Featured Post

Wednesday, September 4, 2024

White Crane, Lend Me Your Wings by Dr Tsewang Yishey Pem

ദേശഹാരയുടെ ആകാശങ്ങള്‍

പ്രവാസാനുഭവം സ്വദേശ ബോധത്തെ ഉദ്ധീപിപ്പിക്കുന്ന രാസത്വരകമാണെന്ന് ചരിത്രപരമായിത്തന്നെ തെളിയിക്കപ്പെട്ടതാണ്. ഗാന്ധിജിയുടെ വിദേശ വാസം അദ്ദേഹത്തിന്റെ ഇന്ത്യന്‍ സ്വത്വബോധത്തെയെന്ന പോലെ, ലിയോപോള്‍ഡ് സെന്‍ഗോറിന്റെ കറുത്തവന്റെ ആഫ്രിക്കന്‍ ബോധമെന്ന പോലെ പാശ്ചാത്യ ലോകവുമായുള്ള മുഖാമുഖങ്ങള്‍ ടിബറ്റുകാരില്‍ അവരുടെ ദേശീയ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ത്വര വര്‍ദ്ധിപ്പിച്ചു. ഒരു വശത്ത്‌ മാവോയുടെ ചൈന നടത്തിയ രാഷ്ട്രീയ അധിനിവേശം, മറുവശത്ത്‌ ടിബറ്റിന്റെ നിഗൂഡതയെയും പെരുപ്പിച്ചു കാണിച്ച ഭൂമിശാസ്ത്രപരമായ അപ്രാപ്യതയെയും കുറിച്ച് ജെയിംസ് ഹില്‍ട്ടനെ പോലുള്ള പാശ്ചാത്യര്‍ ഉണ്ടാക്കിയെടുത്ത അതികാല്‍പ്പനിക അന്യവല്‍ക്കരണം – ഈ രണ്ടുതരം കോളണിവല്‍ക്കരണത്തെയും ഒരേ സമയം നേരിടേണ്ടി വന്നു ആദ്യകാല ടിബറ്റന്‍ എഴുത്തുകാര്‍ക്ക്. ആ അര്‍ത്ഥത്തില്‍, പോസ്റ്റ്‌ കൊളോണിയല്‍ പഠനങ്ങള്‍ കിഴക്കിനെയും ആഫ്രിക്കയെയും കുറിച്ചുള്ള പാശ്ചാത്യ നിര്‍മ്മിതികളെ തുറന്നു കാട്ടുന്ന പാഠങ്ങള്‍ സൃഷ്ടിക്കും മുമ്പേ അത്തരം ചെറുത്തുനില്‍പ്പിന്റെ കാവ്യമീമാസയും ഭാഷാ വ്യവഹാരവും നടത്തിയവരായിരുന്നു ആദ്യ ടിബറ്റന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍. എണ്ണത്തില്‍ തീരെ കുറവാണെങ്കിലും ആദ്യ ടിബറ്റന്‍ ഇംഗ്ലീഷ് നോവലായ Idols on the Path (1966) (Tsewang Yishey Pemba),  Mandala of Sherlock Holmes (1999) (Jamyang Norbu)Falling through the Roof (2008) (Thubten Samphel)The Tibetan Suitcase: A Novel (2013) (Tsering Namgyal Khortsa) തുടങ്ങിയ കൃതികള്‍ തീക്ഷ്ണമായ ചരിത്ര ബോധത്തോടൊപ്പം മലകളും നദികളും കൊണ്ട് സമ്പന്നമായ ദേശത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രകൃതി-ജൈവ വൈവിധ്യത്തെയും പരാക്രമ ശാലികളും ഒപ്പം ആത്മീയ ദര്‍ശനങ്ങളുടെ വാഹകരുമായ ടിബറ്റന്‍ ജനതയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളെയും ആവാഹിച്ചു. “മിക്ക ഫിക് ഷനല്‍ രചനകളും ടിബറ്റന്‍ ചരിത്രത്തിന്റെ സങ്കീര്‍ണ്ണ ഭൂതകാലത്തെ മുന്നില്‍ നിര്‍ത്തുമ്പോള്‍ തന്നെ അവയുടെ പാഠത്തില്‍ ഇടത്തിന് വേണ്ടി പരസ്പരം കലമ്പുന്ന ആത്മീയതയെയും ഹിംസാത്മകതയെയും ചേര്‍ത്തുനിര്‍ത്തുന്നു.” *1.

ടിബറ്റന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. ടിഷെവാന്‍ യിഷി പെംബ ഏറെ ആത്മാംശമുള്ള തന്റെ ആദ്യ നോവലില്‍ത്തന്നെ (Idols on the Path) ചൈനീസ് അധിനിവേശത്തെ (1959) തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ടിബറ്റന്‍ പ്രവാസികളുടെ കഥയാണ്‌ ആവിഷ്കരിച്ചത്. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിനായി പോയ നാള്‍ മുതല്‍ ടിബറ്റില്‍ നിന്ന് ഭൌതികാര്‍ത്ഥത്തില്‍ അകന്നു പോകാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 1954-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അച്ഛനമ്മമാരെ നഷ്ടമായതും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോഴേക്കും ടിബറ്റ്‌ എന്ന സ്വതന്ത്ര രാജ്യം ഇല്ലാതായതും ആ അന്യവല്‍ക്കരണത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു. ഇന്ത്യയിലേക്കുള്ള ആദ്യകാല ടിബറ്റന്‍ അഭയാര്‍ത്ഥികളില്‍പെട്ട ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണ ഫലങ്ങള്‍ ലഭിച്ചയാള്‍ എന്ന നിലയില്‍ തീര്‍ത്തും സെക്കുലര്‍ ആയ നിലപാടുകളില്‍ ഡോ. പെംബ എത്തിച്ചേര്‍ന്നത് സ്വാഭാവികമായിരുന്നു. ആത്മീയമായാകട്ടെ, ഗഗനചാരിയായ ഡ്രാഗന്‍, ആത്മാവിന്റെ കൂടുമാറ്റം തുടങ്ങിയ പരമ്പരാഗത ടിബറ്റന്‍ അന്ധവിശ്വാസങ്ങളോട് എതിരിടുമ്പോള്‍ തന്നെ, ആ സങ്കല്പങ്ങള്‍ നിലനിര്‍ത്തിയ ശാലീനതയെ കുറിച്ചും ജീവിതത്തിന്റെ പവിത്രതയെ കുറിച്ചുമുള്ള മുത്തശ്ശി പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. രാജാ റാവുവും ചിനുവ അച്ചബെയും യഥാക്രമം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിനും നൈജീരിയന്‍ സാഹിത്യത്തിനും ചെയ്തതെന്തോ അതാണ്‌ ഡോ. പെംബെ ടിബറ്റന്‍ സാഹിത്യത്തില്‍ ചെയ്തത് എന്ന് ഷെല്ലി ബോയില്‍ ‘വൈറ്റ് ക്രെയ്നി’ന്റെ  അവതാരികയില്‍ നിരീക്ഷിക്കുന്നു.

ഡോ. പെംബയുടെ മരണ ശേഷം പ്രസിദ്ധീകരിക്കപ്പെട്ട “തൂവെള്ളക്കൊക്കേകടം തരികെനിക്ക് നിന്‍ ചിറകുകള്‍: പ്രണയത്തിന്റെയും യുദ്ധത്തിന്റെയും ഒരു ടിബറ്റന്‍ കഥ” (White Crane, Lend me Your Wings: A Tibetan Tale of Love and War  - 2017)ആധുനിക ടിബറ്റന്‍ സാഹിത്യത്തിന്റെ മുന്‍സൂചിതമായ സ്വഭാവങ്ങള്‍ കൂടുതല്‍ മിഴിവോടെ പങ്കുവെക്കുന്നുണ്ട്. 1924 മുതല്‍ ആരംഭിച്ച് ചൈനീസ് അധിനിവേശത്തിനു തൊട്ടു ശേഷമുള്ള കാലം വരെ കഥാകാലമായി വരുന്ന നോവല്‍ഒരു ഉപസംഹാര അധ്യായത്തിലൂടെ വര്‍ത്തമാന കാലത്തില്‍ വന്നു തൊടുന്നു. യു. എസ്സില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് തുടങ്ങുന്ന പാസ്റ്റര്‍ ജോണ്‍ മാര്‍ട്ടിന്‍ സ്റ്റീവന്‍സ്, മിസ്സിസ് മേരി സ്റ്റീവന്‍സ് എന്നിവരുടെ യാത്ര ടിബറ്റിന്റെ ചൈനീസ് അധിനിവേശപൂര്‍വ്വ കാലത്തിലൂടെ പരാജയപ്പെട്ടതും അധികമാര്‍ക്കും അറിയാത്തതുമായ ഒരു ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ കഥയായി പരിണമിക്കുകയും തുടങ്ങിയ ഇടത്തില്‍ തന്നെ-സാന്‍ഫ്രാന്‍സിസ്കോ- അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ ഭൂമിശാസ്ത്രപരമായ ചാക്രികതയല്ല നോവല്‍ ഉറ്റുനോക്കുന്ന അന്ത്യം.

ഷാങ്ഹായിയില്‍ റവ: ഫ്രാങ്ക് പാര്‍ക്കിന്‍സണ്‍ നടത്തുന്ന കിഴക്കന്‍ ദേശങ്ങളെ ലക്ഷ്യമാക്കുന്ന ‘സ്പിരിറ്റ്‌ ഓഫ് ബെത് ലഹേം ലൂതറന്‍ മിഷന്‍’, ടിബറ്റന്‍ ദൌത്യം ഏല്‍പ്പിക്കുന്നത് ഒരു അമേരിക്കന്‍ ദമ്പദികളെയാണ്. അത് അവര്‍ കാത്തിരുന്ന മഹത്തായ സാഹസിക പ്രവര്‍ത്തനത്തിനുള്ള അവസരമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ പാര്‍ക്കിന്‍സണ്‍ വിജയിക്കും.

“ടിബറ്റ്‌ ലോകത്തിലെ ഏറ്റവും മതാധിഷ്ടിതമായ സ്ഥലമാണ്. അത് മധ്യേഷ്യയുടെ ആത്മീയ ലോകത്തില്‍ മേധാവിത്തം വഹിക്കുന്നു. ടിബറ്റില്‍ നമുക്കൊരു വിജയമെന്നാല്‍ ജോഷ്വാ ജെറിക്കോ കീഴടക്കലാണ്. മുഴുവന്‍ മധ്യേഷ്യയും കൃസ്തുമതമാകും. മുഴുവന്‍ ബുദ്ധിസ്റ്റ് ദേശങ്ങളും ഹൃദയങ്ങളും നമ്മുടെ നാഥന്റെതാകും.”

എന്നാല്‍അതാവില്ല അവിടെ സംഭവിക്കുക. ഖാം പ്രവിശ്യയിലെ ന്യാറോങ് താഴ്വരയില്‍ തങ്ങളാഗ്രഹിച്ച വിധം ക്രിസ്തുമത സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മെഡിക്കല്‍ ഡോക്റ്റര്‍ കൂടിയായ പാസ്റ്ററും ഭാര്യയും വിജയിക്കുന്നില്ലെങ്കിലുംപ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ സ്നേഹാദര പൂര്‍ണ്ണമായ സൗഹൃദം നേടിയെടുക്കുന്നതില്‍ ഇരുവരും വിജയിക്കുന്നു.

മിഷനറി പ്രവര്‍ത്തകര്‍ വിദൂരമേഖലകളില്‍ എങ്ങനെയാണ് തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കാന്‍ ശ്രമിച്ചുവന്നതെന്നതിന്റെ തിളക്കമാര്‍ന്ന ഒരു ചിത്രം നോവലില്‍ ഉരുത്തിരിയുന്നുണ്ട്. ഒരു വശത്ത്‌ പാസ്റ്റര്‍ സ്റ്റീവന്‍സിനെ പോലുള്ളവരുടെ മതംമാറ്റ ലക്ഷ്യത്തോടെയുള്ളതെങ്കിലും സഹിഷ്ണുതാപൂര്‍ണ്ണമായ ശ്രമങ്ങള്‍മറുവശത്ത്‌ സ്റ്റീഫന്‍ മുര്‍വെല്ലിനെ പോലുള്ള ഫാഷിസ്റ്റ് മനോഗതിക്കാരുടെ ഭീഷണ മതംമാറ്റ ശ്രമങ്ങള്‍ - മിഷനറി പ്രവര്‍ത്തനത്തിന്റെ വിരുദ്ധ അറ്റങ്ങള്‍ ഇവയാണ്. കൊളോണിയല്‍ അധിനിവേശത്തിന്റെ സൌമ്യ മുഖം എന്നതിലപ്പുറം കൃസ്തുമത പ്രചാരകരുടെ പ്രവര്‍ത്തനങ്ങള്‍ അത് ലക്ഷ്യം വെച്ച ദേശങ്ങളിലൊന്നും മറ്റൊന്നുമായിരുന്നില്ലെന്നും മെഷിനറിമാരെ നിഷ്കളങ്കമായി സ്വാഗതംചെയ്ത തദ്ദേശീയര്‍ തൊട്ടു പിറകെ അനിവാര്യമായും കടന്നുവന്ന കൊളോണിയല്‍ സൈനിക ശക്തിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്നുവെന്നും ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്നിരിക്കെവികാരാവേശമില്ലാതെസൌഹാര്‍ദ്ദ പൂര്‍ണ്ണവും അതേ സമയം കൃത്യമായ അകലം പാലിച്ചും സ്റ്റീവന്‍സ് ദമ്പതികളെ എതിരേല്‍ക്കുന്ന ഗോത്ര നിലപാട് തീര്‍ത്തും യുക്തിസഹമായിരുന്നു. തികച്ചും ബുദ്ധ മതനിഷ്ടമായ ആത്മീയതയില്‍ ഊന്നിയ ടിബറ്റന്‍ സമൂഹത്തില്‍ വിള്ളലുകള്‍ വീഴ്ത്തി ക്രിസ്തുമതത്തിന് വേരോട്ടമുണ്ടാക്കുന്നതില്‍ വിജയിക്കുന്നില്ലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഡോക്റ്റര്‍ എന്ന നിലയില്‍ പ്രതിഫലേച്ഛ കൂടാതെ ദേശവാസികള്‍ക്കു നല്‍കുന്നതിലൂടെ പാസ്റ്റര്‍ അവരില്‍ ഒരാളായിത്തീരുന്നു. പുറമെക്കാരന്റെ വീക്ഷണ കോണിലൂടെ കഥപറയുമ്പോള്‍ ടിബറ്റുകാര്‍ ഒരേ സമയം അതിനിഷ്കളങ്കരും കൂര്‍മ്മ ബുദ്ധികളും കണ്ണില്‍ച്ചോരയില്ലാത്ത രണോത്സുക ഗോത്രീയതയുടെ പ്രയോക്താക്കളുമായി അവതരിപ്പിക്കപ്പെടുന്നത് അവരെ കുറിച്ചുള്ള അതികാല്‍പ്പനികവല്‍ക്കരണത്തിന്റെ അപകടം ഒഴിവാക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്നുണ്ട്. ബുദ്ധമത ആത്മീയതയുടെ അമിതമായി ആദര്‍ശവല്‍ക്കരിച്ച വിശുദ്ധിയേയോ നിഗൂഡതയേയോ കൊണ്ടാടുന്ന സമീപനമല്ല നോവലിസ്റ്റ് കക്കൊള്ളുന്നത് എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായിയിലെ ആനന്ദത്തിന്റെ തെരുവുകളുടെ വിവരണം പോലെസ്വവര്‍ഗ്ഗ രതിയുടെയും ഗുഹ്യരോഗത്തിന്റെയും ജീര്‍ണ്ണത ബാധിച്ച മഠങ്ങള്‍ പോലെകൊമിന്റാങ് കാലത്തിന്റെ അപചയ രംഗങ്ങള്‍ പോലെ ഒട്ടേറെ നിരാനന്ദകരമായ ചിത്രങ്ങള്‍ നോവലില്‍ ഉണ്ട്. സ്വതേ സംഘര്‍ഷ ഭരിതമായ സമൂഹത്തില്‍ കൃസ്തുമതത്തിന്റെ കടന്നുവരവ് കൂടുതല്‍ ചേരിതിരിവിന് കാരണമാവുന്നുണ്ട്. ഡ്രഗോത്സാങ് കുടുംബത്തെ പോലുള്ള ചിലര്‍ മിഷനറി പ്രവര്‍ത്തനത്തോട് ആരാധനയുള്ളവരാകുമ്പോള്‍റിതാങ്സാങ് കുടുംബങ്ങള്‍ പോലുള്ളവര്‍ അതില്‍ അപകടം മണക്കുന്നുണ്ട്. മുര്‍വെല്ലിന്റെ രീതികളില്‍ പ്രകോപിതരായ ചില ദേശപ്രമാണികള്‍ മിഷന്‍ ഹൗസ് തീയിട്ടു നശിപ്പിക്കുന്നത് അതിന്റെ പാരമ്യത്തിലാണ്. ചൈനീസ് ജനകീയ വിമോചന സേനയുടെ വരവോടു കൂടി മിഷനറി സ്വപ്നം തീര്‍ത്തും അസ്തമിക്കുകയും ചെയ്യുന്നു. എന്നാല്‍ഗോത്രവീരന്മാരുടെ പരമ്പരാഗത ആയുധങ്ങള്‍ക്ക് തടയിടാനാവാത്തവിധം എത്രയോ ശക്തരാണ് ആധുനിക യുദ്ധമുറകളുടെയും ആയുധിയുടെയും ഉടമകളായ എതിരാളികള്‍ എന്നറിയുമ്പോഴും, പരമ്പരാഗത ടിബറ്റന്‍ ആത്മീയതയും രണോത്സുകതയും ചൈനീസ് കമ്യൂണിസവുമായി പൊരുതാതെ കീഴടങ്ങുകയുമില്ല. ടിബറ്റിന്റെ ദുര്യോഗം വര്‍ദ്ധിപ്പിക്കുന്നത്ചൈനീസ് അധിനിവേശം തൊട്ടടുത്തെത്തും വരെയും അവര്‍ അതെക്കുറിച്ച് അജ്ഞരായിരുന്നു എന്നതും കൂടിയാണ്. ഒരു വശത്ത്‌ പരമ്പരാഗത ആത്മീയതയിലും മറുവശത്ത്‌ നിരര്‍ത്ഥകമായ ഗോത്ര സംഘര്‍ഷങ്ങളിലും മുഴുകിക്കഴിഞ്ഞ ടിബറ്റന്‍ ജനതആധുനികതയുടെ മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിച്ചിരുന്ന അലസജീവിതത്തിന്റെ ചിത്രം നോവല്‍ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ മതാത്മകതയോട് ഏറ്റുമുട്ടിയ മിഷനറി ചതിക്കുഴിയെ മറികടക്കാന്‍ ടിബറ്റന്‍ ജനതയ്ക്ക് കഴിഞ്ഞെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന് അവര്‍ എളുപ്പം കീഴടക്കാനാവുന്ന ഇരയായിപ്പോയത്തിനു കാരണവും ഇതായിരുന്നു.

ടിബറ്റന്‍ സംസ്കാരത്തെ അതിന്റെ വൈവിധ്യത്തില്‍ ആഴത്തില്‍ അറിയുന്ന നോവലിസ്റ്റിന്റെ കയ്യടക്കം ആചാരങ്ങള്‍മത വിശ്വാസ ക്രമങ്ങള്‍ എന്ന് തുടങ്ങി വസ്ത്ര രീതിയും ഭക്ഷണ രീതിയിലെ പ്രത്യേകതകളും വരെ ഏറെ തന്മയത്വത്തോടെ അടയാളപ്പെടുത്തുന്നതില്‍ പ്രകടമാണ്. കഥയുടെ കാലഘട്ടത്തെയും കഥാപാത്രങ്ങളുടെ മൊഴി വൈവിധ്യങ്ങളെയും എന്നതോടൊപ്പം ടിബറ്റന്‍ ഭൂപ്രകൃതിയുടെ അപൂര്‍വ്വ ലാവണ്യത്തെയും നോവല്‍ ആവാഹിക്കുന്നുണ്ട്. പോള്‍ പങ്കെടുക്കുന്ന ഒളിപ്പോരിലെ ഖംപാ പോരാളികളുടെ മേയ് വഴക്കവും യുദ്ധമുറകളും മാത്രമല്ലചൈനീസ് സൈനികരുടെ യുദ്ധ നൈപുണിയും നോവല്‍ വരച്ചുകാട്ടുന്നു. ഖാംപ ഗോത്രജരെ കുറിച്ച് ഫ്രാങ്ക് പാര്‍ക്കിന്‍സണ്‍ നടത്തുന്ന ആരാധന കലര്‍ന്ന നിരീക്ഷണങ്ങള്‍ വാചാലമാണ്‌. ലോകത്തിലെ ഏറ്റവുംനല്ല ഗോത്രജര്‍ എന്നും ശാരീരിക മികവും സൗന്ദര്യവും ഒത്തിണങ്ങിയവര്‍ എന്നും മറ്റുള്ളവരെ പുകഴ്ത്തുന്നതില്‍ ഏറെ പിശുക്കരായ ബ്രിട്ടീഷുകാര്‍ പോലും അവരെകുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അയാള്‍ സാക്ഷ്യപ്പെടുത്തുന്നു. ചൈനീസ് സൈന്യം അവരുടെ ആയുധ ശേഷി കൊണ്ട് തങ്ങളെ തോല്‍പ്പിക്കില്ലേ എന്ന ചോദ്യത്തിന് പോരാളികള്‍ സ്വയം പറയുന്ന മറുപടിയും അതാണ്‌: ഒരു ഖാംപ പത്തു ചൈമാക്കാര്‍ക്ക് സമമാണ്.” ഒളിപ്പോരാളികളുടെ വീര്യം മാത്രമല്ലബുദ്ധിസ്റ്റ് സന്യാസിമാര്‍ പ്രകടമാക്കുന്ന അഹിംസാത്മകനിസ്സഹകരണ, ആത്മീയ സമരത്തെയും ഉരുക്കുമുഷ്ടിയോടെ നേരിടുന്ന ‘ലിബറേഷന്‍ ആര്‍മി സൈനികര്‍ ജനകീയ മോചനത്തെ കുറിച്ചൊക്കെ കമ്യൂണിസ്റ്റ് ക്ലീഷേകള്‍ ആവര്‍ത്തിക്കുന്നത് ഒട്ടൊരു ക്രൂരമായ ഹാസ്യമാകുന്നുണ്ട്.  

            സ്റ്റീവന്‍സ് കുടുംബവും റിഞ്ചന്‍ ലാമോയെ പോലുള്ള ടിബറ്റന്‍ ആത്മീയ ആചാര്യന്മാരും പരസ്പരം പങ്കുവെക്കുന്ന ആഴത്തിലുള്ള ആദരം വ്യത്യസ്ത സാംസ്കാരിക സമൂഹങ്ങള്‍ക്കിടയില്‍ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള ഒരു സഹവര്‍ത്തിത്തത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തില്‍ ഇത്തരം ശ്രമങ്ങള്‍ സാധാരണ പാശ്ചാത്യ സംസ്കൃതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സമന്വയ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടാറുള്ളതെങ്കില്‍ ഇവിടെ അത് ടിബറ്റന്‍ സംസ്കൃതിക്ക് അഭിമുഖമാണ് എന്നത് പ്രധാനമാണ്. സ്റ്റീവന്‍സിന്റെ മകന്‍ പോള്‍ സ്വയം ടിബറ്റന്‍ ആയിത്തന്നെയാണ്‌ കണക്കാക്കുന്നത്. നോവലന്ത്യത്തില്‍ ചൈനീസ് അധിനിവേശത്തെ തുടര്‍ന്നുണ്ടാകുന്ന അനിവാര്യ സാഹചര്യത്തില്‍ കുടുംബം സാന്‍ഫ്രാന്‍സിസ്കോയില്‍ തിരിച്ചെത്തുമ്പോള്‍, പോള്‍ ഹൃദയം കൊണ്ട് ന്യാറോങ്ങിലാണ്. കളിക്കൂട്ടുകാരിയും സ്വയം ഒരു പോരാളിയുമായ ഭാര്യ ഖാദ്രോ, ടിബറ്റുകാരി തന്നെയായിരുന്നിട്ടും അയാളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുണ്ട്. എന്നാല്‍ അപ്പോഴും അയാള്‍ ഉറ്റുനോക്കുന്നത് തന്റെ ഗറില്ല പോരാട്ടത്തിലെ സുഹൃത്തുക്കളോടൊപ്പം ടിബറ്റിന്റെ യഥാര്‍ത്ഥ വിമോചനസമരം തുടരുന്നതിലേക്ക്‌ തന്നെയാണ്. ടിബറ്റില്‍ ജനിച്ചു വളര്‍ന്ന പോളിനെ സംബന്ധിച്ച് അമേരിക്ക അയാളുടെ നടേയല്ല. തരികെ പോകാനുള്ള അയാളുടെ ആഗ്രഹം നോവലിന്റെ തലക്കെട്ടില്‍ സൂചിതമാകുന്നുണ്ട്: തന്റെ സ്വന്തം പ്രദേശമായ ലിതാങ്ങിന്റെ സമ്പന്നമായ പൈതൃകത്തെ ഓര്‍മ്മിച്ചുകൊണ്ട് ഖാദ്രോ പാടുന്ന വരികള്‍ ആറാമത് ദലൈലാമ റ്റ്സാങ് യാങ് ഗ്യാസ്റ്റോ പ്രവാസ നാളുകളില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിതാങ് കാരിയായ തന്റെ  പ്രണയിനിയെ കുറിച്ചോര്‍ത്ത് രചിച്ചതാണ്. ‘തൂവെള്ളക്കൊക്കേനിന്റെ ചിറകുകള്‍ എനിക്ക് കടം തരൂ,/ എനിക്കത്ര ദൂരം പോകാനാവില്ലല്ലോ/ ലിതാങ് വരെ/ എന്നിട്ട് തിരിച്ചും.” (“White Crane, lend me your wings/ I do not go far/ To Lithang/ And then back”). ഒരര്‍ത്ഥത്തില്‍ അത് അമേരിക്കന്‍ മാതാപിതാക്കള്‍ക്ക് പിറന്ന പോള്‍ തന്റെ ഹൃദയത്തിന്റെ ദേശത്തെയോര്‍ത്തു നടത്തുന്ന വിരഹഗാനം മാത്രമല്ലഅധിനിവേശത്തിന്റെ കയ്പ്പിനിടയിലും ഓരോ ടിബറ്റുകാരനും, അഥവാ ഓരോ പ്രവാസിയുംതങ്ങളുടെ മഞ്ഞുമൂടിയ ഹിമാലയന്‍ താഴ്വാര ദേശത്തെ കുറിച്ച് സൂക്ഷിക്കുന്ന ഗൃഹാതുരതയുടെ ആവിഷ്കാരം കൂടിയാണ്. ചൈനീസ് സൈന്യം നടത്തിയ വംശഹത്യയിലേറെ മിസ്റ്റിക് ടിബറ്റിനെ ബാധിച്ചത് ചൈനീസ് ഹാന്‍ വംശജരുടെ വമ്പിച്ച കടന്നു കയറ്റത്തെ തുടര്‍ന്ന് സംഭവിച്ച ജനിതക സങ്കലനമായിരുന്നു എന്നത് ഡോ. പെമ്ബയെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ആ വേദന പുസ്തകത്തിന്റെ ഓരോ താളിലും തുടിച്ചു നില്‍ക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2. ഡോ. പെംബയുടെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ ലാമോ പെംബ പിതാവിന്റെ ശേഖരത്തില്‍ നോവലിന്റെ കയ്യെഴുത്തുപ്രതി കണ്ടെടുക്കുകയും അത് സുഹൃത്തായ ഷെല്ലി ബോയിലിനെ ഏല്‍പ്പിക്കുകയും ചെയ്തതാണ് ഈ മാസ്റ്റര്‍പീസ്‌ ഏറെ വൈകിയാണെങ്കിലും പുറത്തിറങ്ങാന്‍ കാരണമായത്‌.   

References:

1.  1.  ASIATIC, VOLUME 11, NUMBER 2, DECEMBER 2017- Himadri Lahiri, University of Burdwan.

2.  2.  Vishnu Makhijani : http://www.namaste.in/.  

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 302-307)

 also read:

Written in Tears by Arupa Patangia Kalita

https://alittlesomethings.blogspot.com/2016/08/blog-post.html

Bitter Wormwood by Easterine Kire

https://alittlesomethings.blogspot.com/2024/08/bitter-wormwood-by-easterine-kire.html




No comments:

Post a Comment