12.
ദേശപ്രതിനിധാനങ്ങള്‍ : നോര്‍ത്ത് ആഫ്രിക്ക
അള്‍ജീരിയ, ഈജിപ്ത്, ലിബിയ, മൊറോക്കോ, സുഡാന്‍, ടുണീഷ്യ, വെസ്റ്റേണ്‍ സഹാറ എന്നിങ്ങനെ ഏഴു
രാജ്യങ്ങള്‍ അടങ്ങിയ നോര്‍ത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യത്തിലും
ദേശഭേദങ്ങള്‍ മൂലമുള്ള ഏറ്റക്കുറച്ചില്‍ കാണാവുന്നതാണ്. അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ എന്നീ ‘മഗ് റെബ്’ ദേശങ്ങള്‍ സാധാരണ ഒന്നിച്ചു പറയാറുള്ളത് അവിടങ്ങളില്‍ നിന്നുള്ള
സാഹിത്യത്തില്‍ കാണാനാവുന്ന പൊതുവായ പ്രമേയങ്ങളും ഫ്രഞ്ച്-അറബ് ഭാഷാ സംഘര്‍ഷങ്ങളും
കാരണമാണ്. ഈജിപ്ത്, വടക്കന്‍ ആഫ്രിക്കന്‍ ദേശമെന്ന ഭൂമിശാസ്ത്രപമായ അടുപ്പം
ഉണ്ടെങ്കിലും പലപ്പോഴും അറബ്-ഇസ്ലാമിക് മിഡില്‍ ഈസ്റ്റ് സാഹിത്യവുമായി ചേര്‍ത്താണ്
പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അത് തങ്ങളുടെ ആഫ്രിക്കന്‍ സ്വത്വത്തെ
നിഷേധിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതില്‍ നവാല്‍ അല്‍ സഅദാവിയെ
പോലുള്ളവര്‍ പ്രതിഷേധിച്ചിട്ടുണ്ട്. പുരാതനവും അതീവസമ്പന്നവുമായ സാഹിതീയ
പാരമ്പര്യമുള്ള ഈജിപ്തിനെ വേറിട്ടു തന്നെ നിരീക്ഷിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും
ശക്തമാണ്. നവാല്‍ അല്‍ സഅദാവി, അലിഫ രിഫാത്, ആന്ദ്രെ ഷദീദ്, തുടങ്ങിയ മഹദ് സാന്നിധ്യങ്ങള്‍
മുതല്‍ ഒട്ടേറെ എഴുത്തുകാരികള്‍ എല്ലാ കാലത്തും ഈജിപ്ത്യന്‍ സാഹിത്യത്തിന്റെ
ഭാഗമായി ഉയര്‍ന്നു വന്നിട്ടുണ്ട്. പുരുഷാധികര കാര്‍ക്കശ്യങ്ങളിലും മത
വിലക്കുകളിലും വീര്‍പ്പുമുട്ടുന്ന സ്ത്രീസമൂഹത്തിനു തങ്ങളുടെ എഴുത്തിലൂടെ ശബ്ദം
നല്‍കുന്നതില്‍ സഅദാവിയെ പോലുള്ളവര്‍ വഹിച്ച പങ്ക് സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക്
വലിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. എജിപ്ത്യന്‍ സാഹിത്യം അറബിക് ഭാഷയെ നിയാമകമായി
ഉപയോഗിക്കുമ്പോള്‍, മഗ് റെബ് ദേശങ്ങളില്‍ (മോരിറ്റാനിയ, ലിബിയ ഉള്‍പ്പടെ) ഫ്രഞ്ച് അധിനിവേശം സൃഷ്ടിച്ച ഭാഷാ സംഘര്‍ഷം, ഫ്രെഞ്ചിനെ ഒരു വരേണ്യ ഭാഷയും അറബിക്കിനെ സാധാരണ ജനങ്ങളുടെ ഭാഷയും എന്ന
നിലയില്‍ മാറ്റിക്കളഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ശക്തമായതോടെ അധിനിവേശ
വിരുദ്ധത ഫ്രഞ്ച് വിരുദ്ധതയും ആയിത്തീര്‍ന്നത് വലിയ സംത്രാസമാണ് അന്നുവരെ ആ
ഭാഷയില്‍ സാഹിത്യ സപര്യ നടത്തിയ എഴുത്തുകാരില്‍ ഉണ്ടാക്കിയത്. മറ്റെന്തിലും
പ്രധാനം സ്വാതന്ത്ര്യവും തങ്ങളുടെ ജനതയോട് ഐക്യപ്പെടലും ആണെന്നു തിരിച്ചറിയുകയും
സ്വാതന്ത്ര്യ സമരത്തില്‍ നേരിട്ട് പങ്കുവഹിക്കുകയും ചെയ്ത ആസിയ ജബ്ബാര്‍, മാലിക മുഖദ്ദം, ലൈല സെബ്ബാര്‍ തുടങ്ങിയവര്‍ ഈ സംഘര്‍ഷം വിവിധ രൂപത്തില്‍
അനുഭവിച്ചിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടുകളിലാവട്ടെ, നാല്‍പ്പതുകള്‍
മുതല്‍ത്തന്നെ, അള്‍ജീരിയന്‍ പെണ്ണെഴുത്തിന്റെ തുടക്കം കുറിച്ച ജമീല ദെബീച്ചിയുടെ
കൃതികള്‍ പോലും കൃത്യമായും സ്ത്രീവിമോചന കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുകയും
വഴികാട്ടിയാവുകയും ചെയ്തു. ഫ്രഞ്ച് ഭാഷ ഉപേക്ഷിച്ചു അറബ് ഭാഷയില്‍ എഴുതുകയെന്ന
രീതി അള്‍ജീരിയന്‍ പെണ്ണെഴുത്തില്‍ തുടങ്ങിവെക്കുന്നത് അഹലാം മുസ്തെഗാനെമി (Zakirat
al-Jasad(1985)- Memory in the Flesh) ആണ്.
എമ്പതുകളോടെ ടുണീഷ്യന്‍ സാഹിത്യത്തിലും വനിതാ നോവലിസ്റ്റുകള്‍
രംഗത്തെത്തുന്നുണ്ടെങ്കിലും ഇംഗ്ലീഷ് മൊഴിമാറ്റത്തില്‍ അവ ലഭ്യമല്ല. ഏതാണ്ട് സമാന
കാലത്തു തന്നെ മൊറോക്കന്‍ സാഹിത്യത്തിലും അറബ് ഭാഷയിലേക്ക് ചുവടു മാറിയ ലൈല
അബൂസൈദിനെ പോലുള്ള എഴുത്തുകാരികള്‍ ഉയര്‍ന്നു വന്നു. ദേശീയ പ്രസ്ഥാനത്തിലെ
സ്ത്രീകള്‍, മതമൌലിക സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന
സ്ത്രീകള്‍ വിവാഹം, വിവാഹ മോചനം, തുടങ്ങിയ സ്ത്രീയെ
പ്രത്യേകം വേട്ടയാടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയതൊക്കെ മൊറോക്കന്‍ എഴുത്തുകാരികള്‍
കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളാണ്. ഫാത്തിമ മേര്‍നീസി, ലൈല ലലാമി തുടങ്ങിയവര്‍
അന്താരാഷ്‌ട്ര പ്രശസ്തരായ എഴുത്തുകാരികള്‍ ആയിരിക്കുമ്പോള്‍ യാസ്മിന്‍ കെത്താനി, നാദിയ ഷഫീക്, ലൈല ശെലാബി തുടങ്ങിയരുടെ കൃതികള്‍ ഫ്രഞ്ച് മൂലത്തില്‍
മാത്രമേ ലഭ്യമാകുന്നുള്ളൂ. ഫ്രഞ്ച് ഭാഷ നല്‍കുന്ന പ്രിവിലെജുകള്‍ മഗ് റെബ് അറബ്
ഫിക് ഷന് ലഭ്യമല്ല എന്ന അവസ്ഥക്ക് ഇപ്പോള്‍ മാറ്റം സംഭവിക്കുന്നുണ്ട്. അറബ്
സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച റസാന്‍
നയിം അല്‍ മഗ് റബി, നജ് വാ ബിന്‍ ഷത് വാന്‍, തുടങ്ങിയവരെ പോലെ ഒട്ടേറെ എഴുത്തുകാരികള്‍ ലിബിയന്‍ സാഹിത്യത്തില്‍
നിന്ന്, ഇതര മഗ് റെബ് ദേശങ്ങളില്‍ നിന്നെന്ന പോലെ, ഉയര്‍ന്നുവരുന്നുണ്ട്.
തുടര്‍ വായനക്ക്:
ആഫ്രിക്കന്‍ നോവലിലെ
പെണ്ണെഴുത്ത് – ആമുഖ പഠനം. 13.
https://alittlesomethings.blogspot.com/2024/09/13.html
മുന്‍ ഭാഗങ്ങള്‍
ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 8.
https://alittlesomethings.blogspot.com/2024/09/8.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 9.
https://alittlesomethings.blogspot.com/2024/09/9.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 10.
https://alittlesomethings.blogspot.com/2024/09/10.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 11.
No comments:
Post a Comment