Featured Post

Monday, September 23, 2024

The Devils' Dance by Hamid Ismailov/ Donald Rayfield

 അധികാരപ്രയോഗമെന്ന അനന്ത താണ്ഡവം



“ഹമീദ് ഇസ്മയിലോവിന്റെ ‘The Devils’ Dance’, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ നോവലുകള്‍ ലാറ്റിന്‍ അമേരിക്കയ്ക്കു വേണ്ടി ചെയ്തതുപോലെ, ഒരു മധ്യേഷ്യന്‍ സാഹിതി ആരംഭിക്കുമോ? സാധ്യതയില്ല – കാര്യങ്ങള്‍ മിക്കപ്പോഴും അങ്ങനെയല്ല ഉരുത്തിരിയുന്നത് – പക്ഷെ ഒരുവേള അദ്ദേഹം അതര്‍ഹിക്കുന്നു.” -  Peter Gordon. *1

ഉസ്ബെക് കവിയും പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹമീദ് ഇസ്മയിലോവ് (ജ: 1954), രാഷ്ട്രീയ അഭയം തേടി ബ്രിട്ടനിലേക്ക് കുടിയേറുകയും (1992) തുടര്‍ന്ന് ഇരുപത്തിയഞ്ചു വര്‍ഷക്കാലം ബി.ബി.സി.യില്‍ സേവനം അനുഷ്ടികയും ചെയ്തു. സ്വദേശത്തു നിരോധിതമായ അദ്ദേഹത്തിന്‍റെ കൃതികള്‍, മധ്യേഷ്യന്‍ സംസ്കാരം, ചരിത്രം, രാഷ്ട്രീയം എന്നിവയുടെ നിശിതമായ ആവിഷ്കാരത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. ഉസ്ബെക്, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതുന്ന ഇസ്മയിലോവ്, പ്രവാസം, അടിച്ചമര്‍ത്തല്‍, പാശ്ചാത്യ-പൌരസ്ത്യ മുഖാമുഖം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. The Railway, The Dead Lake, The Devils' Dance, തുടങ്ങിയ അദ്ദേഹത്തിന്‍റെ കൃതികളില്‍, മാജിക്കല്‍ റിയലിസം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയവ സമന്വയിപ്പിക്കുന്നു.

ചരിത്രവും വൈയക്തികാനുഭവങ്ങളും, ഭാവനാത്മകതയും യാഥാര്‍ത്ഥ്യവും എന്ന രീതിയില്‍, രണ്ടു കഥാഗതികള്‍ ഇഴകോര്‍ക്കുന്ന ഒരു ചരിത്രനോവലാണ് ‘പിശാചിന്റെ നൃത്തം.രാഷ്ട്രീയം, അധികാരപ്രയോഗം, അടിച്ചമര്‍ത്തല്‍, അവക്കെതിരെ ആയുധമാക്കപ്പെടുന്ന കലയും സാഹിത്യവും എന്നീ ഘടകങ്ങളിലെല്ലാം ഇരു ആഖ്യാനധാരകളും പരസ്പരം പ്രതിഫലിപ്പിക്കുന്നു. ഇതില്‍ ആദ്യത്തേത്, 1930-കളില്‍ സോവിയറ്റ് പശ്ചാത്തലത്തില്‍ സ്റ്റാലിന്റെ ‘ശുദ്ധീകരണ (purge) കാലഘട്ടത്തിലാണ് അരങ്ങേറുന്നത്. പ്രസിദ്ധ ഉസ്ബെക് കവിയും നാടക കൃത്തും നോവലിസ്റ്റും വിവര്‍ത്തകനും ആയിരുന്ന അബ്ദുള്ള ഖദിരി (Abdulla Qodiriy) തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത ചരിത്രത്തെ ആസ്പദമാക്കി നോവലിനുള്ളിലെ നോവലിനുള്ളില്‍ ഒരു നോവല്‍ എന്ന മട്ടില്‍, ചരിത്രത്തിലെ ചില ഭ്രാന്തുകളുടെ ചാക്രികത നോവല്‍ അവതരിപ്പിക്കുന്നു.   ഹമീദ് ഇസ്മയിലോവ് എഴുതുന്ന നോവലില്‍ നായകനായ അബ്ദുള്ള ഖദിരി, അറസ്റ്റ് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ എഴുതിക്കൊണ്ടിരുന്ന നോവല്‍ പുനര്‍ സൃഷ്ടിക്കുന്ന മട്ടിലാണ്‌ ആഖ്യാനം. സോവിയറ്റ് അടിച്ചമര്‍ത്തലിന്റെ ഭീകരതയിലാണ് ഖദിരിയുടെ കഥ നിലയുറപ്പിക്കുന്നത്. എല്ലാതരം യാതനകളുടെയും ഹിംസാത്മകതയുടെയും വൈകൃതങ്ങളുടെയും ഇടമായിരുന്ന തടവറ, അതേസമയം തന്റെ കഥാഖ്യാനം കേള്‍ക്കാനും സജീവമാക്കാനും പാകത്തിലുള്ള ചില ബൗദ്ധിക കൂട്ടുകെട്ടുകളും ഖദിരിക്ക് നല്‍കി. ഇന്തോനേഷ്യന്‍ സാഹിത്യാചാര്യന്‍ പ്രമോദയ അനന്ത തോര്‍ തന്റെ വിഖ്യാത നോവല്‍ പരമ്പര (Buru Quartet) എഴുതിയ പോലെ, ഭേദ്യമുറകളുടെ ഇടവേളകളില്‍ അദ്ദേഹം തന്റെ രചന മനസ്സില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തുകയും ആ കൂട്ടാളികളോടു പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജയില്‍വാസം, സ്റ്റാലിന്‍ ഭരണം കലാകാരന്മാരോടും എഴുത്തുകാരോടും ബുദ്ധിജീവികളോടും എന്തുചെയ്തുവോ അതിന്റെ പ്രതീകമാണ്‌. എകാന്തത്തടവില്‍, എഴുത്തുപരണങ്ങള്‍ നിഷേധിക്കപ്പെട്ട ഖദിരി, ഓര്‍മ്മയിലും ഭാവനയിലുമായി തന്റെ നോവലിനെ പുനസൃഷ്ടിക്കുന്നു. എകാധിപതികള്‍ക്കെതിരെ ഓര്‍മ്മ കൊണ്ട് യുദ്ധം ചെയ്യുകയെന്ന വലിയ പ്രമേയവും കൂടിയാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്‌.

രണ്ടാമത് ആഖ്യനധാരയില്‍, ഖദിരി പുനസൃഷ്ടിക്കുന്ന ചരിത്രനോവലിലെ കഥാപാത്രങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തില്‍ മാത്രമുണ്ടായിരുന്ന പ്രസ്തുത നോവല്‍, എമീറുമാരും ഹാരമുകളും കവിതയും ബ്രിട്ടീഷ് ചാരന്മാരും ആരാച്ചാരന്മാരും നിറഞ്ഞതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യേഷ്യന്‍ ദേശമായ കോക്കണ്ട് ഖനാതെയില്‍, ഭരണാധികാരി ഖുദയാര്‍ ഖാനിന്റെ ഭാര്യയായിരുന്ന ഒയ്ഹോനിനെ കേന്ദ്രകഥാപാത്രമാക്കി മധ്യേഷ്യന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കഥ ആവിഷ്കരിക്കപ്പെടുന്നു. “അസന്തുഷ്ടയായ ഒരു ഭാര്യ, മൂന്നു രാജാക്കന്മാര്‍ക്ക് ഭാര്യയായിരുന്നവള്‍” എന്ന് ഹെലന്‍ ഓഫ് ട്രോയിയോടു തുലനം ചെയ്യപ്പെട്ട ഒയ്ഹോനിനെ നോവല്‍ വിവരിക്കുന്നു. ഒരേസമയം, പുറത്തുനിന്നു അതിശക്തമായിരുന്ന റഷ്യന്‍ സാമ്രാജ്യത്തെയും  ആഭ്യന്തരമായി അധികാര വടംവലികളെയും നേരിടേണ്ടിവന്ന ഘട്ടമായിരുന്നു ദേശത്തിന്.

നോവല്‍, നിയതമായ വര്‍ഗ്ഗീകരണം അസാധ്യമാക്കുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (ഗോര്‍ഡെന്‍). ഒരു തലത്തില്‍, സോള്‍ഷനിത് സിന്നിന്റെ കൃതികളെ പോലെ, അത് തടവറസാഹിത്യം (prison literature) എന്ന് വിളിക്കാവുന്നതാണ്. എന്നാല്‍, സോള്‍ഷനിത് സിന്നിനെപ്പോലെ നേരിട്ട് വര്‍ത്തമാനകാലത്തിലല്ല, ഒരു പോയകാലത്തിന്റെ കഥപറയുന്ന ഇസ്മയിലോവിന്റെ നോവല്‍ നിലയുറപ്പിക്കുന്നത്. അറബിക്കഥയിലെ പോലെ പ്രച്ഛഹ്നവും ഒപ്പം വൈചിത്ര്യപൂര്‍ണ്ണവുമാണ് ആഖ്യാനം.  ഒരേസമയം സുന്ദരവും പണ്ഡിതോചിതവും, ഒപ്പം ഭീകരവും കാപട്യപൂര്‍ണ്ണവും എന്നു പറയാവുന്ന ഒരു ലോകമാണ് അത്.  അബ്ദുള്ളയുടെ നോവലിലെ കഥാപാത്രങ്ങളും ഇതിവൃത്ത സന്ദര്‍ഭങ്ങളും തടവറ ജീവിത സാഹചര്യങ്ങളെയും തിരിച്ചും പ്രതിഫലിക്കുന്നതോടെ അത് നിത്യജീവിതവുമായി കൂടിക്കലരുകയാണ്. ഒരു നൂറ്റാണ്ടുമുമ്പത്തെ ബുഖാറ തെരുവുകളിലൂടെ നടന്ന ജഡ്ജിമാരായും കശാപ്പുകാരും വീട്ടുവേലക്കാരികളും പോക്കറ്റടിക്കാരുമെല്ലാമായി തന്നെയും ചുറ്റുമുള്ളവരെയും അബ്ദുള്ള സങ്കല്‍പ്പിക്കുന്നു. ഇതേ ഭാവനയുടെ ഒരു തിരികെ അവതാര/ പ്രയോഗമായി, ചിലപ്പോഴൊക്കെ ആ ഭൂതകാല കഥാപാത്രങ്ങള്‍ തടവറയിലേക്കും കടന്നുവരുന്നു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, അബ്ദുള്ളയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലില്‍നിന്നു മാത്രം കടന്നുവരാന്‍ ഇടയുള്ള വിശദാംശങ്ങള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍, അബ്ദുള്ളയും നാം വായനക്കാരും ഒരുപോലെ, യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനുമിടയില്‍, ആരാണ് കഥാപാത്രം, ആരാണ് എഴുത്തുകാരന്‍ എന്ന മട്ടില്‍ ഇടറിപ്പോകുന്നു.

നോവലിന്റെ ആഖ്യാന വര്‍ത്തമാനകാലവും ഭാവനാത്മക ഭൂതകാലവും തമ്മില്‍, പീറ്റര്‍ ഗോര്‍ഡെന്‍ നിരീക്ഷിക്കുന്നപോലെ, പ്രതീകാത്മകമായും ബന്ധിതമാണ്. അബ്ദുള്ള എഴുതിക്കൊണ്ടിരിക്കുന്നത്‌ ഒരു ചരിത്രനോവല്‍ ആയതുകൊണ്ട് കഥാപാത്രങ്ങള്‍ ഒട്ടുമിക്കവാറും ചരിത്ര വ്യക്തികള്‍ തന്നെയാണ്. ബുഖാറയിലെ എമീര്‍ നസറുള്ള, കവിയായ എമീര്‍ ഉമര്‍, അദ്ദേഹത്തിന്‍റെ മകനും കോക്കണ്ടിലെ ഭരണാധികാരിയുമായ മദാലി, ഉമറിന്റെ രാജ്ഞിയും പ്രശസ്ത കവിയുമായ നദീറ ബേഗ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍  കേണല്‍ ചാള്‍സ് സ്റ്റോദാര്‍ത്, ആറാം ബംഗാള്‍ കാലാള്‍പ്പടയിലെ ക്യാപ്റ്റന്‍ ആര്‍തര്‍ കൊണോലി എന്നീ രണ്ടു ബ്രിട്ടീഷ് ചാരന്മാര്‍ എന്നിവരെല്ലാം ചരിത്രവ്യക്തികള്‍ തന്നെ. ഒയ്ഹോനിനെ നേരിട്ടു ആരുമായും ബന്ധപ്പെടുത്താനാവില്ലെങ്കിലും, ആദ്യം ഉമറിനെയും പിന്നീട് പില്‍ക്കാല ഭരണാധികാരി ആയിത്തീര്‍ന്ന അയാളുടെ അനന്തിരവനെയും നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കേണ്ടിവന്ന ഒരു യുവതി ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാഷ്ട്രീയകാരണങ്ങളാല്‍ ബ്രിട്ടനില്‍ പ്രവാസത്തില്‍ കഴിയുന്ന എഴുത്തുകാരന്‍, പോയ നൂറ്റാണ്ടിലെ, സമാനകാരണങ്ങളാല്‍ തടവറയില്‍ ആക്കപ്പെട്ട ഒരു എഴുത്തുകാരനെ കുറിച്ച് നോവലെഴുതുക, നോവലിനുള്ളില്‍, അതിനും ഒരു നൂറ്റാണ്ടുമുമ്പേ സമാനമായി പീഡിതരായിരുന്ന ആളുകളെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ നിറയുക, കയ്യെഴുത്തു പ്രതികളുടെ നഷ്ടം, കണ്ടുകെട്ടല്‍, ചുട്ടെരിക്കല്‍, തുടങ്ങിയവ ആവര്‍ത്തിക്കപ്പെടുക, എന്നതെല്ലാം രാഷ്ട്രീയം കലയിലേക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്കും അധിനിവേശിക്കുന്നതിന്റെ നിരന്തരം ആവര്‍ത്തിക്കുന്ന ദുരന്തങ്ങളെ സൂചിപ്പിക്കുന്നു. അതോടൊപ്പം, എഴുതപ്പെട്ടത് ആവര്‍ത്തിക്കുക, അഥവാ ആവര്‍ത്തിക്കപ്പെടുന്നത് എഴുതപ്പെടുക എന്ന കല ജീവിതത്തെ അനുകരിക്കുന്നതിന്റെ ചിത്രം കൂടിയാണ് അത്. ഇത്തരം അധിനിവേശങ്ങള്‍ക്ക് ദേശകാല ഭേദങ്ങളില്ല എന്നതും ഇവിടെ വ്യക്തമാണ്‌.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഉസ്ബെക് അമീറുമാരെ കുറിച്ച് പാശ്ചാത്യ ആഖ്യാനങ്ങളില്‍ ഒട്ടും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ചിത്രങ്ങളല്ല കാണാനാകുക എന്നത്, സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക്‌ അനുരോധമായ ‘പാശ്ചാത്യ – പൗരസ്ത്യ മുഖാമുഖ പ്രമേയ’ത്തിന്റെ  (‘east-west confrontation narratives) ഭാഗമായിരിക്കാം.  എന്നാല്‍, ഉസ്ബെക്ക് ജനതയും ഇന്ന് അത്രയൊന്നും മാതൃകാപുരുഷന്മാരായി ആ മുന്‍ഗാമികളെ കാണുന്നില്ല. അതേസമയം നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, മാനുഷിക ഭാവങ്ങളില്‍ സമ്പന്നരാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. കഴിവും സഹാനുഭൂതിയുമുള്ളവരാണ് അവര്‍, ഒപ്പം മാനുഷികദൌര്‍ബല്യങ്ങളും. നദീറ അസൂയാലുവാണെങ്കിലും മികച്ച കവിയാണ്‌; കവിത്വ സിദ്ധിയിലെ ഉസ്ബെക് പാരമ്പര്യത്തിന്റെ ഉടമ. ശക്തയും മനോബലം കൊണ്ട് അതിജീവിക്കുന്നവളുമായ ഒയ്ഹോന്‍, ഭാവനയുടെ പ്രയോഗത്തോടെ തടവറ ദുരിതങ്ങളെ അതിജീവിക്കുന്ന ഖദിരിയുടെ മുന്‍പതിപ്പാണ്‌. ഒയ്ഹോന്‍ സ്ത്രീയാണ് എന്നത് അവരുടെ കര്‍തൃത്വ ഗുണങ്ങളില്‍ ഒരു കുറവും വരുത്തുന്നില്ല എന്നത് നോവലിസ്റ്റിന്റെ സ്ത്രീപക്ഷ സമീപനത്തില്‍ പ്രധാനമാണ്.

പ്രതീകാത്മകത തൊട്ടറിയാവുന്ന ‘പിശാചിന്റെ നൃത്തം’ എന്നൊരു തലക്കെട്ട്‌, രാഷ്ട്രീയ ഉപജാപങ്ങളുടെയും പീഡന കാണ്ഡങ്ങളുടെയും സഹന പര്‍വ്വങ്ങളുടെയും അവലക്ഷണം പിടിച്ച വിനാശകനൃത്തത്തെയാകാം സൂചിപ്പിക്കുന്നത്.  ദേശ കാല ഭേദങ്ങളില്ലാത്ത ആവര്‍ത്തിക്കുന്ന അത്തരം വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളുടെ ചാക്രികതയെ കൂടിയാണല്ലോ  ചരിത്രം രേഖപ്പെടുത്തുന്നത്. ‘നൃത്തംഎന്ന പദത്തിലെ  വഴക്കമെന്ന സൂചന, പ്രതികൂല സാഹചര്യങ്ങളിലും കലയുടെ/ കലയിലൂടെയുള്ള അതിജീവനമെന്ന ആശയത്തെയും ദ്യോതിപ്പിച്ചേക്കാം. അതിജീവിക്കുന്നവരുടെ ഉള്ളില്‍ അവര്‍ക്കുതന്നെ നേരിടേണ്ട ഭയത്തിന്റെയും സന്ദേഹത്തിന്റെയും മനോവിക്ഷോഭങ്ങളുടെയും ചെകുത്താനെയും തലക്കെട്ട്‌ പരിഗണിക്കുന്നുണ്ട് എന്നുവരാം. തലക്കെട്ട്‌ യഥാര്‍ഥത്തില്‍ അബ്ദുള്ള ഖദിരിയുടെ ഒരു ചെറുകഥയുടെ പേരായിരുന്നു എന്നും സ്റ്റാലിന്റെ ‘ശുദ്ധീകരണം’, ഉസ്ബെക് ഖനാതെ ഭരണം എന്നിവയെ സൂചിപ്പിക്കാന്‍ താന്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും ഒരഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നു*2.

അവലംബങ്ങള്‍:

1.    (Peter Gordon. “The Devils’ Dance” by Hamid Ismailov’, Asian Review of Books, 11 April 2018, https://asianreviewofbooks.com/content/the-devils-dance-by-hamid-ismailov/

2.    (Hamid Ismailov On “The Devils’ Dance” and Other Works, APRIL 18, 2018, VoicesOnCentralAsia.org, https://voicesoncentralasia.org/hamid-ismailov-the-devils-dance-and-other-works/)   

reread more:

The World and All That It Holds by Aleksandar Hemon

https://alittlesomethings.blogspot.com/2024/08/the-world-and-all-that-it-holds-by.html

A Constellation of Vital Phenomena by Anthony Marra

https://alittlesomethings.blogspot.com/2024/08/a-constellation-of-vital-phenomena-by.html

The Kindness of Enemies by Leila Aboulela

https://alittlesomethings.blogspot.com/2018/08/blog-post_6.html 

No comments:

Post a Comment