ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രസിദ്ധീകരണം സാധിച്ച
ആദ്യത്തെ പെണ്ണെഴുത്ത് നോവല്‍ ആയ ‘എഫൂറു’ (Flora Nwapa) പുറത്തിറങ്ങുമ്പോഴേക്കും (1966) പുരുഷ
നോവലിസ്റ്റുകളുടെ കുറെയേറെ കൃതികള്‍ ലബ്ദപ്രതിഷ്ടമായ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.
ഇതോടൊപ്പം തന്നെ, പുരുഷ പക്ഷ രീതികള്‍ ആധിപത്യം
സ്ഥാപിച്ച വിമര്‍ശന രംഗവും പെണ്ണെഴുത്തിനോട് പുലര്‍ത്തിയ നിസ്സംഗതയും അവഗണനയും പോയ
നൂറ്റാണ്ടിന്റെ ഏതാണ്ട് അന്ത്യ ശതകം വരെയും തുടര്‍ന്നു എന്നതും കാണാവുന്നതാണ്.
1972ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ വിമര്‍ശന ഗ്രന്ഥത്തില്‍ (An Introduction to African Novel- Eustace Palmer) ഒറ്റത്തവണ പോലും ആഫ്രിക്കന്‍ വനിതാ എഴുത്തുകാരികള്‍
പരാമര്‍ശിക്കപ്പെട്ടില്ല. 1979-ല്‍ പുറത്തിറങ്ങിയ The Growth of African Novel (Eustace Palmer), Twelve African Writers
(Gerald Moore) തുടങ്ങിയവയും ഇതേ വഴിയാണ് സ്വീകരിച്ചത്. എന്നാല്‍
എഴുപതുകളുടെ ഒടുവില്‍ എത്തുമ്പോഴേക്കും ഫ്ലോറ ന്‍ വാപ, ബെസ്സി ഹെഡ്, തുടങ്ങിയ നോവലിസ്റ്റുകള്‍ ഒന്നിലേറെ
കൃതികള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു; അവയെല്ലാം പില്‍ക്കാലം
ആഫ്രിക്കന്‍ സാഹിത്യത്തില്‍ പ്രാമാണിക സ്ഥാനം നേടിയെടുക്കുകയും ചെയ്യുകയുണ്ടായി.
1986ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന രണ്ടാം ആഫ്രിക്കന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഈ
അവഗണനക്കെതിരെ അമ അതാ ഐദൂവിനു പ്രതിഷേധിക്കേണ്ടി വന്നതും ചരിത്രമാണ്. ആഫ്രിക്കന്‍
സാഹിത്യ വിമര്‍ശകര്‍ മാത്രമല്ല, മൂന്നാംലോക സാഹിത്യ പഠനത്തിലെ ആചാര്യന്മാരും ഈ
അവഗണന തുടരുന്നതിനുള്ള ഉദാഹരണമാണ് ഫ്രെഡറിക്ക് ജെയിംസന്റെ ഗ്രന്ഥം (The
Third World Literature in the Era of Multinational Capitalism – 1986- Frederic
Jameson) ഒരൊറ്റ ആഫ്രിക്കന്‍ വനിതാ എഴുത്തുകാരിയേയും പരാമര്‍ശിക്കുന്നില്ല
എന്നത്. ജെയിംസന്റെ നിലപാടില്‍ മൂന്നാം ലോക സാഹിത്യം വ്യക്തികളുടെ കഥകള്‍ എന്ന
നിലയില്‍ പറഞ്ഞുവെക്കുന്നത് ‘ദേശീയ ദൃഷ്ടാന്ത കഥകള്‍ (national allegories)’ തന്നെയാണ്. എന്നാല്‍
അദ്ദേഹത്തിന്റെ ‘national allegories thesis’ ഒരു കൊളോണിയല്‍ പക്ഷപാതിത്തമാണെന്നു ഐജാസ് അഹ്മദ് നിരീക്ഷിക്കുന്നു *(4).
സ്ത്രീ എഴുത്തുകാര്‍ അവരുടെ നോവലുകളെ ദേശീയവും വൈയക്തികവുമായ
സ്വത്വങ്ങള്‍ വീണ്ടെടുക്കാനും പുനര്‍ക്രമീകരിക്കാനും ഉപയോഗിക്കുന്നുവെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും ഇതോടു ചേര്‍ത്തു കാണേണ്ടതാണ്: “സ്വകാര്യ, പൊതു ഇടങ്ങള്‍ക്കിടയില്‍ സങ്കീര്‍ണ്ണമായ
ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സ്ത്രീ എഴുത്തുകാര്‍ നോവലിനെ, കൂടുതല്‍
സ്ത്രീ സൌഹൃദമായ രീതിയില്‍, ദേശീയ സംസ്കൃതികളെ പുനര്‍രൂപീകരിക്കുന്നതിനു”
ഉപയോഗിക്കുന്നു *(5). വനിതാ
എഴുത്തുകാരുടെ സമീപനത്തിലെ സങ്കീര്‍ണ്ണ രാഷ്ട്രീയം മൂന്നാം ലോക സാഹിത്യത്തെ
കുറിച്ചുള്ള ജെയിംസന്റെ ന്യൂനീകരണങ്ങള്‍ അസ്ഥാനത്താണ് എന്ന് സമര്‍ഥിക്കുന്നുവെന്നുന്നും
നിരീക്ഷിക്കപ്പെടുന്നു *(6).
തുടര്‍ വായനക്ക് :
https://alittlesomethings.blogspot.com/2024/09/3.html
മുന്‍ ഭാഗം ഇവിടെ വായിക്കാം:
ആഫ്രിക്കന്‍ നോവലിന്റെ സ്ത്രൈണ ദീപ്തി – ഒരാമുഖം
പഠനം.https://alittlesomethings.blogspot.com/2024/09/1.html
No comments:
Post a Comment