Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 7.

 7.



ആഫ്രിക്കന്‍ ഫെമിനിസം / വുമനിസം

ആഗോള ഫെമിനിസ്റ്റ് നരേറ്റിവുകളില്‍ നിന്ന് വേറിട്ട ആഫ്രിക്കന്‍ സ്ത്രീപക്ഷ വീക്ഷണത്തിന്റെ ആവശ്യകത തുടക്കം മുതലേ ആഫ്രിക്കന്‍ എഴുത്തുകാരികള്‍ തിരിച്ചറിഞ്ഞിരുന്നു. “ആഫ്രിക്കന്‍ സ്ത്രീയുടെ അവസ്ഥ പരിശോധിച്ചാല്‍, പണ്ടാവട്ടെ, ഇന്നാവട്ടെ, ആഗോള ഫെമിനിസത്തെ കുറിച്ചുള്ള സ്പഷ്ടമായ ഒരു സിദ്ധാന്തത്തിനും ആഫ്രിക്കന്‍ സ്ത്രീ അകപ്പെട്ടിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. (നാട്ടിലെ) കര്‍ക്കശ പാരമ്പര്യങ്ങള്‍ ആഫ്രിക്കന്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നു, അവരെ എന്നും കുട്ടികളോ അഥവാ രണ്ടാം കിട പൌരന്മാരോ ആയി കാണുന്നു. ചിലയിടങ്ങളിലെ പ്രത്യേക പ്രാദേശിക സെക്സിസം, പുരുഷാധിപത്യ സമീപനങ്ങള്‍, അന്ധമായ പാരമ്പര്യങ്ങളുടെ ശക്തി എന്നിവ ആഫ്രിക്കന്‍ പുരുഷനെ അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന അധികാര ഘടനയുമയി ബന്ധിപ്പിക്കുന്നു. ആഫ്രിക്കന്‍ ചരിത്രത്തിലും മിത്തോളജിയിലും തങ്ങളുടെ കാലത്തെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയ സ്ത്രീകള്‍ - ഫുന്‍മിലായോ റാന്‍സോമെകുതി (Funmilayo Ransomekuti), റാണി ആമിന (Queen Amina), അബായിലെ ഇബോ സ്ത്രീകള്‍ (Igbo women of Aba) - പുരുഷ നിര്‍മ്മിതവും നിയന്ത്രിതവുമായ സമൂഹം സ്ത്രീയുടെ താല്‍പ്പര്യങ്ങളോടു ശത്രുതയുള്ളവരായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയിരുന്നില്ല എന്ന് പറയാമോ? .. ഇപ്പോള്‍ പോലും, ആഫ്രിക്കന്‍ സമൂഹങ്ങളുടെ വിമര്ശക ദൃഷ്ടിക്കും നാക്കിനും മുന്നില്‍ തന്നെ എഴുതുന്ന ആഫ്രിക്കന്‍ എഴുത്തുകാരികള്‍ ഉള്ളപ്പോഴും, കുറച്ചു പേരുകള്‍ മാത്രം പറഞ്ഞാല്‍, ജൂലിയ ക്രിസ്റ്റെവ, സൂസന്‍ ഗാര്‍ഡ്നര്‍, വിര്‍ജീനിയ വുള്‍ഫ്, ടോരില്‍ മോയി, സിമോങ് ദേ ബുവ്വേ, ബെല്‍ ഹുക് എന്നിവര്‍, ആഫ്രിക്കന്‍ സ്ത്രീ ഉള്‍പ്പടെ, സ്ത്രീയെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു കഴിഞ്ഞത് കൊണ്ട് ബുചി എമാചെത, അമ അതാ ഐദൂ, ഫ്ലോറാന്‍വാപ, തുടങ്ങിയ എഴുത്തുകാര്‍ അപ്രസക്തരാണ് എന്ന് പറയാമോ? അങ്ങനെ പറയുകയെന്നാല്‍, കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ സമൂഹങ്ങളില്‍ സ്ത്രീ പുരുഷ പദവികള്‍ തമ്മില്‍ ഒരു പരസ്പര പൂരകത്വം നിലനിന്നിരുന്നുവെന്നും കൊളോണിയല്‍, കൊളോണിയല്‍ അനന്തര കാലത്താണ് അധികാരവും സ്വയം നിര്‍ണ്ണായകത്വവും ഉള്ള അവസ്ഥയില്‍ നിന്ന് പുരുഷന്റെ സഹായി എന്ന നിലയിലേക്കുള്ള ആഫ്രിക്കന്‍ സ്ത്രീയുടെ പതനം സംഭവിച്ചത് എന്നുമുള്ള വസ്തുതയെ അവഗണിക്കലാകും” *(16).

സ്വകാര്യ അനുഭവങ്ങള്‍/ ആത്മാന്വേഷണങ്ങള്‍ എന്നതൊക്കെ ഫിക് ഷന്റെ വലിയ പരിപ്രേക്ഷ്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന, ദേശീയമായ, പൊതുവായ (generic) വിഷയങ്ങളും ഉത്കണ്ഠകളുമാണ് ആവിഷ്കരിക്കേണ്ടതെന്ന സമീപനം പുരുഷന്മാരായ എഴുത്തുകാരെ സ്വാധീനിച്ചപ്പോള്‍ സാമൂഹിക ഇടപഴകലുകളും പുറം ലോകവുമായുള്ള ബന്ധങ്ങളും താരതമ്യേന കുറഞ്ഞ, പരിമിത വൃത്തങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീയുടെ ആവിഷ്കാരങ്ങളില്‍ അവ കൂടുതല്‍ കടന്നു വരിക എന്നതിന് മൂന്നാംലോക സാഹിത്യം പൊതുവിലും ആഫ്രിക്കന്‍ സാഹിത്യം പ്രത്യേകിച്ചും മാതൃകയാണെന്നു പറയാം. എന്നാല്‍, പുരുഷ കേന്ദ്രിത വിമര്‍ശക ലോകം തെറ്റായി മനസ്സിലാക്കിയ പോലെ അത് വലിയ വിഷയങ്ങളോടോ ദേശ നിര്‍മ്മിതിയുടെ വെല്ലുവിളികളോടോ ഉള്ള മുഖം തിരിക്കലല്ല, മറിച്ചു അവയ്ക്ക് തങ്ങളുടെ അനുഭവങ്ങളുടെ തീച്ചൂളയിലൂടെത്തന്നെ ആഖ്യാനം ചമക്കുന്ന സമീപനമായിരുന്നു. “രാഷ്ട്രീയ വിമതസ്വരത്തെ അഭിസംബോധന ചെയ്യുന്നതിലും, കൊളോണിയലിസത്തിന്റെ പൈതൃകത്തെ തുറന്നു കാട്ടുന്നതിലും വന്‍കരയെ കുറിച്ചുള്ള വക്രീകരിച്ച പാശ്ചാത്യ ചിത്രീകരണത്തെ വെല്ലുവിളിക്കുന്നതിലും ആഫ്രിക്കന്‍ സാഹിത്യം ഏറ്റവും മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. വോലെ സോയിങ്ക, ചിനുവ അച്ചബെ, ങ്ഗൂഗി വാ തിയോങ്ഗോ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാര്‍ തങ്ങളുടെ കൃതികളിലൂടെ ആഫ്രിക്കയെ സംബന്ധിച്ച യൂറോപ്പ്യന്‍ ആന്ധ്യത്തെ പൊളിച്ചെഴുതുകയും അച്ചടിച്ച വാക്കുകളിലൂടെ അതിന്റെ ജനതക്ക് തങ്ങളുടെ അന്തസ്സ് തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ, മരിയാമാ ബാ, ബുചി എമാചെത, അമാ അതാ ഐദൂ തുടങ്ങിയ വിഖ്യാത ആഫ്രിക്കന്‍ എഴുത്തുകാരികള്‍ തങ്ങളുടെ സ്വകാര്യ ജീവിതങ്ങളിലെ കയ്പ്പുനീര്‍ അവഗണിക്കാതെത്തന്നെ തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ ആവിഷ്കരിച്ചുട്ടുണ്ട്; (അതിലൂടെ) സ്ത്രീത്വത്തെ സംബന്ധിച്ച സവിശേഷ ആഫ്രിക്കന്‍ ധാരണകളെ തുറന്നു കാണിക്കുകയും മാറിക്കൊണ്ടിരികുന്ന സാമൂഹിക അതിരുകള്‍ക്കുള്ളിലും അവയ്ക്ക് കുറുകെയും തങ്ങളുടെ ഭിന്ന ഭാഗധേയങ്ങളെ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതിനെ വിവരിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ രചനകളില്‍ തങ്ങളുടെ സമൂഹങ്ങളിലെ അധികാര ബലതന്ത്രങ്ങള്‍, കൊളോണിയല്‍, പോസ്റ്റ്‌കൊളോണിയല്‍ ആശയങ്ങളില്‍ ആഴത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും അസ്ഥിരമാക്കപ്പെടുകയും ചെയ്തിട്ടുള്ള കുടുംബ ബന്ധങ്ങള്‍, മാതൃത്വം ഭാര്യാപദവി എന്നിവയിലെ സങ്കീര്‍ണ്ണതകള്‍ എന്നിവ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.” *(17).

ലൈംഗികത, മാതൃത്വം തുടങ്ങിയ സ്വകാര്യ മണ്ഡലങ്ങളെ അധികാര ബന്ധങ്ങളോട് ചേര്‍ത്തെഴുതുന്നതിലും പുരുഷ എഴുത്തുകാര്‍ എടുത്തു പ്രയോഗിക്കുന്ന കൊളോണിയല്‍, പോസ്റ്റ്‌ കൊളോണിയല്‍ കീഴാളത്ത വാഗ്ധോരണിയില്‍ നിന്ന് ബോധപൂര്‍വ്വം പിന്‍ വലിയുന്നതിലും ആഫ്രിക്കന്‍ എഴുത്തുകാരികള്‍ നിലനിര്‍ത്തുന്ന തന്ത്രപരമായ സൂക്ഷ്മ രാഷ്ട്രീയമുണ്ട്. “ഫിക് ഷന്‍ എന്നത് സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വകാര്യ ജീവിതവും തങ്ങളെ പലപ്പോഴും നിശ്ശബ്ദരാക്കിയ സാമൂഹിക ഘടനകളും തമ്മിലുള്ള വിടവിനെ അഭിസംബോധന ചെയ്യുന്നതിനുള്ള തുറസ്സാണ്. ഫിക് ഷനിലൂടെ തങ്ങളുടെ ജീവിതത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ നാട്ടിന് വെളിയിലുള്ള വായനക്കാര്‍ക്കും ലഭ്യമാക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യമാണ് സ്ത്രീക്ക് ലഭിക്കുന്നത്. കൊളോണിയല്‍ അധികാരികളും പുരുഷന്മാരും മേധാവിത്തം തുടരുന്ന അച്ചടി ലോകത്തു തങ്ങളുടെ കല്‍പ്പിത മൌനം വലിച്ചെറിയുന്നതില്‍ ആഫ്രിക്കന്‍ വനിതാ എഴുത്തുകാര്‍ വളരെയേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആണത്തമെന്നത് സാമൂഹിക നിയന്ത്രണം ലക്‌ഷ്യം വെക്കുന്ന സവിശേഷമായ തരത്തിലുള്ള മൌനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഡിന സലൂസ്റ്റിയോ (Dina Salustio) എഴുതുന്നത്‌ പോലെ, “പുരുഷന്‍ ആവുകയെന്നാല്‍ സ്വകാര്യമായ ചോദ്യങ്ങളെ പുച്ഛിക്കുകയെന്നാണ്”, ഒരാളുടെ “ആന്തര ചിന്തകള്‍” പറയാതിരിക്കലും. ആണത്തത്തെ കുറിച്ചു സാമൂഹികമായി അംഗീകരിക്കപ്പെട്ട ആശയം ആവശ്യപ്പെടുന്നത് വാക്കുകളില്ലാത്ത ഒരു ആലേഖനമാണ്, അതില്‍ വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചുള്ള മൗനം സാമൂഹിക വിലക്കുകളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണ്.” (Rodrigues and Sheldon).  ഈ വെളിച്ചത്തില്‍ നോക്കിയാല്‍, ‘വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന രണ്ടാം തരംഗ യൂറോപ്യന്‍ ഫെമിനിസത്തിന്റെ നിലപാട്, ഫെമിനിസ്റ്റുകള്‍ എന്ന ലേബല്‍ ഇല്ലാതെത്തന്നെ നടപ്പിലാക്കിയവരാണ് ആഫ്രിക്കന്‍ വനിതാ എഴുത്തുകാര്‍ എന്ന് പറയാം.

തുടര്‍ വായനക്ക്:
 

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 8.

https://alittlesomethings.blogspot.com/2024/09/8.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.3.

https://alittlesomethings.blogspot.com/2024/09/3.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 4.

https://alittlesomethings.blogspot.com/2024/09/4.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.5.

https://alittlesomethings.blogspot.com/2024/09/5.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.6.

https://alittlesomethings.blogspot.com/2024/09/6.html

No comments:

Post a Comment