Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.6.

6.



ആറു മുഖ്യ പ്രമേയങ്ങള്‍ ആഫ്രിക്കന്‍ പെണ്ണെഴുത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായി  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവ ഈ വിധം സംഗ്രഹിക്കപ്പെടുന്നു (Davis and Fido):

1. മാതൃത്വത്തിന്റെ വൈരുധ്യങ്ങള്‍.

2. സാമ്പത്തിക സ്വാതന്ത്ര്യത്തിനും വിജയത്തിനും വേണ്ടിയുള്ള പോരാട്ടം.

3. വൈവാഹിക ബന്ധങ്ങളുടെ അസ്ഥിരത.

4. പാരമ്പര്യവും ആധുനികതയും സ്ത്രീകളുടെ ജീവിതത്തില്‍.

5. കൊളോണിയലിസം, നിയോകൊളോണിയലിസം എന്നിവയുടെ രാഷ്ട്രീയം  സമൂഹത്തില്‍ പൊതുവിലും സ്ത്രീജീവിതങ്ങളില്‍ വിശേഷിച്ചും.

6. സമൂഹത്തിലെ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രകൃതം.

“വനിതാ എഴുത്തുകാര്‍ മൂന്നു നിലയില്‍ പ്രതിജ്ഞാബദ്ധരായിരിക്കണം: എഴുത്തുകാരിയെന്ന നിലയില്‍, സ്ത്രീയെന്ന നിലയില്‍, ഒരു മൂന്നാം ലോക വ്യക്തി എന്ന നിലയിലും; അവളുടെ ജീവശാസ്ത്രപരമായ സ്ത്രീ പദവി ഈ മൂന്നിലും കുരുങ്ങിക്കിടപ്പാണ്.” *(12). ഫെമിനിസ്റ്റ് എന്ന സംജ്ഞയോട് പല ആഫ്രിക്കന്‍ എഴുത്തുകാരികളും മുഖം തിരിക്കുന്നതിനും സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പോലും ഒഴികഴിവു (apologetic) മനോഭാവം കൈക്കൊള്ളുന്നതും അവര്‍ ഏറെ ചകിതരാണ്  എന്നതിനും കാരണം ഈ സമ്മര്‍ദ്ദങ്ങളാണ് എന്നു കാണാം.

സ്ത്രീപക്ഷ ഉണര്‍വ്വുകള്‍/ ആഗോള ഫെമിനിസം

ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെ ലോകമെങ്ങും സാഹിത്യ ശാഖകള്‍ കാലത്തിന്റെ വിളിക്കനുസരിച്ചു അപനിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് എന്ന നിരീക്ഷണം, ആഫ്രിക്കന്‍ സാഹിത്യത്തിലും പ്രസക്തമാണ്. കൊളോണിയല്‍ പൂര്‍വ്വ കാലഘട്ടം മുതല്‍ കൊളോണിയല്‍ അനന്തര കാലം വരെ പ്രശസ്തരായ പുരുഷ എഴുത്തുകാര്‍ അധികവും – അച്ചബെ, ങ്ഗൂഗി, എലെചി അമാദി, സോയിങ്ക, സൈപ്രിയന്‍ എക് വെന്‍സി തുടങ്ങിയവര്‍ - പുരുഷാധിപത്യ ക്രമത്തിന് അരുനില്‍ക്കുകയോ മൌനാനുവാദം നല്‍കുകയോ ചെയ്തു എന്ന വിമര്‍ശനം ശക്തമാണ്. ആഴത്തില്‍ വേരൂന്നിയ പുരുഷ ആഘോഷങ്ങളും ഏറ്റവും ചുരുങ്ങിയ, ഏകമുഖമായ, ഉപരിപ്ലവ സ്ത്രീ പ്രതിനിധാനങ്ങളുമാണ് അവരുടെ എഴുത്തുകളില്‍ കാണാനാവുക എന്നു വിമര്‍ശിക്കപ്പെടുന്നു. പുരുഷാധിപത്യ ക്രമം, പാരമ്പര്യം, സംസ്കൃതി, ലിംഗ പാരസ്പര്യ പ്രക്രിയ (gender socialization process), വിവാഹം, ഗാര്‍ഹിക അടിമത്തം തുടങ്ങിയ പ്രയോഗങ്ങളിലൂടെ നിരന്തരം നിസ്സാരവല്‍ക്കരിക്കുന്ന സ്ത്രീത്വത്തെ ആണ്‍കേന്ദ്രിത (androcentric) ആഖ്യാനത്തില്‍ മുഴുകാനുള്ള പ്രവണത കണ്ടില്ലെന്നു നടിക്കുന്നു. ബുചി എമാചെത, മറിയാമ ബാ, അമ അത ഐദൂ, ഫ്ലോറ ന്‍വാപ, തുടങ്ങിയ വനിതാ എഴുത്തുകാര്‍ മാത്രമല്ല, സെംബീന്‍ ഒസ്മാന്‍, ലിയോപോള്‍ഡ് സെന്‍ഗോര്‍ തുടങ്ങിയ അഗ്രഗാമികളും ഈ ആണ്‍ - പെണ്‍ അകലത്തിനിടെ പാലം പണിയാന്‍ ശ്രമിച്ചിട്ടുണ്ട് *(13). അറുപതുകളില്‍ ശക്തമായ കറുത്തവരുടെ വിമോചന പ്രസ്ഥാനത്തില്‍ (Black Liberation Movement) തന്നെയും സ്ത്രീകളുടെ കാര്യത്തില്‍ വംശീയ, സെക്സിസ്റ്റ് നിലപാടുകള്‍ തുടര്‍ന്നു. ‘സ്വാതന്ത്ര്യം’, ‘സമത്വം’ തുടങ്ങിയ സംജ്ഞകള്‍ പുരുഷമാത്ര വ്യവഹാരങ്ങള്‍ എന്ന നിലയില്‍ തന്നെയാണ് പൊതുവേ മനസ്സിലാക്കപ്പെട്ടത്‌. വ്യക്തിതലത്തിലോ സാമൂഹിക തലത്തിലോ സ്ത്രീകള്‍ക്കു നേരെ നടത്തപ്പെട്ട കയ്യേറ്റങ്ങള്‍ കൊളോണിയല്‍ പൂര്‍വ്വ  സമൂഹത്തില്‍ നിലനിന്ന ക്ലിപ്തമായ ലിംഗ പദവിയുടെ ആദര്‍ശ വല്‍ക്കരണത്തിന്റെ മറവില്‍ തമസ്കരിക്കപ്പെട്ടു. അച്ചബെയുടെ മാസ്റ്റര്‍പീസുകളില്‍ കൊളോണിയല്‍, കൊളോണിയല്‍ അനന്തര കാലത്തെ സ്ത്രീവിരുദ്ധതയുടെ നേര്‍ചിഹ്നങ്ങളെ പരമ്പരാഗത, പൂര്‍വ്വ കൊളോണിയല്‍ മാതൃകകളുടെ കാല്‍പ്പനികവല്‍കൃതവും, അതിവൈകാരികവും ചിലപ്പോഴൊക്കെ അവാസ്തവികവുമായ രീതിയില്‍ തമസ്കരിക്കുന്നുണ്ട്. പുരുഷാധിപത്യ നിലപാടുകള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ അത്തരം സമീപനങ്ങള്‍ അങ്ങേയറ്റം ആന്തരവല്‍ക്കരിച്ചിരുന്ന സ്ത്രീകള്‍ തന്നെയും മുന്നിലുണ്ടായിരുന്നു എന്നതും പ്രസക്തമാണ്‌. തയ്യിബ് സാലിഹിന്റെ വിഖ്യാത കൃതിയില്‍ (Season of Migration to the North) പെണ്‍ചേലാകര്‍മ്മത്തിനു വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്ന പുരുഷ പ്രകൃതിയായ മുത്തശ്ശിയെ കാണാം. ബെസ്സി ഹെഡിന്റെ നോവലില്‍ (When Rain Cloud Gather), കൊടും ദാരിദ്ര്യത്തില്‍ താന്‍ കൂട്ടിക്കൊടുക്കുന്ന കൊച്ചുമകള്‍ക്ക് അവളെ പ്രാപിക്കാതെത്തന്നെ സഹായം നല്‍കുന്ന പുരുഷന് ഭ്രാന്താണ് എന്ന് നിരീക്ഷിക്കുന്ന മുത്തശ്ശിയുണ്ട്. ആഫ്രിക്കന്‍ സ്ത്രീയെ ഭാഗ്യഹീനയായ, ലൈംഗിക ചൂഷണത്തിന്റെയും വംശീയതയുടെയും ഇര മാത്രമായി കാണുന്ന രീതി, തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്ന കര്‍തൃത്വത്തിന്റെ നിരാസത്തില്‍ കലാശിക്കുന്നു. മറുവശത്ത്‌, അവരെ ഗാര്‍ഹിക, സാമൂഹിക അടിച്ചമര്‍ത്തലുകളെ നേരിടുന്ന വീര വനിതകളായി ചിത്രീകരിക്കുന്നതാകട്ടെ, യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന്റെ അളവിനെ കുറച്ചു കാണിക്കുകയും ചെയ്യുന്നു. ആഫ്രിക്കന്‍ ഫെമിനിസം ഈ എതിരറ്റങ്ങള്‍ക്കിടയില്‍, എത്ര മ്ലാനമാണ് അവസ്ഥ എന്നിരിക്കിലും, തെരഞ്ഞെടുപ്പിനുള്ള അവസരവും കര്‍തൃത്വ സ്ഥാപന സാധ്യതയും നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെ കരുതുന്നു. (Obioma Nnaemeka).

പുതിയ കാലത്തിന്റെ, വിശേഷിച്ചും പുതിയ നൂറ്റാണ്ടിന്റെ സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ശുഭോദര്‍ക്കമായ കാര്യങ്ങളില്‍ ഒന്ന് ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്നും അറബ്- മിഡില്‍ ഈസ്റ്റ് ലോകത്തു നിന്നും വനിതാ എഴുത്തുകാരില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എണ്ണത്തിലും ഗുണത്തിലും ഉള്ള കുതിച്ചു ചാട്ടമാണ് എന്നു ഒരു നല്ല വായനക്കാരന് ബോധ്യപ്പെടും. പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ മൂന്നാം തരംഗം (Third-wave) വനിതാ എഴുത്തുകാരുടെ മേല്‍ക്കൈ തന്നെ പ്രകടമാക്കുന്നുണ്ട്. പുതു തലമുറയിലെ ഏറ്റവും കൂടുതല്‍ ഗോചരത (visibility) നേടിയെടുത്തിട്ടുള്ള എഴുത്തുകാരിയെന്നു പറയാവുന്ന ചിമമാന്‍ഡാ അദീചിയുടെ ഫെമിനിസ്റ്റ് നിലപാടുകള്‍ ഈ കാലഘട്ടത്തിന്റെ സമീപനങ്ങളുടെ നിദര്‍ശനമായി കാണാം. പെണ്ണിടങ്ങള്‍ എന്ന സാമ്പ്രദായിക സംവരണത്തെയോ പ്രമേയങ്ങളെയോ ഏകപക്ഷീയമായി അംഗീകരിക്കാനോ അതിനനുസരിച്ച് എഴുതാനോ സ്ത്രീ എഴുത്തുകാര്‍ക്ക് വിശേഷാല്‍ ബാധ്യതയില്ലെന്ന നിലപാട് അവരുടെ വീക്ഷണത്തിന്റെ കാതലാണ്. ‘അമേരിക്കാനാഹ്’ എന്ന തന്റെ ഏറ്റവും പുതിയ നോവലിനെ കുറിച്ച് സാദി സ്മിത്തുമായി നടത്തിയ സംവാദത്തില്‍ അദീചി ഉന്നയിക്കുന്ന നിരീക്ഷണങ്ങള്‍ ആഫ്രിക്കന്‍ ഫെമിനിസത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് എന്ന് പറയാം: “സ്ത്രീകള്‍ ശക്തരായിയിരിക്കുക എന്ന ആശയം, ശക്തരായിരിക്കുക എന്നത് മാത്രം – എന്തെങ്കിലും തെളിയിക്കാനല്ല, അസാധാരണത്വത്തിനു വേണ്ടിയുമല്ല, - അതെനിക്കു വളരെ സ്വാഭാവികമാണ്” *(14.). മനോഹരമായ ഒരു പ്രണയ കഥയെ ആധുനിക സംസ്കാരത്തില്‍ ലീനമായ വംശീയതയുടെയും സെക്സിസത്തിന്റെയും അടരുകളെ വ്യവച്ഛേദിക്കാന്‍ ഉപയോഗിക്കുന്നതിലൂടെയാണ് പെണ്ണെഴുത്തിന്റെ മേല്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രസ്തുത പരിമിതി (stigma) അദീചി മറികടക്കുന്നത്. “നമ്മള്‍ പ്രണയത്തെ കുറിച്ച് എഴുതുന്നില്ലേ? ആണുങ്ങള്‍ അതു ചെയ്യുമ്പോള്‍ അതൊരു രാഷ്ട്രീയ നിരീക്ഷണമാണ്, സ്ത്രീകള്‍ അതു ചെയ്യുമ്പോഴാവട്ടെ, അതൊരു പ്രണയ കഥ മാത്രവും” എന്നു നിരീക്ഷിച്ച മില്‍സ് ആന്‍ഡ് ബൂണ്‍സ് ആരാധികയായ കൌമാരക്കാരിയാണ് പിന്നീട് ലോകമറിയുന്ന ചിമമാന്‍ഡാ അദീചിയെന്ന ആപാദചൂഢം ഫെമിനിസ്റ്റ് ആയ എഴുത്തുകാരിയായി വളര്‍ന്നുവന്നത് എന്നത് സംഗതമാണ് *(15).

 തുടര്‍ വായനക്ക്:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 7.

https://alittlesomethings.blogspot.com/2024/09/7.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.2.

https://alittlesomethings.blogspot.com/2024/09/2.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.3.

https://alittlesomethings.blogspot.com/2024/09/3.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 4.

https://alittlesomethings.blogspot.com/2024/09/4.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.5.

https://alittlesomethings.blogspot.com/2024/09/5.html

No comments:

Post a Comment