Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 11.

11.


 

ദേശപ്രതിനിധാനങ്ങള്‍ : സതേണ്‍ ആഫ്രിക്ക

അങ്കോള, സാംബിയ, ലിസോതോ, മലാവി, നമീബിയ, ബോട്സ്വാന, മൊസാംബിക്ക്, സ്വാസിലാന്ഡ്, സൌത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നീ ദേശങ്ങളെ ‘സതേണ്‍ ആഫ്രിക്ക എന്ന് ഭൂപടങ്ങള്‍ അടയാളപ്പെടുത്തുന്നു. ഇവയില്‍ അങ്കോളയും മൊസാംബിക്കും ഒഴികെയുള്ള ദേശങ്ങളെല്ലാം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയുള്ള ദേശങ്ങള്‍ എന്ന നിലയില്‍ ആംഗ്ലോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഭാഗമാണ്. ഇതില്‍ സൌത്ത് ആഫ്രിക്കന്‍ സാഹിത്യം അദ്വിതീയമായി തുടരുന്നത് ആഫ്രിക്കന്‍ സാഹിത്യത്തിലെ തലമുതിര്‍ന്ന ഒട്ടേറെ എഴുത്തുകാരുടെ ഭൂമിക എന്ന നിലയിലാണ്. സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘടകവും ചരിത്ര ഘട്ടവും അപ്പാര്‍ത്തീഡുമയി ബന്ധപ്പെട്ടാണ് വിവരിക്കനാകുക. റൈഡര്‍ ഹഗാര്‍ഡിനെ പോലുള്ള കൊളോണിയല്‍ എഴുത്തുകാരില്‍ തുടക്കം കുറിക്കപ്പെട്ട സൌത്ത് ആഫ്രിക്കന്‍ സാഹിത്യം, ഒലിവ് ശ്രീനര്‍ (Olive Schreiner) എന്ന വനിതാ എഴുത്തുകാരിയുടെ The Story of an African Farm (1883) എന്ന നോവലോടുകൂടിയാണ് കൃത്യമായ സൌത്ത് ആഫ്രിക്കന്‍ സ്വരം പുറപ്പെടുവിക്കുന്നത്. എന്നാല്‍, കറുത്തവന്റെ സാന്നിധ്യത്തെ കുറിച്ച് മൌനം പാലിക്കുന്നതില്‍ അവരും കൊളോണിയല്‍ പാരമ്പര്യം തുടര്‍ന്നു. ഇരുപതാം നൂറ്റാണ്ടില്‍ മിഷനറി വിദ്യാഭ്യാസം ലഭിച്ച ആദ്യതലമുറ ആഫ്രിക്കന്‍ എഴുത്തുകാരാണ് വീരോചിതമായ ആഫ്രിക്കന്‍ ഭൂതകാലത്തിന്റെ പുന സൃഷ്ടിയിലൂടെ ഈ മൌനത്തെ നേരിട്ട് തുടങ്ങുന്നത്. സൗത്ത് ആഫ്രിക്കയില്‍ കറുത്തവരുടെ സാഹിത്യത്തിന്റെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്ന സോളമന്‍ പ്ലാറ്റ് യെ (Solomon (Sol) Thekiso Plaatje), തോമസ്‌ മൊഫോലോ (Thomas Mofolo ), തുടങ്ങിയവര്‍ സുപ്രധാന സംഭാവനകളാണ് നല്‍കിയത്. രണ്ടു ലോക യുദ്ധങ്ങള്‍ക്കിടയില്‍ സൌത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ഉയര്‍ന്നുവന്ന വനിതാ സാന്നിധ്യമായി സാറാ മിലിന്‍ (Sarah Gertrude Millin) ഉയര്‍ന്നു വന്നുവെങ്കിലും എഴുത്തില്‍ ധാരാളിയയിരുന്ന ഇവരുടെ കൃതികള്‍ പില്‍ക്കാലം തമസ്കരിക്കപ്പെട്ടതിനു കാരണം അവര്‍ വംശീയ സങ്കരത്തിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന God’s Stepchildren (1924) പോലുള്ള കൃതികളിലൂടെ അപ്പാര്‍ത്തീഡിന് ഒഴികഴിവ് കണ്ടെത്തുന്ന നിലപാട് സ്വീകരിച്ചതായിരുന്നു (South African literature, www.brandsouthafrica.com). നാല്‍പ്പതുകളില്‍ HIE ധോല്‍മോയെ പോലുള്ള (Herbert Isaac Ernest Dhlomo  1903-1956) എഴുത്തുകാരിലൂടെ ശക്തമായ “പ്രഭവങ്ങളിലേക്ക് തിരിച്ചുപോകുക” എന്ന കാഴ്ചപ്പാട് ആധുനികതയുടെ പ്രശ്നങ്ങളെ പാരമ്പര്യത്തിന്റെ കരുത്തുകൊണ്ട് നേരിടുകയെന്ന യുക്തി സ്വീകരിച്ചു. പീറ്റര്‍ അബ്രഹാംസിന്റെ Mine Boy  (1946) സൗത്ത് ആഫ്രിക്കന്‍ സാഹിത്യത്തില്‍ “ജിം ജോബര്‍ഗിലേക്ക്‌ വരുന്നു” (“Jim comes to Jo’burg”) പ്രതിഭാസത്തെ ആവിഷ്കരിച്ചു. ‘The Drum decade’ എന്നറിയപ്പെട്ട  അമ്പതുകളിലെ എഴുത്തുകാര്‍ “ചടുലവും സംഘര്‍ഷ പൂര്‍ണ്ണവും ഇമ്പ്രഷനിസ്റ്റിക്ക് രീതിയിലും” പട്ടണങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ദുരിത ജീവിതങ്ങളും വര്‍ണ്ണ വിവേചന വ്യവസ്ഥയിലെ ‘അവശ്യവസ്തുക്കള്‍ പോലുമില്ലാതെയുള്ള അതിജീവനവും ചിത്രീകരിച്ചു. നദീന്‍ ഗോര്‍ഡിമറുടെ കൃതികള്‍ സൌത്ത് ആഫ്രിക്കന്‍ സമൂഹത്തില്‍ കറുത്തവരോട് ആത്മൈക്യം സ്ഥാപിച്ച വെള്ളക്കാരെയും ആഖ്യാന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. അറുപതുകളിലെ ‘എമെര്‍ജന്‍സി സാഹചര്യത്തില്‍ അലക്സ് ലഗൂമയെ പോലുള്ള കറുത്ത വര്‍ഗ്ഗക്കാരായ എഴുത്തുകാരില്‍ പലര്‍ക്കും പ്രവാസവഴി തെരഞ്ഞെടുക്കേണ്ടിവന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ബെസ്സി ഹെഡ്. ഭിന്ന വംശീയരായ മാതാപിതാക്കളില്‍ ജനിച്ചു നടുക്കുന്ന ഓര്‍മ്മകള്‍ പൈതൃകം കിട്ടിയ ബെസ്സി ഹെഡ്, ബോട്സ്വാനയില്‍ ഒരര്‍ത്ഥത്തില്‍ അഭയം കണ്ടെത്തുക തന്നെയായിരുന്നു. എഴുപതുകളില്‍ ശക്തമായിത്തീര്‍ന്ന ‘സൊവേറ്റോ കവിക’ളുടെ ‘കറുത്തവന്റെ ബോധം (Black Consciousness) രാഷ്ട്രീയ കലാപങ്ങള്‍ക്കു പ്രചോദനം നല്‍കിയപ്പോള്‍, മിരിയാം ത് ലാലിയെ പോലുള്ള എഴുത്തുകാരികളും അതിനോട് സര്‍ഗ്ഗാത്മകമായി ഐക്യപ്പെട്ടു. നാട്ടില്‍ പ്രകമ്പനം കൊണ്ട വിമോചന പ്രസ്ഥാനങ്ങളുമായി ഐക്യപ്പെട്ട എഴുത്തുകാര്‍ വര്‍ണ്ണവിവേചനം അവസാനിക്കുമ്പോള്‍ ഒരു മഴവില്‍ ദേശം (‘Rainbow nation) സ്വപ്നം കണ്ടവരായിരുന്നു. എന്നാല്‍, 1994ലെ മണ്ടേല സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഉയര്‍ന്ന ‘പ്രഥമ വിഷയം അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്തെഴുതും?’ എന്ന ചോദ്യത്തിനു അതിവേഗം മറുപടി ലഭിച്ചു. മഴവില്ല് അതിവേഗം വിണ്ടുകീറിയതും പുതിയ വിവേചനങ്ങള്‍ പുതിയ രൂപത്തില്‍ കൂടുതല്‍ വിനാശകരമായി മാറിയതും സ്റ്റെഫാനേ ഇബിംഗ (Stephane Serge Ibinga) ‘മധുവിധു സാഹിത്യം (Honeymoon Literature)’ എന്ന് വിളിച്ച ‘ആഘോഷത്തിന്റെ സാഹിത്യത്തിനു (Literature of Celebration) അന്ത്യം കുറിച്ചു *(21).post-apartheid’ എന്ന സംജ്ഞ ഈ മഴവില്‍ സ്വപ്നത്തകര്‍ച്ചയെ അവതരിപ്പിച്ചപ്പോള്‍, ആഫ്രിക്കന്‍ സാഹിത്യത്തിലെ ദുരന്ത താരോദയങ്ങളായ ഫസ് വാനെ എംപെ (Faswane Mpe), സെല്ലോ ഡൂയികര്‍ (K Sello Duiker) തുടങ്ങിയവര്‍ അതിതീവ്രമായി അടയാളപ്പെടുത്തിയ ‘അതിനും ശേഷം എന്ത് (beyond post-apartheid)എന്ന അന്വേഷണവുമായി കൊപാനോ മത്ല്‍ വ (Kopano Matlwa),യെ പോലുള്ള എഴുത്തുകാരികള്‍ സജീവമാണ്. നദീന്‍ ഗോര്‍ഡിമര്‍, ബെസ്സി ഹെഡ്, ലോരെറ്റ ങ് കോബോ, മിരിയാം ത് ലാലി, യിവോണ്ടേ ഒമോതോസോ, ഷീലാ ഫുഗാര്‍ദ്, നോനി ജബാവു, ഫരീദ കരോദിയ, സോയെ വികോംബ് (Zoe Wicomb), തുടങ്ങി മുന്‍ തലമുറയിലെ പ്രതിഭാധനരായ എഴുത്തുകാരികള്‍ക്ക് മികച്ച തുടര്‍ച്ചയാണ് ഈ പുതിയ തലമുറ നല്‍കുന്നത്. സൌത്ത് ആഫ്രിക്കയുടെ പുതിയ സാഹിത്യം പരിഗണിക്കുന്ന വിഷയങ്ങളെ ഇബിംഗ എണ്ണിപ്പറയുന്നു:

1. HIV and Aids.

2. പരജന വിദ്വേഷം (Xenophobia): അപ്പാര്‍ത്തീഡിന്റെ സ്ഥാനത്ത് ഇതര ആഫ്രിക്കന്‍ ദേശക്കാരോട് തന്നെയുള്ള വിദ്വേഷം വളര്‍ന്നു വരുന്നത്. (Welcome to our Hillbrow (2001) by Phaswane Mpe).

3. സ്വര്‍ഗ്ഗാനുരഗികളോടുള്ള ശത്രുത (Homophobia): നദീന്‍ ഗോര്‍ഡിമാര്‍, സെല്ലോ ഡൂയികര്‍ തുടങ്ങിയവരുടെ കൃതികളില്‍ ഈ പ്രമേയം ശക്തമാണ്.

4. പരിസ്ഥിതി (Ecology): വംശീയതയുടെ ഏകപക്ഷീയ പരിഗണന അവസാനിച്ചത്‌ പാരിസ്ഥിതിക ചിന്ത പോലുള്ള വിഷയങ്ങളിലേക്ക് എഴുത്തുകാരെ ക്ഷണിക്കുന്നു. സാകെസ് എംദായുടെ The Whale Caller (2005), The Heart of Redness (2000) തുടങ്ങിയ നോവലുകള്‍ ഉദാഹരണം.

5. സ്ത്രീപക്ഷ വീക്ഷണം (Feminism): കസീഗോ ലെസേഗോ (Kasigo Lesego) യുടെ Dancing in The Dust (2002), എം ന്യോകാ (Mtutuzeli Nyoka) യുടെ I Speak to the Silent (2004). ന്‍ജബീലോ നടബീലെ (Njabulo S. Ndebele) യുടെ The Cry of Winnie Mandela (2003). തുടങ്ങിയ കൃതികളില്‍ പൊതു ഇടത്തിലെ സ്ത്രീ, വിമോചന സമരങ്ങളിലെ സ്ത്രീയുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ അന്വേഷിക്കപ്പെടുന്നു.

6. ഗാര്‍ഹിക പീഡനം (Domestic Violence): ഉദാഹരണം: Gordimer’s The House Gun (1998).   

സൌത്ത് ആഫ്രിക്കന്‍ സ്വാധീനം  ശക്തികുറഞ്ഞ അയല്‍പക്ക ദേശങ്ങളിലും പ്രകടമാണെന്ന് ഷാര്‍ലെറ്റ്‌ ബ്രൂണര്‍ നിരീക്ഷിക്കുന്നു. ദംഗരെമ്പയുടെ വിഖ്യാത നോവല്‍ (Nervous Conditions) ബ്രിട്ടീഷ് മൂല്യങ്ങളുടെ പ്രഭാവം തുടരുന്ന സിംബാബ്‌വേയില്‍ വളര്‍ന്നു വരുന്ന കൌമാരക്കാരിയുടെ ചകിതാവസ്ഥ പരിശോധിക്കുന്നു. കുടിയേറ്റ കോളനിയായിരുന്ന സിംബാബ്‌വേയില്‍ വെളുത്തവരും കറുത്തവരും തമ്മിലുള്ള വിടവ് അതിന്റെ രൂക്ഷതയില്‍ തന്നെ സ്വാതന്ത്ര്യാനന്തര കാലത്തും തുടരുന്നത് നോ വയലറ്റ് ബുലവയൊയെ പോലുള്ളവര്‍ ചിത്രീകരിക്കുന്നുണ്ട്. യിവോനെ വേര, പെറ്റിന ഗപ്പാ, നോവുയോ ട്ശൂമാ തുടങ്ങിയവരിലൂടെ സിംബാബ്‌വേയന്‍ സാഹിത്യത്തില്‍ സ്ത്രീസാന്നിധ്യം ശക്തമായി തുടരുന്നു. എല്ലെന്‍ ബാണ്ടാ ആകു (‘Patchwork: A Novel’), നംവാലി സെര്‍പെല്‍ (The Old Drift-2019) തുടങ്ങിയവരിലൂടെ സാംബിയന്‍ സാഹിത്യത്തിലും പെണ്ണെഴുത്ത് ശക്തിയാര്‍ജ്ജിക്കുന്നുണ്ട്. അങ്കോളയും മൊസാംബിക്കും ഉള്‍പ്പെടുന്ന ലുസോഫോണ്‍ മേഖലയിലെ പെണ്ണെഴുത്ത് ഇന്നും പുറം ലോകത്തേക്ക് വിനിമയം ചെയ്യപ്പെടുന്നതില്‍ വലിയ കുറവുണ്ട്. നമീബിയയുടെ നെഷാനി ആന്ദ്രെയാസ് രചിച്ച The Purple Violet of Oshaantu (2001), ബോട്സ്വാനയുടെ ലോറി കബൂറ്റ്സിലെ (Lauri Kubuitsile) യുടെ The Scattering (2016),  ബ്രിജിറ്റ സ്വാനി (Brigitta Zwani ) യുടെ The Shrink (2018) തുടങ്ങിയ കൃതികള്‍ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്.

തുടര്‍ വായനക്ക്:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 12.  

https://alittlesomethings.blogspot.com/2024/09/12.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 7.

https://alittlesomethings.blogspot.com/2024/09/7.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 8.

https://alittlesomethings.blogspot.com/2024/09/8.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 9.

https://alittlesomethings.blogspot.com/2024/09/9.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 10.

https://alittlesomethings.blogspot.com/2024/09/10.html


No comments:

Post a Comment