Featured Post

Thursday, September 26, 2024

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 13.

 13.



ലൂസോഫോണ്‍ ആഫ്രിക്ക : ഒരു സവിശേഷ ചിത്രം    

മൊസാംബിക്ക്, അങ്കോള, കെയ്പ്പ് വെര്‍ദെ, ഗിനി ബിസോ, സാവോ ടോമെ & പ്രിന്‍സിപ്പെ, ഇക്വേറ്റൊറിയല്‍ ഗിനി എന്നീ ദേശങ്ങള്‍ അടങ്ങിയ ലുസോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ആംഗ്ലോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തിലോ ഫ്രാങ്കോഫോണ്‍ സാഹിത്യത്തിലോ കാണാവുന്ന സ്ത്രീപ്രതിനിധാനം പോലും ലുസോഫോണ്‍ സാഹിത്യത്തില്‍ അദൃശ്യമായതിനും സ്ത്രീകള്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ സുപ്രധാന കാരണമാണ്.  ഇത് സ്ത്രീ സമൂഹത്തിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാക്കിയത് അവരില്‍ നിന്നു സാഹിത്യ പ്രതിഭകള്‍ വളര്‍ന്നു വരാത്തതിന്റെ വിശദീകരണമാണ്. മോസംബിക്കില്‍ നിന്ന് ലിന മഗായ (Lina Magaia), നോമിയ ഡിസൂസ (Noémia de Sousa), സോണിയ സുല്‍ത്താനെ (Sónia Sultuane), കേയ്പ്പ് വെര്‍ദെയുടെ ഒര്‍ലാന്‍ഡാ അമാറിലിസ് (Orlanda Amarílis), മരിയ മാര്‍ഗരീദ മസ്കരാന്‍യാസ് (Maria Margarida Mascarenhas), അംഗോളയുടെ അന പോലാ ടവാരെസ് (Ana Paula Tavares- Angola) തുടങ്ങി വിരലിലെണ്ണാവുന്ന എഴുത്തുകാരികളെ പുറംലോകത്ത് അറിയപ്പെട്ടിട്ടുള്ളൂ. മിയ കൂട്ടോ, ഹോസെ എദുവാര്‍ദോ അഗുവാലൂസാ, ഹോസെ ലുവാന്‍ഡിനോ വിയേര, തുടങ്ങിയ ലുസോഫോണ്‍ സാഹിത്യത്തിലെ വലിയ പുരുഷ എഴുത്തുകാരെ അപേക്ഷിച്ച് ഇവരുടെ കൃതികളുടെ ഇംഗ്ലീഷ് മൊഴിമാറ്റവും ലഭ്യതയും തുലോം കുറവാണ്. ടോണി ഡിസില്‍വയുടെ സംക്ഷിപ്ത വിവരണം ഇവിടെ ഏറെ പ്രസക്തമാണ്‌ *(22). മൊസാംബിക്കില്‍ നിന്നുള്ള ലൂയി ബെര്‍ണാര്‍ഡോ ഹോണ്‍വാന (Luis Bernardo Honwana ), മിയാ കൂട്ടോ (Mia Couto), ഉംഗുലാനി ഖോസ (Ungulani Ba Ka Khosa ), അംഗോളന്‍ നോവലിസ്റ്റുകളായ ഹോസെ എദുവാര്‍ദോ അഗുവാലൂസാ (José Eduardo Agualusa- Angloa), ഹോസെ ലുവാന്റിനോ വിയേര (José Luandino Vieira -Angola), ഓണ്ട് യാക്കി (Ondjaki), പെപെറ്റീല (Pepetela ), കെയ്പ്പ് വെര്‍ദെയുടെ അബ്ദുലായി സില (Abdulai Silá ) തുടങ്ങിയ നോവലിസ്റ്റുകളുടെ കൃതികള്‍ ഇംഗ്ലീഷിലും ലഭ്യമാണെങ്കിലും വനിതാ എഴുത്തുകാര്‍ ഏതാണ്ട് അഗോചരരാണ്. ചരിത്രപരമായ തുടക്കം തേടുമ്പോള്‍ സ്ത്രീ എഴുത്തുകാരികള്‍ ഒട്ടുമുക്കാലും പോര്‍ച്ചുഗലില്‍ ജനിച്ച് ഭര്‍ത്താവിന്റെ കൊളോണിയല്‍ ഔദ്യോഗിക ബാന്ധവത്തിന്റെ ഫലമായി കുറഞ്ഞൊരു കാലം ഈ ദേശങ്ങളില്‍ കഴിഞ്ഞവരോ, അഥവാ വന്നുപോയവരോ ആയിരുന്നു. അവരില്‍ അത്യപൂര്‍വ്വം ചിലര്‍ മാതൃദേശവുമായി ബന്ധം ഉപേക്ഷിക്കുകയും ആഫ്രിക്കയില്‍ സ്ഥിരവാസമാക്കുകയും ചെയ്തു. എന്നാല്‍ അവരില്‍ ആഫ്രിക്കന്‍ പ്രമേയങ്ങളോ അഭിരുചി വികാസമോ തുലോം വിരളമായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച് കൊളോണിയല്‍ അധികൃതരെ അപേക്ഷിച്ച് പോര്‍ച്ചുഗീസ് കൊളോണിയലിസം, തദ്ദേശീയരുടെ വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും നല്‍കിയില്ല. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രത്യേക വിലക്കുകള്‍ വേറെയും ഏറെയായിരുന്നു. മരിയ ആര്‍ച്ചറെപ്പോലുള്ള (Maria Archer) സാഹസികര്‍ എഴുതിയ നോവലുകളും മറ്റും പ്രധാനമായും ആഫ്രിക്കന്‍ ജനതയെ ‘അപരവല്‍ക്കരിക്കുന്ന’ യൂപോപ്പ്യന്‍ കേന്ദ്രിത ഭാവുകത്വത്തിന്റെ പ്രകാശനം മാത്രമായിരുന്നു. അതോടൊപ്പം, അത് കീഴടക്കലിന്റെയും മേധാവിത്തത്തിന്റെയുമായ പുരുഷഭാവം പ്രകടിപ്പിക്കുകയും ചെയ്തു. ഐസാക് ദിനേസനെ (Isak Dinesen/ Karen Blixen (Danish-Kenyan) – ‘Out of Africa’ (1937) പോലെ ഒരെഴുത്തുകാരി ലുസോഫോണ്‍ സാഹിത്യത്തില്‍ അക്കാലത്തൊന്നും ഉയര്‍ന്നു വരികയുണ്ടായില്ല. അന്റോണിയോ പുസിഷ് (Antónia Gertrudes Pusich- Cape Verde), സാറാ പിന്റോ കയ് ലോ (Sara Pinto Coelho- São Tomé and Príncipe) തുടങ്ങിയ ഇത്തരം എഴുത്തുകാരികളുടെ രചനകള്‍ നോമിയ ഡിസൂസ (Noémia de Sousa- Mozambique), പോളാ ടവാരെസ് (Paula Tavares- Angola), വേരാ ദുവാര്‍തെ (Vera Duarte- Cape Verde), ലിന മഗായ (Lina Magaia- Mozambique) തുടങ്ങിയ ലുസോഫോണ്‍ ആഫ്രിക്കയുടെ തനതു സ്വരങ്ങളുടെ പ്രാമാണികത ഒരിക്കലും നേടിയെടുത്തില്ല.  

ലുസോഫോണ്‍ ആഫ്രിക്കന്‍ സാഹിത്യത്തിലെ എഴുത്തുകാരികളായി പേരു പറയപ്പെടുന്നവരില്‍ ഒട്ടുമുക്കാലും ഇടക്കെപ്പോഴോ ഒന്നോ രണ്ടോ കവിതകള്‍ മാത്രം എഴുതിയ, പിന്നീട് ഒന്നും കേള്‍ക്കാതായ, കവികളാണ് എന്നത്, ഈ മേഖലയിലെ സ്ത്രീസാന്നിധ്യത്തില്‍ ഇന്നും പ്രകടമായ കുറവിനോടു ചേര്‍ത്തു കാണാം. മുമ്പു സൂചിപ്പിച്ച ഘടകങ്ങള്‍ക്കൊപ്പം പ്രസാധനത്തിന്റെ കടമ്പകളും ഫലത്തില്‍ സ്ത്രീവിരുദ്ധമായ ഒരന്തരീക്ഷം ആണ് സൃഷ്ടിച്ചത്. പുസ്തക പ്രസാധനം സാധിച്ച ആദ്യ മോസാംബിക്കന്‍ വനിതാ നോവലിസ്റ്റ് എന്നും തികഞ്ഞ ഫെമിനിസ്റ്റ് എന്നും ആദ്യകൃതിയിലൂടെത്തന്നെ (Balada de Amor ao Vento - Ballad of Love to the Wind (1990) പേരെടുത്ത പോളിന ഷിസിയാനെയെ പോലുള്ള (Paulina Chiziane) ഒരെഴുത്തുകാരിക്കു പോലും അവരുടെ അടുത്ത കൃതി, അതും 1996-ല്‍, സ്വകാര്യമായി പ്രസിദ്ധീകരിക്കേണ്ടി വന്നു. എഴുത്തുകാരികള്‍ മാത്രമല്ല, മാനുവല്‍ ഫരേര (Manuel Ferreira), ജെറാല്‍ഡ് മോസെര്‍ (Gerald Moser), അല്‍ഡോനിയോ ഗോമെസ് (Aldónio Gomes), ഫെര്‍നാന്‍ഡാ കാവകാസ് (Fernanda Cavacas) തുടങ്ങിയ എഴുത്തുകാരും ഇതേ അവസ്ഥ നേരിട്ടു എന്നത് കൊളോണികളിലെ സാംസ്കാരിക വിഷയങ്ങളില്‍ പോര്‍ച്ചുഗീസ് അധികൃതര്‍ വെച്ചുപുലര്‍ത്തിയ അലംഭാവത്തിന്റെ നിദര്‍ശനമാണ്. അംഗോള, ഗിനി-ബിസോ, മൊസാംബിക്ക് എന്നിവിടങ്ങളില്‍ തുടര്‍ന്നുവന്ന സുദീര്‍ഘ സംഘര്‍ഷങ്ങളും സാഹിത്യ സാംസ്കാരിക വളര്‍ച്ചക്ക് സഹായകമായിരുന്നില്ല. പോര്‍ച്ചുഗീസ് ജനതയെയും ആഫ്രിക്കക്കാരേയും ഫലത്തില്‍ പരസ്പരം അപരരാക്കി നിര്‍ത്തിയ വിദ്യാഭ്യാസപരമായ അവഗണനയും പോര്‍ച്ചുഗീസ് കൊളോണിയല്‍ പദ്ധതിയുടെ സവിശേഷതയായിരുന്നു. നാനൂറു വര്‍ഷക്കാലം നീണ്ട ഈസ്റ്റ് തിമൂറിലെ കൊളോണിയല്‍ ഭരണം അവസാനിക്കുമ്പോള്‍ ദ്വീപില്‍ ഒരൊറ്റ സ്കൂള്‍ ആണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ ലുസോഫോണ്‍ കോളനികളില്‍ ഒന്നായിരുന്ന മോസാംബിക്കില്‍ സാക്ഷരത മൂന്നു ശതമാനമായിരുന്നു. അംഗോളയും മൊസാംബിക്കും ചേര്‍ത്തു പതിനഞ്ചു മില്ല്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഇടത്തില്‍ രണ്ടു യൂണിവേഴ്സിറ്റികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതും മുഖ്യമായും വെള്ളക്കാര്‍ കീഴടക്കിയിരുന്നു. അമില്‍കാല്‍ കബ്രാല്‍ (Amílcal Cabral - Guinea-Bissau), ജോക്കിം ഷിസാനോ (Joaquim Chissano -Mozambique), അഗസ്റ്റിനോ നെറ്റോ (Agostinho Neto -Angola) തുടങ്ങിയ ദേശീയ നേതാക്കള്‍ക്ക് ഈ യൂണിവേഴ്സിറ്റികളില്‍ നിന്നല്ല വിദ്യാഭ്യാസം സാധ്യമായത് എന്നതില്‍ അവ സാധാരണ ആഫ്രിക്കക്കാര്‍ക്ക് എത്രമാത്രം അപ്രാപ്യമായിരുന്നു എന്ന് വ്യക്തമാണ്‌. കൊളോണിയല്‍ പദ്ധതിനടത്തിപ്പിന് ആവശ്യമായത്ര മാത്രം ആഫ്രിക്കന്‍/ മുലാറ്റോ ‘അടിസ്ഥാന സംസ്കാര- വിദ്യാസമ്പന്നരെ’ (‘Assimilado’) സൃഷ്ടിക്കുകയെന്നത് പോര്‍ച്ചുഗീസ് രീതിയായിരുന്നു. അത്, അവരെ വരേണ്യരും ഇതര മനുഷ്യരില്‍ ആവശ്യത്തിനു വിധേയത്വം ഉറപ്പുവരുത്താന്‍ കഴിയുന്ന, കൊളോണിയല്‍ പദ്ധതിയുടെ ചട്ടുകങ്ങളും ആക്കി ഉപയോഗിക്കാന്‍ കഴിയുന്ന മനശാസ്ത്ര സമീപനവും കൂടിയായിരുന്നു. അതിനു ഉന്നതപഠനം ഒരാവശ്യമേ ആയിരുന്നുമില്ല. ആഫ്രിക്കക്കാര്‍ ഒരിക്കലും പോര്‍ച്ചുഗീസ്/ വെള്ളക്കാരുടെ നിലവാരത്തില്‍ എത്തില്ലെന്നും അവര്‍ക്കതിനുള്ള ബുദ്ധിവികാസമില്ലെന്നുമുള്ള ധാരണ ഇത്തരം പെരുമാറ്റത്തിന്റെ അടിസ്ഥാനം തന്നെയായിരുന്നു. എന്നാല്‍, നേരെ എതിരറ്റത്ത് ഇതൊരു വലിയ വൈരുധ്യത്തെയും ഉള്‍ക്കൊണ്ടു: കൊളോണിയല്‍ പദ്ധതിയുടെ ഭാഗമായ ‘സാംസ്കാരിക ദൌത്യ’ത്തില്‍ (‘mission civilisatrice’ - The civilizing mission) പോര്‍ച്ചുഗീസ് യജമാനന്‍ സര്‍വ്വ ജ്ഞാനത്തിന്റെയും പ്രഭവമായിരുന്നപ്പോള്‍, ഇതര ആഫ്രിക്കക്കാര്‍ക്കും യജമാനനും ഇടയില്‍ ഇടനിലക്കാരനായി ഈ Assimilado നിലക്കൊണ്ടു. അങ്ങനെ ചെയ്യുന്നതിലൂടെ തങ്ങള്‍ ജ്ഞാനോദയം സാധിച്ചവരും അതേസമയം മഹാമനസ്കരും ആണെന്നും പോര്‍ച്ചുഗീസ് കൊളോണിയല്‍ പരിപ്രേക്ഷ്യത്തിന്റെ മാത്രം പ്രത്യേകതയെന്നു അവര്‍ അവകാശപ്പെട്ട ഈ മേന്മയിലൂടെ ആഫ്രിക്കന്‍ ജനതയ്ക്കു തങ്ങളെ ‘പോലെ’ ആകാനുള്ള കഴിവില്‍ ‘വിശ്വാസ’മര്‍പ്പിക്കുന്നവര്‍ ആണെന്നുമുള്ള ആഖ്യാനം സൃഷ്ടിക്കപ്പെട്ടു. അമ്പതുകളില്‍ സൃഷ്ടിക്കപ്പെട്ട ഈ മിത്തിനെ ഗില്‍ബെര്‍ട്ടോ ഫ്രേറേ (Gilberto Freyre) 'Luso-tropicalism' എന്ന് വിശേഷിപ്പിച്ചു. വെള്ളക്കാരായ കുടിയേറ്റക്കാര്‍, തദ്ദേശീയരുമായി ഇടപഴകുകയും വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു ഭൂഖണ്ഡന്തര, വംശീയ സങ്കര സമൂഹമായി പോര്‍ച്ചുഗല്‍ സങ്കല്‍പ്പിക്കപ്പെട്ടു. എന്നാല്‍, വിധേയത്വം പ്രതീക്ഷിച്ചയിടത്തില്‍ നിന്ന് എല്ലായിപ്പോഴും അത് കിട്ടിയില്ല എന്നുമാത്രമല്ല, കൊളോണിയല്‍ മേധാവിത്തത്തിനു ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവന്നതും ഇങ്ങനെ ലഭ്യമായ പഠന സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞ കബ്രാളിനെ പോലുള്ളവരിലൂടെയയിരുന്നു എന്നത് ചരിതപരമായ വൈരുധ്യമായിരുന്നു. ആഫ്രിക്കയില്‍ മറ്റെങ്ങുമുണ്ടാകാത്ത വിധത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ മാതൃകയാണ് ഗിനി -ബിസോയില്‍ കബ്രാള്‍ സൃഷ്ടിച്ചതെന്നും കൊളോണിയലിസത്തിന്റെ തിരോധാനത്തിന് തന്റെ ജനതയെ അദ്ദേഹം മുന്നേ തയ്യാറാക്കിയതാണ് ഇതര ലുസോഫോണ്‍ ദേശങ്ങളിലെ കൊളോണിയല്‍ അനന്തര സംഘര്‍ഷങ്ങളില്‍ നിന്ന് വലിയൊരളവോളം ഗിനി-ബിസോയെ രക്ഷിച്ചത്‌ എന്നും നിരീക്ഷിക്കപ്പെടുന്നു *(23). സാഹിത്യത്തിലും സാക്ഷരതയിലും ഉണ്ടാവുന്ന വളര്‍ച്ചക്ക് ദേശീയ സംസ്കാരവികാസത്തില്‍ ഒരു ചെറുത്തുനില്‍പ്പ് ആയുധമെന്ന പങ്കു ഏറ്റവും കൃത്യമായി വെളിപ്പെടുത്തിയത് കബ്രാളിന്റെ കൃതികള്‍ ആയിരുന്നു. എഴുത്തിലൂടെ തിരികെ നല്‍കുക ('write back')എന്നത് കൊളോണിയലിസത്തെ നേരിടുക എന്നതില്‍ തോക്കിനേക്കാള്‍ ശക്തമായ മാര്‍ഗ്ഗമാണെന്ന് കബ്രാള്‍ തിരിച്ചറിഞ്ഞു. ഫ്രാന്‍സ് ഫാനന്‍ (Frantz Fanon - Martinique), ജോര്‍ജ്ജ് ലാമിംഗ് (George Lamming – Barbados) എന്നിവര്‍ക്ക് ആ അര്‍ഥത്തില്‍ വഴികാട്ടിയായിരുന്നു കബ്രാള്‍. ഫാനന്റെ The Wretched of the Earth (1961) Black Skin, White Masks (1952) എന്നിവ കൊളോണിയല്‍ വിരുദ്ധ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഠനങ്ങള്‍ ആയിത്തീര്‍ന്നപ്പോള്‍, ലാമിംഗ് തന്റെ നോവലുകളിലൂടെ (Pleasures of Exile (1960), In the Castle of My Skin (1953) Natives of My Person (1972),etc) കോളനിമുക്തമാക്കല്‍ പ്രക്രിയ (de-colonisation ) പല തലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സാംസ്കാരിക കൊളോണിമുക്തത (cultural de-colonisation) ചെറുത്തുനില്‍പ്പിന്റെ ഏറ്റവും പ്രധാനമായ ഒരു മുഖം ആണെന്നുമുള്ള കബ്രാളിന്റെ നിലപാടിനെ പിന്തുടര്‍ന്നു.

തുടര്‍ വായനക്ക്:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് – ആമുഖ പഠനം. 14.

https://alittlesomethings.blogspot.com/2024/09/14.html

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 9.

https://alittlesomethings.blogspot.com/2024/09/9.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 10.

https://alittlesomethings.blogspot.com/2024/09/10.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 11.

https://alittlesomethings.blogspot.com/2024/09/11.html

ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്ആമുഖ പഠനം. 12. 

https://alittlesomethings.blogspot.com/2024/09/12.html


No comments:

Post a Comment