Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 9.

9.



ദേശപ്രതിനിധാനങ്ങള്‍: വെസ്റ്റ് ആഫ്രിക്ക

ആഫ്രിക്കന്‍ സാഹിത്യ ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍ പലപ്പോഴും സ്വാഭാവിക പ്രതിനിധാനമായി നൈജീരിയന്‍ സാഹിത്യം ഉയര്‍ന്നു വരുന്നത് കാണാം. ഇത് ആഫ്രിക്കന്‍ പെണ്ണെഴുത്തിനും തികച്ചും ബാധകമാണ്. കെയ്പ്പ് വെര്‍ദെ, ഘാന, ഗിനി ബിസോ, ഐവറികോസ്റ്റ്, ലൈബീരിയ, മാലി, മോറിട്ടാനിയ, സെനെഗല്‍, സിയേറാ ലിയോണ്‍, നൈജീരിയ തുടങ്ങി പതിനാറു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ആഫ്രിക്കന്‍ ദേശങ്ങളില്‍ സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാല്‍ താരതമ്യേന മികച്ച സ്ത്രീ വിദ്യാഭ്യാസ സാഹചര്യം ലഭ്യമായ നൈജീരിയയില്‍ നിന്നാണ് ആഫ്രിക്കന്‍ സാഹിത്യത്തിലെ ആദ്യ വനിതാ നോവലിസ്റ്റ് (‘Efuru’-1966, Flora Nwapa) ഉയര്‍ന്നു വന്നത് എന്നത് യാദൃശ്ചികമല്ല. ആഫ്രിക്കന്‍ വനിതാ സാഹിത്യത്തിലെ ആദ്യ തലമുറയായ കാസ് ലി- ഹേഫോര്‍ഡ് (Adelaide Casely-Hayford- 1868-1960- Sierra Leone), മാബേല്‍ ഡാന്‍കോ (Mabel Dove DanquahGhana (Gold Coast) 1905-1984) തുടങ്ങിയവര്‍ നേരിട്ട നിരക്ഷരതയുടെ സാമൂഹികാന്തരീക്ഷത്തിനു വലിയ തോതില്‍ മാറ്റം സംഭവിച്ചതിനു ആംഗ്ലോഫോണ്‍ ആഫ്രിക്കന്‍ ദേശങ്ങളിലെ, വിശേഷിച്ചും നൈജീരിയ, ഘാന എന്നിവിടങ്ങളിലെ, മെഷിനറി സ്കൂളുകളുടെ വ്യാപനത്തിനു വലിയ പങ്കുണ്ടായിരുന്നു. ബുചി എമാചെത, അദാവോറെ ഉലാസി, സുലു സൊഫോല, സൈനബ് അല്‍കാലി, തുടങ്ങിയ വലിയ എഴുത്തുകാരികള്‍ നൈജീരിയയുടെ ആഭ്യന്തര വിദ്യാഭ്യാസ പുരോഗതിയോടൊപ്പം ഇംഗ്ലീഷ് പ്രവാസ ബന്ധങ്ങളും സഹായകരമായി തീര്‍ന്നവരാണ്. ഫ്രാന്‍സിന്റെ കൊളോണിയല്‍ വ്യാപനത്തില്‍ സെനഗല്‍ പോലുള്ള ദേശങ്ങളില്‍ ഉണ്ടായ ഭാഷാ, സാംസ്കാരിക മുന്നേറ്റം ഫ്രാങ്കോഫോണ്‍ സാഹിത്യത്തില്‍ മരിയാമാ ബായെ പോലുള്ളവര്‍ ഉയര്‍ന്നു വരുന്നതിനു നിമിത്തമായി. എന്നാല്‍, ആംഗ്ലോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തെ അപേക്ഷിച്ച് ഇവയുടെ ലഭ്യത ഇതര രാജ്യങ്ങളില്‍ കുറവാണ്. നഫീസാതു ദിയാലോ, അമിനറ്റ സൊ ഫാള്‍ (ഇരുവരും സെനഗല്‍), കലിസ്തെ ബിയാല, വെര്‍വരെ ലൈകിംഗ് (ഇരുവരും കാമറൂണ്‍), തുടങ്ങിയ ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ എഴുത്തുകാരികളുടെ രചനകള്‍ ഇപ്പോള്‍ ലഭ്യമാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നും മുന്നോട്ടു കുതിക്കുന്ന ആഫ്രിക്കന്‍ പെണ്ണെഴുത്തിന്റെ ഇടപെടല്‍ ആഫ്രിക്കന്‍ സാഹിത്യ ഭൂപടം തന്നെ മാറ്റി വരക്കുകയാണെന്നും ഇന്നത്‌ ദേശാതിരുകള്‍ ഭേദിച്ച് തുടങ്ങിയിരിക്കുന്നുവെന്നും 1993ല്‍ ഷാര്‍ലെറ്റ്‌ ബ്രൂണര്‍ നിരീക്ഷിക്കുന്നുണ്ട്. “അവരുടെ കഥാപാത്രങ്ങളും പ്രശ്നങ്ങളും ആഫ്രിക്കന്‍ ആയിരിക്കാം, എന്നാല്‍ ഈ എഴുത്തുകാരികള്‍ അവരെ ആഗോള കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു.” *(19). ആഫ്രിക്കന്‍ ഡയസ്‌പോറയുടെ പുതു തലമുറയില്‍ നിന്ന് ഉയര്‍ന്നു വരുന്ന എഴുത്തുകാരികളിലും നൈജീരിയയുടെ പങ്കു വലുതാണ്. ഫ്ലോറ ന്‍വാപ, സൈനബ് അല്‍കാലി തുടങ്ങിയ മുന്‍ഗാമികളുടെ മികച്ച പിന്തുടര്‍ച്ചക്കാരായി സെഫി അത്ത, ചിമമാന്‍ഡാ അദീചി, ഹെലെന്‍ ഒയെയെമി, അയോബാമി അദേബായോ, ചിക ഉനിഗ് വെ, അദാവോബി നോബാനി, അക് വെകി എമേസി, ചിബുണ്ടു ഒനൂസോ, ലോല ഷോനെയിന്‍, ചിനേലോ ഒക്പരാന്റ തുടങ്ങിയ വന്‍ നിര തന്നെ നൈജീരിയന്‍ സാഹിത്യത്തിലെ വനിതാ പ്രാതിനിധ്യത്തെ സമ്പന്നമാക്കുന്നുണ്ട്. പരമ്പരാഗത പ്രമേയങ്ങള്‍ മാത്രമല്ല ദേശ നിര്‍മ്മിതിയിലെ പ്രതിസന്ധികള്‍ പോലെ ‘പുരുഷ വിഷയങ്ങള്‍’ ആയി കണക്കാക്കപ്പെട്ടിരുന്ന പ്രമേയങ്ങള്‍ മുതല്‍ ‘വിലക്കപ്പെട്ട ലിംഗപദവി രാഷ്ട്രീയം പോലുള്ള തുറന്നെഴുത്തുകള്‍ വരെ സമകാലിക നൈജീരിയന്‍ പെണ്ണെഴുത്ത് വിഷയമാക്കുന്നുണ്ട്.

കൊളോണിയല്‍ ദുരയുടെ ദുരന്ത നാടകങ്ങള്‍ ഏറ്റവും ഭീരമായ വേഷം കെട്ടിയ സ്വര്‍ണ്ണ ഖനികളിലും അടിമ വ്യാപാരത്തിലുമായി അടയാളപ്പെടുത്തപ്പെട്ട ‘ഗോള്‍ഡ്‌ കോസ്റ്റ് ആണ് ആ പാപഭാരങ്ങളില്ലാത്ത ഗതകാല പ്രതാപത്തിന്റെ സ്മരണയില്‍ സ്വാതന്ത്ര്യാനന്തരം ആദ്യ പ്രസിഡനറും ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന ഡോ. ക്വാമെ ന്‍ക്രൂമയുടെ കാലത്ത് ഘാന എന്ന് വിളിക്കപ്പെട്ടത്‌. ആദര്‍ശ പ്രചോതിതമായിരുന്ന സ്വാതന്ത്ര്യ ഘട്ടത്തില്‍ നിന്ന് പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്ക് സംഭവിച്ച അധപതനം പോലുള്ള പ്രമേയങ്ങളോടൊപ്പം ദേശത്തിന്റെ ചരിത്ര ഭാരവും ഘാനിയന്‍ സാഹിത്യത്തില്‍ പേര്‍ത്തും പേര്‍ത്തും ആവിഷ്കരിക്കപ്പെടുന്നതിനു ഇത് കാരണമായിട്ടുണ്ട്. മേബല്‍ ഡാന്‍കോ, അമാ അത്താ ഐദൂ, അമ്മ ഡാര്‍കോ, എഫുവ സതര്‍ലാന്‍ഡ്, മാര്‍ഗരെറ്റ് ബസ്ബി തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യത്തിലെ പൂര്‍വ്വ സൂരികളായ മഹദ് സാന്നിധ്യങ്ങള്‍ക്ക് അയേഷ ഹാറൂന അത്ത, യാ ജ്യാസി, ലെസ് ലി ലോക്കോ തുടങ്ങിയവരില്‍ മികച്ച തുടര്‍ച്ച കാണാം. അഡലൈഡ് കാസി ഹേയ്ഫോര്‍ഡിനെ പോലുള്ള ഒരു ആദ്യകാല ആഫ്രിക്കന്‍ എഴുത്തുകാരിയെ സംഭാവന ചെയ്ത സിയറാ ലിയോണില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള എഴുത്തുകാരികളില്‍ യെമാ ലുസില്‍ഡാ ഹണ്ടര്‍, അമിനാറ്റ ഫോര്‍നാ എന്നിവര്‍ അന്താരാഷ്‌ട്ര പ്രശസ്തരാണ്. എമ്പതോടടുക്കുന്ന ലുസില്‍ഡാ ഹണ്ടറുടെ ആദ്യ നോവല്‍ (Road to freedom-1982) അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതരായ ആഫ്രിക്കന്‍ അടിമകളുടെ കഥയാണ് ആവിഷ്കരിച്ചത്. 2018ല്‍ പുറത്തിറങ്ങിയ അവരുടെ മറ്റൊരു ചരിത്ര നോവല്‍ Her name was Aina: a historical novel അഞ്ചുവയസ്സുകാരി ഐനയുടെ കണ്ണിലൂടെ അടിമവേട്ടയുടെ ഭീകരത അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നോവലിസ്റ്റാണ് അമിനാറ്റ ഫോര്‍ന. പിതാവ് മുഹമ്മദ്‌ ഫോര്‍ന ഭരണകൂട വേട്ടയില്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മ ആവിഷ്കരിക്കുന്ന The Devil that Danced on the Water (2002), Hurston-Wright Legacy Award ആദ്യ നോവല്‍ Ancestor Stones (2006), Commonwealth Writers' Prize നേടിയ The Memory of Love (2010), The Hired Man (2013), Happiness (2018) എന്നിവയാണ് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരികളില്‍ ഒരാളായ അമിനാറ്റ ഫോര്‍നയുടെ ഇതുവരെയുള്ള സംഭാവനകള്‍. നടുക്കുന്ന ഓര്‍മ്മകളില്‍ ജീവിക്കുന്ന മനുഷ്യരും യഥാര്‍ത്ഥത്തെക്കാള്‍ വേട്ടയാടുന്ന ഓര്‍മ്മകളുമാണ് അവരുടെ പ്രധാന മേഖല. മറിയാമാ ബാ, അമിനാറ്റ സൊ ഫാള്‍,  അമിനാറ്റ മൈഗാ കാ, നഫീസാതു ദിയാലോ, കെന്‍ ബുഗുല്‍, ഫാതു ദിയോമെ, തുടങ്ങിയ ആഫ്രിക്കന്‍ സാഹിത്യത്തിലെ മാതൃസാന്നിധ്യങ്ങള്‍ നിറഞ്ഞ സെനഗലീസ് വനിതാ സാഹിത്യം അതീവ സമ്പന്നമാണ്. എന്നാല്‍ ഫ്രാങ്കോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പരിമിതിയായ ഇംഗ്ലീഷ് മൊഴിമാറ്റ ലഭ്യത പുതിയ എഴുത്തുകാരെ അധികമൊന്നും ലോക വായനാ സമൂഹത്തിനു  പ്രാപ്യമാക്കുന്നില്ല. ഐവോറിയന്‍ സാഹിത്യത്തില്‍ നിന്ന് വേര്‍ വരെ ലൈകിംഗ്, വെറോനിക് താദ് യോ എന്നീ വലിയ എഴുത്തുകാരികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ആധുനിക കാലത്തെ Things Fall Apart എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ലൈകിങ്ങിന്റെ “The Amputated Memory’, ഭൂതകാല ദുരന്തങ്ങളെ ബോധപൂര്‍വ്വമായ മറവികൊണ്ട് നേരിട്ട് ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ആഫ്രിക്കന്‍ സ്ത്രീയെ അവതരിപ്പിക്കുന്ന കൃതിയാണ്. ‘A Song Novel’ എന്ന ഉപശീര്‍ഷകം നോവലിസ്റ്റിന്റെ ബഹുമുഖ ആഖ്യാന രീതിയെ സൂചിപ്പിക്കുന്നു. വെറോനിക് താദ് യോ, ഐവോറിയന്‍ സാഹിത്യത്തിലെ ഏറ്റവും ഗോചരതയുള്ള എഴുത്തുകാരിയാണ്. റുവാണ്ടന്‍ വംശഹത്യയുടെ ഹൃദയ ഭൂമിയിലൂടെയുള്ള യാത്രയുടെ ആവിഷ്കാരമായ ‘The Shadow of Imana: Travels in the Heart of Rwanda’ (2002), The Blind Kingdom (2008), Far from My Father (2014) തുടങ്ങിയ നോവലുകളും ഒട്ടേറെ കുട്ടികളുടെ കൃതികളും അവരുടേതായി ഉണ്ട്. ഗിനി ബിസോ, മാലി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വനിതാ എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ ഇല്ലെന്നു തന്നെ പറയാം.

തുടര്‍ വായനക്ക്:

https://alittlesomethings.blogspot.com/2024/09/10.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 4.

https://alittlesomethings.blogspot.com/2024/09/4.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.5.

https://alittlesomethings.blogspot.com/2024/09/5.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.6.

https://alittlesomethings.blogspot.com/2024/09/6.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 7.

https://alittlesomethings.blogspot.com/2024/09/7.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 8.

https://alittlesomethings.blogspot.com/2024/09/8.html

 

No comments:

Post a Comment