Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 4.

4.


 

ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പ്രാഗ് രൂപമായ വാമൊഴി സാഹിത്യത്തില്‍ നാടോടി കാഥികരുടെ (griots) സ്ഥാനം അദ്യുതീയമാണ്. മിത്തുകള്‍, ചരിത്രാഖ്യാനങ്ങള്‍ തുടങ്ങിയ ‘ഗൌരവപ്പെട്ട’ ഇനങ്ങള്‍ പുരുഷ ഗായകരുടെതെന്നു കണക്കാക്കപ്പെടുമ്പോഴും ഈ പാരമ്പര്യത്തില്‍ വിലാപ കാവ്യങ്ങള്‍, താരാട്ടു പാട്ടുകള്‍, സ്ത്രീകളുടെ തൊഴില്‍പ്പാട്ടുകള്‍ തുടങ്ങിയ ചില പ്രത്യേക ഇനങ്ങളില്‍ പെണ്‍പാട്ടുകാര്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. വ്യത്യസ്ത സമൂഹങ്ങളില്‍ പെണ്‍പാട്ടുകാര്‍ക്കു മാത്രമായി പ്രത്യേക ഇനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നു *(8). പല ആഫ്രിക്കന്‍ സമൂഹങ്ങളിലും സ്ത്രീകളാണ് വാമൊഴി പാരമ്പര്യത്തിന്റെ വിദഗ്ദരെന്നും ഗോത്ര തത്വങ്ങളും മൂല്യങ്ങളും ചരിത്രവും സാഹിത്യവും പകര്‍ന്നു നല്‍കുന്നതില്‍ കേന്ദ്ര സ്ഥാനീയര്‍ എന്നും മമാദു ദിയവാര നിരീക്ഷിക്കുന്നു *(9). വാമൊഴി കലാരൂപങ്ങള്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ സാംസ്കാരിക, ആത്മീയ പരിസരവും കൂട്ടായ്മയുടെ അന്തരീക്ഷവും  കൊളോണിയല്‍ ആധുനികതയുടെ നഗര സംസ്കാരത്തിലും പുരുഷാധീശത്വത്തിലും നഷ്ടപ്പെട്ടു.

ആഫ്രിക്കന്‍ എഴുത്തുകാരികള്‍ തലമുറകളുടെ മാറിവരുന്ന ഉത്കണ്ഠകള്‍ എങ്ങനെയാണു ആവിഷ്കരിക്കുന്നത് എന്നത് ആഫ്രിക്കന്‍ പെണ്ണെഴുത്തിന്റെ വികാസദശകളെ സൂചിപ്പിക്കുന്നു. കൊളോണിയല്‍ സാഹചര്യങ്ങളെ നിശിതമായി സമീപിക്കുന്ന അഡലൈഡ് കാസ് ലി ഹേയ്ഫോര്‍ഡിനെ (Adelaide Casely-Hayford – Sierra Leone-  1868-1959) പോലുള്ള ഒരു ആദ്യകാല എഴുത്തുകാരി, ആഫ്രിക്കന്‍ സംസ്കാരവും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന, പില്‍ക്കാല ആഫ്രിക്കന്‍ സാഹിത്യത്തിലെ നിതാന്ത പ്രമേയമായിത്തീര്‍ന്ന വിഷയത്തെ ഏറെ മുമ്പേ ശക്തമായി ആവിഷ്കരിച്ചത് കാണാം. "Mista Courifer" ( 1961) *(10)  എന്ന കഥയിലെ മുഖ്യകഥാപാത്രം, താന്‍ ബ്രിട്ടീഷ് വസ്ത്രധാരണ രീതി പിന്‍പറ്റണമെന്ന പിതാവിന്റെ ആഗ്രഹം അവഗണിച്ച് ആഫ്രിക്കന്‍ രീതി തുടരുന്നു. സ്ത്രീകള്‍ പുരുഷന് വിധേയപ്പെട്ടു കഴിയണം എന്ന ആശയത്തെയും നിരാകരിക്കുന്ന അയാള്‍, തന്റെ ഭാര്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക മാത്രമല്ല, സഹോദരിയോടു സ്നേഹവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഘാനിയന്‍ എഴുത്തുകാരി മേബല്‍ ഡാന്‍കോ *(11) എന്ന കഥയില്‍ ബഹുഭാര്യത്വത്തെ കൃത്യമായും സ്ത്രീപക്ഷമായ ഒരു വീക്ഷണത്തില്‍ പരിഹസിക്കുന്നുണ്ട്. എണ്ണമറ്റ വിവാഹങ്ങള്‍ കഴിച്ച ഗോത്രമൂപ്പന്‍ എണ്ണം പിഴച്ച് ഒരേ സ്ത്രീക്ക് രണ്ടു തവണ വിവാഹമൂല്യം നല്‍കി രണ്ടു തവണ വിവാഹം ചെയ്യുന്നു. സാമൂഹിക മാനങ്ങളുള്ള (generic experience) ഈ രണ്ടു ഉദാഹരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വയം കണ്ടെത്തലിന്റെ (self-identification) അനുഭവങ്ങള്‍ ആത്മകഥാവിഷ്കാര രൂപത്തില്‍ അടയാളപ്പെടുത്തുന്നതിനു കാസ് ലി ഹേയ്ഫോര്‍ഡിന്റെ തന്നെ "Reminiscences", നോനി ജബാവു (Helen Nontando Jabavu - South African- 1919-2008) വിന്റെ The Ochre People ( 1963) തുടങ്ങിയ കൃതികള്‍ ആദ്യകാല മാതൃകകളാണ്. ഈ എഴുത്തുകാരികളൊന്നും സ്ത്രീയുടെ സ്വത്വാന്വേഷണത്തിന്റെ പൂര്‍ത്തീകരണം അവതരിപ്പിക്കുകയുണ്ടായില്ലെങ്കിലും തങ്ങളുടെ കാലഘട്ടത്തിലെ സാംസ്കാരിക പരിവര്‍ത്തനം, അസമത്വം, ആഫ്രിക്കന്‍ സ്വത്വം തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യത്തിലെ മുഖ്യ പ്രമേയങ്ങളില്‍ പെണ്ണെഴുത്തിന്റെ കയ്യൊപ്പു ചാര്‍ത്താന്‍ അവരുണ്ടായി എന്നത് യൂറോപ്യന്‍ ഭാഷകളില്‍ ഇന്നും ശക്തമായി തുടരുന്ന സ്ത്രീപക്ഷ എഴുത്തിന്റെ ആഫ്രിക്കന്‍ തുടക്കമായിത്തീര്‍ന്നു. 

വൈവിധ്യത്തിന്റെ വന്‍കരയായ ആഫ്രിക്കയില്‍ വ്യത്യസ്ത പ്രാദേശിക, ദേശീയ, പാരമ്പര്യങ്ങളുടെ സംഘര്‍ഷങ്ങള്‍ സ്ത്രീകളുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ണ്ണവിവേചനം ഔദ്യോഗികമായിത്തന്നെ നിലനിന്ന സൌത്ത് ആഫ്രിക്കയില്‍ നിന്നു അമേലിയ ഹൌസ്, മിരിയാം ത് ലാലി, ഫാതിമ ഡികെ, ലോരെറ്റ ന്‍കോബോ തുടങ്ങിയ കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമല്ല, നദീന്‍ ഗോര്‍ഡിമറെ പോലുള്ള വെളുത്ത വര്‍ഗ്ഗക്കാരായ എഴുത്തുകാരികളും ഈ വിഷയത്തെ നേരിടുന്നുണ്ട്. ഇതു പോലുള്ള ഒരു പൊള്ളുന്ന വിഷയം ആവിഷ്കരിക്കുന്നതിനു പെണ്‍സഹനത്തില്‍ ഏകപക്ഷീയമായി ഊന്നുന്നത് വിഘാതം സൃഷ്ടിക്കും എന്ന നിലപാട് ലോരെറ്റ ന്‍കൊബോയുടെ നോവലുകളില്‍ കാണാമെങ്കില്‍ ബെസ്സി ഹെഡ്, സൌത്ത് ആഫ്രിക്കന്‍ സ്ത്രീകള്‍ നേരിടുന്ന ബഹുമുഖ പീഠനങ്ങള്‍ ആവിഷ്കരിച്ചു. വെസ്റ്റ് ആഫ്രിക്കന്‍ എഴുത്തുകാരികളുടെ കൃതികള്‍ നഗരസംസ്കൃതി, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ പാശ്ചാത്യ സ്വാധീനങ്ങളും ആഫ്രിക്കന്‍ പാരമ്പര്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു കേന്ദ്ര പ്രമേയമായി സ്വീകരിക്കുന്നത് കാണാം. ഇസ്ലാമിക പാരമ്പര്യമുള്ള സൈനബ് അല്‍കാലിയെ പോലുള്ള എഴുത്തുകാരികള്‍ സ്ത്രീപക്ഷ നിലപാടുകളെ സമീപിക്കുന്നത് തന്നെ വിമര്‍ശനപരമായാണ്. സ്ത്രീവിമോചനം എന്നത് സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാകുന്ന ആശയമായി അവരെ മഥിക്കുന്നതു കൊണ്ട് അവര്‍ ഒരു സമവായ ശ്രമത്തിലാണ്. ആധുനികതയും പാശ്ചാത്യ സംസ്കാരവും ചേര്‍ന്നു പരമ്പരാഗത മൂല്യങ്ങളെ തകര്‍ത്തുകളയുന്നതിനെതിരില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം സ്ത്രീപക്ഷ നിലപാടുകളെ കുടിയിരുത്തുകയും ചെയ്യുകയെന്നതാണ് അവരുടെ സമീപനം (DAVIES AND FIDO). അലിഫ രിഫാതിന്റെ Distant View of a Minaret ( 1983), ഇസ്ലാമിക കാര്‍ക്കശ്യങ്ങളോട് വിമത സമീപനം പുലര്‍ത്തുമ്പോഴും സാംസ്കാരികമായി സമൂഹത്തില്‍ ഉറച്ചുനില്‍ക്കുന്ന വീക്ഷണം അവതരിപ്പിക്കുന്നു. സൈനബ് അല്‍കാലിയുടെ The Stillborn (1984) വ്യക്തിപരമായ അഭിവൃദ്ധി ലക്‌ഷ്യം വെക്കുന്ന നൈജീരിയന്‍ മുസ്ലിം സ്ത്രീയെ അവതരിപ്പിക്കുമ്പോള്‍,  മറിയാമ ബാ, അമിനാറ്റ സോ ഫാള്‍, നഫീസാതു ദിയാലോ തുടങ്ങിയവര്‍ സെനഗലീസ് സമൂഹത്തിലെ ബഹുഭാര്യത്വം പോലുള്ള പ്രശ്നങ്ങളിലെ പീഡന സ്വഭാവത്തെ വിമര്‍ശിക്കുമ്പോഴും അതിനെ അടിസ്ഥാനപരമായ സ്ത്രീവിരുദ്ധതയായി കാണുന്നില്ല.

തുടര്‍ വായനക്ക്: 

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.5.

https://alittlesomethings.blogspot.com/2024/09/5.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തിഒരാമുഖം

പഠനം.https://alittlesomethings.blogspot.com/2024/09/1.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.

https://alittlesomethings.blogspot.com/2024/09/2.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.3.

https://alittlesomethings.blogspot.com/2024/09/3.html

No comments:

Post a Comment