5.
കഥകള്‍ പറയപ്പെടുന്നത്
കലാപരം എന്നതിലേറെ ബോധനാത്മകമായ ലക്ഷ്യത്തോടെയാണ്, അഥവാ പുതുതലമുറക്ക് കാലാതീത
മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതിന് വേണ്ടിയാണ് എന്നത് ആഫ്രിക്കന്‍
കഥാപാരമ്പര്യത്തിന്റെ അടിസ്ഥാനമാണ്. അങ്ങനെ തലമുറകളിലേക്ക് കഥാഖ്യാനം നടത്തുക
എന്നതില്‍ സ്ത്രീയുടെ പങ്ക് പരമപ്രധാനമാണ് എന്നിരിക്കെ, ആഫ്രിക്കന്‍ സാഹിത്യത്തിന്റെ
സ്വാഭാവിക വികാസത്തില്‍ സ്ത്രീയുടെ സ്ഥാനം പരമ പ്രധാനമാണ് താനും. എന്നിരിക്കിലും, ദേശീയവും
പ്രാദേശികവും വംശീയവുമായ സ്വാധീനങ്ങളില്‍ ചിലത് പെണ്ണെഴുത്തിനെ
പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റുചിലത് അതിനു തടസ്സം നില്‍ക്കുന്നുണ്ട്. ഉദാഹരണമായി, നൈജീരിയന്‍
സാഹിത്യത്തില്‍ ഫ്ലോറ ന്‍വാപ, ബുചി എമാചെത
തുടങ്ങിയ ഇബോ വിഭാഗത്തില്‍പെട്ട എഴുത്തുകാരികള്‍ക്ക് എണ്ണത്തിലും സ്വാധീനത്തിലും
വന്നുചേര്‍ന്ന സ്വാഭാവിക മേല്‍ക്കൈയ്യിനു ഈ പ്രോത്സാഹനം കാരണമായിട്ടുണ്ട്.
ഹോസ-ഫുലാനി വിഭാഗങ്ങളില്‍ പെട്ട മുസ്ലിം ഭൂരിപക്ഷമുള്ള വടക്കന്‍ നൈജീരിയയില്‍
നിന്ന് വളരെ കുറച്ചു എഴുത്തുകാരികള്‍ മാത്രമേ ഉയര്‍ന്നു വന്നിട്ടുള്ളൂ എന്നതും
ഇതോടു ചേര്‍ത്തു കാണാം. ഗോത്രീയമായ വാമൊഴി കഥാഖ്യാന പാരമ്പര്യവും വാഗ്പ്രയോഗ
ചാതുരിക്കു നല്‍കപ്പെട്ട പദവിയും ഇബോ വിഭാഗത്തിന്റെ ഈടുവെപ്പായപ്പോള്‍ മികച്ച
കാവ്യപാരമ്പര്യവും ഗദ്യ പാരമ്പര്യവും ഉണ്ടായിട്ടും ഇസ്ലാമിക സമൂഹങ്ങളില്‍
സ്ത്രീകള്‍ക്കു നിഷേധിക്കപ്പെട്ട പൊതുഇടങ്ങളും വിനിമയങ്ങളും അവരുടെ സ്ത്രീകള്‍
എഴുത്തിന്റെ മേഖലയില്‍ കടന്നു വരുന്നതിനു തടസ്സമായി.
ആത്മകഥകള്‍ ഫിക് ഷന്
നിദാനമാകുന്നതും രണ്ടിനുമിടയിലെ അതിര്‍വരമ്പ് നേര്‍ത്തുപോകുന്നതും
ആത്മപരിശോധനയിലൂടെ എഴുത്തിലെത്തുകയെന്ന സ്ത്രീപക്ഷ വീക്ഷണത്തിന്റെ തുടര്‍ച്ച
തന്നെയാണ്. “ആത്മകഥയെന്നത് തീര്‍ച്ചയായും സുഘടിതമായ ഒരെഴുത്തുരൂപമാണ്, സ്വത്വത്തെ
ഒരു സമീകൃത ഭാഷണത്തിന്റെ (integrated
discourse) ഭാഗമെന്ന നിലയില്‍
സൃഷ്ടിച്ചെടുക്കുന്നു എന്ന അര്‍ഥത്തില്‍ അത് ഫിക് ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു”
(Davis and Fido). ആത്മകഥാപരമായ
ഫിക് ഷനും ആത്മകഥയും തമ്മിലുള്ള വ്യത്യാസം നിര്‍ണ്ണയിക്കുന്നത് എത്രമാത്രം
സാമ്പ്രദായിക ഫിക് ഷനല്‍ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ്. ആഫ്രിക്കന്‍
എഴുത്തുകാരികള്‍ വൈയക്തികവും എളുപ്പം തിരിച്ചറിയാനാകും വിധം സാമൂഹികവുമായ
വിശദാംശങ്ങള്‍ ഫിക് ഷനില്‍ ഉള്‍ച്ചേര്‍ക്കുന്ന രീതി ചിലപ്പോള്‍ സമൂഹത്തിന്റെ
പുരികം ചുളിപ്പിച്ചിട്ടുണ്ട്. എമാചെത, മിറിയം ത് ലാലി തുടങ്ങിയ എഴുത്തുകാരികള്‍ ഈ നിലക്ക് വലിയ
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെക്കാള്‍
മുന്‍ഗണന നിയാമകമായ സമൂഹങ്ങളില്‍ സ്ത്രീയായി ജനിക്കുകയും കുടുംബം, വിവാഹം
തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം അതേ പുരുഷ മേധാവിത്തത്തിന്റെ പതിവുകള്‍
നേരിട്ടുകൊണ്ട് സ്വന്തം തെരഞ്ഞെടുപ്പു നടത്തേണ്ടി വരികയും ചെയ്യുന്നതിന്റെ സംഘര്‍ഷങ്ങള്‍
ആവിഷ്കരിക്കുന്നതില്‍ ഇത്തരം തുറന്നെഴുത്തിനു (confessional mode) ഒരു ‘കഥാര്‍ടിക് (Cathatrtic)’ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.
ബുചി എമാചെതയുടെ Second Class Citizen (1974), നോനി ജബാവുവിന്റെ Drawn in Color (1960), എലന്‍ കുസ് വായോയുടെ
Call Me Woman ( 1985), നഫീസാതു ദിയാലോയുടെ A Dakar
Childhood (1982), ചാരിറ്റി
വാസിയുമയുടെ Daughter of Mumbi ( 1969), കെന്‍ ബുഗുലിന്റെ The Crazy Baobab (1982)
തുടങ്ങിയ കൃതികള്‍ വ്യത്യസ്ത രീതികളില്‍ ആത്മകഥാ പരിസരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. “നോവലിന്റെയും
ആത്മകഥയുടെയും അതിരുകള്‍ ഭേദിക്കുന്ന ജീവിത കഥകള്‍, അവ യഥാര്‍ത്ഥമോ കല്‍പ്പിതമോ
ആവട്ടെ, ആഫ്രിക്കന്‍ പെണ്ണെഴുത്തിന്റെ അതിശക്തമായ ധാരയാണ്. ആത്മകഥാപരമായ ആഖ്യാനങ്ങള്‍
ആഫ്രിക്കന്‍ സ്ത്രീ ജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു.
ആഫ്രിക്കന്‍ പെണ്ണെഴുത്തിന്റെ പ്രമേയപരവും ഘടനാപരവുമായ സ്വഭാവം നിര്‍ണ്ണയിക്കുന്നതിലും
അതിനു പ്രാധാന്യമുണ്ട്. ആ പ്രമേയങ്ങളില്‍ ലിംഗ പദവി, വിവാഹം, കുടുംബം, പാരമ്പര്യം, പെണ്‍കുട്ടിക്ക്
മുതിര്‍ന്ന സ്ത്രീയാകുന്നതിനുള്ള ശിക്ഷണം, സാമൂഹ്യാധികാര ബന്ധങ്ങള്‍
എന്നിവയെല്ലാം ഉള്‍പ്പെടും” (Davis and
Fido).
നോവലിന്റെ (literary fiction) ശില്‍പ്പത്തില്‍ ജോനറുകള്‍ കൂടിക്കലരുന്ന രീതി ആഫ്രിക്കന്‍ പെണ്ണെഴുത്തിലും
അനുഭവവേദ്യമാകുന്നുണ്ട്. കത്തെഴുത്തുരൂപം (the epistolary novel) വ്യക്തിപരമായ
കഥകള്‍ പറയാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ മാതൃകയെന്ന നിലയില്‍
ഉപയോഗിക്കപ്പെടുന്നതിനു മിരിയാമാ ബായുടെ So Long a Letter തന്നെയാണ്
മികച്ച ഉദാഹരണം. പെണ്‍കുട്ടിയെന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന
സംഘര്‍ഷങ്ങള്‍, വിവാഹജീവിതത്തില്‍ നേരിടേണ്ടി വരുന്ന പുരുഷാധിപത്യ യാതനകള്‍, എന്നിവയിലൊക്കെ
ആഖ്യാതാവായ റമാതുലായെയും കത്ത് അഡ്രസ് ചെയ്യുന്ന കൂട്ടുകാരി ആസിയാതുവും ഏതാണ്ട്
തുല്യ ദുഃഖിതരാണ്. ഒരര്‍ത്ഥത്തില്‍ രണ്ടു അടുത്ത കൂട്ടുകാരികള്‍ക്ക് പരസ്പരം
പറയാവുന്ന ഏറ്റവും സ്വകാര്യമായ അനുഭവങ്ങളിലേക്ക് വായനക്കാര്‍ ഒളിഞ്ഞു നോക്കുന്ന
അവസ്ഥയാണ് നോവല്‍ പകര്‍ന്നു നല്‍കുന്നത്. ഏറ്റുപറച്ചിലിന്റെ സത്യസന്ധതയും
‘എപ്പിസ്റ്റോലറി’ രൂപത്തിന്റെ സ്വകാര്യതയും ചേര്‍ന്നു എഴുതപ്പെട്ട വാക്കിലൂടെ
സ്വയം വിലയിരുത്തുകയും കണ്ടെത്തുകയും ചെയ്യുക എന്ന ധര്‍മ്മം ഒരു പക്ഷെ
ആത്മകഥയേക്കാള്‍ ഭംഗിയായി ഇവിടെ സാധിച്ചെടുക്കുന്നു. ലോരെറ്റ ന്‍കൊബോയുടെ Cross of Gold എന്ന
നോവലില്‍ കത്ത്, ഡയറിക്കുറിപ്പ്, ജീവിത കഥ എന്നിങ്ങനെ തുറന്നെഴുത്ത് വിഭാഗത്തിലെ (confessional genres) വ്യത്യസ്ത ധാരകള്‍ കൂടിക്കലരുന്നു. അമ അതാ ഐദൂവിന്റെ Our Sister Killjoy (1977), കവിത, ഗദ്യം, പത്രവാര്‍ത്താ
ശകലങ്ങള്‍, ഓര്‍ത്തെടുത്ത സംഭവങ്ങള്‍, കത്തുകള്‍ എന്നിവയെയെല്ലാം സമന്വയിപ്പിക്കുന്നു. നോവലില്‍, "A Love Letter" എന്ന അവസാനഭാഗം പ്രത്യക്ഷത്തില്‍ ഒരു ആണ്‍ സുഹൃത്തിനു എഴുതിയ പ്രണയ ലേഖനം
ആണെങ്കിലും അത് ഒട്ടേറെ സാമൂഹിക പ്രശ്നങ്ങളെ സ്പര്‍ശിക്കുന്നുണ്ട്: ആഫ്രിക്കന്‍-
യൂറോപ്പ്യന്‍ അടിമക്കച്ചവടം, പരമ്പരാഗത സമൂഹത്തില്‍ സ്ത്രീകളുടെ കുലീന സ്ഥാനം, പാശ്ചാത്യ
സംസ്കാരത്തിലെ ഒറ്റപ്പെടലിന്റെ പ്രശ്നം, മാതൃത്വം, പ്രവാസം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍, തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍.
കത്തെഴുതുക എന്നത് വൈകാരിക വീര്‍പ്പുമുട്ടലില്‍ നിന്നുള്ള മോചനവും മാനുഷികമായ
സമ്പര്‍ക്ക ത്വരയുടെ പ്രകാശനവും ആയിത്തീരുന്നു.
തുടര്‍ വായനക്ക്:
ആഫ്രിക്കന്‍ നോവലിലെ
പെണ്ണെഴുത്ത് – ആമുഖ പഠനം.6.
https://alittlesomethings.blogspot.com/2024/09/6.html
മുന്‍ ഭാഗങ്ങള്‍
ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം
പഠനം.https://alittlesomethings.blogspot.com/2024/09/1.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.
https://alittlesomethings.blogspot.com/2024/09/2.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം.3.
https://alittlesomethings.blogspot.com/2024/09/3.html
ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 4.
No comments:
Post a Comment