Featured Post

Thursday, September 19, 2024

Minor Detail by Adania Shibli

വിശദാംശങ്ങളില്‍ അടക്കപ്പെട്ടത്



(ഫലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലി Minor Detail എന്ന നോവെല്ലയിലൂടെ ചരിത്ര ദുരന്തങ്ങളുടെ ചോരച്ചാലുകള്‍ വീറില്ലാതെ ആവര്‍ത്തിക്കുന്ന ദേശത്തിന്റെ ഭൂത-വര്‍ത്തമാനങ്ങളെ ചേര്‍ത്തുവെക്കുന്നു. 2021-ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പരിഗണനയില്‍ ഇടം പിടിച്ച കൃതി സമകാലിക അറബ് സാഹിത്യത്തില്‍ വേറിട്ടൊരു രാഷ്ട്രീയ നോവല്‍ എന്നു വിവരിക്കപ്പെടുന്നു.)

 

അറബ്-ഇസ്രായേലി സംഘര്‍ഷ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരുന്നു ഒരു വിഭാഗം ‘സ്വാതന്ത്ര്യത്തിനായുള്ള ഒന്നാം യുദ്ധം’ (First War of Independence) എന്നും മറുഭാഗം ‘അശനിപാതം/ holocaust’ എന്ന അര്‍ത്ഥത്തില്‍ ‘നക്ബ’ എന്നും വിളിച്ച 1948-ലെ കുടിയൊഴിപ്പിക്കല്‍. ജസംഖ്യയുടെ പാതിയോളം വരുന്ന ഏഴര ലക്ഷത്തോളം അറബ് വംശജര്‍, ദേശഹാരകളും പിറന്ന നാട്ടില്‍ അഭയാര്‍ഥികളും ആയിത്തീരുകയെന്ന ദുരന്ത വിധിയിലേക്ക് എടുത്തെറിയപ്പെട്ട ഈ സംഭവത്തെ തുടര്‍ന്നാണ്‌ ഇസ്രായേലി ദേശം സ്ഥാപിതമായത്. അന്നുതൊട്ട് ആ പുതുദേശത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നത് നുഴഞ്ഞുകയറ്റ ഭയവും അതിനെ അടയാളപ്പെടുത്തുന്ന അതിര്‍ത്തികാവലും അറബ് വംശജര്‍ക്കു നേരെയുള്ള അത്യാചാരങ്ങളും തന്നെയാണ്. ഇസ്രായേല്‍ ദേശത്തിന്റെ ഈ ‘പാരനോയയുടെ ആദ്യകാല മാതൃകകളില്‍ ഒന്നായ സ്തോഭജനകമായ ഒരു സംഭവത്തെ കുറിച്ച് ഇസ്രായേലിലെ ഇടതു-ലിബറല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.(1) നഖാബ് (Nagev) മരുഭൂമിയില്‍ ഇജിപ്തിന്റെ അതിര്‍ത്തിക്കടുത്തു തമ്പടിച്ച ഇസ്രയേലി കാവല്‍ സൈന്യവും ആദിമ ബദവി വിഭാഗത്തില്‍ പെട്ട ഒരു കൂട്ടം നാടോടികളും ഉള്‍പ്പെട്ട പ്രസ്തുത സംഭവം കൂട്ടക്കുരുതിയില്‍ കലാശിച്ചു. അതിജീവിച്ച ഏക ജീവന്‍ ഒരു പെണ്‍കുട്ടിയുടെതയിരുന്നു. സൈന്യത്തിന്റെ കൂട്ട ബലാല്‍ക്കാരത്തിനു വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടി അശ്രദ്ധവും ഹൃദയശൂന്യവുമായ നിലയില്‍ മരുഭൂമിയിലെങ്ങോ അടക്കപ്പെട്ടു. നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രസ്തുത സംഭവത്തില്‍ സൈനിക വിചാരണയും ശിക്ഷാവിധിയുമെല്ലാം ഉണ്ടായെങ്കിലും ചരിത്രം തമസ്കരിച്ച ജനതയ്ക്ക് അതെന്തു വ്യത്യാസമാണ് ഉണ്ടാക്കുക എന്നത് ഒരു എഴുത്തുകാരിയെ പ്രചോദിപ്പിക്കാന്‍ പാകത്തിലുള്ള ചോദ്യം തന്നെയാണ്. ഈ രണ്ടറ്റങ്ങളെ ബന്ധിപ്പിച്ചു രചിക്കപ്പെട്ട കൃതിയാണ് ഫലസ്തീനിയന്‍ നോവലിസ്റ്റ് അദാനിയ ശിബിലിയുടെ Minor Detail. എലിസബത്ത് ജക്കെ (Elisabeth Jaquette ) ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത  ഈ ചെറുനോവല്‍ 2021ലെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചത് വലിപ്പത്തെക്കാള്‍ ആഴമുള്ള അനുഭവ ലോകം തികച്ചും ദീപ്തമായ ഭാഷയില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞതിനുള്ള അംഗീകാരം തന്നെയാണ്.

ഒരേയിടത്തിനു രണ്ടു അവകാശികള്‍ ഉണ്ടാവുകയും സഹജീവനം ദുസ്സാധ്യമാകുകയും ചെയ്യുകയെന്ന വിപര്യയമാണ് ഒരര്‍ത്ഥത്തില്‍ ഇസ്രയേല്‍-പലസ്തീന്‍ ഊരാക്കുടുക്കിന്റെ പ്രഭാവം ആയിത്തീര്‍ന്നത്. സാഹിത്യത്തില്‍ ഒട്ടേറെ ബൃഹദ് ആഖ്യാനങ്ങളിലായി വ്യത്യസ്ത വീക്ഷണ കോണുകളിലും രാഷ്ട്രീയസാമൂഹിക പ്രത്യയശാസ്ത്ര സമീപനങ്ങളിലും ഈ ദുരന്തം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇവിടെ പ്രസക്തമാകുന്ന ഒരു മുന്‍ ആഖ്യാനം നോബേല്‍ പുരസ്കാര ജേതാവായ ഫ്രഞ്ച് മോറീഷ്യന്‍ നോവലിസ്റ്റ് ലെ ക്ലെസിയോയുടെ (Jean-Marie Gustave Le Clézio) Wandering Star എന്ന ഹൃദയഹാരിയായ നോവലാണ്‌. ഹോളോകാസ്റ്റിന്റെ അനുഭവം കടന്നു തന്റെ ജനതയുടെ വാഗ്ദത്ത ഭൂമിയില്‍ എത്തുന്ന കീറിപ്പറിഞ്ഞ അഭയാര്‍ഥി സംഘത്തിലെ എസ്തേര്‍ എന്ന ജൂത പെണ്‍കുട്ടിയും അവരുടെ കടന്നു വരവില്‍ കിടപ്പാടം നഷ്ടപ്പെട്ടു ജന്മദേശത്തു നിന്ന് പലായനം ചെയ്യേണ്ടിവരുന്ന നജ്മ എന്ന ഫലസ്തീനി പെണ്‍കുട്ടിയും തമ്മിലുള്ളഒരൊറ്റ വാക്കുപോലും പരസ്പരം ഉരിയാടാത്ത ഞൊടിയിട പാരസ്പര്യം എന്ന വീര്‍പ്പുമുട്ടിക്കുന്ന രൂപകത്തിലാണ് ലെ ക്ലെസിയോയുടെ മാസ്റ്റര്‍പീസ്‌ നങ്കൂരമിടുന്നത്. രണ്ടു പെണ്‍കുട്ടികള്‍രണ്ടു ജീവിതാവസ്ഥകള്‍ഒരേ കാലം എന്നതാണ് ഇവിടെ ഏറ്റുമുട്ടുന്ന സമവാക്യം. ഒരര്‍ത്ഥത്തില്‍ ഇതേ സമവാക്യത്തെ വ്യതസ്തമായ രീതിയില്‍ പിന്തുടരുന്ന നോവലാണ്‌ Minor Details എന്നു പറയാം. രണ്ടു കാലങ്ങള്‍രണ്ടു സ്ത്രീകള്‍ഒരേയിടം എന്നിങ്ങനെയാണ് നോവലിന്റെ ഭൂമിക നിര്‍വ്വചിക്കപ്പെടുന്നത് അങ്ങനെയാണ്. രണ്ടു ദേശങ്ങള്‍രണ്ടു തരം പീഡാനുഭവങ്ങള്‍ആവര്‍ത്തിക്കപ്പെടുന്ന ചരിത്ര ദുരന്തങ്ങള്‍ എന്ന വലിയ പ്രമേയത്തിന്റെ കണ്ണാടിയായി ഇതിനെ കാണാം. നക്ബക്ക് ശേഷം ഒരു വര്‍ഷം പിന്നിട്ട 1949 ആഗസ്റ്റ് എന്നു ആദ്യഭാഗം കൃത്യമായി കാലഗണന വെളിപ്പെടുത്തുന്നുണ്ട്. നഖാബ് മരുഭൂമിയില്‍ ഇജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നു പുതുദേശത്തിനു കാവല്‍ നില്‍ക്കുന്ന ഇസ്രായേലി സൈനികര്‍ മടുപ്പും ആവര്‍ത്തന വിരസതയും നിറഞ്ഞ ദിനരാത്രങ്ങളെ ചടങ്ങുപോലെയുള്ള ശുചീകരണ ജോലികളും റോന്തുചുറ്റലും മറ്റുമായി തള്ളി നീക്കുന്നു. ശുചീകരണത്തിനും ശുദ്ധീകരണത്തിനുമിടയിലെ (cleaning/ cleansing) അതിരുകള്‍ നേര്‍ത്തുപോകുന്നത്/ ഇല്ലാതാകുന്നത് നോവലില്‍ അതിസൂക്ഷ്മമായി ആവര്‍ത്തിച്ചു പരിഗണിക്കപ്പെടുന്നുണ്ട്. “ബാക്കിയുള്ള അറബികളെ ഉന്മൂലനം ചെയ്യുക (“cleanse it of any remaining Arabs”) എന്നത് തന്നെയാണ് അധിനിവേശ സൈന്യത്തിന്റെ ഉത്തരവാദിത്തവും. ചിലന്തിയുടെ കടിയില്‍ നിന്നു കമാണ്ടരുടെ തുടയിലേറ്റ മുറിവില്‍ പഴുപ്പ് ബാധിക്കാതിരിക്കാനായി സാനിറ്റൈസര്‍ കൊണ്ടുള്ള സ്വയം പരിചരണത്തിന്റെ വിശദാംശങ്ങള്‍ പോലെ, ഇനിയൊരു ഘട്ടത്തില്‍ ഒരു സ്നാനപ്പെടുത്തല്‍ പ്രക്രിയയും വിവരിക്കപ്പെടും. ക്യാമ്പിലെ ഏകതാനമായ അവസ്ഥകള്‍ക്കു മാറ്റമുണ്ടാകുന്നത് നാടോടി ബദവികളെ കണ്ടെത്തുകയും അത് ഭ്രാന്തമായ കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്യുന്നതോടെയാണ്. നോവലിലെ ഒരു നിതാന്ത സാന്നിധ്യമാകുന്ന തന്റെ നായയോടൊപ്പം അതിജീവിക്കുന്ന “തന്റെ കറുത്ത വസ്ത്രങ്ങളില്‍ ഒരു ചീവീടിനെ പോലെ ചുരുണ്ടുകൂടിയ” ഒരേയൊരു പെണ്‍കുട്ടിയുടെ വിധിയാണ് നോവലില്‍ നിര്‍ണ്ണായകമാകുകയും രണ്ടാം ഭാഗത്തിലെ കഥയിലേക്ക്‌ നീളുകയും ചെയ്യുക. ക്യാമ്പിലേക്ക് കൊണ്ടുവരപ്പെടുന്ന പെണ്‍കുട്ടിയുടെ മുഷിഞ്ഞുനാറിയ അവസ്ഥശുദ്ധീകരണ ബാധയുള്ള (obsession) കമാണ്ടരെ അവളെ വൃത്തിയാക്കിയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ശക്തമായ പൈപ്പിനു ചുവടെ പൂര്‍ണ്ണ നഗ്നയായിവിസ്തരിച്ചു സോപ്പുപതയില്‍ കുളിച്ചുള്ള സ്നാനപ്പെടുത്തല്‍ നേരിടേണ്ടി വരുന്ന ബദവി പെണ്‍കുട്ടിയുടെ അപമാനം ‘ശുചീകരണം’ എന്നതിലേറെ ഇസ്രായേലി ധാര്‍ഷ്ട്യം ഫലസ്തീനു നേരെ എക്കാലവും അരങ്ങേറിയ വംശീയ ശുദ്ധീകരണ’ (ethnic cleansing)  വുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ആ വഴിക്കാണ്. അവളുടെ ഉടലിലേക്ക് നീളുന്ന സൈനികരുടെ കണ്ണുകളെ ആദ്യ ഘട്ടത്തില്‍ കര്‍ശന വിലക്കുകളോടെ നിയന്ത്രിക്കുന്ന കമാണ്ടര്‍ അവളെ അധികൃതര്‍ക്ക് കൈമാറും വരെ അടുക്കളയില്‍ നിര്‍ത്താം എന്നാലോചിക്കുന്നുണ്ട്. എന്നാല്‍ രാത്രിയുടെ പ്രലോഭനത്തില്‍ അയാള്‍ത്തന്നെ തുടങ്ങിവെക്കുന്ന ബലാല്‍ക്കാര പ്രക്രിയ അനിയന്ത്രിതമായ കൂട്ടബലാല്‍ക്കാരത്തിലേക്കും പെണ്‍കുട്ടിയുടെ കൊലയിലേക്കും, നിരാര്‍ദ്രമായ അടക്കത്തിലേക്കും നയിക്കുന്നു. “പെട്രോള്‍ വെറുതെ കളയുന്നത് നാണക്കേടായിരുന്നു” എന്നു അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ സൈനികരുടെ ചെയ്തിയെ കമാണ്ടര്‍ ന്യായീകരിക്കും. കണ്ണില്‍ച്ചോരയില്ലാത്ത ക്രൂര കൃത്യങ്ങള്‍ക്കു പ്രാപ്തനായ സാഡിസ്റ്റ് ആയ കമാണ്ടര്‍ സയണിസ്റ്റ് ദൗത്യം വിട്ടുവീഴ്ചയില്ലാതെ നടപ്പില്‍ വരുത്തുന്ന യുദ്ധക്കൊതിയനാണ് എന്ന് വിവരിക്കപ്പെടുന്നു (2).  ത്രീതീയ വ്യക്തിക (third person) ആഖ്യാനത്തിലൂടെ കമാണ്ടരുടെ കാഴ്ചപ്പാടില്‍ വിവരിക്കപ്പെടുന്ന ഈ ആദ്യഭാഗംദേശവാസികള്‍ക്കു നേരെയുള്ള വികാരശൂന്യവും അലക്ഷ്യവുമായ ഇസ്രയേലി അത്യാചാരങ്ങളുടെ ആദ്യകാല മാതൃകയാണ്ഒപ്പം എന്നേക്കും പ്രസക്തവും.

വര്‍ത്തമാനത്തില്‍പുതിയനൂറ്റാണ്ടാദ്യം കഥാകാലമായ രണ്ടാം ഭാഗം ആദ്യകഥയിലെ സ്തോഭജനകമായ സംഭവത്തെ കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട്, റാമല്ലക്കാരിയായ പേരു പറയുന്നില്ലാത്ത ആഖ്യാവിന്റെ ശ്രദ്ധയില്‍ പതിയുന്നതോടെയാണ് ആരംഭിക്കുന്നത്. താന്‍ ജനിച്ചതിന്റെ കൃത്യം ഇരുപത്തിയഞ്ചു വര്‍ഷം മുമ്പാണ് സംഭവം ഉണ്ടായത് എന്നത്, പ്രസ്തുത ‘കൊച്ചു വിശദാംശത്തെ (minor detail) അവരുടെ മനസ്സില്‍ കൊത്തിവെക്കുന്നു. ആദ്യകഥയിലെ കമാണ്ടര്‍ക്ക് ‘ശുദ്ധിയോടുള്ള ഒഴിയാബാധപോലെ ഇവിടെ ആഖ്യാതാവിന് ‘കൊച്ചു വിശദാംശങ്ങ’ളോടാണ് കടുംപിടുത്തമുള്ളത്. ദുരൂഹമായ ഒരു ചോദനയാലെന്നോണം ദുരന്തത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള ത്വര അവളില്‍ രൂഡമാകുന്നു. എന്നാല്‍ തന്റെ കയ്യിലുള്ള പച്ചനിറത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ‘സോണ്‍-ഏ’ക്ക് അപ്പുറം പോകാന്‍ അനുവദിക്കുന്നില്ല. സൈനിക അടിയന്തിരാവസ്ഥകള്‍ ഇല്ലാത്ത ഘട്ടങ്ങളില്‍ ‘സോണ്‍-ബിയിലേക്കു കടക്കാന്‍ അതുമതിയവുമെങ്കിലും ഇപ്പോള്‍ സൈനിക അടിയന്തിരാവസ്ഥയെന്നത് നിയാമകം തന്നെയാണ്. ഫലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെ മുഖമുദ്രയായ ചെക്ക് പോയിന്റുകളും അവിടങ്ങളിലെ മടുപ്പു ബാധിച്ച നിരാര്‍ദ്ര സമീപനം മുഖമുദ്രയായ സൈനികരും നല്‍കുന്ന നിരന്തര അവമതിയുടെയും ജീവല്‍ഭീഷണിയുടെയും അനുഭവങ്ങളൊന്നും പക്ഷെ അവളെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. ഒരു സുഹൃത്തിന്റെ ഐ.ഡി. കാര്‍ഡുപയോഗിച്ച് അത്യന്തം അപകടകരമായ ഒരാള്‍മാറാട്ടത്തിലൂടെ ‘സോണ്‍-സി’യിലുള്ള സംഭവസ്ഥലത്തേക്കും അതെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സൈനിക ആര്‍ക്കൈവുകളിലേക്കും പോകാന്‍ അവള്‍ തയ്യാറാകുന്നത് വീണ്ടും ‘കൊച്ചു വിശദാംശങ്ങളില്‍’ ഉള്ള വിധേയത്വം അടയാളപ്പെടുത്തുന്ന നാല് വ്യത്യസ്ത മാപ്പുകളുമായാണ്. റോഡുമാര്‍ഗ്ഗത്തെ കുറിച്ച് വിവരം നല്‍കുക എന്നതു മാത്രമല്ല, 1948, 1984 എന്നീ വ്യത്യസ്ത കാലങ്ങളിലെ ഫലസ്തീന്‍ ഭൂപടങ്ങളിലെ പരിണാമങ്ങളെ കൂടി സൂക്ഷ്മമായി സൂചിപ്പിക്കുന്നുണ്ട്. പഴയ ഭൂപടത്തിലുള്ള പല സ്ഥലങ്ങളും തനിക്കപരിചിതമാണെന്നു അവള്‍ തിരിച്ചറിയുന്നു. ആര്‍ക്കൈവുകളില്‍ നിന്നു അവള്‍ക്കു വിവരങ്ങള്‍ ഒന്നും കിട്ടുന്നില്ല എന്നത് സംഭവം നടന്ന ഫലസ്തീന്‍ ഗ്രാമം തന്നെയും അപ്രത്യക്ഷമായിരിക്കുന്ന വിപര്യയത്തിന്റെ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു പോകുന്നു. ഏതു നിമിഷവും പിടിക്കപ്പെട്ടെക്കാം എന്ന ഭയം നിരന്തരം വേട്ടയാടുമ്പോഴും മരുഭൂമിയിലൂടെ ഇസ്രയേല്‍ പ്രദേശങ്ങളിലേക്കുള്ള യാത്രക്കിടെഫലസ്തീനിയന്‍ കണ്ണുകളിലൂടെ ഇസ്രയേലിനെ കണ്ടുതുടങ്ങുകയാണ് വായനക്കാര്‍. ആദ്യകഥയിലെ കമാണ്ടരുടെ കാഴ്ച്ചയുടെ എതിര്‍മുഖം ഇവിടെ കാണാം. ഇരു കഥകളിലും കഥാപാത്രങ്ങള്‍ക്കാര്‍ക്കും പേരുകള്‍ നല്‍കപ്പെട്ടിട്ടില്ല എന്നതും ഇതേ ‘ദേശീയ കഥാ’ (national allegory) പരിസരത്തെ ശക്തമാക്കുന്നുണ്ട്.

യുവ ആഖ്യാതാവിന്റെ യാത്ര ഒരു ചോദ്യവും പരിഹരിക്കാനുള്ളതല്ലെന്നു ഇസ്രയേല്‍-പലസ്തീന്‍ ദുരന്തത്തെ കുറിച്ച് സാമാന്യ ബോധമുള്ള വായനക്കാര്‍ക്ക് സുവ്യക്തമാണ്. ഡിഫെന്‍സ് മ്യൂസിയത്തില്‍ നിന്ന് കാര്യമായൊന്നും കണ്ടെത്താനാവാത്തതിന്റെ നിരാശയോടെ പിന്‍വാങ്ങുമ്പോഴും ഒരു മികച്ച കഥാകാരിയുടെ ഗുണങ്ങള്‍ തനിക്കില്ലെന്നു തിരിച്ചറിയുന്നുണ്ട് ആഖ്യാതാവ്. സോണ്‍-സി യിലേക്കുള്ള ചകിതമായ യാത്രക്കിടെ  ലിഫ്റ്റ് നല്‍കുന്ന വയോധികക്ക് താന്‍ അന്വേഷിക്കുന്ന വിഷയത്തില്‍ വിവരങ്ങള്‍ നല്‍കാനാവുമായിരുന്നു എന്ന് തിരിച്ചറിയാതെ അവസരം നഷ്ടപ്പെടുത്തിയത് തന്റെ അമാന്തമായിരുന്നു എന്നു അവള്‍ പറയുന്നുണ്ട്. കഥാകാരിയെന്ന പ്രിവിലെജിന്റെ അഭാവത്തില്‍ കഥ പറയാന്‍ ഇറങ്ങിത്തിരിക്കുന്നതിന്റെ ‘ക്വിക്സോട്ടിക്’ ധൈര്യം ഒരു വേള അവളെ മഥിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ അവള്‍ സ്വയം ഓര്‍മ്മിപ്പിക്കുന്നു: “അവള്‍ക്കു (സംഭവിച്ചതിനു) താന്‍ ഉത്തരവാദിയാണ് എന്ന് കരുതുന്നതില്‍ കാര്യമില്ലഅവള്‍ ആരുമായിരുന്നില്ലഒരിക്കലും ആരുമാകാന്‍ പോകുന്നില്ലഅവളുടെ സ്വരം ആരും കേള്‍ക്കുകയില്ല.” ശൂന്യതാ വാദത്തോളമെത്തുന്ന ഇതേ ചരിത്ര ദുരന്തങ്ങള്‍ വീറില്ലാതെ ആവര്‍ത്തിക്കുന്നതെങ്ങനെ എന്ന ശ്വാസം മുട്ടിക്കുന്ന ചോദ്യമാണ് നോവലിന്റെ അവസാന വാചകം ഹൃദയ ഭേദകമാം വിധം ഉന്നയിക്കുന്നതും. 144 പുറങ്ങള്‍ മാത്രമുള്ള നോവലിനെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ദീപ്തമായ ഒന്നാക്കി മാറ്റുന്നതും രക്ഷാമാര്‍ഗ്ഗങ്ങള്‍ ഏതുമില്ലാത്ത ഈ ദുരന്തബോധം ഏറ്റവും തീക്ഷ്ണമായും രചനാ സൌഷ്ടവത്തോടെയും പങ്കുവെക്കുന്നു എന്നത് തന്നെയാണ്. അറബ് മൂലത്തോട് ഏറ്റവും നീതി പുലര്‍ത്തുന്നതാണ് എലിസബത്ത് ജാക്കെറ്റ്‌ നിര്‍വ്വഹിച്ച ഇംഗ്ലീഷ് മൊഴിമാറ്റമെന്നു നിരൂപകമതം. ബദവി പെണ്‍കുട്ടിയുടെ – ഒരുവേള അക്കഥ അന്വേഷിച്ചു പോകുന്നവളുടെയും - വിധി പ്രവചനീയമാണെങ്കിലും ആ ദുരന്ത കഥ ആവിഷ്കരിക്കുന്നതിലെ കയ്യടത്തിലൂടെ സമകാലിക അറബ് സാഹിത്യത്തില്‍ വേറിട്ടുനില്‍ക്കുന്ന ഒരു രാഷ്ട്രീയ നോവല്‍ സൃഷ്ടിക്കുകയാണ് അദാനിയ ശിബിലി ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു. അടിയാളസ്വരത്തെ സംബന്ധിച്ച പതിവുകള്‍ക്കു വ്യത്യസ്തമായിശിബിലി തന്റെ ‘ഇരക്കു വേണ്ടിയോ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയോ സംസാരിക്കുകയോ, ഇരയെ വീരപരിവേഷത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യുന്നില്ല. “പകരം വിദൂര സ്വരങ്ങളേയും പേരില്ലാത്ത കഥാപാത്രങ്ങളെയും തല്‍സമയ വിവരണങ്ങളെയും ഉപയോഗിച്ചു കുറ്റകൃത്യത്തെ ചൂഴ്ന്നു നില്‍ക്കുന്ന അനായസതയെയും മൌനത്തെയും പൊലിപ്പിക്കുന്നതിലാണ് അവര്‍ തല്‍പ്പരയായിരിക്കുന്നത്” (3).

തലക്കെട്ടിലെ ക്രൂരമായ ഐറണിയോടൊപ്പം വൈകാരികാംശങ്ങളെ തീര്‍ത്തും ഒഴിവാക്കി ‘കര്‍മ്മങ്ങളില്‍’ കേന്ദ്രീകരിക്കുന്ന ആഖ്യാനംവിശേഷിച്ചും ആദ്യകഥാ ഭാഗത്ത്ഭാഷയ്ക്ക്‌ വിധികല്‍പ്പനാ സ്വരത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു അരങ്ങു നിയന്ത്രണ സ്വരം (stage direction) നല്‍കുന്നുവെന്നും വസ്തുതകള്‍ രേഖപ്പെടുത്തുന്ന ഭാവം പകരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. രണ്ടാം കഥയുടെ കാര്യത്തില്‍“ഇപ്പോഴും വിലപിക്കുന്ന കറുത്ത കൂട്ടം” എന്ന് നേരത്തെ വിവരിക്കപ്പെട്ട, അവളുടെ പീഡകര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ കരയുന്നവര്‍ മാത്രമായി നാം കണ്ടവര്‍ക്ക് കര്‍തൃത്വം തിരികെ നല്‍കാനുള്ള ശ്രമമാകട്ടെഅന്തിമമായി, മുന്നോട്ടു നീങ്ങാനാവാത്ത ഒരറ്റത്ത് അവസാനിക്കുകയും ചെയ്യുന്നു” (4). ‘കൊച്ചു വിശദാംശം’ എന്ന് ഏകവചനത്തിലുള്ള തലക്കെട്ടിലെ സൂചന ഇരിക്കുമ്പോഴും യഥാര്‍ഥത്തില്‍ നോവല്‍ “ഭൂതകാലത്തിന്റെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിലപിക്കുന്നവരുടെ ട്രോമ സംഭരിക്കപ്പെട്ട ബഹുത്വമുള്ള കൊച്ചു വിശദാംശങ്ങളുടെ ആകത്തുക”യാണെന്നും അങ്ങനെ അവതരിപ്പിക്കുന്നതിലൂടെ ചെറു ചെയ്തികളെ വലുതായി കാണിക്കുകയും വമ്പന്‍ ആഖ്യാനങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്തുകൊണ്ട് ചരിത്രത്തിനും അതിന്റെ പാര്‍ശ്വങ്ങള്‍ക്കുമിടയില്‍ വെച്ചുമാറുന്നു എന്നും മോനാ കരീം നിരീക്ഷിക്കുന്നു. അന്തിമവിജയം എന്ന വലിയ സങ്കല്‍പ്പത്തിനു അനുരോധമല്ലെങ്കിലും, രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മടക്കയാത്ര ഒരു പലസ്തീനിയന്‍ യുവതിക്ക് വിഭാവനം ചെയ്യാനും രണ്ടാം കഥ ഒരുവേള ഇടം കണ്ടെത്തുന്നുണ്ട് എന്നും അവര്‍ സൂചിപ്പിക്കുന്നു (Mona Kareem). ആദ്യകഥയിലും രണ്ടാമത്തെതിലും ആവര്‍ത്തിക്കുന്ന ബിംബങ്ങളും അന്തരീക്ഷവും – വിലാപഭാവത്തോടെ പിന്തുടരുകയും ഓരിയിടുകയും ചെയ്യുന്ന ഒരു നായമരുഭൂ ചൂട്മുറിവുകളുടെയും അഴുക്കിന്റെയും തുളഞ്ഞിറങ്ങുന്ന പ്രത്യേക ഗന്ധങ്ങള്‍, ഇസ്രയേലി ഓഫീസറുടെ കയ്യിലുള്ള 1948ലെയും രണ്ടാം കഥയിലെ ആഖ്യാതാവിന്റെ കയ്യില്‍ അതോടൊപ്പം തന്നെയുള്ള 1984ലെയും  മാപ്പുകള്‍ തുടങ്ങിയവ – ഇരുഭാഗങ്ങളെയും ഘടനാപരമായി ഒരുമിപ്പിക്കുമ്പോഴും പോകെപ്പോകെ അതിലിത്തിരി കൃത്രിമത്വം കലരുന്നുണ്ടോ എന്നും തോന്നാം.

 

 

References:

(1) Aviv Lavie, Moshe Gorali, 'I Saw Fit to Remove Her From the World', HAARETZ, Oct. 29, 2003, https://www.haaretz.com/1.4746524.   Accessed 25.05.2021.

(2) Fatima Bhutto, ‘Minor Detail by Adania Shibli review – horror in the desert’, ‘Fiction in translation’, theguardian, 30 May 2020, https://www.theguardian.com/books/2020/may/30/minor-detail-by-adania-shibli-review-horror-in-the-desert.  Accessed 25.05.2021.

(3) Mona Kareem, ‘Adania Shibli’s “Minor Detail” Caps Its Author’s Long Quest for a Language of Life Under Occupation’, wordswithoutborders, June 2020, https://www.wordswithoutborders.org/book-review/adania-shiblis-minor-detail-caps-its-authors-long-quest-for-a-language-of-l.  Accessed 25.05.2021.

(4) Anthony Cummins, ‘Minor Detail by Adania Shibli review – between-the-lines horror’, theguardian, 2 Jun 2020, https://www.theguardian.com/books/2020/jun/02/minor-detail-by-adania-shibli-review-between-the-lines-horror.  Accessed 25.05.2021.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 295-302)

To purchase, contact ph.no:  8086126024

read more:

The Dance of the Deep-Blue Scorpion by Akram Musallam / Sawad Hussain

https://alittlesomethings.blogspot.com/2024/09/the-dance-of-deep-blue-scorpion-by.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

No comments:

Post a Comment