്‍ താന്‍
തീരുമാനിച്ചിരിക്കുന്നു എന്നും പറയുന്ന ഇമ്മാക്കുലി നോവലിന്റെ ഭൗമരാഷ്ട്രീയ
നിലപാടുകളുടെ ദാര്‍ശനിക മുഖം തന്നെയാണ്. റുവാണ്ടന്‍ പ്രകൃതിഭംഗിയെ കുറിച്ചുള്ള
അപദാനങ്ങളില്‍ പ്രസിദ്ധമായ പഴമൊഴിയെ അനുകരിച്ച് അവള്‍ നിരീക്ഷിക്കുന്നു:
“പകല്‍ മുഴുവന്‍ ദൈവം ലോകമെങ്ങും ചുറ്റിത്തിരിയുന്നു, എന്നാല്‍ വൈകുന്നേരം അവന്‍
റുവാണ്ടയില്‍ കൂടണയുന്നു... അതെ, ദൈവം
യാത്രയിലായിരുന്നപ്പോള്‍, മരണം അവന്റെ സ്ഥാനം അപഹരിച്ചു, അവന്‍ തിരികെയെത്തിയപ്പോള്‍ അവള്‍ അവന്റെ മുഖത്തേക്ക് വാതില്‍
കൊട്ടിയടച്ചു.”
ആഫ്രിക്കന്‍ സംഘര്‍ഷങ്ങളെ ‘പ്രാകൃതര്‍ പരസ്പരം കൊല്ലുന്ന ആ ആഫ്രിക്കന്‍ രീതി’ എന്ന്
ചുരുട്ടിക്കെട്ടുന്ന പാശ്ചാത്യ സമീപനത്തെ കുറിച്ച് വെരോനിക്കയും
ക്രുദ്ധയാകുന്നുണ്ട്.
ആത്മകഥയും ഫിക്ഷനും
കൂട്ടക്കുരുതിയില്‍ അമ്മയടക്കം സ്വന്തം കുടുംബത്തിലെ
ഇരുപത്തിയേഴു പേരെ നഷ്ടമായ അനുഭവമുണ്ട് നോവലിസ്റ്റിന്. ആ അര്‍ത്ഥത്തില്‍, ആത്മലോകത്ത്
നിന്നുള്ള പുരാതന ദേവതയുടെ സ്വപ്ന പ്രത്യക്ഷവും ഇമ്മാകുലിയുടെ ലൌകിക സഹായവും
തുണയായി അതിജീവിക്കുന്ന ഏക ടുട്സി പെണ്‍കുട്ടിയായ വെറോനിക്ക നോവലിസ്റ്റിന്റെ
അപരസ്വത്വം തന്നെയാണ്. റുവാണ്ടന്‍ സംസ്കൃതിയില്‍ വേരുറപ്പിക്കുമ്പോഴും യൂറോപ്പ്യന്‍
സംസ്കാരത്തോട് പൊരുത്തപ്പെടുന്നതിലൂടെ അതിജീവന സാധ്യമായ ഒരു മിശ്രസ്വത്വം
ഉരുവപ്പെടുത്തുന്നതില്‍ മറ്റാരെക്കാളും വിജയിക്കുന്നത് അവളാണ് എന്നതാണ് അവളെ
വ്യത്യസ്തയാക്കുന്നത്. 1973-ല്‍ സമാന അനുഭവങ്ങള്‍ കാരണം സ്കൂളില്‍
നിന്ന് പലായനം ചെയ്യേണ്ടി വരികയും ബുരുണ്ടിയില്‍ അഭയം തേടേണ്ടി വരികയും ചെയ്തു
മുകസോംഗക്ക്. വംശഹത്യയുടെ നാളുകളില്‍ ഫ്രാന്‍സില്‍ ആയിരുന്നതാണ് അവര്‍ക്ക്
അതിജീവനം സാധ്യമാക്കിയത്. ‘കടലാസുകള്‍ കൊണ്ടുള്ള കുഴിമാടം’ എന്ന് അവര്‍ നോവലിനെ വിളിച്ചത് തീര്‍ത്തും അനുയോജ്യമാണ്.
ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലെ വനിതാ എഴുത്തുകാര്‍ എന്ന തുലോം
വിരളമായ വിഭാഗത്തില്‍ സ്വയം അടയാളപ്പെടുത്തുന്നു എന്നത് മാത്രമല്ല; പോസ്റ്റ്
കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിലേക്ക് വേറിട്ടൊരു അനുഭവ ലോകത്തെ ആനയിക്കാന്‍
പ്രാപ്തരായ വനിതാ എഴുത്തുകാര്‍ക്ക് പുതിയൊരു വഴി വെട്ടിത്തുറക്കുകയുമാണ്
മുകസോംഗയുടെ കൃതികള്‍. ആത്മകഥയും ഫിക് ഷനും പരസ്പരം വെച്ചു മാറുന്ന ‘ഓട്ടോ ഫിക്
ഷന്‍’ രചനകള്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു
പോകുന്ന ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരില്‍ നിന്ന് നിരന്തരം സംഭവിച്ചു
കൊണ്ടിരിക്കുന്നുണ്ട്. നോവലിന്റെ ചലച്ചിത്രാവിഷ്കാരം നിര്‍വ്വഹിച്ച ഫ്രഞ്ച്
നോവലിസ്റ്റും സംവിധായകനുമായ ആതിഖ് റഹിമി (The Patience Stone, Earth and Ashes... )തന്റെ റുവാണ്ടന്‍ സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു:
“താളുകള്‍ മറിക്കുന്നത് നല്ലതാണ്, നിങ്ങള്‍ ആദ്യ
താളുകള്‍ ശരിക്കും വായിച്ചു കഴിഞ്ഞുവെങ്കില്‍.” റുവാണ്ട ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഒരു മുന്നറിയിപ്പും. അത് പക്ഷെ ‘ആഫ്രിക്കന്‍ കഥ’ എന്ന് മാത്രം വായിക്കേണ്ടതില്ലെന്നു വര്‍ത്തമാന ലോക സാഹചര്യം സാക്ഷി.
read more:
The Patience Stone by Atiq Rahimi/ Polly McLean
https://alittlesomethings.blogspot.com/2018/04/11.html
more on
Rwandan genocide:
Murambi,
The Book of Bones by Boubacar Boris Diop
https://alittlesomethings.blogspot.com/2017/05/blog-post_62.html
Running the Rift by Naomi Benaron
https://alittlesomethings.blogspot.com/2016/06/blog-post_50.html
Baking Cakes in Kigali by Gaile Parkin
https://alittlesomethings.blogspot.com/2016/07/blog-post.html
The Shadow of Imana: Travels in
the Heart of Rwanda by Véronique Tadjo/ Veronique Wakerley
https://alittlesomethings.blogspot.com/2024/09/the-shadow-of-imana-travels-in-heart-of.html
No comments:
Post a Comment