Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.3.

 പെണ്ണെഴുത്ത്, സമൂഹത്തിലെ സ്ത്രീ, പ്രമേയങ്ങള്‍



ആഫ്രിക്കന്‍ പെണ്ണെഴുത്തിനെ പഠന വിധേയമാക്കുമ്പോള്‍ സുപ്രധാനമായ അന്വേഷണം, പരമ്പരാഗത സമൂഹത്തിലും ആധുനികതയിലേക്ക് കുതിക്കുന്ന സമൂഹത്തിലും ഒരു പോലെ സ്ത്രീത്വം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തങ്ങളുടെ സാമൂഹികാവസ്ഥകളില്‍ നിന്ന് അവര്‍ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് *(7). ദേശത്തിന് മേലുള്ള നവകൊളോണിയലിസത്തിന്റെ കെട്ടുപാടുകളെ കുറിച്ച് പുരുഷ എഴുത്തുകാരെപ്പോലെത്തന്നെ അവര്‍ ബോധവതികളാണ്;  ഒപ്പം തങ്ങളുടെ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിലൂടെ ആഫ്രിക്കയുടെ തന്നെ യഥാര്‍ത്ഥ സ്വാതന്ത്ര്യം സഫലമാക്കുക (female emancipation as national emancipation) എന്ന ലക്ഷ്യവും അവര്‍ക്ക് മുന്നിലുണ്ട്. പുരുഷ എഴുത്തുകാര്‍ക്ക് കഴിയാത്ത വിധം ‘അകത്തുള്ളവരുടെ (insiders)’ വീക്ഷണ കോണില്‍ സ്ത്രീസമൂഹത്തിന്റെ/ സ്ത്രീജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ത്തന്നെ, തങ്ങള്‍ ഭാഗഭാക്കയിരിക്കുമ്പോഴും സമൂഹത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ കര്‍തൃത്വം നിഷേധിക്കപ്പെടുന്നതിന്റെ വൈരുധ്യം അവരെ മഥിക്കുന്നുണ്ട്. ഈ വൈരുധ്യങ്ങളിലേക്ക് മുമ്പില്ലാത്ത വിധം ശ്രദ്ധ ക്ഷണിക്കുന്നതിലൂടെ സമൂഹത്തിലെ പുരുഷ- സ്ത്രീ – കുടുംബ- സാമൂഹിക ബന്ധങ്ങളെ ആവിഷ്കരിക്കുന്നതില്‍ അവര്‍ മുമ്പേ നടക്കുന്നവര്‍ (pioneers) ആയിത്തീരുന്നു. തൊണ്ണൂറുകളോടെ സാഹിത്യ വിമര്‍ശത്തിലെ പുരുഷകേന്ദ്രിതാവസ്ഥക്കും മാറ്റം സംഭവിക്കുന്നുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തില്‍ കുലീന സ്ഥാനത്തു സ്ത്രീസാന്നിധ്യം വിരളമായിരുന്നതിനു കൊളോണിയല്‍ വിദ്യാഭ്യാസത്തോടുള്ള വിമുഖത, കുടുംബങ്ങളില്‍ നിലനിന്ന ലിംഗ വിവേചനാധിഷ്ടിതമായ ഉത്തരവാദിത്ത/ ബാധ്യതാ സംവരണങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊളോണിയല്‍ വിദ്യാഭ്യാസം പ്രായേണ സാര്‍വ്വത്രികമായതോടെ വളരെ കുറച്ചു സ്ത്രീകള്‍ക്കെങ്കിലും സാഹിത്യത്തിന്റെ മണ്ഡലത്തിലേക്ക് കടന്നു വരാന്‍ വഴിയൊരുക്കപ്പെട്ടു: അത് പ്രവാസത്തിലൂടെയോ, അനുകൂല കുടുംബ സാഹചര്യത്തിലൂടെയോ, അസാമാന്യ മിടുക്കും ദൃഡ നിശ്ചയയവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ സന്ദര്‍ഭോചിതം ശക്തമായി ഇടപെട്ട ആരുടെയെങ്കിലും പിന്തുണയോടെയോ ആകാം. കൊളോണിയലിസത്തിന്റെ അന്ത്യനാളുകളില്‍ പാശ്ചാത്യ ഭാഷകളില്‍ പെണ്ണെഴുത്തുകള്‍ സംഭവിച്ചു തുടങ്ങിയപ്പോള്‍, നദീന്‍ ഗോര്‍ഡിമര്‍, അലീഫ രിഫാത് എന്നിങ്ങനെ അപൂര്‍വ്വം ചിലര്‍ക്കൊഴികെ, ഒട്ടു മിക്കപേര്‍ക്കും, പുരുഷ എഴുത്തുകാരോടൊപ്പം പരിഗണന ലഭിക്കുകയുണ്ടായില്ല. എന്നാല്‍ ആഫ്രിക്കന്‍ സാഹിത്യം അക്കാദമിക വിഷയമാകുന്ന സിലബസ്സുകളിലോ പാഠപുസ്തകങ്ങളിലോ പുരുഷ എഴുത്തുകാര്‍ക്കൊപ്പം വനിതാ എഴുത്തുകാര്‍ അധികമൊന്നും ഇടം പിടിക്കുന്നില്ല എന്ന പഴയ അവസ്ഥ ഇപ്പോഴില്ല. അങ്ങേയറ്റം പുരുഷാധിഷ്ടിതമായ ഒരു പരിഗണനയായ  ‘മുഖ്യധാരാ എഴുത്തുകാര്‍’ സൃഷ്ടിച്ച സാഹിതീയ മാനദണ്ഡങ്ങളെ ഉപജീവിക്കുന്ന പഠന/ വിമര്‍ശനത്തിന്റെ പതിവ് രീതിയെ ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രചണ്ഡമായി ഉദിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സ്ത്രീസാന്നിധ്യം അപനിര്‍മ്മിക്കുന്നുണ്ട്.

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം എന്നത് പൂര്‍വ്വ കൊളോണിയല്‍, കൊളോണിയല്‍, കൊളോണിയല്‍ അനന്തര/ നവ കൊളോണിയല്‍ ഘട്ടങ്ങള്‍ കടന്നുവന്ന എല്ലാ സമൂഹങ്ങളും നേരിട്ടിട്ടുണ്ട് എന്നതും ആ നേരിടലിന്റെ രീതികളില്‍ എവിടെയും ചില സമാനതകള്‍ കണ്ടെത്താനാവും എന്നതും ആഫ്രിക്കന്‍ സാഹിത്യ പരിഗണനയിലും പ്രസക്തമാണ്‌. സ്ത്രീകളെ സംബന്ധിച്ച് എഴുതുക എന്നത് അധാര്‍മ്മികമോ ‘കുടുംബത്തിനു ചേരാത്ത’ താന്തോന്നിത്തമോ ഒക്കെയായി വ്യാഖ്യാനിക്കപ്പെടുന്നതും പുരുഷാധികാരത്തിനു നേരെയുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടുന്നതും വിവാഹ ജീവിതത്തെ തന്നെ അപായപ്പെടുത്തുന്ന വിനിമയം ആയിത്തീരുന്നതും ബുച്ചി എമാചെതയെ പോലുള്ള അഗ്രഗാമികളുടെ കൃതികളില്‍ കാണാം. പുരുഷന്‍ സാമ്പത്തിക സ്രോതസ്സും സ്ത്രീ കുടുംബബാധ്യതയും ഏറ്റെടുക്കുകയെന്ന നിശ്ചിത കുടുംബ ക്രമത്തില്‍ ദാമ്പത്യ ബാധ്യതകളില്‍ അല്‍പ്പമൊരു ഇളവു ലഭിക്കുന്ന എഴുത്തുകാരികള്‍ക്കാവട്ടെ, അമ്മയെന്ന ഉത്തരവാദിത്തത്തോടൊപ്പം വരുമാന മാര്‍ഗ്ഗം കൂടി ആയിത്തീരേണ്ടി വരുന്നു. എഴുത്തിന്റെയും പ്രസാധനത്തിന്റെയും പ്രായോഗിക തലങ്ങളിലാകട്ടെ, പ്രസാധകരുമായുള്ള വിലപേശലില്‍ പുറംതള്ളപ്പെടുക എന്ന പരിതാപകരമായ അവസ്ഥയും വനിതാ എഴുത്തുകാരുടെ സവിശേഷ കടമ്പ ആയിത്തീരുന്നു. സര്‍ഗ്ഗാത്മകം എന്നതിനപ്പുറം കേവലം പ്രായോഗികതയുടെ പ്രശ്നം കൂടി ബാലികേറാ മലയായി ആഫ്രിക്കന്‍ വനിതാ എഴുത്തുകാരികള്‍ ആവോളം നേരിട്ടിട്ടുണ്ട് എന്ന് ചുരുക്കം.

തുടര്‍ വായനക്ക് 

https://alittlesomethings.blogspot.com/2024/09/4.html

മുന്‍ ഭാഗം ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തിഒരാമുഖം

പഠനം.

https://alittlesomethings.blogspot.com/2024/09/1.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം.

https://alittlesomethings.blogspot.com/2024/09/2.html

No comments:

Post a Comment